Sunday, January 20, 2013

ഒടുവില്‍ നാടകങ്ങള്‍ കണ്ടുതുടങ്ങി

തൃശൂര്‍: ആലസ്യം വിട്ടകന്ന് അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് ആസ്വാദകര്‍ എത്തിത്തുടങ്ങി. നാടകങ്ങള്‍ ആസ്വാദകനെ പിടിച്ചിരുത്താന്‍ തുടങ്ങിയപ്പോഴേക്കും ദിവസങ്ങള്‍ അഞ്ച് പിന്നിട്ടു. തണുപ്പിലും മടുപ്പിലുമാണ് അഞ്ചാമത് ഇറ്റ്ഫോക്കിന് തിരശ്ശീലയുയര്‍ന്നത്. ഉദ്ഘാടനം മുതല്‍ അവതരിപ്പിച്ച പലതും പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിരുന്നില്ല. മൂന്നാം ദിവസം മുതല്‍ രംഗവേദി ചില അനുഭവങ്ങള്‍ സമ്മാനിക്കാന്‍ തുടങ്ങി.

ഇന്ത്യക്കാരുടെ ദിനംകൂടിയായിരുന്നു ശനിയാഴ്ച. ലോകനാടകവേദിയില്‍ ശ്രദ്ധേയസാന്നിധ്യമാകുന്ന ഇന്ത്യന്‍ സംവിധായകര്‍-ചിലിയില്‍ തിയറ്റര്‍ അധ്യാപകനായ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോണ്‍ സി, മറാഠി നാടകവേദിയിലെ തീക്ഷ്ണതയുടെ പ്രതീകം മോഹിത് തകാല്‍ക്കര്‍, മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുന്ന ഡോ. എസ് സുനില്‍, മലയാളത്തിന്റെ മുഖ്യധാരാ നാടകവേദിയുടെ ചരിത്രമായ കെപിഎസി എല്ലാം ചേര്‍ന്ന് ഈ ദിവസത്തെ കൈയടക്കി. കൂട്ടത്തില്‍ റുമേനിയന്‍ അവതരണത്തിന്റെ പതിവുസൗന്ദര്യംകൂടിയായപ്പോള്‍ അഞ്ചാം ദിനം അവസാനിച്ചത് പൂര്‍ണ നിറവോടെ. നൊബേല്‍ സമ്മാനജേതാവ് ഷൂസെ സരമാഗുവിന്റെ രണ്ട് വിഖ്യാതരചനകളുടെ രംഗഭാഷ്യവും ശ്രദ്ധേയമായി.

ഇന്ത്യന്‍ നാടകവേദി എല്ലാ പരാധീനതകളേയും മറികടക്കുന്നുവെന്ന് തെളിയിച്ച അവതരണമായിരുന്നു പുണെ ആസക്തയുടെ "ഗജാബ് കഹാനി". സരമാഗുവിന്റെ എലഫന്റ്സ് ജേര്‍ണി എന്ന രചനയെ ആസ്പദമാക്കിയായിരുന്നു നാടകം. സരമാഗുവിന്റെ തന്നെ "ബ്ലൈന്‍ഡ്നെസ്സ്" ആധാരമാക്കി വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ് ക്ലബ് അവതരിപ്പിച്ച "അന്ധത" നോവലിന്റെ ചൂട് അതേ തീവ്രതയോടെ പകര്‍ന്നു. കെപിഎസിയുടെ "ശുദ്ധികലശം" ജാതീയതയുടെയും തൊട്ടുകൂടായ്മയുടെയും സത്വങ്ങളെ തുറന്നു കാണിക്കുകയും സമകാലീന കേരളീയ ജീവിതം ഇപ്പോഴും സുരക്ഷിതമല്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. തൃശൂര്‍ സാധനാ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസിനു വേണ്ടി മാര്‍ട്ടിന്‍ ജോണ്‍ സി സംവിധാനം ചെയ്ത "ആഫ്റ്റര്‍ ദ സൈലന്‍സ്" എന്ന ദ്വിഭാഷാ നാടകം വിഷയത്തിലെ നവീനതയും അവതരണത്തിലെ കരുത്തുംകൊണ്ട് പിടിച്ചിരുത്തി. "ദിസ് ഈസ് മൈ ബോഡി, കം ഇന്‍റ്റു മൈ മൈന്‍ഡ്" എന്ന റുമേനിയന്‍ നാടകം പതിവുതെറ്റിക്കാതെ വിഷയംകൊണ്ടും അവതരണ ഭംഗികൊണ്ടും തന്നെയാണ് ആഘോഷമായത്. ഒപ്പം തികഞ്ഞ സ്ത്രീപക്ഷ വായനയും നാടകത്തെ ഉജ്വലമാക്കി.

സംവിധായകരുമായുള്ള മുഖാമുഖത്തില്‍ നോര്‍വീജിയന്‍ സംവിധായകന്‍ ലാര്‍സ് ഒയ്ന, റുമേനിയന്‍ സംവിധായകരായ അന പെപിന്‍, മറാഠി സംവിധായകന്‍ സുനില്‍ ഷാന്‍ബാഗ്, ഷൈജു അന്തിക്കാട് എന്നിവര്‍ പങ്കെടുത്തു. രംഗതലത്തിലെ നാടകത്തേയും നാടകത്തിലെ രംഗതലത്തേയും കുറിച്ചുള്ള സെമിനാര്‍ നാടകപാഠം, സ്പെയ്സ്, കാലം എന്നിവയെക്കുറിച്ചുള്ള ആധുനിക നിരീക്ഷണങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമായത്. ഈ രംഗത്തെ പ്രശസ്തരായ ആന്‍ഡ്രിയ കുസുമാനോ, ഡോ. എം വി നാരായണന്‍, ലിജോ ജോസ്, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 200113

No comments:

Post a Comment