Saturday, January 19, 2013

ഉമ്മന്‍ചാണ്ടി സമ്മേളനം ഉപേക്ഷിച്ചത് ആന്റണിയുമായി ഉടക്കാതിരിക്കാന്‍


ജയ്പുരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപേക്ഷിച്ചത് കോണ്‍ഗ്രസില്‍ വിവാദമായി. കേരളത്തിലെത്തി കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി തുടര്‍ച്ചയായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തിലാണ് വിട്ടുനില്‍ക്കലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആരോഗ്യകാരണത്താലാണ് യാത്ര ഉപേക്ഷിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയും ബുധനാഴ്ച മാത്രം അഞ്ചു പരിപാടികളില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കുകയും ചെയ്തു. മൂന്നു പൊതുപരിപാടികളിലും സര്‍വകക്ഷി സമ്മേളനവുമായി വെള്ളിയാഴ്ചയും ഓടിനടക്കുകയായിരുന്നു. ഇങ്ങനെയെങ്കില്‍ ജയ്പുരില്‍ പോകാമായിരുന്നില്ലേയെന്ന് എതിര്‍ഗ്രൂപ്പിലെ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് സംഘടനയെയും സര്‍ക്കാരിനെയും സജ്ജമാക്കാനുള്ള ജയ്പുര്‍ സമ്മേളനം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. കേരളത്തില്‍നിന്നുള്ള 21 നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സംഘടനയെയും സംസ്ഥാന സര്‍ക്കാരുകളെയും ചിന്തന്‍ ശിബിരം വിലയിരുത്തുന്നുണ്ട്. ആന്റണി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ വന്നാല്‍, വ്യത്യസ്തത അറിയിച്ച് ആന്റണിയുമായി പരസ്യമായി ഏറ്റുമുട്ടേണ്ടിവന്നേക്കുമെന്നതിനാല്‍, അത് ഒഴിവാക്കാന്‍ ജയ്പുര്‍ സമ്മേളനം വേണ്ടെന്നുവച്ചെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്.

deshabhimani 190113

No comments:

Post a Comment