Friday, March 14, 2014

സത്യന്‍ മൊകേരി; കര്‍ഷക മണ്ണില്‍ കര്‍ഷകനേതാവ്

കര്‍ഷക മനസ്സിന്റെ നോവും നൊമ്പരങ്ങളും തൊട്ടറിഞ്ഞ സത്യന്‍ മൊകേരി വയനാടിന്റെ കാവലാളാകാനെത്തുകയാണ്. വ്യക്തിശുദ്ധിയും എളിമയും കൈമുതലാക്കിയ ഈ കര്‍ഷകനേതാവ് കുടിയേറ്റ ജനതക്ക് സുപരിചിതനാണ്. കര്‍ഷകരും തൊഴിലാളികളും അതിജീവനത്തിനായി നടത്തിയ പോരാട്ടങ്ങളില്‍ നിത്യസാന്നിധ്യമായ മൊകേരി പാര്‍ലമെന്റേറിയനായും പ്രക്ഷോഭകാരിയായും പൊതുമണ്ഡലത്തില്‍ സജീവമാണ്. വയനാടിനോടു ചേര്‍ന്നുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ അതിര്‍ത്തിമണ്ഡലമായ നാദാപുരത്തിന്റെ പ്രതിനിധിയായി പതിനഞ്ച് കൊല്ലത്തോളം കേരള നിയമസഭയില്‍ അംഗമായിരുന്നു. മികച്ച പാര്‍ലിമെന്റേറിയനുള്ള കെ ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം വയനാട് മണ്ഡലത്തില്‍ സുപരിചിതനാണ്. കിസാന്‍സഭാ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ വയനാട്ടിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളിലെല്ലാം മുന്നണി പോരാളിയായിരുന്ന സത്യന് ഈ മേഖലയിലെ പ്രശ്നങ്ങള്‍ മറ്റാരേക്കാളും ഹൃദിസ്ഥം. കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് കര്‍ഷകരുടെ നൊമ്പരങ്ങളും വേദനകളുംഅടുത്തുനിന്നറിഞ്ഞ അനുഭവ പാരമ്പര്യമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ താന്‍ കൃഷിക്കാര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുമെന്ന് അദ്ദേഹം വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി വ്യാഴാഴ്ച ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കംകുറിച്ച് കല്‍പ്പറ്റയിലും ബത്തേരിയിലുമെത്തി സുഹൃത്തുക്കളെയും പരിചയക്കാരെയും സന്ദര്‍ശിച്ചു. ഘടകകക്ഷി ഓഫീസുകളില്‍ എത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. തിരുവമ്പാടിയില്‍ മണ്ഡലത്തില്‍ സിപിഐ എം യോഗത്തിലും കല്‍പ്പറ്റയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. വയനാട് ലോക്സഭാ മണ്ഡലം രൂപീകൃതമായി ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് നിഷ്പക്ഷമതികളും യുഡിഎഫ് പക്ഷക്കാര്‍പോലും സത്യന്‍ മൊകേരിയോട് ആവലാതി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിമൂലം ഒരിക്കല്‍ കര്‍ഷക ആത്മഹത്യയുടെ മുഖ്യകേന്ദ്രമായി മാറിയ വയനാട്ടില്‍ കടക്കെണി മൂലം ഗൃഹനാഥന്‍ ജീവനൊടുക്കിയ വീടുകളില്‍ 2005 മുതല്‍ എത്തിയതിന്റെ അനുഭവങ്ങള്‍ സത്യന്‍ മൊകേരി പ്രവര്‍ത്തകരുമായി പങ്കുവെച്ചു. കര്‍ഷക കടാശ്വാസ കമീഷന്‍ അംഗമെന്ന നിലയില്‍ 2007ല്‍ വയനാട്ടിലെ ഒരേക്കര്‍വരെ കൃഷിഭൂമിയുള്ള നാല്‍പത്തിമൂവായിരത്തോളം കര്‍ഷകരുടെ കാല്‍ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടത്തിയ ശുപാര്‍ശയും അദ്ദേഹം അനുസ്മരിച്ചു. വീണ്ടും സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നശേഷം കര്‍ഷക ആത്മഹത്യകള്‍ പതിവായി മാറിയപ്പോഴും അവിടങ്ങളിലെല്ലാം എത്തിയ സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം മലയോര മേഖലയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആവേശം പകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരി എത്തും.

deshabhimani

No comments:

Post a Comment