Saturday, January 19, 2013
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം: സര്‍വകക്ഷിയോഗം
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നതിനും തെളിവെടുപ്പിനുമായി നിയോഗിച്ച ഡോ. കസ്തൂരി രംഗന്‍ സമിതിയെ കേരളത്തിന്റെ നിലപാട് ശിനിയാഴ്ച അറിയിക്കും. രാവിലെ 8.30ന് താജ് ഹോട്ടലിലാണ് സര്‍ക്കാര്‍ പ്രതിനിധികളും സമിതിയും തമ്മിലുള്ള കൂടിക്കാഴ്ച. തുടര്‍ന്ന് വീണ്ടും സര്‍വകക്ഷി യോഗം ചേരും. പകല്‍ 3.30ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ സമിതിയുമായി ചര്‍ച്ച നടത്തും. കേരളത്തെ ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേപടി }നടപ്പാക്കുന്നത് ഇടുക്കി, വയനാട് ജില്ലകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഈ ജില്ലകള്‍ സമിതി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
സര്‍ക്കാരിനും വിവിധ പാര്‍ടികള്‍ക്കും വിശദമായ അഭിപ്രായം എഴുതി നല്‍കാന്‍ ഒരവസരംകൂടി നല്‍കണമെന്നും ആവശ്യപ്പെടും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളണമെന്ന നിലപാടില്ലെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികവും സംസ്ഥാനത്തിന് ദോഷകരവുമാണ്. റിപ്പോര്‍ട്ടിലെ }നിര്‍ദേശങ്ങളില്‍ സമഗ്രമായ പുനഃപരിശോധന}വേണം. സമിതിയുടെ സിറ്റിങ് സംബന്ധിച്ച് ഒരു ദിവസം മുന്‍പാണ് അറിയുന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗവും കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരവും നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്ക് വിശദമായ അഭിപ്രായം എഴുതി }നല്‍കാന്‍ ഒരവസരംകൂടി }നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് യോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് പ്രായോഗികമായ തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തണം. റിപ്പോര്‍ട്ടില്‍ 81 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ബ്ലോക്കുകളായാണ് ഭൂമിയെ തിരിച്ചിരിക്കുന്നത്. കേരളംപോലുള്ള സംസ്ഥാനത്ത് ഇത് പ്രായോഗികമല്ല. 25 താലൂക്കും 633 പഞ്ചായത്തുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
കേരളത്തിന്റെ 56 ശതമാനവും പരിസ്ഥിതി സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നു. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞവര്‍തന്നെ കര്‍ണാടകത്തിലെ ഗുണ്ടിയ ഡാമിന് അനുമതി }നല്‍കി. 30 മുതല്‍ 50 വര്‍ഷംവരെ പഴക്കംചെന്ന ഡാമുകള്‍ ഡീ കമീഷന്‍ ചെയ്യണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും എളമരം പറഞ്ഞു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ ഭേദഗതികളോടെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, വിവിധകക്ഷി നേതാക്കളായ എ എ അസീസ്(ആര്‍എസ്പി), ശൂരനാട് രാജശേഖരന്‍ (കോണ്‍ഗ്രസ്), ടി പി പീതാംബരന്‍ (എന്‍സിപി), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ്-ജേക്കബ്), അഡ്വ. സതീഷ് കുമാര്‍ (കേരള കോണ്‍ഗ്രസ്) ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), വര്‍ഗീസ് ജോര്‍ജ് (സോഷ്യലിസ്റ്റ് ജനത), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), അഡ്വ. പത്മകുമാര്‍ (ബിജെപി) തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 190113
Labels:
പരിസ്ഥിതി
Subscribe to:
Post Comments (Atom)
No comments:
Post a Comment