Monday, March 17, 2014

കേരളത്തിലും രക്ഷയില്ല

തടവറയില്‍ കിടക്കവെ, മകള്‍ ഇന്ദിരയ്ക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു ഒരു കത്തെഴുതി. മകളോടുള്ള മുഴുവന്‍ സ്നേഹവാത്സല്യവും നിറഞ്ഞ കത്തില്‍ മകളുടെ ഭാവിയെക്കുറിച്ചുള്ള ഒരച്ഛന്റെ ഉല്‍ക്കണ്ഠയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പറവൂരിലെ ഒരു അനാഥമന്ദിരത്തില്‍നിന്ന് (തടവറയെന്ന് അവര്‍ പറയുന്നു) ഒരു കത്ത് കേരളമുഖ്യമന്ത്രിയെ തേടി വന്നു. നൂറ്റമ്പതോളംപേര്‍ ചേര്‍ന്ന് കശക്കിയെറിഞ്ഞ ജീവിതത്തില്‍നിന്ന്, പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണമെന്നും നല്ലനിലയില്‍ ജീവിക്കണമെന്നും ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ കത്ത്.

"14-15 വയസ്സുള്ളപ്പോള്‍ ഉമ്മയും ബാപ്പയും ചേര്‍ന്ന് നൂറ്റമ്പതോളംപേര്‍ക്ക് വിറ്റു. 2011ല്‍ പ്ലസ്വണ്ണിന് പഠിക്കുമ്പോഴാണ് ബാപ്പയ്ക്കെതിരെ കേസും തുടര്‍നിയമനടപടികളും. അപ്പോള്‍മുതല്‍ പൊലീസ് സംരക്ഷണയില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍. ഇപ്പോള്‍ 18 വയസ്സുകഴിഞ്ഞു. ഇനി ഇവിടെ താമസിക്കാനാകില്ലെങ്കിലും സുരക്ഷാപ്രശ്നം ഉള്ളതുകൊണ്ടാണ് തുടരുന്നത്. സ്കൂളില്‍ പോകാനാകാത്തതിനാല്‍ ഒബ്സര്‍വേഷന്‍ ഹോമിലിരുന്നു പഠിച്ച് 60 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങി. തുടര്‍ന്ന് പഠിച്ച് ജോലി നേടാനാകുമെന്നാണ് പ്രതീക്ഷ. കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങി സമൂഹത്തില്‍ സുഖമായി നടക്കുന്നു. ഞാന്‍ ഇപ്പോഴും തടവില്‍ കഴിയുന്നു. ക്രൂരമായി പീഡിപ്പിച്ച പ്രതികളില്‍നിന്ന് അനുഭവിച്ചതിനു സമാനമായ മാനസികപീഡനമാണ് ഇപ്പോഴും നേരിടേണ്ടിവരുന്നത്" അവള്‍ എഴുതുന്നു.

കേരളത്തില്‍ അനുദിനം വര്‍ധിക്കുന്ന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഒരു കുറവുമില്ല. ഇത്തരം പരാതികളില്‍ ഇരകളല്ലാതെ മറ്റാരും ശിക്ഷിക്കപ്പെടുന്നുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തായിരുന്ന കേരളത്തിന്റെ അവസ്ഥയാണ് ഇത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊലചെയ്യപ്പെട്ട രാധ, ദുരൂഹസാഹചര്യത്തില്‍ മരിച്ച സുനന്ദപുഷ്കര്‍, ഗണേശ്കുമാറിന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ് ചാനലുകള്‍ക്ക് മുന്നിലെത്തിയ ഭാര്യ യാമിനി തങ്കച്ചി, മൊഴിയെടുക്കാനെന്ന വ്യാജേന സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചശേഷം മുടി മുറിച്ചെടുത്ത ദളിത് യുവതി സുമ, ട്രാഫിക് വാര്‍ഡന്‍ പത്മിനി അങ്ങനെ ഇരകളുടെ എണ്ണം നീളും... സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലം പൊറുതിമുട്ടിയ ജനങ്ങളെ പെണ്‍വാണിഭസംഘങ്ങളുടെയും മാഫിയകളുടെയും മുന്നിലേക്കു വലിച്ചെറിയുകയാണ് യുഡിഎഫ്.
ദേശാഭിമാനി

No comments:

Post a Comment