Monday, March 17, 2014

സോഷ്യലിസം ഭദ്രമാക്കാന്‍ ജനാധിപത്യരൂപങ്ങള്‍ ശക്തിപ്പെടണം

തൃശൂര്‍: 21-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് നിര്‍മിതിക്ക്് അഭികാമ്യം ലാറ്റിനമേരിക്കന്‍ പാതയാണെന്ന് വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതരായ മൈക്കള്‍ ലെബോവിറ്റ്സും മാര്‍ത്ത ഹാര്‍നേക്കറും പറഞ്ഞു. മാര്‍ക്സിന്റെ "സമ്പൂര്‍ണ മനുഷ്യന്‍" എന്ന പരികല്‍പ്പനയാണ് സോഷ്യലിസത്തിലൂടെ സാധ്യമാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ജനാധിപത്യരൂപങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഭദ്രമാക്കാനുള്ള ഫലപ്രദമായ ഉപാധിയെന്നും ഇവര്‍ വിശദീകരിച്ചു.

അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ "21-ാം നൂറ്റാണ്ടിലെ സോഷ്യലിസം- ലാറ്റിനമേരിക്കന്‍ അനുഭവങ്ങള്‍" എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സോഷ്യലിസ്റ്റ് നിര്‍മിതിക്ക് ജനങ്ങളുടെ പങ്കാളിത്തമാണ് ആവശ്യമെന്ന് മൈക്കള്‍ ലെബോവിറ്റ്സ് പറഞ്ഞു. പങ്കാളിത്ത ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവുമെന്ന രണ്ടുരീതികളും പരീക്ഷിക്കുന്നു. ഗാന്ധിയന്‍ സങ്കല്‍പ്പങ്ങളില്‍വരെ ജനാധിപത്യഅന്വേഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ജനാധിപത്യത്തെ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉറപ്പിക്കാന്‍ കേരളത്തിന്റെ ജനകീയാസൂത്രണ പദ്ധതികളില്‍നിന്ന് പ്രചോദനമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ് നിര്‍മിതിയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ അപാകത പരിഹരിച്ചുള്ള പരീക്ഷണമാണ് ലാറ്റിനമേരിക്കയില്‍ നടക്കുന്നതെന്ന് ഫിഡല്‍ കാസ്ട്രോയുടേയും ഷാവേസിന്റെയും ഉപദേശകയായിരുന്ന മാര്‍ത്ത ഹാര്‍നേക്കര്‍ പറഞ്ഞു. ചിലിയില്‍ അലന്‍ഡെയ്ക്കെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന അട്ടിമറി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വ്യാപിച്ചിരിക്കയാണ്. എന്നാല്‍ ക്യൂബയില്‍ അവര്‍ പരാജയപ്പെട്ടു. ഷാവേസ് ഇല്ലാത്ത വെനിസ്വലയില്‍ അമേരിക്ക കുതന്ത്രങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ബൊളീവിയന്‍ വിപ്ലവം സംരക്ഷിക്കാന്‍ ജനങ്ങളുടെ ജാഗ്രതയുണ്ട്. ഡോ. എം പി പരമേശ്വരന്‍ മോഡറേറ്ററായി.

മാര്‍ത്ത ഹാര്‍നേക്കറിന്റെ "റീ ബില്‍ഡിങ് ലെഫ്റ്റ്" എന്ന പുസ്തകത്തെക്കുറിച്ച്് ഇ എം സതീശന്‍ എഴുതിയ "വിപ്ലവരാഷ്ട്രീയപ്രവര്‍ത്തനം അസാധ്യങ്ങളെ സാധ്യമാക്കുന്ന കല" എന്ന പുസ്തകം മാര്‍ത്ത ഹാര്‍നേക്കര്‍ക്ക് നല്‍കി ടി എന്‍ ജോയി പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂരിലെ സൂര്യകാന്തിയാണ് പ്രസാധകര്‍.കോസ്റ്റ്ഫോര്‍ഡ് ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്ത് സ്വാഗതവും പി വി മോഹനന്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി

No comments:

Post a Comment