Saturday, January 19, 2013
വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരുടെ നിഗമനമെന്ന് പൊലീസ്
ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് അവര്‍ക്ക് ബന്ധമുള്ള സ്രോതസുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാവാമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ വിന്‍സന്‍ എം പോള്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. അന്വേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമാണെന്ന് കാട്ടി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിന്‍സന്‍ എം പോളിന്റെ വിശദീകരണം.
മാധ്യമങ്ങളില്‍വരുന്ന വാര്‍ത്തകള്‍ പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് പൊലീസിന്റെ ഉത്തരവാദിത്വമല്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമവാര്‍ത്തകള്‍ക്ക് ഒരു പ്രധാന്യവും നല്‍കാറില്ല. മാധ്യമവാര്‍ത്തയുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ല. പൊതുസ്ഥലങ്ങളിലും മറ്റും നടക്കുന്ന അന്വേഷണം കണ്ട് മാധ്യമപ്രവര്‍ത്തകര്‍ നിഗമനങ്ങളിലെത്തുകയാണ് ചെയ്തത്. ഇത്തരം നിഗമനങ്ങള്‍ പൊലീസിന്റെ ഭാഷ്യമെന്ന നിലയില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നത്, മാധ്യമങ്ങളും പ്രതികളും നിഗമനങ്ങളിലെത്താന്‍ ഇടയാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുംവരെ അന്വേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍, ഈ ഉത്തരവ് മാധ്യമങ്ങള്‍ കാറ്റില്‍പറത്തിയെന്ന് കാട്ടിയാണ് ടി പി രാമകൃഷ്ണന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
deshabhimani 190113
Subscribe to:
Post Comments (Atom)
No comments:
Post a Comment