Showing posts with label കുഴൽപണം. Show all posts
Showing posts with label കുഴൽപണം. Show all posts

Tuesday, June 15, 2021

ജയിലല്ല, അതിനപ്പുറമുള്ള ഭീഷണികള്‍ രാധാകൃഷ്ണന്റെ ആളുകള്‍ നടത്തിയിട്ടുണ്ട്; അന്നും താന്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം> ജയിലിനേക്കാള്‍ വലിയ ഭീഷണികള്‍ എ എന്‍ രാധാകൃഷ്ണന്റെ ആളുകള്‍ തനിക്കെതിരെ ഉയര്‍ത്തിയതാണെന്നും അന്നൊക്കെ താന്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍  ഒരു  പ്രയാസവുമുണ്ടായിട്ടില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണെന്നും ബിജെപി നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളൊണെന്ന് തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ എന്ത് വേണമെന്ന്  തീരുമാനിച്ച് അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കില്‍, അതൊന്നും നടപ്പാക്കില്ലെന്ന് നമ്മുടെ നാട് തെളിയിച്ചില്ലെ. എന്തൊക്കെയായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ- മുഖ്യമന്ത്രി ചോദിച്ചു.

  മക്കളെ ജയിലില്‍ പോയി  കാണണം എന്നതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നത്. ആ സന്ദേശമാണ് ഗൗരവമായി നാം കാണേണ്ടത്. ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ ഒരു അമിത താല്‍പര്യത്തോടെയോ  തെറ്റായോ സര്‍ക്കാര്‍ ഇടപെട്ടു എന്ന് ഇതുവരെ  ആക്ഷേപം ഉയര്‍ന്നുവന്നിട്ടില്ല.  മുഖ്യമന്ത്രി എന്ന് നിലയ്‌ക്കോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി  എന്ന് നിലയ്‌ക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു എന്നതും ഇതേവരെ ആക്ഷേപമായി ഉയര്‍ന്നിട്ടില്ല.

അപ്പോള്‍, എന്താണ് ഉദ്ദേശം.  ഈ കേസ് നിങ്ങള്‍ അന്വേഷിക്കുകയാണല്ലെ; നിങ്ങള്‍ അന്വേഷിക്കുകയാണങ്കില്‍ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ ഞങ്ങള്‍ കുടുക്കും. ഇതാണ് പറയുന്നത്‌. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്.

ഭീഷണി തന്റെയടുത്ത് ചെലവാകുമോ ഇല്ലയോ എന്നത്  മറ്റൊരു കാര്യം. പക്ഷെ  ഭീഷണി  പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയായാണ്‌ അത് വരുന്നത്. നിങ്ങള്‍ക്ക്  വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, നിങ്ങളുടെ കുട്ടികളെ ജയിലില്‍ പോയി കണേണ്ടി വരും. ഉദ്ദേശം വ്യക്തമല്ലെ. തെറ്റായ രീതിയില്‍ താന്‍ ഇടപെട്ട് ഈ അന്വേഷണ രീതികള്‍ ആകെ അവസാനിപ്പിക്കണം എന്നാണതിനര്‍ഥം. 

നിലവിലെ അന്വേഷണത്തില്‍ തെറ്റായി സംഭവിച്ചു എന്നല്ല, ക്രമത്തില്‍ നടക്കുന്ന അന്വേഷണം  സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചോളണം, അല്ലെങ്കില്‍ വരാന്‍ പോകുന്നതിതാണ്..ഇതാണ് ഭീഷണി. ഇത് പൊതുസമൂഹം കാണേണ്ടതാണ്- അദ്ദേഹം വിശദീകരിച്ചു

 ഇത്തരത്തിലുള്ള ഭീഷണികള്‍ താന്‍ എങ്ങനെ എടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ പലവിധ സംരക്ഷണത്തില്‍ ഇരിക്കുന്ന ആളാണല്ലോ .ഈ സംരക്ഷണം ഒന്നുമില്ലാത്ത കാലം കടന്നുവന്നതല്ലെ.ആ കടന്നുവന്നതിന്റെ അനുഭവം ഓര്‍ത്താ മതി എങ്ങിനെയായിരുന്നു എന്ന്. ഉന്നയിച്ച ആളോട് ഇതേ പറയാനുള്ളു.

എന്നാല്‍ പ്രധാനമായും കാണേണ്ടത് മറ്റ് വശമാണ്. താന്‍  ഭീഷണിക്ക് വിധേയമാകുമോ ഇല്ലയോ എന്നതല്ല കാര്യം. ഈ രാജ്യത്തിന്റെ ഭരണം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവ്, ആ പാര്‍ട്ടിയുടെ ആളുകള്‍ അന്വേഷണ  വിധേയരാകുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍, അന്വേഷണം തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല എന്ന് പറയേണ്ടിടത്തേക്ക് കാര്യങ്ങള്‍  വരുന്നു. അത് നാം ഗൗരവമായി കാണേണ്ടതുണ്ട്‌- മുഖ്യമന്ത്രി വ്യക്തമാക്കി

Tuesday, June 8, 2021

പിന്മാറാൻ സുന്ദരയ്‌ക്ക്‌ പണം ; സുരേന്ദ്രനും പ്രതിയാകും ; പണം നൽകിയത്‌ യുവമോർച്ചാ മുൻനേതാവ്‌

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻമാറ്റിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും പ്രതിയാകും. സുരേന്ദ്രന്റെ അനുയായിയും കൊടകര കുഴൽപ്പണക്കേസിലെ ധർമരാജന്‌ പണം കൈമാറിയ  യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായ  സുനിൽ നായിക്കാണ്‌ പിൻമാറാൻ പണം നൽകിയതെന്ന്‌ സുന്ദര പൊലീസിന്‌ മൊഴിനൽകി.  

മൊഴിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ അഴിമതിക്കു പുറമെ, സുന്ദരയെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിൽ വച്ചതിനും ക്രിമിനൽ കേസെടുക്കും.  സുനിൽ നായിക്കിനു പുറമെ, മഞ്ചേശ്വരത്തെ ബിജെപി നേതാക്കളായ സുരേഷ്‌ നായിക്‌, അശോക ഷെട്ടി എന്നിവരും പ്രതികളാകും. കേസ്‌ അന്വേഷിക്കുന്ന ബദിയടുക്ക പൊലീസിന്‌ ഞായറാഴ്‌ചയാണ്‌ സുന്ദര മൊഴി നൽകിയത്‌. ബന്ധുവീട്ടിൽനിന്നാണ്‌ സുന്ദരയെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുവന്നത്‌.

സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ്‌ അഴിമതിക്ക്‌ കേസെടുക്കണമെന്ന്‌ പരാതിപ്പെട്ട, മഞ്ചേശ്വരത്തെ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശനിൽനിന്ന്‌ പൊലീസ്‌ മൊഴിയെടുത്തു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ പൊലീസ്‌ തിങ്കളാഴ്‌ച കേസ്‌ രജിസ്റ്റർ ചെയ്യും. കാസർകോട്‌ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ്‌ ഇൻസ്‌പെക്ടർ കെ സലീമാണ്‌ അന്വേഷിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ അഴിമതിക്ക്‌ കേസെടുക്കുന്നതിന്‌ കോടതിയുടെ അനുമതി ആവശ്യമുള്ളതിനാൽ വി വി രമേശൻ കാസർകോട്‌ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ തിങ്കളാഴ്‌ച ഹർജി നൽകും.

സുന്ദരയുടെ അമ്മയെ 
ഭീഷണിപ്പെടുത്തി

കഴിഞ്ഞദിവസം ബിജെപി പ്രാദേശിക നേതാക്കൾ  വീട്ടിൽ എത്തിയെന്നും അമ്മയെ ഭീഷണിപ്പെടുത്തി, പണം നൽകിയിട്ടില്ലെന്ന്‌ പറയിപ്പിച്ചതായും സുന്ദര പറഞ്ഞു. ഭീഷണിയുണ്ടെന്ന്‌ പരാതിപ്പെട്ടതിനാൽ കുടുംബത്തിന്‌ പൊലീസ്‌ സംരക്ഷണം അനുവദിച്ചു.

പണം നൽകിയത്‌ യുവമോർച്ചാ മുൻനേതാവ്‌

മാർച്ച്‌ 21നു രാവിലെ സുനിൽ നായിക്‌, സുരേഷ്‌ നായിക്‌, അശോക്‌ ഷെട്ടി എന്നിവരാണ്‌ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാണിനഗറിലെ വീട്ടിൽ എത്തിയതെന്ന്‌ സുന്ദര മൊഴിനൽകി. പിൻവലിക്കാൻ തനിക്ക്‌ ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ബലമായി കാറിൽ കയറ്റി ബിജെപിയുടെ മഞ്ചേശ്വരം ജോഡ്‌ക്കൽ ഓഫീസിലേക്ക്‌ കൊണ്ടുപോയി വൈകിട്ടുവരെ തടഞ്ഞുവച്ചു. 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌, തന്നെ വീട്ടിൽ എത്തിച്ചു. അമ്മയുടെ കൈയിൽ രണ്ടരലക്ഷം രൂപ നൽകി. സുരേന്ദ്രൻ ജയിച്ചാൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞു. പിന്നീട്‌, മൊബൈൽ ഫോണും നൽകി. 22ന്‌ ബിജെപി നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തി നാമനിർദേശപത്രിക പിൻവലിച്ചു.  പണം നൽകിയശേഷം സുന്ദരയ്‌ക്ക്‌ കാവിഷാൾ അണിയിച്ച ചിത്രം സുനിൽ നായിക്‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു.

ഇടനിലക്കാരിയായതിന് പ്രസീതയ്ക്ക് സുരേന്ദ്രന്റെ നന്ദി; വാട്‌സാപ് ചാറ്റ് പുറത്ത്

കണ്ണൂർ > സി കെ ജാനുവുമായി ചർച്ചയ്‌ക്കോ പണമിടപാടിനോ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വാദവും പൊളിഞ്ഞു. ജാനുവുമായി സംസാരിക്കാൻ അവസരമൊരുക്കിയ പ്രസീതയ്‌ക്ക്‌ സുരേന്ദ്രൻ വാട്‌സ്‌ആപ്പിൽ നന്ദി അറിയിച്ചതിന്റെ സ്‌ക്രീൻ ഷോട്ട്‌ പുറത്ത്‌. 

ജനാധിപത്യ രാഷ്‌ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ഇത്‌ പുറത്തുവിട്ടത്‌. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ജാനുവിനെ എൻഡിഎയിലെത്തിക്കാൻ സുരേന്ദ്രൻ പത്ത്‌ ലക്ഷം രൂപ നൽകിയെന്ന്‌ പ്രസീത വെളിപ്പെടുത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ നിഷേധിച്ചുള്ള പ്രസ്‌താവന.  ജാനുവിനെ എൻഡിഎയിലെത്തിച്ചതിനും സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനും ഇടനിലക്കാരിയായി പ്രവർത്തിച്ചത്‌ പ്രസീതയാണ്‌. പോസ്‌റ്റിന്റെ ചുരുക്കം: യുഡിഎഫിൽ സീറ്റ് തരപ്പെടുത്താൻ ജാനു ശ്രമം നടത്തുന്നതിനിടയിലാണ്‌  കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കൾ അവരെ നേരിട്ടുവിളിക്കാൻ ശ്രമിച്ചത്‌.

ബിജെപിക്കാരുടെ ഫോൺകോൾ എടുക്കാൻ  ജാനു തയ്യാറായില്ല. ബത്തേരിയിൽ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം പ്രസീത ജാനുവിനെ അറിയിച്ചു. യുഡിഎഫ് സീറ്റ് മോഹിച്ചിരുന്ന ജാനു, തീരുമാനമെടുക്കാൻ  സമയംവേണമെന്നാണ് പ്രതികരിച്ചത്‌. ബിജെപി നേതാക്കളുടെ കോളെടുക്കണമെന്ന്‌ പ്രസീത ആവശ്യപ്പെട്ടത്‌ ജാനു സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ  വിളിച്ചു. പ്രതികരണം ആശാവഹമല്ലാത്തതിനാൽ വീണ്ടും കെ സുരേന്ദ്രൻ പ്രസീതയെ വിളിച്ചു.‘‘അവർ മുന്നണിയിലേക്ക് വരേണ്ട, മത്സരിക്കുകയുംവേണ്ട,  ഞാൻ ഇത്രയും വിളിച്ചിട്ടും ഫോൺ അറ്റൻഡുചെയ്യാത്തത് വിഷമമുണ്ടാക്കുന്നു’’ എന്ന്‌ പറഞ്ഞു. അതിനുള്ള സൗകര്യമുണ്ടാക്കാം എന്നുറപ്പ്‌ നൽകി.    സാമുദായിക സംഘടനയോട് അനുഭാവം  പ്രകടിപ്പിച്ചിരുന്നയാളെ ജാനുവിന്റെ കാട്ടിക്കുളത്തെ വീട്ടിലേക്കയച്ചു.

അയാളുടെ  മൊബൈൽ നമ്പർ സുരേന്ദ്രന്  കൈമാറുകയും ആ ഫോണിലേക്കുവിളിച്ച്‌  സുരേന്ദ്രൻ ജാനുവുമായി സംസാരിക്കുകയുംചെയ്‌തു. ജാനുവുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയതിന്‌ നന്ദി പറഞ്ഞ്‌ ഫെബ്രുവരി 24നാണ്‌ സുരേന്ദ്രൻ വാട്സ്ആപ്‌ സന്ദേശം അയച്ചത്‌.

കുഴൽപ്പണം തട്ടൽ: ധർമരാജൻ 
ആദ്യം വിളിച്ചത്‌ ബിജെപി ഉന്നതരെ ; കവർച്ച നടന്ന പുലർച്ചെ നാലരക്കുശേഷം 
ഏഴ്‌ പ്രധാന നേതാക്കളെ വിളിച്ചു

കൊടകരയിൽ  കുഴൽപ്പണം കവർച്ച നടന്ന ദിവസം ധർമരാജൻ ആദ്യം വിളിച്ചത്‌ ബിജെപി ഉന്നതനേതാക്കളെ.  കുഴൽപ്പണം കവർന്ന ഏപ്രിൽ മൂന്നിന്‌ പുലർച്ചെ  നാലരക്കുശേഷം ഏഴ്‌ പ്രധാന നേതാക്കളെ വിളിച്ചതായി  അന്വേഷകസംഘം‌ സ്ഥിരീകരിച്ചു.  രണ്ടുദിവസമായി ഫോൺവിളികളുൾപ്പെടെ  ഡിജിറ്റൽ രേഖകളും  പ്രതികളുടെയും ബിജെപി നേതാക്കളുടെയും മൊഴികളും പരിശോധിച്ചു വരികയാണ്‌.

കവർച്ച നടന്ന ദിവസം  പുലർച്ചെ  ധർമരാജൻ നേതാക്കളെ വിളിച്ചത്‌ സംഭവത്തിൽ ബിജെപിയുടെ ബന്ധത്തിന്റെ തെളിവാണ്‌.   ധർമരാജന്‌  കുഴൽപ്പണ ഇടപാടാണെന്ന്‌ പൊലീസ്‌ കോടതയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌. ഇയാൾ സ്‌പിരിറ്റ്‌ കേസിൽ ഉൾപ്പെടെ ജയിലിൽ കിടന്നതിന്റെ വിവരങ്ങളും ശേഖരിച്ചു.

ധർമരാജന്റെ  കോൾ ലിസ്‌റ്റ്‌   പ്രകാരമാണ്‌ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ,  സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌,   മധ്യമേഖലാ സംഘടനാ  സെക്രട്ടറി കാശിനാഥൻ, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ്‌ തുടങ്ങിയവരെയെല്ലാം ചോദ്യം ചെയ്‌തത്‌.  ഇവർ നൽകിയ മൊഴികൾ പൊലീസിന്‌ ലഭിച്ച ഡിജിറ്റൽ രേഖകളുമായി വൈരുധ്യമുണ്ടെന്ന്‌ കണ്ടെത്തി.

deshabhimani 

Monday, June 7, 2021

വീഴ്‌ചപറ്റി; സുരേന്ദ്രന്‍ അഗ്‌നിശുദ്ധിവരുത്തണമെന്ന് പി പി മുകുന്ദന്‍

കോഴിക്കോട് > കുഴല്‍പ്പണ വിവാദ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഗ്‌നിശുദ്ധി വരുത്തണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. പാര്‍ടി വലിയ നാണക്കേടാണിപ്പോള്‍ നേരിടുന്നത്. പ്രവര്‍ത്തകരും നേതാക്കളുമാകെ ദു:ഖത്തിലാണ്. ജനസംഘം രൂപീകരിച്ചത് മുതല്‍ ഇന്നേവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ എല്ലാം പുറത്തുവരട്ടെ. പ്രതികളായി ബിജെപി ക്കാര്‍  മാത്രമല്ല മറ്റ്പാര്‍ടിക്കാരുമുണ്ടെന്നാണ് വാര്‍ത്തകള്‍. രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതായതിനാല്‍ ഇ ഡി അന്വേഷിക്കുന്നതില്‍ തെറ്റില്ല.   

ആഭ്യന്തരതലത്തിലുള്ള അന്വേഷണശേഷമാകും ദേശീയനേതൃത്വം എല്ലാം തീരുമാനിക്കുക. അന്വേഷണത്തിന് മുമ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണോ എന്ന് സുരേന്ദ്രനാണ് തീരുമാനിക്കേണ്ടത്. സി കെ ജാനുവിന് പണം നല്‍കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞത് വീഴ്ചയാണ്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്തണം. ബന്ധമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്തായാലും ഇതെല്ലാം പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും മുകുന്ദന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

സ്‌ഥാനാർഥിത്വം പിൻവലിപ്പിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസുടുക്കാൻ അനുമതി

കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻമാറ്റിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി.

സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ്‌ അഴിമതിക്ക്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  മഞ്ചേശ്വരത്തെ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശൻ കാസർകോട്‌ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നൽകിയ ഹർജിയിലാണ്‌ അനുമതി.കെ സുന്ദരയെ പിൻമാറ്റാൻ തട്ടികൊണ്ടുപോയതും രണ്ടരലക്ഷം രൂപയും ഫോണും നൽകിയത്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹർജി.

സുരേന്ദ്രന്റെ അനുയായിയും കൊടകര കുഴൽപ്പണക്കേസിലുള്ള ധർമരാജന്‌ പണം കൈമാറിയ  യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായ  സുനിൽ നായിക്കാണ്‌ പിൻമാറാൻ പണം നൽകിയതെന്ന്‌ സുന്ദര പൊലീസിന്‌ മൊഴിനൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കർണാടകയിൽ  വൈൻ പാർലർ അനുമതിക്കാമെന്നും സുരേന്ദ്രൻ ഉറപ്പുനൽകിയതായി സുന്ദര മൊഴി നൽകിയിട്ടുണ്ട്‌. 

മാർച്ച്‌ 21നു രാവിലെ സുനിൽ നായിക്‌, സുരേഷ്‌ നായിക്‌, അശോക്‌ ഷെട്ടി എന്നിവരാണ്‌ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാണിനഗറിലെ വീട്ടിൽ എത്തിയതെന്ന്‌ സുന്ദര പറഞ്ഞു. പിൻവലിക്കാൻ തനിക്ക്‌ ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ബലമായി കാറിൽ കയറ്റി ബിജെപിയുടെ മഞ്ചേശ്വരം ജോഡ്‌ക്കൽ ഓഫീസിലേക്ക്‌ കൊണ്ടുപോയി വൈകിട്ടുവരെ തടഞ്ഞുവച്ചു. 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌, തന്നെ വീട്ടിൽ എത്തിച്ചു. അമ്മയുടെ കൈയിൽ രണ്ടരലക്ഷം രൂപ നൽകി. സുരേന്ദ്രൻ ജയിച്ചാൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞു. പിന്നീട്‌, മൊബൈൽ ഫോണും നൽകി. 22ന്‌ ബിജെപി നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തി നാമനിർദേശപത്രിക പിൻവലിച്ചു.  പണം നൽകിയശേഷം സുന്ദരയ്‌ക്ക്‌ കാവിഷാൾ അണിയിച്ച ചിത്രം സുനിൽ നായിക്‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരുന്നതായും സുന്ദര മൊഴി നൽകിയിട്ടുണ്ട്‌.

കാസർകോട്‌ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

Sunday, June 6, 2021

സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സുന്ദരയെ കാണാനില്ല; കര്‍ണാടകത്തിലേക്ക് കടത്തിയെന്ന് സൂചന

കാസര്‍കോട് > ബിജെപിയില്‍ നിന്ന് പണം കിട്ടിയ വിവരം വെളിപ്പെടുത്തിയ കെ സുന്ദരയെ കാണാനില്ല.  ചാനലില്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയതോടെ വാണിനഗറിലെ വീട്ടില്‍നിന്ന് അദ്ദേഹത്തെ കര്‍ണാടകത്തിലേക്ക് ബിജെപി നേതാക്കള്‍ കടത്തി എന്നാണറിയുന്നത്. വാണിനഗറിലെ വീട്ടിലും കര്‍ണാടകത്തില്‍ താമസിപ്പിക്കുന്നുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് പോയെങ്കിലും സുന്ദരയെ കണ്ടെത്താനായില്ല.  ഫോണും സ്വിച്ച്ഓഫാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍, ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപിക്കാര്‍ നല്‍കിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത്. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്ന് അമ്മയുടെ കൈയിലാണ് പണം  നല്‍കിയത്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളായാണ് കിട്ടിയതെന്നും സുന്ദര പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ 15 ലക്ഷം രൂപയാണ്  ആവശ്യപ്പെട്ടത്. കിട്ടിയത് രണ്ടര ലക്ഷം രൂപ. സുരേന്ദ്രന്‍ ജയിച്ചാല്‍ വീടും കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും  നല്‍കുമെന്നും അറിയിച്ചു. എല്ലാം ശരിയാക്കാമെന്ന് കെ സുരേന്ദ്രനും പിന്നാലെ ഫോണിലൂടെ അറിയിച്ചുവെന്നും സുന്ദര പറഞ്ഞു.

മാര്‍ച്ച് 21ന് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍  വാണിനഗറിലെ വീട്ടിലെത്തിയാണ്  പിന്മാറാന്‍ ആവശ്യപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍  താന്‍ 467 വോട്ട് നേടിയതാണ് കെ സുരേന്ദ്രന്‍  89 വോട്ടിന് പരാജയപ്പെടാന്‍ കാരണമെന്നും അവര്‍  പറഞ്ഞു. സ്മാര്‍ട്ട്ഫോണും സമ്മാനമായി നല്‍കി. ഇതൊന്നും പുറത്തുപറയരുതെന്നും നിര്‍ദേശിച്ചു. ബിജെപിയുടെ പണമിടപാടില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഒരു ചാനലിനോട് ഓര്‍ക്കാപ്പുറത്ത് പറഞ്ഞുപോയതാണിത്.  ഇക്കാര്യം പൊലീസിനോട് പറയാന്‍ തയ്യാറാണെന്നും സുന്ദര പറഞ്ഞു.

പത്രിക സമര്‍പ്പിച്ചശേഷം മാര്‍ച്ച് 21 മുതല്‍ സുന്ദര ബിജെപി കസ്റ്റഡിയിലായിരുന്നു. 22 ന് നേതാക്കള്‍ക്കൊപ്പം കാസര്‍കോട് കലക്ടറേറ്റിലെത്തിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. അന്നും പണം വാങ്ങിയത് സൂചിപ്പിച്ചുവെങ്കിലും പിന്നീട് നിഷേധിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.  ബദിയടുക്ക പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു.

Saturday, June 5, 2021

ബിജെപി കുഴൽപ്പണക്കടത്ത് : ധർമരാജന്‌ സുരേന്ദ്രൻ 
നൽകിയത്‌ "ഇല്ലാ' ചുമതല ; തെരഞ്ഞെടുപ്പു സാമഗ്രി അച്ചടിച്ചത്‌ തൃശൂരിലെ പ്രസിൽ

കൊടകര കുഴൽപ്പണ കേസിൽ പരാതിക്കാരനായ ധർമരാജന്‌ ബിജെപി പ്രചാരണസാമഗ്രി കൊണ്ടുപോകാനുള്ള ചുമതലയുണ്ടായിരുന്നെന്ന കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു. ധർമരാജനെ രക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റ്‌ കള്ളം പറയുകയാണെന്ന്‌ പാർടിക്കുള്ളിലെ ഒരുവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലാണ്‌ സുരേന്ദ്രൻ ഇയാളെ ന്യായീകരിച്ചത്‌.

എന്നാൽ ധർമരാജന്‌ ഈ ചുമതലയില്ലായിരുന്നുവെന്നാണ്‌ മറ്റു നേതാക്കൾ പറയുന്നത്‌. യുവമോർച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആർ അനുരാജായിരുന്നു സംസ്ഥാന പ്രചാരണ സാമഗ്രിവിതരണ സമിതിയുടെ കൺവീനർ. ജില്ലകളിലും കൺവീനറുണ്ടായിരുന്നു. ഇതിലൊന്നും ധർമരാജനില്ല. സംസ്ഥാന സമിതിയും ജില്ലാ കൺവീനർമാരുമറിയാതെ പ്രചാരണസാമഗ്രി കൊണ്ടുപോകാൻ ധർമ്മരാജനെ ഏൽപ്പിച്ചെന്ന്‌ സുരേന്ദ്രൻ പറയുന്നതിലാണ്‌ ദുരൂഹത. സുരേന്ദ്രന്റെ വാദം അംഗീകരിച്ചാലും സംശയങ്ങൾ ഏറെ. ഏത്‌ ജില്ലയിൽ, ഏത്‌  മണ്ഡലത്തിലേക്കാണ്‌ ധർമരാജൻ സാമഗ്രി കൊണ്ടുപോയതെന്ന്‌ വ്യക്തമാക്കണം. ‘പോസ്‌റ്ററും നോട്ടീസും കൊണ്ടുവരുന്നയാൾ’ പ്രമുഖ നേതാക്കളെ നിരന്തരം വിളിച്ചതെന്തിനെന്ന ചോദ്യവുമുണ്ട്‌. സംഘടനാ സെക്രട്ടറി എം ഗണേശനടക്കം ഉന്നത നേതാക്കളെ ബന്ധപ്പെട്ടതിലാണ്‌ ദുരൂഹത. ധർമരാജന്റെ മൊഴിയും ഫോൺബന്ധങ്ങളും  കുടുക്കുമെന്നായപ്പോൾ പുതിയ കള്ളം ചമയ്‌ക്കുകയാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റെന്നാണ്‌ സൂചന. വർഷങ്ങളായി കെ സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി മുരളീധരനുമായും അടുപ്പമുള്ള അബ്‌കാരി കരാറുകാരനായാണ്‌ ധർമരാജൻ കോഴിക്കോട്ട്‌ അറിയപ്പെടുന്നത്‌.

തെരഞ്ഞെടുപ്പു സാമഗ്രി അച്ചടിച്ചത്‌ തൃശൂരിലെ പ്രസിൽ

തെരഞ്ഞെടുപ്പ്‌ പ്രിന്റിങ് സാമഗ്രികളുമായാണ്‌ ധർമരാജൻ എത്തിയതെന്ന ബിജെപിയുടെ വാദം പൊളിഞ്ഞു. ധർമരാജൻ എത്തിയത്‌ കൊട്ടിക്കലാശത്തിന്റെ തലേദിവസമായ എപ്രിൽ മൂന്നിനാണ്‌. മാത്രമല്ല, ബിജെപിയുടെ തെരഞ്ഞെടുപ്പിനാവശ്യമായ പ്രിന്റിങ് സാമഗ്രികൾ തൃശൂർ നഗരത്തിലെ പ്രസിലാണ്‌ അച്ചടിച്ചത്‌. ഇതോടെ ബിജെപി നേതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന്‌ തെളിയുകയാണ്‌.

ഏപ്രിൽ ആറിനായിരുന്നു തെരഞ്ഞെടുപ്പ്‌. ഏപ്രിൽ മൂന്നിനു പുലർച്ചെയാണ്‌ ധർമരാജൻ സംഘവും  തൃശൂരിലെത്തിയത്‌. ലോറി നിറയെ പ്രിന്റിങ് സാമഗ്രികളുമായാണ്‌ ധർമരാജൻ എത്തിയതെന്നാണ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ പറയുന്നത്‌. ഈ സാധനങ്ങൾ തൃശൂരിൽ ഇറക്കിയശേഷം ആലപ്പുഴയ്‌ക്ക്‌ പോകുമ്പോഴാണ്‌ കവർച്ചയെന്നും പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വിതരണം ചെയ്യാനുള്ള സ്ലിപ്പുൾപ്പെടെ തൃശൂരിലെ പ്രസിൽ അച്ചടിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പായതിനാൽ ഇതിന്റെ  രേഖകൾ  പ്രസിലുണ്ട്‌. ഇതോടെ ഈ വാദം പൊളിഞ്ഞു.

കേസിൽ ബിജെപിക്ക്‌ ബന്ധമില്ലെന്ന്‌ പറയുമ്പോഴും കേസിലെ പ്രതി ദീപക്കിനെ പൊലീസ്‌ പിടികൂടുംമുമ്പേ പാർടി ഓഫീസിൽ വിളിച്ചുവരുത്തിയതായി ജില്ലാ പ്രസിഡന്റ്‌ സമ്മതിക്കുന്നു.

ദേശാഭിമാനി

Thursday, June 3, 2021

കുഴലിൽ തല കുടുങ്ങി ബിജെപി

 കുഴലിൽ തല കുടുങ്ങി ബിജെപി ; ഗ്രൂപ്പുവഴക്കിൽ പൊട്ടിത്തെറിയുടെ വക്കിലുള്ള പാർടി, കുഴൽപ്പണ ഇടപാടും വന്നതോടെ, തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിൽ

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട്‌ കേന്ദ്ര ഏജൻസികളെ വരെ ഇറക്കി കേരളം പിടിക്കാനിറങ്ങിയ ബിജെപി വന്നു വീണത്‌ കുഴൽപ്പണത്തിന്റെ ഊരാക്കുടുക്കിൽ. കടുത്ത ഗ്രൂപ്പുവഴക്കിൽ പൊട്ടിത്തെറിയുടെ വക്കിലുള്ള പാർടിയിൽ, കുഴൽപ്പണ ഇടപാടും വന്നുപെട്ടതോടെ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലായി കേന്ദ്ര ഭരണകക്ഷി.

അപമാനക്കുഴലിൽ 
മുരളീധരനും സുരേന്ദ്രനും

കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളാണ്‌ പൊളിഞ്ഞടങ്ങിയത്‌. പണമിറക്കിയും അപവാദം പ്രചരിപ്പിച്ചും നേട്ടമുണ്ടാക്കാമെന്ന്‌ ഇവർ കരുതിയപ്പോൾ അണികളോ മുതിർന്ന നേതാക്കളോ കൂട്ടുനിന്നില്ല. കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്കെടുക്കുമെന്നുവരെ സുരേന്ദ്രൻ പരസ്യമായി പറഞ്ഞത്‌ കുമിഞ്ഞ്‌ കൂടിയ കള്ളപ്പണത്തിന്റെ ബലത്തിലായിരുന്നു.

കൊടകര കുഴൽപ്പണക്കടത്തുകേസിൽ സംസ്ഥാന ഉന്നത നേതാക്കളുടെ പങ്കും നാൾക്കുനാൾ പുറത്തുവരികയാണ്‌. പിടിയിലായവർ തമ്മിൽ നടത്തിയ കുഴൽപ്പണക്കടത്താണ്‌ നടന്നതെന്നും പാർടിക്ക്‌ അതിൽ ബന്ധമില്ലെന്ന്‌ വരുത്താനുമായിരുന്നു കെ സുരേന്ദ്രനും കൂട്ടരും നടത്തിയ ശ്രമം. കേന്ദ്രമന്ത്രിയുടെ കൂടി ഒത്താശയോടെ നടന്ന ഈ നീക്കം പൊളിച്ചത്‌ ഡിജിറ്റൽ തെളിവുകളും പ്രതികളുടെ പരസ്പര ബന്ധമില്ലാത്ത മൊഴികളുമാണ്‌. ബിജെപിയുടെ തന്നെ വിവിധ ഗ്രൂപ്പുകൾ കുഴൽപ്പണ കേസിന്റെ പേരിൽ ഏറ്റുമുട്ടുകയും ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും കൂടി ചെയ്തതോടെ സംഭവങ്ങൾ കൈയിൽനിന്ന്‌ പോയി.

സംസ്ഥാന ബിജെപിയിലെ പണമിടപാടുകൾ മുഴുവൻ നടത്തിയത്‌ സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ജനറൽ സെക്രട്ടറി എം ഗണേഷും അറിഞ്ഞാണെന്നതിനും പൊലീസിന്‌ തെളിവുകൾ ലഭിച്ചു. സി കെ ജാനുവിന്‌ പണം കൈമാറിയ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത സ്ഥിതിയിലുമെത്തി. ‘തല പുറത്ത്‌ കാണിക്കാൻ പറ്റാത്ത അവസ്ഥയിലായി’ എന്നാണ്‌ മുതിർന്ന ഒരു ബിജെപി നേതാവ്‌ പാർടിയുടെ അവസ്ഥയെ വിശേഷിപ്പിച്ചത്‌. പാർടി ഇത്ര ഗുരുതരമായ പ്രതിസന്ധിയിലെത്തിയിട്ടും സംസ്ഥാന പ്രസിഡന്റിനെയോ കേന്ദ്ര മന്ത്രിയെയോ ന്യായീകരിക്കാനോ സഹായിക്കാനോ മറ്റ്‌ നേതാക്കളാരും രംഗത്ത്‌ എത്തിയില്ലെന്നതും ശ്രദ്ധേയം. 

ക്ലിപ്പ്

 സുരേന്ദ്രൻ: ഹലോ...

പ്രസീത: സാർ നമ്മള്‌ പിന്നെ... ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞായിരുന്നില്ലേ സാറിനോട്‌.

സുരേന്ദ്രൻ:  ആ...

പ്രസീത: ഇപ്പോ ചേച്ചി ഇന്നലെ 10 കോടീന്നൊക്കെ പറഞ്ഞത്‌... അത്‌ നമ്മക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ്‌ സാറിനും ഉൾക്കൊള്ളാൻ പറ്റാത്തതാണെന്നും നമ്മക്ക്‌ അറിയാം.

സുരേന്ദ്രൻ:  ഇപ്പോ അവരെന്താ പറയുന്നത്‌.

പ്രസീത: ഒരു 10 ലക്ഷം രൂപ എനിക്ക്‌ വേണം  എന്നാണ്‌ അവര്‌ പറയുന്നത്‌. ഇതിൽ നമുക്കൊരു റോളുമില്ല. അതവർക്ക്‌ കൊടുക്കുകയാണെങ്കിൽ ഏഴാം തീയതീത്തെ അമിത്‌ ഷായുടെ പരിപാടി തുടങ്ങി അവര്‌ സജീവമായിട്ട്‌ രംഗത്തുണ്ടാകും. പിന്നെ ബത്തേരി സീറ്റ്‌. ...അപ്പോ ഈ ക്യാഷിന്റെ കാര്യം സാറിന്‌ എങ്ങനെയാണ്‌ ഡീല്‌ ചെയ്യാൻ പറ്റുന്നതെന്നുവച്ചാൽ ചെയ്‌തോ. അവർക്ക്‌ ഡയറക്ട്‌ കൊടുക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്‌.  പിന്നെ നമ്മുടെ ഒരു കാര്യംകൂടി തുറന്നുപറയാം. ഇപ്പോ കുറേ ദിവസമായി ഇതിന്റെ വയ്യെ ഇങ്ങനെ ഓടിനടക്കുവാ. അഞ്ച്‌ പൈസ കൈയിലില്ല.

സുരേന്ദ്രൻ:  ശരി ശരി ഓകെ അത്‌ പറഞ്ഞോ, അത്‌ പറഞ്ഞോ സമയം കളയാനില്ല, പറഞ്ഞോ

പ്രസീത:അപ്പോൾ നമ്മൾക്കെന്തെങ്കിലും കൊറച്ച്‌ പൈസകൂടി ഞങ്ങൾക്ക്‌ തരണം. കാരണം പാർടിയുടെ വഴിക്കാണേ, അല്ലാതെ പേഴ്‌സണലി അല്ലാ പറയുന്നേ.

സുരേന്ദ്രൻ: മനസ്സിലായി.

പ്രസീത:എവിടെയാ വരേണ്ടതെന്ന്‌ സാർ പറഞ്ഞോ.

സുരേന്ദ്രൻ: അല്ല ഏഴാംതീയതി വരുമ്പോൾ നേരിട്ട്‌ കൈയിൽ കൊടുക്കണമെങ്കിൽ അങ്ങനെ കൊടുക്കാം.

പ്രസീത: അതിനുമുമ്പ്‌ കൊടുക്കുകയാണെങ്കിൽ അതാണ്‌ നല്ലതെന്നാണ്‌ അവര്‌ പറയുന്നത്‌.

സുരേന്ദ്രൻ:  ആറാം തീയതി വന്നോട്ടേന്ന്‌. ആറാം തീയതി ഞാൻ നേരിട്ട്‌ കൈയിൽ കൊടുക്കാം. നിങ്ങളും വന്നോ. ഈ പൈസ ഡീലിങ്ങേ, ഇലക്‌ഷൻ ടൈമില്‌ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.

പ്രസീത: സർ ഒരു കാര്യംകൂടി പറയാം. ആറാം തീയതി അങ്ങനെയാണെങ്കിൽ ഞങ്ങൾ പത്രസമ്മേളനം വിളിക്കാമെന്നാ വിചാരിക്കുന്നത്‌.

സുരേന്ദ്രൻ: ആറാം തീയതി രാവിലെ വന്നോ ഞാൻ പൈസ തരാം.

പ്രസീത: അങ്ങനെയാണെങ്കിൽ ഏഴാം തിയതി ഞങ്ങൾക്ക്‌ അങ്ങോട്ട്‌ കേറാലോ എറണാകുളത്തുവച്ചുതന്നെ പത്രസമ്മേളനം വിളിക്കാം.

സുരേന്ദ്രൻ: അല്ല ആറാം തീയതി തിരുവനന്തപുരത്ത്‌ വന്നിട്ട്‌ ഒരു ദിവസം സ്‌റ്റേ ചെയ്‌താൽ മതി. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്തുണ്ടാകും.

പ്രസീത: എന്നാൽ അവിടുന്നുതന്നെ നമുക്ക്‌ പ്രസ്‌ ക്ലബ്‌ മീറ്റിങ് വിളിക്കാലോ അല്ലേ?

സുരേന്ദ്രൻ: ഓ റൈറ്റ്‌ റൈറ്റ്‌ രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാൻ ഏർപ്പാടാക്കാം. 

കുഴൽ നീണ്ട്‌ നീണ്ട്‌ വയനാട്ടിലേക്കും

സി കെ ജാനുവിന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നൽകിയ10 ലക്ഷം രൂപ കുഴൽപ്പണമാണെന്ന ആക്ഷേപം ഉയർന്നതോടെ കൊടകര കുഴൽപ്പണക്കേസ്‌ അന്വേഷണം വയനാട്ടിലേക്കും നീളും. എൻഡിഎ സ്ഥാനാർഥിയായി  സി കെ ജാനു മത്സരിച്ച ബത്തേരി മണ്ഡലത്തിൽ മാത്രം ഒരുകോടി രുപ നൽകിയെന്നാണ്‌ വിവരം. ഇത്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ നൽകാതെ ജാനുവും ബിജെപി നേതാക്കളും മുക്കിയെന്ന ആക്ഷേപം ജാനുവിന്റെ പാർടിയായ ജനാധിപത്യ രാഷ്‌ട്രീയപാർടി(ജെആർപി) നേതാക്കൾ ഉയർത്തിയിരുന്നു.

വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള പണമാണ്‌ തൃശൂർ കൊടകരയിൽ തട്ടിയെടുത്തതെന്ന സംശയം നേരത്തെതന്നെ പൊലീസിനുണ്ട്‌. രണ്ട്‌ കോടി വയനാട്ടിൽ നൽകിയതായാണ്‌  പ്രാഥമിക വിവരം. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ ഈ സംശയം ശരിയാണെന്ന്‌ തെളിയിക്കുന്നതായി.

ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ചെലവിനെച്ചൊല്ലി ബിജെപിക്കുള്ളിലും തർക്കം രൂക്ഷമാണ്‌. ബിജെപി നേതാക്കളുടെ പണമിടപാടുകൾ സുതാര്യമല്ലെന്നാണ്‌ ജെആർപിയുടെ പരാതി.  പ്രചാരണത്തിന്‌ ബിജെപി നേതാക്കൾ പണം നൽകിയില്ലെന്ന ആക്ഷേപവും ഇവർ  ഉയർത്തി.  കെ സുരേന്ദ്രന്‌ പരാതിയും നൽകി.

പണം വാങ്ങിയിട്ടില്ലെന്ന്‌ ജാനു

എൻഡിഎയിൽ ചേരാൻ  ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ സി കെ ജാനു.  ‘പണം വാങ്ങിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച്‌ അറിയില്ല. എന്റെ അറിവോടെയല്ല സംഭാഷണം. പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തനിക്ക് ഇടനിലക്കാരെ നിർത്തേണ്ട ആവശ്യമില്ല.  അമിത്‌ ഷാ ഉൾപ്പെടെയുള്ളവരുമായി നേരിട്ട്‌ ബന്ധമുണ്ട്‌. ആരോപണം ഉന്നയിച്ചവർ അടുത്തകാലത്ത് പാർടിയിൽ വന്നവരാണ്. പാർടിയെ തകർക്കലാണ്‌ അവരുടെ ലക്ഷ്യം. ആസൂത്രിത നീക്കമാണ്‌ നടത്തുന്നത്‌. ഇവർക്കെതിരെ നിയമനടപടിയെടുക്കും’–- സി കെ ജാനു പറഞ്ഞു.

 ദിനേശ്‌ വർമ

ജാനുവിനെ വിലയ്ക്കെടുക്കാൻ കള്ളപ്പണം ; രൂപ നൽകിയത്‌ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച്‌

സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി കെ ജാനുവിന്‌ ബിജെപി സംസഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയത്‌ 10 ലക്ഷത്തിന്റെ കള്ളപ്പണം. ജാനുവിന്റെ പാർടിയായ ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ കെ സുരേന്ദ്രൻ നേരിട്ടാണ്‌ പണം നൽകിയതെന്നും പ്രസീത അഴീക്കോട്‌ പറഞ്ഞു.

മുമ്പ്‌ എൻഡിഎ വിട്ട സി കെ ജാനു ഈ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ തിരിച്ചെത്തിയത്‌. സി കെ ജാനു പത്ത്‌ ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യം കെ സുരേന്ദ്രനെ പ്രസീത അറിയിക്കുന്നതും തുക നൽകാമെന്ന്‌ സുരേന്ദ്രൻ സമ്മതിക്കുന്നതുമായ ടെലിഫോൺ സംഭാഷണമാണ്‌ പുറത്തുവന്നത്‌.  ഈ ഫോൺ സംഭാഷണം സത്യമാണെന്ന്‌ പ്രസീത പിന്നീട്‌ മാധ്യമങ്ങളോട്‌ സമ്മതിച്ചു. സംഭാഷണത്തിലുള്ളത്‌ കെ സുരേന്ദ്രന്റെ ശബ്ദമാണ്‌.

തെരഞ്ഞെടുപ്പിന്റെ ചെലവെല്ലാം ഡിജിറ്റലായാണ്‌ നടത്തിയതെന്ന്‌ സുരേന്ദ്രൻ മുമ്പ്‌ അവകാശപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണം നേരിട്ട്‌ സുരേന്ദ്രൻ എത്തിച്ചുവെന്നതിന്‌ ഈ ഫോൺ സംഭാഷണം തെളിവാകുകയാണ്‌.  തെരഞ്ഞെടുപ്പ്‌ കാലമായതിനാൽ കാശ്‌ നേരിട്ട്‌ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടെന്ന്‌ പ്രസീതയുമായുള്ള സംഭാഷണത്തിൽ സുരേന്ദ്രൻ പറയുന്നുമുണ്ട്‌.

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണജാഥയുടെ സമാപനത്തിനു മുന്നോടിയായി മാർച്ച്‌ ആറിനാണ്‌ തുക ജാനുവിന്‌ കൈമാറിയത്‌.  മാർച്ച്‌ ഏഴിന്‌ തിരുവനന്തപുരത്ത്‌ അമിത്‌ ഷാ പങ്കെടുത്ത പരിപാടിയിൽ സി കെ ജാനുവും പ്രസംഗിച്ചു. കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം മുറുകുന്നതിനിടെ, സുരേന്ദ്രനെതിരെ ഉയർന്ന പുതിയ തെളിവ്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

ചോദിച്ചത്‌ 10 കോടിയും 
കേന്ദ്രമന്ത്രി സ്ഥാനവും

എൻഡിഎയുമായി അകന്ന സി കെ ജാനു ജെആർപിയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. കെ സുരേന്ദ്രന്റെ അഭ്യർഥന മാനിച്ചാണ്‌ അവരുമായി സംസാരിച്ച്‌ വീണ്ടും പാർടിയിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ പ്രസീത മാധ്യമങ്ങളോട്‌ പറഞ്ഞു.കോട്ടയത്ത്‌ നടന്ന ചർച്ചയിൽ പത്ത്‌ കോടി രൂപയും അഞ്ചു സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ്‌  ജാനു ആവശ്യപ്പെട്ടത്‌. എന്നാൽ, സുരേന്ദ്രൻ  അംഗീകരിച്ചില്ല. ജാനുവുമായി വീണ്ടും സംസാരിച്ചപ്പോൾ,  സാമ്പത്തികബാധ്യതയുണ്ടെന്നും 10 ലക്ഷമെങ്കിലും കിട്ടിയേ തീരൂവെന്നും പറഞ്ഞു. ഈ വിവരമാണ്‌ സുരേന്ദ്രനെ ഫോണിലൂടെ അറിയിച്ചത്‌. മാർച്ച്‌ ആറിന്‌ തിരുവനന്തപുരത്ത്‌ പണം നൽകാമെന്ന്‌ സുരേന്ദ്രൻ പറഞ്ഞു.

അന്ന്‌ രാവിലെ സുരേന്ദ്രൻ തന്നെ വിളിച്ച്‌ സി കെ ജാനു എവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അന്വേഷിച്ചു. താനാണ്‌ ഹോട്ടലിന്റെ പേരും റൂം നമ്പരും പറഞ്ഞുകൊടുത്തത്‌. സുരേന്ദ്രൻ കൊടുത്ത പണം സി കെ ജാനു വ്യക്തിപരമായാണ്‌ കൈപ്പറ്റിയതെന്നും പ്രസീത പറഞ്ഞു.

ദേശാഭിമാനി

Wednesday, June 2, 2021

ബിജെപി ഫണ്ട്‌ വെട്ടിപ്പ്‌ : പ്രത്യേക അന്വേഷണവുമായി ആർഎസ്‌എസ്‌

ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിപ്പിലും  കൊടകര കുഴൽപ്പണ കവർച്ചാക്കേസിലും സമാന്തര അന്വേഷണവുമായി ആർഎസ്‌എസ്‌. ബിജെപിയിലെയും ആർഎസ്‌എസിലെയും  ഒരുവിഭാഗം നേതാക്കൾ തട്ടിപ്പിലും കുഴൽപ്പണ കവർച്ചാ നാടകത്തിലും പങ്കാളികളാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിലാണിത്‌.  സംഘപരിവാറിന്‌ അപമാനമായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താനെന്ന പേരിലാണ്‌ ആഭ്യന്തര അന്വേഷണം. ആർഎസ്‌എസ്‌ സഹപ്രാന്ത പ്രചാരക്‌  വിനോദിനാണ്‌ അന്വേഷണ ചുമതല.

കള്ളപ്പണബന്ധമുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ടിനെച്ചൊല്ലി ആർഎസ്‌എസ്‌ –-ബിജെപി നേതൃത്വങ്ങൾ തമ്മിൽ മൂർച്ഛിക്കുന്ന ഭിന്നതയുടെ ഭാഗമാണ്‌ സമാന്തര അന്വേഷണം.   കേസിൽ രക്ഷപ്പെടാൻ ബോധപൂർവം ആർഎസ്‌എസിന്റെ പേര്‌ വലിച്ചിഴച്ചുവെന്നാണ്‌ പ്രമുഖ നേതാക്കളുടെ അഭിപ്രായം.  പരാതി നൽകിയ കോഴിക്കോട്ടെ കരാറുകാരനായ ധർമരാജനെയടക്കം ആർഎസ്‌എസ്‌ തള്ളി. ആർഎസ്‌എസ്‌ നോമിനിയായ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ പൊലീസ്‌ ചോദ്യംചെയ്‌തിരുന്നു. ഇതോടെയാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിന്‌ പൊള്ളിയത്‌. പ്രാന്തപ്രചാരകരിൽ ചിലരെക്കൂടി പൊലീസ്‌ ചോദ്യംചെയ്യുമോ എന്ന ഭയവുമുണ്ട്‌.  

കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പിന്റെ പ്രവർത്തന ശൈലിയിൽ ആർഎസ്‌എസ്‌ നേതാക്കൾക്ക്‌ നേരത്തെ മതിപ്പില്ല.  സുരേന്ദ്രനടക്കം പ്രതിക്കൂട്ടിലായ  സാഹചര്യത്തിൽ ആർഎസ്‌എസ്‌ നടത്തുന്ന രഹസ്യാന്വേഷണത്തിന്‌ വലിയ പ്രാധാന്യവും കൽപ്പിക്കുന്നു. അതേസമയം മുഖംരക്ഷിക്കാനുള്ള ആർഎസ്‌എസ്‌ നീക്കമായാണ്‌ ബിജെപിയിലെ പ്രമുഖർ അന്വേഷണത്തെ കാണുന്നത്‌.

സഹപ്രവർത്തകന്‌ വധഭീഷണി: 
ബിജെപി നേതാവിനെതിരെ കേസ്‌

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലെ വിമർശനത്തിന്റെ പേരിൽ  സഹപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്‌.  ഒബിസി മോർച്ച  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിഷി പൽപ്പു നൽകിയ പരാതിയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരിക്കെതിരെയാണ്‌ തൃശൂർ വെസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തത്‌. ഫോണിലൂടെ കൊല്ലുമെന്ന്‌  ഭീഷണി മുഴക്കിയതിനും അസഭ്യംവിളിച്ചതിനടക്കമുള്ള വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിനെ തുടർന്ന്‌ റിഷി പൽപ്പുവിനെ ബിജെപിയിൽനിന്ന്‌  തിങ്കളാഴ്‌ച പുറത്താക്കി.  ഇതേത്തുടർന്ന്‌ ബിജെപിയിൽ ചേരിപ്പോരും രൂക്ഷമായി.

കുഴൽപ്പണക്കേസിലും കത്തിക്കുത്ത്‌ കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നനു റിഷിയുടെ പോസ്‌റ്റ്‌. കേസിൽ റിഷി പൽപ്പുവിനെയും  കെ ആർ ഹരിയെയും  വെസ്‌റ്റ്‌ പൊലീസ്‌ ചൊവ്വാഴ്‌ച സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചപ്പൊഴും റിഷി പൽപ്പു പരാതിയിൽ ഉറച്ചുനിന്നു.

കുഴൽപ്പണക്കടത്തിനെ വിമർശിച്ച വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ ഹിരണിനെ കഴിഞ്ഞ ദിവസം എതിർവിഭാഗം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കേസിൽ നാലു ബിജെപിക്കാർ അറസ്‌റ്റിലായി. 

നേതാക്കൾ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച്‌ പാർടിയെ നാണം കെടുത്തിയതായാണ്‌  റിഷി പൽപ്പു സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്‌. ‘കുഴൽപ്പണക്കേസിൽ പ്രതികരിച്ച സഹപ്രവർത്തകനെ കുത്തി കുടൽ മാല പുറത്തെടുത്തിരിക്കുകയാണ്. കുഴൽപ്പണതട്ടിപ്പിനും അക്രമത്തിനുമുണ്ട്‌ ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാർടി പൂജ്യമായതിൽ അയൽപക്കത്തേക്ക്‌ നോക്കേണ്ട കാര്യമില്ല. സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർടിയിലേക്കും നോക്കണം’ എന്നായിരുന്നു വിമർശം.  റിഷി പൽപ്പുവിനെ പുകച്ചു പുറത്തുചാടിച്ചതിനു‌ പിന്നിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറാണെന്ന്‌   എതിർവിഭാഗം പറഞ്ഞു.  റിഷി പൽപ്പുവിനെതിരെ സംസ്ഥാന പ്രസിഡന്റിന്‌ പരാതി നൽകിയത്‌ അനീഷാണ്‌.  റിഷി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ആരോപിച്ചായിരുന്നു പരാതി.

deshabhimani

Tuesday, June 1, 2021

കത്തിക്കുത്തിൽ 4 ബിജെപിക്കാർ പിടിയിൽ ; ഒബിസി മോർച്ച സംസ്ഥാന നേതാവിന്‌ വധ ഭീഷണി

വാടാനപ്പള്ളി: കുഴൽപ്പണക്കേസിൽ സമൂഹ്യമാധ്യമങ്ങളിലെ വാക്ക്‌പോരിനെത്തുടർന്ന്‌  സഹപ്രവർത്തകനെ കുത്തിയ കേസിൽ നാലു ബിജെപിക്കാർ  അറസ്‌റ്റിൽ. വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശികളായ മേനോത്തുപറമ്പിൽ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), തൃപ്രയാറ്റ്പുരയ്ക്കൽ വീട്ടിൽ  സജിത്ത് (26), ഗണേശമംഗലം പ്രാക്കൻ വീട്ടിൽ ബിപിൻദാസ് (31) എന്നിവരാണ് അറസ്റ്റിലായത്. 

അതിനിടെ  ജില്ലാ നേതാക്കളെ വിമർശിച്ച്‌  ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ട  ഒബിസി മോർച്ച സംസ്ഥാന നേതാവിനെ കൊല്ലുമെന്ന്‌ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി  ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതി.  ഒബിസി മോർച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിഷി പൽപ്പുവാണ്‌ അഡ്വ. കെ ആർ ഹരിക്കെതിരെ  തൃശൂർ വെസ്റ്റ്‌ പൊലീസിൽ‌  പരാതി നൽകിയത്‌.  പരാതി നൽകിയതിനു പിന്നാലെ റിഷി പൽപ്പുവിനെ ബിജെപിയിൽനിന്ന്‌ പുറത്താക്കി.  

കുഴൽപ്പണക്കേസിലും കത്തിക്കുത്ത്‌ കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു‌ പൽപ്പുവിന്റെ പോസ്‌റ്റ്‌.  വിഷയത്തിൽ ജില്ലാട്രഷറർക്കും പഞ്ചായത്ത്‌ മെമ്പർമാർക്കും പങ്കുണ്ടെന്ന്‌ സമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ടതിന്‌  വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ ഹിരണിനെ ഒപ്പമുള്ളവർ തന്നെ കുത്തിവീഴ്‌ത്തിയതിന്‌ പിന്നാലെയാണിത്‌.

കുത്തുകേസിൽ അറസ്‌റ്റിലായവരെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.   ഒന്നാം പ്രതി സഹലേഷാണ് ഹിരണിനെ കുത്തിയത്.   കേസിൽ മൂന്നുപേരെക്കൂടി  പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

താമസമൊരുക്കിയത്‌ 
ജില്ലാ ട്രഷറർ പറഞ്ഞിട്ട്‌ ; ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയുടെ മൊഴി

കൊടകര കുഴൽപ്പണക്കവർച്ച കേസിലെ പ്രതികൾക്ക്‌ മുറിയെടുത്തു നൽകിയത്‌ ബിജെപി ജില്ലാ ട്രഷറർ സുജയ്‌സേനൻ പറഞ്ഞിട്ടാണെന്ന്‌ തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയുടെ മൊഴി. തിങ്കളാഴ്‌ചയാണ്‌ ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി  തിരൂർ സതീശിനെ തൃശൂർ പൊലീസ്‌ ക്ലബ്ബിൽ ചോദ്യംചെയ്‌തത്‌. ഇതോടെ കേസിൽ ബിജെപി ജില്ലാ നേതാക്കളുടെപങ്ക്‌ കൂടുതൽ വ്യക്തമായി. മുറിയെടുത്തു നൽകുമ്പോൾ കുഴൽപ്പണസംഘമാണെന്ന്‌ അറിയില്ലായിരുന്നുവെന്നാണ്‌ സതീശിന്റെ മൊഴി. നേതാക്കൾ ആവശ്യപ്പെടുമ്പോൾ മുറി വിളിച്ചുപറയാറുണ്ട്‌. ഏതാനും  മാസംമുമ്പുമാത്രമാണ്‌‌ ഓഫീസ്‌ സെക്രട്ടറിയായത്‌‌. സുജയ്‌സേനന്റെ വിശ്വസ്‌തൻ പ്രശാന്തിനെയും തിങ്കളാഴ്‌ച ചോദ്യംചെയ്‌തു.  ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങൾക്കെന്നപേരിൽ കൊണ്ടുവന്ന കുഴൽപ്പണം ഏപ്രിൽ മൂന്നിനു പുലർച്ചെയാണ്‌  കൊടകരയിൽ  കാർ തടഞ്ഞുനിർത്തി കവർന്നത്‌.

കോഴിക്കോട്ടുനിന്ന്‌ മൂന്നരക്കോടിയുടെ കുഴൽപ്പണവുമായി വന്ന ധർമരാജനും സംഘത്തിനും ഏപ്രിൽ രണ്ടിനു രാത്രിയാണ്‌ തൃശൂർ ലോഡ്‌ജിൽ താമസമൊരുക്കിയത്.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ വിളിച്ചുപറഞ്ഞതുപ്രകാരമാണ്‌ മുറി നൽകിയതെന്ന്‌‌‌  ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. രാത്രി ഏഴിനു ശേഷമാണ്‌ മുറിയെടുത്തത്‌.

പന്ത്രണ്ടോടെ രണ്ടു വാഹനത്തിൽ എത്തിയവർ  215ഉം  216ഉം മുറികളിൽ താമസിച്ചു. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം കണ്ടെടുത്തു. നേതാക്കളാണ്‌ താമസ സൗകര്യമൊരുക്കിയതെന്ന്‌ ധർമരാജും മൊഴി നൽകിയിരുന്നു.

കേന്ദ്രത്തിനയച്ച പരാതി വെളിപ്പെടുത്തൂ ; വിട്ടുവീഴ്‌ച വേണ്ടെന്ന്‌ ഔദ്യോഗിക വിഭാഗം

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെടുത്തി കൃഷ്ണദാസ്‌ പക്ഷത്തുള്ളവരുടെ നീക്കത്തിന്‌ തടയിടാൻ കെ സുരേന്ദ്രനോടൊപ്പമുള്ളവരും രംഗത്ത്‌. കേന്ദ്ര നേതൃത്വത്തിന്‌ പരാതി കൊടുത്തവർ കത്തിന്റെ കോപ്പി പുറത്തുവിടട്ടെയെന്ന വെല്ലുവിളിയാണ്‌ ഔദ്യോഗിക വിഭാഗം നടത്തുന്നത്‌. കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനുമടക്കമുള്ളവർ പാർടിയെ പത്ത്‌ കൊല്ലംമുമ്പുള്ള അവസ്ഥയിലേക്കെത്തിച്ചെന്നാണ്‌ എതിർപക്ഷത്തിന്റെ വാദം. മുതിർന്ന പല നേതാക്കളും ഇതേ വികാരമാണ്‌ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്‌. 400 കോടിയോളം രൂപ കർണാടകത്തിൽനിന്ന്‌ കേരളത്തിലേക്ക്‌ കൊടുത്തുവിട്ടെന്നും അതിൽ നല്ലൊരു ശതമാനം മണ്ഡലങ്ങളിലേക്ക്‌ എത്തുന്നതിനുമുമ്പേ അടിച്ചുമാറ്റി എന്നുമാണ്‌ ആക്ഷേപമുള്ളത്‌.

ഔദ്യോഗിക നേതൃത്വത്തിൽ ചിലർക്ക്‌ കേന്ദ്ര നേതാക്കളുമായുള്ള ബന്ധത്തിന്റെ ബലത്തിലാണ്‌ സുരേന്ദ്രനടക്കമുള്ളവർ വിമതരെ വെല്ലുവിളിക്കുന്നത്‌. കേന്ദ്ര നേതൃത്വത്തിന്‌ പരാതി കൊടുക്കാൻ ഒരാളും ധൈര്യപ്പെടില്ലെന്നും അങ്ങനെ കൊടുത്തെങ്കിൽ അത്‌ പുറത്തുവിടട്ടേയെന്നും തിരുവനന്തപുരത്തെ ഔദ്യോഗികപക്ഷ നേതാവ്‌ പറഞ്ഞു.എന്നാൽ, കൃഷ്ണദാസ്‌ പക്ഷത്തുള്ളവർ ശക്തമായ നീക്കമാണ്‌ നടത്തുന്നത്‌. കേന്ദ്ര സഹമന്ത്രിയുടെ അടുത്ത അനുയായിയായ സുനിൽ നായിക്കാണ്‌ പണം കടത്തിയതിന്റെ മുഖ്യ ഇടനിലക്കാരനെന്ന്‌ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്‌.

deshabhimani

Monday, May 31, 2021

കുഴല്‍പ്പണക്കേസിനെ ചൊല്ലി ചേരിതിരിഞ്ഞ് ബിജെപി അക്രമം; ഒരാള്‍ക്ക് കുത്തേറ്റു

വാടാനപ്പള്ളി (തൃശൂര്‍)> കുഴല്‍പണക്കേസില്‍ സമൂഹമാധ്യമങ്ങളിലെ വാക്ക്പോരിനെ തുടര്‍ന്ന്  ബിജെപിയില്‍ തമ്മിലടി. ഒരാള്‍ക്ക് കുത്തേറ്റു.  കുഴല്‍പണക്കേസില്‍   ജില്ലയിലെ ഉന്നതനേതാക്കളുടെ പങ്കിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചതിന്റെ പേരില്‍  ബിജെപി പ്രവര്‍ത്തകന്‍  ഹിരണി (27)നാണ് കുത്തേറ്റത്.

 ഞായറാഴ്ച പകല്‍  ഒന്നിന്  തൃത്തല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രത്തിലാണ് ആക്രമണം. വയറിന് അടിഭാഗത്ത്  കുത്തേറ്റ ഹിരണിനെ  തൃശൂര്‍ ദയആശുപത്രിയില്‍ സര്‍ജിക്കല്‍ ഐസിയുവില്‍  പ്രവേശിപ്പിച്ചു.  

കൊടകര കുഴല്‍പണക്കേസില്‍ ബിജെപി ജില്ലാട്രഷററും വാടാനപ്പള്ളി സ്വദേശിയുമായ സുജയ്സേനന്‍ ഉള്‍പ്പടെ നേതാക്കളെ അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു.

കേസില്‍   ജില്ലാ ട്രഷറര്‍ക്കും ചില പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും പങ്കുള്ളതായി ബിജെപി വാടാനപ്പള്ളി ബീച്ച്  വ്യാസ നഗറിലുള്ള എതിര്‍വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്നു ഇരു വിഭാഗവും   വാക്ക് പോര്  തുടരുകയാണ്.  

ഇതിനിടെ ഞായറാഴ്ച   വ്യാസനഗര്‍ ഗ്രൂപ്പില്‍പ്പെട്ട   ബിജെപി പ്രവര്‍ത്തകന്‍  ഹരിപ്രസാദ് വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍  എത്തിയപ്പോള്‍ എതിര്‍ചേരിക്കാര്‍ ആക്രമിക്കുകയായിരുന്നു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.  ഇതിനിടിയിലാണ്  ഹരിപ്രസാദിനൊപ്പമുണ്ടായിരുന്ന   വാടാനപ്പിള്ളി വ്യാസനഗര്‍ഗ്രൂപ്പുകാരായ കണ്ടന്‍ ചക്കി  വീട്ടില്‍  ഹിരണിന് കുത്തേറ്റത്.

 ഹിരണിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍  ആദ്യം എത്തിച്ചുവെങ്കിലും  അക്രമിസംഘം പിന്തുടര്‍ന്നു.   തുടര്‍ന്നാണ് ദയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ്  വാടാനപ്പിള്ളി  പൊലീസ് ഉടന്‍ സ്ഥലത്തെത്തി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി യു പ്രേമന്റെ നേതൃത്വത്തിലുള്ള  വന്‍ പൊലീസും  സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.  

 കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിലെ തമ്മിലടി ഇതോടെ മറനീക്കുകയാണ്.  കള്ളപ്പണക്കേസില്‍ സംസ്ഥാന നേതാവാണ് പൊലീസില്‍ പരാതി നല്‍കി  പ്രശ്നം വഷളാക്കിയതെന്ന് ആരോപിച്ചാണ്  എതിര്‍വിഭാഗത്തിന്റെ  ആക്രമണം. അതേസമയം കുഴല്‍പണസംഘത്തിന് താമസമൊരുക്കിയ ജില്ലാ നേതൃത്വത്തിനെതിരെ എതിര്‍വിഭാഗവും കടുത്ത ആക്രമണം തുടരുകയാണ്.   

കൊടകര കുഴൽപ്പണക്കേസ് : സമ്പദ്‌വ്യവസ്ഥ 
തകര്‍ക്കുന്ന കുറ്റകൃത്യം ; അന്വേഷണം വഴി തെറ്റിക്കാൻ 
പരാതിയിൽ 25 ലക്ഷമാക്കി

ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസ്‌ സമ്പദ്‌വ്യവസ്ഥ തകർക്കുന്ന കുറ്റകൃത്യമെന്ന്‌ പൊലീസ്‌. അന്വേഷണം വഴി തെറ്റിക്കാൻ പരാതിയിൽ 25 ലക്ഷമാക്കി ചുരുക്കി. പണത്തിന്റെ അളവും ഉറവിടവും കണ്ടെത്തണമെന്നും അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

ഇതിനകം ഒരു കോടിയിൽപ്പരം രൂപ അന്വേഷകസംഘം കണ്ടെടുത്തു. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നതായി  പരാതിക്കാരൻ ധർമരാജ്‌ മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴി നൽകിയിട്ടുണ്ട്‌. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ  സുനിൽ നായിക്‌ വഴിയാണ്‌ ധർമരാജിന്‌ പണം എത്തിയത്‌. കാറിലുണ്ടായിരുന്നത്‌ മൂന്നരക്കോടിയോളമാണെന്ന്‌ മുഖ്യപ്രതികളിലൊരാളായ രഞ്ജിത്തും മൊഴി നൽകി. ധർമരാജ്‌ മുമ്പും ബിജെപിക്കുവേണ്ടി കുഴൽപ്പണ ഇടപാട്‌ നടത്തിയതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു‌. ധർമരാജന്റെ വിശ്വസ്‌തനാണ്‌  വണ്ടിയോടിച്ചിരുന്ന ഷംജീർ. കാർ തകർത്താണ്‌ പണം എടുത്തത്‌.  

തൃശൂർ റേഞ്ച്‌ ഡിഐജി എ അക്‌ബറിന്റെ  മേൽനോട്ടത്തിൽ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്‌. 20 പ്രതികളെ അറസ്റ്റ്‌ ചെയ്‌തു. കേസിന് അന്തർസംസ്ഥാന  ബന്ധം സംശയിക്കുന്നതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ നിരസിക്കണമെന്ന് അന്വേഷകസംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Sunday, May 30, 2021

കുഴൽപ്പണം കടത്തിയയാളെ 
അറിയാമെന്ന്‌ ബിജെപി നേതാവ്

കുഴൽപ്പണക്കേസിലെ പ്രതി ധർമരാജനെ അറിയാമെന്ന്‌ ബിജെപി സംസ്ഥാന  ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷിന്റെ മൊഴി. ശനിയാഴ്‌ചയാണ്‌ ഗിരീഷിനെ ചോദ്യം ചെയ്‌തത്‌. ബിജെപി   സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ  വെള്ളിയാഴ്‌ച ചോദ്യം ചെയ്‌തു. പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ അന്വേഷകസംഘത്തിന്  മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും വിളിപ്പിച്ചത്.

തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തരയോടെ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറിനൊപ്പം കൊടിവച്ച കാറിലാണ്‌  ഗിരീഷ്‌ എത്തിയത്‌. പകൽ ഒന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷകസംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്. കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന്‌ ഇറക്കാൻ കൊണ്ടുവന്നതാണെന്ന വിവരം അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചോദ്യങ്ങൾ. കുഴൽപ്പണവുമായി ബന്ധമില്ലെന്ന്‌ ഗിരീഷ്‌ പറഞ്ഞു. എന്നാൽ,  ധർമരാജനെ അറിയാമെന്ന്‌ സമ്മതിച്ചു.

പണം കർണാടകത്തിലെ ബിജെപി കേന്ദ്രത്തിൽനിന്ന് വന്നതാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  കവർച്ച ചെയ്‌ത പണത്തിൽ ഒരു ഭാഗം ബിജെപി നേതാവ്‌   ബിനാമിയെ ഏൽപ്പിച്ചതായാണ്‌ വിവരം. ഇയാൾ പിടിയിലാവുന്നതോടെ നേതാവും കുടുങ്ങും. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയത് ബിജെപി നേതാക്കളാണെന്ന്‌  ധർമരാജൻ വെളിപ്പെടുത്തി. ജില്ലാകമ്മിറ്റി  ഓഫീസിൽനിന്ന്‌ വിളിച്ചുപറഞ്ഞതു പ്രകാരമാണ്‌ മുറി നൽകിയതെന്ന്‌ ഹോട്ടൽ ജീവനക്കാരനും മൊഴി നൽകി.  ഇതനുസരിച്ച് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെയും ഉടൻ വിളിപ്പിക്കുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു.

ബിജെപിയുടെ കുഴൽപ്പണക്കവർച്ച: ഡിജിറ്റൽ തെളിവുകളുമായി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യും

തൃശൂർ > തെരഞ്ഞെടുപ്പ്‌ ഫണ്ടായെത്തിച്ച കുഴൽപ്പണം കവർന്നകേസിൽ ഡിജിറ്റൽ തെളിവുകളുമായി ബിജെപി ഉന്നതനേതാക്കളെ വീണ്ടും ചോദ്യംചെയ്യും. മൊബൈൽ റെക്കോർഡുകളും  സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയാണ് ഇനിയുള്ള ചോദ്യം ചെയ്യൽ. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളിൽ ഞായറാഴ്ച പരിശോധന നടക്കും.

പണം കടത്താൻ ഇടനിലക്കാരായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരുടെ മൊഴികളാണ് അന്വേഷകസംഘം ഞായറാഴ്ച പരിശോധിക്കുക. കവർച്ചയ്‌ക്ക് തൊട്ടു മുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ധർമരാജനുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ അന്വേഷക സംഘത്തിന് ലഭിച്ചു.  ഇവരെ വീണ്ടും വിളിപ്പിക്കും. പ്രതികളിൽ ചിലരെയും ഈ ആഴ്ച ചോദ്യം ചെയ്‌തേക്കും.

Saturday, May 29, 2021

കുഴൽപ്പണം കവർച്ച : ഒഴിഞ്ഞുമാറാനാകാതെ ആർഎസ്‌എസ്‌ ബിജെപി നേതൃത്വം

സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ കുഴൽപ്പണം ഇടപാടിൽ ബിജെപി ഉന്നത നേതാക്കൾക്ക്‌ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ വ്യക്തമായി. സംഘടനാ ജനറൽ സെക്രട്ടറിക്കൊപ്പം സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയെക്കൂടി ശനിയാഴ്‌ച‌ ചോദ്യം ചെയ്യുന്നതോടെ ബിജെപിയുടെ പങ്ക്‌ മറയില്ലാതെ തെളിയുകയാണ്‌.  ബിജെപിയുടെ സംഘടനാ രീതിയനുസരിച്ച്‌ സംസ്ഥാന പ്രസിഡന്റിനു‌ മുകളിലല്ലെങ്കിലും ഏതാണ്ട്‌ തുല്യമായ സ്ഥാനമാണ്‌ സംഘടനാ ജനറൽ സെക്രട്ടറിക്ക്‌.  ആർഎസ്‌എസ്‌ ബിജെപിയെ നിയന്ത്രിക്കുന്നത്  ഈ സംഘടനാ ജനറൽ സെക്രട്ടറിയിലൂടെയാണ്‌.  ബിജെപിയുടെ പണമിടപാട്‌ കൈകാര്യം ചെയ്യുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്നയാളാണ്‌ സംഘടനാ ജനറൽ സെക്രട്ടറി. കുഴൽപ്പണ ഇടപാട്‌ അറിയില്ലെന്നായിരുന്നു ഇതുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പറഞ്ഞിരുന്നത്‌. നിരന്തരം പ്രസ്‌താവനകളും വാർത്താസമ്മേളനങ്ങളും നടത്താറുള്ള ബിജെപി  നേതാക്കളാരുംതന്നെ ഇതിനോട്‌  പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്‌.  സംസ്ഥാന സംഘടനാ  ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ ആർഎസ്‌എസ്‌ ഉൾപ്പെടെയുള്ള സംഘ്‌പരിവാർ നേതൃത്വമാകെ പ്രതിരോധത്തിലായി‌. കെ സുരേന്ദ്രന്റെ  ആവർത്തിച്ചുള്ള  നിഷേധപ്രസ്‌താവനകളെ ആരും  ഗൗരവമായി എടുക്കുന്നുമില്ല.  ഈ വിഷയത്തിൽ കൃഷ്‌ണദാസ്‌ പക്ഷത്തെയും ആർഎസ്എസിനെയും  പ്രതിക്കൂട്ടിലാക്കാനാണ്‌ സുരേന്ദ്രനും മുരളീധരനും ശ്രമിക്കുന്നത്‌.

കേസിൽ ചോദ്യം ചെയ്‌ത ഗണേശനും പരാതിക്കാരനായ ധർമരാജനും ആർഎസ്‌എസുകാരാണ്‌.  സംഭവത്തിൽ ഇടപെട്ട തൃശൂർ ജില്ലാ ഭാരവാഹികളാണെങ്കിൽ കൃഷ്‌ണദാസ്‌ പക്ഷവുമാണ്‌.  പണം കാണാതായിയെന്ന്‌ കേസ്‌ കൊടുപ്പിച്ചത്‌ കെ സുരേന്ദ്രൻ സമ്മർദം ചെലുത്തിയാണെന്ന്‌ പറയുന്നു. മുമ്പ്‌ സമാനമായ  രീതിയിൽ തമിഴ്നാട്ടിൽ വച്ച്‌ കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ട്‌  തട്ടിയ സംഭവമുണ്ടായപ്പോൾ അന്നത്തെ ബിജെപി നേതൃത്വം കേസ്‌ കൊടുക്കാതെ പ്രശ്‌നം ഒതുക്കിയിരുന്നു. ഇത്തവണയും പണം കൊണ്ടുവന്ന ധർമരാജൻ കേസിന്‌ പോകേണ്ടെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ്‌ കൊടുക്കണമെന്ന്‌ നിർബന്ധം പിടിച്ചത്‌ എതിർപക്ഷത്തെ ലക്ഷ്യംവച്ചാണ്‌. എന്നാൽ, സുരേന്ദ്രന്‌ അങ്ങനെ രക്ഷപ്പെടാൻ കഴിയില്ലെന്നാണ്‌ ആർഎസ്‌എസ്‌ പക്ഷം പറയുന്നത്‌. പണം ധർമരാജന്‌ കൈമാറിയ സുനിൽ നായിക്‌ സുരേന്ദ്രന്റെ വിശ്വസ്‌തനാണ്‌.  പണത്തിന്റെ ഉറവിടം സുനിൽ നായിക്കിന്‌ അറിയാം. അതുപോലെ  അഞ്ച്‌ കോടി രൂപയുണ്ടായിരുന്നുവെന്ന്‌ പറയുന്നു. ഇതിൽ ധർമരാജന്റെ കൈവശം മൂന്നരക്കോടിയേ ഉണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. അങ്ങനെയെങ്കിൽ ഒന്നരക്കോടി എവിടെപ്പോയെന്ന ചോദ്യം ബാക്കിയാവുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെക്കൂടി ചോദ്യം ചെയ്‌തതോടെ കുഴൽപ്പണ ഇടപാടിൽ സംഘ്‌പരിവാറിന്‌ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിയായി.  

സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ ബിജെപി നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവും. കേസിൽ അടുത്തത്‌ ആരെയാവും ചോദ്യം ചെയ്യുകയെന്ന ആശങ്കയിലാണ്‌ ബിജെപി നേതൃത്വം.

ഇ എസ്‌ സുഭാഷ് 

കുഴൽപ്പണക്കവർച്ച : എം ഗണേഷ്‌ 
ആർഎസ്‌എസിന്റെ വിശ്വസ്‌തൻ

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കൊണ്ടുവന്ന കുഴൽപ്പണം ബിജെപി നേതാക്കൾതന്നെ കവർന്നകേസിൽ അന്വേഷകസംഘം ചോദ്യംചെയ്‌ത എം ഗണേഷ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ  വിശ്വസ്‌തൻ. ഗണേഷിനെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയാക്കിയതും കുമ്മനമാണ്‌. സംസ്ഥാന പ്രസിഡന്റായപ്പോൾ അന്നത്തെ സംഘടനാ സെക്രട്ടറിമാരായ കെ ഉമാകാന്തൻ, കെ സുഭാഷ് എന്നിവരുമായി കുമ്മനത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേത്തുടർന്ന്‌  കുമ്മനത്തിന്റെ ആവശ്യപ്രകാരമാണ്‌  ഗണേഷ്‌ ഈ പദവിയിലെത്തിയത്‌.

കാഞ്ഞങ്ങാട് ആർഎസ്എസ് പ്രചാരകനായാണ് ഗണേഷിന്റെ തുടക്കം. പാലക്കാട് ജില്ലാ പ്രചാരകനായിരിക്കെ ആരോപണം നേരിട്ടതോടെ പൊതുപ്രവർത്തനത്തിൽനിന്ന്‌ ഒഴിവാക്കി  ആർഎസ്എസ് സംസ്ഥാന ഓഫീസിൽ ഓഫീസ് സെക്രട്ടറിയാക്കി മാറ്റിനിർത്തി.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പാർടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗണേഷാണ്. നരേന്ദ്രമോഡിയടക്കം പങ്കെടുത്ത,  കോഴിക്കോട്ടു നടന്ന നാഷണൽ കൗൺസിൽ യോഗം, ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും സംസ്ഥാന യാത്രകൾ എന്നിവയുടെ മുഴുവൻ ഫണ്ടുകളും കൈകാര്യംചെയ്തത് ഗണേഷായിരുന്നു.

2016ലും പാർടിയുടെ 1.60 കോടി രൂപ സേലത്തുവച്ച് ഇതുപോലെ കവർന്നിരുന്നു. എന്നാൽ പരാതിപ്പെടാൻ പാർടി നേതൃത്വം തയ്യാറായില്ല. ഇതേക്കുറിച്ചും ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കുന്നുണ്ട്‌.

കുഴൽപ്പണക്കവർച്ച: പ്രതിയുടെ അമ്മ 
സ്വർണം ഹാജരാക്കി

തെരഞ്ഞെടുപ്പ്‌ ഫണ്ടായി ബിജെപിയെത്തിച്ച കുഴൽപ്പണം കവർച്ചചെയ്ത്‌ വാങ്ങിയ സ്വർണം പ്രതിയുടെ അമ്മ ഹാജരാക്കി. 110  ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. മുഖ്യപ്രതി മാർട്ടിന്റെ അമ്മയാണ് സ്വർണം അന്വേഷണസംഘത്തിനു കൈമാറിയത്. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ നിന്ന്‌ ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ ഇടപാട് രേഖകളും കണ്ടെടുത്തിരുന്നു.

കുഴൽപ്പണസംഘത്തിന്‌ താമസമൊരുക്കിയത്‌ നേതാക്കൾ ; മുറി ബുക്ക് ചെയ്തത്‌ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്

തെരഞ്ഞെടുപ്പ്‌ ഫണ്ടായി മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കടത്തിയവർക്ക്‌ തൃശൂർ ജില്ലയിൽ താമസം ഏർപ്പാടാക്കിയത്‌ ബിജെപി ജില്ലാ നേതൃത്വം. കുഴൽപ്പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. താമസവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കി തന്നത്‌ ജില്ലാ നേതാക്കളാണെന്നാണ്‌ ധർമരാജൻ മൊഴിനൽകിയത്‌.  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണ്‌ മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാരനും പൊലീസിന്‌ മൊഴി നൽകി.  കേസിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ ആവർത്തിക്കുന്ന ബിജെപി നേതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിന്‌ സമീപത്തെ സ്വകാര്യലോഡ്‌ജിൽ രണ്ട്‌ മുറികളാണ്‌ ബുക്ക്‌ ചെയ്‌തത്‌. മൂന്ന് കിടക്കകളുള്ള 216ാം നമ്പർ മുറിയും 215–-ാം നമ്പർ മുറിയും.  215–--ലായിരുന്നു പണം കൊണ്ടുവന്ന ധർമരാജൻ താമസിച്ചത്‌. രാത്രി പന്ത്രണ്ടിനെത്തിയ സംഘം പുലർച്ചെയാണ്‌ മുറി ഒഴിഞ്ഞത്‌. ലോഡ്‌ജിന്റെ വാടകബിൽ ബിജെപി ഓഫീസിൽ നൽകുമ്പോഴാണ്‌ പണം തരാറുള്ളതെന്നും  ഈ വിവരം പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ചതായും ഹോട്ടൽ ജീവനക്കാരൻ മാധ്യമങ്ങളോടും വ്യക്തമാക്കി. ലോഡ്‌ജിലെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജനെയും ഡ്രൈവർ  ഷംജീറിനെയും വ്യാഴാഴ്‌ചയാണ്‌ തൃശൂർ പൊലീസ് ക്ലബ്ബിൽ വീണ്ടും ചോദ്യംചെയ്‌തത്‌. പറയാനുള്ളതെല്ലാം പൊലീസിനോട്‌ പറഞ്ഞതായി  ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ധർമരാജൻ പറഞ്ഞു. സംഘത്തിന്‌ വാഹനം നൽകിയ ഒരു സ്‌ത്രീയെയും അന്വേഷകസംഘം വ്യാഴാഴ്‌ച വിളിപ്പിച്ചിരുന്നു.

അടുത്തദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി  ഗിരീഷ്  എന്നിവരെയും തുടർന്ന്‌ കർത്തയെയും ധർമരാജിന്‌ പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടുംചോദ്യം ചെയ്യും. നേരത്തേ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ്‌സേനൻ, മധ്യമേഖലാ സംഘടനാ സെക്രട്ടറി  ജി കാശിനാഥൻ എന്നിവരേയും  ചോദ്യംചെയ്‌തിരുന്നു.

കുഴൽപ്പണം : ബിജെപി ബന്ധം സമ്മതിച്ച്‌ മൊഴി ; 19.5 ലക്ഷത്തിന്റെ പണവും 
 രേഖകളുംകൂടി കണ്ടെത്തി

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ കവർന്ന കേസിൽ ബന്ധം സമ്മതിച്ച്‌ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത.  യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശമെന്ന്‌ കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ്‌ കർത്തയെ കുടുക്കിയത്‌. ബുധനാഴ്‌ച  ചോദ്യംചെയ്യലിൽ  ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന്‌ വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ്‌ തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന്‌ സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്  എന്നിവരെ ചോദ്യം ചെയ്യും.

അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന്‌  ലഭിച്ചിട്ടുണ്ട്‌.

അതിനിടെ കേസിൽ  ആറാം പ്രതി മാർട്ടിന്റെ  വീട്ടിൽനിന്ന് ഒമ്പത്‌  ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും  കണ്ടെത്തി.  കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്‌ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ  വാങ്ങിയതായി  കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും  രേഖകളുമാണ് കണ്ടെടുത്തത്.  ഇതോടെ  കേസിൽ പ്രതികളിൽനിന്ന്‌മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌  വിലയിരുത്തൽ.

പാർടി കാറിൽ 
പ്രസിഡന്റിനൊപ്പമെത്തി കർത്ത

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരായത്‌  ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിനൊപ്പം. ആലപ്പുഴ പൊലീസ്‌ ക്ലബിൽ ബുധനാഴ്‌ച രാവിലെ 9.45ന്‌ ആരംഭിച്ച‌ ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു.  കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് കർത്ത മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോടോ മറ്റ് നേതാക്കളോടോ ചോദിക്കണമെന്നും-‌ കർത്ത പറഞ്ഞു.