Saturday, January 19, 2013

ആര്‍എംഎസില്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു


റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍എംഎസ്) ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ നീക്കാന്‍ നടപടിയില്ല. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. തൃശൂര്‍ ആര്‍എംഎസില്‍ ആഴ്ചകളായി തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുകയാണ്. തപാല്‍ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായ പാളിച്ചകളാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയില്ലെങ്കില്‍ സംസ്ഥാനത്താകെയുള്ള ലെവല്‍ വണ്‍ ഓഫീസുകളില്‍ തപാല്‍ ഉരുപ്പടികള്‍ കുന്നുകൂടും.

നേരത്തേ ഓരോ ഓഫീസിലും വരുന്ന തപാലുകള്‍ അവിടെത്തന്നെ തരംതിരിച്ച് അയക്കാന്‍ അനുവാദമുണ്ടായിരുന്നു. പരിഷ്കാരങ്ങള്‍ നടപ്പാക്കിയതോടെ ഇത് നിലച്ചു. പകരം നാലുമുതല്‍ ആറുവരെ കേന്ദ്രങ്ങള്‍ ഒറ്റ ഓഫീസിനു കീഴിലാക്കി. തപാല്‍ ഉരുപ്പടികള്‍ ഏതു ഓഫീസിലെത്തിയാലും അത് കേന്ദ്ര ഓഫീസിലേക്കയച്ച് അവിടെനിന്നുവേണം സോര്‍ട്ട് ചെയ്ത് അയയ്ക്കാന്‍. ഈ നിബന്ധനയാണ് ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കിയത്. അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്താനോ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനോ നടപടിയെടുക്കാതെ നടപ്പാക്കിയ പരിഷ്കാരമാണ് പാളിയത്. തൃശൂര്‍ ലെവല്‍ വണ്‍ ഓഫീസിനു കീഴില്‍ ഇപ്പോള്‍ പാലക്കാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ഇരിങ്ങാലക്കുട ഓഫീസുകളുടെ മെയിലുകളും കൈകാര്യം ചെയ്യണം. ഇതിന് മതിയായ ജീവനക്കാരും സ്ഥലസൗകര്യവുമില്ല. നേരത്തേ മൂന്നു ഷിഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍എംഎസ് ഓഫീസുകളില്‍ രാത്രി ഷിഫ്റ്റ് ഡിസംബര്‍ പത്തുമുതല്‍ നിര്‍ത്തി. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയുള്ള 12 മണിക്കൂര്‍ ഡ്യൂട്ടിയില്‍ അധികം വരുന്ന നാലുമണിക്കൂറിന് നല്‍കിയ വേതനം അധികബാധ്യതയാണെന്നും ഡ്യൂട്ടി കഴിഞ്ഞുള്ള ദിവസം ജീവനക്കാര്‍ ഓഫ് എടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാത്രിഡ്യൂട്ടി നിര്‍ത്തിയത്. മുമ്പ് 18 പേര്‍ ജോലി ചെയ്ത രാത്രി ഷിഫ്റ്റില്‍ ഇപ്പോള്‍ തപാല്‍ ഉരുപ്പടികള്‍ എടുക്കാന്‍ രണ്ടുപേര്‍ മാത്രമാണ്. ഫലത്തില്‍ രാവിലെ ഏഴുമുതല്‍ പകല്‍ മൂന്നുവരെയും പകല്‍ 1.30 മുതല്‍ രാത്രി 9.10 വരെയുമുള്ള രണ്ട് ഷിഫ്റ്റ് മാത്രമേ ഇപ്പോഴുള്ളൂ. ഇതില്‍ രണ്ടു ഡ്യൂട്ടിയിലുള്ളവരും കൂടിച്ചേരുന്ന ഒന്നരമുതല്‍ മൂന്നുവരെയുള്ള സമയത്ത് ആര്‍എംഎസ് ഓഫീസില്‍ നിന്നുതിരിയാനും കഴിയില്ല.

തപാല്‍ ഉരുപ്പടികള്‍ കൂടുതല്‍ വന്നാല്‍ സോര്‍ട്ട് ചെയ്ത് ഡെലിവറി നടത്താന്‍ അധികൃതര്‍ ക്രിയാത്മക പരിഹാരം കാണണമെന്ന് എന്‍എഫ്പിഇ തൃശൂര്‍ ബ്രാഞ്ച് സെക്രട്ടറി ഗോപീചന്ദ്രന്‍ പറഞ്ഞു. മക്കന്‍സി കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ആര്‍എംഎസ് ഓഫീസുകളെ ലെവല്‍-വണ്‍, ലെവല്‍-ടു എന്നിങ്ങനെ തരംതിരിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്ത് മൂന്ന് ആര്‍എംഎസ് ഡിവിഷനുകളുണ്ട്. കാസര്‍കോടുമുതല്‍ പാലക്കാടുവരെയുള്ള കലിക്കറ്റ് ഡിവിഷന്‍, പാലക്കാടുമുതല്‍ എറണാകുളംവരെയുള്ള എറണാകുളം ഡിവിഷന്‍, എറണാകുളംമുതല്‍ തിരുവനന്തപുരംവരെയുള്ള തിരുവനന്തപുരം ഡിവിഷനും.

deshabhimani 190113

No comments:

Post a Comment