Monday, March 17, 2014

ശാലു മേനോന് സെന്‍സര്‍ ബോര്‍ഡ് അംഗത്വം; കൊടിക്കുന്നില്‍ മാനദണ്ഡം പറയണം: ഐസക്

ചെങ്ങന്നൂര്‍: കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ ശാലുമേനോന് എന്തുമാനദണ്ഡത്തിലാണ് അംഗത്വം നല്‍കിയതെന്ന് കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരം ഉപയോഗിച്ച് വ്യക്തിപരമായി അടുപ്പമുള്ളവരെ അനര്‍ഹമായി ഇത്തരം പദവികളില്‍ വാഴിച്ചത് എന്തിനാണെന്നും ഐസക് ചോദിച്ചു.

വികസനകാര്യത്തില്‍ ഇത്ര വരണ്ട ഒരു മണ്ഡലം വേറെയില്ല. കുട്ടനാട് പാക്കേജ് പ്രവര്‍ത്തനം കഴിഞ്ഞ രണ്ടു വര്‍ഷമായി സ്തംഭിച്ച് കിടക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷും പി ജെ ജോസഫും കെ പി മോഹനും പരസ്പരം ചെളിവാരിയെറിയുകയാണ്. ഇവര്‍ മൂന്നു പേരും ഒന്നിച്ച് ജനങ്ങളുടെ മുന്നില്‍ വന്ന് സത്യം പറയണം. മാവേലിക്കരയില്‍ ഇനിയും വരാത്ത ഇഎസ്ഐ മെഡിക്കല്‍ കോളേജ് വലിയ നേട്ടമായി അവതരിപ്പിക്കുകയാണ്. സര്‍ക്കാരിന്റെ കൈവശമുള്ള കൃഷിത്തോട്ട ഭൂമിക്ക് വേണ്ടി ഇഎസ്ഐ കോര്‍പറേഷന്‍ ഇത്ര നാളായിട്ടും ഒരു അപേക്ഷ പോലും സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഇക്കാര്യം തുറന്നു പറയാന്‍ സഹമന്ത്രി തയ്യാറാകണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് പി സി ചാക്കോ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇവര്‍ മൂന്നക്കം തികയ്ക്കില്ല. രണ്ട് സീറ്റിന്റെ നേട്ടം ഉണ്ടാക്കാന്‍ ആന്ധ്ര സംസ്ഥാനം വെട്ടിമുറിച്ചത് അവര്‍ക്ക് തന്നെ വിനയായി. തെലുങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് ടിആര്‍എസ് പ്രഖ്യാപിച്ചതോടെ പിടിച്ചതുമില്ല; കടിച്ചതുമില്ല എന്ന സ്ഥിതിയിലാണ് കേണ്‍ഗ്രസ്. ബിജെപിയും അധികാരത്തില്‍ വരില്ല. തെരഞ്ഞെടുപ്പില്‍ പ്രദേശിക കക്ഷികള്‍ വലിയ സ്വാധീനം ഉണ്ടാക്കുമെന്ന് വ്യക്തമാണ്. ഇവരെ ജനപക്ഷത്ത് നിര്‍ത്തി ഒന്നിച്ചു കൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയു. ഈ ചരിത്ര ദൗത്യം നിര്‍വഹിക്കാന്‍ കേരള ജനത തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

deshabhimani

No comments:

Post a Comment