ജയ്പുര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടാമനായി രാഹുല്‍ഗാന്ധിയെ ഔദ്യോഗികമായി അവരോധിച്ചു. എഐസിസി ചിന്തന്‍ ശിബിറിനുശേഷം നടന്ന പ്രവര്‍ത്തകസമിതി യോഗമാണ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മകനെ വൈസ് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണോ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. പ്രവര്‍ത്തകസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം മാനിച്ചാണ് രാഹുല്‍ഗാന്ധിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പുതിയ ചുമതല ഏറ്റെടുക്കാന്‍ രാഹുല്‍ഗാന്ധിയോട് അഭ്യര്‍ഥിച്ചു. ഈ തീരുമാനം കോണ്‍ഗ്രസിനും കോണ്‍ഗ്രസ് അധ്യക്ഷയുടെ കരങ്ങള്‍ക്കും ശക്തിപകരുമെന്ന് ദ്വിവേദി പറഞ്ഞു. എ കെ ആന്റണിയാണ് രാഹുലിന്റെ പേര് നിര്‍ദേശിച്ചത്. ഏറെക്കാലമായി രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിലോ സര്‍ക്കാരിലോ പ്രമുഖസ്ഥാനം നല്‍കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, രാഹുലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ഉത്തര്‍പ്രദേശിലും ബിഹാറിലും കോണ്‍ഗ്രസ് തോറ്റ് തുന്നംപാടിയത് വലിയ തിരിച്ചടിയായി. തല്‍ക്കാലം പിന്മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് ബുദ്ധികേന്ദ്രങ്ങള്‍ ഉപദേശം നല്‍കി. ഇതിനുശേഷം പറ്റിയ അവസരമെന്ന നിലയിലാണ് ജയ്പുര്‍ ചിന്തന്‍ ശിബിര്‍ രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകത്തിന് തെരഞ്ഞെടുത്തത്.
(വി ജയിന്‍)
കോണ്‍. ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് രേഖ
ജയ്പൂര്‍: കോണ്‍ഗ്രസിലെ പ്രധാന ഭാരവാഹികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കരുതെന്ന് ചിന്തന്‍ ശിബിറിലെ സംഘടനാ രേഖയില്‍ നിര്‍ദേശം. ഗുലാംനബി ആസാദ് അധ്യക്ഷനായ സംഘടനാ ഉപസമിതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഡിസിസി-പിസിസി അധ്യക്ഷന്മാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ഭാരവാഹികള്‍ എന്നിവര്‍ മത്സരിക്കരുതെന്നാണ് നിര്‍ദേശം. സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന നേതാക്കള്‍ പാതിവഴിയില്‍ അതുപേക്ഷിച്ച് തെരഞ്ഞെടുപ്പുരംഗത്തേക്ക് പോകുന്നത് ഒഴിവാക്കാനും ഭാരവാഹിസ്ഥാനം സ്ഥാനാര്‍ഥിത്വം കിട്ടുന്നതിനുള്ള കുറുക്കുവഴിയാകാതിരിക്കാനുമാണ് ഈ നിര്‍ദേശം. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശമനുസരിച്ചാണ് സംഘടനാരംഗത്ത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന മാറ്റം ഉള്‍പ്പെടുത്തിയത്. യുവജനങ്ങള്‍ക്കും വനിതകള്‍ക്കും സംഘടനയില്‍ പ്രധാന ചുമതലകളും പങ്കും നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ഗുലാംനബി ആസാദ് അധ്യക്ഷനായി സംഘടനാ ഉപസമിതിയുടെ രേഖ ചര്‍ച്ചചെയ്യുന്ന ഗ്രൂപ്പില്‍ കേരളത്തില്‍നിന്ന് കൊടിക്കുന്നില്‍ സുരേഷ്, ഷിഹാബുദ്ദീന്‍, സജീവ് ജോസഫ്, റോജി ജോണ്‍ എന്നിവരുമുണ്ട്. വനിതാ ശാക്തീകരണം സംബന്ധിച്ച ഗ്രൂപ്പില്‍ കേരളത്തില്‍നിന്ന് കെ സി വേണുഗോപാല്‍, കെ എം ഷറഫുന്നിസ എന്നിവരുണ്ട്. വി എസ് ജോയ്, ശരത് എന്നിവര്‍ രാഷ്ട്രീയ വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്ന ഗ്രൂപ്പിലും ശശി തരൂര്‍ ഇന്ത്യയും ലോകവും എന്ന വിഷയം ചര്‍ച്ചചെയ്യുന്ന ഗ്രൂപ്പിലും അംഗങ്ങളാണ്.
തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയെന്ന് കോണ്‍ഗ്രസ്
ജയ്പുര്‍: മുന്നണി സംവിധാനം വേണ്ടെന്നുവയ്ക്കാന്‍ സമയമായിട്ടില്ലെന്ന് എഐസിസി ചിന്തന്‍ ശിബിര്‍ രേഖ. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷമുള്ള മുന്നണി സംവിധാനമാകും നല്ലത്.മതനിരപേക്ഷ പാര്‍ടികളുമായി മുന്നണിയുണ്ടാക്കുന്നതാണ് ഉചിതമെന്നും എ കെ ആന്റണി അധ്യക്ഷനായി തയ്യാറാക്കിയ രേഖയില്‍ പറയുന്നു. അഭിമാനം പണയംവച്ച് രാഷ്ട്രീയസഖ്യങ്ങളുണ്ടാക്കുന്നതിനെ ചര്‍ച്ചയില്‍ നിരവധി അംഗങ്ങള്‍ എതിര്‍ത്തു. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സംഘടനാപരമായി വളരാന്‍ കഴിയുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാപരമായ പരാജയവുമുണ്ട്. സംഘടനാ ഭാരവാഹിത്വം, സര്‍ക്കാരിലെ സ്ഥാനങ്ങള്‍ എന്നിവയില്‍ 30 ശതമാനം യുവജനങ്ങള്‍ക്ക് നീക്കിവയ്ക്കണം. ഡിസിസി, പിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് രണ്ട് ഊഴം മാത്രമേ നല്‍കാവൂ എന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ചിന്തന്‍ ശിബിറിലെ അഞ്ച് ഗ്രൂപ്പുകളുടെ ചര്‍ച്ച ശനിയാഴ്ച പൂര്‍ത്തിയായി. അതിനുശേഷം ഗ്രൂപ്പു് ചെയര്‍മാന്‍മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവരുമായി ചര്‍ച്ച നടത്തി. വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേര്‍ന്ന് രേഖകള്‍ക്ക് അന്തിമരൂപം നല്‍കി. ഈ രേഖകളുടെ സംക്ഷിപ്തമായി "ജയ്പൂര്‍ പ്രഖ്യാപനം" ഞായറാഴ്ച എഐസിസി യോഗത്തില്‍ നടക്കും. സാമ്പത്തിക പരിഷ്കരണ നടപടികളെ മൊത്തത്തില്‍ അംഗീകരിക്കുകയും അത് തുടരണമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് ജയ്പൂര്‍ ശിബിര്‍.
ചിന്തന്‍ ശിബിറില്‍ നെഹ്റു പാതയ്ക്കായി നേര്‍ത്ത ശബ്ദം
ജയ്പുര്‍: "ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നാണ് ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്നത്. എന്നാല്‍, സോഷ്യലിസമെന്ന വാക്ക് കോണ്‍ഗ്രസില്‍ ഭൂരിപക്ഷവും മറന്നുപോയിരിക്കുന്നു"- സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളെയും നെഹ്റുവിയന്‍ സാമ്പത്തികപാതയെയും നിരാകരിച്ച് കോര്‍പറേറ്റ് ഉദാരവല്‍ക്കരണ നയങ്ങള്‍ മുറുകെപ്പിടിക്കുന്ന പ്രധാനമന്ത്രിക്കു മുന്നില്‍ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായ മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍. എഐസിസി ചിന്തന്‍ ശിബിറില്‍ സാമൂഹ്യ-സാമ്പത്തിക വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന ഗ്രൂപ്പില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എത്തിയപ്പോഴാണ് യാദൃശ്ചികമായി മണിശങ്കര്‍ അയ്യര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയത്. പ്രധാനമന്ത്രിയുടെ മുഖത്തുനോക്കിയായിരുന്നു അയ്യരുടെ പ്രസംഗം. അതേസമയം, പരിഷ്കരണ നടപടികളുമായി ധൈര്യമായി മുന്നോട്ടുപോകണമെന്ന് പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും എപ്പോഴും സബ്സിഡി കൊടുക്കാനാവില്ല. എല്ലാം സൗജന്യമായി കിട്ടുമെന്ന തോന്നലുണ്ടാക്കരുത്. ഭക്ഷ്യസുരക്ഷാ ബില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയങ്ങളും പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നായിരുന്നു പുത്തന്‍ സാമ്പത്തികനയങ്ങളുടെ വക്താവായ സാം പിത്രോദയുടെ പരാതി.
deshabhimani 200113
No comments:
Post a Comment