Showing posts with label പ്ലീനം. Show all posts
Showing posts with label പ്ലീനം. Show all posts

Wednesday, December 11, 2013

കൂടുതല്‍ കരുത്തോടെ മുന്നോട്ട്

കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം വിമര്‍ശവും സ്വയം വിമര്‍ശവും ജീവവായുപോലെ വേണ്ട ഒന്നാണ്. അത് ഉള്‍ക്കൊണ്ട് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ ഇടപെടലിന്റെ ഉന്നതരൂപമായിരുന്നു പ്ലീനത്തിന്റെ സംഘാടനം. ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ സംസ്ഥാന കേന്ദ്രംമുതല്‍ ബ്രാഞ്ചുതലംവരെയുള്ള പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശ-സ്വയംവിമര്‍ശപരമായി വിലയിരുത്തുകയാണ് പ്ലീനത്തില്‍ ചെയ്തത്

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ നാലാമത്തെ പ്ലീനമാണ് നവംബര്‍ 27, 28, 29 തീയതികളില്‍ പാലക്കാട്ട് നടന്നത്. പാര്‍ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കുന്നതിനായി ചേര്‍ന്ന ഈ സമ്മേളനം പാലക്കാടന്‍ ജനത ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. തയ്യാറെടുപ്പിന് കുറച്ചു ദിവസംമാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ പരിമിതികളെയെല്ലാം മറികടക്കുന്ന വിധത്തിലാണ് പാലക്കാട്ടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് പ്ലീനത്തിന്റെ സംഘാടനം തെളിയിക്കുന്നു. എണ്ണമറ്റ കര്‍ഷക- കര്‍ഷകത്തൊഴിലാളി പോരാട്ടങ്ങളുടെ വിളനിലമായ പാലക്കാടിന്റെ മണ്ണിലെ ജനത അത്യന്തം ആവേശത്തോടെയാണ് പ്ലീനത്തെ ഏറ്റുവാങ്ങിയതെന്ന് സമാപനത്തോടനുബന്ധിച്ച് എ കെ ജി നഗറില്‍ ചേര്‍ന്ന റാലി തെളിയിക്കുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ലക്ഷങ്ങള്‍ ഒഴുകിയെത്തിയ റാലി പാലക്കാട്ടെ പാര്‍ടിയുടെ സുശക്തമായ അടിത്തറയെയും ബഹുജനപിന്തുണയെയും ഒരിക്കല്‍ക്കൂടി വിളിച്ചറിയിക്കുന്നതായി. ലക്ഷങ്ങള്‍ അണിനിരന്ന പൊതുസമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനംചെയ്തത്.

കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം വിമര്‍ശവും സ്വയം വിമര്‍ശവും ജീവവായുപോലെ വേണ്ട ഒന്നാണ്. അത് ഉള്‍ക്കൊണ്ട് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ ഇടപെടലിന്റെ ഉന്നതരൂപമായിരുന്നു പ്ലീനത്തിന്റെ സംഘാടനം. ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ സംസ്ഥാന കേന്ദ്രംമുതല്‍ ബ്രാഞ്ചുതലംവരെയുള്ള പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശ-സ്വയംവിമര്‍ശപരമായി വിലയിരുത്തുകയാണ് പ്ലീനത്തില്‍ ചെയ്തത്. വന്നിട്ടുള്ള പോരായ്മകള്‍ തുറന്നുപറയുന്നതിനും അത് പരിഹരിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ് പ്ലീനം ശ്രമിച്ചത്. കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ വന്ന മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയശേഷം അത്തരം വെല്ലുവിളികളെ നേരിടാന്‍ കഴിയുംവിധം സംഘടന എങ്ങനെ രൂപപ്പെടുത്താം എന്ന കാര്യങ്ങളാണ് ചര്‍ച്ചയ്ക്കു വന്നത്. പാര്‍ടി സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും ഈരംഗത്ത് മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്ലീനത്തിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്.

കേരളത്തിലെ പാര്‍ടിയുടെ വിവിധതലത്തിലുള്ള സംഘടനാ സ്ഥിതി ആഴത്തിലുള്ള പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമായി. വര്‍ഗ-ബഹുജനസംഘടനാ മേഖലകളില്‍ നിലനില്‍ക്കുന്ന ചില ദൗര്‍ബല്യങ്ങള്‍ സവിശേഷമായിത്തന്നെ പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഭാവിപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

ഈ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിയ പ്രധാന ചര്‍ച്ച മതവിശ്വാസികളും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ളതായിരുന്നു. ഇത് സംബന്ധിച്ച് പാര്‍ടി നിലപാടിന്റെ അടിസ്ഥാനത്തിലുള്ള പ്രായോഗിക സമീപനങ്ങള്‍ പ്ലീനം മുന്നോട്ടുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി വര്‍ഗസമരത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ വര്‍ഗപരമായ സമീപനമാണ് പാര്‍ടി സ്വീകരിക്കുന്നത്. വിശ്വാസികളും അവിശ്വാസികളുമായ എല്ലാ വിഭാഗത്തെയും വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അണിനിരത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം. വിശ്വാസം ഉള്ളവരായാലും ഇല്ലാത്തവരായാലും കര്‍ഷകരും തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും എന്ന നിലയില്‍ പല വിഭാഗത്തില്‍ പെട്ടവരാണുള്ളത്. ഇവരുടെ പൊതുവായ പ്രശ്നങ്ങള്‍ ഏറ്റെടുത്താണ് മുന്നോട്ടുപോകുന്നത്.

പാര്‍ടിയുടെ വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവരെയാണ് പാര്‍ടി അംഗങ്ങളായി റിക്രൂട്ട് ചെയ്യുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യുമ്പോള്‍ മതവിശ്വാസിയാണോ അല്ലയോ എന്നത് റിക്രൂട്ട്മെന്റിനെ ബാധിക്കുന്ന പ്രശ്നമല്ല. പാര്‍ടി അംഗത്വത്തിലേക്ക് വന്നുകഴിഞ്ഞാല്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന വര്‍ഗസമര സിദ്ധാന്തങ്ങളെയും അതിന്റെ അടിസ്ഥാനത്തിലുള്ള നയസമീപനങ്ങളെയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നത് പാര്‍ടി അംഗത്തിന്റെ ഉത്തരവാദിത്തമാണ്. അത്തരം ബോധനിലവാരത്തിലേക്ക് അംഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടതിന്റെ പ്രാധാന്യമാണ് പ്ലീനത്തില്‍ ഊന്നി പറഞ്ഞത്. അല്ലാതെ വിശ്വാസികളെ പാര്‍ടി അംഗത്വത്തിലേക്ക് കൊണ്ടുവരരുതെന്നോ മതവിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കണമെന്നോ ഉള്ള ഒരു തീരുമാനവും പാര്‍ടി പ്ലീനം എടുത്തിട്ടില്ല.

മതവിശ്വാസികളായ ജനതയുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായങ്ങളെ പാര്‍ടി അംഗീകരിക്കുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പാര്‍ടി അംഗങ്ങള്‍ വഴിപ്പെടാന്‍ പാടില്ലെന്നും അവയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കരുതെന്നുമാണ് പ്ലീനത്തില്‍ തീരുമാനിച്ചത്. ജാതി-മത ശക്തികള്‍ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും പിടിമുറുക്കി ജനാധിപത്യപരമായ ജീവിതക്രമത്തെ തടസ്സപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ജാഗ്രതപ്പെടേണ്ടതിന്റെ പ്രാധാന്യം പ്ലീനം എടുത്തുപറയുകയും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളീയ സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാവ്യാധി എന്ന നിലയില്‍ത്തന്നെ മദ്യപാനം മാറിയിട്ടുണ്ട്. ഇത്തരം സ്വഭാവങ്ങളില്‍നിന്ന് പാര്‍ടി അംഗങ്ങള്‍ വിമുക്തരാകണമെന്ന കാഴ്ചപ്പാടാണ് പ്ലീനത്തില്‍ മുന്നോട്ടുവച്ചത്. ഈ ദൗര്‍ബല്യങ്ങള്‍ ഏതെങ്കിലും സഖാക്കള്‍ക്കുണ്ടെങ്കില്‍ അവരെ തിരുത്തുന്നതിന് സഹായിക്കാനാണ് പാര്‍ടി ഘടകങ്ങളോട് പ്ലീനം നിര്‍ദേശിച്ചത്. ഫണ്ട് പിരിവ്, വരവ്- ചെലവ് കണക്ക് സൂക്ഷിക്കല്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യവും കര്‍ശനവുമായ പരിശോധന ഉണ്ടാകണമെന്നും നിശ്ചയിക്കുകയുണ്ടായി.

നഗരവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി തെറ്റായ പലരീതികളും കേരളത്തില്‍ കടന്നുവരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയ, പെണ്‍വാണിഭ സംഘങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി പാര്‍ടി അംഗങ്ങള്‍ ബന്ധം സ്ഥാപിക്കരുത് എന്ന കര്‍ശനനിര്‍ദേശം എല്ലാ ഘടകങ്ങള്‍ക്കും പ്ലീനം നല്‍കുകയുണ്ടായി. പെണ്‍വാണിഭ സംഘങ്ങള്‍, ബ്ലേഡ് മാഫിയ തുടങ്ങിയ സാമൂഹ്യവിരുദ്ധശക്തികള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ കടുത്ത ജാഗ്രത കാണിക്കണമെന്നും ഇവയ്ക്കെതിരായി നിരന്തരം പോരാട്ടം ഉയര്‍ത്തികൊണ്ടുവരേണ്ടതുണ്ടെന്നും പ്ലീനം തീരുമാനിച്ചു.

കേരളത്തിന്റെ പാര്‍ടി മെമ്പര്‍ഷിപ്പിന്റെ നില പരിശോധിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും തൊഴിലാളി- കര്‍ഷക വിഭാഗത്തില്‍നിന്നാണ്. ഇത് വിപ്ലവപാര്‍ടിയെ സംബന്ധിച്ചിടത്തോളം ഉത്തമമാണ്. എന്നാല്‍, സാമൂഹ്യവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം ഇല്ലാത്ത പ്രശ്നവുമുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ക്ക് പ്ലീനം രൂപംനല്‍കിയിട്ടുണ്ട്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍നിന്ന് ജനസംഖ്യാതോതിനേക്കാള്‍ ഉയര്‍ന്ന ശതമാനം അംഗങ്ങള്‍ പാര്‍ടിയിലുണ്ട്. എന്നാല്‍, ഈ വിഭാഗം ആകമാനം പാര്‍ടിയില്‍ അണിനിരക്കേണ്ടതാണ് എന്ന കാഴ്ചപ്പാടോടെ ഇടപെടേണ്ടതിന്റെ പ്രാധാന്യവും പ്ലീനം മുന്നോട്ടുവച്ചിട്ടുണ്ട്.

ജനസംഖ്യയില്‍ പകുതിയിലേറെ വരുന്നവരാണ് സ്ത്രീകള്‍. എന്നാല്‍, പാര്‍ടി അംഗത്വത്തില്‍ ഉള്‍പ്പെടെ ഇവരുടെ പങ്കാളിത്തം കുറവാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് അഭികാമ്യമല്ല. അത് തിരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനും പ്ലീനം നിശ്ചയിക്കുകയുണ്ടായി. അതുപോലെ മത്സ്യത്തൊഴിലാളിമേഖലയിലും സജീവ ശ്രദ്ധ പതിപ്പിക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.

പാര്‍ടി അംഗങ്ങളും നേതാക്കളും ജനങ്ങളെ സേവിക്കുന്നവരും സഹായിക്കുന്നവരും ആയിരിക്കണം. ആ നിലയിലുള്ള പ്രവര്‍ത്തനമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുമായി ഇടപെടുന്നതിലും അവരോട് വിനയത്തോടെ പെരുമാറുന്ന കാര്യത്തിലും കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പ്ലീനം തീരുമാനിച്ചു. പാര്‍ടി ദുര്‍ബലമായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടുന്നതിനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കി. പാലിയേറ്റീവ് കെയര്‍, സഹകരണമേഖല, ശാസ്ത്രരംഗം, സാംസ്കാരികരംഗം തുടങ്ങിയ മേഖലകളില്‍ നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ചും വ്യക്തമായ രൂപരേഖ പ്ലീനത്തിലൂടെ രൂപപ്പെട്ടിട്ടുണ്ട്.

പ്ലീനം 14 പ്രമേയങ്ങള്‍ അംഗീകരിച്ചു. കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിലയിരുത്തലുകളും അതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട ഇടപെടലുകളും ഇതില്‍ മുന്നോട്ടുവയ്ക്കപ്പെട്ടു.

ആഴത്തിലുള്ള സ്വയംവിമര്‍ശം നടത്താനും തിരുത്താനുമുള്ള ആര്‍ജവം സിപിഐ എമ്മിന് ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്ലീനത്തിന്റെ അജന്‍ഡതന്നെ. അതുകൊണ്ടുതന്നെ വലിയ അംഗീകാരമാണ് പ്ലീനത്തിനുണ്ടായത്. എന്നാല്‍, പാര്‍ടിയുടെ യശസ്സ് ഉയര്‍ന്നുവരുന്നതിനെ തടുക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷമാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു പാര്‍ടി മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന സൂര്യഗ്രൂപ്പിന്റെ പരസ്യം. പരസ്യം നല്‍കിയ ആള്‍ ഉള്‍പ്പെട്ട വിവാദപരമായ കാര്യങ്ങളിലെല്ലാം ശക്തമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത വ്യക്തിയുടെ കൈയില്‍നിന്ന് പ്ലീനത്തിന് സംഭാവന സ്വീകരിക്കാന്‍ പാര്‍ടി തയ്യാറായിട്ടുമില്ല. ഈ ഘട്ടത്തില്‍ പരസ്യംനല്‍കി വിവാദം സൃഷ്ടിക്കുന്നതിനാണ് പ്രസ്തുത വ്യക്തി ശ്രമിച്ചത്. ഇത് മനസ്സിലാക്കുന്നതിന് ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് കഴിയാതെ പോവുകയും ചെയ്തു. ഇതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമായി തീര്‍ന്നത്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നാണ് ഈ വിവാദങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. അത് ഉള്‍ക്കൊണ്ടുള്ള സമീപനം ഭാവിയില്‍ ഉണ്ടാകുമെന്ന് ഇതിനാല്‍ ഉറപ്പുനല്‍കുകയുംചെയ്യുന്നു.

കേരളത്തിലെ പാര്‍ടിയെ ജനങ്ങള്‍ ആകമാനം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വപരമായ പങ്കാണ് പാര്‍ടി വഹിക്കുന്നത്. വര്‍ഗീയതയ്ക്കെതിരെയും ജാതിഭ്രാന്തിനെതിരെയും സന്ധിയില്ലാത്ത പോരാട്ടമാണ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നത്. ജനകീയപ്രശ്നങ്ങളില്‍ ആകണ്ഠം മുഴുകിയാണ് പാര്‍ടി മുന്നോട്ടുപോകുന്നത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റി പാര്‍ടി മുന്നോട്ടുപോകുകയാണ്. അഴിമതിക്കെതിരായി സന്ധിയില്ലാത്ത പോരാട്ടം അത് തുടരുകയുമാണ്. ഇവയ്ക്കെല്ലാം കരുത്ത് പകരുന്നതിന് കരുത്തുറ്റ സംഘടന അനിവാര്യമാണ്. അതിനാലാണ് അത്തരം ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുന്നതിന് ഈ പ്ലീനത്തിലൂടെ ശ്രമിച്ചത്. എടുത്ത തീരുമാനങ്ങള്‍ പ്രായോഗികമാക്കുക എന്നത് പ്ലീനത്തിന്റെ വിജയത്തിനും സംഘടനയുടെ മുന്നോട്ടുപോക്കിനും അനിവാര്യമാണ്. വരുന്ന ദിവസങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി നേതൃത്വംനല്‍കും. തുടര്‍പ്രക്രിയ എന്ന നിലയില്‍ വികസിക്കേണ്ട ഇത്തരം പരിപാടികള്‍ക്ക് പാര്‍ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

പിണറായി വിജയന്‍

Saturday, December 7, 2013

ദേശാഭിമാനി പരസ്യവിഭാഗത്തിന് വീഴ്ചപറ്റി: സിപിഐ എം

പ്ലീനവുമായി ബന്ധപ്പെട്ട് വിവാദത്തിനുദ്ദേശിച്ചാണ് സൂര്യ ഗ്രൂപ്പ് പരസ്യം നല്‍കുന്നതെന്ന് മനസ്സിലാക്കുന്നതില്‍ ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് വീഴ്ചയുണ്ടായതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തി. എല്ലാ അര്‍ഥത്തിലും പ്ലീനം വമ്പിച്ച വിജയമായത് പാര്‍ടിയുടെ യശസ്സ് ഉയര്‍ത്തുന്നതു കണ്ട വലതുപക്ഷ ശക്തികള്‍ക്ക് വീണുകിട്ടിയ ഒന്നായിരുന്നു സൂര്യ ഗ്രൂപ്പിന്റെ ദേശാഭിമാനിയിലെ പരസ്യം. പരസ്യദാതാവ് നേരത്തെ വിവാദമായ ചില കാര്യങ്ങളില്‍ പെട്ടപ്പോള്‍ ദേശാഭിമാനി സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ല.

കേരളത്തിലെ പല മാധ്യമങ്ങള്‍ക്കും പരസ്യം നല്‍കുന്ന സൂര്യ ഗ്രൂപ്പ്, പ്ലീനവുമായി ബന്ധപ്പെട്ട് ദേശാഭിമാനിക്ക് പരസ്യം നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നെന്ന് പരസ്യദാതാവ് പിന്നീട് പ്രതികരിച്ചതായി കണ്ടു. പ്ലീനത്തിന് ഈ വ്യക്തിയില്‍നിന്ന് സംഭാവന സ്വീകരിക്കാത്ത പാര്‍ടിയെ പരസ്യം നല്‍കി വിവാദത്തില്‍ പെടുത്താനാണ് ശ്രമിച്ചതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ പരസ്യം നല്‍കുന്നവരായാലും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നാണ് ഉയര്‍ന്നുവന്ന വിവാദം തെളിയിക്കുന്നതെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന പ്ലീനം വമ്പിച്ച വിജയമാക്കിയ സഖാക്കളെയും ബഹുജനങ്ങളെയും സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. പ്ലീനം വിജയിപ്പിക്കാന്‍ പാലക്കാട് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ രൂപീകരിച്ച സ്വാഗതസംഘം മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഒരു മാസം കൊണ്ട് പ്ലീനം ഗംഭീര വിജയമാക്കാനായത് പാലക്കാട് ജില്ലയിലെ പ്രസ്ഥാനത്തിന്റെ സംഘടനാശേഷിയാണ് തെളിയിച്ചത്. പ്ലീനത്തിന് വേണ്ടിവരുന്ന ചെലവിലേക്ക് ഫണ്ട് സമാഹരിച്ചതും മാതൃകാപരമാണ്. പാര്‍ടി അംഗങ്ങള്‍ 100 രൂപ വീതം നല്‍കിയും 25 രൂപ കൂപ്പണ്‍ ഉപയോഗിച്ച് വീടുകളില്‍നിന്ന് സമാഹരിച്ചും ലഭിച്ച ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്. ഫണ്ട് ശേഖരിക്കുന്നതില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടിനെ സെക്രട്ടറിയറ്റ് അഭിനന്ദിച്ചു.

Monday, December 2, 2013

മാതൃഭൂമിയുടെ പ്ലീനക്കാറ്റ്

"പ്ലീനം പുലിവാലായി; ഇടതുമുന്നണിയിലും പിണക്കം" എന്നാണ് മാതൃഭൂമി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സുദീര്‍ഘ വാര്‍ത്തയുടെ തലക്കെട്ട്. ആരെഴുതിയതെന്ന് വെളിപ്പെടുത്താത്ത വാര്‍ത്തയില്‍ പിന്നെയും ഒട്ടേറെ "നിരീക്ഷണ"ങ്ങളുണ്ട്. "വെളുക്കാന്‍ തേച്ചതു സി.പി.എമ്മിന് പാണ്ടായി." എന്ന കണ്ടെത്തലോടെയാണ് ആരംഭം. പാലക്കാട്ട് മൂന്നുദിവസം ചേര്‍ന്ന സിപിഐ എം സംസ്ഥാന പ്ലീനമോ അതില്‍ പാര്‍ടി എടുത്ത തീരുമാനങ്ങളോ പാസാക്കിയ പ്രമേയങ്ങളോ പ്ലീനത്തിന് സമാപനംകുറിച്ച് നടന്ന മഹാറാലിയോ മാതൃഭൂമി കണ്ടിട്ടില്ല. ആ പ്ലീനത്തില്‍ അവര്‍ കണ്ടത്, ദേശാഭിമാനിയില്‍ വന്ന ഒരു പരസ്യമാണ്; കെ എം മാണിയുടെ സെമിനാര്‍ സാന്നിധ്യമാണ്; ആര്‍എസ്പി നേതാവിന്റെ പരിഭവം പറച്ചിലാണ്. മാതൃഭൂമി ഒന്നും അവസാനിപ്പിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷിയുടെ അധ്യക്ഷനാണ് ആ പത്രത്തിന്റെ ഉടമ. കോഴിക്കോട്ട് മത്സരിച്ച് ജയിച്ച് പാര്‍ലമെന്റിലെത്താനുള്ള അത്യാര്‍ത്തി തകര്‍ന്നപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വഞ്ചിച്ച് പുറത്തുപോയി ഇടങ്കോലിട്ടയാളാണ് ആ നേതാവ്. സ്വന്തമായി ആള്‍ബലവും തലയില്‍ ആള്‍താമസവുമില്ലാത്തവര്‍ക്ക് എന്തും വിളിച്ചുപറയാമെന്നതിനെ ഉദാഹരിക്കാന്‍ വീരേന്ദ്രകുമാറിനെ ചൂണ്ടിക്കാട്ടിയാല്‍ മതി.

സിപിഐ എമ്മിനെ രണ്ടാക്കാനായിരുന്നു ആദ്യശ്രമം. മലപ്പുറം സമ്മേളനത്തോടെ പാര്‍ടി തകരുമെന്ന് സ്വപ്നംകണ്ടതും അതിനായി അരമൊരുക്കി കത്തിക്ക് മൂര്‍ച്ചകൂട്ടിയതും വീരേന്ദ്രകുമാറിന്റെ ആലയിലാണ്. ആ സ്വപ്നം പൊലിഞ്ഞപ്പോള്‍ അപവാദപ്രചാരണത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ചു. സിപിഐ എമ്മിനും അതിന്റെ നേതൃത്വത്തിനുമെതിരെ അശ്ലീലംകലര്‍ന്നതും അറപ്പിക്കുന്നതുമായ അപവാദകഥകള്‍ പിറന്നുവീണത് വീരന്റെ ചിന്താബീജത്തില്‍നിന്നാണ്. ലാവ്ലിന്‍ കേസിന്റെ പ്രഭവസ്ഥാനവും മറ്റൊന്നല്ല. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യംപേറുന്ന മാതൃഭൂമിയെ മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തിയതും സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്കാരികനായകരെ അപകീര്‍ത്തിപ്പെടുത്താന്‍ മഞ്ഞപ്പത്രത്തെ ഉപയോഗിച്ചതും മഞ്ഞപ്പത്രക്കാരന് ചെല്ലും ചെലവുംകൊടുത്ത് വളര്‍ത്തിയതും വീരേന്ദ്രകുമാറാണ്. അത്തരമൊരാളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനില്ല.

നൂറുകണക്കിനു ത്യാഗധനന്മാര്‍ സ്വന്തം ജീവന്‍കൊടുത്തും കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും ഇ കെ നായനാരുമടക്കമുള്ള മഹാനേതാക്കള്‍ ജീവിതം കൊടുത്തും ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടി നിലത്തിട്ടു ചവിട്ടിയരയ്ക്കാന്‍ കൊതിപൂണ്ട് നടന്ന കൗശലക്കാരനായ അത്യാഗ്രഹിയാണോ വിവരദോഷിയായ കുരുട്ടുബുദ്ധിയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സങ്കീര്‍ണമാണ് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ഇടപെടലുകള്‍. ആദ്യം സോഷ്യലിസ്റ്റ് മുഖംമൂടി അടര്‍ന്നുവീണു. പിന്നെ ഇടതുപക്ഷ വാചാടോപത്തിനു പിന്നിലെ വലതുപക്ഷ യാഥാര്‍ഥ്യം പുറത്തുവന്നു. സ്ഥാനമോഹത്താല്‍ ഇടതുപക്ഷത്തെ പിന്നില്‍നിന്ന് കുത്തിയും ശാപംചൊരിഞ്ഞും പുറത്തുപോയ സോഷ്യലിസ്റ്റിന് വലതുപക്ഷത്തുനിന്ന് സ്വീകരണവും കിട്ടിയില്ല; സ്ഥാനവും കിട്ടിയില്ല. ഏറ്റവുമൊടുവില്‍ കാത്തുസൂക്ഷിച്ച കസ്തൂരിക്കനിയായിരുന്നു ലാവ്ലിന്‍ കേസ്. കമ്യൂണിസ്റ്റ് നേതാവിനെ തച്ചുതകര്‍ക്കാന്‍ രാകിമിനുക്കിയ ആയുധമായിരുന്നു അത്. മഞ്ഞപ്പത്രക്കാരനെ മുന്നില്‍നിര്‍ത്തി ലാവ്ലിന്‍ യുദ്ധം നയിച്ച് വീരേന്ദ്രകുമാര്‍ സ്വയം മാറിനിന്നില്ല. കള്ളക്കഥകളെ ജനിപ്പിക്കുകമാത്രമല്ല, അവയ്ക്ക് പിതൃത്വം ഉണ്ടാക്കിക്കൊടുക്കാന്‍ സാക്ഷികളെ വാടകയ്ക്കെടുക്കുകയും ചെയ്തു. നിയമത്തിന്റെ ആനുകൂല്യങ്ങളും നീതിയും കമ്യൂണിസ്റ്റ് പാര്‍ടിക്കും നേതൃത്വത്തിനും കിട്ടരുതെന്നുറപ്പിച്ച് പത്രത്തിന്റെ താളുകള്‍ക്കു പുറമെ ദല്ലാള്‍മാരുടെ സേവനവും വിനിയോഗിച്ചു. ആരും പോകാന്‍ മടിക്കുന്ന വഴികളിലെല്ലാം സഞ്ചരിച്ചും ആരെയും അറപ്പിക്കുന്നത് ചെയ്തുകൂട്ടിയും ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിനെ ഒതുക്കാമെന്ന മോഹം പൂവണിഞ്ഞില്ല. ആ കേസ്, വിചാരണയ്ക്കെടുക്കാന്‍പോലും യോഗ്യതയില്ലാത്തതാണെന്ന് കണ്ട് പ്രാഥമിക പരിശോധനയില്‍ത്തന്നെ നീതിപീഠം തള്ളിക്കളഞ്ഞത് വീരേന്ദ്രകുമാറില്‍ ഉണ്ടാക്കിയ നൈരാശ്യം ഊഹങ്ങള്‍ക്കുമപ്പുറംതന്നെ. ആ നൈരാശ്യമാണ്, ""കിഴ്ക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീല്‍ നടപടികള്‍ നടക്കുമ്പോള്‍തന്നെ പാര്‍ട്ടി സെക്രട്ടറി ജില്ലകള്‍തോറും സ്വീകരണങ്ങള്‍ "ഏറ്റുവാങ്ങി" നയം വ്യക്തമാക്കുന്നതിന്റെ അര്‍ഥശൂന്യതയും പാര്‍ട്ടിയിലെ ഒരുവിഭാഗം ചര്‍ച്ച ചെയ്യുകയാണ്"" എന്ന് ആശ്വസിച്ച് മാതൃഭൂമി മറികടക്കാന്‍ ശ്രമിക്കുന്നത്. ലാവ്ലിന്‍ കേസില്‍ വന്ന വിധി വെറുമൊരു കീഴ്കോടതിയുടേതാണെന്ന് പയുന്നതിലെ സൂചനയോ ഭീഷണിയോ ശ്രദ്ധിക്കേണ്ടതാണ്. ഇനിയും കോടതികളുണ്ട്, പിണറായി വിജയനെ ഞങ്ങള്‍ വിടില്ല എന്ന ഭീഷണി. അതുകൊണ്ട് പിണറായി സ്വീകരണമേറ്റുവാങ്ങാന്‍ പാടില്ല എന്ന ആജ്ഞ. ഉപജാപങ്ങളും ദല്ലാള്‍സേവയും തങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല; ചെല്ലും ചെലവുംകൊടുത്തു വളര്‍ത്തുന്ന വ്യവഹാരികളും മഞ്ഞപ്പത്രക്കാരും അടങ്ങിയിട്ടില്ല എന്ന സൂചന. വയനാട്ടിലെ ആദിവാസിഭൂമിയുടെ മാത്രമല്ല, ഏതു ഹീനവൃത്തിക്കുമുള്ള അവകാശരേഖയും വെട്ടിപ്പിടിച്ചിട്ടുണ്ട് എന്ന അഹങ്കാരമാണ് ഈ വാക്കുകളില്‍ തെളിയുന്നത്.

എന്നിട്ടും പത്രത്തിനും മുതലാളിക്കും തൃപ്തിവരുന്നില്ല. ചക്കിട്ടപാറയും ചാക്കും സമംചേര്‍ത്ത് വിവാദത്തിന്റെ ചാക്കണ പാകംചെയ്ത് ഭുജിച്ച് സിപിഐ എമ്മിന്റെ ചങ്കില്‍ കുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടതിന്റെ കാരണം അതാണ്. "പാലക്കാട്ടെ വിവാദ വ്യവസായിയുടെ കൂറ്റന്‍ പരസ്യം പാര്‍ട്ടിപത്രം ഒന്നാംപേജില്‍ വര്‍ണഭംഗിയോടെ അച്ചടിച്ചിട്ടും ചുമതലപ്പെട്ടവര്‍ അതിനെ ന്യായീകരിച്ചതു സി.പി.എം. അണികളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം. വിവാദപരസ്യത്തിനെതിരെ കേരളം മുഴുവന്‍ ചര്‍ച്ച നടന്നിട്ടും സി.പി.എം. സംസ്ഥാന സെക്രട്ടറി 48 മണിക്കൂര്‍ കഴിഞ്ഞാണ് വായ് തുറന്നത്" എന്ന് മാതൃഭൂമി എഴുതുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെ "വായ് തുറക്കലായി" കാണുന്ന പരിഹാസത്തെ അവഗണിക്കാം- മാതൃഭൂമിയുടെ സാംസ്കാരികനിലവാരത്തിന് അനുസരിച്ചല്ലേ അവര്‍ ചിന്തിക്കൂ. സിപിഐ എമ്മിന്റെ പ്രതികരണം മാതൃഭൂമി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ വേണമെന്ന അത്യാഗ്രഹത്തെയും അല്‍പ്പത്തമെന്നുകണ്ട് വിട്ടുകളയാം. എന്നാല്‍, അതേ വിവാദവ്യവസായിയുടെ പരസ്യവും കാശും എണ്ണിവാങ്ങുമ്പോള്‍ മാതൃഭൂമിയുടെ ഹൃദയത്തില്‍ എന്തേ ഇത്തരം ധാര്‍മികബോധവും നൈതികതയുമൊന്നും തിളച്ചുപൊങ്ങിയില്ല എന്നെങ്കിലും അവര്‍ വ്യക്തമാക്കേണ്ടതാണ്. സോഷ്യലിസ്റ്റ് നേതാവ് നയിക്കുന്ന പത്രത്തില്‍ എന്തും ആകാമെന്നാണോ?

മാതൃഭൂമിയുടെ പാരമ്പര്യം വിറ്റ് കാശാക്കുന്നതുകൊണ്ട്; യഥാര്‍ഥ അവകാശികളില്‍നിന്ന് വളഞ്ഞവഴിയിലൂടെ ഓഹരികള്‍ പടുവിലയ്ക്ക് തരപ്പെടുത്തി മുതലാളിയായി ഞെളിയാന്‍ അവസരംകിട്ടിയതുകൊണ്ട് വൃത്തിയില്ലാത്ത ഏതുമാര്‍ഗവും വീരേന്ദ്രകുമാറിന് ഭൂഷണംതന്നെ. ദുഷ്ടരെ താങ്ങിരക്ഷിച്ചും ശിഷ്ടരെ കീഴടക്കിയും പണപ്പെട്ടിക്ക് കനംകൂട്ടാമെന്നും പദവികള്‍ പാട്ടിലാക്കാമെന്നും ധരിക്കുന്ന ഇത്തരക്കാര്‍ക്ക് സ്വന്തമായ നീതിസംഹിതകളുണ്ടാകാം. അതുകൊണ്ടുതന്നെ ഇതേ വ്യവസായിയില്‍നിന്ന് പണം ഇരന്നുവാങ്ങുന്നതിന് വീരേന്ദ്രകുമാറിന്റെ "സോഷ്യലിസ്റ്റ്" പാര്‍ടിക്ക് മടിച്ചുനില്‍ക്കേണ്ടതില്ല.

"യു.ഡി.എഫ്. സര്‍ക്കാരിനെ ചീത്തപറഞ്ഞുകൊണ്ട് അതിലെ ഒരുഘടകകക്ഷിയെ "ധൃതരാഷ്ട്രാലിംഗനം" ചെയ്യാന്‍ സി.പി.എം. കരുനീക്കം നടത്തിയെന്ന് ചന്ദ്രചൂഡന്റെ പ്രസ്താവനയോടെ വ്യക്തമായി" എന്നാണ് മാതൃഭൂമി വാര്‍ത്തയിലെ മറ്റൊരാരോപണം. യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിന്റെ പതിനാലില്‍ പതിമൂന്ന് ജില്ലാ കമ്മിറ്റികളും ഇടതുപക്ഷത്തോടൊപ്പം ചേരണമെന്ന് അഭിപ്രായപ്പെട്ട കാര്യം വീരഭൂമിയുടെ കണ്ണില്‍ പതിഞ്ഞിട്ടില്ലേ? ഒരു സീറ്റിനുവേണ്ടി അന്നുവരെനിന്ന മുന്നണിയെ തള്ളിപ്പറഞ്ഞ് സ്ഥലംവിട്ട അവസരവാദ പാരമ്പര്യം മറ്റുള്ളവരിലും കാണാന്‍ ശ്രമിക്കുന്നതിന്റെ കുഴപ്പമാണിത്. ഇടതുപക്ഷത്തുനിന്ന് ഒരു കണ്ണേറുകിട്ടിയാല്‍ ചാടിപ്പോരാന്‍ തയ്യാറായിനില്‍ക്കുന്നവരുടെ കൂട്ടത്തില്‍ വീരന്റെ കക്ഷിയുമുണ്ടാകാം. അങ്ങനെ കണ്ണുകാട്ടി ആരെയും മയക്കിയെടുത്ത് അട്ടിമറി സംഘടിപ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ്, അച്ഛനും മകനും അരപ്പത്രവും കൈയേറ്റഭൂമിയും പിന്നെ വരമ്പത്തുനില്‍ക്കുന്ന ഒരു മന്ത്രിയുമുള്ള മഹാപാര്‍ടിക്ക് ഭരണകക്ഷി എന്ന പേര് നിലനില്‍ക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം വീരന് നഷ്ടപ്പെടാതിരിക്കട്ടെ. "ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് പാര്‍ട്ടിയിലെ ശത്രുക്കളെ വകവരുത്തുക" എന്ന "മൂല്യാധിഷ്ഠിത" നിലപാടാണ് പ്ലീനത്തിലൂടെ നടപ്പാക്കാന്‍ തീരുമാനിച്ചത്" എന്നൊരു മഹാകാര്യവും എഴുന്നള്ളിക്കുന്നുണ്ട് മാതൃഭൂമി. അത് ചേരുന്നത് ഏത് പാര്‍ടിക്കാണെന്ന് കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും മാത്യൂ ടി തോമസും പ്രേംനാഥുമൊക്കെ പറയട്ടെ. ജനതാദള്‍ എന്ന വലിയ പാര്‍ടിയും അതിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യവും എങ്ങനെ ഉപ്പുവച്ച കലത്തിന്റെ പരുവത്തിലായി എന്ന് വിശദീകരിച്ചൊരു ലേഖനമെഴുതാനും വീരന്‍ ആരെയെങ്കിലും ഏല്‍പ്പിക്കേണ്ടതുണ്ട്. "പ്ലീനം കൊണ്ടുണ്ടായ കോട്ടം എത്രയുംവേഗം തീര്‍ക്കാന്‍ സി.പി.എമ്മിന് അത്യധ്വാനം ചെയ്യേണ്ടിവരു"മെന്നതും "വീണ്ടും ഒരു"ക്ലീന്‍സ്ലേറ്റ്" യജ്ഞം തുടങ്ങിയാല്‍ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിക്ക് നടന്നടുക്കാന്‍ കഴിയുകയുള്ളൂ" എന്നതും മാതൃഭൂമിയിലൂടെ വീരന്‍ കാണുന്ന പാഴ്ക്കിനാവിന്റെ അസംബന്ധ ഭാഗങ്ങളാണ്.

സിപിഐ എമ്മിന്റെ സ്ലേറ്റ് ക്ലീന്‍തന്നെയാണ്. പ്ലീനംകൊണ്ട് ആര്‍ജിച്ചത്, മറ്റേതൊരു രാഷ്ട്രീയ പാര്‍ടിയെയും അതിശയിപ്പിക്കാന്‍ പോന്ന സംഘടനാശേഷിയും ശുദ്ധിയും ഊര്‍ജവുമാണ്. പാഴ്വാക്കുകള്‍കൊണ്ടും ശാപംകൊണ്ടും അപവാദംകൊണ്ടുമല്ല- രാഷ്ട്രീയംകൊണ്ടാണ് അതിനെ ചെറുക്കേണ്ടത്. നേര്‍ക്കുനേര്‍ രാഷ്ട്രീയം പറഞ്ഞാണ് നേരിടേണ്ടത്.

ഇപ്പോള്‍ മാതൃഭൂമി നില്‍ക്കുന്നത് വീരേന്ദ്രകുമാറിന്റെ തരംതാണ മഞ്ഞപ്പത്രമനസ്സിന്റെയും അതിനേക്കാള്‍ താണ ഉപജാപകരാഷ്ട്രീയത്തിന്റെയും അടിത്തറയിലാണ്. അതിന് ബലമില്ല. വിവാദ രാഷ്ട്രീയക്കാരനെന്നോ വെറുക്കപ്പെട്ട മാധ്യമ മുതലാളിയെന്നോ വിളിച്ചാല്‍ വീരേന്ദകുമാറിനോട് നീതിചെയ്യാനാകില്ല. അതിനേക്കാളൊക്കെ ദുര്‍ഗന്ധപൂരിതമായ വിശേഷണങ്ങളാണ് അവിടെ ആവശ്യം. ആ കണക്കെടുക്കുമ്പോള്‍, വയനാട് ജില്ലയിലെ മീനങ്ങാടി കൃഷ്ണഗിരിയില്‍ 16.75 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 62 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന്റെയും ആ ഭൂമികള്‍ പിടിച്ചെടുത്ത് ഭൂരഹിത ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെയും കഥപറയേണ്ടിവരും. വയനാട്ടില്‍ കോടതി സമുച്ചയം, സിവില്‍ സ്റ്റേഷന്‍ എന്നിവ നിര്‍മിക്കാന്‍ സ്ഥലം വിട്ടുകൊടുത്തത് തന്റെ കുടുംബമാണ് എന്ന അവകാശവാദത്തിന്റെ കള്ളി പൊളിക്കേണ്ടിവരും. ലോകത്ത് ഒരാഴ്ച ഇന്റര്‍നെറ്റ് ലഭ്യമല്ലാതായാല്‍ ഡാന്യൂബ് സാക്ഷിയും മുടങ്ങിപ്പോകും എന്ന് തമാശപറയേണ്ടിവരും. വേജ്ബോര്‍ഡ് നടപ്പാക്കാത്ത വന്‍ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ നടത്തിയ ഒരു ധര്‍ണയില്‍ പങ്കെടുത്തതിന് രണ്ട് ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ രണ്ടു ഡസനിലേറെപ്പേര്‍ ഗോഹട്ടി തൊട്ട് കൊല്‍ക്കത്തവരെ പറത്തപ്പെട്ടതിന്റെ കണക്ക് പറയേണ്ടിവരും. ഗോഹട്ടി, സെക്കന്തരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഓഫീസും ആശ്രയവുമില്ലാതെ അലയേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകരുടെ കഥയെഴുതേണ്ടിവരും.

കൈയേറിയ ഭൂമിയുടെയും കൈയടക്കിയ പത്രത്തിന്റെയും കരമൊഴിവായിക്കിട്ടിയ രാഷ്ട്രീയാധികാരത്തിന്റെയും അളവറ്റ സമ്പത്തിന്റെയും ബലത്തില്‍ എന്തുംചെയ്യാന്‍ മടിക്കാത്തവരെ നേരിടുക സാഹസമാണ്. അച്ചടിമഷിക്ക് താങ്ങാനാകാത്തവിധം കറുത്തുകരുവാളിച്ച വീരേതിഹാസങ്ങളെ വിമര്‍ശിച്ചവരെ അപമാനിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഇരുത്തിക്കളയാനുള്ള മഞ്ഞപ്പത്രസന്നാഹമുണ്ട്. ആരോട് എന്ത് കാരണത്തിന് എപ്പോഴാണ് പകയും വിദ്വേഷവും തോന്നുന്നത് എന്ന് ആര്‍ക്കും പറയാനാകില്ല; തോന്നിക്കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നും. അത് സ്വന്തം സഹോദരിയായാലും സ്വന്തം പത്രത്തിലെ ജീവനക്കാരായാലും സ്വന്തം മുന്നണിയിലെ നേതാക്കളായാലും ശരി. എന്ത് അപവാദവുമെഴുതും, നാണംകെടുത്താന്‍ ഏതറ്റംവരെയുംപോകും. സുകുമാര്‍ അഴീക്കോടിനോട് കാണിക്കാത്ത മര്യാദ ആരോടാണ് കാണിക്കുക?

പ്ലീനം പുലിവാലായി എന്ന തലക്കെട്ടിലെ വാര്‍ത്ത വായിച്ചാലറിയാം അതിന്റെ പിതൃത്വത്തെക്കുറിച്ച്. വാര്‍ത്തയും വിശകലനവും എഴുതി പരിചയമുള്ളവര്‍ കൈകാര്യംചെയ്യാന്‍ അറയ്ക്കുന്ന ഭാഷയും യുക്തിയുമാണതില്‍. മുതലാളി മനസ്സില്‍ കാണുന്നത് അതേപടി എഴുതിക്കൊടുക്കാന്‍ കാത്തുനില്‍ക്കുന്ന നിലയവിദ്വാന്മാര്‍പോലും ഈ വിശകലനത്തിന്റെ പിതൃത്വം ഏറ്റെടുക്കില്ല. പണ്ട് കോഴിക്കോട് മേയറെ അശ്ലീലമെഴുതി അപമാനിക്കാന്‍ ശ്രമിച്ചതിന് കോടതി കയറിയപ്പോള്‍, കാമമെന്ന വാക്കിന് മാമ്പഴമെന്നും അര്‍ഥമുണ്ടെന്ന് വ്യാഖ്യാനിച്ച ചരിത്രം വീരേന്ദ്രകുമാറിന്റേതും ഭൂതഗണങ്ങളുടേതുമാണ്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരസ്യംകൊണ്ട് കളിക്കാനൊരുമ്പെടുംമുമ്പ്, ഏതു പത്രത്തിനും നിലനില്‍ക്കാന്‍ പരസ്യം വേണമെന്ന ബോധം മറഞ്ഞുപോയതെങ്ങനെ എന്ന ചോദ്യമില്ല. മായാമോഹിനി വശീകരണയന്ത്രത്തിന്റെയും ചാത്തന്‍സേവയുടെയും ശേഷിക്കുറവ് പരിഹരിക്കുന്ന ലാടമരുന്നുകളുടെയുമടക്കം പരസ്യം നല്‍കി പണം സമ്പാദിക്കുന്ന പത്രമാണ് മാതൃഭൂമി. ആ മാതൃഭൂമിയാണ് ദേശാഭിമാനിയെ ഭര്‍ത്സിക്കുന്നത് എന്ന് കാണുമ്പോള്‍ അത്യധികമായ സഹതാപമേ തോന്നൂ.

ഹിമാലയത്തിന്റെ താഴ്വാരങ്ങളില്‍ നടത്തിയ ഉല്ലാസയാത്രയെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി "വളരുന്ന നദികളും ഇടറുന്ന താഴ്വരകളും" എന്ന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അത് ഹൈമവതഭൂവില്‍ എന്ന് പേരുമാറ്റി പുസ്തകമാക്കി. അതില്‍ പറയുന്ന ഏതെങ്കിലും ദാര്‍ശനികകാര്യങ്ങള്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കാതെ 15 മിനിറ്റ് സംസാരിക്കാന്‍ വീരനോട് ആവശ്യപ്പെട്ടുനോക്കൂ എന്ന് ഈയിടെ ഒരു വെല്ലുവിളി കേട്ടിരുന്നു. അതാണ് വീരന്റെ യഥാര്‍ഥ മുഖം. ഇപ്പോള്‍ വാര്‍ത്തയെഴുതാനും പുറമെനിന്ന് വാസുദേവന്മാരെ കൊണ്ടുവരുന്നു; അങ്ങനെ മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകരുടെ അവശേഷിക്കുന്ന ആത്മാഭിമാനത്തിനും തീവയ്ക്കുന്നു. "എളമരം കരിമിന്റെ പങ്ക് വ്യക്തമായിട്ടും അന്വേഷണമില്ല" എന്ന് ചക്കിട്ടപാറ ഖനന സര്‍വേ സംബന്ധിച്ച് വീരന്‍ ഒന്നാംപേജ് വാര്‍ത്തയെഴുതുമ്പോള്‍ മനസ്സിലാക്കണം- സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി വിവാദത്തിന്റെ പുകമറയുയര്‍ത്തി ഒരു വേട്ടയ്ക്കുള്ള സന്നാഹം ഉപജാപകകേന്ദ്രങ്ങളില്‍ ഒരുങ്ങിയെന്ന്.

ദേശാഭിമാനി പരസ്യം സ്വീകരിക്കണോ, ഏത് പരസ്യമൊക്കെ സ്വീകരിക്കണം, വന്ന പരസ്യം ശരിയോ തെറ്റോ എന്നൊക്കെ തീരുമാനിക്കാന്‍ പത്രത്തിനും അതിന്റെ ഉടമസ്ഥര്‍ക്കും ത്രാണിയുണ്ട്. ദേശാഭിമാനി ഏതെങ്കിലും ഒരു മുതലാളിയുടെ സ്വകാര്യസ്വത്തല്ല- ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ നയിക്കുന്ന പ്രസ്ഥാനത്തിന്റെ നാവാണ്. അതിന് മേല്‍നോട്ടം വഹിക്കാനും അഭിപ്രായം പറയാനും വരുന്നതിനുമുമ്പ് വീരന്‍ സ്വന്തം ഇരിപ്പിടത്തിലെ വൃത്തികേട് വെടിപ്പാക്കട്ടെ. സ്വന്തം മുന്നണിയിലെ കൂട്ടക്കുഴപ്പം പരിഹരിച്ച് വിശ്രമിക്കുന്ന വേളയില്‍ ആവശ്യമുണ്ടെങ്കില്‍, ചന്ദ്രചൂഡന്റെ പരിഭവവും പരാതിയും പരിഹരിക്കുന്നതിന്റെ ക്വട്ടേഷന്‍ എടുക്കാവുന്നതാണ്. മാതൃഭൂമിയിലെ സ്ഥലംമാറ്റ പീഡനത്തിന് ഇരയായ പാവങ്ങളുടെ കണ്ണീര് തോര്‍ന്നിട്ടുപോരേ, ദേശാഭിമാനിയുടെ പരസ്യക്കണക്കെടുക്കാന്‍? സിപിഐ എം പ്ലീനത്തെ പുലിവാലില്‍കെട്ടാനുള്ള മാനസികാവസ്ഥ വീരേന്ദ്രകുമാറിനുണ്ടാകും- അത് അതേപടി പകര്‍ത്താന്‍ വിധിക്കപ്പെട്ട പത്രാധിപന്മാരെ ഓര്‍ത്ത് മാധ്യമലോകം സഹതപിക്കുകതന്നെ വേണം.

പി എം മനോജ് ദേശാഭിമാനി 031213

Sunday, December 1, 2013

കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു: യെച്ചൂരി

പാലക്കാട്: ജനങ്ങളില്‍നിന്ന് അഴിമതി മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും പാര്‍ലമെന്റില്‍ രാഷ്ട്രീയ ഒത്തുകളി നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇരുവിഭാഗവും തങ്ങളുടെ ഭരണകാലത്തെ അഴിമതി പുറത്തുവരുമെന്ന് ഭയന്ന് പരസ്പര ധാരണയിലെത്തുകയാണ്. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ച ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍പ്പോലും പ്രചാരണത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് വിവിധ മതേതര കക്ഷികള്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തോടൊപ്പം അണിചേരുന്നത്. ഒക്ടോബര്‍ 30ന് ചേര്‍ന്ന കണ്‍വന്‍ഷന്‍ ഇത് തെളിയിക്കുന്നു. രാജ്യത്ത് യഥാര്‍ഥ രാഷ്ട്രീയ ബദല്‍ സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. കമ്യൂണിസ്റ്റ്പാര്‍ടിയുടെ വളര്‍ച്ച വര്‍ഗശത്രുക്കള്‍ക്ക് അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. അതിനാലാണ് കമ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അതിനെ തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിത കടന്നാക്രമണം ഉണ്ടാകുന്നത്. കേരളത്തിലും ബംഗാളിലും ഇത്തരം കടന്നാക്രമണമുണ്ടായി. എന്നാല്‍, ഇതില്‍ തളരാതെ ജനങ്ങളെ അണിനിരത്തി കൂടുതല്‍ കരുത്തോടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം തിരിച്ചുവരികയാണ് ചെയ്തത്.

വിദേശ കുത്തകകളുടെ ലാഭം പരമാവധി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത്. പണക്കാര്‍ക്ക് നികുതിയിളവ് നല്‍കി സഹായിക്കുമ്പോള്‍ പാവപ്പെട്ടവന്റെ സബ്സിഡികള്‍ ഓരോന്നായി വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് ശരാശരി അഞ്ചുലക്ഷംകോടിരൂപയുടെ നികുതിയിളവാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും വന്‍തോതില്‍ വര്‍ധിച്ചു. 68 ശതമാനം ഗര്‍ഭിണികള്‍ക്ക് ഇരുമ്പിന്റെ കുറവുള്ളതായി കണ്ടെത്തിയിരുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രധാനമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടി വന്നു. പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ പണമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കല്‍ക്കരി കുംഭകോണം നടന്നില്ലെങ്കില്‍ ആ പണംകൊണ്ട് അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യയിലെ കുട്ടികള്‍ക്ക് പതിനാലുവയസ്സുവരെ സൗജന്യവിദ്യാഭ്യാസം നല്‍കാമായിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയബദല്‍ അനിവാര്യമായിരിക്കുകയാണ്. ഇതിനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ പ്ലീനത്തില്‍ സിപിഐ എം തീരുമാനിച്ചിട്ടുണ്ട്. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കരുത്താണ് പോരാട്ടത്തിനുള്ള ആയുധം. ഈ ആയുധം ശക്തിപ്പെടുത്തി ഐക്യത്തോടെയുള്ള ജനകീയ പ്രക്ഷോഭമാണ് സംഘടിപ്പിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

deshabhimani

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക...

(കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

കേരളത്തിന്റെ വികസനത്തിന്‌ വലിയ സംഭാവനകള്‍ നല്‍കിയ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

കേരളത്തിലെ ഭൂപരിഷ്‌കരണം ജന്മിത്വബന്ധങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട്‌ വികസനത്തിന്‌ അടിത്തറയിട്ടുവെങ്കില്‍ ഹുണ്ടിക വ്യാപാരികളില്‍ നിന്നും പണം പലിശ കൊടുക്കുന്ന ബ്ലേഡുകാരില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക്‌ മോചനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സഹകരണമേഖല നേതൃത്വം നല്‍കിയത്‌. മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മുന്നോട്ട്‌ നയിക്കുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഈ മേഖല വലിയ സംഭാവന നല്‍കുകയുണ്ടായി. സഹകരണമേഖലയ്‌ക്കു കീഴിലുള്ള സംഘങ്ങളെടുത്താല്‍ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക്‌ നേരിട്ടും അതിലും എത്രയോ അധികം ആളുകള്‍ക്ക്‌ പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനമായും ഇത്‌ വളര്‍ന്നുവന്നിട്ടുണ്ട്‌.

ധനമൂലധന ശക്തികള്‍ക്ക്‌ കടന്നുവരുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നതിനായി ആഗോളവല്‍ക്കരണ നയങ്ങളിലൂടെ പൊതുമേഖലയേയും സഹകരണ പ്രസ്ഥാനത്തേയും തകര്‍ക്കുന്ന നടപടികളാണ്‌ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്തായി രൂപീകരിക്കപ്പെട്ട വിവിധ കമ്മീഷനുകളിലൂടെ ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്‌ പരിശ്രമിച്ചത്‌. എന്നാല്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ ഇവ തകര്‍ക്കുമെന്നതിനാല്‍ അത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തിയത്‌. എന്നാല്‍, കേരളത്തിലെ സഹകരണ മേഖലയിലുള്ളവരുടെയും ബഹുജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഇത്തരം നയങ്ങള്‍ നടപ്പിലാക്കുന്നതിന്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്‌ പോലും സാധ്യമായില്ല.

ഫെഡറല്‍ ഘടനയില്‍ സംസ്ഥാനസര്‍ക്കാരിനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തിയതിനാലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ സഹകരണ മേഖലയില്‍ നടക്കാതെ പോയത്‌. ഈ അവസ്ഥ തരണം ചെയ്യുന്നതിന്‌ ഭരണഘടനാ ഭേദഗതി വരുത്തിക്കൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം തന്നെ കവര്‍ന്നെടുക്കുന്ന പദ്ധതികളാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്‌. സഹകരണബാങ്കുകളെ ബാങ്കിംഗ്‌ റെഗുലേഷന്‍ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി ഇതിന്റെ ഭാഗമായാണ്‌ സ്വീകരിച്ചത്‌. ഇതോടെ സംസ്ഥാന വിഷയമായ സഹകരണം കേന്ദ്രസര്‍ക്കാരിന്റെ വകുപ്പായി മാറുന്ന നിലയാണ്‌ ഉണ്ടായിരിക്കുന്നത്‌.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയും ഇതേ ചുവടു പിടിച്ചുതന്നെയാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഭരണഘടനയുടെ പാര്‍ട്ട്‌ 3 ലെ അനുച്ഛേദം 19 (1) സിയില്‍ സഹകരണ സംഘങ്ങള്‍ എന്ന വാക്ക്‌ കൂട്ടിച്ചേര്‍ത്തു. ഇത്‌ പ്രകാരം ഒരേ പ്രദേശത്ത്‌ ഒരേ ലക്ഷ്യത്തോടെ രജിസ്റ്റര്‍ ചെയ്‌ത നിരവധി സംഘങ്ങള്‍ രൂപീകരിക്കാന്‍ പറ്റുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്‌. ഇത്‌ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിന്‌ ഇടയാക്കും. രണ്ടാമത്തെ ഭേദഗതി ഭരണഘടനയുടെ പാര്‍ട്ട്‌ 4-ല്‍ അനുച്ഛേദം 43 (എ) യ്‌ക്കുശേഷം 43(ബി) എന്ന പേരില്‍ സഹകരണ സംഘങ്ങളുടെ സ്വമേധയായുള്ള രൂപീകരണം, സ്വയം ഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണല്‍ മാനേജ്‌മെന്റ്‌ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്‌ട്രം നടപടിയെടുക്കണം എന്ന നിര്‍ദ്ദേശമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഇതിലെ സ്വയംഭരണം എന്ന പദത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം തന്നെ എടുത്തുമാറ്റുന്നതിനുള്ള അവസരമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. മറ്റൊരു ഭേദഗതി പ്രൊഫഷണല്‍ മാനേജ്‌മെന്റിനെ സംബന്ധിച്ച ഉല്‍ക്കണ്‌ഠയാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ഇതിലൂടെ സഹകരണ ഉദ്യോഗസ്ഥന്മാരുടെ ഓഡിറ്റിങ്ങിനു പകരം സ്വകാര്യ കമ്പനികളുടെ ഓഡിറ്റിങ്ങ്‌ ഏര്‍പ്പെടുത്താനുള്ള നടപടിയാണ്‌ ലക്ഷ്യം വെക്കുന്നത്‌.

ഭരണഘടനയുടെ നാലാംഭാഗത്ത്‌ മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളില്‍ 9 (എ) യ്‌ക്ക്‌ ശേഷം 9 (ബി) എന്ന പുതിയ ആര്‍ട്ടിക്കിള്‍ കൂടി ചേര്‍ക്കുന്ന തരത്തിലാണ്‌ ഈ ബില്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്‌ ഏത്‌ നിയമവും കേരളത്തിന്റെ സഹകരണമേഖലയില്‍ അടിച്ചേല്‍പ്പിക്കാവുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്‌.

ബാങ്കിംഗ്‌ നിയമഭേദഗതി ബില്ലും വലിയ പ്രതിസന്ധി സംസ്ഥാനത്ത്‌ സൃഷ്‌ടിക്കും. ബാങ്കിംഗ്‌ നിയമഭേദഗതി ബില്ലിലെ 9 (ബി) യില്‍ 240 ദഘ എന്ന വ്യവസ്ഥ അനുസരിച്ച്‌ എല്ലാ സഹകരണബാങ്കുകളും റിസര്‍വ്‌ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിംഗ്‌ റെഗുലേഷന്‍ ആക്‌ടിന്റെ പരിധിയില്‍ വരുന്ന നിലയും ഉണ്ടാകും. ഇതിന്റെ പരിധിയില്‍ വരുന്നതോടെ ജനകീയമായ എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സഹകരണബാങ്കുകള്‍ പിന്മാറേണ്ടി വരും.
വാണിജ്യബാങ്കുകള്‍ക്ക്‌ തുല്യമായ നിയന്ത്രണങ്ങള്‍ സഹകരണപ്രസ്ഥാനത്തില്‍ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ്‌ പൊതുവില്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇത്‌ ശരിയായ നടപടിയല്ല. കാരണം സഹകരണ ബാങ്കുകള്‍ ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. സഹകരണ സ്ഥാപനങ്ങളുടെ ഓഹരി അംഗങ്ങള്‍ എടുക്കുന്ന വായ്‌പയുമായി ബന്ധപ്പെടുത്തിയാണ്‌ കണക്കാക്കുന്നത്‌. ഈ ഓഹരികള്‍ വാണിജ്യമേഖലയുടേതുപോലെ ഓഹരിക്കമ്പോളത്തില്‍ വില്‍പ്പന നടത്തി മൂലധന പര്യാപ്‌തത കൈവരിക്കാന്‍ സാധിക്കില്ല. ഈ അടിസ്ഥാന കാഴ്‌ചപ്പാടുപോലും ഇല്ലാതെയാണ്‌ സഹകരണമേഖലയെ സംബന്ധിച്ചുള്ള നിയമങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്‌.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ 40 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌. പിരിച്ചെടുത്ത ഓഹരി മൂലധനത്തില്‍ കൂടുതല്‍ നഷ്‌ടമുള്ള സ്ഥാപനങ്ങളുമുണ്ട്‌. റിസര്‍വ്‌ ബാങ്ക്‌ ലൈസന്‍സ്‌ നിര്‍ബന്ധിതമാക്കുന്നതോടെ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ഇത്‌ ബാധിക്കും. മാത്രമല്ല, സഹകരണ പ്രസ്ഥാനം ലാഭത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ബാങ്കുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയുമുണ്ടാകും.

ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ള പ്രകാശ്‌ ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ജില്ലാ സഹകരണ ബാങ്കുകളുടെ വായ്‌പയില്‍ 70 ശതമാനം കാര്‍ഷിക മേഖലയ്‌ക്ക്‌ നല്‍കണമെന്ന്‌ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്‌. ഇപ്രകാരം പ്രവര്‍ത്തിക്കാത്തവയെ അര്‍ബന്‍ സഹകരണ ബാങ്കുകളാക്കണമെന്ന്‌ സമിതിയുടെ ശുപാര്‍ശയിലുണ്ട്‌. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ കേന്ദ്ര ഗവണ്‍മെന്റിന്റെയും നബാര്‍ഡിന്റെയും സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച്‌ യാതൊരു നിര്‍ദ്ദേശവും ഈ കമ്മീഷന്‍ ചര്‍ച്ച ചെയ്യുക പോലും ഉണ്ടായില്ല.

പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ ജില്ലാ സഹകരണബാങ്കുകളുടെ ഏജന്റുകളായി പ്രവര്‍ത്തിക്കണമെന്നാണ്‌ (ബിസിനസ്‌ കറസ്‌പോണ്ടന്റ്‌) നബാര്‍ഡിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്റെ നയം റിസര്‍വ്‌ ബാങ്കിനേയും നബാര്‍ഡിനേയും ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നടപടികള്‍ ജനങ്ങള്‍ക്ക്‌ പ്രതിസന്ധി ഉണ്ടാക്കുന്നതും കാര്‍ഷിക സഹകരണസംഘങ്ങളെ തകര്‍ക്കുന്നതുമാണ്‌. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക്‌ ആവശ്യമായ തുക എത്തിക്കുക എന്ന നബാര്‍ഡിന്റെ ധര്‍മ്മം നടപ്പിലാക്കാത്ത സ്ഥിതിയുമാണുള്ളത്‌. സഹകരണ സംഘങ്ങള്‍ക്ക്‌ ഇന്‍കംടാക്‌സ്‌ അടയ്‌ക്കുന്നതില്‍നിന്നും ഐ.ടി ആക്‌ട്‌ 80(പി) അനുസരിച്ച്‌ ഇളവ്‌ അനുവദിച്ചിരുന്നു. ഇതിനും മാറ്റം വന്നിരിക്കുകയാണ്‌.

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ചുവടുപിടിച്ച്‌ സംസ്ഥാന സര്‍ക്കാരും മുന്നോട്ടുപോവുകയാണ്‌. ഇതിന്റെ ഭാഗമായി അഞ്ച്‌ വര്‍ഷക്കാലത്തേക്ക്‌ തെരഞ്ഞെടുത്ത ഭരണസമിതികളെ പിരിച്ചുവിടാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. മാത്രമല്ല സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളിലെ ഓഹരി വായ്‌പാ അനുപാതം ഇരട്ടിയാക്കിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഹരി അനുപാതം ഒരു ശതമാനമാക്കി കുറച്ചത്‌. ശരിയായ ചര്‍ച്ചകളുടേയും നിലപാടുകളുടേയും അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നത്‌.

സഹകരണ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ്‌ നടത്താന്‍ ബാധ്യസ്ഥരാണ്‌. എന്നാല്‍ യു.ഡി.എഫിന്റെ താല്‍പ്പര്യത്തിനു വഴങ്ങി ജനാധിപത്യവിരുദ്ധമായ നിലയില്‍ സഹകരണ സംഘങ്ങളുടെ ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫുകാര്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ക്ക്‌ കമ്മീഷന്‍ കൂട്ടുനില്‍ക്കുകയാണ്‌.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ എടുക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരായി ശക്തമായ ചെറുത്തുനില്‍പ്‌ ഉയര്‍ന്നുവരണമെന്ന്‌ ഈ സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.

Saturday, November 30, 2013

വിവാദങ്ങള്‍ പാര്‍ടിയേയും പത്രത്തേയും തകര്‍ക്കാന്‍: പിണറായി

പെരുമ്പാവൂര്‍: സിപിഐ എമ്മിന്റെയും ദേശാഭിമാനിയുടേയും തകര്‍ച്ച ലക്ഷ്യവിടുന്നവരാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പാര്‍ടിയുടെ പ്ലീനം നടക്കുമ്പോള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കണമെന്ന് കരുതി നടക്കുന്നവരാണ് ഇതിന് പിന്നില്‍.

ദേശാഭിമാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണല്ലോ രണ്ടുദിവസമായി നടക്കുന്നത് അതിനെ കുറിച്ച് പലരും സംസാരിച്ചു. ഇപ്പോഴും സംസാരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമാണെങ്കിലും പാര്‍ടി ഫണ്ട് നല്‍കിയല്ല പത്രം നടത്തികൊണ്ടുപോകുന്നത്. ദേശാഭിമാനി തന്നെ ഫണ്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. മറ്റ് ഏതൊരു പത്രവുംപോലെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ചും പരസ്യങ്ങള്‍ സ്വീകരിച്ചുമാണ് നടത്തുന്നത്. മറ്റ് എതൊരു അച്ചടി മാധ്യമമായാലും ദൃശ്യമാധ്യമമായാലും പരസ്യവിഭാഗമുള്ളതുപോലെ ദേശാഭിമാനിയിലും പരസ്യവിഭാഗമാണ് പരസ്യം ശേഖരിക്കുന്നത്. അതുപോലെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും പ്രത്യേക വിഭാഗമുണ്ട്. അവ ഏറെക്കുറെ സ്വയം പര്യാപ്തവും ആണ്. മുഖപത്രമാണെങ്കിലും വാര്‍ത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിച്ചശേഷം എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് ദേശാഭിമാനിയുടെ ചുമതലക്കാരെ അറിയിക്കുകയും ചെയ്യാറുണ്ട്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തിതന്നെയാണ് പോകറുള്ളത്. ഇപ്പോള്‍ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കുകതന്നെ ചെയ്യും.

വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത് ദേശാഭിമാനിയോ പാര്‍ടിയോ നന്നാകണമെന്ന താല്‍പര്യപ്രകാരമല്ല എന്നത് കാണണം. ഇതും ഉയര്‍ത്തികൊണ്ടുവന്നത് വലതുപക്ഷ മാധ്യമങ്ങളാണ്. പ്ലീനത്തിനിടയില്‍ വിവാദങ്ങളുണ്ടാക്കാന്‍ പല ശ്രമങ്ങളും നോക്കി . എന്നാല്‍ ഏകശിലപോലെ പാര്‍ടി മുന്നോട്ടുപോയപ്പോള്‍ ഒന്നും നടന്നില്ല. അവര്‍ക്കത് സഹിച്ചില്ല. എന്തെങ്കിലും കൊണ്ടുവരണമല്ലോ എന്ന് ചിന്തിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധ പ്ലീനത്തില്‍നിന്ന് മാറ്റണമല്ലോ. മൂന്ന് നാല് മാസം മുമ്പാണ് ഒരുവിദ്വാന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയത്. ഒരു മാധ്യമവും അതിന് പ്രാധാന്യം നല്‍കിയില്ല. അത്രക്ക് വിശുദ്ധനാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ ആ സംഭവത്തെ പാര്‍ടി പ്ലീനം തന്നെ നടക്കുന്ന ദിവസം ഉപയോഗിക്കുകയാണ് ചെയ്ത്ത് . അഞ്ച് കോടി രൂപ ഒരു ചാക്കില്‍ കെട്ടി മസ്ക്കറ്റ് ഹോട്ടലില്‍നിന്ന് കൊണ്ടുപോയി കാറിന്റെ ഡിക്കിയില്‍ അടുക്കി എന്നാണ് പറയുന്നത്. ഇതെല്ലാം കേരളത്തിലെ സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ.

ദേശാഭിമാനിയില്‍ പരസ്യം നല്‍കിയ രാധാകൃഷ്ണന്‍ തന്നെ അതേ കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. നല്ല പ്രചാരണം കിട്ടാനാണ് അന്ന് തന്നെ പരസ്യം കൊടുത്തതെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ അത്ര കടന്ന് ചിന്തിക്കാന്‍ ദേശാഭിമാനിയിലെ ബന്ധപ്പെട്ട സഖാക്കള്‍ക്ക് കഴിഞ്ഞോ എന്നത് മറ്റൊരു കാര്യം. മനോരമക്കും മാതൃഭൂമിക്കും വീക്ഷണത്തിനും എല്ലാം രാധാകൃഷ്ണന്‍ ഇത്തരത്തില്‍ പരസ്യം നല്‍കാറുണ്ട്.

വന്‍ വിജയമായ സിപിഐ എം പ്ലീനം ജനങ്ങളില്‍നിന്ന് ഫണ്ട് പിരിച്ചാണ് നടത്തിയത്. അതേ കുറിച്ച് എന്തെങ്കിലും ചെറിയ ആക്ഷേപം ഉന്നയിക്കാനുണ്ടോ? അതില്‍ കൂടുതല്‍ പങ്കും പാര്‍ട്ടി അംഗങ്ങള്‍ തന്നെ നല്‍കിയതാണ്. പാര്‍ടി അനുഭാവികളില്‍നിന്നും നാട്ടുകാരില്‍നിന്നും വീടുവീടാന്തരം കയറി ഇറങ്ങി 25 രൂപ വീതം പിരിച്ചെടുക്കുകയാണുണ്ടായത്. ആ ദൗത്യം സിപിഐ എമ്മിനുമാത്രമെ ഏറ്റെടുക്കാനാകൂ എന്നതാണത്. കമ്മ്യൂണിറ്റ്കാരല്ലാത്തവര്‍ പോലും പ്ലീനത്തെ അനുമോദിച്ചിരിക്കുന്നു. എന്നാല്‍ അതൊന്നും കാണാന്‍ ഇന്നാട്ടിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്തേ അതിനുനേരെ അവര്‍ തങ്ങളുടെ കണ്ണുകള്‍ അടച്ചുകെട്ടിയിരുന്നത്. അതേകുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞുവോ. അപ്പോള്‍ സിപിഐ എം ശക്തിപ്പെടലല്ല. തകരുകയാണ് അവരുടെ ലക്ഷ്യം. ഇടതുപക്ഷത്തെ തകര്‍ക്കലാണ് ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ നടത്തുന്ന വിവാദങ്ങള്‍, നീക്കങ്ങള്‍, മുന്‍കൈകള്‍ തിരിച്ചറിയപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ പി ജിയുടെ പങ്ക് നിസ്തുലം: പിണറായി

പെരുമ്പാവൂര്‍: ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയില്‍ പി ഗോവിന്ദപിള്ളയുടെ പങ്ക് നിസ്തുലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ എക്കാലവും സന്നദ്ധനായി അദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന പി ജി പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാലക്കാട്ട് പാര്‍ടിപ്ലീനം നടന്നത് സമൂഹത്തിനാകെ പുതിയൊരു സന്ദേശമാണ് പകര്‍ന്നുനല്‍കിയത്. പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്ലീനത്തിനാകും. ആഗോള ധനമൂലധനത്തിന്റെ ഒഴുക്കില്‍ സമൂഹത്തില്‍ പല ജീര്‍ണതകളും സംഭവിക്കും. ഈ ജീര്‍ണതയില്‍നിന്നു പാര്‍ടിയെയും പ്രവര്‍ത്തകരെയും മോചിപ്പിക്കുന്നതിനുള്ള സംഘടനാ ശുദ്ധീകരണ പരിപാടിയായിരുന്നു പ്ലീനമെന്നും പിണറായി പറഞ്ഞു. സസ്യമാര്‍ക്കറ്റ് ജങ്ഷനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രന്‍ അധ്യക്ഷനായി. ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനായശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായിക്ക് ഉജ്വല വരവേല്‍പ്പും സംഘാടകസമിതി നല്‍കി. പി ആര്‍ ശിവന്‍ സാംസ്കാരികപഠനകേന്ദ്രം തയ്യാറാക്കിയ സാംസ്കാരിക പതിപ്പ് പിണറായി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂര്‍ മേഖലാകമ്മിറ്റി അംഗം ജോസഫ് ഓടയ്ക്കാലി രചിച്ച "റോസന്ന" എന്ന നോവലിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി നിര്‍വഹിച്ചു. സാജുപോള്‍ എംഎല്‍എ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എന്‍ സി മോഹനന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം സി എന്‍ മോഹനന്‍, ജില്ലാകമ്മിറ്റി അംഗം പി കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani

ആറന്മുള വിമാനത്താവളം അനുവദിക്കരുത്‌...

(സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

പരിസ്ഥിതിയെ ആകമാനം അട്ടിമറിച്ചുകൊണ്ടും ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും വാണിജ്യതാല്‍പര്യത്തോടെ നിര്‍മ്മിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആറന്മുളയിലെ വിമാനത്താവളത്തിന്‌ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമങ്ങളെ ആകമാനം കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിക്കൊണ്ടാണ്‌ ഈ വിമാനത്താവളം ആരംഭിക്കാന്‍ പോകുന്നത്‌. ഇതിന്റെ ഭാഗമായി 1200-ലധികം ചെറുതും വലുതുമായ വീടുകള്‍, ആരാധനാലയങ്ങള്‍, കൃഷിസ്ഥലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. 5000-ത്തോളം പേര്‍ ഭവനരഹിതരാകുന്ന നില ഉണ്ടാകും എന്നും പറയുന്നു. 350 ഏക്കര്‍ നെല്‍വയല്‍ നികത്തിയും കോഴിത്തോട്‌ നികത്തിയും സ്ഥാപിക്കുന്ന വിമാനത്താവളം വലിയ പരിസ്ഥിതി നാശമാണ്‌ ഉണ്ടാക്കുക.

യുനസ്‌കോ തന്നെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഗ്രാമങ്ങളിലൊന്നാണ്‌ ആറന്മുള. ഈ ജനത കുടിയിറക്കപ്പെടുന്നതോടെ ഒരു സംസ്‌കാരത്തിനു തന്നെ തിരിച്ചടിയാകും. സ്വന്തമായി കരം അടച്ചുകൊണ്ടിരുന്ന ഈ നാട്ടിലെ ജനങ്ങള്‍ അറിയാതെയാണ്‌ ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങൂര്‍ വില്ലേജുകളിലെ 500 ഏക്കര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്‌. ഈ പ്രദേശത്തെ നെല്‍വയല്‍ മുഴുവന്‍ നികത്തുമ്പോള്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളിലെയും വെള്ളം വറ്റും. ഇത്രയും വയലുകള്‍ നികത്തുന്നതിന്‌ എത്രയോ മലകള്‍ ഇടിച്ചുനികത്തേണ്ടിവരും. അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവിടത്തെ ആവാസവ്യവസ്ഥകളെ മുഴുവന്‍ തകിടം മറിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ നിയമസഭാ പരിസ്ഥിതി കമ്മിറ്റി നേരത്തെതന്നെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടും ഇതിന്‌ എതിരായിരുന്നു. മലയോരത്തെ ആയിരക്കണക്കിന്‌ ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തുകൊണ്ട്‌ പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കെ.ജി.എസ്‌ ഗ്രൂപ്പിന്റെ പ്രശ്‌നം വരുമ്പോള്‍ പരിസ്ഥിതി പ്രശ്‌നം പരിഗണിക്കേണ്ടതില്ല എന്നു പറയുന്നത്‌ സര്‍ക്കാരുകളുടെ നയസമീപനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നുണ്ട്‌.

കെ.ജി.എസ്‌ എന്ന ഈ സ്ഥാപനം യഥാര്‍ത്ഥത്തില്‍ റിലയന്‍സ്‌ ഗ്രൂപ്പിന്റെ ഒരു `ബി' ടീം മാത്രമാണ്‌. ഇതില്‍ 15 ശതമാനം ഷെയര്‍ റിലയന്‍സിനുണ്ട്‌. മധ്യതിരുവിതാംകൂറില്‍ റിലയന്‍സിന്‌ വിപുലമായൊരു സംഭരണ-സംസ്‌കരണ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനം ആവശ്യമുണ്ട്‌ എന്നതുകൂടി ഇതിനു പിന്നിലുണ്ട്‌ എന്ന വിമര്‍ശനവും ഉണ്ട്‌. അവരുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ്‌ ഈ നീക്കമെന്നും പറയപ്പെടുന്നു. ആറന്മുള വിമാനത്താവളം മാത്രമായിരിക്കില്ല, ഇതിനു ചുറ്റുമുള്ള ഒരു ടൗണ്‍ഷിപ്പുകൂടി ലക്ഷ്യമിട്ടുകൊണ്ടാണ്‌ നിര്‍മ്മിക്കുന്നതെന്ന്‌ കമ്പനി ചീഫ്‌ നന്ദകുമാര്‍ തന്നെ വ്യക്തമാക്കിയത്‌ ഇവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
മധ്യതിരുവിതാംകൂറില്‍നിന്ന്‌ ഗള്‍ഫിലേക്കും മറ്റ്‌ വിദേശ രാഷ്‌ട്രങ്ങളിലും ചേക്കേറിയിട്ടുള്ളവര്‍ക്ക്‌ ജന്മനാട്ടിലേക്ക്‌ വേഗം എത്താനുള്ള പുതിയ മാര്‍ഗം എന്ന നിലയിലേക്കാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടത്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ സമീപത്തൊരു വ്യോമത്താവളം എന്ന കാര്യം മുന്നോട്ട്‌ വെച്ച്‌ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ആറന്മുള വിമാനത്താവളം യഥാര്‍ത്ഥത്തില്‍ വ്യക്തമായ പഠനത്തിന്റേയോ ജനങ്ങളുടെ ആവശ്യമോ കണക്കിലെടുത്തുകൊണ്ട്‌ ഉണ്ടായതല്ല. കേരളത്തിന്റെ ആകെയുള്ള വ്യോമദൂരം 600 കിലോമീറ്ററാണ്‌. ഇതില്‍ ഏതാണ്ട്‌ 150 കിലോമീറ്റര്‍ അകലങ്ങളിലായി നാല്‌ വിമാനത്താവളങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇത്തരം ഒരു വിമാനത്താവളത്തിന്റെ ആവശ്യകത പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ഐ.എന്‍.എസ്‌ ഗരുഡയുടെ ഫ്‌ളൈയിംഗ്‌ സോണിനകത്താണ്‌ ആറന്മുള പ്രദേശം. അതുകൊണ്ടുതന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന്‌ ആദ്യം അനുമതി നിഷേധിച്ചതാണ്‌. എന്നാല്‍, മാസങ്ങള്‍ക്കുശേഷം പ്രതിരോധവകുപ്പും വ്യോമയാനവകുപ്പും നിലപാട്‌ മാറ്റുകയായിരുന്നു. ഈ പദ്ധതി കേവലം വിമാനത്താവളത്തിനു മാത്രമായിരിക്കില്ലെന്നും അനുബന്ധ വ്യവസായങ്ങള്‍ നടപ്പിലാക്കുമെന്നും കമ്പനി പറയുന്നുണ്ട്‌. ഫലത്തില്‍ ഇത്‌ മറ്റു തരത്തിലുള്ള സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന്‌ ഉള്ളതാണ്‌ എന്നും പറയപ്പെടുന്നുണ്ട്‌.

ആറന്മുളയിലെ ആയിരക്കണക്കിനു വരുന്ന ജനതയെ കുടിയൊഴിപ്പിച്ചും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ത്തും നമ്മുടെ സംസ്‌കാരത്തിന്റെ ശേഷിപ്പുകളെ ഇല്ലാതാക്കിക്കൊണ്ടും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ആറന്മുള വിമാനത്താവളത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്‌തു.

പ്ലീനത്തിന്റെ സന്ദേശം

കേരളത്തിലെ സിപിഐ എമ്മില്‍ വിഭാഗീയതയുടെ തരിമ്പുപോലും അവശേഷിക്കില്ല എന്നുറപ്പിക്കുന്ന; ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും പുതിയ തലങ്ങളിലേക്ക് പാര്‍ടിയെ ഉയര്‍ത്തുന്ന ചരിത്രപ്രധാനമായ സമ്മേളനമാണ് മഹാജനസഞ്ചയത്തിന്റെ ഒത്തുചേരലോടെ വെള്ളിയാഴ്ച പാലക്കാട്ട് സമാപിച്ചത്. സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ തുടച്ചുനീക്കി അടിമുടി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് പാര്‍ടി. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ- സാമ്രാജ്യാനുകൂലനയങ്ങള്‍ക്കും സംഘപരിവാറടക്കമുള്ള വര്‍ഗീയ തീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്ന വിപത്തിനും എതിരായ വിശാലഐക്യത്തിന്റെ അനിവാര്യതയാണ് പ്ലീനം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സന്ദേശം.

സിപിഐ എം പ്ലീനം നടത്തുന്നത് ആദ്യമായല്ല. രണ്ടു പാര്‍ടി കോണ്‍ഗ്രസുകള്‍ക്കിടയ്ക്ക് ആവശ്യംവരുമ്പോള്‍ അഖിലേന്ത്യാ പ്ലീനവും രണ്ടു സംസ്ഥാന സമ്മേളനങ്ങള്‍ക്കിടയ്ക്ക് സംസ്ഥാന പ്ലീനവും നടത്തിയ ചരിത്രം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. സിപിഐ എം ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. നാം ജീവിക്കുന്നത് ബൂര്‍ഷ്വാ സമൂഹത്തിലാണ്. ചൂഷണത്തിലധിഷ്ഠിതമായ വ്യവസ്ഥയാണത്്. ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയെന്നതാണ് പാര്‍ടിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മറ്റു ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ പാര്‍ടിയാണ് സിപിഐ എം. ഈ വസ്തുത ജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അത്തരം ഒരുബോധം ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടരുതെന്നാണ് നിലവിലുള്ള സമൂഹം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ താല്‍പ്പര്യം. അതുകൊണ്ടാണ് എല്ലാ പാര്‍ടികളും ഒരുപോലെയാണെന്ന പല്ലവി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നത്. എല്ലാ പാര്‍ടികളും ഒരുപോലെ അഴിമതിക്കാരാണെന്നും സ്വാര്‍ഥമതികളാണെന്നും അധികാരമോഹികളാണെന്നും ഇക്കൂട്ടര്‍ പ്രചാരണം നടത്തിക്കൊണ്ടേയിരിക്കുന്നു.

പാര്‍ടി പ്രവര്‍ത്തകരും ബൂര്‍ഷ്വാ സമൂഹവും തമ്മില്‍ വേര്‍തിരിക്കുന്നതിന് കന്മതിലുകളൊന്നും നിലവിലില്ല. സമൂഹത്തിലെ നന്മകളെന്നപോലെ തിന്മകളും പാര്‍ടിക്കകത്തേക്ക് കടന്നുവരുമെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് അവശ്യം ആവശ്യമാണ്. ആശയപരമായ ദൃഢതയും വ്യക്തമായ ലക്ഷ്യബോധവും ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി മറ്റുപാര്‍ടികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തിരിച്ചറിവുണ്ടാക്കാനുള്ള മാര്‍ഗം. പാലക്കാട്ട് നടന്ന പ്ലീനം ചര്‍ച്ചചെയ്ത വിഷയം എന്തൊക്കെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അമാനുഷരൊന്നുമല്ല. ഇ എം എസ് പലതവണ വ്യക്തമാക്കിയ കാര്യം ഓര്‍ക്കേണ്ടതാണ്. തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞും മരിച്ചവരും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ. എന്നാല്‍, തെറ്റ് ആവര്‍ത്തിക്കരുത്. തിരുത്തണം; ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ തിരുത്തുന്ന പ്രശ്നവുമില്ല. മാര്‍ക്സിസം ലെനിനിസം വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെയാണ് തെറ്റ് തിരുത്തുന്നത്. പാലക്കാട് പ്ലീനം ഒരു സുപ്രഭാതത്തില്‍ ആസൂത്രണംചെയ്തതല്ല. ഒരുവര്‍ഷമായി പാര്‍ടിയെ ബാധിച്ച തെറ്റായരീതികളും സംഘടനാപരമായ ദൗര്‍ബല്യവും തിരിച്ചറിയാനും തിരുത്താനുമുള്ള ശ്രമം നടത്തിവരികയാണ്. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുമുതല്‍ സംസ്ഥാന കമ്മിറ്റിവരെ ബാധിച്ച ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും വിവിധഘടകങ്ങളുടെ യോഗങ്ങള്‍ നല്ല തയ്യാറെടുപ്പോടെ മേല്‍ക്കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്നതാണ്. സൂക്ഷ്മമായ പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്് റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് മൂന്നുമണിക്കൂറിലധികം സമയമെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ 14 ജില്ലകളില്‍നിന്നായി വന്ന ഏരിയ സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍നിന്ന് ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ചുമതലപ്പെടുത്തപ്പെട്ടവര്‍ ഏഴു മണിക്കൂര്‍ സമയമെടുത്ത് ജില്ലാഗ്രൂപ്പുകളുടെ ഗ്രൂപ്പുയോഗങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സെക്രട്ടറി മറുപടി പറഞ്ഞു. അതോടെ പ്ലീനം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നുവന്ന രണ്ടുലക്ഷം പാര്‍ടി അംഗങ്ങളും അനുയായികളും അനുഭാവികളും സ്റ്റേഡിയം ഗ്രൗണ്ടില്‍ എ കെ ജി നഗറില്‍ എത്തിച്ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ പടുകൂറ്റന്‍ റാലിയില്‍ സംസാരിച്ചു. പാലക്കാട് പ്ലീനം പാര്‍ടി ചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായമായിരിക്കും.

പാര്‍ടിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന; നുണപ്രചാരം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ടി ശത്രുക്കളെ അമ്പരിപ്പിക്കുന്നതായി പ്ലീനവും റാലിയും. തികച്ചും ആരോഗ്യകരമായ ചര്‍ച്ചയാണ് പ്ലീനത്തില്‍ നടന്നത്. പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വിപുലപ്പെടുത്താനും പാര്‍ടി സംഘടന കെട്ടുറപ്പുള്ളതും തികഞ്ഞ അച്ചടക്കമുള്ളതും സമരശേഷിയുള്ളതുമായ ഒന്നാക്കി മാറ്റാന്‍ പ്ലീനം സഹായിച്ചു എന്നതില്‍ സംശയമില്ല. അതിമഹത്തായ സന്ദേശമാണ് പാലക്കാട് പ്ലീനം പാര്‍ടി പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും നല്‍കിയത്. പാര്‍ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനകോടികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ് ആ സന്ദേശം. ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും പാര്‍ടിയുടെ മഹത്വം മറച്ചുവയ്ക്കാനുള്ള നുണപ്രചാരണങ്ങളാണ് കെട്ടഴിച്ചുവിട്ടത്. അത് സ്വാഭാവികമാണ്. അതവരുടെ അജന്‍ഡയാണ്. അതില്‍ ഞങ്ങള്‍ക്ക് തെല്ലും പരിഭ്രാന്തിയോ പരിഭവമോ ഇല്ല. അവരുടെ നിഷേധാത്മകമായ പ്രചാരവേല ഞങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍ക്കാലത്തേക്കെങ്കിലും ലാവ്ലിന്‍ വിഷയം മാറ്റിവച്ച് ഇരുമ്പയിര് ഖനന വിഷയം ഏറ്റെടുക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെന്ന് വ്യക്തമായിക്കഴിഞ്ഞു. എളമരം കരീം എല്‍ഡിഎഫ് ഭരണകാലത്ത് വ്യവസായമന്ത്രിയെന്ന നിലയില്‍ ശോഭിച്ച, കേരളത്തിലെ പൊതുമേഖലയെ സംരക്ഷിച്ച മന്ത്രിയാണ്. പാര്‍ടിയുടെയും കരീമിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇരുമ്പയിര് ഖനന വിഷയം ഫലപ്രദമായ ഉപകരണമാണെന്നാണ് അവര്‍ ധരിച്ചുവശായിരിക്കുന്നത്. ലാവ്ലിന്‍പോലെ ഇരുമ്പയിരും കാറ്റുപോയ ബലൂണായിരിക്കുമെന്ന് തല്‍പ്പരകക്ഷികളെ ഞങ്ങളോര്‍മിപ്പിക്കുന്നു. ഇരുമ്പയിര് ഖനനം ചെയ്യാനോ, സര്‍വേ നടത്താനോ സംസ്ഥാന സര്‍ക്കാരിനോ, സംസ്ഥാന വ്യവസായമന്ത്രിക്കോ അധികാരമില്ല. കേന്ദ്രസര്‍ക്കാരാണ് അനുവാദം നല്‍കേണ്ടത്.

2009 ഒക്ടോബര്‍ ഒമ്പതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ 5/46/2009 ഉത്തരവാണ് ഇരുമ്പയിര് ഖനനത്തിനായി ചക്കിട്ടപ്പാറയിലെ ഭൂമി 30 വര്‍ഷത്തേക്ക് എംഎസ്ഡിഎല്‍ എന്ന കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കമ്പനിക്ക് സര്‍വേ നടത്താനുള്ള കാലാവധി രണ്ടുവര്‍ഷത്തേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഉത്തരവും മറച്ചുവച്ചാണ് എളമരം കരീമിനെതിരെയുള്ള കുതിരകയറ്റം. അതുകൊണ്ടാന്നും പാര്‍ടിയുടെയോ പ്ലീനത്തിന്റെയോ സൂര്യശോഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തല്‍പ്പരകക്ഷികളെ ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. പ്ലീനം മഹത്തായ വിജയമാക്കി മാറ്റിയ എല്ലാവരെയും അനുമോദിക്കാന്‍ ഈ അവസരം ഞങ്ങളുപയോഗിക്കുന്നു.

(deshabhimani editorial)

പ്ലീനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കൃതജ്ഞതയും അഭിവാദ്യങ്ങളും

സംസ്ഥാന പാര്‍ടി പ്ലീനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കൃതജ്ഞതയും അഭിവാദ്യങ്ങളും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജില്ലാ സെക്രട്ടറിയും സംഘാടകസമിതി കണ്‍വീനറുമായ സി കെ രാജേന്ദ്രനുമാണ് പ്ലീനം വിജയിപ്പിക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചവര്‍ക്കും സഹായം നല്‍കിയ പൊതുജനങ്ങള്‍ക്കും പാര്‍ടിയുടെ കൃതജ്ഞത അറിയിച്ചത്.
പ്ലീനം വിജയിപ്പിക്കാന്‍ ഫണ്ട് നല്‍കിയും പാര്‍ടിയുടെ തീരുമാനങ്ങള്‍ അതേപോലെ നടപ്പാക്കിയുമാണ് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പൊതുജനങ്ങളും സമ്മേളനത്തെ ഗംഭീരമാക്കിയത്. പതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ മുക്കിലും മൂലയിലും പതാക ഉയര്‍ത്തി. അതിനുപുറമേ സ്വന്തം വീടുകളിലും പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ സ്ത്രീþപുരുഷഭേദമന്യേ ലക്ഷങ്ങള്‍ ഒഴുകിയെത്തി. സമ്മേളനത്തെ പൂര്‍ണമായ അര്‍ഥത്തില്‍ വിജയിപ്പിക്കാനായത് ജനങ്ങളുടെ സ്നേഹവും പിന്തുണയുംകൊണ്ടാണെന്ന് അവര്‍ ആവര്‍ത്തിച്ചുപറഞ്ഞു. പാര്‍ടിപ്രവര്‍ത്തകര്‍ അവരുടെ വരുമാനത്തില്‍നിന്ന് നിശ്ചിതതുക സമ്മേളനച്ചെലവിലേക്കായി സംഭാവന ചെയ്തു. ജില്ലയിലെ എല്ലാ വീടുകളിലും പ്ലീനത്തിന്റെ സന്ദേശവുമായി പാര്‍ടിപ്രവര്‍ത്തകര്‍ കയറിയിറങ്ങുകയും 25രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് സംഭാവന സ്വീകരിക്കുകയും ചെയ്തു.

ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മുന്നോട്ടുപോകാനുള്ള പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. സാധാരണക്കാരുടെ ആശയും ആവേശവുമായ ഈ പാര്‍ടിയില്‍നിന്നുമാത്രമേ തങ്ങള്‍ക്കു സംരക്ഷണം ലഭിക്കുകയുള്ളുവെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അവരുടെ വിശ്വാസത്തില്‍ കളങ്കമേല്‍പ്പിക്കാതെ ത്യാഗമനോഭാവത്തോടെ അവരോടൊപ്പം എന്നും ആത്മാര്‍ഥതയോടെ ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പ്ലീനം വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും എല്ലാവര്‍ക്കും അദ്ദേഹം പാര്‍ടിയുടെ അഭിവാദ്യം അറിയിച്ചു.

deshabhimani

ആധാര്‍ നിര്‍ബന്ധമാക്കരുത്: സിപിഐ എം

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പ്ലീനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഒരുവിധ നിയമത്തിന്റെയും പിന്‍ബലം ആധാറിനില്ല. യുഐഡി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഗ്യാസ് സബ്സിഡിക്ക് ആധാര്‍-ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കയാണ്. അതിന് സമയപരിധിയും നിശ്ചയിച്ചു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തിന് മാത്രമാണ് ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചത്. 52 കോടി പേര്‍ എന്‍റോള്‍ ചെയ്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവനാളുകള്‍ക്കും കാര്‍ഡ് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ നിലയും അനിശ്ചിതത്വത്തിലാണ്. ഈ ഘട്ടത്തില്‍ സബ്സിഡി, പെന്‍ഷന്‍, ക്ഷേമപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ന്യായീകരിക്കാനാവില്ല.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. സീറോ ബാലന്‍സ് അക്കൗണ്ടിനുപകരം പല ബാങ്കുകളും 500, 1000 രൂപ വരെ നിക്ഷേപം വാങ്ങിയാണ് എസ്ബി അക്കൗണ്ട് തുടങ്ങുന്നത്. സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ തീരുമാനം ഏറെ വിഷമത്തിലാക്കി. കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമനിധി, തയ്യല്‍ തൊഴിലാളി ക്ഷേമനിധി, ബാര്‍ബര്‍, അലക്ക്, വീട്ടുവേല, ഈറ്റ, പനമ്പ് തുടങ്ങിയ ചെറിയ ക്ഷേമപദ്ധതികള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. ഇവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാക്കിയിരിക്കയാണ്. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ക്ഷേമനിധി സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ് എന്നിവയും ആധാറുമായി ബന്ധപ്പെടുത്തും.

2014 ആഗസ്ത് മുതല്‍ റേഷന്‍ സബ്സിഡിയും ആധാര്‍ അക്കൗണ്ടിലൂടെയാവും എന്നും സര്‍ക്കാര്‍ പറയുന്നു. ആധാറിനെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. സബ്സിഡികള്‍ ഒഴിവാക്കി, എല്ലാം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമാണിത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതാണ് ഈ നയങ്ങള്‍. ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും പ്ലീനം അഭ്യര്‍ഥിച്ചു.

deshabhimani

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്

കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ കടമ കേരളജനത ഏറ്റെടുക്കേണ്ടതുണ്ട്.

ജയറാം രമേശ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യംചെയ്യുന്ന എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍, കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കാനാണ് കസ്തൂരിരംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്തശേഷംമാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഇളവുകള്‍ കേരളത്തിന് ലഭിച്ചില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.

കേരള സര്‍ക്കാര്‍ വൈകിമാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനെ പാടേ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ 16 എംപിമാര്‍ക്കോ 8 കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണ്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും ബാധിക്കും. കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതിലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കുകയുള്ളൂ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്ധസമിതിയുടെ ഉചിതമായ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിമാത്രമേ നടപ്പാക്കാവൂ. അതിനുപകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

deshabhimani

പൊലീസ് അതിക്രമങ്ങളെ ചെറുത്ത് ഇവര്‍

സിപിഐ എമ്മിനെതിരെയുള്ള പൊലീസ് അടിച്ചമര്‍ത്തലുകളുടെ തീവ്രത സംസ്ഥാന പ്ലീനത്തിലെ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ടില്‍ വായിച്ചെടുക്കാം. പ്ലീനത്തില്‍ പങ്കെടുത്ത 396 പ്രതിനിധികളില്‍ കേസില്‍പ്പെടാത്തവര്‍ 31 പേര്‍ മാത്രം. യുഡിഎഫ് ഭരണത്തില്‍ സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഏറ്റവും പ്രധാന തെളിവാകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ക്രെഡന്‍ഷ്യല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്.

ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയെന്ന സവിശേഷതയുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെതിരെ തന്നെയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസ്, വിദ്യാര്‍ഥി സമരങ്ങളെ രക്തപങ്കിലമാക്കാനുള്ള പൊലീസിന്റെ തീരുമാനത്തിന്റെ പ്രതിഫലനമെന്നപോലെ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളിക്കെതിരെ 50 കേസും തൃശൂരിലെ പി കെ ഷാജനെതിരെ 42 കേസും നിലവിലുണ്ട്. എക്കാലവും പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദനത്തെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി ജനപിന്തുണ ആര്‍ജിച്ചതെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പൊലീസ്-ഗുണ്ടാ മര്‍ദനമേറ്റ അനുഭവവുമായി 253 പേര്‍ പ്ലീനത്തില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 255 പേരും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്‍ത്തുറുങ്കില്‍ കിടന്നവര്‍. ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ചത് എം എം ലോറന്‍സ്, അഞ്ചു വര്‍ഷവും പത്തു മാസവും. തൊട്ടുപിന്നില്‍ വി എസ് അച്യുതാനന്ദന്‍, അഞ്ച് വര്‍ഷവും ആറു മാസവും. അഞ്ചുവര്‍ഷവും രണ്ടു മാസവും ജയിലില്‍ കിടന്ന കൊല്ലത്തെ ജോസുകുട്ടിയാണ് മൂന്നാമത്. മു

തിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും ഒളിവുജീവിതം നയിച്ചവരാണ്. മൊത്തം 97 പ്രതിനിധികള്‍ ഒളവില്‍ കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ ഏറ്റവും മുമ്പന്‍ പി കെ ചന്ദ്രാനന്ദന്‍. 89കാരനായ പി കെ സി പന്ത്രണ്ടര വര്‍ഷമാണ് ഒളിവില്‍ കഴിഞ്ഞത്. പ്രതിനിധികളുടെ പ്രായത്തിന്റെ കാര്യത്തില്‍ തൊണ്ണൂറുകാരനായ വി എസ്സിന് പിന്നില്‍ രണ്ടാമനാണ് അദ്ദേഹം. വി എസ് മൂന്നര വര്‍ഷം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യപൂര്‍വകാലത്ത് പാര്‍ടിയില്‍ അംഗമായ മൂന്നുപേര്‍ പ്ലീനത്തില്‍ പങ്കെടുത്തു. 1947ല്‍ അംഗത്വം നേടിയ വി എസ്സും 1941ല്‍ അംഗമായ പി കെ സിയും 1946ല്‍ അംഗമായ എം എം ലോറന്‍സും. 1947-63 കാലത്ത് അംഗത്വം നേടിയ 28 പേര്‍ പ്രതിനിധികളിലുണ്ട്.

1977-2002 കാലത്ത് പാര്‍ടി അംഗങ്ങളായവരാണ് പ്രതിനിധികളില്‍ കൂടുതല്‍, 195 പേര്‍. 1964-76 കാലത്ത് ചേര്‍ന്നവര്‍ 156 പേരും തൊഴിലാളിവര്‍ഗത്തില്‍ ജനിച്ച 115 പേരും കര്‍ഷകത്തൊഴിലാളിവിഭാഗത്തില്‍പ്പെട്ട 39 പേരും ദരിദ്രകൃഷിക്കാരില്‍പ്പെട്ട 77 പേരും ഇടത്തരം കൃഷിക്കാരില്‍പ്പെട്ട 97പേരും ധനികകൃഷിക്കാരില്‍പ്പെട്ട അഞ്ചുപേരും ഇടത്തരം വിഭാഗത്തില്‍പ്പെട്ട 60 പേരും ഭൂപ്രഭുവിഭാഗത്തില്‍പ്പെട്ട രണ്ടുപേരും ബൂര്‍ഷ്വാവിഭാഗത്തില്‍പ്പെട്ട ഒരാളും പ്രതിനിധികളില്‍ ഉള്‍പ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള 21 പേരുള്ളപ്പോള്‍ 116 ബിരുദധാരികളും 52 ബിരുദാനന്തരബിരുദധാരികളുമാണ് പ്രതിനിധികളിലുള്ളത്.
(എന്‍ എസ് സജിത്)

deshabhimani

ക്ലിഫ് ഹൗസ് ഉപരോധം വിജയിപ്പിക്കുക

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം വന്‍വിജയമാക്കണമെന്ന് സിപിഐ എം പ്ലീനം ആഹ്വാനം ചെയ്തു

. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഉത്തമദൃഷ്ടാന്തമാണ് സോളാര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഒട്ടനവധി യുഡിഎഫ് നേതാക്കളും ആരോപണവിധേയരായി ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധം ക്ലിഫ് ഹൗസ് ഉപരോധത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാന ഖജനാവിന് ഒരു നഷ്ടവും സൃഷ്ടിക്കാത്ത ഏതാനും കോടി രൂപയുടെ ഒരു തട്ടിപ്പ് എന്നു പറഞ്ഞ് ഈ അഴിമതിയെ നിസ്സാരവല്‍ക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

സര്‍ക്കാരിന്റെ ഒരു അംഗീകൃത സ്കീമിന്റെ മറവിലാണ് ജനങ്ങളെ കൊള്ളയടിക്കുന്നതിന് പരിപാടിയിട്ടത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തു. മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും തട്ടിപ്പുസംഘവുമായി അടുത്ത ബന്ധത്തിലായിരുന്നു. മുഖ്യപ്രതികളായ സരിതയും ബിജുവും ഒരു ഡസനിലേറെ കേസുകളില്‍ പ്രതികളായിരുന്നു. ബിജുവാകട്ടെ സ്വന്തം ഭഭാര്യയെ വധിച്ച കേസിലും പ്രതിയാണ്. ഇങ്ങനെയുള്ളൊരു തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല, മറ്റു ഭഭരണതലങ്ങളിലും പിടിമുറുക്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ടീം സോളാറിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസിന്റെ കോള്‍ ലിസ്റ്റുകള്‍കൂടി പുറത്തുവന്നതോടെ തട്ടിപ്പുകാരുമായി ഇടപഴകാത്ത ഒരാള്‍പോലും ആ ഓഫീസിലില്ല എന്ന സ്ഥിതിയാണ്. എന്നാല്‍, ഈ ബന്ധങ്ങള്‍ മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി തുടര്‍ച്ചയായി ശ്രമിച്ചത്.

പ്രതിപക്ഷ പ്രക്ഷോഭത്തിന്റെയും മാധ്യമ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലുമാണ് തന്റെ വിശ്വസ്തര്‍ക്കു നേരെ ഗത്യന്തരമില്ലാതെ ചില നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. മുഖ്യമന്ത്രിക്കെതിരെ ഏറ്റവും വലിയ തെളിവ് 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ ശ്രീധരന്‍നായര്‍ നല്‍കിയ മൊഴിയാണ്. സരിതയുമൊത്ത് ഓഫീസില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്നും മുഖ്യമന്ത്രി ടീം സോളാറിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിന് പ്രോത്സാഹിപ്പിച്ചുവെന്നും ശ്രീധരന്‍നായര്‍ പറഞ്ഞതിനെ മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ, ഇത്തരമൊരു കൂടിക്കാഴ്ച നടന്നു എന്നതിനുള്ള ഒട്ടനവധി സാഹചര്യ തെളിവുകള്‍ ഉണ്ട്.

മൂന്നാംതവണയാണ് ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ പേരില്‍ പൊലീസ് ചോദ്യം ചെയ്യുന്നത്. പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അവസാനം ഫലവത്തായത് സ്വന്തം വിജിലന്‍സ് കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ്. ടൈറ്റാനിയം കേസില്‍ പ്രതികൂല പരാമര്‍ശം നടത്തിയ വിജിലന്‍സ് ജഡ്ജിയെ ഭഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റി. ഇപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിനെക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതേ അടവാണ് സോളാര്‍ തട്ടിപ്പിലും സ്വീകരിച്ചത്. ജുഡീഷ്യറിയെപ്പോലും എങ്ങനെയാണ് കേസ് അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് സരിതയുടെ മൊഴി രേഖപ്പെടുത്താതെ മൊഴിമാറ്റാന്‍ സന്ദര്‍ഭമൊരുക്കിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പ്രവര്‍ത്തിയിലൂടെ തെളിഞ്ഞു. സരിതയാവട്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തും എന്ന ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസില്‍നിന്ന് ഒഴിവാക്കിയെങ്കിലും കേസ്സെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ അയാള്‍ 400 കോടിയുടെ ഭഭൂമി തട്ടിപ്പിന്റെ സൂത്രധാരനാണെന്ന് തെളിഞ്ഞു. സലിംരാജിന്റെ തീവ്രവാദ ബന്ധങ്ങളും ഗുണ്ടാബന്ധങ്ങളും പുറത്തുവന്നിരിക്കുന്നു. കള്ളക്കടത്തുകാരന്‍ ഫയാസും മുഖ്യമന്ത്രിയുമായുള്ള സൗഹൃദബന്ധങ്ങളും വെളിപ്പെട്ടു. കേരള ചരിത്രത്തില്‍ ഇതുപോലൊരു അവസ്ഥാവിശേഷം ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. സത്യസന്ധമായ അന്വേഷണത്തിലൂടെ ഈ തട്ടിപ്പ് പരമ്പരകളുടെ സത്യം പുറത്തുകൊണ്ടുവരാനായി മുഖ്യമന്ത്രി സ്ഥാനംഒഴിയണമെന്ന ആവശ്യം എല്‍ഡിഎഫ് ഉയര്‍ത്തി. ഇതിനായി നിയമസഭഭ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടന്നു.

ഈ സമരവേലിയേറ്റത്തിലെ ഏറ്റവും ഉജ്വലമായ മുഹൂര്‍ത്തമായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം. ഒരുലക്ഷത്തോളം സമരവളണ്ടിയര്‍മാര്‍ എല്ലാ നിരോധനങ്ങളേയും പൊലീസ് ഭഭീഷണിയേയും അവഗണിച്ച് വിസ്മയകരമായ അച്ചടക്കത്തോടെ അണിനിരന്നപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി പ്രക്ഷോഭഭ പ്രചാരണം തുടരാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഈ കൊടിയ വഞ്ചനയ്ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും ക്ലിഫ് ഹൗസ് ഉപരോധവും വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ സമ്മേളനം ജനങ്ങളോട് ആഹ്വാനം ചെയ്തു.

കേന്ദ്ര അവഗണനയ്ക്കെതിരെ സമരമുന്നണി കെട്ടിപ്പടുക്കുക

പാലക്കാട്: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനും അവഗണനയ്ക്കും എതിരായും സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു.

രണ്ടാം യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്. കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കണമെന്ന രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഒരു സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചിക അതിന് അര്‍ഹമായ വിവങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹിക വികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഈ മേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം തുടര്‍ന്നും നടത്തേണ്ടതുണ്ട് എന്ന വസ്തുത രഘുറാം രാജന്‍ കമ്മിറ്റി കണക്കിലെടുക്കുന്നില്ല.

ഈ വികലമായ ശുപാര്‍ശ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും പ്രതിഷേധാര്‍ഹമാണ്. കേരളം മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ് പാലക്കാട് കോച്ച് ഫാക്ടറി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ നല്‍കിയപ്പോഴാണ് കോച്ച് ഫാക്ടറി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-ല്‍ത്തന്നെഭഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കി. 2012 ഫെബ്രുവരിയില്‍ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട് തറക്കല്ലിടല്‍ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരം ഇതുവരെ സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ &ഹറൂൗീ;സെയില്‍ പദ്ധതിയില്‍ 74 ശതമാനം വരെ ഓഹരി പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്ത റെയില്‍വേ നിലപാട് ദുരൂഹമാണ്. 12-ാം പദ്ധതിയില്‍ കേരളത്തിന് ഐഐടി അനുവദിക്കുമെന്നത് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആസൂത്രണകമീഷന്‍ അംഗീകരിച്ച 12-ാം പദ്ധതി രേഖയില്‍ കേരളത്തിന് ഐഐടി ഇല്ല. മാത്രമല്ല

13-ാം പദ്ധതിയിലും ഐഐടി ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നുമില്ല. വിഴിഞ്ഞം തുറമുഖപദ്ധതി അനന്തമായി വൈകിപ്പിക്കുന്നു. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്, ബോട്ട്ലിങ് പ്ലാന്റ്, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരാളം കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ മൂലം കഴിഞ്ഞിരുന്നു. ബ്രഹ്മോസ്, പാലക്കാട് ഭെമല്‍, തിരുവനന്തപുരം ഐഎസ്ഇആര്‍, കേന്ദ്ര സര്‍വകലാശാല എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടി ഭരിച്ചാല്‍ വികസനത്തില്‍ കുതിപ്പുണ്ടാകുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് എട്ട് മന്ത്രിമാരുടെ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടായിട്ടും ഒരേ പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അവഗണനയും വിവേചനവും.

deshabhimani

അജയ്യം, അപ്രതിരോധ്യം

എ കെ ജി നഗര്‍ (പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം): നെഞ്ചില്‍ സമരാവേശവും കൈയില്‍ ചെങ്കൊടികളുമായി ഇരമ്പിവന്ന മനുഷ്യമഹാപ്രവാഹത്തില്‍ പാലക്കാടന്‍ മണ്ണ് ചെഞ്ചായമണിഞ്ഞു. ഉച്ചവെയിലിന്റെ ചൂടിലേക്ക് മുഷ്ടി ചുരുട്ടിയുയര്‍ത്തി മാനവമോചന ഗാഥപാടിയെത്തിയ ജനസഞ്ചയം വിപ്ലവ പ്രസ്ഥാനത്തിന്റെ അജയ്യതയും അപ്രതിരോധ്യതയും ഉദ്ഘോഷിച്ചു. മലയോര ഗ്രാമങ്ങളില്‍നിന്നും ആദിവാസി ഊരുകളില്‍നിന്നും വയലേലകളില്‍ നിന്നും മണ്ണിന്റെ മക്കള്‍ പാലക്കാടിന്റെ ഹൃദയഭൂമിയിലേക്ക് ഒരേ മനസോടെ മാര്‍ച്ച് ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലി നെല്ലറകളുടെ നാടിന്റെ ജനമുന്നേറ്റചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.

രക്തസാക്ഷികളുടെ ചോരവീണ പാലക്കാടന്‍ കോട്ടയ്ക്ക് ചുറ്റും സ്ത്രീ-പുരുഷഭേദമെന്യേ ലക്ഷങ്ങള്‍ ഉച്ചമുതല്‍ നാനാവഴികളിലൂടെ ഒഴുകി. നാടന്‍കലാരൂപങ്ങളും ബാന്റ്വാദ്യങ്ങളും ഉശിരന്‍ മുദ്രാവാക്യവുമായി വന്നവര്‍ സിപിഐ എമ്മിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ബഹുജനസ്വാധീനമാണ് വിളംബരം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിശേഷാല്‍ സമ്മേളനത്തിന്റെ സമാപനം കരിമ്പനകളുടെ നാടിനെ അക്ഷരാര്‍ഥത്തില്‍ പുളകമണിയിച്ചു. സായാഹ്നസൂര്യനെ സാക്ഷി നിര്‍ത്തി വൈകിട്ട് അഞ്ചിന് സമ്മേളന നടപടി ആരംഭിക്കുമ്പോഴും പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ നാമധേയത്തിലുള്ള നഗറിലേക്ക് (സ്റ്റേഡിയം ഗ്രൗണ്ട്) ചെറുജാഥകള്‍ വന്നുകൊണ്ടിരുന്നു.

പ്രസ്ഥാനത്തെ ജീവന്‍കൊടുത്ത് വളര്‍ത്തിയ രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍ കുടുംബസമേതമാണ് മഹാറാലിയിലേക്ക് എത്തിയത്. വാഹനങ്ങളില്‍ എത്തിയവര്‍ നിശ്ചിതസ്ഥലത്ത് ഇറങ്ങി ചെറുപ്രകടനങ്ങളായി നീങ്ങി. പോരാട്ടഭൂമിയില്‍ ജ്വലിപ്പിച്ചെടുത്ത മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം നഗരത്തിന്റെ പലഭാഗങ്ങളിലൂടെ ഒഴുകിയതോടെ എല്ലാവഴികളും എ കെ ജി നഗറിലേക്കായി. നഗരത്തിന്റെ സ്ഥലപരിമിതികാരണം ചെറുപ്രകടനങ്ങളാണ് തീരുമാനിച്ചതെങ്കിലും അതത് ബാനറുകളുടെ കീഴില്‍ നീങ്ങിയ ജാഥകള്‍ വന്‍ പ്രകടനമായി മാറി. പ്രകടനം കാണാനും നേതാക്കളുടെ പ്രസംഗം കേള്‍ക്കാനുമായി പതിനായിരങ്ങള്‍ എത്തിയതോടെ ജാഥകടന്നുപോയ വഴികളില്‍ ജനമതില്‍ രൂപപ്പെട്ടു. റാലിക്കെത്തിയവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാകാതെ സ്റ്റേഡിയം വീര്‍പ്പ് മുട്ടി.

റാലിക്കെത്തിയ പകുതിയോളം പേര്‍ക്കും സമാപന സമ്മേളനനഗറിലേക്ക് പ്രവേശിക്കാനായില്ല. ജില്ലയിലെ 1,750 ബൂത്തുകളില്‍നിന്ന് നിശ്ചയിക്കപ്പെട്ടതിന്റെ ഇരട്ടിയിലേറെ പേരാണ് പങ്കെടുത്തത്. പകല്‍ രണ്ടു മുതല്‍ രാത്രി ഏഴുവരെ ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിലേക്കു പ്രവഹിച്ചു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം റാലി ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനറും പാര്‍ടി ജില്ലാ സെക്രട്ടറിയുമായ സി കെ രാജേന്ദ്രന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

ഇടപെടല്‍ ശക്തമാക്കി മുന്നേറ്റത്തിന് ആഹ്വാനം

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): കേരളത്തിന്റെ മൂര്‍ത്തമായ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാനുള്ള ആഹ്വാനവും അതിനായി സംഘടനയെ സുസജ്ജമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഐ എം സംസ്ഥാന പ്ലീനത്തിന് സമാപനം. തൊഴിലാളി വര്‍ഗ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ സംഘടനാചിട്ടയും കരുത്തും വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റ് തിരുത്താനുള്ള ആര്‍ജവവും വാനോളമുയര്‍ത്തിപ്പിടിച്ച് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി പ്ലീനം മാറി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മലയോര കര്‍ഷക ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ് ശക്തിപ്പെടുത്തുന്നതടക്കം ബഹുമുഖങ്ങളായ ജനകീയ ഇടപെടലുകള്‍ക്ക് പ്ലീനം ആഹ്വാനം ചെയ്തു.

കേരള വികസനത്തിന്റെ നട്ടെല്ലുകളിലൊന്നായ സഹകരണ മേഖലയെയും കേരളീയ വിദ്യാഭ്യാസ മേഖലയെയും തകര്‍ക്കുന്നതിനെതിരായ ചെറുത്ത് നില്‍പ്പ്, ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന പൊതുമേഖലാ വ്യവസായങ്ങളെയും കാര്‍ഷിക മേഖലയേയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കല്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്ക് വേണ്ടി പോരാടാനുമുള്‍പ്പെടെ ആഹ്വാനം ചെയ്യുന്ന 12 പ്രമേയങ്ങള്‍ പ്ലീനം അംഗീകരിച്ചു. അഴിമതിക്കേസുകളില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള ക്ലിഫ് ഹൗസ് ഉപരോധം ശക്തിപ്പെടുത്തുമെന്ന് പ്ലീനം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖ പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം പ്ലീനം ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്. കൂടുതല്‍ തൊഴിലാളി വര്‍ഗ-ബഹുജന വിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവന്ന് ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതിനും പാര്‍ടി ഘടകങ്ങളിലും അംഗങ്ങളിലും അപൂര്‍വമായെങ്കിലും വന്നുപെടുന്ന ദൗര്‍ബല്യങ്ങള്‍ തിരുത്തി കൂടുതല്‍ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കാനും രേഖ ആഹ്വാനം ചെയ്യുന്നു.

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താനാവുമായിരുന്ന സാധ്യതകള്‍ ചിലപ്പോഴെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയത് വിഭാഗീയതയും ഒരു ഘടകമായെന്ന് വിലയിരുത്തിയ പ്ലീനം, തുടര്‍ന്നങ്ങോട്ട് ഇനി ഒരു കാരണവശാലും വിഭാഗീയതവച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. കമ്യൂണിസിറ്റ് മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത കൂടി ലക്ഷ്യമിടുന്നു. രേഖയെ അടിസ്ഥാനപ്പെടുത്തി എട്ട് മണിക്കൂറിലേറെ സമയമെടുത്ത് 39 പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേര്‍ന്ന് രേഖയ്ക്ക് അന്തിമരൂപം നല്‍കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരും കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുഴുനീളം പ്ലീനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി കെ രാജേന്ദ്രന്‍ നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സാര്‍വദേശീയ ഗാനം ചൊല്ലിക്കൊടുത്തു.
(എം രഘുനാഥ്)

deshabhimani

Friday, November 29, 2013

യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡിട്ടു: കാരാട്ട്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഴിമതിയില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒന്നിന് പുറകെ ഒന്നായി അഴിമതിക്കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതത്തിലായി. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ ആഗോള ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നിരന്തര പോരാട്ടത്തിലാണ്. കേന്ദ്രത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുത്ത് നടക്കുകയാണ്. രാജസ്ഥനിലെ മൂന്ന് മന്ത്രിമാര്‍ ഇന്ന് ജയിലിലാണ്. ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. രണ്ട് പേര്‍ക്കെതിരെ ബലാല്‍സംഗവും കൊലക്കുറ്റവും ഒരാള്‍ക്കെതിരെ ബലാല്‍സംഗവുമാണ് നിലനില്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ അവസ്ഥ ഇതാണെങ്കില്‍ കോണ്‍ഗ്രസിന് പകരം അധികാരത്തിലേറുമെന്ന് പറയുന്ന ബിജെപിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡിയെ കോര്‍പ്പറേറ്റുകളും വന്‍കിട വ്യവസായ ഗ്രൂപ്പുകളും പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിനേക്കാള്‍ നന്നായി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോഡിയ്ക്ക് കഴിയും എന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യം ആരാണ് കൂടുതല്‍ സംരക്ഷിക്കുകയെന്നും ആരാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ നന്നയി അടിമപ്പണി ചെയ്യുകയെന്നതും സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മല്‍സരമാണ്.

ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയാണ് ബിജെപി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. മതേതരത്വവും ദേശീയതയും തകര്‍ത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മുസാഫിര്‍ നഗറിലുണ്ടായ കലാപത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ മൂന്ന് ബിജെപി എംഎല്‍എമാരെ അറസ്റ്റ് ചെയ്തത് ഇതിനോട് കൂട്ടിവായിക്കണം. കലാപത്തിന് ശേഷം ആന്ധ്രയിലും യുപിയിലും നടന്ന ബിജെപിയുടെ റാലിയില്‍ കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ എംഎല്‍എമാരെ മോഡി ആദരിച്ചത് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.

രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് മതനിരപേക്ഷ ശക്തികളെ കൂട്ടുപിടിച്ച് ശക്തമായ ഒരു ബദലിനായി സിപിഐ എമ്മും ഇതടുപക്ഷവും ശ്രമിക്കുന്നത്. വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന് മാത്രമേ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ഒരു കാരണവശാലും അധികാരത്തിലെത്തരുതെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ട്. ശക്തമായ ഒരു ബദല്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.

കേരളത്തില്‍ സിപിഐഎമ്മും ഇടതുപക്ഷവും വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലാണ്. അതിന് കരുത്ത് പകരാനും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് പ്ലീനം സംഘടിപ്പിച്ചത്. വരും നാളുകളില്‍ കൂടുതല്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കരുത്തോടെ പോരാടാന്‍ പ്ലീനം പാര്‍ട്ടിയ്ക്ക് കരുത്തുപകരുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

deshabhimani

ഭൂവിനിയോഗ നയം വേണം: എസ്ആര്‍പി

ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഭൂവിനിയോഗത്തിന് പ്രത്യേക നയം വേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നിര്‍ദേശിച്ചു.

ഈ നയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റാറ്റ്യൂട്ടറി ബോര്‍ഡ് രൂപീകരിക്കണമെന്നും എസ്ആര്‍പി "ദേശാഭിമാനി"ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് എസ്ആര്‍പി പറഞ്ഞു.

ഇപ്പോള്‍ രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. ഇതില്‍ ആദ്യത്തേതാണ് മാധവ് ഗാഡ്ഗില്‍ കമീഷന്‍. അന്നത്തെ പരിസ്ഥിതി മന്ത്രി തികച്ചും ഏകപക്ഷീയമായാണ് കമീഷനെ തീരുമാനിച്ചത്. പരിസ്ഥിതി പ്രശ്നത്തിന് കമീഷനെ നിയോഗിക്കുമ്പോള്‍ പാലിക്കേണ്ടുന്ന അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല.

പശ്ചിമഘട്ട സംരക്ഷണമെന്നത് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. അതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമ്പോള്‍ പരിസ്ഥിതി വിദഗ്ധര്‍ ഉണ്ടാകണം. ജന്തുശാസ്ത്രജ്ഞര്‍, സസ്യശാസ്ത്രജ്ഞര്‍, ഭൗമശാസ്ത്രജ്ഞര്‍, അന്തരീക്ഷ മാറ്റത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവര്‍ വേണം. ഇതിലെല്ലാമുപരിയായി ജനപ്രതിനിധികള്‍ ഉണ്ടാകണം. ഈ സംയോജനമൊന്നും മാധവ് ഗാഡ്ഗില്‍ കമീഷനില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ട്. അത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ പരക്കെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റൊരു കമീഷനെ നിയോഗിക്കുകയായിരുന്നു. ആസൂത്രണകമീഷന്‍ അംഗവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ കസ്തൂരിരംഗനെയാണ് നിയമിച്ചത്. ഒരര്‍ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കസ്തൂരി രംഗന്‍ മയപ്പെടുത്തി ഒരു രാഷ്ട്രീയ രേഖയാണ് ചമച്ചത്. മാധവ് ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ടിന് പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടില്‍ ഏതാണ് ശരിയെന്ന് നിശ്ചയിച്ചത് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയുമാണ്. ഇത് ജനാധിപത്യ വിരുദ്ധവും അശാസ്ത്രീയവുമാണ്.

ഉചിതമായ വിദഗ്ധസമിതി രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റിയുമാണ് തീരുമാനമെടുക്കേണ്ടത്. അല്ലാതെ ധൃതിപിടിച്ച് നീങ്ങരുത്. ജനങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. എന്താണ് പരിസ്ഥിതിക്കുള്ള ഭീഷണി? എന്താണ് പരിഹാരം? എന്നൊക്കെ ജനങ്ങളുമായി സംവദിച്ച് നിഗമനത്തില്‍ എത്തണം. ഈ രീതിയില്‍ ജനങ്ങളെ അണിനിരത്തിയുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം പരിസ്ഥിതിക്ക് അപകടം വരുത്തുന്നു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ്. അത് പരിസ്ഥിതി ഭീഷണി നേരിടുന്നുമുണ്ട്. ഇത് ആറ് സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമാണ്. ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി അപകടത്തിലാക്കുന്നു. ഇത് പരിശോധിക്കാനും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ജനങ്ങളുമായി സംവദിക്കണം. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയ എല്ലാവരുമായി ചര്‍ച്ച വേണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും അതീവ ദുര്‍ബല പ്രദേശങ്ങളും ലോല പ്രദേശങ്ങളുമെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാവണം നിയന്ത്രിക്കേണ്ടത്. ഇത് പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും വകുപ്പ് സെക്രട്ടറിയും സ്വന്തം നിലയില്‍ തീരുമാനിക്കേണ്ടതല്ല.

പരിസ്ഥിതി സംരക്ഷണത്തിന് എന്താണ് ഭീഷണി എന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ വെളിപാടിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടതെന്ന് സിപിഐ എം നിലപാടിനെ വിമര്‍ശിക്കുന്ന ചില പരിസ്ഥിതിവാദികളുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ്ആര്‍പി പറഞ്ഞു. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളില്‍നിന്നും മാറി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

Thursday, November 28, 2013

മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ ഒരുമിക്കും: കാരാട്ട്

ലോക്`സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്- ബിജെപി മുന്നണികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് മതനിരപേക്ഷ-ജനാധിപത്യപാര്‍ടികള്‍ ശ്രമിക്കേണ്ടതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇരു പാര്‍ടികള്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികളുടെ പൊതുവേദിയിലേക്ക് കൂടുതല്‍ പാര്‍ടികള്‍ വരുമെന്നും കാരാട്ട് പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനത്തില്‍ സംബന്ധിക്കാനെത്തിയ പ്രകാശ് കാരാട്ട് ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ നിന്ന്:

? ലോക് സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു ദേശീയ ബദലിന്റെ സാധ്യത എന്തെല്ലാമാണ്. നയങ്ങളെയും നിലപാടുകളെയും

അടിസ്ഥാനമാക്കിയുള്ള ഒരു ബദലിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ദേശീയ ബദലിനുള്ള സാധ്യത കുറവാണ്. ശക്തമായ ഒരു ബദല്‍ ദീര്‍ഘകാലമായുള്ള സമരങ്ങളിലൂടെ യാഥാര്‍ഥ്യമാവണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണെങ്കില്‍ കൂടുതല്‍ മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരുമിക്കും. ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ബദലിനുള്ള സാധ്യതയും അപ്പോഴുണ്ടാവും.

? സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ഇങ്ങനെയൊരു ബദലിന് നേതൃത്വം നല്‍കാനാവുമോ.

ആര് നേതൃത്വം നല്‍കുന്നു എന്നതല്ല പ്രശ്നം. ഇടതുപക്ഷത്തിന് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ബദലിനാവശ്യമായ മുന്‍കൈയെടുക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും ഇത്തരമൊരു ബദല്‍ ലക്ഷ്യം വച്ചുള്ളതാണ്. അതുപോലെ തന്നെ വര്‍ഗീയതക്കെതിരെ അതിശക്തമായ മുന്നേറ്റത്തിന് കൂടുതല്‍ പാര്‍ടികളുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിയും. ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതനിരപേക്ഷ പാര്‍ടികളുടെ ദേശീയ കണ്‍വന്‍ഷന്‍ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനനടപടിയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ സാഹചര്യത്തിനെതിരെ നിലകൊള്ളാന്‍ പ്രതിബദ്ധരായ നിരവധി മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികളാണ് ഈ കണ്‍വന്‍ഷനില്‍ അണിനിരന്നത്്.

? വന്‍ കോര്‍പറേറ്റുകളുടെ സാമ്പത്തിക പിന്തുണയുള്ള കോണ്‍ഗ്രസും ബിജെപിയുമാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും മത്സരിക്കുന്നത്. ഇരുകൂട്ടര്‍ക്കുംവേണ്ടി തെരഞ്ഞെടുപ്പില്‍ കോര്‍പറേറ്റുകള്‍ പണമൊഴുക്കും. ദൂഷിതമായ ഈ തെരഞ്ഞെടുപ്പ് സാഹചര്യത്തെ ഇടതുപക്ഷത്തിന് എങ്ങനെയാണ് അതിജീവിക്കാനാവുക.

വന്‍കിടക്കാരുടെ പണമൊഴുക്കില്‍ തെരഞ്ഞെടുപ്പ് രംഗം ദൂഷിതമാകുമെന്നതില്‍ സംശയമില്ല. കള്ളപ്പണത്തിന്റെ വന്‍പ്രവാഹം ഉണ്ടാവും. ഇതുകൂടാതെ ബൂര്‍ഷ്വാപാര്‍ടികള്‍ ധനാഢ്യരായ സ്ഥാനാര്‍ഥികളെ മാത്രമേ രംഗത്തിറക്കൂ. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ച നടപടികള്‍ക്ക് പരിമിതമായ ഗുണം മാത്രമേ സൃഷ്ടിക്കാനാവു. തീര്‍ച്ചയായും സിപിഐ എം പോലുള്ള പാര്‍ടികള്‍ക്ക് ഈ അവസ്ഥ കാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കും. തെരഞ്ഞെടുപ്പിലെ ധനസ്വാധീനത്തെക്കുറിച്ച് ജനങ്ങളില്‍അവബോധം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ഈ സ്ഥിതി മറികടക്കാനാവു.

? തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ ഇടതുപക്ഷത്തിന്റെ മുന്‍ഗണന എന്തായിരിക്കും.

അതേക്കുറിച്ച് കൃത്യമായി പറയാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം സൃഷ്ടിക്കാനാവണം മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ ശ്രമിക്കേണ്ടത്.

(എന്‍ എസ് സജിത്) deshabhimani

പാര്‍ടി പ്ലീനങ്ങള്‍ എന്തിന്

പാര്‍ടി കോണ്‍ഗ്രസ് സിപിഐ എമ്മിെന്‍റ പരമാധികാര സഭയാണ്. പാര്‍ടി ഭരണഘടനപ്രകാരം മൂന്ന് വര്‍ഷം തികയുമ്പോഴാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എം രൂപീകരിക്കപ്പെട്ടത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പ്രത്യയശാസ്ത്ര വിഷയങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ടി സംഘടനാ തത്വങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കണമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മറ്റ് സഖാക്കളെയും ചൈനാ ചാരന്മാര്‍ എന്ന മുദ്രകുത്തി വഴിയില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അതോടെ തൃശൂരില്‍ ചേരാനിരുന്ന കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവെച്ചു.

പ്രസ്തുത കേന്ദ്ര കമ്മിറ്റി യോഗം സഖാക്കള്‍ ജയില്‍മോചിതരായി 67ല്‍ കോഴിക്കോട്ടാണ് ചേര്‍ന്നത്. പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സ്പെഷ്യല്‍ പ്ലീനം പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ 1968 ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ ചേര്‍ന്നു. ബര്‍ദ്വാന്‍ പ്ലീനത്തിലാണ് സിപിഐ എം ആദ്യമായി പ്രത്യയശാസ്ത്ര രേഖ അംഗീകരിച്ചത്. 1957ലെയും 60ലെയും ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗം അംഗീകരിച്ച മോസ്കോ പ്രസ്താവനയിലും പ്രഖ്യാപനത്തിലുമുള്ള വിപ്ലവപരമായ ഉള്ളടക്കം സിപിഐ എം ഉയര്‍ത്തിപ്പിടിക്കും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഗൗരവമായ ചര്‍ച്ചയും തര്‍ക്കവും ഭിന്നിപ്പും നിലനിന്ന കാലത്താണ് ബര്‍ദ്വാന്‍ പ്ലീനം ചേര്‍ന്നത്.

ലോകത്തിലെ രണ്ട് മഹത്തായ കമ്യൂണിസ്റ്റ് പാര്‍ടികളാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും. തൊഴിലാളിവര്‍ഗ വിപ്ലവം നടത്തി വിജയിച്ച് ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ടികളാണ് രണ്ടും. ഇരു പാര്‍ടികള്‍ക്കും മഹത്തായ പാരമ്പര്യമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് പാര്‍ടികളെയും ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു. വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനമാണ് പാര്‍ടിക്ക് സംഭവിച്ചത്. ചൈനീസ് പാര്‍ടിയും തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ചൈനീസ് പാര്‍ടിയെ ബാധിച്ചത് ഇടതുപക്ഷ വ്യതിയാനമാണ്. ഇതു രണ്ടും അപ്രമാദിത്വമുള്ള പാര്‍ടികളല്ല. ഈ രണ്ട് പാര്‍ടികളുടെ തീരുമാനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിച്ചുപോകാന്‍ സിപിഐ എമ്മിന് കഴിയില്ല.

മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സിപിഐ എം മുന്നോട്ട് പോകും. ഞങ്ങളുടെ തലച്ചോര്‍ ആര്‍ക്കും പണയംവെക്കില്ല. സിപിഐ എമ്മിന് അന്ധമായ സോവിയറ്റ് വിരോധമോ അമിതമായ ചൈനാ പ്രേമമോ ഇല്ല. ഈ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. പ്ലീനത്തില്‍നിന്ന് ഇടതുപക്ഷ തീവ്രവാദികളായ നാഗിറെഡ്ഡിയും കൂട്ടുകാരും പ്രതിഷേധിച്ചിറങ്ങിപ്പോയി. പാര്‍ടി ശരിയായ പാത പിന്തുടര്‍ന്നു. പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മദിരാശിയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസിലാണ്. കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് വീണ്ടും പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചചെയ്തംഗീകരിച്ചു. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് ബര്‍ദ്വാന്‍ പ്ലിനത്തിനുള്ളത്.

1970ല്‍ തലശേരിയില്‍ ചേര്‍ന്ന സംസ്ഥാന പ്ലീനം വളരെ പ്രധാനപ്പെട്ട സംഘടനാ തീരുമാനങ്ങളെടുത്തു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് പാര്‍ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി ബ്രാഞ്ചുകളെ ശക്തിപ്പെടുത്തണമെന്നതായിരുന്നു തലശേരി പ്ലീനത്തിന്റെ പ്രധാന തീരുമാനം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ബ്രാഞ്ച് യോഗം ചേരുമ്പോള്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെപ്പറ്റി എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്നും ബ്രാഞ്ച് പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നും തീരുമാനിച്ചു. ബ്രാഞ്ച് ശക്തിപ്പെട്ടാല്‍ മാത്രമേ പാര്‍ടിയുടെ സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുകയുള്ളൂ എന്ന് തലശേരി പ്ലീനം കണ്ടു. പാര്‍ടിയുടെ അടിത്തറ വിപുലപ്പെടുത്താനും ബ്രാഞ്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്ലീനം ഊന്നിപ്പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പാര്‍ടി വിദ്യാഭ്യാസം നിരന്തരം നല്‍കണമെന്നും തലശേരി പ്ലീനം തീരുമാനിച്ചു.

എടുത്തു പറയേണ്ടതായ മറ്റൊരു അഖിലേന്ത്യാ പ്ലീനം സാല്‍ക്കിയാ പ്ലീനമാണ്. അടിയന്തരാവസ്ഥ അവസാനിച്ചശേഷം ചേര്‍ന്ന പത്താം പാര്‍ടി കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ അവസരം ലഭിച്ചില്ല. സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കണമെന്ന് തീരുമാനിച്ചു. 1978 ഡിസംബര്‍ 27 മുതല്‍ 31 വരെ സാല്‍ക്കിയായില്‍ ചേര്‍ന്ന പ്ലീനം സംഘടനാപ്രശ്നം ചര്‍ച്ചചെയ്ത് സംഘടനാ രേഖ അംഗീകരിച്ചു. പ്രസ്തുത പ്ലീനമാണ് ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തണമെന്ന സുപ്രധാന തീരുമാനമെടുത്തത്. പാര്‍ടിയുടെ ബഹുജന സ്വാധീനമനുസരിച്ച് പാര്‍ടി അംഗത്വത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ കഴിയണം. എന്നാല്‍ മെമ്പര്‍ഷിപ്പ് വര്‍ധിക്കുമ്പോള്‍ പാര്‍ടിയുടെ വിപ്ലവശക്തി ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്. പാര്‍ടി സംഘടനാ യോഗങ്ങള്‍ ചിട്ടയോടെ സമയബന്ധിതമായി ചേരണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും സാല്‍ക്കിയാ പ്ലീനം തീരുമാനിച്ചു. സാല്‍ക്കിയാ പ്ലീനവും പാര്‍ടി ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2000ത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അഖിലേന്ത്യാ സ്പെഷ്യല്‍ പ്ലീനമാണ് പാര്‍ടി പരിപാടി കാലോചിതമായി പുതുക്കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ പ്ലീനവും പാര്‍ടി ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. എല്ലാ പ്ലീനങ്ങളെപ്പറ്റിയും ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.

പാലക്കാട്ട് നടക്കുന്ന പ്ലീനം സംഘടനാപരമായി പാര്‍ടിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള പ്ലീനമാണ്. ആറുമാസത്തിലധികം കാലം സംസ്ഥാനതലം മുതല്‍ ബ്രാഞ്ച് തലംവരെ സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം പങ്കെടുത്ത് പാര്‍ടി സഖാക്കളുമായി സംസാരിച്ചതിനുശേഷം യഥാര്‍ഥ വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തയാറാക്കിയ രേഖയാണ് പാലക്കാട് പ്ലീനം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. സംഘടനാ നേതൃത്വത്തില്‍ മാറ്റംവരുത്തുകയെന്നത് പ്ലീനത്തിന്റെ അജന്‍ഡയല്ല. 20-ാം കോണ്‍ഗ്രസിലും അനുബന്ധ സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമാണ് പാര്‍ടിക്കുള്ളത്. പാര്‍ടിയുടെ അംഗീകൃത തത്വമാണ് സ്വയംവിമര്‍ശനവും വിമര്‍ശനവും. ഇതു രണ്ടുമില്ലെങ്കില്‍ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടി ഒഴുക്കില്ലാത്ത ജലാശയംപോലെയായി മാറും. അതനുവദിക്കാന്‍ പാര്‍ടി സമ്മതിക്കില്ല. ശാസ്ത്രീയമായ സ്വയംവിമര്‍ശനവും വിമര്‍ശനവും ഒരു തുടര്‍പ്രക്രിയയാണ്. അത് പാര്‍ടിയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ളതാണ്. അതോടൊപ്പം പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വന്‍തോതില്‍ വിപുലപ്പെടുത്തും. അതിനുള്ളതാണ് പാലക്കാട് പ്ലീനം.

വി വി ദക്ഷിണാമൂര്‍ത്തി deshabhimani

"വിശ്വാസവിവാദം" ഭാവനാസൃഷ്ടി

വിശ്വാസികളുമായുള്ള യുദ്ധപ്രഖ്യാപനമല്ല സിപിഐ എം സംസ്ഥാന പ്ലീനം. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പാഴ്വേലയിലാണ് ഒരുകൂട്ടം അച്ചടി-ദൃശ്യമാധ്യമങ്ങള്‍. പാര്‍ടി അംഗങ്ങള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും സമുദായ-ജാതിസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കാന്‍ പ്ലീനത്തിലെ സംഘടനാരേഖ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയുടെ ഉള്ളടക്കം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സന്ദേഹങ്ങള്‍ക്ക് ഇടം നല്‍കാത്തവിധം മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍, അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വിശ്വാസികളില്‍ പാര്‍ടിയെപ്പറ്റി അവിശ്വാസവും സംശയവും വളര്‍ത്താനുള്ള യജ്ഞത്തിലാണ് വലതുപക്ഷ മാധ്യമങ്ങള്‍. "സിപിഐ എം അംഗത്വം- വിശ്വാസികള്‍ക്കു പ്രവേശനമില്ല" "പാര്‍ടി പ്രവര്‍ത്തകര്‍ക്ക് "വിശ്വാസ"നിയന്ത്രണം" എന്നിങ്ങനെയാണ് രണ്ട് പത്രങ്ങള്‍ തലക്കെട്ട് കൊടുത്തത്. മനോരമയുള്‍പ്പെടെ ഒന്നിലധികം ചാനലുകളാകട്ടെ "പാര്‍ടിയും വിശ്വാസികളും" എന്ന വിഷയത്തിന്മേല്‍ രാപ്പകല്‍ ഭേദമന്യേ ചര്‍ച്ചയായിരുന്നു. ഇതിലൂടെ വിശ്വാസികളും കമ്യൂണിസ്റ്റ്കാരും രണ്ടുതട്ടില്‍ കഴിയേണ്ടവരാണെന്ന കല്‍പ്പന മുതലാളിത്തപക്ഷ മാധ്യമങ്ങള്‍ വാര്‍ത്തെടുക്കുകയാണ്. അത് പ്ലീനംരേഖയുടെ കാതലിനെ വിസ്മരിക്കലാണ്. അന്ധവിശ്വാസം, അനാചാരം, പൂജാദികര്‍മങ്ങള്‍, അമ്പലകമ്മിറ്റി ഭാരവാഹിത്വം തുടങ്ങിയവ കമ്യൂണിസ്റ്റുകാര്‍ക്കു വേണ്ട എന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പെരുമാറ്റസംഹിതയില്‍ ഉള്‍പ്പെടുന്നതാണ്. അത് സംഘടനക്കുള്ളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് രേഖ നിര്‍ദേശിക്കുമ്പോള്‍ത്തന്നെ, നാളെ ഒരു പള്ളിവികാരിയോ സന്യാസിയോ പാര്‍ടിഅംഗത്വത്തിന് അപേക്ഷിച്ചാല്‍ വിശ്വാസിയാണെന്ന കാരണത്താല്‍ നിരസിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.

അങ്ങനെ പാര്‍ടി അംഗമാകുമ്പോള്‍ തൊട്ടടുത്തദിവസം പള്ളിയിലോ ആരാധനാലയങ്ങളിലോ പോകുന്നതിനെ വിലക്കുമെന്നല്ല. എന്നാല്‍, വൈരുധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനം എല്ലാ പാര്‍ടി അംഗങ്ങളെയും പഠിപ്പിക്കാനും അത് പ്രവാര്‍ത്തികമാക്കാനും മുന്‍കൈയെടുക്കും. അതിനുള്ള സംവിധാനം കാര്യക്ഷമമാക്കാനാണ് പ്ലീനംരേഖ നിര്‍ദേശിക്കുന്നത്. മതനിരപേക്ഷതയും ന്യൂനപക്ഷ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ തത്വദീക്ഷയോടെയുള്ള ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പാര്‍ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍, ഇന്ന് പാര്‍ടി അംഗത്വത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗത്തില്‍ ജനസംഖ്യാനുപാതികമായ പങ്കാളിത്തമില്ല.

ഇത് പരിഹരിക്കാനുള്ള കര്‍മപരിപാടിക്ക് പ്ലീനം രൂപം നല്‍കുമ്പോഴാണ് "വിശ്വാസം" എന്ന വിഷയത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മാധ്യമങ്ങള്‍ വിലങ്ങുതടി തീര്‍ക്കാന്‍ നോക്കുന്നത്. ഭരണവര്‍ഗങ്ങളും അവരുടെ പാദസേവകരും അധ്വനിക്കുന്ന വിഭാഗങ്ങളുടെ ഐക്യത്തെ ശിഥിലമാക്കാന്‍ ദൈവവിശ്വാസത്തെയും ജാതി-മത സംഘടനകളെയും ആയുധമാക്കാറുണ്ട്. അതുകൊണ്ടുതന്നെ ജാതി-മതാന്ധതക്ക് എതിരായ ആശയദൃഢതയിലേക്ക് പാര്‍ടിഅംഗങ്ങളെയും ജനങ്ങളെയും എത്തിക്കേണ്ടതുണ്ട്. എന്നാല്‍, വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, പട്ടിണി, സ്ത്രീപീഡനം എന്നിവക്കെതിരായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസികളുമായി കൂട്ടുകൂടുന്നതില്‍ വിശാല മനസ്സാണുള്ളത്. യേശുക്രിസ്തു, ശ്രീകൃഷ്ണന്‍ തുടങ്ങി ഭക്തന്മാര്‍ ആരാധിക്കുന്നവരെപ്പോലും വര്‍ഗീയവാദികള്‍ സ്വകാര്യസ്വത്താക്കുന്നതിനെ കമ്യൂണിസ്റ്റുകാര്‍ അനുകൂലിക്കുന്നില്ല.

അതുകൊണ്ടാണ് വിമോചന നായകനെന്ന സങ്കല്‍പ്പത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പാര്‍ടിയുടെ തിരുവനന്തപുരത്തെ സംസ്ഥാന സമ്മേളന ചരിത്രപ്രദര്‍ശനത്തില്‍ സ്ഥാപിച്ചത്. കാല്‍നൂറ്റാണ്ട് പശ്ചിമബംഗാള്‍ ഭരിച്ച ജ്യോതിബസുവും മദര്‍തെരേസയും തമ്മിലുള്ള നിത്യസുഹൃദ്ബന്ധം പാര്‍ടിക്കെതിരെ "വിശ്വാസവിവാദം" സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. പാര്‍ടിയെ നവീകരിക്കാനും പ്രത്യയശാസ്ത്രം കരുത്തുള്ളതാക്കാനുള്ള പാര്‍ടി പ്ലീനം വിശ്വാസികളിലടക്കം പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ളതാണ്.
(ആര്‍ എസ് ബാബു)

ബഹുജനപിന്തുണ വര്‍ധിപ്പിക്കും

സ. ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): കേരളത്തില്‍ സിപിഐ എമ്മിന്റെ കരുത്തും ബഹുജന പിന്തുണയും വര്‍ധിപ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പാര്‍ടി സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്തു. പാര്‍ടിയുടെ മുഴുവന്‍ അംഗങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്ത്പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും ബ്രാഞ്ചുകള്‍ സ്വയം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും ആകുന്ന നിലയിലേക്ക് മാറണമെന്നും സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് 4,01,704 പാര്‍ടി അംഗങ്ങളുണ്ട്. 29,260 ബ്രാഞ്ചുകളും 2013 ലോക്കല്‍ കമ്മിറ്റികളും 205 ഏരിയാ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ അംഗങ്ങളും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാകണം. പ്ലീനത്തിന് മുന്നോടിയായി ഓരോ ഘടകത്തിലേയും ദൗര്‍ബല്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഏരിയ സെക്രട്ടറിമാര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകണം. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്ല. പ്ലീനം കഴിയുന്നതോടെ ഇതിന് ക്രമീകരണമുണ്ടാകണം.

ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെങ്കിലും ലോക്കലിലുണ്ടാകണം. അത് സെക്രട്ടറി തന്നെ ആകണമെന്നില്ല. ഇപ്പോള്‍ 3,192 മുഴുവന്‍ സമയ പ്രവര്‍ത്തകരാണുള്ളത്. ഇവര്‍ക്ക് പരിമിതമായ അലവന്‍സ് ആയതിനാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ചിലരെങ്കിലും ജോലിതേടി പോകുന്നു. ഇത് മാറണം. ഓരോ ഏരിയയിലും മുഴുവന്‍ സമയപ്രവര്‍ത്തകയായി ഒരു വനിത ഉണ്ടാകണം. മല്‍സ്യത്തൊഴിലാളി, എസ്സി-എസ്ടി മേഖലകളില്‍ നിന്നും കൂടുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തണം.

ബ്രാഞ്ചുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാകണം. അതത് പ്രദേശത്തെ വിഷയങ്ങള്‍ സ്വയം ഏറ്റെടുക്കാനും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാനും പ്രാപതരായിരിക്കണം. ബ്രാഞ്ചുകള്‍ പ്രദേശത്തെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും അറിയണം. ഇതിനായി കുടുംബ സര്‍വേ നടത്തണം. പാര്‍ടി ബ്രാഞ്ചുകളില്‍ 15ല്‍ കൂടുതല്‍ അംഗങ്ങള്‍ പാടില്ല. കൂടുമ്പോള്‍ വിഭജിക്കണം. കേരളത്തില്‍ ഉടനീളം പാര്‍ടിക്ക് ഒരേ സ്വാധീനമല്ല. അസമമായ സ്വാധീനവും അസമമായ വളര്‍ച്ചയുമാണ്. ദുര്‍ബലമായ പ്രദേശങ്ങളില്‍ സജീവമാക്കാന്‍ കഴിയണം. 2014 ഓടെ എല്ലാ ബൂത്തിലും പര്‍ടി ഘടകം വേണം.

പാര്‍ടി അംഗങ്ങളെ എങ്ങനെയെങ്കിലും ചേര്‍ത്താല്‍ പോര. കമ്യൂണിസ്റ്റ് പാര്‍ടി മറ്റ്പാര്‍ടികളില്‍നിന്നും വ്യത്യസ്തമാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. അന്യവര്‍ഗ ചിന്തകളില്‍ നിന്നും മോചനം നേടണം. മൂല്യ വ്യതിയാനംവച്ചുപൊറുപ്പിക്കില്ല. സമൂഹത്തില്‍ മദ്യപാനം വ്യാപിച്ചു. അത് ചില അംഗങ്ങളില്‍ എത്തി. ഇത് ചെറിയ ന്യൂനപക്ഷംമാത്രമാണ്. അങ്ങിനെ പെട്ടുപോയവരെ മോചിപ്പിക്കണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ അംഗത്വത്തില്‍നിന്നും ഒഴിവാക്കണം.

റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ നിന്നും അംഗങ്ങള്‍ പൂര്‍ണമായും പിന്‍മാറണം. തര്‍ക്ക സ്ഥലം, ചതുപ്പ്നിലം, നെല്‍വയല്‍ തുടങ്ങിയവ വില്‍ക്കാന്‍ ചിലര്‍ പാര്‍ടിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി തെറ്റായ വഴികളിലൂടെ പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു. അതില്‍പ്പെട്ടുപോകുന്ന പ്രവര്‍ത്തകര്‍ ക്രമേണ നാട്ടില്‍ അനഭിമതരാവുകുന്നു. അത്തരം ഇടപെടല്‍ പാടില്ല. തിരുത്താന്‍ തയ്യാറാകാത്തവരെ ഒഴിവാക്കണം.

ബ്ലേഡ് കമ്പനികളുമായി പാര്‍ടി മെമ്പര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും പാടില്ല. പാര്‍ടി പ്രവര്‍ത്തകര്‍ മാതൃകാപരമായി പെരുമാറണം. വിനയാന്വിതരാകണം. തട്ടിക്കയറാന്‍ പാടില്ല. പാര്‍ടിക്ക് വലിയ ബഹുജന സ്വാധീനമുണ്ട്. ജനാധിപത്യ കേന്ദ്രീകരണമുള്ള പാര്‍ടിയുമാണ്. എന്നാല്‍ ഈ ജനാധിപത്യ കേന്ദ്രീകരണം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. ഇത്തരം ശൈലിയില്‍ നിന്നും മോചനം നേടണം.

വരവില്‍ക്കവിഞ്ഞ സ്വത്ത് ആര്‍ജിക്കുന്നവരെ കണ്ടെത്തണം. പാര്‍ടി സ്ക്രൂട്ട്നി സമയത്ത് സ്വത്ത് വിവരം നല്‍കണം. ഇതില്‍ അപാകാതകള്‍ കണ്ടാല്‍ വിശദീകരണം നല്‍കണം. വരുമാന സ്രോതസ്സ് വ്യക്തമാക്കണം.

വിപ്ലവ ബഹുജന പ്രസ്ഥാനമെന്ന സിപിഐ എം കാഴ്ചപ്പാട് ശരിവയ്ക്കുന്നതാണ് പാര്‍ടി അംഗങ്ങളുടെ വിവിധ വര്‍ഗങ്ങള്‍ സൂചിപ്പിക്കുന്നത്. 57 ശതമാനവും തൊഴിലാളി വര്‍ഗമാണ്. 21 ശതമാനം കര്‍ഷകത്തൊഴിലാളികള്‍. എട്ട് ശതമാനം ദരിദ്ര കര്‍ഷകര്‍. ഒമ്പത് ശതമാനം ഇടത്തരംവിഭാഗം. 25 വയസ്സിന് താഴെയുള്ളവരാണ് പത്ത് ശതമാനം അംഗങ്ങള്‍. 16 ശതമാനം 25നും 31നും ഇടയില്‍. 32നും 50നും ഇടയില്‍ 46 ശതമാനം. 51നും 70നും ഇടയില്‍ 25 ശതമാനം. 70 വയസിന് മുകളില്‍ 2.65 ശതമാനം മാത്രം. 96 ശതമാനം പേരും 1977ന് ശേഷം വന്നവരാണ്. 60 ശതമാനം പേരും 2000ത്തിന് ശേഷംവന്നവരാണ്. ഇത് കാണിക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും നല്‍കണമെന്നാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ-ഏരിയകമ്മിറ്റികള്‍ നടത്തണം.

ചില അംഗങ്ങള്‍ വരുമാനത്തിനനുസരിച്ച് ലെവി കൊടുക്കുന്നില്ല. ഇത് മാറ്റണം. 2014ലെ സ്ക്രൂട്ട്നി സമയത്ത് ഇത് കര്‍ശനമാക്കണം. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടി അംഗത്വം വേണ്ട വിധത്തില്‍ ഉയര്‍ന്നിട്ടില്ല. പാര്‍ടി അംഗങ്ങളില്‍ മുസ്ലിം വിഭാഗം 9.56 ശതമാനമാണ്. ക്രിസ്ത്യന്‍ വിഭാഗം 10.9 ശതമാനവും. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടിക്ക് സ്വാധീനമുണ്ടെങ്കിലും അത് അംഗത്വത്തില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ പട്ടികജാതി വര്‍ഗവിഭാഗങ്ങളില്‍ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. 62,000 വനിതകള്‍ മാത്രമാണ് അംഗങ്ങളായുള്ളത്. 16 ശതമാനം. ഇത് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കണം.

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രചാരണം ശക്തിപ്പെടുത്തണം. പാര്‍ടി അംഗങ്ങള്‍ ജാതിമത സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. ആരാധാനാലയങ്ങളുടെ ഭാരവാഹിത്വം പാടില്ല. ആരാധാനാലയങ്ങളോട് ശത്രുതാപരമായ നിലപാടില്ല. വിശ്വാസികളെ ബഹുമാനിക്കുന്നു. എന്നാല്‍ വര്‍ഗീയ തീവ്രവാദികളെ ആരാധാനാലയങ്ങളില്‍ നിന്നും മോചിപ്പിക്കണം.

വിഭാഗീയതയ്ക്ക് വലിയ തോതില്‍ മോചനമായി. വിഭാഗീയത അന്യവര്‍ഗചിന്തയാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ ലംഘനമാണ്. ഇതില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. പാര്‍ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. പല കാരണങ്ങളാല്‍ പാര്‍ടി വിട്ടുപോയവര്‍ ശത്രുക്കളായി മാറിയെങ്കിലും ചിലര്‍ പാര്‍ടിയുടെ ശത്രുക്കളല്ല. അവരെ പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരണം. തെറ്റിദ്ധരിച്ച്മാറി നില്‍ക്കുന്നവരെ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ കെ ബാലനും പങ്കെടുത്തു.

മതനിരപേക്ഷ ജനാധിപത്യ യോജിപ്പ് അടിയന്തര കടമ

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): ജനവിരുദ്ധ കോണ്‍ഗ്രസിനെയും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിപ്പിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു. കേരള രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്ലീനം അംഗീകരിച്ച പ്രമേയത്തിലാണ് ജനങ്ങള്‍ക്കുമുന്നിലുള്ള അടിയന്തര കടമ ഓര്‍മിപ്പിക്കുന്നത്.

ജനകീയ പ്രശ്നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തെയും ആസ്പദമാക്കി എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണം. സാമ്രാജ്യത്വ ധനമൂലധനശക്തികള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍. അവയെ പിന്താങ്ങുകയും തീവ്ര ഹിന്ദുത്വവാദമുയര്‍ത്തി രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാര്‍ വിപത്കരമായ നീക്കങ്ങളാണ് നടത്തുന്നത്. ഇവയെ ചെറുക്കാന്‍ താല്‍പ്പര്യമുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളെ യോജിപ്പിച്ച് അണിനിരത്തുക എന്നതാവണം അടിയന്തര കടമയെന്ന് എളമരം കരീം അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പുതിയ പ്രതിബന്ധങ്ങള്‍ കൂടി കണക്കിലെടുത്തുള്ള വികസന കാഴ്ചപ്പാടുമായി ബദല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനും അതിനായി പോരാടാനും പ്ലീനം ആഹ്വാനം ചെയ്തു. സാധാരണ ജനങ്ങളെ കാണാതെയുള്ള, പൂര്‍ണ കച്ചവടവല്‍ക്കരണം ലക്ഷ്യമിടുന്ന യുഡിഎഫിന്റെ നവലിബറല്‍ അജണ്ടയായ "പദ്ധതി പരിപ്രേക്ഷ്യം 2030" തള്ളിക്കളയണമെന്ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ 14 ജില്ലകളില്‍ നിന്നുള്ള 39 പേര്‍ സംസാരിച്ചതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തില്‍ പ്ലീനം സംഘടിപ്പിച്ചതിനെ പ്രതിനിധികള്‍ അഭിനന്ദിച്ചതായി കോടിയേരി പറഞ്ഞു. രേഖയെ പൊതുവെ സ്വാഗതം ചെയ്ത അംഗങ്ങള്‍ ചില നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചു. പാര്‍ടി സംസ്ഥാന സെന്ററിന് ഈ കാലയളവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് പ്രതിനിധികള്‍ വിലയിരുത്തി. വിഭാഗീയതയുടെ ഭാഗമായി കേരളത്തിലെ പാര്‍ടിക്ക് അവസരങ്ങളും സാധ്യതകളും നഷ്ടപ്പെട്ടു. ഈ വീഴ്ചയില്‍ സ്വയം വിമര്‍ശനം നടത്തി,

അനുഭവപാഠം ഉള്‍ക്കൊണ്ട്, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാര്‍ടിയുടെ പ്രചാരണ പരിപാടികളില്‍ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി കാലോചിതമായ മാറ്റം വരുത്തണം. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ അറിയുന്നില്ല. അതിനനുസരിച്ചുള്ള പ്രചാരണം വേണം. വിദ്യാര്‍ഥി-യുവജന- സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തന പരിപാടികള്‍ വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചര്‍ച്ച പൂര്‍ത്തിയായി.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന പ്രമേയം എം ബി രാജേഷ് അവതരിപ്പിച്ചു. പ്രതിനിധികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് രേഖ അംഗീകരിക്കും. വൈകിട്ട് രണ്ട് ലക്ഷം പേരുടെ ബഹുജന സംഗമത്തോടെ പ്ലീനം സമാപിക്കും. സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
(എം രഘുനാഥ്)

വിഭാഗീയതയോട് വിട്ടുവീഴ്ച പാടില്ല

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): വിഭാഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പ്ലീനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും തുടങ്ങിയ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായാണ് പ്ലീനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയറ്റ് ഒരു പരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഓരോ അംഗത്തേയും വിലയിരുത്തി. സ്റ്റേറ്റ് സെന്ററില്‍നിന്നും 3, 4 അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ കമ്മിറ്റിപരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ഏരിയ തലത്തില്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ പലതരം ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി. അവ പരിഹരിക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പൂര്‍ണമായും വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വ്യക്തിപരമായ ആക്ഷേപമുന്നയിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

ആദിവാസി മേഖലകളിലെ മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് അഭിപ്രായമുയര്‍ന്നു. വയനാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ വിമര്‍ശനമുന്നയിച്ചത്. ആദിവാസി കോളനികളില്‍ കടന്ന് ചെന്ന് കോളനികള്‍ കീഴടക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാണ്. വനമേഖല മാവോയിസ്റ്റുകളെ ഏല്‍പ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയെ വധിക്കുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.

വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍നിന്നും കൂടുതല്‍ കേഡര്‍മാരെ വാര്‍ത്തെടുക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനിതാ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ യോഗങ്ങള്‍ അവര്‍ക്ക്കൂടി പങ്കെടുക്കാന്‍ പറ്റുന്ന സമയങ്ങളില്‍ നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പരിപാടി വേണം. നിലവില്‍ യുവജന, കര്‍ഷക, കര്‍ഷകത്തൊഴിലാളി മേഖലകളിലെ ഇടപെടലിനായി മൂന്ന് രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ രേഖ തയ്യാറാക്കി പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പ്ലീനത്തില്‍ നിര്‍ദേശമുയര്‍ന്നു.

സിപിഐ എം വിശ്വാസികള്‍ക്ക് എതിരല്ല: പിണറായി

പാലക്കാട്: സിപിഐ എം വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍കൊടുത്ത് പോരാടുന്ന പ്രസ്ഥാനമാണിത്. ആരോടും തൊട്ടുകൂടായ്മ പുലര്‍ത്തുന്നില്ല. സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നല്ല ജാഗ്രതയും കരുതലും വേണം. സിപിഐ എം പ്ലീനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പിണറായി.

അരാഷ്ട്രീയത വേണമെന്ന പ്രചാരണം നടക്കുന്നുണ്ട്. അതിന് സ്വത്വരാഷ്ട്രീയവും ഉത്തരാധുനികതയുമെല്ലാം ഉയര്‍ത്തുന്നു. ചിലര്‍ അനാവശ്യ ജാതിവിഷയം കൊണ്ടുവരുന്നുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് നാടിന് ഉയര്‍ച്ചയുണ്ടായത്. തൊഴിലാളികളും കര്‍ഷകരും എല്ലാം വര്‍ഗാടിസ്ഥാനത്തിലാണ് പ്രക്ഷോഭം നടത്തിയത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ചേര്‍ന്ന് വര്‍ഗാടിസ്ഥാനത്തിലുള്ള സമരം തന്നെയാണ് നടത്തിയത്. ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ കമ്യുണിസ്റ്റുകാര്‍ വഹിച്ച പങ്ക് വലുതാണ്. നാടിന് ദുരിതം മാത്രം വിതച്ച സര്‍ക്കാരിനെതിരായ ശക്തമായ പ്രക്ഷോഭ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യുഡിഎഫ് സര്‍ക്കാര്‍ ഒലിച്ചുപോവും. കള്ളക്കേസുകളും അക്രമങ്ങളുമുണ്ടാക്കി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന ഏറ്റവും ഹീനമായ പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് സിപിഐ എം നിശ്ചലമാവുമെന്നാണ് ഭരണക്കാര്‍ കരുതിയത്. എന്നാല്‍ പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങള്‍ ഉറച്ച് നിന്നപ്പോള്‍ സര്‍ക്കാരിന് പത്തിമടക്കേണ്ടിവന്നു. യുഡിഎഫിനെ അധികാരത്തിലേറ്റിയ ജനങ്ങളാകെ നിരാശരാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ യുഡിഎഫിനകത്ത് കാണാന്‍ കഴിയും.

ഓരോ പാര്‍ടിയിലും പാര്‍ടികള്‍ തമ്മിലും പ്രശ്നമാണ്. പണമൊഴുക്കി ഇതിനെ നേരിടാമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്. മതനിരപേക്ഷത പറയുമെങ്കിലും വര്‍ഗീയ തീവ്രവാദശക്തികളുമായി എല്ലാ കാലത്തും സമരസപ്പെട്ടുപോവുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. നാല് വോട്ടിന്വേണ്ടി ഇത്തരംകക്ഷികളെ എല്ലാ കാലത്തും കൂട്ടുപിടിച്ചിട്ടുണ്ട്. കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനെ കഴിയൂ. അതില്‍ പ്രധാനം സിപിഐ എമ്മിന്റെ കരുത്താണ്. വര്‍ഗീയതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളും സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും അനുകൂലിക്കും. ആര്‍എസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്തുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്ലീനത്തോടെ സിപിഐ എം കൂടുതല്‍ കരുത്തുറ്റ സംഘടനയായി മാറുമെന്നും പിണറായി പറഞ്ഞു.

deshabhimani