Saturday, January 19, 2013
പണം ലഭിച്ചിട്ട് 7 മാസം വാളയാറിലെ കുടുംബശ്രീ ക്യാന്റീന്‍ പൂട്ടലിന്റെ വക്കിലേക്ക്
അഴിമതിരഹിത വാളയാറിന്റെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ക്കുവേണ്ടി തുടങ്ങിയ വാളയാര്‍വാലി കുടുംബശ്രീക്യാന്റീന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നത്. ക്യാന്റീന്‍ നടത്തിപ്പിന് സര്‍ക്കാരില്‍നിന്ന് കഴിഞ്ഞ ഏഴുമാസമായി പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. വാളയാര്‍ ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ക്ക് കുടുംബശ്രീ ക്യാന്റീന്‍വഴി സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, ഏഴുമാസമായി ഇതിനുള്ള തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കെട്ടുതാലി പണയംവച്ചും നാട്ടുകാരില്‍നിന്ന് കടം വാങ്ങിയുമൊക്കെയാണ് ഇപ്പോള്‍ കുടുംബശ്രീക്കാര്‍ ക്യാന്റീന്‍ നടത്തിക്കൊണ്ടുപോകുന്നത്. മൂന്നരലക്ഷത്തോളംരൂപയാണ് മാസച്ചെലവ്. ഇതുപ്രകാരം 20 ലക്ഷത്തോളംരൂപ ക്യാന്റീന് കിട്ടാനുണ്ട്. കൃത്യമായി ബില്ല് നല്‍കുന്നതില്‍ വാണിജ്യനികുതിവകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് പണം ലഭിക്കുന്നത് വൈകാന്‍ കാരണമെന്നറിയുന്നു.
വിധവകളായ നാലുപേരുള്‍പ്പടെ 10 വനിതകള്‍ ചേര്‍ന്നാണ് കുടുംബശ്രീക്യാന്റീന്‍ നടത്തുന്നത്. ഇവര്‍ക്കു ലഭിച്ച കൂലിയില്‍നിന്ന് മിച്ചംതുകകൊണ്ട് സ്വരുക്കൂട്ടിയ ചെറിയ സ്വര്‍ണപ്പൊട്ടുകളൊക്കെ പണയപ്പെട്ടിയിലായി. ജീവിക്കാനായി പണിക്കെത്തിയ ഇവര്‍ക്ക് നാലുമാസമായി ശമ്പളവും ലഭിച്ചിട്ടില്ല. സ്വന്തം കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് ക്യാന്റീന്‍നടത്തിപ്പിനായി ഇവര്‍ വായ്പയെടുത്തുകഴിഞ്ഞു. തന്റെ കെട്ടുതാലി പണയംവച്ചാണ് കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് ബസ്കൂലിക്ക് പണംനല്‍കിയതെന്ന് ക്യാന്റീന് നേതൃത്വംനല്‍കുന്ന വസന്ത പറയുന്നു. 10,000 രൂപ പലിശയ്ക്ക് കടം വാങ്ങിയാണ് വ്യാഴാഴ്ച വിറക് വാങ്ങിയത്. സാധനങ്ങള്‍ കടംതരുന്നവരുടെ മുഖത്തുനോക്കാന്‍ കഴിയാതായി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സാധനങ്ങള്‍ വാങ്ങാനാവാത്ത അവസ്ഥയാണ്. കടം കിട്ടുന്ന പണത്തിന് വാങ്ങുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉള്ളരീതിയിലൊക്കെ ഭക്ഷണമുണ്ടാക്കി വയ്ക്കുകയാണ്.
ഇങ്ങനെ ഏറെനാള്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു വസന്ത അറിയിച്ചു. പണം നേടിയെടുക്കാന്‍ കുടുംബശ്രീക്കാര്‍ക്ക് ഒരുവിഭാഗം ജീവനക്കാരുടെ സഹകരണമുണ്ട്. എന്നാല്‍, എങ്ങനെയെങ്കിലും ഈ ക്യാന്റീന്‍ പൂട്ടണമെന്ന് ആഗ്രഹിക്കുന്ന മറ്റ് ചിലരുമുണ്ട്. ഉച്ചയൂണിന് പൊരിച്ച മീന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് "നിന്റെയൊക്കെ ക്യാന്റീന്‍ പൂട്ടിക്കുമെന്നും പണം വാങ്ങുന്നതൊന്നു കാണട്ടേയെന്നു"മൊക്കെ ഭീഷിപ്പെടുത്തിയവരുമുണ്ട്. ചെക്ക്പോസ്റ്റിലെ വാണിജ്യനികുതി, എക്സൈസ്, പൊലീസ്ജീവനക്കാര്‍ക്കു ഭക്ഷണം നല്‍കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. മാസംതോറുമുള്ള ബില്ല് രണ്ടുതവണയായാണ് നല്‍കുന്നത്. കുടുംബശ്രീക്കാരുടെ പണി ഇല്ലാതാക്കി ക്യാന്റീന്‍ നിര്‍ത്താന്‍ സമ്മര്‍ദമുണ്ട്്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പിന്തുണ കൊണ്ടുമാത്രമാണ് ഇത് നിലനിര്‍ത്തുന്നത്. അഴിമതിരഹിത വാളയാര്‍പദ്ധതിയുടെ ഭാഗമായി 2007ലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വാളയാറില്‍ കുടുംബശ്രീയുടെ ക്യാന്റീന്‍ തുടങ്ങിയത്. തുടര്‍ന്ന് വാളയാറിലെയും സമീപപ്രദേശങ്ങളിലെയും കുടുംബശ്രീയൂണിറ്റുകളിലെ സ്ത്രീകള്‍ചേര്‍ന്ന് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ദിവസം നൂറ്റിയമ്പതോളംപേര്‍ ഊണിനുണ്ടാവും.
deshabhimani 190113
Labels:
കുടുംബശ്രീ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment