Showing posts with label മൈക്രോ ഫിനാന്‍സ്. Show all posts
Showing posts with label മൈക്രോ ഫിനാന്‍സ്. Show all posts

Friday, October 12, 2012

ജനശ്രീ തട്ടിപ്പിന് ഹസ്സന്റെ ബിനാമിയും


ജനശ്രീ തട്ടിപ്പിന് എം എം ഹസ്സന്‍ തട്ടിക്കൂട്ടിയ പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് െ്രപെവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആകെയുള്ള രണ്ട് ട്രസ്റ്റികളില്‍ ഒരാളായ കേശവന്‍ നറുകര ഹസ്സന്റെ ബിനാമി. 2001-05 കാലയളവില്‍ ഹസ്സന്‍ മന്ത്രിയായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കേശവന്‍ നറുകര, ഹസ്സന്റെ സന്തത സഹചാരിയും എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരനുമാണ്. രണ്ടാമത്തെ ട്രസ്റ്റി ജയ ശ്രീകുമാര്‍, ഹസ്സന്റെ കൂട്ടാളിയും ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ബി എസ് ബാലചന്ദ്രന്റെ വിശ്വസ്തയും ഭാരത് സേവക് സമാജിന്റെ പ്രോഗ്രാം ഡയറക്ടറുമാണ്. ഈ കമ്പനിയാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് കമ്പനിയെ പണയത്തിലാക്കിയത്. ഇതോടെ ജനശ്രീയുടെയും മൈക്രോഫിന്‍ ലിമിറ്റഡ് കമ്പനിയുടെയും മുഴുവന്‍ ആസ്തിയും പൂര്‍ണ അവകാശവും ഈ തട്ടിക്കൂട്ട് കമ്പനിയുടെ കൈയിലായി. വെറും ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനമാണ് രണ്ട് ട്രസ്റ്റികളുടെയും പേരിലുള്ളത്. ജനശ്രീയുടെ അതേ വിലാസത്തില്‍ രൂപീകരിച്ച ഈ വ്യാജ കമ്പനിക്ക് ഇനി ജനശ്രീയെ ഏത് നിമിഷവും വിഴുങ്ങാം.

എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്നാണ് കോണ്‍ഗ്രസുകാര്‍ക്ക് പ്രിയപ്പെട്ട ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരില്‍ത്തന്നെ തട്ടിപ്പ് സംഘം രൂപീകരിച്ചതെന്നതും ചര്‍ച്ചയാവുകയാണ്. ഹസ്സന്റെ സ്വകാര്യലാഭത്തിന് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരില്‍ തട്ടിപ്പ് സ്ഥാപനം തുടങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് ഐ വിഭാഗം പ്രതികരിച്ചു. ജനശ്രീ മൈക്രോഫിന്‍ സമാഹരിക്കുമെന്ന് പറയുന്ന മൂന്ന് കോടി രൂപയുടെ കടപ്പത്രത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്നതിനാണ് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുണ്ടാക്കി രഹസ്യ പണയക്കരാറില്‍ ഒപ്പുവച്ചത്. ഇത്തരം കടപ്പത്രത്തിന് ട്രസ്റ്റിയായി നില്‍ക്കുന്ന കമ്പനി ആദ്യ കമ്പനിയേക്കാള്‍ ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയമുള്ളതും കൂടുതല്‍ ഓഹരി മൂലധനമുള്ളതും ഏവരുടെയും അംഗീകാരമുള്ളതുമായിരിക്കണമെങ്കിലും ഇവിടെ അതെല്ലാം ലംഘിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രവുമായിരുന്നു ഇത്. കടപ്പത്ര ഉടമകള്‍ക്ക് 11 മുതല്‍ 13 ശതമാനംവരെ പലിശ നല്‍കുമെന്ന് പ്രിയദര്‍ശിനിയും ജനശ്രീയും തമ്മിലുണ്ടാക്കിയ കരാറില്‍ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് ബാങ്കിങ് നൂലാമാലകളില്ലാതെ പണം നിക്ഷേപിക്കാനും കള്ളപ്പണം വെളുപ്പിക്കാനും കഴിയും. ഈ പണം പാവപ്പെട്ട സ്ത്രീകള്‍ക്ക് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കി ചൂഷണം നടത്തുകയെന്നതും ഹസ്സന്റെയും കൂട്ടരുടെയും ലക്ഷ്യമാണ്. കടപ്പത്രം നല്‍കുന്ന ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ കാശ് തിരിച്ചുനല്‍കുന്നതില്‍ ജനശ്രീ വീഴ്ച വരുത്തിയാല്‍ അത് നല്‍കേണ്ടത് പ്രിയദര്‍ശിനി കമ്പനിയാണ്. ഇതിന് പകരമായി ജനശ്രീയുടെ ആസ്തികള്‍ ഈ കമ്പനിയുടെ കൈയിലാകും. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ചാല്‍ വളരെ എളുപ്പത്തില്‍ ആസ്തികളാകെ പ്രിയദര്‍ശിനി കമ്പനിയുടെ കൈയിലാകും.

ഹസന്‍ 2 കോടി പിരിക്കാന്‍ ശ്രമിച്ചെന്ന് ജനശ്രീ ചെയര്‍പേഴ്സണ്‍

കൊച്ചി: ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം എം ഹസനെതിരെ ജനശ്രീ ചെയര്‍പേഴ്സന്‍. ഹസന്‍ ജനശ്രീയുടെ യൂണിറ്റുകള്‍വഴി രണ്ടേകാല്‍കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെന്ന് കൊടുങ്ങല്ലൂര്‍ മേത്തല ജനശ്രീ മിഷന്‍ ചെയര്‍പേഴ്സണ്‍ സുലേഖ അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന കണ്‍വന്‍ഷന്‍ നടത്താനാണ് ഹസന്‍ പണം സ്വരൂപിക്കാന്‍ ശ്രമിച്ചത്. ഇതിനായി ഓരോ യൂണിറ്റും 5000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജനശ്രീയില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഇത്രയും പണം കൊടുക്കാനായില്ല. കൊടുക്കാത്ത യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കിയില്ലെന്നും സുലേഖ അഷ്റഫ് പറഞ്ഞു. മേത്തല ജനശ്രീ മിഷനുനേരെ പാര്‍ടി പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ അപവാദപ്രചാരണം നടത്തുകയാണ്. പാര്‍ടി നേതൃത്വത്തിന്റെ മോശമായ പ്രവൃത്തികള്‍ക്കെതിരെ ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിഹാരമൊന്നും ഉണ്ടായില്ല. ജനശ്രീ അംഗങ്ങള്‍ക്ക് പശുവിനെ തരാമെന്നുപറഞ്ഞ് മേലധികാരികള്‍ കബളിപ്പിച്ചുവെന്നും സുലേഖ അഷ്റഫ് പറഞ്ഞു.

deshabhimani 121012

Tuesday, October 9, 2012

1.99 കോടിയുടെ ഓഹരിയുണ്ടെന്ന് ഹസ്സന്‍ മാര്‍ച്ചില്‍ കത്തുമെഴുതി


ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ തനിക്ക് 1.99 കോടി രൂപയുടെ ഓഹരിയുണ്ടെന്ന് കാണിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ എം എം ഹസ്സന്‍ അയച്ച കത്തും പുറത്തുവന്നു. കുറഞ്ഞ പലിശനിരക്കില്‍ പത്തു കോടി രൂപ വായ്പ ആവശ്യപ്പെട്ട് കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിനോടൊപ്പം സമര്‍പ്പിച്ച രേഖയിലാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ പത്ത് രൂപ വീതമുള്ള 19,94,000 ഓഹരിയുണ്ടെന്ന് ഹസ്സന്‍ സ്ഥാപിച്ചത്. 2012 മാര്‍ച്ച് 23ന് ഹസ്സന്‍ ഒപ്പിട്ട് അയച്ച കത്തും കത്തിനോടൊപ്പം സമര്‍പ്പിച്ച രേഖകളും കോര്‍പറേഷനില്‍നിന്ന്, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ "ദേശാഭിമാനി"ക്ക് ലഭിച്ചു. ഈ രേഖയിലും കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനം രണ്ട് കോടി രൂപയാണെന്ന് പറയുന്നു. മറ്റ് ആറ് ഡയറക്ടര്‍മാര്‍ക്ക് നേരത്തെ "ദേശാഭിമാനി" വാര്‍ത്തയില്‍ പറഞ്ഞപോലെ പതിനായിരം രൂപയുടെ വീതം ഓഹരിമാത്രമേയുള്ളൂ. കമ്പനി രജിസ്റ്റര്‍ചെയ്ത് അഞ്ചുമാസം കഴിഞ്ഞശേഷം 2010 ആഗസ്ത് 14ന് രണ്ടു കോടി രൂപ നിക്ഷേപിച്ച് ആദ്യ ഓഹരി വിതരണം നടത്തിയതെന്നാണ് ഹസ്സന്‍ ഇപ്പോഴും അവകാശപ്പെടുന്നത്. അന്നുമുതല്‍ ഇപ്പോള്‍വരെ തനിക്ക് 50,000 രൂപയുടെ ഓഹരിമാത്രമേ ഉള്ളൂവെന്നും ഹസ്സന്‍ അവകാശപ്പെടുന്നു. എന്നാല്‍,2010 ഫെബ്രുവരി 24ന് ഹസ്സന്‍ ഒപ്പിട്ട സത്യവാങ്മൂലപ്രകാരം 1.99 കോടിയുടെ ഓഹരിയുണ്ടെന്നതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം "ദേശാഭിമാനി" പുറത്തുവിട്ടിരുന്നു. 2012 മാര്‍ച്ച് 23ന് പിന്നോക്ക വികസന കോര്‍പറേഷന് അയച്ച കത്തിലും ഇത് ആവര്‍ത്തിച്ചതോടെ ഹസ്സന്റെ എല്ലാ അവകാശവാദങ്ങളും പൊളിയുകയാണ്. 2010 ഫെബ്രുവരി 24 മുതല്‍ 2012 മാര്‍ച്ച് 23 വരെ ഹസ്സന് ഇത്രയും ഭീമമായ ഓഹരിയുണ്ടായിരുന്നുവെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

ജനശ്രീ സുസ്ഥിര വികസന മിഷനും ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡും വ്യത്യസ്ത സ്ഥാപനങ്ങളാണെന്ന ഹസ്സന്റെ അവകാശവാദവും ശരിയല്ലെന്ന് ഹസ്സന്‍ ഒപ്പിട്ട കത്തുതന്നെ വെളിപ്പെടുത്തുന്നു. 2006ല്‍ തുടങ്ങിയ ജനശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാനാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതെന്ന് ഹസ്സന്‍ ഈ കത്തില്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിശ്ചിത ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ബാങ്കിങ്ങിതര പണമിടപാട് കമ്പനിയാണെന്നും പറയുന്നു. കുറഞ്ഞ പലിശയ്ക്ക് വായ്പ സംഘടിപ്പിച്ച് കൊള്ളപ്പലിശയ്ക്ക് നല്‍കുകയെന്ന തന്ത്രമാണ് ഈ കത്തിനു പിന്നില്‍.

പിന്നോക്ക വികസന കോര്‍പറേഷന്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ ഫണ്ട് ആ വിഭാഗത്തിന് നല്‍കുന്നതിന് പകരം തങ്ങളുടെ സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള ഗൂഢാലോചനയും ഈ നീക്കത്തിനു പിന്നിലുണ്ട്. ജനശ്രീ മൈക്രോഫിന്‍ ഡയറക്ടറും ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ബി എസ് ബാലചന്ദ്രന്‍ മുമ്പ് ഭാരത് സേവക് സമാജിന്റെ മറവില്‍ കോര്‍പറേഷനില്‍നിന്ന് വായ്പ എടുത്തിരുന്നു. ജപ്തി നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍മാത്രമാണ് ഈ തുക തിരിച്ചടച്ച് തടിതപ്പിയത്്്. ബാലചന്ദ്രനെതിരായ പരാതികള്‍ പരിശോധിച്ചശേഷം ഒരു കാരണവശാലും വായ്പയോ മറ്റ് ധനസഹായമോ നല്‍കരുതെന്ന് 2003ല്‍ പട്ടികജാതി വികസനവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഈ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് വീണ്ടും ബാലചന്ദ്രന്‍ ഡയറക്ടറായ മൈക്രോഫിന്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ബാലചന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായ കുടുംബശ്രീ മിഷന് കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ 14.36 കോടി ധനസഹായവും അനുവദിച്ചതും കടുത്ത ചട്ടലംഘനവുമാണ്.

deshabhimani 091012

Monday, October 8, 2012

ജനശ്രീ മിഷന്‍: കടലാസ്സംഘങ്ങള്‍ കൃഷിക്ക് തട്ടിയത് കോടികള്‍


ജനശ്രീമിഷന്റെ പേരില്‍ തട്ടിക്കൂട്ടിയ കടലാസ് സംഘങ്ങള്‍ കാര്‍ഷിക വായ്പയുടെ മറവില്‍ കുട്ടനാട്ടിലെ വിവിധ ബാങ്കുകളില്‍നിന്ന് തട്ടിയത് കോടികള്‍. കാനറ ബാങ്ക് പുളിങ്കുന്ന് ശാഖ, എസ്ബിടി കാവാലം, രാമങ്കരി ശാഖകളില്‍നിന്നാണ് കടലാസ് സംഘടനകള്‍ പണം തട്ടിയത്. നബാര്‍ഡ് മുഖേന കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന കാര്‍ഷിക വായ്പയാണ് ജനശ്രീമിഷന്റെ കീഴില്‍ രൂപീകരിച്ച സംഘങ്ങള്‍ തട്ടിയെടുത്തത്. കുട്ടനാട്ടിലെതന്നെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടിലെ ആറു പേര്‍ മൂന്നു ലക്ഷം വീതം 18 ലക്ഷം രൂപയാണ് ഇപ്രകാരം വായ്പ സംഘടിപ്പിച്ചത്. കായലുകളിലും മറ്റും പാട്ടക്കൃഷിയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നല്‍കിയായിരുന്നു തട്ടിപ്പ്. രണ്ടുവര്‍ഷമായിട്ടും പകുതി സംഘങ്ങളും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. കുട്ടനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരാണ് തട്ടിപ്പിനുപിന്നില്‍.

കനറാ ബാങ്ക് ശാഖയില്‍നിന്നുമാത്രം 125 ലേറെ യൂണിറ്റുകള്‍ ചേര്‍ന്ന് നാലുകോടിയിലേറെ രൂപ വായ്പ എടുത്തു. ഐശ്വര്യ കണ്ണാടി, പ്രിയദര്‍ശിനി വെളിയനാട്, നേതാജി പുളിങ്കുന്ന്, വനിതാശ്രീ കണ്ണാടി, ശ്രീദേവി ചെറുകര തുടങ്ങിയ സംഘടനകളാണ് വായ്പ എടുത്തത്. നിലമുടമകളുടെ കൈയില്‍നിന്ന് എഴുതിവാങ്ങുന്ന പാട്ടക്കരാറും കരംതീര്‍ത്ത രസീതും അടക്കം ബാങ്കില്‍ നല്‍കിയാണ് വായ്പ തരപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ കുട്ടനാട്ടിലെ മണ്ഡലം ഭാരവാഹികള്‍വരെ ഇത്തരത്തില്‍ കൃഷിവായ്പ സംഘടിപ്പിച്ചു. ജനശ്രീ മിഷന്‍ മണ്ഡലം ചെയര്‍മാന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിച്ചത്.

ജനശ്രീ മിഷനു കീഴില്‍ 15 മുതല്‍ 20 അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന സംഘം രൂപീകരിച്ച് ഇവരെ പിന്നീട് മൂന്നുഗ്രൂപ്പുകളായി തിരിക്കും. ഇവര്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കും. തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് കാര്‍ഷിക വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനശ്രീമിഷന്‍ മണ്ഡലം ചെയര്‍മാന്‍ ബാങ്കുകള്‍ക്ക് ലെറ്റര്‍ഹെഡില്‍ കത്ത് നല്‍കും. ഈ കത്തുപ്രകാരമാണ് ബാങ്ക് വായ്പ അനുവദിച്ചത്. പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘത്തില്‍ തങ്ങളുടെ ഇഷ്ടത്തിനും വരുതിയിലും നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമെ അംഗത്വം നല്‍കൂ. ചില അംഗങ്ങള്‍ക്ക് വായ്പ അനുവദിപ്പിച്ചതിന്റെ പേരില്‍ നേതാക്കള്‍ കമീഷന്‍ തട്ടിയതായും ആക്ഷേപമുണ്ട്. പാടശേഖരസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് വായ്പയായി ലഭിച്ച തുക പെലിശയ്ക്കു നല്‍കി. വായ്പ തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വായ്പ അനുവദിച്ചത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് അധികൃതര്‍ വിവരങ്ങള്‍ നല്‍കിയില്ല.

deshabhimani 081012

Sunday, October 7, 2012

ജനശ്രീ: അന്വേഷണവിവരം പുറത്തുവിടണം - തോമസ് ഐസക്


എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീമിഷന്റെ ഡയറക്ടര്‍ ബി എസ് ബാലചന്ദ്രന്‍ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) പേരില്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കരിമ്പട്ടികയില്‍ പ്പെടുത്തിയ ആളാണ് ബി എസ് ബാലചന്ദ്രനെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇയാള്‍ ഡയറക്ടറായ ജനശ്രീക്കാണ് അനധികൃതമായി ഫണ്ട് അനുവദിച്ചത്. ബാലചന്ദ്രനെതിരായ ആരോപണങ്ങള്‍ പരിശോധിച്ച് 2003ല്‍ പട്ടികജാതി-വര്‍ഗ വികസനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി "ഒരുതരത്തിലും സഹായം/ലോണ്‍ നല്‍കുവാന്‍ പാടില്ല" എന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഇപ്പോള്‍ നിലവിലില്ലേ എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇയാളുടെ തട്ടിപ്പുകളെ സംബന്ധിച്ച് വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളുമുണ്ട്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശയുമുണ്ട്. തട്ടിപ്പിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട ആളാണ്. പല പരാതിയിലും അന്വേഷണം തുടരുകയാണ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് പൊതുപണം അനുവദിച്ചത് വെല്ലുവിളിയാണ്. ഇതിനെതിരെ ലോകായുക്തയെ സമീപിക്കും.
ബിഎസ്എസിലെ കോണ്‍ഗ്രസ് അനുഭാവികളായിരുന്ന ജീവനക്കാരികള്‍ ബാലചന്ദ്രന്‍ കണ്‍വീനറായി ജനശ്രീമിഷന്‍ രൂപീകരിക്കുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്റിന് 2007ല്‍ നേരിട്ട് പരാതി നല്‍കിയതാണ്. ആ പരാതിയില്‍ തട്ടിപ്പുകള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട്. പരാതിക്കാരില്‍ സലിലഭായി എന്ന സ്ത്രീ, കുടുംബശ്രീ സംരക്ഷണവേദിക്ക് നല്‍കിയ പരാതിയില്‍ ബിഎസ്എസിന്റെ ഫണ്ടുകള്‍ ഇപ്പോഴും ബാലചന്ദ്രനും കൂട്ടരും തിരുമറി നടത്തുന്നതായി പറഞ്ഞിട്ടുണ്ട്. അനധികൃത കോഴ്സുകള്‍ നടത്തി യുവാക്കളെ വഞ്ചിച്ചു. നേഴ്സിങ് കോഴ്സുകള്‍ സംബന്ധിച്ച് നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പട്ടികജാതി വകുപ്പ്, അവശ ക്രൈസ്തവ കോര്‍പറേഷന്‍ തുടങ്ങി പല ഏജന്‍സികളില്‍ നിന്നും പണം തട്ടിയെടുത്തു. വ്യാജ കോഴ്സുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് എ കെ ആന്റണിയായിരുന്നു ഉത്തരവിട്ടത്. ഡിവൈഎസ്പി ഡൊമിനിക് ചവറയുടെ അന്വേഷണത്തില്‍ വന്‍ കുറ്റങ്ങള്‍ തെളിഞ്ഞതോടെ അദ്ദേഹം സിബിഐ അന്വേഷണത്തിന് ശുപാര്‍ശയും ചെയ്തതാണ്. കോട്ടയത്ത് ഇന്റര്‍വ്യൂ നടത്തി തട്ടിപ്പുനടത്തുമ്പോള്‍ ഇയാള്‍ അറസ്റ്റിലായതാണ്. കേസ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്‍വലിച്ചിരുന്നു. എന്നാല്‍, 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. മറ്റു ചില പരാതികളുടെ അടിസ്ഥാനത്തില്‍ അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരടക്കം ബാലചന്ദ്രന്റെ തട്ടിപ്പുകള്‍ ഉന്നയിക്കുകയുണ്ടായി. ഇങ്ങനെയുള്ള ഒരാള്‍ നേതൃത്വം നല്‍കുന്ന ജനശ്രീമിഷനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം ടി എന്‍ സീമ എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

deshabhimani 071012

Thursday, October 4, 2012

ജനശ്രീ: 1.99 കോടിയുടെ ഓഹരിയുണ്ടെന്ന ഹസ്സന്റെ സത്യവാങ്മൂലവും പുറത്ത്


ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ തനിക്ക് 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ അവകാശവാദം പൊള്ളയാണെന്നതിന് കൂടുതല്‍ തെളിവ്. കമ്പനിയില്‍ പത്ത് രൂപയുടെ 19,94,000 ഓഹരിയുണ്ടെന്ന് കാണിച്ച് ഹസ്സന്‍ സ്വന്തം കൈപ്പടയില്‍ ഒപ്പിട്ട രേഖ പുറത്തുവന്നു. 1956ലെ കമ്പനി ആക്ടിലെ ഉപവകുപ്പ് 171(2) പ്രകാരം ജനശ്രീ മൈക്രോഫിന്‍ അടിയന്തര ജനറല്‍ ബോഡിയോഗം ചേരുന്നതിന് ഡയറക്ടര്‍മാര്‍ നല്‍കുന്ന സമ്മതപത്രത്തിലാണ് ഹസ്സന്‍ തനിക്ക് ഭീമമായ ഓഹരിയുണ്ടെന്ന് തുറന്നുസമ്മതിക്കുന്നത്.

2010 ആഗസ്ത് അഞ്ചിനാണ് ആഗസ്ത് ഒമ്പതിന് ചേരുന്ന യോഗത്തിനുള്ള ഈ സമ്മതപത്രം നല്‍കുന്നത്. മറ്റ് ആറ് ഡയറക്ടര്‍മാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഇവരുടെ വിഹിതം 10,000 രൂപ വീതം മാത്രമാണ്. 2010 ഫെബ്രുവരി 24ന് ഹസ്സനും മറ്റു ഡയറക്ടര്‍മാരും ഒപ്പിട്ട പ്രതിജ്ഞാപത്രത്തിന്റെ പകര്‍പ്പും "ദേശാഭിമാനി"ക്കു ലഭിച്ചു. ഇതില്‍,തങ്ങള്‍ സ്വന്തം ശേഷികൊണ്ടാണ് ഓഹരികള്‍ കൈക്കലാക്കിയതെന്ന് ഒരു സംശയവുമില്ലാതെ സത്യപ്രസ്താവന നടത്തിയിട്ടുമുണ്ട്. ഈ സത്യവാങ്മൂലം പ്രകാരം കമ്പനിആക്ട് അനുസരിച്ച് 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തപ്പോഴും ഹസ്സന് ഭീമമായ ഓഹരിയുണ്ടായിരുന്നുവെന്ന രേഖയും ദേശാഭിമാനി നേരത്തെ പുറത്തുവിട്ടിരുന്നു. കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്തത് മാര്‍ച്ച് 16നാണെന്നും അപ്പോള്‍ ഓഹരി പിരിച്ചെടുത്തില്ലെന്നും വ്യാഴാഴ്ച ഹസ്സന്‍ മാതഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇതും പച്ചക്കള്ളമാണെന്ന് രേഖ തെളിയിക്കുന്നു. ഇതോടെ ജനശ്രീയില്‍ ഹസ്സന്റെ ഓഹരി സംബന്ധിച്ച ദുരൂഹത വര്‍ധിക്കുകയാണ്. സ്വന്തം ശേഷി ഉപയോഗിച്ച് ഓഹരി എടുത്തുവെന്ന് ഹസ്സന്‍ ഒപ്പിട്ട രേഖ പുറത്തുവന്ന സാഹചര്യത്തില്‍ ഇത്രയും ഭീമമായ തുക സ്വന്തം നിലയില്‍ എവിടെ നിന്നു കിട്ടിയെന്ന് വെളിപ്പെടുത്തേണ്ടി വരും. വരുമാന സ്രോതസ്സ് വെളിപ്പെടുത്തുന്നതിനു പുറമെ പണമിടപാട് നിയമാനുസൃതമാണോ എന്നതിനും മറുപടി പറയേണ്ടി വരും. ഇപ്പോള്‍ 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ തറപ്പിച്ച് പറയുന്നത്. ഇത് ശരിയാണെങ്കില്‍ അവശേഷിക്കുന്ന 1,89,90,000 രൂപയുടെ ഓഹരി എത്ര രൂപയ്ക്ക് മറിച്ചുവിറ്റു? മറിച്ചുവിറ്റ് കിട്ടിയ കാശ് എന്തുചെയ്തു? ഓഹരി വിറ്റത് കേന്ദ്ര കമ്പനി മന്ത്രാലയം അറിഞ്ഞാണോ? കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയുടെ അംഗീകാരം നേടിയിട്ടുണ്ടോ? ഹസ്സനും ജനശ്രീക്കുമെതിരെ ഉയര്‍ന്ന മറ്റെല്ലാ ആരോപണങ്ങള്‍ക്കുമൊപ്പം ഓഹരിത്തട്ടിപ്പ് ഹസ്സന് കൂടുതല്‍ കുരുക്കാവുകയാണ്.
(എം രഘുനാഥ്)

deshabhimani 051012

ജനശ്രീയുടെ ആസ്തി കടലാസ് കമ്പനിക്ക് പണയപ്പെടുത്തിയത് അന്വേഷിക്കണം: ഐസക് , ശ്രീമതി


ജനശ്രീയുടെ ആസ്തികള്‍ പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനിക്ക് പണയപ്പെടുത്തിയത് അന്വേഷിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എയും കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹസ്സനും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പിനുള്ള ഉപകരണമായി ജനശ്രീയെ മാറ്റിയിരിക്കുന്നു. ഇപ്പോള്‍ കടലാസ് സംഘടന ഉണ്ടാക്കി 100 കോടി രൂപ തട്ടാനാണ് നീക്കം. പണം പിരിച്ചെടുക്കാന്‍ സെബിയുടെ മാനദണ്ഡങ്ങള്‍ തടസ്സമാകാതിരിക്കാനാണ് കമ്പനി രൂപീകരിച്ചത്. 100 കോടിയുടെ വായ്പയ്ക്ക് ഈ കമ്പനിയാണ് ഉറപ്പുനില്‍ക്കുന്നത്. ധനകാര്യ മേല്‍നോട്ടം വഹിക്കാന്‍ ഈ കമ്പനിയുടെ ഉടമകള്‍ക്ക് എന്തു യോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണം. വായ്പ എടുക്കുന്ന 100 കോടിക്ക് ആദ്യവര്‍ഷം 11 ശതമാനവും രണ്ടാംവര്‍ഷം 12 ശതമാനവും മൂന്നാംവര്‍ഷം 13 ശതമാനവുമാണ് പലിശ. ഇത്തരത്തില്‍ ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്ത് എന്തു ബ്ലെയ്ഡ് പ്രവര്‍ത്തനം നടത്താനാണ് ഹസ്സന്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കണം. ഹസ്സന്‍ ഇനിയെങ്കിലും ഈ കള്ളക്കളി അവസാനിപ്പിക്കണം. ജനശ്രീ രക്ഷാധികാരിയായ കേന്ദ്രമന്ത്രി എ കെ ആന്റണി മൗനം വെടിയണം.

ജനശ്രീക്കെതിരായ ആരോപണം തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വെല്ലുവിളിച്ചത്. എന്നാല്‍, തട്ടിപ്പ് സംബന്ധിച്ച എല്ലാ രേഖയും പുറത്തുവന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ജനശ്രീ മൈക്രോഫിനാന്‍സ് കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്തപ്പോള്‍ ചെയര്‍മാന്‍ ഹസ്സന് 19,94,000 ഓഹരികള്‍ ഉണ്ടായിരുന്നു. മറ്റ് ആറുപേര്‍ക്ക് 1000 രൂപയുടെ വീതം ഓഹരിയാണുള്ളത്. എന്നാല്‍, ഇത്രയും ഓഹരികള്‍ തന്റെ പേരിലുള്ളത് തികച്ചും സാങ്കേതികമാണെന്നും മറ്റുള്ളവരുടെ ഓഹരിയാണിതെന്നുമാണ് ഹസ്സന്‍ പറഞ്ഞത്. ബിനാമി പേരില്‍ ഓഹരികള്‍ വാങ്ങുന്നത് ക്രിമനല്‍കുറ്റമാണ്. പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുന്നതും പരിഗണിക്കും. ജനശ്രീ രൂപീകരിച്ച സമയത്ത് രണ്ട് കോടിരൂപ ഹസ്സനാണ് നിക്ഷേപിച്ചത്. ഈ തുക പൊതുപ്രവര്‍ത്തകനായ ഹസ്സന് എവിടെനിന്ന് ലഭിച്ചെന്നും വ്യക്തമാക്കണം. കുടുംബശ്രീ സംരക്ഷണവേദി ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രാഷ്ട്രീയ അഴിമതി തിരുത്തണം: പിണറായി

തിരു: ജനശ്രീക്ക് പൊതുധനം കൈമാറിയ രാഷ്ട്രീയ അഴിമതിക്കും കുടുംബശ്രീയെ സര്‍ക്കാര്‍ തകര്‍ക്കുന്നതിനുമെതിരായ ധര്‍മസമരമാണ് സെക്രട്ടറിയറ്റ് നടയില്‍ നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ മൂവായിരത്തിലേറെ സ്ത്രീകള്‍ നടത്തുന്ന ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാതെ തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം പിണറായി പറഞ്ഞു.

ആയിരക്കണക്കിന് സ്ത്രീകള്‍ 24 മണിക്കൂറിലേറെയായി സെക്രട്ടറിയറ്റ് നടയില്‍ കഴിയുകയാണ്. ഈ സമരത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. തീര്‍ത്തും ന്യായമായ പ്രശ്നമാണ് സമരത്തില്‍ ഉന്നയിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടും തങ്ങളുടെ പാര്‍ടിക്കാര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജനശ്രീക്ക് പൊതുധനം വാരിക്കോരിക്കൊടുത്ത അനൗചിത്യവും തിരുത്തണം. കുടുംബശ്രീക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും എതിരെ ഒരു നീക്കവും ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം കാട്ടണം. നാടിന്റെയാകെ പിന്തുണ ആര്‍ജിച്ച സമരമാണിത്. എല്ലാ വര്‍ഗബഹുജന സംഘടനകളുടെയും പിന്തുണ ഈ സമരത്തിന് ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതി തിരുത്തിക്കാന്‍ കേരളജനതയാകെ അണിനിരക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു.

പൊതുധനം കൈയിട്ടുവാരാന്‍ അനുവദിക്കില്ല: വി എസ്

തിരു: ജനങ്ങളുടെ പണം കോണ്‍ഗ്രസിന്റെ പോഷകസംഘടനയ്ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുടുംബശ്രീ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണുകടിയുണ്ടായിട്ടാണ് ജനശ്രീ രൂപീകരിച്ചത്. ജനങ്ങളറിയാത്ത ഈ പ്രസ്ഥാനത്തെ തലയില്‍ കെട്ടിവയ്ക്കാനാണ് യുഡിഎഫ് ശ്രമം. കുടുംബശ്രീക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ്. കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഇതിനായി ജാതി, മത, രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഉമ്മന്‍ചാണ്ടി വസ്തുത മനസ്സിലാക്കി കുടുംബശ്രീയെ സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

deshabhimani 041012

Monday, October 1, 2012

ജനശ്രീ-ബിഎസ്എസ് കൂട്ടുകെട്ട് കോണ്‍ഗ്രസ് പിന്തുണയോടെ


നിരവധി തട്ടിപ്പ് നടത്തിയ വിവാദ സംഘടന ഭാരത് സേവക് സമാജും(ബിഎസ്എസ്) ജനശ്രീയും തമ്മില്‍ ബന്ധം ഉറപ്പിച്ചത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ. ജനശ്രീ ചെയര്‍മാന്‍ എം എം ഹസ്സനും ബിഎസ്എസ് ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രനും തമ്മിലുള്ള ഈ അവിഹിത കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അണികള്‍ നല്‍കിയ നിരവധി പരാതികള്‍ മുക്കി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ നടത്തിയ ഒത്തുകളിയിലാണ് പരാതികള്‍ മുക്കിയത്. പണാപഹരണം, വ്യാജകോഴ്സുകള്‍ തുടങ്ങി നിരവധി കേസുകളില്‍പെട്ട സ്ഥാപനമാണ് ബിഎസ്എസ്. ഇല്ലാത്ത തസ്തികകളില്‍ പ്രവേശനത്തിന് വ്യാജ എഴുത്തുപരീക്ഷ നടത്തിയതിന് കോട്ടയത്ത് പൊലീസ് അറസ്റ്റ് ചെയ്തവരില്‍ പ്രമുഖനാണ് ബാലചന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പുകള്‍. എന്നാല്‍, കേന്ദ്രത്തിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ ഈ സ്ഥാപനവുമായി ബന്ധമില്ല. എന്നാല്‍, ഇപ്പോഴും സംസ്ഥാനത്ത് നിയമവിരുദ്ധമായി പാരാമെഡിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ ബാലചന്ദ്രന്‍ നടത്തുന്നുണ്ട്.

സ്ത്രീകളടക്കം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘത്തിന്റെ ചെയര്‍മാനെ കണ്‍വീനറാക്കി ജനശ്രീ എന്ന പേരില്‍ ഒരു സംഘടന തുടങ്ങിയതെന്തിനെന്ന ചോദ്യത്തിന് ഹസ്സനോ കോണ്‍ഗ്രസ് നേതൃത്വമോ ഉത്തരം പറഞ്ഞിട്ടില്ല. ഇപ്പോഴും ഇയാള്‍ ഡയറക്ടറായി തുടരുന്നു. ജനശ്രീയുടെ പണമിടപാട് സ്ഥാപനമായ മൈക്രോഫിന്‍ ലിമിറ്റഡ് ഡയറക്ടറായി ബാലചന്ദ്രനെ പ്രതിഷ്ഠിച്ചതിനും മറുപടിയില്ല.

തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് ജനശ്രീയുമായി ബന്ധമില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറിയെങ്കിലും ജനശ്രീയുടെ പേരില്‍നടന്ന കള്ളക്കളികളില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തലയൂരാനാവില്ല. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു ഗ്രാന്റ് തട്ടാനും ബിഎസ്എസും ജെഎസ്എസും(ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍) സ്വീകരിച്ച മാര്‍ഗങ്ങളാണ് ജനശ്രീയും പിന്തുടരുന്നത്. എല്ലാ അര്‍ഥത്തിലും ബിഎസ്എസിനെയും ജെഎസ്എസിനെയും പോലെ ദുരൂഹത നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് ജനശ്രീ നടത്തുന്നത്. കടലാസ് പദ്ധതികള്‍ തയ്യാറാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നു പണംതട്ടുകയെന്ന ബിഎസ്എസ് പാത പിന്തുടര്‍ന്നാണ് കൃഷി-മൃഗസംരക്ഷണ വകുപ്പുകളില്‍നിന്ന് ഫണ്ട് നേടിയെടുത്തത്. മറ്റു വകുപ്പുകളില്‍നിന്ന് ഫണ്ട് തട്ടിയെടുക്കാനും ശ്രമം നടക്കുന്നു. ഇതിനു പുറമെയാണ് മൈക്രോഫിനിന്റെ പേരില്‍ വായ്പ തരപ്പെടുത്താനുള്ള നീക്കം. കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് ബ്ലേഡ് പലിശയ്ക്ക് നല്‍കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ്.

മൈക്രോഫിനിന്റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനമായ രണ്ട് കോടി രൂപയില്‍ 1,99,40,000 രൂപയുടെ ഓഹരി എങ്ങനെ ഹസ്സന്റെ പേരില്‍ വന്നു? ഹസ്സന് ഈ ഓഹരി എങ്ങനെ കിട്ടി? അതിനുള്ള പണം എവിടെനിന്നു കിട്ടി? ഇപ്പോള്‍ ഈ ഓഹരി ഹസ്സന്റെ പേരിലില്ലെങ്കില്‍ അതെങ്ങനെ മറിച്ചുവിറ്റു? വിറ്റ കാശ് എന്ത് ചെയ്തു? ഹസ്സന്‍ ഓഹരി വാങ്ങിയതും വിറ്റതും മാനദണ്ഡങ്ങള്‍ പാലിച്ചാണോ? അംഗീകൃത മൂലധനം അഞ്ച് കോടിയാണെങ്കിലും പത്ത് കോടി പിരിക്കുമെന്ന് പറയുന്നത് ചട്ടങ്ങള്‍ പാലിച്ചാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാനുള്ള ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനും ഹസ്സനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കുമുണ്ട്.

deshabhimani 021012

Thursday, September 27, 2012

ഹസ്സനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും വെട്ടിലായി


ജനശ്രീ സുസ്ഥിര മിഷന്റെ പേരില്‍ രൂപീകരിച്ച പണമിടപാട് സ്ഥാപനത്തിലെ ഹസ്സന്റെ ഓഹരിയെ ന്യായീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെട്ടിലാകുന്നു. ജനശ്രീ മിഷന്റെ ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തില്‍ ഹസ്സന് വെറും 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂ എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ഹസ്സന്‍ വെല്ലുവിളിച്ചതുപോലെ 50,000 രൂപയില്‍ കൂടുതല്‍ ഓഹരിയുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചു. ഹസ്സന്റെ നിയമലംഘനത്തെ ഇങ്ങനെ ന്യായീകരിക്കുന്നതിലൂടെ ഗുരുതരമായ സാമ്പത്തിക കുറ്റത്തെയാണ് സംസ്ഥാന ഭരണത്തലവന്‍ ന്യായീകരിക്കുന്നതെന്നത് പ്രശ്നം സങ്കീര്‍ണമാക്കും.

റിസര്‍വ് ബാങ്കിന് നല്‍കിയ രേഖകളില്‍ ഹസ്സന് 1,99,40,000 രൂപയുടെ ഓഹരിയാണുള്ളത്. ഇക്കാര്യം രേഖകള്‍ സഹിതമാണ് "ദേശാഭിമാനി" പുറത്തുവിട്ടത്. ഹസ്സന്റെ 19,94.000 ഓഹരികളുടെ തെളിവാണിത്. ഇത് ശരിയല്ലെന്നാണ് വാദമെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം ഹസ്സനാണ്. എന്നാല്‍, ആ ഓഹരികള്‍ സാങ്കേതികമെന്ന് പറയുന്ന ഹസ്സന്‍ അങ്ങനെയെങ്കില്‍ റിസര്‍വ് ബാങ്കിനെ കബളിപ്പിച്ചെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ഓഹരികള്‍ മറിച്ചുവിറ്റെന്ന് വ്യക്തം. രണ്ടായാലും ഗുരുതരമായ സാമ്പത്തിക കുറ്റമാണ് ഹസ്സന്‍ ചെയ്തത്.

വ്യവസ്ഥ മറികടന്നത് മന്ത്രിയുടെയും സെക്രട്ടറിയുടെയും അറിവോടെ

സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മറവില്‍ ബ്ലേഡ് കമ്പനി തുടങ്ങിയ ജനശ്രീ മിഷന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ഫണ്ട് അനുവദിച്ചതില്‍ കൃഷിമന്ത്രി കെ പി മോഹനും കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത ബിശ്വാസും പ്രതിക്കൂട്ടില്‍. രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) പ്രകാരം ഫണ്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് ജനശ്രീ മിഷന്‍ തയ്യാറാക്കി നല്‍കിയ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് 14.36 കോടി രൂപ അനുവദിച്ചത്. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്.

മെയ് 19ന് ചേര്‍ന്ന സംസ്ഥാനതല അനുമതി കമ്മിറ്റി യോഗത്തിലാണ് ഹസ്സന്റെ അഞ്ച് പദ്ധതിക്കും അംഗീകാരം നല്‍കിയതെന്ന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ കാര്‍ഷികോല്‍പ്പാദന കമീഷണര്‍ സുബ്രത ബിശ്വാസ് സപ്തംബര്‍ 18ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയും വൈസ്ചെയര്‍മാന്‍ കൃഷിവകുപ്പ് സെക്രട്ടറിയുമാണ്. സാധാരണ നിലയില്‍ ചീഫ് സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കാറില്ല. പങ്കെടുത്താല്‍ത്തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഇടപെടാറില്ല. വകുപ്പുകള്‍ ഇത്തരം പദ്ധതികള്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനുമുമ്പ് വകുപ്പുമന്ത്രിയുടെ അംഗീകാരം വാങ്ങണമെന്നാണ് വ്യവസ്ഥ. വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ കൂടി പരിശോധിച്ച് മന്ത്രി ഒപ്പിട്ട ശേഷം മാത്രമേ യോഗത്തില്‍ അജന്‍ഡയായി വയ്ക്കൂ. മന്ത്രിയും വകുപ്പ് സെക്രട്ടറിയും അറിഞ്ഞാണ് ജനശ്രീ മിഷന് വഴിവിട്ട് ഫണ്ട് അനുവദിച്ചതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ജില്ലാതലത്തില്‍ പദ്ധതി തയ്യാറാക്കി അവ തദ്ദേശഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടപ്പാക്കുന്നതിന് പകരം ബ്ലേഡ് കമ്പനി നടത്തുന്ന സ്ഥാപനമായ ജനശ്രീ മിഷന്‍ തയ്യാറാക്കിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത് ഉന്നത രാഷ്ട്രീയ ഇടപെടലുകളുടെകൂടി ഭാഗമായാണ്. ജനശ്രീക്ക് ഫണ്ട് അനുവദിച്ച കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ നടപടിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൂര്‍ണമായും ന്യായീകരിച്ചതോടെ ഈ തട്ടിപ്പില്‍ അദ്ദേഹത്തിനുള്ള പങ്കും പുറത്തുവരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതൊട്ട് ജനശ്രീ വഴിവിട്ട് സഹായിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് പിന്നില്‍ ദുരൂഹതയേറുകയാണ്.

deshabhimani 270912

Wednesday, September 26, 2012

അനുമതിയില്ലാതെ 5 കോടി പിരിക്കുന്നു


കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ സ്വകാര്യ സ്വത്താക്കി മാറ്റിയ ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ അഞ്ച് കോടി രൂപയുടെ ഓഹരികൂടി സമാഹരിക്കുന്നു. ഹസ്സന്റെ ഓഹരിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ തുക പിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ ജനശ്രീ മൈക്രോ ഫിന്‍ കമ്പനിയുടെ അടച്ചുതീര്‍ത്ത ഓഹരിയായി കാണിച്ചത് 20 ലക്ഷമാണ്. അംഗീകൃത മൂലധനമായി 50 ലക്ഷം ഓഹരികൂടി സമാഹരിക്കാന്‍ അനുവാദമുണ്ട്. ഇതുപ്രകാരം 50 ലക്ഷം ഓഹരി വിറ്റ് അഞ്ച് കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന് പുറമെ അമ്പത് ലക്ഷം ഓഹരികൂടി കമ്പനി സമാഹരിക്കുമെന്നാണ് കമ്പനി ചെയര്‍മാനും എംഡിയുമായ എം എം ഹസ്സന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം ഒരു രൂപ കൂട്ടണമെങ്കില്‍പോലും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍, ജനശ്രീ മൈക്രോഫിന് ഇങ്ങനെ ഓഹരി മൂലധനം കൂട്ടാന്‍ അനുമതി കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നതിനുപോലും വിവിധ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ സ്ഥിരീകരണമില്ല. ഹസ്സന്റെ സ്വന്തം പേരിലുള്ള 19,94,000 ഓഹരികളുടെ ഉടമസ്ഥതയും കൈമാറ്റവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിനെയും സെബിയെയും കബളിപ്പിച്ചതിന് പുറമെയാണ് കൂടുതല്‍ ഓഹരികള്‍ സമാഹരിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്.

ഈ വര്‍ഷം ഡിസംബറിനകം പത്ത് രൂപ വിലമതിക്കുന്ന 50 ലക്ഷം ഓഹരി അഞ്ച് കോടി രൂപയ്ക്കു കൂടി വില്‍ക്കുമെന്നാണ് ഹസ്സന്‍ അവകാശപ്പെടുന്നത്. ഇതോടൊപ്പം കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കിയും ലാഭം കൊയ്യുന്നുണ്ട്. ജനശ്രീ മൈക്രോ ഫിന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇടപാട് സ്ഥാപനംമാത്രമാണെന്നും ഹസ്സന്‍ ഒപ്പിട്ട് വിവിധ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 2010ല്‍ രൂപീകരിച്ച കമ്പനി 2011ലാണ് ഇടപാടുകള്‍ തുടങ്ങിയതെന്നും കമ്പനി പൂര്‍ണ അര്‍ഥത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണെന്നും കത്തില്‍ സമ്മതിക്കുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്നാല്‍ ചിട്ടിക്കമ്പനി-ബ്ലേഡ് കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വെറും പണമിടപാട് സ്ഥാപനമെന്ന് വ്യക്തം.
(എം രഘുനാഥ്)

deshabhimani 260912

Sunday, March 25, 2012

മൈക്രോഫിനാന്‍സ് സംവിധാനം പാവപ്പെട്ടവരെ കടക്കെണിയിലാക്കും: നന്ദകുമാര്‍

ചെറുതോണി: കേരളത്തില്‍ ശക്തിയാര്‍ജിച്ച മൈക്രോ ഫിനാന്‍സ് സംവിധാനം സാധാരണക്കാരെ കടക്കെണിയിലാക്കുമെന്നും ഈ സാമൂഹ്യവിപത്തിനെ തിരിച്ചറിഞ്ഞ് പൊതുസമൂഹം സ്വയംപ്രേരിത ശക്തിയായി മാറണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി പി പി നന്ദകുമാര്‍ പറഞ്ഞു. ചെറുതോണിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

2008ല്‍ ആരംഭിച്ച ലോക സാമ്പത്തികമാന്ദ്യം രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും ഒട്ടേറെ രാജ്യങ്ങള്‍ പാപ്പരീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഉത്തേജക പാക്കേജുകള്‍ ഒന്നിനുപുറകെ ഒന്നായി പരാജയപ്പെടുമ്പോഴാണ് പ്രതിസന്ധി താല്‍കാലികമല്ലെന്നും ഇത് വ്യവസ്ഥിതിയെ ബാധിച്ചുകഴിഞ്ഞതായും മുതലാളിത്തം അംഗീകരിച്ചത്. ഭരണകൂടങ്ങളില്‍ വന്‍കിട സ്ഥാപനങ്ങളുടെ സിഇഒമാര്‍ കടന്നുകയറുന്നു. സമസ്ത മേഖലകളിലും കടന്നുകയറി വ്യവസ്ഥിതിയെ തകര്‍ക്കാനാണ് കോര്‍പ്പറേറ്റ് ശ്രമം. ഇതിനായി സാംസ്കാരിക മണ്ഡലങ്ങളെയും മാധ്യമങ്ങളെയുംവരെ കൈയേറാന്‍ ശ്രമിക്കുകയാണ്. തൊഴിലാളിയുടെ വര്‍ഗപരമായ കരുത്ത് കുറഞ്ഞുപോയതാണ് മുതലാളിത്തത്തിന് അതിന്റെ ആക്രമണം ശക്തമാക്കാന്‍ ഇടം നല്‍കിയത്. ഇതിനെതിരെ പൊരുതാന്‍ ജനാധിപത്യപരമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിയണമെന്നും നന്ദകുമാര്‍ പറഞ്ഞു.

deshabhimani 250312

Tuesday, March 20, 2012

കൊള്ളപ്പലിശക്കാരെ സംരക്ഷിക്കാന്‍ നീക്കം

മൈക്രോഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ നടപ്പു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞു. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ പലിശയടക്കമുള്ള ലോണുകള്‍ക്ക് മേല്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു നിയന്ത്രണവും മേലില്‍ ഉണ്ടാകില്ല. എന്തിന് രാജ്യത്തെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്കിന് പോലും ഇവയുടെ മേല്‍ നിയന്ത്രണങ്ങളുണ്ടായിരിക്കുന്നതല്ല.

ആന്ധ്രയില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പണം കടമെടുത്ത കര്‍ഷകരും ചെറുകിട കച്ചവടക്കാരും കൊള്ളപ്പലിശയും കൃഷിയിലെ നഷ്ടവും കാരണം തിരിച്ചടവ് നടത്താനാകാതെ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കെയാണ് ഇത്തരമൊരു സംരക്ഷണനിയമം മൈക്രോഫൈനാന്‍സുകാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവിലയോ മാര്‍ക്കറ്റോ അനുവദിക്കാതെ ഇറക്കുമതി പ്രോത്സാഹിപ്പിച്ച്, രാസവളം അടക്കമുള്ള കാര്‍ഷിക വൃത്തിക്കാവശ്യമായ എല്ലാത്തിനും വിലകൂട്ടി പൊതുസംഭരണംപോലും നടപ്പാക്കാതെ കര്‍ഷകരെ കടക്കെണിയിലാക്കിയ സര്‍ക്കാര്‍ തന്നെ അവരുടെ ചോര ഊറ്റിക്കുടിക്കുന്ന മൈക്രോഫൈനാന്‍സ് ഭീമന്മാരെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്ന വിരോധാഭാസമാണ് നടക്കുന്നത്.

janayugom 190312

Monday, February 14, 2011

ജനശ്രീ ബ്ളേഡ്കമ്പനിയാകും: തോമസ് ഐസക്

കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരംഭിച്ച ജനശ്രീ മിഷന്‍ ബ്ളേഡ്കമ്പനിയായി മാറാന്‍ പോവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജനശ്രീക്ക് ബാങ്കിങ് ഇതര ധനസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയെന്ന് അറിയുന്നു. ആന്ധ്രപ്രദേശില്‍ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കി നിരവധിപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എസ്കെഎസ് പോലുള്ള സ്ഥാപനത്തിന്റെ അവസ്ഥയിലേക്ക് ജനശ്രീയും മാറും. ആപല്‍ക്കരമായ ഈ അവസ്ഥയ്ക്കെതിരായി പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാങ്കിങ് ഇതര സ്ഥാപനമായി വളര്‍ന്ന എസ്കെഎസ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് ഓഹരികള്‍ സമാഹരിച്ച് കൊള്ളപ്പലിശക്കാരായി മാറി. എസ്കെഎസിനെ നിയന്ത്രിക്കാന്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമം കൊണ്ടുവരേണ്ടിവന്നു. ജനശ്രീക്ക് ബാങ്കിങ് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയതോടെ എസ്കെഎസിന്റെ മറ്റൊരു രൂപം കേരളത്തിലും വരുമെന്ന് വ്യക്തമാകുന്നു. കുടുംബശ്രീ നാലു ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നു. ബാങ്കിങ് ഇതര സ്ഥാപനമായി മാറുന്ന ജനശ്രീ കമ്പോളപലിശയ്ക്ക് വായ്പ നല്‍കുന്ന ബ്ളേഡ്കമ്പനിയായി മാറും. എസ്കെഎസിനെപ്പോലെ ഓഹരിവിപണിയിലേക്കും ഇറങ്ങും. കേരളത്തിലും ആത്മഹത്യക്ക് ഇടയാക്കുന്ന ജനശ്രീ നിയന്ത്രിക്കേണ്ടത് നാടിന്റെ ആവശ്യമായി മാറുകയാണ്. അതുകൊണ്ട് നിയമനിര്‍മാണം അനിവാര്യമാകുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും ധനമന്ത്രി ചോദിച്ചു.

എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയെ കോണ്‍ഗ്രസിന്റെ ജനശ്രീയുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് തോമസ് ഐസക് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പഞ്ചായത്തുകള്‍ക്കുകീഴിലുള്ള സംവിധാനമാകാന്‍ എസ്എന്‍ഡിപിയുടെ പദ്ധതിക്കാകില്ല. തന്നെയുമല്ല അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന പ്രസ്ഥാനവുമല്ല എസ്എന്‍ഡിപി. എന്നാല്‍, കോണ്‍ഗ്രസിന്റെ ജനശ്രീയുടെ ലക്ഷ്യം സ്വയംസഹായസംഘങ്ങളെ മുഴുവന്‍ വരുതിയിലാക്കി പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 140211

Saturday, December 18, 2010

മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കണം

ഹൈദരബാദ്: മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണമെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൈക്രോ ഫിനാന്‍സിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും ദേശീയ കൗണ്‍സില്‍ പ്രമേയത്തില്‍ നിര്‍ദേശിച്ചു.

ബാങ്കുകളില്‍ നിന്നും 11 ശതമാനം പലിശയ്ക്ക് വായ്പ എടുക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഭീമമായ പലിശയാണ് പാവപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നത്. മൈക്രോ ഫിനാന്‍സിന്റെ പലിശ 24 ശതമാനമാണെന്നാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും ഫലത്തില്‍ പലിശനിരക്ക് അതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ആന്ധ്രാപ്രദേശില്‍ 65 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അവലംബിക്കുന്ന പീഡനമുറകള്‍ സഹിക്കാന്‍ കഴിയാതെ ആന്ധ്രയില്‍ 75 പേര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയില്‍ 31 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ട്. 4346.83 കോടി രൂപയാണ് വായ്പനല്‍കിയത്. ഈ പണമത്രയും സ്ഥാപനങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പയായെടുത്തതാണ്. ഈ സ്ഥാപനങ്ങളുടെ പീഡനമുറകള്‍ പാവപ്പെട്ടവര്‍ക്ക് അസഹനീയമായി തീര്‍ന്നിട്ടുണ്ട്. ഗ്രാമതലത്തില്‍ പാവപ്പെട്ടവര്‍ക്ക് നേരിട്ട് വായ്പകള്‍ ലഭിക്കുന്നതിന് ബാങ്കുകളുടെ ശൃംഖല വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് നടപടി എടുക്കണം. മൈക്രോ ഫിനാന്‍സിനു ബദലായ സംവിധാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം.

നിരവധി സംസ്ഥാനങ്ങളില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ബാങ്കുകള്‍ ഏറ്റെടുത്തില്ലെങ്കില്‍ അവര്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ മറപറ്റി നില്‍ക്കുന്ന കൊള്ളപ്പലിശക്കാരുടെ ഇരകളായി തീരും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നതിന് സ്വകാര്യ കമ്പനികളും രൂപം കൊള്ളുന്നുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്.

ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിര്‍ബന്ധിക്കണം. പണം പിരിക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അവലംബിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ജനയുഗം 171210