Showing posts with label ഇടമലയാര്‍. Show all posts
Showing posts with label ഇടമലയാര്‍. Show all posts

Friday, November 11, 2011

പിള്ളയുടെ മോചനം: ഹര്‍ജികള്‍ സുപ്രീംകോടതി ഡിസം. 9 ന് പരിഗണിക്കും

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ നേരത്തെ വിട്ടയച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നിയമ വിദ്യാര്‍ഥി മഹേഷ് മോഹനും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഡിസംബര്‍ ഒന്‍പതിന് വാദം കേള്‍ക്കും. വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ഹര്‍ജി മാറ്റുന്നതെന്ന് ജസ്റ്റിസുമാരായ പി സദാശിവവും ജെ ചെലമേശ്വരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. മുമ്പ് പിള്ളയുടെ കേസ് കേട്ട പി സദാശിവവും ബി എസ് ചൗഹാനും ഉള്‍പ്പെടുന്ന ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ബാലകൃഷ്ണ പിള്ളയെ ജയിലില്‍ നിന്നും വിട്ടയച്ച സാഹചര്യത്തില്‍ അടിയന്തിരമായി കേസ് കേള്‍ക്കേതില്ലെന്ന് കോടതി നിരീക്ഷിച്ചു.

വി എസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും മഹേഷിനുവേണ്ടി കെ ടി എസ് തുള്‍സിയും ഹാജരായി. പിള്ളക്കുവേണ്ടി കെ പി റാവുവും സംസ്ഥാനസര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പരാക് കൃപാഡിയും ഹാജരായി. ലക്ഷങ്ങള്‍ ഫീസു കൊടുത്താണ് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനായ പരാക് കൃപാഡിയെ കേസിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്്. പിള്ളയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പണമൊന്നും മുടക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

ബോര്‍ഡ്- കോര്‍പറേഷന്‍ : യുഡിഎഫ് തന്നോട്ആലോചിച്ചില്ല പിള്ള

ബോര്‍ഡ് -കോര്‍പറേഷന്‍ ഭാരവാഹികളുടെ കാര്യത്തില്‍ യുഡിഎഫ് നേതൃത്വം പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടിയോഗത്തിനുശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയെങ്കിലും നിയമിക്കാന്‍ പാര്‍ട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും സ്ഥാനത്ത് നിയമിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ ചെലവിലല്ല. വാളകം പ്രസിദ്ധമായതില്‍ സന്തോഷമുണ്ട്. അധ്യാപകന്‍ കൃഷ്ണകുമാറും താനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കൃഷ്ണകുമാറിന്റെ കുടുംബം തനിക്കെതിരെ കേസ് കൊടുത്തതിനെക്കുറിച്ച് അറിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അധ്യാപകന് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. സിബിഐ അന്വേഷിക്കുന്ന സംഭവമായതിനാല്‍ അതേക്കുറിച്ചും പറയില്ല. കുറേക്കാര്യങ്ങള്‍ കൂടി പുറത്തു വരാനുണ്ട്.

ജയിലില്‍ കിടക്കുമ്പോള്‍ തന്റെ ഫോണ്‍ പാര്‍ട്ടി പ്രവര്‍ത്തകരടക്കം പലരും ഉപയോഗിച്ചിട്ടുണ്ട്. താന്‍ പണമടയ്ക്കുന്ന ഫോണ്‍ കൂടെയുള്ളവര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. അനുകൂലമായി ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടുമില്ല. സ്റ്റേറ്റ് ബോര്‍ഡ് വെച്ച അഞ്ച് കാറുകള്‍ ഗണേഷ്കുമാര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. അന്വേഷിക്കും. താന്‍ ഒരു കാര്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പിള്ള പറഞ്ഞു. ഗണേഷ്കുമാറിന്റെ പത്തനാപുരം പ്രസംഗവും ശരിയായില്ല. 88 വയസുള്ള വിഎസിനെ അങ്ങനെ പറയരുതായിരുന്നു.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്്. കേരളകോണ്‍ഗ്രസ് ബി തെരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കും. സംസ്ഥാന ഇലക്ഷന്‍ ഡിസംബര്‍ 30ന് നടക്കും. റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നോട് മാനുഷികപരിഗണന കാട്ടിയില്ലെന്നും പിള്ള പറഞ്ഞു.

deshabhimani news

Saturday, November 5, 2011

പിള്ളയെ ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭ വിട്ടു

ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ അല്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ നിയമസഭയില്‍ പ്രതിഷേധം. കോടതിവിധിയെയും മറികടന്ന് പിള്ളയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അഴിമതി നടത്തിയതിന്റെ പേരിലാണ് പിള്ളയെ ശിക്ഷിച്ചതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കോടതി വിധി ഉദ്ധരിച്ച് വി എസ് വ്യക്തമാക്കി. വിചാരണ കോടതി നല്‍കിയ അഞ്ചുവര്‍ഷം കഠിനതടവ്, കേസില്‍ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതിനെടുത്ത കാലവും കുറ്റവാളികളുടെ പ്രായവും പരിഗണിച്ചാണ് ഒരു വര്‍ഷമായി കുറച്ചത്. ഖജനാവില്‍നിന്ന് 2.39 കോടി രൂപ കവര്‍ന്നതിനാണ് ശിക്ഷ. എന്നാല്‍ , സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തതിനാണ് പിള്ളയെ ശിക്ഷിച്ചെന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്ന് വി എസ് പറഞ്ഞു. ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടുകൊണ്ട് ലഭിച്ച നോട്ടീസില്‍ പിള്ളയെ അഴിമതിക്ക് ശിക്ഷിച്ചതായി പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജയില്‍ വാറണ്ടില്‍ ശിക്ഷ ഉണ്ടാകില്ലെന്നും കോടതി വിധിയിലാണ് എന്തിനാണ് ശിക്ഷ എന്ന് വ്യക്തമാക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കീഴ്കോടതി പിള്ളയെ ശിക്ഷിച്ചത് അഴിമതി കുറ്റത്തിനാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പിള്ളയെ ജയില്‍ മോചിതനാക്കിയത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ശിക്ഷ ഇളവ് നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ചട്ടംലംഘിച്ച് ഒരാള്‍ക്കുപോലും ശിക്ഷ ഇളവ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമപ്രകാരം ശിക്ഷ ഇളവ് നല്‍കുന്നതില്‍ ഒരു വിവേചനവും കാട്ടിയിട്ടുമില്ല. കോണ്‍ഗ്രസുകാര്‍ക്കും ശിക്ഷ ഇളവ് നല്‍കി. എന്നാല്‍ , ഒരു വര്‍ഷം കഠിനതടവിന് സുപ്രീംകോടതി ശിക്ഷിച്ച പിള്ള മുഖ്യമന്ത്രിയുടെ കണക്കനുസരിച്ചുതന്നെ 91 ദിവസമാണ് ജയില്‍ കിടന്നത്. ഒരു വര്‍ഷം ശിക്ഷിക്കപ്പെടുന്നയാള്‍ കുറഞ്ഞത് എട്ടുമാസം ശിക്ഷ അനുഭവിക്കണമെന്നാണ് വ്യവസ്ഥ. പിള്ളയ്ക്ക് ഇതില്‍ ഇളവ് നല്‍കിയത് ജയില്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. കനിമൊഴിക്കുപോലും ലഭിക്കാത്ത സൗജന്യമാണ് പിള്ളയ്ക്ക് ലഭിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

deshabhimani 051111

Friday, November 4, 2011

പിള്ളയെ ശിക്ഷിച്ചത് അഴിമതിക്കുതന്നെ: അഡ്വ. കേളുനമ്പ്യാര്‍

സുപ്രീംകോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതി നടത്തിയതിനു തന്നെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട മന്ത്രി സ്ഥാനത്തിരുന്ന് അഴിമതി കാണിച്ചതിനാണ് പിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതെന്ന കാര്യം ഏത് സാധാരണക്കാരനും അറിയാം. എന്നാല്‍ , മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവാതിരിക്കാന്‍ എന്തു ചെയ്യാനും പറയാനും തയ്യാറാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ബാലകൃഷ്ണപിള്ളയെ അഴിമതിക്കല്ല ശിക്ഷിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കേട്ടാല്‍ സുപ്രീംകോടതി പിള്ളയെ ശിക്ഷിച്ചത് എന്തോ നല്ലകാര്യം ചെയ്തതിനാണെന്നു തോന്നും. ഇതുപോലുള്ള പ്രസ്താവനകള്‍ വഴി കേരള ജനതയെ കബളിപ്പിക്കാന്‍ സാധിക്കില്ല. ഒരു കൊല്ലം ശിക്ഷ അനുഭവിക്കേണ്ട പിള്ള 69 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. ബാക്കി ദിവസങ്ങള്‍ പരോളിനും പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസത്തിനും ചെലവിട്ടു. തന്റെ അറിവില്‍ ഇത്തരമൊരു പ്രതിഭാസം ആദ്യമാണ്. പിള്ളയുടെ പഞ്ചനക്ഷത്ര ആശുപത്രിവാസം യഥാസമയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ പിള്ള പുറത്തിറങ്ങില്ലായിരുന്നു. അധികാരമേറ്റ് ഇത്രയും കാലത്തിനിടയില്‍ ഇത്രയും പരിഭ്രാന്തനായ ഉമ്മന്‍ചാണ്ടി അഞ്ചുകൊല്ലം തികയ്ക്കാന്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നോര്‍ക്കാന്‍ പ്രയാസം തോന്നുന്നു- കേളുനമ്പ്യാര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കസേരയില്‍ കയറിയ കാലംമുതല്‍ ആ കസേര തെന്നിപ്പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. മുഖ്യമന്ത്രിക്കസേരയുടെ ഒരു കാലാണ് ബാലകൃഷ്ണപിള്ള. മന്ത്രി ഗണേശ്കുമാറിന്റെ വിവാദമായ "പത്തനാപുരം പ്രസംഗത്തോടു"കൂടി ആ കാലിന് ഇളക്കം തട്ടിയിട്ടുണ്ട്. അത് ഊരിപ്പോകാതെ നോക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ ആവശ്യമാണ്. മുഖ്യമന്ത്രിക്കസേര തെന്നിപ്പോകും എന്ന ചിന്ത ഉമ്മന്‍ചാണ്ടിയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഈ പരിഭ്രാന്തിയില്‍നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്- അദ്ദേഹം പറഞ്ഞു.

deshabhimani 041111

Tuesday, November 1, 2011

പിള്ളയെ വിട്ടത് സുപ്രീംകോടതി പരിശോധിക്കും

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ക്രമവിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിക്കാന്‍ ഇടമലയാര്‍ കേസില്‍ കക്ഷിയായ വി എസ് അച്യുതാനന്ദനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ടി സദാശിവം, വി എസ് ചൗഹാന്‍ എന്നിവരാണ് നിര്‍ദേശം നല്‍കിയത്. പിള്ളയെ സര്‍ക്കാര്‍ വിട്ടയച്ച കാര്യം വി എസിന്റെ അഭിഭാഷകനായ ആര്‍ സതീഷ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിനിര്‍ദേശമുണ്ടായത്. ശിക്ഷാ കാലാവധി കഴിയാതെ പിള്ളയെ വിട്ടയച്ചത് നിയമവ്യവസ്ഥയൊടുള്ള വെല്ലുവിളിയാണെന്നു കാട്ടി നിയമ വിദ്യാര്‍ഥിയായമഹേഷ് മോഹന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരം കേരളപ്പിറവിയോടനുബന്ധിച്ച് ഉത്തരവിറക്കി പിള്ളയെ മോചിപ്പിക്കുകയായിരുന്നു. ജയിലിലടച്ചുവെങ്കിലും എല്‍ഡിഎഫ് അധികാരമൊഴിഞ്ഞശേഷം പിള്ളക്ക് ജയിലില്‍ സര്‍വ്വസ്വാതന്ത്ര്യവും ലഭിച്ചിരുന്നു. അനധികൃതമായി പിള്ളക്ക് പരോളും ലഭിച്ചു. ചികില്‍സയുടെ പേരില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികില്‍സയില്‍ കഴിയുകയായിരുന്നു പിള്ള. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തടവുകാര്‍ക്ക് ചികിത്സക്കുള്ള എല്ലാസൗകര്യങ്ങളുമുണ്ടെന്നിരിക്കെ ചട്ടം ലംഘിച്ചാണ് പിള്ള സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്. മകന്‍ ഗണേഷ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരും ചില ഉയര്‍ന്ന പൊലീസുദ്ദ്യോഗസ്ഥരും ജയില്‍ അധികൃതരും പിള്ളക്ക് വഴിവിട്ട് സഹായമെത്തിക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ ഹര്‍ജി പരിഗണനക്കു വരുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിനുതന്നെ ജയിലധികൃതര്‍ ധൃതിപ്പെട്ട് മോചന ഉത്തരവുമായി ആശുപത്രിയിലെത്തി. ഉത്തരവ് കൈപ്പറ്റിയെങ്കിലും വിവാദത്തില്‍ നിന്നൊഴിവാകാന്‍ ഒരുമാസം കൂടി ആശുപത്രിയില്‍ കഴിയാനുള്ള നീക്കത്തിലാണ് പിള്ള

പിള്ളയെ വിട്ടത് തിരുത്തിക്കാന്‍ ജനാഭിപ്രായം ഉയരണം: സിപിഐ എം

തിരു: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ ജയില്‍ മോചിതനാക്കിയത് പിന്‍വലിക്കാനുള്ള വിവേകം കാണിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി സുശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ വിഭാഗം ജനങ്ങളോടും പാര്‍ട്ടി അഭ്യര്‍ഥിച്ചു. ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയെ അധികാര ദുര്‍വിനിയോഗത്തിലൂടെ മോചിപ്പിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കലും ജനാധിപത്യത്തെ അപഹസിക്കലുമാണ്. അഞ്ചു വര്‍ഷത്തെ കഠിന തടവായിരുന്നു പിള്ളക്ക്. കേസിന്റെ പഴക്കവും പിള്ളയുടെ പ്രായവും കണക്കിലെടുത്താണ് കോടതി ഒരു വര്‍ഷമായി ചുരുക്കിയത്. ഈ വിധിയുടെ അന്തഃസത്തയെ പിച്ചിച്ചീന്തുന്നതാണ് വഴിവിട്ടുള്ള മോചനം. 69 ദിവസമാണ് പിള്ള ജയിലില്‍ കിടന്നത്. 75 ദിവസം പരോള്‍ ലഭിച്ചു. രണ്ടര മാസമായി പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആശുപത്രിയല്‍ കഴിയുകയായിരുന്നു. ജയിലില്‍ ചട്ടം ലംഘിച്ചതിന് ശാസനയും ഫോണ്‍ ദുരുപയോഗത്തിന് നാലു ദിവസം അധിക തടവും ഏറ്റുവാങ്ങിയയാളെയാണ് ചട്ടം ലംഘിച്ച് വിടുന്നത്. ഈ തീരുമാനം നീതിബോധമുള്ള സമൂഹം അംഗീകരിക്കില്ല- പ്രസ്താവനയില്‍ തുടര്‍ന്നു.

പിള്ളയെ വിട്ടതിനെതിരെ വി എസ് ഹര്‍ജിനല്‍കി

ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കഠിന തടവിനു ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള ജയില്‍മോചിതനായി. ജയില്‍ സൂപ്രണ്ട് ആശുപത്രിയില്‍ നേരിട്ടെത്തിയാണ് പിള്ളക്ക് മോചന ഉത്തരവ് നല്‍കിയത്. പിള്ളയടക്കം 138 തടവുകാരെ കേരളപ്പിറവിയോടനുബന്ധിച്ചാണ് വിട്ടയച്ചത്. ഒരുവര്‍ഷം തടവിനു ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവുനല്‍കിയതിനെതിരെ ഇടമലയാര്‍കേസില്‍ കക്ഷിയായ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കി. ഒരുവര്‍ഷം പൂര്‍ത്തിയാവുന്നതിനു മുന്‍പ് കേരളപ്പിറവിയുടെ പേരില്‍ പിള്ളക്ക് ഇളവു കൊടുക്കുകയായിരുന്നു. ഇത് ചട്ടലംഘനമാണെന്ന് വിഎസ് അഭിഭാഷകനായി ആര്‍ സതീഷ് മുഖേന ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രത്യേകഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് വൈകിട്ടോടെ വിഎസ് ഹര്‍ജിസമര്‍പ്പിച്ചത്.

ചരിത്രത്തില്‍ ആദ്യമാണ് കേരളപ്പിറവിയുടെ പേരില്‍ കുറ്റവാളികളെ ജയിലില്‍ നിന്നും വിടുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ വിട്ടയക്കുന്നതും ആദ്യം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ഒരു വര്‍ഷം കഠിനതടവ് വിധിച്ചുവെങ്കിലും ആകെ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്്. 75 ദിവസം പരോളില്‍ കഴിഞ്ഞു. 87 ദിവസം ആശുപത്രിയിലും ചെലവഴിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പിള്ളയടക്കം 138 പേരെ വിട്ടയക്കാനുള്ള ഉത്തരവിറക്കി. ചൊവ്വാഴ്ച അതിരാവിലെ തന്നെ ജയില്‍ സൂപ്രണ്ട് പ്രദീപ് മോചനഉത്തരവുമായി പിള്ള ചികില്‍സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എത്തി. ഉടന്‍തന്നെ മോചന ഉത്തരവ് ഒപ്പിട്ടുവാങ്ങിയെങ്കിലും പിള്ള ഒരു മാസംകൂടി ആശുപത്രിയില്‍ തന്നെ കഴിയുമെന്നാണ് അറിയുന്നത്. ജയില്‍ നിയമങ്ങള്‍ ലംഘിച്ച ബാലകൃഷ്ണ പിള്ളയെ നല്ലനടപ്പിന്റെ പേരില്‍ വിട്ടയച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. പിള്ളയെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ക്കു വിരുദ്ധമാണിത്. ബാലകൃഷ്ണ പിള്ളയെ വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ന്യൂഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥിയായ മഹേഷ് മോഹനാണ് ഹര്‍ജിക്കാരന്‍ . മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ജയില്‍ മേധാവി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്.

deshabhimani news

അതിരുവിട്ട അധികാര ഗര്‍വ്

സുപ്രീംകോടതിയാണ് ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്. ചെയ്ത കുറ്റത്തിന് അഞ്ചുവര്‍ഷമെങ്കിലും ശിക്ഷ അനുഭവിക്കണം. കേസിന്റെ കാലപ്പഴക്കവും പിള്ളയുടെ പ്രായാധിക്യവുമൊക്കെ കണക്കിലെടുത്ത് സുപ്രീംകോടതി ഒരു ഇളവ് നല്‍കി- ഒരു വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. അങ്ങനെയാണ് പിള്ള ജയിലിലടയ്ക്കപ്പെടുന്നത്. ഇന്നിപ്പോള്‍ പിള്ളയെ യുഡിഎഫ് സര്‍ക്കാര്‍ വിട്ടയക്കുകയാണ്. ഇതിനകം ആകെ ജയിലില്‍ കഴിഞ്ഞ ദിവസങ്ങള്‍ 69. ജയിലില്‍ ശീതീകരണിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടും പിള്ളയ്ക്ക് അവിടെ കഴിഞ്ഞുകൂടാ. ആദ്യം പരോളിലിറങ്ങി വീട്ടില്‍ പോയി. തുടര്‍ച്ചയായ പരോള്‍ അസാധ്യമെന്നുവന്നപ്പോള്‍ "പിള്ളയ്ക്ക് മാരകമായ രോഗമുണ്ട്; വിദഗ്ധ ചികിത്സ വേണം" എന്ന് യുഡിഎഫ് തീരുമാനിച്ചു. സാധാരണനിലയില്‍ ഗുരുതരമായ രോഗം പിടിപെട്ടാല്‍ തടവുകാരെ വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൊണ്ടുപോവുക. പിള്ളയെ അയച്ചത് ആഡംബര സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ്. കഠിന തടവ് അനുഭവിക്കേണ്ട തടവുപുള്ളിക്ക് പഞ്ചനക്ഷത്ര സൗകര്യമുള്ള സുഖവാസമാണ് അങ്ങനെ തരപ്പെടുത്തിയത്. അതുംപോര; പിള്ളയെ വിട്ടയച്ചേ മതിയാകൂ എന്നാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഐക്യകേരളം പിറന്നിട്ട് അഞ്ചരപ്പതിറ്റാണ്ടായി. ഇന്നുവരെ, കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ ഇളവു നല്‍കുന്ന അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോള്‍ 138 തടവുകാരെ വിട്ടയക്കാനും ഇളവുനല്‍കാനും കേരളപ്പിറവിദിനം തെരഞ്ഞെടുത്തത് കേരളത്തോടുള്ള സ്നേഹംകൊണ്ടല്ല; എത്രയും വേഗം പിള്ളയെ വീട്ടിലെത്തിക്കാനാണ്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാളെ അധികാര ദുര്‍വിനിയോഗത്തിലൂടെ വിട്ടയക്കുകയാണിവിടെ. അഴിമതിക്കാരനെ വഴിവിട്ടു സംരക്ഷിക്കും എന്ന പ്രഖ്യാപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാളിക്ക് നല്‍കുന്ന കേരളപ്പിറവി സമ്മാനം.

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പിനെപ്പോലും അധികാരഗര്‍വുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നു. പിള്ളയുടെ കുറ്റത്തിന്റെ കാഠിന്യംകൊണ്ടാണ് ഒരുവര്‍ഷം കഠിനതടവിലും 10,000 രൂപ പിഴയിലും ശിക്ഷ ചുരുക്കിയത്. പ്രായവും ആരോഗ്യവുമെല്ലാം കണക്കിലെടുത്ത് പരമാവധി ഇളവു നല്‍കിയാലും ഒരുകൊല്ലമെങ്കിലും തടവില്‍ കഴിഞ്ഞേ മതിയാകൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതും കഠിനതടവുതന്നെ വേണമെന്ന്. ആ കോടതിയേക്കാള്‍ വലിയ കോടതി താനാണ് എന്ന് മോചന ഉത്തരവിലൂടെ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നു. അഴിമതിക്കേസില്‍ കോടതി വിധിച്ചാലും ശിക്ഷ അനുഭവിക്കാന്‍ യുഡിഎഫുകാര്‍ തയ്യാറാകില്ല എന്നതാണ് ലജ്ജയില്ലാതെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.

പിള്ളയുടെ കാര്യത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്രതന്നെയാണുണ്ടായത്. പരോളിലിറങ്ങിയപ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ച് പിള്ള മാധ്യമങ്ങളോട് സംസാരിച്ചു; രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി. തിരികെ ജയിലില്‍ കയറിയപ്പോള്‍ ജയില്‍ചട്ടം ലംഘിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു. ചട്ടലംഘനം അവഗണിക്കാനാകാതെ സര്‍ക്കാരിന് പിള്ളയ്ക്ക് അധികശിക്ഷ നല്‍കേണ്ടിവന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി ചികിത്സയ്ക്ക് വിധേയമാകുമ്പോള്‍ ജയിലിന്റെ ഭാഗമെന്ന നിലയിലാണ് ചികിത്സ നടക്കുന്ന മുറിയെയും കാണേണ്ടത്. ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതെല്ലാം കാറ്റില്‍പറത്തി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ബാലകൃഷ്ണപിള്ള യഥേഷ്ടം സംസാരിക്കുകയും ഭരണനേതൃത്വത്തില്‍പ്പോലും ഇടപെടുകയും ചെയ്തു. ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചത് പിള്ളതന്നെയായിരുന്നു. ഒരുതരത്തിലും മൂടിവയ്ക്കാനാകാത്ത ഈ ചട്ടലംഘനം പുറത്തുവന്നപ്പോള്‍ ആശുപത്രിയില്‍ പരിശോധിച്ച് ഫോണ്‍ കണ്ടെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. പകരം ചാനല്‍ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹം വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്ന് പ്രഖ്യാപിക്കുകയുമായിരുന്നു യുഡിഎഫ് ഭരണം.

ജയില്‍വാസത്തിനിടെ കുറ്റകൃത്യം ചെയ്താല്‍ സ്വാഭാവികമായി ലഭിക്കാവുന്ന ശിക്ഷയിളവുപോലും ഇല്ലാതാകും. ഇവിടെ, പിള്ളയ്ക്ക് നിയമവും നീതിപീഠവും പ്രശ്നമല്ല- യുഡിഎഫിന്റെ സ്ഥാപക നേതാവ് എല്ലാ നിയമത്തിനും അതീതനാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. പിള്ള മാനേജരായ സ്കൂളിലെ അധ്യാപകന്‍ ദാരുണമായി ആക്രമിക്കപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പിള്ളമാത്രമല്ല, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഗണേശ്കുമാറും സംശയത്തിന്റെ നിഴലിലാണ്. അധ്യാപകന്‍ എങ്ങനെ; ആരാല്‍ ആക്രമിക്കപ്പെട്ടു എന്ന് ഒരുമാസത്തിലേറെ അന്വേഷിച്ചിട്ടും പൊലീസ് പറയുന്നില്ല. അദ്ദേഹം "കൈകാര്യംചെയ്യപ്പെട്ട"താണ് എന്ന് ഗണേശ്കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. അധ്യാപകനോട് വ്യക്തിവിരോധമുള്ളത് പിള്ളയ്ക്കുതന്നെയാണ്. അത് തെളിയിക്കാന്‍ വേണ്ടതിലേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ആ വഴിക്ക് അന്വേഷണമില്ല. പിള്ളയ്ക്ക് ഇടമലയാര്‍ കേസില്‍ ശിക്ഷ വൈകാനും കാരണമായത് നേരത്തെ ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ്.

ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ ഇടമലയാര്‍ പദ്ധതിയുടെ സാര്‍ജ് ഷാഫ്റ്റ്, ടണല്‍ നിര്‍മാണക്കരാറുകള്‍ അടങ്കല്‍ തുകയേക്കാള്‍ യഥാക്രമം 188 ശതമാനവും 162 ശതമാനവും വര്‍ധിപ്പിച്ചുകൊടുത്തതിനെക്കുറിച്ച് പി സീതിഹാജി എംഎല്‍എ ചെയര്‍മാനായ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. പിള്ള അധികാരദുര്‍വിനിയോഗം നടത്തിയതായി കമീഷന്‍ കണ്ടെത്തി. പ്രത്യേക കോടതി 1999 നവംബര്‍ 10ന് ബാലകൃഷ്ണപിള്ള, കോണ്‍ട്രാക്ടര്‍ സജീവ്, കെ രാമഭദ്രന്‍നായര്‍ എന്നിവരെ അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അപ്പീലില്‍ കേരള ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. അതില്‍ അപ്പീല്‍ പോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അതിന്‍മേലാണ് ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി വിധിച്ചത്. പ്രത്യേക കോടതിയുടെ ശിക്ഷ അഞ്ചുവര്‍ഷം എന്നത് ഒരുവര്‍ഷമായി ചുരുക്കുകയാണ് സുപ്രീംകോടതി ചെയ്തത്. പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമത്തിന്റെ പിടിയില്‍നിന്ന് വഴുതിമാറാനുള്ള പിള്ളയുടെയും രക്ഷപ്പെടുത്താനുള്ള യുഡിഎഫിന്റെയും എല്ലാ ശ്രമത്തെയും പരാജയപ്പെടുത്തിയാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.

ആ ശിക്ഷ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ റദ്ദാക്കുമ്പോള്‍ , ഏത് കുറ്റവാളിക്കും ഭരണത്തിന്റെ തണലുണ്ടെങ്കില്‍ നിയമത്തെയും നീതിപീഠത്തെയും പുല്ലുപോലെ മറികടക്കാം എന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് അപകടകരമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കടിഞ്ഞാണില്ലാത്ത ഈ കുതിച്ചോട്ടം അനുവദിക്കാന്‍ പാടില്ല. കുറ്റവാളികളുടെ കൂടാരമായി; കുറ്റകൃത്യങ്ങളുടെ സംരക്ഷകരായി ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിന്? അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമായി.

ദേശാഭിമാനി മുഖപ്രസംഗം 011111

പിള്ളയെ വിടുന്നത് ജയില്‍ച്ചട്ടവും ഭരണഘടനയും മറികടന്ന്

പിള്ളയെ ഇന്ന് വിടും

ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയുടെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കിയാണ് പിള്ളയെ തുറന്നുവിടുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉത്തരവിറക്കി. പിള്ളയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി കരാറുകാരന്‍ പി കെ സജീവിനെയും വിട്ടയക്കും. സാധാരണയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചട്ടങ്ങളനുസരിച്ച് തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്‍കാറ്. ഇതുകൂടാതെ, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി, അംബേദ്കര്‍ ജന്മശതാബ്ദി, സഹസ്രാബ്ദ ജൂബിലി എന്നിവയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട് എന്ന വാദമുയര്‍ത്തിയാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍ , അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചവരെ ഈ അവസരങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല.

ആശുപത്രിയില്‍ കഴിയവേ പിള്ള ഫോണ്‍ ദുരുപയോഗം ചെയ്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ഒരു വര്‍ഷം കഠിനതടവും പിഴയും ശിക്ഷിക്കപ്പെട്ട പിള്ള ഇപ്പോള്‍ നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ കഴിയുകയാണ്. 2011 ഫെബ്രുവരി 18നാണ് പിള്ളയെ ജയിലില്‍ അടച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പിള്ളയെ പരോളില്‍ വിട്ടയച്ചു. ഇതുവരെ 69 ദിവസംമാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളില്‍ കഴിഞ്ഞ പിള്ള ആഗസ്ത് അഞ്ചു മുതല്‍ കിംസ് ആശുപത്രിയിലാണ്. ആശുപത്രിയില്‍ സുഖവാസം അനുഷ്ഠിക്കുന്ന പിള്ളയെ വിട്ടയക്കാന്‍ കേരളപ്പിറവി ദിനം മറയാക്കിയിരിക്കുകയാണ്. ഡിസംബര്‍ 23ന് പിള്ളയുടെ ശിക്ഷാ കാലാവധി കഴിയും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പിള്ളയ്ക്ക് രണ്ടു മാസത്തെ ഇളവിന് അര്‍ഹതയുണ്ടെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. എന്നാല്‍ പിള്ള ഉടന്‍ ആശുപത്രിവിടാന്‍ ഇടയില്ലെന്ന് അറിയുന്നു. ഭരണഘടനയുടെ 161-ാം അനുഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് നല്‍കാം. 138 തടവുകാര്‍ ഇതുപ്രകാരം മോചിതരാകും. രണ്ടായിരത്തഞ്ഞൂറോളം തടവുകാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഇടമലയാര്‍ വൈദ്യുതി പദ്ധതിക്ക് തുരങ്കം നിര്‍മിച്ചതില്‍ അഴിമതി നടത്തിയതിന് പ്രത്യേക കോടതി 1999ല്‍ അഞ്ചു വര്‍ഷം തടവിനാണ് പിള്ളയെയും കരാറുകാരനായ പി കെ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളെയും ശിക്ഷിച്ചത്. ഇത് സുപ്രീംകോടതി ഒരു വര്‍ഷമായി കുറച്ചു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആളെ മറ്റ് സംസ്ഥാനങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല. 65 വയസ്സുകഴിഞ്ഞതിന്റെ പേരില്‍ പിള്ളയെ വിട്ടയക്കാന്‍ ജയില്‍ എഡിജിപി ആഗസ്ത് പത്തിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതരമായ രോഗം പിടിപെട്ടവരെ വിട്ടയക്കണമെന്ന ശുപാര്‍ശയും നല്‍കിയിരുന്നു. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് കേരളപ്പിറവിയുടെ പേരില്‍ ഇളവ് അനുവദിച്ച് അതുവഴി പിള്ളയുടെ മോചനത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.

പിള്ളയെ വിടുന്നത് ജയില്‍ച്ചട്ടവും ഭരണഘടനയും മറികടന്ന്

സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നത് ഭരണഘടനാവ്യവസ്ഥയും ജയില്‍ച്ചട്ടവും കാറ്റില്‍പ്പറത്തി. സുപ്രീംകോടതി ഒരു വര്‍ഷം തടവിന് വിധിച്ചെങ്കിലും ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ കാലയളവ് പിള്ള ജയിലിന് പുറത്തായിരുന്നു. തലസ്ഥാന നഗരത്തിലെ മുന്തിയ സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് റൂമിലാണ് കഴിഞ്ഞ മൂന്നുമാസത്തോളമായി പിള്ളയുടെ "ജയില്‍ വാസം". ജയില്‍ച്ചട്ടം ലംഘിച്ചതിന് രണ്ട് തവണ ജയില്‍ എഡിജിപിയുടെ ശാസന ഏറ്റുവാങ്ങിയ പിള്ളയ്ക്ക് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നാല് ദിവസം കൂടുതല്‍ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. പിള്ളയുടെ മകന്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗമാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിള്ളയുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇളവ് നല്‍കുന്നത്. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ , ലഹരിമരുന്ന് കടത്തുകാര്‍ , തീവ്രവാദികള്‍ , രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയ പട്ടികയില്‍പ്പെട്ടവര്‍ ഒരു തരത്തിലുള്ള ഇളവിനും അര്‍ഹരല്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അഴിമതിയിലൂടെ പൊതുസ്വത്ത് അപഹരിച്ചവര്‍ രാജ്യത്തിന് എതിരായ കുറ്റകൃത്യം ചെയ്തവരുടെ ഗണത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 234/2011 എന്ന നമ്പരില്‍ പുറത്തിറക്കിയ ഉത്തരവില്‍ ഒക്ടോബര്‍ 24 ആണ് തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചതായി രേഖയുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ , തിങ്കളാഴ്ച രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രി ടി എം ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗവും ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരക്കിട്ട് ഉത്തരവിറക്കിയത് ദുരൂഹമാണ്.

ജയില്‍വാസത്തിനിടയില്‍ സ്വഭാവദൂഷ്യത്തിന് പിള്ള ശാസന ഏറ്റുവാങ്ങിയത് ജയില്‍ച്ചട്ടത്തിന്റെ ലംഘനമാണ്. മാധ്യമങ്ങളോട് സംസാരിക്കുകയോ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ വ്യവസ്ഥ ലംഘിച്ചതിന് ജയില്‍ എഡിജിപി നേരിട്ട് പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് മൊബൈല്‍ ഫോണ്‍ സംഭാഷണം നടത്തി പിള്ള ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ജയില്‍ച്ചട്ടം ലംഘിച്ചവര്‍ക്ക് പിന്നീട് പരോള്‍പോലും അനുവദിച്ചിട്ടില്ല. തന്നെ വിട്ടയച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് മകനെ പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് നൂല്‍പ്പാലത്തിലായ സര്‍ക്കാര്‍ പിള്ളയുടെ ഭീഷണി ഒഴിവാക്കാന്‍ തിരക്കിട്ട് ഉത്തരവിറക്കിയതായാണ് കരുതുന്നത്.

സുപ്രീംകോടതിയെ അവഹേളിക്കല്‍ : വി എസ്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള തീരുമാനം സുപ്രീംകോടതിയോടുള്ള അവഹേളനവും ജനാധിപത്യ മനഃസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തെ കഠിനതടവിനുള്ള വിചാരണക്കോടതിയുടെ വിധി അതേപടി ശരിവച്ച സുപ്രീംകോടതി കുറ്റവാളിയുടെ പ്രായവും കേസ് തീരാനെടുത്ത കാലയളവും പരിഗണിച്ചാണ് ഒരുവര്‍ഷത്തെ കഠിനതടവാക്കിയത്. എന്നാല്‍ , കുറ്റവാളിയുടെ മകന്‍കൂടി ഉള്‍പ്പെട്ട സംസ്ഥാന മന്ത്രിസഭ എല്ലാ നിയമവ്യവസ്ഥകളും അട്ടിമറിച്ച് പിള്ളയെ മോചിപ്പിക്കുന്നു. കേവലം 69 ദിവസത്തെ തടവും 75 ദിവസത്തെ പരോളും അതിനുശേഷം പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസവുമാണ് പിള്ളയ്ക്ക് ലഭിച്ചത്. ചികിത്സയ്ക്കിടെ നിയമവിരുദ്ധമായി ഫോണുള്‍പ്പെടെ എല്ലാ സൗകര്യവും അനുഭവിച്ചു. മകനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആശ്രിതരെ പരിചരിക്കാനും നിയോഗിച്ചു. ഫോണ്‍വിളി സംബന്ധിച്ച് കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഭരണസ്വാധീനവും പണവുമുണ്ടെങ്കില്‍ സുപ്രീംകോടതി വിധിപോലും ഒന്നുമല്ലെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ ഐക്യകേരളദിനത്തില്‍ കേരളസര്‍ക്കാര്‍ ഇന്ത്യക്ക് നല്‍കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

പിള്ളയെ വിട്ടയക്കല്‍ : പരക്കെ പ്രതിഷേധം

ജയില്‍ചട്ടങ്ങള്‍ മറികടന്ന് ആര്‍ ബാലകൃഷ്ണപിള്ളയെ മോചിതനാക്കാനുള്ള സര്‍ക്കാര്‍നടപടിക്കെതിരെ വ്യാപക പ്രതിഷേധം. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണിതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ ജയില്‍ചട്ടങ്ങള്‍ മറികടന്ന് മോചിതനാക്കാനുള്ള തീരുമാനം കേരളസമൂഹത്തോടും നിയമവാഴ്ചയോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ളയെ ജയില്‍മോചിതനാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍നീക്കം അഴിമതിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള ആരോപിച്ചു. പിള്ളയെ മോചിപ്പിക്കാനുള്ള തീരുമാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ആര്‍വൈഎഫ് സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പിള്ളയുടെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ നടത്തിയ വിവാദ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന്റെ ഭാഗമായി ആര്‍ ബാലകൃഷ്ണപിള്ളയില്‍നിന്ന് മൊഴിയെടുക്കാന്‍ കോടതി ഉത്തരവ്. പൊലീസ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി പി ഇന്ദിരാദേവി മൊഴിയെടുക്കാന്‍ അനുമതി നല്‍കിയത്. പിള്ളയെ ഫോണ്‍ചെയ്ത "റിപ്പോര്‍ട്ടര്‍" ചാനലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരണിയം സ്വദേശി ബാബു നല്‍കിയ സ്വകാര്യ അന്യായത്തെതുടര്‍ന്ന് കേസെടുത്ത് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിള്ളയില്‍നിന്ന് മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ആവശ്യപ്പെട്ടത്. പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയി കൈതാരം നല്‍കിയ സ്വകാര്യ അന്യായവും തിങ്കളാഴ്ച കോടതി പരിഗണിച്ചു. പിള്ളയുടെ ഫോണ്‍വിളിയുടെയും സന്ദേശങ്ങളുടെയും വിശദാംശം ശേഖരിക്കാന്‍ സമയം വേണമെന്ന പൊലീസ് ഹൈടെക്സെല്ലിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. 15ന് വിശദാംശം ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

deshabhimani 011111

Monday, October 17, 2011

പിള്ളയുടെ ആശുപത്രിവാസം ജയില്‍വാസമായി പരിഗണിക്കാനാവില്ല: നിയമവിദഗ്ധര്‍

കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ ആശുപത്രിവാസം ചട്ടംലംഘിച്ചു കൊണ്ടുള്ള അനധികൃത പരോളായി കണക്കാക്കണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2010ലെ പ്രിസണ്‍ ആക്ട് പ്രകാരം പിള്ള താമസിക്കുന്ന സ്വകാര്യ ആശുപത്രി ജയിലിന്റെ നിര്‍വചനത്തില്‍ വരുന്നില്ലെന്നത് തന്നെയാണ് പിള്ളയ്ക്ക് കെണിയാകുന്നത്. തടവില്‍ കഴിയുന്ന ആള്‍ താമസിക്കുന്ന സ്ഥലം ജയിലായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണം. ഇത് ഗസറ്റില്‍ പരസ്യം ചെയ്യുകയും വേണം. പിള്ളയെ താമസിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ മുറി ജയിലായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നത് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാണ്.

പിള്ള താമസിക്കുന്ന സ്വകാര്യ ആശുപത്രി ജയില്‍ നിര്‍വചനങ്ങളില്‍ വരാത്തതിനാല്‍ അദ്ദേഹം ഫോണ്‍ ഉപയോഗിച്ചതിനെ കുറ്റകരമായി കാണാന്‍ കഴിയില്ലെന്ന പരാമര്‍ശം ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്.

സാധാരണഗതിയില്‍ മെഡിക്കല്‍ കോളജുകളിലാണ് തടവുകാര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. തടവുകാരെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡ് ജയില്‍സെല്ലായിട്ടാണ് അറിയപ്പെടുന്നത്.
എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ മുറി അങ്ങനെ കണക്കാക്കാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധനായ അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ ചൂണ്ടിക്കാട്ടുന്നത്. പിള്ള കിടക്കുന്ന മുറി ജയിലായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാണ്. പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പിള്ള ആശുപത്രിയില്‍ കഴിയുന്ന കാലയളവ് ജയില്‍വാസത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തടവുകാരന് ചികിത്സ നല്‍കുകയെന്നത് അയാളുടെ അവകാശമാണ്. പക്ഷെ അതിന് പാലിക്കേണ്ട നടപടികള്‍ കര്‍ക്കശമായും നടപ്പിലാക്കേണ്ടതുണ്ട്.

പിള്ളയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ വിധിന്യായത്തില്‍ ഒരുവര്‍ഷത്തെ കഠിനതടവില്‍ നിന്ന് യാതൊരു ഇളവുകള്‍ക്കും അര്‍ഹനല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷയുടെ കാര്യത്തില്‍ ഇളവ് മറ്റൊരു പ്രതിയായ രാമഭദ്രന്‍നായര്‍ക്ക് മാത്രമാണ്. ജയിലില്‍ പാര്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാലാണ് അദ്ദേഹത്തിന് ഇളവ് നല്‍കിയത്.
കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ ജയിലില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്നതും ചട്ടമാണ്. എന്നാല്‍ പിള്ളയുടെ കാര്യത്തില്‍ ഇക്കാര്യത്തിലും വീഴ്ച വരുത്തിയിട്ടുള്ളതായാണ് സൂചന.

ജയില്‍വാസത്തിന് യോഗ്യനാണെന്ന് ഡോക്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഒരാളെ ജയിലില്‍ പാര്‍പ്പിക്കുക. ജയില്‍വാസത്തില്‍ ആരോഗ്യപരമായി യോഗ്യനാണെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ട്ടിഫിക്കറ്റ് ചെയ്തയാള്‍ക്ക് ഹൃദയാഘാതം പോലുള്ള പെട്ടെന്നുള്ള അസുഖം വന്നാലല്ലാതെ ഇളവ് നല്‍കാനും വകുപ്പില്ല. ഒരുവര്‍ഷത്തില്‍ അനുവദിക്കാവുന്ന 75 ദിവസത്തെ പരോളും ഉപയോഗപ്പെടുത്തിയ പിള്ളയ്ക്ക് ഇനി പരോള്‍ നിയമപരമായി നല്‍കാന്‍ കഴിയില്ല.

പിള്ളയുടെ ആശുപത്രിവാസം ജയില്‍നിര്‍വചനത്തിന് പുറത്തായതിനാല്‍ തടവായി കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

janayugom 171011

Thursday, October 6, 2011

വീണ്ടും ശിക്ഷയിളവ്: പിള്ള സര്‍ക്കാരിനതീതന്‍

നിയമലംഘനത്തെ വെറും ചട്ടലംഘനത്തിലൊതുക്കി ബാലകൃഷ്ണ പിള്ളക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് വര്‍ഷത്തെ തടവുശിക്ഷയില്‍ നിന്ന് നാല് ദിവസമാക്കി കുറച്ച് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പിള്ളയുടെ വിധേയനായി. 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വന്ന ജയില്‍ നിയമ പ്രകാരം പിള്ള ചെയ്ത കുറ്റത്തിന് പരമാവധി രണ്ട് വര്‍ഷം തടവും, പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടതാണ്. എന്നാല്‍ തടവു പുള്ളികള്‍ ഏതെങ്കിലും ചെറിയ കുറ്റം ചെയ്താല്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന ചെറിയ ശിക്ഷയായ ശിക്ഷാ കാലാവധിയില്‍ നാല് ദിവസം കൂടി നീട്ടി നല്‍കുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നിയമം ലംഘിച്ച് മാധ്യമ പ്രവര്‍ത്തകനെ ഫോണ്‍ വിളിച്ച പിള്ളക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പുതിയ നിയമത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന ന്യായം നിരത്തി പഴയ ചട്ടം പ്രകാരമുള്ള ശിക്ഷയാണ് പിള്ളക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പിള്ള ഇപ്പോള്‍ നടത്തിയിരിക്കുന്നത് ചട്ട ലംഘനമല്ല, മറിച്ച് നിയമ ലംഘനമാണ്. പിള്ള ചെയ്ത കുറ്റത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതി കേസില്‍ കഠിന തടവിന് സുപ്രീം കോടതി തന്നെ ശിക്ഷിച്ച വ്യക്തിയെയാണ് യു ഡി എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ സഹായിക്കുന്നത്. 'തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആള്‍ ഏതെങ്കിലും ആളിന് എഴുതിയോ, വാക്കാലോ, അടയാളങ്ങളാലോ മൊബൈല്‍ ഫോണ്‍ വഴിയോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയോ ഏതെങ്കിലും സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്' എന്ന് ഇത് സംബന്ധിച്ച ജയില്‍ നിയമത്തിന്റെ വകുപ്പില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കാന്‍ ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ട് തടവ് പുള്ളി ഇത്തരത്തിലുള്ള കുറ്റം ചെയ്തിട്ടുണ്ട് എന്ന് കുറ്റം നടന്ന പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രം മതിയാകുമെന്ന് അധ്യായം 83 ലും, 86(2) ല്‍ പറയുന്നുണ്ട്. ജയില്‍ സൂപ്രണ്ട് ഒരു റിപ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കി കേസ് കോടതിയില്‍ വന്നാല്‍ പിള്ള ചെയ്ത കുറ്റത്തിന് മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇതൊന്നും ചെയ്യാതെ കുറ്റം ചെയ്ത ആളിന് ജയില്‍ സൂപ്രണ്ടോ, ജയില്‍ എ ഡി ജി പി യോ നല്‍കാവുന്ന ചെറിയ ശിക്ഷയായ ശിക്ഷാ കാലാവധിയില്‍ നാല് ദിവസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

 പിള്ളയ്ക്ക് ഇത്തരത്തിലൊരു ശിക്ഷ മാത്രമേ ലഭിക്കുളളൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയില്‍ ഇത് സംബന്ധിച്ച് പ്രസ്താവനയും നടത്തിയിരുന്നു. പിള്ള നടത്തിയത് നിയമലംഘനം അല്ലെന്നും, ചട്ടലംഘനം മാത്രമാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. 2010 ലെ കേരള പ്രിസണുകളും, സംശുദ്ധീകരണ സാന്‍മാര്‍ഗിക സേവനങ്ങളും(നിര്‍വ്വഹണ) ബില്ലിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് പിള്ള ഫോണ്‍ വിളിച്ചെതെന്നായിരുന്നു അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഈ നിയമത്തിന് ഇതുവരെ ചട്ടങ്ങള്‍ നിലവില്‍ വന്നിട്ടില്ല എന്നതാണ് വസ്തുത. ഇല്ലാത്ത ചട്ടത്തിന്റെ പേര് പറഞ്ഞാണ് പിള്ളയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പാടുപെടുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ വി ശിവന്‍കുട്ടി എം എല്‍ എ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

പിള്ള ചെയ്ത കുറ്റത്തിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നാല്‍ അത് കടുത്ത നിയമലംഘനവും, സര്‍ക്കാരിനെതിരെയുള്ള വന്‍ പ്രതിഷേധത്തിനും കാരണമാകുമെന്നതിനാലാണ് പിള്ളയ്ക്ക് ചെറിയ ശിക്ഷ നല്‍കി തലയൂരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തടവില്‍ കഴിയവേ പിള്ള മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈലിലേയ്ക്ക് വിളിച്ചതിനുള്ള തെളിവുകളും ഇപ്പോള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നത്തില്‍ നിന്ന് പിള്ളയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത ഇപ്പോള്‍ സര്‍ക്കാരിന്റെ ചുമതലയായി മാറിയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നതും.

ജി. ഗിരീഷ്‌കുമാര്‍ janayugom 071011

Monday, October 3, 2011

ഇടമലയാര്‍ അഴിമതി : അന്ന് എന്‍ജിനിയറും കുടുംബവും...

കൊച്ചി: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനുണ്ടായ ദുരനുഭവം ഓര്‍മിപ്പിക്കുന്നത് ഇടമലയാര്‍ അഴിമതിക്കേസിലെ മുഖ്യസാക്ഷിയായിരുന്ന സിവില്‍ എന്‍ജിനിയര്‍ മത്തായിക്കും കുടുംബത്തിനും ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തം. ഇടമലയാര്‍ കേസ് തേച്ചുമാച്ചു കളയാന്‍ കൊണ്ടുപിടിച്ച നീക്കം നടക്കുന്നതിനിടെ മത്തായിയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സംഭവം ഏറെ വിവാദമുയര്‍ത്തിയിട്ടും ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായ 1982-87 മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെയാണ് പിള്ള മുഖ്യപ്രതിയായ ഇടമലയാര്‍ അഴിമതി നടന്നത്. ഇടമലയാര്‍ പവര്‍സ്റ്റേഷനില്‍ ദീര്‍ഘകാലം എന്‍ജിനിയറായിരുന്ന കോലഞ്ചേരി പട്ടിമറ്റം മേച്ചങ്കര മത്തായി കേസിലെ മുഖ്യസാക്ഷിയുമായി. സത്യസന്ധമായി ഔദ്യോഗികജീവിതം നയിച്ച മത്തായി പ്രധാന സാക്ഷിയാണെന്നത് പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ക്ക് തലവേദനയായി. ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ച മത്തായി കുടുംബത്തോടൊപ്പം 1996 ജനുവരി 16നാണ് മരിച്ചത്. പുതുതായി നിര്‍മിച്ചുകൊണ്ടിരുന്ന വീടിനുമുന്നിലെ കിണറ്റില്‍ കഴുത്തറ്റ നിലയില്‍ മത്തായി(56)യുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ കിഴക്കമ്പലം ഞാറല്ലൂര്‍ ഹൈസ്കൂള്‍ അധ്യാപിക ഏലമ്മ (53)യുടെയും മക്കളായ സിനി(19), ജിനി(17) എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലുമാണ് കണ്ടത്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങളില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

മന്ത്രിയും ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഇടമലയാര്‍ കേസ് തേച്ചുമാച്ചുകളയാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടക്കുമ്പോഴാണ് കോളിളക്കമുണ്ടാക്കി ഈ കൂട്ടമരണം നടന്നത്. കേസില്‍ ജസ്റ്റിസ് സുകുമാരന്‍ കമീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. തുടര്‍ന്ന്, കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. 1990ല്‍ ക്രൈംബ്രാഞ്ച് പ്രത്യേകകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1991 അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ പിന്‍വലിച്ച് കേസില്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി അനുമതിയോടെ പ്രത്യേകകോടതിയില്‍ വിസ്താരം തുടങ്ങുന്നതിന് ഒരുമാസംമുമ്പാണ് മത്തായിയും കുടുംബവും മരിച്ചത്. സ്ഥലത്തെത്തിയ അന്നത്തെ റൂറല്‍ എസ്പി ടോമിന്‍ ജെ തച്ചങ്കരി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം സംഭവം ആത്മഹത്യയെന്ന് വിധിയെഴുതി. എന്തായാലും, കൊലപാതകമാണെന്നതിന്റെ ശക്തമായ തെളിവുകള്‍ അവശേഷിച്ചിട്ടും ലോക്കല്‍ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സ്പെഷ്യല്‍ സ്ക്വാഡുമൊക്കെ അന്വേഷിച്ച് ആത്മഹത്യയായി തന്നെ 2007ല്‍ കേസ് അവസാനിച്ചു.

വീടിന്റെ രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് മത്തായിയും കുടുംബവും മരിച്ചത്. തലേന്നു രാത്രി വൈകുവോളം ഉത്സാഹപൂര്‍വം വീടുനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മത്തായിയും കുടുംബവും ആത്മഹത്യചെയ്യുമെന്നു വിശ്വസിക്കാന്‍ അയല്‍ക്കാര്‍ക്കാകുന്നില്ല. എംസിഎ കഴിഞ്ഞ സിനി പിറ്റേന്ന് ഫാക്ടില്‍ പ്രോജക്ട് വര്‍ക്കിനു ചേരേണ്ടതായിരുന്നു. വീടിന് 200 മീറ്ററോളം അകലെ മത്തായിയുടെ കണ്ണട കണ്ടെത്തിയിരുന്നു. ഭാര്യയെയും മക്കളെയും കൊന്നശേഷം അടുത്തുള്ള കുരിശുപള്ളിയില്‍ വഴിപാടിടാന്‍ വന്നപ്പോള്‍ കണ്ണട നഷ്ടപ്പെട്ടതാണെന്ന കണ്ടെത്തല്‍പോലും പൊലീസ് നടത്തി. കൊലപാതകമെന്നു വിധിയെഴുതാവുന്ന നിരവധി തെളിവുകള്‍ അവഗണിക്കപ്പെട്ടു.
(എം എസ് അശോകന്‍)

സ്വന്തം നേതാവിനെ പിള്ളയുടെ ഗുണ്ടകള്‍ കുത്തിമലര്‍ത്തി

ചെങ്ങന്നൂര്‍ : കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരായ സമരം പൊളിക്കണമെന്ന ഗതാഗതമന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശം അംഗീകരിക്കാത്ത സ്വന്തം യൂണിയന്‍ നേതാവിനെ ഡിപ്പോയിലിട്ട് കൊട്ടേഷന്‍ സംഘത്തെക്കൊണ്ട് കുത്തിമലര്‍ത്തി. 1993ല്‍ കൊട്ടാരക്കര ഡിപ്പോയില്‍ നടന്ന ഈ ക്രൂരകൃത്യവും പൊലീസിനെ സ്വാധീനിച്ച് പിള്ള തേച്ചുമാച്ചു കളഞ്ഞു. അങ്ങാടിക്കല്‍ മലയില്‍ അപ്പിലി പുരയിടത്തില്‍ കെ കെ ജോയിക്കുട്ടി (70) യാണ് പിള്ളയുടെ മാടമ്പിത്തരത്തിന് കീഴടങ്ങാത്തതിന്റെ പേരില്‍ ഗുണ്ടാ ആക്രമണത്തിന് വിധേയനായത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധു ഹരിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കുത്തേറ്റ് നെഞ്ചില്‍ 18 കുത്തിക്കെട്ടുമുണ്ടായി.

സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതിനെതിരെ 1993ല്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലും ശബരിമല സര്‍വീസ് നടത്തുന്ന മിക്ക ഡിപ്പോകളിലും കെഎസ്ആര്‍ടിഇഎ നേതൃത്വത്തില്‍ സമരം നടന്നു. ശബരിമല സര്‍വീസ് നടത്തുന്ന ജീവനക്കാര്‍ക്ക് ഡബിള്‍ഡ്യൂട്ടിയായി കണക്കാക്കിയിരുന്നത് മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള നിര്‍ത്തലാക്കി. ഇതിനെതിരായ സമരത്തിന്റെ മുന്‍പന്തിയില്‍ പിള്ള പ്രസിഡന്റായിരുന്ന കെഎസ്ടിഡി യൂണിയനായിരുന്നു. ഇതുകൂടാതെ ചെങ്ങന്നൂരില്‍ 13 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയതും പ്രതിഷേധത്തിനിടയാക്കി. ദിവസങ്ങള്‍ നീണ്ടുനിന്ന സമരം പലവഴികളിലൂടെ ചെങ്ങന്നൂര്‍ ഒഴികെയുള്ള ഡിപ്പോകളിലും പൊളിച്ചു. എന്നാല്‍ ചെങ്ങന്നൂര്‍ ഡിപ്പോയില്‍ സമരം ജനകീയമായി. ചെങ്ങന്നൂരില്‍ സമരത്തില്‍ തൊഴിലാളികളുടെ നേതൃത്വം, ബാ പിള്ളയുടെ യൂണിയന്റെ ചെങ്ങന്നൂരെ പ്രസിഡന്റും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ കെ ജോയിക്കുട്ടിക്കായിരുന്നു. പലവിധ പ്രലോഭനമുണ്ടായെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ പിള്ള ജോയിക്കുട്ടിയെ നേരിട്ട് വിളിച്ച് സമരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടു.

ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സമരം വിജയിച്ചെങ്കിലും ജോയിക്കുട്ടി മന്ത്രി പിള്ളയുടെ കണ്ണിലെ കരടായി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസര്‍ ആയിരുന്ന ജോയിക്കുട്ടിയെ, ഇതേ തുടര്‍ന്ന് നാലുമാസത്തിനകം മന്ത്രി ഇടപെട്ട് കൊട്ടാരക്കരയിലേക്ക് സ്ഥലംമാറ്റി. അപകടം മണത്ത സഹപ്രവര്‍ത്തകര്‍ ജോയിക്കുട്ടിക്ക് അപായസൂചന നല്‍കിയിരുന്നു. സ്വന്തം യൂണിയന്‍ പ്രസിഡന്റിനെ എന്തിനു പേടിക്കണം എന്നായിരുന്നു ജോയിക്കുട്ടി അവരോട് പറഞ്ഞത്. എന്നാല്‍ കൊട്ടാരക്കര ങോലി തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പിള്ളയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം കൊട്ടാരക്കര ഡിപ്പോയ്ക്കുള്ളില്‍വച്ച് മൃഗീയമായി ആക്രമിച്ചു. നെഞ്ചിന്റെ വലതുഭാഗത്ത് കത്തി കുത്തിയിറക്കി. ഗുരുതരാവസ്ഥയിലായ ജോയിയെ കൊട്ടാരക്കര ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. കേസെടുക്കുന്നതിലും അന്വേഷിക്കുന്നതിലും പൊലീസ് വിമുഖതകാട്ടി. ഒടുവില്‍ തെളിവില്ലെന്ന കാരണത്താല്‍ കേസ് കോടതിയില്‍ തള്ളിപ്പോയി. ഇതിനിടയില്‍ ചികിത്സയ്ക്ക് കെഎസ്ആര്‍ടിസി അനുവദിച്ച തുകയും തിരികെവാങ്ങി. നിരന്തരം സ്ഥലം മാറ്റവും പിള്ളയുടെ ഭീഷണിയും തുടര്‍ന്നതിനാല്‍ ജോയിക്കുട്ടി ദീര്‍ഘാവധിയില്‍ പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് ഇദ്ദേഹം ജോലിയില്‍ തിരികെയെത്തിയത്. വലതുനെഞ്ചിലെ തുന്നല്‍പാടുമായി ജോയിക്കുട്ടി 97ല്‍ വിരമിച്ചു.

deshabhimani 031011

Friday, September 23, 2011

പിള്ളയുടെ സുഖചികിത്സയ്ക്ക് സമയപരിധിയില്ലെന്ന് അധികൃതര്‍

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ചികിത്സയ്ക്ക് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത് പിള്ളമാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

നക്ഷത്രസൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പിള്ളയ്ക്ക് എത്രകാലം ചികിത്സ വേണ്ടിവരുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മറുപടിയില്‍ പറയുന്നത്. രക്തത്തില്‍ ഇരുമ്പിന്റെ അംശം അമിതമായി കാണുന്ന രോഗത്തിനാണ് ബാലകൃഷ്ണപിള്ളയെ ചികിത്സയ്ക്ക് അയച്ചതത്രേ. പിള്ളയുടെ രോഗത്തിനുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാലാണോ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല. രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്ന രോഗം പിള്ളയ്ക്ക് വളരെക്കാലമായി ഉള്ളതാണ്. ഇരുമ്പുപാത്രങ്ങളില്‍ പാചകംചെയ്ത ഭക്ഷണം ഒഴിവാക്കിയാല്‍ത്തന്നെ രോഗത്തിന്റെ കാഠിന്യം കുറയുമെന്ന് പിള്ളയെ ജയിലില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ഹൃദ്രോഗം എന്ന് പറഞ്ഞാണ് പിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി അയച്ചത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ.ജി വിജയരാഘവന്റെ ചികിത്സയില്‍ കഴിയുകയാണെന്നാണ് ഇതുവരെ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ , വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഹൃദ്രോഗത്തെക്കുറിച്ച് പറയുന്നില്ല.

പൊലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും കാവലിലാണ് പിള്ള കഴിയുന്നതെന്നാണ് മറുപടിയിലുള്ളത്. എന്നാല്‍ , ആശുപത്രിയിലെ ആഡംബര സ്യൂട്ട് റൂമില്‍ കഴിയുന്ന പിള്ളയ്ക്ക് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ കാവല്‍ നില്‍ക്കുന്നില്ലെന്നാണ് വിവരം. പിള്ള കഴിയുന്ന സ്യൂട്ട് റൂമിന് ആയിരങ്ങളാണ് പ്രതിദിന വാടക. കുടിവെള്ളം ഉള്‍പ്പെടെ വീട്ടില്‍നിന്നാണ് കൊണ്ടുവരുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ള സുഖവാസത്തില്‍ കഴിയുകയാണെന്നാണ് വസ്തുത. മെഡിക്കല്‍ കോളേജില്‍ ആണെങ്കില്‍ സെല്ലില്‍ കഴിയേണ്ടിവരുമായിരുന്നു. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുള്ള ഇളവുകള്‍മാത്രമേ പിള്ളയ്ക്ക് നല്‍കിയിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം. വസ്തുത ഇതല്ലെന്ന് ജയില്‍ അധികൃതരുടെ മറുപടിയില്‍നിന്ന് വ്യക്തമാണ്.

deshabhimani 230911

Wednesday, August 31, 2011

സുപ്രീംകോടതിയെ അപഹസിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി

ജനാധിപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടത്. സാമൂഹികമായ പൊതുനീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ , രാഷ്ട്രീയമായി രൂപപ്പെട്ട ഭരണഘടനയ്ക്കും അതിനെ അടിസ്ഥാനമാക്കി അംഗീകരിക്കപ്പെടുന്ന നിയമങ്ങള്‍ക്കുമനുസരിച്ചായിരിക്കണം നീതിനിര്‍വ്വഹണം. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ കളങ്കരഹിതമായി സ്വധര്‍മ്മം അനുഷ്ഠിക്കണം. നിയമവിരുദ്ധവും നീതിരഹിതവുമായ യാതൊന്നും സാമൂഹ്യപ്രക്രിയയില്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ചുമതലയാണ്. അതില്‍ നിന്നൊഴിഞ്ഞുമാറുന്നവര്‍ ആരായാലും തെറ്റുകാരാണ്. നീതിയുടെ സുഗമസഞ്ചാരത്തിന് നിയമത്തിന്റെ നേര്‍വഴിയൊരുക്കേണ്ടവര്‍ ഗൂഢാലോചനയുടെ ഊടുവഴികള്‍ പരതുമ്പോള്‍ ,അനീതിയും അന്യായവും സമൂഹത്തില്‍ തേര്‍വാഴ്ച നടത്തും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന മുന്‍സംസ്ഥാന വൈദ്യൂതിമന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ , കേരളാഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ഉചിതവും ഭൂഷണവുമല്ല. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍ . മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ പരമമായ തത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ആളെക്കൂട്ടിയും ആരവമുയര്‍ത്തിയും ആഴമില്ലാത്ത ജനകീയത സൃഷ്ടിക്കാനെളുപ്പമാണ്. എന്നാല്‍ നിയമപരവും നീതിപൂര്‍വ്വകവുമായ ഭരണനിര്‍വ്വഹണത്തിലൂടെ മാത്രമേ, ജനാധിപത്യത്തിന് അഗാധസാന്ദ്രത നല്‍കാനാകുകയുള്ളൂ. അധികാരത്തിലിരുന്നപ്പോള്‍ അഴിമതി നടത്തിയതിന്റെ പേരിലാണ് ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചത്. കീഴ്ക്കോടതികളില്‍ അനേകവര്‍ഷമായി നടന്നുവന്ന കുറ്റവിചാരണയുടെ പര്യവസാനത്തിലാണ് തടവുശിക്ഷ വിധിച്ചു കൊണ്ട് സുപ്രീംകോടതി കേസ് അന്തിമമായി തീര്‍പ്പാക്കിയത്. ബാലകൃഷ്ണപിള്ളയുള്‍പ്പെടെ ബന്ധപ്പെട്ടവരെല്ലാം ഈ വിധി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്, വ്യക്തിപരമായി ഏറെ അസ്വാസ്ഥ്യജനകമാണെങ്കിലും. എന്നാല്‍ , സ്വയമിഷ്ടപ്പെട്ടാലുമില്ലെങ്കിലും, സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്. നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത. അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചു.

ബാലകൃഷ്ണപിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. ഇവരുടെയെല്ലാം പൊതുസമീപനം, ഇടമലയാര്‍ കേസ് വ്യക്തിവിരോധം തീര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉണ്ടാക്കിയതാണെന്നാണ്. വെറുതെ, ശുദ്ധഗതിയോടെ, വഴിയോരത്ത് ഇളവെയില്‍ കൊണ്ടും കിനാവുകണ്ടുമിരുന്ന ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടെന്നാണ് അവരുടെ ഭാവം. അച്യുതാനന്ദന്റെ ആഗ്രഹത്തിനനുസരിച്ച് വിധി പ്രസ്താവിക്കാനിരിക്കുന്ന ഏജന്‍സിയാണ് സുപ്രീംകോടതിയെന്ന പോലെ നിസ്സാരവത്കരിച്ചാണ് അവര്‍ വര്‍ത്തമാനം പറയുന്നത്. ആരുടെയെങ്കിലും ആത്മനിഷ്ഠമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലല്ല, വസ്തുനിഷ്ഠമായ തെളിവുകളുടെയും സുപ്രതിഷ്ഠിതമായ നിയമതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.വസ്തുതയിതായിരിക്കെ, മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യസന്ധമായി വിധി നടപ്പാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കടമ. ഭീതിയോ, പ്രീതിയോ, ദ്വേഷമോ വിധി നടത്തിപ്പില്‍ ഭരണാധികാരിയായ അദ്ദേഹത്തെ സ്വാധീനിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ , ഭീതിയും പ്രീതിയും ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതിവേഗം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ബാലകൃഷ്ണപിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. നഗ്നമായ സ്വരാഷ്ട്രീയ പക്ഷപാതമാണ് ഇത്. സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് മതിയായ എല്ലാ ഔദ്യോഗിക - സാങ്കേതിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു. പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്.

ആര്‍ .ബാലകൃഷ്ണപിള്ള എന്ന വ്യക്തിയെ, ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി കാണുകയോ സംസാരിക്കുകയോ ചെയ്യുന്നത് പൗരസമൂഹത്തിന് ഒരിക്കലും പ്രശ്നമാകേണ്ട കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം ശിക്ഷിച്ച ഒരു പ്രതിയെ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടുസന്ദര്‍ശിച്ച് വിധി സംബന്ധിച്ച സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയും അതിനനുസരിച്ച് ശിക്ഷയെ മറികടക്കുന്നതിനുളള നടപടികള്‍ "സൂപ്പര്‍ഫാസ്റ്റാ"യി പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും പൊതുസമൂഹത്തിന്റെ നീതിബോധത്തിന് നിരക്കുന്നതല്ല. ഭരണഘടനാ പരമായി അരുതാത്തത് മുഖ്യമന്ത്രി ചെയ്തിരിക്കുന്നുവെന്നത് ഇന്നേവര്‍ക്കും അറിയാം. ശിക്ഷിതനായ ബാലകൃഷ്ണപിള്ളയെന്ന പ്രതിയെ കാലാവധിയോളം ജയിലില്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ കാവല്‍ക്കാരനാണ് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. ഒരു ജുഡീഷ്യല്‍ പ്രോസസിലൂടെ (നിയമപരമായ പ്രക്രിയയിലൂടെ)യാണ് കുറ്റവാളിയുടെയും കാവല്‍ക്കാരന്റെയും റോളുകളില്‍ ഇവരിരുവരും എത്തിപ്പെട്ടത്. മറ്റൊരു നിയമപ്രക്രിയയിലൂടെ മാത്രമേ, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ പാടുള്ളൂ. അതു സംഭവിക്കാത്തിടത്തോളം, എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിയായ ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ ചെല്ലാനോ, സത്ക്കാരം സ്വീകരിക്കാനോ പാടുള്ളതല്ല. നിയമപരമായി ഭരണാധികാരികള്‍ അനുവര്‍ത്തിക്കേണ്ട മര്യാദയും സദാചാരവും ഉമ്മന്‍ചാണ്ടി ലംഘിച്ചു. മാത്രമല്ല, സുപ്രിംകോടതിവിധി മറികടക്കാനുള്ള ഗൂഢാലോചന അദ്ദേഹം നടത്തുകയും ചെയ്തു. മാധ്യമവാര്‍ത്തകള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രിയുടെ സുഖസൗകര്യത്തിലേക്ക് ബാലകൃഷ്ണപിള്ളയെ പരോള്‍ കഴിഞ്ഞയുടനെ തന്നെ മാറ്റിയതും, ഈ സംശയം വര്‍ദ്ധിപ്പിക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് നിയമരഹിതമായി ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ , "മനുഷ്യത്വം" എന്ന മറ ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. കേവലമായ മനുഷ്യത്വം എന്നൊന്നില്ലെന്നും അത് ആപേക്ഷികമാണെന്നും ഉമ്മന്‍ചാണ്ടി മറന്നുപോയെന്ന് തോന്നുന്നു. പിള്ളയേക്കാള്‍ പ്രായവും പിള്ളയ്ക്കുള്ളതിനേക്കാള്‍ രോഗങ്ങളുമുള്ള മറ്റു തടവു പുള്ളികളില്ലേ ?

അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മനുഷ്യത്വപരമായ പെരുമാറ്റത്തിന് ബാലകൃഷ്ണപിള്ള മാത്രം എങ്ങനെ അര്‍ഹനാകും ? ഇന്ത്യന്‍ സുപ്രീകോടതിയ്ക്കില്ലാത്ത മനുഷ്യത്വബോധം നിയമപരമായ ഒരു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെങ്ങിനെ അവകാശപ്പെടാനും പ്രയോഗിക്കാനുമാകും ? സാമ്പത്തികശക്തിയും രാഷ്ട്രീയസ്വാധീനവും പിള്ളയ്ക്ക് ഉള്ളതുകൊണ്ടല്ലേ പ്രത്യേക ആനുകൂല്യം അദ്ദേഹത്തിന് നല്‍കിയത്? നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നത് കോടതി മുറിക്കുള്ളില്‍ മാത്രം ദീക്ഷിക്കേണ്ടതല്ല; ന്യായാധിപന്മാര്‍ മാത്രം അനുവര്‍ത്തിക്കേണ്ടതുമല്ല, അത്. ഭരണനിര്‍വ്വഹണത്തിന്റെ എല്ലാ ഏജന്‍സികളും ജനാധിപത്യവ്യവസ്ഥയില്‍ സമത്വബോധത്തോടെയും നീതിപൂര്‍വ്വകമായും കര്‍ത്തവ്യ നിര്‍വഹണം നടത്താന്‍ ബാധ്യസ്ഥരാണ്. അതുചെയ്യാതെ, പൊതുജനങ്ങള്‍ നല്‍കിയ അവസരമുപയോഗിച്ച് അധികാരത്തിലിരുന്നപ്പോള്‍ അഴിമതി നടത്തിയതിന് സുപ്രീംകോടതി ശിക്ഷിച്ച വ്യക്തിയോട് കാണിക്കുന്ന പക്ഷപാതത്തിന് മനുഷ്യത്വമെന്ന പേരിടുന്നത് നിന്ദനീയമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖശ്രീയായ ഭരണഘടനയേയും നിയമസംവിധാനത്തേയും നോക്കി ഉമ്മന്‍ചാണ്ടിയെന്ന സംസ്ഥാന മുഖ്യമന്ത്രി കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നത്.

ഡോ. കെ.പി. കൃഷ്ണന്‍കുട്ടി ചിന്ത വാരിക

Wednesday, August 10, 2011

പിള്ളയ്ക്ക് ആശുപത്രിയില്‍ സുഖവാസം: മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍നിന്ന് പുറത്തിറക്കി മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തതിന് ഉമ്മന്‍ചാണ്ടിക്ക് വക്കീല്‍ നോട്ടീസ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായ മഹേഷ് മോഹനാണ് നോട്ടീസ് അയച്ചത്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് വിട്ടയക്കുന്നതിന് മുഖ്യമന്ത്രി സ്വീകരിച്ച നടപടി സത്യപ്രതിജ്ഞാലംഘനവും ക്രിമിനല്‍ കുറ്റവുമാണെന്ന് നോട്ടീസില്‍ പറഞ്ഞു.

പിള്ളയെ വിട്ടയക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഗസ്ത് അഞ്ചിന് ഇറക്കിയ പ്രത്യേക ഉത്തരവ് അധികാര ദുര്‍വിനിയോഗമാണ്. സുപ്രീംകോടതി പിള്ളയ്ക്ക് കഠിന തടവാണ് വിധിച്ചത്. എന്നാല്‍ , മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രതിക്ക് കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ എന്നിവ അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ അനുവദിച്ചിരുന്ന മൊബൈല്‍ഫോണില്‍നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും നിരന്തരം വിളിച്ചിട്ടുണ്ട്. പിള്ളയ്ക്ക് അനുവദിച്ച പരോളിലെ ചട്ടപ്രകാരം, പരോള്‍ കഴിഞ്ഞ് അടുത്തത് അനുവദിക്കണമെങ്കില്‍ ആറുമാസം കഴിയണം. പിള്ള ശിക്ഷാകാലാവധിയില്‍ 169ല്‍ 75 ദിവസവും ജയിലിന് പുറത്താണ്.

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ പിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ അടിയന്തരമായി പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ , പരോളിലിറങ്ങിയ പിള്ള വീട്ടില്‍ "അസുഖ"മുള്ള ഭാര്യയുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ശിക്ഷാ കാലാവധിയില്‍ അധികദിവസവും പിള്ളയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ്. ചികിത്സയുടെ പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പിള്ളയ്ക്ക് സുഖചികിത്സ മാത്രമാണ് നടത്തുന്നത്. പിള്ളയെ പുറത്തിറക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍നിന്ന് പുറത്തിറക്കുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പിന്‍വലിച്ച് അദ്ദേഹത്തെ ജയിലില്‍ തിരിച്ചയച്ചില്ലെങ്കില്‍ കോടതിയലക്ഷ്യത്തിനും അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള നിയമനടപടിക്കും സുപ്രീംകോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറഞ്ഞു.

deshabhimani 100811

Monday, August 8, 2011

പിള്ളയെ വിട്ടത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: സിപിഐ എം

അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പരോളിന്റെയും ചികിത്സയുടെയും മറവില്‍ ജയില്‍മോചനത്തിന് തുല്യമായ ആനുകൂല്യം നല്‍കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ക്കും സംസ്ഥാനത്ത് ഇതുവരെ മുന്‍കൂര്‍ വിടുതല്‍ നല്‍കിയിട്ടില്ല. ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന തടവുകാരോട് മനുഷ്യത്വസമീപനം ഉണ്ടാകണമെന്നത് പരിഷ്കൃതസമൂഹം ആഗ്രഹിക്കുന്നു. അതുകൊണ്ട് അസുഖബാധിതര്‍ക്ക് വിദഗ്ധചികിത്സ നല്‍കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷേ, ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ അപൂര്‍വ രോഗം നേരിടുകയാണെന്ന് വിശ്വാസയോഗ്യമായി മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ , സ്വകാര്യ ആശുപത്രിയിലെ ചികിത്സ എന്നത് ജയില്‍ശിക്ഷ അസാധുവാക്കാനുള്ള തന്ത്രമായാണ് കാണേണ്ടത്. അഴിമതിക്കേസില്‍ കോടതിശിക്ഷ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണനിര്‍വഹണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനുണ്ട്. പരോളിന്റെയും ചികിത്സയുടെയും മറവില്‍ നിയമവിരുദ്ധമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അഭികാമ്യമല്ലെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

deshabhimani 080811

Saturday, August 6, 2011

ചികിത്സയുടെ പേരില്‍ പിള്ളയെ തുറന്നുവിട്ടു

അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിനു ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ നക്ഷത്രസൗകര്യമുള്ള സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ഒരുമാസത്തെ പരോള്‍ കഴിഞ്ഞു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയ പിള്ളയ്ക്ക് മിന്നല്‍വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കിയാണ് സുഖവാസത്തിനു സൗകര്യം ഒരുക്കിയത്. പിള്ളയുടെ ജയില്‍വാസം നീണ്ടാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഭയന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്തെ നിയമവ്യവസ്ഥയെ പുച്ഛിക്കുന്ന നടപടിയെടുത്തത്. ജയില്‍ എഡിജിപിയുടെയും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് ഓഫീസില്‍ കാത്തിരുന്ന് വാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിറക്കുകയായിരുന്നു. പ്രത്യേക ദൂതന്‍വശം രാത്രി ഏഴുമണിക്ക് ഉത്തരവ് ജയിലില്‍ എത്തിച്ചു. ഉടന്‍തന്നെ കുമാരപുരത്തെ വന്‍കിട സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി. സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞുകൊണ്ടുതന്നെ ഇളവ് നേടാനാണ് പിള്ളയുടെ നീക്കം.

ഒരു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 45 ദിവസമാണ് പരോള്‍ ലഭിക്കുക. പിള്ള ഇതിനേക്കാള്‍ ഒരു മാസം കൂടുതല്‍ പരോളില്‍ കഴിഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ ആ കാലയളവുംകൂടി അധികം ജയിലില്‍ കഴിയണമെന്നാണ് വ്യവസ്ഥ. ശിക്ഷ ഇളവ് കിട്ടിയില്ലെങ്കില്‍ ബാക്കി കാലയളവ് ആശുപത്രിയില്‍തന്നെ കഴിയാമെന്ന ലക്ഷ്യവും പുതിയ നീക്കത്തിനു പിന്നിലുണ്ട്. പിള്ളയ്ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന മകള്‍ ബിന്ദു ബാലകൃഷ്ണന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്വകാര്യാശുപത്രിയില്‍ ചികിത്സിക്കണമെന്ന് ജയില്‍വകുപ്പ് ശുപാര്‍ശചെയ്തിരുന്നില്ല. ഇത് അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. മകളുടെ അപേക്ഷയില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കണമെന്നായിരുന്നു ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ ശുപാര്‍ശ. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) കെ ജയകുമാറിന് നല്‍കിയ റിപ്പോര്‍ട്ട് അദ്ദേഹം അതേപടി മുഖ്യമന്ത്രിക്കു കൈമാറി.

വെള്ളിയാഴ്ച പകല്‍ ഒന്നിനാണ് ജയില്‍ എഡിജിപി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഒപ്പം ജയില്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും നല്‍കി. 2010 ജനുവരിയില്‍ പിള്ളയ്ക്ക് ഹൃദ്രോഗ ബാധയുണ്ടായെന്നായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഒമ്പത് രോഗങ്ങള്‍ പിള്ളയെ അലട്ടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ , പരോളിലായിരുന്നപ്പോള്‍ ചികിത്സ ലഭ്യമാക്കിയത് സംബന്ധിച്ച പരാമര്‍ശമില്ല. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് പിള്ള ജയിലില്‍ എത്തിയത്. പരോളിലായിരുന്നപ്പോള്‍ പലസ്ഥലത്തും യാത്രചെയ്ത പിള്ള നിരവധി വാര്‍ത്താ സമ്മേളനവും നടത്തി. ഇപ്പോള്‍ പ്രവേശിപ്പിച്ച സ്വകാര്യാശുപത്രിയില്‍ ഒരിക്കല്‍ പോലും വന്നിട്ടില്ല. ആശുപത്രിയിലെ സ്യൂട്ട് വ്യാഴാഴ്ചതന്നെ ബുക്ക് ചെയ്തിരുന്നു. അതിനുശേഷമാണ് ജയിലില്‍ എത്തിയത്. ശിക്ഷ ഇളവ് ചെയ്യണമെന്ന പിള്ളയുടെ അപേക്ഷ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന് വിട്ടിരിക്കുകയാണ്.

അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത് ആദ്യമാണ്. ശിക്ഷ ഇളവ് നല്‍കുകയോ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ മകനെ മന്ത്രിസഭയില്‍നിന്നു പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന്,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടാരക്കരയിലെ വസതിയില്‍ ചെന്നു കണ്ട് ചികിത്സയ്ക്ക് അവസരം ഒരുക്കാമെന്ന് വാക്കുനല്‍കിയിരുന്നു.

deshabhimani 060811

Friday, August 5, 2011

പിള്ളയെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം

ആര്‍ ബാലകൃഷ്ണപിള്ളയെ നഗരത്തിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് പിള്ളയ്ക്കായി ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ച പകല്‍ രണ്ടരയ്ക്ക് ആശുപത്രിയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. ജയില്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ശേഷിക്കുന്ന കാലയളവ് നക്ഷത്ര ആശുപത്രിയില്‍ "തടവില്‍" കഴിയാനാണ് പരിപാടി.

തടവുപുള്ളിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. വൈപ്പിന്‍ മദ്യദുരന്ത കേസില്‍ പ്രതി ചന്ദ്രസേനനാണ് ഇതിനുമുമ്പ് ഇത്തരത്തില്‍ ചികിത്സ നല്‍കിയത്. ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലാണ് ചന്ദ്രസേനനെ അന്ന് പ്രവേശിപ്പിച്ചത്. ഇവിടെ അഴിമതി കേസില്‍ സുപ്രീംകോടതി തടവിന് വിധിച്ച ഒരാള്‍ക്കാണ് സ്യൂട്ട് റൂം ചികിത്സ ഒരുക്കുന്നത്. ഒരുവര്‍ഷം കഠിന തടവാണ് പിള്ളയ്ക്ക് വിധിച്ചത്. ഇതിന്റെ മൂന്നിലൊന്ന് ദിവസം തടവില്‍ കഴിഞ്ഞാല്‍ പിള്ളയ്ക്ക് ഇളവ് കിട്ടും. ആശുപത്രിവാസം വഴി ഈ കാലാവധി തികയ്ക്കാനാണ് പദ്ധതി. ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ള ഒരുമാസത്തെ പരോള്‍ കഴിഞ്ഞ് വ്യാഴാഴ്ചയാണ് ജയിലില്‍ എത്തിയത്. ഒരുദിവസം തികയുന്നതിന് മുമ്പുതന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നടപടിയും തുടങ്ങി.

പരോളില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് പിള്ളയെ പരിശോധിച്ചിരുന്നു. രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണെന്നും ഹൃദ്രോഗമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ , പിള്ളയ്ക്ക് അപൂര്‍വരോഗമാണെന്നാണ് പ്രചരിപ്പിച്ചത്. ഒരുമാസം കൊട്ടാരക്കരയിലെ വസതിയില്‍ കഴിഞ്ഞ പിള്ള പരോള്‍ സമയത്ത് ചികിത്സ തേടിയതായി രേഖയില്ല. രോഗം ഗുരുതരമായിരുന്നെങ്കില്‍ പരോള്‍ സമയത്ത് ചികിത്സയില്‍ പോകുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിള്ളയ്ക്ക് ഗുരുതരമായ രോഗമാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കളവാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

തന്നെ വിട്ടില്ലെങ്കില്‍ മന്ത്രി ഗണേശ്കുമാറിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജയിലിലേക്ക് പോകുന്നതിനുമുമ്പ് പിള്ള വാര്‍ത്താലേഖകരോട് പറഞ്ഞു. ശിക്ഷ ഇളവ് ചെയ്ത് തന്നെമാത്രം വിടണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടുന്നതിനാല്‍ വിദഗ്ധചികിത്സ വേണമെന്നാണ് ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ വേണ്ടെന്നും പിള്ള പറഞ്ഞു. ശിക്ഷ ഇളവ് ചെയ്തില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് കൊട്ടാരക്കരയിലെ വീട്ടിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പരോളില്‍ കഴിയുമ്പോള്‍ത്തന്നെ ശിക്ഷ ഇളവ് ചെയ്യുമെന്നായിരുന്നു പിള്ളയുടെ പ്രതീക്ഷ. അതുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ആശുപത്രി വാസത്തിന് നീക്കം തുടങ്ങിയത്.

deshabhimani 050811

Monday, July 4, 2011

ചട്ടംലംഘിച്ച് പിള്ളയ്ക്ക് വീണ്ടും പരോള്‍

ചട്ടങ്ങള്‍ മറികടന്ന് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും പരോള്‍ . പത്തു ദിവസംമുമ്പ് പിള്ള നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.

ഇതിനകം പിള്ളയ്ക്ക് 45 ദിവസം അടിയന്തരപരോള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ഇപ്പോള്‍ 30 ദിവസത്തെ സാധാരണപരോള്‍ അനുവദിച്ചത്. ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ സാധാരണപരോള്‍ അനുവദിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. ഇതനുസരിച്ച് 122 ദിവസമെങ്കിലും പിള്ള ജയിലില്‍ കിടക്കണം. പിള്ളയുടെ കാര്യത്തില്‍ ഇത് ലംഘിച്ചു. ഫെബ്രുവരി 18നാണ് പിള്ള ജയിലിലായത്. ഇതിനിടയില്‍ 45 ദിവസം പരോളിലായതിനാല്‍ 122 ദിവസം ജയിലില്‍ കഴിഞ്ഞില്ല.

45 ദിവസം അടിയന്തര പരോള്‍ നല്‍കിയാല്‍ പിന്നീട് ആറു മാസത്തിനുശേഷമേ സാധാരണ പരോള്‍ അനുവദിക്കാവൂ എന്ന ചട്ടവും പിള്ളയുടെ കാര്യത്തില്‍ ലംഘിച്ചിരിക്കുകയാണ്. അടിയന്തരപരോളിനിടയില്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് സാദാ പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ജയില്‍ചട്ടം അനുശാസിക്കുന്നു. എന്നാല്‍  പരോള്‍വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞപ്രാവശ്യം പിള്ളയ്ക്ക് ജയില്‍ ഡിജിപി മെമ്മോ നല്‍കിയിരുന്നു. ഞായറാഴ്ചമുതല്‍ പരോള്‍ തുടങ്ങിയെങ്കിലും പിള്ള ജയില്‍ വിട്ടില്ല. തിങ്കളാഴ്ച പുറത്തിറങ്ങിയേക്കും.

deshabhimani 040711

Thursday, June 9, 2011

പിള്ളയെ വിടാന്‍ 75 കഴിഞ്ഞവരെ മോചിപ്പിക്കാന്‍ നീക്കം

ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാന്‍ തടവില്‍ കഴിയുന്ന 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിട്ടയക്കാന്‍ നീക്കം. പിള്ളയടക്കം 17 പേരെയും ശേഷിക്കുന്ന ശിക്ഷാ കാലായളവില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നല്‍കും. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 75 വയസ്സു പിന്നിട്ടവരുടെ പട്ടിക ബുധനാഴ്ച അതിവേഗത്തിലാണ് തയ്യാറാക്കിയത്. ഇവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് രാവിലെയാണ് നിര്‍ദേശം നല്‍കിയത്. വൈകിട്ട് തന്നെ ലിസ്റ്റ് നല്‍കുകയും ചെയ്തു.

ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിന് വിധിച്ച ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിടുതല്‍ അപേക്ഷയെ തുടര്‍ന്നാണ് വിട്ടയക്കാന്‍ ആലോചന തുടങ്ങിയത്. തന്നെ വിട്ടില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും കണക്കിലെടുത്താണ് തിരക്കിട്ട നടപടി. പിള്ളയെ മാത്രം വിട്ടാല്‍ ആക്ഷേപമാകുമെന്നതിനാലാണ് 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിടാന്‍ ആലോചന. ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ത്തന്നെ ഇക്കാര്യം തീരുമാനിക്കാനാണ് ആലോചന. പരോളില്‍ കഴിയുന്ന പിള്ളയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയാല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ വിട്ടയക്കുന്ന ആദ്യസംഭവമാകും. പിള്ളയുടെ പരോള്‍ ഈ മാസം 13ന് അവസാനിക്കും. 14ന് ഉച്ചയ്ക്കുമുമ്പ് പിള്ള തിരികെ ജയിലില്‍ എത്തണം. 45 ദിവസമാണ് ഒരു വര്‍ഷം അനുവദിച്ചിട്ടുള്ള പരോള്‍ . അത് കഴിഞ്ഞാല്‍ എത്ര ദിവസം പുറത്ത് നില്‍ക്കുന്നുവോ ആ കാലയളവ് കൂടി ശിക്ഷ അനുഭവിക്കണം. പിള്ളയെ പുറത്തുനിര്‍ത്തി ശേഷിക്കുന്ന ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണ് ആലോചന. അല്ലെങ്കില്‍ പരോള്‍ കഴിഞ്ഞ് പിള്ള ജയിലില്‍ തിരികെ എത്തുന്ന മുറയ്ക്ക് മോചിപ്പിക്കാനാണ് ശ്രമം.

ദേശാഭിമാനി 090611

Sunday, May 29, 2011

ശിക്ഷയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് ബാലകൃഷ്ണപിള്ള

ശിക്ഷാ കാലാവധി ഇളവ് ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി. ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരവും സി ആര്‍ പി സി 432, 433 വകുപ്പുകള്‍ പ്രകാരവും കൊലപാതക കേസില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം ഉപയോഗിച്ച് തനിക്ക് ശിക്ഷാ കാലാവധി ഇളവ് ചെയ്ത് നല്‍കണമെന്നതാണ് പിള്ളയുടെ ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്. എന്നാല്‍ ഇതിന്‍മേല്‍ അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

അഴിമതികേസുകളില്‍ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിയുന്നവരുടെ ശിക്ഷ ഇളവ് ചെയ്യുന്ന കീഴ്വഴക്കം രാജ്യത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ജയില്‍ നിയമത്തിലെ 132-ാം വകുപ്പ് അനുസരിച്ച് തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭയില്‍ പാസാക്കിയ പുതുക്കിയ ജയില്‍ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാരിനും ശിക്ഷ ഇളവ് ചെയ്ത് നല്‍കുന്നതിന് കര്‍ക്കശമായ നിബന്ധനകളുണ്ട്. ശിക്ഷാ കാലാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെടാന്‍ തടവുകാര്‍ക്ക് അനുവാദമില്ല. ഇത്തരം ആവശ്യങ്ങള്‍ എഴുതി ജയില്‍ സൂപ്രണ്ടിന് കൈമാറണമെന്നാണ് നിലവിലുള്ള ചട്ടം. ജയില്‍ സൂപ്രണ്ടില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ തടുവുകാര്‍ തങ്ങളുടെ പരാതികള്‍ ജയിലില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കണം. ഈ രണ്ട് ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ബാലകൃഷ്ണപിള്ള ശിക്ഷാ കാലാവധി ആവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലകൃഷ്ണ പിള്ള ഇപ്പോള്‍ ചെയ്തത് തികച്ചും ചട്ടലംഘനാണ്. ഇതിന്റെ  പേരില്‍ കൂടുതല്‍ നിയമനടപടികള്‍ക്കുള്ള സാധ്യതയും നിയമ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാ കാലാവധി ഇളവ് ചെയത് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും കോടതിയില്‍ ഈ തീരുമാനം ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ശിക്ഷാ കാലാവധി ഇളവ് ചെയ്യണമെങ്കില്‍ മൊത്തം കാലാവധിയുടെ മൂന്നിലൊന്ന് ദിവസം ശിക്ഷ അനുഭവിക്കണം. ഇത് അനുസരിച്ച് 121 ദിവസം പിള്ള ശിക്ഷ അനുഭവിക്കണം. എന്നാല്‍ പിള്ള 59 ദിവസം മാത്രമേ ജയിലില്‍ കിടന്നിട്ടുള്ളു. പിള്ളയുടെ അപേക്ഷ പരിഗണിക്കുന്നതിന് ഇതും സര്‍ക്കാരിന് തടസമാകും.

അതിനിടെ ബാലകൃഷ്ണപിള്ളയുടെ പരോള്‍ കാലാവധി 13 ദിവസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ മെയ് 18ന് പിള്ളയ്ക്ക് ഉപാധിരഹിതമായി പരോള്‍ അനുവദിച്ചിരുന്നു. ഇത് ചട്ട വിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരോള്‍ നിയമങ്ങള്‍ എല്ലാ തടവുകാര്‍ക്കും ഒരുപോലെ ബാധകമാണ്. പരോളില്‍ ഇറങ്ങുന്ന തടവുകാര്‍ക്ക് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ അവകാശമില്ല.

രാഷ്ടിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അതില്‍ ഇടപെടുന്നതും ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്ന ഉപാധിയോടെയാണ്  സാധാരണ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാറുള്ളത്. എന്നാല്‍ ഈ ഉപാധികള്‍ ഒഴിവാക്കി സര്‍ക്കാര്‍ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചു. ഇതിന് സര്‍ക്കാരിന് ആവകാശമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജയില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പരോള്‍ റദ്ദാക്കപ്പെടാം. ഇതിനിടെയാണ് പരോള്‍ വീണ്ടും വീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതോടെ നിയമപരമായി ലഭിക്കാവുന്നപരമാവധി പരോള്‍ പിള്ളയ്ക്ക് ലഭിച്ചുകഴിഞ്ഞു.

അപേക്ഷനിരാകരിക്കണം: സി കെ ചന്ദ്രപ്പന്‍

അഴിമതിക്കേസില്‍ സുപ്രിംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ജയില്‍ശിക്ഷ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ നിരാകരിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിള്ളയെ ഒരു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. 52 ദിവസം മാത്രമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. ഇപ്പോള്‍ പരോളില്‍ പുറത്തിറങ്ങിയിരിക്കുന്ന പിള്ളയുടെ പരോള്‍ സര്‍ക്കാര്‍ നീട്ടികൊടുത്തിട്ടുണ്ട്.

ശിക്ഷയുടെ അവശേഷിക്കുന്ന കാലാവധി സര്‍ക്കാരിന്റെ വിവേചന അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷാ കാലാവധി ഇന്നുവരെ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയ ചരിത്രം രാജ്യത്തില്ല. രാഷ്ടീയ സമ്മര്‍ദത്തിന് വഴിപ്പെട്ട് നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുമ്പെടരുതെന്ന് ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനയുഗം 290511

Thursday, March 10, 2011

പിള്ളയ്ക്ക് മുന്നില്‍ ഇനി പരിഹാരഹര്‍ജി മാത്രം

പിള്ളയുടെ റിവ്യൂഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഇടമലയാര്‍ അഴിമതിക്കേസിലെ ശിക്ഷക്കെതിരെ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും മാണി കേരള നേതാവ് പി കെ സജീവും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം രാമഭദ്രന്‍നായരുടെ പുനഃപരിശോധനാ ഹര്‍ജി വ്യാഴാഴ്ച തുറന്നകോടതിയില്‍ പരിഗണിക്കും. ഇടമലയാര്‍കേസില്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും ശിക്ഷ വിധിച്ച ജസ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജിയും പരിഗണിച്ചത്. പിള്ളയുടെയും സജീവിന്റെയും ഹര്‍ജികള്‍ ജഡ്ജിമാരുടെ മുമ്പിലെത്തി മിനിറ്റുകള്‍ക്കകം ഉത്തരവ് വന്നു. പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം, ശിക്ഷ സ്റ്റേ ചെയ്യണമെന്നും തുറന്നകോടതിയില്‍ വാദംകേള്‍ക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് പ്രത്യേക അപേക്ഷയും ഇരുവരും സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് അപേക്ഷയും കോടതി തള്ളി. ശരീരം തളര്‍ന്ന് കിടക്കുന്ന രാമഭദ്രന്‍നായരുടെ ഹര്‍ജി, തുറന്ന കോടതിയില്‍ വാദംകേട്ട ശേഷം തീര്‍പ്പുകല്‍പ്പിക്കാനും കോടതി തീരുമാനിച്ചു. രാമഭദ്രന്‍നായരെ ജയിലിലേക്ക് കൊണ്ടുപോകാനായി ഉദ്യോഗസ്ഥര്‍ മുമ്പ് വീട്ടിലെത്തിയിരുന്നെങ്കിലും തളര്‍ന്നുകിടക്കുന്ന അവസ്ഥയില്‍ ശിക്ഷ നടപ്പാക്കാനാവാതെ മടങ്ങുകയായിരുന്നു. വീട് ജയിലായി കണക്കാക്കി ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുകയെന്ന നിര്‍ദേശമാകും കോടതി മുന്നോട്ടുവയ്ക്കുകയെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇടമലയാര്‍ കേസില്‍ പിള്ളയടക്കമുള്ള പ്രതികളെ ഒരുവര്‍ഷം കഠിനതടവിനാണ് ഫെബ്രുവരി പത്തിന് സുപ്രീംകോടതി ശിക്ഷിച്ചത്. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി റദ്ദാക്കിയായിരുന്നു തീരുമാനം. കോടതിവിധിയില്‍ ഏറെ പാകപ്പിഴകളുണ്ടെന്ന് പറഞ്ഞ് ഫെബ്രുവരി 19നാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. താന്‍ അന്യായ തടങ്കലിലാണെന്ന് അവകാശപ്പെട്ട് ഹേബിയസ്കോര്‍പ്പസ് ഹര്‍ജിയും പിള്ള സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ഈ ഹര്‍ജി പരിഗണിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇടതുപക്ഷ സര്‍ക്കാരും ഗൂഢാലോചന നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി സമ്പാദിച്ചതെന്ന ആരോപണം റിവ്യൂഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധിയില്‍ വസ്തുതാപരവും നിയമപരവും ഭരണഘടനാപരവുമായ ഒട്ടേറെ പിഴവുകളുണ്ടെന്നും പിള്ള ആരോപിച്ചു. വിധി വന്നതു മുതല്‍ കോടതിയെ കുറ്റപ്പെടുത്തുകയെന്ന സമീപനമാണ് പിള്ളയും യുഡിഎഫ് നേതാക്കളും സ്വീകരിച്ചത്.
(എം പ്രശാന്ത്)

പിള്ളയ്ക്ക് മുന്നില്‍ ഇനി പരിഹാരഹര്‍ജി മാത്രം

ന്യൂഡല്‍ഹി: പുനഃപരിശോധനാ ഹര്‍ജികൂടി സുപ്രീംകോടതി തള്ളിയതോടെ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നില്‍ ശേഷിക്കുന്നത് പരിഹാരഹര്‍ജി (ക്യൂറേറ്റീവ് പെറ്റീഷന്‍)}മാത്രം. ഇടമലയാര്‍ കേസില്‍ വിധി പറഞ്ഞ രണ്ട് ജഡ്ജിമാര്‍ക്കു പുറമെ രണ്ട് ജഡ്ജിമാര്‍കൂടി ചേര്‍ന്നാകും പരിഹാരഹര്‍ജി പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. പുനഃപരിശോധനാ ഹര്‍ജിയുടെ കാര്യത്തിലെന്നപോലെ ജഡ്ജിമാരുടെ ചേമ്പറിലാകും ഹര്‍ജി പരിഗണിക്കുന്നത്. ഒരു സീനിയര്‍ അഭിഭാഷകന്റെ ശുപാര്‍ശയോടു കൂടി വേണം പരിഹാരഹര്‍ജി നല്‍കാന്‍. പുനപരിശോധന ഹര്‍ജി തള്ളിയസാഹചര്യത്തില്‍ പരിഹാര ഹര്‍ജി നല്‍കുന്നതുകൊണ്ടും പ്രയോജനമില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

താന്‍ അന്യായത്തടങ്കലിലാണെന്ന് പറഞ്ഞ് പിള്ള സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ട് അടുത്ത തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. തുറന്ന കോടതിയിലാകും ഇത് പരിഗണിക്കുക. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയോട് കോടതി സ്വീകരിക്കുന്ന സമീപനംകൂടി അറിഞ്ഞശേഷമായിരിക്കും പരിഹാര ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിയമവഴിയിലുള്ള ശ്രമങ്ങള്‍ അടഞ്ഞുകഴിഞ്ഞാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കുകമാത്രമാണ് പിള്ളയ്ക്കുള്ള മാര്‍ഗം. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുവേണം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

ഇടമലയാര്‍ കേസ്: രാമഭദ്രന്‍നായര്‍ക്ക് ശിക്ഷയില്ല

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസിലെ ആറാം പ്രതി എസ് രാമഭദ്രന്‍നായരെ തടവുശിക്ഷയില്‍നിന്ന് സുപ്രിം കോടതി ഒഴിവാക്കി. കെ എസ് ഇ ബി മുന്‍ ചെയര്‍മാനാണ് രാമഭദ്രന്‍ നായര്‍. കേസില്‍ കുറ്റക്കാരനാണെന്ന വിധിയും ഒരു വര്‍ഷം കഠിന തടവ് എന്ന വിധിയും നിലനില്‍ക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

മറവിരോഗം ബാധിച്ചു ശരീരമാകെ തളര്‍ന്നു കിടപ്പിലായ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിവ്യൂഹര്‍ജി പരിഗണിച്ചുകൊണ്ടാണ് രാമഭദ്രന്‍നായരുടെ ശിക്ഷ കോടതി റദ്ദാക്കിയത്. രാമഭദ്രന്‍നായരുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കി ഭാര്യ മായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് രാമഭദ്രന്‍ നായര്‍ക്കു വിധിച്ചിരുന്നത്.

deshabhimani/janayugam news

Friday, March 4, 2011

കേസെല്ലാം നീളട്ടങ്ങനെ, നീളട്ടെ...

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ പത്താം ഭാഗം

ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ

കേസ് അനന്തമായി നീളുന്നതിനാല്‍ സുഖവും ദുഃഖവും അനുഭവിക്കുന്ന ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മാനസികാവസ്ഥയില്‍നിന്ന് ഭിന്നമാണ് മുന്‍ വൈദ്യുതിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്റേത്. 1999 ജൂലൈ 30ന് അദ്ദേഹം കൊച്ചിയില്‍ ഒരു പത്രസമ്മേളനം നടത്തി ഇങ്ങനെ പറഞ്ഞു:

"ബ്രഹ്മപുരം താപവൈദ്യുതിനിലയവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് തന്നെ തേജോവധം ചെയ്യാനാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ട് നായനാര്‍ സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളെ അഴിമതിക്കേസില്‍ കുടുക്കുന്നു''

ഇങ്ങനെയൊരു കേസ് പെട്ടെന്ന് തീര്‍ക്കാന്‍ സ്വാഭാവികമായും പത്മരാജന്‍ ശ്രമിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഈ കേസ് അന്വേഷണം പത്മരാജന്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. വിദേശത്ത് നടന്ന ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഈ കേസില്‍ അങ്ങനെ അല്ലാത്തതിനാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമായിരുന്നു പത്മരാജന്റെ ആവശ്യം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തു. അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ സ്റ്റേ നീക്കാനുമായില്ല. എളുപ്പത്തില്‍ കേസ് തീര്‍ക്കണമെന്ന് പറഞ്ഞ പത്മരാജന്‍ സ്റ്റേയുടെ ബലത്തിലാണ് അകത്താകാതെ നില്‍ക്കുന്നത്.

ബ്രഹ്മപുരത്ത് ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് 1993ല്‍ അന്നത്തെ വൈദ്യുതിമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികള്‍ വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഫ്രഞ്ച് കമ്പനിയായ പില്‍സ്റ്റികിന് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അനര്‍ഹമായ നേട്ടം കമ്പനിക്ക് ഉണ്ടാക്കിക്കൊടുത്തെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഭാസ്കരന്‍ നമ്പ്യാര്‍ കമീഷന്‍ കണ്ടെത്തി. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ 1995 ഡിസംബറിലാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച ആരോപണം ആദ്യമായി ഉന്നയിച്ചത്്. അന്ന് ആരോപണം പുച്ഛിച്ച് തള്ളിയ പത്മരാജനും മുഖ്യമന്ത്രി എ കെ ആന്റണിയും ആരോപണം സഭയ്ക്കുപുറത്ത് ഉന്നയിക്കാന്‍ വെല്ലുവിളിച്ചു. വി എസ് സഭയക്ക് പുറത്തും ആരോപണം ഉന്നയിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി ഉന്നയിക്കൂ, എന്നായി പത്മരാജന്‍. വി എസ് വീണ്ടും ഉന്നയിച്ചു. പത്മരാജന്‍ മാനനഷ്ടക്കേസ് കൊടുത്തു. കേസ് ചെലവ് സഹിതം തള്ളി. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കമീഷനെ നിയോഗിച്ചത്.

അഞ്ച് കാര്യങ്ങള്‍ പരിശോധിക്കാനാണ് ടേംസ് ഓഫ് റഫറന്‍സില്‍ കമീഷനോട് ആവശ്യപ്പെട്ടത്. ഈ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ കര്‍ണാടകത്തിലെ യല്‍ഹങ്ക പദ്ധതിക്കുവേണ്ടി ഉണ്ടാക്കിയ കരാറുമായി അടിസ്ഥാനപരമായി മാറ്റമുണ്ടോ? ഉണ്ടെങ്കില്‍ അതുകൊണ്ട് കമ്പനിക്ക് നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ആദ്യത്തെ വിഷയം. കമീഷന്‍ വളരെ പ്രകടമായി വ്യത്യാസം ചൂണ്ടിക്കാട്ടുകയും അതുകൊണ്ട് കമ്പനിക്ക് 71 കോടിയുടെ നേട്ടമുണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഈ ഇടപാടില്‍ പൊതുപ്രവര്‍ത്തകരുടെയൊ ഉദ്യോഗസ്ഥരുടെയൊ പങ്ക് ഉണ്ടോ എന്നായിരുന്നു രണ്ടാമത്തെ വിഷയം. കമീഷന്‍ പത്മരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സംശയലേശമെന്യേ വ്യക്തമാക്കി. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിനെയും മൂന്നാമത്തെ വിഷയമായി കമീഷന്‍ ചൂണ്ടിക്കാട്ടി. മണ്ണ് മാറ്റുന്നതിലും മറ്റുമുള്ള സിവില്‍ കരാറില്‍ 2,59,86,150 രൂപയുടെ അഴിമതി നടന്നെന്നും കമീഷന്‍ നാലാമതായി കണ്ടെത്തി. ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് നല്‍കിയ കരാറിലൂടെ 1.38,21,106 രൂപയുടെ നഷ്ടമുണ്ടായതായും കമ്മീഷന്‍ കണ്ടെത്തി. ഇങ്ങനെ 75 കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കമീഷന്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. പത്മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്ത വിസി-4-99-എസ്സിഇ നമ്പര്‍ കേസില്‍ വിജിലന്‍സ് പ്രത്യേക അന്വേഷണവിഭാഗം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പത്മരാജന്‍ സ്റ്റേ സമ്പാദിച്ചിരിക്കുന്നത്.

കരിയാര്‍കുട്ടി-കാരപ്പാറ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്ന കേസില്‍ മുന്‍ ജലവിഭവമന്ത്രി ടി എം ജേക്കബ്ബും കേസ് അനന്തമായി വലിച്ചുനീട്ടുന്നതില്‍ സമര്‍ഥനാണ്. വിജിലന്‍സ് ജേക്കബ്ബിന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തി നിരവധി തെളിവുകള്‍ ശേഖരിച്ച് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടയില്‍ കേസ് തുടരന്വേഷണം നടത്താന്‍ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. യുഡിഎഫ് കാലത്ത് തുടരന്വേഷണം നടത്തി ജേക്കബ്ബിനെ 'കുറ്റവിമുക്തനാക്കി'. ഇതിനെ ഇപ്പോള്‍ സുപ്രീംകോടതി ചോദ്യം ചെയ്തിരിക്കുകയാണ്. ഈ 'തുടരന്വേഷണം' സംബന്ധിച്ച മുഴുവന്‍ ഫയലുകളും സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന മനക്കോട്ട കെട്ടി മന്ത്രിക്കുപ്പായം തയ്ച്ച് കാത്തിരിക്കുന്ന ജേക്കബ് നടത്തിയ അഴിമതിക്കഥകള്‍ കരിയാര്‍കുട്ടിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഓരോ യുഡിഎഫ് ഭരണത്തിലും ചക്കരക്കുടത്തില്‍ കൈയിട്ട മന്ത്രിമാരുടെ നീണ്ട നിര തന്നെയുണ്ട്.

എം രഘുനാഥ് ദേശാ‍ഭിമാനി 030311

അവസാന ഭാഗം പിള്ളക്ക് പിന്‍‌ഗാമിയാകാന്‍ നീളന്‍ ക്യൂ