Showing posts with label പോലീസ് ബില്‍. Show all posts
Showing posts with label പോലീസ് ബില്‍. Show all posts

Tuesday, November 24, 2020

പൊലീസ് ആക്ട് ഭേദഗതി പിന്‍വലിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

 കേരള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2020ലെ കേരള പൊലീസ് (ഭേദഗതി) പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് എന്ന പേരിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും വിദ്വേഷകരവുമായ ഉള്ളടക്കവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം വലിയ തോതില്‍ വര്‍ധിക്കുകയും സമൂഹത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതി. എന്നാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഇതു കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സമൂഹത്തില്‍ നിന്ന് ഉയരുന്ന അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന രീതി ഇക്കാര്യത്തിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമഭേദഗതി പിന്‍വലിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇതനുസരിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

ഇക്കാര്യത്തില്‍ ഇനി ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Monday, November 23, 2020

പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ല; നിയമസഭയില്‍ ചര്‍ച്ച ചെയ്യും: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍  നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍  തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം :

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍  സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്‌പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍  ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍  നിന്ന് വിമര്‍ശനവും പരാതിയും നിലനി ല്‍ ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍  ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി  വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍  നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും ആശങ്ക പ്രകടപ്പിച്ചു. ഈ സാഹചര്യത്തില്‍  നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍  നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍  തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍  ഏര്‍പ്പെടുന്നവര്‍ അതില്‍  നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍  ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Sunday, November 22, 2020

പൊലീസ് നിയമഭേദഗതിയില്‍ ആശങ്കവേണ്ട; പൗരസ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍ക്കാരിന് ചുമതലയുണ്ട്: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളില്‍ നിന്ന് എത്ര ശക്തമായ വിമര്‍ശനം  നടത്താനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അര്‍ത്ഥത്തില്‍ എടുത്താല്‍ ആര്‍ക്കും ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്‌കൃത ജനസമൂഹം അനുവദിക്കുന്നതുമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അസത്യം മുതല്‍ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകര്‍ക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ  താല്‍പര്യങ്ങള്‍,  എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര  നിര്‍വഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബര്‍ ആക്രമണങ്ങള്‍ പലയിടത്തും ദാരുണമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്‌കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സര്‍ക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിന്‍ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കല്‍പമുണ്ടല്ലോ. കൈവീശാം, എന്നാല്‍ അത് അപരന്റെ മൂക്കിന്‍ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാല്‍ ഇതു തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്തി പോവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തില്‍ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേര്‍ന്നുപോകുന്ന നിയന്ത്രണങ്ങളേ പൊലീസ് നിയമഭേദഗതിയില്‍ ഉള്ളൂ.

വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്‌കൃത സമൂഹത്തില്‍ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സാമ്പ്രദായിക മാധ്യമങ്ങള്‍ പൊതുവില്‍ ഭരണഘടന കല്പിക്കുന്ന ഈ അതിരുകള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കാറ്. എന്നാല്‍, ചില വ്യക്തിഗത ചാനലുകള്‍ ആ ഭരണഘടനാ നിഷ്‌കര്‍ഷകളെ  പുച്ഛത്തോടെ കാറ്റില്‍പറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് സാമൂഹിക ക്രമത്തെ തന്നെ അട്ടിമറിക്കും, അതുണ്ടായിക്കൂടാ.

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്താല്‍ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാന്‍ സര്‍ക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്,  സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയില്‍ മാധ്യമങ്ങള്‍ക്കുംപൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകള്‍ക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tuesday, January 4, 2011

പൊലീസ് ബില്‍ പാസാക്കി

1960ലെ പൊലീസ് നിയമം പരിഷ്ക്കരിച്ചുകൊണ്ടുള്ള 2010ലെ കേരള പൊലീസ് ബില്‍ നിയമസഭ പാസാക്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച ബില്‍ ഒമ്പതര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം സഭ വോട്ടിനിട്ടാണ് പാസാക്കിയത്. സെലക്ട് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞ് വന്ന ബില്ലിന് അംഗങ്ങള്‍ 740 ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ 170 എണ്ണം അംഗീകരിച്ചു. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യം കര്‍ശനമായി തടയുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. കമ്യൂണിറ്റി പൊലീസിങ് പദ്ധതി, എട്ടു മണിക്കൂര്‍ ജോലി, സുരക്ഷാ കമീഷന്‍, പൊലീസ് കംപ്ളയിന്റ്സ് അതോറിട്ടി, പൊലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്യ്രം തുടങ്ങിയവ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിയമവിധേയമായ ഉത്തരവുകള്‍ മാത്രം അനുരിച്ചാല്‍ മതിയെന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം.

കസ്റഡിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാന്യമായ വസ്ത്രധാരണത്തിന് അവകാശമുണ്ടാകും. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍പ്പെടുത്തും. പൊലീസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ആഭ്യന്തരമന്ത്രി ചെയര്‍മാനായി സുരക്ഷാകമീഷനും പൊലീസുകാരെക്കുറിച്ചുള്ള പരാതി കൈകാര്യം ചെയ്യുന്നതിന് പരാതി അതോറിട്ടിയും രൂപീകരിക്കും. സുരക്ഷാ കമീഷനില്‍ പ്രതിപക്ഷ നേതാവ്, ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന മൂന്നുപേര്‍ എന്നിവര്‍ അംഗങ്ങളാകും. എസ്പിമുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതി സംസ്ഥാനതല അതോറിട്ടി പരിശോധിക്കും. ലോക്കപ്പ് മരണം, കസ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ പരാതികളും അതോറിട്ടി പരിശോധിക്കും. ഡിവൈഎസ്പി വരെയുള്ളവര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാതല അതോറിട്ടിയും രൂപീകരിക്കും. ജനപ്രതിനിധികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതി അതോറിട്ടി അന്വേഷണം നടത്തി നടപടി ബന്ധപ്പെട്ട ആളെ അറിയിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബില്‍ കൊണ്ടുവന്നതില്‍ പ്രതിപക്ഷം ആഭ്യന്തരമന്ത്രിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ചെങ്കിലും ഒടുവില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 21നെതിരെ 48 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. പി ജയരാജന്‍, ആര്യാടന്‍ മുഹമ്മദ്, വി ഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, പി എം എ സലാം, കെ സി ജോസഫ്, എ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൊലീസ് സേനയെ മാറ്റിയെടുക്കുന്നതിനുള്ള നല്ല ചുവട്വയ്പ്പാണ് ബില്ലെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേരളത്തില്‍ ആര് വിചാരിച്ചാലും പൊലീസ് രാജ് നടപ്പാക്കാന്‍ കഴിയില്ലെന്നും ബില്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കക്ഷി നേതാക്കളും മന്ത്രിമാരുമായ സി ദിവാകരന്‍, വി സുരേന്ദ്രന്‍പിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍, കെ എം മാണി, സി ടി അഹമ്മദാലി, മാത്യൂ ടി തോമസ്, എ എ അസീസ് എന്നിവര്‍ മൂന്നാം വായനയില്‍ സംസാരിച്ചു.

പൊലീസിന്റെ വൈദഗ്ധ്യത്തിന് ഊന്നല്‍ നല്‍കും: കോടിയേരി

ആധുനിക കാലത്തിന് അനുയോജ്യമായ വിധത്തില്‍ പൊലീസ് സേനയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്നതാണ് പൊലീസ് ബില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പൊലീസ് ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ വൈദഗ്ധ്യത്തിനാണ് ബില്‍ ഊന്നല്‍ നല്‍കുന്നത്. പൊലീസ് നിഷ്പക്ഷമാകണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സീറോ വേക്കന്‍സി സേനയായി പൊലീസിനെ മാറ്റും. ഈ സര്‍ക്കാര്‍ വന്നശേഷം 10,008 പേരെ പിഎസ്സി വഴി നിയമിച്ചു. 2688 തസ്തിക പുതുതായി സൃഷ്ടിച്ചു. ഹോം ഗാര്‍ഡുമാരായി 3000 പേരെ നിയമിച്ചു. 11 പൊലീസ് സ്റേഷനും ആരംഭിച്ചു. 2011 ഫെബ്രുവരിക്കു മുമ്പ് മൂന്നു സ്റേഷന്‍ കൂടി ആരംഭിക്കും. പത്തു തീരദേശ പൊലീസ് സ്റേഷനും തുറക്കും. എട്ടു മണിക്കൂര്‍ ഡ്യൂട്ടി തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. 51 സ്റേഷനില്‍ ഈവര്‍ഷം ഇതു നടപ്പാക്കും. ഇതോടെ 102 സ്റേഷനില്‍ എട്ടു മണിക്കൂര്‍ ഡ്യൂട്ടി നിലവില്‍ വരും. പരിശീലന

കാലയളവ് സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നതിന് ചട്ടം പുറപ്പെടുവിക്കും. കമ്മ്യൂണിറ്റി പൊലീസിങ് പദ്ധതി 50 സ്റേഷനില്‍ കൂടി വ്യാപിപ്പിക്കും. ഇതോടെ 142 സ്റേഷനില്‍ ഇത് പ്രാബല്യത്തില്‍ വരും. പൊലീസിന്റെ യൂണിഫോം നിറം മാറ്റാന്‍ തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം ഏര്‍പ്പെടുത്തും. ക്രമസമാധാനരംഗത്ത് കുറച്ചുവര്‍ഷമായി കേരളം മെച്ചപ്പെട്ട സംസ്ഥാനമാണ്. ഗുരുതരമായ കുറ്റകൃത്യം സംസ്ഥാനത്ത് കുറഞ്ഞു. കൊലപാതകം, രാഷ്ട്രീയ കൊലപാതകം, രാഷ്ട്രീയ സംഘര്‍ഷം, മോഷണം, ഭവനഭേദനം, കൊള്ള എന്നിവയും കുറഞ്ഞിട്ടുണ്ട്. 2006ല്‍ 393 കൊലപാതകം നടന്നു. 2010ല്‍ ഇത് 335 ആയി കുറഞ്ഞു. രാഷ്ട്രീയ കൊലപാതകം 2006ല്‍ പത്തായും കഴിഞ്ഞവര്‍ഷം ആറായും കുറഞ്ഞതായി മന്ത്രി പറഞ്ഞു.

ദേശാഭിമാനി 040111

മനുഷ്യമുഖമുള്ള നിയമം

കേരള നിയമസഭയുടെയും സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തിന്റെയും ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് പുതിയ പൊലീസ് നിയമം പാസായത്. പൊലീസിനെ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കാന്‍ കഴിയുംവിധം കാലാനുസൃതവും കുറ്റമറ്റതുമായ നിയമം അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരും അതിന്റെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അളവറ്റ അഭിനന്ദനം അര്‍ഹിക്കുന്നു.

1861ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പൊലീസ് നിയമത്തിന്റെ ചുവടുപിടിച്ചുള്ള 1961ലെ കേരള പൊലീസ് നിയമമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടായ പുരോഗതി, മനുഷ്യാവകാശങ്ങളെ സംബന്ധിച്ച പുതിയ സമീപനങ്ങള്‍, ശാസ്ത്രീയമായ അന്വേഷണരീതികള്‍, പൊലീസിന്റെ സാമൂഹ്യ ഇടപെടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളാന്‍ ഈ നിയമം പര്യാപ്തമല്ല.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരമാണ് ഈസ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് ഇന്ത്യയുടെ ഭരണമേറ്റെടുക്കാനും തുടര്‍ന്ന് 1861ല്‍ ഇവിടെ ഒരു പൊലീസ് നിയമം കൊണ്ടുവരാനും ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍ ഉണ്ടാക്കിയ ഈ നിയമത്തെ പിന്‍പറ്റുന്ന 1961ലെ നിയമം സ്വാഭാവികമായും പൊലീസിനെ ജനദ്രോഹമുഖമുള്ള മര്‍ദനോപകരണമാക്കി നിലനിര്‍ത്താനുള്ള സാധ്യതകള്‍ നല്‍കി. കേരളം ഭരിച്ച വലതുപക്ഷ സര്‍ക്കാരുകള്‍ ഈ സാധ്യതയെ പരമാവധി ഉപയോഗിക്കുകയുംചെയ്തു.

ഇപ്പോള്‍ പാസാക്കിയ നിയമം മറ്റൊരു തലത്തിലുള്ളതാണ്. ഒരു സേവനമേഖലയെന്ന നിലയില്‍ പൊലീസിനെ ശാക്തീകരിച്ച് മനുഷ്യമുഖം നല്‍കാനുള്ള പരിശ്രമമാണത്. ധര്‍മവീര അധ്യക്ഷനായ ദേശീയ പൊലീസ് കമീഷന്‍, പ്രകാശ്സിങ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം, ദേശീയ മനുഷ്യാവകാശ കമീഷന്‍, റബിറോ കമീഷന്‍, സോറാബ്ജി കമീഷന്‍, ജസ്റിസ് കെ ടി തോമസ് കമീഷന്‍, ജസ്റിസ് കൃഷ്ണയ്യര്‍ കമീഷന്‍ തുടങ്ങിയവയുടെ ശുപാര്‍ശകള്‍ പുതിയ നിയമനിര്‍മാണത്തിന് വഴികാണിക്കുകയുണ്ടായി. പൊലീസ് ഭരണത്തിനും പൊലീസിനെ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനും മറ്റും ഫലപ്രദമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പുതിയ നിയമം ഊന്നല്‍നല്‍കുന്നു. അത്തരം സംവിധാനത്തില്‍ പൊതുസമൂഹത്തിന് സമ്മതരായ; നീതിനിര്‍വഹണ പാരമ്പര്യമുള്ള വ്യക്തികള്‍ക്ക് സ്ഥാനം നല്‍കാനും ഈ നിയമം വ്യവസ്ഥചെയ്യുന്നു. പ്രതിപക്ഷനേതാവിനെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സെക്യൂരിറ്റി കമീഷന്‍ രൂപീകരിച്ചതിലൂടെ ഉന്നതമായ ജനാധിപത്യബോധമാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. പൊലീസിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ കംപ്ളയിന്റ് അതോറിറ്റി രൂപീകരിക്കും.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി കരുതാവുന്ന ജനമൈത്രി സുരക്ഷാപദ്ധതി അന്തര്‍ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയമായ ഒന്നാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സുരക്ഷയ്ക്കായി ജനങ്ങളും പൊലീസും കൈകോര്‍ക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് നിയമപ്രാബല്യം ലഭിക്കും. പൊലീസ് കസ്റഡിയിലായ വ്യക്തികള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കസ്റഡി പീഡനങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.

പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന് ഒട്ടേറെ നടപടി സ്വീകരിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ഗ്രേഡ് പ്രൊമോഷന്‍പോലുള്ള ക്ഷേമനടപടികളെടുത്ത സര്‍ക്കാരിന്റെ ആ കാഴ്ചപ്പാട് നിയമത്തിലും പ്രതിഫലിക്കുന്നു. എട്ടു മണിക്കൂര്‍ ഡ്യൂട്ടിസമയവും ഒരേസ്ഥലത്ത് കുറഞ്ഞ സേവനകാലാവധിയും നിജപ്പെടുത്തിയത് ഇതിനുദാഹരണമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ നിയമത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

പൊലീസിന് ജനകീയമുഖം നല്‍കാനുള്ള ഇത്തരം മുന്‍കൈ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനേ കഴിയൂ. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമെന്ന ഖ്യാതി കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് കേരളം കൈവരിച്ചുകഴിഞ്ഞു. ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നു. രജിസ്റര്‍ചെയ്ത കേസുകളുടെ എണ്ണം കൂടിയിരിക്കുമ്പോഴും കൊലപാതകം അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലുണ്ടായ കുറവ് കേരളത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് സംസ്ഥാനത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പൊലീസിനെതിരായി ഉയരുന്ന ആരോപണങ്ങളില്‍ പലതും പൊട്ടിത്തകര്‍ന്നുപോയ കാലം കൂടിയാണിത്. ആലപ്പുഴ ജില്ലയില്‍ ഒരു യുവവ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം കേരള പൊലീസ് യഥാര്‍ഥ പ്രതികളെ കണ്ടെത്തിയതും ആ കണ്ടെത്തലിനെ നിരാകരിച്ചും അപഹസിച്ചും വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും സമീപ മാസങ്ങളിലാണ്. പൊലീസില്‍ വിശ്വാസം പോരാഞ്ഞ് സിബിഐയെ ആ കേസന്വേഷണം ഏല്‍പ്പിക്കുകയുണ്ടായി. കേന്ദ്ര ഏജന്‍സി മാസങ്ങളോളം അന്വേഷിച്ച് കണ്ടെത്തിയത്, കേരള പൊലീസ് മണിക്കൂറുകള്‍കൊണ്ട് കണ്ട കാര്യം തന്നെയാണ്. വിവാദ സ്രഷ്ടാക്കള്‍ക്ക് അതോടെ ഉള്‍വലിയേണ്ടിവന്നു. പൊലീസിന്റെ കര്‍മ്മശേഷിയും ജനങ്ങളോടുള്ള ആഭിമുഖ്യവും വളര്‍ത്തുക ഒരു നയമായിത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ആ നയത്തിന് ശക്തിപകരും വിധമാണ് പുതിയ നിയമം നടപ്പില്‍വരുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 040111