Showing posts with label കയര്‍. Show all posts
Showing posts with label കയര്‍. Show all posts

Saturday, January 16, 2021

കയറട്ടെ കയർ; കൈത്തറിയും ; പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ

നവീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും നയത്തിലൂടെ പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നിരവധി പദ്ധതികളാണ്‌ ബജറ്റിലുള്ളത്‌

കയർമേഖലയ്ക്ക്‌ 112 കോടി

● 112 കോടി രൂപ വകയിരുത്തിയതിൽ 41 കോടി  യന്ത്രവൽക്കരണത്തിനും 38 കോടി രൂപ പ്രൈസ് ഫ്ലക്ച്യുവേഷൻ ഫണ്ടിനും.  കയർ ബോർഡിൽനിന്ന് ക്ലസ്റ്റർ രൂപീകരണത്തിന് 50 കോടിയും എൻസിഡിസിയിൽനിന്ന് 100 കോടി രൂപയും  ലഭ്യമാക്കും.

●10 യന്ത്രവൽകൃത സഹകരണ ഉൽപ്പന്ന ഫാക്ടറി തുടങ്ങും

●ചെറുകിട യൂണിറ്റുകൾക്ക്‌‌ 20 കോടി രൂപ

●ഉൽപ്പാദനം 50,000 ടണ്ണായി ഉയരും. 10000 പേർക്കെങ്കിലും അധികം ജോലി.

കശുവണ്ടി മേഖലയിൽ 2000 പേർക്കുകൂടി തൊഴിൽ

●30,000 ടൺ തോട്ടണ്ടി ഇറക്കുമതിക്കായി കാഷ്യു ബോർഡിന് 40 കോടി

●കാപ്പക്സിന്റെയും കശുവണ്ടി കോർപറേഷന്റെയും നവീകരണത്തിന് 10.5 കോടിയും കശുവണ്ടി കൃഷിവ്യാപനത്തിന് 5.5 കോടിയും

●കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക തീർക്കുന്നതിന് 63 കോടി

കൈത്തറിക്ക്‌ 52 കോടി

●52 കോടി രൂപയ്‌ക്കു പുറമേ യൂണിഫോം പദ്ധതിക്കായി 105 കോടി രൂപയും നീക്കിവച്ചു.

●ഹാന്റക്സിനും ഹാൻവീവിനും പുനരുദ്ധാരണ പാക്കേജിന് രൂപം നൽകും

●ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി

●ഗ്രാമോദയ ഖാദി ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിന്‌ പുതിയ സ്കീം

●ഹാന്റി ക്രാഫ്റ്റ് മേഖലയ്ക്ക് നാല്‌ കോടി.

കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ

●കുടുംബശ്രീ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല.  ഒരു സ്റ്റാളിന് അഞ്ച്‌ ലക്ഷം രൂപ  പലിശരഹിത വായ്പ.

●കൈത്തൊഴിലുകാർക്ക്‌ മൾട്ടി ട്രേഡ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്‌ നാല്‌ കോടി

●ബാംബു കോർപറേഷന്‌ 5 കോടി

●20,000 കുളത്തിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇതിനായി 66 കോടി രൂപ

Monday, November 25, 2013

തിരുവനന്തപുരത്ത് കയര്‍ബോര്‍ഡിന്റെ ഊര്‍ജനിലയം വരുന്നു

ചകിരിച്ചോറില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള രാജ്യത്തെതന്നെ ആദ്യനിലയം തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ കയര്‍ബോര്‍ഡ് പദ്ധതി. 10 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്ക് 50 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. താഴ്ന്ന സ്ഥലങ്ങള്‍ നികത്താന്‍മാത്രം ഉപയോഗിച്ചിരുന്ന ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന കണ്ടെത്തല്‍, മാലിന്യമായി കുമിഞ്ഞുകൂടുന്ന കയറിന്റെ ഈ ഉപോല്‍പ്പന്നത്തിന് ശാപമോക്ഷം നല്‍കും.

ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുന്ന 10 മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ മുംബൈ ആസ്ഥാനമായ സ്ഥാപനവുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ പറഞ്ഞു. ഈര്‍പ്പം നീക്കംചെയ്തശേഷമാണ് വൈദ്യുതോല്‍പ്പാദനത്തിനായി ചകിരിച്ചോറ് ഉപയോഗിക്കുക. ഇതിനുള്ള പ്രത്യേക ഡ്രൈയറിന് പേറ്റന്റുള്ളത് മുംബൈ കമ്പനിക്കാണ്. കയര്‍ബോര്‍ഡിന്റെ ഗവേഷണവികസന വിഭാഗമാണ് ചകിരിച്ചോറില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ചകിരിച്ചോറിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ തൊണ്ട് ശേഖരിക്കുന്നതിനുള്ള പരിപാടിക്ക് കയര്‍ബോര്‍ഡ് രൂപംനല്‍കും. കയര്‍ഫാക്ടറികളാണ് കയര്‍ ഉല്‍പ്പാദനത്തിനുശേഷം ചകിരിച്ചോറ് പുറന്തള്ളുന്നത്. തൊണ്ടിന്റെ 30 ശതമാനം മാത്രമാണ് കയറാക്കി മാറ്റാനാകുന്നത്. കയര്‍ബോര്‍ഡിന്റെ ട്രാക്ടറുകള്‍ തെങ്ങുകൃഷിയുള്ള വീട്ടുപരിസരങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് തൊണ്ട് ശേഖരിക്കുമെന്ന് പ്രൊഫ. ബാലചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ കയര്‍മേഖലയ്ക്ക് നല്ലൊരു ഉണര്‍വുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. കയര്‍മേഖലയ്ക്ക് ആവശ്യമായ തൊണ്ട് കണ്ടെത്താന്‍പോലും തമിഴ്നാടിനെയാണ് കേരളം ആശ്രയിക്കുന്നത്. കയര്‍നാരുകളെ മറ്റ് സ്വാഭാവികനാരുകളായ സില്‍ക്ക്, ചണം തുടങ്ങിയവയുമായി ചേര്‍ത്ത് പ്രത്യേകയിനം തുണി ഉണ്ടാക്കുന്നതിന് സില്‍ക്ക് ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കയര്‍ബോര്‍ഡ് പുതിയ കണ്ടെത്തലുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഈ തുണി ഉപയോഗിച്ച് കര്‍ട്ടനുകളും മറ്റ് ഫര്‍ണിഷിങ് വസ്തുക്കളും ഉണ്ടാക്കാനാണ് പദ്ധതി.

deshabhimani

Friday, November 15, 2013

കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജിവെക്കണം: കയര്‍ സെന്റര്‍

ആലപ്പുഴ: കയര്‍മേഖലയെ പുനരുദ്ധരിക്കാനുള്ള റിമോട്ട് പദ്ധതിയില്‍ തട്ടിപ്പ് നടത്തി കയര്‍ തൊഴിലാളികളെ വഞ്ചിച്ച കെ ആര്‍ രാജേന്ദ്രപ്രസാദ് കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ആവശ്യപ്പെട്ടു. രാജേന്ദ്രപ്രസാദ് അഴിമതി നടത്തിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്ന സ്ഥിതിക്ക് കയര്‍ കോര്‍പറേഷന്‍ ചുമതല രാജിവെക്കണമെന്നും കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എയും ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എയും ആവശ്യപ്പെട്ടു.

കയര്‍ തറി സ്ഥാപിച്ചു നല്‍കാതെ അതിന്റെ രേഖയുണ്ടാക്കി 94 പേരില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാജേന്ദ്രപ്രസാദ്് 21.26 ലക്ഷം രൂപ തട്ടിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇല്ലാത്ത തറി നിര്‍മാണ കമ്പനി ഉണ്ടാക്കിയതായി രേഖയുണ്ടാക്കി അതിന്റെ പേരില്‍ ക്വട്ടേഷനും നല്‍കിയായിരുന്നു തട്ടിപ്പ്. അന്വേഷണ ഏജന്‍സി ഇങ്ങനെ കണ്ടെത്തിയ ഒരാള്‍ പിന്നെയും കയര്‍ കോര്‍പറേഷന്റെ സാരഥിയായി തുടരുന്നത് കയര്‍ തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. തന്നെയുമല്ല കയര്‍ കോര്‍പറേഷനെയും ചെയര്‍മാന്‍ നോക്കുകുത്തിയാക്കി. വിലസ്ഥിരതാ പദ്ധതി തകര്‍ത്തു. കയറ്റുമതിക്കാരില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങി ചെറുകിടക്കാര്‍ക്കും സംഘങ്ങള്‍ക്കും നല്‍കി. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇതു മൂലം കയര്‍ മേഖലയാകെ പട്ടിണിയിലാണ്. ആറു കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട തറി ഉടമകളുമാണ് ആലപ്പുഴ ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തത്. അതുകൊണ്ടു തന്നെ രാജേന്ദ്രപ്രസാദിന്് ഇനിയൊരു നിമിഷം ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഇത്തരം ഒരു ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തുമ്പോഴാണ് രാജേന്ദ്രപ്രസാദിനെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് സര്‍ക്കാരും നിയമിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാനാകില്ല. രാജേന്ദ്രപ്രസാദിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അല്ല മുഖ്യമന്ത്രിയുടെ മാതൃക പിന്തുടര്‍ന്ന് സ്ഥാനത്ത് കടിച്ചു തൂങ്ങാനാണ് നീക്കമെങ്കില്‍ കനത്ത പ്രക്ഷോഭം ഉയരുമെന്നും തോമസ് ഐസകും ആനത്തലവട്ടം ആനന്ദനും മുന്നറിയിപ്പ് നല്‍കി.

രാജേന്ദ്രപ്രസാദിനെ മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം

ആലപ്പുഴ: അഴിമതിക്കാരനായ രാജേന്ദ്രപ്രസാദിനെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു ജനറല്‍സെക്രട്ടറി ടി ആര്‍ ശിവരാജന്‍ മുന്നറിയിപ്പ് നല്‍കി. കയര്‍ത്തറികള്‍ പുതുക്കിപ്പണിയുന്നതിനും ആധുനികവല്‍ക്കരണം നടത്തുന്നതിനുമായി കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതി അനുസരിച്ച് ചെറുകിട ഉല്‍പാദകര്‍ക്ക് കയര്‍ബോര്‍ഡില്‍ നിന്നും അനുവദിച്ച ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ രാജേന്ദ്രപ്രസാദിനെതിരെ സിബിഐ കോടതി കുറ്റപത്രം നല്‍കിയിരിക്കുകയാണ്്. കയര്‍ കോര്‍പറേഷനില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാതെ പുതിയ ആളുകളെ എടുക്കുകയും അവരില്‍ നിന്നും പണം ആവശ്യപ്പെടുന്നതായും നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു.

തുടരാന്‍ അര്‍ഹതയില്ല: ജി വേണുഗോപാല്‍

ആലപ്പുഴ: കയര്‍ മേഖലയെ നവീകരിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി തൊഴിലാളികളുടെ നേട്ടത്തിനായി ഉപയോഗിച്ചില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ തെളിഞ്ഞതായി മുന്‍ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജി വേണുഗോപാല്‍ പറഞ്ഞു. പദ്ധതിയെ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനും അഴിമതിക്കും വേണ്ടി രാജേന്ദ്രപ്രസാദ് അടക്കമുള്ളവര്‍ ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ രാജേന്ദ്രപ്രസാദ് ഇനി കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികതയല്ല. രാജിവെക്കണം. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

Wednesday, November 13, 2013

കോണ്‍ഗ്രസ് നേതാവ് തട്ടിയത് 21.26 ലക്ഷം

ആലപ്പുഴ: കയര്‍ തറികള്‍ പുനരുദ്ധരിക്കാനും ആധുനിക വല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതി ഉപയോഗിച്ച് കെപിസിസി അംഗവും ജില്ലാപഞ്ചായത്ത് അംഗവുമായ കെ ആര്‍ രാജേന്ദ്രപ്രസാദ് തട്ടിയെടുത്തത് 21.26 ലക്ഷം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ കഴിഞ്ഞദിവസം സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം. സോളാര്‍ തട്ടിപ്പ് കേസില്‍ ജില്ലയിലെ രണ്ട് കേന്ദ്ര സഹമന്ത്രിമാരും ആരോപണ വിധേയരായതിനു പിന്നാലെ കെപിസിസി അംഗം ഉള്‍പ്പെട്ട തട്ടിപ്പ് പുറത്തുവന്നത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.

5 ഭാഗങ്ങളായുള്ള കുറ്റപത്രത്തില്‍ രണ്ടാമത്തെ ഭാഗത്തിലാണ് രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാമര്‍ശങ്ങളുള്ളത്. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ കൊച്ചി കയര്‍ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ആന്റോനെല്‍ വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി ബാബു, എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ കെ വി മോഹനന്‍ എന്നിവരും രാജേന്ദ്രപ്രസാദും ചേര്‍ന്ന് പണം തട്ടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആലപ്പുഴ ജില്ലയിലെ 94 പേരില്‍നിന്ന് 10,000 രൂപമുതല്‍ 30,000 രൂപവരെ തട്ടിയെടുത്തു. കയര്‍ തറി നല്‍കാതെ നല്‍കിയെന്ന് കടലാസുരേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ രാജേന്ദ്രപ്രസാദ് വ്യാജ ക്വട്ടേഷന്‍ തയ്യാറാക്കി. പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കയര്‍ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 11 പേരാണ് കേസിലെ പ്രതികള്‍.

കയര്‍ബോര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ റീജുവനൈസേഷന്‍, മോഡേണൈസേഷന്‍ ആന്റ് ടെക്നോളജിക്കല്‍ അപ്പ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍സ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് വെട്ടിപ്പ് നടത്തിയത്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കില്‍ മാത്രം 600ഓളം തറി അനുവദിച്ചു. ബാങ്ക് മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ച ശേഷം രണ്ടു ലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. തറി സ്ഥാപിച്ചശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. തറികള്‍ സ്ഥാപിക്കാതെ 188 പേര്‍ക്ക് 86,33,705 രൂപ അനധികൃത വായ്പ തരപ്പെടുത്തിയതായി സിബിഐ അന്വേഷണ സംഘം കണ്ടെത്തി. ഒരേ തറി തന്നെ പലസ്ഥലങ്ങളില്‍ മാറ്റി മാറ്റി സ്ഥാപിച്ച് പത്തും പതിനഞ്ചും തറികള്‍ക്കുള്ള വായ്പ ലഭ്യമാക്കി. ബാക്കി കടലാസിലും. ഇളവ് നല്‍കിയ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് 30 കോടി നഷ്ടമായി. ഇതു സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നപ്പോഴാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

ഉയര്‍ന്ന നേതാക്കള്‍കൂടിയായ രണ്ട് കേന്ദ്ര സഹമന്ത്രിമാരും സോളാര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ജില്ലയിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ആരോപണ വിധേയരായ മന്ത്രിമാര്‍ക്ക് പിന്തുണയുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്താതിരുന്നതും ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. സോളാര്‍ സഹമന്ത്രിമാര്‍ ബാധ്യതയായി മാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയതിനു പിന്നാലെയാണ് ജില്ലാ പഞ്ചായത്തംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട വന്‍ തട്ടിപ്പ് പുറത്തുവന്നത്. തട്ടിപ്പുകേസില്‍പ്പെട്ട രാജേന്ദ്രപ്രസാദ് ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കണമെന്നും ഇയാളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസിലെ പ്രബലവിഭാഗം ആവശ്യപ്പെട്ടു

കെപിസിസി അംഗമടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം 

Tuesday, November 12, 2013

കെപിസിസി അംഗമടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം

കയര്‍ തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ റിമോട്ട് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കെപിസിസി അംഗവുമായ രാജേന്ദ്രപ്രസാദ് അടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം നല്‍കി. പ്രതികളില്‍ അഞ്ചുപേര്‍ കയര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരാണ്.

വായ്പ തിരിച്ചടയ്ക്കേണ്ടെന്ന് ഉറപ്പുനല്‍കി തറികള്‍ സ്ഥാപിച്ചെന്ന് രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇതിനായി രാജേന്ദ്രപ്രസാദ് ഇല്ലാത്ത കമ്പനിയുടെ രേഖകളും ഉണ്ടാക്കിയതായി സിബിഐ കണ്ടെത്തി. തറികള്‍ സ്ഥാപിക്കാതെ 188 പേര്‍ക്ക് 86,33,705 രൂപയാണ് അനധികൃതമായി വായ്പ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കയര്‍ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ആന്റോനെല്‍ വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി ബാബു, എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ കെ വി മോഹനന്‍, കയര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കെ ജി രാഘവന്‍, കണ്ണൂര്‍ റീജണല്‍ ഓഫീസര്‍ ടി രവീന്ദ്രന്‍, കാട്ടൂര്‍ രശ്മി വുഡ് വര്‍ക്സ് ഉടമ സോമന്റെ ഭാര്യ ടി എ സലിലമ്മ, ആലപ്പുഴ അവലൂകുന്ന് എസ് എന്‍ജിനിയേഴ്സ് ഉടമകളായ സി വി രാജേഷ്, പി ബാബു, ഹൈനസ് എന്‍ജിനിയറിങ് വര്‍ക്സ് ഉടമ ടി എന്‍ സത്യവാന്‍, മരുത്തോര്‍വട്ടം രാഹുല്‍ എന്‍ജിനിയറിങ് വര്‍ക്സ് ഉടമ പി കെ കുഞ്ഞുമോന്‍ എന്നിവരാണ് മറ്റു പ്രതികള്‍. അഴിമതി നിരോധന നിയമം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ കയര്‍ ബോര്‍ഡ്വഴി നടപ്പാക്കിയ റീജുവനൈസേഷന്‍, മോഡേണൈസേഷന്‍ ആന്‍ഡ് ടെക്നോളജിക്കല്‍ അപ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍ഡസ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് സാമ്പത്തികവെട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് 2126 റാട്ട് യൂണിറ്റുകളും 1678 തറി യൂണിറ്റുകളും നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബാങ്ക്മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ചശേഷം രണ്ടുലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. കയര്‍ ബോര്‍ഡ് തെരഞ്ഞെടുത്ത ഏജന്‍സിവഴി തറിയന്ത്രം സ്ഥാപിക്കുകയും വായ്പ ഈ ഏജന്‍സിയുടെ പേരില്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി ഇല്ലാത്ത കമ്പനിയുടെ പേരില്‍ ക്വട്ടേഷന്‍ നല്‍കുകയും വായ്പ തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതിയായ സലിലമ്മയുടെ പേരിലുള്ള തടിവ്യവസായസ്ഥാപനം പരിശോധിച്ച് തറിക്ക് വായ്പ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും പറയുന്നു. വായ്പയുടെ മുഴുവന്‍ തുകയും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും വായ്പയുടെ നിശ്ചിത ശതമാനം ഉദ്യോഗസ്ഥര്‍തന്നെ കൈക്കലാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് വ്യാപകമായ തട്ടിപ്പു നടന്നത്.

deshabhimani

Saturday, November 2, 2013

മന്ത്രി അടൂര്‍ പ്രകാശിനും സംഘത്തിനും വിദേശയാത്രയ്ക്ക് ചെലവ് 70 ലക്ഷം

കയര്‍മന്ത്രി അടൂര്‍ പ്രകാശിനും പരിവാരത്തിനും വിദേശയാത്രയ്ക്ക് ചെലവ് 70 ലക്ഷം രൂപ. വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍മാരായ കെ മദനന്‍, കെ ആര്‍ അനില്‍ തുടങ്ങിയവരുടെ വിദേശയാത്രകള്‍ക്കാണ് കേരള കയര്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഫണ്ട് ധൂര്‍ത്തടിച്ചത്. ഫോം മാറ്റിങ്സ് എംഡി ബി രാമചന്ദ്രനും ഊരുചുറ്റലിന് ഒപ്പമുണ്ടായിരുന്നു. ചെലവ് കമ്പനി വകയും. മന്ത്രിയുടെ വിദേശസഞ്ചാരം 11 തവണയെങ്കില്‍ കയര്‍ വകുപ്പ് സെക്രട്ടറി ഒട്ടുംകുറച്ചില്ല. 19 തവണ. കയര്‍ ഡയറക്ടര്‍ മദനന്‍ നടത്തിയത് 10 യാത്രയും. മന്ത്രിയും സെക്രട്ടറിയും ഒരുമിച്ച് എട്ടുതവണ സഞ്ചാരം നടത്തി. ഇതെല്ലാം കയറിന്റെയും കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന്റെയും പേരിലായിരുന്നു.

അവസാന യാത്ര മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗവും ഇപ്പോള്‍ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നുമായ കസാഖ്സ്ഥാനിലേക്ക്. ദുബായ്, ചൈന, ജൊഹന്നാസ്ബര്‍ഗ്, അമേരിക്കന്‍ ഐക്യനാടുകള്‍, ടോക്യോ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളും മന്ത്രി സന്ദര്‍ശിച്ചു. ദുബായ്, കൊളംബോ, മനില, വിയറ്റ്നാം, തായ്ലന്‍ഡ്, ജര്‍മനി, ആസ്ട്രിയ, നെതര്‍ലന്‍ഡ്്സ്, ഇറ്റലി, ജപ്പാന്‍, ഈസ്റ്റ് ഏഷ്യ, കൊളംബോ, ഫിലിപ്പീന്‍സ്, ഹോങ്കോങ്, ആംസ്റ്റര്‍ഡാം, ഉക്രെയിന്‍, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു കെ മദനന്റെ യാത്ര. ദുബായ്, സിംഗപ്പുര്‍, ശ്രീലങ്ക, വിയറ്റ്നാം, തായ്ലന്‍ഡ്, ഇറ്റലി, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ചൈന, ഫിലിപ്പീന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍, ജൊഹന്നാസ്ബര്‍ഗ്, കസാഖ്സ്ഥാന്‍, ബ്രസീല്‍, ടോക്യോ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു സന്ദര്‍ശനം. ചില സ്ഥലങ്ങളിലേക്ക് ആവര്‍ത്തിച്ച് യാത്ര നടത്തിയിട്ടുണ്ട്. ജൊഹന്നാസ്ബര്‍ഗ്, അമേരിക്കന്‍ ഐക്യനാടുകള്‍, ടോക്യോ, സിഡ്നി, കസാഖ്സ്ഥാന്‍, ചൈന എന്നിവിടങ്ങളിലേക്കായിരുന്നു മന്ത്രിയും സെക്രട്ടറിയും ഒരുമിച്ചുള്ള യാത്ര. കയര്‍ വകുപ്പ് സെക്രട്ടറി 173 ദിവസം വിദേശത്തായിരുന്നുവെങ്കില്‍ മന്ത്രി 72 ദിവസം വിദേശത്തായിരുന്നു

deshabhimani

Wednesday, October 2, 2013

കയര്‍ ബോര്‍ഡ് പരാജയം: വി എസ്

ആലപ്പുഴ: കയറിന്റെ സാധ്യത പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിലും തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും കയര്‍ ബോര്‍ഡും അനുബന്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സന്ദേശത്തിലാണ് വിഎസ് ഇങ്ങനെ പറഞ്ഞത്.

പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രമുളളപ്പോഴും കയര്‍ ഫാക്ടറി തൊഴിലാളികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. കയര്‍ ഫാക്ടറി തൊഴിലാളികള്‍ മാത്രമല്ല ചെറുകിട കയര്‍ ഫാക്ടറി ഉടമകളും ദുരിതത്തിലാണ്. മറ്റ് മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങളും അവരുടെ ആനുകൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്ക് ഇപ്പോഴും ന്യായമായ വേതനം ലഭിക്കുന്നില്ല. സ്വാഭാവിക നാരിന് വിദേശങ്ങളില്‍ പ്രാധാന്യം ഏറിവരികയാണ്. വൈവിധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍ ആവശ്യക്കാരും ഏറെയാണ്. കയര്‍ കയറ്റുമതിക്കാര്‍ വലിയതോതില്‍ ലാഭം കൊയ്യുന്നു. പ്രത്യേകിച്ച് രൂപയുടെ മൂല്യമിടിയുകയും ഡോളറിന് വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലാഭം ഇരട്ടിയായി.

പുതിയൊരു ജീവിതവും, പുതിയൊരു സമൂഹവും എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോന്നത്. കേവലം തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും മാത്രം ഉയര്‍ത്തിയായിരുന്നില്ല പ്രക്ഷോഭങ്ങളുടെ പാതകളില്‍ അണിനിരന്നത്. മറിച്ച് രാജ്യത്തിന്റെയാകെ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി അണിനിരക്കുകയായിരുന്നു അവര്‍. പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നതിനുവരെ നിര്‍ണായക സംഭാവനകള്‍ നല്‍കി എന്ന് പില്‍ക്കാല സംഭവവികാസങ്ങള്‍ തെളിയിച്ചു. പുന്നപ്ര-വയലാര്‍ സമരവും, ആ സമരം പിന്നീട് ഒരു ദശകം കഴിയുമ്പോള്‍ ഐക്യകേരളം സാക്ഷാത്കരിക്കപ്പെട്ടതും തുടര്‍ന്ന് ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുമൊക്കെ ചരിത്രമാണ്. ആ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സമഗ്ര കാര്‍ഷിക ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ നിയമവുമൊക്കെയാണ് കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിത്തീര്‍ത്തതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം പി കെ ചന്ദ്രാനന്ദന്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മണി എന്നിവര്‍ സംസാരിച്ചു. പി സുരേന്ദ്രന്‍ സ്വാഗതവും ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യ വേണം

മുഹമ്മ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന കയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ ഉല്‍പ്പാദനക്ഷമതയും തൊഴിലാളികള്‍ക്ക് വരുമാനവും ഉറപ്പുവരുത്തുന്ന ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് സെമിനാര്‍. മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച "കയര്‍ വ്യവസായം ഇനി എന്ത്?" എന്നസെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. സമഗ്രമായ പുനസംഘടന ആവശ്യമാണെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു.

കേരളത്തിന്റെ തനതായ ചകിരി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ നിലനില്‍ക്കാനാകില്ലെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ഇതിനായി ഏറ്റവും ആധുനികമായ തൊണ്ടുതല്ല് മില്ലുകള്‍ സ്ഥാപിക്കണം. 50 ശതമാനം സര്‍ക്കാര്‍ സബ്സിഡി നല്‍കണം. ഇടനില സാങ്കേതിക വിദ്യയ്ക്ക് അപ്പുറമുള്ളവ വേണമെന്ന നിലപാട് സ്വീകരിക്കണം. കേരളത്തില്‍ ലഭ്യമായ തൊണ്ടിന്റെ 20 ശതമാനംപോലും ചകിരിയാക്കി മാറ്റുന്നില്ല. ഇതോടെ ആലപ്പുഴയുടെ സ്വന്തമായിരുന്ന വെള്ളക്കയര്‍ അപ്രത്യക്ഷമായി. തമിഴ്നാട്ടില്‍നിന്നുള്ള ചകിരി ഉപയോഗിച്ചാണ് ഇവിടെ ഉല്‍പ്പാദനം. ഇതോടെ ഈ മേഖലയില്‍ നമുക്കുണ്ടായിരുന്ന കുത്തകസ്ഥാനം നഷ്ടപ്പെട്ടു. 2007-08ല്‍ 60,000 ടണ്‍ കയര്‍ മാറ്റ് ആന്‍ഡ് മാറ്റിങ്സ് കയറ്റുമതിചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 35,000 ടണ്ണായി കുറഞ്ഞു. 1,111 കോടിയുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തതില്‍ 600 കോടിയും തമിഴ്നാട്ടില്‍നിന്നാണ്. പിരി മേഖലയിലുള്ള സംഘങ്ങളെ പുനസംഘടിപ്പിക്കണം. ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പരിഷ്കാരം നടപ്പാക്കുമ്പോള്‍ ശിഷ്ടമുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ ജീവിക്കാനുള്ള വേതനം ഉറപ്പുവരുത്തണമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പിരി ഫാക്ടറി മേഖലയില്‍ 40,000 തൊഴിലാളികള്‍ മാത്രമേ ഇപ്പോള്‍ പണിയെടുക്കുന്നുള്ളൂ. ഓരോ വര്‍ഷം കഴിയുമ്പോഴും കേരളത്തിലെ കയര്‍ വ്യവസായം താഴേക്കുപോകുകയാണ്. യന്ത്രവല്‍കൃത ഉല്‍പ്പന്നങ്ങള്‍ കൈത്തറിയെന്നപേരില്‍ കടത്തുകയാണ്. ഇത് തടയണമെന്നും അദ്ദഹം പറഞ്ഞു. പുതിയ തലമുറയെ വ്യവസായത്തിലേക്ക് ആകര്‍ഷിക്കുംവിധമുള നവീകരണമാണ് നടപ്പാക്കേണ്ടതെന്ന് സെമിനാറില്‍ സംസാരിച്ച കയര്‍ വ്യവസായി വി ആര്‍ പ്രസാദ് പറഞ്ഞു. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ കെ രാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, പി വി പൊന്നപ്പന്‍, എം പി പവിത്രന്‍, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പ്രസിഡന്റ് സി കെ ഭാസ്കരന്‍ അധ്യക്ഷനായി. പി സുരേന്ദ്രന്‍ സ്വാഗതവും ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.

deshabhimani

Tuesday, June 11, 2013

സ്വര്‍ണ നാരിനെ കൊലക്കയറാക്കുന്നു

ആലപ്പുഴ: ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാരിനെ യുഡിഎഫ് സര്‍ക്കാര്‍, കയറില്‍ കവിത നെയ്യുന്ന തൊഴിലാളികളുടെ കഴുത്തിലെ കുരുക്കായി മാറ്റുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ച് ചെറുകിട കയര്‍ഫാക്ടറി ഉടമകളും ഒരു കയര്‍ഫാക്ടറി തൊഴിലാളിയുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏഴുമാസത്തിനുള്ളിലാണ് നാലുപേരുടെ ആത്മഹത്യ. വയലാര്‍ ഒളതല പൂത്തറ നികര്‍ത്ത് വിശ്വംഭരന്‍, മണ്ണഞ്ചേരി കറുകപ്പറമ്പ് സജിമോന്‍, തുറവൂര്‍ നികര്‍ത്തില്‍ പുരുഷോത്തമന്‍ എന്നിവരാണ് കഴിഞ്ഞ ആറുമാസത്തിനിടെ ആത്മഹത്യചെയ്തത്. ഒടുവില്‍ അഞ്ചുതറിയുടെ ഉടമയായിരുന്ന ദാസനും ജീവിതാന്ത്യത്തിലെത്തി നില്‍ക്കെ കയറില്‍ തന്നെ ജീവിതം ഒടുക്കി.

ആദ്യ മൂന്നുപേരെ കടക്കെണിയും തൊഴിലില്ലായ്മയുമാണ് ജീവനൊടുക്കാന്‍ കാരണമായതെങ്കില്‍ ഏക ആശ്രയമായ പെന്‍ഷന്‍ പോലും നിഷേധിക്കപ്പെടുമെന്ന ഭീതിയാണ് ദാസനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. കയര്‍ മേഖലയില്‍ കയറ്റുമതിക്കാര്‍ക്കും ഡിപ്പോക്കാര്‍ക്കും അനുകൂലമായി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളാണ് കയര്‍ മേഖലയില്‍ പ്രതിസന്ധിക്കിടയാക്കിയത്. കയര്‍കയറ്റുമതിക്കാര്‍ക്ക് കിട്ടുന്ന ഓര്‍ഡര്‍ കയര്‍കോര്‍പറേഷന്‍ വഴി ചെറുകിട ഉടമകള്‍ക്കും സഹകരണസംഘങ്ങള്‍ക്കും നല്‍കാനും ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത വില കിട്ടാനും മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതി നടപ്പാക്കിയിരുന്നു. ഇതെ തുടര്‍ന്ന് കയര്‍മേഖലയില്‍ വര്‍ഷം 150 ദിവസം വരെ ജോലിയും ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത വിലയും കിട്ടിയിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂലിയും ലഭിച്ചു. ഇത് കയര്‍ മേഖലയില്‍ ഉണര്‍വും ഉണ്ടാക്കി.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ വിലസ്ഥിരതാ പദ്ധതി തകര്‍ത്തു. ഡിപ്പോകള്‍ വീണ്ടും സജീവമായി. ചെറുകിടക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്ലെന്ന പ്രചാരണം ഊര്‍ജിതമാക്കി. കിട്ടുന്ന വിലയ്ക്ക് തടുക്കും കയറ്റുപായും വില്‍ക്കാന്‍ ചെറുകിടക്കാര്‍ നിര്‍ബന്ധിതരായി. പണിയും കുറഞ്ഞു. പല ഫാക്ടറികളിലും മാസം രണ്ട് ദിവസംപോലും പണിയില്ലാത്ത സ്ഥിതിയായി. ചെറുപ്പക്കാരായ തൊഴിലാളികള്‍ നിര്‍മാണ രംഗത്തേയ്ക്ക് മാറി. എന്നാല്‍ മധ്യവയസ്കരും പ്രായംചെന്നവരും ഈ രംഗത്തുതന്നെ തളച്ചിടപ്പെട്ടു. പെന്‍ഷന്‍ തുടര്‍ന്നുകിട്ടാന്‍ കൊണ്ടുവന്ന നിബന്ധനകള്‍ മൂലം പലര്‍ക്കും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. ഇതെല്ലാം കയര്‍മേഖലയില്‍ അരിക്ഷിതാവസ്ഥ ഉണ്ടാക്കി. ഇതാണ് തൊഴിലാളികളെയും ചെറുകിട ഉടമകളെയും ആത്മഹത്യയിലേക്ക് തള്ളുന്നത്. നേരത്തെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തിട്ടും അതിനെ ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകാഞ്ഞതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഗൃഹനാഥന്‍ ആത്മഹത്യചെയ്ത കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ കടങ്ങള്‍ എഴുതിതള്ളാനോ സര്‍ക്കാര്‍ തയ്യാറായില്ല. കയര്‍മേഖലയില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് മുഹമ്മ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അസുഖംമൂലം കിടപ്പിലായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ബാങ്ക് അക്കൗണ്ടും ആധാര്‍കാര്‍ഡും നിര്‍ബന്ധമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടക്കെണി: ഒരു കയര്‍ഫാക്ടറി തൊഴിലാളികൂടി ജീവനൊടുക്കി

എസ്എല്‍ പുരം: കടക്കെണിയും പെന്‍ഷന്‍ ലഭിക്കാനുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ ബുദ്ധിമുട്ടിലും മനംനൊന്ത് ആലപ്പുഴ ജില്ലയില്‍ കയര്‍ഫാക്ടറി തൊഴിലാളി ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ പാന്തേഴത്ത്വെളി ദാസന്‍ (86) ആണ് വീടിനോട് ചേര്‍ന്നുള്ള കയര്‍ഫാക്ടറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. അരയ്ക്ക് താഴെ ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കയര്‍തൊഴിലാളിയായ ഭാര്യയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഏഴുമാസത്തിനിടെ ദാസനടക്കം നാല് കയര്‍ഫാക്ടറി തൊഴിലാളികളാണ് കടക്കെണി മൂലം ആത്മഹത്യചെയ്തത്.

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. അടുത്തവീട്ടില്‍ താമസിക്കുന്ന മകന്റെ ഭാര്യ വൈകിട്ട് കഞ്ഞിയുമായെത്തിയപ്പോഴാണ് ദാസനെ മരിച്ചനിലയില്‍ കണ്ടത്. ദാസന്‍ അരനൂറ്റാണ്ടിലേറെയായി കയര്‍മേഖലയില്‍ പണിയെടുക്കുന്നു. എട്ട് തറകളുമായിട്ടാണ് തുടക്കം. കടബാധ്യതയെ മതുടര്‍ന്ന് ഇപ്പോള്‍ ഒരു തറമാത്രമാണ് ഉള്ളത്. രണ്ടാഴ്ചമുമ്പുവരെ ദാസന്‍ ഫാക്ടറിയില്‍ നെയ്തിരുന്നു. രോഗികളായ ദാസനും ഭാര്യയ്ക്കും മരുന്ന് വാങ്ങിയിരുന്നത് കടമായിട്ടായിരുന്നു. പെന്‍ഷന്‍ കിട്ടുമ്പോഴാണ് ഇത് വീട്ടിയിരുന്നത്. എന്നാല്‍ പെന്‍ഷന് സര്‍ക്കാര്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുകയും ബാങ്കില്‍ അക്കൗണ്ട് വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അരയ്ക്ക് കീഴ്പോട്ട് തളര്‍ന്ന ഭാര്യയെയുംകൊണ്ട് ആധാര്‍ കാര്‍ഡോ ബാങ്കില്‍ എത്തിച്ച് അക്കൗണ്ട് എടുക്കാനോ കഴിഞ്ഞില്ല. ഇക്കാരണത്താല്‍ പെന്‍ഷന്‍ നിഷേധിക്കുമോ എന്ന ആശങ്ക ദാസനുണ്ടായിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു. പലരില്‍ നിന്നും വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതും അദ്ദേഹത്തെ അലട്ടിയിരുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: പത്മസേനന്‍, മഹിപാലന്‍, പ്രശോഭ, ഹേമലത, പരേതനായ ബൈജു. മരുമക്കള്‍: ശ്യാമള, സുജാത, മോനപ്പന്‍, ഷാജി.

deshabhimani

Sunday, April 21, 2013

തുറുങ്കിനും പിന്തിരിപ്പിക്കാനായില്ല ഈ സമരവീര്യം


ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നിലെ പ്രതിക്കൂട്ടില്‍ ഹാജരായ 71 പേരോടുമായി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചശേഷം മജിസ്ട്രേട്ട് ചോദിച്ചു. നിങ്ങള്‍ കുറ്റംചെയ്തിട്ടുണ്ടോ? അവര്‍ ഉറച്ചശബ്ദത്തില്‍ ഒരേമനസ്സോടെ പറഞ്ഞു. ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ ഞെട്ടിപ്പോയി. 70 വയസ്സിലേറെ കഴിഞ്ഞവരും ബഹുഭൂരിപക്ഷം സ്ത്രീകളുമായിരുന്നു റിമാന്‍ഡിനുശേഷം പ്രതിക്കൂട്ടില്‍ നിന്നിരുന്നത്. തൊഴിലിനും കൂലിക്കുംവേണ്ടി പോരാട്ടഭൂമിയിലേക്കിറങ്ങിയ തങ്ങളെ ഒരു കല്‍ത്തുറുങ്കിനും പിന്തിരിപ്പിക്കാനാകില്ലെന്ന ധീരമായ പ്രഖ്യാപനമായിരുന്നു അവര്‍ നടത്തിയത്. തുടര്‍ന്ന് തൊഴിലാളികളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ മജിസ്ട്രേട്ട് എല്ലാവരെയും വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു. കയര്‍വ്യവസായത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ നടത്തുന്ന പഞ്ചദിന സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന്റെ ആദ്യദിവസം സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയവരാണ് ശനിയാഴ്ച ഉച്ചയോടെ ജയില്‍മോചിതരായത്. ""രണ്ടുവര്‍ഷമായി സംഘം അടഞ്ഞുകിടക്കുകയാണ്. ആനുകൂല്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതായ ഞങ്ങള്‍ക്ക് പിന്നെ എന്തു ജയില്‍?""- മുമ്പും സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുള്ള കായിക്കര സ്വദേശി 78 വയസ്സുള്ള സാവിത്രിയുടെ വാക്കുകളില്‍ ജീവിതസമരത്തിന്റെ മുദ്രാവാക്യം. പനിയടക്കമുള്ള അവശതകള്‍ ഉണ്ടായെങ്കിലും ആശുപത്രിയില്‍പ്പോലും പോകാന്‍ തയ്യാറാകാതെയാണ് സമരസേനാനികള്‍ ജയിലില്‍തന്നെ കഴിയാന്‍ തീരുമാനിച്ചത്. മജിസ്ട്രേട്ട് വീണ്ടും ജയിലിലടയ്ക്കാതെ വെറുതെ വിട്ടതിന്റെ ദുഃഖംമാത്രമേ കോടതിയില്‍നിന്നിറങ്ങിയപ്പോള്‍ ഇവരുടെ മുഖത്തുണ്ടായിരുന്നുള്ളൂ. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘം ചേര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് മാര്‍ഗതടസ്സം ഉണ്ടാക്കിയെന്നും പൊലീസിനെ അനുസരിച്ചില്ലെന്നതുമടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചാര്‍ത്തിയിരുന്നത്.

കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഭാരവാഹികളായ എം ആര്‍ രവി, ചന്ദ്രികാമ്മ, സുരേന്ദ്രന്‍, ആര്‍ അജിത്, പി മണികണ്ഠന്‍, വി ലൈജു, കഠിനംകുളം സാബു, വക്കം രഘുവരന്‍, ചെറുന്നിയൂര്‍ ശിവദാസന്‍, ബി എന്‍ സൈജുരാജ് എന്നിവര്‍ ഉള്‍പ്പെടെ ജയില്‍വാസം കഴിഞ്ഞെത്തിയ 71 പേര്‍ക്കും സിഐടിയു സംസ്ഥാനകമ്മിറ്റി ഓഫീസില്‍ ആവേശോഷ്മളമായ സ്വീകരണം നല്‍കി. സിഐടിയു സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍ സമരസേനാനികളെ രക്തഹാരം അണിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ട്രാവന്‍കൂര്‍ കയര്‍ത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ സായികുമാര്‍, അഡ്വ. വി ജോയി എന്നിവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

കയര്‍സമരം: 42 പേര്‍കൂടി അറസ്റ്റുവരിച്ചു

തിരു: പഞ്ചദിന കയര്‍ത്തൊഴിലാളി സമരത്തിന്റെ രണ്ടാംദിനം 42 തൊഴിലാളികളെക്കൂടി പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. കയര്‍വ്യവസായത്തെ സര്‍വനാശത്തിലേക്കു നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് "തൊഴില്‍ അല്ലെങ്കില്‍ ജയില്‍" എന്ന മുദ്രാവാക്യവുമായി സെക്രട്ടറിയറ്റ് പിക്കറ്റുചെയ്തവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍ 24 പേര്‍ സ്ത്രീകളാണ്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത് ജയിലിലടച്ച കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക് എംഎല്‍എ ഉള്‍പ്പെടെ 71 പേരെ ശനിയാഴ്ച കോടതി മോചിപ്പിച്ചു.

ശനിയാഴ്ച കൊല്ലം ജില്ലയിലെ തൊഴിലാളികളാണ് പിക്കറ്റിങ് നടത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. വ്യവസായമാകെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇടപെടാന്‍ വകുപ്പുമന്ത്രിക്ക് താല്‍പ്പര്യമില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിക്ക് വിദേശപര്യടനത്തില്‍മാത്രമാണ് താല്‍പ്പര്യം. കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യമേഖലയെല്ലാം തകര്‍ച്ചയിലാണ്. കുത്തകകള്‍ക്കുവേണ്ടി തൊഴിലാളികളെ തകര്‍ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയിലേക്ക് തൊഴിലാളികളെ എടുത്തെറിയുകയാണെന്ന് മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കയര്‍വ്യവസായത്തിന്റെ ആധുനികവല്‍ക്കരണത്തിനും പുനഃസംഘടനയ്ക്കും ആരും എതിരല്ല. തൊഴിലാളികളെ സംരക്ഷിച്ചായിരിക്കണം പുനഃസംഘടനയെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

 എസ് എല്‍ സജികുമാര്‍ അധ്യക്ഷനായി. കെ പി കുറുപ്പ് സ്വാഗതം പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, ആര്‍ ഗോപി, ശശിവര്‍ണന്‍, പി എസ് തമ്പി, ഡി സുരേഷ്കുമാര്‍, അശോകന്‍, ആര്‍ സുബാഷ്, അഡ്വ. എന്‍ സായികുമാര്‍, പുഷ്പാംഗദന്‍, ഡി അരുന്ധതി എന്നിവര്‍ സംസാരിച്ചു. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യത്തില്‍ ഉറച്ചുനിന്ന തൊഴിലാളികളെയും നേതാക്കളെയും പൊലീസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അറസ്റ്റിലായവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി റിമാന്‍ഡ് നടപടിക്ക് തയ്യാറായില്ല. തിങ്കളാഴ്ച ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളികളും കാര്‍ത്തികപ്പള്ളി മേഖലയിലെ തൊഴിലാളികളും സമരത്തില്‍ അണിചേരും. വി ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനംചെയ്യും.

deshabhimani 210413

Saturday, April 20, 2013

കയര്‍സമരം തുടങ്ങി


കയര്‍വ്യവസായത്തെ സര്‍വനാശത്തിലേക്കു നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യവുമായി സെക്രട്ടറിയറ്റ് പിക്കറ്റ് ചെയ്ത കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക് എംഎല്‍എ ഉള്‍പ്പെടെ 71 പേര്‍ ജയിലില്‍. ഇവരില്‍ 45 പേര്‍ സ്ത്രീകളും അവരില്‍ 20 പേര്‍ എഴുപത് വയസ്സ് പിന്നിട്ടവരുമാണ്. പുരുഷ വളന്റിയര്‍മാരെ ജില്ലാ ജയിലിലും വനിതാ വളന്റിയര്‍മാരെ അട്ടക്കുളങ്ങര സബ് ജയിലിലുമാണ് അടച്ചത്. ഇവരെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

തൊഴിലും ന്യായമായ കൂലിയും ഇല്ലാതായ നാലുലക്ഷത്തോളം കയര്‍ തൊഴിലാളികളുടെ ജീവിതവും തൊഴിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചദിന ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭം ആരംഭിച്ചത്. പിക്കറ്റിങ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പരമ്പരാഗത വ്യവസായ മേഖല തളരുകയാണെന്ന് പിണറായി പറഞ്ഞു. യുഡിഎഫിന് തൊഴിലാളികളോട് പ്രതിബദ്ധതയില്ല. അവര്‍ അധികാരത്തിലേറി രണ്ടുവര്‍ഷമാകുമ്പോഴേക്കും പരമ്പരാഗത തൊഴില്‍ മേഖലയില്‍ തളര്‍ച്ച പൂര്‍ണമായി. എല്‍ഡിഎഫ് ഭരണത്തില്‍ തൊഴില്‍ ഉറപ്പ് ഉണ്ടായിരുന്നു. പരമ്പരാഗത മേഖലയില്‍ ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത് കയര്‍ത്തൊഴിലാളികളാണ്. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാന്‍ ജീവന്മരണപോരാട്ടമല്ലാതെ മാര്‍ഗമില്ലെന്നും പിണറായി പറഞ്ഞു.

കയര്‍ വ്യവസായമേഖല പാടേ സ്തംഭിച്ചിരിക്കുകയാണെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സജിമോന്‍, വിശ്വംഭരന്‍ എന്നീ തൊഴിലാളികള്‍ തൊഴിലില്ലായ്മമൂലം ആത്മഹത്യചെയ്തു. കയറിനുവേണ്ടി ബജറ്റില്‍ വകയിരുത്തുന്ന തുക ഉപയോഗിച്ച് മേളകളും വിദേശ സന്ദര്‍ശനവും നടത്തി പണം ധൂര്‍ത്തടിക്കുകയാണ് അധികൃതരെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്, എം ആര്‍ രവി, അഡ്വ. രത്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. വളന്റിയര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. പ്രായമായ സ്ത്രീ വളന്റിയര്‍മാരെ പൊലീസ് തള്ളിയിട്ടു. തുടര്‍ന്ന് പൊരിവെയിലില്‍ റോഡില്‍ കിടന്ന വളന്റിയര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. പൊലീസ് ക്യാമ്പിലും തൊഴില്‍ അല്ലെങ്കില്‍ ജയില്‍ മുദ്രാവാക്യവുമായി ജാമ്യത്തിന് വിസമ്മതിച്ചതോടെ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ വൈസ് പ്രസിഡന്റ് എം ആര്‍ രവി, നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, കഠിനംകുളം ബാബു, ചന്ദ്രികാമ്മ, വക്കം രഘു, മണികണ്ഠന്‍ ചിറയിന്‍കീഴ് തുടങ്ങിയവരും ജയിലിലാണ്. ശനിയാഴ്ച കൊല്ലം ജില്ലയിലെ തൊഴിലാളികള്‍ സമരത്തില്‍ അണിനിരക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും.

deshabhimani 200413

Saturday, February 2, 2013

ബഹിഷ്കരിക്കുന്നത് തൊഴിലാളികളെ മറന്ന മേളയായതിനാല്‍: കയര്‍ വര്‍ക്കേഴ്സ് സെന്റര്‍


ആലപ്പുഴ: ആത്മഹത്യചെയ്ത കയര്‍ത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കയര്‍മന്ത്രിയും സര്‍ക്കാരും തയാറാകാതെ ധാര്‍ഷ്ട്യനിലപാട് സ്വീകരിച്ചതിനാലാണ് നാലരക്കോടി മുടക്കിയുള്ള ആര്‍ഭാട കയര്‍മേള ബഹിഷ്കരിക്കുന്നതെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സിഐടിയു പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എയും ജനറല്‍സെക്രട്ടറി ആനത്തലവട്ടം ആനന്ദനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലുള്ള കയര്‍ സംഘങ്ങള്‍ക്ക് സഹായം നല്‍കാതെ പുതിയതായി 130 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷം രൂപ വീതം നല്‍കുന്ന നടപടി നിര്‍ത്തിവയ്ക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ഫെഡിനായി മാറ്റിവച്ച 20 കോടി രൂപ ഉടനെ നല്‍കണം. ഇതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങളാണ് കയര്‍വര്‍ക്കേഴ്സ് സെന്റര്‍ കയര്‍മന്ത്രിക്ക് നല്‍കിയത്. എന്നാല്‍ ഇതില്‍ ഒന്നുപോലും പരിഗണിച്ചില്ല. കയര്‍ വ്യവസായം പ്രതിസന്ധിയിലാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഈ വ്യവസായം അസ്തമിച്ചു. സംസ്ഥാനത്താകെ നാലുലക്ഷത്തോളം പേര്‍ കയര്‍ വ്യവസായത്തില്‍ പണിയെടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഒരുലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ മേഖലയ്ക്കായി 100 കോടി രൂപയാണ് നീക്കിവച്ചത്. കയറുമായി ഒരു ബന്ധവുമില്ലാത്ത കോന്നിയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുമെന്ന് നയപ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം തൊഴിലാളികളും പട്ടിണിയെ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പൂര്‍ണ നിസംഗതയിലാണ്. ഇതിനാലാണ് കയര്‍മേളയുമായി സഹകരിക്കാത്തത്. കയര്‍ സെന്ററിന്റെ പ്രവര്‍ത്തകരോ തൊഴിലാളികളോ ഇതില്‍ പങ്കെടുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കയര്‍മേളയില്‍ സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു. റോഡ് മുഴുവന്‍ ഫ്ളക്സ് വച്ചാല്‍ കയര്‍വ്യവസായം രക്ഷപെടില്ല. കയര്‍മേളയുടെ പ്രധാന ഗേറ്റിന് മാത്രം 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തിരുവനന്തപുരത്തെ ഈവന്‍ മാനേജ്മെന്റിനാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. കള്ളക്കണക്കുകള്‍ കാട്ടി കയര്‍ കയറ്റുമതി വര്‍ധിച്ചുവെന്ന് വരുത്തിതീര്‍ക്കുകയാണ്. പിവിസി ഉല്‍പ്പന്നങ്ങള്‍ ഫൈബര്‍ മാറ്റ്സിന്റെ അക്കൗണ്ടില്‍പ്പെടുത്തിയാണ് കണക്കുകള്‍ പെരുപ്പിച്ചുകാട്ടുന്നത്. തൊണ്ടും ചകിരിയും സംഭരിക്കാന്‍ സംവിധാനമില്ല. കഴിഞ്ഞ സര്‍ക്കാര്‍ 18 കോടി മുടക്കി നിര്‍മിച്ച യന്ത്രനിര്‍മാണ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകുന്നില്ല. കയര്‍മേള ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

കയര്‍തൊഴിലാളിരോഷം അണപൊട്ടി

ആലപ്പുഴ: നാലരക്കോടി രൂപ ചെലവഴിച്ചുള്ള ആര്‍ഭാട കയര്‍മേളയ്ക്ക് തിരിതെളിഞ്ഞപ്പോള്‍ തൊഴിലില്ലായ്മ മൂലം പട്ടിണിയിലായ കയര്‍പിരിതൊഴിലാളികളും കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും ഉദ്ഘാടന നഗറിന് മുന്നില്‍ ശവമഞ്ചവും പേറി പ്രതിഷേധമാര്‍ച്ച് നടത്തി. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ചെറുകിട കയര്‍തൊഴിലാളികളും ഉല്‍പ്പാദകരും നടത്തിയ മാര്‍ച്ച് കയര്‍സെന്റര്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. വ്യവസായ ഓഫീസിന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ ടി കെ ദേവകുമാര്‍, വി എസ് മണി, കെ ആര്‍ ഭഗീരഥന്‍, ജി വേണുഗോപാല്‍, പി പി ചിത്തരഞ്ജന്‍, സി കെ ഭാസ്കരന്‍, പി കെ സോമന്‍, കയര്‍ഫെഡ് പ്രസിഡന്റ് സജികുമാര്‍, എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ നാസര്‍ സ്വാഗതം പറഞ്ഞു.

deshabhimani 020213

Wednesday, January 30, 2013

കയര്‍മേള: വാര്‍ത്ത തെറ്റ്


കയര്‍മേള ബഹിഷ്കരി ക്കുന്നതിനുള്ള സിഐടിയു തീരുമാനം സി.പി.ഐ (എം) ഇടപെട്ട് തടഞ്ഞു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കയര്‍ കേരള പ്രദര്‍ശനം ബഹിഷ്കരിക്കുവാനുള്ള കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ തീരുമാനത്തെ പാര്‍ടി ഇടപെട്ട് തടഞ്ഞു എന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത. തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ആ സംഘടനകളുടെ ഭരണഘടനയുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലാണ്. ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്. ഇത്തരം കാര്യങ്ങളിലൊന്നും പാര്‍ടി ഇടപെടല്‍ ഉണ്ടാകാറില്ല. കയര്‍ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത സംഘടന ആ മേഖലയിലെ പ്രക്ഷോഭങ്ങളുടെ സ്വഭാവം തീരുമാനിക്കുകയാണുണ്ടായത്.

വസ്തുത ഇതായിരിക്കെ പാര്‍ടിക്കകത്ത് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ട് എന്ന് വ്യാഖ്യാനിച്ച്് വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദുരുദ്ദേശത്തോടുകൂടിയാണ്. വലതുപക്ഷ മാധ്യമങ്ങളുടെ ഇത്തരം കള്ള പ്രചാരവേലകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Sunday, January 20, 2013

തുടങ്ങുംമുമ്പേ വിവാദച്ചുഴിയില്‍


ആലപ്പുഴ: കയര്‍ കേരള-2013 തുടങ്ങുംമുമ്പേ വിവാദച്ചുഴിയില്‍. അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെയും ഇന്നോളം പിടികൊടുക്കാതെ തീവെട്ടിക്കൊള്ള നടത്തുന്നവരെയും കുത്തിനിറച്ച വിവിധ കമ്മിറ്റികളാണ് കയര്‍ കേരള-2013ന് നേതൃത്വം നല്‍കുന്നതെന്നാണ് ആക്ഷേപം. കയര്‍ കേരളയ്ക്ക് നാന്ദികുറിച്ച മുന്‍മന്ത്രിയും സ്ഥലം എംഎല്‍എയുമായ ജി സുധാകരനെ ബോധപൂര്‍വം പരിപാടികളില്‍നിന്നും ഒഴിവാക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. കയര്‍ കേരളയെന്ന ആശയം മുന്നോട്ടുവയ്ക്കുകയും എല്‍ഡിഎഫ് സര്‍ക്കാരില്‍ കയര്‍മന്ത്രിയായിരുന്ന് ആശയം നടപ്പാക്കുകയും ചെയ്തയാളാണ് ജി സുധാകരന്‍. ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന കയര്‍മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ കയര്‍കേരളയ്ക്ക് കഴിഞ്ഞിരുന്നു. വിദേശ ബയറര്‍മാരെവരെ ക്ഷണിച്ചുവരുത്തി കയറിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി വിദേശവിപണിയില്‍ കേരളത്തിന്റെ "സുവര്‍ണനാരിന്" അര്‍ഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കാന്‍ കയര്‍കേരളയ്ക്ക് സാധിച്ചുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. വിദേശ കയറ്റുമതിയില്‍ കയറുല്‍പ്പന്നങ്ങളുടെ കുതിച്ചുചാട്ടത്തിന് കയര്‍കേരള കാരണമാകുന്നതായി വകുപ്പുമന്ത്രി അടുര്‍ പ്രകാശ് തന്നെ വാര്‍ത്താസമ്മേളനങ്ങളിലടക്കം പറയുന്നു.

കക്ഷിരാഷ്ട്രീയങ്ങള്‍ക്കും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും തെല്ലും സ്ഥാനം നല്‍കാതെ നടന്നിരുന്ന കയര്‍കേരളയാണ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങളുടെ പിടിയിലമരുന്നത്. കയര്‍കേരളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എകൂടിയായ ജി സുധാകരനെ മന്ത്രിയോ കയര്‍ സെക്രട്ടറിയോ ക്ഷണിച്ചില്ല. യോഗത്തില്‍ അധ്യക്ഷനാകണമെന്ന് അഭ്യര്‍ഥിച്ചത് കയര്‍ ഡയറക്ടറാണ്. എന്നിട്ടും സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ എംഎല്‍എയുടെ സൗകര്യം പരിഗണിക്കുകപോലും ചെയ്യാതെ ഈ പരിപാടി ഏകപക്ഷീയമായി വൈകിട്ട് ആറിലേക്ക് മാറ്റുകയായിരുന്നു. കൃത്യനിഷ്ടക്കാരനായ ജി സുധാകരന്‍ എംഎല്‍എയെ ഒഴിവാക്കാന്‍ മന്ത്രി ബോധപൂര്‍വം ഉണ്ടാക്കിയതാണ് അസൗകര്യമെന്നാണ് കോണ്‍ഗ്രസുകാരുടെ ഇടയിലെതന്നെ അഭിപ്രായം. പിന്നാമ്പുറ വാതിലിലൂടെയും വ്യക്തിബന്ധം വിനിയോഗിച്ചുമെല്ലാം വിവിധ കമ്മിറ്റികളില്‍ കയറിപ്പറ്റിയവര്‍ ഇടനിലക്കാരെവച്ച് ഓരോന്നിനും എത്ര കമീഷന്‍ ലഭ്യമാകുമെന്ന് അന്വേഷിച്ചും തര്‍ക്കിച്ചും തുക ഉറപ്പാക്കുന്ന ജോലി തുടങ്ങിയിട്ട് ആഴ്ചകളായി. തക്കംപോലെ ചരിഞ്ഞും മറിഞ്ഞും ഭരണ-പ്രതിപക്ഷ നേതാക്കളുടെ ബന്ധുത്വം പറഞ്ഞുവരെ ചിലര്‍ കമീഷന്‍ ഏജന്റുമാരായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മന്ത്രി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അന്വേഷിക്കാമെന്നുമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ കയര്‍മേളയില്‍ പങ്കെടുത്ത വിദേശപ്രതിനിധികളില്‍ പലരും കേരളത്തില്‍ നടന്ന ദേശാന്തര സെമിനാറില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളായിരുന്നത്രെ. അവരെ കയര്‍മേളയ്ക്ക് കൊണ്ടുവന്ന് ചെലവ് എഴുതുകയായിരുന്നെന്ന ആരോപണം സംഘാടകരില്‍ ചിലര്‍തന്നെ രഹസ്യമായി പറയുന്നുണ്ട്.

deshabhimani 200113

Tuesday, April 24, 2012

കയര്‍തൊഴിലാളി പെന്‍ഷന്‍: വാര്‍ത്ത വസ്തുതാവിരുദ്ധം


ആലപ്പുഴ: കയര്‍തൊഴിലാളി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കയര്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 60,000ത്തോളം വരുന്ന കയര്‍തൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് വിഷുവിനോടനുബന്ധിച്ചുള്ള പെന്‍ഷന്‍ വിതരണം വൈകിയത് സിപിഐ എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പെന്‍ഷന്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ യഥാസമയം അനുവദിക്കാത്തതുമൂലമാണ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി വിഷുക്കാലത്തെ കയര്‍ പെന്‍ഷന്‍ മുടങ്ങിയത്.

കയര്‍തൊഴിലാളി പെന്‍ഷന്‍ എല്‍ഡിഎഫ് ഭരണത്തില്‍ കുടിശ്ശിക ഇല്ലാതെയും കൃത്യമായും സമയബന്ധിതമായും വിതരണം ചെയ്തിരുന്നു. മുന്‍ യുഡിഎഫ് ഭരണകാലങ്ങളിലെപ്പോലെ കയര്‍തൊഴിലാളി പെന്‍ഷന്‍ ഇപ്പോള്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. 2012 മാര്‍ച്ച് മാസം വരെയുള്ള നാലുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിന് 9.60 കോടി രൂപ ആവശ്യമായിടത്ത് ബജറ്റ് വിഹിതം ഇല്ലാത്തതിനാല്‍ കേവലം 1.97 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കയര്‍ തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായം നല്‍കാനുള്ള മാച്ചിങ് ഗ്രാന്റായ രണ്ടുകോടി രൂപയും, വിദ്യാഭ്യാസ ധനസഹായം നല്‍കേണ്ട ഒരുകോടി രൂപയും വക മാറ്റിയാണ് ഏപ്രില്‍ 12ന് രണ്ടുമാസത്തെ പെന്‍ഷന്‍ നല്‍കുവാനുള്ള പണം വിവിധ ഓഫീസുകള്‍ക്ക് നല്‍കിയത്. 13,14,15 തീയതികളില പോസ്റ്റാഫീസ് അവധിയായതിനാല്‍ വിഷു കഴിഞ്ഞാണ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത്. വസ്തുതകള്‍ ഇതായിരിക്കെ യുഡിഎഫ് അനുകൂല സംഘടനാപ്രവര്‍ത്തകര്‍ തങ്ങളുടെ ജാള്യം മറയ്ക്കാനാണ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജീവനക്കാരെ പഴിചാരുന്നതെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ വി ഉത്തമന്‍ അറിയിച്ചു.

deshabhimani 240412

Monday, April 16, 2012

കൈത്തറി വ്യവസായം, കയര്‍മേഖല പ്രതിസന്ധിയില്‍


ബാലരാമപുരം: കൈത്തറിനെയ്ത്തിന് ആവശ്യമായ പാവ്, നൂല്‍, കസവ്, ചായം, രാസപദാര്‍ഥങ്ങള്‍, തറിസാധനങ്ങള്‍ എന്നിവയുടെ വിലക്കയറ്റം കൈത്തറിവ്യവസായത്തെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടരമാസത്തിനുള്ളില്‍ പാവിന്റെ വിലയില്‍ 45 മുതല്‍ 63 ശതമാനംവരെ വിലവര്‍ധനയുണ്ടായി. നൂല്‍ ഇനങ്ങളുടെ വിലയും 35 മുതല്‍ 45 ശതമാനംവരെയും കസവുവില 80 ശതമാനംവരെയും ഉയര്‍ന്നു. വിലവര്‍ധന ചെറുകിട കൈത്തറിനെയ്ത്ത് മേഖലയെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുകയാണ്.

അയ്യായിരത്തി അഞ്ഞൂറ് രൂപയായിരുന്ന 100-ാംനമ്പര്‍ പാവിന്റെ ഇപ്പോഴത്തെ വില 8000 രൂപയാണ്. 90-ാംനമ്പര്‍ പാവിന്റെ വില 4100ല്‍നിന്ന് 6700 ആയി. 80-ാംനമ്പര്‍ പാവുവില 3700 ആയിരുന്നത് 5500 രൂപയായി. ഒരുകെട്ട് (30 കഴി) 60-ാംനമ്പര്‍ നൂലിന്റെ വില 950 രൂപയില്‍നിന്ന് 1350 ആയി ഉയര്‍ന്നു. 80-ാംനമ്പര്‍ നൂല്‍ ഒരു കെട്ടിന് (20 കഴി) 500 രൂപയായിരുന്നത് 700 രൂപയായി. 100-ാംനമ്പര്‍ നൂലിന് ഒരു കെട്ടിന്റെ (25 കഴി) വില 700 രൂപയില്‍നിന്ന് 950 രൂപയായി. 300 രൂപയായിരുന്ന ഒരു മാര്‍ക്ക് കസവിന്റെ ഇപ്പോഴത്തെ വില 650 രൂപയാണ്. ബാലരാമപുരത്തെ ചെറുകിടനെയ്ത്തുകാരും നെയ്ത്ത് ഉടമകളും പാവിനും നൂലിനും മുഖ്യമായി ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നൂല്‍ ബാങ്കുകള്‍ ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ മേല്‍ത്തരം നൂല്‍ ഇവിടെനിന്ന് ലഭിക്കുന്നില്ല.
(ബാലരാമപുരം കൃഷ്ണന്‍കുട്ടി)

ചൂഷണം രൂക്ഷമാകുന്നു; കയര്‍മേഖല പ്രതിസന്ധിയില്‍

ചാത്തന്നൂര്‍: കുത്തക മുതലാളിമാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തെതുടര്‍ന്ന് കയര്‍മേഖല വന്‍ പ്രതിസന്ധിയിലേക്ക്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ജീവിതമാര്‍ഗമായ കയര്‍മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കയര്‍വ്യവസായം ഇന്ന് നാമമാത്രമാണ്. തീരദേശമേഖലകളിലെ കയര്‍വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന പരവൂരില്‍ ഇന്ന് സ്ഥിതിയാകെ മാറി. ഏതാനും സംഘങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ഇവരാകട്ടെ നിലനില്‍പ്പിനായി പോരാടുകയാണ്. പരവൂര്‍ കായലില്‍ തൊണ്ടഴുക്കി ചകിരിയാക്കി ചക്രംചവുട്ടി പരമ്പരാഗത ശൈലിയില്‍ കയര്‍ പിരിച്ചിരുന്ന കാലവും അവസാനിച്ചു.

അന്യംനിന്നു തുടങ്ങിയ കയര്‍മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൊണ്ടുവന്നത് ഈ മേഖലയ്ക്ക് ഉണര്‍വേകി. തൊണ്ടുസംഭരണത്തിന് പ്രത്യേകം പാക്കേജുകള്‍ ഏര്‍പ്പാടാക്കി. താരതമ്യേന തുച്ഛമായിരുന്ന കയര്‍തൊഴിലാളികളുടെ കൂലി ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 210 രൂപയാക്കി. രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ കയര്‍സംരംഭകര്‍ക്ക് കയര്‍ഫെഡ് മുഖേന കയര്‍ വിറ്റഴിക്കാനും തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൂലി ഉറപ്പാക്കാനും കഴിഞ്ഞു. കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ സബ്സിഡി നിരക്കില്‍ ചകിരി എത്തിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. പൊള്ളാച്ചി, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ ചകിരി നേരിട്ട് കേരളത്തിലെത്തിച്ച് രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സംരംഭകര്‍ക്കും സംഘങ്ങള്‍ക്കും നല്‍കിയിരുന്നു. തൊണ്ട്സംഭരണം പാളിയതാണ് ചകിരിക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്. കര്‍ഷകര്‍ തെങ്ങ്കൃഷിയില്‍നിന്ന് മാറിയതും കയര്‍മേഖലയ്ക്ക് തിരിച്ചടിയായി. പച്ചത്തൊണ്ടില്‍നിന്ന് ചകിരി വേര്‍തിരിച്ചെടുക്കുന്നതിനുള്ള നവീനമായ യന്ത്രങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ഇവയെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്.

 പരവൂര്‍, കരുനാഗപ്പള്ളി, കുണ്ടറ, മണ്‍ട്രോത്തുരുത്ത് തുടങ്ങി കടലോര തീരപ്രദേശങ്ങളിലാണ് പ്രധാനമായും കയര്‍വ്യവസായം ഉണ്ടായിരുന്നത്. പരവൂര്‍ പൊഴിക്കരയില്‍ മണിയംകുളം പാലത്തിന് സമീപമുള്ള ജില്ലയിലെ തന്നെ ആദ്യത്തെ യന്ത്രവല്‍കൃത സ്വകാര്യ കയര്‍ഫാക്ടറിയും നിലനില്‍പ്പിനായി കഷ്ടപ്പെടുകയാണ്. കുറഞ്ഞ കൂലിയും സമൂഹത്തിലെ ഒറ്റപ്പെടലുകളുമാകാം സ്ത്രീത്തൊഴിലാളികള്‍ കയര്‍മേഖലയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാസെക്രട്ടറി കെ പി കുറുപ്പ് പറഞ്ഞു.
(ആര്‍ മോഹന്‍ദാസ്)

deshabhimani 160412

Sunday, February 26, 2012

നേട്ടങ്ങളുടെ പേരില്‍ കേരളം ശിക്ഷവാങ്ങുന്നു: ജയറാം രമേശ്

ഉറപ്പുപറയാനാകില്ല: ജയറാം രമേശ്

ആലപ്പുഴ: കയര്‍ മേഖല ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍പെടുത്തുന്ന കാര്യം പരിശോധിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയില്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ ജോലിസമയം കുറയ്ക്കണമെന്ന് മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. തൊണ്ടു സംഭരണം തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. എന്നാല്‍ കയര്‍ മേഖലയെ തൊഴിലുറപ്പിന്റെ പരിധിയില്‍ പെടുത്താതിരിക്കാന്‍ കേന്ദ്രത്തില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍ കയര്‍ മന്ത്രി ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ഒന്നാം യുപിഎയുടെ കാലത്ത് സര്‍ക്കാരിനെ പുറമെനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തൊഴിലുറപ്പ് നിയമം പാസാക്കിയത്. വിവരാവകാശ നിയമവും വനാവകാശ നിയമവും പാസാക്കിയതും അന്നാണ്. ഇടതുപക്ഷം പറയുന്നതും ഇനിയും കേട്ടാല്‍ നന്നായി ഭരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 2123 തൊഴിലാളികള്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കി. ജില്ലയില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനത്തെത്തിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം നേടിയ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിനും ചടങ്ങില്‍ പുരസ്കാരം നല്‍കി. ഏറ്റവും അധികം തൊഴില്‍ ദിനങ്ങള്‍ നല്‍കിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും പട്ടികജാതി വിഭാഗത്തിന് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയ ഭരണക്കാവ് പഞ്ചായത്തിനും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഏറ്റവും അധികം തൊഴില്‍ നല്‍കിയ ചേന്നംപള്ളിപ്പുറം പഞ്ചായത്തിനും പുരസ്കാരം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ രമേശ് ചെന്നിത്തല, എ എം ആരിഫ്, പി തിലോത്തമന്‍ , പി സി വിഷ്ണുനാഥ്, കലക്ടര്‍ സൗരഭ് ജെയിന്‍ , ഗ്രാമപഞ്ചായത്ത് വികസന വകുപ്പ് കമ്മീഷണര്‍ എം നന്ദകുമാര്‍ , മുന്‍ എംഎല്‍എ എ എ ഷൂക്കൂര്‍ , മില്‍മ ചെയര്‍മാന്‍ കല്ലട രമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴിലുറപ്പു പദ്ധതി തൊഴിലാളി കുടുംബങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കേന്ദ്രമന്ത്രി കണ്ടത് പണിതീരാത്ത റോഡ്

തുറവൂര്‍ : വന്‍തുക ചെലവഴിച്ച് തൊഴിലുറപ്പ് പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെത്തിയ ചടങ്ങ് പ്രഹസനമായി. ചടങ്ങ് കോണ്‍ഗ്രസ് മേളയാക്കിയതോടെ ചടങ്ങിന്റെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെട്ടു. പട്ടണക്കാട് ബ്ലോക്കുതല തൊഴിലുറപ്പ് പദ്ധതി പ്രദേശമായ കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം-ചേരുങ്കല്‍ ഫാം റോഡാണ് കേന്ദ്രമന്ത്രി ജയറാം രമേശും പരിവാരങ്ങളും സന്ദര്‍ശിച്ചത്. എട്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ഫാം റോഡിന്റെ പുനര്‍നിര്‍മാണമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ വിഭാവനം ചെയ്തത്. ഫാം റോഡിന്റെ ഇരുവശങ്ങളിലും കയര്‍ഭൂവസ്ത്രം വിരിച്ച് പാര്‍ശ്വഭിത്തികളില്‍ രാമച്ചം വച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. എന്നാല്‍ ചങ്ങരം സ്കൂള്‍ മുതല്‍ അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ കാല്‍ഭാഗം പോലും പ്രദേശത്ത് പ്രവൃത്തികള്‍ നടത്താതെയാണ് അധികൃതര്‍ ചടങ്ങ് സംഘടിപ്പിച്ചത്.

മന്ത്രി എത്തുന്ന റോഡരുകുകളിലും മറ്റും പൗരസമിതിയുടെ പേരില്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. 12,51,404 ലക്ഷം രൂപ ചെലവിടുന്ന പദ്ധതി പൂര്‍ണമായി നടപ്പാക്കുക, ചേരുങ്കല്‍ സുബ്രഹ്മണ്യക്ഷേത്രം വരെ റോഡ് പുനര്‍നിര്‍മിക്കുക, ഇതില്‍ നടന്ന അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പോസ്റ്ററിലൂടെ നാട്ടുകാര്‍ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് നാട്ടുകാര്‍ തടഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ 10.30 ഓടെ എത്തിയ മന്ത്രിയോട് തൊഴില്‍ദിനം 100 ദിവസം എന്നത് 200 ദിവസമാക്കണമെന്നും വേതനം 150 രൂപയില്‍ നിന്നും 200 ആക്കണമെന്നും ഉച്ചഭക്ഷണവും കൂടി തൊഴിലാളികള്‍ക്ക് നല്‍കണമെന്നും സമയക്രമീകരണം വരുത്തണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിഗണിക്കാം എന്ന പതിവ് മറുപടിയാണ് മന്ത്രിയില്‍ നിന്നുണ്ടായത്. ചേരുങ്കല്‍റോഡ് ടാറിങിന് കേന്ദ്രം ഫണ്ട് നല്‍കുമെന്നും പുരപദ്ധതി പ്രകാരം ഗ്രാമീണമേഖലയില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പ്രതിനിധികള്‍ നിവേദനം നല്‍കിയപ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി പി മധു സ്വാഗതം പറഞ്ഞു. കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ , എ എം ആരിഫ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ സൗരഭ് ജയിന്‍ , ഗ്രാമവികസന കമീഷണര്‍ നന്ദകുമാര്‍ , അസിസ്റ്റന്റ് കമീഷണര്‍ , മോഹന്‍കുമാര്‍ , വിശ്വനാഥചെട്ടിയാര്‍ , ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ , അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചിന്നമ്മ നാടന്‍പാട്ട് പാടി.

നേട്ടങ്ങളുടെ പേരില്‍ കേരളം ശിക്ഷവാങ്ങുന്നു: ജയറാം രമേശ്

ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലെ നേട്ടങ്ങള്‍ക്ക് കേരളം ശിക്ഷ വാങ്ങേണ്ട സ്ഥിതിയാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. കേന്ദ്രം ആവിഷ്കരിക്കുന്ന ബൃഹത്തായ പദ്ധതികള്‍ ഓരോ സംസ്ഥാനത്തെയും സാധ്യതകള്‍ക്കും പ്രത്യേകതകള്‍ക്കും അനുസരിച്ച് മാറ്റാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കുട്ടനാട് സന്ദര്‍ശനത്തിനിടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ഗ്രാമ വികസനത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലയിലാണ്. വടക്കേ ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബീഹാര്‍ , മധ്യപ്രദേശ്, അസം തുടങ്ങിയ പിന്നോക്ക സംസ്ഥാനങ്ങളെ മുന്നില്‍ കണ്ടാണ് കേന്ദ്രം പല പദ്ധതികളും ആവിഷ്കരിക്കുന്നത്. അതിനാലാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പല മാനദണ്ഡങ്ങളും നിബന്ധനകളും കേരളവും പഞ്ചാബും പോലുള്ള വികസിത സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാകുന്നത്. ഇതു മൂലം നേട്ടങ്ങള്‍ നിലനിര്‍ത്താനാകാതെ പല രംഗങ്ങളിലും സംസ്ഥാനങ്ങള്‍ പിന്നോക്കം പോകുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയാണ് ഏറ്റവും വലിയ ഉദാഹരണം. കേരളം, തമിഴ്നാട് പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ എട്ടു മീറ്റര്‍ റോഡെന്നത് പ്രായോഗികമല്ലെന്നും ജയറാം രമേശ് പറഞ്ഞു.

deshabhimani 260212

Wednesday, February 1, 2012

കയര്‍ബോര്‍ഡ് തട്ടിപ്പ്; 2 കോണ്‍ഗ്രസ് നേതാക്കളെ സിബിഐ ചോദ്യംചെയ്തു

തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതിയില്‍ കോടികള്‍ വെട്ടിച്ച കേസില്‍ ഡിസിസി ജില്ലാ ട്രഷററെയും കോണ്‍ഗ്രസിന്റെ ജില്ലാപഞ്ചായത്ത് അംഗത്തെയും സിബിഐ ചോദ്യം ചെയ്തു. ശിവമൈ കയര്‍ ഇന്‍ഡസ്ട്രീസ് ഉടമയും ഡിസിസി ട്രഷററുമായ സുബ്രഹ്മണ്യദാസ്, ജില്ലാ പഞ്ചായത്ത് അംഗവും കെപിസിസി അംഗവുമായ രാജേന്ദ്രപ്രസാദ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സിബിഐ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കോടികളുടെ കമീഷന്‍ ഇടപാട് നടന്നതായും സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ അനുവദിച്ച 90 ശതമാനം തുകയും പാഴായതായും പ്രാഥമിക അന്വേഷണത്തില്‍ സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചേര്‍ത്തല അമ്പലപ്പുഴ താലൂക്കില്‍ മാത്രം തറിസ്ഥാപിക്കാതെ രണ്ടു കോടി രൂപ കമീഷന്‍ ഇനത്തില്‍ തട്ടിയതായാണ് വിവരം. കയര്‍ബോര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ റീജുവനൈസേഷന്‍ , മോഡേണൈസേഷന്‍ ആന്റ് ടെക്നോളജിക്കല്‍ അപ്പ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍സ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടിപ്പ് നടത്തിയത്. കേരളത്തില്‍ 2126 റാട്ട് യൂണിറ്റുകളും 1678 തറി യൂണിറ്റുകളും നല്‍കാനായിരുന്നു പദ്ധതി. ഇതു വഴി താഴേതട്ടില്‍ കയര്‍ - കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. ബാങ്ക് മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ച ശേഷം രണ്ടു ലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. തറിയന്ത്രം സ്ഥാപിക്കുന്ന ഏജന്‍സിയെ കയര്‍ബോര്‍ഡാണ് നിശ്ചയിച്ചത്. ഇവര്‍ തറി സ്ഥാപിച്ചതിന് ശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്.

ഒരേ തറി തന്നെ പലസ്ഥലങ്ങളില്‍ മാറ്റി മാറ്റി സ്ഥാപിച്ച് പത്തും പതിനഞ്ചും തറികള്‍ക്കുള്ള വായ്പ ലഭ്യമാക്കിയതായി സിബിഐ കണ്ടെത്തി. ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കില്‍ 400ഓളം തറി അനുവദിച്ചതില്‍ ഇരുപതില്‍ താഴെ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാക്കിയൊക്കെ ഏജന്‍സിയും ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കളും കയര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കടലാസില്‍ ഒതുക്കി. ഇപ്രകാരം തറി സ്ഥാപിക്കാതെ വായ്പയും രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ ഇളവും സംഘടിപ്പിച്ചു നല്‍കിയതിന് ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ 50,000 രൂപ കമീഷന്‍ പറ്റി. ഇളവ് നല്‍കിയ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് 30 കോടിയും നഷ്ടമായി. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നപ്പോഴാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. മുന്‍ എംപി എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇരുവരും സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
(ഡി ദിലീപ്)

deshabhimani 010212

Monday, January 2, 2012

കയര്‍ പ്രതിസന്ധി: പരിഹരിക്കാന്‍ ഇച്ഛാശക്തിയോടെയുള്ള നടപടി വേണം

ആലപ്പുഴ: കയര്‍ ക്രയവില സ്ഥിരതാപദ്ധതി, ആധുനികവല്‍ക്കരണം, ഉല്‍പ്പന്നവൈവിധ്യം, മെച്ചപ്പെട്ട കൂലിസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ കയര്‍വ്യവസായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ എന്ന് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കയര്‍ പ്രതിസന്ധിയും പരിഹാരങ്ങളും" എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായ കയര്‍ കമീഷന്റെ ശുപാര്‍ശകള്‍പ്രകാരമാണ് ഈ വ്യവസായത്തില്‍ നിരവധി ആധുനിക നടപടികള്‍ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തില്‍വന്നതോടെ ഈ നടപടികള്‍ അട്ടിമറിക്കപ്പെടുന്നു. വ്യവസായം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തി ഇല്ലായ്മയും പ്രധാന കാരണമാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയര്‍വ്യവസായം ഇന്ന് ആര്‍ജിച്ച നേട്ടങ്ങള്‍ക്കുപിന്നില്‍ തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷ സര്‍ക്കാരുകളുടെയും ഇടപെടലുണ്ട്. ഇതിന്റെ ഉയര്‍ന്ന രൂപമായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നൂതന നടപടികള്‍ . ഈ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഡിപ്പോക്കാരുടെ ചൂഷണത്തില്‍നിന്ന് വ്യവസായത്തെ രക്ഷിക്കുന്നതിനും തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കുന്നതിനും കഴിഞ്ഞു. ഇതിന്റെ ഫലമായി വ്യവസായം വലിയതോതില്‍ പുരോഗതി പ്രാപിച്ചു. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉറപ്പാക്കുന്നതിനു സംഘടിപ്പിച്ച കയര്‍മേളകള്‍ വലിയചരിത്രം സൃഷ്ടിച്ചു.

വ്യവസായ വൈവിധ്യവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും ഗവേഷണത്തിനും ശക്തമായ നടപടികളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനൊപ്പം കയര്‍പിരി മേഖലയിലുള്‍പ്പെടെ തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കാനും കഴിഞ്ഞു. ഇതിന്റെ ഫലമായി കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തദ്ദേശീയമായും വിദേശീയമായും വിപണി ഉറപ്പാക്കാനും കഴിഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ പാതയിലൂടെ വ്യവസായം മുന്നേറും എന്നുകരുതിയ ഘട്ടത്തിലാണ് ഭരണമാറ്റം ഉണ്ടാകുന്നതും യുഡിഎഫ് അധികാരത്തിലെത്തിയതും. അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച എല്ലാ നേട്ടങ്ങളും കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ അട്ടിമറിക്കപ്പെട്ടു. ഇടത്തട്ടുകാരായ ഡിപ്പോസമ്പ്രദായം ശക്തിപ്പെടുകയാണിപ്പോള്‍ . ജോലിസ്ഥിരതയോ കൂലിസ്ഥിരതയോ ഇല്ലെന്ന സ്ഥിതിയുമുണ്ടാകുന്നു. തൊണ്ടുസംഭരണത്തിനും ചകിരി ഉല്‍പ്പാദനത്തിനും എല്‍ഡിഎഫ് ആവിഷ്കരിച്ച പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. ഈ മേഖലയിലെ സഹകരണസംഘങ്ങളെ നോക്കുകുത്തിയാക്കുന്നു. വ്യവസായത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ചുരുക്കത്തില്‍ കയര്‍വ്യവസായത്തെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെകാലത്തെപ്പോലെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയിക്കുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

മുന്‍ കയര്‍മന്ത്രികൂടിയായ ജി സുധാകരന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനംചെയ്തു. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ വിഷയം അവതരിപ്പിച്ചു. കൊമ്മാടി വായനശാലാ അങ്കണത്തില്‍ നടന്ന സെമിനാറില്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന സെക്രട്ടറി വി എസ് മണി മോഡറേറ്ററായിരുന്നു. പി തിലോത്തമന്‍ എംഎല്‍എ, കേരള ചെറുകിട കയര്‍ ഉല്‍പ്പാദക ഫെഡറേഷന്‍ പ്രസിഡന്റ് എം പി പവിത്രന്‍ , ചെറുകിട കയര്‍ഫാക്ടറി അസോസിയേഷന്‍ പ്രസിഡന്റ് കെ ആര്‍ ഭഗീരഥന്‍ എന്നിവര്‍ സംസാരിച്ചു. വി എ ബേബി സ്വാഗതം പറഞ്ഞു.

deshabhimani 020112

Sunday, February 6, 2011

'കയര്‍ കേരള': കയറിന്റെയും പ്രകൃതിദത്തനാരുകളുടെയും ഉത്സവം

കേരളത്തിന്റെ കയറും കയറുല്‍പ്പന്നങ്ങളും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ വിദേശവിപണി കീഴടക്കിയിരുന്നു. 11-ാം നൂറ്റാണ്ടിലെ അറേബ്യന്‍ സഞ്ചാരികളുടെ ലിഖിതങ്ങളില്‍ കേരളത്തില്‍ നിന്നും കൊണ്ടുപോയ കയര്‍ കപ്പലുകളുടെയും ഉരുക്കുകളുടെയും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 12-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോയും കേരളത്തില്‍ നിന്നും കൊണ്ടുപോകുന്ന കയറിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

കയര്‍ വ്യവസായം പ്രധാനമായും വിദേശവിപണിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. 1881 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നുള്ള കയറും പ്രദര്‍ശനവസ്തുവായിരുന്നു. ഇവിടെനിന്നും തൊണ്ട് തന്നെ കപ്പല്‍കയറ്റി ഇംഗ്ലണ്ടില്‍ എത്തിച്ച് കയറും കയറുല്‍പ്പന്നങ്ങളുമാക്കി മാറ്റിയിരുന്നു. ഓറിയന്റല്‍ ഫൈബര്‍ മാറ്റ് ആന്‍ഡ് മാറ്റിംഗ് കമ്പനി, ഛബ് ആന്‍ഡ് കമ്പനി ട്രൈലര്‍ ആന്‍ഡ് കമ്പനി എന്നിങ്ങനെ പല വ്യവസായ സംരംഭങ്ങളും 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നു.
കയര്‍ പിരിക്കാന്‍ അടിസ്ഥാന ഉപകരണമായി ഉപയോഗിക്കുന്ന കയര്‍ റാട്ടുകള്‍ പരുത്തിനൂല്‍ നൂല്‍ക്കുന്ന ചര്‍ക്കകളുടെ പരിവര്‍ത്തിത രൂപമാണ്. സൂറത്തില്‍ നിന്നുമാണ് ചര്‍ക്ക പരിവര്‍ത്തനം ചെയ്ത് കയര്‍ റാട്ടായി 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയത്.

1859 ല്‍ ജയിംസ് ഡാറ, ഹെന്‍ട്രി സ്‌മെയില്‍ എന്നീ രണ്ട് വിദേശികള്‍ കയറുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് സാധ്യത തേടി കല്‍ക്കത്തയില്‍ എത്തുകയും അതിന് കൂടുതല്‍ സാധ്യത കേരളത്തില്‍ - കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴയിലാണ് എന്ന് തിരിച്ചറിഞ്ഞ് ആദ്യത്തെ ഫാക്ടറി അവിടെ സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പല വിദേശികളും കയര്‍വ്യവസായത്തില്‍ മുതല്‍മുടക്കി. പിയേഴ്‌സ് ലസ്ലി ആന്‍ഡ് കമ്പനി, വില്യം ഗുഡേക്കര്‍ ആന്‍ഡ് കമ്പനി, വോള്‍ക്കാട്ട് ബ്രദേഴ്‌സ്, ആസ്പിന്‍ വാള്‍ ആന്‍ഡ് കമ്പനി എന്നിങ്ങനെ പല സ്ഥാപനങ്ങളും ആലപ്പുഴയില്‍ ഉയര്‍ന്നുവന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ആയിരക്കണക്കിനു തൊഴിലാളികള്‍ ഒരേ കൂരയ്ക്കു താഴെ പണിയെടുത്തിരുന്ന നിരവധി സ്ഥാപനങ്ങള്‍ ആലപ്പുഴയില്‍ ഉണ്ടായി.

സ്വാതന്ത്ര്യം സ്വന്തമായ 1947 ല്‍ കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതി എട്ട് കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം അത് 840 കോടി രൂപയായി വര്‍ധിച്ചു. ഇതിന്റെ സിംഹഭാഗവും കേരളത്തിന്റെ, വിശേഷിച്ചും ആലപ്പുഴയുടെ സംഭാവനയാണ്.

സംസ്ഥാനത്തെ ഏറ്റവുമധികം പരിഗണന അര്‍ഹിക്കുന്ന പരമ്പരാഗത വ്യവസായമാണ് കയര്‍. നാലുലക്ഷത്തോളം മനുഷ്യര്‍ കയര്‍ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നേടുന്നുണ്ട്. കൂലിയും തൊഴിലിടങ്ങളും ആകര്‍ഷണീയമല്ലെങ്കിലും ഇതരമേഖലകളിലെ തൊഴിലില്ലായ്മയാണ് കയര്‍ രംഗത്ത് തൊഴിലാളികളെ പിടിച്ചുനിര്‍ത്തുന്നത്. മറ്റൊരു പ്രധാന വസ്തുത കയര്‍മേഖലയില്‍ പണിയെടുക്കുന്നവരില്‍ 80 ശതമാനത്തിലേറെപേരും സ്ത്രീകളാണ് എന്നതാണ്.

പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് വിദേശവിപണിയെ മാത്രം ആശ്രയിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബദലായി ശക്തമായ ആഭ്യന്തര വിപണിയുടെ അടിത്തറ വിപുലീകരിക്കണമെന്നുമുള്ളത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട തത്വമാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് കയര്‍ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് 'ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നമെങ്കിലും' എന്ന വിപുലമായ ഒരു ക്യാമ്പയിന്‍ വഴി 10 കോടി രൂപയുടെയെങ്കിലും കയറുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കണം എന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ കയറിന്റെ തനിമ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ബ്രാന്റ് സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായി ''Kerala Co-ir - Golden Yarn of God’s own Country'' എന്ന ബ്രാന്റ് നെയിം ആവിഷ്‌കരിച്ച് പ്രചരണം നടത്തുകയാണ്.
കയറിനെ ഒരു ദരിദ്ര ഉല്‍പ്പന്നമാക്കിയാണ് നാം വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നത്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണസംഘങ്ങളുടെയും ഈ സമീപനം മാറ്റാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുകയാണ്. അതിമനോഹരമായ ഡിസൈനുകളും വര്‍ണവൈവിധ്യങ്ങളുമുള്ള കയറുല്‍പ്പന്നങ്ങള്‍ നാം വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഏതെങ്കിലും ഒരു ഉല്‍പ്പന്നം നമ്മുടെ നാട്ടില്‍ വില്‍ക്കുന്നത് പാപമാണെന്നാണ് ഇവരുടെ ധാരണ. സായിപ്പിന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടാര്‍ക്കും ലഭിക്കണം. ഇവിടെ ഗുണനിലവാരം കുറഞ്ഞ നിറംകെട്ട ഉല്‍പ്പന്നങ്ങള്‍മാത്രം കണ്ടു ശീലിച്ചതുമൂലം നമ്മുടെ നാട്ടുകാര്‍ ഇതാണ് കയര്‍ എന്ന് തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്.

കയര്‍ തൊഴിലാളികള്‍ കേരളത്തിലെ സാമുഹ്യമാറ്റത്തിന് ഊര്‍ജംപകര്‍ന്ന ആദ്യത്തെ തൊഴിലാളി വിഭാഗമാണ്. കേരളത്തിലെ ഒന്നാമത്തെ തൊഴിലാളി സംഘടന ഉണ്ടാക്കി അവകാശ സമരങ്ങള്‍ നയിച്ചത് അവരാണ്. തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കപ്പുറം എല്ലാവര്‍ക്കും റേഷന്‍ സംവിധാനമടക്കമുള്ള സാമൂഹിക ആവശ്യങ്ങള്‍ക്കുവേണ്ടിയും ജനാധിപത്യ ഭരണം സ്ഥാപിക്കുന്നതിനുള്ള പ്രസ്ഥാനം  നയിച്ചതിലും മുഖ്യപങ്കു വഹിച്ചത് സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തിലെ ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികളാണ്. അവരാണ് അവകാശബോധമുള്ള കേരളീയ സമൂഹസൃഷ്ടിയിലെ ആദ്യപഥികര്‍.

പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാംതന്നെ പ്രതിസന്ധികളെ നേരിടുന്നുണ്ട്. അതിന് ചരിത്രപരമായും ഭൗതികവുമായുള്ള നിരവധി കാരണങ്ങള്‍ ഉണ്ട്. മുതലാളിത്ത സങ്കല്‍പ്പങ്ങളില്‍ പരമ്പരാഗത വ്യവസായങ്ങളെ പൊതുവേ 'അസ്തമിക്കുന്ന വ്യവസായങ്ങള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ്, പഴകിയ സാങ്കേതികവിദ്യയും ഉല്‍പ്പാദന പ്രക്രിയയും, അനാകര്‍ഷകമായ തൊഴിലിടങ്ങള്‍, വിലകുറഞ്ഞ, കൂടുതല്‍ ആകര്‍ഷണീയത തോന്നിക്കുന്ന സിന്തറ്റിക് ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റം എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ കയര്‍ വ്യവസായവും നേരിടുന്നുണ്ട്.

ദീര്‍ഘകാല ലക്ഷ്യം വെച്ചുകൊണ്ട് മേല്‍പ്പറഞ്ഞ പരിമിതികളെ മുറിച്ചുകടക്കാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും വലിയൊരളവുവരെ മുന്നോട്ടുപോകുന്നതിനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അസംസ്‌കൃത വസ്തുവായ തൊണ്ടു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കും അത് സംസ്‌കരിച്ച് ചകിരിയാക്കാനുള്ള മിനി ഡീഫൈബറിംഗ് മില്ലുകളുടെ ആവിഷ്‌കാരവും പ്രചരണവും മുതല്‍ വിപണി വിപുലീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

ആധുനികവല്‍ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ കയര്‍ വ്യവസായത്തിന് മാത്രമായി യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഫാക്ടറി ആലപ്പുഴയില്‍ ഉയര്‍ന്നുവരികയാണ്. കയറ്റുപായ ഉപയോഗിച്ച് തടിക്കുപകരമായി ഉപയോഗിക്കാന്‍ കഴിയുന്ന കയര്‍ കോമ്പോസിറ്റ് ബോര്‍ഡ് ഫാക്ടറി, കയറും ഇതര പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് സങ്കര യാണുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ബ്ലണ്ടഡ് യാണ്‍ ഫാക്ടറി എന്നിങ്ങനെ നിരവധി ആധുനിക സ്ഥാപനങ്ങള്‍ ഇക്കാലയളവില്‍ ഉയര്‍ന്നുവരികയാണ്.

വിദേശവിപണിയോടൊപ്പം ശക്തമായ ആഭ്യന്തരവിപണിയുടെ അടിത്തറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച ''ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം'' ക്യാമ്പയിന് വലിയ സ്വീകാര്യതയുണ്ടായി. കയറുല്‍പ്പന്നങ്ങളുടെ വിപണി വിപുലീകരണത്തിന് ഏകോപിതമായ പരിശ്രമങ്ങള്‍ക്കായി കയര്‍മേഖലയിലെ മുഴുവന്‍ പേരുടെയും - തൊഴിലാളികള്‍, ചെറുകിട ഉല്‍പ്പാദകര്‍, സഹകരണ സ്ഥാപനങ്ങള്‍, വന്‍കിട - ചെറുകിട കയറ്റുമതിക്കാര്‍, കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടുകൂടി കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യം ഈ മാസം തന്നെ യാഥാര്‍ഥ്യമാവും.

സാധാരണയായി കേരളത്തിലെ കയര്‍ വ്യവസായികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് പോവുകയും അവിടെയുള്ള വിവിധ വ്യാപാരമേളകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും അധികം ഓര്‍ഡറുകള്‍ നേടിയെടുക്കുന്നത് ജനുവരിയില്‍ ജര്‍മനിയില്‍ നടക്കുന്ന ഡെമോട്ടക്‌സ് ഫെയറില്‍ നിന്നുമാണ്. മറ്റ് പല ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന ഇടങ്ങളിലേയ്ക്ക് വ്യാപാരികള്‍ അത് തേടി എത്താറുണ്ട്. ഈ പ്രവണത കേരളത്തിന്റെ കയര്‍ വ്യവസായത്തിലും വളര്‍ത്തിയെടുക്കണം. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കയര്‍ വിപണന മേള - ''കയര്‍ കേരള 2011'' ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന മേള ഏഴുവരെ തുടരും. അതോടൊപ്പം ദേശീയ വ്യാപാരമേള ഒമ്പതുവരെയും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഒരേ സമയത്ത് സംഘടിപ്പിക്കുന്ന ഒരു വാര്‍ഷികമേളയാക്കി ഇത് മാറ്റുവാനാണ് ശ്രമിക്കുന്നത്. കയറിനോടൊപ്പം ലോകത്തുള്ള എല്ലാത്തരം പ്രകൃതിദത്ത നാരുകളുടെയും ഒരു മേളയാക്കി ഇതിനെ വളര്‍ത്താന്‍ കഴിയും അതുവഴി കയര്‍ വ്യവസായത്തിന്റെ കളിത്തൊട്ടിലിനെ - ആലപ്പുഴയെ - ലോക പരവതാനി വ്യവസായത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാക്കി മാറ്റുവാന്‍ കഴിയും.

ജി.സുധാകരന്‍ ജനയുഗം 040211