ജയ്പുര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഐഎന്‍ടിയുസിയെ തഴഞ്ഞു. തൊഴിലാളിപ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നതിനാലാണ് ഐഎന്‍ടിയുസി നേതാക്കളെ ക്ഷണിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉദ്ഘാടനപ്രസംഗത്തിലും വ്യവസായ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുള്ള കോടിക്കണക്കിനു വരുന്ന തൊഴിലാളികളെപ്പറ്റി പരാമര്‍ശമില്ല. ഐഎന്‍ടിയുസി പ്രസിഡന്റ് എന്ന നിലയിലല്ല, വര്‍ക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണനയിലാണ് സംഘടനയുടെ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡിയെ ക്ഷണിച്ചത്. ഐഎന്‍ടിയുസിയില്‍ നിന്ന് വേറെ പ്രാതിനിധ്യമില്ല. എന്നാല്‍, ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്ന മുന്നൂറ്റമ്പതോളം പേരില്‍ 160 പേര്‍ എന്‍എസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ നിന്നാണ്. തൊഴിലാളി പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഒട്ടും ഗൗരവമില്ലെന്ന വിമര്‍ശം ഐഎന്‍ടിയുസി നേരത്തെ ഉന്നയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് സംഘടനകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുന്ന സംഘടന ഐഎന്‍ടിയുസി മാത്രമായിരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇതാണ് ഐഎന്‍ടിയുസിയെ തഴയാന്‍ കാരണം.
സാമ്പത്തിക നയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ധനമന്ത്രി പി ചിദംബരത്തെ ഉള്‍പ്പെടുത്തിയില്ല. പകരം രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ (എ കെ ആന്റണി ചെയര്‍മാന്‍) പെടുത്തി. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആചാര്യന്‍ സാം പിത്രോദയെയും ഈ നയങ്ങളോട് ആഭിമുഖ്യക്കുറവുള്ള മണിശങ്കര്‍ അയ്യര്‍, വയലാര്‍ രവി എന്നിവരെയും സാമ്പത്തിക നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. സാമ്പത്തികവളര്‍ച്ച കൊണ്ട് പാവപ്പെട്ടവരുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായെന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് വയലാര്‍ രവി ഉദ്ഘാടനപ്രസംഗത്തിനുശേഷം മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഉദ്ഘാടന സമ്മേളനവേദിയില്‍ സോണിയാഗാന്ധി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവര്‍ക്കുശേഷമുള്ള കസേരയിലായിരുന്നു എ കെ ആന്റണി. അതിനുശേഷം രാഹുല്‍ഗാന്ധിയും. പക്ഷേ, വേദിയുടെ പശ്ചാത്തലത്തില്‍ സോണിയ, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി എന്നിവരുടെ ചിത്രം മാത്രം.
(വി ജയിന്‍)
മുന്നണി രാഷ്ട്രീയം തുടരും; വിട്ടുവീഴ്ചയ്ക്കില്ല-സോണിയ
ജയ്പുര്‍: മുന്നണി സംവിധാനത്തെ തുടര്‍ന്നും മാനിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നും എന്നാല്‍, അത് കോണ്‍ഗ്രസിന്റെ പുനര്‍നവീകരണത്തിന് തടസ്സമുണ്ടാക്കുംവിധം വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും സോണിയ ഗാന്ധി. ജയ്പുരിലെ ബിര്‍ല ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.
പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വെല്ലുവിളികളും തിരിച്ചടിയും നേരിടുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഏറെക്കാലമായി കോണ്‍ഗ്രസ് അധികാരത്തിനു പുറത്താണ്. മൂര്‍ത്തലക്ഷ്യം അധികാരമല്ലെങ്കിലും പരാജയപ്പെടുന്നയിടങ്ങളില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിക്കും. ഒരു ദശകത്തിലെ സാമ്പത്തികവളര്‍ച്ച വിസ്മയാവഹമാണ്. എന്നാല്‍, ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരായ പോരാട്ടം തുടരണം. വികസനമുദ്ര പതിയാത്ത പ്രദേശങ്ങളുമുണ്ട്. കേന്ദ്രം വന്‍ തോതില്‍ ഫണ്ട് നല്‍കിയിട്ടും പ്രാദേശികതലത്തില്‍ പദ്ധതിനിര്‍വഹണം ശരിയായ രീതിയിലല്ല. ഭൂമി, വെള്ളം, തൊഴില്‍, ആദിവാസി, ലിംഗപരമായ വിവേചനം തുടങ്ങിയ പ്രശ്നങ്ങളുയര്‍ത്തി വന്‍ സമരങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം. തൊഴിലില്ലായ്മയാണ് അസംതൃപ്തിയും അതുവഴി കുറ്റകൃത്യങ്ങളും വളര്‍ത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം മാപ്പര്‍ഹിക്കാത്തതാണ്. സ്ത്രീകളെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരികയും മനോഭാവത്തില്‍ മാറ്റം വരികയും വേണം. അയല്‍രാജ്യങ്ങളുമായുള്ള സംഭാഷണം പരിഷ്കൃതമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും. അതിര്‍ത്തി കാക്കുന്നതിലും തീവ്രവാദത്തെ ചെറുക്കുന്നതിലും വിട്ടുവീഴ്ച ചെയ്ത് സംഭാഷണമില്ല. അഹംഭാവവും വ്യക്തിതാല്‍പ്പര്യങ്ങളും മാറ്റിവച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റ പല സംസ്ഥാനങ്ങളിലും ജയിക്കാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ഭാടം കുറയ്ക്കണം.
deshabhimani 190113
No comments:
Post a Comment