Friday, March 14, 2014

ജനങ്ങളുടെ ഇന്നസെന്റ്

ചലച്ചിത്രകാരനെന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹിയാണ് ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരന്‍. കമ്യൂണിസ്റ്റുകാരനായ അപ്പന്‍ പകര്‍ന്നുനല്‍കിയ ജീവിതദര്‍ശനങ്ങളാണ് ആ മനുഷ്യസ്നേഹിയെ സൃഷ്ടിച്ചത്. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയുമായിരിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്ന കാലത്താണ് തെക്കേത്തല വറീത് കമ്യൂണിസ്റ്റായത്. ആ അപ്പന്‍ മകനിലേക്ക് സന്നിവേശിപ്പിച്ച കരുത്തുമായാണ് ഇന്നസെന്റ് ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തുന്നത്്. അപ്പന്‍ പകര്‍ന്ന മൂല്യങ്ങള്‍ ഇന്നസെന്റ് എന്നും കാത്തുസൂക്ഷിച്ചു. വിശ്വാസിയായിരിക്കുമ്പോഴും അന്ധവിശ്വാസത്തിന് അടിപ്പെട്ടില്ല. ഏംഗല്‍സും മാര്‍ക്സും ലെനിനും സ്റ്റാലിനും ഗോര്‍ക്കിയുമെല്ലാം അപ്പന്റെ ദര്‍ശനത്തിലൂടെ, ഭാഷയിലൂടെ മകനിലേക്ക് കടന്നു. രാഷ്ട്രീയദര്‍ശനത്തിന്റെ ആഴത്തേക്കാള്‍ അതിലെ മനുഷ്യത്വമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ജീവിതത്തില്‍ ഇടതുപക്ഷ മനസ്സും മാനവികതയും കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു തവണ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായി.13 വര്‍ഷമായി "അമ്മ"യുടെ പ്രസിഡന്റാണ്. എട്ടു വര്‍ഷത്തിലധികമായി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവര്‍ത്തിക്കുന്നു.

ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റിന്റെ ജനം.ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിലും നാഷണല്‍ ഹൈസ്കൂളിലും ഡോണ്‍ബോസ്കോ എസ്എന്‍എച്ച് സ്കൂളിലുമായി പഠനം. പഠനത്തില്‍ പിറകിലായിരുന്ന അദ്ദേഹം ജീവിക്കാന്‍ പല വഴികളും നോക്കി. സൈക്കിളില്‍ ചീപ്പ്, സോപ്പ്, കണ്ണാടി വില്‍പ്പന മുതല്‍ കച്ചവടം, വോളിബോള്‍ കോച്ച്, തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരന്‍ തുടങ്ങി ഒട്ടേറെ ജോലികളില്‍. കോടമ്പാക്കം മുഴുവന്‍ പട്ടിണികിടന്ന് അലഞ്ഞ ഭാഗ്യാന്വേഷി, ഉയര്‍ന്ന മൂല്യം പുലര്‍ത്തിയ സിനിമകള്‍ നിര്‍മിച്ചിട്ടും സാമ്പത്തികമായി തകര്‍ന്ന നിര്‍മാതാവായിരുന്നു. അപ്പോഴും തരംതാണ സിനിമകള്‍ നിര്‍മിക്കാന്‍ കൂട്ടാക്കിയില്ല. 1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. കലാമൂല്യംകൊണ്ട് ശ്രദ്ധേയമായ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ചേര്‍ന്ന് നിര്‍മിച്ചു. ഹാസ്യവേഷത്തിലും ക്യാരക്ടര്‍ റോളുകളിലുമായി അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. "മഴവില്‍ക്കാവടി"യിലെ ശങ്കരന്‍കുട്ടി മേനോന്‍ എന്ന കഥാപാത്രത്തിലൂടെ 2008ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും 2009ല്‍ "പത്താം നിലയിലെ തീവണ്ടി" എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നാലു തവണ ഏഷ്യാനെറ്റ് അവാര്‍ഡും സത്യന്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. "മഴക്കണ്ണാടി", "ഞാന്‍ ഇന്നസെന്റ്" എന്നീ കൃതികളും "ചിരിക്കു പിന്നില്‍" എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി.

ജീവിതത്തില്‍ അഭിനയമില്ല; ഇത് ജനകീയ നടന്‍

കൊച്ചി: ""ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവനാണ് ഈ കെ കെ ജോസഫ്"" എന്ന "വിയത്നാം കോളനി"യിലെ ഡയലോഗ് മലയാളികള്‍ക്ക് ചിരപരിചിതമായത് വാക്കുകളുടെ ഭംഗികൊണ്ടു മാത്രമല്ല, ഇന്നസെന്റ് എന്ന അതുല്യനടന്റെ ഭാവങ്ങളുടെ മികവിലുമായിരുന്നു. മലയാളി കുടുകുടെ ചിരിച്ച ഈ വാചകം ഇന്നസെന്റിന് വെറും ഡയലോഗ് മാത്രമല്ല. ആ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ച ആര്‍ക്കും അക്കാര്യം വ്യക്തമാകും. സിനിമയിലെത്തുംമുമ്പുള്ള ജീവിതത്തില്‍ കടമ്പകള്‍ അനേകം കടന്നിട്ടുണ്ട് മലയാളിയുടെ ഈ പ്രിയതാരം.
സൈക്കിളില്‍ സോപ്പ്, ചീപ്പ്, കണ്ണാടി വില്‍പ്പനക്കാരന്റെ വേഷംകെട്ടി നാടുമുഴുവന്‍ അലഞ്ഞപ്പോഴും തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞപ്പോഴും വിടാതെ തനിക്കൊപ്പം ഉണ്ടായിരുന്നത് ചിരിയാണെന്ന് ഇന്നസെന്റ് ഓര്‍ക്കുന്നു. ഈ നഷ്ടങ്ങളുടെ കാലത്തുതന്നെ ഇരിങ്ങാലക്കുടയില്‍ കൗണ്‍സിലറായിരുന്ന പാരമ്പര്യമുണ്ട് ഇന്നസെന്റിന്. പുതിയ നിയോഗവുമായി വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുമ്പോഴും ജീവിതത്തെയും ക്യാന്‍സറിനെപ്പോലും ചിരിച്ചുകൊണ്ട് നേരിട്ട അനുഭവസമ്പത്ത് തുണയാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തിന്. അഭിനയമാണ് എന്റെ തൊഴില്‍. പക്ഷേ ജീവിതത്തില്‍ ഇന്നേവരെ അഭിനയിച്ചിട്ടില്ല.

പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടി രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട കാര്യവുമില്ല. ഒരര്‍ഥത്തില്‍ സിനിമയില്‍ സംഭവിക്കുന്നതുപോലെ ഇടവേളക്കുശേഷമുള്ള രണ്ടാംവരവാണ് രോഗം മാറിയശേഷമുള്ള ജീവിതം. ഈ മടങ്ങിവരവില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ തന്നാലാവുന്നത് ചെയ്യാനുള്ള ഇച്ഛാശക്തിയുമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തീരദേശ പരിപാലന നിയമവുമൊക്കെ തലയ്ക്കുമുകളില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ പറ്റുന്നതു ചെയ്യുകയാണ് ലക്ഷ്യമെന്നു പറയുമ്പോള്‍ പ്രായോഗികതയുടെ വക്താവായ രാഷ്ട്രീയനേതാവിന്റെ മുഖം തെളിയുന്നു. വിവിധ പദ്ധതികളിലായി കേന്ദ്രസര്‍ക്കാരിന്റെ ധാരാളം ഫണ്ട് അനുവദിക്കപ്പെടുന്നുണ്ട്. പക്ഷേ അര്‍ഹിക്കുന്നത് പലര്‍ക്കും ലഭിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണമെന്നുകൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്റെ നിലപാടുകള്‍ ആര്‍ക്കൊപ്പമെന്നും ഇന്നസെന്റ് പ്രഖ്യാപിക്കുന്നു. പാര്‍ലമെന്റില്‍ ഭാഷ ഉപയോഗിക്കുന്നതിനെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാട്. "നാരിയല്‍ കാ പാനീ ലാവോ" എന്ന് "സന്ദേശ"ത്തില്‍ താന്‍ അവതരിപ്പിച്ച യശ്വന്ത് സഹായി പറയുമ്പോള്‍ മുഖത്തോടുമുഖം നോക്കുന്ന കെ ആര്‍ പിയെയും പൊതുവാളിനെയുംപോലെ ആകരുതെന്ന ബോധ്യം. പതിനാലു വര്‍ഷമായി മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ഞാന്‍.

ഓരോ തവണയും സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നു പറയുമ്പോള്‍ പൂര്‍വാധികം ശക്തിയോടെ ആ സ്ഥാനത്ത് നിലനിര്‍ത്തുകയാണ്. രോഗബാധിതനായി തിരിച്ചെത്തിയശേഷം നടന്ന ജനറല്‍ബോഡിയില്‍ മാറിനില്‍ക്കണമെന്ന ശക്തമായ നിലപാടെടുത്തിട്ടും അനുവദിച്ചില്ല. "ക്യാന്‍സര്‍ വാര്‍ഡിലെ ചിരി" എന്ന പുസ്തകത്തില്‍ ഇന്നസെന്റ് കുറിക്കുന്ന വരികള്‍- ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്‍കാന്‍ എന്റെ കൈയില്‍ ഒരു ഔഷധം മാത്രമേയുള്ളൂ- ഫലിതം. ചിന്തയുണര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗവും അതാണെന്ന് അദ്ദേഹത്തെക്കാള്‍ നന്നായി അറിയാവുന്ന ആരുണ്ട്? നന്ദനത്തിലെ മനുവിന്റെയും ബാലാമണിയുടെയും വിവാഹത്തെക്കുറിച്ച് കേശവന്‍ നായര്‍ പറയുംപോലെ ഈ കടമ്പ, ഈ കോട്ടയ്ക്കല്‍ (ചാലക്കുടിയെന്നു നമുക്കു വായിക്കാം) കടമ്പയൊന്നു കടന്നാല്‍ ഇവിടെ ചിലതൊക്കെ നടക്കും.

ആനന്ദ് ശിവൻ deshabhimani

No comments:

Post a Comment