Showing posts with label ലൈഫ്‌ മിഷൻ പദ്ധതി. Show all posts
Showing posts with label ലൈഫ്‌ മിഷൻ പദ്ധതി. Show all posts

Wednesday, February 17, 2021

3051 പുതിയ തസ്‌തികകള്‍; ഈ സര്‍ക്കാര്‍ സൃഷ്ടിച്ച തസ്‌തികകള്‍ മുപ്പതിനായിരം കടന്നു

തിരുവനന്തപുരം > വിവിധ വകുപ്പുകളിലായി 3051 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ സൃഷ്‌ടിച്ച തസ്‌തികകള്‍ 30000 കടന്നു. താല്‍കാലികം കൂടി ആകുമ്പോള്‍ തസ്‌തികകള്‍ അരലക്ഷത്തോളം സൃഷ്‌ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

2027 പുതിയ തസ്‌തികകള്‍ ആരോഗ്യവകുപ്പിലാണ്. ഇതില്‍ 1200 തസ്തികകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയുഷ് വകുപ്പിനു കീഴിലുമാണ്.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ സൃഷ്ടിക്കും.

പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്‌ട്രോ എന്ററോളജി യൂണിറ്റ് ആരംഭിക്കുന്നതിന് ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കും. ഇതിനാവശ്യമായ അനധ്യാപക തസ്തികകള്‍ (രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സ്, രണ്ടാം ഗ്രേഡ് ഹോസ്പിറ്റല്‍ അറ്റന്റന്‍ഡ്, ഒന്നാം ഗ്രേഡ് അറ്റന്റന്‍ഡ്, നഴ്‌സിംഗ് അസിസ്റ്റന്റ്) സ്ഥാപനത്തിനകത്തുനിന്നു തന്നെ കണ്ടെത്തുന്നതിനോ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനോ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലിന് അനുമതി നല്‍കാനും തീരുമാനിച്ചു.

35 എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് വേണ്ടി 151 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതിനു പുറമെ 24 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാര്‍ വരെയുള്ള ജയിലുകളില്‍ കൗണ്‍സലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും.

പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനത്തിന് 161 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷനില്‍ 22 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും.

സംസ്ഥാനത്തെ വിവിധ അറബിക് എയ്ഡഡ് കോളേജുകളില്‍ 54 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

സര്‍ക്കാര്‍ സംഗീത കോളേജുകളില്‍ 14 ജൂനിയര്‍ ലക്ചറര്‍ തസ്തികകളും 3 ലക്ചറര്‍ തസ്തികകളും സൃഷ്ടിക്കും.

തൃശ്ശൂര്‍ ജില്ലയിലെ മണ്ണൂത്തി സ്റ്റേറ്റ് ബയോ കണ്‍ട്രോള്‍ ലാബ് പ്രവ്ര്ത്തനത്തിന് 9 സ്ഥിരം തൊഴിലാളികളുടെ തസ്തികകള്‍ സൃഷ്ടിക്കും.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ 30 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 24 എണ്ണം പുതിയ തസ്തികകളാണ്. 6 തസ്തികകള്‍ റീ-ഡെസിഗ്‌നേറ്റ് ചെയ്യും.

കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കും.

പുതുതായി ആരംഭിച്ച 28 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

അഗ്‌നിരക്ഷാ വകുപ്പിനു കീഴില്‍ താനൂര്‍, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് 65 തസ്തികകള്‍ സൃഷ്ടിക്കും. ഉള്ളൂര്‍, മാവൂര്‍, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറ?ുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനും തീരുമാനിച്ചു.

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 20 തസ്തികകള്‍ സൃഷ്ടിക്കും.

കോടതി ഭാഷ മലയാളമാക്കുന്നതിന് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതികളില്‍ മലയാളം പരിഭാഷകരുടെ 50 തസ്തികകള്‍ സൃഷ്ടിക്കും.

അഹാഡ്‌സ് നിര്‍ത്തലാക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 സാക്ഷരതാ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നല്‍കും.

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ; ആദ്യ മൂന്നുവര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ അടയ്‌ക്കും

തിരുവനന്തപുരം > ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

Thursday, January 28, 2021

കോവിഡ്‌; സാഹചര്യം അതിതീവ്ര ജാഗ്രത ആവശ്യപ്പെടുന്നുവെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഇന്ന്‌ 5771 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.19 പേർ മരണമടഞ്ഞു. 72392 പേരാണ് ചികിൽസയിൽ. 5228 പേർക്ക് സമ്പർക്കുമൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 410 കേസുണ്ട്. 45 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വര്‍ദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മള്‍ സമീപിക്കേണ്ട കാര്യമാണിതെന്നതില്‍ സംശയമില്ല.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ  25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതെ സമയം 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു.  എന്നാല്‍, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.

ഈ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഒരാഴ്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കാണാന്‍ സാധിക്കും. ജനുവരി 4നും 10നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 35,296 ആയിരുന്നു. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും, ജനുവരി 18 മുതലുള്ള ആഴ്ചയില്‍ സമയത്ത് അത് 42,430 ആയും ഉയര്‍ന്നു.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നാം സ്വീകരിച്ച സമീപനം യഥാര്‍ത്ഥ സ്ഥിതി അതുപോലെ  ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കലാണ്. ഇത്തരമൊരു നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതു പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.  

എന്നാല്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി എന്നതാണ്. നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായത് നമ്മള്‍ കണ്ടതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല. കോവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണീ സംഭവിച്ചിരിക്കുന്നത്.  

രോഗവ്യാപനം ഇപ്പോഴും വര്‍ദ്ധിക്കുന്നു എന്നത്, അത്തരം ഇടങ്ങളിലെല്ലാം രോഗികളാകാന്‍ സാധ്യതയുള്ള ഇതുവരെ രോഗബാധിതരാകാത്ത ആളുകള്‍ ഒരുപാടുണ്ട് എന്നതിന്റെ സൂചനയാണ്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചിട്ടുള്ളത്.

രോഗികളെ കണ്ടെത്താനും, ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും, രോഗത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആര്‍ ഇതുവരെ നടത്തിയ സെറോ പ്രിവേലെന്‍സ് പഠനങ്ങളിലെല്ലാം കോവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ പുതിയ സെറൊ പ്രിവേലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വഭാവികമായോ എന്നു പറയാന്‍ സാധിക്കൂകയുള്ളൂ.   

നമ്മുടെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടമാണിത്. അതുകൊണ്ടുതന്നെ, വിമര്‍ശനങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടായാലും കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കും; ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ആന്റിജന്‍ ടെസ്റ്റുകളെയാണ് അധികം ആശ്രയിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും.  അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്.  രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുള്ളതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. നമ്മുടെയാകെ ശ്രദ്ധ എവിടെയും കുറയാന്‍ പാടില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങലില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ 'അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉപയോഗിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തന സജ്ജരാക്കാനും വേണ്ട കാര്യങ്ങള്‍ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വാക്സിന്‍

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍  7,94,000 ഡോസുകളാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ 17.54 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.    

മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ട്. ട്രെയിന്‍ യാത്രക്കാരില്‍ ഈ പ്രവണത കൂടുതലായി കാണുന്നു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണം.

നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തില്‍ ഉണ്ട്. രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്.  നാടിന്റെ  കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാന്‍ നമുക്ക് കഴിയും.

ലൈഫ്

ലൈഫ് മിഷന്റെ ഭാഗമായി രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ 2,57,547. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സ്വന്തം വീട് എന്നതിനാല്‍ ഇതിലെ ഓരോ എണ്ണവും പ്രധാനപ്പെട്ടതാണല്ലോ. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ അതീവ  ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതും അത് കൈകാര്യം ചെയ്തതും.

ഇനിയും അടച്ചുറപ്പില്ലാത്ത കിടപ്പാടമില്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കും വൈകാതെ തന്നെ ആത്മസംതൃപ്തിയോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തിയതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 5 സമുച്ചയങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനുള്ളിലും 32 സമുച്ചയങ്ങള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. ജനങ്ങള്‍ക്കു അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളിലും ആരോപണങ്ങളിലും ഭയന്ന് ഈ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം ഉള്‍പ്പടെ മറ്റു വകുപ്പുകള്‍ തുടങ്ങിവച്ച ഭവനനിര്‍മാണ പദ്ധതികളും സംസ്ഥാനത്താകെ പുരോഗമിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഭൂമിയുള്ള ഭവനരഹിതര്‍ക്കു 51,317 വീടുകളും ഭൂരഹിതരായ ഭവനരഹിതര്‍ക്കു 29,608 വീടുകളും നിര്‍മിക്കുകയാണ്. ഇത്തരത്തില്‍ വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് ഇതേവരെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

കേരള ലുക്സ് എഹെഡ്ഡ്

നാളത്തെ കേരളം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിവിധ മേഖലകളില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പുതിയ കാഴ്ചപ്പാടുകളും സമീപനവും  ആവിഷ്കരിക്കേണ്ടതുണ്ട്. ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്‍പാദനം വര്‍ധിപ്പിക്കാനും കൃഷിþഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് അത്യാവശ്യമായിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണയും പിന്‍ബലവും വേണം.  

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ്  'കേരള ലുക്സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംഘടിപ്പിക്കുകയാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ അതില്‍ പങ്കെടുത്ത സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇþഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.

രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കുവാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസൃതമായ വികസന തന്ത്രങ്ങള്‍ രൂപീകരിക്കുവാനും ഈ കോണ്‍ഫറന്‍സ് സഹായിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

കൊവിഡ് കാരണം നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കില്‍ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം.

വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ ശ്രീ. രത്തന്‍ ടാറ്റ, ശ്രീ. ആനന്ദ് മഹീന്ദ്ര, ശ്രീ. എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലക്രഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഇതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. ഏവര്‍ക്കും ഏതു സെഷനും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോണ്‍ഫെറെന്‍സ് വെബ്സൈറ്റായ www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാവുന്നതാണ്.

നൂറുദിന പരിപാടി

ഡിസംബര്‍ 17ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. പദ്ധതികള്‍  തീവ്ര വേഗത്തില്‍ പുരോഗമിക്കുകയാണ്. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുന്നത്.  

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടതില്‍  ഇതിനകം 23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതിതെങ്കിലും പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

അഴിമതി വിരുദ്ധ പരിപാടി

സര്‍ക്കാര്‍ സംവിധാനത്തില്‍ എപ്പോഴെങ്കിലും അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാല്‍ പ്രതികരിക്കണമെന്നും ഇടപെടണമെന്നും  ജനങ്ങള്‍ ആഗ്രഹിക്കാറുണ്ട്. പക്ഷെ, ആരോടാണ് പരാതിപ്പെടേണ്ടത്, എന്ത് വിവരമാണ് നല്‍കേണ്ടത്, ഇതൊക്കെ ഉയര്‍ത്തുന്നതുകൊണ്ട് വ്യക്തിപരമായ അപകടങ്ങള്‍ സംഭവിക്കുമോ, ബുദ്ധിമുട്ടുന്നതുകൊണ്ട് എന്തെകിലും ഗുണം ഉണ്ടാകുമോ എന്നിങ്ങനെയുള്ള ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

സത്യസന്ധരായ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. സത്യസന്ധമായി ജോലി ചെയ്യുന്നതിനിടയില്‍ ആരെങ്കിലും വ്യാജ പരാതികള്‍ നല്‍കുമോ? മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അവരും ചിന്തിക്കുന്നു.

ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 'ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും' ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.'2021þലെ പത്തിന  കര്‍മ്മപരിപാടി'കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്ക്രീന്‍ ഷോട്സ്, എസ്എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയില്‍ ഈ പ്രവണതകള്‍ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയും.  ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാല്‍, ഈ പദ്ധതിയുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി ഉടനെ പരസ്യപ്പെടുത്തും.

സാന്ത്വന സ്പര്‍ശം

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സിഎം പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് 'സാന്ത്വന സ്പര്‍ശം' സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ബൈപ്പാസ്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു ബൈപ്പാസ് ഉദ്ഘാടനം ചെയ്തു.  ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.

Wednesday, January 27, 2021

ലൈഫ്‌ മിഷൻ: അടുത്ത വർഷം ഒന്നര ലക്ഷം വീടു കൂടി; മാർച്ച് 30നകം 15,000 വീടുകൾ കൂടി പൂർത്തീകരിക്കും

തൃശൂർ> ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ മന്ത്രി എ സി മൊയ്‌തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർഹരായ എല്ലാ ഭവനരഹിതർക്കും  വീട്  പദ്ധതിയിലൂടെ യാഥാർഥ്യമാക്കും. 2021 മാർച്ച് 30നകം പദ്ധതിയിൽ ഉൾപ്പെട്ട 15,000 വീടുകൾ കൂടി പൂർത്തീകരിക്കും. ഇതോടൊപ്പം 30,000 വീടുകളുടെ നിർമാണ പ്രവർത്തനങ്ങളും തുടങ്ങും. എട്ട്‌ ലക്ഷം അപേക്ഷകൾ പുതിയതായി  ലഭിച്ചിട്ടുണ്ട്‌.

നിർമ്മാണം പൂർത്തീകരിച്ച 2,50, 547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.   ഇതിനായി 8,823. 20 കോടി രൂപയാണ്   ചെലവഴിച്ചത്.

ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളും പൂർത്തീകരിക്കാനായി. രണ്ടാം ഘട്ടത്തിൽ ഇതേവരെ 89  ശതമാനം വീടുകളാണ് പൂർത്തിയായത്. ബാക്കിയുള്ളവ  പൂർത്തീകരണ ഘട്ടത്തിലാണ്. മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ്  സർക്കാർ ലക്ഷ്യമിടുന്നത്‌.

സർക്കാർ വിവാദങ്ങൾക്കു പിറകെയല്ല, ജനങ്ങൾക്കൊപ്പമാണെന്ന്‌ മന്ത്രി പറഞ്ഞു.

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ വിവാദം സുപ്രീം കോടതിയ്ക്കു മുന്നിലുള്ള വിഷയമാണ്. കോടതിവിധിക്ക്‌ വിധേയമായാണ്‌ തുടർ നിർമാണം തുടങ്ങുക.  വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ 140 പേർക്ക് അവിടെ താമസ സൗകര്യം ഒരുക്കുന്നത്. അതിനെ അപവാദ പ്രചാരണം മൂലം തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെട്ടു.  കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നഗരസഭയും  എംഎൽഎയുടെ പഞ്ചായത്തും എല്ലാം ഇതിന്‌ മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.

വീടുകൾ നൽകിയത്‌ ഇങ്ങിനെ

ലൈഫ് മിഷൻ – 1,43, 478 വീട്‌  

പിഎംഎവൈ - ലൈഫ് അർബനിൽ–-63,449

പിഎംഎവൈ - ലൈഫ് റൂറൽ–- 17, 149

പട്ടികജാതി - വർഗ വിഭാഗ പദ്ധതി–- 19,987, 2,095

മത്സ്യത്തൊഴിലാളി - 4,389

തദ്ദേശ സ്ഥാപനങ്ങളിൽ വകുപ്പുകളുടെ സേവനം ഉറപ്പാക്കും

തൃശൂർ > ലൈഫ് പദ്ധതിയുടെ ഭാഗമായി   നടക്കുന്ന രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന വേളയിൽ  എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്‌ വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കുമെന്ന്  മന്ത്രി എ സി മൊയ്തീൻ  അറിയിച്ചു.

13 സർക്കാർ വകുപ്പുകളിലൂടെ 67 സേവനങ്ങളാണ് ലഭ്യമാക്കുക. തദ്ദേശസ്ഥാപന തല സംഗമത്തിന്റെയും അദാലത്തിന്റെയും ഭാഗമായി വിവിധ വകുപ്പുകൾക്ക് ലഭിക്കുന്ന അപേക്ഷകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾകലക്ടർക്ക് കൈമാറും.  ഗുണഭോക്താക്കൾക്ക് സേവനങ്ങൾക്കായി കലക്ടറുടെ അദാലത്തിലേക്കുള്ള അപേക്ഷകൾ  സമർപ്പിക്കാനും കഴിയും.

തദ്ദേശ സ്ഥാപനങ്ങളിലെ വാർധക്യകാല, കർഷകത്തൊഴിലാളി, വിധവ, ഭിന്നശേഷി പെൻഷനുകൾ, ജനന-മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഉടമസ്ഥാവകാശ,  സ്ഥിര താമസ സാക്ഷ്യപത്രം എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും  അവസരം ലഭിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ റേഷൻ കാർഡ് തിരുത്തൽ, മുൻഗണനാ കാർഡ്, പുതിയ റേഷൻ കാർഡ്, തുടങ്ങിയ സേവനങ്ങൾക്കും അപേക്ഷിക്കാം.

കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐടി, ഫിഷറീസ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി/വർഗം, ക്ഷീര വികസനം, ആരോഗ്യം,  റവന്യൂ,  ശുചിത്വമിഷൻ, വനിതാ ശിശു വികസനം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ സേവനത്തിനായി ഉദ്യോഗസ്ഥ സംഘം എല്ലാ തദ്ദേശ സ്വയംഭരണങ്ങളിലും ഉണ്ടാകും. ജില്ലയിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടത്തുന്ന സാന്ത്വന സ്പർശം ജില്ലാ അദാലത്തിലും ഈ 13 വകുപ്പുകളുടെയും സേവനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. കലക്ടർ എസ്‌ ഷാനവാസ്‌, ലൈഫ്‌മിഷൻ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ യു വി ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Tuesday, January 12, 2021

വടക്കാഞ്ചേരി ഭവനപദ്ധതി: മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല; സിബിഐ അന്വേഷണം തുടരാമെന്ന്‌ ഹൈക്കോടതി

വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരായ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ പദ്ധതി സംബന്ധിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല . അവർ തെറ്റ്‌ ചെയ്‌തിട്ടില്ല.

ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിനുമേൽ ഉത്തരവാദിത്തം ചുമത്താൻ കഴിയില്ലെന്നും ജസ്‌റ്റിസ്‌ പി സോമരാജൻ വിധിന്യായത്തിൽ പറഞ്ഞു. ലൈഫ് മിഷനെതിരായ അന്വേഷണവിലക്ക് നീക്കണമെന്ന്‌ ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി അനുവദിച്ചാണ്‌   ഉത്തരവ്‌. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.

കേസ് ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഉദ്യോഗസ്ഥരെ പിന്തുടർന്ന് കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും സർക്കാർ വാദിച്ചിരുന്നു. ഇതനുസരിച്ച്‌ അന്വേഷണം നേരത്തേ സ്‌റ്റേ ചെയ്‌തിരുന്നു.

Thursday, December 17, 2020

അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു; കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.


അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന് നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്‌നമാണ്. ഒരു ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തില്‍ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2020 ജൂണില്‍ സ്വര്‍ണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന  പ്രശ്‌നമായതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തെഴുതിയിരുന്നത്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ ചില മുന്‍ ജീവനക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 2020 ജൂലൈയിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സ്വര്‍ണം കള്ളക്കടത്തായി അയച്ചതുമുതല്‍ അത് അവസാനം ഉപയോഗിച്ചതുവരെയുള്ള സംഭവങ്ങളിലെ വസ്തുത പുറത്തുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചത്. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു. പിന്നീട് ജൂലൈ 13ന് ഇ.ഡി.യും സെപ്തംബര്‍ 24ന് സി.ബി.ഐയും രംഗത്തു വന്നു.

സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ചില പ്രതികള്‍ക്ക് കമ്മീഷന്‍ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി അന്വേഷണം വഴിതിരിഞ്ഞു. യു.എ.ഇ റെഡ്ക്രസന്റ്  പണം മുടക്കിയ പദ്ധതിയായിരുന്നു ഇത്. 140 വീടുകളും ഒരു വനിതാ-ശിശു ആശുപത്രിയും അവരുടെ ഫണ്ട് ഉപയോഗിച്ച് അവര്‍ നിശ്ചയിക്കുന്ന കരാറുകാരന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലൈഫ് മിഷനിലൂടെ പാവപ്പെട്ട 2.5 ലക്ഷം പേര്‍ക്ക് ഇതിനകം വീട് നല്‍കിയിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഒരു വീടിന് നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. ഗുണഭോക്താവില്‍ നിന്ന് ഒരു വിഹിതവും ഈടാക്കുന്നില്ല എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.

ലൈഫ്മിഷന്‍ പദ്ധതിക്കെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ 2020 സെപ്തംബര്‍ 20ന് നല്‍കിയ പരാതി പ്രകാരം സെപ്തംബര്‍ 24ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും വളരെ ധൃതിപിടിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷനിലെ ?അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ? പ്രതികളാക്കി കേസ് എടുത്തു. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയില്ല.

എഫ്‌സിആര്‍എ ലംഘനം ആരോപിച്ചാണ് കേസ്സെടുത്തത്. നേരത്തെ പറഞ്ഞതുപോലെ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കരാറുകാരനെ അവര്‍ തന്നെ നിശ്ചയിച്ചു. യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരനും തമ്മില്‍ ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. വീടുകള്‍ പണിയേണ്ടതു സംബന്ധിച്ച് നിബന്ധനകള്‍ അറിയിക്കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തത്. അതല്ലാതെ ഈ പദ്ധതിയില്‍ ലൈഫ് മിഷന് നേരിട്ട് ഒരു പങ്കുമില്ല.

ലൈഫ് മിഷന്‍ സി.ഇ.ഒ ഫയല്‍ ചെയ്ത കേസില്‍ എഫ്‌ഐആറില്‍ ലൈഫ് മിഷനെ ചേര്‍ത്തതിന് എഫ്‌സിആര്‍എ വ്യവസ്ഥകള്‍ പ്രകാരമോ കോടതിക്ക് മുമ്പില്‍ വന്ന വസ്തുതകള്‍ പ്രകാരമോ ന്യായീകരണമില്ലെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 30ന് നല്‍കിയ സമന്‍സില്‍ പിറ്റേന്ന് രാവിലെ 10 മണിക്ക് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധികള്‍ പോലും ലംഘിച്ചാണ് മുഴുവന്‍ രേഖകളു ചോദിച്ച് സമന്‍സ് നല്‍കിയത്. ഇതിന് പുറമെ, കേരള സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോണ്‍, ഇലക്ട്രേിക് വെഹിക്കിള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഗണ്യമായ പിന്തുണ നല്കുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിര്‍ന്നു. മസാല ബോണ്ടിന് അനുമതി നല്‍കിയതിന്റെ വിശദാംശം തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതി.

ഇ.ഡി. നടത്തുന്ന അന്വേഷണത്തിലെ പൊരുത്തക്കേടുകളും മുഖ്യമന്ത്രി ശ്രദ്ധയില്‍പെടുത്തി. പ്രതികളില്‍ ഒരാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയില്‍ പറഞ്ഞത്. പിന്നീട് അതില്‍ നിന്ന് മാറി കരാറുകാരനില്‍ നിന്ന് കമ്മീഷന്‍ വഴി ലഭിച്ച പണമാണെന്ന് റിപ്പോര്‍ട്ട് നല്‍കി.

സ്വര്‍ണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍, അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വ്വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട ആള്‍ക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.

ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് ഇതിന് തെളിവാണ്.

അഞ്ചുമാസം കഴിഞ്ഞിട്ടും സ്വര്‍ണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരേയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പിടികൂടുന്നതിനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാതെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Wednesday, December 16, 2020

'ലൈഫ്‌’ കൊടുത്ത്‌ വടക്കാഞ്ചേരി; എൽഡിഎഫിന്‌ ഉജ്വല വിജയം

 വടക്കാഞ്ചേരി > പാവപ്പെട്ടവർക്ക്‌ സൗജന്യമായി വീട്‌ നൽകുന്ന ‘ലൈഫ്‌ മിഷൻ’ പദ്ധതിയുടെ പേരിൽ പച്ച നുണകൊണ്ട്‌ വിവാദമുണ്ടാക്കിയ വടക്കാഞ്ചേരി ചുട്ട മറുപടി നൽകി. അപവാദ പ്രചാരകരുടെ മുഖത്തടിച്ചുകൊണ്ട്‌ ഇവിടെ ചുവപ്പുകോട്ടകൾ തീർത്തു.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ നേതൃത്വത്തിലായിരുന്നു നുണപ്രചാരണവും തെരഞ്ഞെടുപ്പ്‌ പ്രവർത്തനവും. വടക്കാഞ്ചേരി നഗരസഭ എൽഡിഎഫ്‌ ഭരണം നിലനിർത്തി. 41 ൽ 24 എൽഡിഎഫിനും 17 യുഡിഎഫിനും ലഭിച്ചു. ബിജെപിക്ക്‌ ഒരു സീറ്റ്‌.

വടക്കാഞ്ചേരി മണ്ഡലത്തിൽ വരുന്ന തെക്കുംകര പഞ്ചായത്തിലും എൽഡിഎഫ്‌ ചെങ്കൊടി പാറിച്ചു. വടക്കാഞ്ചേരി തൂത്തുവാരുമെന്ന എംഎൽഎയുടെ അവകാശവാദത്തെ നവമാധ്യമങ്ങളിൽ ട്രോളുകയാണ്‌.

ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെയാണ്‌ അക്കര വടക്കാഞ്ചേരിയിലെ ഫ്ളാറ്റ്‌ വിവാദത്തിലാക്കി പണി നിർത്തിവയ്‌പ്പിച്ചത്‌. ബിജെപിയുടെ സഹായത്തോടെ വളരെവേഗത്തിൽ സിബിഐയേയും എത്തിച്ചു. എന്നാൽ, ഫ്‌ളാറ്റിനെതിരെ ഉന്നയിച്ച ഒരുകാര്യത്തിലും വസ്തുതയില്ലെന്ന്‌ കണ്ടെത്തി ഹൈക്കോടതി സിബിഐയെ വിലക്കി. പാവപ്പെട്ട  140 കുടുംബങ്ങളുടെ സ്വപ്നം തകർത്ത പ്രചാരണം തിരിച്ചടിയായപ്പോൾ  ഫ്‌ളാറ്റ്‌ കെട്ടണേയെന്നപേക്ഷിച്ച്‌ എംഎൽഎതന്നെ ഹൈക്കോടതിയിൽ ചെന്നു.

എന്നാൽ, വടക്കാഞ്ചേരിയിലെ ജനം ഈ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ അതിശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരുന്നു. എന്നിട്ടും ജനവികാരം മനസ്സിലാകാതെ പൊളിങ്‌ ദിവസവും വസ്തുതാവിരുദ്ധ പ്രചാരണം നടത്തി.   മന്ത്രി എ സി മൊയ്തീൻ അഞ്ചുമിനിറ്റു നേരത്തേ വൊട്ടുചെയ്തുവെന്നുവരെ കള്ളപ്രചാരവേല നടത്തി. അത്‌ ഒരു വിഭാഗം മാധ്യമങ്ങളും കൊട്ടിഘോഷിച്ചു. തെരഞ്ഞെടുപ്പ്‌ കമീഷൻ അത്‌ തള്ളിയതോടെ മണിക്കൂറുകളുടെ ആയുസ്സേ ആ വിവാദത്തിനുമുണ്ടായുള്ളൂ.

Tuesday, November 17, 2020

കുത്തകകളുടെ വക്കാലത്തുമായി ഇങ്ങോട്ട്‌ വരേണ്ട ; അന്വേഷണ ഏജൻസികളോട്‌ മുഖ്യമന്ത്രി

 നാടിന്റെ വികസനം തടയാൻ ഒരു കുത്തകയുടെയും വക്കാലത്തുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ വരേണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും വികല മനസ്സുകളുടെ താൽപ്പര്യത്തിനനുസരിച്ച്‌ തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുത്‌.

പാവപ്പെട്ടവർക്ക്‌ സൗജന്യനിരക്കിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന കെ ഫോൺ യുവതയുടെ പ്രതീക്ഷയാണ്‌. കിഫ്‌ബിയുടെ പണം ഉപയോഗിച്ച്‌ നവരത്‌ന കമ്പനിയായ ഭെൽ ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നാടാകെ കാത്തിരിക്കുന്ന പദ്ധതി ചില നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ പ്രയാസമുണ്ടാക്കും. ആ നിക്ഷിപ്‌ത താൽപ്പര്യം അന്വേഷണ ഏജൻസിക്ക്‌ വരുന്നത്‌ എങ്ങനെയാണ്‌. നിർവഹണ ഏജൻസിയെക്കുറിച്ചല്ല, കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനോടാണ്‌ അവരുടെ വിയോജിപ്പ്‌. ഇതൊക്കെ നടപ്പാക്കാൻ കുത്തകകളും സ്വകാര്യ ഏജൻസികളുമുണ്ടല്ലോ, നിങ്ങൾ എന്തിനെന്നാണ്‌ കരുതുന്നതെങ്കിൽ അതേ നാണയത്തിൽ പറയുന്നു. ആ താൽപ്പര്യംവച്ച്‌ അവിടെയിരുന്നാൽ മതി. ഇങ്ങോട്ട്‌ വരേണ്ട–- മുഖ്യമന്ത്രി പറഞ്ഞു.

വീട്‌ ഒരു സ്വപ്‌നമായിത്തന്നെ മണ്ണടിഞ്ഞുപോകുമായിരുന്ന ലക്ഷങ്ങൾക്കാണ് ലൈഫ്‌ പദ്ധതിയുടെ ഗുണം. എന്തിനാണ്‌ ആ പദ്ധതിയുടെ മെക്കിട്ട്‌ കയറുന്നത്‌. അതിന്റെ ചുമതലക്കാരെ നിരന്തരം ചോദ്യംചെയ്യുന്നത്‌‌. യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന ടോറസ്‌ ഡൗൺടൗൺ പദ്ധതി ദീർഘകാലമായി ഷെൽഫിലാണ്‌. എൽഡിഎഫിന്‌ അതിനോട്‌ താൽപ്പര്യം വരുന്നത്‌ 15,000 പേർക്ക്‌ തൊഴിൽ ലഭിക്കുമെന്നതിനാലാണ്‌‌. നാടിനുവേണ്ടി നിലകൊള്ളുന്ന സർക്കാർ സ്വാഭാവികമായും താൽപ്പര്യം കാണിക്കും.

കേരളത്തിൽ വികസനം നടക്കുന്നതിൽ രാഷ്‌ട്രീയ നേതൃത്വം മാത്രമല്ല ഉത്തരവാദികൾ. മികച്ച ഭരണനിർവഹണത്തിന്‌ തുടർച്ചയായി അവാർഡ്‌ ലഭിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ട്‌. ആ ഉദ്യോഗസ്ഥരുടെ മേലെ രാജ്യത്തിലെ അന്വേഷണ ഏജൻസികൾ മുഴുവൻ വട്ടമിട്ട്‌ പറക്കുകയാണ്‌. ഉദ്യോഗസ്ഥരെ തുടർപ്രവർത്തനത്തിൽ നിസ്സംഗരാക്കുന്ന രീതിയിൽ ഇടപെടുകയാണ്‌ ലക്ഷ്യം.

ഞങ്ങൾക്ക്‌ നാട്‌ ഏൽപ്പിച്ച ഉത്തരവാദിത്തമുണ്ട്‌. 2016ൽ കേരളം എന്തായിരുന്നോ അവിടെനിന്ന്‌ പുറകോട്ടല്ല, മുന്നോട്ടുകൊണ്ടുപോകലാണ്‌ ദൗത്യം. ആ ഉത്തരവാദിത്തം നിവവേറ്റുമ്പോൾ രാഷ്‌ട്രീയ വിയോജിപ്പുള്ളവർ ഉണ്ടാകും. ആ അൽപ്പമനസ്സുകളുടെ കൂടെയല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടത്‌. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഇനിയും കൃത്യമായി നിറവേറ്റുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫും ബിജെപിയും ഒരുമിച്ചു; വികസനം തടയാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമം

രാഷ്ട്രീയക്ഷ്യത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികൾ സ്തംഭിപ്പിക്കാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ‌മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം മങ്കര, കേരളശേരി ലോക്കൽ കമ്മിറ്റി ഓഫീസുകൾ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന യുഡിഎഫ് കേരളവികസനം തടയാൻ  വർഗീയശക്തിയായ ബിജെപിയെ സുഹൃത്താക്കി. ഇരുസംഘവും ഒരുമിച്ചാണ് സർക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. കിഫ്‌ബിക്കെതിരെ ഹൈക്കോടതിയിൽ പോയത് സംഘപരിവാറും കേസ് വാദിച്ചത് കോൺഗ്രസ് നേതാവായ വക്കീലുമാണ്‌. ഇവിടെതന്നെ ഇരുവരും ഒന്നാണെന്ന് മനസ്സിലാക്കാം.

ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരില്‍ പൂർണ വിശ്വാസമുണ്ട്. ഇത് തകർക്കാൻ ആർക്കും സാധിക്കില്ല. യുഡിഎഫ് കേരളത്തിൽ ദുർബലമായി. അവരുടെ പ്രബല കക്ഷിയായിരുന്നവർ ഇന്ന് എൽഡിഎഫിലാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള വർഗീയ പാർടികളെയാണ് യുഡിഎഫ് കൂട്ടുപിടിക്കുന്നത്. മതനിരപേക്ഷരാണെന്ന് പറയുന്നവർ സംഘപരിവാറിനെയും കൂടെ കൂട്ടുന്നു. ഇവർക്കുണ്ടാകാൻ പോവുന്ന തകർച്ച ചെറുതല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. ജനങ്ങളുടെ പ്രതിബദ്ധത ഈ മനക്കോട്ടകളെ തകർക്കും.

വർഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ഇതിന്‌ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Monday, November 2, 2020

അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അംഗീകരിക്കില്ല: മുഖ്യമന്ത്രി

 അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചില അന്വേഷണ ഏജൻസികളുടെ പ്രവർത്തികൾ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതിരിക്കാൻ കഴിയില്ല. എന്നാൽ ഏതെങ്കിലും ഏജൻസിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇതിനില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടും എല്ലാ സഹായവും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം ന്യായമായി നീങ്ങുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രതീക്ഷ. തുടക്കത്തിൽ അന്വേഷണം നല്ല വഴിക്കായിരുന്നു. എന്നാൽ പിന്നീട് ഏജൻസികളുടെ ഇടപെടൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയം ആണ് സര്‍ക്കാരിന് എന്ന പ്രചരണം നടത്തുന്ന വിധത്തിലായി കാര്യങ്ങൾ. രഹസ്യമായി നടത്തേണ്ട അന്വേഷണം ആവഴിക്ക് നടന്നില്ല. അന്വേഷണ സംഘത്തിന് പുറത്തുള്ളവര്‍ എങ്ങനെ അന്വേഷണ സംഘം പ്രവര്‍ത്തിക്കണമെന്ന് പ്രഖ്യാപിക്കാൻ തുടങ്ങി. മൊഴികളുടെ ഭാഗങ്ങൾ താൽപര്യങ്ങൾക്ക് അനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളിൽ വന്ന് തുടങ്ങി. അന്വേഷണം പ്രൊഫഷണലായി തുറന്ന മനസ്സോടെ ആകണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കേണ്ട ഏജൻസികൾ അതിൽ നിന്നെല്ലാം വ്യതിചലിക്കുമ്പോൾ എവിടെ നീതി എന്ന ചോദ്യം ഉയരുകയാണ്.

മുൻ വിധിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അതങ്ങനെ ആകാൻ പാടില്ല. ആരെയൊക്കെയോ പ്രതിസ്ഥാനത്ത് എത്തിക്കണം എന്ന ധാരണയോടെ നടക്കുന്ന പ്രക്രിയയെ അന്വേഷണമെന്ന് പറയാനാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തുടങ്ങിയ അന്വേഷണം ലൈഫ് മിഷനിലേക്കും ഇ മൊബിലിറ്റി പദ്ധതിയിലേക്കുംഎല്ലാം എത്തി. ഇതിനെതിരെ ഒക്കെ ആരോപണങ്ങൾ എയ്‍ത് വിടുന്ന സ്ഥിതി ഉണ്ടായി. ഒന്നിലധികം ഏജൻസികൾ കേസ് കൈകാര്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജൻസിയുടെ തെളിവുശേഖരണത്തിന് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്താം. രേഖകൾ പരിശോധിക്കാം. എന്നാൽ ഇതിനെല്ലാം പരിധിയുണ്ട്.

തീരാശാപമായി നിൽക്കുന്ന കള്ളപ്പണം നിയന്ത്രിക്കാൻ കര്‍ശന നിയമങ്ങൾ ഉണ്ടായി . അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം. ഇതിനെല്ലാം അപ്പുറമുള്ള ഇടപെടലാണ് അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഭൂരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലൈഫ് പദ്ധതി.  ലൈഫ് പദ്ധതി സുതാര്യമാണ്. സർക്കാരിന്‍റെ വികസന പദ്ധതികളെ ഇരുട്ടിൽ നിർത്താൻ ശ്രമം. ലൈഫിനെ ആകമാനം താറടിക്കാൻ ശ്രമിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്നത് തടയാനാണ് ശ്രമം നടക്കുന്നത്. അന്വേഷണ ഏജൻസികൾ പരിധി ലംഘിക്കുകയാണ്. ചെലവും വരുമാനവും പരിശോധിക്കാൻ സിഎജി ഉണ്ട്.

സിഎജിയെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണോ ചെയ്യേണ്ടത്. എല്ലാം കേന്ദ്ര ഏജൻസികൾ കയ്യടക്കുന്ന സ്ഥതിയാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാരിനെ ആകെ കുറ്റവാളിയെന്ന ദൃഷ്ടിയോടെ കാണുകയും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ പ്രതിയോഗികൾക്ക് ചെയ്യാം. പക്ഷെ അന്വേഷണ ഏജൻസികൾക്ക് ആകാമോ എന്നാണ് ചോദ്യം. ഓരോ ഏജൻസിക്കും അതിന്‍റെ അതിര്‍ വരമ്പുണ്ട്.

സത്യവാചകം ചൊല്ലി ഒരാൾ നൽകുന്ന മൊഴി എങ്ങനെയാണ് പ്രത്യേക രൂപത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ? ഈ അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമാണോ അവിശ്വാസം ആണോ ഉണ്ടാകുക, ഏജൻസികൾ അന്വേഷണം ന്യായ യുക്തമായി ചെയ്യുമ്പോഴാണ് അതിൽ വിശ്വാസ്യത ഉണ്ടാകുക.

തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്ന് തോന്നുന്നത് ജനാധിപത്യ സംവിധാനത്തിന് തിരിച്ചടിയാണ്. ഇതല്ല ജനം പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സഹായം നൽകുമെന്ന് പറഞ്ഞത് ഈ രിതീയിലുള്ള അന്വേഷണത്തിന് അല്ല , എല്ലാ അധികാരങ്ങളിലും ഏജൻസികൾ കടന്ന് കയറുന്നു. അത് അവരുടെ സ്വയം അധികാര പരിധി ലംഘിക്കലും ഭരണഘടനാ ലംഘനവും ആണ്. നിയമത്തിന് അകത്ത് നിന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടൽ നടത്തും.

മുൻപെങ്ങുമില്ലാത്ത വികസന പദ്ധതികളാണ് ഈ സര്‍ക്കാര്‍ കേരളത്തിൽ നടപ്പാക്കുന്നത്. അത് ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നെന്ന് ആരെങ്കിലും ആരോപിച്ചാൽ കുറ്റം പറയാനാകില്ല. ഉദാഹരണം കെ ഫോൺ പദ്ധതി. അതിന് ഇടങ്കോലിടുന്നത് ജനം പൊറുക്കില്ല. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. 52000 കിലോമീറ്റര്‍ ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ ഇട്ടുകഴിഞ്ഞു. കെ ഫോൺ ശൃഘലയാണ്. ഏത് വീട്ടിലേക്കും ഇന്‍റര്‍നെറ്റ് എത്തിക്കാൻ പറ്റും. കെ ഫോണിനെ തകര്‍ക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളത് എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ്, ന്യായമായ എന്ത് അന്വേഷണവുമായും സഹകരിക്കും.

കോടതിക്ക് മേൽ മനസാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതിയും സര്‍ക്കാരിനില്ല . അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ല. തെറ്റായ രീതികളെ ഒരു കാരണവശാലും അംഗീകരിക്കില്ല. നയപരമായ അവകാശം ആർക്ക് മുൻപിലും അടിയറവ് വെക്കില്ല. മാധ്യമങ്ങളുടെ പങ്കും പറയാതിരിക്കാനാകില്ല. സർക്കാരിനെതിരായ വിധ്വംസക പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകുന്നു.

സ്വാതന്ത്രം എന്ന മേലങ്കിയിട്ട മാധ്യമങ്ങൾ വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷിക്കുന്നതിന് പിന്നിലും ഇതേ മനോഭാവമാണ്. ഒരു ആക്രമണത്തിന് മുന്നിലും തകര്‍ന്ന് പോകില്ല. എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ച് കാണേണ്ടതും ഇല്ല.

Wednesday, October 28, 2020

നക്ഷത്രങ്ങളേ... കണ്ടോ ഈ സന്തോഷം: ദാക്ഷായണിയും മക്കളും ഇനി സ്വപ്‌ന ഭവനത്തിലേക്ക്

 പറവൂർ> നിന്നുതിരിയാൻ ഇടമില്ലാത്ത കൊച്ചുകൂരയിൽനിന്ന്‌ മാനംമുട്ടെ നിൽക്കുന്ന ഫ്ലാറ്റിലേക്ക്‌ താമസം മാറ്റുന്നതിന്റെ ത്രില്ലിലായിരുന്നു ദാക്ഷായണിയും മക്കളും കൊച്ചുമക്കളുമെല്ലാം. ഭവനസമുച്ചയത്തിലെ അടുക്കളയിൽ പാൽ തിളച്ചുവീഴുമ്പോൾ അവരുടെ കണ്ണുകളും തുളുമ്പി. ആരും സന്തോഷം മറച്ചുപിടിച്ചില്ല. ചാറ്റലിൽപ്പോലും ചോർന്നൊലിച്ച പഴയ വീട്ടിൽ ഞെരുങ്ങിക്കഴിഞ്ഞത്‌ പറഞ്ഞപ്പോൾ, ചിലരുടെ തൊണ്ടയിടറി. ചിലരുടെ കണ്ണുനിറഞ്ഞു. ഫ്ലാറ്റിന്റെ മട്ടുപ്പാവിൽനിന്ന്‌ അവർ കൈകൾ വീശി. അവരുടെ സ്വപ്‌നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു നാട്‌.

അടച്ചുറപ്പുള്ള ഒരു വീടായിരുന്നു ദാക്ഷായണിയുടെയും ആറു മക്കളുടെയും സ്വപ്‌നം. സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി അവർക്ക്‌ സമ്മാനിച്ചതാകട്ടെ, ഒരു ഭവനസമുച്ചയംതന്നെ. ഒറ്റ കുടുംബത്തിനായി സർക്കാർ ഫ്ലാറ്റ്‌ പണിതുകൊടുക്കുന്നത്‌ സമാനതകളില്ലാത്ത സംഭവം. താക്കോൽദാനം മന്ത്രി എ സി മൊയ്‌തീൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്‌തു. വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി.

എഴുപത്തഞ്ചു പിന്നിട്ട ദാക്ഷായണിയും മക്കളും മരുമക്കളും കൊച്ചുമക്കളും ഉൾപ്പെടെ 30 പേരാണ്‌ അവിടെ താമസക്കാർ. മരട്ടിപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യയാണ് ദാക്ഷായണി. 26 വർഷംമുമ്പ് നാരായണൻ മരിച്ചു. മക്കളായ ശശി, മധു, വിജയ എന്നിവരുടെ വിവാഹം കഴിഞ്ഞതോടെ സ്ഥലപരിമിതി രൂക്ഷം. വിജയയുടെയും രജനിയുടെയും ഭർത്താക്കന്മാർ മരിച്ചതോടെ അവർ മക്കളെയുംകൂട്ടി വീട്ടിലേക്കെത്തി. ഇളയ മക്കളായ ശെൽവരാജ്, രാജേഷ് കണ്ണൻ, പ്രേംകുമാർ എന്നിവർക്കും കുടുംബമായതോടെ അംഗബലം പിന്നെയും കൂടി.

മകൻ മധുവൊഴികെ മറ്റു മക്കളെല്ലാം 2018ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചു. സ്ഥലപരിമിതി മറികടക്കാനാണ്‌ ഭവനസമുച്ചയം എന്ന ആശയത്തിലെത്തിയത്. 450 ചതുരശ്ര അടി വിസ്തീർണമുള്ള ആറ്‌ വീടുകളാണ് സമുച്ചയത്തിലുള്ളത്‌. രണ്ടു മുറി, അടുക്കള, ഹാൾ, ബാത്‌റൂം എന്നിവ ഓരോ വീടിനുമുണ്ട്.   ലൈഫ് ഭവനപദ്ധതിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസിന്റെ എംഎൽഎ വി ഡി സതീശന്റെ മണ്ഡലത്തിലാണ്‌ ഈ വിജയകഥ.

വി ദിലീപ്‌കുമാർ 

Wednesday, October 21, 2020

പാവങ്ങളുടെ പ്രതീക്ഷ തകര്‍ത്തു: അനില്‍ അക്കരക്കെതിരെ ഭവനരഹിതരുടെ സമരം രണ്ടാഴ്ച്ച പിന്നിട്ടു

 ഭൂമിയും വീടുമില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ലഭിക്കേണ്ട വടക്കാഞ്ചേരി ലൈഫ്മിഷൻ  ഭവന സമുച്ചയത്തിന്റെ നിർമാണം വ്യാജപരാതിയിലൂടെ തടഞ്ഞ എംഎൽഎ അനിൽ അക്കരയ്ക്കെതിരെ ലൈഫ്‌‌ മിഷൻ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹം  രണ്ടാഴ്ച പിന്നിട്ടു.

എംഎൽഎയുടെ ഓഫീസിനു മുന്നിലെ സത്യഗ്രഹ സമരം 14–-ാം ദിനം   കർഷക തൊഴിലാളി യൂണിയൻ   ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം  ഏരിയ കമ്മിറ്റിയംഗം എം ജെ  ബിനോയ് അധ്യക്ഷനായി. ലൈഫ് മിഷൻ ഗുണഭോക്താക്കളായ കുമരനെല്ലൂർ പടിഞ്ഞാറേതിൽ  കുട്ടപ്പൻ, വലിയകത്ത് സൈനബ, പൂവത്തിങ്കൽ  സീനത്ത്, പട്ടികക്കാരൻ  ഹസനാർ, കൊട്ടിലിങ്ങൽ  ഷൈലജ, ഒന്നാംകല്ല് അരങ്ങത്ത് ഹസീന , വാലിപ്പറമ്പിൽ രാധ, എങ്കക്കാട് രായിരത്ത് ഉദയകുമാരി, തെക്കീട്ടിൽ  സന്ധ്യാദേവി എന്നിവർ സത്യഗ്രഹത്തിൽ പങ്കെടുത്തു.  

ഭൂമിയും വീടുമില്ലാത്ത 140 നിര്‍ധനര്‍ക്ക് താമസസൗകര്യമൊരുക്കാനാണ് വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ യുഎഇ ആസ്ഥാനമായ റെഡ്ക്രസന്റ് ഗ്രൂപ്പാണ് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുന്നത്. സര്‍ക്കാരുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. എന്നാല്‍ പദ്ധതി അട്ടിമറിക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ച് അനില്‍ അക്കര സിബിഐക്ക് പരാതി നല്‍കി. പദ്ധതിക്ക് സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചുവെന്നായിരുന്നു പരാതി. ലൈഫ് മിഷന്‍ വിദേശ പണം കൈപ്പറ്റിയിട്ടില്ലെന്നത് വസ്തുതയാണ്. 

ഫ്‌ലാറ്റ് നിര്‍മാണം ആരംഭിക്കുകയും അതിവേഗം മുന്നോട്ടുപോവുകയും ചെയ്തപ്പോഴൊന്നും പരാതി ഉന്നയിക്കാത്ത എംഎല്‍എ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കി ലൈഫ് ഭവനസമുച്ചയത്തിനെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു. ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ച് ലൈഫ് മിഷന്‍ വൈസ് ചെയര്‍മാന്‍കൂടിയായ മന്ത്രി എ സി മൊയ്തീനെതിരെ നുണപ്രചാരണം നടത്തി.

ശനിയാഴ്ച്ച ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് പരിസരത്ത് കുടില്‍കെട്ടി വളയല്‍ സമരം നടത്തും. സാമൂഹ്യ സാംസ്‌കാരിക  പ്രമുഖരും സമരത്തില്‍ പങ്കെടുക്കും. വീടില്ലാത്തവരുടെ സ്വപ്നം അട്ടിമറിച്ച അനില്‍ അക്കരയുടെ നടപടിയില്‍ വ്യാപക രോഷമാണ് ഉയരുന്നത്.

Friday, October 16, 2020

ലൈഫിനെതിരായ നീക്കത്തിന് ആദ്യപ്രഹരം

 സംസ്ഥാന സർക്കാരിന്റെ ഏറ്റവും ജനക്ഷേമകരമായ പദ്ധതികളിൽ ഒന്നിനെ അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസ്  ബിജെപി സംയുക്തശ്രമത്തിനാണ് ഹൈക്കോടതിയിൽനിന്ന് ചൊവ്വാഴ്ച അടികിട്ടിയത്. ‘ലൈഫ് മിഷൻ ഒരു വിദേശസഹായവും കൈപ്പറ്റിയില്ലെന്നത് അവിതർക്കിതമാണെ’ന്ന ഹൈക്കോടതി ഇടക്കാല  ഉത്തരവിലെ പരാമർശം ഇതുവരെ കേസിന്റെ പേരിൽ പരത്തിയ പുകമറ മാറ്റുകയാണ്. ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർനടപടികളും കോടതി തടയുകയും ചെയ്യുന്നു. ഒരു പടികൂടി കടന്ന് ലൈഫ്‌മിഷനും നിർമാണ കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുകൂടി ഹൈക്കോടതി വ്യക്തമാക്കിയതോടെ സിബിഐ കേസിന്റെ അടിത്തറ ഇളകുന്നു. ഇനി ബാക്കിയുള്ളത് കമീഷനായി കിട്ടിയ പണം ചിലർക്കൊക്കെ നൽകിയതായി കരാർ കമ്പനി ഉടമ വെളിപ്പെടുത്തിയിരുന്നത് മാത്രമാണ്. അങ്ങനെ പണം പറ്റിയവർ ആരൊക്കെ എന്ന് സിബിഐ അന്വേഷിക്കട്ടെ എന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്.

വിചിത്രമായ രാഷ്ട്രീയനീക്കത്തിലൂടെയാണ് ഈ കേസുണ്ടായത്. സ്വന്തം മണ്ഡലത്തിലെ വീടില്ലാത്ത 140 പേർക്ക് വീട് ലഭിക്കുന്ന പദ്ധതിക്കെതിരെ കോൺഗ്രസ് എംഎൽഎയാണ് സിബിഐക്ക് പരാതി നൽകിയത്. ബിജെപിയുടെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന സിബിഐ  മിന്നൽവേഗത്തിൽ നടപടി നീക്കി കേസ് ഏറ്റെടുക്കുന്നു. എല്ലാ ഫെഡറൽ മര്യാദകളും ലംഘിച്ചായിരുന്നു നീക്കം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം കേസുകൾ ഏറ്റെടുക്കാം എന്ന വാദം ഉന്നയിച്ചായിരുന്നു കേന്ദ്ര നടപടി. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞശേഷമായിരുന്നു ഇത്. സിബിഐയെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തിൽ പൊരുതുന്നവരായി നടിക്കുന്ന കോൺഗ്രസിന്റെ ഒത്താശയോടെയുള്ള  ബിജെപി നീക്കം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. 68 കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസ്‌ അന്വേഷിക്കാൻ സംസ്ഥാന  സർക്കാർ സിബിഐയോട്‌ ആവശ്യപ്പെട്ടിട്ട് ഒരുവർഷവും ഒരുമാസവും പിന്നിടുന്നു. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും  ലീഗ്‌ നേതാവായ ഇബ്രാഹിം കുഞ്ഞും  ഉൾപ്പെട്ട കേസിൽ ഇതുവരെ അന്വേഷണം ഉണ്ടായില്ല. അപ്പോഴാണ്‌ ഒരു കേസിനുതന്നെ പഴുതില്ലാതിരുന്നിട്ടും ലൈഫ് മിഷനുമേൽ പാഞ്ഞുകയറാൻ സിബിഐ ശ്രമിച്ചത്.

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ)ത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കോടതിയിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട്  സമർപ്പിച്ചത്. വടക്കാഞ്ചേരിയിൽ യുഎഇ റെഡ്ക്രസന്റിന്റെ സഹായത്തോടെ നിർമിക്കുന്ന 140 ഫ്ളാറ്റിന്റെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമാണ കരാർ യുഎഇ കോൺസൽ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്സും തമ്മിൽ ഏർപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് കേസിന്  നിലനിൽപ്പില്ലെന്ന്‌ നിയമോപദേശം കിട്ടി. സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്തോ അഴിമതി പുറത്തുവരുന്നത് തടയാൻ ശ്രമിക്കുന്നു എന്ന മട്ടിൽ പ്രതിപക്ഷവും കുറെ മാധ്യമങ്ങളും ഇറങ്ങിപ്പുറപ്പെട്ടു. എന്നാൽ, സർക്കാരിന് ഇക്കാര്യത്തിൽ തികഞ്ഞ വ്യക്തത ഉണ്ടായിരുന്നു. രണ്ടു കാര്യമാണ് സർക്കാർ പ്രധാനമായി കണ്ടത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ ഒരു തുകയും വിദേശസംഭാവനയായി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് എഫ്സിആര്‍എയുടെ ലംഘനം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു ആദ്യത്തെ കാര്യം. ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായി  സിബിഐ ഇടപെടുമ്പോൾ അത് നോക്കിനിന്നാൽ പോരാ എന്ന ശക്തമായ നിലപാടും സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. അത്തരം നീക്കങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ് എന്ന ഉറച്ച ബോധ്യവും ഉണ്ടായിരുന്നു. അതാണ് ചെയ്തത്.

ഭരണഘടനപ്രകാരമുള്ള ഈ നീക്കത്തിനെതിരെപ്പോലും കോൺഗ്രസ് രംഗത്തുവന്നു. സ്വന്തം പാർടി ഭരിക്കുന്ന  രാജസ്ഥാനിൽ സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതു അനുമതി വിലക്കിയതുപോലും  ഇവിടെ ഈ അപഹാസ്യമായ നിലപാടെടുക്കാൻ അവർക്ക് തടസ്സമായില്ല. യുഎഇ കോൺസൽ ജനറലും നിർമാണ കമ്പനികളും തമ്മിലുള്ള കരാറിൽ കമീഷൻ ഇടപാടോ ഏതെങ്കിലും തരത്തിൽ അഴിമതിയോ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടണമെന്നുള്ള കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ തർക്കമില്ലെന്ന്‌ മുഖ്യമന്ത്രിതന്നെ വ്യക്‌തമാക്കിയതാണ്. വിജിലൻസ് അന്വേഷണം ആരംഭിച്ചതും അതുകൊണ്ടാണ്.

സർക്കാർ ഉന്നയിച്ച  പ്രധാന കാര്യം ഏതായാലും കേസിന്റെ ആദ്യഘട്ട പരിഗണനയിൽത്തന്നെ കോടതി അംഗീകരിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാർ വിദേശനാണയം സ്വീകരിച്ചിട്ടില്ലെന്നും  വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരില്ലെന്നുമുള്ള  കാര്യം ചൂണ്ടിക്കാട്ടിയാണ് ലൈഫ് മിഷനെതിരായ അന്വേഷണം കോടതി തടഞ്ഞത്. മറ്റ് കാര്യങ്ങൾ വിശദമായി വാദം കേട്ട് കോടതി തീരുമാനിക്കട്ടെ.

സർക്കാർ ശ്രമിച്ചത് ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് അടച്ചുറപ്പുള്ള ഭവനം നൽകാനാണ്. അതിന് ഉദാരമതികളുടെ സഹായവും തേടി. അങ്ങനെ സഹായിക്കാൻ വന്നവർ എന്തെങ്കിലും കമീഷൻ ഇടപാടുകൾ നടത്തിയെങ്കിൽ അതിന് അവർ ഉത്തരം പറയണം. പക്ഷേ, അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളിൽ പെടുത്തി  ലൈഫ് മിഷനെ തകർക്കാൻ നോക്കിയാൽ ഏതുവിധേനയും പൊരുതും എന്ന സർക്കാർ നിലപാട് തികച്ചും ഉചിതമാണ്. ആ നിലപാടിന് കോടതി നൽകിയ അംഗീകാരംകൂടിയാണ് ചൊവ്വാഴ്ചത്തെ ഹൈക്കോടതി ഉത്തരവ്.

deshabhimani editorial 141020

Tuesday, October 13, 2020

സിബിഐക്ക് ഇനി അന്വേഷിയ്ക്കാവുന്നത് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതടക്കമുള്ള കാര്യങ്ങള്‍

 ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ സിബിഐക്ക് ഇനി അന്വേഷിയ്ക്കാന്‍ കഴിയുക ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കി എന്നതടക്കമുള്ള ആരോപണങ്ങള്‍. യുണിടാക് ഉടമ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐക്ക് അന്വേഷിയ്ക്കാം എന്നാണു ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധിയില്‍ പറയുന്നത്. അതിലാണ് ചെന്നിത്തലയ്ക്ക് അടക്കം കൊടുക്കാനായി സ്വപ്ന നിര്‍ദേശിച്ച പ്രകാരം ഫോണ്‍ വാങ്ങി നല്‍കിയതായി സന്തോഷ്‌ ഈപ്പന്‍ വെളിപ്പെടുത്തിയത് .

സന്തോഷ്‌ ഈപ്പന്റെ മൊഴിയില്‍ ചെന്നിത്തലയെപ്പറ്റിയുള്ള പരാമര്‍ശം

ലൈഫ്മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണം സ്റ്റേ ചെയ്ത വിധിയില്‍ സന്തോഷ്‌ ഈപ്പനെതിരായ അന്വേഷണം കോടതി വിലക്കുന്നില്ല.''കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്.വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.''-വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിധിയില്‍ സന്തോഷ്‌ ഈപ്പന്‍റെ ആരോപണങ്ങള്‍ അന്വേഷിക്കാം എന്ന് പറയുന്ന ഭാഗം

കോൺസുലേറ്റില്‍ നിന്ന് തുടര്‍ന്നും കരാറുകള്‍ കിട്ടാനായി കോൺസുലേറ്റ് ജനറലിന് നല്‍കാനെന്ന പേരില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം  20 ലക്ഷം രൂപനല്‍കിയെന്ന് സന്തോഷ്‌ ഈപ്പന്‍  സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.പിന്നീട് മൂന്നു കോടി 80 ലക്ഷം രൂപ അമേരിക്കൻ ഡോളർ ആക്കി കോൺസുലേറ്റില്‍ ജോലി ചെയ്യുന്ന ഈജിപ്ത് പൌരനായ ഖാലിദിന് കൈമാറിയതായും ഈ ഭാഗത്ത് പറയുന്നു. സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ എന്ന കമ്പനിയുടെ പേരില്‍  68 ലക്ഷം രൂപ മാറ്റിയതായും പറയുന്നുണ്ട്. ഇവിടെത്തന്നെയാണ് രമേശ്‌ ചെന്നിത്തലയ്ക്ക് കൊടുത്തതടക്കം അഞ്ച് ഐഫോണുകൾ വാങ്ങിയതായി സന്തോഷ് ഈപ്പന്‍  പറഞ്ഞത്.

ചുരുക്കത്തില്‍ ലൈഫ് മിഷന്‍ പദ്ധതി മുന്നോട്ടുപോകുന്നത് തടയാന്‍ കേസുമായിറങ്ങിയ പ്രതിപക്ഷത്തിനുകൂടി വിനയാകും വിധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സിപിഐ എം നിലപാട് സാധൂകരിക്കുന്ന വിധി; നുണപ്രചാരകര്‍ക്കേറ്റ തിരിച്ചടി

 തിരുവനന്തപുരം > രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്  ലൈഫ് മിഷനെതിരെ കേസെടുത്ത സിബിഐ നടപടിയെന്ന പാര്‍ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സിപിഐ എം. ലൈഫ്‌ മിഷന്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല ലൈഫ് മിഷന്‍ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് എഫ്‌സിആര്‍എ നിയമ പ്രകാരം ലൈഫ്മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാര്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സിബിഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസ്സില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിക്കാത്ത സിബിഐ ആണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് എംഎല്‍എ യുടെ പരാതി കിട്ടിയ ഉടന്‍ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന  സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കാഞ്ചേരി: ലൈഫ്‌മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ലൈഫ്‌മിഷനും നിര്‍മ്മാണ കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകൾ ലംലിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നും സിബിഐ ലൈഫ് മിഷനെതിരായ സി ബി ഐ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് വി ജി അരുണിന്‍റെ വിധിന്യായത്തില്‍ പറയുന്നു.അനിൽഅക്കരെ എംഎല്‍എയാണ് ഈ ആരോപണം ഉന്നയിച്ച് സിബിഐക്ക് പരാതി നല്‍കിയത്.

സർക്കാർ ഏജൻസിയായ ലൈഫ് മിഷൻ നിയമപ്രകാരം ഒഴിവാക്കപ്പെട്ട പട്ടികയിൽ വരും. നിർമ്മാണം നടത്തുന്ന കരാറുകാർ അവരുടെ സേവനത്തിനു ലഭിക്കുന്ന പണമാണ് കൈപ്പറ്റിയത്.അതിനാൽ വടക്കാഞ്ചേരിയിലെ ലൈഫ്‌മിഷൻ പദ്ധതിക്ക് യുഎഇ.യിലെ റെഡ്ക്രസൻറിൽ നിന്നും സംഭാവന വാങ്ങിയതിൽ കുറ്റകൃത്യമില്ല.

കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്.വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.അതിനാൽ ഈ ഘട്ടത്തിൽ സന്തോഷ് ഈപ്പനെതിരായ അന്യേഷണം സ്റ്റേ ചെയ്യുന്നില്ലന്ന് കോടതി വ്യക്തമാക്കി.

അനിൽ അക്കര എം.എൽ.എയുടെ പരാതിയിന്മേൽ സി ബി ഐ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ്മിഷനെതിരായ മുഴുവൻ തുർ നടപടികളുമാണ് കോടതി തടഞ്ഞത്. സിബിഐ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ്‌മിഷൻ സിഇഒ വി .യു.ജോസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്. രണ്ട് മാസത്തേക്കാണ് ഉത്തരവ്.

ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതം: ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതമാണെന്ന്‌  ഹൈക്കോടതി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തുള്ള ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം.കേസില്‍ സര്‍ക്കാര്‍ ഉന്നയിച്ച മുഖ്യവാദം ശരിവെക്കുന്നതാണ് ഈ പരാമര്‍ശം.വിദേശ നാണയം കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  റെഗുലേഷന്‍ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ല.

രണ്ടു മാസത്തേക്കാണ്‌ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തിട്ടുള്ളത്‌.ലൈഫ്‌ മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ലൈഫ് മിഷന്‍ സിഇഒ സമര്‍പ്പിച്ച  ഹർജിയിലാണ്‌ ഉത്തരവ്‌. സർക്കാർ വാദം കോടതി ശരിവെച്ചു.

ഭൂമി കൈമാറിയതല്ലാതെ  നടത്തിപ്പില്‍ പങ്കില്ലന്നും ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമാണ് സിഇഒയുടെ ഹര്‍ജിയിലെ ആവശ്യം.വടക്കാഞ്ചേരിയിൽ ലൈഫ്‌ മിഷന്‌ വേണ്ടി യൂണിടാക്‌ നിർമ്മിക്കുന്ന പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‌ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നത്‌.അതേ സമയം യൂണി ടാക്കിനെതിരെ  അന്വേഷണം തുടരാം.അന്വേഷണം അനാവശ്യമാണന്ന യുണിടാക്കിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല

ലൈഫ്‌മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ്കോടതി തടഞ്ഞത്.

Monday, October 5, 2020

ഒരു ഏജൻസി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാകും: സിബിഐയോട്‌ ഹൈക്കോടതി

 കൊച്ചി>  ഒരു ഏജൻസി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവുമെന്ന് ഹൈക്കോടതി. ലൈഫ് മിഷന്റെ ഭവന പദ്ധതിക്ക്  വിദേശസഹായംസ്വീകരിച്ചതിനെതിരെ സിബിഐ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.സ്വീകരിച്ച സഹായം നിരോധിത പട്ടികയിൽ ഉള്ളതാണോ എന്ന് വിശദീകരിക്കാൻ കോടതി സിബിഐ യോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണം.

പദ്ധതിയിൽ അഴിമതി ഉണ്ടന്നും യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെന്നും അന്വേഷിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

കൈക്കൂലി നൽകിയത് വിദേശ ധനസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനു മറ്റു നിയമങ്ങൾ അല്ലേ ബാധകമെന്നും പണം വാങ്ങിയത് വിദേശ സംഭാവനാ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നും കോടതി സിബിഐ യോട് ആരാഞ്ഞു. കേസ് കൂടുതൽ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Sunday, October 4, 2020

'അനിൽ അക്കരേ നിങ്ങൾ എത്ര സമാരാഭാസങ്ങളും ഭീഷണിപ്പെടുത്തലും നടത്തി മുഖം രക്ഷിക്കാൻ നോക്കിയാലും നിങ്ങൾക്ക് മാപ്പില്ല'

 കൊച്ചി> സ്വന്തം മണ്ഡലത്തിലെ പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതിക്കെതിരെ വ്യാജപ്പരാതി നിര്‍മ്മിക്കുന്ന വടക്കാഞ്ചേരി എംഎല്‍എയ്ക്ക്, പദ്ധതി വന്നാല്‍ വീട് കിട്ടുമായിരുന്നവരുടെ വീഡിയോ  മറുപടികളുമായി ഫേസ് ബുക്ക് പോസ്റ്റ്. ടിറ്റോ ആന്റണിയാണ് എംഎല്‍യുടെ സ്വന്തം വാര്‍ഡിലെ വീടില്ലാത്തവരുടെ  അടക്കം പട്ടികയും വടക്കാഞ്ചേരിയില്‍ വീട് കിട്ടുമായിരുന്നവരുടെ വീഡിയോയും നിരത്തി എംഎല്‍എയുടെ കള്ളി പൊളിയ്ക്കുന്നത്.

കോണ്‍ഗ്രസ് സൈബര്‍ സെല്‍ തന്നെ നിര്‍മ്മിച്ചു പ്രചരിപ്പിച്ച നീതു ജോണ്‍സണ്‍ എന്ന ഇല്ലാത്ത പെണ്‍കുട്ടിയെ തേടി അനിൽ അക്കര എംഎല്‍എയും, രമ്യ ഹരിദാസ് എംപിയും നടത്തിയ സമരത്തിനു മറുപടിയായാണ് പോസ്റ്റ്‌.

പോസ്റ്റില്‍ നിന്ന്:

താഴെയുള്ള ഈ ലിങ്കിൽ ഉള്ളത് നിങ്ങളുടെ മണ്ഡലത്തിൽ വരുന്ന നിങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന നിങ്ങളുടെ വീട് ഇരിക്കുന്ന പഞ്ചായത്ത് ആയ അടാട്ട് പഞ്ചായത്തിലെ മൂന്നാം ഘട്ട ലൈഫ് മിഷൻ വീടിനു അർഹതപ്പെട്ടവരുടെ ലിസ്റ്റ് ആണിത്..

ലിങ്ക് 

താഴെ പോസ്റ്റില് ഉള്ള ഫോട്ടോസ് നിങ്ങൾ ഭരിക്കുന്ന മണ്ഡലത്തിൽ പെടുന്ന ഒരു കോളനിയാണ്

പരിക്കാട് കോളനി...

ഈ വാർഡിലാണ് നിങ്ങൾ അടാട്ട് എന്ന പഞ്ചായത്തിനെ നയിച്ചെന്ന് പറയുന്നത്.. 

ഈ പ്രദേശം ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നാണ് നിങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പറായത്..  

ഇതും ഉൾപ്പെടുന്ന അസംബ്ലിയിൽ നിന്നാണ് നിങ്ങൾ MLA ആയത്.. 

ഇതാണോ അടാട്ട് മോഡൽ വികസനം എന്ന് നിങ്ങൾ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത്.. 

മിസ്റ്റർ അനിൽ അക്കരെ, നീതു ജോൺസൻമാരെ കാണണമെങ്കിൽ താങ്കൾ താങ്കളുടെ പഞ്ചായത്തിൽ താങ്ങളുടെ വാർഡിൽ തന്നെ ഇറങ്ങി നടന്നാൽ പോരെ?

അതിനൊക്കെ വടക്കാഞ്ചേരിയിൽ പോയി ഇങ്ങനെ ഒരു സമരാഭാസം കാണിക്കണമായിരുന്നോ..?

അതിന് ശേഷം നിങ്ങൾ രണ്ട് വണ്ടി പോലീസും, പാർട്ടിക്കാരുമായി ഒരു ഉമ്മയുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തി അനുകൂലമായ എഡിറ്റു ചെയ്ത വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തത് കണ്ടു..

അനില്‍ അക്കര MLA, നിങ്ങൾ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ലാറ്റ് പണി മുഴുവനായി നിലച്ചതോടെ ആശങ്കയിലായത് 140 ഓളം കുടുംബങ്ങളാണ്.

അനിൽ അക്കരെ, നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ചില നീതു ജോണ്സന്മാരെ അഡ്രസ്സ് വച്ചു തന്നെ പരിചയപ്പെടുത്താം..

അനിൽ അക്കരെ MLA നിങ്ങളുടെ വീടിന് സമീപം പുറമ്പോക്ക് ഭൂമിയിലെ ഒറ്റ മുറി വീട്ടില്‍ കഴിയുന്ന സുഭദ്രയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്താന്‍ ഇനിയും ഏറെ കാത്തിരിക്കണം.

(വീഡിയോ ഇവിടെ)

അനിൽ അക്കരെ, MLA നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ഒരു സീത രാമനാരായണൻ , മുല്ലക്കൽ ഹൗസ്, അകമല കോളനി, വടക്കാഞ്ചേരി.

(വീഡിയോ ഇവിടെ) 

അനിൽ അക്കരെ, MLA നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ഒരു നബീസ, പുത്തൻ പീടികയിൽ പാർളിക്കാട്.

(വീഡിയോ ഇവിടെ) 

അനിൽ അക്കരെ, MLA നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ഒരു ഐഷ, അമ്മണത്ത് ഹൗസ് പാർളിക്കാട്.

(വീഡിയോ ഇവിടെ) 

============================================

ലൈഫ് പദ്ധതി തകർക്കാനുള്ള MLA യുടെ നുണപ്രചരണങ്ങൾക്കെതിരെ ഇന്നലെ ഗാന്ധിജയന്തി ദിനത്തിൽ ലൈഫ് ഗുണഭോക്താക്കളും ജനങ്ങളും അനിൽ അക്കര MLA യുടെ വീടിന് മുന്നിൽ വഴിയോര സത്യാഗ്രഹം നടത്തിയിരുന്നു.. പുറനാട്ടുകര വിളക്കുംകാൽ സെൻ്ററിൽ..

ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക്

ഭൂമിയും വീടുമില്ലാത്ത 140 കുടുംബങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ അനിൽ അക്കരേ നിങ്ങൾ എത്ര സമാരാഭാസങ്ങളും ഭീഷണിപ്പെടുത്തലും നടത്തി മുഖം രക്ഷിക്കാൻ നോക്കിയാലും നിങ്ങൾക്ക് മാപ്പില്ല

ലൈഫ്‌ തകർത്ത അക്കരയ്‌ക്ക്‌‌ മാപ്പില്ല ; അനിൽ അക്കരയുടെ വീടിനരികെ ഭവനരഹിതരുടെ സത്യഗ്രഹം

 ഭൂമിയും വീടുമില്ലാത്ത 140 കുടുംബങ്ങളുടെ പ്രതീക്ഷ തല്ലിക്കെടുത്തിയവർക്ക്‌  മാപ്പില്ലെന്ന മുദ്രാവാക്യവുമായി ഭവനരഹിതരുടെ സത്യഗ്രഹം. വടക്കാഞ്ചേരിയിൽ വീടും ഭൂമിയുമില്ലാത്തവർ ഇല്ലെന്ന എംഎൽഎയുടെ  പ്രചാരണത്തിനെതിരെയും പ്രതിഷേധം അലയടിച്ചു.

അനിൽ അക്കര എംഎൽഎയുടെ വീടിനടുത്ത്‌ പുറനാട്ടുകര  വിളക്കുംകാൽ  ജങ്ഷനിലും വടക്കാഞ്ചേരി  മങ്കരയിലുമായിരുന്നു ഗാന്ധിജയന്തി ദിനത്തിൽ സത്യഗ്രഹം.  ലൈഫിൽ  ഭൂമിക്കും വീടിനുമായി അപേക്ഷിച്ച്‌ കാത്തിരിക്കുന്ന  കുടുംബങ്ങളും സിപിഐ എം പ്രവർത്തകരും  പങ്കാളികളായി.

വിളക്കുംകാൽ ജങ്ഷനിലും മങ്കരയിലും നടന്ന സത്യഗ്രഹം  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ  ചിറ്റിലപ്പിള്ളി   ഉദ്‌ഘാടനംചെയ്തു. അടാട്ട്‌  പഞ്ചായത്ത്‌ മെമ്പർ പുഷ്പലത രാധാകൃഷ്ണൻ അധ്യക്ഷയായി. മങ്കരയിൽ  എൻ അനിൽകുമാർ അധ്യക്ഷനായി.

സർക്കാർ വിദേശസംഭാവന സ്വീകരിച്ചിട്ടില്ല: എ സി മൊയ്‌തീൻ

സർക്കാർ പണം കൈപ്പറ്റാതെ റെഡ്‌ക്രസന്റ്‌  സൗജന്യമായി വീടു നിർമിച്ചു കൈമാറുന്ന പദ്ധതിയിൽ ഫോറിൻ  കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ ലംഘനമില്ലെന്ന്‌ മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.  

സർക്കാരിന്‌ ബന്ധമില്ലാത്ത കാര്യം  രാഷ്‌ട്രീയ വിഷയമാക്കി 140 പാവപ്പെട്ടവർക്ക്‌  കിട്ടുമായിരുന്ന‌ വീടാണ്‌  യുഡിഎഫ്‌ ഇല്ലാതാക്കുന്നത്‌. സൗജന്യമായി  വീട്‌ പണിയാൻ   തയ്യാറായി വരുന്നവരെ തടസ്സപ്പെടുത്തുകയും ഇവരുടെ‌ ലക്ഷ്യമാണ്‌. വടക്കാഞ്ചേരി നഗരസഭയുടെ ശുചിത്വപദവി പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

വടക്കാഞ്ചേരിയിൽ സർക്കാർ വിട്ടു നൽകുന്ന ഭൂമിയിൽ 20 കോടി മൂല്യമുള്ള 140 വീടുകളും ആശുപത്രിയും   നിർമിച്ചു നൽകാമെന്നാണ്‌ റെഡ്‌ക്രസന്റുമായുള്ള‌ കരാർ. അവർ  സർക്കാരിന്‌ പണം കൈമാറുകയല്ല, പകരം വീട്‌ നിർമിച്ച്‌ കൈമാറുകയാണ്‌. ഇതിൽ എവിടെയാണ്‌ എഫ്‌സിആർഎയുടെ ലംഘനം.

ഭൂരഹിതർക്ക്‌ വീട്‌ പണിത്‌ നൽകാൻ വടക്കാഞ്ചേരിയിൽ  രണ്ട്‌ ഏക്കർ 17 സെന്റ്‌ സ്ഥലം നേരത്തെ  വാങ്ങിയിരുന്നു. വീട്‌ നിർമാണത്തിന്‌  ഹാബിറ്റാറ്റ്‌ ഡിപിആർ തയ്യാറാക്കി.  പെർമിറ്റും എടുത്തിരുന്നു.  ഈ സമയത്താണ്‌   യുഎഇ റെഡ്‌ ക്രസന്റ്‌   സൗജന്യമായി വീടുകൾ നിർമിച്ചു നൽകാമെന്ന്‌  സന്നദ്ധത അറിയിച്ചത്‌‌.  അതിന്‌ സർക്കാർ കരാറുണ്ടാക്കി.    നിർമാണ കമ്പനിയും റെഡ്‌ക്രസന്റും തമ്മിലുള്ള ഇടപാടുകൾ സർക്കാർ അറിയേണ്ടതില്ല. കരാർ വ്യവസ്ഥപ്രകാരം വീട്‌ നിർമിച്ച്‌ കൈമാറിയാൽ മതി. 

ഒരു വർഷമായി പണി പുരോഗമിക്കുകയായിരുന്നു. ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല.  സ്വർണക്കടത്ത്‌ കേസുണ്ടായപ്പോഴാണ്‌ ആക്ഷേപം. ഒമ്പത്‌ കോടിയെന്നൊക്കെയാണ്‌ ആക്ഷേപം.  ഹാബിറ്റാറ്റ്‌ എസ്‌റ്റിമേറ്റ്‌‌ ‌ പ്രകാരം 86 വീടിന്‌ 13.9 കോടിയെന്നായിരുന്നുവെന്ന്‌ മനസ്സിലാക്കണം.  ഓമത്തണ്ടുകൊണ്ടാണ്‌ വീട്‌ നിർമിച്ചതെന്നാണ്‌  മറ്റൊരു ആക്ഷേപം.  ഇത്‌ പരിശോധിക്കാൻ  സ്‌ട്രക്‌ച്ചർ  എൻജിനിയറിങ് വിഭാഗമുണ്ട്.‌ അവരെകൊണ്ട്‌ പരിശോധിക്കാം.  

ഒടുവിൽ  തനിക്കെതിരെ  അഴിമതി ആരോപണം.  ഒരു തെളിവുമില്ല. ജനപ്രതിനിധിയെന്നനിലയിൽ  ഉത്തരവാദിത്തമില്ലാതെയാണ്‌ ആരോപണം.  അതിനെതിരെ സിവിൽ–- ക്രിമിനൽ  നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്‌. 

ആക്ഷേപത്തിനൊടുവിൽ  ഫ്ലാറ്റ്‌ നിർമാണം നിലച്ചു. ആങ്ങള ചത്താലും നാത്തൂന്റെ  കണ്ണീർ  കണ്ടാൽ മതിയെന്നാണ്‌   യുഡി‌എഫ്‌ സമീപനം. ഇതാണ്‌  നെഗറ്റീവ്‌ അപ്രോച്ചെന്നും  അദ്ദേഹം പറഞ്ഞു.

Thursday, October 1, 2020

ഭവന രഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയെ അടിസ്ഥാനമില്ലാത്ത നൂലാമാലകളില്‍ പെടുത്തിയാല്‍ നോക്കിനില്‍ക്കില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം> സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്‌നമുണ്ടെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന്‍ സിഇഒക്ക് അനുമതി കൊടുത്തതെന്ന് മുഖ്യമന്ത്രി. കോടതിയുടെ പരിഗണനയിലായതിനാല്‍ കേസിന്റെ മെറിറ്റിലേക്കോ ആ വിഷയത്തിലേക്കോ ഇതില്‍ കൂടുതല്‍ ഇപ്പോ പോകാനാകില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി

 ആ ഹര്‍ജി കോടതി പരിഗണിക്കട്ടെ എന്നാണ് പറയാനുള്ളത്.വിദേശ സംഭാവന നിയന്ത്രണ നിയമം 2010 ന്റെ ലംഘനമുണ്ടായി എന്ന് സിബിഐ കൊച്ചി യൂണിറ്റ്, എറണാകുളം ചീഫ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  പ്രഥമ വിവര റിപ്പോര്‍ട്ട് 2020 സെപ്തംബര്‍ 24ന് സമര്‍പ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ യുഎഇ റെഡ് ക്രസന്റിന്റെ സഹായത്തോടെ നിര്‍മിക്കുന്ന 140 ഫ്‌ളാറ്റുകളുടേയും ഒരു ഹെല്‍ത്ത് സെന്ററിന്റെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സല്‍  ജനറലും യൂണിടാക്ക് സാനെ വെഞ്ചേഴ്‌സും തമ്മില്‍ ഏര്‍പെട്ടിട്ടുള്ളതാണ്.

ലൈഫ് മിഷന്‍ ഒരു തുകയും വിദേശ സംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാര്‍ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകളും വിദേശ നിയന്ത്രണ നിയമം 2010ന്റെ പരിധിയില്‍ പെടുന്നില്ല എന്നതാണ്  നിയമവൃത്തങ്ങളുടെ അഭിപ്രായം. അതിനാല്‍, സിബിഐ കൊച്ചി യൂണിറ്റ് മേല്‍പ്പറഞ്ഞ നിയമത്തിന്റെ 35-ാം വകുപ്പും 3-ാം വകുപ്പും ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് ലൈഫ് മിഷന്റെ അറിയപ്പെടാത്ത ഉദ്യോഗസ്ഥന്‍ എന്ന് കൂടി ഉള്‍പ്പെടുത്തി യൂണിടാക് ,സാനെ വെഞ്ചേഴ്‌സ് എന്നീ സ്ഥാപനങ്ങളെ അടക്കം ചേര്‍ത്ത് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമുയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 ഈ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായിട്ടുണ്ട്. അടുത്ത ഹിയറിംഗില്‍ വീണ്ടും വാദം കേള്‍ക്കും. നിയമപരമായി നിലനില്‍ക്കില്ല എന്ന് നിയമോപദേശം ലഭിച്ചിട്ടുള്ള ഒരു കാര്യത്തെ പറ്റി കോടതിയില്‍ നിയമപരമായി നേരിടുന്നത് തെറ്റാണെന്ന് പറയാനാകില്ല. അത് ഭരണഘടനാ പരമായ പരിരക്ഷകള്‍ വിനിയോഗിക്കലാണ്. അത് പാടില്ല എന്ന് പാടില്ല എന്ന് പറയുന്നതിന് തുല്ല്യമാണ് ഇതിനെ നിയമപരമായി നേരിടാന്‍ കഴിയില്ല എന്ന് പറയുന്നത്.

 ഭൂരഹിതരും ഭവന രഹിതരുമായ ആളുകള്‍ക്ക് അടച്ചുറപ്പുള്ള  ഭവനം നല്‍കാന്‍ ആവിഷ്‌കരിച്ച ലൈഫ് മിഷനെ, അടിസ്ഥാനരഹിതമായ  വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ പെടുത്തുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കണം എന്ന് പറയുന്നതും യുക്തി രഹിതമാണ്. ഇത് അംഗീകരിക്കില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം 2010ന്റെ 2 എച് വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ ലംഘനമുണ്ടായിട്ടില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഫെഡറല്‍ സംവിധാനത്തില്‍ സിബിഐ ഇടപെടുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്നുള്ള വലിയ ചോദ്യം ഇവിടെ ഉയരുകയാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതുപോലെ സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതു അനുമതി വിലക്കിയ മാതൃകയല്ല ഇവിടെ സ്വീകരിക്കുന്നത്. അഴിമതി നടന്നെങ്കില്‍ അത് അന്വേഷിക്കണമെന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ് സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കാത്ത കുറ്റം ആരോപിക്കപ്പെടുമ്പോള്‍ അവ ചോദ്യം ചെയ്യപ്പെടേണ്ടത് നമ്മുടെ നിയമവ്യവസ്ഥയും  ഭരണവ്യവസ്ഥയും സര്‍ക്കാര്‍ ഉള്‍പപെടെ എല്ലാവര്‍ക്കും അനുവദിച്ചിട്ടുള്ള അവകാശമാണ്.  അവ വിനിയോഗം ചെയ്യുക എന്നത് മാത്രമെ ഇവിടെ നടന്നിട്ടുള്ളു. നിയമക്കുരുക്ക് സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെ സര്‍ക്കാര്‍ നിയമപരിഹാരം തേടുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നത് പരിഹാസ്യമാണ്.

ഞങ്ങള്‍ എന്ത് ആക്ഷേപവും ഉന്നയിക്കും സര്‍ക്കാര്‍ അത് കേട്ട് ഇരിക്കണം, ഈ സമീപനം സ്വീകരിക്കാനാകില്ല. ഒരു വ്യാഖ്യാനം വരുന്നത്, 'തിടുക്കപ്പെട്ട് തിരിച്ചടി' എന്നതാണ്. ഇതില്‍ ഇത്തരം ഒരു വിലയിരുത്തല്‍ നടത്താന്‍ മാത്രം എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് കൂടുതല്‍ പറയുന്നതും ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ്‌‌ അട്ടിമറി : നിലച്ചു സ്വപ്നവും തൊഴിലും; ആഹ്ലാദിക്കുന്നവർ ആർക്കൊപ്പം

 വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയും യുഡിഎഫും ബിജെപി യും ആഗ്രഹിച്ച വിധം വടക്കാഞ്ചേരിയിലെ ലൈഫ്‌ മിഷൻ ഫ്ലാറ്റ്‌ നിർമാണം നിലച്ചു. 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിനുമുന്നിൽ കരിനിഴൽ വീഴ്‌ത്തി. മാത്രമല്ല, 350 ലധികം തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെട്ടു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ വീടെന്ന സ്വപ്നമാണ് യാഥാർഥ്യമാക്കാൻ പോകുന്നതെന്ന സത്യം പോലും എംഎൽഎ മറന്നു. ഇവരുടെയെല്ലാം കുടുംബങ്ങളെ കോവിഡ്‌ മഹാമാരിയുടെ ദുരന്തകാലത്ത്‌ മറ്റൊരു ദുരിതത്തിലേക്കുകൂടി തള്ളിവിട്ടു. എംഎൽഎയും പ്രതിപക്ഷ പാർടികളും എന്തുനേടിയെന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ  ഇവർക്ക്‌ ഉത്തരമില്ല. 

പാവങ്ങൾക്ക്‌ വീട്‌ നൽകുന്നതിനുള്ള  ലൈഫ്‌ മിഷൻ പദ്ധതിയുടെ ഭാഗമായാണ്‌ ഫ്ളാറ്റ് സമുച്ചയങ്ങളും  ആശുപത്രിയും  വടക്കാഞ്ചേരിയിലെ ചരൽപ്പറമ്പിൽ  നിർമിക്കുന്നത്‌. ചട്ടങ്ങൾ പാലിച്ച്‌ മതിയായ ഉറപ്പിലായിരുന്നു നിർമാണം. പണി‌ പൂർത്തിയായി താമസക്കാരെത്തുമെന്നുറപ്പായതോടെയാണ്‌ അന്നുവരെ തിരിഞ്ഞുനോക്കാത്ത എംഎൽഎയും സംഘവും പെരുംനുണകളുമായി രംഗത്തുവന്നത്‌. കമ്പിക്കുപകരം പപ്പായത്തണ്ടുകൊണ്ടാണ്‌  കെട്ടിടം നിർമിച്ചതെന്നു‌വരെ പ്രചരിപ്പിച്ചു.

ലോക്‌ഡൗണിൽ അതിഥിത്തൊഴിലാളികൾ മടങ്ങിയതിനെത്തുടർന്ന്‌ പ്രദേശവാസികളാണ്‌ നിർമാണത്തിൽ പങ്കെടുത്തത്‌. നിർമാണം നിലച്ചതോടെ കോവിഡ്‌ കാലത്തുള്ള ഏക വരുമാനവും ഇല്ലാതായതായി തൊഴിലാളികൾ പറയുന്നു. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂർത്തിയാക്കി നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ തങ്ങൾ പ്രതിസന്ധിയിലാവുമെന്നും അവർ പറയുന്നു.

ലൈഫ്‌ മിഷൻ പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച സ്ഥലത്ത്‌ ഫ്ലാറ്റ്‌ പണിയാൻ കരാർ നൽകിയതും നിർമാണക്കമ്പനിയെ തെരഞ്ഞെടുത്തതുമെല്ലാം  യുഎഇ കോൺസുലേറ്റും റെഡ്‌‌ക്രസന്റുമാണ്‌. സർക്കാരിന്‌ സാമ്പത്തികമായി ഒരു ഇടപാടുമില്ല.  ഇതെല്ലാം രേഖകളിൽ വ്യക്തമായിട്ടും നുണ പ്രചരിപ്പിച്ചു. നിരന്തരം നിർമാണ സ്ഥലത്തെത്തി പണികൾ തടസ്സപ്പെടുത്തി.

ഇതുകൊണ്ടൊന്നും ജനങ്ങളിൽ സംശയമുണർത്തിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ്‌ അനിൽ അക്കര സിബിഐക്ക്‌ പരാതി നൽകിയതും ബിജെപി, കോൺഗ്രസ്‌ ഗൂഢാലോചനയിൽ ഞൊടിയിടകൊണ്ട്‌ സിബിഐ ഏറ്റെടുത്തതും. ഇതോടെ  ആശങ്കയിലായ‌ നിർമാണ ക്കമ്പനി യൂണിടാക്‌ പണി നിർത്തിവയ്‌ക്കുകയായിരുന്നു. അങ്ങനെ, വീടുകാത്തിരിക്കുന്ന പാവപ്പെട്ട കുടുംബങ്ങളും തൊഴിൽ നഷ്ടപ്പെട്ട വീട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി.

സി എ പ്രേമചന്ദ്രൻ 

Wednesday, September 30, 2020

സിബിഐ കേസ് രാഷ്ട്രീയപ്രേരിതം; ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു

 കൊച്ചി > സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ്മിഷൻ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ യു വി ജോസ് ഹർജി നൽകിയത്.

ഭവനരഹിതരായവർക്ക് പാർപ്പിടം നൽകാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യുണി ടാക് സാൻ വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ യുഎഇയിലെ റെഡ്ക്രസൻറിൽ നിന്നും പണം കൈപ്പറ്റിയതിൽ അപാകതയില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കള്ളവയുടെ പട്ടികയിൽ വരുന്നതല്ല രണ്ട് കമ്പനികളും. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികൾക്ക് വിലക്കില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരിൽ സർക്കാരോ സർക്കാർ ഏജൻസികളോ പെടില്ല.

അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പരാതിയിലെ ആരോപണങ്ങൾ പൂർണ്ണമായി ശരിവച്ചാൽത്തന്നെ അത് കുറ്റകൃത്യമാവുന്നില്ല. പല കേസുകളും അന്വേഷിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. നിയമാനുസൃതമുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കി  സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഫയൽചെയ്ത പ്രഥമവിവര റിപ്പോർട്ടിനെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരെ ഇന്ന്‌ ചേർന്ന മന്ത്രിസഭായോഗം  ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

Tuesday, September 29, 2020

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങും; സര്‍വ്വകക്ഷി യോഗം

 തിരുവനന്തപുരം> സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ആദ്യഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി. മെയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തിലൂടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍നിന്ന് നല്ല സഹകരണം നേടുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സ്വകാര്യ മേഖലയില്‍ കോവിഡ് ചികിത്സക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

എല്ലാ അര്‍ത്ഥത്തിലും രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ സെപ്തംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വളര്‍ച്ചയാണുണ്ടായത്. പ്രതിദിന കേസുകള്‍ ഏഴായിരമായി വര്‍ധിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് തൊണ്ണൂറ്റിയാറ് ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നതു എന്നത് അതിവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുക. അതുകൊണ്ട് എന്ത് വിലകൊടുത്തും രോഗവ്യാപനംപിടിച്ചു കെട്ടണം; സര്‍വ്വകക്ഷി യോഗത്തെ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു

നിലവിലെ നമ്മുടെ അവസ്ഥയും ചികിത്സാ സൗകര്യങ്ങളും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.എല്ലാവര്‍ക്കും അറിയുന്നതുപോലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് വേണ്ടി സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നല്ല ഇടപെടല്‍ ഉണ്ടാകണം.

പ്രതിഷേധ സമരങ്ങള്‍ ആരോഗ്യ പരിപാലന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കണം. പ്രതിഷേധ സമരങ്ങള്‍ നമ്മുടെ ജനാധിപത്യ അവകാശമാണ്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇന്ന് നാം നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയേ പറ്റൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. ലോക്ക് ഡൗണിനു ശേഷം രാജ്യത്താകെ വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു ഇത് ആവശ്യമാണ്.

കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതക്ക് നല്ല കുറവുണ്ടായതായി കാണുന്നു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നുമുണ്ട്. ഇവിടെ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ സംവിധാനത്തോടൊപ്പം പ്രാദേശികതലത്തിലെ രാഷ്ട്രീയകക്ഷിനേതാക്കള്‍ നല്ല ഇടപെടല്‍ നടത്തേണ്ടതുണ്ട്.

നാളിതുവരെയുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുവേ നല്ല പിന്തുണയാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ചില ഘട്ടങ്ങളില്‍ സങ്കുചിത താല്‍പര്യങ്ങള്‍ നാം പൊതുവായി നേരിടുന്ന ഭീഷണിയെ അവഗണിച്ചുകൊണ്ട് പൊന്തിവന്നിട്ടുണ്ട്. രോഗവ്യാപനം വലിയൊരു ഭീഷണിയായി പത്തിവിടര്‍ത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിജ്ഞാബദ്ധരാകണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അതിസങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. ഇത് നാം തടഞ്ഞേ തീരൂ.

ഈ പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് സര്‍വ്വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചത്.നാടിനെയും ജനങ്ങളേയും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനമേ ഏതു ഭാഗത്തു നിന്നുമുണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ ഒരുമിച്ചു നീങ്ങണം എന്ന അഭ്യര്‍ത്ഥന എല്ലാ ഭാഗത്തു നിന്നും സ്വീകരിക്കപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വ്വകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  എകീകൃതമായ രീതിയില്‍ കോവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കോവിഡ് മാനദണ്ഡം പാലിക്കണമെന്നും എല്ലാവരും അംഗീകരിച്ചു.വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ നിശ്ചിത എണ്ണത്തില്‍ ഒതുങ്ങണം.  ആള്‍ക്കാര്‍ കൂടുന്ന ഏത് പരിപാടി ആയാലും ഒപ്പം മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സിബിഐയെ തടയാൻ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകൾ; കേരളത്തിൽ അത്തരം ആലോചനയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > സിബിഐയെ പോലുള്ള ഏജൻസികളെ തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അത്തരം ഒരു ആലോചന ഇതേവരെ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ''കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചിലത് ഇങ്ങനെ ഒരു നിലപാട് എടുത്തിട്ടുണ്ടെന്നത് ശരിയാണ്. അങ്ങനെ ഒരു സമീപനം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുത്തുകൊണ്ടുതന്നെ അവിടെ എടുത്തിട്ടുണ്ട്. ഞങ്ങള്‍ ഇതുവരെ അത്തരമൊരു കാര്യവും ആലോചിച്ചിട്ടില്ല''-മുഖ്യമന്ത്രി പറഞ്ഞു.  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആലോചിക്കുന്നുവെന്ന് പറഞ്ഞിരുന്നു.അതേ തനിക്കറിയുകയുള്ളൂ എന്നും  ചോദ്യത്തിനു  മറുപടിയായി അദ്ദേഹം പറഞ്ഞു.

സിബിഐയെ തടയാൻ സർക്കാർ ഓഡിനൻസ് ഇറക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.