Monday, March 10, 2014

നിയമസാധുതയില്ലാത്ത കരട് വിജ്ഞാപനം വഞ്ചന: പിണറായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി 2013 നവംബര്‍ 13 ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍ദ്ദിഷ്ട കരട് വിജ്ഞാപനം മലയോര ജനതയേയും കേരളത്തേയും വഞ്ചിക്കുന്നതാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

നവംബര്‍ 13 ന്റെ വിജ്ഞാപനം റദ്ദ് ചെയ്യാതെ കരട് വിജ്ഞാപനം ഇറക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ചെപ്പടിവിദ്യയാണ്. ഇതിനുള്ള അനുമതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിച്ചശേഷമേ പാടുള്ളൂ എന്ന കമ്മീഷന്റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരിന്റെ തീരുമാനത്തിന് ഈ വിഷയം വിട്ടിരിക്കുന്നു എന്നാണ്. കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന മലയോരജനതയേയും കേരളത്തിന്റെ സമ്പദ്ഘടനയേയും ഗുരുതരമായി ബാധിക്കുന്നതാണ് നവംബര്‍ 13 ന്റെ കേന്ദ്ര ഉത്തരവ്. ഇത് കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാര്‍ച്ച് 24 ന് ഹരിത കോടതിയില്‍ വരികയാണ്. അപ്പോള്‍ കോടതി പരിഗണിക്കുക നിയമസാധുതയില്ലാത്ത കരട് വിജ്ഞാപനമല്ല നിയമബാധ്യതയുള്ള നവംബര്‍ 13 ന്റെ ഉത്തരവായിരിക്കും. ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതത്തേയും ആവാസ കേന്ദ്രത്തേയും ആപത്തിലാഴ്ത്തിയാണ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ഭരണം അധികാരത്തില്‍ നിന്ന് പുറത്താകാന്‍ പോകുന്നത്.

കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്ക സ്വഭാവത്തെപ്പറ്റി പോലും ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. എന്നിട്ടും നിയമസാധുതയില്ലാത്ത കരട് വിജ്ഞാപനത്തിന്റെ മറവില്‍ യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധതയെ വെള്ള പൂശാന്‍ നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് പിണറായി പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തി.

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അനുമതി

ന്യൂഡല്‍ഹി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍മേല്‍ കരട് വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗത്തിലാണ് വിജ്ഞാപനത്തിന് അനുമതി നല്‍കിയത്.എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ വിജ്ഞാപനം ഇറക്കാന്‍ അനുമതി നല്‍കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ അന്തിമ അനുമതി നല്‍കാനാകില്ല.

കരട് വിജ്ഞാപനത്തിന്റെ അനുമതിക്കായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യാഴാഴ്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജഞാപനം വരുമുന്നേ തുരുമാനം എടുത്തു എന്ന മെമ്മോറാണ്ടം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു.

കേരളത്തിന്റെ നേട്ടമാണു തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിപിഐ എമ്മിന്റെ മുതലെടുപ്പ് നീക്കം പൊളിഞ്ഞതായി കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്, എമ്മും തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ കരടില്‍ കാര്യമില്ലെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കി. നവംബര്‍ 13 ലെ വിജ്ഞാപനം നിലനില്‍ക്കുകയാണെന്നു സമിതി ചൂണ്ടീക്കാട്ടി.

deshabhimani

No comments:

Post a Comment