Wednesday, March 19, 2014

തരൂരിന്റെ ആസ്തിയില്‍ ആറരക്കോടിയോളം വര്‍ധന

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂരിന്റെ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് വര്‍ധിച്ചത് 6.36 കോടി രൂപ. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ ശശി തരൂരിന്റെ ആസ്തി 16.64 കോടി രൂപയായിരുന്നു. ഇത്തവണ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആകെ ആസ്തി 23 കോടി രൂപ. ചൊവ്വാഴ്ച സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിലാണ് ആസ്തി വിവരമുള്ളത്. എന്നാല്‍, കഴിഞ്ഞ തവണ രണ്ടാംഭാര്യ ക്രിസ്റ്റ ജൈല്‍സിന്റെ പേരില്‍ 4.80 കോടി രൂപയുടെ ആസ്തി കാണിച്ചിരുന്നു. ഇതടക്കം കഴിഞ്ഞ തവണത്തെ ആകെ 21.45 കോടി രൂപയുടെ സമ്പാദ്യമാണ് കാണിച്ചത്. എന്നാല്‍, ഈ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ ക്രിസ്റ്റയുടെ സമ്പാദ്യം കാണിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ സുനന്ദ പുഷ്കര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് അവരെ വിവാഹം കഴിച്ചത്. എന്നാല്‍, രണ്ടാം തവണ മത്സരിക്കുമ്പോള്‍ അവര്‍ ജീവനോടെയില്ല. എന്നാല്‍, ഇത്തവണ സമര്‍പ്പിച്ച രേഖയില്‍ ശശി തരൂരിന് ബാധ്യതളോ ആശ്രിതരോ ജീവിത പങ്കാളിയോ ഇല്ല.

വരുമാനം 75,40,650 രൂപയാണ്. കൈവശമുള്ള ആകെ പണനിക്ഷേപം 22,08,34,220 രൂപയാണ്. ഇതില്‍ ബാങ്ക് അക്കൗണ്ടുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യകമ്പനികള്‍, സഹകരണസംഘങ്ങള്‍ എന്നിവയിലെ നിക്ഷേപമായി 1,53,71,955 രൂപയുണ്ട്, കമ്പനികളിലെയും മ്യൂച്വല്‍ഫണ്ടുകളിലെയും മറ്റുള്ളവയിലെയും ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍ എന്നിവയില്‍ മുതല്‍മുടക്കിയിരിക്കുന്നത് 7,87,52,265 രൂപ. സ്ഥാപനം, കമ്പനി, ട്രസ്റ്റ് മുതലായവയ്ക്കോ വ്യക്തികള്‍ക്കോ നല്‍കിയ വായ്പയും മറ്റുമായി 12,33,60,000 രൂപ, കൈവശമുള്ള ഫിയറ്റ് കാറിന് 1.5 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. 32 ലക്ഷം രൂപയുടെ ആഭരണങ്ങളും സ്വര്‍ണക്കട്ടിയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുമുണ്ട്. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ എലവഞ്ചേരി വില്ലേജില്‍ 2.51 ഏക്കര്‍ സ്ഥലവും 63 സെന്റ് കൃഷി ഭൂമിയുമുണ്ട്. 1,56,875 രൂപയാണ് ഇതിന്റെ ഏകദേശ നടപ്പ് കമ്പോളവിലയായി കാണിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വഴുതക്കാട്ട് 1954.24 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജിജെ കോണ്ടൂര്‍ മേരിഗോള്‍ഡ് അപ്പാര്‍ട്ട്മെന്റും സ്വന്തമായുണ്ട്. 45 ലക്ഷം രൂപയ്ക്ക് വാങ്ങിയ അപ്പാര്‍ട്ട്മെന്റിന് നിലവിലെ ഏകദേശ നടപ്പ് വിലയായി ഇട്ടിരിക്കുന്നത് 65 ലക്ഷം രൂപയാണ്. മറ്റ് വസ്തുവിലുള്ള അവകാശബന്ധവും മറ്റുമായി 27,84,091 രൂപയുടെ അസ്തിയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

deshabhimani

1 comment: