Saturday, January 19, 2013

അവസാന തടസ്സവും നീങ്ങി; അനങ്ങാതെ സര്‍ക്കാരും ടീകോമും


സ്മാര്‍ട്ട് സിറ്റി നിര്‍മാണം വൈകിക്കാന്‍ ദുബായ് കമ്പനിയായ ടീകോം ഒടുവില്‍ ഉന്നയിച്ച ഒറ്റസെസ് പ്രശ്നവും നീങ്ങിയപ്പോള്‍ ഇനിയെന്ത് എന്ന ആശങ്ക ഉയരുന്നു. ടീകോമിന്റെ മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സിനു കൈമാറാനുള്ള അണിയറ നീക്കം ശക്തമാണെങ്കിലും, 15ന് ദുബായില്‍ സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗംചേര്‍ന്നശേഷവും സംസ്ഥാനസര്‍ക്കാരും ടീകോമും പ്രതികരിച്ചിട്ടില്ല. പുഴ വേര്‍തിരിക്കുന്ന രണ്ടു പ്രദേശത്തിന് കേന്ദ്ര സെസ് അനുവദിക്കല്‍ ബോര്‍ഡ് ഒറ്റസെസ് പദവി നല്‍കുന്നത് ആദ്യമാണ്. സര്‍ക്കാരുമായി ഒപ്പിട്ട അടിസ്ഥാനകരാറില്‍ ഇതേക്കുറിച്ച് പറയുന്നില്ല. എന്നിട്ടും ടീകോമിന്റെ ആവശ്യം നടത്തിക്കൊടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

ഒറ്റസെസ് പദവി ലഭിക്കില്ലെന്നുതന്നെയാണ് ടീകോം പ്രതീക്ഷിച്ചിരുന്നതെന്നും വ്യക്തം. ഒറ്റസെസ് പദവി കിട്ടുംവരെ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന ജോലിപോലും അവര്‍ മാറ്റിവച്ചു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ഇനിയും താമസമുണ്ടെന്നാണ് ഒറ്റസെസ് പ്രഖ്യാപനം വന്നശേഷവും സ്മാര്‍ട്ട് സിറ്റി എംഡി ബാജു ജോര്‍ജ് പറഞ്ഞത്. മാസ്റ്റര്‍പ്ലാന്‍ തയാറാക്കി സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് അംഗീകരിക്കണം. ഇതിന് ഒരുമാസത്തിലേറെ സമയം വേണ്ടിവരും. പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അംഗീകാരം കിട്ടാന്‍ മറ്റൊരു മൂന്നുമാസംകൂടി വൈകും. ആറുമാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാനാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ആറുമാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിച്ചാല്‍തന്നെ കരാര്‍പ്രകാരം ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി അടുത്ത അഞ്ചുമാസത്തിനുള്ളില്‍ തീരും. മൂന്നരലക്ഷം ചതുരശ്ര അടി കെട്ടിടനിര്‍മാണമാണ് ഇക്കാലത്തിനിടെ പൂര്‍ത്തിയാക്കേണ്ടത്. കരാര്‍ലംഘനത്തിന് സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കലും പരിസ്ഥിതി അനുമതിതേടലും നടക്കുമ്പോള്‍തന്നെ ടെന്‍ഡര്‍നടപടി ഉള്‍പ്പെടെ ആരംഭിക്കാനാകുമെങ്കിലും അതേക്കുറിച്ചൊന്നും ടീകോം മിണ്ടുന്നില്ല. രണ്ടുമാസത്തിനുള്ളില്‍ കൊച്ചിയില്‍ ഓഫീസ് തുറക്കാനും സ്മാര്‍ട്ട് സിറ്റിക്കു മാത്രമായി ഇവിടെ സിഇഒയെ നിയമിക്കാനും മാത്രമാണ് തീരുമാനം ഉണ്ടായിട്ടുള്ളത്. പദ്ധതി ദുബായ് ഹോള്‍ഡിങ്സിന് കൈമാറാനുള്ള ആവശ്യം ഉയര്‍ന്നാല്‍ നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലാകും. മുന്‍ സര്‍ക്കാരുമായി ഒപ്പിട്ട അടിസ്ഥാനകരാര്‍ മാറ്റാനാണ് ടീകോം ശ്രമിക്കുന്നത്. ആദ്യ യുഡിഎഫ് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണപത്രത്തിലെ സംസ്ഥാനതാല്‍പ്പര്യത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ നീക്കംചെയ്തപ്പോഴാണ് ആദ്യം ടീകോം തര്‍ക്കം ഉന്നയിച്ചത്. 30 ഏക്കറോളം സ്ഥലം സെസിനു പുറത്ത് കൈവശാവകാശമായി അവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കെഎസ്ഇബിയുടെ ടവറിന്റെ പേരിലും അവര്‍ തര്‍ക്കം ഉന്നയിച്ചു. ഏറ്റവും ഒടുവിലാണ് ഒറ്റസെസ് എന്ന ആവശ്യം ഉന്നയിച്ച് നിര്‍മാണം വൈകിച്ചത്.

deshabhimani 190113

No comments:

Post a Comment