Saturday, January 19, 2013

നെല്ല് സംഭരണം അവതാളത്തിലാകും


കര്‍ഷകരില്‍നിന്ന് സ്വകാര്യമില്ലുകാര്‍ ഉയര്‍ന്ന വിലയ്ക്ക് നെല്ല് നേരിട്ട് സംഭരിക്കാന്‍ തുടങ്ങിയതോടെ നെല്ലുസംഭരണം പ്രതിസന്ധിയില്‍. സംഭരണവില സര്‍ക്കാര്‍ ഉയര്‍ത്തിയില്ലെങ്കില്‍ രണ്ടാം വിളയിലെ നെല്ലുസംഭരണം അവതാളത്തിലാകും. സംഭരണത്തിന് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ സംഭരണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 17 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. എന്നാല്‍ കൊയ്ത്തിനു മുമ്പേ സ്വകാര്യമില്ലുകാര്‍ 18 മുതല്‍ 20 രൂപ വരെ നല്‍കി നെല്ലെടുക്കാന്‍ കര്‍ഷകരുമായി ധാരണയുണ്ടാക്കി. ഇടനിലക്കാരില്ലാതെ കര്‍ഷകനില്‍നിന്ന് നേരിട്ട് സ്വകാര്യമില്ലുകാര്‍ എടുക്കുന്ന നെല്ലിന് അപ്പോള്‍ത്തന്നെ വിലനല്‍കുന്നതിനാല്‍ കര്‍ഷകര്‍ക്കും സ്വകാര്യമില്ലുകള്‍ക്ക് നല്‍കാനാണ് താല്‍പ്പര്യം.

പൊതുവിപണിയില്‍ നെല്ലിന് ഒമ്പതു രൂപയായപ്പോള്‍ സപ്ലൈകോ 15രൂപയ്ക്ക് സംഭരിച്ചിരുന്നു. സ്ഥിതി മുന്‍കൂട്ടിക്കണ്ട് സ്വകാര്യമില്ലുകാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന് തൃശൂര്‍ പാഡി പ്രൊക്യൂര്‍മെന്റ് ആന്‍ഡ് പേമെന്റ് ഓഫീസര്‍ ഗോപകുമാര്‍ പറയുന്നു. ഒന്നാംവിള വിരിപ്പിനേക്കാള്‍ ഗുണവും വിളവും കൂടുതല്‍ മുണ്ടകനിലാണ്. ഒന്നാംവിളയിലെ നഷ്ടംകൂടി രണ്ടാംവിളയില്‍ നികത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. തൃശൂര്‍-പാലക്കാട് ജില്ലകളില്‍ രണ്ടാംവിള നെല്ലുസംഭരണം തുടങ്ങിയിട്ട് ഒരുമാസമായി. സംഭരണത്തിന് കര്‍ഷകര്‍ക്ക് 31വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പന്ത്രണ്ടര ഏക്കര്‍ വരെ നെല്‍ക്കൃഷിയുള്ളവര്‍ക്കും അഞ്ചേക്കര്‍വരെ പാട്ടക്കൃഷിയുള്ളവര്‍ക്കും നെല്ല് നല്‍കാം. മില്ലുകാര്‍ക്ക് ഈ അപേക്ഷകളുടെ പട്ടികയാണ് സപ്ലൈകോ നല്‍കുക. മില്ലുകാര്‍ നല്‍കുന്ന രസീത് കൃഷി ഓഫീസില്‍ നല്‍കിയാല്‍ പണം സര്‍വീസ് സഹകരണബാങ്കുവഴി കര്‍ഷകനു കിട്ടും. ഇതിന് കാലതാമസം നേരിടുന്നുമുണ്ട്. ഇങ്ങനെ എടുക്കുന്ന നെല്ലില്‍ 68 ശതമാനം ഗുണനിലവാരമുള്ള നെല്ല് അരിയാക്കി മില്ലുകാര്‍ സപ്ലൈകോയ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani 190113

No comments:

Post a Comment