Sunday, June 1, 2014

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് മേഖലയിലേക്ക്

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് സേവനമേഖലയിലേക്ക് പ്രവേശിക്കുന്നു. ഇനിമുതല്‍ ബാങ്കുകള്‍വഴി ലഭ്യമായിരുന്ന സാമ്പത്തികസേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍വഴി ലഭ്യമാകും. ലോകത്തിലെതന്നെ ഏറ്റവും വലിയ തപാല്‍വകുപ്പാണ് ഇന്ത്യന്‍ തപാല്‍വകുപ്പ്. ഇന്ത്യന്‍ പോസ്റ്റ് 2012 പ്രോജക്ട്, 25,000 ഡിപ്പാര്‍ട്മെന്റല്‍ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും 1,30,000 ഗ്രാമീണ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. 4909 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതിവഴി തപാല്‍വകുപ്പിന്റെ എല്ലാ ബാങ്കിങ് സേവനങ്ങളും ഇനി കോര്‍ ബാങ്കിങ് രീതിയിലേക്ക് മാറും. നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ് ഓഫീസില്‍ ഈ സേവനം നിലവില്‍വന്നു. കൊട്ടാരക്കരയില്‍ ജൂണ്‍ ആദ്യത്തില്‍ ഈ സേവനം ലഭ്യമാകും. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (കേരള) അറിയിച്ചു.

കോര്‍ ബാങ്കിങ് സൗകര്യത്തിന് ആവശ്യമായ നെറ്റ് വര്‍ക്കിങ് ജോലികള്‍ ഫിനാക്കിള്‍ കോര്‍ ബാങ്കിങ് സൊല്യൂഷന്‍സ് ഏറ്റെടുത്ത് നടത്തുകയാണ്. ഈ സൗകര്യം നിലവില്‍വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍നിന്നും തങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടില്‍ പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഭാവിയില്‍ ഈ പോസ്റ്റ് ഓഫീസ് സിബിഎസ് ശൃംഖലയെ മറ്റു ബാങ്കുകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ 162 ഹെഡ് പോസ്റ്റ് ഓഫീസും 226 സബ്പോസ്റ്റ് ഓഫീസും സിബിഎസിലേക്ക് മാറ്റി. 2.17 കോടി അക്കൗണ്ടാണ് കോര്‍ബാങ്കിങ് സേവനത്തിലേക്ക് മാറിയത്.

deshabhimani

No comments:

Post a Comment