Sunday, March 16, 2014

തീരത്ത് കണ്ണീര്‍ത്തിര

തണ്ടുവള്ളത്തില്‍ മൂന്ന് പതിറ്റാണ്ടുമുമ്പ് മത്സ്യബന്ധനത്തിനിറങ്ങുമ്പോള്‍ മുഹമ്മദുകുട്ടിക്ക് 17 വയസ്സേയുണ്ടായിരുന്നുള്ളൂ. ഉച്ചിയില്‍ ഉച്ച കത്തുംവരെ തിരകളോട് മത്സരിച്ച് വള്ളം നിറയെ മത്സ്യവുമായി ആഹ്ലാദത്തോടെ മടങ്ങിയിരുന്ന ആ നാളുകള്‍ ഇന്നും ഓര്‍മയിലുണ്ട്. അയലയും മത്തിയും ചെമ്മീനും സുലഭമായിരുന്നുവെന്ന് മുഹമ്മദുകുട്ടി ഓര്‍ക്കുന്നു. നമസ്കാരം കഴിഞ്ഞ് പുലര്‍ച്ചെതന്നെ കടലില്‍ ഇറങ്ങുന്ന പതിവ് അന്‍പത് പിന്നിട്ടിട്ടും മാറ്റിയിട്ടില്ല. എന്നാല്‍ ഭാര്യയും ആറു മക്കളുമടങ്ങിയ കുടുംബത്തിന് തുണയായിരുന്ന കടലമ്മ ഇപ്പോള്‍ കാരുണ്യത്തിന്റെ പ്രതീകമല്ല. സന്ധ്യമയങ്ങുംവരെ തിരകളോട് മല്ലിട്ടാലും കാലിവള്ളത്തിലാണ് മടക്കം. ചിലപ്പോള്‍ ആഴക്കടല്‍ വരെ യാത്ര നീളും. പക്ഷേ തിരികെയെത്തുന്നത് വെറുംകൈയോടെ. മൂന്ന് പെണ്‍മക്കളില്‍ രണ്ടുപേരുടെ കല്യാണം കഴിഞ്ഞു. ഒരാളുടെ വിവാഹത്തിനുള്ള വക കണ്ടെത്താന്‍ കടല്‍ കനിയുന്നില്ല.

നമ്മുടെ മത്സ്യങ്ങള്‍ അന്യതീരങ്ങളിലേക്ക് ചേക്കേറാന്‍ ഇടയാക്കുന്ന ആഗോളതാപനത്തിന്റെ സമസ്യകളെക്കുറിച്ച് മുഹമ്മദുകുട്ടിക്കറിയില്ല. എന്നാല്‍ മണ്ണെണ്ണ സബ്സിഡി നിര്‍ത്തലാക്കിയും ആനുകൂല്യം മുടക്കിയും ദുരിതത്തിന് ആക്കം കൂട്ടുന്ന കരുണയില്ലാത്ത നയങ്ങളെപ്പറ്റി വായ്തോരാതെയുണ്ട് പറയാന്‍. ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളും ശരാശരി 40 മത്സ്യത്തൊഴിലാളികളുമായി ആഴക്കടലിലേക്കിറങ്ങുന്ന വലിയ വള്ളങ്ങളും വറുതിയുടെ പ്രതീകമായി പുറത്തൂര്‍ പടിഞ്ഞാറെക്കര അഴിമുഖത്ത് നിശ്ചലം. ഇന്‍ ബോര്‍ഡ് എന്‍ജിനുള്ള വലിയ വള്ളങ്ങള്‍ നീറ്റിലിറക്കാന്‍ ലക്ഷങ്ങള്‍ മുടക്കണം. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ മുതലെടുത്ത് മുതല്‍മുടക്കുമായി സാമുദായിക സംഘടനകളും പ്രമാണിമാരും കടലോരങ്ങളില്‍ വേരുറപ്പിക്കുന്നു. അധ്വാനിച്ച് കിട്ടുന്നതിന്റെ പകുതിയും ഇവരുടെ കീശയിലെത്തും. ആഴക്കടല്‍വരെ പോയി വെറുംകൈയോടെ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത് കടബാധ്യതയുടെ പേരിലുള്ള കഴുത്തറുപ്പന്‍ പീഡനങ്ങള്‍. വായ്പയും കൊള്ളപ്പലിശയും അടച്ചുതീര്‍ക്കാനാകാതെ കൂലി അടിമകളായി അവരുടെ ജീവിതം ഒടുങ്ങുന്നു.

ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളും എത്തുന്നത് മറുകരയില്ലാത്ത ദുരിതക്കടലില്‍. മണ്ണെണ്ണ സബ്സിഡിയിലെ മനുഷ്യത്വം തീണ്ടാത്ത നിയന്ത്രണങ്ങള്‍ ദുരിതം ഇരട്ടിയാക്കുന്നു. 15 വര്‍ഷം പൂര്‍ത്തിയായ എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് പുതിക്കിക്കൊടുക്കുന്നില്ല. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഇതോടെ ആനുകൂല്യങ്ങള്‍ക്ക് പുറത്തായി. പെര്‍മിറ്റുള്ളവര്‍ക്ക് കിട്ടുന്നതും നാമമാത്ര വിഹിതം. ലിറ്ററിന് 70 രൂപവരെ നിരക്കില്‍ മണ്ണെണ്ണ വാങ്ങി തിരയോട് മല്ലിട്ടിട്ടും ബാക്കിയാകുന്നത് കടബാധ്യതയും ജീവിത പ്രാരബ്ധവും. ജീവിതവും സംസ്കാരവുമായ തൊഴിലിനോട് നെഞ്ചുനീറ്റുന്ന വേദനയോടെ വിടപറയുന്നവരും നിരവധി. പെരുമ്പടപ്പ്, വെളിയങ്കോട്, പുറത്തൂര്‍, മംഗലം, വെട്ടം, നിറമരുതൂര്‍, താനൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന് പഞ്ചായത്തുകളും പൊന്നാനി മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ് ജില്ലയുടെ കടലോര മേഖല. 24,000 മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അടക്കം ഒരുലക്ഷത്തോളംപേരുടെ ആശ്രയമാണ് കടല്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ഥ്യമായ പൊന്നാനി തുറമുഖത്തില്‍ ഒതുങ്ങുന്നു ജില്ലയിലെ തീരപ്രദേശത്തിന്റെ വികസനഗാഥ.

deshabhimani

No comments:

Post a Comment