Wednesday, September 30, 2009

മനുഷ്യച്ചങ്ങല

സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല

വര്‍ത്തമാനലോകത്തെ സമരത്താളില്‍ മഹാസംഭവമാകും കേരളം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല. ഉപ്പുകുറുക്കി ഒരു മഹാസാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ദേശസ്നേഹത്തിനുള്ള അദമ്യമായ അഭിവാഞ്ഛയും സാമ്രാജ്യത്വദാസ്യത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷവും പ്രകടമാക്കാന്‍ ആബാലവൃദ്ധം ജനത കൈകോര്‍ക്കും. ആസിയന്‍ കരാറിലൂടെ ഒരു നാടിനെ പട്ടിണിയിലേക്കും വറുതിയിലേക്കും ആത്മഹത്യയിലേക്കും വലിച്ചെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ചുവടുവയ്പിന് തടയിടാനാണ് ബലിഷ്ഠമായ മനുഷ്യച്ചങ്ങല.

രാജ്യാന്തരകുത്തകകളെ വളര്‍ത്തുകയും അവരുടെ കീശ വീര്‍പ്പിക്കാന്‍ അവികസിതരാജ്യങ്ങളുടെ കമ്പോളം തുറന്നുകൊടുക്കുകയുംചെയ്യുക എന്നതാണ് യുഎസ് സാമ്രാജ്യത്വനയം. അതിന് അനുസൃതമാണ്, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ കമ്യൂണിക്കേ പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിലെ പൊതുയോഗത്തില്‍ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന ആഹ്വാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഴക്കി. ആസിയന്‍ കരാറിനെ അറബിക്കടലില്‍ താഴ്ത്താനുള്ള ഏറ്റവും ദൃഢമായ സമരനിരയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങല. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ കേരളത്തെ ബന്ധിപ്പിക്കുന്ന, 820 കിലോമീറ്ററില്‍ ഉയരുന്ന അണമുറിയാത്ത മനുഷ്യക്കോട്ട ലോകചരിത്രമാകും. ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയ സമരത്തിന്റെ മുന്നണിയില്‍ വരുകയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല.

ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം സഖാവ് ഇ എം എസ് ഉയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ളവവും സഹകരിപ്പിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. ആ പാതയിലേക്കുള്ള പുതിയ ചുവടുവയ്പാണ് മനുഷ്യച്ചങ്ങല. കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്.

കേരളം ഈ സമരവുമായി പരിചയപ്പെട്ടത് ഡിവൈഎഫ്ഐ 1987 ആഗസ്ത് 15ന് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. തുടര്‍ന്ന് 1989ലെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് മനുഷ്യക്കോട്ട തീര്‍ത്തു. 1999 മെയ് ഒമ്പതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 698 കിലോമീറ്റര്‍ തീവണ്ടിപ്പാളത്തില്‍ മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയ വിപത്ത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ചങ്ങലയും മനുഷ്യമതിലും ഉയര്‍ന്നത്. കേരളത്തിലെ മനുഷ്യച്ചങ്ങല ഗിന്നസ് റെക്കോഡുകളെ ഭേദിക്കുന്ന സമരരൂപമായിരുന്നു. അക്കാര്യത്തില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഒക്ടോബര്‍ രണ്ടിലെ സമരപ്രതിരോധച്ചങ്ങല സര്‍വകാല റെക്കോഡാകും. കുറഞ്ഞത് 30 ലക്ഷം പേരെങ്കിലും ചങ്ങലക്കണ്ണികളാകും.

സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്‌വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല.

ചങ്ങലകൊണ്ട് പ്രയോജനം എന്തെന്ന് ചോദിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റുപ്രസ്ഥാനവും ഇടതുപക്ഷവും നടത്തിയ പ്രക്ഷോഭ സമരങ്ങള്‍ക്ക് സദ്ഫലമുണ്ടായിട്ടുണ്ട്. ജാതി-മത നവീകരണ പ്രസ്ഥാനങ്ങളും ജാതി മേധാവിത്വത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവങ്ങള്‍ക്കും എതിരായ പ്രക്ഷോഭങ്ങളും സവര്‍ണ-അവര്‍ണ പോരാട്ടങ്ങളും നിറഞ്ഞതാണ് കേരളത്തിന്റെ ആദ്യഘട്ടം. ഈ ഘട്ടത്തിന്റെ പ്രതിനിധിയായ ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ ആദ്യത്തെ അനൌപചാരിക കാള്‍ മാര്‍ക്സ് എന്ന് വിളിക്കാം. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വാക്ഭടാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണ-നവോത്ഥാനയജ്ഞത്തിന് ഒരു പരിധിവരെ ഫലമുണ്ടായി. നവകേരള സൃഷ്ടിക്കായി കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷട്രേഡ്യൂണിയന്‍-ബഹുജന സംഘടനകളുടെയും മുന്‍കൈയില്‍ നടന്ന പ്രക്ഷോഭ സമരങ്ങളുടെ ഫലം നല്ല തോതില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങള്‍ വര്‍ഗസംഘടനകളുടെ പ്രവര്‍ത്തനത്തിന്റെകൂടി ഫലമായി സംഭവിച്ചതാണ്. നാടുവാഴിത്തം, ജന്മിത്വം, മുതലാളിത്തം എന്നിവയ്ക്കെതിരെ തൊഴിലാളികളെയും കര്‍ഷക- കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തിയ പ്രക്ഷോഭത്തിലൂടെ കാര്‍ഷിക പരിഷ്കാരങ്ങള്‍ യാഥാര്‍ഥ്യമാക്കി. സമരങ്ങള്‍ക്ക് ചെവികൊടുക്കുന്ന ജനകീയഭരണം സംസ്ഥാനത്ത് കൊണ്ടുവരാനും കഴിഞ്ഞു. അമരാവതിസമരം, കൊട്ടിയൂര്‍ ദേവസ്വംസമരം, മുടവന്‍മുകള്‍ കൊട്ടാര സമരം, മിച്ചഭൂമി സമരം തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ക്കും ദളിതര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭുമിയും വീടും കിട്ടി. ആത്മാഭിമാനവും സാമൂഹ്യ അംഗീകാരവും രാഷ്ട്രീയ നേതൃത്വവും നിസ്വവര്‍ഗങ്ങള്‍ക്കു നേടിക്കൊടുത്തുവെന്നതാണ് കമ്യൂണിസ്റ്റ് സമരമുന്നേറ്റത്തിന്റെ മുഖ്യഗുണഫലം. ഭരണവര്‍ഗങ്ങളുടെ പൊലീസ്-ഗുണ്ടാരാജിനെ തകര്‍ത്തും രക്തം ചൊരിഞ്ഞും ജീവന്‍ കൊടുത്തും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ പോരാടിയാണ് നിസ്വവര്‍ഗം വിജയം നേടിയത്.

പട്ടിണിയില്ലാ ജീവിതം, അന്തിയുറങ്ങാന്‍ വീട്, തൊഴിലിന് മാന്യമായ കൂലി, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസ ജനകീയവല്‍ക്കരണം, പൊലീസിനും സ്വത്തുടമയ്ക്കും ചവട്ടിത്തേക്കാന്‍ കഴിയാത്ത ആത്മാഭിമാനമുള്ള കേരളീയന്‍- ഇതെല്ലാം നേടിക്കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ വര്‍ത്തമാനകാലത്തെ ഏറ്റവും മഹത്തായ പ്രക്ഷോഭമായി മനുഷ്യച്ചങ്ങല മാറും.

ആര്‍ എസ് ബാബു ദേശാഭിമാനി 30 സെപ്തംബര്‍ 2009

ക്വട്ട്റോച്ചിക്കേസ് ഗോപി

ക്വട്ട്റോച്ചിക്കെതിരായ കേസുകള്‍ കേന്ദ്രം അവസാനിപ്പിക്കുന്നു

രാജ്യത്തെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് കുംഭകോണ കേസിലെ പ്രധാന പ്രതി ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരെയുള്ള എല്ലാ കേസും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തും ഇറ്റലിക്കാരനുമായ ക്വട്ട്റോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ കേസ് വരാനിരിക്കേയാണ് സര്‍ക്കാര്‍ നടപടി.

ബൊഫോഴ്സ് കേസില്‍ പ്രതിയായ ക്വട്ട്റോച്ചിയെ ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് കുറ്റവിചാരണ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി ഡിസംബര്‍ 11ന് മാത്രമേ പരിഗണിക്കൂ. വന്‍ വിവാദത്തിനു കാരണമായ ഈ കേസ് അവസാനിപ്പിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയതീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരമേറിയതുമുതല്‍തന്നെ ക്വട്ട്റോച്ചിയെ രക്ഷിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. 2007ല്‍ അര്‍ജന്റീനയില്‍ ക്വട്ട്റോച്ചി അറസ്റ്റിലായെങ്കിലും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ യുപിഎ സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിബിഐയുടെ ഉപദേശമനുസരിച്ച് ഇന്റര്‍പോള്‍ ക്വട്ട്റോച്ചിക്കെതിരെയുള്ള റെഡ്‌കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചത്. റെഡ്‌കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചതോടെ ബാങ്ക് ഓഫ് ലണ്ടനില്‍ നിക്ഷേപിച്ചിരുന്ന 21 കോടി രൂപയുടെ കോഴപ്പണം പിന്‍വലിക്കാനും അദ്ദേഹത്തിനും ഭാര്യ മറിയക്കും കഴിഞ്ഞു.

കേസന്വേഷിച്ച സിബിഐക്കുവേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യമാണ് കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച കാര്യം സുപ്രീംകോടതിയെ അറയിച്ചത്. കേസിന്റെ എല്ലാ വശവും പരിഗണിച്ചശേഷമാണ് ക്വട്ട്റോച്ചിക്കെതിരായ എല്ലാ കേസും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാരിനെ ഉദ്ധരിച്ച് സിബിഐ വ്യക്തമാക്കി.

മലേഷ്യയിലും അര്‍ജന്റീനയിലും അറസ്റ്റിലായ ക്വട്ട്റോച്ചിയെ ഇന്ത്യയിലേക്ക് കുറ്റവാളിയെന്ന നിലയില്‍ കൊണ്ടുവരുന്നതില്‍ യഥാക്രമം എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരും പരാജയപ്പെട്ടിരുന്നു. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സില്‍നിന്ന് 400 പീരങ്കി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1500 കോടി രൂപയുടേതായിരുന്നു കരാര്‍. ഈ കരാര്‍ ലഭിക്കുന്നതിന് 64 കോടി രൂപ കോഴ നല്‍കിയെന്നും ഇതില്‍ 21 കോടി രൂപയും കരാറിന്റെ ദല്ലാളായി പ്രവര്‍ത്തിച്ച ക്വട്ട്റോച്ചിക്ക് ലഭിച്ചെന്നുമായിരുന്നു 1993ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. മൊത്തം എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ മരിച്ചു. ഹിന്ദുജ സഹോദരന്മാരെ കോടതി വെറുതെ വിടുകയും ചെയ്തു.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 30 സെപ്തംബര്‍ 2009

Tuesday, September 29, 2009

ഐക്യകേരളം ഉണരണം

കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ഞാന്‍ ഇന്ത്യ-ആസിയന്‍ കരാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാന്‍ പ്രധാനമന്ത്രിയെ കണ്ടത്. ഏതാണ്ട് അതിനോടടുപ്പിച്ച് നമ്മുടെ പ്രതിപക്ഷനേതാവും സംഘവും ഇതേ കാര്യത്തിനായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഞങ്ങള്‍ ഇരുവരും പ്രധാനമന്ത്രിയെ കാണാന്‍ പോയത് ഇന്ത്യ-ആസിയന്‍ കരാര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇങ്ങനെ ഒരു കരാറില്‍ ഇന്ത്യ ഒപ്പിടാന്‍പോകുന്നു എന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നതിനെത്തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ പ്രധാനമന്ത്രിയെയും സഹപ്രവര്‍ത്തകരെയും കണ്ടത്. കേരളത്തിന്റെ എല്ലാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുമെന്നും കരാറിന്റെ എല്ലാ വിശദാംശവും ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ സന്ദര്‍ശനവേളയില്‍ ഈ കരാര്‍ പതിമൂന്നാം തീയതി ഒപ്പുവയ്ക്കും എന്ന ഒരു സൂചനയും ഞങ്ങള്‍ക്കു നല്‍കിയിരുന്നില്ല. പക്ഷേ, പത്താം തീയതി ആയപ്പോഴേക്കും ഇന്ത്യ-ആസിയന്‍ കരാര്‍ പതിമൂന്നിനു ഒപ്പിട്ടേക്കും എന്ന സ്ഥിരീകരണമില്ലാത്ത വാര്‍ത്ത പ്രചരിച്ചുതുടങ്ങി. അപ്പോള്‍ത്തന്നെ, അങ്ങാടിയില്‍ പരക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയിക്കണമെന്നും കരാറിന്റെ വിശദാംശം എത്രയും പെട്ടെന്നു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഞാന്‍ പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശം അയക്കുകയും ചെയ്തിരുന്നു. അങ്ങാടിയിലെ പാട്ട് പതിമൂന്നിന് യാഥാര്‍ഥ്യമായി. ഇന്ത്യയും, ദക്ഷിണേഷ്യയിലെ പത്തു രാജ്യങ്ങളുമായി ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ ഒപ്പിട്ടു. ഈ കരാറിലൂടെ സ്ഥാപിക്കപ്പെടാന്‍ പോകുന്നത് ഇന്ത്യ അംഗമായിട്ടുള്ള ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യ അതിന്റെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് എടുത്ത ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നാണ് ഈ കരാര്‍.

ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഇത്തരമൊരു കരാര്‍ ഒപ്പിടുന്നതിനെ ലാഘവബുദ്ധിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. സംഭവം ലോക്സഭയെ അറിയിച്ചിരുന്നില്ല; സംസ്ഥാന സര്‍ക്കാരുകളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് കേന്ദ്രം കരാറുമായി മുന്നോട്ടു പോയത്. കൃഷി അനുബന്ധ മേഖലകളില്‍ ഇന്ത്യന്‍ ‘ഭരണഘടന സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന അധികാരത്തിന്റെ നഗ്നമായ ലംഘനമാണിത്. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ മാധ്യമങ്ങളെപ്പോലും വേണ്ടവിധം അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നമുക്ക് ഓരോരുത്തര്‍ക്കുംവേണ്ടി ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒട്ടും അനുകരണീയമല്ലാത്ത ഒരു മാതൃകയാണ് ഈ കരാറിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞത്.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി എന്നു ചോദിച്ചാല്‍, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്നാവും ജ്ഞാനികളുടെ മറുപടി. ജനാധിപത്യം സംരക്ഷിക്കുന്നതുകൊണ്ട് ഉണ്ടാവുന്ന മറ്റ് നന്മകളൊന്നും കണക്കിലെടുക്കാതെതന്നെ ജനാധിപത്യത്തെ കാത്തു സംരക്ഷിക്കുന്നതിനുള്ള പൊതുസമ്മതവും ഇച്ഛാശക്തിയും രൂപപ്പെടേണ്ടതുണ്ട് എന്നു സാരം. ജനാധിപത്യരീതികളെ മുറുകെ പിടിക്കുന്നത് മഹാഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും വലിയ നേട്ടങ്ങള്‍ക്കും, ജനാധിപത്യ ധ്വംസനം അപരിഹാര്യമായ നഷ്ടങ്ങള്‍ക്കും ഇടയാക്കും എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ജനാധിപത്യേതരമായ മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരം തെറ്റായ തീരുമാനങ്ങളിലേക്കും വലിയ നഷ്ടത്തിലേക്കും നയിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിട്ടുള്ള ഇന്ത്യ-ആസിയന്‍ കരാര്‍.

2003ലാണ് ഇതു സംബന്ധിച്ച് അടിസ്ഥാന കരാര്‍ ഉണ്ടായത്. അതിനു മുന്‍പും ശേഷവും ധാരാളം ചര്‍ച്ച നടന്നു. ഇപ്പോള്‍ ഒപ്പിട്ട കരാറിന്റെ കരടുരൂപം മുമ്പുതന്നെ തയ്യാറായിരുന്നതാണ് എന്നും കേള്‍ക്കുന്നു. എന്നുപറഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്തുതന്നെ കേന്ദ്രം സംസ്ഥാനത്തോട് ഇതുസംബന്ധിച്ച വിശദാംശം ചര്‍ച്ചചെയ്തിട്ടില്ല. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെയും ഈ കാര്യത്തില്‍ കേന്ദ്രം വിശ്വാസത്തില്‍ എടുത്തിട്ടില്ല. യഥാര്‍ഥത്തില്‍ കേരളത്തിന്റെ നേതൃത്വത്തോട് കുറഞ്ഞപക്ഷം സ്വന്തം പാര്‍ടിക്കാരോടെങ്കിലും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ത്യ-ആസിയന്‍ കരാറില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന പല അപകടങ്ങളും ഒഴിവാക്കാമായിരുന്നു. വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടനല്‍കാതെ പരിഹരിക്കാവുന്ന കുറ്റങ്ങളും കുറവുകളുംപോലും ഇപ്പോള്‍ ഈ കരാറില്‍ കടന്നുകൂടിയിട്ടുണ്ട് എന്നതാണ് പരമാര്‍ഥം.

ഇന്ത്യ-ആസിയന്‍ കരാര്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എങ്കിലും ഏറ്റവും ഗൌരവമുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഈ കരാറിന്റെ ഏറ്റവും പ്രതികൂലമായ വശം ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കപ്പെടുന്നു എന്നതാണ്. ഇറക്കുമതി നിയന്ത്രിച്ച് വലിയ വിലയിടിവില്‍നിന്ന് കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കാനുള്ള നമ്മുടെ പരമാധികാരം സംരക്ഷിക്കുക എന്നത് നിര്‍ണായക പ്രാധാന്യമുള്ള കാര്യമാണ്. ഇറക്കുമതി പൂര്‍ണമായി ഒഴിവാക്കണമെന്നോ, എല്ലാ ഉല്‍പ്പന്നങ്ങളുടെയും നേരെ എല്ലാക്കാലത്തും ഏറ്റവും ഉയര്‍ന്ന ഇറക്കുമതി നികുതി ഈടാക്കണമെന്നോ അല്ല പറയുന്നത്. ഇറക്കുമതിയുടെ ഭീഷണി വര്‍ധിക്കുകയും വിലകള്‍ ക്രമംവിട്ടു താഴുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ചുങ്കനിരക്ക് ഉയര്‍ത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നത് നിര്‍ബന്ധമാണ്. നിര്‍ഭാഗ്യവശാല്‍ ഈ സ്വാതന്ത്ര്യമാണ് ഇന്ത്യ-ആസിയന്‍ കരാറിന്റെ പേരില്‍ ഇപ്പോള്‍ ഇല്ലാതാവുന്നത്.

തേയില, കാപ്പി, കുരുമുളക്, റബര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍, സംസ്കരിച്ച മത്സ്യോല്‍പ്പന്നങ്ങള്‍ തുടങ്ങി കേരളത്തിന്റെ നിര്‍ണായക പ്രാധാന്യമുള്ള എല്ലാ ഉല്‍പ്പന്നങ്ങളുടെയും കാര്യത്തില്‍ ചുങ്ക-ചുങ്കേതര പ്രതിബന്ധങ്ങള്‍ ഉയര്‍ത്താനുള്ള നമ്മുടെ അധികാരം ഈ കരാറിലൂടെ ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയാണ്. തെങ്ങുകൃഷിയെ രക്ഷിക്കുന്നതിന് പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള അധികാരവും ഈ കരാറിലൂടെ നഷ്ടപ്പെടുന്നുണ്ട്.

എല്ലാ ഉല്‍പ്പന്നങ്ങളിലേക്കും പോകാതെ റബറിന്റെ കാര്യം മാത്രമെടുത്തു പരിശോധിച്ചാല്‍മതി, അധികാരത്തിന്റെ നഷ്ടം എങ്ങനെ സംഭവിക്കുന്നു എന്നു കാണാന്‍ കഴിയും. റബറിനെ ഇറക്കുമതി ഉദാരീകരിക്കേണ്ടാത്ത എക്സ്ക്ളൂഷന്‍ ലിസ്റ്റില്‍പെടുത്തി പൂര്‍ണമായും സംരക്ഷിച്ചിരിക്കുന്നു എന്ന അവകാശവാദം ഉള്ളതുകൊണ്ട് റബറിന്റെ ഉദാഹരണത്തിനു പ്രത്യേക പ്രസക്തിയുണ്ട്. സ്വാഭാവിക റബറിനെ സംരക്ഷിത പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നത് സത്യംതന്നെ. പക്ഷേ, സ്വാഭാവിക റബറിന്റെമേല്‍ ചുമത്താവുന്ന നികുതിയുടെ ഉയര്‍ന്ന പരിധി ഇരുപത് ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. അന്തര്‍ദേശീയ കമ്പോളത്തില്‍ വില എത്ര ഇടിഞ്ഞാലും ഇറക്കുമതിനികുതി 20 ശതമാനത്തിനപ്പുറത്തേക്ക് ഉയര്‍ത്താന്‍ ഈ കരാര്‍പ്രകാരം ഇന്ത്യക്ക് അധികാരമില്ല. സിന്തറ്റിക് റബറിന്റെയും, റബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം എത്രവരെ ഉയര്‍ത്താം? മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ സിന്തറ്റിക് റബറിന്റെയും റബര്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളയണം എന്നാണ് കരാറിലെ വ്യവസ്ഥ. എന്നു പറഞ്ഞാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചുങ്കമേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ അധികാരം ഏതാണ്ട് ഇല്ലാതാവുകയാണ്!

ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്ന മഹാഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും മേല്‍ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനുള്ള അധികാരം മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും എടുത്തുകളയുന്ന തരത്തിലാണ് ഇന്ത്യ-ആസിയന്‍ കരാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇറക്കുമതിച്ചുങ്കം അവശ്യ സന്ദര്‍ഭങ്ങളില്‍ ഉയര്‍ത്താനുള്ള അധികാരം എത്ര വിലപ്പെട്ടതാണെന്ന് കേരളത്തിലെ കൃഷിക്കാരെയും, കര്‍ഷകത്തൊഴിലാളികളെയും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ഒന്നോ രണ്ടോ വര്‍ഷം തുടര്‍ച്ചയായി നല്ല വില കിട്ടിയാല്‍ അച്ചട്ടാണ്, വലിയ താമസമില്ലാതെ വിലയിടിവും ഉണ്ടാവും. കുത്തനെയുള്ള കയറ്റവും ഇറക്കവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലകളുടെ ചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. അന്തര്‍ദേശിയ കമ്പോളത്തില്‍ വില കുത്തനെ ഇടിയുന്ന സന്ദര്‍ഭങ്ങളിലാണ് ചുങ്കമോ, ചുങ്കേതര പ്രതിബന്ധമോ ഉയര്‍ത്തി കൃഷിയെയും കൃഷിക്കാരനെയും സംരക്ഷിക്കണം എന്ന മുറവിളി ഉയരുക. അത്തരം അടിയന്തര ഘട്ടങ്ങളിലാണ് നഷ്ടപ്പെട്ട അധികാരത്തിന്റെ വില നാം തിരിച്ചറിയുക. യഥാര്‍ഥത്തില്‍ ഈ തിരിച്ചറിവുമൂലമാണ് ലോകവ്യാപാര സംഘടനയില്‍ നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ചുങ്കപരിധി പരമാവധി ഉയര്‍ത്തിനിര്‍ത്താനാവശ്യമായ കര്‍ശന നിലപാടുകള്‍ ഇന്ത്യയും മറ്റ് അവികസിത രാജ്യങ്ങളും സ്വീകരിച്ചുപോന്നത്.

ഇന്ത്യ-ആസിയന്‍ കരാര്‍ കാര്‍ഷികേതര മേഖലയില്‍ ഇന്ത്യക്ക് വലിയ മെച്ചമുണ്ടാക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അത്തരം തര്‍ക്കവിഷയങ്ങളിലേക്ക് കടക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മേല്‍ ഇന്ത്യ-ആസിയന്‍ കരാര്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ അഭിപ്രായ സമന്വയമുണ്ട്. യുഡിഎഫ് കക്ഷിനേതാക്കന്മാര്‍പോലും ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ആശങ്ക തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കരാറിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ മനുഷ്യച്ചങ്ങല തീര്‍ത്ത് കരാറിനെതിരെ ശക്തമായി പ്രതികരിക്കുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളും ഈ പശ്ചാത്തലത്തിലാണ്. സ്വാഭാവികമായും ഇന്ത്യ-ആസിയന്‍ കരാറിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ അണിചേരണം എന്ന നിര്‍ദേശം കേരളത്തിലെ പ്രതിപക്ഷനേതാക്കള്‍ക്കു സ്വീകാര്യമായിക്കൊള്ളണമെന്നില്ല. എന്നാല്‍, പ്രതിപക്ഷ ‘ഭരണപക്ഷ ഭേദമെന്യേ, കക്ഷിരാഷ്ട്രീയ ഭേദമെന്യേ, മുഴുവന്‍ കേരളീയര്‍ക്കും ഒത്തൊരുമിക്കാന്‍ വേറെയും വേദികളും അവസരങ്ങളും ഉണ്ടാവും എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കാന്‍ ആലോചിക്കുന്നുണ്ട്. അതെന്തായാലും ഇന്നത്തെ നിലയ്ക്ക് കേരളത്തിന്റെ നഷ്ടം നികത്താതെ, ഇന്ത്യ-ആസിയന്‍ കരാറുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കരാറിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഇരയാവാനിടയുള്ള കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മത്സ്യമേഖലയുടെയും മറ്റും ആശങ്കകള്‍ അകറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനും നേടിയെടുക്കുന്നതിനും നമുക്കു കഴിയണം. അതിനായി ഐക്യകേരളം ഉണരണം.

വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 30 സെപ്തംബര്‍ 2009

ലോകക്രമത്തിലെ പുതിയ പ്രവണതകള്‍

ഏകലോകക്രമത്തിന്റെ വക്താക്കള്‍ ബഹുധ്രുവതയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ സൂചനയാണ് ജി 20 ഉച്ചകോടി നല്‍കുന്നത്. ഇതുവരെയും സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്നതില്‍ ലോകത്തിനു നേതൃത്വം നല്‍കിയിരുന്നത് ജി എട്ട് ഉച്ചകോടിയായിരുന്നു. നേരത്തെ ഇത് ജി ഏഴായിരുന്നു. സോവിയറ്റ് യുണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയെക്കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് എട്ടംഗ കൂട്ടായ്മയായി വികസിച്ചത്. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത് വന്‍കിട രാജ്യങ്ങളായിരുന്നു. അതിന് അനുസൃതമായാണ് അവയുടെ ഘടനയും രൂപവും സൃഷ്ടിച്ചിരുന്നത്. രാഷ്ട്രീയ കാര്യങ്ങളിലും നയതന്ത്ര കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ഐക്യരാഷ്ട്ര സംഘടനയും സാമ്രാജ്യത്വ രാജ്യങ്ങളുടെ പാവയായാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും പ്രസക്തമായിരുന്നു. പ്രധാന രാജ്യങ്ങള്‍ക്ക് നല്‍കുന്ന വീറ്റോ അധികാരം പിന്‍വലിക്കണമെന്നും ജനാധിപത്യപരമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കണമെന്നും വികസ്വരരാജ്യങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. ഐഎംഎഫും ലോകബാങ്കും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനൊന്നും ചെവികൊടുക്കാതെ തങ്ങളുടെ മേധാവിത്വം തുടരുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു.

അമേരിക്കയെയും ലോകത്തെയും പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനു കൈകാലിട്ടടിക്കുകയാണ് വികസിത രാജ്യങ്ങള്‍. വലിയ തോതില്‍ പൊതുപണം ഒഴുക്കി നടത്തിയ ജാമ്യമെടുക്കല്‍ പ്രക്രിയ വഴി ജീവവായു സംഘടിപ്പിച്ചു നില്‍ക്കുന്ന സമ്പദ്ഘടനകള്‍ക്ക് പഴയതുപോലെ നിലപാട് എടുക്കുന്നതിനു ശക്തിയില്ല. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ചൈനയിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമായിരുന്നതുകൊണ്ട് വലിയ തോതില്‍ പ്രതിസന്ധി നേരിടേണ്ടിവരാത്ത ഇന്ത്യന്‍ ധനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. ഇത്തരം രാജ്യങ്ങളുടെ അഭിപ്രായംകൂടി കേള്‍ക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അപക്വമാണെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ചൈനയും ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ പറയുന്നതുകൂടി കേട്ടുമാത്രമേ ഇനി പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. ഐഎംഎഫിന്റെ ഓഹരിയിലും വോട്ടവകാശത്തിലും മാറ്റം വരുത്താന്‍ ജി 20 ഉച്ചകോടി തയ്യാറായത് സ്വാഗതാര്‍ഹമാണ്. ഏഴുശതമാനം വോട്ടെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനകള്‍ക്ക് കൈമാറണമെന്നും അതുവഴി അവരുടെ വോട്ടവകാശം 51 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നുമായിരുന്നു ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും മാറ്റം വരുത്തുന്നതിന് സമ്പന്നരാജ്യങ്ങള്‍ തയ്യാറായില്ല. അഞ്ചുശതമാനം വോട്ടവകാശത്തില്‍ മാറ്റം വരുത്തിയെങ്കിലും 51ശതമാനം തങ്ങളുടെ നിയന്ത്രണത്തില്‍ത്തന്നെ നിലനിര്‍ത്താന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. ലോകബാങ്കിന്റെ ഘടനയിലും മൂന്നുശതമാനം വോട്ടവകാശത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്രയെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതമായത് മാറ്റത്തിന്റെ സൂചനയാണ്. പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനായുള്ള ഉത്തേജകപാക്കേജുകള്‍ പെട്ടെന്ന് പിന്‍വലിക്കേണ്ടതില്ലെന്നും ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടലിന്റെ പ്രസക്തിയിലേക്കാണ് പൊതുവെ പിന്തുണ ലഭിച്ചത്. എന്നാല്‍, ഇത്തരം സാമ്പത്തിക സഹായങ്ങള്‍ ഉയര്‍ന്ന എക്സിക്യൂട്ടിവുകളുടെ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി തിരിച്ചുവിടുന്നതിനെതിരെയും ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു.

പുതിയ തീരുമാനങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങളും മൂന്നാംലോകരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം പുതിയ ദിശയിലേക്ക് വികസിക്കുന്നതിന്റെ സൂചനയാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പരമാധികാരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം ഉയര്‍ന്നത് കാണാതിരുന്നുകൂടാ. തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായകരമായ അഭിപ്രായങ്ങളുടെ പങ്കുവയ്ക്കലുകള്‍ പരിഗണനാര്‍ഹമാണെങ്കിലും അത് ഒരു രാജ്യത്തിന്റെമേലും ഒന്നും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയിലാകരുത്. എണ്ണയുടെ കാര്യത്തില്‍ ഉച്ചകോടിയുടെ ചര്‍ച്ചകള്‍ രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. ഡീസലിനും മണ്ണെണ്ണയ്ക്കും മറ്റും നല്‍കുന്ന സബ്സിഡി കൂടുതല്‍ ഉപഭോഗത്തിലേക്ക് നയിക്കുന്നെന്നും അത് ആഗോളതാപനത്തെ പ്രതികൂലമായി ബാധിക്കുന്നെന്നുമാണ് ഉച്ചകോടിയുടെ നിഗമനം.

ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയാണ് സബ്സിഡികള്‍ ചെയ്യുന്നത്. ലോക എണ്ണശേഖരത്തിന്റെ മേല്‍ കടന്നാക്രമണങ്ങളിലൂടെ നിയന്ത്രണം പിടിച്ചെടുത്ത അമേരിക്കയിലേതിനേക്കാളും ഉയര്‍ന്ന വില പെട്രോളിനു നല്‍കാന്‍ നിര്‍ബന്ധിതമായ രാജ്യമാണ് ഇന്ത്യ. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ പൊതുഗതാഗതം പരിമിതമായതിനാല്‍ ഇത്തരം രാജ്യങ്ങളില്‍ എണ്ണയുടെ ഉപഭോഗം ഏറെ അധികമാണ്. ഒരാള്‍മാത്രം സഞ്ചരിക്കുന്ന കാറുകളാണ് അമേരിക്കയില്‍ അധികവും. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ച് വികസ്വരാജ്യങ്ങളുടെമേല്‍ പുതിയ നിബന്ധനകളും തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം കാര്യങ്ങളിലും ജനാധിപത്യപരവും ശാസ്ത്രീയവുമായി തീരുമാനങ്ങള്‍ എടുക്കുന്നതിനു കഴിയണം. തൊണ്ണൂറുകള്‍ക്ക് ശേഷം രൂപംകൊണ്ട പുതിയ ലോകസാഹചര്യം അതുപോലെ തുടരുന്നതിനു കഴിയാത്ത പുതിയ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. രണ്ടാംലോകമഹായുദ്ധവും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് അമേരിക്കയെ ലോകനേതൃത്വത്തിലേക്ക് പ്രതിഷ്ഠിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ മേധാവിത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. തങ്ങളുടെ ആധിപത്യം അംഗീകരിക്കുന്നതുവരെയുള്ള ഏത് ഒത്തുതീര്‍പ്പുകള്‍ക്കും ആ രാജ്യം തയ്യാറാണെന്നാണ് പുതിയ കാര്യങ്ങള്‍ കാണിക്കുന്നത്. അതില്‍നിന്ന് എത്രമാത്രം വൈരുധ്യങ്ങള്‍ ശക്തിപ്പെട്ട് മുന്നോട്ടുപോകുമെന്നതായിരിക്കും പുതിയ ചരിത്രഗതിയെ നിര്‍ണയിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 29 സെപ്തംബര്‍ 2009

സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം ഒഴിവാക്കാമായിരുന്നു

ഡോ. സെബാസ്റ്റ്യന്‍പോള്‍ മാതൃഭൂമിയിലെഴുതിയ 'സത്യാന്വേഷണം തുടരട്ടെ' എന്ന ലേഖനം അദ്ദേഹത്തിന്റെ മനസ്സില്‍ തിങ്ങിക്കൂടിയ ആശയക്കുഴപ്പത്തിന്റെയും മാനസികസംഘര്‍ഷത്തിന്റെയും പ്രതിഫലനം മാത്രമാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. 12 വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും സിപിഐ എം പതാക പറപ്പിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്നത് നല്ലതുതന്നെ. ഇനിയുള്ള കാലവും പാര്‍ടിയോടുള്ള ആശയപരമായ സഹയാത്ര തുടരുമെന്ന് പറഞ്ഞതും സ്വാഗതാര്‍ഹം. എന്നാല്‍, പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ പാര്‍ടി ശത്രുക്കള്‍ക്ക് ആവേശവും ആഹ്ളാദവും നല്‍കുന്ന തരത്തില്‍ ആക്ഷേപം പ്രകടിപ്പിച്ചതിന് കാരണമെന്തുതന്നെയായാലും ഒരു ന്യായീകരണവുമില്ല.

സെബാസ്റ്റ്യന്‍പോള്‍ ദീര്‍ഘകാലത്തെ പാരമ്പര്യവും പരിചയവുമുള്ള മാധ്യമപ്രവര്‍ത്തകനാണ്. കൈരളിയില്‍ മാധ്യമവിചാരം നടത്തി പൊതു അംഗീകാരം നേടിയ വ്യക്തിയാണ്. ഇതിനൊക്കെ സഹായകരമായ രീതിയില്‍ സിപിഐ എമ്മും പിണറായി വിജയനും വഹിച്ച നിര്‍ണായകമായ പങ്ക് ഒരു നിമിഷനേരത്തേക്കായാലും അദ്ദേഹം മറന്നുകളയരുതായിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ അഭിപ്രായപ്രകടനം വൈയക്തികമായിരുന്നെന്നും അടിയന്തരാവസ്ഥയില്‍ പീഡനം അനുഭവിച്ച പിണറായി വിജയനെപ്പറ്റി അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് തെറ്റായിപ്പോയെന്നും വീണ്ടുവിചാരം നടത്തിയത് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഈ വീണ്ടുവിചാരം തികച്ചും ഉചിതമാണ്. അത് മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നു. അതുകൂടി കണക്കിലെടുത്താണ് ഈ പ്രതികരണം തയ്യാറാക്കിയതെന്ന വസ്തുതകൂടി തുടക്കത്തില്‍ത്തന്നെ സൂചിപ്പിക്കുകയാണ്.

സെബാസ്റ്റ്യന്‍പോള്‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ സമ്മതിച്ച ഒരു കാര്യം ആദ്യമേ ചൂണ്ടിക്കാണിക്കട്ടെ. 'ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയെന്നതാണ് ലെനിനിസ്റ്റ് മാധ്യമതത്വം. സോവിയറ്റ് വിപ്ളവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്വത്തിന്റെ കേരളത്തിലെ ആവിഷ്കാരമാണ് ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും'. ദേശാഭിമാനിയിലും കൈരളിയിലും സെബാസ്റ്റ്യന്‍പോള്‍ വഹിച്ച പങ്കുകൂടി ഓര്‍ത്തുകൊണ്ടായിരിക്കും അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. അതൊരു ബഹുമതിയായി ഞങ്ങള്‍ കാണുന്നു. പാര്‍ടിക്കെതിരെ ആരോപണമുണ്ടായാല്‍ പ്രതികരിക്കുക എന്നത് ലെനിനിസ്റ്റ് ശൈലിയാണ്. സെബാസ്റ്റ്യന്‍ പോളിന്റെ മാതൃഭൂമി ലേഖനത്തിന്റെ ഒരുവശം പാര്‍ടി ശത്രുക്കള്‍ക്ക് സഹായം നല്‍കുന്നതായിരുന്നു എന്ന് മാധ്യമങ്ങളും പാര്‍ടിശത്രുക്കളും പ്രതികരിച്ചതില്‍നിന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടുകാണും. പാര്‍ടി ശത്രുക്കള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ പ്രതികരിക്കേണ്ടത് ദേശാഭിമാനിയുടെ ചുമതലയാണെന്നു സമ്മതിച്ചതോടെ കാര്യം എളുപ്പമായി. പ്രഭാവര്‍മയുടെ ലേഖനം പ്രസിദ്ധീകരിച്ചത് ശരിയായിരുന്നു എന്നും അത് ലെനിനിസ്റ്റ് രീതിയാണെന്നും ആദ്യലേഖനത്തില്‍ത്തന്നെ സമ്മതിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ദേശാഭിമാനിയില്‍ പ്രഭാവര്‍മ ലേഖനമെഴുതിയതില്‍ പ്രകോപിതനാകേണ്ടതില്ല.

വ്യക്തിപരമായ ആക്ഷേപമൊന്നും ലേഖനത്തിലില്ല. സെബാസ്റ്റ്യന്‍പോള്‍ മുമ്പ് സമ്മതിച്ച കാര്യങ്ങള്‍തന്നെയാണ് പ്രഭാവര്‍മ ചൂണ്ടിക്കാണിച്ചത്. അത് മനസ്സിലാക്കി അപ്പോള്‍ത്തന്നെ സ്വയം വിമര്‍ശത്തിന് സെബാസ്റ്റ്യന്‍പോള്‍ തയ്യാറാകേണ്ടതായിരുന്നു. വിമര്‍ശം അദ്ദേഹത്തിന്റെമാത്രം അവകാശമാണെന്നും അതിന് മറുപടി പ്രഭാവര്‍മയോ പത്രമോ നല്‍കാന്‍ പാടില്ലെന്നും ജനാധിപത്യവാദിയായ സെബാസ്റ്റ്യന്‍പോള്‍ ധരിച്ചത് അത്ഭുതകരമാണ്. രണ്ടാമത്തെ കാര്യം മാധ്യമങ്ങളുടെ സത്യാന്വേഷണമാണ്. "അടയാളപ്പെടുത്തിയ ട്രാക്ക് തെറ്റിയോടുന്നുവെന്നതാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ഗുരുതരമായ ആരോപണം. എവിടെയും സമാന്തരപ്രവര്‍ത്തനത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം. നീതിനിര്‍വഹണമെന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. അത് നന്നായി നടക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം. അതിനു പകരം സമാന്തരവിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്.'' ഇത്രയും തുറന്നു സമ്മതിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടിയുണ്ടോ എന്ന് ചോദിച്ചതില്‍ പിണറായി വിജയനെ എന്തിന് കുറ്റപ്പെടുത്തണം?

പോള്‍ വധക്കേസില്‍ സത്യാന്വേഷണമാണോ, അന്വേഷണം വഴിതെറ്റിക്കാനാണോ ചില മാധ്യമങ്ങള്‍ ശ്രമിച്ചത്? കൊലനടത്തിയ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രിതമായിരുന്നില്ല, തികച്ചും യാദൃച്ഛികമായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചു കണ്ടെത്തി. അതുകാരണമായിരിക്കണം പ്രതി കുറ്റം സമ്മതിച്ചത്. എന്നാല്‍, കുറ്റം സമ്മതിച്ച പ്രതിയെ രക്ഷിക്കാന്‍ ബോധപൂര്‍വം ഒരു സമര്‍ഥനായ ക്രിമിനല്‍ വക്കീലിന്റെ പങ്കാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പ്രതിക്കുവേണ്ടി വക്കാലത്തില്ലാതെ വാദിക്കുകയായിരുന്നു. പ്രതികുറ്റം സമ്മതിച്ചത് 15 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് സമ്മതിച്ചതിനാലാണെന്ന് ഒരു വാദം. പ്രതിയുടെ അമ്മ പറഞ്ഞത് പത്രങ്ങള്‍ ഏറ്റുപാടി. കത്തി കടലാസില്‍ പൊതിഞ്ഞ് പൊലീസ് ജനലില്‍കൂടി കട്ടിലിനടിയിലേക്ക് എറിഞ്ഞതാണ്. തുടര്‍ച്ചയായി കത്തി ഒരു കൊല്ലന്‍ പണിതു കൊടുത്തതായി കെട്ടുകഥ നിര്‍മിച്ചു. സാക്ഷിയായി കൊല്ലനെ ഹാജരാക്കി. ഓംപ്രകാശിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചു. ആഭ്യന്തരമന്ത്രിയുടെ മകനെ ഓംപ്രകാശുമായി ബന്ധപ്പെടുത്താന്‍ നുണക്കഥകള്‍ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിച്ചു. അബിയെ അറസ്റ്റു ചെയ്തതോടെ ക്വട്ടേഷന്‍സംഘത്തിന്റെ സാന്നിധ്യവും കരുനീക്കങ്ങളും പുറത്തുവന്നു. പോള്‍ വധക്കേസിന്റെ യഥാര്‍ഥ സത്യം പുറത്തുകൊണ്ടുവരുന്നതിലും തെളിവുകള്‍ കൂട്ടിയിണക്കുന്നതിലും പൊലീസ് അസാമാന്യമായ കുറ്റാന്വേഷണ വൈദഗ്ധ്യവും അര്‍പ്പണമനോഭാവവും ആര്‍ത്മാര്‍ഥതയും പ്രകടിപ്പിച്ചതായി നിഷ്പക്ഷമതികള്‍ സമ്മതിക്കും. ഇക്കാര്യത്തില്‍ പൊലീസിനെ അഭിനന്ദിക്കുന്നതിനു പകരം പൊലീസിനെ അകാരണമായി പഴിക്കാനും അപമാനിക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

പല കേസിലും ദൃക്സാക്ഷികള്‍ തെളിവു നല്‍കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുന്ന അനുഭവം പൊലീസിനുണ്ട്. തെളിയിക്കാനും സാക്ഷികളെ കണ്ടെത്താനുമുള്ള പൂര്‍ണ ചുമതല പൊലീസിന് മാത്രമാണെന്ന ധാരണയാണ് വളര്‍ന്നുവരുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ പ്രയാസം മാധ്യമങ്ങള്‍ സത്യാന്വേഷണം നടത്തുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെയാണ്. പോള്‍ വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് എന്തോ തെറ്റുപറ്റിയതായും സത്യം കണ്ടെത്തുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചതായും സെബാസ്റ്റ്യന്‍പോള്‍ കണ്ടെത്തിയത് വിചിത്രമായി തോന്നുന്നു. ഒപ്പംതന്നെ സമാന്തര അന്വേഷണമാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും പറയുന്നു. ഏതാണ് ശരി? മാധ്യമങ്ങള്‍ ബോധപൂര്‍വം അന്വേഷണം തെറ്റിക്കാനും ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്താനും ആഭ്യന്തരമന്ത്രിയുടെ കുടുംബത്തെത്തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കാനും ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചത് പിണറായിയും കോടിയേരിയും കാഴ്ചക്കാരായി നോക്കിനില്‍ക്കണമെന്നാണോ? മാധ്യമങ്ങളുടെ വഴിവിട്ട നീക്കത്തെ പ്രകീര്‍ത്തിക്കുകയാണോ വേണ്ടത്! പോള്‍ വധക്കേസില്‍ കുറ്റം സമ്മതിച്ച ആള്‍ നിരപരാധിയാണെന്നും മറ്റുചിലരാണ് യഥാര്‍ഥ പ്രതികളെന്നും ഒരടിസ്ഥാനവുമില്ലാതെ രാഷ്ട്രീയ ലക്ഷ്യംമാത്രം മുന്‍നിര്‍ത്തി വാദിക്കുമ്പോള്‍ ആവര്‍ത്തിച്ച് ഗീബല്‍സിന്റെ മാതൃകയില്‍ നുണപറഞ്ഞ് സത്യമാണെന്ന രീതിയില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടിയുണ്ടോ എന്ന് ചോദിച്ചതാണോ തെറ്റ്?

പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമങ്ങളെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ടെന്ന് സെബാസ്റ്റ്യന്‍പോള്‍ പറയുന്നതില്‍ സത്യത്തിന്റെ കണികപോലും കാണാന്‍ കഴിയുന്നില്ല. സത്യം മറിച്ചാണ്. മാധ്യമങ്ങള്‍ ബോധപൂര്‍വം പിണറായിയെയും കോടിയേരിയെയും ഹിംസിക്കാന്‍ ഇടതടവില്ലാതെ നിരന്തരം ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കയാണെന്നതല്ലേ സത്യം? "കൊലയുടെ കുരുക്ക് അഴിക്കുകയാണെന്ന വ്യാജേന നടത്തിയ ചരിത്രാന്വേഷണം മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെയാണ് വെളിപ്പെടുത്തിയതെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ തന്റെ മാതൃഭൂമി ലേഖനത്തില്‍ ഉറപ്പിച്ച് പറയുന്നതായി കാണുന്നു. പക്ഷപാതിത്വപരമായ സത്യാന്വേഷണം മാധ്യമങ്ങള്‍ തുടരണമെന്നാണോ സെബാസ്റ്റ്യന്‍പോള്‍ ആഗ്രഹിക്കുന്നത്?

മറ്റൊരാക്ഷേപം പിണറായി വിജയന്‍ തൃശൂരില്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതിനെപ്പറ്റിയാണ്. 2007 മാര്‍ച്ചില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ അന്തരിച്ച അരവിന്ദാക്ഷന്റെ ഫോട്ടോ അനാച്ഛാദനവേളയില്‍ പിണറായി വിജയന്‍ ഒരു വിഷയത്തില്‍ പ്രതികരിച്ചു എന്നത് ശരിയാണ്. മാധ്യമസിന്‍ഡിക്കറ്റ് ഉണ്ടെന്ന വാദം ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ സിഐഎയില്‍നിന്ന് പണം വാങ്ങിയാണ് എഴുതുന്നതെന്ന് പറയുന്നത് വസ്തുത അല്ലെന്നും സെബാസ്റ്റ്യന്‍പോള്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍പോള്‍ മാധ്യമങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്ന് പറയാനിടയായത്. പരസ്യമായി പറയുന്ന കാര്യങ്ങള്‍ രഹസ്യമായി വിളിച്ച് ഉപദേശിച്ച് തിരുത്തേണ്ടതായ വിഷയമല്ല. തെറ്റിദ്ധാരണ നീക്കാന്‍ രഹസ്യമായി വിളിച്ച് സംസാരിക്കുകയൊക്കെയാകാം. എന്നാല്‍, പരസ്യമായി ഒരഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മറുപടി പരസ്യമായിത്തന്നെ പറയുന്നതാണ് പാര്‍ടി രീതിയെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍തന്നെ സമ്മതിച്ചതാണല്ലോ. ആ രീതിയാണ് നാളിതുവരെ സ്വീകരിച്ചുപോന്നത്.

എന്തായാലും പ്രഭാവര്‍മ എഴുതിയ ലേഖനത്തിന് പ്രകോപിതനായി മറുപടി പറഞ്ഞ സെബാസ്റ്റ്യന്‍പോള്‍ പിണറായി വിജയനെ ഒരാവശ്യവുമില്ലാതെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നു. അതേതായാലും അദ്ദേഹം തെറ്റ് സ്വയം തുറന്നുസമ്മതിച്ചത് സ്വാഗതാര്‍ഹമാണ്. ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ സഹായികളായ മാധ്യമങ്ങള്‍ക്കും ഇനി വായടയ്ക്കാം. ഇടതുപക്ഷത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനായത് അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന സെബാസ്റ്റ്യന്‍പോള്‍ തുടര്‍ന്നും പാര്‍ടിയോടൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുണ്ടാകുന്ന വിമര്‍ശമോ പ്രതിവിമര്‍ശമോ അല്ലല്ലോ പൊതുനിലപാടുകളെ സ്വാധീനിക്കുന്നത്.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 29 സെപ്തംബര്‍ 2009

Saturday, September 26, 2009

ഗുണ്ടകള്‍ ഉണ്ടാകുന്നത്

1
എന്നു തുടങ്ങി ഈ ക്രമസമാധാന തകര്‍ച്ച?

ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും പുകമറ നീക്കിയാല്‍ പോള്‍ എം ജോര്‍ജ് വധക്കേസ് ഏറെയൊന്നും അവശേഷിപ്പിക്കുന്നില്ല. പൊലീസ് വെളിപ്പെടുത്തിയതുപോലെ, അറിയപ്പെടുന്ന രണ്ടു ഗുണ്ടകളുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് പോള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ഒരു മൊബൈല്‍ സിം കാര്‍ഡ് വിലപ്പെട്ട തെളിവായപ്പോള്‍ രണ്ടുദിവസത്തിനകം പ്രതികള്‍ വലയിലായി. സാധാരണ ഗതിയില്‍ മാസങ്ങളെടുത്ത് പൂര്‍ത്തിയാക്കേണ്ട അന്വേഷണം ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച പോലീസിനും സര്‍ക്കാരിനും പക്ഷേ, വിവാദങ്ങളുടെ ശരശയ്യയാണ് മാധ്യമങ്ങളൊരുക്കിയത്. അതിവേഗത്തില്‍ കാര്യക്ഷമമായി അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് നടപടി സാധാരണഗതിയില്‍ വ്യാപകമായ പ്രശംസയ്ക്ക് പാത്രമാകേണ്ടതാണ്. എന്നാല്‍, ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കരിംപുകകൊണ്ട് ഒരു കൊലക്കേസിനെയും അതിന്റെ അന്വേഷണത്തെയും നിഗൂഢതയുടെ തമോഗര്‍ത്തമാക്കാനായിരുന്നു അപസര്‍പ്പകബുദ്ധികള്‍ക്ക് താല്‍പ്പര്യം. നിഷ്കളങ്കമായ സെന്‍സേഷണലിസം എന്നതിനപ്പുറം കൃത്യമായ അജന്‍ഡയുളള ഒരു രാഷ്ട്രീയ പ്രചാരണംതന്നെയാണ് ഈ കൊലക്കേസിന്റെ മറവില്‍ ഇടതുമുന്നണി സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഗുണ്ടാത്തലവന്മാരെ സിപിഎം സഹയാത്രികരായി ചിത്രീകരിക്കാന്‍ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായതോടെയാണ് പോള്‍ എം ജോര്‍ജ് വധക്കേസിന് ഇന്നുണ്ടായ രാഷ്ട്രീയപ്രാധാന്യം കൈവന്നത്. വധിക്കപ്പെടുമ്പോള്‍ പോളിനൊപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്മാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത് ഭരണസ്വാധീനമാണെന്ന വിമര്‍ശനമായിരുന്നു ആദ്യം ഉയര്‍ന്നത്. അവര്‍ കസ്റ്റഡിയിലായതോടെ ആ മുനയുടെടെ മൂര്‍ച്ച പോയി. പ്രതിപ്പട്ടികയിലെ അവരുടെ സ്ഥാനത്തെച്ചൊല്ലിയായിരുന്നു പിന്നെ തര്‍ക്കം. കേസിനെക്കുറിച്ചോ അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ചോ ഇവിടെ പരിശോധിക്കുന്നില്ല. ലഭ്യമായ തെളിവുകള്‍ പൊലീസ് നിരത്തേണ്ടത് കോടതിക്കു മുമ്പിലാണ്. അതിന്മേല്‍ തീരുമാനമെടുക്കേണ്ടത് കോടതിയും.

ഈ കൊലക്കേസിന്റെ മറവില്‍ യുഡിഎഫും ചില മാധ്യമങ്ങളും കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ധാരണകളെ അങ്ങനെ അവഗണിക്കാനാവില്ല. കണ്ണും കാതും തുറന്ന് കേരളത്തില്‍ ജീവിക്കുന്ന ഏത് സാധാരണക്കാരന്റെയും യുക്തിയെയും അനുഭവത്തെയും പരിഹസിക്കുന്ന രണ്ട് തീര്‍പ്പുകളാണ് ഈ കൊലക്കേസിന്റെ മറവില്‍ കേരളത്തിന്റെ പൊതുബോധത്തിലേക്ക് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഒന്ന്) കേരളത്തിലെ ക്രമസമാധാനം തകര്‍ച്ചയിലാണ്.
രണ്ട്) ഗുണ്ടകളുടെ സ്വൈരവിഹാരത്തിന് കാരണം, ഭരണകക്ഷിയായ സിപിഎം നേതാക്കളുമായുളള അവരുടെ അവിശുദ്ധ ബന്ധമാണ്.

പോള്‍ വധക്കേസ് ജനങ്ങള്‍ മറന്നാലും അവരുടെ ഉപബോധ മനസില്‍ മേല്‍പ്പറഞ്ഞ രണ്ടു ധാരണകള്‍ അവശേഷിക്കപ്പെടണമെന്ന രാഷ്ട്രീയ ലക്ഷ്യമാണ് വിവാദത്തിന്റെ ഉല്‍പ്പാദകര്‍ക്ക്. യാഥാര്‍ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണ് മുകളില്‍ പറഞ്ഞ രണ്ടു പ്രസ്താവനകളും.

ഒരു ലക്ഷം ജനങ്ങള്‍ക്ക് എത്ര കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യാ സര്‍ക്കാര്‍ ഓരോ സംസ്ഥാനങ്ങളുടെയും കുറ്റനിരക്ക് പട്ടിക വര്‍ഷം തോറും തയ്യാറാക്കാറുണ്ട്. ഇതില്‍ 2007ലെ കണക്കുകളെടുത്തുവച്ച് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനു നേരെ വലിയൊരു കടന്നാക്രമണമാണ് നടത്തിയത്.

"കുറ്റകൃത്യങ്ങളുടെ നിരക്കില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുതന്നെയാണ് കേരളമിപ്പോള്‍. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ കുറ്റകൃത്യനിരക്ക്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2007ലെ കണക്കു പ്രകാരം രാജ്യത്ത് കുറ്റകൃത്യനിരക്കില്‍ 319.1 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്. ദേശീയ ശരാശരി 175.1 മാത്രം. അക്രമാസക്തമായ കുറ്റകൃത്യനിരക്കില്‍ കേരളം മൂന്നാമതാണ്(31.0). ദേശീയ ശരാശരി 19 മാത്രം. ക്രമസമാധാനം എന്തെന്നുപോലും അറിയാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടി കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി ഇടതുസര്‍ക്കാര്‍.................''

ചെറിയൊരു മൊട്ടുസൂചി മതി പ്രതിപക്ഷ നേതാവിന്റെ ബലൂണ്‍ പൊട്ടിക്കാന്‍. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് കുറ്റനിരക്ക് എത്രയായിരുന്നു? അദ്ദേഹം അതു നോക്കിയിട്ടില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. യുഡിഎഫിന്റെ അഞ്ചുവര്‍ഷക്കാലത്ത് ദേശീയ ശരാശരി കുറ്റനിരക്ക് 167ഉം കേരളത്തിന്റേത് 316 ഉം ആയിരുന്നു. കേരളത്തിലെ കുറ്റനിരക്കിന്റെ നില അന്നും ഇന്നും ഒന്നു തന്നെ. എന്തെങ്കിലുമുണ്ടെങ്കില്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് ലവലേശമെങ്കിലും ഇപ്പോഴാണ് കുറവുണ്ടായിട്ടുളളത്. എന്തുകൊണ്ടാണ് യുഡിഎഫ് ഭരണകാലത്തും എല്‍ഡിഎഫ് ഭരണകാലത്തും കേരളത്തിലെ കുറ്റനിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നിരിക്കുന്നത്? കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും കവര്‍ച്ചയും മോഷണവും ദിനംപ്രതി ഭീകരമായി നടക്കുന്നതുകൊണ്ടല്ല. കേരളത്തിലെ റോഡ് അപകടനിരക്കും ഗതാഗത കുറ്റകൃത്യങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നിരിക്കുന്നതുകൊണ്ടാണ്. പട്ടിക ഒന്നില്‍ വിവിധയിനം കുറ്റകൃത്യങ്ങളുടെ ഇന്ത്യയിലെ പൊതുവിലുളളതും കേരളത്തിലെ നിലയും തമ്മില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നു. ഇതില്‍ 'മറ്റുളളവ' എന്ന ഇനത്തിലാണ് വാഹനാപകടക്കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഈയിനത്തിലെ കുറ്റനിരക്ക് ദേശീയ ശരാശരി 81 ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 186 ആണ്. കേന്ദ്രസര്‍ക്കാര്‍ ലഹളയെന്ന് നിര്‍വചിച്ചിരിക്കുന്ന കുറ്റകൃത്യത്തില്‍ കേരളത്തിന്റെ ശരാശരി ദേശീയനിരക്കിന്റെ പല മടങ്ങാണ്. കാരണം വേറൊന്നുമല്ല, നാട്ടില്‍ നടക്കുന്ന പ്രകടനങ്ങളും യോഗങ്ങളുമൊക്കെ ലഹളയുടെ നിര്‍വചനത്തിലാണ് പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ നടത്തുന്ന പ്രകടനവും പൊതുയോഗവുമൊക്കെ ലഹളയുടെ അക്കൌണ്ടില്‍ പെടുത്തുമ്പോള്‍ ദേശീയ ശരാശരിയെ പിന്തള്ളി കേരളം ബഹുദൂരം കുതിക്കുന്ന അവസ്ഥയുണ്ടാകുന്നു. അടിപിടിയിലും മറ്റും കേസുമാത്രമല്ല കൌണ്ടര്‍ കേസും കേരളത്തില്‍ അനിവാര്യമാണ്. അതുകൊണ്ടാണ് പരിക്ക് പറ്റുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയിരിക്കുന്നത്. (പട്ടിക ഒന്ന് കാണുക).

ഈ കണക്കുവച്ച് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അഭ്യാസം നടത്തുകയാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ പ്രചാരണത്തില്‍ സത്യസന്ധതയ്ക്ക് എന്തെങ്കിലും മാന്യത കല്‍പ്പിക്കുന്നുണ്ടെങ്കില്‍ തന്റെ ഭരണകാലത്തെ കണക്കുമായിക്കൂടി ഈ പട്ടികയെ ഉമ്മന്‍ചാണ്ടി താരതമ്യപ്പെടുത്തണം. ഒരുകാര്യം വ്യക്തമാക്കട്ടെ, കുറ്റകൃത്യങ്ങളുടെ ഗൌരവം കുറയ്ക്കുക എന്നതല്ല ഈ വിശദീകരണത്തിന്റെ ലക്ഷ്യം. കേരളത്തിലെ കുറ്റനിരക്ക് ഗണ്യമായി കുറച്ചേ മതിയാകൂ. ഇക്കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കത്തിനും സാംഗത്യമില്ല. എന്നാല്‍ സ്വാര്‍ഥ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി, ഔദ്യോഗിക കണക്കുകള്‍ അര്‍ഥമറിയാതെ താരതമ്യപ്പെടുത്തി അടിസ്ഥാനരഹിതമായ നിഗമനങ്ങളും ആരോപണങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന കൂട്ടുകൃഷിക്കെതിരെ ജാഗ്രത വേണമെന്നുളള ഓര്‍മപ്പെടുത്തലാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ ഒരുലക്ഷം പേര്‍ക്ക് 5.5 എന്ന നിലയില്‍ കൊലപാതകമോ അതിനുളള ശ്രമമോ നടക്കുമ്പോള്‍ കേരളത്തില്‍ അത് ദേശീയ ശരാശരിയുടെ നേര്‍പകുതിയില്‍ താഴെയാണ് എന്ന വസ്തുത മറച്ചുവയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. കൊളള, മോഷണം, കവര്‍ച്ച എന്നിവയുടെ നിരക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തിന്റേത്. സാധാരണ നിലയില്‍ പൌരസമൂഹം ഭയചകിതമാകുന്ന കാരണങ്ങളിലൊന്നും ദേശീയ ശരാശരിയെ അതിക്രമിക്കുന്ന കുറ്റനിരക്ക് കേരളത്തിലില്ല. യുഡിഎഫ് ഭരണത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്ത് അക്രമാസക്ത കുറ്റങ്ങള്‍ കേരളത്തില്‍ കുറഞ്ഞിരിക്കുകയാണ്. പട്ടിക രണ്ടില്‍ കൊടുത്തിരിക്കുന്ന കണക്കുകളില്‍നിന്ന് ഇത് വ്യക്തമാണ്.
യുഡിഎഫ് ഭരണകാലത്ത് ഓരോ വര്‍ഷവും ശരാശരി 419 കൊലപാതകം നടന്ന സ്ഥാനത്ത് എല്‍ഡിഎഫ് ഭരണകാലത്ത് നടന്നത് 374 ആണ്. 2008ല്‍ ആകട്ടെ 362 കൊലപാതകങ്ങളാണ്. കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടയില്‍ രേഖപ്പെടുത്തപ്പെട്ട കൊലപാതകങ്ങളില്‍ ഏറ്റവും താഴ്ന്ന എണ്ണമാണ്. കൊലപാതകശ്രമങ്ങള്‍, കൊളള, ഭവനഭേദനം. ഗുണ്ട - ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് വ്യാപകമായ ഭീതി ജനിപ്പിക്കുമ്പോഴും കേരളത്തിലെ കൊലപാതകങ്ങളില്‍ ഈ സംഘത്തിന്റെ സാന്നിധ്യം ചെറുതാണ്. (കേരളത്തില്‍ ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങളില്ലെന്നോ, ഭയപ്പെടേണ്ടവരൊന്നുമല്ല അവരെന്നോ അല്ല പറഞ്ഞു വരുന്നത്). 1-1-09 മുതല്‍ 31-7-2009 വരെ സംസ്ഥാനത്തുണ്ടായ 214 കൊലപാതകത്തില്‍ അഞ്ചെണ്ണം മാത്രമാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എട്ടെണ്ണമേയുളളൂ. 83 എണ്ണം കുടുംബ വഴക്കുകളാണ്. 65 എണ്ണം മുന്‍വൈരാഗ്യമാണ്. ഇങ്ങനെയുളള ചില കൊലപാതകങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്കാളിത്തം ഉണ്ടാകാമെന്ന് സമ്മതിച്ചാല്‍പ്പോലും അതു പ്രചരിപ്പിക്കപ്പെടുംവിധം ഭയാനകമായ ഒരു എണ്ണമല്ല.

കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചും അവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഒട്ടും കുറച്ചു കാണുന്ന സമീപനം ഇടതുമുന്നണി സര്‍ക്കാരിനോ സിപിഎമ്മിനോ ഇല്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേല്‍ ഭീതിയുടെ ചിറകുകള്‍ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും പാര്‍ടിയുടെയും നിലപാട്.

ക്രമസമാധാനപാലനത്തില്‍ അത്തരമൊരു ഇച്ഛാശക്തി പുലരുന്നത് എല്‍ഡിഎഫ് ഭരണത്തിലാണ് എന്ന സത്യം മൂടിവച്ച് അപവാദങ്ങളുടെ പ്രചാരകരാകുന്നവര്‍ യഥാര്‍ഥത്തില്‍ രക്തദാഹികള്‍ക്ക് കൊലനിലമൊരുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിനെയും പൊലീസിനെയും ആക്രമിക്കാന്‍ അസത്യങ്ങളും അര്‍ധ സത്യങ്ങളും യഥേഷ്ടം ഉപയോഗിക്കുന്നവര്‍ ഏതുവരെ പോകുമെന്ന് നോക്കുക. ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച യുഡിഎഫുകാര്‍ കേരളത്തിലെ ഡിജിപിയുടെ ചെലവില്‍ ഒരാക്ഷേപം ഉന്നയിച്ചു. ഹവാല, മണല്‍, റിയല്‍ എസ്റ്റേറ്റ്, പെവാണിഭം, ബ്ളേഡ് മേഖലകളിലായി കേരളത്തില്‍ അമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണമൊഴുകുന്നുവെന്ന് ഡിജിപി പ്രസ്താവിച്ചിട്ടുണ്ടത്രേ! ശരിയാണ്. ഡിജിപി അങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. ആ പ്രസ്താവന അച്ചടിച്ചുവന്നത് 2006 ആഗസ്തിലെ കലാകൌമുദിയിലാണ്. 2006 മെയ് 17ന് ഇടതുമുന്നണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമാണ് കേരളത്തില്‍ അമ്പതിനായിരം കോടിയുടെ കള്ളപ്പണം ഒഴുകിയതെന്ന് വിലയിരുത്താന്‍ അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഭരിച്ചു തകര്‍ത്ത അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ തിരുശേഷിപ്പായിരുന്നു 2006 ആഗസ്തില്‍ ഡിജിപി വെളിപ്പെടുത്തിയ അമ്പതിനായിരം കോടി രൂപയുടെ മാഫിയാ സാന്നിധ്യം.

ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ കോണ്‍ഗ്രസും മനോരമ പത്രവും ക്രമസമാധാനത്തകര്‍ച്ചയുടെ സങ്കടവും രോഷവും ജ്വലിക്കുന്ന കഥകള്‍ പാടിയിട്ടുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച തികയുന്നതിനു മുമ്പുതന്നെ കേരളത്തിലെ തകര്‍ന്ന ക്രമസമാധാന നിലയെക്കുറിച്ച് അന്നത്തെ കോണ്‍ഗ്രസ് നേതാവ് ശ്രീമന്‍ നാരായണന്‍ പ്രസ്താവനയിറക്കി. ഒരു പ്രത്യേക ദിവസത്തിനുശേഷം തകര്‍ന്നുപോയ കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് അക്കാലത്ത് ഒ വി വിജയന്‍ മാതൃഭൂമി വാരികയില്‍ അരക്ഷിതാവസ്ഥ എന്ന പേരിലൊരു കഥയുമെഴുതി. 1957 ഏപ്രില്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് എന്റെ ഗ്രാമത്തില്‍ അരക്ഷിതാവസ്ഥയുണ്ടായി എന്ന കത്തുന്ന പരിഹാസത്തോടെയാണ് ആ കഥ തുടങ്ങുന്നത്. ചരിത്രം ആവര്‍ത്തിക്കുകയാണ്. അന്നത്തെ കൂലിത്തല്ലുകാര്‍ക്ക് ഇന്ന് ക്വട്ടേഷന്‍ സംഘമെന്നാണ് പേര്. ബോംബെയിലും മറ്റും അഴിഞ്ഞാടിയിരുന്ന അധോലോകസംഘങ്ങള്‍ കേരളത്തിലും രൂപംകൊണ്ടിരിക്കുന്നു. ഈ സംഘത്തെ സൃഷ്ടിച്ചതും പോറ്റിവളര്‍ത്തുന്നതും സിപിഎമ്മോ പാര്‍ടി നേതാക്കളോ അല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറല്‍ പരിഷ്കാരങ്ങളുടെ അനിവാര്യസൃഷ്ടിയാണ് ഈ ഭസ്മാസുര സംഘം.

2

ഗുണ്ടകള്‍ ഉണ്ടാകുന്നത്

വാഹന വായ്പകളും മറ്റും വാരിക്കോരിക്കൊടുത്ത നവബാങ്കുകളും ബ്ളേഡുകളും പണം തിരിച്ചു പിടിക്കാന്‍ റിക്കവറി ഏജന്റുമാരെ ക്വട്ടേഷന്‍ വിളിച്ചതോടെയാണ് കൂലിത്തല്ലുകാര്‍ ക്വട്ടേഷന്‍ സംഘങ്ങളായത്. ഉദാരവല്‍ക്കരണകാലഘട്ടം മാര്‍ക്സ് വിശദീകരിച്ച പ്രാകൃത മൂലധന സഞ്ചയത്തിന്റെ ആധുനിക വെട്ടിപ്പിടിത്ത കാലംകൂടിയാണ്. ഇതിനു ചാവേറുകള്‍ കൂടിയേ തീരൂ. മുംബൈപോലുളള നഗരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഈ അധോലോക സംഘങ്ങള്‍ ഇന്ന് രാജ്യമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ആര്‍ഭാടത്തോടുളള ഒടുങ്ങാത്ത ആര്‍ത്തിയുമായി എങ്ങനെയും പണമുണ്ടാക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നതിന് പുതിയ തലമുറയെ പ്രേരിപ്പിക്കുന്നതും അതിനുളള സാഹചര്യമൊരുക്കുന്നതും ഉദാരവല്‍ക്കരണമാണ്. അവിഹിതമായി ഉണ്ടാക്കിയ വമ്പന്‍ സമ്പാദ്യസാമ്രാജ്യം നിലനിര്‍ത്താന്‍ ലോകമെമ്പാടുമുളള പുത്തന്‍പണക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സേവനം ആശ്രയിക്കുന്നു. പുത്തന്‍കൂറ്റ് മുതലാളിമാരും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുളള നാഭീനാളബന്ധം അറിയുന്നവര്‍ക്ക് മുത്തൂറ്റ് സാമ്രാജ്യത്തിലെ ഇളമുറത്തമ്പുരാന്‍ ഗുണ്ടകളെയുംകൊണ്ട് കറങ്ങിയതെന്തിന് എന്ന ചോദ്യം ഉയര്‍ത്താതിരിക്കാനാകില്ല. മൂലധനശക്തികള്‍ തങ്ങള്‍ തമ്മിലുളള കുടിപ്പക തീര്‍ക്കുന്നതിനു മാത്രമല്ല അധ്വാനിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനും അധോലോകസംഘങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായി ഗുണ്ടകളുടെയും കൂലിത്തല്ലുകാരുടെയും ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുളളത് കമ്യൂണിസ്റ്റുകാരാണ്. അഴീക്കോടന്‍ രാഘവനും സഫ്ദര്‍ ഹഷ്മിയുമൊക്കെ അടങ്ങുന്ന നീണ്ട പട്ടികയാണ് അത്. നിലവിലുളള അധികാര വ്യവസ്ഥിതിക്കെതിരെ കമ്യൂണിസ്റ്റുകാരുടെ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടിടത്തൊക്കെ പാര്‍ടി സഖാക്കളുടെ തല അരിയാന്‍ ഗുണ്ടാസംഘങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ അടിച്ചൊതുക്കാന്‍ കൂലിത്തല്ലുകാരെ വാടകയ്ക്കെടുക്കുന്ന പാരമ്പര്യം മറന്നു കൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ ഇടതുപക്ഷ വിരുദ്ധ വിദ്വേഷ പ്രചാരണം പൊടിപൊടിക്കുന്നത്.

ഉമ്മന്‍ചാണ്ടിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ, ഗുണ്ടകളെയും കൂലിത്തല്ലുകാരെയും ഉപയോഗിച്ചല്ല കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്; അവരെ ചെറുത്തും ചെറുത്തു തോല്‍പ്പിച്ചുമാണ്. കുറുവടിപ്പടയും ക്രിസ്റ്റഫര്‍ സേനയുമൊക്കെയുണ്ടാക്കി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മര്‍ദിച്ചൊതുക്കാമെന്ന് വ്യാമോഹിച്ചവരെ ഉമ്മന്‍ചാണ്ടിക്ക് അറിയാമല്ലോ. ക്വട്ടേഷന്‍ സംഘങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നതും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തഴച്ചുവളര്‍ന്നതുമായ അധോലോകത്തിന്റെ ഒരു വലിയ സാമ്രാജ്യം കേരളത്തിന്റെ ഡിജിപിതന്നെ തുറന്നു കാണിച്ചതിനെക്കുറിച്ച് മുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നാലായിരം കോടിയുടെ വ്യഭിചാരമാഫിയയും 10,000 കോടിയുടെ ഹവാലാ മാഫിയയും 9500 കോടിയുടെ മദ്യമാഫിയയും 12,000 കോടി രൂപയുടെ വാഹനമാഫിയയും 10,000 കോടിയുടെ റിയല്‍എസ്റ്റേറ്റ് മാഫിയയുമടങ്ങുന്ന ഭീകരമായൊരു അധോലോക സാമ്രാജ്യമാണ് അന്ന് ഡിജിപി വെളിപ്പെടുത്തിയത്. നഗരമെന്നോ നാട്ടിന്‍പുറമെന്നോ ഭേദമില്ലാതെ, വളര്‍ന്ന് പടര്‍ന്ന അധോലോകത്തെ സമൂഹമധ്യത്തില്‍ അവശേഷിപ്പിച്ചിട്ടാണ് യുഡിഎഫുകാര്‍ അധികാരമൊഴിഞ്ഞത്. ഇതുപോലുളള ഓരോ അധോലോക സംഘമേഖലകളിലെയും പ്രധാന കേസുകള്‍ പരിശോധിച്ചാല്‍ തെളിയുക യുഡിഎഫ് ബന്ധമാണ്.

കേരളത്തിലെ ഏറ്റവും പഴക്കമുളള കള്ളപ്പണമേഖല ഹവാലയാണ്. ആ മേഖലയിലെ ഒരു കുപ്രസിദ്ധ കഥാപാത്രമാണ് കോടാലി ശ്രീധരന്‍. ഹവാല പണം കൊണ്ടുപോകുന്ന വഴികള്‍ മനസ്സിലാക്കി ആ പണം കവര്‍ച്ച ചെയ്യുക, അതിനുവേണ്ടി കൊലപാതകങ്ങള്‍വരെ നടത്തുക ഇതൊക്കെയായിരുന്നു കോടാലി ശ്രീധരന്‍ നേതൃത്വം നല്‍കുന്ന അധോലോക സംഘത്തിന്റെ ചെയ്തികള്‍. പിടിയിലായ കോടാലി ശ്രീധരന്റെ മൊഴി കൈരളി ടിവിയും ദേശാഭിമാനിയും പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പുണ്യാളക്കുപ്പായം ധരിച്ചു നടക്കുന്ന പല കോണ്‍ഗ്രസ് നേതാക്കളും കെപിസിസി ഭാരവാഹികളും കോടാലി ശ്രീധരനില്‍നിന്ന് പണം പറ്റിയതിന്റെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആദര്‍ശഗോപുരങ്ങളില്‍ പടര്‍ന്ന വിഷാദ കാളിമ കണ്ട് ജനം ഞെട്ടി.

കേരളത്തിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ മുഖംതിരിച്ചു കളഞ്ഞ ഒരു കഥാപാത്രം ഇപ്പോള്‍ ജയിലിലുണ്ട്. പേര് നാഗരാജ്. വാളയാര്‍ കടന്ന് കേരളത്തിലെത്തുന്ന സ്പിരിറ്റ് ലോറികളുടെ ചലനവും ദിശയും നിയന്ത്രിച്ചിരുന്നത് ഈ സര്‍വശക്തനാണ്. വാളയാറില്‍ അയാളുടെ സ്പിരിറ്റ് ലോറികള്‍ പിടിച്ചെടുക്കാനും അന്വേഷണം നടത്താനും ഒടുവില്‍ അതിസാഹസികമായി കര്‍ണാടകത്തില്‍ ഈ അധോലോക ഭീകരനെ അറസ്റ്റു ചെയ്യാനും ചങ്കുറപ്പ് കാണിച്ചത് കോടിയേരിയുടെ പൊലീസാണ്. ഈ നാഗരാജിനുവേണ്ടി ശുപാര്‍ശചെയ്യാന്‍ ഇടപെട്ടവരില്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രമുഖര്‍ മാത്രമല്ല കേരളത്തിലെ ഉന്നതരായ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. പെണ്‍വാണിഭ കേസുകള്‍ ഇരു സര്‍ക്കാരും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് താരതമ്യപ്പെടുത്തൂ. കിളിരൂര്‍ പെണ്‍വാണിഭത്തിന്റെ ഇരയായ പെകുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സപോലും നിഷേധിക്കുന്ന തരത്തില്‍ അധികാരകേന്ദ്രത്തില്‍ വാണിഭമാഫിയ പിടിമുറുക്കിയ ഭീകരകാലമായിരുന്നു യുഡിഎഫ് ഭരണം. പീഡനക്കേസില്‍ അകപ്പെട്ട മന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ തല തല്ലിപ്പിളര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ച കാഴ്ചയും കേരളം കണ്ടു. എത്രയും വേഗം ഇരയെ കൊന്നുകളയാനും പീഡകനെ പരമാവധി സംരക്ഷിച്ചു പിടിക്കാനും അധികാരത്തെ നിര്‍ലജ്ജമായി യുഡിഎഫ് ഉപയോഗിച്ചു. ഇരുമ്പഴിയെണ്ണുന്ന സന്തോഷ് മാധവനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. പോള്‍ മുത്തൂറ്റ് വധക്കേസിലെന്നപോലെ ഈ കേസിലും സിപിഐ എം നേതാക്കളെ വേട്ടയാടാന്‍ മാധ്യമങ്ങളുണ്ടായിരുന്നു. ആരോപണ വിധേയന്‍ ഇപ്പോള്‍ ജയിലിലാണ്. പഴുതടച്ച കുറ്റപത്രവും വിചാരണയും കോടതി വിധിച്ച ശിക്ഷയുമാണ് വിമര്‍ശകര്‍ക്ക് ഇടതുസര്‍ക്കാരിന്റെ മറുപടി. പെണ്‍വാണിഭക്കാരനെ സംരക്ഷിക്കാനല്ല, പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ഇടതുസര്‍ക്കാര്‍ അധികാരം ഉപയോഗിച്ചത്.

രാഷ്ട്രീയ ശത്രുക്കളുടെ പോകട്ടെ, സ്വന്തം പാര്‍ടിക്കുള്ളിലെ ഗ്രൂപ്പുവൈരങ്ങള്‍ക്ക് പകവീട്ടാന്‍പോലും ഗുണ്ടകളെ ഉപയോഗപ്പെടുത്തുന്ന പാരമ്പര്യമല്ലേ കോണ്‍ഗ്രസിനുള്ളത്? കെപിസിസി ആസ്ഥാനത്ത് രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ഗുണ്ടാപ്പട തല്ലി പതംവരുത്തി പരസ്യമായി വസ്ത്രാക്ഷേപം ചെയ്തത് യുഡിഎഫ് ഭരണകാലത്താണ്. അന്ന്, തമ്മനം ഷാജിയെന്ന ഗുണ്ടാത്തലവന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട് തന്റെ കോണ്‍ഗ്രസ് ആഭിമുഖ്യം "അന്തസ്സോടെ'' വെളിപ്പെടുത്തിയതും ജനം മറന്നിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് എറണാകുളത്തെയും തൃശൂരിലെയും അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് നിയോഗിക്കപ്പെട്ട സംഭവത്തെ ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി വേണം കാണേണ്ടത്. അറസ്റ്റിലായ ഗുണ്ടകളെ ആള്‍ക്കൂട്ടത്തിന്റെ സഹായത്തോടെ പൊലീസ് സ്റേഷനില്‍നിന്ന് മോചിപ്പിക്കാന്‍ കെ സുധാകരന് ഒരു മടിയുമില്ലായിരുന്നു. അറിയപ്പെടുന്ന ക്രിമിനലുകളെ സ്വന്തം സുഹൃത്തുക്കളും ബിസിനസ് പങ്കാളികളെന്നും പറഞ്ഞാണ് സുധാകരന്‍ പരിചയപ്പെടുത്തിയത്. സുധാകരന്റെ ഈ ക്വട്ടേഷന്‍ സുഹൃത്തുക്കള്‍ ഇന്നും ഒളിവിലാണ്. തെളിവെടുപ്പിന് സുഹൃത്തുക്കളെ പൊലീസിനു മുന്നില്‍ ഹാജരാക്കണമെന്നും നിയമവ്യവസ്ഥയോട് സഹകരിക്കണമെന്നും സ്വന്തം പാര്‍ടിക്കാരനായ കെ സുധാകരനോട് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ആവശ്യപ്പെടുമോ?

കേരളത്തിലെ ബ്ളേഡു മാഫിയകളും അധോലോക സംഘങ്ങളും തമ്മിലുളള ബന്ധത്തിന്റെ ഏറ്റവും ഭീകര ഉദാഹരണമായിരുന്നു കണിച്ചുകുളങ്ങര കൊലപാതകം. യുഡിഎഫിന്റെ ഭരണകാലത്ത് നടന്ന ഈ കൊലപാതകത്തിന്റെ പല സൂത്രധാരന്മാരും പിടിയിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. പല പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും ഹിമാലയന്‍ ബ്ളേഡ് മാഫിയ സംഭാവനകള്‍ നല്‍കിയിരുന്നെങ്കിലും ഇവരുടെ രാഷ്ട്രീയസംരക്ഷണം ഏറ്റെടുത്തിരുന്നത് മുന്‍ മന്ത്രിയായ കോണ്‍ഗ്രസിന്റെ ഒരു പ്രമുഖനേതാവാണെന്ന് കേരളത്തില്‍ ആര്‍ക്കാണ് അറിയാത്തത്?

ഭവനഭേദനത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന അധോലോക സംഘങ്ങള്‍ ഒന്നൊന്നായി ഇടതുഭരണകാലത്ത് പിടിയിലാകുന്നു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് പെരിയ ബാങ്ക് കവര്‍ന്ന തമിഴ് നാട്ടില്‍നിന്നുളള പ്രൊഫഷണല്‍ മോഷണസംഘത്തെ അതിവിദഗ്ധമായാണ് കേരള പൊലീസ് അറസ്റ്റു ചെയ്തത്. ചേലമ്പ്ര സൌത്ത് മലബാര്‍ ബാങ്ക് കുത്തിക്കവര്‍ന്ന് 80 കിലോ സ്വര്‍ണം അപഹരിച്ചവരെയും കെണിയില്‍ പെടുത്താനും കളവു മുതലത്രയും വീണ്ടെടുക്കാനും കേരള പൊലീസിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. നൈജീരിയ കേന്ദ്രമാക്കി ഇന്റര്‍നെറ്റ് തട്ടിപ്പു നടത്തുന്ന അധോലോക സംഘത്തെ വലവീശിപ്പിടിച്ച സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനവും കേരള പൊലീസിന്റെ കാര്യക്ഷമത തെളിയിക്കുന്നു.

മിടുക്കരും സത്യസന്ധരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങളെപ്പോലും അവമതിക്കാനും അപമാനിക്കാനും കാണിക്കുന്ന അത്യുത്സാഹത്തിനു പിന്നിലെന്ത് എന്ന് കേരളം ഉറക്കെ ചിന്തിക്കണം. അധോലോക സംഘ പ്രവണതയ്ക്കെതിരെ ശക്തമായ നടപടി പൊലീസ് തുടരും. ഗുണ്ടാ ആക്ട് ഫലപ്രദമായി ഉപയോഗിച്ചും ആധുനിക കുറ്റാന്വേഷണ സങ്കേതങ്ങള്‍ ഉപയോഗിച്ച് കേസുകള്‍ തെളിയിച്ചും ശിക്ഷ ഉറപ്പാക്കിയും നിയമവാഴ്ച പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുമുന്നണി സര്‍ക്കാര്‍. പക്ഷേ, കേരളത്തിലെ ക്രമസമാധാനം പൊലീസിന്റെമാത്രം പ്രശ്നമല്ല. ക്രമസമാധാനപാലനത്തില്‍ ജനങ്ങളെക്കൂടി പങ്കാളിയാക്കുന്നതിനുളള പരിശ്രമമാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കമ്യൂണിറ്റി പൊലീസ്. ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വത്തിനുമാത്രം നടപ്പാക്കാന്‍ കഴിയുന്ന പരിഷ്കാരങ്ങളാണ് ആഭ്യന്തരവകുപ്പില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷമുണ്ടായത്.

അധോലോക സംഘങ്ങളുടെ വളര്‍ച്ചയുടെ വളമൊരുക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നതോടൊപ്പം എല്ലാ വിധ അധോലോക പ്രവണതകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പാര്‍ടി സഖാക്കള്‍ക്കും കഴിയണം. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന പ്രവണതകള്‍ നമ്മളെയും സ്വാധീനിക്കാമെന്ന് തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തിയേ തീരൂ. ഇക്കാര്യത്തിലുണ്ടായിട്ടുളള അനവധാനതകളും വീഴ്ചകളും വിമര്‍ശന- സ്വയംവിമര്‍ശന ബുദ്ധ്യാ ഗൌരവമായി പരിശോധിക്കുന്നതിനും പാര്‍ടി കേന്ദ്രകമ്മിറ്റി ഒക്ടോബറില്‍ രൂപം നല്‍കാന്‍ പോകുന്ന തെറ്റുതിരുത്തല്‍ രേഖ ശക്തമായ ആയുധമാകും. കേരളത്തിലെ അധോലോക സംഘങ്ങളുമായി തങ്ങള്‍ക്കുളള ബാന്ധവം മറച്ചുവച്ച് സിപിഐ എമ്മിനെതിരെ കോണ്‍ഗ്രസും ചില മാധ്യമങ്ങളും നടത്തുന്ന പ്രചണ്ഡമായ പ്രചാരണങ്ങളുടെ ലക്ഷ്യം കേരളജനത തിരിച്ചറിയുമെന്ന് ഉറപ്പാണ്.

ഡോ. തോമസ് ഐസക് 2009 സെപ്തംബര്‍ 25-26 തീയതികളിലെ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം.

Thursday, September 24, 2009

കേരളത്തിന് മീന്‍ വെട്ടാം

ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖലയെ വിദേശരാജ്യങ്ങളുടെ അടുക്കളയാക്കാന്‍ ആസിയന്‍ കരാര്‍ വഴിയൊരുക്കുന്നു. മത്സ്യസംസ്കരണത്തിന് പീലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതാണ് ആസിയന്‍ രാജ്യങ്ങളെ അലട്ടുന്ന മുഖ്യപ്രശ്നം. ആസിയന്‍ കരാറിലൂടെ ഈ കുറവ് പരിഹരിക്കപ്പെടും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള മത്സ്യം സംസ്കരിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാന്‍ കയറ്റുമതിക്കാര്‍ ഒരുങ്ങുകയാണ്. സംസ്കരിച്ച മത്സ്യം ഇവിടെനിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനാണ് പദ്ധതി. ഈ സാധ്യത മുന്നില്‍ക്കണ്ട് ആസിയന്‍ രാജ്യങ്ങളിലെ വ്യവസായികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തിരക്കിലാണ് സംസ്ഥാനത്തെ ചില കയറ്റുമതിക്കാര്‍. ആളോഹരി ഉല്‍പ്പാദനത്തില്‍ ഇന്ത്യയേക്കാള്‍ 13 ഇരട്ടിവരെ വര്‍ധനയുള്ള ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ മത്സ്യങ്ങളുടെ കുത്തൊഴുക്കാകും ഉണ്ടാവുക. ഉല്‍പ്പാദനച്ചെലവ് വളരെ കുറവായതിനാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളേക്കാള്‍ പകുതിയോളം വിലയ്ക്ക് ആസിയന്‍ മത്സ്യം ഇവിടെയെത്തും. രാജ്യാന്തര വിപണിയില്‍ മത്സ്യോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നില്ലെങ്കിലും സീസണില്‍ ആഭ്യന്തരവില ഇടിക്കാന്‍ വ്യവസായികള്‍ ശ്രമിക്കുന്നുണ്ട്. 260 രൂപവരെ വിലയുള്ള കണവ പിടിക്കുന്നവര്‍ക്ക് ലഭിക്കുന്നത് 120-140 രൂപയാണ്. 360 രൂപവരെ ലഭിച്ചിരുന്ന വലിയ ചെമ്മീനാകട്ടെ 160 രൂപയും. ഇതിലും വിലകുറച്ച് മത്സ്യം ലഭിക്കുമെന്നതാണ് കരാറിനെ സ്വാഗതംചെയ്യാന്‍ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്.

കരാര്‍മൂലം ദോഷമൊന്നുമില്ലെന്നാണ് കയറ്റുമതിക്കാരുടെ വാദം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും അമേരിക്ക, ജപ്പാന്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതിചെയ്യുക എന്നിരിക്കെ ആസിയന്‍ രാജ്യങ്ങളുമായി കരാറിന്റെ സാധുതയെക്കുറിച്ചുയരുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ചില അപ്രധാന വിഭവങ്ങള്‍ ഗള്‍ഫ് നാടുകളിലേക്കും മറ്റും കയറ്റുമതിചെയ്യുന്നെങ്കിലും അളവ് പരിമിതമാണ്. മത്തി, അയല തുടങ്ങിയ ഇനങ്ങളൊക്കെ പ്രധാനമായും ആഭ്യന്തര വിപണിയിലാണ് വില്‍ക്കുന്നത്. ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണിയായും ഇന്ത്യ മാറും. മത്സ്യത്തൊഴിലാളി മറ്റ് തൊഴില്‍ തേടുകയോ കുത്തകകള്‍ക്കായി പണിയെടുക്കുകയോ ചെയ്യേണ്ടിവരും. രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ വിടവാങ്ങുന്നതോടെ കുത്തകകള്‍ കൂറ്റന്‍ ഫാക്ടറി ട്രോളറുമായി ഇന്ത്യന്‍തീരം അരിച്ചുപെറുക്കാനെത്തും. നമ്മുടെ മത്സ്യസമ്പത്തും കമ്പോളവും വിദേശികള്‍ക്കു മുന്നില്‍ തുറന്നുവയ്ക്കുകയാണ് ആസിയന്‍ കരാര്‍.

'ഞങ്ങക്ക് ജീവിച്ചേ പറ്റൂ'

'ഞങ്ങളെ കൊന്നിട്ടേ അവര്‍ക്ക് മത്സ്യം ഇറക്കാനാവൂ. ഈ കടലീന്നു കിട്ടുന്ന മീന്‍ വിറ്റാണ് ഞങ്ങള്‍ ജീവിക്കുന്നത്. മറ്റ് നാട്ടില്‍നിന്ന് മത്സ്യം ഇറക്കിയാല്‍ ഞങ്ങളെന്തു ചെയ്യും. ഇതിനേക്കാള്‍ ഭേദം ഞങ്ങക്ക് വിഷം നല്‍കുന്നതാണ്'-

അഞ്ചുതെങ്ങ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ബേബിയുടെയും ബ്രിജിറ്റിന്റെയും വാക്കുകളില്‍ രോഷം നിറയുന്നു.

'ഇതിനെതിരെ മനുഷ്യച്ചങ്ങലയില്‍ മാത്രമല്ല, ഏത് സമരമായാലും ഞങ്ങള്‍ പങ്കെടുക്കും. കാരണം ഞങ്ങള്‍ക്ക് ജീവിച്ചേ മതിയാകൂ'.

സമരത്തിന്റെ കരുത്ത് വിളിച്ചറിയിച്ച ബേബിയും ബ്രിജിറ്റും അല്‍ഫോസിയാ സ്വയംസഹായ സംഘത്തിലെ അംഗങ്ങളാണ്. ഇത്തരത്തിലുളള ഇരുനൂറോളം സംഘങ്ങള്‍ ഈ മത്സ്യത്തൊഴിലാളി ഗ്രാമത്തിലുണ്ട്. എല്ലാ സംഘങ്ങളും മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. സംഘങ്ങളില്‍നിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയവര്‍വരെയുണ്ട്. ഇപ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹമാകെ കടുത്ത നിരാശയിലാണ്. കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന വഞ്ചനയാണ് ആസിയന്‍ കരാറെന്ന് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് വിളക്കുമാടത്തില്‍ രാജു (26) പറഞ്ഞു. ഇറക്കുമതി കൂടിയായാല്‍ ഞങ്ങളുടെ ജീവിതം നശിക്കും. ഞങ്ങള്‍ക്ക് മീന്‍പിടിക്കാനല്ലാതെ വേറെ തൊഴിലൊന്നും അറിയില്ല. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ മാത്രമല്ല, ജയിലില്‍ പോകാനും മത്സ്യത്തൊഴിലാളികള്‍ തയ്യാറാണെന്ന് രാജു പറഞ്ഞു.

'അവരുടെ മീന്‍ ഞങ്ങള ചന്തേല് കേറ്റൂല്ല'

'വല്ല നാട്ടീന്നും മീന്‍ കൊണ്ടുവന്ന് ഇവിടെ വില്‍ക്കാന്‍ സമ്മതിച്ചത് ഞങ്ങള കൊല്ലാനാണ്. ഇപ്പോത്തന്നെ കഷ്ടിച്ചാണ് കഴിഞ്ഞുകൂടണത്. കപ്പലില്‍ കൊണ്ടുവരണ മീന്‍ ഞങ്ങട ചന്തേല് വില്‍ക്കാമെന്ന് കരുതണ്ട. അത് നടക്കത്തില്ല. ഒരു ദിവസം മുഴുവനും ചന്തയില്‍ അലയ്ക്കുമ്പ കിട്ടുന്നതുകൊണ്ടാണ് കൊച്ചുങ്ങളെ വളര്‍ത്തണത്'-

കുമാരപുരം ചന്തയില്‍ മീന്‍ വില്‍ക്കുന്ന ജോസ്ഫിന്‍ മൈക്കിളിന്റെ വാക്കുകള്‍ക്ക് പ്രതിഷേധത്തിന്റെയും ആശങ്കയുടെയും നിറം. വെട്ടുകാട് പുതുവിളാകം പുരയിടത്തിലെ ജോസ്ഫിന്‍ മൈക്കിള്‍ പത്താംവയസ്സിലാണ് മീന്‍കച്ചവടം തുടങ്ങിയത്. ഭര്‍ത്താവ് മരിച്ചശേഷം മൂന്ന് കുഞ്ഞുങ്ങളുടെ കാര്യം നോക്കിയതും ചന്തയില്‍നിന്ന് കിട്ടിയതുകൊണ്ട്. ആസിയന്‍ കരാര്‍ നടപ്പാകുന്നതോടെ വന്‍തോതില്‍ മത്സ്യം ഇങ്ങോട്ട്േക്ക് എത്തുമെന്ന അറിവ് കനത്ത ആശങ്കയാണ് തീരദേശത്ത് സൃഷ്ടിക്കുന്നത്. വിദേശ ട്രോളറുകളുടെ കടന്നുവരവും വന്‍തോതിലുള്ള മത്സ്യ ഇറക്കുമതിയും തൊഴില്‍മാത്രമല്ല, സാമൂഹ്യ സുരക്ഷാ സംവിധാനവും തകര്‍ക്കുമെന്നാണ് ആശങ്ക.

'കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍ ക്ഷേമബോര്‍ഡില്‍നിന്ന് കാശ് കിട്ടുമായിരുന്നു. ഇനി അത് കിട്ടില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. വയസ്സായവര്‍ക്ക് പെന്‍ഷന്‍ കാശ് കിട്ടും. അതും നില്‍ക്കുമെന്നാണ് കേള്‍ക്കുന്നത്'- വെട്ടുകാട് പനങ്ങാല്‍ പുരയിടത്തില്‍ മൈക്കിള്‍ പിറക്കദോര്‍ പറയുന്നു.

മത്സ്യക്കയറ്റുമതിയിലൂടെ ലഭിക്കുന്ന തുകയുടെ രണ്ട് ശതമാനം സെസാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രധാന വരുമാനം. ആസിയന്‍ കരാര്‍ നടപ്പാകുന്നതോടെ മത്സ്യക്കയറ്റുമതി ഇല്ലാതാകും. ബോര്‍ഡിന്റെ വരുമാനം നിലയ്ക്കും. ഇതുമൂലം ബോര്‍ഡില്‍നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, വിധവകള്‍ക്ക് പെന്‍ഷന്‍, തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, വായ്പ തുടങ്ങിയവയെല്ലാം ഇല്ലാതാകും. അന്യനാട്ടില്‍നിന്ന് മത്സ്യം കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് ശ്രീകാര്യത്ത് മീന്‍ വില്‍ക്കുന്ന വലിയവേളി കമ്പിയ്ക്കകം സ്വദേശി മാര്‍ഗരറ്റ്. കുട്ടികളെ പഠിപ്പിക്കാനും വീട് വയ്ക്കാനും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മത്സ്യ വില്‍പ്പനക്കാരിയായ വെട്ടുകാട് തൈവിളാകം പുരയിടത്തില്‍ ലൈല. പുറത്തുനിന്ന് മീന്‍ വന്നാല്‍ തങ്ങള്‍ക്ക് കിട്ടുന്ന മീന്‍ കടലില്‍തന്നെ കളയേണ്ടിവരുമെന്ന് ലൈല ഉറപ്പിക്കുന്നു. ഇത്രയും ദ്രോഹംചെയ്യാന്‍ ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തെന്നാണ് വെട്ടുക്കാട് പുതുവല്‍ പുരയിടത്തിലെ ഡാറസ് ജോസഫിന്റെ ചോദ്യം.

തീരത്ത് ആശങ്കയുടെ കാര്‍മേഘം

നാലര പതിറ്റാണ്ടിന്റെ ജീവിതത്തിനിടെ മുദാക്കര പെറ്റാടത്ത് പുരയിടത്തില്‍ റിച്ചാര്‍ഡ് നേടിയതൊക്കെ കടലമ്മയുടെ കനിവുകൊണ്ടാണ്. ജീവിതം കരുപ്പിടിപ്പിക്കാന്‍ കട്ടമരത്തില്‍ കടലില്‍പോയ കാലത്തുനിന്ന് ഔട്ട്ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച രണ്ട് വള്ളത്തിന്റെ ഉടമയായി റിച്ചാര്‍ഡ് വളര്‍ന്നു. പക്ഷേ, വരാന്‍ പോകുന്നത് വറുതിയുടെ നാളുകളാണെന്ന ചിന്ത റിച്ചാര്‍ഡിന്റെ മനസ്സില്‍ കാറും കോളും നിറയ്ക്കുന്നു. പത്താം ക്ളാസിലും പ്ളസ് ടുവിനും പഠിക്കുന്ന മക്കളുടെ തുടര്‍വിദ്യാഭ്യാസം, ബാങ്ക് വായ്പയുടെ തിരിച്ചടവ്, മറ്റ് ജീവിതച്ചെലവുകള്‍... എല്ലാം ആസിയന്‍ കരാറിന്റെ ആശങ്കയില്‍ തട്ടിനില്‍ക്കുന്നു. റിച്ചാര്‍ഡിന്റെ രണ്ട് വള്ളത്തിലായി 12 തൊഴിലാളികള്‍ കടലില്‍ പോകുന്നു. ഇന്ധനത്തിന് 4,600 രൂപ ചെലവാകും. ഓരോ തൊഴിലാളിക്കും 50 രൂപ വീതം ബാറ്റ നല്‍കണം. ഭക്ഷണച്ചെലവും ഉള്‍പ്പെടെ രണ്ട് വള്ളം കടലില്‍ പോയി വരുമ്പോള്‍ കുറഞ്ഞത് 7200 രൂപയാകും. തീരക്കടലില്‍ മത്സ്യലഭ്യത കുറഞ്ഞുവരികയാണെന്നാണ് റിച്ചാര്‍ഡിന്റെ അനുഭവസാക്ഷ്യം. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ വലനിറയെ മത്സ്യം ലഭിച്ചിരുന്നത് പഴങ്കഥയായി. രണ്ട് വര്‍ഷം മുമ്പുവരെ ഒരു വള്ളത്തിന് അരലക്ഷം രൂപയുടെ മത്സ്യം കിട്ടിയിരുന്നു. കഴിഞ്ഞദിവസം അഞ്ച് തൊഴിലാളികള്‍ പോയ വള്ളത്തില്‍ 6,000 രൂപയ്ക്കുള്ള മത്സ്യമാണ് ലഭിച്ചത്. ഒന്നും കിട്ടാത്ത ദിവസവുമുണ്ട്.

അഞ്ചുവര്‍ഷം മുമ്പുവരെ ട്രോളിങ് നിരോധനത്തിനുശേഷം വള്ളക്കാര്‍ക്ക് സുലഭമായിരുന്ന കണവയും കൊഞ്ചും അയലയും ഇപ്പോള്‍ നാമമാത്രമാണ്. തേട്, വാള, കമളന്‍, സ്രാവ്, കോര തുടങ്ങിയ ഇനങ്ങള്‍ ഇല്ലാതായി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ വിദേശ ട്രോളറുകള്‍ തീരം അരിച്ചുപെറുക്കാന്‍ തുടങ്ങിയതോടെയാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് മത്സ്യം കിട്ടാതായത്.

ഇതിനൊക്കെപ്പുറമെയാണ് ആസിയന്‍ കരാറിന്റെ ഭീഷണിയും. അടുത്തിടെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തെയും ദാരിദ്യ്രരേഖയ്ക്ക് മുകളിലാക്കി. ആദിവാസികള്‍ക്ക് സമാനമായ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇതോടെ അന്യമാകും. മത്സ്യമേഖലയില്‍ എപിഎല്‍-ബിപിഎല്‍ തരംതിരിവ് പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരും തൊഴിലാളി യൂണിയനുകളും ആവശ്യപ്പെടുന്നത്.

കയറ്റുമതിയുടെ നേട്ടം നഷ്ടമാകും

സാമ്പത്തിക മാന്ദ്യത്തിനിടയിലും സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആസിയന്‍ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ തകര്‍ന്നടിയും. ആസിയന്‍ രാജ്യങ്ങളുടെ വിപണനകേന്ദ്രമായി മാറുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. സ്വന്തം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്ത് നേട്ടംകൊയ്ത സ്ഥാനത്ത് ഇനി ആസിയന്‍ ഉല്‍പ്പന്നങ്ങളാകും ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുക. കഴിഞ്ഞ സാമ്പത്തികവര്‍ഷം സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ സര്‍വകാല റെക്കോഡാണ് ഇന്ത്യ നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ കയറ്റുമതിയുടെ അളവ് 11.29 ശതമാനം വര്‍ധിച്ചു. രൂപ അടിസ്ഥാനമാക്കിയുള്ള മൂല്യത്തില്‍ 12.95 ശതമാനവും ഡോളര്‍ അടിസ്ഥാനത്തിലുള്ള മൂല്യത്തില്‍ 0.5 ശതമാനവും വളര്‍ച്ച നേടി. 6,02,835 ട സമുദ്രോല്‍പ്പന്നമാണ് 2008-09ല്‍ കയറ്റുമതി ചെയ്തത്. ഇതുവഴി 8607.94 കോടി രൂപ ലഭിച്ചു. 2007-08ല്‍ ഇത് 5,41,701 ടണ്ണും 7620.92 കോടി രൂപയുമായിരുന്നു.~ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയുടെ വരുമാനത്തില്‍ 44 ശതമാനവും നേടിത്തന്നത്. എന്നാല്‍, മുന്‍ വര്‍ഷത്തേക്കാള്‍ ചെമ്മീന്‍ കയറ്റുമതിയുടെ അളവ് എട്ടു ശതമാനം ഇടിഞ്ഞു. വരുമാനത്തിന്റെ 20 ശതമാനം ശീതീകരിച്ച മത്സ്യക്കയറ്റുമതിയിലൂടെയാണ്. മൊത്തം കയറ്റുമതിയുടെ അളവില്‍ 40 ശതമാനം മത്സ്യമാണ്. അളവില്‍ എട്ട് ശതമാനവും രൂപയുടെ മൂല്യത്തില്‍ 32 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 15 ശതമാനവും വര്‍ധനയാണ് കഴിഞ്ഞവഷം മത്സ്യക്കയറ്റുമതിയിലുണ്ടായിട്ടുള്ളത്. ശീതീകരിച്ച കണവയുടെ കയറ്റുമതി മൊത്തം കയറ്റുമതിയുടെ എട്ട് ശതമാനമായിരുന്നു. ശീതീകരിച്ച കൂന്തല്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. മൂല്യത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുവഴിയുണ്ടായത്. മൊത്തം കയറ്റുമതിയുടെ 25 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കായിരുന്നു. ഇവിടെനിന്ന് 2,800 കോടി രൂപയുടെ വരുമാനമുണ്ടായി (33 ശതമാനം). എന്നാല്‍, ഡോളര്‍ വിനിമയപ്രകാരമുള്ള നിരക്ക് 35 ശതമാനത്തില്‍നിന്ന് 32.6 ശതമാനമായി ഇടിഞ്ഞു. 6,230 ലക്ഷം ഡോളറാണ് യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വരുമാനം. ഇന്ത്യന്‍മത്സ്യങ്ങള്‍ കൂടുതല്‍ എത്തിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. ഡോളര്‍ നിരക്കില്‍ 15 ശതമാനം. ഇന്ത്യയുടെ മത്സ്യക്കയറ്റുമതി വരുമാനത്തിന്റെ 14 ശതമാനം സംഭാവനചെയ്ത ജപ്പാനാണ് ഇന്ത്യന്‍ ഉല്‍പ്പന്ന ഇറക്കുമതിയില്‍ മൂന്നാംസ്ഥാനം. എന്നാല്‍, ജപ്പാനിലേക്കുള്ള കയറ്റുമതി കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ മത്സ്യഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നാലാംസ്ഥാനമുള്ള അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഡോളര്‍ അടിസ്ഥാനത്തില്‍ 10.18 ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാല്‍, അളവിലും രൂപ അടിസ്ഥാനത്തിലുള്ള വിനിമയത്തിലും നേരിയ വര്‍ധനയുണ്ട്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ അളവ് 39 ശതമാനം വര്‍ധിച്ചു. മൂല്യത്തില്‍ രൂപ അടിസ്ഥാനമാക്കി 52 ശതമാനത്തിന്റെയും ഡോളറില്‍ 33 ശതമാനത്തിന്റെയും വര്‍ധന. ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്തത് മൊത്തം കയറ്റുമതിയുടെ പത്തു ശതമാനമാണ്. ഇത് കഴിഞ്ഞവര്‍ഷം 7.5 ശതമാനം മാത്രമായിരുന്നു. മധ്യപൂര്‍വ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അളവില്‍ 5.5 ശതമാനത്തിന്റെയും രൂപ അടിസ്ഥാനമാക്കിയുള്ള മൂല്യത്തില്‍ 20.8 ശതമാനത്തിന്റെയും ഡോളര്‍ മൂല്യത്തില്‍ 7.3 ശതമാനത്തിന്റെയും വര്‍ധനയുണ്ടാക്കി. 2004ന് ശേഷം 2007-08ല്‍ മാത്രമാണ് കയറ്റുമതിയില്‍ ഇടിവുണ്ടായത്. ഈ കുറവ് പരിഹരിക്കുന്നതാണ് 2008-09ലെ നേട്ടം.

നെഗറ്റീവ് പട്ടികയിലെ ഉല്‍പ്പന്നങ്ങളും പ്രവഹിക്കും

ആസിയന്‍ കരാറിലെ നെഗറ്റീവ് പട്ടികകൊണ്ട് ഒരു ഗുണവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലിസ്റ്റിലെ ഉല്‍പ്പന്നങ്ങള്‍ മറ്റു രൂപത്തില്‍ ചുങ്കരഹിതമായി ഇറക്കുമതി ചെയ്യുന്നതിന് ആസിയന്‍ രാജ്യങ്ങള്‍ക്ക് കരാര്‍ അനുമതി നല്‍കുന്നു. റബര്‍ ഷീറ്റ് നെഗറ്റീവ് ലിസ്റ്റിലുണ്ടെങ്കിലും സിന്തറ്റിക് റബറും ലാറ്റക്സും മറ്റ് റബര്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാം. മത്സ്യ ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ എത്തും. കരാര്‍ നടപ്പാകുന്നതോടെ ഇവിടേക്ക് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കാവും ഉണ്ടാവുക. കാര്‍ഷികമേഖലയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും വന്‍ ആഘാതം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആസിയന്‍ കരാറും കാര്‍ഷികമേഖലയും എന്ന വിഷയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാണ്യവിളകള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകിട്ടുകയാണ് ആസിയന്‍ രാജ്യങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ളത് നാണ്യവിളമേഖലയിലാണ്. കരാര്‍ നടപ്പാക്കുന്നതോടെ നാണ്യവിളകളും അവയുടെ ഉല്‍പ്പന്നങ്ങളും ഇവിടേക്ക് പ്രവഹിക്കും. തുടര്‍ന്നുണ്ടാകുന്ന നാണ്യവിളകളുടെ വിലയിടിവ് വന്‍ ദുരന്തത്തിന് വഴിവയ്ക്കും. വിലയിടിവ് പട്ടിണിയിലേക്കും മറ്റ് സാമൂഹ്യപ്രശ്നങ്ങളിലേക്കും എത്തിക്കും. കരാര്‍മൂലം വന്‍ നേട്ടമുണ്ടാകുമെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ നേട്ടം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറുണ്ടോ. കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആസിയന്‍ കരാറിലൂടെ ജനങ്ങളെ കുരുതികൊടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ആസിയന്‍: ആഘാതം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും

ആസിയന്‍ കരാര്‍മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ആഘാതം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കൃഷിശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങുന്നതാകും സമിതി. കരാര്‍ നടപ്പാക്കുന്നതോടെ കാര്‍ഷിക-പരമ്പരാഗത മേഖലകളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സമിതി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആസിയന്‍ കരാറും കാര്‍ഷികമേഖലയും എന്ന വിഷയത്തില്‍ നടന്ന കാര്‍ഷിക സെമിനാറിന്റെ നിര്‍ദേശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.

ആസിയന്‍ കരാര്‍മൂലം ഉണ്ടാകുന്ന ആഘാതത്തെപ്പറ്റി ചര്‍ച്ച നടത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും. നാണ്യവിളകളുടെ ഇറക്കുമതിമൂലം വന്‍ തിരിച്ചടിയുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പൊതു പ്ളാറ്റുഫോറം ഉണ്ടാക്കണമെന്ന ആവശ്യവും സെമിനാറില്‍ ഉയര്‍ന്നു. കരാര്‍ നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന തിരിച്ചടി പ്രവചനാതീതമാണെന്ന് സെമിനാര്‍ വിലയിരുത്തി. നെഗറ്റീവ് ലിസ്റ്റ് രക്ഷ നല്‍കില്ല. കരാര്‍ ചര്‍ച്ചകളൊക്കെ കേരള സര്‍ക്കാരില്‍നിന്നും ജനങ്ങളില്‍നിന്നും കേന്ദ്രം മറച്ചു വച്ചു. കരാര്‍മൂലം കേരളത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ സംവിധാനം ഉണ്ടാകണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

ദേശാഭിമാനിയില്‍ നിന്ന്..24 സെപ്തംബര്‍ 2009

എങ്കില്‍ കേന്ദ്രഭരണവും സ്വകാര്യവല്‍ക്കരിച്ചുകൂടേ?

ഇന്ത്യയിലെ പ്രതിരോധ സാമഗ്രികളുടെ വിതരണരംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം തീരെ കുറവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഉല്‍ക്കണ്ഠപ്പെട്ടുകണ്ടു. ചെന്നൈയില്‍ ഒരു സ്വാകാര്യ കമ്പനിയുടെ അറുപതാം വാര്‍ഷികച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട്, രാജ്യത്തിന്റെ സുരക്ഷാരംഗത്ത് സ്വകാര്യ കമ്പനികള്‍ കടന്നുവരേണ്ടതിന്റെ പ്രാധാന്യം ചിദംബരം ആവേശത്തോടെ വിശദീകരിച്ചെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ മേഖലയില്‍നിന്ന് ഇപ്പോള്‍ നാമമാത്രമായ സംഭാവനയേ ഉണ്ടാകുന്നുള്ളൂ എന്നും അത് മാറ്റി സ്വകാര്യമേഖലയുടെ വിപുലമായ പങ്കാളിത്തം ആ രംഗത്തുണ്ടാകണമെന്നുമാണ് ചിദംബരത്തിന്റെ ആവശ്യം.

ആയുധം രാജ്യരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ആയുധക്കച്ചവടം ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന വേളകളില്‍ വന്‍അഴിമതിക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അത് തുടരുകയാണെന്നതും നിസ്സംശയം തെളിഞ്ഞ വസ്തുതയാണ്. പ്രതിരോധ രംഗത്തെ അഴിമതിയാണ് ഈ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൊഴുപ്പിക്കുന്നത്. ബൊഫോഴ്സും ശവപ്പെട്ടിയും ഇസ്രയേലി ഇടപാടുകളുമൊക്കെ ആ വലിയ മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗംമാത്രം. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ പ്രശ്നമല്ലാതായിരിക്കുന്നു. മലേഷ്യയിലെ പാമോയില്‍ കുത്തകകളും ഇന്ത്യയിലെ റിലയന്‍സടക്കമുള്ള കോര്‍പറേറ്റുകളും ആജ്ഞാപിക്കുന്നതിന് അനുസരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍വരെ ഒപ്പിടുന്ന കാലമാണിത്. പ്രതിരോധക്കരാറുകള്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയാലും രാജ്യത്തിനകത്തെ കോര്‍പറേറ്റുകളുമായി ഉണ്ടാക്കിയാലും ഭരണകക്ഷിക്ക് ഒന്നുപോലെ പ്രയോജനപ്പെടുമെന്ന അവസ്ഥ ഇന്നുണ്ട്. രാജ്യത്തിനകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലാതാക്കുകയുമാണ്. ആയുധ നിര്‍മാണവും അനുബന്ധകാര്യങ്ങളും വന്‍ ലാഭംനോക്കികളില്‍ താല്‍പ്പര്യമുണര്‍ത്തുന്ന മേഖലയാണ്. സ്വാഭാവികമായും വരുംനാളുകളിലെ സാധ്യത കണക്കുകൂട്ടിയുള്ള അഭ്യാസമായി ചിദംബരത്തിന്റെ വാക്കുകളെ കാണണം.

രാജ്യത്തിന്റെ അതിര്‍ത്തി രക്ഷിക്കുന്ന സൈനികര്‍ക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ എവിടെ; ആര്; എങ്ങനെ നിര്‍മിക്കുന്നു എന്നത് സുപ്രധാന കാര്യമാണ്. പൊട്ടാത്ത തോക്കും ശേഷികുറഞ്ഞ പീരങ്കിയും പാതിവഴിയില്‍ നിന്നുപോകുന്ന ടാങ്കും യുദ്ധരംഗത്ത് പറ്റില്ല. ഇത്തരം പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് വി കെ കൃഷ്ണമേനോന്റെ കാലത്ത് പ്രതിരോധ വ്യവസായങ്ങള്‍ പൊതുമേഖലയിലാക്കിയത്. അത് പില്‍ക്കാലത്ത് മാറ്റമില്ലാതെ തുടര്‍ന്ന നയമാണ്. സ്വകാര്യമേഖലയില്‍നിന്ന് വന്‍തോതില്‍ ആയുധം വാങ്ങിയാല്‍ എന്താണ് പ്രശ്നം എന്ന ചോദ്യംതന്നെ നെഹ്റുവിന്റെയും കൃഷ്ണമേനോന്റെയും നയസമീപനത്തില്‍നിന്നുള്ള മലക്കംമറിച്ചിലാണെന്നതില്‍ സംശയമില്ല. രാജ്യത്തെ പൊതുമേഖലയില്‍നിന്ന് മാത്രമേ പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങൂ എന്ന് കര്‍ക്കശമായി തീരുമാനിക്കുന്നതിന് തടസ്സങ്ങളൊന്നും കാണുന്നില്ല. പൊതുമേഖല ശക്തമാണ്. അതിന് കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ന്യായമായ സഹായം ലഭിച്ചാല്‍മാത്രം സേനകളുടെ ഏതാവശ്യവും നിറവേറ്റാനുള്ള സാധനസാമഗ്രികള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയും. അതാകട്ടെ രാജ്യത്തിന്റെ ഖജനാവിനുതന്നെയാണ് മുതല്‍ക്കൂട്ടാവുക.

ദൌര്‍ഭാഗ്യവശാല്‍ പൊതുമേഖലയെ കുഴിച്ചുമൂടി സ്വകാര്യ മേഖലയെ വളര്‍ത്തുക എന്ന നയമാണ് കോണ്‍ഗ്രസും ബിജെപിയും മുറുകെപ്പിടിക്കുന്നത്. നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചു. യുപിഎ-ഇടത് ഏകോപനസമിതി ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇടതുപക്ഷം അതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ നാല് പ്രധാന വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം, നെയ്വേലി ലിഗ്നൈറ്റിന്റെയും നാല്‍ക്കൊയുടെയും ഓഹരി വിറ്റഴിക്കാനുള്ള നീക്കം, ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലകളിലേക്ക് പ്രത്യക്ഷ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നിയമനിര്‍മാണം, ചില്ലറ വ്യാപര മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപം, പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിയമനിര്‍മാണം എന്നിങ്ങനെ ഒട്ടനവധി മുന്‍കൈകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി. അവയ്ക്കെല്ലാം എതിരെ അതിശക്തമായ ജനവികാരം ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവരികയുംചെയ്തു. പ്രതിരോധ വ്യവസായങ്ങളെ സ്വകാര്യ മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള ചിദംബരത്തിന്റെ ആഗ്രഹത്തെയും ഇതിന്റെയെല്ലാം തുടര്‍ച്ചയായേ കാണാനാവൂ.

രാജ്യരക്ഷയുടെ കാര്യംപോലും സ്വകാര്യവല്‍ക്കരിക്കാന്‍ വാദിക്കുന്നവര്‍ എന്തിന് ഭരണത്തിലിരിക്കുന്നു എന്ന സംശയം ന്യായമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ചിലതില്‍ കോര്‍പറേറ്റുകള്‍ നേരിട്ടുതന്നെ ഭരണം നിയന്ത്രിക്കുന്നുണ്ട്. അത്തരം അവസ്ഥ ഇന്ത്യയിലും വരണമെന്നാണോ ചിദംബരത്തിന്റെ ഇംഗിതം? എന്തിന് ആയുധ വ്യവസായംമാത്രം സ്വകാര്യമേഖലയ്ക്ക് വിടുന്നു-ഭരണാധികാരംതന്നെ മൂലധനശക്തികളെ ഏല്‍പ്പിച്ചുകൂടേ? ജനങ്ങളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യമല്ല, സാമ്രാജ്യത്വവിധേയത്വവും മൂലധനഹിതവുമാണ് യുപിഎ സര്‍ക്കാരിന്റെ തീരുമാനങ്ങളെ നയിക്കുന്നത്. പരിധികളില്ലാത്ത സ്വകാര്യവല്‍ക്കരണ മോഹം ആ അവസ്ഥയുടെ സൃഷ്ടിയാണ്. അമൂല്യമായ പൊതുമേഖലാസ്ഥാപനങ്ങള്‍ പടുവിലയ്ക്ക് വിറ്റ് കാശുമാറുന്നവര്‍ പട്ടാളക്കാര്‍ക്ക് നിലവാരമില്ലാത്ത ആയുധങ്ങള്‍ വാങ്ങി നല്‍കി കമീഷന്‍ പറ്റാനും മടിക്കില്ലല്ലോ. ചിദംബരത്തിന്റെ പ്രഖ്യാപനം നിര്‍ദോഷമായ ആഗ്രഹപ്രകടനമല്ലെന്നും വരാനിരിക്കുന്ന തീരുമാനത്തിന്റെ ടെസ്റ്റ് ഡോസാണെന്നും തിരിച്ചറിഞ്ഞ് രാജ്യസ്നേഹികളാകെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 24 സെപ്തംബര്‍ 2009

Wednesday, September 23, 2009

സെബാസ്റ്റ്യന്‍ പോളിനു ഖേദപൂര്‍വം....

ഇതോ മാധ്യമ ധര്‍മം

ഒരാളെക്കൊണ്ട് മറ്റൊരാള്‍ പ്രേരണയും സമ്മര്‍ദവും ചെലുത്തി പറഞ്ഞുപറയിക്കുന്നതാണ് എന്ന് ബോധ്യമായാല്‍, അക്കാര്യങ്ങള്‍ ആദ്യത്തെയാളുടെ സ്വമേധയായുള്ള അഭിപ്രായം എന്ന മട്ടില്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു ശരിയാണോ? പത്രധര്‍മമാണോ? ഇതിന്റെ ക്ളാസിക് ഉദാഹരണം പകല്‍വെളിച്ചംപോലെ മുമ്പില്‍ വന്നുനില്‍ക്കുകയാണ്. ഓംപ്രകാശിന്റെ അച്ഛനെക്കൊണ്ട് ഒരു ഖദര്‍ധാരി പലതും പറഞ്ഞുപറയിക്കുന്നതിന്റെ വീഡിയോകാസറ്റ് ഒരു ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ദൃശ്യമാധ്യമങ്ങളുടെ ഓഫീസിലെത്തുന്നത്. ഒരുചാനല്‍, അത് അപ്പാടെതന്നെ കൊടുത്തു. മറ്റുള്ളവ കാസറ്റിന്റെ ക്വാളിറ്റി മോശമാകയാലും ചിത്രീകരണം പ്രൊഫഷണലല്ലാത്തതിനാലും സ്വന്തം ടീമിനെ അയച്ച് ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തി. ഇതുചെയ്യുമ്പോള്‍ കൃത്യമായും ഈ മാധ്യമങ്ങള്‍ക്കറിയാം, ഇതെല്ലാം കാലത്ത് ഒരാള്‍ പറഞ്ഞുപഠിപ്പിച്ച കാര്യങ്ങളാണെന്ന്. അതറിഞ്ഞുകൊണ്ടുതന്നെ, അക്കാര്യം പ്രേക്ഷകരില്‍നിന്നു മറച്ചുവച്ചുകൊണ്ട് ആ ചാനലുകള്‍ അത് സംപ്രേഷണംചെയ്തു.‘'ഓംപ്രകാശ് ഗുണ്ടയല്ല എന്നു പറയണം', 'കെ സുധാകരനെ അറിയില്ലെന്നു പറയണം' എന്നൊക്കെ ഒരാള്‍ പറഞ്ഞുകൊടുക്കുന്നതു കാസറ്റിലൂടെ നേരത്തെ കണ്ടതാണിവര്‍. ഓംപ്രകാശ് ഗുണ്ടയല്ല എന്നു പറയണമെന്നാവശ്യപ്പെടുന്നത് ഓംപ്രകാശ് ഗുണ്ടയായതുകൊണ്ടാണ്. കെ സുധാകരനെ അറിയില്ലെന്നു പറയണം എന്നാവശ്യപ്പെടുന്നത് കെ സുധാകരനെ അറിയാവുന്നതുകൊണ്ടും രക്ഷപ്പെടുത്തണമെന്നുമുള്ളതുകൊണ്ടുമാണ്. അതെല്ലാം മറച്ചുപിടിച്ച് പ്രതിയുടെ അച്ഛനെക്കൊണ്ട് സിപിഐ എമ്മിനെതിരെ പറയിച്ച് സംപ്രേഷണംചെയ്തു ഈ മാധ്യമങ്ങള്‍. ഇത് അധാര്‍മികമാണെന്നു പറയാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിനു വാക്കുകള്‍ കിട്ടുന്നില്ല.

തങ്ങള്‍ നേരിട്ടു ചിത്രീകരിച്ചതാണ് സംപ്രേഷണംചെയ്തത് എന്നുവേണമെങ്കില്‍ ചില ചാനലുകള്‍ക്ക് അവകാശപ്പെടാം. എന്നാല്‍, നേരത്തെതന്നെ ഒരു തല്‍പ്പരകക്ഷി പറഞ്ഞുപഠിപ്പിച്ചിരുന്നതാണ് തത്തപറയുംപോലെ ഓംപ്രകാശിന്റെ അച്ഛന്‍ പറഞ്ഞത് എന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെ പ്രേക്ഷകരില്‍നിന്ന് മറച്ചുവച്ചതിന് അവര്‍ എന്തുന്യായം പറയും? ഇത്തരമൊരു സാഹചര്യത്തിലാണ്, മാധ്യമങ്ങള്‍ കൊലയാളികളെ സംരക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നത്. അതുതീര്‍ത്തും പ്രസക്തമാണെന്നു തെളിയിക്കുന്നതായി പ്രതിയായ കാരി സതീശനുവേണ്ടിയുള്ള അയാളുടെ അമ്മയുടെ വാദവും ഓംപ്രകാശിനുവേണ്ടിയുള്ള അയാളുടെ അച്ഛന്റെ വാദവും മാധ്യമങ്ങള്‍ ഏറ്റെടുത്ത നടപടി.

പ്രതികള്‍ ദുബായിലെത്തിയെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ടുചെയ്തതിനെ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് നല്‍കിയ വിവരമാകാം അത് എന്നു പറഞ്ഞ് ന്യായീകരിക്കുന്നുണ്ട് സെബാസ്റ്റ്യന്‍പോള്‍. "ഇതാ ഈ ഹോട്ടലിലുണ്ട്'' എന്നു ഹോട്ടലിനുമുമ്പില്‍ ചെന്നുനിന്ന് ലേഖകന്‍ പറഞ്ഞത് പ്രേക്ഷകരാകെ കണ്ടതാണ്. കാരി സതീശന്‍മുതല്‍ ഓംപ്രകാശുവരെയുള്ളവരുടെ പ്രതിരോധത്തിനുള്ള വാദങ്ങള്‍ മാധ്യമങ്ങളില്‍തന്നെ പ്രതിഫലിക്കുന്നു. പോള്‍ എം ജോര്‍ജിന്റെ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യവസായലോബി, മയക്കുമരുന്നുസംഘം, അധോലോകബന്ധം വിസ്മരിക്കപ്പെടുന്നു. ഓംപ്രകാശിന്റെ അച്ഛന്റെ അഭിമുഖനാടകം ഒരുക്കിയെടുത്ത ഖദര്‍ധാരി ആരെന്നത് അന്വേഷണവിഷയമാകുന്നതേയില്ല. ഇതെല്ലാം എന്തുകൊണ്ട് എന്ന് ചിന്തിക്കാന്‍ സെബാസ്റ്റ്യന്‍പോള്‍ തയ്യാറാകുന്നതുമില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ലിജുവിനൊപ്പം മുഖ്യസഹായിയുടെ റോളിലുണ്ടായിരുന്ന നേതാവ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനലാണെന്നത് ദൃശ്യങ്ങള്‍ സഹിതം ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി തെളിയിച്ചിട്ടും ഈ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയാകുന്നില്ല. സിപിഐ എമ്മിനെതിരെ പത്രസമ്മേളനം നടത്തി ആരെങ്കിലും ആരോപണമുന്നയിച്ചാല്‍ അതും പ്രസിദ്ധീകരിക്കുക എന്ന സാമാന്യമര്യാദ ദേശാഭിമാനി കാണിക്കാറുണ്ട്. ഇ പി ജയരാജന്റെ ശരീരത്ത് വെടിയുണ്ടയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞ വാര്‍ത്ത ദേശാഭിമാനി കൊടുത്തത് ഉദാഹരിക്കാം. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ തെളിവു സഹിതം പത്രസമ്മേളനത്തിലുന്നയിച്ച വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങളുടെ ലോക്കല്‍പേജില്‍പോലും വാര്‍ത്തയായില്ല. വിദേശമദ്യശേഖരവുമായി വിമാനത്താവളത്തില്‍ ഡിസിസി അംഗം പിടിക്കപ്പെട്ടതുമുതല്‍ കോടാലി ശ്രീധരന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണംപറ്റി എന്ന് മൊഴിയില്‍ പറഞ്ഞതുവരെയുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വായനക്കാര്‍ അറിഞ്ഞിട്ടില്ല. ഇവിടെ വായനക്കാരന്റെ അറിയാനുള്ള അവകാശത്തിന്റെ രക്ഷകനായി സെബാസ്റ്റ്യന്‍പോളിനെ കാണുന്നുമില്ല.

ഇ അഹമ്മദിന്റെ ഹജ്ജ് അഴിമതി പ്രശ്നംമുതല്‍ എ കെ ആന്റണിയുടെ വകുപ്പില്‍ നടന്ന ഇസ്രയേല്‍ ആയുധമിടപാടുകോഴവരെ ദേശീയ പത്രങ്ങളിലൊക്കെ വലിയ പ്രാധാന്യത്തോടെ വന്നിട്ടും അവയൊന്നും കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളുടെ അന്വേഷണപരിധിയില്‍ വരുന്നില്ല. ഇത് എന്തുകൊണ്ട് എന്ന് അന്വേഷിക്കാനുള്ള കൌതുകം സെബാസ്റ്റ്യന്‍പോളില്‍ കാണുന്നില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള ഏറ്റവും വലിയ തെളിവ് എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച വരദാചാരിയെക്കുറിച്ചുള്ള പരാമര്‍ശം, വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ട ഫയലിലേ അല്ല എന്നതു വെളിവായിട്ടും അക്കാര്യം ഈ മാധ്യമങ്ങള്‍ വായനക്കാരെ അറിയിച്ചില്ല. എന്തുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ പൂഴ്ത്തിവയ്ക്കുന്നു എന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നുമില്ല.

കുറെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലുമൊന്നു തെറ്റിപ്പോവുക എന്ന യാദൃച്ഛികതയല്ല ഇവിടെ സംഭവിക്കുന്നത്. എല്ലാ വാര്‍ത്തകളും കമ്യൂണിസ്റ്റുവിരുദ്ധ വിഷം കലര്‍ത്തി അവതരിപ്പിക്കുകയും അവയെല്ലാംതന്നെ അസത്യങ്ങളാണെന്നു പിന്നീടു തെളിയുകയുമാണ്. അങ്ങനെ തെളിഞ്ഞുകഴിയുമ്പോള്‍ അക്കാര്യവും തമസ്കരിക്കുകയാണ്.

കിളിരൂര്‍ കേസില്‍ ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമുണ്ടായത്. ആ പെവാണിഭം നടന്നത് യുഡിഎഫ് ഭരണകാലത്ത്. ശാരിക്ക് വിദഗ്ധചികിത്സ നല്‍കണമെന്ന് വനിതാകമീഷന്‍തന്നെ ആവശ്യപ്പെട്ടിട്ടും 36 ഡിപ്പാര്‍ട്ട്മെന്റുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് മൂന്ന് ഡിപ്പാര്‍ട്ട്മെന്റുപോലുമില്ലാത്ത സ്വകാര്യ നേഴ്സിങ്ഹോമിലേക്ക് ആ കുട്ടിയെ മാറ്റിയതും അവിടെവച്ച് രക്തത്തില്‍ ചെമ്പിന്റെ അംശം കലര്‍ന്നതും പൊലീസ് ഡയറിയിലെ മൂന്നുപേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കീറിമാറ്റിയതു കോടതി കണ്ടെത്തിയതും കോടതി ഇടപെട്ടപ്പോള്‍ സിഐയെ സസ്പെന്‍ഡ് ചെയ്തതും എല്ലാം യുഡിഎഫ് കാലത്ത്. എന്നിട്ടും ഈ കേസ് അപ്പാടെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനായിരുന്നു മാധ്യമശ്രമം. അനഘ എന്ന പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാ സംഭവം ഇതേപോലെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമം നടന്നു. അന്നും ഇന്നത്തെപ്പോലെ മന്ത്രിപുത്രന്മാരെ വലിച്ചിഴച്ചു. ഒടുവില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിച്ചപ്പോള്‍ ഇതെല്ലാം അസത്യമെന്നു തെളിഞ്ഞു. ആ റിപ്പോര്‍ട്ട് അപ്പാടെ ഈ മാധ്യമങ്ങള്‍ തമസ്കരിച്ചു. എസ്എടി ആശുപത്രിയില്‍ ശിശുമരണനിരക്ക് കൂടിയെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണ് അതിനു പിന്നിലെന്നും വാര്‍ത്തകൊടുത്തു. എന്നാല്‍, ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഈ ആരോപണങ്ങള്‍ അസത്യമെന്നു തെളിയിച്ചു. അപ്പോള്‍ ആ റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ തമസ്കരിച്ചു. കേരളത്തില്‍ ക്രമസമാധാനമില്ലെന്ന് ഹൈക്കോടതിയിലെ ഒരു ജഡ്ജി പറഞ്ഞപ്പോള്‍ അത് ഈ മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയാക്കി. എന്നാല്‍, സുപ്രീംകോടതി ആ പരാമര്‍ശംതന്നെ നീക്കംചെയ്തപ്പോള്‍ സിംഗിള്‍ കോളത്തില്‍പ്പോലും ആ വാര്‍ത്ത പല മാധ്യമങ്ങളും നല്‍കിയില്ല. ഭീകരപ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞ മഅ്ദനി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ചപ്പോള്‍ അത് മുന്‍നിര്‍ത്തി കോലാഹലമുണ്ടാക്കിയ മാധ്യമങ്ങള്‍ ഭീകരപ്രവര്‍ത്തനത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത എന്‍ഡിഎഫ്, യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ അതില്‍ തെറ്റുകണ്ടില്ല. കുറ്റവിമുക്തനാകുംമുമ്പ് ജയിലില്‍ കിടന്ന മദനി യുഡിഎഫിനെ പിന്തുണച്ചപ്പോഴും മാധ്യമങ്ങളുടെ ധാര്‍മികരോഷം ഉയര്‍ന്നുകണ്ടില്ല. നന്ദിഗ്രാമിനെക്കുറിച്ച് കോളങ്ങള്‍ എഴുതിയ മാധ്യമങ്ങള്‍ ആന്ധ്രയിലെ മുടിഗൊണ്ടയില്‍ ഭൂസമരത്തില്‍ പങ്കെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ഒന്നൊന്നായി വെടിവച്ചുകൊന്നതിനെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല.

ഇങ്ങനെ ഏതുവാര്‍ത്തയിലും കമ്യൂണിസ്റ്റുവിരുദ്ധവിഷം കലര്‍ത്തുന്ന ഒരു പ്രക്രിയ ഇവിടെ ശക്തിപ്പെട്ടു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സ്ഥാപിത താല്‍പ്പര്യക്കാരും മാധ്യമപ്രവര്‍ത്തകരുമടങ്ങിയ ഒരു സിന്‍ഡിക്കറ്റ് അഹോരാത്രം പ്രവര്‍ത്തിച്ചു. ആ ഘട്ടത്തിലാണ് മാധ്യമസിന്‍ഡിക്കറ്റ് എന്നൊന്നില്ല എന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ സര്‍ട്ടിഫൈ ചെയ്തത്.

ദേശാഭിമാനി 24 സെപ്തംബര്‍ 2009

സത്യം അറിയാനുള്ള സ്വാതന്ത്ര്യം ആര് രക്ഷിക്കും?

മാധ്യമവിചാരം രണ്ടുവിധത്തിലാവാം. നിഷ്പക്ഷ മാധ്യമവിചാരവും നിഷ്പക്ഷമെന്ന് ഭൂരിപക്ഷം മാധ്യമങ്ങളെക്കൊണ്ടു പറയിക്കുന്ന മാധ്യമവിചാരവും. ആദ്യത്തേതു വിമര്‍ശനം നേടിത്തരുമെങ്കില്‍ രണ്ടാമത്തേതു വര്‍ധിച്ച പ്രതിച്ഛായ നേടിത്തരും. ഒരു കുഴപ്പമേയുള്ളു. സത്യത്തിലും മൂല്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നുമാത്രം. നിര്‍ഭാഗ്യവശാല്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍(സത്യാന്വേഷണം തുടരട്ടെ’എന്ന മാതൃഭൂമി ലേഖനം) ഇപ്പോള്‍ രണ്ടാമത്തേതിന്റെ വക്താവായിരിക്കുന്നു. കേരളത്തില്‍ കള്ളവാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച് സിപിഐഎമ്മിനെ അതില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളോടാണ് ”സത്യാന്വേഷണം തുടരട്ടെ’എന്ന് സെബാസ്റ്റ്യന്‍പോള്‍ ആശംസിക്കുന്നത്. പൊതുനിലപാടുകളില്‍നിന്ന് വേറിട്ടുനിന്നാല്‍ കിട്ടുന്ന ശ്രദ്ധയിലുള്ള കൌതുകമാവാം ഒരുപക്ഷേ, അദ്ദേഹത്തെ നയിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു കോഴ വാങ്ങിയ എം.പിമാരെ ശിക്ഷിച്ചതിനെക്കുറിച്ച് പൊതുവായ ഒരു നിലപാടുയര്‍ന്നപ്പോള്‍, പാര്‍ലമെന്റില്‍ അതിനൊപ്പംനിന്നെങ്കിലും പുറത്ത് ഭിന്നാഭിപ്രായം പറഞ്ഞിരുന്നല്ലോ അദ്ദേഹം. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യം വന്നപ്പോഴും പൊതുനിലപാടില്‍നിന്നു വേറിട്ട അഭിപ്രായം അദ്ദേഹം പറഞ്ഞിരുന്നു. ഇടതുപക്ഷത്തുനിന്നുകൊണ്ടു വേറിട്ടൊരു അഭിപ്രായം പറഞ്ഞാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അതിനൊരു പ്രത്യേക പ്രാധാന്യം നല്‍കും. അതില്‍ ഉണ്ടായ കൌതുകമാവാം ഇവിടെയും അദ്ദേഹത്തെ നയിച്ചത് എന്നു തോന്നുന്നു. മറിച്ച് എന്തെങ്കിലും ആവാതിരിക്കട്ടെ!

പിണറായി വിജയന്‍ എന്തുകൊണ്ട് മാധ്യമങ്ങളാല്‍ ആക്രമിക്കപ്പെടുന്നു എന്ന കാര്യം ആലോചിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കണിച്ചുകുളങ്ങര കേസിലെ പ്രതികള്‍, തങ്ങള്‍ ഡല്‍ഹിയില്‍ സെബാസ്റ്റ്യന്‍പോള്‍ എംപിയുടെ വസതിയിലായിരുന്നു തങ്ങിയിരുന്നത് എന്ന് പറഞ്ഞത് അന്ന് ഈ മാധ്യമങ്ങളെല്ലാം എത്ര പ്രാധാന്യം നല്‍കിയാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്നത് ഡോക്ടര്‍ക്ക് ഓര്‍മകാണും. അതു സത്യമായിരുന്നില്ല എന്നു ഡോക്ടര്‍ക്കറിയാം; മാധ്യമങ്ങള്‍ക്കറിയാം. ജനങ്ങള്‍ക്കുമറിയാം. അസത്യമാണത് എന്നറിഞ്ഞുകൊണ്ടുതന്നെ അമിതപ്രാധാന്യം നല്‍കി പത്രങ്ങള്‍ അതു പ്രസിദ്ധീകരിച്ചത് ഡോക്ടര്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്താണ് ലോക്സഭയില്‍ എത്തിയത് എന്നതുകൊണ്ടും അങ്ങനെ ഒരു ദുഷ്പ്രചാരണം വന്നാല്‍ സിപിഐ എം കരിപുരണ്ട് നിന്നുകൊള്ളും എന്നതുകൊണ്ടുമല്ലേ?

പ്രകാശ് കാരാട്ട് എന്തുകൊണ്ടാണ് ആക്രമിക്കപ്പെടാത്തത് എന്നതാണ് ഡോക്ടറുടെ അടുത്ത ചോദ്യം. പ്രകാശ് കാരാട്ട് തങ്ങളുടെ പ്രചാരണത്തിന്റെ പരിധിക്കുപുറത്താണ് എന്നത് ഈ മാധ്യമങ്ങള്‍ക്കറിയാം. എന്നിട്ടുപോലും പ്രകാശ് കാരാട്ടിനെ വെറുതെ വിട്ടില്ല മാധ്യമങ്ങള്‍. ഒരു വിശ്വാസ്യതയും ഇല്ലാത്തവരെ ഉദ്ധരിച്ചും ഊരുംപേരുമില്ലാത്ത പോസ്റ്ററുകള്‍ ടിവിയില്‍ എടുത്തുകാട്ടിയും ഒക്കെ എന്തെല്ലാം അപവാദപ്രചാരണങ്ങള്‍ നടന്നു. ദേശീയതലത്തില്‍ സിപിഐ എമ്മിന് ഉണ്ടായ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദി പ്രകാശ് കാരാട്ടാണെന്ന്; അദ്ദേഹത്തിനെതിരെ ബംഗാള്‍ഘടകം തിരിഞ്ഞെന്ന്; ലാവ്ലിനില്‍നിന്ന് പണം കിട്ടിയിട്ടുണ്ടെന്ന്; ഏതോ മുതലാളിയുടെ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചെന്ന്; പ്രകാശും സീതാറാമും ക്യാമ്പസ് റിക്രൂട്ടുകളാണെന്ന്-എന്തെല്ലാം പ്രചാരണങ്ങള്‍. ഇതൊക്കെ ഡോക്ടറുടെ ശ്രദ്ധയില്‍പെടാതെപോയത് എന്തുകൊണ്ട് എന്നറിയുന്നില്ല. ലാവ്ലിന്‍ കേസ് സംബന്ധിച്ച സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കപ്പെട്ടതോടെയാണ് അന്തരിച്ച സുര്‍ജിത് മുതല്‍ പ്രകാശ്കാരാട്ടുവരെ ആക്രമിക്കപ്പെട്ടത് എന്നതും അത് ഈ മാധ്യമങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തു നില്‍ക്കാന്‍ അവര്‍ തയ്യാറാവാതിരുന്നതുകൊണ്ടാണ് എന്നതും ആര്‍ക്കാണറിയാത്തത്? സമീപകാല ചരിത്രത്തില്‍ മാധ്യമങ്ങള്‍ ഏറ്റവും ഉത്തരവാദിത്ത രഹിതമായും ദുരുദ്ദേശ്യപരമായും പ്രവര്‍ത്തിച്ച ഘട്ടമാണിത് എന്ന സത്യം സെബാസ്റ്റ്യന്‍പോള്‍ എത്രയേറെ തമസ്കരിക്കാന്‍ ശ്രമിച്ചാലും വായനക്കാരന്റെയും പ്രേക്ഷകന്റെയും മനസ്സില്‍ തെളിഞ്ഞുനില്‍ക്കും.

ഇതാ ഉദാഹരണങ്ങള്‍:

1) ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ കൊടുക്കാന്‍ മന്ത്രിസഭാരേഖകള്‍ ചോര്‍ത്തിയെന്ന് വാര്‍ത്ത കൊടുത്തു. ഇത് തെറ്റായിരുന്നെന്ന് തെളിഞ്ഞു. ഒരു മാധ്യമവും തിരുത്തിയില്ല.

2) ഗവര്‍ണറുടെ ഓഫീസ് കംപ്യൂട്ടറില്‍നിന്ന് ഔദ്യോഗികരേഖകള്‍ ചോര്‍ത്തിയതായി ആരോപിച്ചു. ഇതു വസ്തുതയല്ലെന്നു തെളിഞ്ഞു. ഒരു മാധ്യമവും ഖേദം പ്രകടിപ്പിച്ചില്ല.

3) പോള്‍ മുത്തൂറ്റിന്റെ കൂടെയുണ്ടായിരുന്ന ഓംപ്രകാശും രാജേഷും ദുബായിയിലെ ഹോട്ടലില്‍ സുരക്ഷിതരായി കഴിയുന്നുണ്ടെന്ന് വാര്‍ത്തകൊടുത്തു. അസത്യമായിരുന്നെന്ന് തെളിഞ്ഞു. ചാനല്‍ ഖേദം പ്രകടിപ്പിച്ചില്ല.

4) പോള്‍ വധക്കേസില്‍ കണ്ടെത്തിയ കത്തിയെക്കുറിച്ചുള്ള വാര്‍ത്ത പ്രതിയായ കാരി സതീശന്റെ അമ്മ നല്‍കിയ പരാതിയിലുണ്ടായിരുന്നതാണ്. അതു സ്വന്തം കണ്ടെത്തല്‍ എന്ന നിലയ്ക്കു ഒരുചാനല്‍ സംപ്രേഷണംചെയ്തു. പരാതിയിലുള്ളതാണെന്ന കാര്യം മറച്ചുവച്ചു.

ഈ നാലു കാര്യവും ശരിയോ എന്നാണ് സിപിഐ എം ചോദിച്ചത്. എന്നാല്‍, മാധ്യമങ്ങളാകട്ടെ, അപ്പോള്‍ അറിഞ്ഞുകൊണ്ടുതന്നെ ചെയ്ത തെറ്റുകളില്‍ ആദ്യത്തെ മൂന്നെണ്ണവും തമസ്കരിച്ച് കത്തിപ്രശ്നത്തില്‍ കേന്ദ്രീകരിച്ചു.

ഈ മാധ്യമങ്ങളുടെ പക്ഷംചേര്‍ന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പോലും കത്തിയില്‍ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ക്കു ദിവ്യദൃഷ്ടിയുണ്ടോ എന്നു പിണറായി വിജയന്‍ ചോദിച്ചതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. കൊല്ലക്കുടിയിലെ വാര്‍ത്താശേഖരണത്തിന് പ്രാധാന്യമുണ്ട്’എന്നു പറഞ്ഞ് ഏഷ്യാനെറ്റിന്റെ ഇടപെടലിനെ ശ്ളാഘിക്കുന്ന സെബാസ്റ്റ്യന്‍പോള്‍ ഓംപ്രകാശിന്റെ അച്ഛന്റെ അഭിമുഖം ആസൂത്രിതനാടകമായിരുന്നു എന്നതു തുറന്നുകാട്ടിയ പീപ്പിള്‍ ടിവിയെക്കുറിച്ച് പറയാന്‍ നല്ല വാക്കൊന്നും കാണുന്നില്ല. വിവരാവകാശ നിയമപ്രകാരമാണ് മന്ത്രിസഭാ രേഖകള്‍ ശേഖരിച്ചത് എന്നത് വ്യക്തമായ സാഹചര്യത്തില്‍ ലാവ്ലിന്‍ രേഖകള്‍ ചോര്‍ത്തിയെന്ന് എന്തിനു പ്രചരിപ്പിച്ചു എന്ന് നിഷ്പക്ഷനാണെങ്കില്‍ സെബാസ്റ്റ്യന്‍പോള്‍ ഈ മാധ്യമങ്ങളോട് ചോദിക്കേണ്ടതല്ലേ? ഇല്ലാത്ത പ്രതികള്‍ ദുബായില്‍ ഹോട്ടലിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കേസന്വേഷണത്തെ മറ്റൊരു വഴിക്കാക്കാന്‍ ഈ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് എന്താണ് എന്ന് അന്വേഷിക്കേണ്ടതല്ലേ? പ്രതികള്‍ തിരോധാനംചെയ്യാത്തത് മാധ്യമങ്ങളുടെ ജാഗ്രതകൊണ്ടാണ് എന്ന് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഇല്ലാക്കഥകള്‍കൊണ്ടാണോ ജാഗ്രത കെട്ടിപ്പടുക്കുന്നത്?

ഫലത്തില്‍, കള്ളക്കഥകള്‍ മെനയാനുള്ള ദുഃസ്വാതന്ത്ര്യത്തിനുള്ള പരിരക്ഷയാണ് സെബാസ്റ്റ്യന്‍പോള്‍ വാദത്തിലുള്ളത്. അതേസമയം, മെനഞ്ഞത് കള്ളക്കഥകളാണ് എന്നു തുറന്നുകാട്ടാനുള്ള പൌരന്റെ, പൊതുപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തെ വരികള്‍ക്കിടയിലൂടെ ആക്ഷേപിക്കുകയുംചെയ്യുന്നു. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാരേഖകളും ഗവര്‍ണറുടെ ഓഫീസിന്റെ കംപ്യൂട്ടറില്‍നിന്നുള്ള രേഖകളും ചോര്‍ത്തിയതായി ആക്ഷേപിക്കുമ്പോള്‍, ആ ആക്ഷേപത്തിനിരയാവുന്ന വ്യക്തി പ്രതിരോധിച്ചാല്‍ ഏതു മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കൈയേറ്റം! അതേസമയം, ആ കള്ളക്കഥകള്‍ തുടര്‍ന്നും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കാനും ജനങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചുനിര്‍ത്താനും ഉള്ള നീക്കം മാധ്യമ സ്വാതന്ത്യം. ഇതാവുന്നു സെബാസ്റ്റ്യന്‍ പോളിന്റെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥം.

മാധ്യമസ്വാതന്ത്ര്യത്തെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഹനിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് മാതൃഭൂമിയിലെ 'കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം' എന്ന ചര്‍ച്ച ശ്രമിക്കുന്നത്. എന്നാല്‍, മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കം ഉണ്ടായിട്ടുള്ളതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസില്‍നിന്നാണ്. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പു മുതല്‍ പത്രപ്രവര്‍ത്തകനെതിരെ കേസെടുക്കുമെന്ന കഴിഞ്ഞദിവസത്തെ കേന്ദ്ര വിദേശവകുപ്പിന്റെ നിലപാടുവരെ ഉദാഹരണങ്ങള്‍. അത്തരം ഗൌരവതരമായ വിഷയങ്ങളെ ലാഘവപ്പെടുത്താനേ കേരളത്തില്‍ മാധ്യമസ്വാന്ത്ര്യ കല്ലേറുകൊള്ളുന്നെന്ന വാദം ഉപകരിക്കൂ. അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിനൊപ്പം വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യത്തെക്കൂടി സെബാസ്റ്റ്യന്‍പോള്‍ പരിഗണിച്ചാല്‍ നന്നായിരുന്നു.

കേരളത്തിനു ഒരു ഇടതുപക്ഷ മനസ്സുണ്ട്. അതു തകര്‍ത്താലേ വലതുപക്ഷത്തിനു സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനാവൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് മാധ്യമരംഗത്തു നടക്കുന്നത്. ഇതു സെബാസ്റ്റ്യന്‍പോള്‍ അറിയാത്തതല്ല. എന്തു ചെയ്യും? ഉറങ്ങുന്നവരെ ഉണര്‍ത്താം; ഉറക്കം നടിക്കുന്നവരെയോ?

ഇതേപോലെ മാധ്യമങ്ങള്‍ അസത്യങ്ങളാല്‍ നിറഞ്ഞ വേളയിലാണ് അമേരിക്കയില്‍ വായനക്കാര്‍ സംഘടിച്ച് ഫെയര്‍ എന്ന പ്രസ്ഥാനം രൂപീകരിച്ചത്. ഓരോ കള്ളവാര്‍ത്തയും വരുമ്പോള്‍ രേഖകളും തെളിവുകളുമായി അവര്‍ സമൂഹത്തില്‍ ഇടപെട്ട് സത്യമെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി വാര്‍ത്തയിലെ കൃത്യത, ന്യായയുക്തത എന്നിവ ഉറപ്പിക്കാനുള്ള പ്രസ്ഥാനമാണ് ഫെയര്‍. അതിന്റെ ഇടപെടലോടെ ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഒക്കെ വ്യാജവാര്‍ത്തകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമായി. ഫെയര്‍ കേരളത്തിലുണ്ടായാല്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ഖേദങ്ങളുമായാവും മലയാള മാധ്യമങ്ങള്‍ക്കു പുറത്തിറങ്ങേണ്ടിവരിക.

പ്രഭാവര്‍മ ദേശാഭിമാനി 24 സെപ്തംബര്‍ 2009

സ: അഴീക്കോടന്‍ സ്മരണ

1972 സെപ്തംബര്‍ ഇരുപത്തിമൂന്നിനാണ് തൃശൂരില്‍ സ: അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കവീനറുമായിരുന്നു മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ അഴീക്കോടന്‍. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച നേതാവുമായിരുന്നു അദ്ദേഹം. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. സ: പി കൃഷ്ണപിള്ളയില്‍നിന്നാണ് വര്‍ഗരാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ സ്വാംശീകരിച്ചത്. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഴീക്കോടന്‍ 1956ല്‍ ജില്ലാ സെക്രട്ടറിയായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനവൈഭവമാണ് സഖാവില്‍ പ്രകടമായത്. രാഷ്ട്രീയ ജീര്‍ണതകള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു അഴീക്കോടന്റേത്. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്.

കമ്യൂണിസ്റ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായി. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല.

സിപിഐ എം നേതാവായ അഴീക്കോടനെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ പാര്‍ടിയുടെ യശസ്സ് തകരുമെന്ന ദിവാസ്വപ്നമായിരുന്നു പാര്‍ടിശത്രുക്കളുടേത്. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍ പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ടിയുടെ രൂപീകരണഘട്ടത്തില്‍ത്തന്നെ നിരവധി ഗൂഢാലോചനക്കേസുകള്‍ പാര്‍ടി നേതാക്കള്‍ക്കെതിരെ ചുമത്തപ്പെടുകയുണ്ടായി. മീറത്ത് ഗൂഢാലോചനക്കേസ് തൊട്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഇത്തരത്തിലുള്ള ഭരണകൂട ഇടപെടലുകള്‍ നടക്കുകയുണ്ടായി. പാര്‍ടിതന്നെ ജനവിരുദ്ധമാണെന്നും കമ്യൂണിസ്റ്റുകാര്‍ ഭീകരന്മാരാണെന്നും ചിത്രീകരിച്ച് പ്രചണ്ഡമായ പ്രചാരമാണ് അരങ്ങേറിയത്. കമ്യൂണിസ്റ്റുകാരെ ഭരണകൂടവും നാടുവാഴി ഗുണ്ടകളും വേട്ടയാടി. അത്തരം ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളിലൂടെ ജനമനസ്സില്‍ ആണ്ടിറങ്ങിയതുകൊണ്ട്; ജനങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ പാര്‍ടിയെ സംരക്ഷിച്ചതുകൊണ്ടാണ് ഇത്തരമൊരു വളര്‍ച്ച ഉണ്ടായത്.
അഴിക്കോടന്‍ രാഘവന്‍ റോഡ് തൃശ്ശൂര്‍
ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും കുത്തകകളുടെയും പ്രധാന ലക്ഷ്യമാണ്. അതിനുവേണ്ടി എല്ലാ ആയുധങ്ങളും വര്‍ത്തമാനകാലത്തും പ്രയോഗിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനൊപ്പംതന്നെ ഇടത് തീവ്രവാദപരമായ സമീപനം സ്വീകരിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുക എന്ന നയവും സജീവമായി നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടത് തീവ്രവാദം ശക്തിപ്പെട്ടുവന്ന എഴുപതുകളില്‍ ഇവരെ പിന്തുണയ്ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ വ്യഗ്രത കാണിച്ചിരുന്നു. ഇതിന് കാരണം അതിന്റെ വളര്‍ച്ചയിലൂടെ വിപ്ലവപ്രസ്ഥാനത്തെ ദുര്‍ബലമാക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാടായിരുന്നു. വര്‍ത്തമാനകാലത്ത് അത്തരം ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ലെനിന്‍ സൂചിപ്പിച്ചതുപോലെ ഇടത്-വലത് വ്യതിയാനങ്ങള്‍ ഇരട്ടപെറ്റ സന്തതികളാണ്. അവ സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ തകര്‍ക്കും. വലതുപക്ഷ വ്യതിയാനം വിപ്ളവസത്തയെ ചോര്‍ത്തിക്കളയുമ്പോള്‍ ഇടത് വ്യതിയാനം ജനങ്ങളില്‍നിന്ന് പ്രസ്ഥാനത്തെ അകറ്റുന്നു. രണ്ടും ഫലത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തടയുന്നു. വ്യതിയാനങ്ങള്‍ക്കെതിരായ സമരം ഏറെ പ്രധാനമാണ്. ഇടതു തീവ്രവാദികളാണ് വലതുപക്ഷ ശക്തികളുടെ സഹായത്തോടെ അഴീക്കോടനെപ്പോലുള്ള ഉജ്വലനായ വിപ്ളവകാരിയെ കൊലപ്പെടുത്തിയത് എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. ഇടതു തീവ്രവാദം വലതുപക്ഷത്തിന്റെ കൈയിലെ ആയുധമാണ് എന്നതിന്റെ തെളിവുകൂടിയാണ് ഇത്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് പശ്ചിമബംഗാള്‍. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വലതുപക്ഷ ശക്തികള്‍ അവിടെ പരിശ്രമിക്കുകയാണ്. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ പ്രസ്ഥാനത്തിനായി. ഇപ്പോള്‍ നക്സലൈറ്റുകളുമായി ചേര്‍ന്ന് വലതുപക്ഷശക്തികള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ആക്രമിക്കുന്നു. പാര്‍ടിപ്രവര്‍ത്തകരെ വീടുകളില്‍ പോയി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നു. ഇവര്‍ക്കു വേണ്ട ഒത്താശ ചെയ്യുകയാണ് ബംഗാളിലെ വലതുപക്ഷ ശക്തികളും മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗവും. 1970കളില്‍ നടന്നതുപോലുള്ള ആക്രമണ പരമ്പരകളിലേക്കാണ് വലതുപക്ഷ ശക്തികള്‍ ഇടതു തീവ്രവാദവുമായി ചേര്‍ന്ന് ബംഗാളിനെ നയിക്കുന്നത്. ഇത്തരം കൂട്ടുകെട്ടുകളെ തുറന്നുകാട്ടുന്നതിന് കൂടുതല്‍ ജാഗ്രത്തായി ഇടപെടാനാവണം. തീവ്രവാദത്തിന്റെ ഭവിഷ്യത്തുകളെ ജനങ്ങളില്‍ വിശദീകരിക്കേണ്ടുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്.

ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ആസിയന്‍ കരാര്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിക്കുന്നതാണ്. കേരളത്തിന്റെ കാര്‍ഷികമേഖല മാത്രമല്ല, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളും തകരും. എന്നാല്‍, ആസിയന്‍ കരാറിനെതിരെ വ്യാപകമായ പ്രതിഷേധം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടും അവയൊന്നും കാണാതിരിക്കുക എന്ന സമീപനമാണ് പൊതുവില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന കാര്യം ഇന്ത്യയാകെ അംഗീകരിച്ചിട്ടുള്ളതതാണ്. അതിന് സംസ്ഥാന സര്‍ക്കാരിനുള്ള അവാര്‍ഡ് നല്‍കിയത് കേന്ദ്രമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജിയാണ്. ആ യാഥാര്‍ഥ്യം കാണാതെ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു എന്നുള്ള വലതുപക്ഷ കള്ളപ്രചാരവേലകളുടെ മെഗഫോണ്‍ ആവാനാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളും പരിശ്രമിച്ചത്. മാധ്യമങ്ങളുടെ ഇത്തരം നിലപാടുകള്‍ക്കെതിരായി പ്രകടിപ്പിച്ച ആശങ്കകള്‍ കൂടുതല്‍ ശരിയായിത്തീരുന്നു എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകളും അടുത്തദിവസങ്ങളിലായി പുറത്തുവന്നിട്ടുണ്ട്. അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്.

അയല്‍രാജ്യമായ ചൈനയുമായി ശത്രുത വളര്‍ത്താനും യുദ്ധഭീതി സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് ബോധപൂര്‍വം സംഘടിപ്പിച്ചത്. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍നിന്ന് പിന്മാറാന്‍ സൈനികമേധാവി ജനറല്‍ ദീപക് കപൂറും ദേശീയ സുരക്ഷാ ഉപദേശകന്‍ എം കെ നാരായണനുംവരെ ഇടപെടേണ്ടിവന്നിരിക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും വിദേശമന്ത്രാലയങ്ങളും ഐടിബിപിയും ഇല്ലെന്ന് പ്രഖ്യാപിച്ച വാര്‍ത്തകള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ച് ചൈനാവിരുദ്ധ പ്രചാരണം സംഘടിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. കോര്‍പറേറ്റുകളുടെ ഇത്തരം പ്രചാരണങ്ങള്‍ക്ക് അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ജനകീയ പ്രശ്നങ്ങളും സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിനാണ് മാധ്യമങ്ങള്‍ പരിശ്രമിക്കേണ്ടത്. അതിനു പകരം അജന്‍ഡകള്‍ നിര്‍മിച്ച് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിയെടുക്കാനുള്ള മാധ്യമ ഇടപെടലുകള്‍ക്കെതിരെ രാജ്യസ്നേഹികളുടെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അവകാശമുണ്ടാവണം എന്നത് ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തിനായി സിപിഐ എം നിലകൊള്ളുന്നത്. ജനതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി ജനങ്ങളുടെ ബോധമണ്ഡലത്തെ മാറ്റിയെടുക്കാനുള്ള ഇടപെടലുകളെ തുറന്നുകാട്ടുക എന്നതും ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചും കുപ്രചാരണങ്ങളെ തുറന്നുകാട്ടിയും ജനാധിപത്യസമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളാണ് വര്‍ത്തമാനകാലത്ത് അത്യന്താപേക്ഷിതമായിട്ടുള്ളത്.

അത്തരം ഇടപെടലുകള്‍ക്ക് പാവപ്പെട്ടവര്‍ക്കുവേണ്ടി എന്നും പ്രവര്‍ത്തിച്ച സ: അഴീക്കോടന്‍ രാഘവന്റെ സ്മരണകള്‍ നമുക്ക് കരുത്ത് പകരും.

പിണറായി വിജയന്‍ ദേശാഭിമാനി 23 സെപ്തംബര്‍ 2009