ബംഗളൂരു ബിഎംസിആര്‍ഐയില്‍ നേഴ്സുമാരുടെ സമരം ശക്തം
ബംഗളൂരു: ദീര്‍ഘകാലമായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ബംഗളുരു മെഡിക്കല്‍കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്(ബിഎംസിആര്‍ഐ) കീഴിലുള്ള ആശുപത്രികളിലെ നേഴ്സുമാര്‍ ബന്നപ്പപാര്‍ക്കില്‍ പത്ത് ദിവസമായി നടത്തുന്ന റിലെ നിരാഹാരസമരം സമരം കൂടുതല്‍ ശക്തമായി. മെഡിക്കല്‍കോളേജിനു കീഴിലെ വിക്ടോറിയ, ബൗറിങ്, വാണിവിലാസ്, മിന്റോ എന്നീ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ബിഎംസിആര്‍ഐ സ്റ്റെപന്‍ഡറി നേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് അഖിലേന്ത്യാ ജനാധിപത്യമഹിളാഅസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവരുടെയും പിന്തുണയുമുണ്ട്.
ആറുവര്‍ഷത്തിലേറെയായി കരാര്‍ ജോലി ചെയ്യുന്നവരടക്കം 450 ലധികം നേഴ്സുമാരാണ് സമരത്തില്‍. നിലവിലുള്ള കരാര്‍ നേഴ്സുമാരെ സ്ഥിരപ്പെടുത്തുക, കരാര്‍ നേഴ്സുമാരെ ഒഴിവാക്കി പുതിയ നേഴ്സുമാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കുക, വേതനം വര്‍ധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി എസ് എ രാമദാസ് പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നേഴ്സുമാര്‍ വ്യക്തമാക്കി. ശനിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഡിവൈഎഫ്ഐ, എസ്എഫ്ഐ, ദളിത് സംഘര്‍ഷസമിതി, തുടങ്ങിയ സംഘടനകള്‍ ബന്നപ്പ പാര്‍ക്കിലെത്തി വെള്ളിയാഴ്ച സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.
കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട ഉടമകളും സെക്രട്ടറിയറ്റിനുമുന്നില്‍ ധര്‍ണ നടത്തി
തിരു: അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്ടറിതൊഴിലാളികളും ചെറുകിട ഉടമകളും അടിയന്തരാവശ്യങ്ങള്‍ നേടുന്നതിനുവേണ്ടി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റിനുമുന്നില്‍ ധര്‍ണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ഒ ഹബീബ് ധര്‍ണ ഉദ്ഘാടനംചെയ്തു. സംയുക്തസമരസമിതി കണ്‍വീനര്‍ വി എസ് മണി ആവശ്യങ്ങള്‍ വിശദീകരിച്ചു. സമര സമിതി ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സിഐടിയു, എഐടിയുസി, ബിഎംഎസ്, യുടിയുസി, ടിയുസിഐ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളുടെയും ചെറുകിട ഉടമാ അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായിരുന്നു ധര്‍ണ. തൊഴിലില്ലായ്മ പരിഹരിക്കുക, വേജസ് പുതുക്കി നിശ്ചയിക്കുക, ഡിപ്പോ സമ്പ്രദായം തടയുക, വിലസ്ഥിരതാ പദ്ധതി കാര്യക്ഷമതയോടെ നടപ്പാക്കുക, ഇന്ത്യ സപ്പോര്‍ട്ട് സ്കീം കയര്‍ ഫാക്ടറി മേഖലയ്ക്ക് ബാധകമാക്കുക, സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കുക, ചെറുകിട ഉടമകള്‍ക്ക് എംഡിഎ നല്‍കുക, കയര്‍ത്തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. എം പി പവിത്രന്‍, ആര്‍ നാസര്‍, പി വി സത്യനേശന്‍, വി എ ജോസഫ്, കെ ആര്‍ ഭഗീരഥന്‍, എം ഡി സുധാകരന്‍, പി സുരേന്ദ്രന്‍, എസ് ബാഹുലേയന്‍, പി വി പൊന്നപ്പന്‍, എ ജി രാജു, പി വി പുരുഷോത്തമന്‍, സലിംബാബു, കെ കെ ദിനമണി എന്നിവര്‍ സംസാരിച്ചു.
കെല്‍ട്രോണ്‍ ജീവനക്കാരുടെ ഉജ്വല സെക്രട്ടറിയറ്റ് മാര്‍ച്ച്
തിരു: കെല്‍ട്രോണിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കെല്‍ട്രോണ്‍ ജീവനക്കാര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. കെല്‍ട്രോണ്‍ എംപ്ലോയിസ് അസോസിയേഷന്‍ സിഐടിയു, എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും നൂറുക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്തു. ശമ്പള പരിഷ്കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, കെല്‍ട്രോണിന്റെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുമന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കുക, കോണ്‍ട്രാക്ട്-താല്‍ക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സ്ഥിരപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്തു. സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍, എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റ് എം വി ജയരാജന്‍, ജനറല്‍ സെക്രട്ടറി ബി ജയചന്ദ്രന്‍നായര്‍, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി സുധാകരന്‍നായര്‍, കെ പി ശങ്കരദാസ് എന്നിവര്‍ സംസാരിച്ചു.
നിര്‍മാണത്തൊഴിലാളികളുടെ 36 മണിക്കൂര്‍ സമരം 22ന്
കൊച്ചി: നിര്‍മാണമേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കെട്ടിട നിര്‍മാണത്തൊഴിലാളി യൂണിയന്‍ 36 മണിക്കൂര്‍ "രാപ്പകല്‍ സമരം" നടത്തും. 22ന് രാവിലെ ഒമ്പതിന് കലക്ടറേറ്റിനുമുന്നില്‍ ആരംഭിക്കുന്ന സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ് ഉദ്ഘാടനംചെയ്യും. കരിങ്കല്‍-ചെങ്കല്‍, മണല്‍, കളിമണ്ണ് തുടങ്ങിയവയുടെ ഖനം അനുവദിക്കുക, ഡാമുകളില്‍നിന്ന് മണല്‍വാരുന്നതിന് എല്‍ഡിഎഫ് ഗവണ്‍മെന്റ് തുടങ്ങിവച്ച നടപടി പുനരാരംഭിക്കുക, കമ്പി, സിമന്റ്, മറ്റു നിര്‍മാണ സാധാനസാമഗ്രികള്‍ എന്നിവയ്ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തുക, നിര്‍മാണത്തൊഴിലാളികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, അംഗങ്ങളെ ആര്‍എസ്ബിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കിലോയ്ക്ക് ഒരുരൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതിയില്‍ നിര്‍മാണത്തൊഴിലാളികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്ത യുഡിഎഫ് ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി എം ദിനേശ്മണിയും ജനറല്‍ സെക്രട്ടറി ബി ഹംസയും മുഴുവന്‍ തൊഴിലാളികളോടും അഭ്യര്‍ഥിച്ചു.
ഹൗസിങ് ബോര്‍ഡ് ജീവനക്കാരുടെ റിലേ സത്യഗ്രഹം 22 മുതല്‍
തിരു: ഹൗസിങ് ബോര്‍ഡ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം അകാരണമായി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എംപ്ലോയീസ് ആക്ഷന്‍ കൗണ്‍സില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തും. സത്യഗ്രഹം എ സമ്പത്ത് എംപി ഉദ്ഘാടനംചെയ്യുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതാം ശമ്പള പരിഷ്കരണ ഉത്തരവ് ബോര്‍ഡില്‍ നടപ്പാക്കാനുള്ള ശുപാര്‍ശ 2011 മാര്‍ച്ചില്‍ ബോര്‍ഡ് സമരസമിതി അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊതു ഭവനിര്‍മാണ വായ്പ പദ്ധതികള്‍ പുനരാരംഭിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുക, അനധികൃത നിയമനങ്ങളും കരാര്‍ നിയമനങ്ങളും അവസാനിപ്പിക്കുക, 1971ലെ കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ആക്ടില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ഐഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ്, കെഎസ്എച്ച്ബിഇഎഫ് (സിഐടിയു) ജനറല്‍ സെക്രട്ടറി പി എസ് മനോജ്, കെഎസ്എച്ച്ബിഇഎ (ഐന്‍ടിയുസി) ജനറല്‍ സെക്രട്ടറി ഇ ശങ്കരന്‍പോറ്റി, കെഎസ്എച്ച്ബിഇയു (എഐടിയുസി) കെ സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡീസല്‍: പമ്പുടമകളും സമരത്തിലേക്ക്
കൊച്ചി: പെട്രോളിന് പിന്നാലെ ഡീസലിന്റെ വിലനിര്‍ണയ അവകാശവും എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിലൂടെ ജനങ്ങളെ കൊള്ളയടിക്കാന്‍ കുത്തകകള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍. ഈ തീരുമാനത്തിനെതിരെ ഇതര സംഘടനകളുമായി ചേര്‍ന്ന് സമരത്തിനിറങ്ങുമെന്ന് അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ ശബരീനാഥ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അശാസ്ത്രീയ സാമ്പത്തികപരിഷ്കരണത്തിന്റെ ഭാഗമാണ് ഈ തീരുമാനവും. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ യോഗത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ മുഹമ്മദ് നിയാസ്, എം എം ബഷീര്‍, രാഗിഷ് എന്നിവര്‍ സംസാരിച്ചു.
deshabhimani 190113
No comments:
Post a Comment