
കയ്യൂരും കൊണ്ടോട്ടിയും തമ്മിലെന്താണ് ബന്ധം? രണ്ടും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ചരിത്രത്തില്‍ മുദ്രചാര്‍ത്തിയ ഗ്രാമങ്ങള്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന കൊണ്ടോട്ടി ഏറനാടിന്റെ രാഷ്ട്രീയ തലസ്ഥാനമായാണ് അറിയപ്പെട്ടത്. നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം. കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടോട്ടി അങ്ങാടിയില്‍ അരങ്ങേറിയ നാടകവും നാടകകൃത്തായ കമ്പളത്ത് ഗോവിന്ദന്‍നായരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും സാമ്പ്രദായിക ചരിത്ര രചനയില്‍നിന്ന് വിട്ടുപോയ ഏടുകളാണ്.
കര്‍ഷക പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതിനു ശേഷമുള്ള കാലം ഏറനാട്ടിലെ മാപ്പിളമാര്‍ രാഷ്ട്രീയമായി ഉള്‍വലിയുകയായിരുന്നു. കലാപത്തോടുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം അവരില്‍ നിരാശയാണ് സൃഷ്ടിച്ചത്. മലബാറിലെ സവര്‍ണ നേതൃത്വത്തിന്റെ നിലപാട് മാപ്പിളമാര്‍ക്ക് കോണ്‍ഗ്രസിലുള്ള പ്രതീക്ഷ തീര്‍ത്തും ഇല്ലാതാക്കി. നേതൃത്വം മലബാര്‍ കലാപത്തെ തള്ളിപ്പറയുകയായിരുന്നു.
ഇന്ത്യാ വിഭജനകാലത്ത് കൊല്‍ക്കത്തയിലും ശ്രീരാംപൂരിലും മതസൌഹാര്‍ദ്ദത്തിനായി കഷ്ടപ്പെട്ട ഗാന്ധിജിക്കുപോലും മതത്തിന്റെ പുറത്തുനിന്ന് മലബാര്‍സമരത്തെ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നില്ല. മലബാറിലേത് 'മാപ്പിളമാരുടെ മതഭ്രാന്ത്' എന്നായിരന്നു ഗാന്ധിജിയുടെ ആദ്യ പ്രതികരണം. 1920ല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുസ്ളിങ്ങളുമായി കൂട്ടുകൂടുന്നതില്‍ അപാകമില്ലെന്ന് പ്രസ്താവിച്ച ഗാന്ധിജി ഒരു അഭിമുഖത്തിനിടയില്‍ മുസ്ളീം തയ്യാറാക്കിയ ഭക്ഷണം അയാളുടെ കൂടെയിരുന്ന് കഴിക്കുമോ എന്ന ചോദ്യത്തിന് 'മുസ്ളിം ഉണ്ടാക്കിയ ഭക്ഷണം അവരുടെ കൂടെയിരുന്ന് കഴിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല, കാരണം എന്റെ ഭക്ഷണസമ്പ്രദായം വ്യക്തിപരമായ കാര്യമാണ്. പരസ്യമായി ഭക്ഷണം കഴിക്കുന്ന സമ്പ്രദായം എനിക്കില്ല' എന്നാണ് ഉത്തരം നല്‍കിയത്. (പ്രൊഫ. എംപി എസ് മേനോന്‍ എഴുതിയ മലബാര്‍സമരം: എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും എന്ന പുസ്തകത്തില്‍നിന്ന്)
1943 ഏപ്രില്‍ ആദ്യവാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാര്‍ സന്ദര്‍ശനത്തിനിടയില്‍ കൊണ്ടോട്ടിയില്‍ ഇങ്ങനെ പറയുകയുണ്ടായി. - "മുസ്ളീങ്ങള്‍ സ്വരാജ്യ സ്നേഹികളല്ലെന്ന് ചില കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഹിന്ദു മേധാവിത്വം സ്ഥാപിക്കുമെന്ന് മുസ്ളിങ്ങള്‍ ഭയപ്പെടുന്നു. രണ്ട് അഭിപ്രായത്തോടും യോജിക്കുന്നില്ല. അടിസ്ഥാനരഹിതമായ അവിശ്വാസമാണ് അകല്‍ച്ചയ്ക്ക് കാരണം. ഈ ഭിന്നിപ്പ് അവസാനിപ്പിച്ച് എല്ലാവരും ചേര്‍ന്ന ഉറച്ച ഐക്യത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വയം ഉഴിഞ്ഞുവെച്ചിട്ടുള്ളത്.…
ഭക്ഷണ ക്ഷാമം ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. നാം അകന്നുനില്‍ക്കുന്നിടത്തോളം കഷ്ടപ്പാടുകളുടെ കാഠിന്യം കൂടുകയേയുള്ളു. കൊള്ളയും കവര്‍ച്ചയും നാടാകെ നടമാടും. ഗവണ്‍മെന്റ് മര്‍ദനം ഇരുകൂട്ടരുടെയും തലയ്ക്ക് വീഴും. ഇങ്ങനെ ഒരു ഭാഗത്ത് ഭയങ്കര മര്‍ദനവും മറുഭാഗത്ത് പട്ടിണിയുമായി ഇരുകൂട്ടരും നശിക്കും.'' ഇതില്‍നിന്നും ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സമീപനം മനസ്സിലാക്കാം.
മലബാര്‍കലാപത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത് ഏറനാടിന്റെ രാഷ്ട്രീയത്തില്‍ നിശ്ചലതയ്ക്ക് കാരണമായി. വടക്കേ മലബാറിലും തിരുവിതാംകൂറിലും സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോള്‍ ഏറനാട് നിശബ്ദമായിരുന്നു. തൊട്ടടുത്ത ഒറ്റപ്പാലത്ത് 1935ല്‍ കോണ്‍ഗ്രസിന്റെ താലൂക്ക് സമ്മേളനം നടന്നപ്പോഴും ഏറനാട് വഞ്ചനയുടെ ഭാരവും പേറി ഉറങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം ഉണ്ടായ നിശബ്ദതയില്‍നിന്ന് രാഷ്ട്രീയത്തിന്റെ തീച്ചൂടിലേക്ക് വീണ്ടും വിളിച്ചുണര്‍ത്തിയത് കമ്യൂണിസ്റുകാരാണ്. ജന്മിത്വത്തിനും കോളനി ഭരണത്തിനുമെതിരെ സമരോത്സുകത ജ്വലിപ്പിച്ചത് കമ്പളത്ത് ഗോവിന്ദന്‍ നായരെയും എടക്കോട്ട് മുഹമ്മദിനെയും പോലുള്ള കമ്യൂണിസ്റ്കാരായിരുന്നു. മുഹമ്മദ് അബ്ദദുറഹിമാന്‍ സാഹിബിനൊപ്പം പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ മാപ്പിളമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്.

എം പി നാരായണമേനോന്‍ ആരംഭിച്ച മലബാറിലെ കുടിയാന്‍സംഘത്തിന്റെ തുടര്‍ച്ചയായി ജന്മിത്വം അവസാനിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടങ്ങിയ കാലമായിരുന്നു അത്. കയ്യൂരിലും കരിവള്ളൂരിലും ആരംഭിച്ച കര്‍ഷക സമരം ഏറനാട്ടിലും ആവേശം വിതറി. കൊണ്ടോട്ടിയും ഉണര്‍വിലേക്കു നീങ്ങി. വടക്കേ മലബാറിലെ കര്‍ഷകരുടെ സമരാവേശം ഏറ്റുവാങ്ങിയത് ഇവിടുത്തെ ബീഡിത്തൊഴിലാളികളായിരുന്നു. കയ്യൂര്‍ സഖാക്കളെക്കുറിച്ച് ഗോവിന്ദന്‍ നായര്‍ എഴുതിയ നാടകം അവതരിപ്പിച്ചതും മാപ്പിള ബീഡിത്തൊഴിലാളികളായിരുന്നു.
അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പുനായര്‍ എന്നീ സഖാക്കളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നതിന് രണ്ട് മാസത്തിന്ശേഷം 1943 ജൂണില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നാടകം കണ്ടതിന്റെ ഓര്‍മ്മ പുതിയറക്കല്‍ സൈതാലിക്കുട്ടിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അബൂബക്കറായി കൊളമ്പാടന്‍ ബിച്ചുക്കോയയും കുഞ്ഞമ്പു നായരായി ചേക്കുട്ടി പാണ്ടികശാലയും വേഷമിട്ടത് അദ്ദേഹം ഓര്‍ക്കുന്നു. 81-ാം വയസ്സിലും പാല്‍ക്കച്ചവടം നടത്തുകയാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സൈതാലിക്കുട്ടി. 67 വര്‍ഷംമുമ്പ് കണ്ട നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും മനസ്സിന്റെ ചുവരില്‍ കൊത്തിവച്ചപോലെയുണ്ട്.
ജയിലാണ് രംഗം. ചിന്തിച്ച് നില്‍ക്കുന്ന അബൂബക്കറിനെ കണ്ട് കുഞ്ഞമ്പു നായര്‍ ചോദിക്കുകയാണ്. 'എന്താ ആലോചിച്ചിരിക്കുന്നത്? മരണത്തെ ഭയപ്പെടുന്നുണ്ടോ ? '
അബൂബക്കര്‍: 'ഇല്ല, മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഏതാണ് ദിവസമെന്ന് ഓര്‍ക്കുന്നുണ്ടോ? കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തി കലക്ടറേറ്റിലേക്ക് ജാഥ നടത്താന്‍ തീരുമാനിച്ച ദിവസം. ജയിലില്‍ ആയതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ആലോചിക്കുന്നത് '.
തുടന്ന് കുഞ്ഞമ്പുനായര്‍: 'സ്വാതന്ത്ര്യസമരത്തില്‍ ഇനി ഗാന്ധിക്കും ജിന്നയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമോ? '
'ഒരു കര്‍ഷകസമരത്തിനുവേണ്ടി മുസ്ളിമായ എനിക്കും ഹിന്ദുവായ സഖാവിനും ഒരുമിക്കാമെങ്കില്‍ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിക്കും ജിന്നയ്ക്കും എന്തുകൊണ്ട് ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ? അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും ഇല്ലെങ്കില്‍ കാലം അവരെ കുറ്റപ്പെടുത്തും.' അബൂബക്കറിന്റെ മറുപടി അന്ന് 14 വയസ്സുള്ള തന്നെ ഇപ്പോഴും ആവേശഭരിതനാക്കുന്നുവെന്ന് സൈതാലിക്കുട്ടി പറയുന്നു.
നാടകം അവതരിപ്പിച്ചതോടെ കമ്പളത്ത് ഗോവിന്ദന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹം ഒളിവില്‍ പോയി. സംരക്ഷണ ചുമതല നിലമ്പൂര്‍കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു.
നാടകം ഏറനാട്ടിലെ കര്‍ഷകരെയും ബീഡിത്തൊഴിലാളികളെയും ആവേശഭരിതരാക്കി. പിന്നീടുള്ള സമരങ്ങള്‍ക്ക് സജ്ജരാക്കിയതില്‍ നാടകം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. പാമ്പോടന്‍ വീരാന്‍കുട്ടിയെ കുടിയൊഴിപ്പിച്ചതിനെതിരായ സമരവും ബീഡി തൊഴിലാളി പ്രക്ഷോഭവും ഇതില്‍ ചിലതുമാത്രം. കൊളമ്പാടന്‍ ബിച്ചുക്കോയയും ചേക്കുട്ടി പാണ്ടികശാലയും കെ സൈതാലിക്കുട്ടി (സിപി ഐ എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി) യുമെല്ലാം അന്ന് എടക്കോട്ട് മുഹമ്മദിനുപിന്നില്‍ അണിനിരന്ന് നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ സമരോത്സുകതയെ ജ്വലിപ്പിച്ചത്.
കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് നാടകം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏറനാടിനെ തൊട്ടുണര്‍ത്തിയ ഹിച്കോക് സ്മാരക ദൂരീകരണ ജാഥ. മലബാര്‍ കലാപകാലത്ത് മാപ്പിള പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സ്മരണയ്ക്ക് വള്ളുവമ്പ്രത്ത് പണിത സ്മാരകം തകര്‍ക്കാനായിരുന്നു ജാഥ. കലാപകാരികള്‍ കല്ലെറിഞ്ഞു കൊന്ന ഹിച്കോക്കിന്റെ സ്മാരകം നീക്കുന്നതിന് ചെയ്യുന്നതിന് ഏറനാടന്‍ ജനത തോളോടുതോള്‍ ചേര്‍ന്നു നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ മാപ്പിളപ്പാട്ടായിരുന്നു.
കെ വിജയകുമാര്‍ ദേശാഭിമാനി