Saturday, January 19, 2013

ക്വാറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം: എളമരം കരീം


കോഴിക്കോട്: ക്വാറി മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ പറഞ്ഞു. കേരള ക്വാറി ആന്‍ഡ് ക്രഷര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍(കെക്യുസിഎ) പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്വാറി മേഖലയില്‍നിന്ന് ചെറുകിടക്കാരെ തുരത്തി വന്‍കിടക്കാര്‍ക്ക് മാത്രം അവസരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണിത്. കേന്ദ്ര എക്സ്പ്ലോസീവ് ആക്ടിന് വിധേയമായി ലൈസന്‍സ് നേടുന്നത് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കുന്നു. കേരളംപോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ഇത് അപ്രായോഗികമാണ്. ക്വാറി മേഖലയുടെ സ്തംഭനാവസ്ഥ നിര്‍മാണ മേഖലയെ സാരമായി ബാധിക്കും. നിര്‍മാണ മേഖലയുടെ സ്തംഭനാവസ്ഥ ദോഷകരമാകും. നിര്‍മാണ മേഖലക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ചെറുകിട ക്വാറികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അന്യായമായി പണം കൈപ്പറ്റുന്നത് തടയണം. ക്വാറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശാസ്ത്രീയമായും വകതിരിവോടുകൂടിയും പ്രവര്‍ത്തിക്കണം. പ്രകൃതിവിഭവങ്ങള്‍ മനുഷ്യന് ഉപയോഗിക്കുമ്പോള്‍ കരുതലും സമചിത്തതയും വേണം. നിയമവ്യവസ്ഥകള്‍ മാനിക്കാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണെന്നും എളമരം കരീം പറഞ്ഞു. കണ്‍വന്‍ഷനില്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി. രാജു എബ്രഹാം എംഎല്‍എ മുഖ്യാതിഥിയായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ കുണ്ടായിത്തോട്, സി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ഫിക്കര്‍ അലി സ്വാഗതം പറഞ്ഞു.

deshabhimani 190113

No comments:

Post a Comment