Showing posts with label കുടുംബശ്രീ. Show all posts
Showing posts with label കുടുംബശ്രീ. Show all posts

Sunday, January 17, 2021

ഡബിൾ ബെൽ ; പുതിയ കാലത്തിലേക്കുള്ള ബജറ്റ്‌...

സാമ്പത്തികവളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നൽകുന്ന സംസ്ഥാന ബജറ്റ്‌ ഭാവി കേരളത്തിനുള്ള ശുഭപ്രതീക്ഷയാണ്‌. പ്രതിസന്ധികൾക്കിടയിലും ജനപക്ഷ കാഴ്‌ചപ്പാട്‌ മുന്നോട്ടു വച്ചുള്ള ബജറ്റ്‌. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനതയുടെ ക്ഷേമം മുൻനിർത്തിയുള്ള പുതിയ കാലത്തിലേക്കുള്ള ബജറ്റ്‌... വികസനക്കുതിപ്പ്‌ തുടരാം

പൊതുമേഖലയ്‌ക്ക്‌ 250 കോടി

വിവിധ പൊതുമേഖലാ സ്ഥാപന വികസനത്തിന്‌ 250 കോടി രൂപ‌ അനുവദിച്ചു. 35 കോടി രൂപ പ്രവർത്തന മൂലധനത്തിന്‌ വകയിരുത്തി

• കെമിക്കൽ വ്യവസായം 57 കോടി

• ഇലക്ട്രോണിക് വ്യവസായം 25 കോടി

• എൻജിനിയറിങ്‌ വ്യവസായം 42 കോടി

• സെറാമിക് വ്യവസായം 13 കോടി

• ഇലക്ട്രിക്കൽ വ്യവസായം 57 കോടി

• ടെക്സ്റ്റൈൽ വ്യവസായം 28 കോടി

• മറ്റുള്ളവയ്ക്ക് 21 കോടി.

ധന സ്ഥാപനങ്ങൾക്ക്‌ കൗൺസിൽ

നവകേരളം പടുത്തുയർത്തുന്നതിൽ നിർണായക പങ്കാളികളാകുന്ന സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കൗൺസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രൂപീകരിക്കും. സംരഭകത്വ വികസന വായ്പകളുടെ ലക്ഷ്യം നിർവചിക്കുകയും പുരോഗതി അവലോകനം ചെയ്യുകയുമാണ്‌ കൗൺസിലിന്റെ ചുമതല.  

കിഫ്ബി

ദിവാസ്വപ്നമായി പ്രതിപക്ഷം വിമർശിച്ച കിഫ്‌ബി കേരള സമ്പദ്ഘടനയിലും സമൂഹത്തിലും വലിയ ചലനം സൃഷ്ടിച്ചുകഴിഞ്ഞു. 7000ൽപ്പരം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 821 പ്രോജക്ടുകളിലായി 40100 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഭൂമി ഏറ്റെടുക്കുന്നതിനടക്കം 20000 കോടി രൂപ അനുവദിച്ചു. 19100 കോടി രൂപയുടെ പ്രോജക്ടുകൾ നിർവഹണഘട്ടത്തിലാണ്‌. 2021–-22ൽ 15000 കോടി രൂപയുടെ കിഫ്ബി പ്രോജക്ടുകൾ പൂർത്തിയാകും.

കേരള ബാങ്ക്

ഈ സർക്കാർ പ്രഥമ ബജറ്റിൽ വാഗ്ദാനം ചെയ്ത കേരള ബാങ്കും യാഥാർഥ്യമായി. 61000 കോടി രൂപയുടെ നിക്ഷേപമുള്ള, കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്‌. കാർഷിക വികസന വായ്പകൾക്കും കാർഷിക മൂല്യവർദ്ധിത ഉൽപ്പന്ന വ്യവസായങ്ങൾ വളർത്താനും കേരളബാങ്ക്‌ സഹായമാകും. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം 1.6 ലക്ഷം കോടി രൂപയാണ്‌. കോർ ബാങ്കിങ്ങിന്റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാങ്കറായി മാറും.  

കെഎഫ്സി

കെഎഫ്സിയെ സംസ്ഥാന സർക്കാരിന്റെ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി പുനഃസംഘടിപ്പിക്കും. നിലവിൽ 1951ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ആക്ടിനു കീഴിലാണുള്ളത്‌. ധനകാര്യ പുനഃസംഘടനയിലൂടെ 2015–--16ൽ 10.7 ശതമാനമായിരുന്ന നിർജ്ജീവ ആസ്തികൾ 3.52 ശതമാനമാക്കി കുറച്ചു.  

കെഎസ്എഫ്ഇ

8000 കോടി രൂപയാണ്‌ ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ളത്‌. പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടുകളിലുള്ള നിക്ഷേപം 1000 കോടി രൂപയായി ഉയരും. പുതിയ സ്കീമുകൾ കെഎസ്എഫ്ഇ നടപ്പാക്കും: പുതിയ മാർക്കറ്റിങ്‌ വിഭാഗം ആരംഭിക്കും, മടങ്ങിയെത്തിയ പ്രവാസികൾക്ക് പരിഗണന നൽകിക്കൊണ്ട് 3000 ബിസിനസ് പ്രൊമോട്ടർമാരെ നിയമിക്കും, കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ, ഓൺലൈൻ അധിഷ്ഠിത നിവാസി ചിട്ടികൾ, കുടിശ്ശിക നിവാരണ പദ്ധതി.

സ്റ്റേറ്റ് ഇൻഷുറൻസ്

സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ്‌ പുനഃസംഘടിപ്പിക്കും. കുടുംബശ്രീ, സഹകരണസംഘങ്ങൾ, തൊഴിലുറപ്പ്, ക്ഷേമനിധികൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട മേഖലകളിൽ ഇൻഷുറൻസ് പ്രവർത്തനം വ്യാപിപ്പിക്കും. പവർ ഫിനാൻസ് കോർപറേഷൻ, കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപറേഷൻ, ടൂറിസം ഫിനാൻസ് കോർപ്പറേഷൻ, കെയുആർഡിഎഫ്സി, വനിതാ വികസന കോർപ്പറേഷൻ പോലുള്ള മറ്റു കോർപറേഷനുകളും സമഗ്രമായി പുനഃസംഘടിപ്പിക്കും.

തദ്ദേശസ്ഥാപനങ്ങൾക്ക്‌ 1000 കോടി അധികം

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. സംസ്ഥാന ധന കമീഷൻ നിർദേശപ്രകാരം വികസന ഫണ്ട് 25 ശതമാനത്തിൽനിന്ന്‌ 26 ശതമാനമായി ഉയർത്തി. മെയിന്റനൻസ് ഫണ്ട് ആറ്‌  ശതമാനത്തിൽനിന്ന്‌ ആറര  ശതമാനമായും  ജനറൽ പർപ്പസ് ഫണ്ട് മൂന്നരശതമാനത്തിൽനിന്ന്‌ നാല്‌ ശതമാനമായും ഉയർത്തി.  •  1000 പേരിൽ‌ അഞ്ച്‌ വീതമെങ്കിലും പുതിയ തൊഴിലവസരം  സൃഷ്‌ടിക്കാൻ പ്രത്യേക ഏകോപന സമിതി  • വഴിയോരക്കച്ചവടക്കാർക്കുള്ള ഐഡി കാർഡ് വിതരണം പൂർത്തിയാക്കും. 10000 രൂപവരെ വായ്‌പ ഏഴ്‌ ശതമാനം പലിശയ്‌ക്ക്‌ ലഭ്യമാക്കും.

ക്യാൻസർ മരുന്നുകൾക്ക്‌ പാർക്ക്‌

കിഫ്ബിയിൽനിന്ന് 150 കോടി രൂപയുടെ ധനസഹായത്തോടെ കെഎസ്ഡിപിയുടെ മാനേജ്മെന്റിൽ ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-–-22ൽ യാഥാർഥ്യമാക്കും.  ജൈവവൈവിധ്യവും  ആയുർവേദ പാരമ്പര്യവും  ബയോ ടെക്നോളജി വ്യവസായങ്ങളും  പ്രോത്സാഹിപ്പിക്കും

• അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് അനിവാര്യമായ  250 രൂപ കമ്പോളവില വരുന്ന ആറിനം മരുന്നുകൾ ഫെബ്രുവരിയിൽ 40 രൂപയ്ക്ക്  പുറത്തിറക്കും.

• തോന്നയ്ക്കലിലെ ലൈഫ്‌സയൻസ്‌ പാർക്കിന്‌ 24 കോടി രൂപ വകയിരുത്തി. ഇവിടെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേർന്ന് നിർമിക്കുന്ന 230 കോടി രൂപയുടെ മെഡിക്കൽ ഡിവൈസസ് പാർക്കിനും 24 കോടി രൂപ വകയിരുത്തി

• കെഎസ്ഡിപിയുടെ ഉൽപ്പാദനം 2015–--16ൽ ഏതാണ്ട് 20 കോടി രൂപയായിരുന്നത് 2020–--21ൽ 150 കോടിയായി ഉയരും. നോൺ ബീറ്റാ ലാക്ടം ഇഞ്ചക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉൽപ്പാദനശേഷി 250 കോടിയാകും. നിലവിലുള്ള പ്രോജക്ടുകൾക്ക്‌ 15 കോടി രൂപ.

• 15 ഫോർമുല മരുന്നുകൾ പുതുതായി 2021–--22ൽ കമ്പോളത്തിലിറക്കും.

• ഡബ്ല്യുഎച്ച്ഒ സർട്ടിഫിക്കേഷനോടെ ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്‌ മരുന്ന് കയറ്റുമതി ആരംഭിക്കും.

• കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിൽ ബൾക്ക് ഡ്രഗുകൾ ഉൽപ്പാദിപ്പിക്കാൻ ഒരു ഫാർമ പാർക്കുകൂടി സ്ഥാപിക്കും.

• കെഎസ്ഐഡിസിയുടെ പാലക്കാട്ടെ എൻജിനിയറിങ്‌ ഇൻഡസ്ട്രിയൽ പാർക്കിന്‌ അഞ്ച്‌ കോടി രൂപ

•  കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ഏഴ്‌ കോടി രൂപ. കൊച്ചിയിലെ 240 ഏക്കർ ഹൈടെക് പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിക്കും.

• വിവിധ കെൽട്രോൺ സ്ഥാപനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തി. ആമ്പല്ലൂരെ ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കിന്റെ നിർമാണം ഊർജിതപ്പെടുത്തും.

7500 കോടി തൊഴിലുറപ്പിന്‌

തൊഴിലുറപ്പ്‌  പദ്ധതിയിലും അയ്യൻകാളി തൊഴിലുറപ്പ്‌ പദ്ധതിയിലും ജനക്ഷേമപരമായ മാറ്റങ്ങൾ‌. 7500 കോടി രൂപ വകയിരുത്തി‌‌‌.

തൊഴിലുറപ്പ്‌ പദ്ധതി

4057 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്കായി  നീക്കിവച്ചു‌. തൊഴിലുറപ്പ് തൊഴിലാളികൾക്കായി‌ ഫെബ്രുവരിയിൽ ക്ഷേമനിധി .  വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്നവർക്ക്‌ ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽസേനയിൽനിന്ന് പുറത്തുപോകുമ്പോൾ തുക പൂർണമായും അംഗത്തിന് ലഭ്യമാക്കും. മറ്റു പെൻഷനുകളില്ലാത്തവർക്ക്‌‌ 60 വയസ്സുമുതൽ പെൻഷൻ. 75 ദിവസം തൊഴിലെടുത്തവർക്ക്‌ ഉത്സവബത്ത നൽകും.

മൂന്ന്‌ ലക്ഷം പേർക്കുകൂടി തൊഴിൽ മൂന്ന്‌ ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും. ‌2021-–-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽദിനം നൽകും.

അയ്യൻകാളി പദ്ധതി

200 കോടി രൂപ നീക്കിവച്ചു‌. 100 കോടി അയ്യൻകാളി ഇന്റേൺഷിപ് സ്‌കീമിനാണ്‌.നഗരങ്ങളിലെ ഗ്രാമീണ വാർഡിന്‌‌ മുൻഗണന. നിലവിൽ പദ്ധതിയുടെ തുക എല്ലാ വാർഡുകൾക്കും തുല്യമായി വീതിക്കുകയാണ്. പകരം നഗരങ്ങളിലെ ഗ്രാമീണ വാർഡിന്‌ മുൻഗണന നൽകും.

അയ്യൻകാളി ഇന്റേൺഷിപ് സ്‌കീം

സ്വകാര്യസംരംഭങ്ങളിൽ അപ്രന്റീസുകളോ  ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പുകൂലി സബ്സിഡിയായി നൽകും. പണിയെടുക്കുന്നവർക്കുള്ള വേതനം സംരംഭകർ ബാങ്ക് വഴി നൽകണം. തദ്ദേശസ്ഥാപനം വഴി പദ്ധതി നടപ്പാക്കും.

ഭിന്നശേഷിക്കാർക്ക്‌ 321 കോടി

സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി ഭിന്നശേഷിക്കാർക്കായി 321 കോടി രൂപ നീക്കിവച്ചു. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ 290 കോടി രൂപയെങ്കിലും നീക്കിവയ്ക്കണം.

●ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും 50 കോടി രൂപയും മാനസികാരോഗ്യ പരിപാടികൾക്കായി 64 കോടിയും‌.

● 250 തദ്ദേശസ്ഥാപനത്തിൽക്കൂടി ബഡ്സ്കൂളുകൾ ആരംഭിക്കും. കൂടുതൽ കൗൺസലേഴ്സിനെ നിയമിക്കും.  കൂടുതൽ അധ്യാപകർക്ക് പരിശീലനവും നൽകും.

●സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം 60 കോടി രൂപയായി ഉയർത്തി.

● 18 വയസ്സ് കഴിഞ്ഞവരുടെ സംരക്ഷണത്തിനുവേണ്ടി 10 കോടി രൂപ

● ബാരിയർ ഫ്രീ പദ്ധതിക്ക്‌ ഒമ്പത്‌ കോടി.

കുടുംബശ്രീക്ക്‌ കൈനിറയെ

സംസ്ഥാന ബജറ്റിലും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ആകെ 1749 കോടി രൂപ  ബജറ്റിൽ വകയിരുത്തി. 260 കോടി രൂപയാണ് ബജറ്റ് വിഹിതം. 125 കോടി രൂപ അധികമായും പ്രഖ്യാപിച്ചു. വിദ്യാശ്രീ ലാപ്ടോപ് പദ്ധതി, മുഖ്യമന്ത്രിയുടെ സഹായഹസ്‌തം എന്നിവയുടെ പലിശ സബ്സിഡിക്കായി 300 കോടി രൂപ ലഭ്യമാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 1064 കോടി രൂപകൂടി ലഭ്യമാകും. ഇതുകൂടി ചേർന്നാണ് ആകെ 1749 കോടി രൂപ കുടുംബശ്രീക്ക് ലഭിക്കുക.

ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നൽകുന്ന പദ്ധതിയിൽ  തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ നൈപുണ്യപരിശീലനത്തിനായി കണ്ടെത്തുന്നതിനുള്ള ചുമതല  കുടുംബശ്രീക്കാണ്.  അഞ്ചു കോടി രൂപ ഇതിനായി അനുവദിച്ചു.  

●   കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഫെബ്രുവരി, മാർച്ച്, എപ്രിൽ മാസങ്ങളിൽ ലാപ്ടോപ് ലഭ്യമാക്കും. ഇതിന്‌ വേണ്ടിവരുന്ന പലിശ സർക്കാർ വഹിക്കും.

●    ജില്ലാ മിഷനുകൾ പരിശോധിച്ച് പരിശീലനവും മേൽനോട്ടവും നൽകി നടപ്പാക്കുന്ന പ്രോജക്ടുകൾക്ക് എക്രോസ് ദി കൗണ്ടർ വായ്പ ലഭ്യമാക്കും. ഈട് ആവശ്യമില്ല. പലിശ സബ്സിഡി ലഭിക്കും.

●    സൂക്ഷ്മസംരംഭങ്ങളിൽ സമാന സ്വഭാവമുള്ള ഉൽപ്പന്നങ്ങളുടെ ക്ലസ്റ്റർ രൂപീകരിക്കും

●     കുടുംബശ്രീ വഴി നൈപുണ്യ പരിശീലനം ലഭിച്ചവർക്ക് സ്വയംതൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി. ഇതുവഴി വഴി ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും

●    ജനകീയ ഹോട്ടൽ,  ഹോം ഷോപ് എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും.

●    വയനാട്  കാപ്പി ബ്രാൻഡിന്റെ 500 ഓഫീസ് വെൻഡിങ് മെഷീനും 100 കിയോസ്കും കുടുംബശ്രീ വഴി ആരംഭിക്കും.

●    കുടുംബശ്രീ കർഷകസംഘങ്ങളുടെ എണ്ണം ഒരു ലക്ഷമാക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും.

●    ആശ്രയ പദ്ധതിക്കായി 100 കോടി രൂപകൂടി അനുവദിച്ചു.

പുതിയ എട്ട്‌ ജലവൈദ്യുത പദ്ധതി

2021-–-22ൽ 170 മെഗാവാട്ട് സ്ഥാപിതശേഷിയും 452 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനവുമുള്ള എട്ട്‌ ജലവൈദ്യുത പദ്ധതി കമീഷൻ ചെയ്യും. 414 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 13 ജലവൈദ്യുത പദ്ധതിയുടെ നിർമാണവും ആരംഭിക്കും.   അടങ്കൽ  97 കോടി രൂപയാണ്. 

17.14 ലക്ഷം കണക്‌ഷൻ നൽകി സമ്പൂർണ വൈദ്യുതീകരണം പൂർത്തീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ വൈദ്യുതി ഉൽപ്പാദനശേഷി 88 മെഗാവാട്ടാണ്‌ വർധിച്ചതെങ്കിൽ ഇപ്പോളത്‌ 236 മെഗാവാട്ടാണ്‌. പുതിയ വ്യവസായ നിക്ഷേപങ്ങളെ ആദ്യത്തെ അഞ്ച്‌ വർഷം വൈദ്യുതി ചാർജിലുള്ള ഇലക്ട്രിസ്റ്റി ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കും.

കൊച്ചി–ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരുന്ന വൈദ്യുതി   കേരളത്തിലുടനീളം എത്തിക്കണമെങ്കിൽ 400 കെവിയുടെ ട്രാൻസ്‌മിഷൻ ലൈൻ പൂർത്തീകരിക്കണം. ഇതാണ് 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് –-2 പദ്ധതി.വൈദ്യുതി തടസ്സം ഒഴിവാക്കാൻ 11 കെവി ലൈനിൽനിന്ന്‌ ട്രാൻസ്‌ഫോർമറിലേയ്‌ക്ക്‌ രണ്ട് ലൈനെങ്കിലും ഉറപ്പുവരുത്താൻ 4000 കോടി രൂപയുടെ "ദ്യുതി' പദ്ധതി നടപ്പാക്കും. ഇത്‌ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത്‌ വ്യവസായ കുതിപ്പിനുള്ള വൈദ്യുതി പശ്ചാത്തലം ഒരുങ്ങും. പ്രസരണ നഷ്ടം 3.7 ശതമാനമായും വിതരണ നഷ്ടം 8.7 ശതമാനമായും താഴ്‌ന്നു.

Thursday, November 5, 2020

സ്‌മാർട്ട്‌‌ കേരളം: സ്‌കൂൾ, വില്ലേജ്‌ ഓഫീസ്‌, കുടുംബശ്രീ പിന്നെ പട്ടയവും

 1.63 ലക്ഷം പേർക്കുകൂടി സ്വന്തം മണ്ണ്‌

ഒറ്റ ദിവസം 6607 പേരെ ഭൂമിയുടെ അവകാശികളാക്കിയ ചരിത്രനേട്ടവുമായി വീണ്ടും എൽഡിഎഫ്‌ സർക്കാർ.  നാലര വർഷത്തിൽ‌ 1,63,691 പേർക്കാണ്‌‌ പട്ടയം നൽകിയത്‌. ബുധനാഴ്‌ച‌ 6607 പേർക്ക്‌ പട്ടയം നൽകി‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആകെ നൽകിയത്‌ 82,000 പട്ടയം മാത്രം‌. പതിറ്റാണ്ടായി ഭൂമിക്ക്‌ രേഖ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങി തളർന്നവർക്കാണ്‌ സർക്കാരിന്റെ കരുതൽ. 1962ൽ തുമ്പ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രത്തിന്‌ സ്ഥലം കൈമാറിയ പള്ളിത്തുറ ചർച്ചിനും സ്‌കൂളിനും ഇതോടൊപ്പം പട്ടയം ലഭിച്ചു.

സ്‌മാർട്ടാകും; 159 വില്ലേജ്‌ ഓഫീസും

സംസ്ഥാനത്തെ 159 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാകുന്നു. നിലവിൽ 122 വില്ലേജ്‌ ഓഫീസുകളിലെ സേവനം സ്‌മാർട്ടാണ്‌. 159 സ്‌മാർട്ട്‌‌ വില്ലേജ്‌ ഓഫീസുകളുടെ നിർമാണ പ്രവർത്തനവും അഞ്ച്‌ സ്‌മാർട്ട്‌‌ വില്ലേജുകളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.   മുഴുവൻ റവന്യൂ ഓഫീസുകളും കടലാസുരഹിതമാക്കും.  25 ഇനം സർട്ടിഫിക്കറ്റുകൾ ഇ- ഡിസ്ട്രിക്ട് ആപ് വഴി ഓൺലൈനിലാണ്‌ ഇപ്പോൾ നൽകുന്നത്. 1644 വില്ലേജുകളിൽ പോക്കുവരവ് ഓൺലൈൻ ഇ- പേയ്‌മെന്റ് സംവിധാനം നടപ്പാക്കി. 1218 വില്ലേജുകളിൽ ഇ പോസ് മെഷീൻ സ്ഥാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സ്മാർട്ട് വിേല്ലജ് ഓഫീസുകളുടെ നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

46 സ്‌കൂളിനുകൂടി പുതിയ കെട്ടിടം

നാൽപ്പത്തിയാറ്‌ സർക്കാർ സ്‌കൂളുകൾക്ക്‌ പുതുതായി നിർമിച്ച കെട്ടിടംകൂടി നാടിന് സമർപ്പിച്ചു. 79  സ്‌കൂളിൽ പുതിയ കെട്ടിടം പണി തുടങ്ങി.  വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. നേരത്തെ രണ്ടു ഘട്ടങ്ങളിലായി 124  സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും  നടന്നിരുന്നു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തലയുയർത്തിപ്പിടിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷാ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ചാണ്‌ കെട്ടിടങ്ങൾ നിർമിച്ചത്‌.

ക്ലിക്ക്‌ ചെയ്യൂ; കുടുംബശ്രീ വീട്ടിലെത്തും

രാജ്യത്ത്‌ എവിടെയും വിരൽത്തുമ്പ്‌ തൊട്ടാൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വീട്ടിലെത്തും. കുടുംബശ്രീ ഓൺലൈൻ ഷോപ്പിങ്‌ ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി സി രവീന്ദ്രനാഥ്‌ നിർവഹിച്ചു. ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാൻ തപാൽ വകുപ്പുമായി കുടുംബശ്രീ ധാരണപത്രം ഒപ്പിട്ടു. 200ലധികം പോസ്റ്റ്‌ ഓഫീസുകളുമായാണ്‌ കരാർ‌.  600 ഉൽപ്പന്നങ്ങൾ പോർട്ടലിലുണ്ട്‌. 19 വരെ ഓൺലൈൻ വിപണനമേള തുടരും.

Monday, November 2, 2020

നന്മവിളമ്പി കുടുംബശ്രീ ഹോട്ടലുകള്‍; 772 ഹോട്ടൽ തുറന്നു

 ആലപ്പുഴ > കോവിഡ്‌ വെല്ലിവിളികൾക്കിടയിലും  ജനകീയ ഹോട്ടലുകളൊരുക്കി കുടുംബശ്രീ. എട്ടുമാസത്തിൽ 772 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീ ആരംഭിച്ചത്.  ഫെബ്രുവരിയിലെ ബജറ്റിലാണ് 20 രൂപയ്‌ക്ക്‌ ഭക്ഷണം നൽകുന്ന 1000 ജനകീയ ഹോട്ടൽ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. ആ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് കുടുംബശ്രീ. ഇതുവരെ 5000ത്തോളം പേർക്ക് തൊഴിലും തുച്ഛവിലയിൽ ഗുണനിലവാരമുള്ള ഭക്ഷണവും നൽകാൻ കുടുംബശ്രീക്കായി. നിർധനർക്ക്‌ ഭക്ഷണം സൗജന്യമായി നൽകാനും സാധിച്ചു. ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പിക്കുന്ന ഭക്ഷണശാലകളുടെ ശൃംഖലയാണ് കുടുംബശ്രീ ഒരുക്കുന്നത്.

പ്രവർത്തനം തുടങ്ങിയപ്പോഴേയ്‌ക്കും  കോവിഡ് 19  കടന്നുവന്നത് വെല്ലുവിളിയായി. എങ്കിലും ഡിസംബറോടെ 1000 ജനകീയ ഹോട്ടൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ  അധികൃതർ പറഞ്ഞു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ജില്ലാ ടീമും സിഡിഎസ് ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ  അയൽക്കൂട്ടാംഗങ്ങളും  തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നായിരുന്നു പ്രവർത്തനം. ദിവസേന ഏകദേശം 80,000 പേരാണ് ഹോട്ടലുകളിൽനിന്ന് 20 രൂപയുടെ ഉച്ചഭക്ഷണം കഴിക്കുന്നത്. കൂടാതെ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കുന്ന  ജനകീയ ഹോട്ടലുകളായും ഇവ മാറും.

കൂടുതൽ എറണാകുളത്ത്

ആരംഭിച്ച 772 ഹോട്ടലുകളിൽ കൂടുതലും എറണാകുളം ജില്ലയിലാണ്. ഇവിടെ ആരംഭിക്കാനുദ്ദേശിച്ച 98ൽ 97 ഹോട്ടലുകളും തുറന്നു. പാലക്കാട് 71, തിരുവനന്തപുരത്തും കൊല്ലത്തും 68 വീതം,  കോഴിക്കോട് 67 എന്നിങ്ങനെ ഹോട്ടൽ തുറന്നു. ആലപ്പുഴയിൽ 55 ഹോട്ടലുകളുണ്ട്. 76 എണ്ണമാണ് ഇവിടെ തുറക്കാൻ ഉദ്ദേശിച്ചത്. ഇവിടങ്ങളിൽ 260 പേർ ജോലിചെയ്യുന്നു. കണ്ണൂർ 63, തൃശൂർ 62, മലപ്പുറം 56, കോട്ടയം 43, പത്തനംതിട്ട 41, ഇടുക്കി 32, കാസർകോട് 29, വയനാട് 20 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ജനകീയ ഹോട്ടലുകളുടെ എണ്ണം. ആകെ 3372 പേരാണ് ഇവിടങ്ങളിൽ ജോലിചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തിലൂടെയാണ് ജനകീയ ഹോട്ടലുകളുടെ രൂപീകരണം. പഞ്ചായത്തുകളും നഗരസഭകളും സഹായവും പിന്തുണയുമായി കൂടെയുണ്ട്. സിവിൽ സപ്ലൈസ് വകുപ്പ് ജനകീയ ഊണിനുള്ള അരി 10.90 രൂപയ്‌ക്ക്‌ റേഷൻ കടയിൽനിന്ന് നൽകും. കുടുംബശ്രീ ടീമാണ് ഏകോപനവും ഹോട്ടലുകളുടെ സംഘാടനവും.

നന്ദു വിശ്വംഭരന്‍ 

Monday, October 12, 2020

ലഹരിക്കെതിരെ: 'ജാഗ്രത' പ്രചാരണത്തിന് തുടക്കമായി

  ലഹരിവിരുദ്ധ പ്രചാരണത്തിന്റ ഭാഗമായി വിമുക്തി ലഹരിവര്‍ജന മിഷനും കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ജാഗ്രത' പ്രചാരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. എക്‌സൈസ് അഡീ. കമീഷണര്‍ ഡി രാജീവ്  ഉദ്ഘാടനം ചെയ്തു. ലഹരി വിപത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ മിഷന്‍ ജില്ലാ അസി. കോര്‍ഡിനേറ്റര്‍ റജീന ഹാഷിം അധ്യക്ഷയായി. എക്‌സൈസ് സിഐ ടി എന്‍ സുധീര്‍ ആമുഖപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷൈന്‍ ടി മണി പദ്ധതി വിശദീകരിച്ചു. 'ലഹരിയും മാനസീക ആരോഗ്യവും' എന്ന വിഷയത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ബിബിന്‍ ജോര്‍ജ് ക്ലാസെടുത്തു. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എ ഫൈസല്‍ സ്വാഗതവും സ്മിത മനോജ് നന്ദിയും പറഞ്ഞു.

വെബിനാറില്‍ 200 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ വെബിനാറുകള്‍, വിജിലന്റ് ഗ്രൂപ്പുകള്‍ക്ക് പരിശീലനം, പഠനക്ലാസുകള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ എന്നിവയും നടക്കും.

Monday, May 12, 2014

കുടുംബശ്രീയും ബ്ലേഡില്‍ കുടുങ്ങുന്നു

ഗ്രാമീണ സ്ത്രീകളുടെ തൊഴില്‍സംരംഭങ്ങളെയും ബ്ലേഡ് മാഫിയ കീഴടക്കുന്നു. കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമീപനമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. നാലുശതമാനം പലിശയ്ക്ക് വായ്പ കിട്ടിയിരുന്ന കുടുംബശ്രീ സംഘങ്ങള്‍ ഇപ്പോള്‍ 12-15 ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സബ്സിഡിയും നിര്‍ത്തി. കടക്കെണിയിലായ വനിതാസംരംഭങ്ങള്‍ പലതും നിലനില്‍പ്പിന് ബ്ലേഡുകാരില്‍നിന്ന് വട്ടിപ്പലിശക്ക് പണമെടുത്തതോടെ തകര്‍ച്ച നേരിടുകയാണ്.

സര്‍ക്കാര്‍ സംവിധാനമായി തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ അവഗണിച്ച് കോണ്‍ഗ്രസ് സംരംഭമായ ജനശ്രീയെ സഹായിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സാമുദായിക സംഘടനകളുടെ പേരില്‍ തുടങ്ങിയ സമാനമായ വായ്പാസംവിധാനവും തൊഴില്‍സംരംഭങ്ങളും കുടുംബശ്രീ സംവിധാനത്തിന് തിരിച്ചടിയായി. എസ്എന്‍ഡിപി, എന്‍എസ്എസ്, കത്തോലിക്കസഭ, ധീവരസഭ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ജാതി, സാമുദായിക സംഘടനകളുടെ സംരംഭങ്ങളുണ്ടായത് സ്ത്രീകളുടെ ഗുണപരമായ മുന്നേറ്റത്തിന് തടസ്സമായി. പലയിടത്തുനിന്നായി ഒരേ സംഘങ്ങള്‍ കടമെടുത്തതും തിരിച്ചടവിന് വിനയായതായി പറയുന്നു.

കടക്കെണിയിലായ യൂണിറ്റുകള്‍ പലതും ബ്ലേഡുകാരില്‍നിന്ന് വട്ടിപ്പലിശക്ക് പണം കടമെടുത്താണ് ബാങ്ക് വായ്പകള്‍ വീട്ടുന്നത്. ഇതോടെ പല തൊഴില്‍സംരംഭങ്ങളും ഇല്ലാതാകുകയാണ്. സൂക്ഷ്മ സാമ്പത്തിക വായ്പാ പദ്ധതികളുടെ എണ്ണം കൂടിയാല്‍ ഈ മേഖലയുടെ സര്‍വനാശമാകും ഫലമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയതാണ്. ജനശ്രീക്ക് ബജറ്റില്‍ തുക വകയിരുത്തിയില്ലെങ്കിലും സര്‍ക്കാരിന്റെ പല പദ്ധതികളും ജനശ്രീ വഴി നടപ്പാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാനുസൃതമായ വര്‍ധന നടപ്പാക്കിയില്ല. കഴിഞ്ഞ ബജറ്റില്‍ 90 കോടിയാണ് വകയിരുത്തിയത്.

ദേശീയ കുടുംബ ഉപജീവന മിഷന്‍ അനുവദിച്ച 300 കോടിയുടെ സഹായം യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീക്ക് കൈമാറിയതുമില്ല. ജില്ലാ സഹകരണ ബാങ്കുകളും ഇപ്പോള്‍ കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നില്ല. തുടര്‍ന്നാണ് ഉയര്‍ന്ന പലിശക്ക് വാണിജ്യ ബാങ്കുകളില്‍നിന്ന് വായ്പെയടുത്ത് വനിതാ യൂണിറ്റുകള്‍ കടക്കെണിയിലായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1998ലാണ്് തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ സര്‍ക്കാരിന്റെ പിന്തുണയോടും നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടുംകൂടി കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടപ്പാക്കിയത്. രണ്ടരലക്ഷം അയല്‍ക്കൂട്ട സംരംഭങ്ങളിലായി 40 ലക്ഷം അംഗങ്ങളുണ്ട്. 850 കോടി രൂപയുടെ സംരംഭങ്ങളാണ് നടത്തിയിരുന്നത്.

വി എം രാധാകൃഷ്ണന്‍ deshabhimani

Wednesday, April 2, 2014

കുടുംബശ്രീ ന്യൂട്രിമിക്സ് നിര്‍മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്

അങ്കണവാടികള്‍ മുഖേനയുള്ള പോഷകാഹാര വിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കുടുംബശ്രീ ന്യൂട്രിമിക്സ് നിര്‍മാണ യൂണിറ്റുകളെയും തകര്‍ക്കും. നിലവില്‍ കുടുംബശ്രീ യൂണിറ്റുകളാണ് പോഷകാഹാരം നിര്‍മിച്ച് അങ്കണവാടികളിലെത്തിക്കുന്നത്. ജില്ലയില്‍ 11യൂണിറ്റുകളിലായി നൂറുകണക്കിന് സ്ത്രീകളാണ് ന്യൂട്രിമിക്സ് നിര്‍മാണ ജോലി ചെയ്യുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ഇവരുടെ വരുമാനമാര്‍ഗം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. സാമൂഹ്യസേവന മേഖലയിലേക്ക് സ്വകാര്യ കുത്തകകള്‍ക്ക് വഴിതുറക്കുന്ന സര്‍ക്കാര്‍ നടപടി അങ്കണവാടികളിലെ നൂറുകണക്കിന് ജീവനക്കാരെയും ബാധിക്കും. വന്‍സാമ്പത്തിക തട്ടിപ്പിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടപടിയെന്നും വ്യക്തമായിക്കഴിഞ്ഞു. അങ്കണവാടികളുടെ നടത്തിപ്പും പോഷകാഹാര വിതരണവും സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് രഹസ്യമാക്കി വെച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും മറ്റും പൂര്‍ത്തിയായി കഴിഞ്ഞു. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മരവിപ്പിച്ചിരിക്കുകയാണ്.

ജില്ലയിലെ അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്ന സമ്പൂര്‍ണാഹാരം ഏഴുവര്‍ഷമായി തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ്. നിലക്കടല, കടലപ്പരിപ്പ്, സോയാബീന്‍, ഗോതമ്പ്, പഞ്ചസാര എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് വറുത്ത്പൊടിച്ചാണ് പോഷകാഹരം നിര്‍മിക്കുന്നത്. ശാസ്ത്രീയ പരിശീലനം നേടിയ ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് സര്‍ക്കാരും വിവിധ ഏജന്‍സികളും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഓരോ യൂണിറ്റും റോസ്റ്റിങ് മെഷീന്‍, ഫ്ളോര്‍മില്‍ തുടങ്ങിയവ സ്വന്തം ചിലവില്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ലോണെടുത്തും മറ്റും ലക്ഷങ്ങള്‍ മുതല്‍മുടക്കിയ ഈ അയല്‍ക്കൂട്ടങ്ങളെയാണ് പുതിയ സര്‍ക്കാര്‍ നടപടി പ്രതിസന്ധിയിലാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ തന്നെ ഇത്തരം സ്ത്രീകൂട്ടായ്മകളെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയ സര്‍ക്കാര്‍ ഒടുവില്‍ തങ്ങളടെ രഹസ്യപദ്ധതി നടപ്പാക്കുകയാണ്. ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് ഐസിഡിഎസ് മുഖേന ഗോതമ്പ് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മറ്റ് ധാന്യങ്ങളെല്ലാം സ്വന്തംചിലവില്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്ക് കൃത്യസമയത്ത് സര്‍ക്കാര്‍ ഫണ്ട് കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബാങ്ക് വായ്പയും മറ്റുമായി ഭൂരിഭാഗം യൂണിറ്റുകളും കടബാധ്യതയിലുമാണ്. ഇതിനിടെയാണ് ഇടിത്തീപോലെ സര്‍ക്കാറിന്റെ പുതിയ നീക്കമെന്ന് സ്ത്രീകള്‍ പറയുന്നു.

ജില്ലയിലെ അങ്കണവാടികള്‍ക്ക് ഐഡിസിഎസ് മുഖേന മാസത്തില്‍ ശരാശരി 30ലക്ഷം രൂപയുടെ പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകളാണ് ഇവ തയ്യാറാക്കി നല്‍കുന്നത്. നൂറുകണക്കിന് സ്ത്രീകളുടെ കുടുംബവരുമാന മാര്‍ഗവുമാണിത്്. വിധവകളും വികലാംഗരും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഈ യൂണിറ്റുകളിലുണ്ട്. എല്‍ഡിഎഫ് ഭരണകാലത്താണ് സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് ശാസ്ത്രീയ പരിശീലനം നല്‍കി ഈ ചുമതല ഏല്‍പ്പിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗമായി അത് മാറുകയും ചെയ്തു. ഈ നേട്ടങ്ങളെയാണ് യുഡിഎഫ് ഭരണം ഒറ്റയടിക്ക് തകര്‍ക്കുന്നത്. കുടുംബശ്രീകളെ ഒഴിവാക്കി രാജ്യത്തെ കുത്തക കമ്പനികള്‍ക്ക് പോഷകാഹാര വിതരണ ചുമതല നല്‍കുന്നത് വന്‍ അഴിമതിക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലയില്‍ 869 അങ്കണാടികളും 42 മിനി അങ്കണവാടികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാരും ആശങ്കയിലാണ്. ജില്ലയില്‍ മാത്രം 1780 അങ്കണവാടി ജീവനക്കാരുണ്ട്. അങ്കണവാടികള്‍ വഴി ഗര്‍ഭിണികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന പോഷകാഹാര വിതരണവും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയാണ് സര്‍ക്കാര്‍. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ പോഷകാഹാര കുറവുമൂലമുള്ള ശിശുമരണം സംഭവിക്കുന്ന വയനാട്ടില്‍ സര്‍ക്കാറിന്റെ ഈ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സാമൂഹ്യ സേവന മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ അങ്കണവാടി ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ജീവനക്കാരെയും കുടുംബങ്ങളെയും അണിനിരത്തിയുള്ള ശക്തമായ സമരം ആരംഭിക്കുമെന്ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എസ് രമാദേവി പറഞ്ഞു. ഇതിന് മുന്നോടിയായി ഏപ്രില്‍ നാലിന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

deshabhimani

Wednesday, November 20, 2013

ആദിവാസി ഊരുകളിലേക്കും കുടുംബശ്രീ

കണ്ണൂര്‍: ആദിവാസി ഊരുകളിലെ പട്ടിണിയകറ്റാന്‍ കുടുംബശ്രീയുടെ കൈത്താങ്ങ്. പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. ആദിവാസി ഊരുകളിലെ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് സ്ഥിര വരുമാനമുണ്ടാകുന്ന തൊഴില്‍ സമ്പ്രദായങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടം പ്രവര്‍ത്തനം. ഓരോ ജില്ലയിലെയും ആദിവാസി മേഖലകളില്‍നിന്ന് എസ്എസ്എല്‍സി യോഗ്യതയുള്ള സ്ത്രീകളെ സന്നദ്ധ സേവകരായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ആദിവാസി കുടുംബങ്ങളുടെ വിവരം ശേഖരിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ നേരിട്ടാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യവകുപ്പ് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഊരുകളില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തനം പട്ടികവര്‍ഗ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശമുയര്‍ന്നത്.

സംസ്ഥാനത്തെ പട്ടികവര്‍ഗ വനിതകളില്‍ 20301 പേര്‍ വിധവകളും 887 പേര്‍ അവിവാഹിത അമ്മമാരുമാണെന്ന് നേരത്തെ "കില" നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകള്‍ കുടുംബനാഥകളായ 18623 പട്ടികവര്‍ഗ കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. പട്ടികവര്‍ഗക്കാരില്‍ 15-59 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ 77680പേര്‍ തൊഴിലില്ലാത്തവരാണെന്നതും ആദിവാസി മേഖലയിലെ പ്രശ്നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആദിവാസി ഗ്രാമങ്ങളിലെ അയല്‍ക്കൂട്ടങ്ങള്‍ പുനരുദ്ധരിക്കാനും പുതിയവ ഉണ്ടാക്കാനും നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദിവാസി അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ കോര്‍പറേറ്റ് ഫണ്ട് നല്‍കും. സ്ഥിര വരുമാനമുണ്ടാകുന്ന തൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കാനാണിത്. സംരംഭങ്ങള്‍ക്ക് പണം നല്‍കുന്ന കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാകും ഇവയുടെ വിനിയോഗവും നടത്തുക.എല്ലാ മേഖലകളിലും കുടുംബശ്രീ പ്രവര്‍ത്തനം വിജയിച്ച സാഹചര്യത്തിലാണ് പട്ടികവര്‍ഗ മേഖലകളിലും കുടുംബശ്രീയുടെ സജീവ സാന്നിധ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 100912 കുടുംബങ്ങളിലായി 401401 പട്ടികവര്‍ഗക്കാരുണ്ടെന്നാണ് കണക്ക്.
(സതീഷ്ഗോപി)

deshabhimani

Tuesday, October 15, 2013

മാരാരിക്കുളം ഇനി കണികണ്ടുണരും "വെണ്‍മ"

സംസ്ഥാനത്തെ ആദ്യ സ്ത്രീസൗഹൃദ പഞ്ചായത്തായ മാരാരിക്കുളം തെക്കില്‍നിന്നും ഇനി "വെണ്‍മ" എന്ന പേരില്‍ ശുദ്ധമായ പശുവിന്‍പാലും. ക്ഷീരോല്‍പാദനം നൂറുശതമാനമാക്കാന്‍ 14 കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി 70 പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ച് പഞ്ചായത്തിന്റെ തനതായ ബ്രാന്‍ഡില്‍ പാല്‍ ഉല്‍പാദന വിതരണ ശൃംഖല സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം അസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി സ്നേഹജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കാര്‍ഷികരംഗത്തെ നിര്‍ബന്ധിത വകയിരുത്തലുകള്‍ ഒഴിവാക്കിയെങ്കിലും പഞ്ചായത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച് നെല്ല്, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കുകയും കിഴങ്ങുവര്‍ഗ കൃഷികള്‍ സാര്‍വത്രികമാക്കുന്നതിനും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരിടമാക്കി പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ആദ്യ സ്ത്രീസൗഹൃദ പഞ്ചായത്ത് എന്ന നിലയിലേക്ക് ഉയരാനായി. ഇതിന്റെ തുടര്‍ച്ചയായി പഞ്ചായത്ത്-വാര്‍ഡുതലത്തില്‍ സ്ത്രീ സൗഹൃദകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇവിടെ സ്ത്രീകള്‍ക്കായി ഹെല്‍ത്ത്ക്ലബ്, യോഗ പരിശീലനകേന്ദ്രം, കൗണ്‍സലിങ് സെന്റര്‍, ലൈബ്രറി എന്നിവ ഏര്‍പ്പെടുത്തി. നിയമസഹായ ക്ലിനിക്കും ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകല പരിശീലനം നല്‍കി. ആരോഗ്യ വിദ്യാഭ്യാസരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ ആരോഗ്യ കേരള പുരസ്കാരം ലഭിച്ചു. ജീവിതശൈലീരോഗങ്ങള്‍ നിര്‍ണയിക്കുന്നതിനായി ആരോഗ്യ വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ 15,700 കുടുംബങ്ങളിലും ജനകീയ സര്‍വെയും ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവയുടെ ശാസ്ത്രീയപരിശോധനയും നടത്തി. ഇവ ക്രോഡീകരിച്ച് ആയുര്‍രേഖ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. കുട്ടികള്‍ക്കായി വിളര്‍ച്ചാ പരിശോധന നടത്തുന്നതിനും ശാരീരിക-മാനസിക പരിരക്ഷയ്ക്കായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും കൗമാരക്കാരായ കുട്ടികള്‍ക്ക് ജീവിതനൈപുണ്യ പരിശീലനത്തിനും പദ്ധതികള്‍ നടപ്പാക്കി.

തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷം 1500ലേറെ പേര്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാനും കഴിഞ്ഞു. ഈ വര്‍ഷം തൊഴിലുറപ്പില്‍ നാലുകോടി രൂപ ചെലവഴിച്ചു. 1.5 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡോ. ടി എം തോമസ് ഐസക് എംഎല്‍എയുടെയും എല്ലാ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും പിന്തുണയോടെയാണ് ഈ കടലോരഗ്രാമം മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്നതെന്നും എന്‍ പി സ്നേഹജന്‍ പറഞ്ഞു.

deshabhimani

Monday, June 17, 2013

മെട്രോനിര്‍മാണത്തിന് കുടുംബശ്രീ കരങ്ങളും

കൊച്ചി മെട്രോ റെയില്‍ പണിതുയര്‍ത്താന്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളുടെയും കരങ്ങള്‍. കെട്ടിട നിര്‍മാണ മേഖലയില്‍ കുടുംബശ്രീ പരിശീലനം നല്‍കിയ തൊഴിലാളികളെ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കെട്ടിട നിര്‍മാണത്തിനു പുറമേ മരപ്പണികളിലും വൈദ്യുതീകരണ ജോലികളിലുമെല്ലാം കുടുംബശ്രീ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരെയാണ് മെട്രോ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തുന്നത്.

മെട്രോ നിര്‍മാണത്തിന് ആവശ്യമായ അംഗങ്ങളെ തെരഞ്ഞെടുക്കല്‍ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനം തുടങ്ങി. നാനൂറ്റമ്പതോളം സ്ത്രീകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍നിന്ന് 200 പേരെയാണ് തെരഞ്ഞെടുക്കുക. തൊഴിലാളികളെ 10 പേര്‍ വീതമടങ്ങുന്ന 20 ഗ്രൂപ്പുകളാക്കി തിരിക്കും. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമായിരിക്കും മെട്രോ റെയില്‍ പദ്ധതിയുടെ ജോലികള്‍ക്ക് നിയോഗിക്കുക. 200 പേരില്‍നിന്ന് ഏറ്റവും വൈദഗ്ധ്യമുള്ള പത്തു പേരായിരിക്കും ബാക്കിയുള്ള അംഗങ്ങളെ നിയന്ത്രിക്കുന്നത്. മെട്രോയുടെ ഗ്രൗണ്ട് ജോലികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇവരെ പരിശീലനം പൂര്‍ത്തിയാക്കി മെട്രോ റെയില്‍ നിര്‍മാണത്തിന് സജ്ജരാക്കാനാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. അതേസമയം ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ മെട്രോ നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.

ഡല്‍ഹി മെട്രോ, ബംഗളൂരു മെട്രോ, ഹൈദരാബാദ് മെട്രോ ഇവയുടെ നിര്‍മാണത്തിനുണ്ടായിരുന്ന ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയെക്കൊണ്ട് ഇവര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം ആലോചനയിലുണ്ട്. എന്‍ ജി ഒയുമായി ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് മെട്രോ നിര്‍മാണങ്ങളില്‍ എന്‍ ജി ഒയിലെ പരിശീലനം നേടിയ സ്ത്രീത്തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. കുടുംബശ്രീക്ക് അംഗങ്ങളുടെ പരിശീലനത്തിന് സാമ്പത്തിക സഹായം ഹഡ്കോയാണ് നല്‍കുന്നത്. ഹഡ്കോയുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി 95 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ഇതുവരെ അനുവദിച്ചിട്ടുള്ളത്.

deshabhimani

Sunday, April 28, 2013

കുടുംബശ്രീ ഇനി നിര്‍മാണമേഖലയിലും

ഹഡ്കോ കുടുംബശ്രീ മുഖേന നിര്‍മാണഗ്രൂപ്പുകള്‍ രൂപീകരിക്കും. എറണാകുളം ജില്ലയില്‍ 10 ഗ്രൂപ്പ് രൂപീകരിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറെടുക്കുന്നത്. ഇവരുടെ മേല്‍നോട്ടത്തിലാകും ഇനി ജില്ലയിലെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുക. സ്വകാര്യ കെട്ടിടങ്ങള്‍ നിര്‍മിക്കാനും ഇവര്‍ തയ്യാറാണെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

പരിശീലനം, സ്റ്റൈപ്പന്റ്, ഉപകരണങ്ങള്‍ വാങ്ങാനുള്ള തുക എന്നിവയ്ക്കായി ഹഡ്കോ ഒരുകോടി രൂപ ചെലവിടും. മൂന്നു മാസത്തേക്കാണ് പരിശീലനം. ജില്ലയില്‍ 10 വീതം സിവില്‍ എന്‍ജിനിയര്‍മാര്‍ക്കും സിവില്‍ ഡിപ്ലോമ ലഭിച്ച സൂപ്പര്‍വൈസര്‍മാര്‍ക്കും 15 വീതം പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്മാര്‍, അറ്റകുറ്റപ്പണി നടത്തുന്നവര്‍, വിവിധ രംഗങ്ങളില്‍ നിര്‍മാണവൈദഗ്ധ്യം ലഭിച്ചവര്‍ എന്നിവര്‍ക്കും 120 സാധാരണ തൊഴിലാളികള്‍ക്കും പരിശീലനം നല്‍കും. ഇതില്‍ എന്‍ജിനിയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനത്തിന്റെ ആവശ്യമില്ല. ബാക്കിയുള്ള 180 പേര്‍ക്കാണ് പരിശീലനം. ഇവര്‍ക്ക് ഈ കാലയളവില്‍ ദിവസവും 350 രൂപ സ്റ്റൈപ്പന്റ്നല്‍കും. പരിശീലനം നല്‍കേണ്ട കമ്പനികളെ തെരഞ്ഞെടുക്കാന്‍ ഹഡ്കോ മുന്‍കൈ എടുക്കും. ഇതിനകം 10 ഏജന്‍സികള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സിഡിഎസ് മുഖാന്തിരമോ ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേനയോ മെയ് ആറിനകം അപേക്ഷ നല്‍കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു.

deshabhimani

Thursday, April 11, 2013

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കുടുംബശ്രീ ഉല്‍പ്പന്നങ്ങളെ പുറത്താക്കുന്നു


സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്ന് ചെറുകിട ഉല്പാദകരെയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളെയും ആട്ടിപ്പായിക്കാന്‍ സപ്ലൈകോ അധികൃതര്‍ തന്ത്രമിറക്കുന്നു. സെയില്‍ടാക്‌സ് രജിസ്‌ട്രേഷനും ടിന്‍ നമ്പറുമുള്ള സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പനയ്ക്കുവച്ചാല്‍ മതിയെന്ന് സപ്ലൈകോ ഇന്നലെ ഉത്തരവിറക്കി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മരച്ചീനി കൊടുക്കുന്ന നാട്ടിന്‍പുറത്തെ കര്‍ഷകനും ഇനി സെയില്‍ടാക്‌സ് രജിസ്‌ട്രേഷനും ടിന്‍ നമ്പറുമെടുക്കേണ്ട ഗതികേടിലാണ്.

മരച്ചീനിക്കു പുറമെ ഉള്ളി, സവാള, പപ്പടം, ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ നികുതി ഇളവുണ്ടെങ്കിലും സപ്ലൈകോ അധികൃതര്‍ അതൊന്നും അറിഞ്ഞ മട്ടില്ല. മാര്‍ക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ഇന്നലെ ഇറക്കിയ ഉത്തരവില്‍ ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

പത്തു ലക്ഷത്തിലേറെ രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളും സ്ഥാപനങ്ങളുമാണ് ഇടപാടുകളില്‍ ടാക്‌സ് ഐഡന്റിറ്റിഫിക്കേഷന്‍ നമ്പര്‍ എന്ന ടിന്‍ ഉപയോഗിക്കേണ്ടത്. അതും വാണിജ്യനികുതി ബാധകമായ ഉല്‍പ്പന്നങ്ങളാണെങ്കില്‍ മാത്രം. ഈ നിയമപ്രകാരം മരച്ചീനി കര്‍ഷകന്‍ ടിന്‍ എടുക്കേണ്ട കാര്യവുമില്ല. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പര്‍ച്ചേസിന് നിയമത്തിലെ 6(2) വകുപ്പുപ്രകാരം അണ്‍രജിസ്‌ട്രേഡ് ഇനങ്ങളില്‍ പെടുത്തിയുള്ള ബില്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. വസ്തുത ഇപ്രകാരമായിരിക്കെയാണ് ചെറുകിടക്കാരെ അകറ്റിനിര്‍ത്തി കുത്തകകളെ വാഴിക്കാന്‍ സപ്ലൈകോയുടെ അണിയറയില്‍ ഗൂഢാലോചന നടക്കുന്നത്.

ചെറുകിട ഉല്‍പ്പാദകര്‍ക്കൊപ്പം കുടുംബശ്രീ വനിതകളെ ഒഴിവാക്കാന്‍ മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. ചുരുങ്ങിയത് 20 സൂപ്പര്‍മാര്‍ക്കറ്റുകളിലെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരെ മാത്രമേ പരിഗണിക്കാവൂ എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വളരെ പ്രയാസപ്പെട്ട് ഉപ്പേരിയും അച്ചാറും പാവയ്ക്ക ഉണക്കിയതുമൊക്കെ പായ്ക്കറ്റുകളിലാക്കി കടകളില്‍ നല്‍കുന്ന  കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 20 സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ കഴിയണമെന്നില്ല. ഇതറിഞ്ഞു തന്നെയാണ് ഇവരെയും തഴയാനുള്ള നീക്കം.

മരച്ചീനിയും ഉള്ളിയും സവാളയുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ മൊത്തത്തില്‍ വാങ്ങി വിതരണം ചെയ്യാന്‍ ശേഷിയുള്ളവര്‍ മാത്രം തങ്ങളെ സമീപിച്ചാല്‍ മതിയെന്ന ഉത്തരവ് ഫലത്തില്‍ ചെറുകിട കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

janayugom 110413

Monday, April 8, 2013

പെണ്‍കൂട്ടായ്മയില്‍ വാഴകൃഷി വിളവെടുപ്പിന് നൂറുമേനി


മാന്നാര്‍: പരാധീനതകള്‍ക്കിടയിലും കഠിനാധ്വാനം കൈമുതലാക്കി ഗ്രാമദീപം കുടുംബശ്രീ അയല്‍ക്കൂട്ടം യൂണിറ്റ് കാര്‍ഷിക വിളവെടുത്തു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ്സി ഗ്രൂപ്പായ ഗ്രാമദീപം കുടുംബശ്രീ അയല്‍ക്കൂട്ട യൂണിറ്റാണ്. ചെന്നിത്തല സൗത്ത് ഗവ. എല്‍പി സ്കൂള്‍ സമീപമുള്ള കാടുപിടിച്ചുകിടന്ന സ്കൂള്‍ ഗ്രൗണ്ട് വൃത്തിയാക്കി ജൈവവളം മാത്രം ഉപയോഗിച്ച് വാഴകൃഷിയിറക്കിയത്. ധനസഹായം നല്‍കി സഹായിക്കുമെന്നേറ്റ അധികൃതരുടെ വാഗ്ദാനം ജലരേഖയായപ്പോള്‍ താലിമാലവരെ വിറ്റും, പലിശയ്ക്ക് കടംവാങ്ങിയുമാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നൂറുമേനി കൊയ്തത്.

എസ്സി ഗ്രൂപ്പിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പഞ്ചായത്തില്‍ നിന്ന് 500 ഏത്തവാഴ വിത്തും, 50 ചാക്ക് വീതം വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി വളങ്ങള്‍ ഉള്‍പ്പെടെ അനുവദിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെന്നിത്തല സൗത്ത് അണക്കാട്ടുമഠത്തിലെ പുരയിടത്തില്‍ 100 ഏത്തവാഴ വിത്തുകള്‍ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിതാ സജീവന്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമീപത്തുള്ള കുളത്തില്‍ നിന്നും സമീപവീടുകളിലുള്ള കിണറുകളില്‍ നിന്നും വെള്ളം കോരിയും വളവും നല്‍കി. എത്തവാഴകള്‍ കാറ്റടിച്ച് താഴെ വീഴാതിരിക്കാന്‍ 40 രൂപ പ്രകാരം 50ല്‍ അധികം മുളകള്‍ വാങ്ങി താങ്ങുനല്‍കി. കൃഷി ചെയ്ത് 50,000 രൂപയോളം കടക്കാരായ ഈ കുടുംബശ്രീ വനിതകള്‍ പച്ചമഞ്ഞള്‍, ഇഞ്ചി, ചേന, വെട്ടുചേമ്പ്, കാച്ചില്‍, കപ്പ എന്നീ കൃഷികള്‍ നടത്താന്‍ തയാറെടുക്കുകയാണ്. പച്ചമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് കുടുംബശ്രീ യൂണിറ്റുകള്‍ വഴി വീടുകള്‍തോറും വിതരണം ചെയ്യാനാണ് പദ്ധതി. സര്‍ക്കാര്‍ ധനസഹായം നല്‍കിയാല്‍ തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ തയാറാണെന്നും യൂണിറ്റ് സെക്രട്ടറി കെ ജയകുമാരി പറഞ്ഞു. സരോജിനി, കുഞ്ഞുകുഞ്ഞുമ്മ, സുജാത, തങ്കമണി, രാധാമണി, സുമതി എന്നിവരുടെ നേതൃത്വത്തിലാണ് വാഴകൃഷി നടത്തിയത്.

deshabhimani

Friday, March 29, 2013

കുടുംബശ്രീ അക്കൗണ്ടന്റുമാരെ പിരിച്ചുവിടാന്‍ ഉത്തരവ്


സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അക്കൗണ്ടന്റുമാരെയും പിരിച്ചുവിടാന്‍ ഉത്തരവ്. കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സിഡിഎസ്)കളിലെ ആയിരത്തോളം അക്കൗണ്ടന്റുമാരെയാണ് മാര്‍ച്ച് 31നുമുമ്പ് പിരിച്ചുവിടാന്‍ സര്‍ക്കാരിനുവേണ്ടി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ 26ന് ഉത്തരവിറക്കിയത്. ഓരോ വര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയായിരുന്നു പതിവ്. പിരിച്ചുവിടാനുള്ള ഉത്തരവ് ആദ്യമാണ്. മുസ്ലിംലീഗിന്റെ സമ്മര്‍ദത്തേതുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നും ഭരണപക്ഷ അനുകൂലികളെ നിയമിക്കാനാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കരാര്‍പ്രകാരം 2013 മാര്‍ച്ച് 31 വരെ കാലാവധിയുള്ള എല്ലാ സിഡിഎസ് അക്കൗണ്ടന്റുമാരുടെയും സേവനം അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് ജില്ലാ മിഷന്‍ ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവിലുള്ളത്. പുതിയ നിയമനം നടത്തുന്നതുവരെ പരിചയസമ്പന്നരായവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിച്ചവരെയാണ് കാരണമില്ലാതെ ഒഴിവാക്കുന്നത്.

അക്കൗണ്ടന്റുമാരെ പിരിച്ചുവിടുന്ന കാര്യം കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരുടെ ജില്ലാതല യോഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. സിഡിഎസിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നടത്തുന്നത് അക്കൗണ്ടന്റുമാരാണ്. അയല്‍ക്കൂട്ടങ്ങളുടെ നിക്ഷേപവും വായ്പയും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. മന്ത്ലി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) ഒണ്‍ലൈന്‍ സംവിധാനം കൈകാര്യം ചെയ്യുന്നുമുണ്ട്. ഏപ്രില്‍ 15നുമുമ്പ് പുതിയ അക്കൗണ്ടന്റുമാരെ നിയമിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, അതിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. അപേക്ഷ ക്ഷണിക്കലും പരീക്ഷയും ഇന്റര്‍വ്യുവും ഇതിനകം നടക്കാന്‍ സാധ്യതയില്ല. പുതിയ അക്കൗണ്ടന്റുമാരെ നിയമിച്ച് പരിശീലനംനല്‍കി സിഡിഎസ് പ്രവര്‍ത്തനം ഏല്‍പ്പിക്കാന്‍ രണ്ടു മാസമെങ്കിലുമെടുക്കും. ഇക്കാലത്ത് കുടുംബശ്രീ പ്രവര്‍ത്തനം താളംതെറ്റും. ഒരു സിഡിഎസിന് ഒരു അക്കൗണ്ടന്റ് എന്ന നിലയിലാണ് നിയമനം. 90 ശതമാനവും സ്ത്രീകളാണ്. 5000 രൂപയാണ് പ്രതിമാസ വേതനം. മുപ്പത്തഞ്ചില്‍ കൂടുതല്‍ വാര്‍ഡുകള്‍ വരുമ്പോള്‍ സിഡിഎസിന്റെ എണ്ണം കൂടും. കോര്‍പറേഷനുകളില്‍ മൂന്നുവരെ സിഡിഎസുകളുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് അക്കൗണ്ടന്റുമാരെ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നു. ചര്‍ച്ചയേത്തുടര്‍ന്ന് അന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
(പി സുരേശന്‍)

deshabhimani

Saturday, January 19, 2013

പണം ലഭിച്ചിട്ട് 7 മാസം വാളയാറിലെ കുടുംബശ്രീ ക്യാന്റീന്‍ പൂട്ടലിന്റെ വക്കിലേക്ക്


അഴിമതിരഹിത വാളയാറിന്റെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ക്കുവേണ്ടി തുടങ്ങിയ വാളയാര്‍വാലി കുടുംബശ്രീക്യാന്റീന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നത്. ക്യാന്റീന്‍ നടത്തിപ്പിന് സര്‍ക്കാരില്‍നിന്ന് കഴിഞ്ഞ ഏഴുമാസമായി പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. വാളയാര്‍ ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ക്ക് കുടുംബശ്രീ ക്യാന്റീന്‍വഴി സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, ഏഴുമാസമായി ഇതിനുള്ള തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കെട്ടുതാലി പണയംവച്ചും നാട്ടുകാരില്‍നിന്ന് കടം വാങ്ങിയുമൊക്കെയാണ് ഇപ്പോള്‍ കുടുംബശ്രീക്കാര്‍ ക്യാന്റീന്‍ നടത്തിക്കൊണ്ടുപോകുന്നത്. മൂന്നരലക്ഷത്തോളംരൂപയാണ് മാസച്ചെലവ്. ഇതുപ്രകാരം 20 ലക്ഷത്തോളംരൂപ ക്യാന്റീന് കിട്ടാനുണ്ട്. കൃത്യമായി ബില്ല് നല്‍കുന്നതില്‍ വാണിജ്യനികുതിവകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് പണം ലഭിക്കുന്നത് വൈകാന്‍ കാരണമെന്നറിയുന്നു.

വിധവകളായ നാലുപേരുള്‍പ്പടെ 10 വനിതകള്‍ ചേര്‍ന്നാണ് കുടുംബശ്രീക്യാന്റീന്‍ നടത്തുന്നത്. ഇവര്‍ക്കു ലഭിച്ച കൂലിയില്‍നിന്ന് മിച്ചംതുകകൊണ്ട് സ്വരുക്കൂട്ടിയ ചെറിയ സ്വര്‍ണപ്പൊട്ടുകളൊക്കെ പണയപ്പെട്ടിയിലായി. ജീവിക്കാനായി പണിക്കെത്തിയ ഇവര്‍ക്ക് നാലുമാസമായി ശമ്പളവും ലഭിച്ചിട്ടില്ല. സ്വന്തം കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് ക്യാന്റീന്‍നടത്തിപ്പിനായി ഇവര്‍ വായ്പയെടുത്തുകഴിഞ്ഞു. തന്റെ കെട്ടുതാലി പണയംവച്ചാണ് കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് ബസ്കൂലിക്ക് പണംനല്‍കിയതെന്ന് ക്യാന്റീന് നേതൃത്വംനല്‍കുന്ന വസന്ത പറയുന്നു. 10,000 രൂപ പലിശയ്ക്ക് കടം വാങ്ങിയാണ് വ്യാഴാഴ്ച വിറക് വാങ്ങിയത്. സാധനങ്ങള്‍ കടംതരുന്നവരുടെ മുഖത്തുനോക്കാന്‍ കഴിയാതായി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സാധനങ്ങള്‍ വാങ്ങാനാവാത്ത അവസ്ഥയാണ്. കടം കിട്ടുന്ന പണത്തിന് വാങ്ങുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉള്ളരീതിയിലൊക്കെ ഭക്ഷണമുണ്ടാക്കി വയ്ക്കുകയാണ്.

ഇങ്ങനെ ഏറെനാള്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു വസന്ത അറിയിച്ചു. പണം നേടിയെടുക്കാന്‍ കുടുംബശ്രീക്കാര്‍ക്ക് ഒരുവിഭാഗം ജീവനക്കാരുടെ സഹകരണമുണ്ട്. എന്നാല്‍, എങ്ങനെയെങ്കിലും ഈ ക്യാന്റീന്‍ പൂട്ടണമെന്ന് ആഗ്രഹിക്കുന്ന മറ്റ് ചിലരുമുണ്ട്. ഉച്ചയൂണിന് പൊരിച്ച മീന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് "നിന്റെയൊക്കെ ക്യാന്റീന്‍ പൂട്ടിക്കുമെന്നും പണം വാങ്ങുന്നതൊന്നു കാണട്ടേയെന്നു"മൊക്കെ ഭീഷിപ്പെടുത്തിയവരുമുണ്ട്. ചെക്ക്പോസ്റ്റിലെ വാണിജ്യനികുതി, എക്സൈസ്, പൊലീസ്ജീവനക്കാര്‍ക്കു ഭക്ഷണം നല്‍കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. മാസംതോറുമുള്ള ബില്ല് രണ്ടുതവണയായാണ് നല്‍കുന്നത്. കുടുംബശ്രീക്കാരുടെ പണി ഇല്ലാതാക്കി ക്യാന്റീന്‍ നിര്‍ത്താന്‍ സമ്മര്‍ദമുണ്ട്്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പിന്തുണ കൊണ്ടുമാത്രമാണ് ഇത് നിലനിര്‍ത്തുന്നത്. അഴിമതിരഹിത വാളയാര്‍പദ്ധതിയുടെ ഭാഗമായി 2007ലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വാളയാറില്‍ കുടുംബശ്രീയുടെ ക്യാന്റീന്‍ തുടങ്ങിയത്. തുടര്‍ന്ന് വാളയാറിലെയും സമീപപ്രദേശങ്ങളിലെയും കുടുംബശ്രീയൂണിറ്റുകളിലെ സ്ത്രീകള്‍ചേര്‍ന്ന് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ദിവസം നൂറ്റിയമ്പതോളംപേര്‍ ഊണിനുണ്ടാവും.

deshabhimani 190113

Tuesday, November 27, 2012

കെ സി ജോസഫ് നടത്തുന്നത് ഭരണഘടനാ ലംഘനം: സിപിഐ എം


കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ ജനശ്രീക്ക് വഴിവിട്ട് കേന്ദ്രഫണ്ട് അനുവദിക്കുന്ന ക്രമവിരുദ്ധനടപടിയെ ന്യായീകരിക്കുന്ന ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐ എം സംസഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പക്ഷപാതരഹിതമായും നീതിപൂര്‍വമായും ഭഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത മന്ത്രി അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ജനശ്രീക്കുവേണ്ടിഭകേന്ദ്രമന്ത്രിയെപ്പോലും തള്ളിപ്പറയുന്നതിന് കേരളത്തിലെ മന്ത്രി തയ്യാറായിരിക്കുകയാണ.് കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ നേതാവിന്റെ സ്വകാര്യസംഘടനയ്ക്ക് ചട്ടവും മാനദണ്ഡവും കൂടാതെ ഖജനാവില്‍നിന്നും പണം അനുവദിച്ചതിനെ ന്യായീകരിക്കുന്നതിനായി നടത്തിയിട്ടുള്ള ഈ ഇടപെടല്‍ അങ്ങേയറ്റം പരിഹാസ്യവുമാണ്-പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന്, കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശിന്റെ ഉപദേശം സ്വീകരിച്ചെങ്കിലും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തന്റെ മന്ത്രിസഭയിലെ ഒരംഗം കാണിക്കുന്ന ഇത്തരം ഗുരുതരമാ

1998-ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ 38 ലക്ഷം വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തെ അനാവശ്യമായി രാഷ്ട്രീയമുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിലെ ഒരുവിഭാഗം മന്ത്രിമാരുടെ ഉദ്യമം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വിവേകരഹിതവുമാണ്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ സ്വയംസഹായസംഘമെന്ന ഔദ്യോഗികപരിഗണന കുടുംബശ്രീക്ക് മാത്രമേ നല്‍കാനാകൂവെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെതിരെയാണ് കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ട കേരളത്തിലെ ഗ്രാമവികസനമന്ത്രി കെ സി ജോസഫ് ഉറഞ്ഞുതുള്ളിയത്.

കേന്ദ്രഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി കേന്ദ്രമന്ത്രി ജയറാം രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനശ്രീയ്ക്ക് 14 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി അടിയന്തരമായി റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനശ്രീയെ വഴിവിട്ട് സഹായിക്കുന്നത് അഴിമതിയ്ക്ക് കളമൊരുക്കാന്‍: പിണറായി

കോഴിക്കോട്: അഴിമതിക്ക് കളമൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജനശ്രീപോലുള്ള സ്വകാര്യ സംരംഭങ്ങളെ വഴിവിട്ട് സഹായിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുമായി ഒപ്പിട്ട കരാറിന് വിരുദ്ധമായി ജനശ്രീക്ക് ധനസഹായം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രി മുനീറും നിലപാട് വ്യക്തമാക്കണം. താമരശേരി അമ്പായത്തോട്ടില്‍ സിപിഐ എം കട്ടിപ്പാറ ലോക്കല്‍ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ് വകുപ്പ് മന്ത്രി മുനീര്‍ ജനശ്രീക്ക് ഫണ്ട് നല്‍കിയത് അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയത്. കുടുംബശ്രീയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി മുനീര്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. കുടുംബശ്രീയെ തകര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കരാര്‍ ലംഘിച്ചു. തങ്ങള്‍ അറിഞ്ഞുകൊണ്ടാണോ ജനശ്രീക്ക് ഫണ്ട് അനുവദിച്ചതെന്ന് ഇരുവരും വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യസ്ഥാപനമായ ജനശ്രീ മിഷന് കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷിവികാസ് യോജന(ആര്‍കെവിവൈ)യില്‍നിന്ന് ഫണ്ടിന്റെ ആദ്യഗഡു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ഫയലില്‍ കഴിഞ്ഞദിവസം മന്ത്രി കെ പി മോഹനന്‍ ഒപ്പിട്ടിരുന്നു. കേന്ദ്ര കൃഷിമന്ത്രാലയമെടുക്കുന്ന തീരുമാനത്തിനുശേഷമേ ഫണ്ട് കൈമാറലുമായി ബന്ധപ്പെട്ട തുടര്‍നടപടി സ്വീകരിക്കൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ സംരക്ഷണവേദിയുമായി ഒപ്പിട്ട കരാറില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ കരാറാണ് ജനശ്രീക്ക് ഫണ്ടിന്റെ ആദ്യഗഡു അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ലംഘിച്ചത്.

ജയറാം രമേശിനെതിരെ മുനീറും

കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ മന്ത്രി എം കെ മുനീറും രംഗത്ത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജയറാം രമേശ് കെ സി ജോസഫിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അല്‍പം കടുത്തുപോയെന്ന് മുനീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുടംബശ്രീയ്ക്ക് ബദലായി രൂപവല്‍കരിച്ച പ്രസ്ഥാനമല്ല ജനശ്രീയെന്നും ജനശ്രീയ്ക്ക് മാത്രം ഫണ്ട് വാങ്ങാന്‍ പാടില്ലെന്ന് ആരും വാശിപിടിക്കാന്‍ പാടില്ലെന്നും മുനീര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്ന കെ സി ജോസഫിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ജയറാം രമേശിനെതിരെ എം കെ മുനീറം രംഗത്ത് വന്നത്.

deshabhimani

കുടുംബശ്രീ : ജയ്റാം രമേഷ് X കെ സി ജോസഫ്


കുടുംബശ്രീക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ജയ്റാം രമേഷും സംസ്ഥാനമന്ത്രി കെ സി ജോസഫും തുറന്ന പോരില്‍. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് കുടുംബശ്രീക്ക് തന്നെ നല്‍കുമെന്ന് മന്ത്രി ജയ്റാം രമേഷ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കുടുംബശ്രീക്ക് മാത്രമേ ഫണ്ട് നല്‍കൂ എന്ന ജയ്റാം രമേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന മന്ത്രി കെ സി ജോസഫിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം, ജയ്റാം രമേഷിന്റെ വീട്ടിലെ കുടികിടപ്പുകാരല്ല സംസ്ഥാനസര്‍ക്കാരെന്നും കെ സി ജോസഫ് തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ 700 കിലോമീറ്റര്‍ റോഡ് വികസനത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ കെ സി ജോസഫിനോട് ആവശ്യപ്പെട്ടിട്ട് രണ്ടുമാസമായെന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും ജയ്റാം രമേഷ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പണം തന്നിഷ്ടംപോലെ കോണ്‍ഗ്രസുകാര്‍ക്ക് ചെലവാക്കാനായി എം എം ഹസ്സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീക്ക് ഫണ്ട് നല്‍കാത്തതിനെ ചൊല്ലിയാണ് ജയ്റാം രമേഷിനെ കെ സി ജോസഫ് വിമര്‍ശിച്ചത്. ജയ്റാം രമേഷിന്റെ നിലപാടിനെതിരെ കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നയരൂപീകരണം നടത്തുന്നത് വ്യക്തികളുടെ യുക്തിസഹമല്ലാത്ത ഭ്രമകല്‍പ്പനകള്‍ക്ക് അനുസരിച്ചല്ലെന്ന് ജയ്റാം രമേഷ് തുറന്നടിച്ചു. ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കുടുംബശ്രീയെ മാതൃകയാക്കിക്കഴിഞ്ഞു. കേരളത്തില്‍ സ്ത്രീ സമൂഹത്തെയാകെ പ്രതിനിധാനംചെയ്യുന്നത് കുടുംബശ്രീയാണ്. അതുകൊണ്ട് കേന്ദ്രത്തെ സംബന്ധിച്ച് കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെയാണ്. അതില്‍ മാറ്റമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും താന്‍ കണ്ട് സംസാരിച്ചിരുന്നു. അവരും കുടുംബശ്രീയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കെ സി ജോസഫ് തന്റെ സുഹൃത്ത് തന്നെ. ഞങ്ങള്‍ എപ്പോഴും വിളിക്കാറുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിക്ക് കീഴില്‍ 700 കിലോമീറ്റര്‍ റോഡ് വികസനത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ ഈ മന്ത്രിയോട് ആവശ്യപ്പെട്ടിട്ട് രണ്ടുമാസമായി. ഇതുവരെ കിട്ടിയിട്ടില്ല. ഈമാസം ഒടുവില്‍ തരാമെന്നാണ് ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ടിനായി താന്‍ കാത്തിരിക്കയാണ്- ജയ്റാം രമേഷ് പറഞ്ഞു. ഇതേസമയം, കുടുംബശ്രീക്ക് മാത്രമേ സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ കഴിയുകയുള്ളൂ എന്ന കേന്ദ്രമന്ത്രി ജയ്റാം രമേഷിന്റെ നിലപാട് ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.കുടുംബശ്രീക്ക് നല്‍കാനുള്ള ഫണ്ടേ ജയ്റാംരമേഷിന്റെ കൈയിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി എസ്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളെ മന്ത്രി കെ സി ജോസഫ് നിരന്തരം ചോദ്യംചെയ്യുന്നത് അഴിമതി നടത്താന്‍വേണ്ടിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സില്‍ബന്ധികള്‍ക്ക് പങ്കുവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി നടപ്പാക്കാനാണ് രാഷ്ട്രീയ കൃഷി യോജനയില്‍ നിന്നുള്ള എട്ടുകോടി രൂപ ജനശ്രീക്ക് നല്‍കുന്നത്. ഇത്തരം പദ്ധതികളെ എതിര്‍ത്തതിനാലാണ് ജയ്റാം രമേഷിനെതിരെ സംസ്ഥാനനേതാക്കള്‍ തിരിഞ്ഞതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

ജനശ്രീ ഫണ്ട് തിരിമറി: മന്ത്രിയും അഴിമതിയില്‍ പങ്കാളിയായി

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സംരംഭമായ ജനശ്രീ മിഷന് ആര്‍കെവിവൈ പദ്ധതിയുടെ ആദ്യഗഢു അനുവദിച്ച് ഫയലില്‍ ഒപ്പിട്ടതോടെ കൃഷിമന്ത്രി കെ പി മോഹനും കോടികളുടെ അഴിമതിയില്‍ പങ്കാളിയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റേയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒപ്പിട്ടതെങ്കിലും ആര്‍കെവിവൈ ചട്ടം ലംഘിച്ച് സ്വകാര്യ സംരംഭത്തിന് ഫണ്ട് അനുവദിച്ചതോടെ കുരുക്കിലാവുന്നത് മന്ത്രിയാണ്.

രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ (ആര്‍കെവിവൈ) ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപ്പാടെ ലംഘിച്ചാണ് 14.36 കോടി രൂപ ജനശ്രീ മിഷന്റെ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് അനുവദിച്ചത്. കേന്ദ്ര കൃഷിമന്ത്രി തന്നെ ഇതിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടും ആദ്യഗഢു അനുവദിച്ചത് നഗ്നമായ അഴിമതിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ കൃഷിക്ക് പ്ലാന്‍ ഫണ്ടില്‍ നീക്കിവെക്കുന്ന തുകയുടെ നിശ്ചിത അനുപാതത്തിനുസരിച്ച് മാത്രമായിരിക്കണം ആര്‍കെവിവൈ ഫണ്ട് വിനിയോഗമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. ജനശ്രീക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ ഇത് പാലിച്ചില്ല. ഓരോ പദ്ധതിയും ജില്ലാതലത്തില്‍ തയ്യാറാക്കി ജില്ലാതല കമ്മിറ്റി അംഗീകരിച്ച ശേഷം സംസ്ഥാന തല കമ്മിറ്റി അംഗീകരിക്കണം. എന്നാല്‍ ജനശ്രീ തയ്യാറാക്കിയ ഒരു പദ്ധതിയും ജില്ലാതലത്തില്‍ തയ്യാറാക്കിയതല്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടത്താന്‍ കഴിയുന്ന പദ്ധതികളാണെങ്കില്‍നിര്‍ബന്ധമായും അത് പാലിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതിനിടയില്‍ ആദ്യഗഢു നല്‍കാന്‍ നടപടി എടുത്തത് ഗുരുതരമായ ചട്ടലംഘനമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് സ്വന്തക്കാര്‍ക്ക് ധൂര്‍ത്തടിക്കാന്‍ കിട്ടാത്തതില്‍ മുഖ്യമന്ത്രിക്കും ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുമുള്ള അരിശമാണ് കേന്ദ്രതീരുമാനത്തെ പോലും വെല്ലുവിളിച്ച് ആര്‍കെവിവൈ ഫണ്ടിന്റെ ആദ്യഗഢു ധൃതിപിടിച്ച് അനുവദിച്ചതിന് പിന്നില്‍.ജനശ്രീ മിഷന്റെ അഞ്ച് കടലാസ് പദ്ധതികളിലൊന്നിനും അനുവദിച്ച തുകയുടെ 10 ശതമാനം പോലും യഥാര്‍ഥത്തില്‍ വിനിയോഗിക്കാനാകില്ല. എങ്കിലും രേഖകള്‍ ചമച്ച് പണം തട്ടാനാണ് ലക്ഷ്യമിടുന്നത്.

deshabhimani 271112

Sunday, November 25, 2012

ജനശ്രീയ്ക്ക് ഫണ്ട്; സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കണം: വൈക്കം വിശ്വന്‍


കുടുംബശ്രീ സമരവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ജനശ്രീക്ക് 14 കോടി രൂപ വഴിവിട്ട് അനുവദിച്ച പ്രശ്നം കേരളത്തിലാകമാനം ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമായതാണ്. ഇതിനെതിരായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമരവും ഉയര്‍ന്നുവന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി എല്‍ഡിഎഫ് കണ്‍വീനറുമായി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയിലെ അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം കെ മുനീറുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കുടുംബശ്രീ സംരക്ഷണവേദിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും സമരം ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തത്.

ഈ ചര്‍ച്ചയ്ക്കിടയില്‍ ജനശ്രീക്ക് 14 കോടി രൂപ നല്‍കിയ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നു. ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ പരാതിയുണ്ടെന്നും ആ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനു വിധേയമായി മാത്രമേ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും കാര്യം ചെയ്യുകയുള്ളൂവെന്നും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഈ ഉറപ്പിനെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സംസ്ഥാന കൃഷിമന്ത്രി ജനശ്രീക്ക് പണം നല്‍കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന കാര്യം വ്യക്തമാക്കിയത്. ചര്‍ച്ച നടത്തി ധാരണയിലെത്തിയിട്ട് അത് അംഗീകരിക്കുന്നതിനുള്ള മര്യാദ പോലും കാണിക്കാതെ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതു സംബന്ധിച്ച് ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani

Wednesday, November 7, 2012

ദാരിദ്ര്യനിര്‍മാര്‍ജന കമീഷന്‍ കുടുംബശ്രീയെ തകര്‍ക്കാന്‍: ഐസക്

മുഖ്യമന്ത്രി അധ്യക്ഷനായി പുതിയ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ രൂപീകരിക്കാനുളള നീക്കം കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ സംരക്ഷണ വേദിയുമായി ഒപ്പിട്ട കരാറിന് വിരുദ്ധമാണിത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിരേഖയില്‍ പറയുന്നതുപോലെ ദേശീയ ഉപജീവനമിഷന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍, കരാര്‍ അട്ടിമറിക്കാനാണ് ഗ്രാമവികസനവകുപ്പ് ശ്രമിക്കുന്നതെന്ന് ഐസക് പറഞ്ഞു. കേരളത്തിലെ ഭൂപരിഷ്കരണ, ഭൂവിനിയോഗനിയമങ്ങളെ അട്ടിമറിക്കാനാണ് കെ എം മാണി എന്നും ശ്രമിച്ചിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നടക്കുന്നതെന്നും ഐസക് പറഞ്ഞു.

കുടുംബശ്രീയെ തകര്‍ക്കാന്‍ ബദല്‍ നീക്കവുമായി മുഖ്യമന്ത്രി

കുടുംബശ്രീമിഷനെ തകര്‍ക്കാനും കേന്ദ്രാവിഷ്കൃത ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുടെ ഫണ്ട് കൈപ്പിടിയിലാക്കാനും ലക്ഷ്യമിട്ട് ബദല്‍ സംവിധാനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ എടുക്കുന്നു. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്റാം രമേഷ് തന്നെ കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയായെന്ന് ആവര്‍ത്തിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കാനാണ് പുതിയ നീക്കം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ പിന്തുണ കിട്ടാതായതോടെയാണ് പുതിയ നീക്കം.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ മാതൃകയില്‍ മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍ സ്ഥാപിക്കാനായിരുന്നു ആദ്യം ശ്രമം. ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം) നടത്തിപ്പിന് സംസ്ഥാനത്ത് രൂപീകരിച്ച സൊസൈറ്റിയുടെ മാതൃകയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു സൊസൈറ്റി രൂപീകരിക്കാനായി പിന്നീട് ആലോചന. ഈ രണ്ടു നീക്കത്തിനുമെതിരെ മന്ത്രി എം കെ മുനീര്‍ ഉറച്ച നിലപാടെടുത്തു. മന്ത്രിയുടെ പിന്തുണയോടെ ഉദ്യോഗസ്ഥ മേധാവികള്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതോടെ എന്‍ആര്‍എല്‍എം നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നു. കേന്ദ്ര പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുള്ള നീക്കം. ഇത് നിലവില്‍ വരുന്നതോടെ കുടുംബശ്രീയുടെ നിയന്ത്രണം തദ്ദേശഭരണവകുപ്പില്‍നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ഘട്ടംഘട്ടമായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൈപ്പിടിയിലൊതുക്കാമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗ്രാമവികസനമന്ത്രി കെ സി ജോസഫും കണക്ക് കൂട്ടുന്നത്.

കെ സി ജോസഫ്- മുനീര്‍ ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി ജോസഫിന്റെ പക്ഷം പിടിച്ചതോടെ മുനീര്‍ ദുര്‍ബലനായിരിക്കയാണ്. ആസൂത്രണബോര്‍ഡും കുടുംബശ്രീക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ ആലോചനയ്ക്കു പിന്നില്‍ ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണുമുണ്ട്. കെ സി ജോസഫ്- പി ടി തോമസ് എംപി അച്ചുതണ്ടും കുടുംബശ്രീയെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. ഗ്രാമവികസനവകുപ്പിലെ ഉന്നതര്‍ക്കും ഫണ്ട് ധൂര്‍ത്തടിക്കാന്‍ കിട്ടാത്തതില്‍ കടുത്ത പ്രയാസമുണ്ട്. ഇവര്‍ മന്ത്രിയുടെ പിന്തുണയോടെ കീഴുദ്യോഗസ്ഥരെക്കൊണ്ട് സമരം ചെയ്യിപ്പിക്കാന്‍വരെ തുനിഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീ മിഷന്‍ തട്ടിപ്പുസംഘമാണെന്ന് വെളിപ്പെട്ടതോടെയാണ് പുതിയ വഴിതേടുന്നത്. കുടുംബശ്രീ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന സഹന സമരം വന്‍ വിജയമായതും ഭരണക്കാരെ പ്രകോപിപ്പിച്ചു.

Tuesday, November 6, 2012

കുടുംബശ്രീയെ തകര്‍ക്കാന്‍ ബദല്‍ നീക്കവുമായി മുഖ്യമന്ത്രി


കുടുംബശ്രീമിഷനെ തകര്‍ക്കാനും കേന്ദ്രാവിഷ്കൃത ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുടെ ഫണ്ട് കൈപ്പിടിയിലാക്കാനും ലക്ഷ്യമിട്ട് ബദല്‍ സംവിധാനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ എടുക്കുന്നു. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്റാം രമേഷ് തന്നെ കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയായെന്ന് ആവര്‍ത്തിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കാനാണ് പുതിയ നീക്കം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ പിന്തുണ കിട്ടാതായതോടെയാണ് പുതിയ നീക്കം.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ മാതൃകയില്‍ മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍ സ്ഥാപിക്കാനായിരുന്നു ആദ്യം ശ്രമം. ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം) നടത്തിപ്പിന് സംസ്ഥാനത്ത് രൂപീകരിച്ച സൊസൈറ്റിയുടെ മാതൃകയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു സൊസൈറ്റി രൂപീകരിക്കാനായി പിന്നീട് ആലോചന. ഈ രണ്ടു നീക്കത്തിനുമെതിരെ മന്ത്രി എം കെ മുനീര്‍ ഉറച്ച നിലപാടെടുത്തു. മന്ത്രിയുടെ പിന്തുണയോടെ ഉദ്യോഗസ്ഥ മേധാവികള്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതോടെ എന്‍ആര്‍എല്‍എം നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നു. കേന്ദ്ര പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുള്ള നീക്കം. ഇത് നിലവില്‍ വരുന്നതോടെ കുടുംബശ്രീയുടെ നിയന്ത്രണം തദ്ദേശഭരണവകുപ്പില്‍നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ഘട്ടംഘട്ടമായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൈപ്പിടിയിലൊതുക്കാമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗ്രാമവികസനമന്ത്രി കെ സി ജോസഫും കണക്ക് കൂട്ടുന്നത്.

കെ സി ജോസഫ്- മുനീര്‍ ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി ജോസഫിന്റെ പക്ഷം പിടിച്ചതോടെ മുനീര്‍ ദുര്‍ബലനായിരിക്കയാണ്. ആസൂത്രണബോര്‍ഡും കുടുംബശ്രീക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ ആലോചനയ്ക്കു പിന്നില്‍ ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണുമുണ്ട്. കെ സി ജോസഫ്- പി ടി തോമസ് എംപി അച്ചുതണ്ടും കുടുംബശ്രീയെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. ഗ്രാമവികസനവകുപ്പിലെ ഉന്നതര്‍ക്കും ഫണ്ട് ധൂര്‍ത്തടിക്കാന്‍ കിട്ടാത്തതില്‍ കടുത്ത പ്രയാസമുണ്ട്. ഇവര്‍ മന്ത്രിയുടെ പിന്തുണയോടെ കീഴുദ്യോഗസ്ഥരെക്കൊണ്ട് സമരം ചെയ്യിപ്പിക്കാന്‍വരെ തുനിഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീ മിഷന്‍ തട്ടിപ്പുസംഘമാണെന്ന് വെളിപ്പെട്ടതോടെയാണ് പുതിയ വഴിതേടുന്നത്. കുടുംബശ്രീ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന സഹന സമരം വന്‍ വിജയമായതും ഭരണക്കാരെ പ്രകോപിപ്പിച്ചു.

ദാരിദ്ര്യനിര്‍മാര്‍ജന കമീഷന്‍ കുടുംബശ്രീയെ തകര്‍ക്കാന്‍: ഐസക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അധ്യക്ഷനായി പുതിയ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ രൂപീകരിക്കാനുളള നീക്കം കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ സംരക്ഷണ വേദിയുമായി ഒപ്പിട്ട കരാറിന് വിരുദ്ധമാണിത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിരേഖയില്‍ പറയുന്നതുപോലെ ദേശീയ ഉപജീവനമിഷന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍, കരാര്‍ അട്ടിമറിക്കാനാണ് ഗ്രാമവികസനവകുപ്പ് ശ്രമിക്കുന്നതെന്ന് ഐസക് പറഞ്ഞു. കേരളത്തിലെ ഭൂപരിഷ്കരണ, ഭൂവിനിയോഗനിയമങ്ങളെ അട്ടിമറിക്കാനാണ് കെ എം മാണി എന്നും ശ്രമിച്ചിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നടക്കുന്നതെന്നും ഐസക് പറഞ്ഞു.

deshabhimani 061112