Showing posts with label ഖാദി. Show all posts
Showing posts with label ഖാദി. Show all posts

Monday, August 31, 2020

ഖാദിയുടെ കഥയും കഴിയുന്നു ; സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം

 സബ്‌സിഡി ഇല്ലാതാക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ രാജ്യത്തെ ഖാദിവസ്‌ത്ര ഉൽപ്പാദന യൂണിറ്റുകളെ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. തൊഴിലാളികളുടെ വേതനം നിശ്‌ചയിക്കുന്നതുമുതൽ തുണിത്തരങ്ങളുടെ ഉൽപ്പാദനവും വിപണനവുംവരെ സ്വകാര്യ നിയന്ത്രണത്തിലാക്കുന്ന റോസ്‌ഗാർ യുക്ത ഗാവോൺ എന്ന പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. യൂണിറ്റുകൾ ഏറ്റെടുത്തുനടത്താൻ സ്വകാര്യ സംരംഭകരെ ക്ഷണിച്ച്‌ കേന്ദ്ര ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായമന്ത്രാലയത്തിന്റെ പരസ്യം ഞായറാഴ്‌ച മാധ്യമങ്ങളിൽ വന്നു. ഖാദിവസ്‌ത്ര വ്യവസായത്തിലെ സർക്കാർ സബ്‌സിഡികൾ അവസാനിപ്പിക്കലാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ സംരംഭകർക്കുള്ള താൽപ്പര്യപത്രത്തിൽ വ്യക്തമാക്കുന്നു. സർക്കാർ സൗകര്യമൊരുക്കുന്ന ഏജൻസിമാത്രമാകും. ആദ്യഘട്ടമായി രാജ്യത്തെ 50 യൂണിറ്റുകൾ സ്വകാര്യവൽക്കരിക്കും. പതിനായിരം ചർക്കകളും രണ്ടായിരം തറികളും ഇതിൽ ഉൾപ്പെടും. രാജ്യത്താകെ 15 ലക്ഷത്തോളം ഖാദിത്തൊഴിലാളികളാണുള്ളത്‌. കേരളത്തിൽ ഖാദി നൂൽനൂൽപ്പിലും നെയ്‌ത്തിലുമായി 13,500 പേർ തൊഴിലെടുക്കുന്നു.

ഖാദി ബിസിനസ്‌ പാർട്‌ണർ എന്ന പേരിലാണ്‌ സ്വകാര്യ സംരംഭകരെ അനുവദിക്കുന്നത്‌. തൊഴിലാളികളുടെ വേതനം നിശ്‌ചയിക്കാനും ഏതുതരം വസ്‌ത്രം ഉൽപ്പാദിപ്പിക്കണമെന്ന്‌ തീരുമാനിക്കാനും ആഭ്യന്തര, വിദേശ വിപണികൾ കൈകാര്യം ചെയ്യാനുമുള്ള അവകാശവും സ്വകാര്യ ഉടമയ്‌ക്കാണ്‌. വാർഷിക അറ്റാദായത്തിലെ 75 ശതമാനം ഉടമയ്‌ക്കും 25 ശതമാനം തൊഴിലാളികൾക്കുമാണെന്നാണ്‌ വ്യവസ്ഥ. സ്വകാര്യ ഉടമസ്ഥതയിലാകുന്നതോടെ ഖാദിവസ്‌ത്രങ്ങൾക്കുള്ള സംസ്ഥാന സർക്കാർ സബ്‌സിഡിയും നഷ്‌ടമായേക്കും. നിലവിൽ വർഷത്തിൽ 108 ദിവസത്തെ വിൽപ്പനയ്‌ക്ക്‌ 20 ശതമാനം സംസ്ഥാന സബ്‌സിഡിയുണ്ട്‌. ഈവർഷം 15 കോടിയാണ്‌ ഈയിനത്തിൽ സംസ്ഥാന സർക്കാർ നൽകിയത്‌.  10 ശതമാനംമാത്രമാണ്‌ കേന്ദ്ര സബ്‌സിഡി. ഉൽപ്പാദനച്ചെലവ്‌ കൂടുതലായതിനാലാണ്‌ ഖാദിക്ക്‌ മറ്റു തുണിത്തരങ്ങളേക്കാൾ വിലയുള്ളത്‌.

അതുകൊണ്ടുതന്നെ സബ്‌സിഡിയുള്ള ഉത്സവകാലങ്ങളിലാണ്‌ കൂടുതൽ വിൽപ്പന. സബ്‌സിഡി ഒഴിവാക്കുന്നതോടെ വില ഉയരാനും വിൽപ്പന ഇടിയാനുമുള്ള സാധ്യതയേറും. തൊഴിലാളികൾക്ക്‌ ഇപ്പോൾത്തന്നെ ഏറ്റവും കുറഞ്ഞ വേതനമാണുള്ളത്‌. ന്യായമായ വേതനം നൽകണമെന്നുമാത്രമാണ്‌ പുതിയ പദ്ധതിയിൽ വ്യവസ്ഥയുള്ളത്‌. സ്വകാര്യ ഉടമയ്‌ക്കുകീഴിൽ വേതനം ഇനിയും കുറഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു.

എം എസ‌് അശോകൻ

Sunday, September 19, 2010

ഇളവുകള്‍ നിര്‍ത്തലാക്കി കൈത്തറിത്തൊഴിലാളികളെ കേന്ദ്രം ദ്രോഹിക്കുന്നു

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയം കാരണം കൈത്തറിത്തൊഴിലാളികള്‍ പട്ടിണിയിലേക്കു നീങ്ങുന്നു. ആറ്മാസത്തിനുള്ളില്‍ നൂലിന്റെയും മറ്റ് അസംസ്കൃതവസ്തുക്കളുടെയും വില 50 ശതമാനത്തിലധികം വര്‍ധിച്ചതാണ് കൈത്തറിത്തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാക്കിയത്. തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് നൂല്‍ കൊണ്ടുവരുന്നത്. കൂടിയ വിലയ്ക്ക് നൂലും മറ്റ് വസ്തുക്കളുംവാങ്ങി തുണിനെയ്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. രണ്ടുമാസംമുമ്പ് ഒരു കിലോ 30-ാംനമ്പര്‍ നൂലിന് 110 രൂപയാണുണ്ടായിരുന്നത്. ഇത് 180 രൂപയായി വര്‍ധിച്ചു. 40-ാംനമ്പര്‍ നൂലിന് 140 രൂപയുണ്ടായിരുന്നത് 250 രൂപയായി വര്‍ധിച്ചു.

നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്പ്മെന്റ് കോര്‍പറേഷനില്‍നിന്നാണ് ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങള്‍ നൂല്‍ വാങ്ങുന്നത്. 2009ല്‍ ബെഡ്‌ഷീറ്റ് നെയ്യാന്‍ ഉപയോഗിക്കുന്ന നാലര കിലോ (ഒരുബണ്ട്) നൂലിന് 620.50 രൂപയായിരുന്നുവെങ്കില്‍ 2010ല്‍ 820.65 രൂപയായി ഉയര്‍ന്നു. 26-ാംനമ്പര്‍ നൂല്‍ 520രൂപയില്‍നിന്ന് 700 രൂപയും തോര്‍ത്ത് നെയ്യുന്ന 20-ാംനമ്പര്‍ നൂല്‍ 350ല്‍നിന്ന് 500 രൂപയായും വര്‍ധിച്ചു. നൂലില്‍ ചേര്‍ക്കുന്ന കളര്‍, കളര്‍ചേര്‍ക്കാനുള്ള കൂലി എന്നിവയും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ കൈത്തറിത്തൊഴിലാളികള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്.

ജില്ലയില്‍ പരമ്പരാഗത തുണിനെയ്ത്തിലേര്‍പ്പെട്ടിരുന്നത് 15,000 തൊഴിലാളികളായിരുന്നു. ഈ തൊഴില്‍മേഖലയില്‍ പിടിച്ചുനില്‍ക്കാനാവാതെ പതിനായിരത്തോളംപേര്‍ മറ്റ് തൊഴിലുകള്‍തേടിപ്പോയി. വയോധികര്‍ ഉള്‍പ്പെടെ 5,000ത്തില്‍ താഴെ തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. കേന്ദ്രസര്‍ക്കാര്‍ റിബേറ്റു നല്‍കിയതുകൊണ്ടായിരുന്നു കൈത്തറിമേഖല പിടിച്ചുനിന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ റിബേറ്റടക്കമുള്ള എല്ലാ ഇളവുകളും നിര്‍ത്തലാക്കി. കേരളത്തിലെ എല്‍ഡിഎഫ്സര്‍ക്കാര്‍ സഹായം നല്‍കുന്നതുകൊണ്ടാണ് കൈത്തറിമേഖല പിടിച്ചുനില്‍ക്കുന്നത്.
പാലപ്പുറം, കൊടുമ്പ്, എലപ്പുള്ളി, ചിറ്റൂരിലെ ദേവാങ്കപുരം, നല്ലേപ്പിള്ളി, കൊല്ലങ്കോട്, കിഴക്കേത്തറ, നെന്മാറ, മേലാര്‍ക്കോട്മാര്‍ലാട് എന്നിവിടങ്ങളില്‍ കൈത്തറിനെയ്ത്ത് സഹകരണസംഘങ്ങളുണ്ട്. പെരുവെമ്പില്‍ ഒറ്റത്തറികളും പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ പവര്‍ലൂം നടത്തുന്ന സ്വകാര്യവ്യക്തികളും ചില സഹകരണസംഘങ്ങളുമുണ്ട്. ഇവയെല്ലാം പ്രതിസന്ധിയിലാണ്. തൊഴിലാളികള്‍ ജീവിക്കാന്‍ വേറെമാര്‍ഗം തേടേണ്ട സ്ഥിതിയിലാണ്. എല്‍ഡിഎഫ്സര്‍ക്കാര്‍ വിവിധ ആനൂകൂല്യങ്ങള്‍ നല്‍കി കൈത്തറിമേഖലയെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ കൊള്ളരുതായ്മകൊണ്ട് തകര്‍ച്ചയിലേക്കു നീങ്ങുന്നത്.

ദക്ഷിണേന്ത്യയിലെ ബനിയന്‍നഗരമായ തിരുപ്പൂരില്‍ നൂല്‍വില വര്‍ധിച്ചതുകൊണ്ടുണ്ടായ പ്രതിസന്ധിമാത്രംമതി ഈ ദുഃസ്ഥിതി മനസ്സിലാക്കാന്‍. ജൂലൈ മാസം മുതല്‍ സെപ്തംബര്‍ ആദ്യവാരംവരെ തൊഴില്‍ നഷ്ടപ്പെട്ടതുകൊണ്ട് 85 പേരാണ് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തത്. തമിഴ്നാട് പൊലിസിന്റെ കണക്കാണിത്. കേന്ദ്രസര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കും അതിന് കൂട്ടുനില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനുമെതിരായ മുന്നേറ്റമുണ്ടാക്കിയില്ലെങ്കില്‍ ഈ അവസ്ഥ കേരളത്തിലെ കൈത്തറിത്തൊഴിലാളികള്‍ക്കും വരുമെന്നാണ് ഭയം.

ദേശാഭിമാനി 18092010

കൈത്തറി മേഖലയില്‍ ജീവിതസമരം

ഖാദിയെയും ഗാന്ധിജിയെയും മറക്കുന്നുവോ?

Thursday, July 8, 2010

ഖാദിയെയും ഗാന്ധിജിയെയും മറക്കുന്നുവോ?

കോണ്‍ഗ്രസിന്റെ അടയാളമാണ് ഖാദി. ഗാന്ധിജി ഖാദി പ്രചരിപ്പിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ രോഷത്തിന്റെ പ്രതീകമെന്ന നിലയിലാണ്. ഇന്ത്യയിലെ എല്ലാവര്‍ക്കും ധരിക്കാനാകുന്ന വസ്ത്രമാണതെന്ന് മഹാത്മാവ് കരുതി. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ തൊഴിലില്ലാതെ നരകിക്കുമ്പോള്‍ ഇറക്കുമതിചെയ്ത വിദേശ വസ്ത്രങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിലൂടെ, ഇന്നാട്ടുകാര്‍ നെയ്തെടുത്ത വസ്ത്രമാണ് ഉല്‍കൃഷ്ടമെന്ന് വിളംബരംചെയ്ത ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത് ജീവിതചര്യയാക്കി മാറ്റി. അര്‍ധപട്ടിണിക്കാരും അര്‍ധ തൊഴില്‍രഹിതരുമായ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയും അതുവഴി ഇന്ത്യന്‍ ജനതയെ ഖാദിവസ്ത്രം ധരിപ്പിക്കലാണെന്റെ ലക്ഷ്യം എന്നാണദ്ദേഹം പ്രഖ്യാപിച്ചത്. ആ ചര്‍ക്ക പിന്നീട് കോണ്‍ഗ്രസിന്റെ കൊടിയടയാളമായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഖാദി വസ്ത്ര പ്രചാരണം സര്‍ക്കാരിന്റെ ഔദ്യോഗിക അജന്‍ഡയായി മാറി.

മറ്റു പല രംഗങ്ങളിലുമെന്നപോലെ കോണ്‍ഗ്രസിന്റെ ഖാദിയോടുള്ള സ്നേഹവും സമീപനവും കാപട്യമാണെന്ന് വ്യക്തമാകുന്ന അനുഭവമാണ് പില്‍ക്കാലത്തുണ്ടായത്. ഇന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഖാദിയോടല്ല, ഖാദിയെന്നു തോന്നിക്കുന്ന വിലയേറിയ വസ്ത്രങ്ങളോടായി പ്രണയം. രാജ്യത്ത് ഏറ്റവുമധികം അവഗണിക്കപ്പെടുന്ന തൊഴിലാളി വിഭാഗങ്ങളിലൊന്നാണ് ഇന്ന് ഖാദിത്തൊഴിലാളികള്‍. ഏറ്റവുമൊടുവില്‍ റിബേറ്റുപോലും നിര്‍ത്തലാക്കിയിരിക്കുന്നു ചര്‍ക്ക കൊടിയടയാളമാക്കിയ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഗവമെന്റ്. കേന്ദ്രസര്‍ക്കാര്‍ ഖാദിക്ക് നല്‍കിവന്നിരുന്ന 20 ശതമാനം റിബേറ്റ് 2010 ഏപ്രില്‍ ഒന്നുമുതല്‍ ഇല്ല. നിര്‍ത്തലാക്കിയിരിക്കുന്നു. സംസ്ഥാന ഗവമെന്റിന്റെ പത്തുശതമാനം റിബേറ്റും ഖാദി വസ്ത്ര പ്രചാരണ നടപടികളും മാത്രമാണ് ഇനി ഈ മേഖലയ്ക്ക് ആശ്വാസം.

റിബേറ്റുള്ളതുകൊണ്ടാണ് ഖാദിവസ്ത്രങ്ങള്‍ ജനങ്ങള്‍ വാങ്ങുന്നത്. റിബേറ്റ് പോയാല്‍ വില്‍പ്പന കുറയും. അതുവഴി ഉല്‍പ്പാദനവും. തൊഴിലാളികള്‍ കൊഴിഞ്ഞുപോകും. ആത്യന്തികമായി ഖാദിവ്യവസായം തകരും.

"ഉദാരവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഖാദി മറ്റു മേഖലയുമായി മത്സരിച്ച് സ്വന്തം കാലില്‍ നില്‍ക്കണം. സര്‍ക്കാരും ഖാദി കമീഷനും ഖാദിയുടെ പ്രധാനപ്പെട്ട ഒരു ദൌര്‍ബല്യത്തെക്കുറിച്ച് ബോധ്യമുള്ളതാണ്. തൊഴിലധിഷ്ഠിതമായ വ്യവസായഘടന ഈ മേഖലയുടെ സ്വതഃസിദ്ധമായ ദൌര്‍ബല്യമാണ്''-ഖാദി കമീഷന്‍ പറയുന്നു.

ഇവിടെയും വില്ലന്‍ ഉദാരവല്‍ക്കരണമാണ്. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തോടുള്ള അപരിമിതമായ വിധേയത്വമാണ്. ആഗോളവല്‍ക്കരണമോ ഗാന്ധിജിയോ വേണ്ടതെന്ന ചോദ്യത്തിന് ഖദറിട്ട കോണ്‍ഗ്രസുകാര്‍ മറുപടി പറയുന്നു-ആഗോളവല്‍ക്കരണം മതി. പലിശരഹിത വായ്പകളും ഗ്രാന്റുകളും നിര്‍ത്തലാക്കിയും മറ്റുനിരവധി ദ്രോഹ നടപടികളെടുത്തും ഖാദി വ്യവസായത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചു. അതിന്റെയെല്ലാം ഒടുക്കമാണ് റിബേറ്റ് പിന്‍വലിക്കല്‍. പകരം മാര്‍ക്കറ്റ് വികസിപ്പിക്കാനുള്ള സഹായം നല്‍കുമെന്നാണ് പറയുന്നത്. റിബേറ്റില്ലായ്മയിലൂടെ സ്വാഭാവിക തകര്‍ച്ചയിലേക്ക് വ്യവസായം നീങ്ങിയാല്‍ പിന്നെന്ത് മാര്‍ക്കറ്റ് വികസനം?
സ്വാതന്ത്ര്യ സമരത്തിന്റെയും ഗാന്ധിജിയുടെയും പിന്മുറക്കാരെന്നും ഖദറിന്റെ കുത്തകാവകാശികളെന്നും ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിന്റെ സമീപനം ഇതാണെങ്കില്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ നയിക്കുന്ന കേരള സര്‍ക്കാര്‍ ഖാദി വസ്ത്ര പ്രോത്സാഹനം അതിന്റെ പ്രധാന ദൌത്യമായി ഏറ്റെടുത്ത അനുഭവമാണുള്ളത്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഖാദിക്കുള്ള വാറ്റ് നികുതി ഒഴിവാക്കും, ഖാദിബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും, മിനിമം കൂലി നടപ്പാക്കും എന്നീ വാഗ്ദാനങ്ങളാണുണ്ടായത്. മൂന്നും നിറവേറ്റിയിരിക്കുന്നു. കൂലി വര്‍ധന, തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കല്‍, ഖാദി വസ്ത്ര പ്രചാരണം തുടങ്ങി നാനാവിധമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളെ സംരഷിക്കുന്നതിനുമായി ഏറ്റെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ അനുകൂല സമീപനം ഖാദി വ്യവസായത്തില്‍ പുതിയ പ്രതീക്ഷകളാണുയര്‍ത്തിയത്. പട്ടിണിക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുടുംബം പോറ്റാനുള്ള വരുമാന മാര്‍ഗമാണുണ്ടായത്. ഈ വെളിച്ചത്തെയാകെ തല്ലിക്കെടുത്തിയാണ് ഇനി റിബേറ്റില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. ഇത് അനീതിയാണ്. ഇതിനെതിരെ ഖാദിമേഖലയിലെ തൊഴിലാളികള്‍ ആരംഭിച്ച പ്രക്ഷോഭത്തെ അവഗണിച്ച് മുന്‍തീരുമാനവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രം. ജീവിക്കാനുള്ള സാഹചര്യം നിലനിര്‍ത്താനായി തൊഴിലാളികള്‍ കക്ഷിഭേദമില്ലാതെ ഒന്നിച്ചുനിന്ന് പോരാടുകയാണ്. ഖാദി വ്യവസായ സംരക്ഷണ സമിതി രൂപീകരിച്ച തൊഴിലാളികള്‍ കേന്ദ്രറിബേറ്റ് പുനഃസ്ഥാപിക്കുക, സ്ളൈവറിന്റെ വിലവര്‍ധന പിന്‍വലിക്കുക, മിനിമം കൂലി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കടുത്ത സമരമാര്‍ഗത്തിലേക്ക് നീങ്ങേണ്ടിവന്നിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ഖാദിസ്ഥാപനങ്ങളും അടച്ചിട്ട് ബുധനാഴ്ച നടത്തിയ ഖാദി ബന്ദ് ഈ സമരത്തിന്റെ ഭാഗമാണ്.

ഖാദി ബന്ദിന്റെ സമ്പൂര്‍ണവിജയം തൊഴിലാളികളുടെ അടക്കിനിര്‍ത്താനാവാത്ത പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മനസ്സില്‍ ഇന്ന് ഗാന്ധിജിയില്ല; ശരീരത്തില്‍ യഥാര്‍ഥ ഖാദിയുമില്ല. ഗാന്ധിജിയെ മറക്കുന്നവര്‍ക്ക് പാവപ്പെട്ട ഖാദിത്തൊഴിലാളിയുടെ പ്രാരാബ്ധവും കഷ്ടപ്പാടും കാണാന്‍ കഴിയുകയുമില്ല. കേന്ദ്ര ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗമേയുള്ളൂ. ഖാദിത്തൊഴിലാളികളുടെ സമരത്തെ പിന്തുണച്ച് വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയെയും ഗാന്ധിജിയെയും സ്നേഹിക്കുന്ന എല്ലാവരുടേതുമാണ്.

ദേശാഭിമാനി മുഖപ്രസംഗം 08072010

Monday, June 7, 2010

ഒന്നിച്ച് മുന്നേറാം - മോഹന്‍ലാല്‍

കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങളുടെ ഗുഡ്വില്‍ അംബാസഡര്‍ ആകണമെന്ന് സംസ്ഥാന ഗവമെന്റ് എന്നോട് അഭ്യര്‍ഥിച്ചപ്പോഴാണ് കൈത്തറി-ഖാദി മേഖലകളിലെ ഉല്‍പ്പാദകരുടെ ദയനീയമായ ജീവിത പരിസരത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കുന്നത്. ഉല്‍പ്പാദനമുരടിപ്പിലൂടെ അവരുടെ ജീവിതം വഴിമുട്ടുന്നതും കൈത്തറി-ഖാദി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്നതും ആ മേഖലയിലെ കുടുംബങ്ങളുടെ ദീനതയുമൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഒരു അഭിനേതാവ് എന്നതിലുപരി ഞാന്‍ പച്ചമനുഷ്യനുമാണ്. ജീവിതത്തിന്റെ വിവിധഭാഗങ്ങള്‍ പകര്‍ന്നാടുമ്പോള്‍ പലപ്പോഴും അവയെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ഞാന്‍ മനസിലാക്കുന്നത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം കൈത്തറി-ഖാദി തൊഴിലാളികള്‍ ഉണ്ടെന്നാണ്. അവരുടെ ജീവിതത്തിന് ഞാന്‍ നിമിത്തം ചെറിയ രീതിയിലെങ്കിലും ഉന്നമനമുണ്ടാവുന്നെങ്കില്‍, വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിലെങ്കിലും എന്റെ സഹകരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യംതന്നെയാണ്. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ചര്‍ക്കയുടെയും തറികളുടെയും സഹന സമരങ്ങളുടെയും ഉജ്വലങ്ങളായ ഏടുകള്‍ കാണാന്‍ സാധിക്കും. അവയെ സംരക്ഷിക്കുക, അര്‍ഥപൂര്‍ണമായി പിന്തുടരാന്‍ ശ്രമിക്കുക എന്നതൊക്കെ നമ്മുടെ കടമതന്നെയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പരമ്പരാഗത ഉല്‍പ്പാദനമേഖലയില്‍ പ്രമുഖങ്ങളാണ് കൈത്തറി, ഖാദി തുടങ്ങിയവ. അവിടെ ഉല്‍പ്പാദനവര്‍ധനയുണ്ടാകുമ്പോള്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും അനുഭവിക്കാന്‍കഴിയുന്ന ഒരു വികസന കാലാവസ്ഥ ഉണ്ടാവും. അതും എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ മണ്ണും മലയാളവും സംസ്കാരവും എന്നും എവിടെയായാലും നമ്മോടൊപ്പം ഉണ്ടല്ലോ. കൈത്തറി-ഖാദി മേഖലയുടെ ഗുഡ് വില്‍ അംബാസഡറാവാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന സന്തോഷപൂര്‍വം ഞാന്‍ അംഗീകരിക്കുന്നു. അത് എന്നില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടാക്കുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു പ്ളാനാണ് എന്നെ ബന്ധപ്പെട്ടവര്‍ സംസാരിച്ചത്. പരസ്യങ്ങളിലൂടെയുള്ള ബോധവല്‍ക്കരണം, കൈത്തറി വസ്ത്രം അണിയാന്‍ കോരളത്തിനകത്തും പുറത്തുമുള്ളവരെ പ്രേരിപ്പിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആലോചിക്കാവുന്നതാണ്. എന്റെ തൊഴില്‍മേഖലയില്‍ ഞാന്‍ വളരെ സജീവമാണ്. കുറച്ചധികം തിരക്കുകളുണ്ടെന്നുതന്നെ പറയാം. ഈ തിരക്കുകള്‍ക്കിടയില്‍ നിന്ന് കൈത്തറി-ഖാദി മേഖലയുടെ പ്രചാരണത്തിന് എന്നാല്‍ കഴിയുംവിധത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്നാണ് കരുതുന്നത്. എനിക്ക് ഈ അവസരത്തില്‍ കേരളത്തിന് പുറത്തുള്ള മലയാളികളോട് ഒരു അഭ്യര്‍ഥനയുണ്ട്. നിങ്ങള്‍ ഓരോരുത്തരും ഖാദിയുടെയും കൈത്തറിയുടെയും പ്രചാരകരാവണം. അല്ലെങ്കില്‍ നമ്മുടെ നാടിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. നിങ്ങള്‍ കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയും അന്യസംസ്ഥാനക്കാരായ/രാജ്യക്കാരായ സുഹൃത്തുക്കളോട് ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. എനിക്ക് തോന്നുന്നു ഇത് വലിയ ഒരു ചലനം ഉണ്ടാകാന്‍ സഹായകമാവും. ഇത്തരത്തിലുള്ള പരിപാടികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഞാന്‍ ഒരു സാധാരണക്കാരനാണ്. ഞങ്ങളുടെ കോസ്റ്യൂംസില്‍ അധികവും കൈത്തറിതന്നെയാണ്. ചില കഥാപാത്രങ്ങള്‍ക്ക് മാറ്റമുണ്ടാവുമെന്ന് മാത്രം. ഞാന്‍ മുണ്ടും ഷര്‍ട്ടുമാണ് മിക്കവാറും ഉപയോഗിക്കുന്നത്. എന്റെ ജോലിയുടെ സ്വഭാവംവച്ച് ഇനിയുള്ള കാലം മൊത്തം ഞാന്‍ കൈത്തറി വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാന്‍ കഴിയില്ല. എങ്കിലും ജീവിതത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നത് ഒരു ചര്യയാക്കുവാന്‍ ബോധപൂര്‍വമായ ഒരു ശ്രമം ഇനിയുണ്ടാക്കിയെടുക്കും. അത് എന്റെ സുഹൃത്തുക്കളിലേക്കും എന്നെ സ്നേഹിക്കുന്നവരിലേക്കും വ്യാപിപ്പിക്കാനും പരിശ്രമിക്കും.

കൈത്തറി-ഖാദി എന്ന് പറയുമ്പോള്‍ മുണ്ടും ഷര്‍ട്ടും മാത്രമല്ല. സാരി മാത്രമല്ല. നിങ്ങള്‍ കണ്ണൂരിലുള്ള കാഞ്ഞിരോട് വീവേഴ്സ്പോലുള്ള സ്ഥാപനങ്ങള്‍ നോക്കൂ, തിരുവനന്തപുരത്തെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കരാല്‍ക്കട നോക്കൂ. പുതിയ കാലത്തിന്റെ വസ്ത്രാഭിരുചി അവിടങ്ങളിലൊക്കെ പ്രകടമായി കാണാം. ഒരു വസ്തുതയുണ്ട്, കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തിരി വില കൂടുതലാണ്. ആ പണം നമ്മളോരോരുത്തരും ഒന്നു മനസ്സുവച്ചാല്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതും മറ്റൊരു വസ്തുതയാണ്. കൈത്തറി ഉല്‍പ്പാദനമേഖലകള്‍ പുതിയ കാലത്തിന്റെ വര്‍ണങ്ങളും സ്പന്ദനങ്ങളും രുചിഭേദങ്ങളും തിരിച്ചറിയുകയും സര്‍ഗാത്മകമായി അവ പ്രയോഗിക്കുകയും ചെയ്യണം. അങ്ങനെ വരുമ്പോള്‍ പുതിയ തലമുറ തീര്‍ച്ചയായും കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങളുടെ ആരാധകരായി മാറുമെന്നതില്‍ സംശയം വേണ്ട. എന്നെ സ്നേഹിക്കുന്ന കേരളീയര്‍ തീര്‍ച്ചയായും എന്റെ ഈ എളിയ അഭ്യര്‍ഥനയ്ക്ക് ചെവികൊടുക്കും. നാടിന്റെ പുരോഗതിയും വികസനവും ആഗ്രഹിക്കുന്നവരാണ് എല്ലാ മലയാളികളും. ഈ മുന്നേറ്റത്തില്‍ എല്ലാ മലയാളികളും എന്നോടൊപ്പമുണ്ടാവും എന്ന ആത്മവിശ്വാസം എനിക്കുണ്ട്.

ചിലര്‍ക്ക് എന്നെ ഖാദിയുടെ പ്രചാരകനാക്കാന്‍ ഇഷ്ടമില്ല; വേണ്ട. അവരുടെ മനസ്സ് ഞാനായി വിഷമിപ്പിക്കുന്നില്ല. ഖാദി മേഖലയെ നവീകരിക്കാന്‍ ഒത്തിരി ആശയങ്ങള്‍ അവരുടെ കൈയിലുണ്ടാവും. അവര്‍ അത് നടപ്പാക്കട്ടെ. നമുക്കതിനും പൂര്‍ണ പിന്തുണ നല്‍കാം. എന്നെ സംബന്ധിച്ചിടത്തോളം നേരത്തെ പറഞ്ഞ ഒരു ലക്ഷ്യം മാത്രമേയുള്ളു. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുവാന്‍, ആ മേഖലയില്‍ പുരോഗമനം ഉണ്ടാക്കുവാന്‍ എന്റെ സാന്നിധ്യംകൊണ്ട് സാധിക്കുമെങ്കില്‍ സന്തോഷം. അത്രമാത്രം. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുവാന്‍ ഞാനൊരു വിവാദ വ്യവസായിയല്ല. നമ്മുടെ സംസ്ഥാനത്ത് അമിതമായ സംസാരംകൊണ്ട്, അതുമൂലമുണ്ടായിട്ടുള്ള വിവാദങ്ങള്‍ക്കൊണ്ട് എത്രയെത്ര സംരംഭങ്ങള്‍ ഇല്ലാതായി. ആര്‍ക്കാണ് നേട്ടം? സാധാരണക്കാര്‍ക്ക് അവരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടണം എന്ന ആഗ്രഹം മാത്രമേയുള്ളു. എന്തിനെയും നെഗറ്റീവായി കാണുന്ന എല്ലാം നാശത്തിനാണെന്ന് കാണുന്ന മനോവികാരം കളയാന്‍ എന്ന് നമ്മള്‍ തയ്യാറാവുന്നോ അന്ന് വിജയവും വികസനവും നമ്മളെ തേടിയെത്തും.

മലയാള സിനിമയില്‍ തിലകന്‍ ചേട്ടന്റെ പ്രശ്നവും തുടര്‍ന്ന് ചില സാംസ്കാരിക നായകരുടെ കടന്നുവരവുമൊക്കെയുണ്ടാവുന്നതിന് എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് വ്യവസായമന്ത്രി എളമരം കരീമും അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനും എന്റെ സുഹൃത്ത് മുഖേന ഗുഡ് വില്‍ അമ്പാസഡറാവുന്ന കാര്യം സംസാരിച്ചിരുന്നു. സര്‍ക്കാരിന് ഖാദിയുടെ അംബാസഡറാണ് മോഹന്‍ലാലെന്ന് പ്രഖ്യാപിക്കാന്‍ പറ്റാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിയത് പിന്നീടാണ്. കേരളത്തിലെ മിക്കവാറും വിവാദങ്ങളുടെ സ്വാഭാവം ഇതാണ്. പ്രത്യേകിച്ചാര്‍ക്കും വിവാദവ്യവസായംകൊണ്ട് ലാഭമുണ്ടാകുന്നില്ലെന്നു മാത്രമല്ല, ഏറെ നഷ്ടമുണ്ട് താനും.

സംസ്ഥാന സര്‍ക്കാര്‍, നാലാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഈ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഗുണകരമാവുന്ന നിരവധി കാര്യങ്ങള്‍ ചെയ്തു, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുമുണ്ട്. അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാനസര്‍ക്കാരിനുള്ള എന്റെ എളിയ സമ്മാനമാണ് ഈ ഗുഡ് വില്‍ അംബാസഡര്‍ഷിപ്പ്. ഇതുവഴി ദുരിതമനുഭവിക്കുന്ന പരമ്പരാഗത ഉല്‍പ്പാദനമേഖലകളില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊരു കാര്യമാണ്.

നമ്മള്‍ ജീവിക്കുന്ന നന്മനിറഞ്ഞ ഈ നാട് നാം ഉണ്ടാക്കിയെടുത്തതല്ല. ഈ ഐശ്വര്യവും സമാധാനവുമൊക്കെ നമ്മുടെ പ്രപിതാമഹര്‍ നമുക്കുവേണ്ടി കരുതിവച്ചതാണ്. നമുക്ക് ലഭിച്ചതെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. കുറച്ചുകൂടി നല്ലൊരു ലോകം വരും തലമുറയ്ക്കായി പടുത്തുയര്‍ത്താന്‍ നമുക്കേവര്‍ക്കും ഒന്നായി മുന്നേറാം.

മോഹന്‍ലാല്‍ (തയ്യാറാക്കിയത് പ്രീജിത്ത് രാജ്)
deshabhimani 07062010