Wednesday, March 12, 2014

ആര്‍എസ്പി തീരുമാനം ദൗര്‍ഭാഗ്യകരം: സുധാകര്‍ റെഡ്ഡി

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് വിട്ട് യുഡിഎഫില്‍ ചേരാന്‍ ആര്‍എസ്പി കേരളഘടകം എടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍ വിജയം നേടുമെന്നും അദ്ദേഹം "ദേശാഭിമാനി" യോടു പറഞ്ഞു.

മുന്നണി സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. ഇത്തരം പ്രശ്നങ്ങള്‍ മുന്നണിയിലെ മറ്റ് പാര്‍ടികളുടെകൂടി സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് ശരിയായ രീതി. അതിനു പകരം മുന്നണി വിട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സംസ്ഥാന ഘടകത്തിനോട് ആവശ്യപ്പെടണമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡനോടും അബനി റോയിയോടും ആവശ്യപ്പെട്ടു. എന്നാല്‍, അന്തിമ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നുമാണ് സംസ്ഥാന ഘടകത്തിന്റെ നിലപാടെന്നാണ് അവര്‍ അറിയിച്ചതെന്ന് സുധാകര്‍റെഡ്ഡി പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ് നിരവധി ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ നേരിട്ടിട്ടുണ്ട്. നിരവധി ആരോപണങ്ങള്‍ നേരിടേണ്ടിവന്നു. പല കേസുകള്‍ ചമയ്ക്കപ്പെട്ടു. ഈ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫ് ഒറ്റക്കെട്ടായും എല്‍ഡിഎഫ് ഘടകകക്ഷികള്‍ സ്വതന്ത്രമായും അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തി. യുഡിഎഫിന്റെ ജനവഞ്ചനയെയും പൊള്ളത്തരത്തെയും തുറന്നുകാട്ടാന്‍ ഈ പ്രക്ഷോഭങ്ങള്‍ വഴി കഴിഞ്ഞു. സോളാര്‍ അഴിമതിക്കേസില്‍ യുഡിഎഫ് മന്ത്രിസഭ തുറന്നുകാട്ടപ്പെട്ടു. കേന്ദ്രത്തിലെ ജനദ്രോഹ യുപിഎ സര്‍ക്കാരിന്റെ കേരളത്തിലെ പതിപ്പാണ് യുഡിഎഫ് സര്‍ക്കാര്‍. വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണതലത്തിലെ വന്‍ അഴിമതി, പിടിപ്പുകേട് എന്നിവകൊണ്ട് രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ കടുത്ത വെറുപ്പിന് പാത്രമായി. അതേ സ്ഥിതിതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനുമുള്ളത്. ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരാണിത്. കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ടുമുണ്ടായ ദുരിതങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടിവരും.

യുഡിഎഫ് ജാതി മത വര്‍ഗീയ ശക്തികള്‍ക്ക് കൂടുതല്‍ കൂടുതല്‍ വിധേയമായിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിന് ഇപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനമില്ല. വര്‍ഗീയ ശക്തികളടക്കമുള്ള വിഭാഗങ്ങളെ പ്രീണിപ്പിച്ച് നിലനില്‍ക്കാമെന്നാണ് അവര്‍ കരുതുന്നത്. വളരെയധികം മതനിരപേക്ഷമായ ജനതയാണ് മലയാളികള്‍. രാഷ്ട്രീയമായി ഉയര്‍ന്ന ബോധനിലവാരമുള്ളവരുമാണ്. അതിനാല്‍ ബിജെപിയുടെ രാഷ്ട്രീയത്തെയും കേരളം തള്ളിക്കളയും. ആം ആദ്മി പാര്‍ടിപോലുള്ള സംവിധാനങ്ങള്‍ക്കും കേരളത്തില്‍ വേരോട്ടമുണ്ടാകില്ല. അവര്‍ക്ക് കെട്ടിവച്ച കാശുപോലും കിട്ടില്ല. ജനങ്ങളുടെ ഇച്ഛയ്ക്കൊത്ത രാഷ്ട്രീയബദല്‍ കേരളത്തില്‍ ലഭ്യമാണ്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.

വി ജയിന്‍

കൊല്ലത്ത് കോണ്‍ഗ്രസ് പോര് രൂക്ഷം; ചന്ദ്രശേഖരന് ഇരുട്ടടി

കൊല്ലം: ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറുന്നതിനും എന്‍ കെ പ്രേമചന്ദ്രനു കൊല്ലം ലോക്സഭ സീറ്റ് നല്‍കുന്നതിനും ചരടുവലിച്ചത് കൊല്ലം ജില്ലയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാമേനോനെ എന്‍ പീതാംബരക്കുറുപ്പ് എംപി അപമാനിച്ചുവെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്ന് കുറുപ്പിനെതിരെ നിരവധി പരാതികള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും രാഹുല്‍ഗാന്ധിക്കും ലഭിച്ചു. ഈ സാഹചര്യത്തില്‍ കൊല്ലം സീറ്റിനായി കരുനീക്കിവരികയായിരുന്നു ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ഇതില്‍ അസന്തുഷ്ടരായ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രശേഖരനെ ഒതുക്കാനുള്ള അവസരമായാണ് ആര്‍എസ്പിയുടെ വരവിനെ ഉപയോഗിക്കുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എ വിഭാഗം നേതാവായ തമ്പാന്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍കൂടിയാണ്. ചന്ദ്രശേഖരന്‍ വിശാല ഐയും. സീറ്റ് മനസില്‍ കണ്ടാണ് ഐഎന്‍ടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗം ചന്ദ്രശേഖരന്‍ ഫെബ്രുവരിയില്‍ കൊല്ലത്തു സംഘടിപ്പിച്ചത്്. വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ മുന്നോടിയായി നടന്ന ഐഎന്‍ടിയുസി സംസ്ഥാന റാലി ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി എത്തിയത് ചന്ദ്രശേഖരന്റെ വിജയമായി വ്യാഖ്യാനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറിയത്. ചന്ദ്രശേഖരനെതിരെ അവസരം കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതു ശരിക്കും മുതലാക്കി. ഇപ്പോള്‍ ചന്ദ്രശേഖരനുമുന്നില്‍ കോണ്‍ഗ്രസ് വഴിയടച്ച മട്ടാണ്. വരുംദിവസങ്ങളില്‍ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിനു തലവേദനയാകും.

യുപിഎയെ പിന്തുണയ്ക്കുമെന്ന് ആര്‍എസ്പി ഉറപ്പുനല്‍കി: പി പി തങ്കച്ചന്‍

തിരു: ദേശീയതലത്തില്‍ യുപിഎയെ പിന്തുണയ്ക്കാമെന്ന് ആര്‍എസ്പി ഉറപ്പുനല്‍കിയതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍എസ്പിയെ ഘടകകക്ഷിയായി അംഗീകരിച്ചെന്നും ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി പ്രതിനിധികള്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.

കൊല്ലം ആര്‍എസ്പിക്ക് വിട്ടുകൊടുക്കും. തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നിക്കും. പാലക്കാട് സീറ്റ് സോഷ്യലിസ്റ്റ് ജനതയ്ക്കും മലപ്പുറം, പൊന്നാനി സീറ്റുകള്‍ മുസ്ലിംലീഗിനും നല്‍കി. കോട്ടയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണ്. ഇടുക്കി സീറ്റ് കൂടി കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിന്മാറിയതായും തങ്കച്ചന്‍ അറിയിച്ചു. ഇന്ദിരാഭവനില്‍ യുഡിഎഫ് യോഗം ആരംഭിച്ച് അല്‍പ്പം കഴിഞ്ഞ് ആര്‍എസ്പി പ്രതിനിധികളായ വി പി രാമകൃഷ്ണപിള്ള, എന്‍ കെ പ്രേമചന്ദ്രന്‍, എ എ അസീസ് എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു.

deshabhimani

No comments:

Post a Comment