Friday, March 14, 2014

ക്രിസ്റ്റി ഫെര്‍ണാണ്ടസ്: അഭിമാനപൂര്‍വം ജനങ്ങളിലേക്ക്

ജനകീയ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അര്‍പ്പിച്ച സേവനങ്ങളുടെ പിന്‍ബലത്തിലാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് ജനകീയ കോടതിയില്‍ വിചാരണയ്ക്കെത്തുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറി പദവിയില്‍നിന്ന് പടിയിറങ്ങി ജനാധിപത്യ പോരാട്ടത്തിനിറങ്ങുന്ന ഉദ്യോഗസ്ഥനെന്ന സവിശേഷതയുമുണ്ട്. ഉദ്യോഗസ്ഥനായിരിക്കെ ചെയ്ത ജനാഭിമുഖ്യ പദ്ധതികള്‍ തന്നെയാണ് ആ പോരാട്ടത്തിന്റെ കരുത്തും.

കൊല്ലം കരുനാഗപ്പള്ളി കുന്നത്തറ ലിയോണ്‍ ഫെര്‍ണാണ്ടസിന്റെയും വിക്ടോറിയയുടെയും ഏകമകനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് കുരുന്നിലേതന്നെ അച്ഛന്‍ നഷ്ടമായി. ചെറുപ്പത്തിലേ പുസ്തകങ്ങളുമായി ഏറെ അടുത്ത ക്രിസ്റ്റി പഠനത്തില്‍ ഏറെ മികവുപുലര്‍ത്തി. കൊല്ലം ഫാത്തിമമാതാ കോളേജില്‍നിന്ന് എംഎസ്സി സുവോളജിയില്‍ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. തുടര്‍ന്ന് സിഎസ്ഐആറില്‍ ഗവേഷണ ഫെലോ ആയിരിക്കെ ഐഎഎസ് നേടി. "73 ഗുജറാത്തി കേഡറിലായിരുന്നു സെലക്ഷന്‍. ഗുജറാത്ത് ഖേഡ ജില്ലാ ഡെവലപ്മെന്റ് ഓഫീസറായി ആയിരുന്നു ആദ്യനിയമനം. തുടര്‍ന്ന് ഇവിടത്തെ കലക്ടറായി. ഗുജറാത്ത് ഫിഷറീസ് ഡെവലപ്മെന്റ് കമീഷണറായും പ്രവര്‍ത്തിച്ചു. പിന്നീട് എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ സിഎംഡിയായി. കുടുംബാസൂത്രണ, ശിശുക്ഷേമപദ്ധതികളില്‍ മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം ഇദ്ദേഹം ഡെവലപ്മെന്റ് ഓഫീസറായിരിക്കെ ഖേഡയ്ക്ക് ലഭിച്ചു. ഫിഷറീസ് ഡെവലപ്മെന്റ് കമീഷണറായിരിക്കെ രാജ്യത്ത് ഏറ്റവുംകൂടുതല്‍ മത്സ്യം ഉല്‍പ്പാദിപ്പിച്ച സംസ്ഥാനത്തിനുള്ള പുരസ്കാരവും നേടി. ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷനാകട്ടെ 2006-07ല്‍ ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്തെ മികച്ച പൊതുമേഖലാസ്ഥാപനത്തിനുള്ള പുരസ്കാരവും നേടി.

കേന്ദ്രത്തില്‍ കൃഷി, പെട്രോളിയം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി, വാണിജ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 1997 നവംബര്‍മുതല്‍ 2002 നവംബര്‍ വരെ കേരളത്തില്‍ കയര്‍ ബോര്‍ഡ് ചെയര്‍മാനുമായി. 2012 ജൂലൈയില്‍ സര്‍വീസില്‍നിന്ന് വിരമിക്കുംവരെ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഡല്‍ഹി മൗണ്ട് സെന്റ് മേരിസ് ഹൈസ്കൂളില്‍നിന്ന് ഇംഗ്ലിഷ് അധ്യാപികയായി വിരമിച്ച ചാച്ചിമ്മയാണ് ഭാര്യ. ലിയോണ, ജോസഫ് എന്നിവര്‍ മക്കള്‍.

ഔദ്യോഗിക ജീവിതത്തിലെ ജനകീയ അംഗീകാരവുമായി

കൊച്ചി: കലൂര്‍ ചെറുപുഷ്പം പള്ളിക്കുസമീപം പുതിയറോഡ് ലെയ്നിലെ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വസതിയില്‍ അമൂല്യമായി സൂക്ഷിക്കുന്ന ഒരുകെട്ട് തപാല്‍കാര്‍ഡുകളുണ്ട്. വയോധികരായ കയര്‍ത്തൊഴിലാളികള്‍ വിറയ്ക്കുന്ന കൈകളാല്‍ എഴുതിയ അവയില്‍ പലതും അക്ഷരത്തെറ്റുകള്‍ നിറഞ്ഞവയാണ്. ചിലവയാകട്ടെ കൊച്ചുമക്കളെക്കൊണ്ട് എഴുതിച്ചതും. ഏത് രാജ്യാന്തരപുരസ്കാരത്തേക്കാളും ഇദ്ദേഹം വിലമതിക്കുന്നവയാണ് ഈ പഴകിയ പോസ്റ്റ്കാര്‍ഡുകള്‍. കയര്‍ബോര്‍ഡ് ചെയര്‍മാനായിരിക്കെ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കിയതിനു തൊഴിലാളികള്‍ ഹൃദയാശംസ നേര്‍ന്നെഴുതിയവയാണ് ആ കാര്‍ഡുകള്‍.

കയര്‍ത്തൊഴിലാളികള്‍ക്ക് രാജ്യത്ത് ആദ്യമായി കേവലം 10 രൂപ പ്രീമിയത്തില്‍ 25,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയേകിയാണ് ഇദ്ദേഹം അവരുടെ പ്രിയങ്കരനായത്. ഇപ്പോഴും റാട്ടില്‍ കുരുങ്ങിയ ഒട്ടേറെ ജീവിതങ്ങള്‍ ഏറെ നന്ദിപൂര്‍വമാണ് മുന്‍ ചെയര്‍മാനെ ഓര്‍ക്കുന്നത്. പില്‍ക്കാലത്ത് രാഷ്ട്രപതിയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചപ്പോള്‍ കനത്ത ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സാധാരണക്കാര്‍ക്കായുള്ള സേവനത്തെയാണ് ഇദ്ദേഹം കൂടുതല്‍ വിലമതിച്ചത്. അവരുടെതന്നെ പങ്കാളിത്തത്തോടെ നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. "രോഷ്ണി പദ്ധതി" എന്ന പരിപാടിയിലൂടെ ഡയറക്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ "സ്വര്‍ണമയൂരം" പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി.

ഐഎസ്ഒ 4001 സര്‍ട്ടിഫിക്കറ്റിനും ഈ ജനകീയപദ്ധതി അര്‍ഹമായി. 39 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യക്തിമുദ്ര പതിപ്പിച്ച ജനാഭിമുഖ്യ നടപടികളില്‍ ചിലതുമാത്രമാണിത്. ഇപ്പോള്‍ ഉദ്യോഗത്തില്‍നിന്ന് വിടുതല്‍നേടി ജനസേവനത്തിന്റെ പുതുപാതയിലേക്കിറങ്ങുമ്പോഴും ക്രിസ്റ്റി ഫെര്‍ണാണ്ടസിന് കരുത്താകുന്നത് സാധാരണക്കാരിലുള്ള വിശ്വാസംതന്നെയാണ്. 1997 നവംബര്‍മുതല്‍ 2002 നവംബര്‍വരെ ഇദ്ദേഹം ചെയര്‍മാനായിരിക്കെ കയര്‍ബോര്‍ഡും കയര്‍മേഖലയും കൈവരിച്ച നേട്ടങ്ങള്‍ ചെറുതല്ല. ഭൂമിയെ സംരക്ഷണത്തിന്റെ പട്ടുടുപ്പിച്ച കേരളത്തിന്റെ "കയര്‍ ഭൂവസ്ത്ര" ഇന്ന് വിദേശങ്ങളില്‍പ്പോലും ഏറെ പ്രിയപ്പെട്ടതാണ്. "ഭൂവസ്ത്ര" എന്ന പേരുപോലും ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സംഭാവനയാണ്. ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര വികസന പദ്ധതിയായാണ്(യുഎന്‍ഡിപി) ഭൂവസ്ത്രം മെനഞ്ഞത്.

കയര്‍ത്തൊഴിലാളിയുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനുള്ള യന്ത്രവല്‍കൃത റാട്ട്പദ്ധതി നടപ്പാക്കിയതും ഇദ്ദേഹമായിരുന്നു. കയര്‍ സംരംഭകന് സംഘടിതശേഷിയുടെ കരുത്ത് ബോധ്യപ്പെടുത്തിയ ക്ലസ്റ്റര്‍ പദ്ധതി നടപ്പാക്കിയതും മറ്റാരുമല്ല. പൊതുആവശ്യങ്ങള്‍ക്കായി കേന്ദ്രീകൃത സംവിധാനം ഒരുങ്ങിയതോടെ വിപ്ലവകരമായ പുരോഗതിയാണ് മേഖലയ്ക്കുണ്ടായത്. കയര്‍ ക്ലസ്റ്റര്‍ രാജ്യത്തിനും മാതൃകയാണ്. വിദേശങ്ങളിലെ വ്യവസായ പ്രദര്‍ശനം ചെറുകിട സംരംഭകരെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമാണെങ്കില്‍ അതില്‍ പങ്കുചേരുന്നതിനുള്ള അവസരമാണ് ഒരുകൂട്ടം യുവസംരംഭകര്‍ക്ക് ഇദ്ദേഹം നല്‍കിയത്. ഇപ്പോള്‍ അവരില്‍ പലരും ഈ പരമ്പരാഗത വ്യവസായമേഖലയില്‍ ആധുനികതയുടെ കൊടി പാറിക്കുമ്പോള്‍ മനസ്സില്‍ നന്ദിപറയുന്നത് പഴയ ബോര്‍ഡ് ചെയര്‍മാനോടുതന്നെ. കരുനാഗപ്പള്ളി കുന്നുതറ ലിയോണ്‍ ഫെര്‍ണാണ്ടസിന്റെയും വിക്ടോറിയയുടെയും ഏക മകനായ ക്രിസ്റ്റിയോട് കാലം കുരുന്നിലേ വലിയ ക്രൂരതയാണ് കാട്ടിയത്. ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പുസ്തകത്തോടും പഠനത്തോടും ഏറെ അടുത്താണ് ഈ പ്രതിഭ ആ വിടവ് നികത്തിയത്. കൊല്ലം ഫാത്തിമമാതാ കോളേജില്‍നിന്ന് എംഎസ്സി സൂവോളജിയില്‍ ഒന്നാംറാങ്കോടെ വിജയിച്ചു.

തുടര്‍ന്ന് സിഎസ്ഐആറില്‍ ഗവേഷണ ഫെലോ ആയിരിക്കെതന്നെ ഐഎഎസിനും അര്‍ഹനായി. ജൈത്രയാത്രയുടെ തുടക്കം അങ്ങിനെയായിരുന്നു. തുടര്‍ന്ന് രാജ്യത്തെ പ്രഥമപൗരന്റെ സെക്രട്ടറി പദംവരെ അലങ്കരിച്ചു. ദീര്‍ഘദൃഷ്ടിയുള്ള ഈ ജനകീയ ഉദ്യോഗസ്ഥന്റെ സേവനങ്ങള്‍ കേരളത്തിനുപുറമെ ഗുജറാത്തിലും ഡല്‍ഹിയിലുമെല്ലാം തുണയായി. ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. ഔദ്യോഗിക ജീവിതത്തില്‍ നേടിയ ജനകീയ അംഗീകാരത്തിന്റെ തുണയിലാണ് ഇദ്ദേഹം ജനവിധി തേടുന്നത്. എപ്പോഴും കൂട്ടായുള്ള തികഞ്ഞ ആത്മവിശ്വാസത്തോടെ. ഇംഗ്ലീഷ് അധ്യാപികയായി വിരമിച്ച ചാച്ചിമ്മയാണ് ഭാര്യ. മക്കള്‍ ഗവേഷണാത്മക ജോലിയിലൂടെ ശ്രദ്ധേയരായ ലിയോണയും ജോസഫും.

ഷഫീഖ് അമരാവതി

deshabhimani

No comments:

Post a Comment