Sunday, March 16, 2014

തൊഴിലുറപ്പ്: കേരളത്തിന് കുടിശ്ശിക 312 കോടിയിലേറെ

തൊഴിലുറപ്പുപദ്ധതിയുടെ വേതന ഇനത്തില്‍ സംസ്ഥാനത്തിന്റെ കുടിശ്ശികമാത്രംമതി കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ ആഴം ബോധ്യപ്പെടാന്‍. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ കുടിശ്ശികയിനത്തില്‍ കേരളത്തിന് കിട്ടാനുള്ളത് 312.27 കോടി. കേരളത്തില്‍നിന്ന് എട്ടു കേന്ദ്രമന്ത്രിമാരുള്ളപ്പോഴാണ് കടുത്ത അവഗണന. 1456.12 കോടിയാണ് വേതന ഇനത്തില്‍ കേരളത്തിന് കിട്ടേണ്ടത്. ഇതുവരെ ലഭിച്ചത് 1143.85 കോടി മാത്രം. പകലന്തിയോളം പണിയെടുത്ത ആയിരക്കണക്കിനു തൊഴിലാളികള്‍ മാസങ്ങളായി വേതനമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രതിഷേധം ഉയര്‍ത്തിയത് സിപിഐ എമ്മിന്റെ ലോക്സഭാ ഉപനേതാവ് പി കരുണാകരനും മറ്റു ഇടതുപക്ഷ എംപിമാരും മാത്രം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രശ്നം കണ്ടില്ലെന്ന് നടിച്ചു.

വേതന കുടിശ്ശിക ജില്ലകളില്‍: ആലപ്പുഴ (27.95 കോടി), എറണാകുളം (17.88), ഇടുക്കി (30.98), കണ്ണൂര്‍ (18.92), കാസര്‍കോട് (14.81), കൊല്ലം (15.86), കോട്ടയം (16.75), കോഴിക്കോട് (32.81), മലപ്പുറം (28.47), പാലക്കാട് (19.31), പത്തനംതിട്ട (19.36), തിരുവനന്തപുരം (41.06), തൃശൂര്‍ (19.63), വയനാട് (2.47). ബംഗാളിന് 928.13 കോടിയാണ് കുടിശ്ശിക. എന്നാല്‍, വേതന ഇനത്തില്‍ ബംഗാള്‍ ആവശ്യപ്പെട്ടത് 3089.05 കോടി രൂപ. ഇതില്‍ 2160.92 കോടി ലഭിച്ചു. കേരളത്തിന് ആകെ ലഭിക്കേണ്ടിയിരുന്നത് 1456.12 കോടിയായിരുന്നു. ലഭിച്ചതാകട്ടെ 1143.85 കോടിയും. 3462.86 കോടി രൂപ വേതന ഇനത്തില്‍ ആവശ്യപ്പെട്ട തമിഴ്നാടിന് 165 കോടിയാണ് കുടിശ്ശിക. കോണ്‍ഗ്രസ് ഭരണമില്ലാത്ത സംസ്ഥാനങ്ങള്‍ക്കുപോലും കേരളത്തിന്റെ ഗതികേടില്ല. ഗുജറാത്തിന് 37.34 കോടി, മധ്യപ്രദേശിന് 89.47 കോടി, അരുണാചലിന് 6.35 കോടി, അസമിന് 12.54 കോടി, ഹരിയാനയ്ക്ക് 21.03 കോടി, മഹാരാഷ്ട്രയ്ക്ക് 49.79കോടി എന്നിങ്ങനെയാണ് കുടിശ്ശിക.

ഈ സംസ്ഥാനങ്ങളിലെല്ലാം കേരളത്തെ അപേക്ഷിച്ച് കുടിശ്ശിക തീരെ കുറവ്. കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായ ഒഡിഷയ്ക്ക് കുടിശ്ശിക 41.71 കോടിയും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന് 179.48 കോടിയും മാത്രം. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 3295.04 കോടി രൂപയാണ് തൊഴിലുറപ്പ് വേതനകുടിശ്ശിക. പദ്ധതി നടപ്പാക്കിയശേഷം ആദ്യമായാണ് ഇത്രയധികം തുക കുടിശ്ശികയാകുന്നത്. വേതനം തുടര്‍ച്ചയായി മുടങ്ങുമ്പോള്‍ സ്വാഭാവികമായും തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ താല്‍പ്പര്യമില്ലാതാകും. അങ്ങനെ ഘട്ടംഘട്ടമായി പദ്ധതിതന്നെ അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം.

deshabhimani

No comments:

Post a Comment