Saturday, January 19, 2013
കേരളത്തിന്റെ കാറ്റുപോകും
ഡീസല്‍ വിലവര്‍ധന കേരളത്തിലെ മുഴുവന്‍ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കും. വ്യവസായങ്ങള്‍ നഷ്ടത്തിലേക്കു കുപ്പുകുത്തുകയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപുട്ടുകയും ചെയ്യും. വിലക്കയറ്റവും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും ജനജീവിതം ദുരിതമാക്കും. ഡീസലിന് മാസംതോറും 50 പൈസവീതം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങള്‍ക്ക് കോടികളുടെ അധിക ബാധ്യതയാണുണ്ടാവുക.
അസംസ്കൃത വസ്തുക്കള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെയും വിദേശത്തെയും ആശ്രയിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് ചരക്കുകൂലിയിലുണ്ടാകുന്ന വര്‍ധന വന്‍ തിരിച്ചടിയാകും. ഏകദേശം പുര്‍ണമായും ഒരു ഉപഭേക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം കുതിച്ചുയരാന്‍ ഇതിടയാക്കും. ദരിദ്രര്‍ കൊടിയ പട്ടിണിയിലേക്കു നീങ്ങുന്ന സ്ഥിതിയുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ പൊതുമേഖലാസ്ഥാപനങ്ങളെയും ഡീസല്‍ വിലക്കയറ്റം ബാധിക്കും. ഡീസല്‍ വിലവര്‍ധന വ്യവസായമേഖലയില്‍ ഉല്‍പ്പാദനച്ചെലവ് 20 ശതമാനംവരെ വര്‍ധിപ്പിക്കും.
യൂണിവേഴ്സല്‍ കാര്‍ബോറാണ്ടം കമ്പനിക്ക് ഒരുമാസം 1600 ടണ്‍ അസംസ്കൃത വസ്തുക്കളാണ് ഗുജറാത്തില്‍നിന്ന് കൊണ്ടുവരേണ്ടത്. മാസം 50 പൈസവീതം ഡീസലിന് വിലവര്‍ധിച്ചാല്‍ത്തന്നെ ഒരു ടണ്ണിന് 500 രൂപയുടെ വില വര്‍ധനയെങ്കിലും ഉണ്ടാകും. ഇതുവഴിമാത്രം കമ്പനിക്ക് ഒരുമാസം എട്ട് ലക്ഷം രൂപയുടെ അധികച്ചെലവ് വരും. ദിവസവും ഒരുമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമുള്ളതുകൊണ്ടുതന്നെ വ്യാപാരസ്ഥാപനങ്ങളില്‍ ഡീസല്‍ ജനറേറ്ററാണ് ഉപയോഗിക്കുന്നത്. ഡീസല്‍ വിലവര്‍ധിക്കുന്നതോടെ ഹോട്ടല്‍നിരക്കുകളും മുറി വാടകയും വര്‍ധിക്കും. ഡീസലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകും. നിലവില്‍ ഇടത്തരം മത്സ്യബന്ധനബോട്ട് ഒരു ട്രിപ്പ് പോകാന്‍ 2000 ലിറ്റര്‍ ഡീസല്‍ വേണം. ഡീസല്‍ വിലവര്‍ധന വരുന്നതോടെ ഒരു സര്‍വീസില്‍ത്തന്നെ 1000 രൂപയുടെ വര്‍ധന വരുമെന്ന് ബോട്ടുടമകള്‍ പറയുന്നു.
താപനിലയങ്ങള്‍, ഇലക്ട്രിക് പവര്‍ ഹൗസുകള്‍, മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ തുടങ്ങിയവയ്ക്കും ഡീസലാണ് ഉപയോഗിക്കുന്നത്. വൈദ്യുതി നിയന്ത്രണസമയത്ത് സിനിമാ തിയറ്ററുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ വിലവര്‍ധന നിര്‍മാണമേഖലയെയും ദോഷകരമായി ബാധിക്കും. കല്‍ക്കരിയുടെ വിലവര്‍ധനയ്ക്കും ഇതു കാരണമാകും. മോട്ടോര്‍വ്യവസായത്തെ കാര്യമായി ബാധിക്കും. ബംഗളൂരു-എറണാകുളം ബസിന് 400 രൂപയുടെ അധികച്ചെലവാണ് ഒരു ട്രിപ്പില്‍ ഉണ്ടാകുക. തുടരെ തുടരെയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധന കാരണം ജനങ്ങള്‍ ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്ന സമയത്താണ് ഇരുട്ടടി.
(ജിജോ ജോര്‍ജ്) deshabhimani 190113
Labels:
കേരളം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment