Wednesday, February 29, 2012

വികസനം അട്ടിമറിക്കുന്നത് രാജ്യദ്രോഹം

നമ്മുടെ നാടിന്റെ നാനാവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ വൈദ്യുതി വഹിക്കുന്ന പങ്ക് ആര്‍ക്കും അവഗണിക്കാനാകില്ല. ഈ ഊര്‍ജത്തിന്റെ ആവശ്യകതയെ ഒട്ടും കുറച്ചുകണ്ടല്ല ഇന്ത്യ- അമേരിക്ക ആണവ സഹകരണകരാറിനെ ഇടതുപക്ഷം അതിശക്തമായി എതിര്‍ത്തത്; അത് ഇന്ത്യയുടെ രാജ്യരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന് കണ്ടുകൊണ്ടാണ്. അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ചാണ് ആണവസഹകരണ കരാറില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചത്. എന്നാല്‍ , ഊര്‍ജോല്‍പ്പാദനത്തിന് അണുശക്തി ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഈ വിഷയത്തില്‍ ഇന്ത്യയുടെ അപാരമായ കഴിവുതന്നെ ആദ്യമായി ഉപയോഗപ്പെടുത്തണമെന്നാണ് അഭിപ്രായം.

കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ച് വളരെദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നു മാത്രമാണ് അണുശക്തി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം. ജലവൈദ്യുതിയെയാണ് ഇതേവരെ മുഖ്യമായും നാം ആശ്രയിച്ചത്. ജലവൈദ്യുതി ഉല്‍പ്പാദനത്തിന്റെ പരിമിതി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കല്‍ക്കരി ഉപയോഗിച്ചും കാറ്റില്‍നിന്നും സൂര്യതാപത്തില്‍നിന്നും മറ്റുമുള്ള വൈദ്യുതി ഉല്‍പ്പാദനത്തെപ്പറ്റി ഗൗരവമായ ചിന്ത ആരംഭിച്ചത്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം വ്യാപകമായി നടക്കുന്നുണ്ട്. അണുശക്തി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം നാമമാത്രമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കൂടംകുളത്ത് നിര്‍മിച്ച ആണവ വൈദ്യുതിനിലയത്തില്‍നിന്ന് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ 1000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നു പറയുന്നു. കൂടംകുളം വൈദ്യുതിനിലയത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. ആണവസഹകരണ കരാര്‍ ഒപ്പിടുന്നതിന് വാശിപിടിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍നിന്ന് പണംപറ്റുന്ന മൂന്ന് സര്‍ക്കാരിതര സന്നദ്ധ സംഘടനകളാണ് കൂടംകുളത്ത് വൈദ്യുതിനിലയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് എന്ന്. ആ സംഘടനകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇത് വളരെ ഗൗരവമുള്ള പ്രശ്നമാണ്. ഇത് ശരിയാണെങ്കില്‍ ഇന്ത്യയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വം തുരങ്കംവയ്ക്കുന്നു എന്ന് കാണേണ്ടിവരും.

അമേരിക്കന്‍ സാമ്രാജ്യത്വശക്തിയില്‍നിന്ന് പണംപറ്റി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നത് രഹസ്യമല്ല. ഇതേപ്പറ്റി മറ്റാരേക്കാളും വിവരമുള്ളത് കേന്ദ്രസര്‍ക്കാരിനുതന്നെയാണ്. എന്നിട്ടും അത് ഇതേവരെ രഹസ്യമായി സൂക്ഷിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി ഇത്തരം സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ വികസനപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുക എന്ന ഒരു നയംതന്നെ രൂപപ്പെട്ട് വന്നിട്ടുണ്ട്. സിപിഐ എമ്മിന്റെ ഡല്‍ഹിയില്‍ ചേര്‍ന്ന പതിനെട്ടാം പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച "ചില നയപരമായ പ്രശ്നങ്ങള്‍" എന്ന രേഖയില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുപകരം സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ വികസനപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നത് അപകടകരമാണെന്ന് ആ രേഖ ചൂണ്ടിക്കാണിച്ചതാണ്. വിദേശഫണ്ട് കൈപ്പറ്റി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെപ്പറ്റിയുള്ള യഥാര്‍ഥ വിവരം ജനങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇത്തരം സംഘടനകള്‍ക്ക് ലഭിക്കുന്ന വന്‍തോതിലുള്ള പണം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്ന കാര്യത്തില്‍ ശരിയായ പരിശോധനപോലും നടക്കുന്നില്ല. രാജ്യദ്രോഹശക്തികള്‍ക്ക് ഇത്തരം സംഘടനകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന നിലയുണ്ട്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി സൂചിപ്പിച്ച മൂന്ന് സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയും സമാനമായ മറ്റ് സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി ശരിയായ വിധത്തിലുള്ള അന്വേഷണം അത്യാവശ്യമായി മാറിയിരിക്കുന്നു. അമേരിക്കയില്‍നിന്ന് പണംപറ്റുന്ന സന്നദ്ധ സംഘടനകള്‍ കൂടംകുളംപദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്, അമേരിക്കയുമായി ആണവ സഹകരണ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധംപിടിച്ച മന്‍മോഹന്‍സിങ്ങുതന്നെ പറയുന്നത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ജനങ്ങള്‍ കാണേണ്ടതുണ്ട്. കൂടംകുളംപദ്ധതിക്ക് റഷ്യയില്‍നിന്നാണ് സാങ്കേതിക സഹായം ലഭിക്കുന്നത്. അതുകൊണ്ടാണ് അമേരിക്കയില്‍നിന്ന് പണവും പ്രോത്സാഹനവും സ്വീകരിച്ച് കൂടംകൂളത്തിനെതിരെ പ്രവര്‍ത്തനം നടക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.

പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ സത്യാവസ്ഥ ഒട്ടും വൈകാതെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതേപ്പറ്റി ശരിയായ അന്വേഷണം ഉടനടി ആരംഭിക്കുകതന്നെ വേണം, ഇന്ത്യയിലെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുകതന്നെ വേണം. പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അമേരിക്കയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ പ്രധാനമന്ത്രിതന്നെ മുന്‍കൈ എടുക്കണം. 1957ല്‍ ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണം നല്‍കിയത് അമേരിക്കയാണെന്ന് ഓര്‍ക്കുകയും വേണം.

deshabhimani editorial 290212

മുഖ്യമന്ത്രിയുടെ വാദം കേരളത്തിനു ദോഷം

നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തിനു ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി കെ എം മാണിയുടെയും അവകാശവാദം കേരളതാല്‍പ്പര്യം ഹനിക്കുന്നതാണെന്ന് പരക്കെ ആശങ്ക. ഏതു വിഷയത്തിലും സുപ്രീംകോടതി അവസാന വാക്ക് പറഞ്ഞാല്‍ അത് നിയമമാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സംയോജനപദ്ധതി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അതിനുമേലെ മുഖ്യമന്ത്രിയുടെയോ നിയമമന്ത്രിയുടെയോ വാക്ക് വിലപ്പോകില്ല. കേസ് തീര്‍പ്പാകുംമുമ്പ് സുപ്രീംകോടതിയില്‍ ഉന്നയിക്കേണ്ട വാദം മാത്രമായി ഇത് ഒതുങ്ങിനില്‍ക്കുകയേയുള്ളൂ. പമ്പയും അച്ചന്‍കോവിലും സംസ്ഥാനത്തിന്റെ തനത് നദികളാണെന്നും അതുകൊണ്ട് കേരളത്തിന് വിധി ബാധകമല്ല എന്നുമുള്ള നിലപാട് സുപ്രീംകോടതിവിധി വരുന്ന നിമിഷംവരെയേ നിലനില്‍ക്കൂ.

സുപ്രീംകോടതിയാകട്ടെ, സംസ്ഥാനത്തിന്റെ തനത്നദികളുടെയും സംസ്ഥാനാന്തര നദികളുടെയും പ്രശ്നങ്ങളെല്ലാം സമഗ്രമായി പരിശോധിച്ചാണ് വിധി പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതി മുമ്പാകെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി വിധിക്ക് ആധാരം. മുഖ്യമന്ത്രിയുടെ വാദം വിലപ്പോകുന്നതായിരുന്നെങ്കില്‍ കേരളത്തിന്റെ നദികള്‍ക്കുമേലെ തമിഴ്നാട് അവകാശവാദമുന്നയിക്കുന്ന ഘട്ടത്തില്‍ത്തന്നെ ഹൈക്കോടതിയും സുപ്രീംകോടതിയും തങ്ങള്‍ക്ക് പരിഗണിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നു പറഞ്ഞു തള്ളുമായിരുന്നു.

പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ഉള്‍പ്പെടെയുള്ള 30 നദീസംയോജന പദ്ധതികളില്‍ എട്ടെണ്ണം സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാവുന്നതാണ് എന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകൂടി സുപ്രീംകോടതി പരിഗണിച്ചിരുന്നു. സംസ്ഥാനത്ത് മാത്രമായി ഒഴുകുന്ന നദിയെന്നും പല സംസ്ഥാനങ്ങളിലായി ഒഴുകുന്ന നദിയെന്നുമുള്ള വേര്‍തിരിവ് പരിഗണിച്ചശേഷമാണ് അതിനുപ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല എന്ന നിലയ്ക്കുള്ള വിധി. സുപ്രീംകോടതിയുടെ അന്തിമവിധി രാജ്യത്തെ നിയമമാണ് എന്നിരിക്കെ അതു ബാധകമല്ലെന്ന വാദത്തിനുപിന്നില്‍ യുഡിഎഫ് സര്‍ക്കാരിന് എത്രനാള്‍ ഒളിച്ചിരിക്കാന്‍ പറ്റും എന്നത് കാതലായ പ്രശ്നമാണ്. സുപ്രീംകോടതിയിലെ കേസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയായിരുന്നുവെങ്കില്‍ , സംസ്ഥാനം എന്തിന് ഈ കേസില്‍ ഇത്രകാലം അഭിഭാഷകനെ വച്ചു വാദിച്ചു എന്നചോദ്യം ബാക്കിയാവുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വേയെപ്പോലുള്ളവരാണ് ഹാജരായത്. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ മാത്രം അയച്ചു. പുതുതായി നിയമിതനായതിനാല്‍ ഇയാള്‍ക്ക് കേസ് പഠിക്കാന്‍പോലും സാവകാശം കിട്ടിയിരുന്നില്ല. ഇതാണ് സംസ്ഥാനത്തിന് ആഘാതമാകുന്ന വിധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംകൊണ്ടുണ്ടായ ഗുരുതരമായ വീഴ്ചയാണിത്. അത് തിരിച്ചടിയല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള വാദമായി മാത്രമേ നിയമവൃത്തങ്ങള്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കാണുന്നുള്ളൂ.

അപ്പര്‍ കുട്ടനാട്, കുട്ടനാട്, മധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളിലാകെ പച്ചപ്പു നിലനില്‍ക്കുന്നത് പമ്പ-അച്ചന്‍കോവില്‍ നദികള്‍ ശോഷിച്ച നിലയിലെങ്കിലും ഒഴുകുന്നതുകൊണ്ടാണ്. മുകള്‍ത്തട്ടില്‍വച്ചുതന്നെ ഈ നദികളിലെ ജലം തിരിച്ചുവിട്ടാല്‍ മധ്യതിരുവിതാംകൂറിലെ അഞ്ചുജില്ലകള്‍ മരുഭൂമിയാകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുമാത്രമാണ് ഈ വിപല്‍ക്കരമായ അവസ്ഥയുണ്ടായത്. ഈ മാനക്കേട് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നതടക്കമുള്ള സാധ്യതകളെ ഇല്ലാതാക്കും.

നദീ സംയോജന പദ്ധതി: സര്‍ക്കാര്‍ അലംഭാവം കാട്ടി- വി എസ്

മധ്യകേരളത്തെ ഊഷരമാക്കുന്ന നദീസംയോജന പദ്ധതിയിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ ബാധിക്കുന്ന പമ്പ-അച്ചന്‍കോവില്‍ ബൈപാസ് പദ്ധതിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കണം. മുല്ലപ്പെരിയാര്‍ വിഷയത്തിലെന്ന പോലെ കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ നടപടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാടിന്റെ താല്‍പര്യം സംരംക്ഷിക്കുന്ന പമ്പ-അച്ചന്‍കോവില്‍ ബൈപാസ് പദ്ധതി കേരളത്തിന് ദോഷമല്ലെന്ന കെ എം മാണിയുടെ പ്രസ്താവന ജനരോഷം ഭയന്നാണ്. നാടിനെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചിട്ടല്ല മാണി അഭിപ്രായം പറഞ്ഞത്. മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കുറ്റകരമായ അലംഭാവം കാട്ടി. പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെക്കൊണ്ട് വാദിച്ചപ്പോള്‍ യുഡിഎഫ് പുതിയ അഭിഭാഷകരെയാണ് കേരളത്തിനുവേണ്ടി ചുമതലപ്പെടുത്തിയത്.

കേരളത്തിന്റെ വാദം തോറ്റുകൊടുക്കുന്നതിന് കരാറെടുത്തപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പെരുമാറുന്നത്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ നദികള്‍ യോജിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുയര്‍ത്തിയിരുന്നു. മൂന്നു തവണ ചേര്‍ന്ന ഉന്നതതല യോഗത്തിലും മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തിരുന്നു. സുപ്രീം കോടതിയില്‍ ഹാജരായപ്പോഴും ഇപ്പോഴത്തെ ജലവിഭവ മന്ത്രി പി ജെ ജോസഫ് കേരളത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് കേരളത്തെ വഞ്ചിച്ചപോലെ ഇക്കാര്യത്തിലും തമിഴ്നാടിന് അനുകൂലമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.

നദീസംയോജനം മുന്നില്‍ക്കണ്ട് തമിഴ്നാട് 100 കോടി ചെലവില്‍ പുതിയ അണക്കെട്ടുണ്ടാക്കി. കനാല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിലൂടെ സാധിച്ചിരിക്കുന്നത്. നദികള്‍ യോജിപ്പിക്കുന്നതിനോട് സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവുള്ള കാര്യം യുഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വ്വം മറച്ചുവെക്കുകയാണ്. ഈ നീക്കത്തെ കേരള ജനത ഒന്നടങ്കം എതിര്‍ക്കണം. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിക്കെതിരെ നാടിന്റെ നിലനില്‍പ്പും ഐശ്വര്യവും ആഗ്രഹിക്കുന്ന എല്ലാവരും മുന്നോട്ടുവരണമെന്നും വി എസ് അഭ്യര്‍ഥിച്ചു.

deshabhimani 010312

പണിക്കര്‍ മാന്യനായ സമുദായ നേതാവ് പിണറായി

മാന്യവും സൗമ്യവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി കെ നാരായണപ്പണിക്കരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തില്‍ വീഴ്ച്ച വരുത്താതെയുള്ള സാമുദായിക പ്രവര്‍ത്തനശൈലിയാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നത്. മതനിരപേക്ഷമായ അന്തരീക്ഷത്തിന് പോറലുണ്ടാവാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചു.

സംഘപരിവാര്‍ ശക്തികള്‍ എന്‍എസ്എസിനെ ഉപസംഘടനയാക്കി മാറ്റാനും അതിന്റെ സ്ഥാപനങ്ങളെ അധീനത്തിലാക്കാനും ശ്രമിച്ച നിര്‍ണ്ണായക ഘട്ടത്തില്‍ അതിനെതിരെ എന്‍എസ്എസിന്റെ വ്യക്തിത്വം സംരക്ഷിച്ചുറപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വം കൊണ്ട് സാധിച്ചു.

എന്‍എസ്എസ് സ്ഥാപനങ്ങളെ വൈവിധ്യവല്‍ക്കരണത്തിലൂടെ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും നയിച്ചു അദ്ദേഹത്തിന്റെ നേതൃത്വം. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണ് നാരായണപ്പണിക്കരുടെ വിയോഗംമൂലമുണ്ടായതെന്നും പിണറായി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.

പണിക്കരുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

കോട്ടയം: എന്‍എസ്എസ് നേതാവ് നാരായണപണിക്കരുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ സ്മരിച്ചു. പൊതുരംഗത്തു നിന്ന നേതാക്കളില്‍ വ്യത്യസ്തനായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുസ്മരിച്ചു. മാന്യതയുടെ ആള്‍രൂപമായിരുന്ന അദ്ദേഹം ആര്‍ക്കും അനുകൂലിക്കാവുന്ന മാതൃകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തിന്റെ നേതാവായിരുന്നു നാരായണപണിക്കരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ടോളം എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി സേവസമനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ മികച്ച പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

നാരായണപണിക്കര്‍ ലളിതമായ ജീവിതശൈലിക്കുടമയായിരുന്നുവെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മിച്ചു. സൗമ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. സമദൂരം കൊണ്ട് എന്‍എസ്എസ് നിലപാടിന് വ്യക്തത നല്‍കിയ നേതാവായിരുന്നു. പ്രത്യേകതയാര്‍ന്ന പ്രവര്‍ത്തനശൈലിക്കുടമയായിരുന്നു അദ്ദേഹമെന്നും കോടിയേരി അനുസ്മരിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കുഞ്ഞാലിക്കുട്ടി, കെ എം മാണി,മുന്‍മന്ത്രിമാരായ മാത്യു ടി തോമസ്,എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി വിവിധസംഘടനാനേതാക്കള്‍ പണിക്കരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

deshabhimani 290212

കപ്പല്‍ കൊലയും ഇറ്റാലിയന്‍ ചായ്‌വും

ഇറ്റലിയുടെ എണ്ണക്കപ്പല്‍ എന്‍റിക്ക ലക്സിയും രണ്ടു മത്സ്യത്തൊഴിലാളികളുടെ മരണവും അന്തര്‍ദേശീയതലത്തില്‍ വാര്‍ത്തയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ലക്ഷ്യങ്ങളും മുന്‍ഗണനകളും വ്യക്തമായിരിക്കണം. 1. ഇറ്റലിയുമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങളില്‍ പോറല്‍ ഏല്‍ക്കാതെ സൂക്ഷിക്കുക. 2. ദാരുണമായി കൊലചെയ്യപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ബോട്ടിനും പരമാവധി സാമ്പത്തിക സഹായം നല്‍കുക. 3. ഒരു ഇന്ത്യന്‍ പൗരനെ തൊട്ടുകളിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന സന്ദേശം ലോകത്തിന് നല്‍കുക. സംഭവം മാധ്യമങ്ങള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രത്യേകതകൊണ്ട് ഇന്ത്യക്ക് എതിരായും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായും ഇറ്റലിയില്‍ രോഷം ആളിക്കത്തിക്കാന്‍ നോക്കുന്നുണ്ട്. അപകടം സംഭവിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ സംഭവത്തില്‍ എന്‍റിക്ക ലക്സിയുടെ പങ്ക് തെളിയണം. ഇക്കാര്യം ഇപ്പോഴും തര്‍ക്കവിഷയമാക്കിയിരിക്കുകയാണ് ഇറ്റലി.

ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് സംഭവം മറ്റൊരു വിധത്തിലാണ് നടന്നത്. കപ്പല്‍ ആക്രമിക്കാന്‍ വന്ന കടല്‍ക്കൊള്ളക്കാരെ ഭയപ്പെടുത്തി ഓടിക്കുകമാത്രമാണ് എന്‍റിക്ക ലക്സിയിലെ നാവികര്‍ ചെയ്തത്. അതിന് അവരെ അഭിനന്ദിക്കുകയും വീരചക്രം കൊടുക്കണമെന്നുമാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. "ഇന്ത്യന്‍ മത്സ്യബന്ധനബോട്ട് സെന്റ് ആന്റണിക്കുനേരെ വെടിവച്ചത് കടല്‍ക്കൊള്ളക്കാരാണ്. പക്ഷേ, കടല്‍ക്കൊള്ളക്കാര്‍ സഞ്ചരിച്ചിരുന്നു എന്നു പറയുന്ന ബോട്ട് പിടിക്കപ്പെടാതെ രക്ഷപ്പെട്ടു"- ഇറ്റാലിയുടെ ഈ ഭാഷ്യത്തില്‍ വളരെയധികം ദുരൂഹതകള്‍ അടങ്ങിയിരിക്കുന്നു. കപ്പലിനെ ആക്രമിച്ച കടല്‍ക്കൊള്ളക്കാര്‍ സഞ്ചരിച്ച ബോട്ടിന്റെ വിവരണം പൊലീസിന് കൈമാറാന്‍ അവര്‍ തയ്യാറാകണം. അവര്‍ അതിനു തയ്യാറല്ല. സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിനെ അവര്‍ കാണുകയോ, ബന്ധപ്പെടുകയോ ചെയ്തോ എന്നും വ്യക്തമാക്കണം. എന്തുകൊണ്ട് അവര്‍ നിയമപ്രകാരം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെയോ നേവിയെയോ അറിയിച്ചില്ല. ഇവിടെയാണ് കേസ് ദുര്‍ബലമാക്കുന്ന കേരള പൊലീസ് എഫ്ഐആര്‍ . മത്സ്യബന്ധനബോട്ടില്‍ ദൃക്സാക്ഷികള്‍ ആയി ആരും ഉണ്ടായിരുന്നില്ല എന്നാണ് നമ്മുടെ എഫ്ഐആറിന്റെ പോരായ്മ. മുകള്‍ത്തട്ടില്‍ ഉണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ താഴെ വിശ്രമിക്കുകയായിരുന്നു. മുകളില്‍ എത്തിയപ്പോള്‍ കാണുന്നത് എന്‍റിക്ക ലക്സിയെന്ന എണ്ണക്കപ്പലിനെയാണ്. മത്സ്യത്താഴിലാളികള്‍ക്ക് എന്‍റിക്ക ലക്സിയുടെ പേര് വായിക്കാന്‍ കഴിഞ്ഞോ? ആ പേര് പൊലീസിന് നല്‍കിയോ എന്നും വ്യക്തമല്ല. മുംബൈയിലെ മാരി ടൈം റെസ്ക്യു കോ- ഓഡിനേഷന്‍ സെന്ററിലെ റഡാര്‍ ചിത്രങ്ങളില്‍നിന്നാണ് ആ സ്ഥലത്ത് അപ്പോള്‍ ഉണ്ടായിരുന്ന എന്‍റിക്ക ലക്സിയെ തിരിച്ചറിഞ്ഞത് എന്നും വാര്‍ത്ത കണ്ടു. ഇത് ശരിയാണെങ്കില്‍ കുറ്റം തെളിയിക്കുന്നതുവരെ ഇറ്റാലിയന്‍ കപ്പലിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാനുള്ള നിയമസാഹചര്യം കേരള പൊലീസ് ഒരുക്കിയിരിക്കുകയാണ്.

കപ്പലിലെ ക്യാപ്റ്റന്റെ ലക്ഷ്യവും മുന്‍ഗണനയും പാളിയിരിക്കുകയാണ്. ഒരു സംഭവം നടന്നാല്‍ കപ്പല്‍ കമ്പനിയുടെ നഷ്ടം പരമാവധി കുറയ്ക്കുകയും നഷ്ടം സംഭവിച്ചവര്‍ക്ക് പരമാവധി സഹായം നല്‍കുകയും അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുകയാണ് കപ്പിത്താന്റെ ഉത്തരവാദിത്തം. ഇതിനായി കപ്പിത്താന് ഒരു ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കപ്പിത്താന്മാര്‍ക്ക് അംബാസഡര്‍മാരുടെ പദവി ഉണ്ടായിരുന്നു. എന്നാല്‍ , എന്‍റിക്ക ലക്സിയുടെ ക്യാപ്റ്റന്‍ ഉംബര്‍ട്ടോ ലെറ്റോലിനോ വിറ്റലി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിക്കുകയോ, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയോ ചെയ്തതായി കാണുന്നില്ല. കുറ്റവാളികള്‍ എന്ന് സംശയിക്കപ്പെടുന്ന സൈനികരെയും തോക്കുകളും പൊലീസ് ആവശ്യപ്പെടുന്ന മറ്റു രേഖകളും കോടതി ആവശ്യപ്പെടുന്ന തുകയും നല്‍കി 16-ാം തീയതിതന്നെ കപ്പലിന് പുറപ്പെടാമായിരുന്നു. പൊലീസും നയതന്ത്ര ഉദ്യോഗസ്ഥരും ബാക്കി കാര്യങ്ങള്‍ നോക്കി കൈകാര്യം ചെയ്യുമായിരുന്നു. ഇതിനു പകരം വൈകാരികമായി പ്രതികരിക്കുകയായിരുന്നു ക്യാപ്റ്റന്‍ ചെയ്തത്. തന്റെ അധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാന്‍ ഭയപ്പെട്ടു. കമ്പനിക്കും ഇറ്റാലിയന്‍ പൊലീസിനും ഇറ്റാലിയന്‍ നേവിക്കും ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും തലവേദനയായിത്തീരുകയാണ് ക്യാപ്റ്റന്‍ ചെയ്തത്. കപ്പല്‍ കമ്പനിക്ക് ദിവസവാടകയിനത്തില്‍ കോടികള്‍ നഷ്ടമായി. മറ്റ് ഒഴിവാക്കാവുന്ന ചെലവുകള്‍ വേറെയും. എന്‍റിക്ക ലക്സിയും മത്സ്യത്തൊഴിലാളികളുടെ മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ നിരത്തുന്നതില്‍ കേരള പൊലീസ് ഉദാസീനമായാണ് പ്രവര്‍ത്തിച്ചത്. 27ന് വന്ന മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ള ഏഴു തോക്ക് കസ്റ്റഡിയില്‍ എടുത്തു എന്നു കാണുന്നു. വേറെയും തോക്കുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. അവയില്‍നിന്നാണ് വെടി പോയതെങ്കില്‍ കേസ് തെളിയിക്കാന്‍ കഴിയുകയില്ല. എല്ലാ തോക്കും കസ്റ്റഡിയില്‍ എടുക്കണമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ചെയ്യേണ്ടത് കപ്പല്‍ എത്തിയാല്‍ മിനിറ്റിനകം താഴെ പറയുന്ന രേഖകളോ ക്യാപ്റ്റന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ കസ്റ്റഡിയില്‍ എടുക്കാമായിരുന്നു.

1. ലോഗ് ബുക്കിന്റെ പകര്‍പ്പ്, 2. എക്കോ സൗണ്ടര്‍ പ്രിന്റ് ഔട്ട്, 3. റഡാര്‍ റെക്കോഡുകള്‍ , 4. ഷിപ്പ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ , 5. എമര്‍ജന്‍സി പ്രൊസീജിയര്‍ , 6. നേവല്‍ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ , 7. നേവല്‍ ഡ്യൂട്ടി റോസ്റ്റര്‍ , 8. ആര്‍മി രജിസ്റ്റര്‍ (തോക്കുകളുടെ രജിസ്റ്റര്‍ , തിരകളുടെ എണ്ണം, ഉപയോഗിച്ച തിരകളുടെ എണ്ണം, ഒഴിഞ്ഞ തിരകളുടെ കണക്ക്), 9. ലുക്കൗട്ട് റിപ്പോര്‍ട്ട,് 10. ഡ്യൂട്ടി ഓഫീസറുടെ റിപ്പോര്‍ട്ട്.

1971ല്‍ ഇന്ത്യന്‍ നേവിയിലെ ഐഎന്‍എസ് അതുല്‍ എന്ന കപ്പലിലെ ഓഫീസറെന്ന നിലയില്‍ , ആന്തമാനില്‍ നമ്മുടെ തീരം ആക്രമിച്ചു കടന്ന രണ്ട് ഉത്തര കൊറിയന്‍ കപ്പലുകളെ അറസ്റ്റ് ചെയ്ത് പൊലീസിനു കൈമാറാന്‍ കഴിഞ്ഞു. കപ്പലില്‍ കയറി നിമിഷങ്ങള്‍കൊണ്ട് രേഖകള്‍ കൈവശപ്പെടുത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തതിനാല്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിനുപോലും പരാതിയില്ലാതെ കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ കഴിഞ്ഞു. 1980ല്‍ ശാന്താഷിബാനി എന്ന ഇന്ത്യന്‍ ചരക്കുകപ്പലിലെ ചീഫ് ഓഫീസര്‍ ബന്ദര്‍ ഖൊമേനി ഇറാനിയന്‍ പോര്‍ട്ടില്‍വച്ചു കൊല്ലപ്പെട്ടപ്പോള്‍ പെട്ടെന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ കെ എ പിള്ള (ലേഖകന്‍ ഇന്ത്യന്‍ നേവിയില്‍ കോര്‍ട്ട് മാര്‍ഷല്‍ ഓഫീസറായും ക്യാപ്റ്റന്മാര്‍ക്ക് പരിശീലനം നല്‍കുന്ന യുനെസ്കോയുടെ ട്രെയ്ന്‍മാന്‍ പ്രോജക്ടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)

deshabhimani 290212

Historic National Strike 2012 February 28 - ചരിത്രവിജയം

AgarthalaAndrha Pradesh

Baligange


BengalPunjabTea Garden


Tamilnadu

Chennai


Madurai


Masi Junction


North Chennai

പിറവം: വോട്ടര്‍മാര്‍ 1.83 ലക്ഷം

പിറവം മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 1.83 ലക്ഷമെന്ന് പ്രാഥമിക വിലയിരുത്തല്‍ . ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പു കമീഷന്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1,78,869 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 25ന് ഹിയറിങ് പൂര്‍ത്തീകരിച്ചപ്പോള്‍ 4230 വോട്ടര്‍മാര്‍കൂടി പട്ടികയില്‍ ഇടം കണ്ടെത്തി. ഇവരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. 8426 അപേക്ഷകരില്‍ 4857 പേര്‍ മാത്രമാണ് നേരിട്ടുള്ള ഹിയറിങ്ങിന് എത്തിയത്. ഇതില്‍ 122 എണ്ണം പ്രാഥമിക ഹിയറിങ്ങില്‍ തന്നെ തള്ളി. 400ലേറെ അപേക്ഷകര്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് ഇവരെയും ഒഴിവാക്കി. വിശദമായ പരിശോധനയില്‍ അനര്‍ഹരെന്നു കണ്ടെത്തിയെ 102 പേരെ അവസാനഘട്ടത്തിലും ഒഴിവാക്കി.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് മൊത്തം 1,75,995 വോട്ടര്‍മാരായിരുന്നു. 87,326 പുരുഷന്മാരും 88,669 സ്ത്രീകളും. ശേഷം 434 പേര്‍കൂടി പട്ടികയില്‍ പേരുചേര്‍ത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിച്ച കരട്പട്ടികയില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 1,76,429 ആയിരുന്നു. ഇതില്‍നിന്ന് സ്ഥലത്തില്ലാത്തതും മരണപ്പെട്ടതുമായ 4948 പേരുകള്‍ നീക്കുകയും 2648 പേരെ ചേര്‍ക്കുകയുംചെയ്തു. അതോടെ 2012 ജനുവരി ഒന്നിനെ ആധാരമാക്കി ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ സമ്മതിദായകരുടെ എണ്ണം 1,78,869 ആകുകയായിരുന്നു. ഇതിലേക്കാണ് വീണ്ടും കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുന്നത്

deshabhimani 290212

പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു

നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി വീട്ടില്‍ പകല്‍ 2.10നാണ് അന്ത്യം. 82 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായി വാഴപ്പള്ളിച്ചിറയിലെ ലക്ഷ്മി ബംഗ്ലാവില്‍ കഴിയുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ .

പണിക്കര്‍ 28 വര്‍ഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് 2011ല്‍ പ്രസിഡന്റായത്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1983 ഡിസംബര്‍ 31നാണ് ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. 1977 ല്‍ ട്രഷററായി. ഒന്‍പതുവര്‍ഷം തുടര്‍ന്നു. എന്‍ഡിപി എന്ന രാഷ്ട്രീയപാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ചങ്ങനാശേരിയിലും ട്രാവന്‍കൂര്‍ ഹൈക്കോടതിയിലും തിരക്കേറിയ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലായിരുന്നു സമുദായ നേതൃത്വത്തിലേക്കുള്ള രംഗപ്രവേശം. ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

കേരള സര്‍വകലാശാലാ സെനറ്റംഗം, എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം, ചങ്ങനാശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, ക്ലെമിസ്സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ശ്രേഷ്ഠപുരുഷ അവാര്‍ഡ് 2009, ഗുഡ്ഷെപ്പേര്‍ഡ് അവാര്‍ഡ് 2010 എന്നിവയ്ക്കും അര്‍ഹനായി. 1930 ആഗസ്ത് 15ന് ചിങ്ങമാസത്തിലെ ചിത്തിരനക്ഷത്രത്തിലായിരുന്നു ജനനം. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കള്‍ : പി എന്‍ സതീഷ് കുമാര്‍(ഐഡിബിഐ ജി എം, മുബൈ), ഡോ. പി എന്‍ ജഗദീഷ്(കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രി), പി എന്‍ രഞ്ജിത് കുമാര്‍(ടാറ്റാ ടി മാനേജര്‍). മരുമക്കള്‍ : ദേവകി, ഡോ. സീതാലക്ഷ്മി, ഡോ. പ്രിയ. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കാവപ്പാലം കണ്ണാടി അമ്പാട്ടുമഠം എ എന്‍ വേലുപ്പിള്ളയുടെയും വാഴപ്പിള്ളി പിച്ചാമത്തില്‍ (ലക്ഷ്മിവിലാസം) ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് നാരായണപ്പണിക്കര്‍ .

deshabhimani news

പൊലീസ് ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്

ദേശീയപണിമുടക്കിന്റെ ഭാഗമായി എരിമയൂരില്‍ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്. ഡിവൈഎഫ്ഐ എരിമയൂര്‍ വില്ലേജ്പ്രസിഡന്റ് കെ കൃഷ്ണദാസിനാണ് പരിക്കേറ്റത്. കൃഷ്ണദാസിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരിമയൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം പെട്രോള്‍പമ്പിന് സമീപത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പൊലീസ് ആക്രമിച്ചത്. പ്രകടനം നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ എസ്ഐ പി എം ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രകടനത്തില്‍ പങ്കെടുത്തവരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്സമീപത്തെ പെട്രോള്‍പമ്പില്‍ കയറി നിന്ന പ്രവര്‍ത്തകരെയും പൊലീസ് പിന്തുടര്‍ന്ന് അടിച്ചു. സമാധാനപരമായി പ്രകടനം നടക്കവെഒരു പ്രകോപനവുമില്ലായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കെ കൃഷ്ണദാസ് സംഭവസ്ഥലത്ത് ബോധരഹിതനായി വീണിട്ടും പൊലീസ് മര്‍ദിച്ചു. ദേശീയ പണിമുടക്കിന്റെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ബോധപൂര്‍വം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രികളിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും എസ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവാക്കുകള്‍ പറഞ്ഞ് പ്രകോപനമുണ്ടാക്കി. ഇതോടെ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് ആലത്തൂര്‍ ഏരിയയിലെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നേതാക്കളും സംഭവസ്ഥലത്തെത്തി. പ്രകടനക്കാര്‍ പൊലീസിനെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വാദം. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ആലത്തൂര്‍ ഡിവൈഎസ്പി സി കെ ശങ്കരനാരായണന്‍ , സിഐ എല്‍ സന്തോഷ്കുമാര്‍ എന്നിവര്‍ സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി പ്രസേനന്‍ , എരിമയൂര്‍ ലോക്കല്‍സെക്രട്ടറി എ ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക്സെക്രട്ടറി സി ജി ഉണ്ണിക്കൃഷ്ണന്‍ എന്നിവരുമായി സംസാരിക്കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഡിവൈഎസ്പിയുടെ ഓഫീസില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് എരിമയൂര്‍ ദേശീയപാതയില്‍ നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത്.

deshabhimani 290212

മെഡിക്കല്‍ പ്രവേശനപരീക്ഷ ഓശാന ഞായറാഴ്ച

ക്രൈസ്തവര്‍ വിശ്വാസപൂര്‍വം ആചരിക്കുന്ന ഓശാന ഞായറാഴ്ച അഖിലേന്ത്യാ മെഡിക്കല്‍ - ഡെന്റല്‍ പ്രവേശനപരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസബോര്‍ഡാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള പ്രാഥമികപരീക്ഷ ഓശാന ഞായറായ ഏപ്രില്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്നത്. അന്തിമപരീക്ഷ മെയ് 13നാണ്.

പെസഹ ആചരണവും ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവുമടക്കമുള്ള അനുസ്മരണങ്ങള്‍ നടക്കുന്ന "വിശുദ്ധവാരം" തുടങ്ങുന്നത് ഓശാന ഞായര്‍ മുതലാണ്. ക്രിസ്തുവിന്റെ ജറുസലേം നഗരപ്രവേശനത്തെ അനുസ്മരിച്ചുള്ള കുരുത്തോല പ്രദക്ഷിണവും ഓശാനദിവസമാണ് നടത്തുക. പ്രധാനപ്പെട്ട പരീക്ഷകള്‍ക്ക് തീയതി നിശ്ചയിക്കുമ്പോള്‍ ഏതെങ്കിലും വിഭാഗം വിശ്വാസികള്‍ക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുമോയെന്നത് സിബിഎസ്ഇ പരിഗണിക്കാത്തതാണ് പ്രശ്നമായത്. നേരത്തെ ഈസ്റ്റര്‍ ദിനത്തിലും മറ്റും സുപ്രധാന പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെടുത്ത തീരുമാനം പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും എഴുതേണ്ട പ്രാഥമികപരീക്ഷയ്ക്ക് മൂന്നുമണിക്കൂറാണ് ദൈര്‍ഘ്യം. ഓശാനദിവസം മെഡിക്കല്‍ പ്രവേശനപരീക്ഷ നിശ്ചയിച്ച തീരുമാനം തിരുത്തണമെന്ന് വിവിധ സംഘടനകളും മറ്റും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

deshabhimani 290212

ഇഖ്റയില്‍ നേഴ്സുമാര്‍ സമരത്തില്‍


കോഴിക്കോട്: ശമ്പളം വര്‍ധിപ്പിച്ച് നല്‍കുക, ജോലി സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് ഇഖ്റ ഹോസ്പിറ്റലില്‍ നേഴ്സുമാരുടെ സമരം തുടങ്ങി. സ്റ്റാഫ് നേഴ്സുമാര്‍ക്ക് കുറഞ്ഞ വേതനം 9500 രൂപയാക്കി ഉയര്‍ത്തണമെന്നാണ് നേഴ്സുമാരുടെ പ്രധാന ആവശ്യം. 2009ല്‍ മിനിമം വേതനം നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നുവര്‍ഷമാകാറായിട്ടും ആശുപത്രി മാനേജ്മെന്റ് നിര്‍ദേശം നടപ്പാക്കിയില്ല. നിലവില്‍ 5750 രൂപയാണ് സ്റ്റാഫ് നേഴ്സിന് നല്‍കുന്നത്. നേഴ്സിങ് അസിസ്റ്റന്റുമാര്‍ക്ക് 2000-2500 രൂപയും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുകാട്ടി 45 ദിവസം മുമ്പ് ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സിങ് അസോസിയേഷന്‍ ഇഖ്റ യൂണിറ്റ്, മാനേജ്മെന്റിന് നോട്ടീസ് നല്‍കി. ഇതുസംബന്ധിച്ച് പഠിക്കാന്‍ മൂന്നുമാസം സമയം വേണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ സമരം ആരംഭിച്ചത്. സമരക്കാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.തുടര്‍ന്ന് കലക്ടറുമായി വൈകിട്ട് നേഴ്സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.

രോഗികളെ ബുദ്ധിമുട്ടിക്കാതെയാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഡയാലിസിസ്, ഓപ്പറേഷന്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ പതിവുപോലെ നേഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ചര്‍ച്ചയില്‍ കുറഞ്ഞവേതനം 8700 രൂപയാക്കി വിട്ടുവീഴ്ചക്ക് ജീവനക്കാര്‍ തയ്യാറായെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സി അന്‍വര്‍ , ജെഡിടി ട്രസ്റ്റ് പ്രസിഡന്റ് കെ എം കുഞ്ഞുമുഹമ്മദ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരളി എന്നിവര്‍ മാനേജ്മെന്റ് ഭാഗത്തുനിന്നും നേഴ്സിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം പി സന്തോഷ്, യൂണിറ്റ് സെക്രട്ടറി അമര്‍ജിത്ത്, പ്രസിഡന്റ് ദിലിപ് പുളിവേലില്‍ എന്നിവര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. കലക്ടര്‍ പി ബി സലീമുമായി യൂണിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

ആശുപത്രിക്ക് മുന്നില്‍ ആരംഭിച്ച സമരം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ നഴ്സുമാര്‍ക്ക് മിനിമം വേതനവ്യവസ്ഥയില്‍ ഉപരിയായ ആനുകൂല്യങ്ങള്‍ ഫിബ്രവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതില്‍ അപാകതയുണ്ടെങ്കില്‍ ഡേക്ടര്‍മാരും തൊഴിലാളി പ്രതിനിധികളും ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് വിടാമെന്നും ഇഖ്റ ആശുപത്രി മാനേജ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. കമ്മിറ്റി സമാന ആശുപത്രികളിലെ വേതനഘടന പരിശോധിച്ച് സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ശമ്പളവര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട്ടെ രണ്ട് പ്രമുഖ സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്മെന്റുകള്‍ക്ക് നേഴ്സിങ് ജീവനക്കാരുടെ യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേഴ്സുമാരുടെ സമരം: ഐക്യദാര്‍ഢ്യ റാലി ഇന്ന്

സ്വകാര്യ നേഴ്സിങ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ഗവ. സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) നേതൃത്വത്തില്‍ ബുധനാഴ്ച നഗരത്തില്‍ റാലി നടത്തും. വൈകിട്ട് 4.30ന് മുതലക്കുളത്തുനിന്നാരംഭിക്കുന്ന റാലി സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.

deshabhimani 290212

ഒഎന്‍ജിസിയുടെ അഞ്ചുശതമാനം ഓഹരികൂടി വില്‍ക്കുന്നു

പൊതുമേഖലാ എണ്ണകമ്പനിയായ ഒഎന്‍ജിസിയുടെ അഞ്ചുശതമാനം ഓഹരികള്‍ കൂടി വില്‍ക്കാന്‍ പ്രത്യേക മന്ത്രിസഭാസമിതി തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന നിര്‍ത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും ജീവനക്കാരും രാജ്യവ്യാപക പണിമുടക്ക് നടത്തിയ ദിവസമാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. അഞ്ചുശതമാനം ഓഹരി കൂടി വില്‍ക്കുന്നതോടെ ഒഎന്‍ജിസിയിലെ സര്‍ക്കാര്‍ ഓഹരി 69.14 ശതമാനമായി കുറയും. ഓഹരിവില്‍പ്പന ഏതാനും ദിവസങ്ങള്‍ക്കകം നടക്കുമെന്നും ഒരുദിവസത്തെ ലേലനടപടിയിലൂടെ ആയിരിക്കും വില്‍പ്പനയെന്നും പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. മാര്‍ച്ച് ഒന്നിന് വില്‍പ്പന അരങ്ങേറുമെന്നാണ് സൂചന. വിദേശ ധനസ്ഥാപനങ്ങളായ മോര്‍ഗന്‍ സ്റ്റാന്‍ലി, ബാങ്ക് ഓഫ് അമേരിക്ക, മെറില്‍ലിഞ്ച് എന്നിവയാണ് വില്‍പ്പനയുടെ ഇടനിലക്കാര്‍ .

deshabhimani 290212

മധ്യതിരുവിതാംകൂര്‍ ഊഷരഭൂമിയാകും

പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നടപ്പാക്കിയാല്‍ മധ്യതിരുവിതാംകൂറും പ്രത്യേകിച്ച് കുട്ടനാടും ഊഷരഭൂമിയാകും. മുഖ്യജലസ്രോതസ്സായ പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇരുനദികളെയും കിഴക്കോട്ട് തിരിച്ചുവിടുന്നത് സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനുമായി ഉന്നതതലസമിതിയെയും നിയമിച്ചു.

കേരളത്തിലെ പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീസംയോജനപദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമുണ്ടെന്നും ഇത് ഉപയോഗശൂന്യമായി കടലില്‍ പോവുകയാണെന്നുമാണ് തമിഴ്നാടിന്റെ വാദം. അധികജലത്തിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നതാണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി. ഇതിനായി കേരളത്തിന്റെ സ്ഥലത്ത് പശ്ചിമഘട്ട വനമേഖലയില്‍ മൂന്നു ഡാം പണിയും. കല്ലാര്‍ പുന്നമേട്ടിലും അച്ചന്‍കോവിലാറ്റിലെ ചിറ്റാര്‍മൂഴിയിലും അച്ചന്‍കോവിലിലുമാണ് ഡാമുകള്‍ തീര്‍ക്കുക. ജലസംഭരണികളില്‍നിന്ന് വെള്ളം കൊണ്ടുപോകാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ കൂറ്റന്‍ തുരങ്കം നിര്‍മിക്കും. ഇതിനായി വനമേഖലയില്‍ 20 ചതുരശ്ര കിലോമീറ്ററിലേറെ നിര്‍മാണ പ്രവര്‍ത്തനം വേണ്ടിവരും. പശ്ചിമഘട്ട മലനിരവഴി കനാല്‍ തീര്‍ത്ത് വെള്ളം തമിഴ്നാട്ടിലെ മേക്കര അടൈവി നൈനാര്‍കോവില്‍ അണക്കെട്ടിലെത്തിക്കുകയാണ് പദ്ധതി. ഈ ലക്ഷ്യത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴ്നാട് ഈ അണക്കെട്ട് പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നത് ഇരുനദികളിലെയും നാല്‍പ്പതിലധികം ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെ ബാധിക്കും. ഒപ്പം ജലസേചനപദ്ധതികളെയും. ഇപ്പോള്‍ത്തന്നെ നദീതീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. നദികളില്‍ അധിക ജലമുണ്ടെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുമുണ്ട്.

സംസ്ഥാനം വീഴ്ച വരുത്തി

മുല്ലപ്പെരിയാറിനു പിന്നാലെ നദീസംയോജന പദ്ധതി വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കുറ്റകരമായ വീഴ്ച വരുത്തി. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് കോടതിയിലോ കേന്ദ്ര സര്‍ക്കാരിനു മുന്നിലോ ശക്തമായ നിലപാട് അവതരിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തിയതിനെതിരെ സുപ്രികോടതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് തിരിച്ചടിയായത്. കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കാനോ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. കേസില്‍ അന്തിമവാദം നടന്ന മൂന്നു ദിവസവും സ്റ്റാന്റിങ് കോണ്‍സല്‍ മാത്രമാണ് ഹാജരായത്. പുതുതായി ചുമതലയേറ്റ സ്റ്റാന്റിങ് കോണ്‍സലിന് കാര്യമായി ഇടപെടാനുമായില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതീവ ഗൗരവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പമ്പാ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ലിങ്ക് പദ്ധതിയെ അജണ്ടയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം ജനുവരി ആറിന് കേരളത്തിനു വേണ്ടി ഹരീഷ്സാല്‍വേ, മോഹന്‍ ഹത്താര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാല്‍ , യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഒക്ടോബര്‍ 17നും ജനുവരി രണ്ടിനും ഒമ്പതിനും നടന്ന അന്തിമവാദത്തിനായി സീനിയര്‍ അഭിഭാഷകര്‍ ഉണ്ടായില്ല. അതേസമയം, അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അടക്കം സീനിയറായ അഭിഭാഷകരെയാണ് തമിഴ്നാട് നിയോഗിച്ചത്.

പ്രശ്നത്തിന്റെ ഗൗരവം കേന്ദ്രത്തെയും കേന്ദ്ര ജലകമീഷനേയും ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാനസര്‍ക്കാരും മെനക്കെട്ടില്ല. സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധി വന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെപ്രതികരിച്ചിട്ടില്ല. മധ്യതിരുവിതാംകൂറിലേയും പ്രത്യേകിച്ച് കുട്ടനാട്ടിലേയും പ്രധാന ജലസ്രോതസുകളായ പമ്പയിലേയും അച്ചന്‍കോവിലാറിലേയുംവെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചു വിടുന്ന പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക് പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ ഏറെ നാളായി തമിഴ്നാട് ശ്രമം നടത്തി വരികയായിരുന്നു. രണ്ട് നദികളിലും അധികജലമുണ്ടെന്നും അതു ഉപയോഗപ്പെടുത്താത കടലില്‍ ഒഴുക്കിക്കളയുകയാണെന്നുമുള്ള വാദമുയര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്നാട് ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കി നീക്കങ്ങള്‍ തുടങ്ങിയത്.

deshabhimani 290212

മോണോ റെയില്‍ : പാളം തെറ്റിക്കുമോ സങ്കുചിത താല്‍പര്യങ്ങള്‍

കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ പ്രാഥമിക ആലോചനകളില്‍നിന്ന് മേയര്‍ എ കെ പ്രേമജത്തെയും നഗരത്തിന്റെ എംഎല്‍എ എ പ്രദീപ്കുമാറിനെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും സാമൂഹ്യ-രാഷ്ട്രീയ-തൊഴിലാളി പ്രതിനിധികളെയും അകറ്റിനിര്‍ത്തിയതിനുപിന്നില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യം. നഗരത്തിരക്കിലെ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരമാകുന്ന പദ്ധതിയുടെ ആദ്യ ആലോചനാവേളയില്‍തന്നെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഗൂഢ അജന്‍ഡ അരങ്ങേറിയത് പദ്ധതിയുടെ നിറം കെടുത്തുന്നതായി. പദ്ധതി നടപ്പാകണമെങ്കില്‍ നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം വേണം. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യത്തില്‍ മേയറെ ഒഴിവാക്കി. നഗര ഗതാഗതത്തിന്റെ സ്പന്ദനമറിയുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാത്തതിനും ന്യായീകരണമില്ല.

ആരുടെയെല്ലാമോ ഇഷ്ടയിടങ്ങളിലൂടെവേണം പാത പോകാനെന്ന ആദ്യനീക്കം പദ്ധതി പ്രദേശം കാണാനെത്തിയ ഇ ശ്രീധരന്‍തന്നെ തിരുത്തി. ബംഗളൂരൂവിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്സ് തയ്യാറാക്കിയ സാധ്യതാ റിപ്പോര്‍ട്ടില്‍ പ്രഥമ പരിശോധനയില്‍തന്നെ ശ്രീധരന്‍ തിരുത്തലുകള്‍ നിര്‍ദേശിച്ചു. മൂന്നു ഘട്ടപദ്ധതിയില്‍ മെഡിക്കല്‍ കോളേജ്-മീഞ്ചന്ത, മീഞ്ചന്ത-രാമനാട്ടുകര, രാമനാട്ടുകര-കരിപ്പൂര്‍ വിമാനത്താവളം എന്നിങ്ങനെ 35 കിലോമീറ്ററായിരുന്നു ആദ്യം വിഭാവനം ചെയ്തത്. എന്നാല്‍ ശ്രീധരനെ കാണിച്ച സ്ഥലത്തുപോലും നഗരത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് മാറ്റം അനിവാര്യമാണെന്നു കണ്ടു. റെയില്‍വേ സ്റ്റേഷനില്‍ മോണോ സ്റ്റേഷന്‍ ശ്രീധരന്റെ നിര്‍ദേശമാണ്. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകരവരെയുള്ള പ്രദേശങ്ങളാണ് ശ്രീധരനെ കാണിച്ചത്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍തന്നെ പദ്ധതിയില്‍ കാര്യമായ മാറ്റം വന്നു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്തവരെയുള്ള 13.5 കിലോമീറ്റര്‍ പാതയായിരുന്നു ലക്ഷ്യം. ഇത് മലാപ്പറമ്പ്വരെ നീട്ടണമെന്നാണ് ശ്രീധരന്‍ നിര്‍ദേശിച്ചത്. അതിനപ്പുറം എന്‍ജിഒ ക്വാര്‍ട്ടേഴ്സ്വരെ ആദ്യഘട്ടം എത്തിയാലേ നഗരത്തിരക്കിന് ആശ്വാസമാകൂ. വടക്കന്‍ ഭാഗമായ എലത്തൂരിനെ പദ്ധതിയില്‍നിന്ന് അവഗണിച്ചതിനും ന്യായീകരണമില്ല.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുടെ മുഴുവന്‍ കാര്യങ്ങളുമറിയാവുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും ഗതാഗതമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരെയും അവഗണിച്ച് പദ്ധതിയില്‍ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുലര്‍ത്തുന്നതിന് നീതീകരണമില്ലെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. മോണോ റെയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്റെ ഉറച്ച നിലപാട് സര്‍ക്കാര്‍ മോഹങ്ങള്‍ക്കു തിരിച്ചടി

നഗരത്തിലെ മോണോ റെയില്‍ പദ്ധതി പൊതുമേഖലയില്‍ തന്നെയാകണമെന്ന ഇ ശ്രീധരന്റെ കര്‍ശന നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നും എന്നാല്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കാമെന്നേറ്റ ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന് അതില്‍ താല്‍പര്യമില്ലെന്നുമുള്ള പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം സര്‍ക്കാരിന്റെ മോഹം വെളിവാക്കുന്നതായി.

നിര്‍ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ച മെട്രോമാന്‍ ഇ ശ്രീധരനുമായി മന്ത്രി ഇബ്രാഹിംകുഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് ചര്‍ച്ച നടത്തിയത്. നഗരത്തിലെ പ്രതിപക്ഷ എംഎല്‍എയെയോ മേയറെയോ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. മന്ത്രി തന്നെ നേരിട്ടാണ് സര്‍ക്കാരിന്റെ "സ്വകാര്യ മോഹങ്ങള്‍" ശ്രീധരനോട് വെളിപ്പെടുത്തിയത്. എന്നാല്‍ സ്വകാര്യപങ്കാളിത്തത്തെ ആദ്യം തന്നെ അദ്ദേഹം എതിര്‍ത്തു. കാലതാമസവും പദ്ധതി യാഥാര്‍ഥ്യമായാല്‍ ജനങ്ങള്‍ക്ക് യാത്രക്കൂലി ഇനത്തില്‍ വര്‍ധിച്ച ചെലവുമല്ലാതെ മറ്റൊന്നും സ്വകാര്യപങ്കാളിത്തംകൊണ്ട് ലഭിക്കില്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി. ഇ ശ്രീധരനെ പിണക്കി മോണോ റെയില്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പോയാല്‍ വന്‍ ജനരോഷത്തിനിടയാക്കുമെന്നും കണ്ടതോടെ സര്‍ക്കാര്‍ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കുകയായിരുന്നു.

deshabhimani 290212

മാറാട്: ലീഗ് നേതാക്കളെ പ്രതിചേര്‍ത്ത എഫ്ഐആര്‍ പുറത്ത്

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിച്ച ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ മുസ്ലിംലീഗ് നേതാക്കളും പ്രതികളെന്ന് വെളിപ്പെട്ടു. ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയ എന്നിവരെ പ്രതിചേര്‍ക്കാമെന്നാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നല്‍കിയ എഫ്ഐആറിലുള്ളത്. കൊലക്കുറ്റമടക്കമുള്ള കുറ്റമാണ് ലീഗ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2010 സെപ്തംബര്‍ 25ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച എഫ്ഐആറിന്റെ പൂര്‍ണരൂപം "ദേശാഭിമാനി"ക്ക് ലഭ്യമായി.
മായിന്‍ഹാജിയെ രണ്ടാംപ്രതിയാക്കാമെന്നാണ് എഫ്ഐആറിലുള്ളത്. പ്രാദേശിക നേതാവ് മൊയ്തീന്‍കോയയുടെ പേരാണ് ഒന്നാംപ്രതിയായുള്ളത്. എന്‍ഡിഎഫ് നേതാക്കള്‍ , മാറാട് ജുമാമസ്ജിദ് മഹല്ല്കമ്മിറ്റിയിലെ ചില അംഗങ്ങള്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍പ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 109 (വര്‍ഗീയ-സാമുദായിക കലാപത്തിന് പ്രേരണ) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 507/എച്ച്എച്ച്ഡബ്ല്യു 3 എന്ന ഫയല്‍ നമ്പറിലാണ് വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട ലീഗുകാരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിവൈഎസ്പി പി രഘുനാഥനാണ് തിരുവനന്തപുരത്തെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കിയതെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. മാറാട് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ശുപാര്‍ശപ്രകാരമാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറെന്നും ക്രൈംബ്രാഞ്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

2003 മെയ് രണ്ടിനാണ് മാറാട് കൂട്ടക്കൊല നടന്നത്. ഇതേക്കുറിച്ചന്വേഷിച്ച മാറാട് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടക്കൊലക്കുപിന്നിലെ പണമൊഴുക്ക്, വിദേശബന്ധം, തീവ്രവാദ ഇടപെടല്‍ , ഗൂഢാലോചന എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് അംഗീകരിച്ച എല്‍ഡിഎഫ് മന്ത്രിസഭ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലീഗ് കോണ്‍ഗ്രസിലും കേന്ദ്രഭരണത്തിലും സ്വാധീനംചെലുത്തിയതിനാല്‍ സിബിഐ കേസ് ഏറ്റെടുത്തില്ല. തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം രൂപീകരിച്ചത്. എസ് പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഊര്‍ജിതമായി മുന്നേറി ലീഗ് നേതാക്കളെ ചോദ്യംചെയ്യുന്ന ഘട്ടത്തിലേക്ക് നീങ്ങവെയാണ് അദ്ദേഹത്തെ മാറ്റിയത്. ഈ ഘട്ടത്തില്‍ , തന്നെ പ്രതിചേര്‍ത്ത് കേസെടുത്തത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് മായിന്‍ഹാജി വാര്‍ത്താചാനലുകളിലൂടെ പ്രതികരിച്ചിരുന്നു. ലീഗ് നേതാക്കളെ പ്രതികളാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(അഞ്ച്)യിലും ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. 2010 ഒക്ടോബറിലായിരുന്നു ഇത്. ഇക്കാര്യവും ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക്് എഫ്ഐആറിന്റെ കോപ്പിഅയച്ചതായും അന്ന് സൂചിപ്പിച്ചിരുന്നു. ഇത് പൂര്‍ണമായി സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന എഫ്ഐആര്‍ വിവരങ്ങള്‍ .

മാറാട്: പ്രതികരിക്കാനാകാതെ ലീഗ്

മാറാട് കൂട്ടക്കൊല സംബന്ധിച്ച എഫ്ഐആറില്‍ സംസ്ഥാനസെക്രട്ടറി എം സി മായിന്‍ഹാജിയുടെ പേരുള്‍പ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കാനാകാതെ മുസ്ലിംലീഗ് നേതൃത്വം. പാര്‍ടി സംസ്ഥാന സെക്രട്ടറിക്കെതിരായ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു നേരത്തെ ലീഗ് വിശദീകരണം. ഇങ്ങനെയൊരു എഫ്ഐആറേ ഇല്ലെന്നും നേതാക്കള്‍ വാദിച്ചിരുന്നു. എന്നാല്‍ എഫ്ഐആറിന്റെ കോപ്പിസഹിതം വാര്‍ത്ത വരുമ്പോള്‍ ലീഗ് നേതൃത്വം നിസ്സഹായാവസ്ഥയിലാവുകയാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രതിപ്പട്ടികയില്‍ വരുന്ന സാഹചര്യത്തില്‍ മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനാ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം പൂര്‍ണമായും ശരിവയ്ക്കപ്പെടുകയാണ്.

സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെയും മുന്‍ പഞ്ചായത്ത് അംഗം പി പി മൊയ്തീന്‍കോയയെയും പ്രതിചേര്‍ക്കാമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഡിഎഫ് നേതാക്കളടക്കമുള്ളവരെയും ഇവര്‍ക്കൊപ്പം പ്രതിയാക്കാമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെയും കോടതിയില്‍ എഫ്ഐആര്‍ നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ മാറ്റിയത്. പ്രദീപ്കുമാറിനെ കേസ് അന്വേഷണത്തില്‍നിന്നൊഴിവാക്കിയത് ലീഗിന്റെ സമ്മര്‍ദത്തിനടിപ്പെട്ടാണെന്ന വിലയിരുത്തല്‍ ആവര്‍ത്തിച്ച് ശരിവയ്ക്കുന്നതാണ് മായിന്‍ഹാജിയുടെ പേര് ഉള്‍പ്പെട്ട എഫ്ഐആര്‍ . ലീഗിന്റെ ഉന്നത നേതാവ് വര്‍ഗീയ-തീവ്രവാദ ആക്രമണ കേസില്‍ പ്രതിയാണെന്നതിന് നിയമപരമായ സാക്ഷ്യപത്രമാണ് ഇപ്പോള്‍ ലഭ്യമായത്. ഈ വെളിപ്പെടുത്തല്‍ കേവലം രാഷ്ട്രീയാക്ഷേപമെന്നുപറഞ്ഞ് പിടിച്ചുനില്‍ക്കാനാവില്ലെന്ന് നേതൃത്വത്തില്‍ ഒരുവിഭാഗം വിശ്വസിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു പാര്‍ടിയുടെ ഭാരവാഹി സമുദായകലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നു. ഈ "ബഹുമതി"യാണ് മായിന്‍ഹാജിയിലൂടെ ലീഗിന്റെ പച്ചത്തൊപ്പിയില്‍ ചാര്‍ത്തപ്പെടുന്നത്.

മാറാട് വിഷയത്തില്‍ ലീഗ് പലതും ഒളിക്കാനും മറയ്ക്കാനും ശ്രമിക്കുന്നുവെന്ന വിമര്‍ശനം മുമ്പുയര്‍ന്നതാണ്. സിബിഐ അന്വേഷണത്തെ തുടക്കത്തിലേ ലീഗ് എതിര്‍ത്തതിനുപിന്നിലും താല്‍പര്യസംരക്ഷണമായിരുന്നു. മാറാട് കൂട്ടക്കൊല അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശ പ്രകാരം സിബിഐ അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ലീഗ് സ്വാധീനത്താല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. ലീഗിന്റെ പങ്ക് വെളിവാക്കുന്ന എഫ്ഐആര്‍ നല്‍കിയതായി വ്യക്തമായതോടെ ലീഗ് മൂടിവയ്ക്കാന്‍ ആഗ്രഹിച്ച വസ്തതുകളാണ് മറനീക്കുന്നത്. ഇക്കാര്യത്തില്‍ ഒരുവിഭാഗം പാര്‍ടി നേതാക്കള്‍ക്ക് മാത്രമാണോ അറിവും പങ്കാളിത്തവുമെന്ന കാര്യം ലീഗ് സംസ്ഥാനപ്രസിഡന്റും മന്ത്രിമാരുമാണ് ഇനി വ്യക്തമാക്കേണ്ടത്. അതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം യുഡിഎഫ് ഉന്നതരും മറുപടി പറയേണ്ടതുണ്ട്. ലീഗിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവനായ സി എം പ്രദീപ്കുമാറിനെ മാറ്റിയതെന്ന പ്രതിപക്ഷ വാദത്തിന് കൃത്യമായ ഉത്തരം ഭരണാധികാരികള്‍ നല്‍കണം. ലീഗിന്റെ ആവശ്യങ്ങള്‍ക്കുമുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരന്തരം കീഴടങ്ങുകയാണ്. കാസര്‍കോട് അക്രമം അന്വേഷിച്ച ജസ്റ്റിസ് നിസാര്‍ കമീഷനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു തുടക്കം. ലീഗുകാര്‍ പ്രതികളായ വധശ്രമമടക്കം നുറുകണക്കിന് കേസുകള്‍ ഈ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ലീഗ് ഭീഷണിയെ തുടര്‍ന്ന് എന്‍ഡിഎഫുകാര്‍ക്കെതിരായ കേസും ദുര്‍ബലപ്പെടുത്തുകയാണ്.
(പി വി ജീജോ)

deshabhimani 290212

സമുദായ സംഘടനകളെ പാട്ടിലാക്കാന്‍ ഭൂമിദാനം

പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില സമുദായ സംഘടനകളെ പാട്ടിലാക്കാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഭൂമിദാനത്തിനൊരുങ്ങുന്നു. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് നിയമം മറികടന്ന് ഉത്തരവ് തയ്യാറാക്കുന്നത്. കോടികള്‍ വിലവരുന്ന ഭൂമി എന്‍എസ്എസിന് പതിച്ചുനല്‍കുന്നതാണ് ഇതിലൊന്ന്. പ്രത്യുപകാരമായി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂമി നല്‍കാനാണ് തീരുമാനം.

തൊടുപുഴ മണക്കാട് വില്ലേജിലും തിരുവനന്തപുരം പ്രസ്ക്ലബിനു സമീപത്തും എന്‍എസ്എസിന് ഭൂമി പതിച്ചുനല്‍കാന്‍ റവന്യൂമന്ത്രിയുടെ ഓഫീസില്‍ ഉത്തരവ് തയ്യാറായി. എന്‍എസ്എസ് നേരിട്ടു നടത്തുന്ന മണക്കാട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് കോടികള്‍ വിലമതിക്കുന്ന ഒരേക്കര്‍ ഭൂമി സൗജന്യമായി പതിച്ചുനല്‍കും. നിലവിലുള്ള 60 ലക്ഷത്തോളം രൂപ പാട്ടക്കുടിശിക എഴുതിത്തള്ളാമെന്നും റവന്യൂമന്ത്രി വാഗ്ദാനം നല്‍കി. ഭൂമി കൈവശമാകുന്നതോടെ തൊടുപുഴയിലെ മതിപ്പുവില പ്രകാരം എന്‍എസ്എസിന് രണ്ടുകോടി രൂപയോളം ലാഭമുണ്ടാകും. ഒരേക്കറിലേറെ ഭൂമി സ്കൂളിന്റെ കൈവശമുണ്ടെന്നാണ് സൂചന. ഊറ്റുകുഴിയില്‍ എന്‍എസ്എസ് ഹോസ്റ്റലിന്റെ പേരിലാണ് ഭൂമി നല്‍കുന്നത്. ഈ സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ഉദ്ദേശ്യമെന്നും അറിയുന്നു.

പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഭൂമിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചത്. സൈനികര്‍ , വിമുക്തഭടന്മാര്‍ , കായികതാരങ്ങള്‍ , വിധവകള്‍ തുടങ്ങിയവര്‍ ഭൂമി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് തിരക്കിട്ട് എന്‍എസ്എസിന് ഭൂമി നല്‍കുന്നത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ തീ ദുരന്തത്തില്‍ മരിച്ച വിനീതയുടെ കുടുംബത്തിന് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ഈ തീരുമാനം നടപ്പാക്കിയിട്ടില്ല. പാട്ടക്കുടിശിക അടച്ചശേഷം എന്‍എസ്എസിന്റെ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ഇടുക്കി കലക്ടറും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും നിലപാടെടുത്തത്. മാത്രമല്ല, ഈ സ്ഥലം പാട്ടത്തിനു നല്‍കുന്നതാണ് ഉചിതമെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ഉപദേശിച്ചെങ്കിലും വിജിലന്‍സ് വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി തിരുവഞ്ചൂര്‍ വഴങ്ങിയില്ല. കൂത്താട്ടുകുളം പട്ടിമറ്റത്ത് സെന്റ്മേരീസ് പള്ളി അധികൃതര്‍ ഭൂമി പാട്ടത്തിന് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല.

deshabhimani 290212

പണിമുടക്കുന്നവരെ പിടിക്കണമെന്ന് എസ്ബിഐ

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വീഡിയോ ചിത്രം ഉള്‍പ്പെടെയുള്ള തെളിവ് ശേഖരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ബാങ്കിന്റെ ശാഖാ മാനേജര്‍മാര്‍ക്കാണ് തിങ്കളാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം എത്തിയത്. ബാങ്കിന്റെ മുംബൈ ആസ്ഥാനത്തെ കേഡര്‍ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീരാജ് വ്യാസിന്റെ പേരിലായിരുന്നു നിര്‍ദേശം.

"ചൊവ്വാഴ്ച നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇടപാട് തടസ്സപ്പെടുത്തുന്ന നിലയില്‍ ബാങ്ക് പരിസരത്ത് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍നടപടിക്കായി ജീവനക്കാരുടെ വീഡിയോ ചിത്രം അടക്കമുള്ള തെളിവ് ശേഖരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം"- നിര്‍ദേശം തുടരുന്നു. ഉന്നതങ്ങളില്‍നിന്നുള്ള ഈ ഭീഷണി വകവയ്ക്കാതെ ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ ആവേശത്തോടെ പണിമുടക്കില്‍ അണിചേര്‍ന്നു. സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല.

സമ്പൂര്‍ണഐക്യം ആദ്യ അനുഭവം: റാവുത്തര്‍

ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ദൃശ്യമായ തൊഴിലാളികളുടെ സമ്പൂര്‍ണഐക്യം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ അനുഭവമാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് റാവുത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റം, തൊഴിലാളികളുടെ അവകാശങ്ങളിലുള്ള കടന്നാക്രമണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ ഐക്യം ശക്തമാക്കണം. ഐഎന്‍ടിയുസി പൂര്‍ണപങ്കാളിത്തം വഹിച്ച ഈ പണിമുടക്ക് രാഷ്ട്രീയപ്രക്ഷോഭമായി മുദ്രകുത്താന്‍ ആര്‍ക്കുമാകില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡിയെ അറിയിച്ചത് യോജിച്ച സമരത്തിന്റെ വിജയമാണ്. എല്ലാ ്രടേഡ്യൂണിയനുകളുമായും ഒരുമിച്ച് ചര്‍ച്ച നടത്തണമെന്ന് സഞ്ജീവറെഡ്ഡി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും റാവുത്തര്‍ പറഞ്ഞു.

ഡയസ്നോണ്‍ ജീവനക്കാര്‍ തള്ളി: എഫ്എസ്ഇടിഒ

യുഡിഎഫ് സര്‍ക്കാരിന്റെ കരിനിയമമായ ഡയസ്നോണിനെ തള്ളി പണിമുടക്ക് വന്‍ വിജയമാക്കിയ ജീവനക്കാരെയും അധ്യാപകരെയും എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്തു. സംഘടനാ ഭേദമെന്യേ എല്ലാ ജീവനക്കാരും ഐക്യത്തോടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടം പണിമുടക്ക് ചരിത്രത്തില്‍ പുതിയ അധ്യായമായി മാറി. സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പണിമുടക്കിനെതിരായി പ്രവര്‍ത്തിച്ച സംഘടനാ നേതൃത്വത്തിന്റെ അവകാശവാദങ്ങളെ അവഗണിച്ചുകൊണ്ടാണ് എല്ലാവിഭാഗം ജീവനക്കാരും വമ്പിച്ച ഐക്യത്തോടെ പണിമുടക്കില്‍ പങ്കെടുത്തത്. ഈ ഐക്യം നിലനിര്‍ത്തി കൂടുതല്‍ കരുത്തുറ്റ പ്രക്ഷോഭത്തിന് ജീവനക്കാരും അധ്യാപകരും തൊഴിലാളികളും തയ്യാറാകണമെന്ന് എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

തൊഴിലാളികളെ നേതാക്കള്‍ അഭിനന്ദിച്ചു

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കിയ തൊഴിലാളികളെയും ജീവനക്കാരെയും സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍ സെന്നും അഭിനന്ദിച്ചു. രാജ്യമെങ്ങും ചലനംസൃഷ്ടിച്ച പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതാണെന്ന് എ കെ പി പറഞ്ഞു. മൂന്നുവര്‍ഷമായി ട്രേഡ്യൂണിയനുകള്‍ പ്രക്ഷോഭരംഗത്താണ്. ഇതുവരെ ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോര്‍പറേറ്റുകള്‍ അവരുടെതന്നെ പ്രവൃത്തികളാല്‍ പ്രതിസന്ധി നേരിടുമ്പോള്‍ അടിയന്തര ചര്‍ച്ച നടത്തുകയും പരിഹാരനടപടി നിര്‍ദേശിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി തൊഴിലാളികളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയാണ്. നയങ്ങളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ തീവ്രമായ സമരപരിപാടികളുമായി മുന്നോട്ടുപോകും- എ കെ പി പറഞ്ഞു.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് തുടങ്ങി പണിമുടക്കിന് നേതൃത്വം നല്‍കിയ 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ പ്രക്ഷോഭം വിജയിപ്പിച്ച തൊഴിലാളി കളെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ അവഗണനാപരമായ സമീപനം തൊഴിലാളികളും ജീവനക്കാരും അംഗീകരിക്കില്ലെന്നതിന്റെ സൂചനയാണ് പണിമുടക്ക് വിജയമെന്ന് തപന്‍സെന്‍ (സിഐടിയു), ഗുരുദാസ്ദാസ് ഗുപ്ത (എഐടിയുസി), ജി സഞ്ജീവറെഡ്ഡി (ഐഎന്‍ടിയുസി), ബി എന്‍ റായ് (ബിഎംഎസ്) തുടങ്ങിയവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ, മിനിമം കൂലി പതിനായിരമാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നിങ്ങനെ
പത്ത് ആവശ്യമാണ് യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ ആവശ്യങ്ങളുന്നയിച്ച് ട്രേഡ്യൂണിയനുകള്‍ സമരരംഗത്താണ്. ദേശീയ പണിമുടക്കിന് കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ട്രേഡ്യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. എല്ലാ തൊഴില്‍മേഖലകളെയും സ്തംഭിപ്പിച്ചുകൊണ്ടുള്ള ദേശീയ പണിമുടക്ക് സര്‍ക്കാരിന് കനത്ത താക്കീതാണ്- ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

deshabhimani 290212

ന്യൂയോര്‍ക്ക് പൊലീസിന്റെ മുസ്ലിംനിരീക്ഷണത്തിന് വൈറ്റ്ഹൗസ് ധനസഹായം

ന്യൂയോര്‍ക്ക് പൊലീസ് മുസ്ലിങ്ങളെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് വൈറ്റ്ഹൗസില്‍നിന്ന് സാമ്പത്തികസഹായം ലഭിച്ചിരുന്നതായി വ്യക്തമായി. 2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷം ബുഷ്, ഒബാമ സര്‍ക്കാരുകള്‍ 13.5 കോടി ഡോളര്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സി മേഖലകള്‍ക്ക് അനുവദിച്ചതായാണ് കണക്ക്. സിറ്റി അധികൃതരുമായി ന്യൂയോര്‍ക്ക് പൊലീസ് നടത്തിയ ആശയവിനിമയത്തിന്റെ രഹസ്യരേഖകളില്‍നിന്ന് വൈറ്റ്ഹൗസ് ധനസഹായം സംബന്ധിച്ച് തെളിവ് ലഭിച്ചെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയാനുള്ള പദ്ധതിയുടെ പേരിലായിരുന്നു ഈ ധനസഹായം. ഇതില്‍ എത്ര തുകയാണ് മുസ്ലിം നിരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

മഫ്തിയിലുള്ള രഹസ്യപൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന കാറുകള്‍ , മുസ്ലിംകോളേജ് വിദ്യാര്‍ഥികളുടെയും മോസ്കുകളുടെയും മറ്റ് സാമൂഹ്യപരിപാടികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന കംപ്യൂട്ടറുകള്‍ തുടങ്ങിയവയ്ക്ക് വൈറ്റ്ഹൗസ് സഹായം വിനിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിങ്ങള്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിങ് നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏര്‍പ്പെടുത്തിയ ന്യൂയോര്‍ക്ക് പൊലീസിന്റെ "ഭീകരവിരുദ്ധ" നടപടി വിവാദമായിരുന്നു. ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഒബാമ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് വൈറ്റ്ഹൗസിന്റെ നേരിട്ടുള്ള ധനസഹായത്തിന്റെ വാര്‍ത്ത പുറത്തുവന്നത്.

deshabhimani 290212

താക്കീത് ! 2012 ഫെബ്രുവരി 28


ചിത്രങ്ങള്‍ ദേശാഭിമാനിയില്‍ നിന്ന്

20 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്നവയുള്‍പ്പെടെ 20 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തില്‍ . ജനുവരിവരെയുള്ള കണക്കുപ്രകാരം ഇവയുടെ ആകെ നഷ്ടം 77 കോടിയോളം രൂപയാണ്. ഒരു സ്ഥാപനത്തിന്റെ ശരാശരി നഷ്ടം 3.85 കോടി രൂപയും. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള വീഴ്ചയുമാണ് മുന്‍ യുഡിഎഫ് ഭരണകാലത്തെ അവസ്ഥയിലേക്ക് ഈ സ്ഥാപനങ്ങളെ വീണ്ടും എത്തിച്ചത്.

സംസ്ഥാനത്തെ 38 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 31 സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭത്തിലായിരുന്നു. ഒരുഘട്ടത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളെയും എല്‍ഡിഎഫ് ഭരണത്തില്‍ ലാഭത്തിലാക്കിയിരുന്നു. നിലവില്‍ 17 സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളതെന്ന് സര്‍ക്കാരിന്റെ അവലോകന കണക്കുകള്‍ വ്യക്തമാക്കുന്നു. കേരള ഓട്ടോമൊബൈല്‍സ്, സ്റ്റീല്‍ കോംപ്ലക്സ്, ഓട്ടോകാസ്റ്റ്, ട്രാക്കോ കേബിള്‍ , ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, കേരളാ സെറാമിക്സ്, ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ , മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കെല്‍ട്രോണ്‍ കോമ്പണന്റ്, ട്രാവന്‍കൂര്‍ സിമന്റ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ , ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ , മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ , തൃശൂര്‍ സ്പിന്നിങ് മില്‍ , കണ്ണൂര്‍ സ്പിന്നിങ് മില്‍ , ഹാന്‍ടെക്സ്, കൊല്ലം സ്പിന്നിങ് മില്‍ , ആലപ്പുഴ സ്പിന്നിങ് മില്‍ , സീതാറാം ടെക്സ്റ്റൈല്‍സ് എന്നിവയാണ് നഷ്ടത്തിന്റെ കണക്കുമായി രംഗത്തുള്ളത്.

മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍ , കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ്മില്‍ , ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവ മാത്രമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നിസ്സാര നഷ്ടമുണ്ടാക്കിയത്. ഇവയുടെ ആകെ നഷ്ടം ഒമ്പതു കോടിയോളം രൂപയായിരുന്നു. ഈ അവസ്ഥയില്‍നിന്നാണ് ഇപ്പോള്‍ 20- സ്ഥാപനങ്ങള്‍ 77 കോടി രൂപ നഷ്ടമുണ്ടാക്കിയത്. ഇവയില്‍ ട്രാക്കോ കേബിള്‍ , ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ , ട്രാവന്‍കൂര്‍ സിമന്റ്സ് എന്നിവ മാര്‍ച്ച് മാസത്തോടെ നില മെച്ചപ്പെടുത്തിയേക്കും. മറ്റു സ്ഥാപനങ്ങള്‍ നഷ്ടത്തില്‍നിന്നു കരകയറുക പ്രയാസകരമാണ്.

യുഡിഎഫ് ഭരണകാലത്ത് 2005-06ല്‍ 32 കമ്പനികള്‍ നഷ്ടത്തിലായിരുന്ന സ്ഥാനത്താണ് എല്‍ഡിഎഫ് ഭരണം പടിപടിയായി മുഴുവന്‍ സ്ഥാപനങ്ങളെയും ലാഭത്തിലാക്കിയത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലും തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലുമായിരുന്ന അന്ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കൂടിയുണ്ടാക്കിയ നഷ്ടം 125.87 കോടി രൂപയായിരുന്നു. എന്നാല്‍ , എല്‍ഡിഎഫ് ഭരണത്തില്‍ 2010-11 സാമ്പത്തികവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒട്ടാകെയുണ്ടാക്കിയ ലാഭം 296 കോടി രൂപയാണ്. ഏഴു സ്ഥാപനങ്ങളുടെ നഷ്ടമായ ഒമ്പതു കോടി രൂപ കുറച്ചതിനുശേഷമുള്ള കണക്കാണിത്. 2009-10 സാമ്പത്തികവര്‍ഷം 239.75 കോടി രൂപയുടെയും ലാഭമുണ്ടാക്കി. അന്ന് അഞ്ച് സ്ഥാപനങ്ങള്‍ മാത്രമായിരുന്നു നഷ്ടത്തില്‍ . ഇവയുടെ നഷ്ടമാകട്ടെ 6.45 കോടി രൂപയുമായിരുന്നു. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം 77 കോടി രൂപയുടെ ബാധ്യത കഴിച്ചാല്‍ ഇതുവരെയുണ്ടായിട്ടുള്ള ലാഭം 145 കോടി രൂപയാണ്. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ പിടിപ്പുകേടും പൊതുമേഖലാവിരുദ്ധ നിലപാടും വ്യക്തമാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ കെടുകാര്യസ്ഥതയിലേക്കാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നയിക്കപ്പെടുന്നതെന്ന് മുന്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. പൊതുമേഖലാ സംരക്ഷണത്തിനായി എല്‍ഡിഎഫ് നടത്തിയ ഇടപെടലുകളാണ് ഈ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയത്. എന്നാല്‍ , ഇതിനു വിരുദ്ധമായി ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നിലപാടാണ് വ്യവസായമന്ത്രിയും യുഡിഎഎഫും കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 290212

പുറമെനിന്നുള്ള വൈദ്യുതി പൂര്‍ണമായി നിലയ്ക്കും

കര്‍ണാടകത്തിനു പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി വില്‍പന നിരോധിക്കുന്നു. പുറമേ നിന്നുള്ള വൈദ്യുതിയെ ഗണ്യമായ തോതില്‍ വേനല്‍ക്കാലത്ത് ആശ്രയിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാകും. സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലെ അനാസ്ഥക്ക് കേരളം കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി. ആസത്രണത്തിലെ പാളിച്ചകള്‍ മൂലം സംസ്ഥാനം ഇപ്പോള്‍ തന്നെ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിലാണ്. വേനലിനു മുമ്പേ അമിത ഉല്‍പാദനം നടത്തിയതു മൂലം ഇടുക്കിയെ ആശ്രയിക്കാന്‍ കഴിയില്ല. പുറമേനിന്നുള്ള വൈദ്യുതി കൂടി ഇല്ലാതാകുന്നത് കേരളത്തെ ഇരുട്ടിലേക്ക് തള്ളും. പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിരക്ക് വര്‍ധനയും പവര്‍കട്ടും ഉണ്ടാകുമെന്നും ഉറപ്പായിക്കഴിഞ്ഞു.

വൈദ്യുതി ഉല്‍പാദനത്തെ നിയന്ത്രിക്കാന്‍ 2003ലെ കേന്ദ്ര വൈദ്യുതി നിയമത്തില്‍ വകുപ്പുകളില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സ്വകാര്യനിലയങ്ങളുടെ വൈദ്യുതി വില്‍പന നിരോധിക്കുന്നത്. വൈദ്യുതി കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. 2003ലെ വൈദ്യുതി നിയമത്തില്‍ വൈദ്യുതി ഉല്‍പാദനത്തിന് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം ഇതില്‍ നിയമം കൊണ്ടുവരാന്‍ കഴിയും. ഈ പഴുതുപയോഗിച്ച് സ്വകാര്യനിലയങ്ങളുടെ വൈദ്യുതി വില്‍പന ആദ്യം നിരോധിച്ചത് കര്‍ണാടകമാണ്. ആന്ധ്രാപ്രദേശും സ്വകാര്യ നിലയങ്ങളുടെ വൈദ്യുതി വില്‍പന നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കടുത്ത വേനലാണ് വരാന്‍ പോകുന്നതെന്ന കാലാവസ്ഥാ മുന്നയിപ്പിന്റെ അടിസ്ഥാനത്തില്‍ മറ്റു സംസ്ഥാനങ്ങളും ഇതേ പാത സ്വീകരിക്കുമെന്നാണ് സൂചന. അതോടെ പുറമേ നിന്നുള്ള വൈദ്യുതി കേന്ദ്രപൂളില്‍ നിന്നുള്ളത് മാത്രമായി ചുരുങ്ങും.

ഛത്തീസ്ഗഡ് പോലുള്ള വടക്ക്-കിഴക്കന്‍ മേഖലയിലെ സ്വകാര്യ നിലയങ്ങളില്‍ നിന്നും മുന്‍കാലങ്ങളില്‍ കേരളത്തിന് വൈദ്യുതി ലഭിച്ചിരുന്നു. ഈ സംസ്ഥാനങ്ങള്‍ വൈദ്യുതിവില്‍പന നിരോധിച്ചില്ലെങ്കില്‍ പോലും അവിടെ നിന്നു വൈദ്യുതി കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമാണ്. ദക്ഷിണ മേഖലയില്‍ നിന്നുള്ള പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിഴ്നാടും മുന്‍കൂട്ടി ബുക്ക്ചെയ്തതാണ് കാരണം. വേനല്‍മുന്നില്‍ക്കണ്ട് കേരളം ഇത്തരം നടപടികളൊന്നും സ്വീകരിച്ചില്ല.

കേരളത്തിലെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാതെ കേരളത്തിലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതി പദ്ധതി ആസൂത്രണത്തെയും അവതാളത്തിലാക്കുകയാണ് സര്‍ക്കാര്‍ . മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പല പദ്ധതികളും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2000 മെഗാവാട്ടിന്റെ ചീമേനി നിലയത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിശദമായ പഠന റിപ്പോര്‍ടട് തയാറാക്കുകയും പാസ്ഥിതിക അനുമതിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഇന്ന് തുടര്‍ നടപടികളൊന്നുമില്ല. ആയിരം മെഗാവാട്ടിന്റെ ചീമേനി നിലയത്തിന്റെ നിര്‍മാണവും ഇന്ന് അനിശ്ചിതത്വത്തിലാണ്. എല്‍എന്‍ജി ടെര്‍മിനല്‍ വരുന്നതിന്റെ ഭാഗമായി ആരംഭിക്കാനിരുന്ന പദ്ധതി ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മുന്‍കാലങ്ങളില്‍ തുടക്കമിട്ട വിവിധ ജലവൈദ്യുതി നിലയങ്ങളുടെ പണിയും മുടങ്ങിക്കിടക്കുന്നു. ഭൂമി സംബന്ധിച്ച വിവാദങ്ങള്‍ മൂലം കാറ്റാടി നിലയങ്ങളുടെ പണിയും നടക്കുന്നില്ല.
(ആര്‍ സാംബന്‍)

deshabhimani 290212

മൂലമറ്റത്ത് അപകടം ആവര്‍ത്തിക്കുന്നു

അധികൃതരുടെ അലംഭാവവും ഭരണാനുകൂല സംഘടനകളുടെ അമിത ഇടപെടലുംകാരണം മൂലമറ്റം പവര്‍ഹൗസില്‍ അപകടവും പ്രതിസന്ധിയും രൂക്ഷമാകുന്നു. ഞായറാഴ്ച വൈകിട്ട് പവര്‍ഹൗസിലെ ഒന്നാംനമ്പര്‍ ജനറേറ്ററിന്റെ ഓക്സിലറി സപ്ലെയിലെ തീപിടിത്തം മൂലം ഒന്നും രണ്ടും ജനറേറ്ററുകള്‍ നിലച്ചത് സംസ്ഥാനത്ത് വൈദ്യൂതി പ്രതിസന്ധി രൂക്ഷമാക്കും. ഒന്നാംനമ്പര്‍ ജനറേറ്ററിന്റെ ഔട്ട്പുട്ട് ഇന്‍സുലേഷന്‍ തകരാര്‍ മൂലമാണ് തീ പിടിത്തം ഉണ്ടായതെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ജനറേറ്ററുകള്‍ മതിയായ അറ്റകുറ്റപ്പണിയില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ഞായറാഴ്ച തീപിടിത്തം ഉണ്ടായ ഉടനെ പ്രധാന ജീവനക്കാര്‍ ഭയചികിതരായി മാറിനില്‍ക്കുകയായിരുന്നു. അപകടം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ രണ്ടാംനമ്പര്‍ ജനറേറ്റര്‍ ഓഫാക്കാന്‍ പവര്‍ഹൗസിനകത്തുള്ള ജീവനക്കാര്‍ തയ്യാറായില്ലെന്നും അറിയുന്നു. പുറത്തുള്ള ജീവനക്കാരാണ് എമര്‍ജന്‍സി പ്രവര്‍ത്തിപ്പിച്ച് ജനറേറ്റര്‍ നിര്‍ത്തിയത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

പവര്‍ഹൗസില്‍ പരിചയസമ്പന്നരായ ജീവനക്കാരും കുറവാണ്്. ഭരണകക്ഷി യൂണിയനില്‍പ്പെട്ട പരിചയസമ്പന്നര്‍ സ്വാധീനമുപയോഗിച്ച് ഈ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകും. പകരം പുതുതായി ജോലിയില്‍ കയറുന്നവരെ നിര്‍ബന്ധിച്ച് ഇവിടെ ഡ്യൂട്ടിക്കിടുകയാണ്. ഇതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ വേണ്ട മെയിന്റനന്‍സ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. 1976ല്‍ ഒന്നാംഘട്ടത്തില്‍ 1, 2 , 3 ജനറേറ്ററുകള്‍ കമീഷന്‍ ചെയ്തു. 1986ല്‍ 4, 5 ,6 ജനറേറ്ററുകളും കമീഷന്‍ ചെയ്തു. 25 വര്‍ഷത്തെ കാലാവധിയാണ് പറഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞതിനാല്‍ പല അനുബന്ധ ഉപകരണങ്ങളും ശേഷി നഷ്ടപ്പെട്ടതുമാണ്. ഇവ മാറ്റാതെ അറ്റകുറ്റപ്പണിനടത്തി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ജൂണ്‍ 20ന് അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ പാനല്‍ബോര്‍ഡ് പൊട്ടിത്തെറിച്ച് അസി. എന്‍ജിനിയറും സബ് എന്‍ജിനിയറും മരിച്ചതിനെക്കുറിച്ച് ദുരൂഹതകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണവും ഉന്നത ഇടപെടലുകളില്‍ അട്ടിമറിക്കപ്പെട്ടു. ഇതിനുശേഷം അസി. എന്‍ജിനിയര്‍ പവര്‍ഹൗസ് തുരങ്കത്തിലൂടെ അമിതവേഗത്തില്‍ ജീപ്പോടിച്ച് കൂറ്റന്‍ ഷട്ടര്‍ തകര്‍ത്ത സംഭവമുണ്ടായി. ജനറേറ്ററിന് സമീപം വരെയെത്തയ ജീപ്പ് വീപ്പക്കുറ്റികളില്‍ തട്ടിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇതുസംബന്ധിച്ചും ഒരു നടപടിയുമുണ്ടായില്ല.

deshabhimani 280212

Tuesday, February 28, 2012

ട്രാവന്‍കൂര്‍ സിമന്റ്സിന് പുതിയ പദ്ധതി: പ്രഖ്യാപനം വാസ്തവവിരുദ്ധം

ട്രാവന്‍കൂര്‍ സിമന്റ്സിന് ആക്കുളം കായലിന്റെ ആഴംകൂട്ടല്‍ പദ്ധതിയുടെ ഭാഗമായി 30കോടി രൂപ ലഭിക്കുമെന്ന വിധത്തില്‍ ചെയര്‍മാന്‍ നടത്തിയ മാധ്യമപ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് കേരള സിമന്റ്സ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി അഡ്വ. കെ അനില്‍കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010 ഫെബ്രുവരി 16ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ആക്കുളം കായലിന്റെ ആഴംകൂട്ടല്‍ ജോലികള്‍ ട്രാവന്‍കൂര്‍ സിമന്റ്സിനെയും സംസ്ഥാന മാരിടൈം ഡെവലപ്മെന്റ് കോര്‍പറേഷനെയും ഏല്‍പ്പിച്ചത്. ഇരുകമ്പനികളുടെയും സംയുക്തജോലിയായതിനാല്‍ 15 കോടിരൂപയേ ട്രാവന്‍കൂര്‍ സിമന്റ്സിന് ലഭിക്കൂ. ഇതില്‍ കായലിന്റെ ആഴം കൂട്ടല്‍ ജോലിക്കനുവദിച്ച 17 കോടിയുടെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുന്ന ലാഭവിഹിതമായ അഞ്ച് കോടിയിലും പകുതിമാത്രമേ കമ്പനിക്ക് ലഭിക്കൂ.

പ്രവൃത്തികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശയിനത്തില്‍ 75ലക്ഷം രൂപ ഇപ്പോള്‍ തന്നെ കമ്പനിയുടെ വിഹിതമായി ലഭിച്ചു. ആക്കുളം കായലിന് സംരംക്ഷണഭിത്തി കെട്ടുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 13കോടി രൂപയുടെ പ്രവൃത്തികള്‍ ഉള്‍നാടന്‍ ജലഗതാഗതവകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. അവര്‍ ജോലി പൂര്‍ത്തീകരിക്കാതെ വന്നപ്പോള്‍ ഈ പ്രവൃത്തിയും ഇരു പൊതുമേഖലാസ്ഥാപനങ്ങളെയും ഏല്‍പ്പിച്ചു. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ 2011 ജൂലൈ 13ന് ചേര്‍ന്ന ഉന്നതതലസമിതിയോഗം തീരുമാനിച്ചതാണ്. ഈ കാലയളവില്‍ കമ്പനിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ ചുമതലയേറ്റിട്ടില്ല. ട്രാവന്‍കൂര്‍ സിമന്റ്സിന് യുഡിഎഫ് സര്‍ക്കാര്‍ പുതുതായി തുക അനുവദിക്കുന്നു എന്ന നിലയില്‍ പ്രചാരണങ്ങള്‍ വരുന്നത് വസ്തുതാവിരുദ്ധമാണ്. വടുതല കായലില്‍ കക്ക ഡ്രഡ്ജിങ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ സിമന്റ് ഉല്‍പ്പാദനം നടക്കുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇതുവരെ ഡ്രഡ്ജിങ് നടന്നിട്ടില്ല. ഉടന്‍ സിമന്റ് ഉല്‍പ്പാദനം പുനരാരംഭിക്കുകയാണ് വേണ്ടതെന്നും കേരള സിമന്റ്സ് ലേബര്‍ യൂണിയന്‍ വ്യക്തമാക്കി.

deshabhimani 280212

ആര്‍ട്ടിസ്റ്റിന് 5 ഓസ്കര്‍

കറുപ്പിലും വെളുപ്പിലും തീര്‍ത്ത നിശബ്ദ ചലച്ചിത്രം ആര്‍ട്ടിസ്റ്റിന് മികച്ച ചിത്രത്തിനും സംവിധായകനും നടനുമടക്കം അഞ്ച് ഓസ്കര്‍ പുരസ്കാരം. ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ മിഷേല്‍ ഹസാനവിസ്യുസിനും നായകന്‍ ജോണ്‍ ദുജാര്‍ദിനും ഇത് ആദ്യ ഓസ്കര്‍ . ഇരുവരും ഫ്രഞ്ചുകാര്‍ . 83 വര്‍ഷത്തിനിടെ ഓസ്കര്‍ പുരസ്കാരം നേടുന്ന ആദ്യ നിശബ്ദചിത്രമായി ആര്‍ട്ടിസ്റ്റ്. "ദി അയണ്‍ ലേഡി"യില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രീപ് മികച്ച നടിക്കുള്ള ഓസ്കര്‍ ഒരിക്കല്‍കൂടി നേടി. മാര്‍ട്ടിന്‍ സ്കോര്‍സെസെ, വൂഡി അലെന്‍ തുടങ്ങിയ ചലച്ചിത്രപ്രതിഭകളെ പിന്തള്ളിയാണ് നാല്‍പ്പത്തിനാലുകാരനായ ഹസാനവിസ്യുസ് മികച്ച സംവിധായകനായത്. ശബ്ദസിനിമയിലേക്കുള്ള ഹോളിവുഡിന്റെ പരിണാമത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പോയ നിശബ്ദചിത്രങ്ങളുടെ കാലത്തെ സൂപ്പര്‍താരത്തെയും മാറ്റത്തെ വരവേല്‍ക്കുന്ന പുതിയകാല നടിയെയും കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് ഹസാനവിസ്യുസ് പറയുന്നത്. ജോര്‍ജ് ക്ലൂണി, ബ്രാഡ് പിറ്റ് തുടങ്ങിയവരെ പിന്തള്ളിയാണ് മുപ്പത്തൊമ്പതുകാരനായ ദുജാര്‍ദിന്‍ മികച്ച നടനായത്.
എണ്‍പത്തിനാലാം ഓസ്കര്‍ പ്രഖ്യാപന രാവ് വേറെയും അത്ഭുതങ്ങള്‍ കരുതിവച്ചിരുന്നു. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര്‍ ആദ്യമായി ഇറാനിയന്‍ ചലച്ചിത്രത്തിനാണ്; അസ്ഗര്‍ ഫര്‍ഹാദിയുടെ "എ സെപ്പറേഷന്‍". പാകിസ്ഥാന് ലഭിക്കുന്ന ആദ്യ ഓസ്കറിനും ഈ ഞായര്‍നിശ സാക്ഷിയായി. ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ ഡാനിയല്‍ ജൂങ്ങും ഷര്‍മീന്‍ ഉബൈദ് ഷിനോയും ചേര്‍ന്ന് സംവിധാനംചെയ്ത "സേവിങ് ഫേസ്" പാകിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. മികച്ച സഹനടനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ പ്ലമ്മറിനാണ് (ദി ബിഗിന്നേഴ്സ്). എണ്‍പത്തിരണ്ടുകാരനായ പ്ലമ്മര്‍ ഓസ്കര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായി. മികച്ച സഹനടിക്കുള്ള പുരസ്കാരം "ദി ഹെല്‍പ്" എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്ടാവിയ സ്പെന്‍സറിനാണ്. മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിച്ച മെറില്‍ സ്ട്രീപ് (62) ഇത് മൂന്നുവട്ടം നേടിയ മറ്റ് നാല് അഭിനേതാക്കളോടൊപ്പമെത്തി. നാല് ഓസ്കര്‍ നേടിയ ഇതിഹാസതാരം കാതറിന്‍ ഹെപ്ബേണ്‍ മാത്രമാണ് ഇവര്‍ക്കുമുന്നിലുള്ളത്. അഭിനയത്തിന് ഏറ്റവുമധികം തവണ ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന്റെ റെക്കോഡ് മെറിലിനാണ്; 17 വട്ടം. 1982ലായിരുന്നു ഇതിനുമുമ്പ് അവര്‍ക്ക് ഓസ്കര്‍ ലഭിച്ചത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വൂഡി അലെനാണ് (മിഡ്നൈറ്റ് ഇന്‍ പാരീസ്). 23 തവണ നിര്‍ദേശിക്കപ്പെട്ട അദ്ദേഹത്തിന്റെ ഓസ്കര്‍ സമ്പാദ്യം ഇതോടെ നാലായി. പക്ഷേ, ഒരിക്കലും ഓസ്കറിനോട് പ്രതിപത്തി കാട്ടിയിട്ടില്ലാത്ത വൂഡി അലെന്‍ ഇത്തവണയും പുരസ്കാരം വാങ്ങാന്‍ എത്തിയില്ല. സ്കോര്‍സെസയുടെ "ഹ്യൂഗോ" ആര്‍ട്ടിസ്റ്റിനൊപ്പം അഞ്ച് ഓസ്കര്‍ നേടിയെങ്കിലും അവയെല്ലാം താരതമ്യേന അപ്രധാന വിഭാഗങ്ങളിലായിരുന്നു. മെത്താം 11 നാമനിര്‍ദേശം ഹ്യൂഗോയ്ക്കുണ്ടായിരുന്നു. ഇവയില്‍ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യമികവ്, ശബ്ദസങ്കലനം, ശബ്ദലേഖനം എന്നിവയ്ക്കാണ് പുരസ്കാരം. അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കര്‍ , ദി ഡിസന്‍ഡെന്റ്സിന്റെ രചന നിര്‍വഹിച്ച സംവിധായകന്‍ അലക്സാണ്ടര്‍ പെയ്ന്‍ , നാറ്റ് ഫാക്സണ്‍ , ജിം റാഷ് എന്നിവര്‍ക്കാണ്.

deshabhimani 280212

തിരൂരില്‍ പോലീസും ലീഗും അഴിഞ്ഞാടിയപ്പോള്‍

deshabhimani 280212

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗിന്റെ രാഷ്ട്രീയ മുതലെടുപ്പ്

കുമളി ടൗണ്‍ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗും യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. വാട്ടര്‍ അതോറിട്ടി മെയിന്റനന്‍സ് കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ഉള്‍പ്പെട്ട സംഘത്തിന്റെ സഹായത്തോടെയാണ് മുതലെടുപ്പ്. കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്. കുടിവെള്ള വിതരണ ലൈനില്‍ തടസം സൃഷ്ടിക്കല്‍ ഇവര്‍ പതിവാക്കിയിരിക്കുകയാണ്.

അടുത്തിടെ ആഴ്ചകളായി കുമളി ടൗണിന്റെ സമീപപ്രദേശങ്ങളായ റോസാപ്പൂക്കണ്ടം, കിഴക്ക്മേട്, താമരക്കണ്ടം, തേക്കടി, ലബ്ബക്കണ്ടം മേഖലകളില്‍ കുടിവെള്ളം എത്തിയില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തുമെന്ന് പ്രഖ്യപിച്ചപ്പോള്‍ സമരം പൊളിക്കാന്‍ ദിവസങ്ങളോളം വെള്ളം തുറന്നുവിട്ടു. എന്നാല്‍ മുസ്ലിംലീഗ് പമ്പ് ഹൗസ് മാര്‍ച്ച് 27 ന് നടത്തുമെന്ന് പ്രഖ്യാപിച്ച് പോസ്റ്റര്‍ ഇറക്കിയതുമുതല്‍ ദിവസങ്ങളായി വെള്ളം തുറന്നുവിട്ടില്ല. ഇതേ സമീപനമാണ് തെരഞ്ഞെടുപ്പ് വേളയിലും തുടര്‍ച്ചയായി സ്വീകരിച്ചത്. യുഡിഎഫ് രാഷ്ട്രീയലക്ഷ്യ പൂര്‍ത്തീകരണത്തിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. മാസങ്ങളായി ടൗണിന്റെ സമീപ പ്രദേശങ്ങളിലൊന്നും ശുദ്ധജലമെത്തുന്നില്ല. തകരാറുകള്‍ യഥാസമയം പരിഹരിക്കാറില്ല. തകരാറിന്റെ പേരില്‍ കരാറുകാരന്‍ വര്‍ഷവും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. മെയിന്റനന്‍സ് നടത്തുന്നത് നാട്ടുകാരില്‍ നിന്ന് വന്‍തുക പിരിച്ചാണ്.
കുമളിയിലെ വന്‍കിട റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും അനധികൃത കണക്ഷനുകള്‍ നല്‍കിയും പണം വാങ്ങുന്നു. നിയമവിരുദ്ധമായി പമ്പിങ്ലൈനില്‍നിന്ന് കണക്ഷന്‍ നല്‍കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം മാസങ്ങളോളം കുടിവെള്ളം മുട്ടിച്ച് നാട്ടുകാരെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനുള്ള ഇവരുടെ നീക്കം വിജയിക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടൗണിന്റെ സമീപപ്രദേശങ്ങളില്‍ രണ്ട് മാസം ശുദ്ധജലമെത്തിയില്ല. കുടിവെള്ളം എത്താത്തതിന് എല്‍ഡിഎഫ് ഭരണസമിതിയാണ് കാരണമെന്നാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. പി ടി തോമസ് വിജയിച്ചാല്‍ വെള്ളമെത്തുമെന്നും പ്രചരിപ്പിച്ചു. കൊടും വേനലിലെ തെരഞ്ഞെടുപ്പില്‍ കുടിവെള്ളം കിട്ടാഞ്ഞ ജനം യുഡിഎഫ് പ്രചാരണത്തില്‍ വീണു. പി ടി തോമസ് വിജയിച്ചതായി പ്രഖ്യാപിച്ചയുടന്‍ വെള്ളം തുറന്നുവിടുകയും ചെയ്തു. അതേ തന്ത്രം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പയറ്റി.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയാണ് കുമളി ടൗണിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 18 ലക്ഷം രൂപ ചെലവഴിക്കുകയും പുതിയ വിതരണലൈന്‍ സ്ഥാപിക്കുകയും ചെയ്തത്. കുമളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വെള്ളം എത്തിക്കുന്നതിന് 12.5 കോടിയുടെ പദ്ധതി മുന്‍ ഭരണസമിതി നടപ്പാക്കി. യുഡിഎഫ് വന്നതോടെ അതും അട്ടിമറിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുമളി സ്വദേശി കരാറുകാരനാണ് കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നില്‍ . കുമളി ചോറ്റുപാറ സ്കൂളില്‍ മദ്യലഹരിയില്‍ അധ്യാപികമാരോട് മോശമായി പെരുമാറുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കുടിവെള്ള പ്രശ്നമുയര്‍ത്തി രംഗത്ത് വരുന്നവരുടെ പേരില്‍ കള്ളപ്പരാതികള്‍ നല്‍കുന്നതും ഇയാളുടെ പതിവാണ്.

deshabhimani 280212

വര്‍ഗീയതക്കെതിരെ ജനമുന്നേറ്റമായി സെമിനാര്‍

മാനവസ്നേഹത്തിനും മതേതരത്വത്തിനും ഐക്യദാര്‍ഢ്യവുമായി "വര്‍ഗീയതയുടെ സാമൂഹ്യവിപത്ത്" സെമിനാര്‍ മലയോരജനതക്ക് ആവേശമായി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കുറ്റ്യാടിയില്‍ നടന്ന കുന്നുമ്മല്‍ ഏരിയാസെമിനാര്‍ വര്‍ഗീയവാദികള്‍ക്കുള്ള ശക്തമായ ചെറുത്തുനില്‍പ്പായി. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് സെമിനാറിലേക്ക് ഒഴുകിയെത്തിയത്.

ദേശീയ മതനിരപേക്ഷവാദികളുടെ ഈറ്റില്ലമായ കുറ്റ്യാടിയെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അണിനിരക്കുമെന്ന് സെമിനാര്‍ ആഹ്വാനംചെയ്തു. ജന്മി-നാടുവാഴിത്തത്തിനും ജാതീയതക്കുമെതിരെ ധീരമായ പോരാട്ടങ്ങള്‍ നടന്ന മണ്ണിന്റെ പാരമ്പര്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്ന സെമിനാര്‍ പ്രഖ്യാപനം ജനത നെഞ്ചേറ്റുന്ന കാഴ്ചക്കും കുറ്റ്യാടി നഗരം സാക്ഷിയായി. തങ്ങളുടെ പൂര്‍വികര്‍ പോരടിച്ചുനേടിയ അവകാശങ്ങള്‍ സംരക്ഷിച്ച് സാഹോദര്യം കാത്തുസൂക്ഷിക്കുമെന്ന് ധ്വനിപ്പിക്കുന്ന ആവേശവുമായാണ് ജനങ്ങള്‍ സെമിനാറിനെത്തിയത്. ചെങ്കൊടിയും തോരണങ്ങളും വിതാനിച്ച വഴികളില്‍ മുദ്രാവാക്യവുമായാണ് അവര്‍ നേതാക്കളെ സ്വീകരിച്ചത്. നാടന്‍പാട്ടും പടപ്പാട്ടുമായി ഉണര്‍ന്ന വേദിയില്‍ വര്‍ഗീയതക്കും ജന്മിത്വത്തിനും എതിരായ കാഹളം നാടന്‍ശീലുകളായി പെയ്തിറങ്ങി. ജനസംസ്കൃതി ഗായകസംഘമാണ് നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചത്. സെമിനാര്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ അധ്യക്ഷനായി. കെ ടി ജലീല്‍ എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍ , ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ കൃഷ്ണന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ടി കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, കെ ടി കുഞ്ഞിക്കണ്ണന്‍ , കെ കെ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

കോടഞ്ചേരിയില്‍ നാളെ സെമിനാര്‍

മുക്കം: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധമായി ബുധനാഴ്ച കോടഞ്ചേരിയില്‍ "മലബാര്‍ കുടിയേറ്റം: ചരിത്രവും വര്‍ത്തമാനവും" സെമിനാര്‍ നടക്കും. വൈകിട്ട് മൂന്നരക്ക് കോടഞ്ചേരി അങ്ങാടിയില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. പി കെ തരകന്‍ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ഡോ. ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ച് ആദ്യകാല കുടിയേറ്റ കര്‍ഷകരെ ആദരിക്കല്‍ , ചരിത്രത്തിലേക്കൊരു എത്തിനോട്ടം, അനുഭവങ്ങള്‍ പങ്കിടല്‍ , സ്നേഹവിരുന്ന് എന്നിവ നടക്കും. ജീരകപ്പാറ സമരനായകനും ഏരിയയിലെ സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജോസ് വര്‍ഗീസ് രചിച്ച "ഒരു കുടിയേറ്റക്കാരന്റെ ഓര്‍മക്കുറിപ്പുകള്‍" പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് ചെയര്‍മാനും ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ കണ്‍വീനറും കെ പി ചാക്കോച്ചന്‍ ട്രഷററുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

deshabhimani 280212

മോണോ റെയില്‍ : ഇനി വേണ്ടത് നടപ്പാക്കാനുള്ള ഇച്ഛാശക്തി

കോഴിക്കോട് മോണോ റെയില്‍ ചര്‍ച്ചയ്ക്കും നിര്‍മാണത്തിനുമിടയില്‍ എത്രവര്‍ഷം കാത്തിരിക്കണമെന്നാണ് ഇനിയുള്ള ചോദ്യം. വെറും മൂന്നരവര്‍ഷമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍ . രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പദ്ധതിപ്രദേശം കാണുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷം അറിയിച്ചതാണിത്. കൊങ്കണ്‍ റെയില്‍ പാതയും ഡല്‍ഹി മെട്രോ റെയിലും കൈവരിച്ച വിജയം നമ്മുടെ മുമ്പിലുണ്ട്-ശ്രീധരന്റെ വാക്കുകളെ വിശ്വസിക്കാം. പക്ഷേ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.

പദ്ധതിയുടെ സാധ്യതയും അനുകൂല സാഹചര്യവും കോഴിക്കോടിനുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ക്യാമ്പ് ഓഫീസും തുറക്കും. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള പദ്ധതിപ്രദേശമാണ് ശ്രീധരനും റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചത്. പദ്ധതിക്ക് മൂന്നു ഘട്ടമാണുള്ളത്. മൊത്തം 38.5 കിലോമീറ്ററാണ് മോണോ റെയിലിന് ഉണ്ടാവുക. ഇതില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയും സിവില്‍ സ്റ്റേഷന്‍ -മലാപ്പറമ്പ് വരെയുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയും മൂന്നാംഘട്ടത്തില്‍ രാമനാട്ടുകര മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെയുമാണ് നിര്‍ദിഷ്ട പദ്ധതി. റോഡിന്റെ മധ്യഭാഗത്ത് തൂണുകളില്‍ കൂടി നിര്‍മിക്കുന്ന മേല്‍പ്പാലത്തിലൂടെയാണ് ട്രെയിന്‍ ഓടുക. മൂന്നു ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. മെഡിക്കല്‍ കോളേജ്, ചേവായൂര്‍ , തൊണ്ടയാട്, കോട്ടൂളി, മൊഫ്യൂസില്‍ ബസ്സ്റ്റാന്റ്, മാനാഞ്ചിറ, പാളയം, ലിങ്ക് റോഡ്, പന്നിയങ്കര, കല്ലായ്, വട്ടക്കിണര്‍ , മീഞ്ചന്ത തുടങ്ങിയ ആദ്യഘട്ടത്തില്‍ 13 സ്റ്റേഷനുകളുണ്ടാകും. ഇതിനുപുറമെ മാനാഞ്ചിറ നിന്ന് സിവില്‍സ്റ്റേഷന്‍ -മലാപ്പറമ്പ് ഭാഗത്തേക്കുകൂടി സര്‍വീസ് നീട്ടുകയാണെങ്കില്‍ അധികമായി മൂന്നു സ്റ്റോപ്പ് കൂടി ഉണ്ടാകും. സിവില്‍ സ്റ്റേഷന്‍ - മലാപ്പറമ്പ് പാതയിലായിരിക്കും ഇവ. റെയില്‍വേ സ്റ്റേഷനുമുമ്പിലും സ്റ്റേഷന്‍ നിര്‍മിക്കും. അങ്ങനെ ആകെ 17 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

നാല് ബോഗികളോട് കൂടിയ ട്രെയിനില്‍ ചുരുങ്ങിയത് 500 പേര്‍ക്ക് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാം. ഇരട്ടപ്പാതയാണ് നിര്‍മിക്കുന്നത്. ഇതിലൂടെ കൂടുതല്‍ സര്‍വീസുകള്‍ ഒരേസമയം നടത്താന്‍ കഴിയും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിച്ചാല്‍ പ്രവൃത്തി വൈകില്ല. ഇഴഞ്ഞുനീങ്ങുന്ന കൊച്ചി മെട്രോ റെയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകള്‍ റോഡില്‍ പാഴാവുന്നതില്‍നിന്നുള്ള മോചനമാണ് ഏവരുടെയും പ്രതീക്ഷ. ഇ ശ്രീധരന്‍ , കലക്ടര്‍ പി ബി സലീം, റോഡ്ഫണ്ട് ബോര്‍ഡ് സിഇഒ പി സി ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശന്‍ പിള്ള, പിഡബ്ല്യുഡി ചീഫ് എന്‍ജിനിയര്‍ ടി ബാബുരാജ് എന്നിവരുമായി തിങ്കളാഴ്ച വിശദമായ ചര്‍ച്ച ഗസ്റ്റ് ഹൗസില്‍ നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പദ്ധതിയുടെ നേതൃസ്ഥാനം ശ്രീധരനെ ഏല്‍പ്പിക്കാന്‍ മന്ത്രി തയ്യാറായത്. പിഡബ്ല്യുഡിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. മറ്റു കാര്യങ്ങളില്‍ മന്ത്രിസഭായോഗ തീരുമാനമുണ്ടാകണം.

deshabhimani 280212

ഹോപ്കോയുടെ സ്ഥലം വിറ്റുതുലയ്ക്കുന്നു

പനമരം: ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ നീക്കം. പനമരത്തെ മലബാര്‍ റീജ്യണല്‍ ഹോട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേര്‍സ് പ്രോസ്സസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി (ഹോപ്കോ)യുടെ പേരിലുള്ള നാല് ഏക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്. സഹകരണ സംഘം നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം സ്ഥാപനത്തിന്റെ സ്ഥലം വില്‍ക്കാനുള്ള നീക്കത്തില്‍ സഹകരണവകുപ്പും എതിരഭിപ്രായം പ്രകടിപ്പിച്ചതായാണറിയുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ കൃഷിവകുപ്പിനു കീഴില്‍ 2003- 04 കാലത്താണ് പനമരത്ത് വിവിധോദ്ദേശ്യസംഘമായി ഹോപ്കോ പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്തവര്‍ഷം തന്നെ സംസ്ഥാനസഹകരണവകുപ്പ് മുഖാന്തിരം എന്‍സിഡിസിയില്‍നിന്ന് 41 ലക്ഷം രൂപ വായ്പ എടുത്തിടുണ്ട്. പതിനാറര ശതമാനമാണ് ഇതിന്റെ പലിശ. ഈയിനത്തില്‍ മുതലും പലിശയുമായി ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്.

സ്ഥാപനത്തിന് മാനന്തവാടി താലൂക്കില്‍ അഞ്ചുകുന്ന് വില്ലേജില്‍ 218, 220/13 റി സര്‍വേ നമ്പറുകളിലായുള്ള മൂന്ന് ഏക്കര്‍ ഏഴ് സെന്റ് കുനിനിലവും പനമരം വില്ലേജില്‍ 35/5, 35/4 സര്‍വേ നമ്പറുുകളിലായുള്ള ഒരു ഏക്കര്‍ സ്ഥലവുമാണ് വില്‍പ്പനയ്ക്കുവെച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 20ന്റെ മലയാള പത്രത്തില്‍ ഇതുസംബന്ധിച്ച പരസ്യവും വന്നു. ലേലതുകയുടെ 30 ശതമാനം നേരത്തെ അടക്കണം. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇത്രയും തുക അടച്ച് ഒരിക്കലും ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഭൂമി വളഞ്ഞവഴിയിലൂടെ സ്വന്തമാക്കാനുള്ള ചിലരുടെ താല്‍പര്യമാണ് വില്‍പ്പനയ്ക്കു പിന്നിലെന്നാണ് ആരോപണം. കൃഷിഭവനുകളില്‍ മണ്ണിര കമ്പോസ്റ്റ് വളം വിതരണംചെയ്യുന്നതിനാണ് ഹോപ്കോ സ്ഥാപിച്ചത്. എന്നാല്‍ അതിനുമാത്രം ഉല്‍പാദനം ഇവിടെയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം യൂണിറ്റുകളുണ്ട്. സിഎംപി നേതാവ് ടി മോഹനന്‍ ചെയര്‍മാനായ ഭരണസമിതിയാണ് ഹോപ്കോയുടെ ഭരണം നിര്‍വഹിക്കുന്നത്. യുഡിഎഫിലും ഇത് വിവാദമായിട്ടുണ്ട്. 14 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ സ്ഥാപനത്തിനുളളത്. 22 തൊഴിലാളികളും ഉണ്ട്. ഇതോടൊനുബന്ധിച്ച് എരുമ വളര്‍ത്തല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള സ്ഥലങ്ങള്‍ മറ്റു ചിലരുടെ പേരില്‍ വാങ്ങാനാണ് ശ്രമമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കര്‍ഷകരുടെ പേരിലുള്ള ഈ സ്ഥാപനം വിറ്റു തുലയ്ക്കുന്നതിനെതിരെ പനമരത്ത് പ്രതിഷേധം ശക്തമാണ്. സ്ഥാപനത്തിന്റെ കടം തീര്‍ക്കുന്നതിനായാണ് വില്‍പ്പനയെന്നാണ് പറയുന്നത്.
(ഒ എന്‍ രാജപ്പന്‍)

deshabhimani 280212

വികസനത്തിന് ചെയ്തത് സുധാകരന്‍ തെളിയിക്കണം: പി ജയരാജന്‍

തലശേരി: ലോക്സഭാംഗമെന്ന നിലയില്‍ മൂന്നു വര്‍ഷമായിട്ടും ഒരു വികസനപ്രവര്‍ത്തനവും നടപ്പാക്കാനാവാത്ത കെ സുധാകരന്‍ നിവേദനത്തിന്റെ കോപ്പി പ്രദര്‍ശിപ്പിച്ച് കബളിപ്പിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രഭരണം കൈയാളുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധിയായിട്ടും മലബാറിന്റെയോ ജില്ലയുടെയോ പൊതുവികസനത്തിന് ഒന്നുംചെയ്യാന്‍ എംപിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി, കത്തയച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചുപറയുന്ന സുധാകരന്‍ ജനങ്ങളെ വഞ്ചിക്കുകയാണ്്. ജില്ലയുടെ വികസനത്തിനായി ചെയ്ത ഒരു കാര്യമെങ്കിലും തെളിയിക്കാന്‍ സുധാകരനെ വെല്ലുവിളിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അതിവേഗത്തിലാണ് സ്ഥലമെടുത്തത്. വിമാനത്താവളത്തിനായി ഏറെ പരിശ്രമിച്ച ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍നായര്‍ , നടപടി മരവിച്ചതായാണ് വെളിപ്പെടുത്തിയത്. വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍ത്തെന്ന് പറഞ്ഞ് തലശേരി-മൈസൂരു പാതയുടെ കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സമ്മര്‍ദംചെലുത്തുന്നതിന് പകരം തങ്ങളുടെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരന്‍ എംപിയും. ലോക്സഭയില്‍ പങ്കെടുക്കാത്ത ഒരാള്‍ക്ക് നാടിന്റെ വികസനത്തിന് എങ്ങനെ ഇടപെടാനാവുമെന്നും ജയരാജന്‍ ചോദിച്ചു. മലബാറിന്റെ വികസനപിന്നോക്കാവസ്ഥ പരിഹരിക്കാനും പദ്ധതികള്‍ നേടിയെടുക്കാനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

സമാധാനയോഗത്തിനു ശേഷവും മുസ്ലിംലീഗിലെ തീവ്രവാദികള്‍ ഏകപക്ഷീയ അക്രമം തുടരുകയാണ്. സംഘപരിവാര്‍ ശൈലിയിലാണ് ഇവരുടെ ആക്രമണവും. എന്തൊക്കെ പ്രകോപനമുണ്ടായാലും സമാധാനത്തിനായി സിപിഐ എം നിലകൊള്ളും. ജില്ലാ പൊലീസ് മേധാവിതന്നെ ലീഗാണ് അക്രമം ആരംഭിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. സമാധാനയോഗത്തിന് ശേഷവും തുടരുന്ന ഏകപക്ഷീയ അക്രമം ഇതിന്റെ തെളിവാണ്. മാട്ടൂലില്‍ പൊലീസിനെയടക്കം ആക്രമിച്ചു. വയനാടുനിന്ന് ക്രമസമാധാനപാലനത്തിനെത്തിയ പൊലീസുകാരന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അക്രമത്തിനെതിരെ മുസ്ലിംലീഗിലെ സമാധാനകാംക്ഷികള്‍ ഉള്‍പ്പെടെ രംഗത്തുവരണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

റെയില്‍ വികസനം: എംപിയുടെ നിലപാട് തട്ടിപ്പ്

കണ്ണൂര്‍ : പലതവണ യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനുകളും കേന്ദ്ര റെയില്‍വേമന്ത്രിയടക്കമുള്ളവരുടെ മുന്നില്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്വന്തം പേരിലാക്കാനുള്ള എംപിയുടെ നീക്കം പരിഹാസ്യമാവുന്നു. റെയില്‍വേ ബജറ്റിന്റെ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. റെയില്‍വേ ഈ വര്‍ഷം പരിഗണിക്കാന്‍ സാധ്യതയുളള കാര്യങ്ങള്‍ തന്റെ ഇടപെടല്‍ കാരണമാണ് നടപ്പായത് എന്ന് വരുത്താനുള്ള വ്യഗ്രതയാണ് കെ സുധാകരന്‍ എംപി വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.

സുധാകരന്‍ നിര്‍ദേശിച്ചുവെന്ന് പറയുന്ന പദ്ധതികളില്‍ ഭൂരിപക്ഷവും നേരത്തെതന്നെ റെയില്‍വേ അംഗീകരിച്ചതാണ്. തലശേരി -മൈസുരു പാത സര്‍വേക്ക് കഴിഞ്ഞ ബജറ്റ് അംഗീകാരം നല്‍കിയിരുന്നു. അത് നടപ്പാക്കാനാണ് എംപി ഇടപെടേണ്ടത്. കണ്ണൂര്‍ -മട്ടന്നൂര്‍ റെയില്‍പാത സര്‍വേയുടെ ഒന്നാംഘട്ടവും പൂര്‍ത്തിയായി. കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പിറ്റ് ലൈന്‍ , നാലാം നമ്പര്‍ പ്ലാറ്റ്ഫോറം എന്നിവയൊക്കെ നേരത്തെ അനുവദിച്ചതാണ്. ഫണ്ടില്ലെന്ന കാരണത്താലാണ് പ്രവൃത്തി നീളുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സന്ദര്‍ശിച്ച റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷൊര്‍ണൂര്‍ മംഗളൂരു പാത ഇരട്ടിപ്പിക്കലും അന്തിമഘട്ടത്തിലാണ്. കോഴിക്കോട് എലത്തൂര്‍ ഭാഗത്തും നേത്രാവതി പാലത്തിനടുത്തുമാണ് പണി ബാക്കിയുള്ളത്. ഇത് രണ്ടും ഒരുമാസത്തിനകം പൂര്‍ത്തിയാവുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ ഓവര്‍ബ്രിഡ്ജും റെയില്‍വേസ്റ്റേഷന്‍ വികസനങ്ങളും നിരവധിതവണ റെയില്‍വേ അധികൃതരുടെ മുന്നില്‍ ഉന്നയിച്ചതാണ്. താന്‍ കൊണ്ടുവരുന്ന പദ്ധതികള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പറയുന്ന എംപിയാണ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരമായി നടത്തുന്ന സമ്മര്‍ദങ്ങളുടെ ഫലം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

deshabhimani 280212

ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെച്ചൊല്ലി ആരോഗ്യ-കൃഷിവകുപ്പുകള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. തര്‍ക്കത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു. ഇതോടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപയും ജീവിച്ചിരിക്കുന്ന ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടശേഷമായിരുന്നു കമീഷന്‍ നിര്‍ദേശം. ഇതിന് 120 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിര്‍ദേശം കിട്ടിയ ഉടന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നു കാണിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആദ്യഗഡുവായി മൂന്നു ലക്ഷംവീതം നല്‍കുന്നതിന് 48 കോടി രൂപ കോര്‍പറേഷന്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്.

ആരോഗ്യവകുപ്പിന്റെ ഈ ഉത്തരവിനെതിരെ കോര്‍പറേഷന്‍ ചെയര്‍മാനും സോഷ്യലിസ്റ്റ് ജനതാ നേതാവുമായ വര്‍ഗീസ് ജോര്‍ജ് സ്വന്തം പാര്‍ടിക്കാരനായ കൃഷിമന്ത്രി കെ പി മോഹനന് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് രണ്ടാഴ്ചമുമ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച കൃഷിവകുപ്പ് പുതിയ ഉത്തരവിറക്കിയത്. കൃഷിവകുപ്പിന്റെ ഉത്തരവില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നു. എന്നാല്‍ , എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നോ ഇതിനുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നോ ഉത്തരവിലില്ല. കൃഷിവകുപ്പിന്റെ ഒരു ഉത്തരവിലൂടെമാത്രം ധനവകുപ്പ് നഷ്ടപരിഹാരത്തിന് തുക അനുവദിക്കില്ല.

സര്‍ക്കാരിന്റെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുന്നതിനു പകരം ഓരോ വകുപ്പും തോന്നിയപോലെ ഉത്തരവിറക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചതായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്ട് പൊതുപരിപാടിയിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളിലും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. എന്നാല്‍ , എല്‍ഡിഎഫ് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അന്നത്തെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ അലംഭാവവും കാട്ടി. സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറെയുള്‍പ്പെടെ പിന്‍വലിച്ച് സഹായ പദ്ധതികള്‍ അട്ടിമറിക്കുകയായിരുന്നു.

deshabhimani 280212