Saturday, March 15, 2014

വൃക്ഷപ്പെട്ടിയും കാളപ്പെട്ടിയും തമ്മിലുള്ള പോരാട്ടം

"1952 ലെ മദ്രാസ് അസംബ്ലിയിലേക്ക് വയനാട് ദ്വയാംഗ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ്. സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായി പത്മപ്രഭ ഗൗഡരും എതിര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിനു വേണ്ടി കോഴിപ്പുറത്ത് മാധവമേനോനും. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വൃക്ഷപ്പെട്ടിയും കോണ്‍ഗ്രസിന് കാളപ്പെട്ടിയും."

76 കാരനായ കല്ലങ്കോടന്‍ കുഞ്ഞിദും, 74 കാരനായ എടഗുനി അമ്മദിന്റെയും ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിറകോട്ട് സഞ്ചരിച്ചു. അന്ന് ഞങ്ങള്‍ കുട്ടികളാണ്, ചിലതെല്ലാം കേട്ടറിഞ്ഞതാണ്, എങ്കിലും അന്നത്തെ നോട്ടീസിലെ ഒരു വരി ഇപ്പോഴും മനസ്സിലുണ്ട്. "യോഗത്തില്‍ എകെജി പങ്കെടുക്കുന്നതാണ്... യോഗത്തില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കും." അന്ന് ഉച്ചഭാഷിണി ഒരു അപൂര്‍വ കാഴ്ചയാണ്. കോഴിക്കോട് നിന്നുമാണ് ഉച്ചഭാഷിണി കൊണ്ടുവരുന്നത്. അമ്മദ് പറയുമ്പോള്‍ കുഞ്ഞിദ് ശരിവെച്ചു. ഇരുവരും സിപിഐ എം ന്റെ ആദ്യകാല പ്രവര്‍ത്തകരാണ്. പ്രായത്തിന്റെ അവശതകളെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളിലാവുന്നത് ചെയ്യാനൊരുങ്ങുകയാണ് ഇരുവരും.

അന്നൊന്നും തെരഞ്ഞെടുപ്പ് എന്താണെന്നൊന്നും അറിയില്ല. കുറെ പേര്‍ പ്രസംഗിക്കുന്നത് കേള്‍ക്കും. എകെജി യുടെ പ്രസംഗത്തിന്റെ ശൈലി ഓര്‍മയുണ്ട്. കഥാപ്രസംഗ ശൈലിയിലായിരുന്നു പ്രസംഗം. ഇടയ്ക്ക് നര്‍മ്മത്തിന്റെ മേമ്പൊടിയും കുഞ്ഞിദ് പറഞ്ഞു. അന്ന് കമ്യൂണിസ്റ്റ് അനുഭാവിയൊന്നും ആയിരുന്നില്ല. 1968 ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുത്തത്. 1962 ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടവകാശം വിനിയോഗിച്ചത്. 1971 ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ എം ന്റെ മുതിര്‍ന്ന നേതാവ് ബി ടി രണദിവയെുടെ പ്രസംഗം പരിഭാഷ പെടുത്തിയതും കുഞ്ഞീദ് അഭിമാനത്തോടെ ഓര്‍ക്കുന്നു. 1952 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സോഷ്യലിസ്റ്റ് പാര്‍ടിക്കാര്‍ സ്ഥാനാര്‍ഥിയെ ആനയുടെ എഴുന്നള്ളിപ്പോടെ വരവേറ്റത് മങ്ങിയ ഓര്‍മ്മയായി മനസിലുണ്ടെന്ന് എടഗുനി അമ്മദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തല്ലെങ്കിലും സ്കൂളില്‍ പഠിക്കുന്ന സമയത്ത് കല്‍പ്പറ്റ ചെറിയ പള്ളിയുടെ മുന്നില്‍ നടന്ന ചടങ്ങില്‍ കമ്യൂണിസ്റ്റ്കാരനായ കുഞ്ഞിക്കോയ മാഷ് തന്നെ പൊക്കിയെടുത്ത് എകെജിക്ക് മാലയിടുവിച്ചതും മറക്കാനാവാത്ത അനുഭവമാണ്....ഇന്നോര്‍ക്കുമ്പോള്‍. മുമ്പൊക്കെ ജന്‍മിമാരും കോണ്‍ഗ്രസുകാരും ആദിവാസികളെ സ്വാധീനിച്ച് വോട്ട്ബാങ്കാക്കി മാറ്റിയിരുന്നു, എന്നാല്‍ ആദിവാസി ക്ഷേമസമിതിയുടെ പ്രവര്‍ത്തനം ശക്തമായതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതിന് മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് എടക്കുനി അമ്മദ് പറഞ്ഞു. എങ്കിലും പൊതുവില്‍ പണത്തിന്റെയും മദ്യത്തിന്റെയും സ്വാധീനം ജില്ലയിലെ തെരഞ്ഞെടുപ്പിനെ ബാധിക്കാറുണ്ട്. പുരോഗമന കലാ സാഹിത്യസംഗം ജില്ലാ ട്രഷറര്‍ കൂടിയാണ് അമ്മദ്്. ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തിപോന്നിരുന്ന അമ്മദ് എഴുപതുകളിലാണ് സിപിഐ എം ന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

വികാസ് കാളിയത്ത് deshabhimani

No comments:

Post a Comment