Saturday, January 19, 2013

ഡീസല്‍വില: കടലോരം പട്ടിണിയിലേക്ക്


വിലനിയന്ത്രണം എടുത്തുകളഞ്ഞതിനെ തുടര്‍ന്നുണ്ടായ ഡീസല്‍വില വര്‍ധന കേരളത്തിലെ ഒന്നേകാല്‍ ലക്ഷത്തോളം മത്സ്യബന്ധന തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും പട്ടിണിയിലാക്കും. ഒരാഴ്ച 2000 ലിറ്റര്‍ ഡീസല്‍ വേണ്ടിവരുന്ന ബോട്ടിന് വര്‍ധിപ്പിച്ച ഡീസല്‍ നിരക്ക് പ്രകാരം ഓരോ തവണയും 22,000 രൂപയുടെ അധികബാധ്യത വരും. ഇതോടെ കടലില്‍പോക്ക് മുടങ്ങും.

കേരളതീരത്ത് ഡീലര്‍പമ്പുകളും കണ്‍സ്യൂമര്‍ പമ്പുകളുമാണ് ബോട്ടുകള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ഡീസല്‍ നല്‍കുന്നത്. ഡീലര്‍പമ്പ് നല്‍കുന്ന വിലയേക്കാള്‍ 11 രൂപ അധികം നല്‍കിയാലേ കണ്‍സ്യൂമര്‍ പമ്പുകളില്‍നിന്നു ഡീസല്‍ ലഭിക്കൂ. കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടേയും തൊഴിലുടമകളുടേയും ഗ്രൂപ്പുകള്‍ നടത്തുന്ന 75ലേറെ കണ്‍സ്യൂമര്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഡീലര്‍പമ്പ് കുറവാണ്. ഗ്രൂപ്പുകള്‍ നടത്തുന്ന പമ്പുകളില്‍ കൃത്യമായ അളവില്‍ ഡീസല്‍ ലഭിക്കുമെന്നു മാത്രമല്ല, വായ്പാപദ്ധതിയും ഉണ്ട്. ഒരുതവണ മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകള്‍ ഏകദേശം 2000 ലിറ്റര്‍ ഡീസല്‍ കരുതേണ്ടിവരും. ഇതിനായി ഒരുലക്ഷത്തിലേറെ രൂപ വേണം. കണ്‍സ്യൂമര്‍ പമ്പുകളില്‍ ബോട്ട് തിരികെവന്നശേഷം പണം നല്‍കിയാല്‍ മതി. ഇത് ബോട്ടുടമകള്‍ക്ക് ആശ്വാസമാണ്. അതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ കണ്‍സ്യൂമര്‍ പമ്പുകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. എറണാകുളം മുനമ്പത്തുമാത്രം 12 കണ്‍സ്യൂമര്‍ പമ്പുണ്ട്.

മത്സ്യമേഖല കനത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഇരുട്ടടിയായി ഡീസല്‍വില വര്‍ധന. ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയില്‍നിന്നുള്ള മത്സ്യ കയറ്റുമതി 50 ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞവര്‍ഷം കണവ, കൂന്തല്‍ എന്നിവയ്ക്ക് പൊതുമാര്‍ക്കറ്റില്‍ കിലോയ്ക്ക് 325 രൂപയാണ് വില ലഭിച്ചതെങ്കില്‍ ഇത്തവണ 160 രൂപയായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലം മത്സ്യലഭ്യതയും കുറവാണ്. ഡീസല്‍വില കുറയ്ക്കാന്‍ നടപടി ആവശ്യപ്പെട്ട് ബോട്ടുടമകളും മറ്റ് സംഘടനകളും സംസ്ഥാന ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കും. കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകും. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ബോട്ടുടമകളുടെ യോഗം ചൊവ്വാഴ്ച മുനമ്പത്ത് വിളിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
(പി ബി ചന്ദ്രബാബു)

deshabhimani

No comments:

Post a Comment