Showing posts with label ലീകോബി. Show all posts
Showing posts with label ലീകോബി. Show all posts

Wednesday, October 28, 2020

അവിശുദ്ധ സഖ്യത്തിന്റെ മസാലക്കൂട്ട്

 മതനിരപേക്ഷ കേരളത്തിൽ ഒരു അവിശുദ്ധമുന്നണിയെ ഊടും പാവും നെയ്‌ത്‌ രംഗത്തിറക്കിയിരിക്കുകയാണ്‌ യുഡിഎഫ്. പ്രധാന ഘടകകക്ഷികളെല്ലാം വിട്ടകന്നതോടെ കോൺഗ്രസും മുസ്ലിംലീഗും മാത്രമായി ഊർധ്വശ്വാസം വലിക്കുന്ന ഐക്യ ജനാധിപത്യമുന്നണിക്ക്‌ മൃതസഞ്ജീവനിയുമായി എത്തിയിരിക്കുന്നത്‌ അതിതീവ്ര നിലപാടുള്ള മതസംഘടനകളും അവരുടെ രാഷ്‌ട്രീയ പാർടികളുമാണ്‌. മതേതര നിലപാട്‌ പ്രത്യക്ഷത്തിൽ സ്വീകരിച്ചിരുന്ന കോൺഗ്രസിൽനിന്ന്‌ കേരളം ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല ഇത്തരം കൂട്ടുകെട്ടുകൾ. എന്നാൽ, അധികാരം കൈക്കലാക്കാൻ എന്തുനെറികേടിനും മടിക്കില്ല എന്നതിന്റെ നേർസാക്ഷ്യമാണ്‌ വർഗീയശക്തികളും മതതീവ്രവാദ സംഘടനകളും നയിക്കുന്ന രാഷ്‌ട്രീയ പാർടികളുമായി സഖ്യത്തിലേർപ്പെടാനുള്ള ഐക്യജനാധിപത്യ മുന്നണിയുടെ തീരുമാനം. ഫലത്തിൽ ഫാസിസ്റ്റ് - മതതീവ്രവാദ കക്ഷികൾ യുഡിഎഫിന്റെ കുടക്കീഴിൽ അണിചേർന്നിരിക്കുന്നു.

രാഷ്‌ട്രീയ നൈതികതയും ധാർമികതയും യുഡിഎഫിന്‌ കൈമോശം വന്നിരിക്കുന്നു. ഇന്ത്യ ദീർഘകാലം ഭരിച്ച ഇന്ത്യൻനാഷണൽ കോൺഗ്രസ്‌ ഇന്ന്‌ അധഃപതനത്തിന്റെ നരകയാത്രയിലാണ്‌. ഭരണംകിട്ടാൻ ആരുമായും കൂട്ടുകൂടാൻ വെമ്പൽ കൊള്ളുന്ന യുഡിഎഫ് മതനിരപേക്ഷ സംസ്കാരത്തെത്തന്നെ തള്ളിപ്പറഞ്ഞിരിക്കയാണ്‌. യുഡിഎഫിലെ മുഖ്യ കക്ഷിയായ മുസ്ലിംലീഗ് മത തീവ്രവാദശക്തികളുമായുള്ള ബന്ധത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നത്‌ ആരെയും അമ്പരപ്പിക്കുന്നതാണ്‌. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിൽ അഞ്ചുമന്ത്രിമാരെ പ്രതിനിധാനംചെയ്‌ത പാർടിയാണ്‌ വർഗീയ, മതശക്തികളെ തങ്ങളുടെ ചിറകിനടിയിൽ ഒളിപ്പിക്കാൻ വ്യഗ്രതകാട്ടുന്നത്‌. സംസ്ഥാന രാഷ്ട്രീയത്തെ കടുത്ത വർഗീയതയിൽ മുക്കി മുതലെടുക്കാൻ യുഡിഎഫും ബിജെപിയും ദീർഘനാളായി ശ്രമം നടത്തിവരികയായിരുന്നു‌. അതിനിടയിലാണ്‌ ഇസ്ലാമിക രാഷ്‌ട്രസ്ഥാപനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയും പോപ്പുലർ ഫ്രണ്ടിന്റെ എസ്‌ഡിപിഐയും ഇപ്പോൾ യുഡിഎഫ്‌ കൂടാരത്തിലേക്ക്‌ പതിയെപ്പതിയെ പ്രവേശിച്ചുകൊണ്ടിരിക്കുന്നത്‌.

മതവർഗീയത ശക്തിപ്പെടുത്തി രാഷ്‌ട്രീയനേട്ടം കൊയ്യുകയെന്ന ബിജെപിയുടെ ദേശീയ അജൻഡ കേരളത്തിൽ പ്രയോഗിക്കാൻ അവർ കാത്തുനിൽക്കുകയാണ്‌. ഈ സമയത്താണ്‌ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായ പി കെ കുഞ്ഞാലിക്കുട്ടി, ‘ബിജെപി തങ്ങളുടെ ശത്രുവല്ല’ എന്ന്‌ പ്രഖ്യാപിച്ചത്‌. യുഡിഎഫും ബിജെപിയും പരസ്‌പരം തെരഞ്ഞെടുപ്പ്‌ സഖ്യത്തിലേർപ്പെട്ടതിന്റെ ‘1991 ലെ മാതൃക’ ഇപ്പോഴവർ പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണ്‌.

ഇടതുപക്ഷം മതനിരപേക്ഷമാണ്‌. അഴിമതിവിരുദ്ധമാണ്‌. കേരളവികസനത്തിന്റെ ഉദാത്ത മാതൃകയാണ്‌. കഴിഞ്ഞ നാലരവർഷത്തെ പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്‌. കഴിഞ്ഞ നാലര വർഷക്കാലം കൊണ്ട്‌ വികസനനേട്ടങ്ങളുടെ ഇതിഹാസം തീർത്ത പിണറായി സർക്കാരിന്‌ ഇന്ത്യയിലെ മറ്റേതൊരു ഗവൺമെന്റിനേക്കാളും ജനമനസ്സിലിടം നേടാൻ കഴിഞ്ഞിട്ടുണ്ട്‌.

ഈ കണ്ണഞ്ചിപ്പിക്കുന്ന വികസന നേട്ടങ്ങളാണ്‌ പിണറായി സർക്കാരിന്റെ മുഖമുദ്ര. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വീണ്ടും എൽഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന്‌ ജനങ്ങൾ നിശ്‌ചയിച്ചത്‌. ഇതുതടയാൻ യുഡിഎഫും ബിജെപിയും അതിന്റെ തീവ്രവാദ സഖ്യങ്ങളും കണ്ടുപിടിച്ച മാർഗം; മുഖ്യമന്ത്രിയെപ്പറ്റിയും സർക്കാരിനെപ്പറ്റിയും എൽഡിഎഫിനെപ്പറ്റിയും നുണക്കഥകൾ പ്രചരിപ്പിക്കുകയെന്നതാണ്‌. ഇവരുടെ വികസനവിരുദ്ധ ജൽപ്പനങ്ങൾ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്‌.

ഒരുകാര്യം ശരിയാണ്‌. അത്‌ സത്യവുമാണ്‌. ഏതെങ്കിലും മാധ്യമങ്ങളുടെ സഹായംകൊണ്ടല്ല കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അധികാരത്തിൽ വന്നിട്ടുള്ളത്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളാണ്‌ കേരളത്തിലെ ജനങ്ങൾ നെഞ്ചോടു ചേർക്കുന്നത്‌.

കേരളത്തിലെ ജനങ്ങൾ കമ്യൂണിസ്‌റ്റ്‌ പാർടിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും വിശ്വാസമർപ്പിക്കുന്നതുകൊണ്ടാണ്‌. മുഴുവൻ മലയാളികളെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം. തൊഴിലാളികളും കർഷകരും വിദ്യാർഥികളും യുവാക്കളുമെല്ലാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. അത്‌ ചെയ്‌തു കൊണ്ടിരിക്കുകയുമാണ്‌. യുഡിഎഫിന്റെയും വർഗീയശക്തികളുടെയും എല്ലാ തരത്തിലുള്ള നുണപ്രചാരണങ്ങളെയും ജനങ്ങൾ അറബിക്കടലിലെറിയും. എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിലെത്തും. ജനങ്ങൾക്കും നാടിനുംവേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ തുടരുകതന്നെ ചെയ്യും. അതിനൊപ്പം എൽഡിഎഫ്‌ അതിന്റെ ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്‌ കേരളത്തിലെ ജനങ്ങൾക്കായി പോരാടുകയും ചെയ്യും.

കെ ജെ തോമസ്‌ 

Tuesday, October 27, 2020

ലീ കോ ബിയുടെ രാഷ്ട്രീയം - പി രാജീവ്‌ എഴുതുന്നു

ഒന്നാം ഭാഗം: മാറുന്ന കേരളരാഷ്ട്രീയം

കേരള കോൺഗ്രസ് മാണിയുടെ വരവ് എൽഡിഎഫിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നായിരുന്നു പ്രചാരവേല. ആ മനപ്പായസമുണ്ടവർക്ക് ആഘാതം നൽകി, മുന്നണി ഒറ്റക്കെട്ടായി തീരുമാനമെടുത്തു. എന്നാൽ, ഇത് തർക്കമുണ്ടാക്കിയത് യുഡിഎഫിനകത്താണ്. യഥാർഥത്തിൽ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം അസാധാരണമായ പ്രതിസന്ധിയെയാണ് ഇന്ന് നേരിടുന്നത്.

ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജൻഡയുടെ അടിസ്ഥാനത്തിൽമാത്രം രൂപംകൊണ്ടിരിക്കുന്ന മഴവിൽസഖ്യം ഈ പ്രതിസന്ധിയുടെ ഉൽപ്പന്നംകൂടിയാണ്. കോൺഗ്രസും ബിജെപിയും വെൽഫെയർ പാർടിയും എസ്ഡിപിഐയും ചേരുന്ന ഈ കൂട്ടുകെട്ടിന്റെ നേതൃത്വമായി ഇപ്പോൾ പ്രവർത്തിക്കുന്നത് മുസ്ലിംലീഗാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 22 ഉം ലീഗിന് 18 സീറ്റുമാണുണ്ടായിരുന്നത്. കേവലം നാലു സീറ്റിന്റെ വ്യത്യാസംമാത്രം. ഉപതെരഞ്ഞെടുപ്പുകൾകൂടി കഴിഞ്ഞപ്പോൾ അത് മൂന്നായി കുറഞ്ഞു. 2011 ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ലീഗിനേക്കാൾ 18 സീറ്റ് കൂടുതലുണ്ടായിരുന്നു. അന്ന് എംഎൽഎമാരുടെ എണ്ണത്തിൽ ഇത്രയും വ്യത്യാസമുണ്ടായിട്ടുപോലും മുസ്ലിംലീഗിന് വിധേയമാകുന്ന അവസ്ഥയാണ് കോൺഗ്രസിനുണ്ടായിരുന്നത്. അഞ്ചാം മന്ത്രി വിവാദ തീരുമാനമുൾപ്പെടെയുള്ളവയിൽ ഇത് തെളിഞ്ഞു കണ്ടു. അന്നത്തേക്കാളും ദുർബലമായ അവസ്ഥ  കോൺഗ്രസിന്റെ നേതൃപദവിയെ ദുർബലമാക്കി.  മുസ്ലിംലീഗിന്റെ അപ്രമാദിത്വത്തിലേക്ക് ഇന്ന് യുഡിഎഫ് മാറിയിരിക്കുന്നു.

മത രാഷ്ട്രവാദക്കാരുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യം

കോൺഗ്രസിനകത്തുണ്ടായിരുന്ന ചില എതിർപ്പുകളെ തൃണവൽഗണിച്ചുകൊണ്ട് മത രാഷ്ട്രവാദക്കാരുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് യുഡിഎഫ് തയ്യാറായത് ഇതിന്റെ ഭാഗമാണ്.  വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ്‌ നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്. ഒരു വശത്ത് രമേശ് ചെന്നിത്തലവഴി ബിജെപിയുമായി ധാരണയുണ്ടാക്കുകയും മറുവശത്ത് ലീഗ് വഴി എസ്ഡിപിഐ, വെൽഫെയർ പാർടി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നു.

നിലപാടുകളിൽ മോരും മുതിരയുംപോലെ നിൽക്കുന്ന പാർടികളാണ് ഇവയോരോന്നും. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഈ പാർടികളുടെ പൊതുവായ ഏക ഘടകം. എന്നാൽ, താൽക്കാലിക നേട്ടത്തിനായി രൂപീകരിക്കപ്പെട്ട ഈ കൂട്ടുകെട്ട് സമൂഹത്തിൽ പൊതുവെയും യുഡിഎഫിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻപോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗുണ്ടാക്കിയ ധാരണ ആ പാർടിയുടെ നിലപാടുകളെ എത്രമാത്രം മാറ്റിയിട്ടുണ്ടെന്ന് ഹാഗിയ സോഫിയ പ്രശ്നത്തിൽ സ്വീകരിച്ച സമീപനംമാത്രം നോക്കിയാൽ മനസ്സിലാകും. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ജൂലൈ 17ന് എഴുതിയ എഡിറ്റോറിയൽ മതരാഷ്ട്രവാദത്തിന്റെ പ്രതിഫലനംപോലെയാണ്. "ഹാഗിയ സോഫിയയിലെ ബാങ്ക് വിളിയിൽ ആർക്കാണ് അരിശം' എന്നതാണ് എഡിറ്റോറിയലിന്റെ  തലക്കെട്ട്. 537ൽ ബൈസാന്റിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ പണികഴിപ്പിച്ച ഹാഗിയ സോഫിയ ക്രിസ്ത്യൻ ആരാധനാലയമായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന ലീഗ്, 1463ൽ ഉസ്മാനിയ ഭരണാധികാരിയായ മുഹമ്മദ് രണ്ടാമൻ കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെയാണ് മുസ്ലിമുകളുടെ അധീനതയിലായതെന്ന്‌ വ്യക്തമാക്കുന്നു. ഈ മസ്ജിദ് മ്യൂസിയമാക്കിയതിനെ കൈയടിച്ചവരുടെ പിൻഗാമികളാണ് ഇപ്പോൾ വിവാദങ്ങൾ ആളിക്കത്തിക്കാൻ നോക്കുന്നതെന്നാണ് ലീഗിന്റെ പക്ഷം.

ഹാഗിയ സോഫിയ വീണ്ടും ആരാധനയ്‌ക്ക് തുറന്നുകൊടുത്തത്‌ ഏകാധിപത്യനിലപാട് അല്ലെന്നും കോടതിയുടെ അനുമതിയോടെയാണെന്നും എഴുതിയ ചന്ദ്രികയും ലീഗും  യഥാർഥത്തിൽ ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിന് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്ത്യൻ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയ ദേവാലയം മ്യൂസിയം ആയിപ്പോലും തുടരാൻ അനുവദിക്കില്ലെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതാണ്. ഫലത്തിൽ മതമൗലികവാദ സംഘടനകളുമായി ധാരണ ഉണ്ടാക്കിയതിന്റെ ഭാഗമായി മത രാഷ്ട്രവാദക്കാരുടെ കോളാമ്പിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.

തീവ്ര വർഗീയതയോടുള്ള കോൺഗ്രസ്‌ നിലപാട്‌

മുസ്ലിംലീഗ് സ്വീകരിച്ച തീവ്ര വർഗീയനിലപാടിനെ തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായില്ലെന്നതും ഗൗരവതരം. ഫലത്തിൽ തെരഞ്ഞെടുപ്പ് ധാരണയിൽ മാത്രമല്ല, മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളിലും മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സ്വതന്ത്ര, മതനിരപേക്ഷ റിപ്പബ്ലിക്കായി മാറിയ ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള വ്യക്തിയായിരുന്നെങ്കിലും ഇസ്ലാമിക രാഷ്ട്രമാകുന്ന പാകിസ്ഥാനിൽ ജീവിക്കാൻ നിശ്ചയിച്ച മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടി. കോൺഗ്രസ് നേതൃത്വം ഇവരെ സാമൂഹ്യസംഘടനയെന്ന് വിശേഷിപ്പിച്ചത് എന്നത്‌ ബോധപൂർവമാണ്. മതമൗലികവാദ സംഘടനയെയും അതിന്റെ രാഷ്ട്രീയരൂപത്തെയും കോൺഗ്രസ് വെള്ളപൂശി അവതരിപ്പിക്കുന്നത് ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ്.

മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഈ നീക്കത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനോട് കടുത്ത വിയോജിപ്പുള്ളവരാന്ന് മുസ്ലിം ജനസാമാന്യത്തിൽ മഹാഭൂരിപക്ഷവും. സമ്പന്ന നേതൃത്വത്തിന്റെ താൽപ്പര്യത്തിന് മാത്രമായി ലീഗ് സ്വീകരിച്ച ഈ തീരുമാനം അവരെ ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുക.

ഹൈക്കമാൻഡിനെ തള്ളി ബിജെപി വിധേയത്വം

മറുവശത്ത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണ കോൺഗ്രസിനെ പരിഹാസ്യമാക്കിയിരിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം തകർക്കുന്ന ബിജെപിക്കെതിരെ ശബ്ദിക്കാൻ ചെന്നിത്തലയും സംഘവും തയ്യാറാകുന്നില്ല. എന്നു മാത്രമല്ല ബിജെപി വിധേയത്വം, സ്വന്തം ഹൈക്കമാൻഡിനെത്തന്നെ തള്ളിക്കളയുന്ന അധഃപതനത്തിലേക്ക് കേരളത്തിലെ കോൺഗ്രസിനെ  എത്തിച്ചിരിക്കുന്നു. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നതിനും സംസ്ഥാനഭരണം അട്ടിമറിക്കുന്നതിനും നരേന്ദ്ര മോഡി സർക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നത് കേന്ദ്ര അന്വേഷണ ഏജൻസികളെയാണ്. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ബിജെപിയുടെ ഈ അധികാരദുർവിനിയോഗത്തെയും രാഷ്ട്രീയ അട്ടിമറിയെയും ശക്തമായി എതിർക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് അവയെ പ്രകീർത്തിക്കുന്നു.

ഹൈക്കമാൻഡ്‌ നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെ പിന്തുണയ്‌ക്കുകയും ചെയ്തു. ഇതുതന്നെയാണോ നിങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കണമെന്ന് കേരളത്തിലെ കോൺഗ്രസിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. അതു ശിരസ്സാവഹിച്ച രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ പരസ്യമായി തള്ളിപ്പറയുകയും ഇവിടത്തെ കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്ന് പ്രഖ്യാപിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹിന്ദുസ്ഥാൻ ടൈംസിൽ ഇന്നലെ എഴുതിയ ലേഖനത്തിൽ ഇഡിയും സിബിഐയും എൻഐഎയും മാത്രമല്ല നർകോട്ടിക് ബ്യൂറോയുംവരെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസിന്റെ താളത്തിനൊത്ത് തുള്ളുകമാത്രം ചെയ്യുന്ന ഏജൻസികളാണെന്ന് വ്യക്തമാക്കി. ഈ ഏജൻസികൾക്കുവേണ്ടിമാത്രം നിലകൊള്ളുന്ന കേരളത്തിലെ കോൺഗ്രസ് അഖിലേന്ത്യാ കോൺഗ്രസ് പാർടിയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഫലത്തിൽ മുസ്ലിംലീഗ് നയിക്കുന്ന മുന്നണിയിലെ പുതിയ കേരള സംസ്ഥാന കോൺഗ്രസായി ചെന്നിത്തലയും മുല്ലപ്പള്ളിയും നയിക്കുന്ന പാർടി മാറിയിരിക്കുന്നു.

കേന്ദ്രത്തിൽ അധികാരമില്ലാത്ത കോൺഗ്രസിക്കോൾ ബിജെപിയെയാണ്  കെപിസിസി നേതൃത്വത്തിന് താൽപ്പര്യം. തുടർച്ചയായി രണ്ടാമത്തെ തവണയും കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതുപോലെ കേരളത്തിലും സംഭവിച്ചാൽ രാഷ്ട്രീയ പാർടിയായി തുടരാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഇക്കൂട്ടരെ ഇത്തരം നിലപാടുകളിലേക്ക് എത്തിക്കുന്നത്. എങ്ങനെയും അധികാരത്തിൽ എത്തുകയെന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം.

ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ഹ്രസ്വകാല ലക്ഷ്യം വഴി  തുടർച്ചയിൽ കോൺഗ്രസിനെ വിഴുങ്ങി അധികാരം പിടിക്കുക എന്ന ദീർഘകാല ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതിന് വഴിയൊരുക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇവരുടെ വഞ്ചനയ്‌ക്കെതിരെ മതനിരപേക്ഷ മലയാളിസമൂഹം ശക്തമായ നിലപാട് സ്വീകരിക്കും. അതിന്റെകൂടി പ്രതിഫലനമാണ് ഇടതു മുന്നണിയുടെ വിപുലീകരണത്തിൽ പ്രതിഫലിക്കുന്നത്. ലീ കോ ബി മുന്നണി തകർന്നാൽ കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

പി രാജീവ്‌ 

മാറുന്ന കേരളരാഷ്ട്രീയം - പി രാജീവ്‌ എഴുതുന്നു

 കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ട് 39 വർഷത്തിനുശേഷം വീണ്ടും എൽഡിഎഫിന്റെ ഭാഗമാകുന്നത് സംസ്ഥാന രാഷ്ട്രീയ ബലാബലത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമാകുന്ന രണ്ടാമത്തെ പാർടിയാണ് കേരള കോൺഗ്രസ്. നേരത്തേ എൽജെഡി ആ മുന്നണി ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിന്റെ ഭാഗമായിരുന്നു, യുഡിഎഫ് മുന്നണിയിലെ മൂന്നാമത്തെ വലിയ പാർടിയാണ് ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായത്.   ഇത് യുഡിഎഫിനെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നു.

അതിൽനിന്ന്‌ രക്ഷനേടുന്നതിനായി അവർ ഒരു വശത്ത് ബിജെപിയുമായും മറുവശത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്നാൽ, അത് അവരെ കൂടുതൽ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുത്തുകയും ദുർബലമാക്കുകയുമാണ് ചെയ്യുന്നത്. ഫലത്തിൽ, കേരളരാഷ്ട്രീയം മതനിരപേക്ഷ മുന്നണിയും തീവ്രവർഗീയ മുന്നണിയും എന്ന നിലയിൽ രണ്ടായി തിരിഞ്ഞിരിക്കുന്നു.

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവും  യുഡിഎഫിന്റെ മുന്നണിയിലെ ചില കൂട്ടുകെട്ടുകളും വ്യത്യസ്തമായ സ്വഭാവത്തിലാണ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത്. കേരള കോൺഗ്രസിനോടൊപ്പമുള്ള അണികൾ ഈ മാറ്റത്തെ ഉൾക്കൊള്ളുമോ എന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങളും നിരീക്ഷകരും ഉയർത്തുന്നുണ്ട്. അതിന് അവർ പറയുന്ന ന്യായം ആ പാർടിയുടെ അണികൾ ക്രൈസ്തവ വിശ്വാസികളും വലതുപക്ഷ രാഷ്ട്രീയമുള്ളവരുമാണെന്നാണ്. ലോകത്തും രാജ്യത്തും നടക്കുന്ന മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നവർക്ക് മാത്രമേ ഇത്തരം അന്ധമായ നിഗമനങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളു.

ഇന്നത്തെ ലോകത്തിന്റെ അവസ്ഥയെ വിശകലനംചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ചിന്താസരണിയിലധിഷ്ഠിതമാണെന്ന് കോൺഗ്രസ് നേതാവായ പ്രൊഫസർ കെ വി തോമസ് പോലും വിലയിരുത്തുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആഗോളവൽക്കരണത്തിനെതിരെ ഇടതുപക്ഷം സ്വീകരിച്ച സമീപനംതന്നെയാണ് മാർപാപ്പയും സ്വീകരിച്ചിരിക്കുന്നതെന്നത്  യാഥാർഥ്യമാണ്. അടഞ്ഞ ലോകത്തിലെ ഇരുണ്ട മേഘങ്ങളെയും ചിതറിയ സ്വപ്നങ്ങളെയും കുറിച്ച് ഉൽക്കണ്ഠപ്പെടുന്ന ചാക്രികലേഖനം സങ്കുചിത ദേശീയവാദത്തിന്റെ പ്രത്യയശാസ്ത്രം വിവിധ രാജ്യങ്ങളിൽ വിതയ്ക്കുന്ന അപകടത്തെയും തുറന്നുകാണിക്കുന്നു. പൊതുവായ നന്മയ്‌ക്കും ദരിദ്രരുടെ ഉന്നമനത്തിനുമായി പ്രവർത്തനങ്ങളിൽ ഒന്നിക്കേണ്ടതിന്റെ  ആവശ്യത്തെ മാർപാപ്പ ഉയർത്തിപ്പിടിക്കുന്നു.

അതോടൊപ്പം പ്രധാനമായ മറ്റൊന്നുകൂടി അദ്ദേഹം എടുത്തുപറയുന്നുണ്ട്.  മതവും അക്രമവും സംബന്ധിച്ച ഭാഗത്ത് ദൈവത്തിന്റെ സ്നേഹം എല്ലാവരിലും ഒരുപോലെയാണെന്നും അതിൽ നിരീശ്വരവാദിയോടും വ്യത്യസ്തതയില്ലെന്ന് വ്യക്തമാക്കുന്നു. ആഗോളവൽക്കരണത്തിനും സങ്കുചിത ദേശീയതയ്‌ക്കും എതിരെയും മനുഷ്യരുടെ തുല്യതയ്‌ക്കുവേണ്ടിയും വിശ്വാസി, അവിശ്വാസി വ്യത്യാസമില്ലാതെ വിശാല യോജിപ്പോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ചാക്രികലേഖനം ആവശ്യപ്പെടുന്നത്. ഈ രണ്ടു പ്രശ്നത്തിലും സ്ഥായിയായ നിലപാടുകളുള്ള ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മറ്റൊന്നും തടസ്സമല്ലെന്നതാണ്  ഈ കാഴ്ചപാട് വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റുകാരും സഭയും തമ്മിൽ ക്രിയാത്മക സംവാദങ്ങൾ മാത്രമല്ല ഐക്യപ്പെടുന്ന പ്രവർത്തനവും അനിവാര്യമാണെന്ന ഈ സാർവദേശിയ നിലപാട് മനസ്സിലാക്കാത്തവരാണ് നേരത്തേ പറഞ്ഞ അബദ്ധ നിഗമനങ്ങളിലെത്തുന്നത്.

രണ്ടാമത്തേത് ദേശീയ സാഹചര്യങ്ങളാണ്. ബിജെപി രാഷ്ട്രീയാധികാരത്തിൽ തുടർച്ചയായി വന്നതോടെ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്തി. മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിശാലയോജിപ്പോടെ ശക്തമായ വർഗീയവിരുദ്ധ നിലപാട് സ്വീകരിക്കേണ്ടത് നാടിന്റെ പൊതുവായ ആവശ്യമാണ്. ഇതിൽ പ്രധാന ഉത്തരവാദിത്തം നിർവഹിക്കുന്നതിന് കോൺഗ്രസിന് കഴിയേണ്ടതാണ്. എന്നാൽ, അവർ സ്വീകരിക്കുന്ന വർഗീയപ്രീണന സമീപനം മതനിരപേക്ഷവാദികളെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും  നിരാശരാക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ സർക്കാർ പരിപാടിയാക്കിയതിനെ അനുകൂലിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ജമ്മു  കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ക്രിമിനൽ നിയമവ്യവസ്ഥയെ മതപരമായി വിഭജിച്ച മുത്തലാഖ് നിയമനിർമാണ സന്ദർഭത്തിലും കുറ്റകരമായ സമീപനം സ്വീകരിച്ചു.

കോൺഗ്രസിനകത്ത് എക്കാലത്തും ഹിന്ദുത്വ വർഗീയശക്തികളും മതനിരപേക്ഷവാദികളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ട്. ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന, പിന്നീട് ജനസംഘം സ്ഥാപിച്ച ശ്യാമപ്രസാദ് മുഖർജിയെ ഭരണഘടന അസംബ്ലിയിൽ അംഗമാക്കുന്നത് കോൺഗ്രസാണ്. വിഭജനത്തിനുശേഷം അദ്ദേഹത്തെ ഇടക്കാല മന്ത്രിസഭയിലും ഉൾപ്പെടുത്തി. 1952ൽ നടന്ന ആദ്യ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ജനസംഘത്തിെന്റെ മൂന്നു സീറ്റ് ഉൾപ്പെടെ പത്ത് എംപിമാർ ഹിന്ദുത്വബ്ലോക്കിന് കിട്ടുന്നതിലേക്ക് എത്തിച്ചത് കോൺഗ്രസിന്റെ ഇത്തരം വിട്ടുവീഴ്ച സമീപനങ്ങളായിരുന്നു. 1967 ൽ ജനസംഘത്തിന് ഒറ്റയ്‌ക്ക് 35 സീറ്റ് ലഭിച്ചു. 1989ൽ അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി നൽകിയതാണ് ബാബ്‌റി മസ്ജിദ് തകർച്ചയ്‌ക്ക് ആക്കം കൂട്ടിയത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞതിന്റെ പേരിൽ ബിജെപിക്കൊപ്പം ചേർന്ന് വി പി സിങ്ങിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കിയത് കോൺഗ്രസാണ്. ബാബ്‌റി മസ്ജിദ് തകർച്ചയ്‌ക്ക് നിശ്ശബ്ദ സഹായം നൽകിയ നരസിംഹ റാവുവിന്റെ കാലത്ത് ഇത് പാരമ്യത്തിലെത്തി.  മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക ജനവിഭാഗങ്ങളും കോൺഗ്രസിൽനിന്ന്‌ അകലുന്നതിന് ഇതും കാരണമാണ്.

ബിജെപി അധികാരത്തിൽ വന്നതോടെ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുന്നതിന് ഈ ചരിത്ര പശ്ചാത്തലവും ഒരു ഘടകമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകുന്ന പാർടികളും ജനങ്ങളും പുനർവിചിന്തനത്തിന് തയ്യാറാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും വിട്ടുവീഴ്ചയില്ലാത്ത വർഗീയവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷം ശക്തമായ കേരളത്തിൽ ഈ പ്രക്രിയയുടെ വേഗത വർധിക്കും. അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുന്ന കേരള സാഹചര്യം പിന്നീട് വിശദമാക്കാം.

രണ്ടാമതായി, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾക്കൊപ്പമുള്ള ജനവിഭാഗങ്ങളിൽ പ്രധാനം കർഷകരാണ്.  കാർഷികമേഖലയെ കോർപറേറ്റ് വൽക്കരിക്കുന്ന നിയമങ്ങളെ പാർലമെന്റിൽ ശക്തമായി എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് ഇവരെ നിരാശരാക്കിയിട്ടുണ്ട്. അംഗസംഖ്യയുടെ പരിമിതിയെ മറികടന്ന് പരമാവധി പ്രതിരോധം തീർക്കാൻ ശ്രമിച്ചത് ഇടതുപക്ഷമാണ്.

കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് ബിജെപി നടപ്പാക്കിയതെന്നത് കോൺഗ്രസിലുള്ള വിശ്വാസ്യതയെ തകർത്തു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ ഒപ്പിട്ട കരാറുകൾ റബർ വില തകർത്തെങ്കിൽ ഇപ്പോൾ ബിജെപി റബർ ബോർഡ് തന്നെ ഇല്ലാതാക്കുന്നു. അവിടെയും കോൺഗ്രസിന് ഒരു നിലപാട് ഇല്ലെന്നതാണ് യാഥാർഥ്യം.

ഇതിൽനിന്ന്‌ വ്യത്യസ്തമായ സമീപനമാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചത്. കേന്ദ്രം താങ്ങുവില ഇല്ലാതാക്കിയപ്പോൾ കേരളം പുതുതായി 16 പച്ചക്കറിക്കുകൂടി താങ്ങുവില പ്രഖ്യാപിച്ചു. ഒരുപക്ഷേ, ലോകത്തിലാദ്യമായി സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകന് റോയൽട്ടി നൽകുന്ന പ്രദേശമായി കേരളത്തെ മാറ്റി. കർഷകർക്ക് പെൻഷനും ക്ഷേമനിധി ബോർഡും ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷിക ഉൽപ്പാദനത്തിന് സബ്സിഡി നൽകി കോവിഡ് കാലത്തുപോലും കർഷകർക്ക് പിന്തുണ നൽകുന്നു. കാർഷികരാഷ്ട്രീയം പ്രധാനമായും പിന്തുടരുന്ന കേരള കോൺഗ്രസിനെപ്പോലൊരു പാർടിക്ക് കോൺഗ്രസ് മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്നതാണ് വസ്തുത.

യഥാർഥത്തിൽ അവർക്ക് മാത്രമല്ല, യുഡിഎഫിലെ മറ്റു പാർടികളുടെ പിന്നിലുള്ള കർഷക ജനവിഭാഗങ്ങൾക്ക് ഇടതുപക്ഷത്തിന്റെ ഭാഗമാകാതിരിക്കാൻ കഴിയാത്ത ജീവിത അനുഭവങ്ങളാണ് നിലവിലുള്ളത്. ഇതിന്റെ പ്രത്യാഘാതം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തോടെ അവസാനിക്കാൻ പോകുന്നില്ല. ഇപ്പോൾ യുഡിഎഫ് മുന്നണിയുടെ എസ്ഡിപിഐ‐ജമാഅത്തെ ഇസ്ലാമി ബന്ധവും ലീഗ് ആധിപത്യവും തകർച്ചയുടെ ആഴം വർധിപ്പിക്കുമെന്ന് ഉറപ്പ്.

പി രാജീവ് ‌

രണ്ടാം ഭാഗം ലീ കോ ബിയുടെ രാഷ്ട്രീയം

Monday, September 21, 2020

ബിജെപി പ്രസിഡന്റും യുഡിഎഫ് ഭരണസമിതിയംഗവും ഒരേആൾ; കോതമംഗലത്ത് വിചിത്ര കോലീബി സഖ്യം

 കോതമംഗലം പിണ്ടിമനയിൽ വിചിത്രമായ കോലീബി സഖ്യം കൗതുകമുണർത്തുന്നു. യുഡിഎഫിന്റെ ബാങ്ക് ഭരണസമിതി അംഗവും ബിജെപിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ആയി ഒരേ ആൾ വന്നതോടെയാണ് കോലീബി സഖ്യം വീണ്ടും ചർച്ചയാകുന്നത്.

പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ രണ്ട് ആർഎസ്എസ്- ബിജെപി അംഗങ്ങൾ മത്സരിച്ച് വിജയിച്ചിരുന്നു, സംവരണ വാർഡിൽ മത്സരിച്ച് വിജയിച്ച അരുൺ കെ കെ ആണ് ഇപ്പോൾ ബിജെപിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുന്നത് കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങളാണ്. പരസ്പര ധാരണയോടെ കോൺഗ്രസ്, ലീഗ്, ബിജെപി സഖ്യമായി മത്സരിച്ചത് കൊണ്ട് നടപടിയെടുക്കാൻ കഴിയാതെ പ്രതിരോധത്തിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്ന ബാങ്ക് പിടിച്ചെടുക്കാൻ വേണ്ടിയാണ് കോൺഗ്രസും ലീഗും ബിജെപിയും ഒരുമിച്ച് മത്സരിച്ചത്. യുഡിഎഫ് പാനലിൽ മത്സരിച്ചവരുടെ പ്രചരണത്തിന് വേണ്ടി ബിജെപി ജില്ലാ നേതാവ് വീട് കയറിയത് തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പല വാർഡുകളിലും യുഡിഎഫ് ബിജെപി സഖ്യമുണ്ടായിരുന്നു.  രണ്ടാം വാർഡിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്ന ബിജെപി കോൺഗ്രസിന് പരസ്യ പിന്തുണ കൊടുത്തതും ചർച്ചയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ തുടരുന്ന പിണ്ടിമനയിലെ കോലീബി സഖ്യം വരുന്ന തിരഞ്ഞെടുപ്പിലും അവർത്തിക്കുന്നതിന് വേണ്ടിയാണ് അണികൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടും യുഡിഎഫ് നേതൃത്വം മൗനം തുടരുന്നതെന്ന് സിപിഐ എം പിണ്ടിമന ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു പി നായർ പ്രതികരിച്ചു.