Friday, August 31, 2012

സുതാര്യമാക്കാതെ എമര്‍ജിങ്ങ് കേരളയോട് യോജിക്കില്ല


എമര്‍ജിങ്ങ് കേരള സുതാര്യമാക്കാതെ പദ്ധതിയുമായി എല്‍ഡിഎഫിന് സഹകരിക്കാനാവില്ലെന്ന് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താതെ വിവരങ്ങള്‍ സുതാര്യമാക്കണം. നാടിന്റെ വികസനത്തെക്കുറിച്ച് ഭരിക്കുന്നവര്‍ എടുക്കുന്ന തീരുമാനമെന്ന നിലയില്‍ എല്‍ഡിഎഫ് എമര്‍ജിങ്ങ് കേരളയെക്കുറിച്ച് പഠിക്കും. മുന്‍വിധികളില്ല. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ജിമ്മിന്റെ മറ്റൊരു കോപ്പിയാണ്. എമര്‍ജിങ്ങ് കേരളയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വ്യവസായത്തിന്റെ പേരില്‍ ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഭൂമാഫിയക്കുവേണ്ടി കേരളത്തിലെ തോട്ടങ്ങള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തിന്റെ പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് അനുവദിക്കില്ല. നെല്ലിയാമ്പതി ഉള്‍പ്പടെയുള്ള വനഭൂമി വില്‍ക്കാനുള്ള നീക്കം എമര്‍ജിങ്ങ് കേരളയിലൂടെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിവാദങ്ങള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്. എമര്‍ജിങ്ങ് കേരളയുടെ വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനു ശേഷം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

കേരളത്തില്‍ റേഷന്‍ സംവിധാനം നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ അരിവീതം നല്‍കണം. കണ്ണൂരിലെ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കേന്ദ്രത്തിന്റെ വികലമായ ഭക്ഷ്യനയം തന്നെയാണ് കേരളവും പിന്തുടരുന്നത്. കേരളത്തില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില നല്‍കി ധാന്യങ്ങള്‍ സംഭരിക്കണം. ഭക്ഷ്യ സുരക്ഷ അട്ടിമറിക്കുന്നതിനെതിരെ കേരളത്തില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കും. അടുത്ത മാസം 12 ന് തിരുവനന്തപുരത്ത് എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാതലത്തിലും സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു.

എമര്‍ജിങ് കേരളയിലൂടെ ഭൂമി വില്‍ക്കാനുള്ള ശ്രമം വി എസ്

കൊച്ചി: എമര്‍ജിങ് കേരള അഴിമതി വിമുക്തമാണെന്ന് തെളിഞ്ഞാലേ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ അഴിമതി എമര്‍ജ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടു ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി എന്നിവയിലൂടെ കേന്ദ്രസര്‍ക്കാര്‍ ആകാശവും ഭൂമിക്കടിയിലുമുള്ള സമ്പത്തും വിറ്റുതുലച്ചു. എമര്‍ജിങ് കേരളയിലൂടെ ഭൂമി കൂടി വില്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതു അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

നരോദ പാട്ടിയ: ബിജെപി മുന്‍മന്ത്രിക്ക് 18 വര്‍ഷം തടവ്


നരോദാ പാട്ടിയ കേസില്‍ പ്രതികള്‍ക്ക് കടുത്തശിക്ഷ. ബിജെപി എംഎല്‍എ മായ ബെന്‍ കൊദ്നാനിക്ക് 28 വര്‍ഷവും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിക്ക് 21 വര്‍ഷവും ശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേകകോടതിയാണ് ശിക്ഷ വിധിച്ചത്. 7 പ്രതികള്‍ക്ക് 21 വര്‍ഷം ശിക്ഷയുണ്ട്. കൊദ്നാനി 18 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. വിധി സ്വാഗതാര്‍ഹമാണെന്ന് കേസില്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തിയ ടീസ്റ്റ ടെസ്തല്‍വാദ് പ്രതികരിച്ചു. നരേന്ദ്രമോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായ ബെന്‍ കൊദ്നാനി എംഎല്‍എയടക്കം 32 പേര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 61 പ്രതികളില്‍ 29 പേരെ വിട്ടയച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകസംഘം കേസ് അന്വേഷിച്ചത്.


കൊലപാതകം, ഗൂഢാലോചന, കലാപത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന നരേന്ദ്രമോഡിയുടെ വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പ്രത്യേക കോടതിവിധി.ഗോധ്രയില്‍ ട്രെയിന്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും വിശ്വഹിന്ദുപരിഷത്തും 2002 ഫെബ്രുവരി 28ന് ആഹ്വാനംചെയ്ത ബന്ദിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവദിവസം രാവിലെ അഹമ്മദാബാദിലെ മുസ്ലിംഭൂരിപക്ഷപ്രദേശമായ നരോദാ പാട്ടിയയില്‍ ഒത്തുചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത്, ബിജെപി പ്രവര്‍ത്തകര്‍ 97 മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്തശേഷം മൃതദേഹങ്ങള്‍ ഒരു പൊട്ടക്കിണറ്റിലിട്ട് കത്തിച്ചു.

നരോദാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന മായ ബെന്‍ കൊദ്നാനിയാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ആരംഭിച്ച അന്വേഷണം പക്ഷപാതപരമാണെന്ന ആക്ഷേപത്തെത്തുടര്‍ന്ന് 2003 നവമ്പറില്‍ കേസന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. 2008 മാര്‍ച്ചില്‍ സുപ്രീംകോടതി നരോദാ പാട്ടിയ അടക്കം ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. നരോദാ പാട്ടിയ കേസ് വിചാണയ്ക്ക് ജ്യോത്സ്ന യാജ്ഞിക്കിനെ പ്രത്യേക അതിവേഗ കോടതി ജഡ്ജിയായി നിയമിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ 2009 മാര്‍ച്ച് 27ന് മായ കൊദ്നാനിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അവര്‍ മന്ത്രിസ്ഥാനം രാജിവച്ചു.


കേസില്‍ മൊത്തം 70 പ്രതികളെയും അറസ്റ്റുചെയ്തെങ്കിലും ഇവരില്‍ ആറുപേര്‍ 2009 ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിക്കുംമുമ്പ് മരിച്ചു. രണ്ട് പേര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയി. കോടതി നിയോഗിച്ച സംഘം 2012 ജനുവരിയില്‍ നരോദാ പാട്ടിയ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഏപ്രിലില്‍തന്നെ വിധി തയ്യാറായിരുന്നെങ്കിലും വീണ്ടും പ്രതികളിലൊരാള്‍ മരിച്ചതിനെത്തുടര്‍ന്ന് വിധിപ്രസ്താവം നീട്ടിവയ്ക്കുകയായിരുന്നു.ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്ന മായ കൊദ്നാനിയുടെ രാഷ്ട്രീയവളര്‍ച്ച അതിവേഗത്തിലായിരുന്നു. 1995ല്‍ ബിജെപിയുടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി. മുസ്ലിങ്ങള്‍ക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങളാണ് അവരുടെ രാഷ്ട്രീയവളര്‍ച്ചയുടെ പ്രധാന കാരണം. ബിജെപി സ്ഥാനാര്‍ഥിയായി നരോദയില്‍നിന്ന് അവര്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. നരോദാ പാട്ടിയ സംഭവത്തിലും ഗുജറാത്ത് വംശഹത്യയിലും അവരുടെ പങ്കിനുള്ള പ്രതിഫലമെന്ന മട്ടിലാണ് മോഡി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചത്.

deshabhimani news

ഒഞ്ചിയത്ത് വീണ്ടും പാര്‍ടി വിരുദ്ധരുടെ അക്രമം

ഒഞ്ചിയം മേഖലയില്‍ വീണ്ടും പാര്‍ടി വിരുദ്ധരുടെ അക്രമം. സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് കല്ലെറിഞ്ഞു. ഒഞ്ചിയം നെല്ലാച്ചേരിയിലെ വലകെട്ടി പറമ്പത്ത് താമസിക്കും തൈക്കണ്ടി അശോകന്റെ വീടിനാണ് കല്ലെറിഞ്ഞത്.

ബുധനാഴ്ച ഓണനാളില്‍ രാത്രി പത്തരയോടെയാണ് കല്ലേറ്. വീടിന്റെ ചുമരുകള്‍ക്ക് കേട് പറ്റിയിട്ടുണ്ട്. അശോകന്റെ ഭാര്യ രജനി മരണവീട്ടില്‍ നിന്ന് തിരിച്ച്വരുമ്പോള്‍ പൊതുസ്ഥലത്ത് പാര്‍ടി വിരുദ്ധ സംഘം വൈകിട്ട് ആറോടെ ഭീഷണിപ്പെടുത്തിയിരുന്നു. സമാധധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. പുതിയാടത്തില്‍ ഉണ്ണി എന്ന സുജിത്, കുമ്മയില്‍ ഷിജില്‍, മലോല്‍ കിഴക്കയില്‍വിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ ഭീഷണിപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അശോകന്റെ വീട് രണ്ട് തകര്‍ക്കുകയും അശോകന്റെ ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു.

തട്ടോളിക്കര എകെജി വായനശാലക്ക് സമീപം ഡിവൈഎഫ്ഐ സ്ഥാപിച്ച പ്രചാരണ ബോര്‍ഡും എം ദാസന്‍ സ്മാരകത്തിന് സമീപം സിപിഐ എം സ്ഥാപിച്ച ബോര്‍ഡും ഡിവൈഎഫ്ഐയുടെ കൊടിമരവും തട്ടോളിക്കര പടിഞ്ഞാറ് എടവനക്കണ്ടിത്താഴ പീടികക്ക് സമീപം സ്ഥാപിച്ച പതാകയും കൊടിമരവും പാര്‍ടി വിരുദ്ധ അക്രമി സംഘം നശിപ്പിച്ചു. എടച്ചേരി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് നെല്ലാച്ചേരിയില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഐ എം ലോക്കല്‍ സെക്രട്ടറിമാരായ വി പി ഗോപാലകൃഷ്ണന്‍, പി രാജന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 310812

എന്‍ഡോസള്‍ഫാന്‍ കേസ് പരിസ്ഥിതി ബെഞ്ചിലേക്ക്


മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിസ്ഥിതി ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. നിരോധനം സംബന്ധിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ഇന്തയന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോട് കോടതി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ആത്യന്തികമായി പരിസ്ഥിതി പ്രശ്നമാണെന്നും,കാടതി പറഞ്ഞു.

എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിലും വിപണനത്തിലും ഉപയോഗത്തിലും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ അന്തിമ അഭിപ്രായമായിട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നിരോധനത്തിന്റെ കാര്യത്തില്‍ എന്താണ് അഭിപ്രായമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. നിരോധനം പിന്‍വലിക്കണമെന്നാണ് താല്‍പ്പര്യമെന്നും ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഇത് അന്തിമ നിലപാടാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായി കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

deshabhimani news

സര്‍ക്കാര്‍ വഞ്ചന നേരിട്ടറിഞ്ഞ് യുവജന നേതാക്കള്‍ ദുരന്തമേഖലയില്‍


സര്‍ക്കാര്‍ വഞ്ചന നേരിട്ടറിഞ്ഞ് യുവജന നേതാക്കള്‍ ദുരന്തമേഖലയില്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വ്യാഴാഴ്ച ദുരന്തമേഖലയിലെത്തിയത്. നൂറുകണക്കിനാളുകളാണ് വിവിധ പഞ്ചായത്തുകളില്‍ പരാതിയുമായി നേതാക്കളെ സമീപിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സ്വന്തം ജീവന്‍നല്‍കി പ്രതിഷേധിച്ച ബെള്ളൂരിലെ ജാനു നായ്ക്കിന്റെ വീട്ടിലാണ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിക്കൊപ്പം നേതാക്കള്‍ ആദ്യമെത്തിയത്. ധനസഹായം നല്‍കുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ മരണംകൊണ്ട് പ്രതിഷേധിച്ചിട്ടും അധികൃതരാരും തിരിഞ്ഞുനോക്കാതിരുന്ന കുടുംബത്തിന് ഡിവൈഎഫ്ഐ വക സാമ്പത്തിക സഹായവുമായാണ് നേതാക്കളെത്തിയത്. 10,000 രൂപയുടെ സഹായം പി കെ ശ്രീമതി ജാനു നായ്ക്കിന്റെ ഭാര്യ ലക്ഷ്മിക്ക് നല്‍കിയതിനൊപ്പം ഏതാവശ്യത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന സാന്ത്വനവും ഈ കുടുംബത്തിന് നല്‍കിയാണ് നേതാക്കള്‍ വീട്ടില്‍നിന്നിറങ്ങിയത്.
ബുധനാഴ്ച രാത്രി മരിച്ച കിന്നിങ്കാറിലെ തേമപ്പ പൂജാരിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചാണ് പര്യടനത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിലെത്തി. ഇവിടെ വലിയൊരു ജനക്കൂട്ടമാണ് നേതാക്കളെ കാത്തിരുന്നത്. ലിസ്റ്റില്‍നിന്ന് പുറത്തായവരും പെന്‍ഷന്‍ കിട്ടാത്തവരും ചികിത്സ നിഷേധിക്കപ്പെട്ടവരും തങ്ങളുടെ സങ്കടങ്ങള്‍ നിരത്തി. രണ്ട് ഓപ്പറേഷന് സഹായം കിട്ടി മൂന്നാമത്തേതിന് കിട്ടാത്ത വിദ്യാര്‍ഥിയും മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി സ്ഥലവും വീടും നല്‍കുമെന്ന് പറഞ്ഞിട്ട് വഞ്ചിക്കപ്പെട്ട ക്യാന്‍സര്‍ രോഗി ജിഷ മാത്യുവും പഞ്ചായത്തിലെ കിടപ്പിലായവരുടെ പട്ടികയില്‍ ഒന്നാമത്തെ പേരുകാരിയായിട്ടും ധനസഹായ പട്ടികയില്‍നിന്ന് പുറത്തായ റിഷാനയും പെന്‍ഷന്‍ കിട്ടാത്തവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബെള്ളൂരില്‍നിന്ന് എന്‍മകജെയിലെ പദ്രെയിലും പിന്നീട് ബദിയടുക്കയിലെ പള്ളത്തടുക്കയിലും കുമ്പടാജെയിലെ മാര്‍പ്പനടുക്കയിലും കര്‍മംതോടിയിലും ബോവിക്കാനത്തും നേതാക്കളെത്തി. ആയിരത്തോളം പരാതികളാണ് കിട്ടിയത്. ഇതില്‍ ഇതുവരെ ലിസ്റ്റിലുള്‍പ്പെടാത്തവരും ഉണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇവിടെ വിവിധ വൈകല്യങ്ങളോടെ കുട്ടികള്‍ ജനിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും നേതാക്കള്‍ക്ക് ലഭിച്ചു. ബദിയടുക്കയില്‍ കാലുകളില്ലാതെ ജനിച്ച ഒരുവയസ്സായ തന്റെ കുഞ്ഞിനെയുമെടുത്താണ് ഒരമ്മയെത്തിയത്. ഇങ്ങനെയുള്ള രോഗികളൊന്നും സര്‍ക്കാരിന്റെ പട്ടികയില്‍ ഇടംപിടിക്കുന്നില്ല. ദുരന്തം ആവര്‍ത്തിക്കുമ്പോഴും ഏതാനുമാളുകള്‍ക്ക് സഹായം നല്‍കി എല്ലാം അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍. ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനാളുകളെ അവഗണിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ പരിപാടിയെങ്കില്‍ അതിശക്തമായ ബഹുജന രോഷത്തെ നേരിടേണ്ടിവരുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു യുവജന നേതാക്കളുടെ പര്യടനം.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി പി ദിവ്യ, കെ രാജേഷ്, ജില്ലാസെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുതിയക്കാല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജ്മോഹന്‍, കെ മണികണ്ഠന്‍, ഷിബിന്‍ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സബീഷ്, ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്ക് സെക്രട്ടറി കെ ജയന്‍ എന്നിവര്‍ പ്രതിനിധി സംഘത്തോടൊപ്പമുണ്ടായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജാനകി, ജില്ലാസെക്രട്ടറി എം ലക്ഷ്മി, പ്രസിഡന്റ് ഇ പത്മാവതി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ കെ കുശല എന്നിവരും രാവിലെ സംഘത്തോടൊപ്പമുണ്ടായി.

deshabhimani 310812

ഓണം കയ്പ്പേറിയതായി; തോട്ടം മേഖല പ്രതിസന്ധിയിലേക്ക്


ഓണവും കഴിഞ്ഞു; റേഷന്‍ കടകളില്‍ പഞ്ചസാരയില്ല

കോഴിക്കോട്: ഓണം-റമദാന്‍ സ്പെഷ്യല്‍ പഞ്ചസാര ഓണവും പെരുന്നാളും കഴിഞ്ഞിട്ടും വീടുകളിലെത്തിയില്ല. മാസങ്ങള്‍ക്കു മുന്നെ പ്രഖ്യാപിച്ച സ്പെഷ്യല്‍ പഞ്ചസാര തിരുവോണത്തിന്റെ തലേദിവസമായ ചൊവ്വാഴ്ച വൈകിട്ടാണ് റേഷന്‍ വ്യാപാരികള്‍ക്കു ലഭിച്ചത്. ഓണാവധി കഴിഞ്ഞ് വെള്ളിയാഴ്ച മുതലേ വിതരണം തുടങ്ങൂ. പഞ്ചസാരക്ക് പൊതുവിപണിയില്‍ കയ്ക്കുന്ന വിലവര്‍ധനയുള്ളപ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥയാല്‍ റേഷന്‍ പഞ്ചസാര ഓണത്തിനും കിട്ടാതായത്. ആഘോഷക്കാലം പ്രമാണിച്ച് എപിഎല്‍, ബിപിഎല്‍ വിഭാഗത്തിന് പഞ്ചസാര മാത്രമാണ് സ്പെഷ്യലായി അനുവദിച്ചിരുന്നത്. എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് വേണ്ട നടപടിയെടുക്കാത്തതിനാല്‍ ഇതും ആവശ്യ സമയത്ത് ജനങ്ങള്‍ക്ക് ഉപകരിക്കാതെപോയി. സ്പെഷ്യല്‍ പഞ്ചസാരയടക്കം ജില്ലയില്‍ ഒരുമാസം വേണ്ട 6,900 ക്വിന്റല്‍ പഞ്ചസാര ആഗസ്തില്‍ വിതരണത്തിന് എത്തിയില്ല. ലഭിച്ചത് മുഴുവന്‍ മാവേലി സ്റ്റോറുകള്‍ക്കും മറ്റും നല്‍കുകയായിരുന്നു. ജൂലൈയില്‍ കൊടുക്കാന്‍ ശേഷിച്ച പഞ്ചസാര വിതരണം പോലും അടുത്ത ദിവസങ്ങളിലാണ് ആരംഭിക്കുക. വിതരണം വൈകിയതിനാല്‍ സെപ്തംബര്‍ എട്ടുവരെ സ്പെഷ്യല്‍ പഞ്ചസാര കടകളില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓണം കയ്പ്പേറിയതായി; തോട്ടം മേഖല പ്രതിസന്ധിയിലേക്ക്

കുമളി: പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികള്‍ക്ക് ഇത്തവണ ഓണം കയ്പ്പേറിയതായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോട്ടം തൊഴിലാളികള്‍ക്കായി ഓണത്തിന് നടപ്പാക്കിയിരുന്ന സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാകെ യുഡിഎഫ് അട്ടിമറിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള്‍ സൃഷ്ടിച്ച വിലക്കയറ്റവും തൊഴിലാളികളുടെ ഓണത്തിന്റെ മാറ്റ് കുറച്ചു. മുന്‍ യുഡിഎഫ് ഭരണത്തില്‍ ഓണനാളിലും പീരുമേട്ടിലെ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മകളാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ വീണ്ടുമെത്തുന്നത്.

ഇത്തവണ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി മുഖാന്തിരമുള്ള സാമ്പത്തിക സഹായം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഓണത്തിന് മുമ്പായി തോട്ടംതൊഴിലാളി കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ പ്രതിമാസം 25 കിലോ അരി നല്‍കിയിരുന്നു. തോട്ടം മേഖലയിലെ അങ്കണവാടികളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് കിലോ അരി നല്‍കി. സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഞ്ച് കിലോ സൗജന്യ അരി നല്‍കിയതും തോട്ടംതൊഴിലാളികള്‍ക്ക് സഹായകരമായി. ഇത്തവണ ഇതൊന്നും സര്‍ക്കാര്‍ നല്‍കിയില്ല. പൊതുവിതരണ ശൃംഖല തകര്‍ത്ത സര്‍ക്കാരിന്റെ സമീപനം പൊതുമാര്‍ക്കറ്റില്‍ കനത്ത വിലക്കയറ്റമുണ്ടാക്കി. ഇങ്ങനെ ഉമ്മന്‍ചാണ്ടി ഭരണം തൊഴിലാളി ജീവിതം നരകതുല്യമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പോകുന്നതിന് മുമ്പ് 2010ല്‍ പൂട്ടിക്കിടക്കുന്നതും തുറന്നതുമായ തോട്ടങ്ങളിലെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് ഓണസമ്മാനമായി 865 രൂപ വീതം നല്‍കി. 2009 ല്‍ ഇത് 750ഉം 2008 ല്‍ 500ഉം ആയിരുന്നു. പടിപടിയായുള്ള വര്‍ധനവാണ് എല്‍ഡിഎഫ് നടപ്പാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം തൊഴിലാളികള്‍ക്ക് ആയിരം രൂപ നല്‍കിയിരുന്നു. ഇത്തവണ സഹായങ്ങളൊന്നും നല്‍കിയില്ലെന്ന് മാത്രമല്ല താങ്ങാനാവാത്ത വിധം വിലക്കയറ്റമാണ് തൊഴിലാളികളുടെമേല്‍ സര്‍ക്കാര്‍ കെട്ടിവച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പീരുമേട്ടിലെ തോട്ടം പ്രതിസന്ധിക്ക് പരിഹാരമായത്. സര്‍ക്കാരിന്റെയും സിപിഐ എമ്മിന്റെയും ഇടപെടലിനെ തുടര്‍ന്ന് പൂട്ടിക്കിടന്ന തോട്ടങ്ങള്‍ ഓരോന്നായി തുറന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളി ജീവിതം സാധാരണപോലെയായി. എല്‍ഡിഎഫ് കാലത്ത് പീരുമേട്ടിലെ പ്രധാന തോട്ടമായ ആര്‍ബിടിയുടെ തോട്ടങ്ങള്‍ തുറക്കാനായത് പ്രതിസന്ധിക്ക് ഒരു പരിധിവരെ അറുതി വരുത്തി. പ്രതിസന്ധി ഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോയ തൊഴിലാളികളും, ജീവനക്കാരും, സൂപ്പര്‍വൈസര്‍മാരും തോട്ടം തുറന്നതോടെ തിരികെ വന്നു. ഇതിലൂടെ കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ഓണമുണ്ണാനുള്ള സാഹചര്യവും എല്‍ഡിഎഫ് ഒരുക്കി.

തോട്ടങ്ങള്‍ തുറന്നതോടെ പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, ഏലപ്പാറ തുടങ്ങിയ പ്രധാന വ്യാപാര മേഖലയും സജീവമായി. ഇതിന്റെ ഭാഗമായി സമസ്ത മേഖലയിലും ഗുണം കണ്ടുതുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ലയങ്ങള്‍ നന്നാക്കുന്നതിന് ഒരു കുടുംബത്തിന് രണ്ടായിരം രൂപയുടെ സഹായം നല്‍കി. കൂടാതെ വൈദ്യുതീകരണത്തിനും ശുദ്ധജലമെത്തിക്കുന്നതിനും ഒരു കോടി രൂപ അനുവദിച്ചു. തോട്ടം തൊഴിലാളി മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം, കുട, ബാഗ്, യൂണിഫോം എന്നിവ സൗജന്യമായി നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരായ തോട്ടം തൊഴിലാളികള്‍ക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളാകെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അട്ടിമറിച്ചു. ഇതോടൊപ്പം തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം വിനോദ സഞ്ചാരത്തിനായി നീക്കിവയ്ക്കാമെന്ന സര്‍ക്കാര്‍ നയം തോട്ടം മേഖലയില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

deshabhimani 310812

കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം: യെച്ചൂരി


ലേലംകൂടാതെ സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സിപിഐ എം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സിഎജി പുറത്തുകൊണ്ടുവന്ന അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉടന്‍ ഉത്തരവിടണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ ഈ നടപടികള്‍ ആവശ്യമാണെന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

വിശ്വസനീയവും സമയബന്ധിതവും കുറ്റക്കാരെ കണ്ടെത്തുന്നതുമായിരിക്കണം ഉന്നതതല അന്വേഷണം. കല്‍ക്കരി ഖനത്തില്‍ സംസ്ഥാനങ്ങളുടെ റോയല്‍റ്റി ഉയര്‍ത്തണം. നിലവില്‍ മൊത്തം കമ്പോളവിലയുടെ ഒരു ശതമാനംപോലും സംസ്ഥാനങ്ങള്‍ക്ക് റോയല്‍റ്റിയായി ലഭിക്കുന്നില്ല. അതിനാല്‍ കല്‍ക്കരിക്ക് അന്താരാഷ്ട്ര താങ്ങുവില നിശ്ചയിച്ച് അതിന്റെ അഞ്ചോ പത്തോ ശതമാനം സംസ്ഥാനങ്ങള്‍ക്ക് റോയല്‍റ്റിയായി നല്‍കണമെന്നും ദേശീയ വികസനസമിതിയില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകണം- യെച്ചൂരി ആവശ്യപ്പെട്ടു. പ്രകൃതിവിഭവങ്ങള്‍ പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോള്‍ ഇന്ത്യക്ക് രാജ്യത്തിന് ആവശ്യമായ കല്‍ക്കരി നല്‍കാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശംപോലും സ്വകാര്യവല്‍ക്കരണത്തെ സഹായിക്കാനാണെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 310812

വിചാരണ ചെയ്യപ്പെടേണ്ട മാധ്യമധര്‍മ്മം

ദേശാഭിമാനി 310812

പരിഷ്കാരങ്ങള്‍ തീവ്രമാക്കാന്‍ പാര്‍ലമെന്റ് സമിതി


രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പാര്‍ലമെന്റിന്റെ ധന സ്റ്റാന്‍ഡിങ്കമ്മിറ്റിയുടെ ശുപാര്‍ശ. സബ്സിഡികള്‍ വെട്ടിചുരുക്കാനും പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് ഭേദഗതി ബില്ലുകള്‍ എത്രയും വേഗം പാസാക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചു. ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്സിന്‍ഹ അധ്യക്ഷനായ സമിതിയാണ് പരിഷ്കാരങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയിലെ ഇടതുപക്ഷ അംഗങ്ങളായ പി രാജീവും ഗുരുദാസ്ദാസ് ഗുപ്തയും തീവ്ര പരിഷ്കരണ നടപടികളെന്ന ശുപാര്‍ശയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണെന്നും ഇത് കുറേ നാള്‍കൂടി തുടരുമെന്നും സമിതി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ 5.3 ശതമാനമായി വളര്‍ച്ച ഇടിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സമസ്ത മേഖലകളിലും വളര്‍ച്ച പരിതാപകരമാണ്. വളര്‍ച്ച കൈവരിക്കുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങണം. സാമ്പത്തിക പരിഷ്കാരങ്ങളുടെയും ഉദാരവല്‍കരണ നടപടികളുടെയും കാര്യത്തില്‍ സന്തുലിതവും സമ്പൂര്‍ണവുമായ സമീപനം കൈക്കൊള്ളണം. രാജ്യത്ത് സമ്പന്നരും ദരിദ്രരുമായുള്ള അന്തരം വര്‍ധിക്കുകയാണ്. സ്വത്തുവിതരണത്തിന്റെ കാര്യത്തിലും വലിയ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. വാങ്ങല്‍ ശേഷി ചുരുക്കം ചിലരിലേക്ക് ഒതുങ്ങുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും യഥാര്‍ഥ കൂലിയില്‍ വരുന്ന കുറവും ദരിദ്രജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്. നിക്ഷേപാനുകൂല അന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിക്കണം. സേവനമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പഠനഗ്രൂപ്പിന് രൂപം നല്‍കണം. സബ്സിഡി ചെലവില്‍ വരുന്ന വലിയ വര്‍ധന കാരണം ഒരിക്കലും ധനക്കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുന്നില്ല. സബ്സിഡി നിശ്ചിത ആളുകളിലേക്ക് പരിമിതപ്പെടുത്തുക എന്നതാണ് പരിഹാരമാര്‍ഗം.

പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിലെ പല തീരുമാനങ്ങളും രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന് ദോഷം ചെയ്തിട്ടുണ്ട്. പൊതു ഒഴിവാക്കല്‍ വിരുദ്ധ ചട്ടങ്ങളും (ഗാര്‍), നികുതി പരിഷ്കാരങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം കൊണ്ടുവന്നതും നിക്ഷേപകരുടെ വിശ്വാസം തകര്‍ത്തിട്ടുണ്ട്. വിദേശ-ആഭ്യന്തര നിക്ഷേപകര്‍ ആശങ്കാകുലരാണ്. ഈ സ്ഥിതി മറികടക്കുന്നതിന് നയ പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടുകയും നിക്ഷേപങ്ങള്‍ക്ക് തടസ്സമായ കാര്യങ്ങള്‍ ഇല്ലാതാക്കുകയും വേണം. പെന്‍ഷന്‍ ഫണ്ട് ബില്‍, ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍, ബാങ്കിങ് ഭേദഗതി ബില്‍, കമ്പനി ഭേദഗതി ബില്‍ എന്നിവ എത്രയും വേഗം പാസാക്കണം.

അതേസമയം, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ കാര്യത്തില്‍ സ്വതന്ത്ര വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്ന് പി രാജീവ് വിയോജനക്കുറിപ്പില്‍ പറഞ്ഞു. ഇത് നയസമീപനങ്ങളെ ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യം ഏറെ മോശമായിരിക്കുമ്പോഴും യൂറോപ്പില്‍ പ്രതിസന്ധി രൂക്ഷമാക്കിയ അതേ നയങ്ങള്‍ ഇവിടെയും തുടരാനാണ് സര്‍ക്കാര്‍ ശ്രമം. ചെലവുചുരുക്കലിന്റെ പേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കണമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോട് യോജിക്കാനാകില്ല. ദരിദ്രര്‍ക്കുള്ള ഇളവുകള്‍ കുറയ്ക്കാനും സബ്സിഡിക്ക് പുതിയ വരുമാന പരിധികള്‍ കൊണ്ടുവരാനുമാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഇത് ധനകമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ സബ്സിഡി കുറയ്ക്കണമെന്ന ശുപാര്‍ശയോട് യോജിക്കാനാകില്ല. പെന്‍ഷന്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്ത് ശുപാര്‍ശ ചെയ്യുന്ന പരിഷ്കാരങ്ങളോടും വിയോജിക്കുന്നതായി രാജീവ് രേഖപ്പെടുത്തി.
(എം പ്രശാന്ത്)

deshabhimani 310812

കെ പങ്കജാക്ഷന് ആയിരങ്ങളുടെ അന്ത്യാഞ്ജലി


ആര്‍എസ്പി മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ പങ്കജാക്ഷന് നാടിന്റെ ആദരാഞ്ജലി. വ്യാഴാഴ്ച പേട്ടയിലെ വീട്ടിലും വിജെടി ഹാളിലും ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലോടെ ചാക്ക ഐടിഐ ജങ്ഷനുസമീപം എന്‍ ശ്രീകണ്ഠന്‍നായര്‍ സ്മാരകമന്ദിര പരിസരത്ത് മൃതദേഹം സംസ്കരിച്ചു. ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവായ പങ്കജാക്ഷന്‍ ചൊവ്വാഴ്ച രാത്രി 8.25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചത്. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 8.45ന് പേട്ട കവറടി റോഡിലെ ഇന്ദു മഹലില്‍ എത്തിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയ്യാറാക്കിയ പുഷ്പാലംകൃത വാഹനത്തില്‍ പതിനൊന്നോടെ വിജെടി ഹാളില്‍ എത്തിച്ചു.

കുടുംബാംഗങ്ങളും നേതാക്കളും പാര്‍ടി പ്രവര്‍ത്തകരും മൃതദേഹത്തിന് അകമ്പടിയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ കെ എം മാണി, ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ്, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, കെ ബി ഗണേശ്് കുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിരപ്പന്‍കോട് മുരളി, എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സിപിഐ നേതാക്കളായ വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണപിള്ള, മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍സിപി നേതാക്കളായ ടി പി പീതാംബരന്‍, ഉഴവൂര്‍ വിജയന്‍, എംപിമാരായ എ സമ്പത്ത്, പി കെ ബിജു, എന്‍ പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, തിരുവനന്തപുരം മേയര്‍ കെ ചന്ദ്രിക, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, പ്രൊഫ. എ വി താമരാക്ഷന്‍, ബാബു ദിവാകരന്‍, പി വിശ്വംഭരന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിജെടി ഹാളില്‍ പൊലീസ് സേന കെ പങ്കജാക്ഷന് അഭിവാദ്യം അര്‍പ്പിച്ചു.

ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, സംസ്ഥാന സെക്രട്ടറി എ എ അസീസ് എംഎല്‍എ, മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, അബനി റോയി എംപി, വി പി രാമകൃഷ്ണപിള്ള എന്നിവര്‍ ചെങ്കൊടി പുതപ്പിച്ചു. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാര ചടങ്ങ്. മകന്‍ ബസന്ത് പങ്കജാക്ഷന്‍ ചിതയ്ക്ക് തീ കൊളുത്തി. അനുശോചനയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജി കാര്‍ത്തികേയന്‍, എം എ ബേബി, പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, വൈക്കം വിശ്വന്‍, ഷിബു ബേബിജോണ്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 310812

ധനലക്ഷ്മിബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തി: കേന്ദ്രമന്ത്രി


2010-11, 2011-12 വര്‍ഷത്തെ കണക്കുകളില്‍ ധനലക്ഷ്മി ബാങ്ക് ക്രമക്കേട് നടത്തിയതായി ധന സഹമന്ത്രി നമോനാരായണ്‍ മീണ അറിയിച്ചു. റിസര്‍വ് ബാങ്ക് നടത്തിയ വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ലോക്സഭയില്‍ എം ബി രാജേഷിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 2011-12ല്‍ ധനലക്ഷ്മി ബാങ്കിന് 115.63 കോടി രൂപയുടെ നഷ്ടമുണ്ടായി. 2007-08മുതല്‍ 2010-11വരെ ബാങ്ക് ലാഭത്തിലായിരുന്നു. ജീവനക്കാരുടെ എതിര്‍പ്പ് മറികടന്ന് നടത്തിയ അശാസ്ത്രീയ നടപടികള്‍ ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വിശദീകരണം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന് തത്ത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി വി നാരായണസ്വാമി അറിയിച്ചു. ജോസ് കെ മാണിക്കുനല്‍കിയ മറുപടിയിലാണ്ഇക്കാര്യം അറിയിച്ചത്. നാലാം ശമ്പള കമീഷനും അഞ്ചാം ശമ്പള കമീഷനും മികവിന് അധിക ആനുകൂല്യം നല്‍കണമെന്നു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ ഭിന്നിപ്പിച്ച് സാമ്പത്തികപരിഷ്കരണ നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ 8.93 കോടി കാര്‍ഷിക കുടുംബങ്ങളില്‍ 48.6 ശതമാനവും കടക്കെണിയിലാണെന്ന് മന്ത്രി നമോനാരായണ്‍ മീണ പി കെ ബിജുവിന് മറുപടി നല്‍കി.

കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന്റെ ആദ്യഘട്ട പൈപ്പ്ലൈന്‍ നിര്‍മാണം 91.9 ശതമാനം പൂര്‍ത്തിയായതായി മന്ത്രി ആര്‍ പി എന്‍ സിങ് അറിയിച്ചു. എല്‍എന്‍ജി ടെര്‍മിനലില്‍നിന്ന് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് എത്തിക്കാനുള്ള 40 കിലോമീറ്റര്‍ പൈപ്പുലൈനാണ് ആദ്യഘട്ടത്തിലുള്ളത്. എന്നാല്‍, കൊച്ചി എഫ്എസ്ടിയില്‍നിന്ന് മംഗലാപുരത്തേക്കും ബാംഗളൂരുവിലേക്കുമുള്ള 878 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ നിര്‍മാണത്തിന്റെ 51.2 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. പി കരുണാകരന്‍, എം കെ രാഘവന്‍, കെ പി ധനപാലന്‍ എന്നിവരുടെ ചോദ്യത്തിനുനല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനു മാത്രമായി നയ രൂപീകരണം നടത്തില്ലെന്ന് മന്ത്രി വിന്‍സന്റ് എച്ച് പാല അറിയിച്ചു. 2002ലെ ജലനയത്തില്‍ ദേശീയ ജലബോര്‍ഡ് ശുപാര്‍ശ അനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്ത് 71 പ്രത്യേക സിബിഐ കോടതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി വി നാരായണസ്വാമി ഡോ. ടി എന്‍ സീമയെ അറിയിച്ചു.

deshabhimani 310812

ആദിവാസി ഊരുകളിലെ തുടര്‍പഠനം നിലച്ചു


ആദിവാസി ഊരുകളില്‍ തുടര്‍പഠനപ്രവര്‍ത്തനത്തിന്റെ ചുമതലയുണ്ടായിരുന്ന മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലെ ഫെസിലിറ്റേറ്റര്‍മാരെ പൂര്‍ണമായി ഒഴിവാക്കുന്നു. ഇടുക്കി ജില്ലയില്‍ മാസങ്ങള്‍ക്കുമുമ്പ് ഇവരുടെ സേവനം നിര്‍ത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറോളം പേരോട് ഇനി ജോലി ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ വനത്തിലെ ആദിവാസി മേഖലകളിലെ തുടര്‍പഠന പ്രവര്‍ത്തനം നിലച്ചു.

പഠനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ആദിവാസി ഊരുകളിലെ വിവരങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതിനും ചുമതലപ്പെടുത്തിയ ഫെസിലിറ്റേറ്റര്‍മാരെ പ്രത്യേക ഫണ്ടില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, പണിയന്‍, ഇടുക്കി ജില്ലയിലെ മുതുവാന്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിനാണ് ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചത്. ക്ലസ്റ്റര്‍ റിസോഴ്സ് പേഴ്സണ്‍ ആയി ജോലി ചെയ്യുന്നവര്‍ക്ക് പഞ്ചായത്തില്‍ എല്ലായിടത്തും എപ്പോഴുമെത്താന്‍ കഴിയില്ലെന്നതിനാലാണ് വിവരശേഖരണത്തിന് തുച്ഛ പ്രതിഫലം നല്‍കി ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചത്. നിയമന ഉത്തരവ് നല്‍കാത്തതിനാല്‍ ഒഴിവാക്കലും വാക്കാല്‍ മാത്രമായി.

സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവരെ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളില്‍ എത്തിച്ചതും ആദിവാസി കുടികളിലെ അസ്വാഭാവിക സംഭവങ്ങള്‍ പുറത്തറിയിച്ചിരുന്നതും ഫെസിലിറ്റേറ്റര്‍മാരാണ്. സാധാരണക്കാരുമായി വനത്തിനുള്ളിലെ ആദിവാസികള്‍ ഇടപെടില്ലെന്നതിനാല്‍ ഇവര്‍ക്കിടയില്‍നിന്ന് വിദ്യാഭ്യാസം നേടിയവരെയാണ് ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ലഭ്യമാക്കിയത് മഹിളാ സമഖ്യ സൊസൈറ്റിയുടെ ഇടപെടലിനാലാണ്. 246 റേഷന്‍കാര്‍ഡും 339 തിരിച്ചറിയല്‍ കാര്‍ഡും 466 തൊഴിലുറപ്പ് കാര്‍ഡും 297 ഇന്‍ഷുറന്‍സ് കാര്‍ഡുകളും മഹിള സമഖ്യ മുഖേന ലഭ്യമാക്കി. 105 ആദിവാസി കുട്ടികളെ സ്കൂളിലെത്തിച്ചു. ആദിവാസി സ്ത്രീകളെ അക്ഷരലോകത്ത് എത്തിക്കുന്നതിന്റെ ഭാഗമായാണ് തുടര്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവര്‍ക്ക് ഐടിഡിപി സഹായത്തോടെ ഉച്ചഭക്ഷണവും നല്‍കിയിരുന്നു. ഈ പ്രവര്‍ത്തനവും നിലച്ചു.
(ജി രാജേഷ്കുമാര്‍)

deshabhimani 310812

തെള്ളിയൂരില്‍ ആര്‍എസ്എസ് തേര്‍വാഴ്ച സിപിഐ എം ലോക്കല്‍ സെക്രട്ടറിയുടെ വീട് അടിച്ചുതകര്‍ത്തു


ഇരവിപേരൂര്‍: തെള്ളിയൂര്‍ മേഖലയില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ്, ബിജെപി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. സിപിഐ എം തെള്ളിയൂര്‍ ലോക്കല്‍ സെക്രട്ടറിയുടെ വീടും വീട്ടുപകരണങ്ങളും ഇരുചക്രവാഹനവും അടിച്ചുതകര്‍ത്തു. അടിച്ചിപ്പുഴ കോളനിയിലെ ആക്രമണത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലോക്കല്‍ സെക്രട്ടറി ദീപു എം ടോമിന്റെ വീടിനുനേരെ തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും വീട്ടുപകരണങ്ങളായ സെറ്റി, ടിവി തുടങ്ങിയവയും പൂര്‍ണമായി അടിച്ചുതകര്‍ത്തു.

ബുധനാഴ്ച ഉച്ചയോടുകൂടി അടിച്ചിപ്പുഴ കോളനിയിലെ താമസക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ സുഭാഷ് തങ്കപ്പന്‍, അപ്പു, രഞ്ജിത്ത്, സുനില്‍ എന്നിവരെ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സുഭാഷ്, അപ്പു എന്നിവരെ തിരുവല്ല താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് നാലോളം വാഹനങ്ങളില്‍ എത്തിയ അന്‍പതു പേരടങ്ങുന്ന സംഘം തടിയൂരിന് സമീപമുള്ള ദീപുവിന്റെ വീടിനു നേരെ തിരിഞ്ഞത്. അക്രമികള്‍ എത്തുമ്പോള്‍ ദീപു വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് സംഘങ്ങളായി തിരിഞ്ഞ അക്രമികളില്‍ ഒരു സംഘം മറിച്ചിട്ട ബൈക്ക് കരിങ്കല്ലിന് ഇടിച്ച് പൂര്‍ണമായി തകര്‍ത്തു. മറ്റൊരു സംഘം വടിവാള്‍, ദണ്ഡ് തുടങ്ങിയ ആയുധങ്ങളുമായി വീടിനു ചുറ്റും കൊലവിളി മുഴക്കി സമീപവാസികളെ അകറ്റി. മറ്റൊരു സംഘം വീട് തകര്‍ത്ത് അകത്തുകയറി വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. ഈ സമയം വീടിനുള്ളില്‍ ദീപുവിന്റെ മാതാപിതാക്കളും എംബിഎ വിദ്യാര്‍ഥിനിയായ സഹോദരി ദിയയും മാത്രമാണുണ്ടായിരുന്നത്. സംഘം പിരിഞ്ഞുപോകുന്നതിനു മുമ്പ് ദിയയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഇതൊരു മുന്നറിയിപ്പുമാത്രമാണ്, ദീപുവിനെ ഞങ്ങള്‍ ജീവനോടെ കത്തിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആഗസ്ത് 15ന് ഡിവൈഎഫ്ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടഭാഗത്തു നടന്ന ഫ്രീഡം റാലി കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകരെ തെള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവോണദിനത്തിലും അക്രമം നടന്നത്. തെള്ളിയൂര്‍കാവ് ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്, ബിഎംഎസ് നേതൃത്വത്തിലുള്ള ക്ഷേത്രോപദേശക സമിതി നടത്തിയ കൂപ്പണ്‍ പിരിവില്‍ ലക്ഷക്കണക്കിനു രൂപ തിരിമറി നടത്തിയതായി പറയപ്പെടുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരിമറി പുറത്തുവന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രോപദേശക സമിതി പിരിച്ചുവിടാന്‍ ഉത്തരവായി. ഈ തിരിമറി പുറത്തായതിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് പ്രകോപനത്തിന് കാരണം. അക്രമം നടന്ന വീടും കോളനി പ്രദേശങ്ങളും സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, സെക്രട്ടറിയറ്റംഗങ്ങളായ ബാബു കോയിക്കലേത്ത്, രാജു ഏബ്രഹാം എംഎല്‍എ, ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി ജി അജയകുമാര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ് ബാബു, സിഐടിയു ജില്ല സെക്രട്ടറി കെ സി രാജഗോപാലന്‍, പുകസ ജില്ലാ പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ മനു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

10 പേര്‍ റിമാന്‍ഡില്‍

ഇരവിപേരൂര്‍: സിപിഐ എം തെള്ളിയൂര്‍ ലോക്കല്‍ സെക്രട്ടറി ദീപു എം ടോമിന്റെ വീട് അടിച്ചുതകര്‍ക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 10 പേരെ കോയിപ്രം എസ്ഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു. പ്രദീപ്കുമാര്‍, ബാബു, രാജേഷ്, അനു, ജയകൃഷ്ണന്‍, പ്രവീണ്‍, ഉണ്ണികൃഷ്ണന്‍, പ്രസാദ്, അനുരാധാകൃഷ്ണന്‍, ഉമേഷ് എന്നിവരയൊണ് അറസ്റ്റ്ചെയ്തത്. ബുധനാഴ്ച രാത്രി വീണ്ടും ആക്രമണത്തിന് തയ്യാറായി മാരകായുധങ്ങളുമായി തെള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്നു ഇവര്‍. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട സബ്ജയിലിലേക്ക് മാറ്റി.

ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ എം പ്രതിഷേധിച്ചു

ഇരവിപേരൂര്‍: പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ജില്ലയില്‍ എമ്പാടും വ്യാപക ആക്രമണം നടത്തുന്ന വര്‍ഗീയവാദികളുടെ നടപടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ അമര്‍ച്ചചെയ്യാന്‍ പൊലീസ് കാട്ടുന്ന അനാസ്ഥയില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു

ഓണാഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാര്‍ഡിലെ മാവേലി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടിക്കിടെ ആര്‍എസ്എസ്-ബിജെപി അതിക്രമം. ആക്രമണത്തില്‍ ഭയന്നോടിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് വീണ് പരിക്ക്. പന്തലിലെ ട്യൂബ്ലൈറ്റുകളും നൂറോളം കസേരകളും അടിച്ചുതകര്‍ത്തു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച 40 ഓളം വരുന്ന അക്രമിസംഘം ക്ലബ് ഭാരവാഹികളെ തല്ലിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. 40,000ലേറെ രൂപയുടെ നാശനഷ്ടം വരുത്തി. ബുധനാഴ്ച രാത്രി ഏഴോടെയാണ് ആദ്യആക്രമണം ഉണ്ടായത്. മദ്യപിച്ച് പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്ലബ് ഭാരവാഹികളെ തല്ലിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചുപോയതിനുശേഷമാണ് രാത്രി ഒമ്പതരയോടെ കൂടുതല്‍ പേരടങ്ങുന്ന അക്രമിസംഘം വീണ്ടും തേര്‍വാഴ്ച നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു അതിക്രമം.

ജില്ലാപഞ്ചായത്തംഗം പി പി സംഗീത സമ്മാനദാനം നിര്‍വഹിക്കുമ്പോഴാണ് അഭിമന്യുവിന്റെ നേതൃത്വത്തില്‍ എത്തിയ ആര്‍എസഎസ്-ബിജെപി അക്രമിസംഘം വടിവാള്‍, മഴു, ദണ്ഡ്, ഇരുമ്പുപൈപ്പ് തുടങ്ങിയ മാരാകായുധങ്ങളുമായി അഴിഞ്ഞാടിയത് പന്തലിന് ചുറ്റും സമീപത്തുമായി സ്ഥാപിച്ചിരുന്ന ട്യൂബ്ലൈറ്റുകള്‍ അടിച്ചുതകര്‍ത്തതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടക്കം ചിതറിയോടി. ഭയന്നുനിലവിളിച്ച് ഓടുന്നതിനിടയില്‍ ഇവരില്‍ പലരും താഴെയും സമീപത്തെ കുളങ്ങളിലും വീണു. നിലത്തുവീണ പലര്‍ക്കും ചവിട്ടേറ്റു. പരിപാടി കാണാനെത്തിയവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചതിനുശേഷം പന്തലിലെ കസേരകള്‍ അടിച്ചുതകര്‍ത്തു. വാടകയ്ക്കും സമീപത്തെ ബാലകൈരളിയില്‍ നിന്നും എടുത്ത നൂറോളം കസേരകള്‍ നശിപ്പിച്ചു. കൊലവിളിയുമായി അതിക്രമം കാട്ടിയ സംഘം പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപെട്ടു.

വിവിധ രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരുള്‍പ്പെടെ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി അലങ്കോലപ്പെടുത്തുകയും ക്ലബ് ഭാരവഹികളെ മര്‍ദിക്കുകയും ചെയ്ത ആര്‍എസ്എസ്-ബിജെപി നടപടിയില്‍ സിപിഐ എം മാരാരിക്കുളം ഏരിയകമ്മിറ്റി പ്രതിഷേധിച്ചു. സമാധാന ജീവിതം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള ഇക്കൂട്ടരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അക്രമികളെ ഉടനെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറാകണമെന്നും സെക്രട്ടറി കെ ഡി മഹീന്ദ്രന്‍ ആവശ്യപ്പെട്ടു.

സിപിഐ എം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം: ചാത്തന്നൂരിലും ഇളമാടിലും സിപിഐ എം നേതാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ചാത്തന്നൂരില്‍ ടൗണ്‍ ലോക്കല്‍കമ്മിറ്റി അംഗത്തെയും മകനെയും സാമൂഹ്യവിരുദ്ധരാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഐ എം തേവന്നുര്‍ ബ്രാഞ്ച്സെക്രട്ടറിയെ ആര്‍എസ്എസ് ക്രിമിനല്‍സംഘമാണ് ആക്രമിച്ചത്. ചാത്തന്നൂര്‍ ജങ്ഷനില്‍ പാച്ചന്‍ പാപ്പീസ് തുണിക്കട നടത്തുന്ന ടൗണ്‍ ലോക്കല്‍കമ്മിറ്റിഅംഗമായ ആര്‍ സന്തോഷിനെയും മകന്‍ പ്രകാശിനെയും കടയിലെ ജീവനക്കാരന്‍ അരശനെയുമാണ് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ കട അടയ്ക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആക്രമികള്‍ പ്രകാശിനെ മര്‍ദിച്ചു. ഇതുകണ്ട് ഓടിയെത്തിയ സന്തോഷിനെയും ക്രൂരമായി മര്‍ദിച്ചു. ഇതിനിടയില്‍ സന്തോഷിനെ കടയ്ക്കുള്ളില്‍നിന്നു പിടിച്ചിറക്കി മാരകായുധങ്ങളുമായി ഒരു സംഘം മര്‍ദിച്ചു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സാമൂഹ്യവിരുദ്ധര്‍ ഓടിമറഞ്ഞു. മര്‍ദനമേറ്റ സന്തോഷിനെയും മകനെയും ജീവനക്കാരനെയും ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ പരാതിയെത്തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കൊലക്കുറ്റത്തിന് കേസെടുത്തു.

തേവന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി ബൈജുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ബൈജുവിന്റെ ബൈക്ക് പൂര്‍ണമായും അടിച്ചുതകര്‍ത്തശേഷമാണ് ക്രിമിനല്‍സംഘം രക്ഷപ്പെട്ടത്. നവഭാരത് കലാകായികവേദിയുടെ ഓണാഘോഷത്തിനുശേഷം സുഹൃത്തായ അനിലിനൊപ്പം വീട്ടിലെത്തി സംസാരിച്ചിരിക്കെയാണ് ആര്‍എസ്എസ് ക്രിമിനലുകളായ അജേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. ആര്‍എസ്എസ് ക്രിമിനല്‍സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ ബൈജുവിന്റെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നു പറയുന്നു. ചടയമംഗലം പൊലീസ് കേസെടുത്തു.

deshabhimani 310812

സാമ്രാജ്യത്വചേരിക്ക് താക്കീത്


അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരിക്ക് ശക്തമായ താക്കീതോടെ പതിനാറാമത് ചേരിചേരാ ഉച്ചകോടിക്ക് തെഹ്റാനില്‍ തുടക്കമായി. രണ്ടുദിവസം വീതം നീണ്ട ഉദ്യോഗസ്ഥ, വിദേശമന്ത്രിതല സമ്മേളനങ്ങള്‍ക്കുശേഷം വ്യാഴാഴ്ച രാവിലെയാണ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം ആരംഭിച്ചത്. ആതിഥേയരാജ്യമായ ഇറാന്റെ ദേശീയഗാനാലാപനത്തോടെയായിരുന്നു ഉച്ചകോടിയുടെ തുടക്കം. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനില്‍നിന്നുള്ള വചനങ്ങള്‍ വായിച്ചു. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി സമ്മേളനം ഉദ്ഘാടനംചെയ്തു.

ആണവപദ്ധതിയുടെ പേരില്‍ അമേരിക്കയും കൂട്ടാളികളും ഉപരോധത്താല്‍ ആക്രമിക്കുന്ന ഇറാന് ചേരിചേരാ ഉച്ചകോടി നയതന്ത്രവിജയമാണ്. ഉച്ചകോടിയുടെ തയ്യാറെടുപ്പുഘട്ടം മുതല്‍ അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് ഇറാന്‍ ഉന്നയിക്കുന്നത്. ഉച്ചകോടിയില്‍ വ്യാഴാഴ്ച സംസാരിച്ച ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദ് അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇറാഖിലും ആസൂത്രിതമാര്‍ഗത്തിലൂടെ ജനങ്ങളെ വന്‍തോതില്‍ കൊന്നൊടുക്കുകയാണ് അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് യുഎന്‍ രക്ഷാസമിതിയും ഉത്തരവാദിയാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ അധീശത്വവും അടിച്ചമര്‍ത്തലും വ്യാപിപ്പിക്കാനാണ് രക്ഷാസമിതിയുടെ നിലപാടുകള്‍ വഴിയൊരുക്കുന്നത്. അഫ്ഗാനിലും ഇറാഖിലുമെല്ലാം പ്രതിക്കൂട്ടില്‍നില്‍ക്കുന്നത് അമേരിക്കയായതുകൊണ്ടാണ് യുഎന്‍ ഇത്തരം നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗമായ അമേരിക്ക വീറ്റോ അധികാരത്തിന്റെ മറവില്‍ അന്യായമായ മുന്‍തൂക്കം നേടുകയാണ്.

പുതിയ ലോകസാഹചര്യത്തില്‍ ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മ ലക്ഷ്യങ്ങളും പ്രവര്‍ത്തനവും പുനഃക്രമീകരിക്കണമെന്നും അഹ്മദിനെജാദ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്രസമൂഹത്തെ നയിക്കുന്നതില്‍ ചേരിചേരാപ്രസ്ഥാനത്തിന് പങ്കുവഹിക്കാന്‍ കഴിയുന്ന തരത്തിലാകണം ഇതെന്നും അദ്ദേഹം വിശദീകരിച്ചു. നീതിയിലധിഷ്ഠിതമായ സമാധാനവും സ്വാതന്ത്ര്യവും മാനുഷിക അംഗീകാരവും എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള സംയുക്ത ആഗോള ഭരണനിര്‍വഹണമാകണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് ചേരിചേരാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കള്‍ പരിശ്രമിച്ചതെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഉച്ചകോടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. തെഹ്റാനിലെ ഉച്ചകോടി അസാധാരണവും അനുയോജ്യമല്ലാത്തതുമാണെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് വിക്ടോറിയ ന്യുലന്‍ഡ് കുറ്റപ്പെടുത്തി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചിരുന്നു. അതേസമയം, ഉച്ചകോടിക്ക് സമ്പൂര്‍ണ പിന്തുണ റഷ്യ പ്രഖ്യാപിച്ചു. നാം രാജ്യങ്ങളുമായി കൂടുതല്‍ മെച്ചപ്പെട്ട സഹകരണത്തിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉച്ചകോടിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. നാമില്‍ അതിഥിയായ റഷ്യ സ്ഥാനപതിയെ ഉച്ചകോടിക്ക് അയച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍, പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്മി തിന്‍ലി, കംബോഡിയ പ്രധാനമന്ത്രി ഹുന്‍ സെന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. പുതിയ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉച്ചകോടിയുടെ അതിഥികളുടെ അതിഥികളുടെ പട്ടികയിലുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഒരു ഈജിപ്ത് പ്രസിഡന്റ് ഇറാനിലെത്തുന്നത് ഇതാദ്യമാണ്.

സിറിയയില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് ഇന്ത്യ

തെഹ്റാന്‍: സിറിയയില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സിറിയന്‍ ജനതയുടെ അഭിലാഷം അനുസരിച്ചുള്ള പരിവര്‍ത്തനമാണ് വേണ്ടതെന്നും പുറത്തുനിന്നുള്ള കൈകടത്തല്‍ പാടില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചേരിചേരാ ഉച്ചകോടിയില്‍ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടു. സിറിയയിലെ പ്രശ്നം പരിഹരിക്കാന്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിചേരാ പ്രസ്ഥാനം നിലപാട് സ്വീകരിക്കണമെന്നും മന്‍മോഹന്‍ നിര്‍ദേശിച്ചു. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വലിയ മാറ്റങ്ങള്‍ നടക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എല്ലായിടത്തും ജനാഭിലാഷത്തെയാണ് പിന്തുണയ്ക്കുന്നത്. സിറിയയിലെ സ്ഥിതിഗതി അത്യന്തം മോശമാകുന്നത് ആശങ്കാജനകമാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും പ്രതിബദ്ധത കാട്ടണമെന്നും മന്‍മോഹന്‍ അഭ്യര്‍ഥിച്ചു.

മന്‍മോഹന്‍ ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

തെഹ്റാന്‍: ചേരിചേരാ ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി, പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദ് എന്നിവരുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്റെ ആണവപദ്ധതിയും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതിയും മുഖ്യവിഷയങ്ങളായി. ഇരുരാജ്യവും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും വ്യാപാരം ശക്തമാക്കാനുമുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി. മന്‍മോഹന്‍സിങ്ങും അഹ്മദിനെജാദുമായുള്ള കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു.

ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനുള്ള തീരുമാനം ചര്‍ച്ചയിലുണ്ടായി. ഗോതമ്പ് അടക്കമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറാനിലേക്ക് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ നടപടിയെടുക്കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആണവപ്രശ്നത്തില്‍ ഇറാന്‍ ആറുരാഷ്ട്രങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്ന് മന്‍മോഹന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചര്‍ച്ചയ്ക്കുശേഷം മന്‍മോഹനുവേണ്ടി ഇറാന്‍ പ്രസിഡന്റ് വിരുന്നും സംഘടിപ്പിച്ചു. ഉച്ചകോടിക്കിടെ ഇറാന്‍ പ്രത്യേക വിരുന്നുനല്‍കുന്ന ഏക നേതാവാണ് മന്‍മോഹന്‍സിങ്. മറ്റ് ലോകനേതാക്കള്‍ക്ക് എല്ലാവര്‍ക്കുമായി വെള്ളിയാഴ്ച ഇറാന്‍ അത്താഴവിരുന്നുനല്‍കും. പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി മുസ്ലിം ഇതര രാഷ്ട്രനേതാവുമായി ചര്‍ച്ച നടത്തിയതും അപൂര്‍വമാണ്. 40 മിനിറ്റിന്റെ കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ലോകസാഹചര്യങ്ങളും ഉഭയകക്ഷിബന്ധവും ചര്‍ച്ചചെയ്തു. ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചതായി ഖമനേയി പറഞ്ഞു.

മന്‍മോഹനും സര്‍ദാരിയും കൂടിക്കാഴ്ച നടത്തി

തെഹ്റാന്‍: ചേരിചേരാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. ഈവര്‍ഷം ഇരുനേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ ഏപ്രിലില്‍ അജ്മീരിലെ സൂഫി ആരാധനാലായത്തിലെത്തിയ സര്‍ദാരി ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു. ഭീകരത തന്നെയാണ് ഇന്ത്യ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം മന്‍മോഹന്‍ ആവര്‍ത്തിച്ചു. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചതിന് തൊട്ടടുത്ത ദിവസമാണ് കൂടിക്കാഴ്ച.

deshabhimani 310812

ഡിവൈഎഫ്ഐ സമ്മേളനത്തിന് ബംഗളൂരു ഒരുങ്ങുന്നു


സെപ്തംബര്‍ 11 മുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയാകുന്നു. ബംഗളൂരുവില്‍ ആദ്യമായി നടക്കുന്ന യുവജന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഊര്‍ജിതപ്രവര്‍ത്തനത്തിലാണ് സംഘാടകസമിതി. "മെച്ചപ്പെട്ട ഇന്ത്യക്കായി യുവജന ശാക്തീകരണം" എന്നതാണ് സമ്മേളന മുദ്രാവാക്യം. നഗരത്തിന്റെ മുക്കിലും മൂലയിലും സമ്മേളനത്തിന്റെ വരവറിയിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. ചുവരെഴുത്തുകള്‍, പ്രചാരണബോര്‍ഡുകള്‍ എന്നിവ വിവിധഭാഗങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍, വിളംബരജാഥ, സെമിനാറുകള്‍, കല-കായിക മത്സരങ്ങള്‍ തുടങ്ങിയവ പുരോഗമിക്കുകയാണ്.

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംഘാടകസമിതി ചൊവ്വാഴ്ച അവലോകനയോഗം ചേര്‍ന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സിപിഐ എം സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡി എന്നിവര്‍ സംസാരിച്ചു. സമ്മേളന പ്രചാരണത്തിന് ശനിയാഴ്ച ബംഗളൂരുവില്‍ ബൈക്ക്റാലി സംഘടിപ്പിക്കും. ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി റയില്‍വേസ്റ്റേഷനില്‍ സമാപിക്കും. പ്രശസ്ത ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ ചിത്രകലാപ്രദര്‍ശനവും മത്സരവും നടത്തുമെന്ന് സംഘാടകസമിതി സെക്രട്ടറി രാജശേഖരമൂര്‍ത്തി അറിയിച്ചു. ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കു പുറമെ അഞ്ചു രാജ്യത്തുനിന്ന് സൗഹാര്‍ദ പ്രതിനിധികളും എത്തും.
  Share

ബംഗാളില്‍ അഭാസ്റായ് ചൗധരി ഡിവൈഎഫ്ഐ പ്രസിഡന്റ് ; ജാമിര്‍ മൊള്ള സെക്രട്ടറി

കൊല്‍ക്കത്ത: ഡിവൈഎഫ്ഐ 16-ാം പശ്ചിമബംഗാള്‍ സംസ്ഥാനസമ്മേളനം സമാപിച്ചു. പ്രസിഡന്റായി അഭാസ്റായ് ചൗധരി, സെക്രട്ടറിയായി ജാമിര്‍ മൊള്ള എന്നിവരെ തെരഞ്ഞെടുത്തു. 95 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും 20 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചര്യ ഉദ്ഘാടനംചെയ്തു. 624 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രത്യേക യോഗം ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി തപസ് സിന്‍ഹ സംസാരിച്ചു.

deshabhimani 310812

പാര്‍ലമെന്റിലെ ഒത്തുകളിക്ക് എതിരെ പുതിയ കൂട്ടായ്മ


യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെതിരെ ബിജെപിയിതര-കോണ്‍ഗ്രസിതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുന്നു. കല്‍ക്കരിപ്പാടങ്ങള്‍ ലേലം കൂടാതെ സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ചതിലുള്ള അഴിമതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസും ബിജെപിയും താല്‍പ്പര്യപ്പെടാത്ത സാഹചര്യത്തിലാണ് ഇടതുപക്ഷവും സമാജ്വാദി പാര്‍ടി, ടിഡിപി പാര്‍ടികളും ചേര്‍ന്ന് പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. വ്യാഴാഴ്ചയും സഭ തടസ്സപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്താനും പുതിയ ചേരി തീരുമാനിച്ചു. ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികളും ധര്‍ണയില്‍ പങ്കെടുക്കും.
അനധികൃതമായി അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള റോയല്‍റ്റി വര്‍ധിപ്പിക്കുക, സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

 പാര്‍ലമെന്റ് തുടര്‍ച്ചയായി ഏഴാം ദിവസവും തടസ്സപ്പെട്ടപ്പോള്‍ മതനിരപേക്ഷ പാര്‍ടികള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ യോഗം ചേര്‍ന്നു. സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ്ങിന്റെ നേതൃത്വത്തിലയിരുന്നു യോഗം. ലോക്സഭാ കക്ഷി നേതാക്കളായ ബസുദേവ് ആചാര്യ (സിപിഐ എം), ഗുരുദാസ് ദാസ് ഗുപ്ത (സിപിഐ), നമ്മ നാഗേശ്വരാവു (ടിഡിപി) എന്നിവര്‍ പങ്കെടുത്തു. യോഗത്തിനുശേഷം ബിജെഡി, എഐഎഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവരുടെ അംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കുമെന്നും ബസുദേവ് ആചാര്യ അറിയിച്ചു.

പ്രകൃതിവിഭവങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി അഴിമതി നടത്തുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ കുറ്റക്കാരാണെന്ന് ബസുദേവ് ആചാര്യ പറഞ്ഞു. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരാണെങ്കില്‍ കര്‍ണാടകത്തിലും ഛത്തീസ്ഗഢിലും ബിജെപിയാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി. പുതിയ കമ്പനിക്ക് രൂപം നല്‍കി അതേ ദിവസംതന്നെ ആ കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നതിനാലാണ് ഇരു പാര്‍ടികളും ചേര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്നതെന്നും ബസുദേവ് ആചാര്യ പറഞ്ഞു. സിഎജി പുറത്തുകൊണ്ടുവന്ന കല്‍ക്കരി അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉടന്‍ ഉത്തരവിടണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

കല്‍ക്കരി അഴിമതി: ഇടതുപക്ഷ-മതേതര പാര്‍ട്ടികള്‍ ധര്‍ണ നടത്തും

അനധികൃതമായി അനുവദിച്ച കല്‍ക്കരിപാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള റോയല്‍റ്റി വര്‍ധിപ്പിക്കുക. സിഎജി റിപ്പോര്‍ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ടിഡിപിയും വെള്ളിയാഴ്ച പാര്‍ലമെന്റിന്്മുന്നില്‍ ധര്‍ണ നടത്തും. എഐഡിഎംകെ, ബിജെഡി അംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കുമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ അറിയിച്ചു.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗാമായാണ് പാര്‍ലമെന്റ് തടസ്സപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്ചയും ഉച്ചക്ക് 12 വരെ പിരിഞ്ഞു. പിന്നീട് ചേര്‍ന്നെങ്കിലും സഭ തുടരാനായില്ല. ഇതേ വിഷയം ഉന്നയിച്ച് ഏഴാം ദിവസമാണ് ബിജെപി സഭ തടസ്സപ്പെടുന്നത്. ഈ നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചാണ് ഇടത്-മതേതര പാര്‍ട്ടികള്‍ ധര്‍ണയക്കൊരുങ്ങുന്നത്. സിപിഐ എം ലോക്സഭാ കക്ഷി നേതാവ് ബസുദേബ് ആചാര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ടിഡിപി നേതാവ് നാഗേശ്വര്‍ റാവു എന്നിവര്‍ ഇതേപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു.

deshabhimani 310812

ചര്‍ച്ചയില്ലാതെ രണ്ട് ബില്ലുകള്‍ ലോക്സഭ പാസാക്കി


കല്‍ക്കരി കുംഭകോണത്തിന് ഉത്തരവാദിയായ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബഹളത്തിനിടെ അന്താരാഷ്ട്ര രാസായുധ സമ്മേളന ഭേദഗതി നിയമവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഭേദഗതി നിയമവും ലോക്സഭഭപാസാക്കി. പകല്‍ 11ന് സഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. 12 വരെ സഭഭനിര്‍ത്തി. 12ന് വീണ്ടും ചേര്‍ന്നപ്പോഴാണ് പ്രധാന പേപ്പറുകള്‍ സഭയില്‍ വച്ചശേഷം നിയമനിര്‍മാണത്തിലേക്ക് കടന്നത്. ബഹളത്തിനിടെ ആദ്യം പരിഗണിച്ച രാസായുധ സമ്മേളന ഭേദഗതി ബില്‍ രണ്ട് മിനിറ്റുകൊണ്ട് പാസാക്കി. രാജ്യസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു.

രണ്ടായിരത്തിലെ രാസായുധ സമ്മേളന നിയമമാണ് ഭേദഗതി ചെയ്തത്. രാസായുധങ്ങള്‍ വികസിപ്പിച്ചെടുക്കല്‍, ഉല്‍പ്പാദനവും ശേഖരണവും നിരോധിക്കല്‍, നിലവിലുള്ള രാസായുധങ്ങള്‍ നശിപ്പിക്കല്‍ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ബില്ലില്‍ പറയുന്നു. കേന്ദ്ര രാസവസ്തുമന്ത്രി ശ്രീകാന്ത് ജനയാണ് ബില്‍ അവതരിപ്പിച്ചത്. 1993ല്‍ അന്താരാഷ്ട്ര കെമിക്കല്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. കണ്‍വന്‍ഷനില്‍ അംഗമല്ലാത്ത രാജ്യങ്ങളുമായി മാരകശക്തിയുള്ള രാസവസ്തുക്കളുടെ കൊടുക്കല്‍വാങ്ങല്‍ നിരോധിക്കുന്നതാണ് നിയമഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ലോകത്തുനിന്ന് രാസായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ലോകമാകെ രാസായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള കാലാവധി ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് അവസാനിച്ചിരുന്നു. എന്നാല്‍, പത്തുവര്‍ഷം കൂടി സാവകാശമുണ്ടെങ്കില്‍ മാത്രമേ തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഈ ശ്രമത്തിന് മുന്‍കൈയെടുത്ത അമേരിക്കയുടെ നിലപാട്. രാസായുധങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറാകാതെ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്കയ്ക്ക് പൂര്‍ണമായും വിധേയമായാണ് യുപിഎ ഗവണ്‍മെന്റ് നിയമ ഭേദഗതി കൊണ്ടുവന്നത്.

രാസവസ്തു മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിശ്ചിത പരിധിയില്‍ കൂടുതലുള്ള രാസവ്യവസായങ്ങള്‍ക്കു മാത്രമേ ലൈസന്‍സ് ആവശ്യമുള്ളൂവെന്നാണ് പുതിയ നിയമം. ഇത് ഈ മേഖലയുടെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. ചെറുകിട യൂണിറ്റുകളില്‍ മാരകമായ രാസവസ്തുക്കളുണ്ടാക്കാന്‍ ഇപ്പോഴുള്ള ഭേദഗതി മൂലം കഴിയും. ഇത് തീവ്രവാദികളടക്കമുള്ളവര്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്ക ഇടതുപക്ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കാനോ ചര്‍ച്ച നടത്താനോ അവസരമൊരുക്കാതെ ധൃതിപിടിച്ച് ബില്‍ പാസാക്കിയെടുക്കുകയായിരുന്നു.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ മറ്റ് കേന്ദ്രങ്ങളിലും സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്‍കാനുള്ള ബില്ലാണ് എയിംസ് നിയമഭേദഗതി.
(വി ജയിന്‍)

deshabhimani 310812

വൈദ്യുതി ബോര്‍ഡ് കടക്കെണിയിലേക്ക്


ജനങ്ങളെ പിഴിയുന്ന നിരക്കുവര്‍ധനയ്ക്ക് ശേഷവും വൈദ്യുതി ബോര്‍ഡ് വന്‍ കടക്കെണിയിലേക്ക്. കേരള പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് 14 ശതമാനം പലിശയ്ക്ക് കടമെടുത്ത് ഈമാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തിയ ബോര്‍ഡ് അടുത്തമാസം കടുത്ത പ്രതിസന്ധയിലേക്ക് നീങ്ങുമെന്ന് സൂചന. വൈദ്യുതി വാങ്ങിയ വകയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് (എന്‍ടിപിസി) കഴിഞ്ഞമാസം നല്‍കേണ്ട 250 കോടി കൊടുത്തിട്ടില്ല. ഈമാസത്തെ 400 കോടിയും നല്‍കണം. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ സാമ്പത്തികവര്‍ഷം പദ്ധതികയൊന്നും ഏറ്റെടുത്തിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് നല്‍കുന്നില്ല. ചെലവുചുരുക്കലിന്റെ ഭാഗമായി രാത്രി വാഹനമോടുന്നത് നിയന്ത്രിച്ചതിനാല്‍ രാത്രികാല അറ്റകുറ്റപ്പണി നിലച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉത്രാട തലേന്നു മാത്രമാണ് ഓണം അഡ്വാന്‍സ് നല്‍കിയത്. പെന്‍ഷന്‍ പരിഷ്കരണം എല്ലായിടത്തും നടപ്പാക്കിയിട്ടില്ല. പരിഷ്കരണത്തിലെ കുടിശ്ശിക എന്നു കൊടുക്കുമെന്ന് പറയാന്‍ കഴിയുന്നില്ല. ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു ഈമാസം നല്‍കേണ്ടതാണെങ്കിലും വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച ക്ഷാമബത്ത ആറു മാസത്തിനുശേഷവും നല്‍കാന്‍ കഴിയുന്നില്ല.

പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ബാധ്യത ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മൂന്നു മാസത്തേക്കുള്ള തുകയായ 80 കോടി ബോര്‍ഡിന് കഴിഞ്ഞദിവസം അനുവദിച്ചു. അത് ഈമാസം തന്നെ ചെലവിട്ടു. അടുത്ത രണ്ടുമാസം പ്രതിസന്ധി രൂക്ഷമാകാന്‍ ഇതും കാരണമാകും. വൈദ്യുതി ബോര്‍ഡിന് വായ്്പ നല്‍കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ദേശസാല്‍ക്കൃത ബാങ്കുകള്‍. എസ്ബിടിയില്‍ നിന്ന് 3000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് ഇപ്പോള്‍തന്നെയുണ്ട്. മറ്റൊരു ബാങ്കില്‍നിന്നെടുത്ത വായ്പാ തിരിച്ചടവ് അടുത്തമാസം ആരംഭിക്കേണ്ടതുണ്ട്. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കോടതി നിര്‍ദേശിച്ച തരത്തില്‍ നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയും തിരിച്ചടിയായി. കോടിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാന്‍, അധിക തുക പലിശ സഹിതം നല്‍കേണ്ടിവരുന്നു.

വൈദ്യുതി ആസൂത്രണത്തിലെ ഗുരുതര പാളിച്ചയാണ് ബോര്‍ഡിനെ ഈ നിലയിലേക്ക് തള്ളിയത്. മഴക്കാലത്ത് ചെറുകിട പദ്ധതികളില്‍ നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമേനിന്ന് വൈദ്യുതി വാങ്ങിയും വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് പതിവ്. അതിനു തയ്യാറാകാതെ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തിയതു മൂലം വേനല്‍ക്കാലത്ത് കൂടിയ വിലയ്ക്ക് പുറമേനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വന്നു. ഇത് ചെലവ് കുതിക്കാന്‍ ഇടയാക്കി. നിരക്കുവര്‍ധനയിലൂടെ ലഭിക്കുന്ന അധികവരുമാനം പോലും പ്രതിസന്ധിക്ക് പരിഹാരമാകാത്ത അവസ്ഥയാണ്. പ്രതിസന്ധികളില്‍ അകപ്പെട്ട ബോര്‍ഡിന് സ്ഥിരം ചെയര്‍മാന്‍ ഇല്ലാത്തതും പ്രശ്നമായി മാറുന്നു. ഊര്‍ജ സെക്രട്ടറി ഏലിയാസ് ജോര്‍ജിനാണ് ഇപ്പോള്‍ ചുമതല. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളുടെ കൂടി ചുമതലയുള്ളതിനാല്‍ അദ്ദേഹത്തിന്റെ സേവനം ബോര്‍ഡിന് കിട്ടാത്ത സ്ഥിതിയുമാണ്.
(ആര്‍ സാംബന്‍)

deshabhimani 310812

ഭക്ഷ്യസുരക്ഷയില്‍ സര്‍ക്കാര്‍ മായം ചേര്‍ക്കുന്നു


സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഒരു ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടേതടക്കമുള്ള നിര്‍ദേശങ്ങളാണ് വിവാദം തണുത്തപ്പോള്‍ തട്ടിന്‍പുറത്തായത്.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജോയിന്റ് കമീഷണറുടെ താല്‍ക്കാലിക തസ്തിക സ്ഥിരപ്പെടുത്താനും മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കാനുമായിരുന്നു യോഗത്തിലെ ഒരു നിര്‍ദേശം. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റിയിലും ഓരോന്നും അഞ്ച് കോര്‍പറേഷനില്‍ മൂന്നും വീതം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം. ഇതിനായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള 32 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും മാറ്റിനിയമിക്കണം. കൂടാതെ 43 തസ്തിക കൂടി സൃഷ്ടിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇതിനു പുറമെ ഓരോ ജില്ലയിലും മാംസം, മത്സ്യം എന്നിവയുടെയും ഇവ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുന്നതിനുമായി വെറ്ററിനറി സയന്‍സില്‍ ബിരുദമുള്ള ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കണം.

ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള 14 ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരെ ഫുഡ് സേഫ്റ്റി കമീഷണര്‍ക്കുകീഴില്‍, വകുപ്പിലെ ലീന്‍ നിലനിര്‍ത്തി നിയമിക്കാനും അവര്‍ മുഖേന പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലാബുകള്‍ എന്‍എബിഎല്‍ അക്രെഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമുള്ള റീജണല്‍ ലാബുകള്‍, പത്തനംതിട്ട ജില്ലാ ലാബ്, മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ മരടിലും പൂക്കോട്ടും മണ്ണുത്തിയിലുമുള്ള ലാബുകള്‍, ക്ഷീരവികസനവകുപ്പിനു കീഴില്‍ പട്ടത്തും ആലത്തൂരിലുമുള്ള ലാബുകള്‍, ഫിഷറീസ് വകുപ്പിന്റെ പനങ്ങാട്ടുള്ള ലാബ്, ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ കോന്നിയിലുള്ള ലാബ് എന്നിവയുടെ നിലവാരമാണ് എന്‍എബിഎല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ത്തേണ്ടത്.

ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ കീഴില്‍ കോന്നിയിലുള്ള കൗണ്‍സില്‍ ഓഫ് ഫുഡ് റിസര്‍ച്ച്
ആന്‍ഡ് ഡെവലപ്മെന്റ് (സിഎഫ്ആര്‍ഡി) ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദേശവുമുണ്ടായി. എല്ലാ സര്‍ക്കാര്‍ലാബിലും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഫുഡ് അനലിസ്റ്റുമാരെ നിയമിക്കാന്‍ അതത് വകുപ്പ് നടപടി സ്വീകരിക്കണം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നു മേഖലയാക്കിത്തിരിച്ചും പിന്നീട് ജില്ലാതലങ്ങളിലും കേസുകള്‍ തീര്‍പ്പാക്കാന്‍ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍മാരെ നിയമിക്കണം. തിരുവനന്തപുരത്ത് ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കണം. ഹൈക്കോടതിയുമായും നിയമവകുപ്പുമായും ആലോചിച്ച്, ജില്ലാ കോടതികളെയോ സ്പെഷ്യല്‍ കോടതികളെയോ താല്‍ക്കാലികമായി ഫുഡ് സേഫ്റ്റി സ്പെഷ്യല്‍ കോടതികളായി നാമനിര്‍ദേശം ചെയ്യണം. ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഓഫീസ്, ട്രിബ്യൂണല്‍ ഓഫീസ്, കോടതി എന്നിവയ്ക്കായി തിരുവനന്തപുരത്ത് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റില്‍ കെട്ടിടം നിര്‍മിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉണ്ടായത്. ഇതിലൊന്നിലും തുടര്‍നടപടിയുണ്ടായിട്ടില്ല.

deshabhimani 310812

വ്യാവസായികമാന്ദ്യം രൂക്ഷം


കോടികള്‍ മുടക്കി എമര്‍ജിങ് കേരള എന്ന പേരില്‍ പുത്തന്‍ വ്യവസായ സംരംഭകമേളയ്ക്ക് ഒരുങ്ങുമ്പോഴും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം വ്യവസായമേഖല പ്രതിസന്ധിയിലേക്ക്. പൊതുമേഖലയോടുള്ള വ്യവസായവകുപ്പിന്റെ താല്‍പ്പര്യക്കുറവും സ്ഥാപിത താല്‍പ്പര്യങ്ങളുംമൂലം ഭൂരിപക്ഷം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. വൈദ്യുതി നിരക്കുകൂടിവര്‍ധിപ്പിച്ചതോടെ ഇവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി. ഒപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇതോടെ സംസ്ഥാനംതന്നെ വ്യാവസായിക മാന്ദ്യത്തിലായി. ഇതിന് പരിഹാരം കാണാതെ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും ഭൂമാഫിയക്കും വ്യവസായമേഖല വിറ്റഴിക്കാനുള്ള സംരംഭമാണ് എമര്‍ജിങ് കേരള.

യുഡിഎഫ് സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷംകൊണ്ട് 44 സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തില്‍ 24ഉം നഷ്ടത്തിലായി. ഇനിയും ഓഡിറ്റിങ് പൂര്‍ത്തിയാകാത്ത ഇവയുടെ നഷ്ടത്തിന്റെ ഏകദേശ കണക്ക് 100 കോടിയിലേറെയാണ്. എല്‍ഡിഎഫ് അധികാരം വിടുമ്പോള്‍ 32 സ്ഥാപനം ലാഭത്തിലായിരുന്ന സ്ഥാനത്താണ് ഇത്. എല്‍ഡിഎഫിന് ഭരണത്തിന്റെ ഒരുഘട്ടത്തില്‍ 37 സ്ഥാപനംവരെ ലാഭത്തിലാക്കാന്‍ കഴിഞ്ഞു. അക്കാലത്ത് നഷ്ടത്തിലായിരുന്ന മുഴുവന്‍ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ ബാധ്യത കേവലം ഒമ്പതുകോടി മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബാധ്യത അന്നത്തേക്കാള്‍ 11 ഇരട്ടിയായി. കേരള ഓട്ടോമൊബൈല്‍സ്, സ്റ്റീല്‍കോംപ്ലക്സ്, ഓട്ടോകാസ്റ്റ്, ട്രാക്കോകേബിള്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, കേരളാ സെറാമിക്സ്, ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കെല്‍ട്രോണ്‍ കോംപൊണന്റ്, ട്രാവന്‍കൂര്‍ സിമന്റ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, തൃശൂര്‍ സ്പിന്നിങ് മില്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍, ഹാന്‍ടെക്സ്, കൊല്ലം സ്പിന്നിങ് മില്‍, ആലപ്പുഴ സ്പിന്നിങ് മില്‍, സീതാറാം ടെക്സ്റ്റൈല്‍സ്, ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍, ബാംബൂ കോര്‍പറേഷന്‍, കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനിയറിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടക്കണക്ക് പറയുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍, കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ് മില്‍, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവ മാത്രമാണ് 2010-11ല്‍ നിസ്സാര നഷ്ടമുണ്ടാക്കിയത്. എന്നാല്‍, ഇക്കുറി നഷ്ടത്തിന്റെ പട്ടികയിലേക്ക് ഭൂരിപക്ഷം സ്ഥാപനവും എത്തി.

2006ല്‍ യുഡിഎഫ് ഭരണം തീരുമ്പോള്‍ 32 കമ്പനി നഷ്ടത്തിലായിരുന്നു. അന്ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ നഷ്ടം 125.87 കോടിയായിരുന്നു. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പടിപടിയായി ഇവയില്‍ ഭൂരിഭാഗവും ലാഭത്തിലാക്കി. 2010-11ല്‍ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ 296 കോടി രൂപ ലാഭമുണ്ടാക്കി. ഏഴു സ്ഥാപനത്തിന്റെ നഷ്ടമായ ഒമ്പതുകോടി രൂപ കുറച്ചതിനുശേഷമുള്ള കണക്കാണ് ഇത്. 2009-10 ല്‍ 239.75 കോടിയായിരുന്നു ലാഭം. വൈദ്യുതി നിരക്ക് വര്‍ധനയും വ്യവസായസ്ഥാപനങ്ങള്‍ക്ക് ദ്രോഹം ചെയ്തു. പ്രതിമാസം 10 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിരക്കുപ്രകാരം 1.46 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാവുക.
(ഷഫീഖ് അമരാവതി)

deshabhimani 310812

മന്ത്രിയുടെ കൂട്ടുകാര്‍ക്ക് മുറി നല്‍കിയില്ല; വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലംമാറ്റി


കല്‍പ്പറ്റ: മന്ത്രിയുടെ സൃഹൃത്തുക്കള്‍ക്ക് വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യമൊരുക്കാത്തതിന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലം മാറ്റി. വയനാട് വന്യജീവികേന്ദ്രത്തിലെ കെ കെ സുനില്‍കുമാറിനെയാണ് മന്ത്രി ഗണേശ്കുമാര്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്.

മന്ത്രിയുടെ സുഹൃത്തുക്കള്‍ 22, 23 തീയതികളില്‍ മുത്തങ്ങയിലെ സ്രാമ്പിയില്‍ താമസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24നാണ് സംഘം എത്തിയത്. 25ന് കൂടി റൂം വേണമെന്ന് ആവശ്യപ്പെട്ടു. ആ ദിവസം മറ്റൊരു സംഘത്തിന് മുറി നല്‍കിയതിനാല്‍ ഒഴിവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഉടന്‍ മന്ത്രിയുടെ ഗണ്‍മാന്‍ ഇടപെട്ട് ബത്തേരി ഐബി നല്‍കാനാവശ്യപ്പെട്ടു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് മുറി നല്‍കിയതിനാല്‍ ഐബിയില്‍ ഒഴിവില്ലെന്നും മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ സൗകര്യം ഒരുക്കാമെന്നും അറിയിച്ചെങ്കിലും സംഘം വിസമ്മതിച്ചു. കോപാകുലനായ മന്ത്രി, ഗസ്റ്റ്ഹൗസുകള്‍ പൂട്ടി താക്കോലും ലഡ്ജറുകളുമായി പാലക്കാട്ടെത്താന്‍ വൈല്‍ഡ്ലൈഫ് വാര്‍ഡനോട് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ ഐബികളുടെയും ഗസ്റ്റ്ഹൗസുകളുടെയും ചുമതല അന്നുതന്നെ തിരുവനന്തപുരത്തുള്ള പ്രിന്‍സിപ്പല്‍ സിസിഎഫിന് നല്‍കി. പാലക്കാട് ഗസ്റ്റ്ഹൗസിലെത്തിയ ഉദ്യോഗസ്ഥനെ മറ്റുള്ളവരുടെ മുമ്പില്‍വച്ച് മന്ത്രി പുലഭ്യം പറഞ്ഞു. ""മന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെക്കാളും വലുതല്ല സിസിഎഫ്. നിന്നെ ഞാന്‍ കാലിന്റെ ചുവട്ടിലേക്ക് മാറ്റാന്‍ പോകുകയാണ്"" എന്നൊക്കെയായിരുന്നു ആക്രോശം. തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ചുമതല സൗത്ത് വയനാട് ഡിഎഫ്ഒക്ക് നല്‍കി.

സത്യസന്ധമായ പ്രവര്‍ത്തനംകൊണ്ട് കേരളത്തില്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് സുനില്‍കുമാര്‍. അട്ടപ്പാടിയില്‍ കഞ്ചാവു കൃഷി അമര്‍ച്ച ചെയ്യുന്നതില്‍ ക്രിയാത്മക ഇടപെടല്‍ നടത്തിയ ഇദ്ദേഹത്തിന് 2006ല്‍ ഏറ്റവും നല്ല റെയ്ഞ്ചര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു. 2010ല്‍ സൗത്ത് വയനാട് ഡിഎഫ്ഒ യായി നിയമനം ലഭിച്ച സുനില്‍കുമാര്‍ പശ്ചിമഘട്ട മലനിരകളില്‍ സ്വകാര്യ എസ്റ്റേറ്റുടമകള്‍ കൈയേറിയ ആയിരത്തിലധികം ഏക്കര്‍ വനഭൂമി തിരികെ പിടിച്ചെടുത്തിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഈ ഉദ്യോഗസ്ഥന്‍ പുലര്‍ത്തിയ ജാഗ്രത ഏറെ പ്രശംസിക്കപ്പെട്ടു.

വനം-ക്വാറി മാഫിയകള്‍ക്ക് വേണ്ടി സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും നടപടിയെടുത്തും പീഡിപ്പിക്കുന്ന മന്ത്രിയുടെ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായി ആരോപണമുണ്ട്. മന്ത്രിയുടെ അനുയായികളെ അനുസരിക്കാത്തതിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. കുറിച്യാട് റെയ്ഞ്ചര്‍ ജോഷിലിനെ വാളയാര്‍ ചെക്ക് പോസ്റ്റിലേക്ക് രണ്ടുമാസം മുമ്പാണ് സ്ഥലം മാറ്റിയത്. കേരളത്തിലെ ആദ്യ വനിതാ റെയ്ഞ്ചര്‍ ഷജ്നയെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലുതവണ സ്ഥലം മാറ്റി. ചില ഡിഎഫ്ഒമാര്‍ അധികാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നും ഗസ്റ്റ് ഹൗസുകളുടെ ചുമതല സിസിഎഫുമാരെ ഏല്‍പ്പിക്കുമെന്നും വനംമന്ത്രി കെ ബി ഗണേശ്കുമാര്‍ പറഞ്ഞു.

deshabhimani 310812

പ്രവാസികളെ കൊള്ളയടിച്ച് വ്യോമയാന കമ്പനികള്‍


റമദാന്‍-ഓണം അവധിക്കുശേഷം ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികളെ പിഴിഞ്ഞ് വ്യോമയാനകമ്പനികള്‍. വര്‍ധിപ്പിച്ച യാത്രാനിരക്കില്‍ ഒരിളവും വരുത്താതെ പ്രവാസികളെ കൊള്ളയടിക്കുകയാണ് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍. കൊച്ചി-ദുബായ് സര്‍വീസിന് എയര്‍ ഇന്ത്യ 50,900 രൂപയാണ് ഈടാക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും 50,800 രൂപ. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി-ദുബായ് സര്‍വീസിന് 30,000 രൂപയാണ് നിരക്ക്. മറ്റു കമ്പനികളും നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍വരെ ടിക്കറ്റ് കിട്ടാനില്ലാത്തതും പ്രവാസികളെ ദുരിതത്തിലാക്കി.

നിലവില്‍ കൊച്ചിയില്‍നിന്ന് നേരിട്ട് ഗള്‍ഫിലേക്ക് വിമാനടിക്കറ്റ് കിട്ടാനില്ല. കൊച്ചിയില്‍നിന്ന് ഡല്‍ഹി, മുംബൈ എന്നിവിടങ്ങള്‍വഴിയാണ് ടിക്കറ്റ് ലഭിക്കുന്നത്. ജെറ്റ് എയര്‍വെയ്സാണ് ഇത്തരം സര്‍വീസ് കൂടുതല്‍ നടത്തുന്നത്. ഇതിന് 42,000 രൂപവരെ ഈടാക്കുന്നുണ്ട്. പൈലറ്റുമാരുടെ സമരത്തിനുശേഷം എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചിരുന്നു. ഇതും നിരക്കുവര്‍ധനയ്ക്ക് കാരണമായി. സെപ്തംബറില്‍ ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതോടെ ഇനിയും നിരക്ക് ഉയരും. നിരക്കുവര്‍ധന പരമാവധി മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമമെന്ന് അയാട്ട ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജി ഈപ്പന്‍ പറഞ്ഞു.

കമ്പനികള്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നില്ല. നിരക്കുവര്‍ധന നിയന്ത്രിക്കാനും സംവിധാനമില്ല. നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ബിജി പറഞ്ഞു. കൊച്ചിയില്‍നിന്ന് യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരക്കും കുതിച്ചുയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 80 മുതല്‍ 90 ശതമാനംവരെയാണ് വര്‍ധന. 2011ല്‍ കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള വിമാന നിരക്ക് 50,000 രൂപയോളമായിരുന്നു. ഈ വര്‍ഷം അത് 80,000 രൂപയോളമായി. സിംഗപ്പുര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ളത് ഇരട്ടിയോളം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 17,000 രൂപയോളമായിരുന്നെങ്കില്‍ ഇത്തവണ 30,000 കവിഞ്ഞു. മലേഷ്യയിലേക്കുള്ള നിരക്ക് 12,500ല്‍നിന്ന് 25,000 ആയി.

deshabhimani 310812

3000 കോടിയുടെ പൈപ്പ് കുംഭകോണത്തിനു കളമൊരുങ്ങി


നിരവധി കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി വാങ്ങിക്കൂട്ടിയ ശതകോടീകള്‍ വിലവരുന്ന പൈപ്പുകള്‍ സംസ്ഥാനത്തെമ്പാടും വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുന്നതിനിടയില്‍ മൂവായിരം കോടിയുടെ പൈപ്പ് കുംഭകോണത്തിന് ജല അതോറിറ്റിയില്‍ അരങ്ങൊരുങ്ങി.

ജലവിതരണ പദ്ധതികളുടെ നവീകരണത്തിന്റെ മറവില്‍ 6000 കോടിയോളം രൂപയുടെ സഹായത്തിന് ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിക്ക് (ജിക്ക) സമര്‍പ്പിക്കാന്‍ ഇത് സംബന്ധിച്ച രൂപരേഖയും തയ്യാറായി. ഇതില്‍ മൂവായിരം കോടിയോളം നിലവിലുള്ള പൈപ്പ്‌ലൈനുകള്‍ മാറ്റി പുതിയ പൈപ്പ്‌ലൈനുകളിടാനാണെന്ന് ജിക്കയ്ക്കു സമര്‍പ്പിക്കുന്ന പദ്ധതിരേഖയില്‍ പറയുന്നു. സംസ്ഥാനത്തെ ജലവിതരണ പദ്ധതികളുടെയെല്ലാം പൈപ്പ് ലൈനുകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ളതിനാല്‍ പുതിയ പൈപ്പ് ലൈനിടാനാണ് മൂവായിരം കോടിയുമെന്ന് ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണഗതിയില്‍ പ്രോജക്ട് റിപ്പോര്‍ട്ടുകളുടെ പ്രയോഗക്ഷമത വിലയിരുത്തി സഹായം അനുവദിക്കുകയാണ് ജിക്ക ചെയ്യാറുള്ളത്. പഴയ പൈപ്പുലൈനുകള്‍ മാറ്റാനുള്ള പദ്ധതിരേഖയായതിനാല്‍ അത് എളുപ്പത്തില്‍ അംഗീകരിച്ചുകിട്ടുമെന്ന തന്ത്രപരമായ കണക്കുകൂട്ടലോടെയാണ് മൂവായിരം കോടിയുടെ പൈപ്പുകുംഭകോണത്തിന് പദ്ധതി മെനഞ്ഞിരിക്കുന്നതെന്ന് ജല അതോറിറ്റിയിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍പൈപ്പുലൈനുകളും ഹൈഡന്‍സിറ്റി പോളി എത്തിലിന്‍ (എച്ച് ഡി പി ഇ) പൈപ്പുകളുമുള്ള ലൈനുകള്‍ ഇപ്പോഴും ഭദ്രമാണ്. അതേസമയം തലസ്ഥാനത്ത് അരുവിക്കരയില്‍ നിന്നുള്ള പുതിയ പൈപ്പുലൈനുകള്‍ ജല അതോറിറ്റി ആസ്ഥാനമായ പേരുര്‍ക്കട വയലിക്കട ജലഭവനുമുന്നിലും വഴയിലയിലും പൊട്ടിത്തകര്‍ന്ന് പ്രളയമുണ്ടാവുന്നത് തുടര്‍ക്കഥയാണെന്നും ജല അതോറിറ്റിയിലെ വിദഗ്ധര്‍ ചീണ്ടിക്കാട്ടുന്നു. അതോറിറ്റി നവീകരണത്തിനുവേണ്ടി കരാറുകാര്‍ വഴി വാങ്ങിക്കൂട്ടാന്‍ പോകുന്ന ഗാല്‍വനൈസ്ഡ് അയണ്‍ (ജി ഐ) പൈപ്പുകളടക്കം അടുത്തകാലത്ത് വാങ്ങിയ പൈപ്പുകളുടെ ബലക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജിക്കയുടെ ധനസഹായം ഉപയോഗിച്ച് അത്തരം പൈപ്പുകള്‍ വാങ്ങാന്‍ പദ്ധതിമെനഞ്ഞിരിക്കുന്നതെന്നും ആരോപണമുണ്ട്.

എം പി ഗംഗാധരന്‍ മന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ ജലമലിന ജലഅതോറിറ്റിയില്‍ നടന്ന പൈപ്പുകുംഭകോണം വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. അന്നത്തെ ഭരണ മുന്നണിയിലെ യുവതുര്‍ക്കികളായിരുന്ന ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയനും ഇന്നത്തെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പിന്നീട് മന്ത്രിയായ പന്തളം സുധാകരനും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിലൂടെ എ പി ഗംഗാധരന്‍ നടത്തിയ പൈപ്പ് കുംഭകോണത്തെ അപലപിച്ചത് കോണ്‍ഗ്രസിലും പൊട്ടിത്തെറിക്കിടയാക്കി.

ഇപ്പോഴത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍ കരാറുകാര്‍ മുഖേനയാണ് നടപ്പാക്കുന്നത്. എന്നാല്‍ അവര്‍ പൈപ്പ് വാങ്ങുന്നത് അതോറിറ്റിയിലെ ചില ഉന്നതരുടേയും ജലവിഭവ വകുപ്പുഭരിക്കുന്ന മന്ത്രി പി ജെ ജോസഫിന്റെ പാര്‍ട്ടിയിലെ വിശ്വസ്തരുടെയും മേല്‍നോട്ടത്തിലാണെന്ന കാര്യം ജലഅതോറിറ്റിയിലെ 'ഇടനാഴിപ്പാട്ടാ'ണ്. 25 മുതല്‍ 40 ശതമാനം വരെ കമ്മിഷന്‍ വിവിധ ഇനം പൈപ്പുകള്‍ക്ക് ലഭിക്കും. ഇതില്‍ കരാറുകാര്‍ക്ക് തുച്ഛമായ ഒരു വിഹിതം ലഭിക്കും. കരാര്‍ നല്‍കുമ്പോഴുള്ള അലിഖിത ധാരണാപത്രവും ഇതാണത്രെ. ശേഷിക്കുന്ന കോടികളുടെ ഭൂരിഭാഗം കമ്മിഷനാണ് പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാനുള്ള പദ്ധതിക്കുപിന്നിലെ പ്രലോഭനമെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.

ഭൂമിക്കിടയിലുള്ള പൈപ്പുലൈനുകളുടെ പ്രയോഗക്ഷമത ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചശേഷം മാത്രമേ പൈപ്പുലൈന്‍ നവീകരണത്തിനു തുക അനുവദിക്കാവു എന്ന സന്ദേശം അതോറിറ്റിയിലെ ചില ഉന്നതര്‍ തന്നെ ജിക്കയ്ക്ക് അയച്ചു എന്ന സൂചനയുമുണ്ട്. നവീകരണ പദ്ധതിക്കൊപ്പം ഇപ്പോഴുള്ള പദ്ധതിയിലെ കൊല്ലത്ത് 500 കോടി രൂപ ചെലവില്‍ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിനെക്കുറിച്ചുള്ള പദ്ധതി നിര്‍ദേശവും പരിശോധനാവിധേയമാക്കണമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ടത്രെ.

സാങ്കേതിക വിദഗ്ധരുടെ ജപ്പാനിലേക്കുള്ള സംഘത്തില്‍ ജലവിഭവമന്ത്രി പി ജെ ജോസഫ് നുഴഞ്ഞുകയറിയത് പൈപ്പ് ഇടപാട് അടക്കം സംശയാസ്പദമായ ഈ പദ്ധതിരേഖ ജിക്കയെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാന്‍ വേണ്ടിയാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
(കെ രംഗനാഥ്)

janayugom 310812

Thursday, August 30, 2012

എന്‍ഡോസള്‍ഫാന്റെ വിലക്ക് നീക്കണമെന്ന് കേന്ദ്രം


എന്‍ഡോ സള്‍ഫാന്‍ ഉല്‍പ്പാദനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലെത്തി. കേരളം കര്‍ണ്ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വില്‍പ്പന അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഷകരുടെ താല്‍പരയമ മുന്‍നിര്‍ത്തിയാണ് ആവശ്യം ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തേയും എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വാദം നടക്കുന്നത്. വെള്ളിയാഴ്ച് അന്തിമവാദം നടക്കുമെന്നാണ് കരുതുന്നത്. നേരത്തേ എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ സമര്‍പ്പിച്ചിരിക്കുന്ന കുറിപ്പില്‍ കേരളവും കര്‍ണാടകവുമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കാനും വില്‍ക്കാനും ഉപയോഗിക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാട് തന്നെ കേന്ദ്രസര്‍ക്കാരും സ്വീകരിക്കുകയായിരുന്നു.

deshabhimani news

Wednesday, August 29, 2012

കസബിന്റെ വധശിക്ഷ ശരിവെച്ചു


 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷയ്ക്കെതിരെ കസബ് നല്‍കിയ ഹര്‍ജി കോടതി തള്ളി. യുവാവായ തനിക്ക് വധശിക്ഷ വിധിക്കരുതെന്ന കസബിന്റെ വാദം കോടതി സ്വീകരിച്ചില്ല. കസബ് കടുത്ത ശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക പ്രതി കസബായിരുന്നു. 2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി മുംബൈ ഹൈക്കോടതിയും ശരിവെച്ചു. ഇതിനെതിരെയാണ് കസബ് സുപ്രീംകോടതിയെ സമീപിച്ചത്.

deshabhimani news

കൂട്ടക്കൊല: ഗുജറാത്തില്‍ മുന്‍ ബിജെപി മന്ത്രി അടക്കം 32 പേര്‍ കുറ്റക്കാര്‍


ഗുജറാത്തിലെ നരോദപാട്യയില്‍ 97 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ മായ കോട്നാനി, ബജ്രംഗ്ദള്‍ നേതാവ് ബാബു ബജരംഗി എന്നിവരുള്‍പ്പടെ 32 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തി. 29 പേരെ വെറുതെവിട്ടു.

2002 ഫെബ്രുവരി 28നാണ് നരോദപാട്യ കൂട്ടക്കൊല നടന്നത്. 97 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ 33 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 2002ലെ ഗോധ്ര സംഭവത്തിനു ശേഷം നടന്ന അക്രമ സംഭവങ്ങളിലൊന്നാണ് നരോദപാട്യയിലേത്. 61 പ്രതികളാണ് വിചാരണ നേരിട്ടത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ആറു പേര്‍ മരിച്ചു. മറ്റൊരു പ്രതി വിചാരണക്കാലയളവില്‍ മരിച്ചു. ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ രണ്ടു പേരുടെ വിചാരണ നടത്താനായില്ല.

2002ലെ ഗോധ്ര സംഭവത്തിനു ശേഷം ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനംചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെ നടന്ന സംഘടിതമായ ആക്രമണത്തിനിടയിലായിരുന്നു ഈ കൂട്ടക്കൊല

deshabhimani news

ഐ എസ് ആര്‍ ഒ ക്ക് സുരക്ഷാഭീഷണി


തലസ്ഥാനത്ത് വേളിമലകള്‍ മുതല്‍ കടലോരത്ത് തുമ്പ, വേളി പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന ഐ എസ് ആര്‍ ഒയുടെ സൈനിക തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്കു നേരെ സംസ്ഥാന ടൂറിസം വകുപ്പും കേരളത്തിലെ സൂപ്പര്‍ ഭൂമാഫിയയായ ഇന്‍കെലും ചേര്‍ന്ന് വന്‍ സുരക്ഷാ ഭീക്ഷണി ഉയര്‍ത്തുന്നു.വേളി കടലോരത്ത് ടൂറിസം വകുപ്പും ഇന്‍കെലും ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന നിശാകാല വിനോദമേഖലയും ബഹുനില ഹോട്ടലുകളുമടക്കമുള്ള ഒരു 'മിനി പാശ്ചാത്യ റിപ്പബ്ലിക്' ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി ഉയര്‍ത്തുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വേളിമലയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ റിസര്‍ച്ച് കോംപ്ലക്‌സ്, തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം, ആക്കുളത്തെ ദക്ഷിണവ്യോമ കമാന്‍ഡ് എന്നീ യുദ്ധതന്ത്രപ്രധാന കേന്ദ്രങ്ങളോടു തൊട്ടുരുമ്മി അന്താരാഷ്ട്ര ഭീകരന്മാരുടേയും വിദേശ ലൈംഗികവാണിഭ സംഘങ്ങളുടേയും സാര്‍വദേശീയ മയക്കുമരുന്ന് കള്ളക്കടത്തു രാജാക്കന്മാരുടേയും ഒരു വിഹാരഭൂമി സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉയരുന്നത്. ബഹിരാകാശ കേന്ദ്രങ്ങള്‍ക്കും വ്യോമസേനാ താവളത്തിനും മാത്രമല്ല വന്‍ ദേശീയസുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.

തായ്‌ലണ്ടിലെ സെക്‌സ് ടൂറിസത്തിന്റെ ചുവടൊപ്പിച്ച് വേളി കടലോരത്ത് നിശാകാല ജീവിതത്തിന് ഒരു പ്രത്യേകമേഖല തന്നെയുണ്ടാക്കുന്നതടക്കമുളള പ്രോജക്റ്റ് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഈ 'രാത്രീഞ്ചരമേഖല' വൈകിട്ട് ആറ് മുതല്‍ പുലരും വരെ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര മയക്കുമരുന്നുകള്ളക്കടത്തുകാര്‍ക്കും ഫൈവ് സ്റ്റാര്‍ ലൈംഗികവാണിഭ സംഘങ്ങള്‍ക്കും ഈ 'നൈറ്റ് ലൈഫ് സോണി'ല്‍ വിളയാടാന്‍ സൗകര്യമുണ്ടാവും.

ഇതിനുപുറമേ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബാറുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടി പ്ലക്‌സുകള്‍, ജാസ്-നഗ്നനൃത്ത ക്ലബ്ബുകള്‍ തുടങ്ങിയവയും തായ്‌ലണ്ടിലേയും അമേരിക്കയിലെ ലാസ്‌വേഗസ് മാതൃകയിലുമുണ്ടാവും. ഇന്‍ഡോര്‍ ഗെയിംസ്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ഇതിനുവേണ്ടി വേളിയിലെ 40,000 ചതുരശ്ര അടിസ്ഥലമാണ് ഏറ്റെടുക്കുന്നതെന്നാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും മുഖ്യമായും പെണ്‍വാണിഭ-വിദേശചാരത്താവളമാകാന്‍ പോകുന്ന പദ്ധതിക്ക് ഒരു ചതുരശ്ര കിലോമീറ്ററിലധികം സ്ഥലം വേണ്ടിവരുമെന്നാണ് കേന്ദ്ര അന്വേഷണ  ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത്ര വിശാലമായ ഒരു ഭൂപ്രദേശം സൈനിക തന്ത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്ക് സമീപം തുടങ്ങാന്‍ അനുമതി നല്‍കുന്നത് വന്‍ സുരക്ഷാ അട്ടിമറിക്കിടയാക്കുമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്‍കെലും ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കാനിരിക്കുന്ന പദ്ധതി ഉയര്‍ത്തുന്ന സുരക്ഷാഭീഷണി തങ്ങള്‍ അതീവ ഗൗരവമായാണ് കാണുന്നതെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ 'ജനയുഗ'ത്തോടു പറഞ്ഞു.
(കെ രംഗനാഥ്)

janayugom 290812

സിഎജിയെ വിമര്‍ശിച്ച് കോര്‍പറേറ്റുകളും


കുത്തകകള്‍ക്ക് വഴിവിട്ട് സഹായംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയും അതിനു പിന്നിലെ അഴിമതികളും പുറത്തുകൊണ്ടുവന്ന ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെ വിമര്‍ശവുമായി രാജ്യത്തെ വന്‍കിട വ്യവസായികള്‍ രംഗത്ത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ "അസോച"മാണ് സിഎജിക്കെതിരെ രംഗത്തുവന്നത്. സിഎജി റിപ്പോര്‍ട്ട് തെറ്റെന്നു സ്ഥാപിക്കാന്‍ വന്‍ തുക മുടക്കി രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അസോചം പരസ്യവും നല്‍കി.

കല്‍ക്കരി ഖനി അനുവദിക്കല്‍, ഡല്‍ഹി വിമാനത്താവളം, വന്‍കിട വൈദ്യുതപദ്ധതികള്‍ എന്നീ വിഷയങ്ങളിലായി സിഎജി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് അസോചം രംഗത്ത് വന്നിരിക്കുന്നത്. സിഎജിയുടെ കണക്കുകള്‍ സാങ്കല്‍പ്പികം മാത്രമാണെങ്കിലും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ വലിയ സൗജന്യങ്ങള്‍ നല്‍കിയെന്ന തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും തടസ്സങ്ങള്‍ നീക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, തെറ്റായ സിഎജി റിപ്പോര്‍ട്ടുകള്‍ ഉദാരീകരണ പരിഷ്കാരങ്ങളെല്ലാം വലിയ രാഷ്ട്രീയ വെല്ലുവിളിയെന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ലേലത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂ എന്ന വിഷയത്തില്‍ സുപ്രീംകോടതി അന്തിമതീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. പ്രകൃതിവിഭവങ്ങള്‍ അനുവദിക്കാന്‍ ലേലംമാത്രമാണ് ഏറ്റവും സുതാര്യമായ മാര്‍ഗമെന്നത് ശരിയല്ല. 3ജി സ്പെക്ട്രം ലേലം ഇതിന് ഉദാഹരണമാണ്. 3ജി സ്പെക്ട്രം ലഭിച്ച കമ്പനികള്‍ക്ക് തങ്ങളുടെ സേവനം ഇപ്പോഴും വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.ലേലത്തുക സൃഷ്ടിച്ച ഉയര്‍ന്ന മുടക്കുമുതലാണ് കാരണം. ഇത് വലിയ കടബാധ്യതയിലേക്ക് ടെലികോംമേഖലയെ തള്ളിവിട്ടു. പൊതുനയങ്ങള്‍ ആര് തീരുമാനിക്കണമെന്നതില്‍ സര്‍ക്കാര്‍ നിലപാട് എടുക്കണം. ജുഡീഷ്യറിയോ ചീഫ് ഓഡിറ്ററോ, മറ്റ് പൗരസംഘടനകളോ പൊതുനയങ്ങള്‍ നയിക്കുന്ന നില വന്നാല്‍ കൂട്ടകുഴപ്പങ്ങള്‍ മാത്രമാകും ഫലമെന്നും അസോചം പറയുന്നു. കല്‍ക്കരി ഖനി ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രിയും സിഎജിയെ വിമര്‍ശിച്ചിരുന്നു.
(എം പ്രശാന്ത്)

deshabhimani 290812

ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്ക്


ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിക്കാതെ മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്ക് വിട്ടു. വിവിധ മന്ത്രാലയങ്ങളില്‍നിന്ന് ബില്ലിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് പരിഗണിച്ചാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്ന ധാരണയില്‍ എത്തിയത്. കോര്‍പറേറ്റ് മേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലുണ്ടെന്നും അവ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ചില മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ശബ്ദമുയര്‍ത്തിയത്. വ്യവസായ സംരംഭങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് നിയമഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, വിവിധ മേഖലകള്‍ക്ക് നിയമഭേദഗതി ദോഷംചെയ്യുമെന്നാണ് മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞത്. ഭൂമി ഏറ്റെടുക്കലില്‍ സുതാര്യത, ന്യായമായ പ്രതിഫലത്തിനുള്ള അവകാശം, പുനരധിവാസം എന്നിവയ്ക്കായുള്ളതാണ് നിയമഭേദഗതി.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മേയില്‍ സമര്‍പ്പിച്ചിരുന്നു. വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നാണ് സംരംഭകരുടെ പരാതിയെന്നും ഇത് പരിഹരിക്കണമെന്നും ഘന-വ്യവസായ മന്ത്രാലയവും ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയവും ആവശ്യപ്പെടുന്നു. ഗ്രാമങ്ങളില്‍ ഇന്നുള്ളതിന്റെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുംവരെ വില ഉയരുമെന്നാണ് വ്യവസായികളുടെ ആശങ്ക. മാത്രമല്ല, ഗ്രാമങ്ങളില്‍ 100 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നവരും നഗരങ്ങളില്‍ 50 ഏക്കറിലധികം ഏറ്റെടുക്കുന്നവരും കുടിയിറക്കപ്പെടുന്ന ജനങ്ങളെ സ്വന്തം ചെലവില്‍ പുനരധിവസിപ്പിക്കണം. കൂടാതെ ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക്, ജോലി, സ്റ്റൈപെന്‍ഡ് എന്നിവയും നല്‍കണം. ഇതൊക്കെ ചേര്‍ന്നാല്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ചെലവ് ഇന്നുള്ളതിന്റെ മൂന്നര ഇരട്ടിവരെയായി ഉയരുമെന്നും അതിനാല്‍ നിയമഭേദഗതി ഇന്നുള്ള അവസ്ഥയില്‍ പാസാക്കരുതെന്നുമാണ് കോര്‍പറേറ്റുകള്‍ക്കുവേണ്ടി വിവിധ മന്ത്രാലയങ്ങള്‍ ആവശ്യപ്പെടുന്നത്. പോസ്കോ, ആര്‍സലര്‍ മിത്തല്‍, ടാറ്റ എന്നിവയുടെ ഉരുക്കുശാലകള്‍, ദേശീയ ഹൈവേയുടെ 80 നിര്‍മാണ പദ്ധതികള്‍ എന്നിവയ്ക്ക് ഭഭൂമി ഏറ്റെടുക്കുന്നതിന് നിയമഭേദഗതി പാസാകണം. കുത്തക കമ്പനികള്‍ക്ക് നേരിയ നഷ്ടംപോലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന കേന്ദ്രമന്ത്രിമാര്‍ പക്ഷേ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ല.
(വി ജയിന്‍)

പ്രധാന ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കരുത്: എംപിമാര്‍

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട്റ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതിനാല്‍ ജനങ്ങളെ ബാധിക്കുന്ന പ്രധാനബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കരുതെന്ന് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ അടക്കമുള്ള എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനോട് അഭ്യര്‍ഥിച്ചു. സിപിഐ എം ചീഫ്വിപ്പ് രാംചന്ദ്രഡോം, സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ എന്നിവരടങ്ങുന്ന എംപിമാരാണ് സ്പീക്കറെ സന്ദര്‍ശിച്ചത്. സഭ സുഗമമായി നടത്താന്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണമെന്ന് പി കരുണാകരന്‍ ആവശ്യപ്പെട്ടു.

ഖനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് അടിയന്തരമായി റദ്ദാക്കി അന്വേഷണം നടത്തണം. ഇടപാടിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ് നിയമം ഭേദഗതിക്ക് ഉള്‍പ്പെടെയുള്ളവ ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല ബില്ലുകളിലും ഇടതുപക്ഷം ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പി കരുണാകരന്‍ ചൂണ്ടിക്കാട്ടി.

ആണവ ബാധ്യതാബില്‍ ഭേദഗതി ചെയ്യണമെന്ന് ലോക്സഭാ സമിതി

ന്യൂഡല്‍ഹി: ആണവബാധ്യതാ നിയമത്തില്‍ വെള്ളം ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് ലോക്സഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി നിര്‍ദേശിച്ചു. അമേരിക്കയിലുള്ളവ അടക്കം വിദേശ ആണവ കമ്പനികളെ സഹായിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന 24(1), 24(2) എന്നീ വകുപ്പുകള്‍ നിയമനിര്‍മാണ സത്തയ്ക്ക് അനുയോജ്യമല്ലാത്തതുകൊണ്ടാണ് ഭേദഗതി നിര്‍ദേശിച്ചതെന്ന് പാര്‍ലമെന്ററി സമിതി ചെയര്‍മാനും സിപിഐ എം ഉപനേതാവുമായ പി കരുണാകരന്‍ പറഞ്ഞു. നിയമത്തിന്റെ വകുപ്പുകള്‍ക്ക് അനുസരിച്ചായിരിക്കണം ചട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ അഴിമതിക്കഥകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതിനാല്‍ വെട്ടിലായ യുപിഎ സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ നിര്‍ദേശം. ആണവനിലയത്തില്‍ അപകടമുണ്ടായാല്‍ റിയാക്ടര്‍ കമ്പനി നല്‍കേണ്ട നഷ്ടപരിഹാരം കുറയ്ക്കുമെന്നാണ് ആണവബാധ്യതാനിയമത്തിലെ 24(1) വകുപ്പ്. ആണവദുരന്തമുണ്ടായാല്‍ ആണവനിലയ നടത്തിപ്പുകാര്‍ നല്‍കേണ്ട നഷ്ടപരിഹാരം 1500 കോടി രൂപ മാത്രമാണ്. എന്നാല്‍, റിയാക്ടറും മറ്റും നല്‍കുന്ന വിദേശ കമ്പനികളില്‍ നിന്നും ഈടാക്കുന്ന നഷ്ടപരിഹാരവും പരമാവധി 1500 കോടി രൂപയാണെന്ന് നിജപ്പെടുത്തുകയാണ് ഈ വകുപ്പ്. പരമാവധി സുരക്ഷ നല്‍കുകയെന്ന നിയമത്തിന്റെ ലക്ഷ്യത്തിന് എതിരാണ് ഈ വകുപ്പെന്നാണ് പാര്‍ലമെന്റി സമിതിയുടെ വിലയിരുത്തല്‍. അപകടമുണ്ടായി മൂന്ന് വര്‍ഷത്തിനകം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണമെന്നതാണ് 24(2) വകുപ്പ് പറയുന്നത്. ആണവദുരന്തത്തിന്റെ ഫലം കണ്ട് തുടങ്ങാന്‍ വര്‍ഷങ്ങളെടുക്കുമെന്നിരിക്കെ ഈ നിബന്ധനയും നിയമത്തിന്റെ സത്തക്ക് യോജിച്ചതല്ലെന്ന് പാര്‍ലമെന്റി സമിതി പറഞ്ഞു. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിനെ "ഗ്രീന്‍ പീസ്" സംഘടന സ്വാഗതം ചെയ്തു. സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, സുരക്ഷയില്‍ വെള്ളം ചേര്‍ക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന ശുപാര്‍ശ സ്വാഗതാര്‍ഹമാണ്.

deshabhimani 290812

എന്‍ഡോസള്‍ഫാന്‍ ഡിവൈഎഫ്ഐ പ്രതിനിധി സംഘംനാളെ ദുരന്തബാധിത മേഖലയില്‍


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ 30ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിലവിലുള്ള പ്രശ്നങ്ങള്‍ നേരിട്ടറിയാനും ഡിവൈഎഫ്ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ശക്തമാക്കുന്നതിനുമാണ് സന്ദര്‍ശനം. സന്ദര്‍ശനം രാവിലെ ആരംഭിക്കും. എന്‍മകജെ, ബെള്ളൂര്‍, കാറഡുക്ക, ബദിയടുക്ക, കുമ്പഡാജെ, മുളിയാര്‍ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തും. രോഗികളുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ ശേഖരിച്ച് ജില്ല സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ഭീമ ഹര്‍ജി നല്‍കും. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം. 2010 ഡിസംബര്‍ 4, 5 തീയതികളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലൂടെ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് നയിച്ച അതിജീവന സന്ദേശയാത്ര കടന്നുപോയ വഴിയിലൂടെ സഞ്ചരിച്ചാണ് നേതാക്കള്‍ പരാതി കേള്‍ക്കുന്നത്.

കള്ളക്കേസെടുക്കുന്നത് പൊലീസ് അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടി പിന്‍വലിക്കണമെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മനോജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എഎസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുക്കാത്ത ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കള്ളക്കേസെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും അഭിഭാഷകനുമായ കെ രാജ്മോഹനന്‍, ബ്ലോക്ക് കമ്മിറ്റിയംഗം അനില്‍ ഗാര്‍ഡര്‍വളപ്പ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ വിരോധംവച്ച് ഇവരുള്‍പ്പെടെ മുന്നൂറോളം പേര്‍ക്കെതിരെയാണ് കള്ളക്കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനോവീര്യം തകര്‍ക്കാമെന്നത് പൊലീസിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും വ്യാമോഹം മാത്രമാണെന്ന് ബ്ലോക്ക് കമ്മിറ്റി ഓര്‍മിപ്പിച്ചു. നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി. പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ രാജ്മോഹനന്‍, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, സി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 290812

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 4ന്


സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും വാണിജ്യ താല്‍പ്പര്യത്തോടെ വ്യാപകമായി നികത്തുന്നതിനെതിരെ കെഎസ്കെടിയു നേതൃത്വത്തില്‍ സെപ്തംബര്‍ നാലിന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും പരിസ്ഥിതിസന്തുലനവും അപകടത്തിലാക്കുന്ന ഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് കെഎസ്കെടിയു ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശേഷിക്കുന്ന നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ ഫലമായി സസ്യങ്ങളും പക്ഷികളും ചെറുജീവികളും പാടെ നീക്കം ചെയ്യപ്പെടുന്നു. ഇതുവഴി നമ്മുടെ ആവാസവ്യവസ്ഥയും തകരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുകയാണ്. ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരും ഇതൊരവസരമായി കണ്ട് വയലുകള്‍ നികത്തി, കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയാന്‍ തുടങ്ങും. ഭൂപരിധിയില്‍ നിന്നും ഒഴിവ് നേടിയ തോട്ടങ്ങളുടെ ഒരു ഭാഗം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയാണ്. നിയമാനുസൃതം കൈവശം വയ്ക്കാവുന്ന 15 ഏക്കറില്‍ അധികമുള്ള ഭൂമി മിച്ച ഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. സമ്പന്ന താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകുവാന്‍ ശക്തമായ പോരാട്ടത്തിന് കണ്‍വന്‍ഷന്‍ രൂപംനല്‍കും. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുമുള്ള പോരാട്ടത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു.

deshabhimani 290812

പി സി ജോര്‍ജിന്റെ അനുയായി 2 സിപിഐ എം പ്രവര്‍ത്തകരെ കുത്തി


കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ അനുയായി കാഞ്ഞിരപ്പള്ളി ടൗണില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പി സി ജോര്‍ജ് ചൊവ്വാഴ്ച രാത്രി ഇതുവഴി കടന്നുപോയതിന് തൊട്ടുപിന്നാലെയാണക്രമം. പി സി ജോര്‍ജിനെ ആരോ കൂവിയെന്നാരോപിച്ചാണ് സിപിഐ എം പ്രവര്‍ത്തകരും ഓട്ടോതൊഴിലാളി യൂണിയന്‍(സിഐടിയു) ഭാവരവാഹികളുമായ കാഞ്ഞിരപ്പള്ളി വളവനാപാറ ഷാനവാസ്(34), വട്ടകപ്പാറ താജുദ്ദീന്‍(29) എന്നിവരെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാആക്ട് പ്രകാരം ജയില്‍വാസം അനുഭവിച്ചയാളുമായ ആനക്കല്ല് സ്വദേശി അജ്മല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരപരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒന്‍പതോടെ കാഞ്ഞിരപ്പള്ളി പേട്ട കവല വഴി പി സി ജോര്‍ജ് കടന്നുപോയപ്പോള്‍ ഓട്ടോതൊഴിലാളികളടക്കം നിരവധിപേര്‍ അവിടെയുണ്ടായിരുന്നു. ഇതിനിടെ ആരോ കൂവിയെന്നാണ് ആക്ഷേപം. ജോര്‍ജ് കടന്നുപോയതിന് തൊട്ടുപിന്നാലെ പൊലീസ് എത്തി കവലയില്‍ നിന്ന രണ്ടുപേരെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരിലൊരാള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനും മറ്റൊരാള്‍ ബസ് ഡ്രൈവറുമാണ്. നിരപരാധികളായ ഇവരെ കൊണ്ടുപോയതിനു പിന്നാലെ ഓട്ടോ തൊഴിലാളികള്‍ സ്റ്റേഷനിലെത്തി.

ഇതിനിടെ സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രതിനിധിയായ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം സുനില്‍ തേനംമാക്കലിന്റെ നേതൃത്വത്തില്‍ ഐഎന്‍ടിയുസിക്കാരും സ്റ്റേഷനിലെത്തി. പൊലീസുമായി സംസാരിച്ച് ഇരുവരെയും വെളിയിലിറക്കി ഇവിടെനിന്നും മടങ്ങുമ്പോഴാണ് അജ്മലും സംഘവും ചാടിവീണത്. "ആരാടാ പി സി ജോര്‍ജിനെ കൂവിയതെ"ന്ന് ചോദിച്ച് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഷാനവാസിനും താജുദ്ദീനും കുത്തേറ്റു. മറ്റുള്ളവര്‍ ഒഴിഞ്ഞുമാറി. ഇതിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ചേര്‍ന്നാണ് കുത്തേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പി സി ജോര്‍ജിന്റെ അനുയായിയാണ് താനെന്ന് പരസ്യമായി പറഞ്ഞായിരുന്നു ആക്രമണം. താജുദീന്റെ പിന്‍ഭാഗത്തും ഷാനവാസിന്റെ കൈയ്ക്കുമാണ് കുത്തേറ്റത്. ഷാനവാസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(സിഐടിയു) കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയാണ്. ഇരുവരും സിപിഐ എം പൂതക്കുഴി ബ്രാഞ്ചംഗങ്ങളുമാണ്.

deshabhimani 290812

അവസാനിക്കാത്ത പോരാട്ടം

ദേശാഭിമാനി 290812

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് ബോണസും അലവന്‍സും നിര്‍ത്തി


ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്കുള്ള ബോണസും അലവന്‍സും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി. ഇതോടെ സംസ്ഥാനത്തെ 12,000 മഹിളാപ്രധാന്‍ ഏജന്റുമാരുള്‍പ്പെടെയുള്ളവരുടെ ജീവിതം ദുരിതത്തിലായി. ശ്യാമള ഗോപിനാഥ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏജന്റുമാര്‍ക്ക് നല്‍കുന്ന കമീഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവും തുടര്‍ന്നുണ്ടായ സംസ്ഥാന സര്‍ക്കാര്‍ഉത്തരവുമാണ് ഏജന്റുമാര്‍ക്ക് തിരിച്ചടിയായത്.

കമീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി സംസ്ഥാന സര്‍ക്കാരിനോട് ഏജന്റുമാര്‍ക്ക് നല്‍കുന്ന ബോണസ്, അലവന്‍സ് ആനുകൂല്യങ്ങള്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആനുകൂല്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ഇത് കുറച്ചുള്ള കമ്മീഷന്‍മാത്രം ഏജന്റുമാര്‍ക്ക് നല്‍കാന്‍ കഴിയൂ എന്നായിരുന്നു ഉത്തരവ്. എട്ടുമാസം മുമ്പ് ഇറങ്ങിയ ഉത്തരവിന്റെ മറവില്‍ 1981ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്കായി നടപ്പാക്കിയ നാലുശതമാനം പ്രോത്സാഹന അലവന്‍സും ഒന്നേകാല്‍ ശതമാനം ബോണസും സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവില്‍ എട്ടുമാസത്തെ അലവന്‍സ് കുടിശ്ശികയുണ്ട്. ഓണത്തിന് തൊട്ടുമുമ്പ് ലഭിച്ചിരുന്ന ബോണസും ഭാഗികമായി നിഷേധിച്ചു. തനതായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെയാണ് കേന്ദ്രം ചോദ്യം ചെയ്യുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇത്തരത്തിലൊരു ഉത്തരവുണ്ടായത് പൊതുമേഖലയിലുള്ള ദേശീയ സമ്പാദ്യ പദ്ധതിയെ തകര്‍ത്ത് സ്വകാര്യ ബാങ്കിങ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ആരോപണമുണ്ട്. ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടും അവഗണിച്ചു.

പദ്ധതിയിലൂടെ പിരിച്ചെടുക്കുന്ന തുകയില്‍ ഗണ്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം വായ്പയായി നല്‍കാറുണ്ട്. ഇതും ഇനിമുതല്‍ ഇല്ലാതാകും. ഏജന്റുമാരുടെ സേവനം മറ്റു മേഖലകളിലേക്ക് തിരിച്ചുവിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാന വിവരശേഖരണം, സാമൂഹ്യ വനവല്‍ക്കരണം, പൊതുജനാരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളിലെ ചുമതലകള്‍ ഇവരെ ഏല്‍പ്പിക്കാനാണ് നീക്കം. ഇതിനായുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ സമ്പാദ്യപദ്ധതി സംസ്ഥാന ഡയറക്ടറെ ചുമതലപ്പെടുത്തി. തുച്ഛമായ സംഖ്യ നല്‍കുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്. സെന്‍സസ് പോലുള്ള ജോലികളില്‍നിന്ന് അധ്യാപകരെ ഒഴിവാക്കി ഏജന്റുമാരെ ഏല്‍പ്പിക്കുന്നതിലൂടെ ഈയിനത്തില്‍ ചെലവഴിക്കുന്ന തുക വന്‍തോതില്‍ കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
(ജെയ്സണ്‍ ഫ്രാന്‍സിസ്)

deshabhimani 290812

സ്കൂള്‍ കുട്ടികള്‍ക്ക് ഓണ അരി മുടങ്ങി


സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് നല്‍കുന്ന അരി 12 വര്‍ഷത്തിനിടെ ആദ്യമായി മുടങ്ങി. ധനമന്ത്രാലയത്തിന്റെ ഉടക്കും കുട്ടികള്‍ക്കുള്ള അരി ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റിനായി വകമാറ്റിയതുമാണ് വിദ്യാര്‍ഥികളുടെ വയറ്റത്തടിച്ചത്. ഇത് സംബന്ധിച്ച് "ദേശാഭിമാനി" നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അരി നല്‍കാന്‍ ഉത്തരവിറക്കിയെങ്കിലും ഓണ അവധി ആരംഭിച്ചിരുന്നു. ഇനി അവധി കഴിഞ്ഞേ വിതരണം ചെയ്യാനാകൂ. എന്നാല്‍ ബിപിഎല്‍ കിറ്റിലേക്ക് തീരുമാനിച്ച അരി കിട്ടിയാല്‍ മാത്രമേ കുട്ടികള്‍ക്കുള്ള അരി നല്‍കാനാകൂ.

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള കിറ്റിനായി ഭക്ഷ്യ വകുപ്പ് മുഖേനയാണ് സിവില്‍സപ്ലൈസിന് അരി കൈമാറിയത്. എന്നാല്‍ അരി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ വൈകി. ഇതോടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി വകമാറ്റി ബിപിഎല്‍ കിറ്റിലേക്ക് നല്‍കി. 20 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് കിലോ അരി വീതം 4000 ടണ്‍ അരിയാണ് ബിപിഎല്ലുകാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതേ സമയത്ത് കുട്ടികള്‍ക്ക് ഓണഅരി നല്‍കണമെന്ന കാര്യം സര്‍ക്കാര്‍ മറന്നു. സംസ്ഥാനത്തെ എട്ടാംക്ലാസ് വരെയുള്ള 26ലക്ഷം കുട്ടികള്‍ക്കാണ് അഞ്ചു കിലോ അരി വീതം നല്‍കേണ്ടത്. ഇതിന് 13,000 ടണ്‍ അരിവേണം. ഇതിനിടെ ബിപിഎല്‍ കിറ്റില്‍ അരി കിട്ടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്കൂളില്‍ നിന്നുള്ള സൗജന്യ അരി കിട്ടുന്നതെന്ന് കാട്ടി ധനവകുപ്പ് തടസമുണ്ടാക്കി.

1998-99 ല്‍ നായനാര്‍ സര്‍ക്കാരാണ് ഓണത്തിനും ക്രിസ്മസിനും റംസാനും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് അഞ്ചുകിലോ അരി വീതം സമ്മാനമായി നല്‍കുന്ന പദ്ധതി തുടങ്ങിയത്. 12 വര്‍ഷമായി മുടക്കമില്ലാതെ നടന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയതോടെ പദ്ധതി അവതാളത്തിലായി. കഴിഞ്ഞ തവണ റംസാനും ക്രിസ്മസിനും അരി നല്‍കിയില്ല. പിന്നാലെ ഓണത്തിനും അരി വിതരണം ചെയ്യാതിരുന്നപ്പോള്‍ വിദ്യാര്‍ഥി സംഘടനകളടക്കം പ്രക്ഷോഭം ഉയര്‍ത്തി. ഇതേ തുടര്‍ന്നാണ് അരി നല്‍കാന്‍ ഉത്തരവിട്ടത്. ഇത് സൗജന്യ അരിയല്ലെന്നും 10 അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചെലവാകുമായിരുന്ന അരി ഒരുമിച്ച് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും പദ്ധതി തുടങ്ങിയ ഘട്ടത്തില്‍ അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ആ അവകാശമാണ് യുഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചത്. ഉച്ചഭക്ഷണ പദ്ധതിയും സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിന് അരിയും പയറും അത് പാചകം ചെയ്യാനുള്ള ചെലവും അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് അരി മാത്രമാണ് നല്‍കുന്നത്. പയറും പച്ചക്കറിയും വാങ്ങുന്നതിനും അവ പാചകം ചെയ്യുന്നതിനുമായി പുറമെ നാലുരൂപയും നല്‍കും. ബാക്കി ചെലവാകുന്ന തുക സ്കൂളുകള്‍ പിടിഎ വഴിയും പുറമെ നിന്നും പിരിച്ചെടുക്കുകയാണ്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്ക് ഓണം സ്പെഷ്യല്‍ അരി കിട്ടിയില്ല

തൃശൂര്‍: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന ഓണം സ്പെഷ്യല്‍ അരിവിതരണം നടന്നില്ല. ജില്ലയില്‍ രണ്ടുലക്ഷത്തോളം കുട്ടികള്‍ക്ക് അരികിട്ടിയില്ല. സ്പെഷ്യല്‍ അരി വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസവകുപ്പിന് ലഭിച്ചത് വിദ്യാലയങ്ങള്‍ അടച്ചശേഷമാണ്. അതേസമയം സപ്ലൈകോയ്ക്ക് അരി വിതരണം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതുമില്ല. ഇത് ഓണത്തിന് സ്പെഷ്യല്‍ അരി പ്രതീക്ഷിച്ചിരുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. പാചകവാതകത്തൊഴിലാളികള്‍ക്കുള്ള ഫെസ്റ്റിവല്‍ അലവന്‍സ് കൊടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ഇതും വിദ്യാലയങ്ങള്‍ അടച്ചതുമൂലം കിട്ടിയില്ല. ഉച്ചക്കഞ്ഞി കഴിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണത്തിനും റമദാനും അഞ്ചുകിലോവീതം അരി എല്‍ഡിഎഫ് ഭരണത്തില്‍ സൗജന്യമായി നല്‍കിയിരുന്നു. ഇത്തവണ അഞ്ചുകിലോ ആക്കി ചുരുക്കി. ഇതു വിതരണം ചെയ്യണമെന്ന ഉത്തരവ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് കഴിഞ്ഞ 25നും. ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടച്ചതോടെ അരി നല്‍കാനായില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. വിദ്യാലയങ്ങള്‍ക്ക് ഓണം സ്പെഷ്യല്‍ അരി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സപ്ലൈകോ റീജണല്‍ ഓഫീസും പറയുന്നു. ഉത്തരവ് ലഭിക്കാതെ സ്പെഷ്യല്‍അരി നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എഫ്സിഐ ഗോഡൗണുകളില്‍നിന്നാണ് അരി നല്‍കേണ്ടത്. ഇതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം എഫ്സിഐക്കും നല്‍കിയിട്ടില്ല.

ജില്ലയില്‍ 954 സ്കൂളിലായി രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്കാണ് ഓണം സ്പെഷ്യല്‍ അരി ലഭിക്കേണ്ടത്. സര്‍ക്കാര്‍ കബളിപ്പിക്കല്‍മൂലം ഓണം കഴിഞ്ഞാലും കുട്ടികള്‍ക്ക് അരി ലഭിക്കില്ലെന്ന് വ്യക്തം. അരിയില്ലാത്തതുമൂലം വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവിതരണവും താറുമാറായി. ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുമ്പോഴും ഉച്ചഭക്ഷണം വിതരണം ചെയ്യാനാവില്ലെന്നാണ് സ്ഥിതി. എഫ്സിഐ ഗോഡൗണുകളില്‍നിന്നാണ് ഉച്ചഭക്ഷണത്തിനുള്ള അരിയും സപ്ലൈകോ മുഖേന സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. എഫ്സിഐ ഗോഡൗണുകളില്‍ പുഴു അരിച്ച് അരി നശിക്കുമ്പോഴാണ് നിര്‍ധനരായ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്ക് അരി നല്‍കാതെ വലയ്ക്കുന്നത്. 1987ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്് സ്കൂളില്‍ ഉപ്പുമാവിനുപകരം ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഉച്ചക്കഞ്ഞി കുടിക്കുന്ന ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചു കിലോ അരിയും സൗജന്യമായി നല്‍കി. പിന്നീടിത് റമദാനും ക്രിസ്മസിനും വ്യാപിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷമാണ് സ്കൂളുകളിലേക്കുള്ള അരി വിതരണം താറുമാറായത്. കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ഉത്തരവ് വൈകിയതുമൂലം ഓണം സ്പെഷ്യല്‍ അരി സപ്ലൈകോ, എഫ്സിഐ ഗോഡൗണുകളില്‍ കെട്ടികിടക്കുകയായിരുന്നു.

കയര്‍തൊഴിലാളികള്‍ക്കും ഓണത്തിനുമുമ്പ് പെന്‍ഷനില്ല

ആലപ്പുഴ: ജില്ലയിലെ ബഹുഭൂരിപക്ഷം കയര്‍തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഓണത്തിനുമുമ്പ് പെന്‍ഷന്‍ നിഷേധിച്ചു. കയര്‍ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥയാണ് കയര്‍തൊഴിലാളികളുടെ ഓണം കണ്ണീരിലാക്കിയത്. രണ്ടുരീതിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ക്ഷേമബോര്‍ഡ് തീരുമാനിച്ചത്. പുതുതായി പെന്‍ഷന്‍ അനുവദിച്ചവര്‍ക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും നേരത്തെ പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക് തപാല്‍മുഖേനയുമാണ് പെന്‍ഷന്‍ നല്‍കുക. എന്നാല്‍ തപാല്‍വഴി പെന്‍ഷന്‍ നല്‍കിയാല്‍ പണം ഓണത്തിനുമുമ്പ് ലഭിക്കില്ലെന്ന് ഈ രംഗത്തെ തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. പെന്‍ഷന്‍ രണ്ടാംതീയതിക്കുശേഷം മാത്രമേ ലഭിക്കൂ. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന പെന്‍ഷനാണ് ഇക്കുറി നിഷേധിക്കപ്പെട്ടത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കയര്‍തൊഴിലാളികള്‍ക്ക് പെന്‍ഷനുകള്‍ സമയത്ത് കിട്ടിയിരുന്നില്ല. ഉത്സവകാലങ്ങളില്‍ ഒരാഴ്ചമുമ്പെങ്കിലും പെന്‍ഷന്‍ ലഭിക്കുന്നതിനു ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി ആര്‍ ശിവരാജന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് ഭരണത്തില്‍ ജനം പൊറുതിമുട്ടി: വി എസ്

എസ്എല്‍ പുരം (ആലപ്പുഴ): ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണംകൊണ്ട് ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കണ്ണര്‍കാട് ജ്വാല വായനശാല ആന്‍ഡ് ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്താല്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസനടപടിയൊന്നുമില്ല. പെന്‍ഷന്‍ വിതരണമെല്ലാം അവതാളത്തിലായി. ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോ അരി നല്‍കാനായില്ല. അഴിമതിയില്‍ പ്രധാനമന്ത്രിതന്നെ മുഖ്യപങ്കുവഹിച്ചെന്ന ആക്ഷേപം ഉയര്‍ന്നുവന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പെരുത്ത അഴിമതിയില്‍ അഞ്ചുദിവസമായി പാര്‍ലമെന്റ് ഇളകിമറിയുകയാണ്. പ്രധാനമന്ത്രി കാട്ടുകള്ളനാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഭരണമാണിത്. ഇതേ സ്ഥിതിയിലാണ് കേരളത്തിലെ ഭരണവും. നിയമനം, സ്ഥലംമാറ്റം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കോഴ നല്‍കണമെന്ന അവസ്ഥയാണ്. അത്യന്തം ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലൂടെയാണ് ജനങ്ങള്‍ ഇത്തവണ തിരുവോണത്തെ കാണുന്നതെന്നും വി എസ് പറഞ്ഞു.

തൊഴില്‍രഹിതവേതനം വിതരണം ചെയ്തില്ല; പഞ്ചായത്തോഫീസ് ഉപരോധിച്ചു, അധികൃതരെ തടഞ്ഞുവച്ചു

പത്തനംതിട്ട: തൊഴില്‍രഹിതവേതനം വൈകി; ഏനാത്ത്, കൊടുമണ്‍ പഞ്ചായത്തുകളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സമരം. ഓണത്തിന് മുമ്പ് തൊഴില്‍രഹിതവേതനം വിതരണം ചെയ്യുന്നതില്‍ അനാസ്ഥ കാട്ടിയ കൊടുമണ്‍ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്. ഏനാത്ത് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

കൊടുമണ്‍ പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച വിതരണം ചെയ്യുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാല്‍ അറുന്നൂറോളം തൊഴില്‍രഹിതര്‍ എത്തിയിരുന്നു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ എന്‍ സലീം ഉദ്ഘാടനം ചെയ്തു. ബിജി സി ജോര്‍ജ് അധ്യക്ഷനായി. ആശാ ബാബു, ജി സുജിത്ത്, വി ഡി ബിജു, ദിലീപ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. തൊഴില്‍രഹിത വേതനത്തിന്റെ അലോട്ട്മെന്റ് 23ന് ട്രഷറിയില്‍ എത്തിയിട്ടും വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടി യുഡിഎഫ് നേതൃത്വത്തിലുള്ള ഏനാത്ത് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചില്ല. ഇതു കാരണം ഓണത്തിന് മുമ്പ് വേതനം നല്‍കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിനെയും സെക്രട്ടറിയേയും തടഞ്ഞുവച്ചത്.

ഏനാത്ത് എസ്ഐ എസ് ജയകുമാറിന്റെ സാന്നിധ്യത്തില്‍ പ്രസിഡന്റ് എല്‍ ഉഷാകുമാരി, സെക്രട്ടറി, ഡിവൈഎഫ്ഐ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉത്രാടംനാളില്‍ വേതനം വിതരണം നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ എസ് ശ്രീനി, സി സുനീഷ്, എസ് കൃഷ്ണ, സിസിലി എന്നിവര്‍ സംസാരിച്ചു.

പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ല: എല്‍ഡിഎഫ്

കൊല്ലം: ദുര്‍ബലവിഭാഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഓണത്തിനുമുമ്പ് വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജില്ലയില്‍ നടപ്പായില്ലെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി പ്രസ്താവനയി പറഞ്ഞു.

എണ്ണായിരത്തിലധികം കയര്‍ത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും ബോണസും മറ്റാനുകൂല്യങ്ങളും ഇനിയും വിതരണം ചെയ്തിട്ടില്ല. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ കയര്‍ത്തൊഴിലാളികള്‍ക്ക് നേരിട്ട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ കൊല്ലം ജില്ലയില്‍ തപാല്‍ മണിഓര്‍ഡര്‍ മുഖാന്തിരം അയച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികഭാഷ്യം. കയര്‍ത്തൊഴിലാളികള്‍ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഫണ്ട് അനുവദിക്കാതിരുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ്. സമീപജില്ലകളില്‍ വിതരണംചെയ്ത പെന്‍ഷന്‍ കൊല്ലം ജില്ലയിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ ഒരുനടപടിയും സ്വീകരിക്കാന്‍ ജില്ലയിലെ മന്ത്രിമാര്‍ ശ്രമിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവയും ജില്ലയില്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിച്ചിട്ടില്ല. ഇതും തപാല്‍ മുഖേന അയച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

പാവപ്പെട്ട പതിനായിരക്കണക്കിന് പരമ്പരാഗത വ്യവസായതൊഴിലാളികളുടെ ഓണപെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് ആദ്യ അനുഭവമാണ്. ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥമൂലം ജില്ലയിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് അരക്ഷിത ഉത്സവമായി ഇപ്രാവശ്യത്തെ ഓണം മാറി. ഏത് ഭരണകാലത്തും ഓണത്തിനുമുമ്പായി ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ നിഷേധിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അടച്ചിട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് ഗവണ്‍മെന്റ് നല്‍കിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും ഇപ്പോള്‍ ഇല്ലാതാക്കി. പുനലൂര്‍ പേപ്പര്‍മില്ലിലെ 800 തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ച ആനുകൂല്യം പിന്നീട് ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ ആര്‍ രാമചന്ദ്രന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

deshabhimani 290812

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കലക്ടറുടെ ചിത്രവും; ഫ്ളക്സ് ബോര്‍ഡ് വിവാദത്തില്‍


മുഖ്യമന്ത്രി, റെവന്യൂമന്ത്രി, കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവരുടെ ചിത്രത്തോടൊപ്പം കലക്ടര്‍ പി ജി തോമസിന്റെ ചിത്രവുമായി ഫ്ളക്സ് ബോര്‍ഡ് വിവാദത്തിലേക്ക്. കൊല്ലം നഗരത്തില്‍ ചാമക്കട പാലത്തിനു സമീപം വെയര്‍ഹൗസിന്റെ മതിലിനോടു ചേര്‍ന്നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. താമരക്കുളം ഡിവിഷന്‍ പൗരസമിതിയുടെ പേരിലാണ് ബോര്‍ഡ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റെവന്യൂമന്ത്രി അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് നേതാക്കളായ കെ സി രാജന്‍, എ കെ ഹഫീസ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കലക്ടറുടെ ചിത്രവുമുള്ളത്. കൊല്ലം തോടിന്റെ കരകളില്‍ താമസിക്കുന്ന നിവാസികളുടെ ചിരകാല അഭിലാഷം സാക്ഷാല്‍ക്കരിച്ചതിന്റെ പേരിലാണത്രേ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ കൊല്ലം തോടിന്റെയും കരകളിലെയും മറ്റുമുള്ള നാന്നൂറിലധികം കുടുംബങ്ങളെ പരവൂരും മയ്യനാട്ടും മറ്റും നിര്‍മിച്ച വീടുകളിലേക്ക് പുനരധിവസിപ്പിച്ചിരുന്നു. ഇനിയുള്ളത് 85 കുടുംബങ്ങള്‍ മാത്രമാണ്. അവര്‍ക്കുള്ള വീടുകളും ഇരവിപുരം ആക്കോലില്‍ നിര്‍മാണം പൂര്‍ത്തിയായി. ഇതെല്ലാം നടന്നത് പി കെ ഗുരുദാസന്‍ എംഎല്‍എയുടെ കഠിനപ്രയത്നത്തിലൂടെയാണെന്ന് നാട്ടുകാര്‍ക്ക് അറിവുള്ളതാണ്. വസ്തുത ഇതായിരിക്കെ അത് മറച്ച് രാഷ്ട്രീയകപട പ്രചാരണത്തിന് ഐഎഎസ് കാരനായ കലക്ടറിന്റെ ചിത്രംകൂടി പ്രദര്‍ശിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കലക്ടര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ലെന്നാണ് നിയമം.

deshabhimani 290812

പൂക്കളവും പുടവയുമില്ല മാരനും ചപ്പക്കും കഞ്ഞി കുമ്പിളില്‍ തന്നെ


""ഞാക്ക് ഇക്കൊല്ലം ഓണം കാണി. മണ്ണില്ലാണ്ട് ഞാക്ക് എന്തോണം? മണ്ണ് കിട്ടീറ്റ് മതി ഇനി ഓണം"". ചീയമ്പം ആദിവാസി ഭൂസമരകേന്ദ്രത്തിലെ മാരനും ചപ്പക്കും ഇക്കുറിയും കുമ്പിളില്‍ തന്നെ കഞ്ഞി. മാലോകരെല്ലാരും ഒന്നു പോലെ വാണ മാവേലികാലത്തിന്റെ മധുരസ്മരണകള്‍ പുതുക്കുമ്പോഴും ഓണത്തിന് കുമ്പിളില്‍ കഞ്ഞി പോലും കിട്ടാത്ത വയനാട്ടിലെ ആദിവാസികള്‍ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. സമരഭൂമിയില്‍ കെട്ടിമറച്ച ഷെഡുകള്‍ പൊലീസും വനപാലകരും ചേര്‍ന്ന് പൊളിച്ച് മാറ്റിയെങ്കിലും വീണ്ടും കെട്ടിയ കുടിലുകളില്‍ അവര്‍ സമരം തുടരുകയാണ്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോള്‍ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കാടിന്റെ മക്കള്‍ കാറ്റും മഴയും ഏറ്റ് ഭൂസമരകേന്ദ്രങ്ങളിലാണ് അന്തിയുറങ്ങുന്നത്.അത്തപ്പൂക്കളമില്ലാതെ ഓണദിവസം പോലും അരവയറുമായി സമരഭൂമിയില്‍ കഴിയുമ്പോഴും ഭൂമിയില്ലാതെ മടക്കമില്ലെന്ന ദൃഡനിശ്ചയത്തിലാണ് ഈ ആദിവാസികള്‍.

മെയ് ഏഴിനാണ് ആദിവാസിക്ഷേമസമിതിയുടേയും ഭൂസമരസഹായസമിതിയുടേയും നേതൃത്വത്തില്‍ ആദിവാസികള്‍ മണ്ണിന് വേണ്ടിയുളള മൂന്നാംഘട്ട സമരം തുടങ്ങിയത്. സമരം തുടങ്ങി നാല് മാസം പിന്നിടുമ്പോഴും ആദിവാസികള്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. സമരം ചെയ്ത ആദിവാസികളെ സര്‍കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ആദിവാസികള്‍ സമരഭൂമിയില്‍ പണിത കുടിലുകള്‍ പൊളിച്ച് മാറ്റി.ജൂലൈ 19ന് ചീയമ്പത്തെ അറുനൂറോളം ആദിവാസികളെയാണ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍സെന്‍ട്രല്‍ ജയിലലിടച്ചത്.സ്ത്രീകളേയും കുട്ടികളേയും പോലുംവെറുതെ വിട്ടില്ല.ആദിവാസികള്‍ക്ക് നിയമപ്രകാരം അര്‍ഹതപ്പെട്ട ഭൂമി വിതരണം ചെയ്യാതെ സര്‍കാരാണ് നിയമം ലംഘിക്കുന്നത്. അതേ സമയം ഭുമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്യുന്നു.മെയ് ഏഴിന് തുടങ്ങിയ ഭൂസമരത്തില്‍ പങ്കെടുത്ത 1162 ആദിവാസികളെ സര്‍കാര്‍ ജയിലിലടച്ചു.1477 എകെഎസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കാനുള്ള നടപടിക്രമങ്ങളും എവിടെയുമെത്തിയിട്ടില്ല. ജയിലില്‍ നിരാഹാരസമരം ആരംഭിച്ചതോടെയാണ് ആദിവാസികളെ വിട്ടയക്കാന്‍ സര്‍കാര്‍ നിര്‍ബന്ധിതമായത്. ആഗസ്ത് മൂന്നിന് സമരഭൂമിയിലെത്തിയ ജയില്‍മോചിതര്‍ക്ക് ഉജ്വല വരവേല്‍പാണ് ലഭിച്ചത്.ആഗസ്ത് ആറിന് വീണ്ടും സമരഭൂമിയില്‍ പ്രവേശിച്ച ആദിവാസികുടുംബങ്ങളാണ് ഇപ്പോഴും സമരകേന്ദ്രങ്ങളില്‍ തുടരുന്നത്്. സര്‍കാര്‍ കണ്ണ് തുറക്കുന്നതും കാത്ത്.
(പി കെ രാഘവന്‍)

deshabhimani 290812