Saturday, January 19, 2013
രാഷ്ട്രീയവും പ്രണയവും നിറഞ്ഞ് നാലാം നാള്‍
തൃശൂര്‍: തീഷ്ണമായ രാഷ്ട്രീയവും പ്രണയവും വൈകാരികതയുമായി അന്താരാഷ്ട്ര നാടകോത്സവത്തിന്റെ നാലാംദിനം മികച്ചുനിന്നു. വ്യാഴാഴ്ചയിലെ "കാര്‍മെന്‍" അവതരണത്തോടെയാണ് നാടകോത്സവം കൂടുതല്‍ ഉണര്‍വിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ചയിലെ അവതരണങ്ങളും കാണികളെ മടുപ്പിച്ചില്ല.
കപടസദാചാരത്തേയും സെന്‍സര്‍ഷിപ്പ് എന്ന ഭരണകൂട ഉപകരണത്തേയും ചോദ്യം ചെയ്ത മുംബൈ അര്‍പ്പണയുടെ "സെക്സ് മൊറാലിറ്റി, സെന്‍സര്‍ഷിപ്പ്" തീഷ്ണവും കാലികവുമായി. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത വല്ലച്ചിറ യുവജന കലാസമിതിയുടെ "ഒരു ദേശം നുണ പറയുന്നു" മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകളെ തകര്‍ക്കുന്ന പ്രണയത്തിന്റെ അനിവാര്യത വിളിച്ചു പറഞ്ഞു. റൊമാനിയന്‍ നാടകവേദിയുടെ കരുത്തും സൗന്ദര്യവും ദൃശ്യമാക്കിയ പസ്സെ പുര്‍ട്ടൗട്ട് ദാന്‍ പ്യൂറിക് തിയറ്റര്‍ കമ്പനിയുടെ ടു ഓഫ് അസ്, 24-ാം വയസ്സില്‍ മരിച്ച കോംദെ ദ ലോറ്റെറാമോണ്ട് എന്ന 19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യകാരന്റെ ജീവിതാന്ത്യത്തിലെ നിമിഷങ്ങള്‍ പകര്‍ത്തി നോര്‍വേയിലെ ഗ്രൂസം ഹിതന്‍സ് തിയറ്ററിന്റെ ദ ലാസ്റ്റ് സോങ് എന്നീ നാടകങ്ങളും കാണികളെ തൃപ്തിപ്പെടുത്തി.
അമച്വര്‍ നാടകമത്സരത്തില്‍ അക്കാദമി ഭരണനേതൃത്വം കാണിച്ച കള്ളക്കളിക്കെതിരെ ജൂറി അംഗം രാജു നരിപ്പറ്റയുടെ വെളിപ്പെടുത്തല്‍ നാടകോത്സവവേദിയില്‍ ചൂടേറിയ ചര്‍ച്ചയായി. ഗ്രാമീണ നാടകപ്രവര്‍ത്തനത്തിന്റെ വേദനകളും കഷ്ടപ്പാടും രാജുവിലൂടെ സദസ്സിനെ ഉണര്‍ത്തി. തന്റേത് ഇന്ത്യന്‍ ഗ്രാമീണ സ്ത്രീത്വത്തോടും അവരുടെ വേവലാതികളോടുമുള്ള ഐക്യപ്രഖ്യാപനമായിരുന്നുവെന്ന് നടിയും സംവിധായകയുമായ മല്ലികാ പ്രസാദ് പറഞ്ഞു. രേണു രാമനാഥ് മോഡറേറ്റായി. "സമകാലീന നാടകവേദി-പ്രശ്നങ്ങളും സാധ്യതകളും" സെമിനാറില്‍ രാമചന്ദ്രന്‍ മൊകേരി, ചന്ദ്രദാസന്‍, സുനില്‍ ഷാന്‍ ബാഗ്, രമേഷ് വര്‍മ എന്നിവര്‍ സംസരിച്ചു. വിനോദ് വി നാരായണനായിരുന്നു മോഡറേറ്റര്‍.
(കെ ഗിരീഷ്)
deshabhimani 190113
Labels:
നാടകം
Subscribe to:
Post Comments (Atom)
No comments:
Post a Comment