Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Tuesday, June 8, 2021

എ വിയെ സ്‌മരിക്കുമ്പോൾ - എ വിജയരാഘവൻ എഴുതുന്നു

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന സ. എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 41 വർഷം തികയുന്നു. ദേശീയപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവാണ്‌. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനുമായിരുന്നു എ വി.

നമ്മുടെ കേരളവും രാജ്യവും ലോകവുമെല്ലാം അതിഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കൊറോണയുടെ രണ്ടാം വരവ്‌ ഇന്ത്യയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. സകല മനുഷ്യരും കൊറോണയുടെ കെടുതികളിൽപ്പെട്ട്‌ ഉഴലുകയാണ്‌. ഈ സാഹചര്യത്തിലും നമ്മുടെ സംസ്ഥാനത്തിന്‌ കൊറോണ പ്രതിരോധത്തിൽ മികച്ച മുന്നേറ്റം നടത്താനായിട്ടുണ്ട്‌. പ്രതിസന്ധികളിൽ ആഴ്‌ന്നുപോകാതെ മുന്നോട്ടുപോകാൻ കഴിവുറ്റ നമ്മുടെ ഭരണകർത്താക്കൾ പിന്തുടരുന്ന പാത എ വിയെപ്പോലുള്ള സമുന്നത നേതാക്കളുടേതാണ്‌. പാവപ്പെട്ടവരുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ എന്നും മുൻഗണന നൽകിയ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കൾ കാട്ടിയ മാർഗത്തിലൂടെയാണ്‌ പിണറായി വിജയൻ സർക്കാർ നാടിന്‌ കരുതലൊരുക്കുന്നത്‌. എല്ലാവരുടെയും പ്രശ്‌നങ്ങൾ പഠിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമാർഗങ്ങളും കണ്ടെത്തിയാണ്‌ കേരളത്തിൽ രണ്ടാം പിണറായി സർക്കാർ ജനകീയ ഭരണം കാഴ്‌ചവയ്‌ക്കുന്നത്‌.

കഴിഞ്ഞ സർക്കാർ പല പ്രതിസന്ധിയും അതിജീവിച്ചാണ്‌ മുന്നോട്ടുപോയത്‌. മഹാപ്രളയത്തിന്റെ ഘട്ടത്തിൽപ്പോലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു. അർഹമായ വിഹിതംപോലും തരാതെ ബുദ്ധിമുട്ടിച്ചു. പ്രളയവും നിപായും കൊറോണയുമെല്ലാം ഞെരിച്ചുവീഴ്‌ത്താൻ ശ്രമിച്ചിട്ടും എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്ക്‌ ആശ്വാസമെത്തിച്ച്‌ മുന്നോട്ടുനീങ്ങി. ജനങ്ങളെ മറക്കാതെ പ്രതിസന്ധികളിൽ അവർക്കൊപ്പം ചേർന്ന്‌ മുന്നിൽനിന്ന്‌ നയിച്ച സർക്കാരിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ എൽഡിഎഫിന്റെ തുടർഭരണം.

കേന്ദ്രത്തിൽ ബിജെപി സർക്കാർ ഈ ഘട്ടത്തിൽപ്പോലും പാവപ്പെട്ടവരുടെ വിഷമം കാണാൻ സന്നദ്ധത കാട്ടുന്നില്ല. കൊറോണ രോഗികൾ അനുദിനം മരിച്ചുവീഴുന്ന കാഴ്‌ച ഇന്ത്യയിൽ പതിവായി. രാജ്യത്ത്‌ അന്നവും അഭയവും തൊഴിലും നിഷേധിക്കപ്പെട്ടവരുടെ വിഷമതകൾ കേന്ദ്രത്തിന്റെ ബധിര കർണങ്ങളിൽ പതിയുന്നില്ല. കേരളത്തിലാകട്ടെ എല്ലാവർക്കും തണലും സുരക്ഷയുമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ മുന്നോട്ടുപോകാൻ എ വിയെപ്പോലുള്ള മഹാരഥന്മാരുടെ പ്രവർത്തനശൈലി നമ്മുടെ നേതൃത്വത്തിന്‌ കൂടുതൽ കരുത്താകും.  

റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

അഭിനവ ഭാരത യുവക് സംഘ്‌ എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നായി അത് മാറി. മൊറാഴ സംഭവത്തെതുടർന്ന്‌ അദ്ദേഹത്തിന്‌ ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ കേരളത്തിൽ പാർടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണമായ ഊർജസ്വലതയും സാമർഥ്യവും കാട്ടി. മർദകഭരണങ്ങൾക്കെതിരെ ധീരമായി സമരം നയിച്ചിട്ടുള്ള എ വി, വിപ്ലവകാരികൾക്ക് എന്നും ആവേശം പകരുന്ന ഓർമയാണ്. പൊലീസിന്റെ പിടിയിൽനിന്ന്‌ സാഹസികമായി രക്ഷപ്പെട്ടതും പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടും പാർടിരഹസ്യങ്ങൾ അണുവിടപോലും പുറത്തുപറയാതെ നിലകൊണ്ടതും ധീരതയുടെ മുഖം വെളിപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന അദ്ദേഹത്തെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകർഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച സഖാവ്, അവരുടെ വീഴ്‌ച യഥാസമയം കണ്ടെത്തി തിരുത്തിക്കാനുള്ള കഴിവും പ്രകടിപ്പിച്ചു. സഖാക്കളെ പ്രവർത്തനരംഗത്ത് ഇറക്കുന്നതിൽ അസാധാരണമായ പാടവമുണ്ടായിരുന്നു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും അതിനുശേഷവും പാർടിയിൽ ഐക്യത്തിനും സഖാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനും എ വി പ്രകടിപ്പിച്ച ശ്രദ്ധ അവിസ്‌മരണീയമാണ്. 

കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയ അവസരത്തിലാണ്‌ ഇത്തവണ എ വിയുടെ സ്‌മരണ പുതുക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും.

എ വിജയരാഘവൻ 

Monday, May 31, 2021

മൈഥിലി ശിവരാമൻ: പ്രതിബദ്ധതയുടെ പ്രതീകം - എ കെ പത്മനാഭൻ എഴുതുന്നു

മെെഥിലി ശിവരാമൻ അമേരിക്കയിൽനിന്ന്‌ ചെന്നൈയിൽ തിരിച്ചെത്തിയത്‌ 1968ലാണ്‌. അമേരിക്കയിൽ ഉപരിപഠനത്തിനിടെ അവർ ഐക്യരാഷ്ട്രസംഘടനയിൽ ജോലിയും ചെയ്‌തു. അതിനിടെ രഹസ്യമായി ക്യൂബയും സന്ദർശിച്ചു. അമേരിക്കൻ ജീവിതാനുഭവങ്ങളാണ്‌ മൈഥിലിയെ ഇടതുപക്ഷ ചിന്താഗതിക്കാരിയാക്കി മാറ്റിയത്‌. സാമ്രാജ്യത്വത്തിന്റെ സ്വഭാവം അവർ ശരിയായി മനസ്സിലാക്കി. കറുത്തവംശജർക്കുനേരെ അമേരിക്കയിൽ  നടക്കുന്ന അതിക്രമങ്ങളും വിയത്‌നാം യുദ്ധവും മൈഥിലിയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചു.

കീഴ്‌ വെൺമണിയിൽ 44 കർഷകത്തൊഴിലാളികളെ ചുട്ടുകൊന്നത്‌ 1968 ഡിസംബർ 25നാണ്‌. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടെ എത്തിയ മൈഥിലി  അതിക്രൂരമായ സംഭവത്തിന്റെ പൂർണമായ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചു. ഇതിനുശേഷം, ഭൂപ്രഭുത്വത്തിനെതിരായി കിഴക്കൻ തഞ്ചാവൂരിൽ നടന്ന സമരങ്ങളെക്കുറിച്ച്‌ പഠിക്കുകയും എഴുതുകയും ചെയ്‌തു. 1969ൽ ചെന്നൈയിൽ നടന്ന കർഷകരുടെ മഹാപ്രകടനത്തോടനുബന്ധിച്ചാണ്‌ മൈഥിലിയെ ഞാൻ നേരിട്ട്‌ പരിചയപ്പെട്ടത്‌. 2002 വരെ ചെന്നൈയിൽ മാത്രമല്ല, തമിഴ്‌നാട്ടിലാകെ നിറഞ്ഞുനിന്ന  മുഴുവൻസമയ പ്രവർത്തകയായിരുന്നു അവർ. ട്രേഡ്‌ യൂണിയൻ രംഗത്തും മഹിളാപ്രസ്ഥാനം രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. വർക്കിങ്‌ വിമൻസ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്‌ നിർണായക നേതൃത്വം വഹിച്ചു. സ്‌ത്രീത്തൊഴിലാളികൾക്കുനേരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിലും മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചു.

ചെന്നൈ നഗരത്തിൽ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവർ താമസിക്കുന്ന മേഖലകളിൽ മഹിളാ സംഘടനയുടെയും സിപിഐ എമ്മിന്റെയും പ്രവർത്തനം വ്യാപിക്കുന്നതിലും പൊലീസുകാരുടെയും ഗുണ്ടകളുടെയും ആക്രമണങ്ങളിൽനിന്ന്‌ അവരെ സംരക്ഷിക്കുന്നതിലും നേതൃത്വം നൽകി. രാഷ്ട്രീയ, താത്വിക പഠനക്ലാസുകൾ നടത്തുന്നതിലും അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ധർമപുരിയിലെ വാച്ചാത്തി എന്ന ആദിവാസിഗ്രാമത്തിൽ 1992ൽ നടന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതിനും മൈഥിലി നേതൃത്വം നൽകി.  ഡിമൻഷ്യ(ഓർമ നഷ്ടപ്പെടൽ) രോഗം ബാധിച്ച്‌  കുറച്ച്‌ മാസങ്ങളായി സ്ഥിതി വളരെ മോശമായിരുന്നു. ഒടുവിൽ കോവിഡും ബാധിച്ചു. 1970കൾ മുതൽ മൈഥിലിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ആളെന്ന നിലയിൽ, അവരെക്കുറിച്ച്‌ ഒറ്റവാചകത്തിൽ പറഞ്ഞാൽ  ‘‘മൈഥിലിയെന്നത്‌ പ്രതിബദ്ധതയും കൂറുമാണ്‌’’. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ എന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ നേതൃനിരയിൽ പ്രവർത്തിച്ച സഖാവിനെയാണ്‌ നഷ്ടമായത്‌.

എ കെ പത്മനാഭൻ 

Wednesday, May 19, 2021

നായനാർ എന്നും 
ജനഹൃദയങ്ങളിൽ - എ വിജയരാഘവൻ എഴുതുന്നു

ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ സാന്നിധ്യമായ നായനാരുടെ സ്മരണദിനമാണ്‌ ഇന്ന്. സംസ്ഥാനമാകട്ടെ, എൽഡിഎഫ് ആകട്ടെ, സിപിഐ എം ആകട്ടെ ഒരു പ്രതിസന്ധിയെയോ വിഷമഘട്ടത്തെയോ നേരിടുമ്പോൾ അതിനെ മറികടക്കാനുള്ള പതറാത്ത കമ്യൂണിസ്റ്റ് ധീരതയായിരുന്നു ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന സഖാവ്.

ആ പാതയിലൂടെ മുന്നേറിയാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ വർധിച്ച ജനപിന്തുണയോടെ തുടർഭരണത്തിൽ എത്തിയത്‌. മൂന്നുതവണ മുഖ്യമന്ത്രിയായി, ഏറ്റവും കൂടുതൽ കാലം സംസ്ഥാനത്തെ നയിച്ച നായനാരുടെ സ്മരണയ്ക്ക് ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തിയുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന, സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാരെ മൂന്നു തവണ മുഖ്യമന്ത്രിയായി സിപിഐ എം തെരഞ്ഞെടുത്തത്‌ തികഞ്ഞ സംഘടന‐ രാഷ്‌ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌. എന്നാൽ, നായനാരെയും എന്തിന്‌ ഇ എം എസിന്റെ പോലും മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പാർടി തെരഞ്ഞെടുപ്പിനെ വക്രീകരിക്കാനുള്ള ചില ശക്തികളുടെയും കേന്ദ്രങ്ങളുടെയും ശ്രമം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ളതാണ്‌.

കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും വിഷയങ്ങളുമെല്ലാം സമയബന്ധിതമായി പരിഗണിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കിയാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുനീങ്ങിയത്‌. മാത്രമല്ല, നമ്മുടെ സംസ്ഥാനവും ലോകവും കോവിഡ് –-19 എന്ന മഹാമാരിയുടെ രണ്ടാം വരവിനെതിരായ യുദ്ധത്തിലാണ്. കൊറോണയെ കീഴടക്കുക തന്നെയാണ്‌ നമുക്കു മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി.

കൊറോണ പ്രതിരോധത്തിൽ കേരളം ആർജിച്ച നേട്ടത്തിൽ 1957 മുതലുള്ള എല്ലാ ഭരണത്തിനും സാമൂഹ്യ–- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ചെറുതും വലുതുമായ പങ്കുണ്ട്. എന്നാൽ, ഇന്നത്തെ നിലയിൽ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ വളർത്തിയതിലും ആരോഗ്യസംരക്ഷണത്തിൽ ജനപങ്കാളിത്തം ഉറപ്പിച്ചതിലും ഇ എം എസിന്റെ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതൃഭരണങ്ങളുടെ പങ്ക് സമാനതകൾ ഇല്ലാത്തതാണ്. നമ്മുടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ അധികാരവികേന്ദ്രീകരണ ഭരണസംവിധാനത്തെ കാര്യക്ഷമമായി ബന്ധിപ്പിച്ചത് 1996ലെ നായനാർ സർക്കാരാണ്. കുടുംബശ്രീയും അന്നത്തെ ഭരണത്തിന്റെ സൃഷ്ടിയാണ്. കൊറോണയെ ചെറുക്കുന്നതിൽ ആരോഗ്യമേഖലയും കുടുംബശ്രീയും പ്രധാന ഘടകങ്ങളാണ്. ഈ നേട്ടത്തിലേക്ക്‌ എൽഡിഎഫ് സർക്കാരിനെ നയിച്ച നായനാരെ നമുക്ക് കൃതജ്ഞതാപൂർവം ഓർമിക്കാം.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിത വിഭാഗങ്ങളോടുള്ള കൂറായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽത്തന്നെ പുതുമാതൃക സൃഷ്ടിച്ചു. വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കി.

17 വർഷംമുമ്പ് നായനാർ നമ്മെ വിട്ടുപിരിഞ്ഞു. 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

മോറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന്‌ ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശ്ശേരിയിൽ ജനിച്ചു. സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലെത്തി. കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത്‌ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. കോൺഗ്രസ് പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശ്ശേരിയിൽ സ്വീകരണം നൽകി. "നീ നാടിന്റെ അഭിമാനമാകും' നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു.

1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്റ്റ്‌ പാർടിയിൽ. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശ്ശേരി ആറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി നായനാരുടെ ജീവിതം മാറി. 1940 ഏപ്രിലിൽ നടന്ന തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ആറുമാസത്തെ ജയിൽശിക്ഷയായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മോറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. മോറാഴയിലെ പ്രതിഷേധപ്രകടനം മർദകവീരൻമാരായ സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോന്റെയും മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു. കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.

കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ അതിൽ നായനാർ മൂന്നാംപ്രതിയായി. വീണ്ടും ഒളിവിൽ. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.

തികച്ചും ത്യാഗോജ്വലമായ സമര–-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരും ഉണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. "ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറിനോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി "ചിന്ത' മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി.1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ ആ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫും ബിജെപിയും യോജിച്ചുപ്രവർത്തിച്ചിട്ടും എൽഡിഎഫ്‌ 99 സീറ്റോടെ ചരിത്രവിജയം നേടി. ഇടതുപക്ഷത്തിന്റെ വർധിച്ച ജനപ്രീതിയാണ്‌ ഇതിലൂടെ തെളിയുന്നത്‌. വർഗീയ ഫാസിസ്റ്റുകളെയും അവസരവാദ രാഷ്‌ട്രീയക്കാരെയും അകറ്റിനിർത്താൻ കേരളജനത അതീവശ്രദ്ധ കാട്ടി. കൊറോണയുടെ രണ്ടാംതരംഗം ആഞ്ഞുവീശിയിട്ടും സ്വകാര്യവൽക്കരണത്തിന്റെ പാതയിൽ നീങ്ങുകയാണ്‌ കേന്ദ്ര സർക്കാർ. ജനങ്ങൾക്ക്‌ അത്യാവശ്യസൗകര്യം ഒരുക്കുന്നതിനു പകരം സെൻട്രൽ വിസ്‌ത നിർമിക്കാനും കോർപറേറ്റ് കമ്പനികൾക്ക്‌ ലാഭം കുന്നുകൂട്ടാനുമുള്ള സൗകര്യമാണ്‌ മോഡി സർക്കാർ ചെയ്യുന്നത്‌.

നായനാർ നമുക്കൊപ്പം ഇല്ലെങ്കിലും സഖാവ് ജീവിച്ചുകാട്ടിയ ആദർശങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുണ്ട്. ആ വഴിത്താരകളിലൂടെ മുന്നേറിയാണ്‌ എൽഡിഎഫ്‌ ചരിത്രവിജയം നേടിയത്‌. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ വ്യാഴാഴ്‌ച ചുമതലയേൽക്കുകയാണ്‌. പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നും കോവിഡിനെ അതിജീവിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളിയായും നമുക്ക്‌ നായനാരുടെ ഉജ്വലസ്‌മരണ പുതുക്കാം.

എ വിജയരാഘവൻ 

Tuesday, October 20, 2020

വിട പറഞ്ഞത് ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ കുറിച്ച ധീരപോരാളി

  ‘അടിയന്തരാവസ്ഥ അറബിക്കടലിൽ; ഇന്ത്യ എന്നാൽ ഇന്ദിരയല്ല’ –- പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ വാഴ‌്ചക്കെതിരെ അലയടിച്ചുയർന്ന ജനരോഷത്തിന്റെ പ്രതീകമായി ഒന്നര ദശകം മുമ്പുവരെ കരിവെള്ളൂരിന്റെ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ ചുമരിൽ ഈ മുദ്രാവാക്യം നിറഞ്ഞുനിന്നിരുന്നു.  ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന‌് മലയാളത്തിലും  ‘ഇന്ത്യ ഈസ‌് നോട്ട‌് ഇന്ദിര’ എന്ന‌് ഇംഗ്ലീഷിലും. ഇന്ദിരാഗാന്ധി റോഡുമാർഗം കടന്നുപോകുമ്പോൾ അവർക്ക‌് കാണാൻ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകൾ. തലമുറകളുടെ മനസ്സിൽ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ ദേശീയപാതയ‌്ക്ക‌് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവർന്നെങ്കിലും ആ ചുമരെഴുത്തിന‌് വിരൽ ചലിപ്പിച്ച വെള്ളച്ചാലിലെ നങ്ങാരത്ത‌് അബ്ദുൾ ഖാദറെന്ന ‘ബീഡി ഖാദർക്ക’യുടെ ഓർമകളിൽ എന്നും  പ്രതിഷേധത്തിന്റെ ചൂടാറാതെ നിന്നിരുന്നു.

ഏകാധിപത്യ പ്രവണതയോട് പൊരുതിയ ആ നിസ്വാർത്ഥ കമ്യൂണിസ്റ്റിന്റെ സംഭവബഹുലമായ ജീവിതത്തിന് ചൊവ്വാഴ്ച രാവിലെയാണ് തിരശീല വീണത്. 80 വയസ്സായിരുന്നു.

‘‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പരക്കെ കമ്യൂണിസ‌്റ്റ‌് വേട്ട തുടങ്ങി. നേതാക്കൾ മിക്കവരും ഒളിവിൽ. പത്രങ്ങളിൽ ഇന്ദിരാ സ‌്തുതിയല്ലാതെ  വാർത്തകളില്ല. നാട്ടിൽ എന്ത‌് സംഭവിക്കുന്നുവെന്ന‌് അറിയില്ല. അന്തിനേരത്ത‌് വീട്ടിൽ തേരോട്ടം നടത്തുന്ന പൊലീസുകാരെ ഭയന്നു കഴിയുകയാണ‌്  പെണ്ണുങ്ങളും കുട്ടികളും. ചെറുപ്പക്കാരനായ എനിക്കും സ്ഥലത്തെ മറ്റു തൊഴിലാളി സഖാക്കൾക്കും എന്തെങ്കിലും പ്രതിഷേധം സംഘടിപ്പിക്കണമെന്ന വാശിയായി’’.  സാമ്രാജ്യത്വത്തിന്റെയും ജന്മി നാടുവാഴിത്തത്തിന്റെയും തോക്കിൻമുനയോട‌് ജീവൻ നൽകി അടരാടിയ കരിവെള്ളൂരിന്റെ വീരഭൂമിയിൽ അക്ഷരങ്ങളിൽ പ്രതിഷേധത്തീ കൊളുത്തിയ കാലം കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ ഖാദർക്ക ഓർത്തെടുത്തു.

അബ്ദുൾ ഖാദര്‍ (ഇടത്ത്). സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം വിജു കൃഷ്ണന്‍ ഖാദര്‍ക്കും ഭാര്യ കല്യാണിയ്ക്കുമൊപ്പം

അതിനിടെ, മംഗലാപുരത്ത‌് ട്രെയിനിറങ്ങി തിരുവനന്തപുരത്തേക്ക‌് ഇന്ദിരാഗാന്ധി റോഡ‌് മാർഗം പോകുന്നത‌് അറിയാനിടയായി. അവർ സഞ്ചരിക്കുന്ന റോഡിൽ അവർക്ക‌് കാണാൻ പാകത്തിലുള്ള പ്രതിഷേധ മുദ്രാവാക്യം എഴുതണമെന്ന‌് തീരുമാനിച്ചു. കരിവെള്ളൂരിൽ പ്രസംഗിച്ച ഇഎംഎസിന്റെ വാക്കുകളിൽനിന്നാണ‌് എഴുതിവയ‌്ക്കാനുള്ള മുദ്രാവാക്യം കിട്ടിയത‌്. ദേശീയപാതയുടെ കിഴക്കുവശത്ത് രണ്ട് നിലകളുള്ള കെട്ടിടമുണ്ടായിരുന്നു. പാർടി അനുഭാവികൂടിയായ  ശിവരാമ പൈയാണ‌് ഉടമ. അവിടെ സാധുബീഡിയുടെ കമ്പനി പ്രവർത്തിക്കുന്നുണ്ട‌്. ചുണ്ണാമ്പ‌് നീറ്റി അതിൽ ഖദർനീലം കലർത്തി ബക്കറ്റിലെടുത്ത‌് ഖാദർക്ക പഴകിയ കെട്ടിടത്തിൽ കയറി. ചകിരി ബ്രഷുകൊണ്ട‌ാണ‌് എഴുത്ത‌്. ബക്കറ്റ‌് പിടിച്ച‌് സഹായിക്കാൻ സുഹൃത്തായ അബ്ദുൾഖാദറുമുണ്ടായിരുന്നു. പഴക്കമുള്ള കെട്ടിടത്തിൽ പറ്റിപ്പിടിച്ച‌് ജനാലകൾക്കിടയിലുള്ള വിശാലമായ ഭാഗത്ത‌് വലിയ അക്ഷരങ്ങളിലാണ‌് ചുമരെഴുത്ത‌്. പഴയ ഇഎസ‌്എൽസിക്കാരനായ ഖാദർക്ക‌് പാർടി പ്രചാരണത്തിനായി ചുമരെഴുതിയിരുന്ന പരിചയവും തുണയായി. ചുമരെഴുതുന്ന വിവരം രഹസ്യമാക്കി വച്ചിരുന്നു; രഹസ്യപ്പൊലീസുകാർ അറിഞ്ഞാൽ ഇന്ദിര റൂട്ട‌് മാറ്റുമെന്ന ആശങ്കയിലായിരുന്നു അത‌്.

കരിവെള്ളൂരിലെ ബിന്ദു സ‌്റ്റുഡിയോയിലെ  ഭരതൻ കരിവെള്ളൂർ ഒപ്പിയെടുത്ത ചിത്രമാണ‌് ഇന്ന‌് ആ പോരാട്ടത്തെ കാലത്തോട‌് ബന്ധിപ്പിക്കുന്ന രേഖ. ദിനേശ‌് ബീഡിക്കമ്പനിയുടെ തുടക്കം മുതൽ അതിന്റെ പ്രൊമോട്ടറായിരുന്ന അബ്ദുൾ ഖാദർ പിന്നീട‌് കരിവെള്ളൂർ ആണൂർ ബ്രാഞ്ചിൽ ബീഡി തെറുപ്പുകാരനായി. കൊടക്കാട‌് ഒന്ന‌്, ആണൂർ കിഴക്ക‌്, വടക്കുമ്പാട‌് തുടങ്ങി വിവിധ ബ്രാഞ്ചുകളിൽ പാർടിയുടെ ബ്രാഞ്ച‌് സെക്രട്ടറിയായിരുന്നു. കമ്യൂണിസ‌്റ്റ‌് പാർടിയുടെ ഉന്നത മാനവിക ബോധം ജീവിതത്തിൽ പകർത്താനും അദ്ദേഹം തയ്യാറായി. എതിർപ്പുകൾ വകവയ‌്ക്കാതെ കരിവെള്ളൂർ മുണ്ടവളപ്പിൽ  കല്യാണിയെ ജീവിതസഖിയാക്കി.

1973-ൽ പയ്യന്നൂർ രജിസ്ട്രാറുടെ ഓഫീസിലായിരുന്നു വിവാഹം. മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ തുറന്നെതിർക്കുന്ന സമീപനം അവസാനം വരെ അദ്ദേഹം തുടര്‍ന്നു

അബ്ദുൾ ഖാദറിന്റെ വേര്‍പാടില്‍ സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗവുമായ വിജു കൃഷ്ണന്‍ അനുശോചിച്ചു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാട്ടില്‍ പോയപ്പോള്‍ വീട്ടില്‍ പോയി കണ്ടകാര്യം കരിവെള്ളൂര്‍ സ്വദേശി കൂടിയായ  അദ്ദേഹം അനുസ്മരിച്ചു.അപ്പോഴും ഖാദർക്കയ‌്ക്ക‌് പറയാനുണ്ടായിരുന്നത‌് പുതിയ സമരമുഖങ്ങൾ രാജ്യത്തിന‌് നൽകുന്ന പ്രതീക്ഷകളെക്കുറിച്ചു മാത്രമായിരുന്നുവെന്നു വിജു കൃഷ്ണന്‍ ഓര്‍മ്മിക്കുന്നു.

സതീഷ്‌ ഗോപി

മായാതെ ആ ചുവരെഴുത്തുകൾ; അബ്ദുൾ ഖാദർ മടങ്ങി

 കരിവെള്ളൂർ> അടിയന്തരാവസ്ഥ അറബിക്കടലിൽ. ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ചുവരെഴുത്ത് കാലത്തിന്റെ ഭിത്തിയിൽ പതിപ്പിച്ച കരിവെള്ളൂരിലെ നങ്ങാരത്ത് അബ്ദുൾ ഖാദർ ഓർമയായി. ഏകാധിപത്യ പ്രവണതയോട് പൊരുതിയ നിസ്വാർത്ഥ കമ്യൂണിസ്റ്റിന്റെ സംഭവബഹുലമായ ജീവിതത്തിന് ചൊവ്വാഴ്ച രാവിലെയാണ് തിരശീല വീണത്. 80 വയസ്സായിരുന്നു.

വാർധക്യസഹജമായ രോഗങ്ങളും വീഴ്ചയിലുണ്ടായ പരിക്കും മൂലം ചികിത്സയിലായിരുന്നു. സി പി ഐ എം നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കൽ കോളേജിന് കൈമാറി.

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ് 'കാദറിച്ച' എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന അബ്ദുൾ ഖാദർ കരിവെള്ളൂരിലെ പഴയ കെട്ടിടത്തിന്റെ ചുമരിൽ കുമ്മായം ഉപയോഗിച്ച് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യം എഴുതിയത്. സുഹൃത്തായ അബ്ദുൾ ഖാദറും കൂടെയുണ്ടായിരുന്നു.മംഗലാപുരത്ത് വിമാനമിറങ്ങി ദേശീയപാതയിലുടെ പോരുന്ന ഇന്ദിരാഗാന്ധി കാണാനായിരുന്നു ഈ എഴുത്ത്.

പൊലീസോ ഒറ്റുകാരോ കണ്ടാൽ ജയിൽവാസവും മർദ്ദനവും ഉറപ്പായിരുന്ന കാലത്താണ് ഈ ധീരത .ദേശീയപാത വികസനത്തിനായി കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും ആ ചുവരെഴുത്ത് ചരിത്രമായി. റേഷൻ കടയിൽ ജീവനക്കാരനായിരിക്കെ മുണ്ട വളപ്പിൽ കല്യാണിയെ ജീവിത സഖിയാക്കിയും വിപ്ളവം സൃഷ്ടിച്ചു.മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം.

ഈ 80 കാരൻ പിന്നീട് കരിവെള്ളൂരിൽ നിന്ന് കൊടക്കാടേക്ക് മാറി. ദിനേശ് സംഘം രൂപീകരിച്ചത് മുതൽ പ്രമോട്ട റായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്തതിനാൽ ബീഡി ഖാദർക്കയെന്നാണ് നാട്ടിലെ വിളിപ്പേര്. ശിവകുമാർ കാങ്കോൽ ആകാശ മിഠായി എന്ന പേരിൽ ഖാദറിന്റെയും കല്യാണിയുടെയും പ്രണയ ജീവിതം ഹ്രസ്വ സിനിമയാക്കിയിട്ടുണ്ട്.

കൊടക്കാട്‌ വെ‌ള്ളച് പരേതരായ നങ്ങാരത്ത് കുഞ്ഞാമിനയുടെയും തലയില്ലത്ത് ആലി ഹസൻ്റെയും മകനാണ്.  മക്കൾ: ഷൈനി(പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റൻറ്‌), രേഷ് (വടകര). മരുമക്കൾ: കെ സതീശൻ (ചെറുതാഴം), സുകേഷ് (വടകര). സഹോദരങ്ങൾ: എൻ അബ്ദുള്ള (പെരിങ്ങോം), മറിയുമ്മ (വെള്ളച്ചാൽ )

സി എച്ചില്‍നിന്ന് ഇന്ന് പഠിക്കേണ്ടത്

 ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിന്റെ നൂറാംവർഷം പൂർത്തിയാകുന്ന വേളയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനേതാവായിരുന്ന സി എച്ച് കണാരന്റെ 48–-ാം  ചരമവാർഷികദിനം ആചരിക്കുന്നത്.  സിപിഐ എം  സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20നാണ് സഖാവ് വേർപിരിഞ്ഞത്. സി എച്ചിന്റെ പൊതുപ്രവർത്തനത്തിന്റെ ആരംഭവും കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതുപോലെതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടായിരുന്നു. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.

കോഴിക്കോട്  ജില്ലയിലെ അഴിയൂരാണ് സഖാവ്‌ ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠനവേളയിൽത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മിനാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിലെ രാഷ്ട്രീയപ്രവർത്തകൻ രൂപംകൊള്ളുന്നത്. ആദ്യകാലത്ത് അധ്യാപകവൃത്തിക്കൊപ്പമായിരുന്നു രാഷ്ട്രീയപ്രവർത്തനം. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിനു കഴിഞ്ഞു. അക്കാലത്തുയർന്നുവന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളേറ്റെടുക്കാൻ സജീവമായി മുൻനിരയിലുണ്ടായിരുന്നു.

ജാത്യാചാരങ്ങൾക്കും മതസങ്കുചിതത്വത്തിനുമെതിരായി അക്കാലത്ത് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായി പൊരുതിനിന്നവരാണ് സി എച്ചും സഹപ്രവർത്തകരും. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു"കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം'. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പ്രതികരിക്കാൻ രൂപംകൊണ്ട സംഘടനയായിരുന്നു ഇത്. അക്കാലത്ത് നിലനിന്ന പലവിധ അനാചാരങ്ങളെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. ആദ്യഘട്ടത്തിൽ നവോത്ഥാനവാദികളോട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായെന്നത് ചരിത്രസത്യമാണ്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചിരുന്നു. ജാത്യാചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കുമെതിരായ ആദ്യകാല  പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.

ഇഎംഎസിനൊപ്പം സിഎച്ച്‌ കണാരൻ (ഫയൽചിത്രം)

തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കുമായിരുന്നില്ല. അവർണ വിഭാഗക്കാരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി സി എച്ചിന്റെ നേതൃത്വത്തിൽ വലിയ ഇടപെടലുകൾ നടത്തേണ്ടിവന്നു. ജനങ്ങളെ സംഘടിപ്പിച്ച് ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി അധികാരികളെ അമ്പരപ്പിക്കുകയുണ്ടായി. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, മതശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും സി എച്ചിനെപ്പോലുള്ളവരുടെ ഇന്നലെകളിലെ നവോത്ഥാനസമരങ്ങൾ ഓർക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ്  ആദ്യമായി അറസ്റ്റ്‌ ചെയ്തത്. 1932 ൽ. തുടർന്ന്, ജയിലിലടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിൽ പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. അക്കാലത്ത് റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. റിവിഷനിസത്തിനെതിരെ കേരളത്തിലെ പാർടിയെ അണിനിരത്തുന്നതിൽ സി എച്ചിന്റെ സംഭാവന സമാനതകളില്ലാത്തതാണ്. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് "ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ' എന്നാണ്. സി എച്ച് അന്തരിച്ച 1972നുശേഷം കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ മുന്നണി ഇന്നത്തെ വലതുപക്ഷ മുന്നണിയേക്കാൾ ശക്തമായിരുന്നു. അടിയന്തരാവസ്ഥയിലെ കടുത്ത ആക്രമണവും ഇടതുപക്ഷപ്രസ്ഥാനത്തിന് നേരിടേണ്ടിവന്നു. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധ മഹാമുന്നണി തകർന്നു.

1980ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപംകൊണ്ടതിനുശേഷമുള്ള സംസ്ഥാന കേരളരാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരു ഭാഗത്തും വലതുപക്ഷം മറുഭാഗത്തുമായുള്ള ധ്രുവീകരണത്തിന് ആക്കംകൂടി. ബിജെപിയുടെ ജനനം 1980ൽ ആണെങ്കിലും ആർഎസ്എസിന്റെ സാന്നിധ്യം സംസ്ഥാനത്ത് സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പുമുതലേ നിലനിന്നിരുന്നു. ഹിന്ദുമഹാസഭയും ആർഎസ്എസുമാണ് അതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ, 1990 കളിൽ വാജ്പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി ഭരണം വന്നതോടെ കേന്ദ്രഭരണം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും കുതന്ത്രങ്ങളും ഉണ്ടായി. 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ കേന്ദ്രഭരണാധികാരം

ഉപയോഗപ്പെടുത്തിയുള്ള ഭരണകൂട ഇടപെടലുകളും സംഘപരിവാറിന്റെ രാഷ്ട്രീയ അധാർമികപ്രവർത്തനങ്ങളും സമാനതകളില്ലാത്ത വിധത്തിൽ വളർന്നു. 2015ലെ തദ്ദേശഭരണതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ ഉൾപ്പെടുത്തിയുള്ള വിശാല ഹിന്ദു ഏകീകരണ മുന്നണിയുമായിട്ടാണ് ബിജെപി പോരിനിറങ്ങിയത്. അതിന് പശ്ചാത്തലമൊരുക്കി നൂറോളം ഹിന്ദു സംഘടനകളെ കൂട്ടിയുള്ള വർഗീയക്കളിക്ക് പ്രധാനമന്ത്രിതന്നെ നേതൃത്വം നൽകുകയുംചെയ്തു. എൽഡിഎഫിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ബിജെപിയുടെ  ഇത്തരം വർഗീയരാഷ്ട്രീയ നീക്കങ്ങൾക്ക് ഒത്താശ ചെയ്യുകയായിരുന്നു കോൺഗ്രസ് ചെയ്തത്.

യുഡിഎഫും ബിജെപിയും തമ്മിലാണ് കേരള രാഷ്ട്രീയത്തിൽ ഏറ്റുമുട്ടൽ നടക്കുക എന്ന പ്രതീതി സൃഷ്ടിച്ച് എൽഡിഎഫിനെ കളത്തിന് പുറത്താക്കാൻ കോൺഗ്രസും മുസ്ലിംലീഗും നയിക്കുന്ന യുഡിഎഫ് കളിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഈ തന്ത്രം പരസ്യപ്പെടുത്തി. എന്നാൽ, ജനവിധി യുഡിഎഫ് തന്ത്രത്തെ പൊളിച്ചു. ബിജെപി മൂന്നാം സ്ഥാനത്തെത്തുകയും പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് വ്യക്തമാകുകയും ചെയ്തു. ആർഎസ്‌എസ് ഭീഷണിയെ നേരിടാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയേ കഴിയൂ എന്ന ബോധം മതനിരപേക്ഷ ശക്തികളിലും ന്യൂനപക്ഷ വിഭാഗങ്ങളിലും ശക്തിപ്പെട്ടു. അതിന്റെ വിളംബരമായിരുന്നു 2015ലെ തദ്ദേശഭരണതെരഞ്ഞെടുപ്പിലെയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലങ്ങൾ. 2016ൽ എൽഡിഎഫ് ഭരണം വന്നതോടെ ആ സർക്കാരും അതിന്റെ പ്രവർത്തനങ്ങളും ഒരു ദേശീയ ബദലായി പരിവർത്തനപ്പെട്ടു. ഇന്ത്യയിലെ ഒരേ ഒരു ഇടതുപക്ഷഭരണം എന്നനിലയിൽ എൽഡിഎഫ് ഗവൺമെന്റിന്റെ നയങ്ങൾ ലോകമാകെ ശ്രദ്ധിക്കാൻ തുടങ്ങി.

കോൺഗ്രസിനും ബിജെപിക്കും പകരം വയ്ക്കാവുന്ന ശക്തി ഇടതുപക്ഷമാണെന്ന് കേരളത്തിലെ പിണറായി സർക്കാർ വിളിച്ചറിയിച്ചു. പൊതുമേഖലയുടെ വളർച്ച, പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, എല്ലാവർക്കും വീടും വെളിച്ചവും കുടിവെള്ളവും ആരോഗ്യവും, മതനിരപേക്ഷത കാക്കൽ, സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സർവതലസ്പർശിയായ വികസനം–- ഇതെല്ലാം എൽഡിഎഫ് ഗവൺമെന്റിന്റെ സവിശേഷനയവും പ്രായോഗികമാക്കിയ പദ്ധതികളുമായി മാറി. അസാധ്യമെന്ന് കരുതി യുഡിഎഫ് തള്ളിയ വികസനപദ്ധതികൾ പിണറായി വിജയൻ സർക്കാർ യാഥാർഥ്യമാക്കി. മതന്യൂനപക്ഷങ്ങളെ തളയ്ക്കാൻ ലാക്കാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലാണ്. ഏത് മതത്തിൽ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും സുരക്ഷിതമായി കഴിയാനുള്ള ഒരു ഇടം എൽഡിഎഫ് ഭരിക്കുന്ന കേരളമാണെന്ന് ലോകം തിരിച്ചറിഞ്ഞു.

ഇത്തരത്തിലെ ഒട്ടേറെ നിലപാടുകളുടെയും നയങ്ങളുടെയും  പദ്ധതികളുടെയും ഫലമായി ഇടതുപക്ഷത്തിന് തുടർഭരണം നൽകണം എന്ന ആശയം ജനമനസ്സുകളിൽ ശക്തിപ്പെട്ടു. തുടർഭരണം ഉറപ്പാക്കി ഒരു ടിവി ചാനൽ സർവേ ഫലം പുറത്തുവിട്ടു. അതോടെ കേരളത്തിലെ വലതുപക്ഷ ശക്തികൾക്ക് ഹാലിളകി. ബിജെപിയുടെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തിൽ സമാന്തരമായി സർക്കാർവിരുദ്ധ അക്രമസമരങ്ങൾ സംഘടിപ്പിച്ചു. അപ്രഖ്യാപിത വിമോചനസമരമാണ് ആസൂത്രണം ചെയ്തത്. സംസ്ഥാനസർക്കാരിന് ഒരു ബന്ധവുമില്ലാത്ത സ്വർണക്കടത്തിന്റെ പേരുപറഞ്ഞ് നട്ടാൽ കുരുക്കാത്ത എത്രയെത്ര നുണക്കഥകൾ പ്രചരിപ്പിച്ച് കലാപം അഴിച്ചുവിട്ടു. പക്ഷേ, അതിന് ജനപിന്തുണ കിട്ടിയില്ല. ഇപ്പോഴാകട്ടെ, കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ കോടാലിക്കൈകളാക്കി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ നോക്കുകയാണ്. "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്‌' എന്ന നെറികേടാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള പരിശ്രമം.

എന്നാൽ, ഇത് തിരിച്ചടിക്കപ്പെടുക സംസ്ഥാനത്തെ വലതുപക്ഷ മുന്നണിയെയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയക്കളിയിൽ യുഡിഎഫ്  സന്തതസഹചാരിയാണ്. ഈ വഴിപിഴച്ച പോക്കിൽ പ്രതിഷേധമുള്ള കക്ഷികളും നേതാക്കളും അണികളും യുഡിഎഫിലുണ്ട്. അവർ പല ഘട്ടങ്ങളിലായി ഈ മുന്നണിയെ ഉപേക്ഷിക്കുകയും ഇടതുപക്ഷവും എൽഡിഎഫ് സർക്കാരുമാണ് ശരി എന്ന നിലപാടിലെത്തുകയും ചെയ്യും. അതിന്റെ സുവ്യക്തമായ പ്രഖ്യാപനമാണ് യുഡിഎഫുമായുള്ള 39 വർഷത്തെ ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ പ്രബുദ്ധമായ രാഷ്ട്രീയപ്രഖ്യാപനം. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഇനി പ്രസക്തിയില്ല എന്നതിന്റെ പരസ്യവിളംബരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം യുഡിഎഫിന്റെ ബഹുജന അടിത്തറയെ വലിയതോതിൽ ചോർത്തുകയും രാഷ്ട്രീയ അടിത്തറ ദുർബലമാക്കുകയും ചെയ്യുന്നു. എൽഡിഎഫിന്റെ ഇപ്പോൾത്തന്നെ ഭദ്രമായിട്ടുള്ള ബഹുജന അടിത്തറയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. എന്നാൽ, ധന–-മൂലധന ശക്തികളുടെ പിന്തുണയോടെയും കോർപറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയും വലതുപക്ഷ ശക്തികളെ ആകെ ഏകോപിപ്പിച്ച് ഇടതുപക്ഷത്തെ നേരിടാനുള്ള കളമൊരുക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ ചേർക്കുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന. ഈ സംഘടനയുടെ നേതാക്കളുമായി യുഡിഎഫ് കൺവീനർ ചർച്ച നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ജനപിന്തുണയുള്ള കക്ഷികൾ ഉപേക്ഷിച്ച യുഡിഎഫ് ഫലത്തിൽ മുസ്ലിംലീഗിനാൽ നയിക്കപ്പെടുന്ന മുന്നണിയായി ചുരുങ്ങുന്നു എന്നതാണ്. ഈ അവസരം ആർഎസ്എസ് മുതലാക്കി, തീവ്രവർഗീയതയെ ആളിക്കത്തിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ്.

ഇവിടെ പ്രകടമാകുന്ന ഒരു വൈരുധ്യവും സമാനതയുമുണ്ട്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ട് ഒരു ഭാഗത്ത് ആർഎസ്എസ്–-ബിജെപിയും മറുഭാഗത്ത് യുഡിഎഫും തീവ്ര വർഗീയത വളർത്തുകയാണ്. ഇതൊക്കെ ചെയ്താലും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ കഴിയില്ല എന്ന തിരിച്ചറിവിൽ കോൺഗ്രസും മുസ്ലിംലീഗും ആർഎസ്എസുമായി ബന്ധപ്പെട്ട് 1991ലെപ്പോലെ കോ–-ലീ–-ബി സഖ്യത്തിനുള്ള അണിയറ നീക്കം മുറുകുന്നു. അതിന്റെ ഭാഗമാണ് മുൻ ആഭ്യന്തരമന്ത്രിയായ കോൺഗ്രസ് നേതാവ് ആർഎസ്എസ് കാര്യാലയത്തിൽ പോയി ചർച്ച നടത്തിയത്. കൈപ്പത്തിയിൽ താമര വിരിയിക്കാനും താമരയിൽ കൈപ്പത്തി ഉയർത്താനും വേണ്ടിയുള്ള രാഷ്ട്രീയ അവിശുദ്ധനീക്കമാണ് കോട്ടയത്ത് ദൃശ്യമായത്. വടകര–-ബേപ്പൂർ മോഡൽ കൂട്ടുകെട്ട് മാത്രമല്ല, 2016ലെ നേമം മോഡൽ സഖ്യവും തരാതരംപോലെ നട്ടുവളർത്താനാണ് തറയൊരുക്കം നടത്തുന്നത്.

കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിന്റെ ഭാഗമായി യുഡിഎഫിനുണ്ടായ തളർച്ച ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ് എന്നിവയുമായി പരസ്യമായും രഹസ്യമായും കൂട്ടുകെട്ടും ധാരണയും ഉണ്ടാക്കി മറികടക്കാൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് കോൺ്ഗ്രസും മുസ്ലിംലീഗും. എന്നാൽ, ഇതുകൊണ്ടൊന്നും എൽഡിഎഫിന്റെ തുടർഭരണസാധ്യതയെ അട്ടിമറിക്കാൻ കഴിയില്ല. കോൺ്ഗ്രസും മുസ്ലിംലീഗും സ്വീകരിക്കുന്ന രാഷ്ട്രീയപാപ്പരത്തം ആ പാർടികൾക്ക് അകത്തും യുഡിഎഫിനകത്തും വരുംനാളുകളിൽ വൻ പൊട്ടിത്തെറിക്ക് ഇടയാക്കും.

യുഡിഎഫിന്റെ അടിത്തറയെയും കെട്ടുറപ്പിനെയും ഇത് കൂടുതൽ ശിഥിലമാക്കും. മുസ്ലിം തീവ്രവാദി സംഘടനകളെയും യുഡിഎഫിനെയും കൂട്ടി എൽഡിഎഫിനെ ഒറ്റപ്പെടുത്താനുള്ള ബിജെപി നയം അവർക്കുതന്നെ വിനാശമാകും. ഇതെല്ലാം വ്യക്തമാക്കുന്നത്  കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണി രാഷ്ട്രീയം സംസ്ഥാനത്ത് കൂടുതൽ ജനപിന്തുണ നേടും എന്നതാണ്. ഇതിന് പ്രാപ്തി നൽകുന്നത് സി എച്ചിനെപ്പോലുള്ള നേതാക്കൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ്.

ഇടതുപക്ഷപ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടുപോകാനുള്ള പാഠമാണ് സി എച്ചിന്റെ ജീവിതം. കേന്ദ്രഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന്‌ എൽഡിഎഫ് പ്രസ്ഥാനത്തെയും സർക്കാരിനെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ സി  എച്ച് സ്മരണ ആവേശം പകരും.

കോടിയേരി ബാലകൃഷ്ണൻ

Sunday, October 18, 2020

ബൽവീന്ദർ സിങ്‌: മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധീരനായ കമ്യൂണിസ്റ്റ്‌; പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗം‌

 മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധൈര്യശാലിയായ കമ്യൂണിസ്റ്റായിട്ടാകും ബൽവീന്ദർ സിങ്‌ സന്ധുവിനെ വരുംകാലം ഓർമിക്കുക. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ബൽവീന്ദർ സിങ്ങും കുടുംബവും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗം‌. അറുപതിലേറെ തവണയാണ്‌ ഇവർക്കെതിരെ വധശ്രമമുണ്ടായത്‌.   1990 സെപ്‌തംബർ 30നാണ്‌ വലിയ ആക്രമണമുണ്ടായത്‌. ഖാലിസ്ഥാൻ വിഘടനവാദികളുടെ കമാൻഡോ സംഘം നേതാവായ പരംജീത്‌ സിങ്‌ പാഞ്ച്‌വറിന്റെ നേതൃത്വത്തിൽ ഇരുനൂറോളം ഭീകരർ വീട്‌ വളഞ്ഞു. കലാഷ്‌നിക്കോവ്‌ തോക്കുകളും റോക്കറ്റ്‌ ലോഞ്ചറുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ആരും സഹായത്തിന്‌ എത്താതിരിക്കാൻ വീട്ടിലേക്കുള്ള വഴിയിലുടനീളം  കുഴിബോംബുകൾ പാകിയിരുന്നു.

ബൽവീന്ദറും കുടുംബവും അസാധാരണമായ രീതിയിൽ  ആക്രമണത്തെ പ്രതിരോധിച്ചു. അഞ്ച്‌ മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടിട്ടും കുടുംബത്തെ മുട്ടുകുത്തിക്കാൻ കഴിഞ്ഞില്ല. റോക്കറ്റ്‌ ആക്രമണത്തെ ചെറുക്കാൻ ശക്തിയുള്ള ഭിത്തികൾ കെട്ടിയും വീടിനുള്ളിൽ ബങ്കറുകൾ ഉണ്ടാക്കിയും കുടുംബാംഗങ്ങളെ മുഴുവൻ ആയുധം പരിശീലിപ്പിച്ചും ബൽവീന്ദർ ഭീകരാക്രമണങ്ങളെ പിന്നെയും ചെറുത്തു. രണ്ട്‌ വയസ്സുമാത്രമുണ്ടായിരുന്ന മകൻ ഗഗൻദീപിനെ  തോക്കുകളിൽ തിരനിറയ്‌ക്കാൻ പരിശീലിപ്പിച്ചിരുന്നു.1993ൽ ശൗര്യചക്ര പുരസ്‌കാരം നൽകി രാജ്യം ആ ധീരതയെ വാഴ്‌ത്തി. നാഷണൽ ജ്യോഗ്രഫിക്‌ ചാനൽ ഉൾപ്പെടെ ആ വീരകാണ്ഡത്തെ പുകഴ്‌ത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. ആ ധീരതയെ കാലം ഒരിക്കലും മറക്കില്ലെന്ന്‌ 1992 മുതൽ 1994 വരെ അമൃത്‌സർ ഡെപ്യൂട്ടി കമീഷണറായിരുന്ന കെ ബി എസ്‌ സിദ്ധു അനുസ്‌മരിച്ചു.

കൊലയ്‌ക്ക്‌ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌ സർക്കാര്‍

പഞ്ചാബിൽ  ഭീകരവാദത്തിനെതിരെ പോരാടിയ ഇടതുപക്ഷ നേതാവും ശൗര്യചക്ര ജേതാവുമായ ബൽവീന്ദർ സിങ്‌ സന്ധുവിന്റെ കൊലപാതകത്തിന്‌ വഴിയൊരുക്കിയത്‌‌ കോൺഗ്രസ്‌ സർക്കാരിന്റെ പ്രതികാരമനോഭാവം. ബൽവീന്ദർ സിങ്ങിന് ജീവന് ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷ നൽകിയിരുന്നു. സംസ്ഥാനസർക്കാർ മാസങ്ങൾക്കുമുമ്പ്‌ സുരക്ഷ പിൻവലിച്ചു. ‌വെള്ളിയാഴ്‌ച ഭിഖിവിന്ദ്‌ ഗ്രാമത്തിലെ വീട്ടിലെത്തിയാണ് അക്രമികൾ‌ വെടിവച്ചത്‌.

സിപിഐ എം പ്രവർത്തകനായിരുന്ന ബൽവീന്ദർ സിങ്ങും കുടുംബവും ഭീകരവാദത്തിന്‌ എതിരെ നടത്തിയ പോരാട്ടം അന്തർദേശീയ തലത്തിൽ  ശ്രദ്ധനേടിയതാണ്. 1993ൽ ബൽവീന്ദർ സിങ്‌, ഭാര്യ ജഗദീഷ്‌കൗർ, സഹോദരൻ രഞ്‌ജീത്‌ സിങ്‌, ഭാര്യ ബൽരാജ്‌കൗർ എന്നിവർക്ക്‌ ശൗര്യചക്ര പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. കുടുംബത്തിലെ നാലുപേർക്ക്‌ ശൗര്യചക്ര ലഭിച്ചത്‌ അപൂർവചരിത്രം. ചരിത്രത്തെ മാനിക്കാൻ പഞ്ചാബിലെ കോൺഗ്രസ്‌ സർക്കാർ തയ്യാറായില്ലെന്നും‌ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ്‌ സംവിധാനം പരാജയമാണെന്നും ജഗദീഷ്‌കൗർ പ്രതികരിച്ചു. കുറ്റവാളികളെ പിടികൂടുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന്‌ കുടുംബം അറിയിച്ചു.

മരണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ എസ്‌ഐടിക്ക്‌ രൂപംകൊടുത്തിട്ടുണ്ടെന്നും ഉടൻ കുറ്റവാളികളെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്‌ പ്രതികരിച്ചു.

Wednesday, April 2, 2014

ചുവപ്പ് പെട്ടിയും കടലാസും

കല്‍പ്പറ്റ: 87 വയസ് പിന്നിടുമ്പോഴും പുല്‍പ്പാറ കെ ജെ ഡാനിയലിന് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പാണ്.

"ചെങ്കൊടി സിന്ദാബാദ് വിളിച്ചു നടക്കുന്ന കാലം, ഞങ്ങള്‍ 11 പേരെയുള്ളു. ജില്ല മുഴുവന്‍ നടന്ന് പോകും, വിശന്നുവലയുമ്പോള്‍ ഭക്ഷണം പോലും കിട്ടാനില്ലാത്ത അവസ്ഥ. അങ്ങനെയാണ് ഞങ്ങള്‍ പാര്‍ടിയെ പടുത്തുയര്‍ത്തിയത്". ഡാനിയലിന്റെ ഓര്‍മകള്‍ക്ക് ലവലേശം മങ്ങലില്ല. പണ്ട് കാലത്ത് ചിഹ്നങ്ങള്‍ക്ക് പകരം പെട്ടികളായിരുന്നു തെരഞ്ഞെടുപ്പിന്. ചുവപ്പ് പെട്ടി, പച്ച പെട്ടി, വെള്ളപെട്ടി. ട്രെയിന്‍ ടിക്കറ്റ് പോലത്തെ കടലാസാണ് ബാലറ്റ് പേപ്പര്‍.

തമിഴ്നാട് തിരിപ്പൂര്‍ കുപ്പാണ്ടന്‍ പാളയത്തിലെ ടെക്സ്റ്റയില്‍മില്‍ ജോലിക്കാരനായിരുന്നു ഡാനിയല്‍ 1948 ലാണ് വയനാട്ടിലേക്ക് വണ്ടികയറിയത്. പിന്നെ പാര്‍ടിയായിരുന്നു ഡാനിയലിനെല്ലാം. 1952 ലാണ് ജില്ലയിലെത്തി ആദ്യമായി ഡാനിയല്‍ വോട്ട് ചെയ്യുന്നത്. കല്‍പ്പറ്റ ബോര്‍ഡ് സ്കൂളിലായിരുന്നു വോട്ട്. താന്‍ രാവിലെ ആറിനു തന്നെ പോളിങ് ബൂത്തിലെത്തി ആദ്യ വോട്ട് ചെയ്യുമെങ്കിലും പിന്നീടാണ് യഥാര്‍ഥ ജോലിയിലേക്ക് തിരിയുന്നത്. പ്രദേശത്തുള്ള ആളുകളെ പോളിങ് ബൂത്തിലെത്തിക്കാനുള്ള തിരക്കാണ് പിന്നീട്. ചിലരെ എടുത്തു കൊണ്ടുവരേണ്ടിവരും, ചിലര്‍ക്ക് ബൂത്ത് ഏതാണെന്ന് കാണിച്ചുകൊടുക്കേണ്ടിവരും. അങ്ങനെ തെരഞ്ഞെടുപ്പിന്റെ ദിവസം വൈകീട്ട് വരെ പണിയാണ്. ഡാനിയല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് തെരഞ്ഞെടുപ്പിന്റെ അന്ന് വരെ വീട്ടില്‍വരെ പോകാറില്ല.

വളരെ രസകരമാണ് അന്നത്തെ പ്രചരണം. യോഗങ്ങള്‍ കൂടിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ഒരാള്‍ ഒരാളോട് പറയുന്ന രീതിയിലായിരുന്നു പ്രചരണം. എസ്റ്റേറ്റിലെ തൊഴിലാളി നേതാവ് തൊഴിലാളികളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കും. തൊഴിലാളികള്‍ അവരുടെ നാട്ടുകാരോടും കുടുംബക്കാരോടും വോട്ട് ചെയ്യാന്‍ പറയും. അങ്ങനെ സാധാരണ ജനങ്ങളുടെ വീടുകളിലൂടെയുള്ള പ്രചരണം രസകരമായിരുന്നു. ഇന്നത്തെ വോട്ടിങ് രീതിയോട് ഡാനിയല്‍ പൂര്‍ണതൃപ്തനല്ല. വാഹനത്തില്‍ നിന്നുള്ള പ്രചരണത്തേക്കാള്‍ തീവ്രത ഓരോ വീട്ടിലും പോയി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്നതാണ് നല്ലതെന്ന് ഡാനിയല്‍ പറഞ്ഞു. പണ്ട് വാഹനങ്ങള്‍ ഒന്നും ഇല്ലാതെ ജില്ലയൊട്ടുക്ക് നടന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നത്തെ പോലെ ഹൈടക് രീതിയും അവിടെഇല്ല. മൈക്കും മറ്റ് ആധുനിക സമ്പ്രദായങ്ങളും ഒന്നും ഇല്ലാത്ത കാലം....എന്നിട്ടും വോട്ട് പിടിക്കാനായി ആളുകള്‍ കൂടും.

വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ അംഗമായിട്ടാണ് അദ്ദേഹം പാര്‍ടി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1962 ല്‍ എസ് കെ പൊറ്റക്കാടും സുകുമാര്‍ അഴിക്കോടും തമ്മില്‍ ലോക്സഭയിലേക്ക് നടന്ന മത്സരം ആവേശകരമായിരുന്നു. രണ്ട് പേരും സാഹിത്യകാരന്മാര്‍. മത്സരം പാര്‍ടിക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും ആവേശമായിരുന്നു. പാവങ്ങളുടെ പടത്തലവനായ എകെജിയാണ് തിരൂപ്പൂരില്‍ നിന്ന് വയനാട്ടിലെത്തിയ തനിക്ക് മീനങ്ങാടിയില്‍ നിന്ന് പാര്‍ടി അംഗത്വത്തിന്റെ ചുവന്ന കാര്‍ഡ് തന്നതെന്ന് അദ്ദേഹം ഇന്നും ആദരവോടെ ഓര്‍ക്കുന്നു. അഴിമതി നിറഞ്ഞ കേരളത്തെ രക്ഷിക്കാന്‍ ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ജനതയുടെ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.

deshabhimani

Tuesday, October 15, 2013

രാവണേശ്വരത്തിന്റെ പോരാളി കല്ലുവരമ്പത്ത് അപ്പക്കുഞ്ഞിയുടെ 65-ാം രക്തസാക്ഷി ദിനം നാളെ

രാവണേശ്വരം: കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി രക്തസാക്ഷിയായിട്ട് ബുധനാഴ്ച 65 വര്‍ഷം പൂര്‍ത്തിയാകും. ജന്മി നാടുവാഴിത്വത്തിനെതിരെ 1948ല്‍ കര്‍ഷകസംഘം നടത്തിയ നെല്ലെടുപ്പ് സമരത്തെ തുടര്‍ന്നാണ് അപ്പക്കുഞ്ഞി രക്തസാക്ഷിയായത്.

1948ലെ ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കര്‍ഷകസംഘം നേതൃത്വത്തില്‍ വലിയ സമരങ്ങളാണ് നടത്തിയത്. കെ മാധവന്‍, പി അമ്പുനായര്‍, എം ഹരിദാസ്, കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാവണീശ്വരം നെല്ലെടുപ്പ് സമരം നടന്നത്. ജന്മി കുണ്ടിലായരുടെ മനയിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തി നെല്ല് ബലമായി പിടിച്ചുവാങ്ങി പാവങ്ങള്‍ക്ക് നല്‍കി. കല്ലുവരമ്പത്തുനിന്ന് ജന്മിയുടെ മനയിലേക്ക് നെല്ല് കൊണ്ടുപോകുമ്പോള്‍ രാമഗിരിയില്‍ തടഞ്ഞ് നെല്ല് പിടിച്ചെടുത്ത് വിതരണം ചെയ്യുകയായിരുന്നു. ഇതിനുശേഷം രാവണീശ്വരത്തും പരിസരത്തും പൊലീസ് നരനായാട്ടാണ് അരങ്ങേറിയത്. നേതാക്കളടക്കം 32 പേര്‍ക്കെതിരെ കേസെടുത്തു. വീടുകളില്‍ കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും ക്രൂര മര്‍ദനം അഴിച്ചുവിട്ടു. നിരവധി പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിയവെയാണ് കല്ലുവരമ്പത്ത് അപ്പക്കുഞ്ഞിയെ പൊലീസ് പിടികൂടിയത്. ഭഭാര്യയുടെയും ബന്ധുക്കളുടെയും മുന്നില്‍വച്ച് ചൂടിക്കയര്‍ കൊണ്ട് വലിഞ്ഞുകെട്ടി ക്രൂരമായി മര്‍ദിച്ചു. പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി ബോധം നഷ്ടപ്പെടും വരെ തല്ലിച്ചതച്ചു. രക്തം ഛര്‍ദിച്ച് അവശനായപ്പോള്‍ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. ആറുമാസം കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലും പിന്നീട് മംഗളൂരു ജയിലിലും നരകയാതന അനുഭവിച്ചു. ആരോഗ്യം വഷളായപ്പോള്‍ ജാമ്യത്തില്‍ വിട്ടു. 1948 ഒക്ടോബര്‍ 16ന് അപ്പക്കുഞ്ഞി രക്തസാക്ഷിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ടി നേതാവും നെല്ലെടുപ്പ് സമരത്തിന് നേതൃകപരമായ പങ്കും വഹിച്ച കല്ലുവരമ്പത്ത് കണ്ണന്റെ സഹോദരനാണ് അപ്പക്കുഞ്ഞി.

രക്തസാക്ഷി ദിനാചരണം 16ന് കല്ലുവരമ്പത്ത് നടക്കും. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പകല്‍ മൂന്നിന് രാമഗിരിയില്‍നിന്ന് പ്രകടനവും നാലിന് പൊതുസമ്മേളനവും നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. രാത്രി കലാപരിപാടികളുമുണ്ടാകും.

deshabhimani

Sunday, October 13, 2013

മത്തായിചാക്കോയെ സ്മരിക്കുമ്പോള്‍

വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ജില്ലയിലെ സിപിഐ എമ്മിന്റെ സമുന്നത നേതാവായി മാറിയ മത്തായിചാക്കോ അന്തരിച്ചിട്ട് ഒക്ടോബര്‍ 13ന് ഏഴു വര്‍ഷമായി. 2006-ലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. രണ്ടു പതിറ്റാണ്ടിലധികം പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. രണ്ടുവര്‍ഷം സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്ഥാനകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരവേയായിരുന്നു മരണം.

മലയോരത്തെ സാധാരണ കര്‍ഷകകുടുംബത്തില്‍ പിറന്ന ചാക്കോ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് പ്രവര്‍ത്തിച്ചത്. ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച മാര്‍ക്സിസ്റ്റ് ദര്‍ശനമായിരുന്നു സഖാവിന്റെ വഴികാട്ടി. ക്യാമ്പസുകളിലാകെ എസ് എഫ്ഐയുടെ മുന്നേറ്റം ശക്തമായിത്തുടങ്ങിയ എണ്‍പതുകളിലാണ് ചാക്കോ സംഘടനയെ നയിച്ചത്. സ്വകാര്യ മേഖലയില്‍ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിനെതിരായും പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം കിട്ടുന്നതിനും നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ചാക്കോ ഉണ്ടായിരുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലും നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. 1986-ല്‍ മന്ത്രി എം കമലത്തെ കൊടുവള്ളിയില്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഭീകര ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കൂത്തുപറമ്പ് വെടിവെപ്പില്‍ പ്രതിഷേധിച്ച് എം വി രാഘവനെ തടഞ്ഞതിന് പുതിയാപ്പയില്‍ നടന്ന ലാത്തിച്ചാര്‍ജിലും നാല്‍പ്പാടി വാസു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ ലാത്തിച്ചാര്‍ജിലും പരിക്കേറ്റിരുന്നു. പലപ്പോഴായി ജയില്‍വാസവും അനുഭവിച്ചു. കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ചാക്കോ ഉന്നത വിദ്യാഭ്യാസരംഗത്തെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. 1987-91ല്‍ മന്ത്രി ടി കെ രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

2001- 06ല്‍ മേപ്പയൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 2006-ലെ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ യുഡിഎഫിന്റെ കോട്ട തകര്‍ത്ത് വിജയം നേടിയെങ്കിലും രോഗബാധിതനായതിനാല്‍ മണ്ഡലത്തില്‍ പോകാനായില്ല. തെരഞ്ഞെടുപ്പു വിജയത്തിന്റെ ആവേശം ഇരമ്പുമ്പോള്‍ ചാക്കോ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തിയാണ് സ്പീക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രോഗശയ്യയില്‍ കിടക്കുമ്പോഴും മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ നന്നായി ഇടപെട്ടു. ചാക്കോയുടെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയം വരിച്ചു. അഴിമതിയിലും ജനദ്രോഹത്തിലും അതിവേഗം മുന്നേറുന്ന കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ ജനം വലയുകയാണ്. ഉമ്മന്‍ചാണ്ടിയും മന്‍മോഹന്‍സിങ്ങും സോളാര്‍-കല്‍ക്കരി അഴിമതികളില്‍ മുങ്ങി നാടിന് നാണക്കേടായി. ഈ ജനവിരുദ്ധര്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയും ജനകീയ സമരനിര വളര്‍ത്തിയാലേ നാടിനെ രക്ഷിക്കാനാകൂ. ശക്തമായ ജനകീയ പ്രതിരോധമുയര്‍ത്താന്‍ മത്തായി ചാക്കോയുടെ സ്മരണ നമുക്ക് ശക്തിപകരും.

(ടി പി രാമകൃഷ്ണന്‍ (സെക്രട്ടറി, സിപിഐ എം ജില്ലാ കമ്മിറ്റി))

deshabhimani

Friday, October 11, 2013

"കൊച്ചി അന്ന് ഇരുപ്പൂകൃഷി ചെയ്യുന്ന പാടമായിരുന്നു"

ഇന്ന് വാഹനങ്ങളുടെ ഒഴുക്കു നിലയ്ക്കാത്ത പനമ്പിള്ളി നഗര്‍ പണ്ട് ഇരുപ്പൂകൃഷി നടത്തിയിരുന്ന പാടശേഖരമായിരുന്നു. ഈ പ്രദേശത്തിന്റെ അന്നത്തെ പേര് പുതുച്ചിറ. ഇപ്പോഴത്തെ അറ്റ്ലാന്റിസിനു കിഴക്കുവശം മുഴുവന്‍ നോക്കെത്താ ദൂരത്തോളം പരന്നുകിടന്ന പാടങ്ങള്‍. സമീപത്തുള്ള പേരണ്ടൂര്‍ കനാലില്‍ ഒഴുകിയിരുന്നത് കണ്ണീര്‍പോലെ തെളിഞ്ഞ വെള്ളം. അതിലൂടെ നീങ്ങിയിരുന്ന നെല്ലുകയറ്റിയ കൂറ്റന്‍വഞ്ചികള്‍. പാടത്തുനിന്ന് പണി കഴിഞ്ഞ് കനാലില്‍ കുളിച്ചുകയറിയിരുന്ന കര്‍ഷകത്തൊഴിലാളികള്‍... ഇതായിരുന്നു 1970നു മുമ്പുവരെ എറണാകുളം നഗരത്തിലെ ഭൂപ്രകൃതി. ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ കൗതുകമാകും. എന്നാല്‍ 108 വയസ്സു പൂര്‍ത്തിയായ കാര്‍ത്യായനി കൊച്ചിലാന്‍ ഇതു മുഴുവന്‍ ഓര്‍ക്കുന്നു. അതും ഒട്ടും തെളിമചോരാതെ.

1906ല്‍ ചിറ്റൂരില്‍ ജനിച്ച കാര്‍ത്യായനി വാക്കാട്ട് കൊച്ചിലാനെ വിവാഹം ചെയ്തതോടെയാണ് പുതുച്ചിറയില്‍ എത്തിയത്. ഇപ്പോള്‍ പാസ്പോര്‍ട്ട് ഓഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു താമസം. കര്‍ഷകത്തൊഴിലാളിയായ ഭര്‍ത്താവിനൊപ്പം കാര്‍ത്യായനിയും പാടത്തിറങ്ങി. ഇപ്പോഴത്തെ വളഞ്ഞമ്പലമായ പെരുമാനൂര്‍ക്കാവ് ദേവസ്വത്തിന്റെ അധീനതയിലായിരുന്നു കൃഷിഭൂമി മുഴുവന്‍. അത് മുതലാളിമാര്‍ പാട്ടത്തിനെടുത്താണ് കൃഷിചെയ്തിരുന്നത്. പിന്നീട് എം എം ലോറന്‍സ്, ടി കെ രവീന്ദ്രന്‍, വി സി കണ്ണന്‍, പി സി ജോസഫ്, പി ഡി വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം ശക്തമാവുകയും കര്‍ഷകത്തൊഴിലാളികള്‍ സംഘടിതരാവുകയും ചെയ്തപ്പോള്‍ കാര്‍ത്യായനിയും അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ആറു തൂണി നെല്ലിന് ഒരു തൂണി പതം ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പറമ്പിത്തറ സമരത്തില്‍ പങ്കെടുത്തു. ആറു രൂപ ദിവസക്കൂലി 6.50 ആയി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ എളംകുളം ഇടത്താമരമന സമരത്തിലും സജീവമായിരുന്നു. രണ്ടു സമരങ്ങളും വിജയംകണ്ടാണ് നിര്‍ത്തിയതെന്നു പറയുമ്പോള്‍ 108 വര്‍ഷം കണ്ട കണ്ണുകളില്‍ആവേശം. ഇപ്പോഴും കെഎസ്കെടിയു അംഗമാണ് കാര്‍ത്യായനി.

ഇവിടത്തെ പാടങ്ങള്‍ 1970 ഓടെയാണ് നികത്തിത്തുടങ്ങിയത്. ക്രമേണ കൃഷിയും ഇല്ലാതെയായി. ഇതോടെ കാര്‍ത്യായനി പുല്ലുചെത്തുന്ന ജോലിക്ക് പോയിത്തുടങ്ങി. ആരോഗ്യത്തിന്റെ രഹസ്യംചോദിച്ചാല്‍ ഒരുനിമിഷംപോലും വൈകാതെ മറുപടിയെത്തും. ""അത് പണിയെടുത്തിട്ടുതന്നെയാ""... ഭര്‍ത്താവ് കൊച്ചിലാന്‍ 24 വര്‍ഷം മുമ്പ് മരിച്ചു. ഇളയമകന്‍ വേണുവിനൊപ്പം പെരുമാനൂര്‍ കണ്ണര്‍കാട്ടുപറമ്പ് വാക്കാട്ട് വീട്ടിലാണ് താമസിക്കുന്നത്. 108 വയസ്സു പൂര്‍ത്തിയായ കാര്‍ത്യായനി മുത്തശ്ശിയെ കഴിഞ്ഞദിവസം കെപിഎംഎസ് ജ്ഞാനോദയ സഭയുടെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. കൂടാതെ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനും പുരസ്കാരം നല്‍കി.

deshabhimani

Saturday, September 7, 2013

സ. ചടയന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

സ. ചടയന്‍ ഗോവിന്ദന്റെ ചരമദിനം 9നു സമുചിതമായി ആചരിക്കാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചിട്ട് 15 വര്‍ഷം തികയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. നാട് അതീവഗൗരവതരമായ പ്രശ്നങ്ങള്‍ നേരിട്ട ഘട്ടത്തിലുണ്ടായ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ടുനയിക്കാനാണ് ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്. സഖാവ് കാട്ടിത്തന്ന ഈ മാതൃക പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് നമുക്ക് കരുത്തുപകരും.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് രൂപയുടെ തകര്‍ച്ച. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തി മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. എന്നാല്‍, അത്തരം നയങ്ങളില്‍നിന്ന് പിന്നോട്ടു പോകാന്‍ കേന്ദ്രം തയ്യാറില്ലെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി ഇന്ന് കേരളം മാറി. ഇതൊരു ആഗോളപ്രതിഭാസമാണെന്നും സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്നുംവരെ മന്ത്രിമാര്‍ പ്രഖ്യാപിക്കുന്ന ലജ്ജാകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തി. കേരളം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നേട്ടമെല്ലാം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് ഭരണം നടക്കാത്ത സ്ഥിതിയായി മാറി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും ഇല്ലാതായി. വര്‍ഗീയശക്തികള്‍ പിടിമുറുക്കി. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്.

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിട്ടും കോടതിയുടെ പരാമര്‍ശം നിരവധി തവണ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇത്തരം ഘട്ടങ്ങളില്‍ രാജിവച്ചവരുടെ മാതൃക സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. ഇതിനെതിരായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തുന്നതിനുള്ള പരിശ്രമവും നടത്തുന്നു. കഴക്കൂട്ടത്ത് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനു നേരെ പൊലീസ് നടത്തിയ കിരാതമായ ആക്രമണം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയമൂല്യങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ നേടിയെടുക്കാനും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുന്ന സന്ദര്‍ഭത്തില്‍ ചടയന്‍ ഗോവിന്ദന്റെ ഓര്‍മകള്‍ കരുത്തേകും. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങള്‍ ചേര്‍ന്നും ചടയന്‍ദിനം ആചരിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.

deshabhimani

Saturday, May 18, 2013

പ്രിയതമന്റെ ഓര്‍മകളില്‍ നിറഞ്ഞ് ശാരദ


വടകര: "എന്റെ വിനോദന് പത്തുമാസം പ്രായം. എനക്കാണെങ്കില്‍ ഇരുപത് വയസും. ഒരു സന്ധ്യയ്ക്ക് പായില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്ന ഭര്‍ത്താവിന്റെ ശവശരീരത്തില്‍ ഒരിക്കലേ നോക്കാനായുള്ളൂ. വെട്ടിനുറുക്കിയില്ലേ ഓര്". കെടി ബസാറിലെ വലിയപറമ്പത്ത് ശാരദ ഓര്‍ക്കുന്നു, ഐതിഹാസികമായ വള്ളിക്കാട് രക്തസാക്ഷിത്വം. ഒപ്പം തന്റെ എല്ലാമായ പ്രിയതമനെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളും.

"വെട്ടേറ്റ് മരിച്ചുകിടക്കുന്ന വാസ്വേട്ടന്റെ ഫോട്ടോ ദേശാഭിമാനി പത്രത്തില്‍ നോക്കിയാണ് എതോ ഒരു ചിത്രകാരന്‍ ഇന്ന് കാണുന്ന വള്ളിക്കാട് വാസുവിന്റെ ചിത്രം വരച്ചത്. കൊല്ലപ്പെടുന്നതിന്റെ കുറച്ച് ദിവസം മുമ്പ് ഞാന്‍ ചിക്കന്‍പോക്സ് പിടിപെട്ട് പുതുപ്പണത്തെ എന്റെ വീട്ടിലായിരുന്നു. വാസ്വേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടിലെത്തി അവസാനമായി പറഞ്ഞത് സൂക്കേട് മാറി കെടി ബസാറിലെത്തിയാല്‍ നമുക്ക് ഒരുമിച്ച് ഒരു ഫോട്ടോയെടുക്കണമെന്നാണ്. എന്നാല്‍ അടുത്തദിവസം കിടക്കപ്പായയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുകൊണ്ടുവന്ന ഞാന്‍ കണ്ടത്"... ശാരദയ്ക്ക് കണ്ണീരടക്കാന്‍ കഴിയുന്നില്ല. "അതുകൊണ്ടാ ഒരു നല്ല ഫോട്ടോപോലുമില്ലാത്തത്." അവര്‍ വിതുമ്പി.

നാല് പതിറ്റാണ്ടിലേറെയായി വൈധവ്യം തീര്‍ത്ത ഒറ്റപ്പെടലിലായിരുന്നു ഇവര്‍. 1971 മെയ് 17നാണ് വള്ളിക്കാട് ചരിത്രത്തിന്റെ ഭാഗമാകുന്നത്. 70ലെ ചരിത്രപ്രസിദ്ധമായ ആലപ്പുഴ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമായി നാടെങ്ങും കുടികിടപ്പുസമരം ശക്തം. വള്ളിക്കാട്ടെ ജന്മിയും ലീഗ് നേതാവുമായ മൂസയുടെ കുടികിടപ്പുകാരി കദീശുമ്മയ്ക്ക് കയറി കിടക്കാനുള്ള പത്തുസെന്റ് ഭൂമിക്കായുള്ള പോരാട്ടം. മാടമ്പിത്തരത്തിന് എതിര്‍വായില്ലാത്ത കാലം. എന്നാല്‍ കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയും കദീശുമ്മയ്ക്ക് സംരക്ഷണവുമായി രംഗത്തെത്തി. സരമത്തിന് മുന്നില്‍ വാസു സജീവം. പത്ത് സെന്റ് വളച്ച് കെട്ടി തേങ്ങപറിച്ച് അവകാശം സ്ഥാപിച്ചതോടെ വിറളിപൂണ്ട മൂസ മലപ്പുറത്ത്നിന്ന് ഗുണ്ടകളെ ഇറക്കി സമരത്തെ നേരിടാനുറച്ചു. കളരികെട്ടി, ലീഗ് പ്രമാണിമാര്‍ പ്രസ്ഥാനത്തെ വെല്ലുവിളിച്ച് സമരത്തെ തകര്‍ക്കാന്‍ ഒരുക്കം കൂട്ടി. ഒടുവില്‍ ആസൂത്രിതമായ നീക്കത്തില്‍ ലീഗുകാരും ഗുണ്ടകളും ചേര്‍ന്ന് വാസുവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി. വാസുവിന്റെ ശരീരത്തില്‍ 60ലേറെ വെട്ടുകളുണ്ടായിരുന്നുവെന്നാണ് കോടതി രേഖകളില്‍ പരാമര്‍ശിക്കുന്നത്. ലീഗ് പ്രമാണിത്തത്തിന്റെ കൊടി താഴ്ത്തിക്കെട്ടി പിന്നീട് വള്ളിക്കാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയഭൂമിയായി മാറി.

"വള്ളിക്കാടിന്റെ സമര പൈതൃകങ്ങളെ തകര്‍ക്കാന്‍ ഒരുസംഘമാളുകള്‍ ലിഗുമായി കൈകോര്‍ത്ത് പാര്‍ടിയെ തകര്‍ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പേരിലുള്ള സ്മാരകം മൂന്നുതവണ ആര്‍എംപി സംഘം തകര്‍ത്തത്". വാസുവിന്റെ മകന്‍ വിനോദ് പറഞ്ഞു. പിന്നീട് അവര്‍ തന്നെയാണ് അച്ഛന്റെ പേരില്‍ അനുസ്മരണവും സംഘടിപ്പിക്കുന്നത്. ഇതൊക്കെ ആരെ പറ്റിക്കാനാണ്. അന്നും ഇന്നും ഞങ്ങള്‍ക്ക് തുണയായത് സിപിഐ എം മാത്രമേയുള്ളു-ശാരദയോടൊപ്പം വിനോദും പറഞ്ഞു.
(സജീവന്‍ ചോറോട്)

deshabhimani

Saturday, April 20, 2013

ടി കെ ദിനം സമുചിതം ആചരിക്കുക: സിപിഐ എം


ഏപ്രില്‍ 21ന് സ: ടി കെ രാമകൃഷ്ണന്റെ ഏഴാം ചരമവാര്‍ഷികദിനം സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം പ്രവര്‍ത്തിച്ച സഖാവ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും ടി കെ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച ടി കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. സാംസ്കാരിക മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം സംഘടിപ്പിച്ചു. എംഎല്‍എ, മന്ത്രി എന്നീ നിലകളിലും ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ ഭഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ നവഉദാര സാമ്പത്തികനയം തകര്‍ത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ടി കെ ദിനം ആചരിക്കുന്നത്. വളത്തിനും വിത്തിനുമുള്ള സബ്സിഡി നിര്‍ത്തലാക്കുന്നു.രാസവളത്തിന്റെ വിലനിര്‍ണയ അവകാശം കമ്പനികള്‍ക്കുതന്നെ വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ത്തു. കര്‍ഷകരെ മാറ്റിനിര്‍ത്തി കാര്‍ഷികമേഖല കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നയങ്ങള്‍ അതേപോലെ നടപ്പാക്കാനാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. ജലവിതരണമേഖലയില്‍നിന്ന് വാട്ടര്‍ അതോറിറ്റിയെ മാറ്റി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ചിരിക്കുകയാണ്. വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാനും അണിയറനീക്കം നടക്കുന്നു.

വെള്ളം, പാല്‍ തുടങ്ങിയവയുടെ വില വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി നിരക്കും യാത്രക്കൂലിയും കുത്തനെ കൂട്ടി. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പവര്‍കട്ടില്ലാതിരുന്ന കേരളത്തെ ഇരുട്ടിലേക്ക് നീക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത വരള്‍ച്ച പരിഹരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുന്ന ഘട്ടം കൂടിയാണിത്. അഖിലേന്ത്യാതലത്തില്‍ പാര്‍ടി സംഘടിപ്പിച്ച ജാഥയുടെ തുടര്‍ച്ചയായി മെയ് 20 മുതല്‍ 25 വരെ താലൂക്ക് കേന്ദ്രങ്ങളില്‍ പിക്കറ്റിങ് സമരം നടക്കും. ഇരമ്പിമറിയുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സ: ടി കെ രാമകൃഷ്ണന്റെ ഓര്‍മകള്‍ കരുത്ത് പകരും. ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും ദിനാചരണം വിജയകരമായി സംഘടിപ്പിക്കാന്‍ സെക്രട്ടറിയറ്റ് പാര്‍ടി ഘടകങ്ങളോട് ആഹ്വാനംചെയ്തു.

deshabhimani

Monday, January 28, 2013

കെ വി സുധീഷിന് സ്മരണാഞ്ജലി


കൂത്തുപറമ്പ്: വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവ് കെ വി സുധീഷിന് നാടിന്റെ സ്മരണാഞ്ജലി. സുധീഷിന്റെ 19-ാമത് രക്തസാക്ഷി വാര്‍ഷികദിനത്തിന്റെ ഭാഗമായി തൊക്കിലങ്ങാടിയിലെ സുധീഷ് സ്മൃതിമണ്ഡപത്തില്‍ ശനിയാഴ്ച വൈകിട്ട് പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് കൂത്തുപറമ്പ് ടൗണിലേക്ക് റെഡ് വ്ളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും നടന്നു. അനുസ്മരണ സമ്മേളനം സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പി ജയരാജന്‍, കെ ലീല, കെ ധനഞ്ജയന്‍, ടി ബാലന്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ കെ ശ്രീനിവാസന്‍ അധ്യക്ഷനായി. എം സുകുമാരന്‍ സ്വാഗതം പറഞ്ഞു.

സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ പീഡിപ്പിക്കാന്‍ ശ്രമം: കോടിയേരി

കൂത്തുപറമ്പ്: സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍പെടുത്തി പീഡിപ്പിക്കാന്‍ പറ്റുമോയെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പരീക്ഷിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ വി സുധീഷിന്റെ 19-ാം രക്തസാക്ഷി വാര്‍ഷികദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് ടൗണില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തകരെ ജയിലിലടച്ച് പീഡിപ്പിക്കുകായിരുന്നു. ഫസല്‍ കൊലക്കേസിന്റെ പേര് പറഞ്ഞ് കാരായി രാജനെയും ചന്ദ്രശേഖരനെയും പീഡിപ്പിക്കുന്നു. വിചാരണ ഇന്ന് തുടങ്ങും, നാളെ തുടങ്ങും എന്ന് പറഞ്ഞ് ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. 32 വര്‍ഷം മുമ്പ് നടന്ന കൊലയുടെ പേരില്‍ എം എം മണിയെ ജയിലിലടച്ചു. പഴയ കേസുകള്‍ പുനരന്വേഷിക്കുകയാണെങ്കില്‍ എത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് നിശ്ചയമുണ്ടാവില്ല- കോടിയേരി പറഞ്ഞു. ഒരു ഭാഗത്ത് ഇത്തരത്തില്‍ കമ്യൂണിസ്റ്റ്വേട്ട നടക്കുമ്പോള്‍ മറുഭാഗത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിട്ടും കേസെടുക്കുന്നില്ല. നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്ന കേസില്‍ അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെ സുധാകരനെതിരെ കേസില്ല. അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ പി കെ ബഷീറിനെതിരെ നടപടിയില്ല. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ 307 വകുപ്പ്പ്രകാരമുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഒരു ഭാഗത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ പൊലീസ് സിപിഐ എം പ്രവര്‍ത്തകരരെ വേട്ടയാടുമ്പോള്‍ മറുഭാഗത്ത് കൊള്ളക്കാരും പിടിച്ചുപറിക്കാരും ഏറിവരികയാണ്. എം എം മണിയെ പിടിക്കാന്‍ 5000 പൊലീസിനെ നിയോഗിച്ച കേരളത്തില്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുമ്പോഴേക്കും കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നും കോടിയേരി പറഞ്ഞു.

deshabhimani 280113

Saturday, January 26, 2013

ഓര്‍മകളില്‍ സെയ്താലിക്കുട്ടിക്ക് പുനര്‍ജനി


മഞ്ചേരി: 1960കളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജില്ലയിലെ പ്രമുഖ സമരങ്ങളിലൊന്നായ ഇന്ത്യന്‍ ബീഡി കമ്പനി സമരം. സ. സെയ്താലിക്കുട്ടിയുടെ സമരത്തിലെ ശക്തമായ ഇടപെടലുകള്‍ ആദ്യകാല പാര്‍ടി പ്രവര്‍ത്തകനായ മംഗലശേരി നാരായണന്‍ വിവരിച്ചപ്പോള്‍ കേള്‍വിക്കാരുടെ മനസ്സില്‍ പഴയ സമരങ്ങളുടെ ഇരമ്പം. ജന്മി പൊളിച്ച കുടിയാന്റെ കുടില്‍ ഇരുട്ടിവെളുക്കുംമുമ്പ് പണിതുകൊടുത്തതും മിച്ചഭൂമി വിറ്റുകാശാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സമരംചെയ്തതുമെല്ലാം ഓര്‍മകളായെത്തി. ജില്ലയുടെ രാഷ്ട്രീയ രംഗത്തെ അതുല്യ പ്രതിഭ കെ സെയ്താലിക്കുട്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "എന്റെ മനസ്സിലെ സെയ്താലിക്കുട്ട്യാക്ക" ചടങ്ങിലാണ് ഓര്‍മകളിലൂടെ ആ വ്യക്തിത്വത്തിന് പുനര്‍ജനിയായത്. വൈകാരികതമുറ്റിനിന്ന അന്തരീക്ഷത്തില്‍ സെയ്താലിക്കുട്ടിയുമായി വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ടിട്ടുള്ളവരും സുഹൃത്തുക്കളും ബന്ധുക്കളും ഓര്‍മകള്‍ പങ്കുവച്ചു.

രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായി പരിപാടി ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ പറഞ്ഞു. ഒരു മുണ്ടും ഷര്‍ട്ടും മാത്രം സ്വന്തമായുള്ളകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം ഏതൊരു വിപ്ലവകാരിയെയും ആവേശഭരിതനാക്കും. യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് 12ാം വയസ്സില്‍ കമ്യൂണിസ്റ്റുകാരനായ സെയ്താലിക്കുട്ടി അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. വീട്ടില്‍നിന്ന് പുറത്താക്കിയിട്ടും പാര്‍ടി വിട്ടില്ല. അഭിഭാഷകര്‍ക്കുവരെ തൊഴില്‍നിയമങ്ങള്‍ പറഞ്ഞുകൊടുത്തിരുന്ന സഖാവിന്റെ സംഘാടന മികവ് തെളിഞ്ഞത് അടിയന്തരാവസ്ഥക്കാലത്താണ്. ജില്ലാ നേതാക്കളെല്ലാം ഒളിവിലും ജയിലിലും പോയപ്പോള്‍ പോറലേല്‍ക്കാതെ പാര്‍ടിയെ മുന്നോട്ടുനയിച്ചത് അദ്ദേഹമാണ്. എസ് എ ജമീലിനെക്കൊണ്ട് പാട്ടുപാടിക്കുന്ന സംഗീത പ്രേമിയായ, ശാരീരികാവസ്ഥ കാര്യമാക്കാതെ ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്ന സെയ്താലിക്കുട്ടിയെ ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി എം സഫറുള്ള ഓര്‍മിച്ചു. സ്വന്തം രോഗത്തെക്കുറിച്ച് വ്യാകുലപ്പെടാതെ മറ്റുരോഗികളെ തന്റെയടുത്തേക്ക് പറഞ്ഞുവിടുന്ന സെ്താലിക്കുട്ട്യാക്കയെ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. കെ ആര്‍ വാസുദേവന്‍ ഓര്‍മിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അസൈന്‍ കാരാട്ട് അധ്യക്ഷനായി. പ്രൊഫ. എ എന്‍ ശിവരാമന്‍ നായര്‍, മരയ്ക്കാര്‍ ഹാജി, മൊറയൂര്‍ അബൂബക്കര്‍, കെ കെ വേലുനായര്‍, ബഷീര്‍ ചുങ്കത്തറ, ബക്കര്‍ പെരിന്തല്‍മണ്ണ, പൂന്തല അഹമ്മദ്, പറമ്പില്‍ ലത്തീഫ്, കുട്ടിയാപ്പു എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ ഫിറോസ് ബാബു സ്വാഗതവും സിപിഐ എം എരിയാസെക്രട്ടറി വി എം ഷൗക്കത്ത് നന്ദിയും പറഞ്ഞു.

deshabhimani 260113

Thursday, January 24, 2013

എരിഞ്ഞടങ്ങാത്ത കിരണം

തൃശൂര്‍: എരവിമംഗലം ആ വേര്‍പാടിന്റെ വേദനയില്‍നിന്ന് ഇനിയും മോചിതമായിട്ടില്ല. മണലിപ്പുഴയോരത്തെ ആ ഇരുനില വീട് ഇന്ന് ആളും അനക്കവുമില്ലാതെ ഏകാന്തമാണ്. കേരളത്തിന്റെ മനഃസാക്ഷിയായ സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായിരുന്നു ഈ നാടും വീടും. ഒരു മാസത്തോളം മരണത്തോട് പോരാടി 2012 ജനവരി 24ന് പുലര്‍ച്ചെയാണ് അഴീക്കോട് മാഷ് വിടവാങ്ങിയത്. യാത്രാമൊഴി ചൊല്ലി പിരിഞ്ഞിട്ട് ഒരാണ്ട് പിന്നിടുമ്പോഴും ആ കര്‍മയോഗിയുടെ ധിഷണാശക്തിയുടെ പ്രോജ്വല സ്മരണകള്‍ക്ക് കാലം മാറ്റ് കൂട്ടിയിട്ടേയുള്ളു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ആ പ്രതിഭാവിലാസത്തിന്റെ ബാക്കിപത്രമായി ആയിരക്കണക്കിന് പുസ്തകങ്ങളും നിരവധി ഉപഹാരങ്ങളും അദ്ദേഹത്തിന്റെ വീട്ടില്‍ അവശേഷിക്കുന്നുണ്ട്. താഴത്തെ മുറിയില്‍ ചിതാഭസ്മവും. എല്ലാം ചിതലെടുത്തു നശിക്കുന്നോ എന്നാണ് നാട്ടുകാരുടെ ആശങ്ക.

ഭരണാധികാരികളെ മുഖംനോക്കാതെ വിമര്‍ശിച്ച, നെറികേടുകളെ നിഷ്കരുണം ചോദ്യംചെയ്ത, മൂല്യച്യുതികളില്‍ അണപൊട്ടിയ രോഷം പ്രകടിപ്പിച്ച അഴീക്കോട് ഇല്ലാത്തതിന്റെ ശൂന്യത മലയാളികളുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നു. "അഴീക്കോട് വിശേഷിപ്പിച്ചപോലെ, ചൂണ്ടിക്കാട്ടിയപോലെ, എഴുതിയ പോലെ..." എന്നെല്ലാം സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍വരെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മരിക്കുവോളം കോണ്‍ഗ്രസുകാരനാകണമെന്ന് ആഗ്രഹിച്ച താന്‍ പക്ഷേ, തനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായെന്ന് പറഞ്ഞത് അഭിമാനത്തോടെയാണ്. ഇടതുപക്ഷത്തിനുവേണ്ടി കേരളമാകെ പ്രസംഗിച്ചു, എഴുതി, പ്രതികരിച്ചു. ദേശാഭിമാനിയില്‍ ഒന്നര പതിറ്റാണ്ടോളം മുടങ്ങാതെ "മറയില്ലാതെ" പ്രതിവാര പംക്തിക്കായി പേനയെടുത്തു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനെങ്കിലും രണ്ടര പതിറ്റാണ്ടായി തൃശൂരില്‍ സ്ഥിരതാമസമാക്കി തൃശൂരിന്റെ ദത്തുപുത്രനായി അഴീക്കോട്. തൊഴിലാളികള്‍ മുതല്‍ ദേശീയ നേതാക്കള്‍വരെ അദ്ദേഹത്തിന് ഒരുപോലെ സുഹൃത്തുക്കള്‍. സാഹിത്യം, സംസ്കാരം, കല, സ്പോര്‍ട്സ്, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിങ്ങനെ അദ്ദേഹം സ്പര്‍ശിക്കാത്ത മേഖലകളിലില്ല. അവിടെയെല്ലാം സാംസ്കാരിക വിമര്‍ശനത്തിന്റെ ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്.
(വി എം രാധാകൃഷ്ണന്‍)


അഴീക്കോട് സ്മൃതിമണ്ഡപം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: അഴീക്കോടിന്റെ സ്മരണക്കായി പയ്യാമ്പലത്ത് നിര്‍മ്മിച്ച സ്മൃതിമണ്ഡപം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഴീക്കോടിന്റെ സ്മരണ കേരളത്തിന് എന്നും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരളം ശ്രദ്ധയോടെ കേട്ടിരുന്ന ശബ്ദമാണത്. വരും തലമുറകള്‍ക്കുപോലും ആത്മവിശ്വാസം പകരുന്നതുമാണ്. അദ്ദേഹത്തിന്റെ വാക്കുകളിലെയും നിലപാടുകളിലെയും ആത്മാര്‍ഥത ജനങ്ങള്‍ തിരിച്ചറിഞ്ഞു. വിമര്‍ശനങ്ങള്‍ക്കു പാത്രമായവര്‍ പോലും അദ്ദേഹത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്തില്ല. അതിന് അഴീക്കോട് അവസരം നല്‍കിയതുമില്ല. അതുകൊണ്ടാണ് അഴീക്കോടിന് ഒരു ശത്രുവും ഇല്ലാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ അഴീക്കോട് ട്രസ്റ്റ് ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായി. സാംസ്കാരികമന്ത്രി കെ സി ജോസഫ് മുഖ്യാതിഥിയായി. ഡോ: എ കെ നമ്പ്യാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എം സി ശ്രീജ, എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പി പി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.


deshabhimani 240113

Friday, January 18, 2013

ഇ ബാലാനന്ദന്‍ ദിനം ആചരിക്കുക: സിപിഐ എം


ഇ ബാലാനന്ദന്റെ നാലാം ചരമദിനം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. 1943ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായ ബാലാനന്ദനെ സിപിഐ എം രൂപീകരണ സമ്മേളനത്തില്‍ത്തന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നിര്‍വ്വഹിച്ചത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘകാല അനുഭവം സഖാവിനുണ്ടായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ സമരപോരാട്ടങ്ങളില്‍ സജീവ നേതൃത്വമായി ബാലാനന്ദനുണ്ടായിരുന്നു.

ആഗോളവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ആപല്‍ക്കരമാണെന്ന് വ്യക്തമാക്കുന്ന നിലയില്‍ ആഗോളസാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് ബാലാനന്ദന്റെ ഓര്‍മ പുതുക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഈ പ്രതിസന്ധിയുടെ ഭാഗമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിനകത്തെ ആന്തരിക വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടി. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്സ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു സാമ്പത്തിക പ്രതിസന്ധിയും അതിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളും. ലോകത്തെ ഈ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കുന്നതിനു പകരം ആഗോളവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി നില്‍ക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുന്നു. കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ ആത്മഹത്യ ഇപ്പോഴും തുടരുകയും കോര്‍പറേറ്റ് ശക്തികള്‍ പിടിമുറുക്കുകയും ചെയ്യുകയാണ്. ധനമൂലധനത്തിന് കടന്നുവരുന്നതിനായി രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ മുഴുവന്‍ അപകടപ്പെടുത്തുന്നു. കേന്ദ്രനയങ്ങള്‍ രാജ്യത്ത് അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. പാചകവാതകം പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. രാജ്യത്തെ തകര്‍ക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം മുന്നോട്ടുവരുന്നതിനും നാം സാക്ഷ്യം വഹിക്കുകയാണ്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന രണ്ടുദിവസത്തെ തൊഴിലാളി പണിമുടക്ക് ഇതിന്റെ ഭാഗമാണ്. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ ശക്തമായി സംസ്ഥാനത്ത് നടപ്പാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

ഭൂപരിഷ്കരണം അട്ടിമറിക്കുകുയും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുകയും ചെയ്യുന്നു. പൊതുവിതരണ മേഖലയെ തഴഞ്ഞതുമൂലം വിലക്കയറ്റം സംസ്ഥാനത്ത് ഏറെ രൂക്ഷമായി. കേരളത്തിലെ ക്രമസമാധാനിലയും തകര്‍ന്നിരിക്കുകയാണ്. ഗുണ്ടകളും പെണ്‍വാണിഭ സംഘങ്ങളും നാട് ഭരിക്കുന്നു. ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിച്ച് കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷതാ സംസ്കാരവും യുഡിഎഫ് സര്‍ക്കാര്‍ അപകടപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ ജനാധിപത്യവിരുദ്ധമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ബാലാനന്ദന്റെ ഓര്‍മകള്‍ കരുത്ത് പകരും. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസ് അലങ്കരിച്ചും അനുസ്മരണസമ്മേളനങ്ങള്‍ ചേര്‍ന്നും ദിനാചരണം വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

deshabhimani