Saturday, March 15, 2014

പാവങ്ങളെ രക്ഷിക്കുന്ന സര്‍ക്കാര്‍ വരണം: മാര്‍ അപ്രേം മെത്രാപോലീത്ത

തൃശൂര്‍: പാവങ്ങളെ രക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുഖ്യ രാഷ്ട്രീയമെന്ന് കല്‍ദായ സുറിയാനിസഭയുടെ ഇന്ത്യയിലെ പരമാധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപോലീത്ത പറഞ്ഞു. പാവങ്ങളെ ഉദ്ധരിക്കാന്‍ ബദല്‍ സാമ്പത്തികനയമാണ് വേണ്ടത്. ഒരുകാലത്തും ഇടതുപക്ഷ വിരോധം ഉയര്‍ത്തിപ്പിടിക്കുന്നത് കല്‍ദായ സഭയ്ക്കില്ലെന്നും ദേശാഭിമാനിക്കനുവദിച്ച അഭിമുഖത്തില്‍ മാര്‍ അപ്രേം പറഞ്ഞു.

ശതകോടീശ്വരന്മാര്‍ കൂടുതല്‍ സമ്പന്നരാവുകയും പാവങ്ങള്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നതാണ് അനുഭവം. നരേന്ദ്രമോഡി അധികാരത്തില്‍ വരുമെന്ന് കേട്ട് കോര്‍പറേറ്റുകള്‍ ആ ഭാഗത്തേക്കു തിരിഞ്ഞതായും കേള്‍ക്കുന്നു. വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നതിനെ മതന്യൂനപക്ഷങ്ങള്‍ വന്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയും ധാര്‍മികതയും നാടിന്റെ നന്മയും സര്‍വോപരി പാവങ്ങളോടുള്ള കൂറും ഉയര്‍ത്തിപ്പിടിക്കുന്നവരാകണം നാടുഭരിക്കേണ്ടത്- മാര്‍ അപ്രേം പറഞ്ഞു.

കല്‍ദായ സഭ പൊതുവെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാറില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടയലേഖനവും ഇറക്കാറില്ല. നാട് കൂടുതല്‍ അസമത്വങ്ങളിലേക്ക് നീങ്ങുകയാണ്. പരമദരിദ്രര്‍ക്ക് അരി വെറുതെ കൊടുക്കണം. പത്തു കോടിയിലേറെ സ്വത്തുള്ളവരുടെ മുഴുവന്‍ സമ്പത്തും പിടിച്ചെടുത്ത് പാവങ്ങള്‍ക്കു നല്‍കണം. പാവപ്പെട്ടവര്‍ക്കെല്ലാം കിടപ്പാടം നല്‍കണം. സ്ഥാനാര്‍ഥികള്‍ അഴിമതിമുക്തരും സത്യസന്ധരും മദ്യം ഉപയോഗിക്കാത്തവരും മതേതരവാദികളുമാകണം. കേരളത്തിന്റെ സാമൂഹ്യാവസ്ഥ അനുദിനം മോശമായി വരികയാണ്. ഇന്നത്തെ അവസ്ഥയില്‍ ഇടതുപക്ഷത്തില്‍നിന്ന് കൂടുതല്‍ പ്രവര്‍ത്തനമാണ് ജനം ആഗ്രഹിക്കുന്നത്. കല്‍ദായ സഭ ഒരു കാലത്തും കമ്യൂണിസ്റ്റ് വിരോധം കൊണ്ടുനടന്നിട്ടില്ല. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പല സഭകളും സമുദായങ്ങളും വിമോചനസമരത്തിനിറങ്ങിയപ്പോള്‍ ഞങ്ങള്‍ പോയില്ല. രാജിവച്ചു വന്ന ഇ എം എസിന് കല്‍ദായസഭയ്ക്കു കീഴിലുള്ള എറണാകുളം മാര്‍ത്തോമ പ്രസില്‍ സ്വീകരണം നല്‍കിയ കാര്യവും ബിഷപ് അനുസ്മരിച്ചു.

വി എം രാധാകൃഷ്ണന്‍

യാക്കോബായസഭയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ല: കാതോലിക്കാ ബാവ

കോട്ടയ്ക്കല്‍: യാക്കോബായസഭയ്ക്ക് പ്രത്യേക രാഷ്ട്രീയനിലപാടുകളോ താല്‍പ്പര്യങ്ങളോ ഇല്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. സഭയുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബാവ പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. മതവും രാഷ്ട്രീയവും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍ രണ്ടിന്റെയും വഴികള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതോ രാഷ്ട്രീയ സ്വാധീനങ്ങള്‍ സഭയില്‍ ഉണ്ടാകുന്നതോ അംഗീകരിക്കുന്നില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ സഭയോട് നീതിപൂര്‍വമായ സമീപനം കൈക്കൊണ്ടിട്ടുള്ളവരെ വിശ്വാസികള്‍ക്ക് അറിയാം. സഭയെ സഹായിച്ചിട്ടുള്ളവരെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് സാധിക്കും. രാജ്യത്തിന്റെ അഭിവൃദ്ധിക്കും നന്മയ്ക്കും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ വിശ്വാസികള്‍ കരുതലുള്ളവരായിരിക്കണമെന്നും എല്ലാവരും അവരവരുടെ വോട്ടവകാശം വിവേകപൂര്‍വം വിനിയോഗിക്കണമെന്നും കാതോലിക്കാ ബാവ അഭ്യര്‍ഥിച്ചു.

വോട്ടവകാശം വിവേകപൂര്‍വം ഉപയോഗിക്കുക: കത്തോലിക്കാ സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്

തിരു: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ വോട്ടവകാശം വിവേകപൂര്‍വം വിനിയോഗിക്കണമെന്ന് മലങ്കര സുറിയാനി കത്തോലിക്കാസഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അഭ്യര്‍ഥിച്ചു. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. തിങ്കളാഴ്ച ആരംഭിച്ച സുന്നഹദോസ് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ വിശുദ്ധപദ നാമകരണ നടപടികളുടെ പുരോഗതി വിലയിരുത്തി. വിവിധ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരുമായിട്ടുള്ള കൂടിക്കാഴ്ചയും നടന്നു. തുടര്‍ന്ന് സഭാതലത്തിലുള്ള 18 കമീഷന്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. മലങ്കര സെമിനാരിയുടെ പുതിയ റെക്ടറായി പത്തനംതിട്ട ഭദ്രാസനാംഗം റവ. ഡോ ഷാജി മാണികുളത്തെയും വൈസ് റെക്ടറായി തിരുവല്ലാ അതിദ്രാസനാംഗം റവ. ഡോ ഐസക് പറപ്പള്ളിയെയും നിയമിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment