Showing posts with label ആധാർ. Show all posts
Showing posts with label ആധാർ. Show all posts

Sunday, March 9, 2014

ആധാര്‍: ബിപിഎല്ലുകാരെയടക്കം സര്‍ക്കാര്‍ കബളിപ്പിച്ചു

ആധാര്‍ രജിസ്ട്രേഷന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങളെയും ശയ്യാവലംബരെയും യാത്ര ചെയ്യാനാകാത്ത വികലാംഗരെയും സര്‍ക്കാര്‍ കബളിപ്പിച്ചു. ബിപിഎല്‍ കുടുംബത്തിലെ എല്ലാം അംഗങ്ങളും ആധാര്‍ രജിസ്റ്റര്‍ ചെയ്താല്‍ 150 രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ശയ്യാവലംബരുടെയും യാത്ര ചെയ്യാന്‍ കഴിയാത്ത വികലാംഗരുടെയും രജിസ്ട്രേഷന്‍ വീട്ടില്‍വന്ന് നടത്തുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ബിപിഎല്ലുകാരുടെ ചെലവ് പൂര്‍ണമായും എപിഎല്ലുകാരുടേത് ഭാഗികമായും സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചില്ല. പദ്ധതി നടപ്പാക്കാന്‍ മതിയായ പണം ലഭ്യമാണെന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.

ബിപിഎല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടില്‍ 150 രൂപ നിക്ഷേപിക്കുമെന്നാണ് ഐടി വകുപ്പിന്റെ വാഗ്ദാനം. 2011 ജൂണ്‍ 30നാണ് ഉത്തരവ് വന്നത്. ധനവകുപ്പ് ഇതിനായി പണം നല്‍കുമെന്നും ആസൂത്രണ കമീഷന്‍ പദ്ധതിക്ക് അനുവദിക്കുന്ന തുകയില്‍നിന്ന് ധനവകുപ്പിന് ഇത് വകവച്ച് നല്‍കുമെന്നും ഉത്തരവിലുണ്ട്. മന്ത്രിസഭ അംഗീകരിച്ച കണക്കനുസരിച്ച് 32,29,823 ബിപിഎല്‍ കുടുംബങ്ങളാണ് കേരളത്തില്‍. കര്‍ഷകത്തൊഴിലാളി, കൈവേല, ബീഡി, കയര്‍, അലക്ക്, ബാര്‍ബര്‍, കളിമണ്‍പാത്രം, ഈറ്റ-പനമ്പ്, മത്സ്യബന്ധനം, കൊല്ലപ്പണി, തെങ്ങുകയറ്റം, പട്ടികജാതി-വര്‍ഗം, കൂലിവേല, മത്സ്യവ്യാപാരം, ഹോട്ടല്‍, ചെറുകിടവ്യാപര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തയ്യല്‍ക്കട-വര്‍ക്ഷോപ് തട്ടുകട-പെട്ടിക്കട നടത്തിപ്പുകാര്‍, വീട്ടുജോലി, സ്വര്‍ണപ്പണി, തെങ്ങ്-പനകയറ്റം, ലോട്ടറി ടിക്കറ്റ് വില്‍പ്പന, വഴിയോരവാണിഭം, കരകൗശലം, മണ്‍പാത്രനിര്‍മാണം, ഈറ-മുള-പനമ്പ് പണി, അലക്ക് തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നവരെയാണ് പറ്റിച്ചത്. ഗുണഭോക്താക്കളില്‍ ഒരാള്‍ക്കുപോലും സഹായം ലഭിച്ചില്ല.

ശയ്യാവലംബരുടെയും യാത്ര ചെയ്യാന്‍ കഴിയാത്ത വികലാംഗരുടെയും വീട്ടിലെത്തി ആധാര്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് പ്രഖ്യാപിച്ച സഹായവും നിഷേധിക്കപ്പെട്ടു. ഈ വിഭാഗത്തില്‍ ഒരുലക്ഷത്തിലേറെ പേരുണ്ട്. ശയ്യാവലംബരുടെയും വികലാംഗരുടെയും വീട്ടിലെത്തി രജിസ്ട്രേഷന്‍ നടത്താന്‍ 2013 ജനുവരി 31നാണ് ഐടി വകുപ്പ് ഉത്തരവിറക്കിയത്. ബിപിഎല്‍ കുടുംബത്തിലെ ഒരാളുടെ രജിസ്ട്രേഷന് ബന്ധപ്പെട്ട ഏജന്‍സിക്ക് 150 രൂപ കേരള സ്റ്റേറ്റ് ഐടി മിഷന്‍ നല്‍കണമെന്ന് ഉത്തരവിലുണ്ട്. എപിഎല്‍ കുടുംബാംഗമാണെങ്കില്‍ ഇതില്‍ 100 രൂപ സ്വയം കണ്ടെത്തണം. 50 രൂപ ഐടി മിഷന്‍ നല്‍കും. ആധാര്‍ രജിസ്ട്രേഷന്റെ മുഖ്യ ചുമതലക്കാരായ ഐടി മിഷന് രജിസ്ട്രേഷന് 10 രൂപ വീതം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ നല്‍കുന്നു. ഈയിനത്തില്‍ മാത്രം 35 കോടി രൂപയാണ് ഐടി മിഷന്റെ വരുമാനം. ആധാര്‍ പദ്ധതി നടത്തിപ്പിനായി ആസൂത്രണ കമീഷന്റെ പ്രത്യേക സഹായവും സംസ്ഥാനത്തിനുണ്ട്. ഐടി മിഷന്‍ ഈ തുക വകമാറ്റി ധൂര്‍ത്തടിക്കുകയാണ്.

ജി രാജേഷ്കുമാര്‍ deshabhimani

Tuesday, January 14, 2014

ആധാറിനെ പിന്തുണച്ച് സത്യവാങ്മൂലം: തല്‍ക്കാലം പിന്മാറി; പഴി ഉദ്യോഗസ്ഥര്‍ക്ക്

ആധാറിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച രാവിലെ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കെയാണ് ജനരോഷം ഭയന്ന് സര്‍ക്കാറിന്റെ കള്ളക്കളി. സത്യവാങ്മൂലം തല്‍ക്കാലം സമര്‍പ്പിക്കേണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് നിര്‍ദേശം നല്‍കുകയായിരുന്നു. സത്യവാങ്മൂലം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതാണെന്നും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്തുമാത്രമേ കേരളത്തിന്റെ സത്യവാങ്മൂലം ഫയല്‍ചെയ്യുകയുള്ളൂവെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യാതെയും ഭക്ഷ്യവകുപ്പ് അറിയാതെയും ഐടി വകുപ്പാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് വകുപ്പ് ചുമതലയുള്ള മന്ത്രിയുടെ വിശദീകരണം.

എന്നാല്‍, ഇത്രയും സുപ്രധാനമായ ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സ്വമേധയാ തീരുമാനം എടുക്കില്ലെന്ന കാര്യം വ്യക്തം. ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മന്ത്രിതലത്തില്‍ അറിഞ്ഞുതന്നെയാണ് ഈ തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ വഴിയാക്കുമ്പോള്‍ നിരവധി പേര്‍ പുറന്തള്ളപ്പെടും. സബ്സിഡി വാങ്ങുന്നവരുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന് ആശ്വാസമാകുകയും ചെയ്യും. സംസ്ഥാനം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ആധാര്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍പോലും ആധാറുമായി ബന്ധിപ്പിക്കും. ഈ സാഹചര്യത്തിലാണ് ആധാറിനെ ചെലവു കുറയ്ക്കാനുള്ള പോംവഴിയായി കണ്ട് സര്‍ക്കാര്‍ തിരക്കിട്ട് സത്യവാങ്മൂലം നല്‍കാന്‍ ശ്രമിച്ചത്. നിയമപരമായ പിന്‍ബലമില്ലാത്ത ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. നവംബര്‍ 26ന് ഇതു പരിഗണിച്ച കോടതി നിലപാടറിയിക്കാന്‍ എല്ലാ സംസ്ഥാനത്തിനും നോട്ടീസ് അയച്ചു. ഇതിന് മറുപടിയായാണ് ആധാറിനെ പൂര്‍ണമായി അനുകൂലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. കേസ് ഈമാസം 28നു വീണ്ടും പരിഗണിക്കും. തയ്യാറാക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സമയം കൂട്ടി ചോദിക്കണമെന്ന നിര്‍ദേശവും അഡ്വക്കറ്റ് ജനറല്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് നല്‍കിയിട്ടുണ്ട്.

deshabhimani

Saturday, November 30, 2013

ആധാര്‍ നിര്‍ബന്ധമാക്കരുത്: സിപിഐ എം

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പ്ലീനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഒരുവിധ നിയമത്തിന്റെയും പിന്‍ബലം ആധാറിനില്ല. യുഐഡി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഗ്യാസ് സബ്സിഡിക്ക് ആധാര്‍-ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കയാണ്. അതിന് സമയപരിധിയും നിശ്ചയിച്ചു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തിന് മാത്രമാണ് ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചത്. 52 കോടി പേര്‍ എന്‍റോള്‍ ചെയ്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവനാളുകള്‍ക്കും കാര്‍ഡ് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ നിലയും അനിശ്ചിതത്വത്തിലാണ്. ഈ ഘട്ടത്തില്‍ സബ്സിഡി, പെന്‍ഷന്‍, ക്ഷേമപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ന്യായീകരിക്കാനാവില്ല.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. സീറോ ബാലന്‍സ് അക്കൗണ്ടിനുപകരം പല ബാങ്കുകളും 500, 1000 രൂപ വരെ നിക്ഷേപം വാങ്ങിയാണ് എസ്ബി അക്കൗണ്ട് തുടങ്ങുന്നത്. സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ തീരുമാനം ഏറെ വിഷമത്തിലാക്കി. കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമനിധി, തയ്യല്‍ തൊഴിലാളി ക്ഷേമനിധി, ബാര്‍ബര്‍, അലക്ക്, വീട്ടുവേല, ഈറ്റ, പനമ്പ് തുടങ്ങിയ ചെറിയ ക്ഷേമപദ്ധതികള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. ഇവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാക്കിയിരിക്കയാണ്. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ക്ഷേമനിധി സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ് എന്നിവയും ആധാറുമായി ബന്ധപ്പെടുത്തും.

2014 ആഗസ്ത് മുതല്‍ റേഷന്‍ സബ്സിഡിയും ആധാര്‍ അക്കൗണ്ടിലൂടെയാവും എന്നും സര്‍ക്കാര്‍ പറയുന്നു. ആധാറിനെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. സബ്സിഡികള്‍ ഒഴിവാക്കി, എല്ലാം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമാണിത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതാണ് ഈ നയങ്ങള്‍. ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും പ്ലീനം അഭ്യര്‍ഥിച്ചു.

deshabhimani

Thursday, November 28, 2013

ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്‍ ശീതകാല സമ്മേളനത്തില്‍

നിയമനിര്‍മാണം കൂടാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും സബ്സിഡി എല്‍പിജി വിതരണത്തെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്താനുള്ള നീക്കവുമായി പെട്രോളിയംമന്ത്രാലയം മുന്നോട്ട്. സബ്സിഡി പണം 2014 ഫെബ്രുവരി ഒന്നുമുതല്‍ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തിയുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയംമന്ത്രാലയം നല്‍കുന്ന നിര്‍ദേശം.

ആധാര്‍ നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പെട്രോളിയംമന്ത്രാലയം നടപടികളുമായി നീങ്ങുന്നത്. "നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ" ബില്ലാണ് ആധാറിനെ നിയമവിധേയമാക്കാനായി കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിച്ച ബില്‍ ഭേദഗതികളോടെ രാജ്യസഭയിലാണ് ഇനി അവതരിപ്പിക്കേണ്ടത്. ശീതകാല സമ്മേളനത്തില്‍ത്തന്നെ ബില്‍ കൊണ്ടുവരുമെന്ന് ആസൂത്രണ കമീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

നിയമം കൊണ്ടുവരുന്നതിനുമുമ്പുതന്നെ പല പൊതുസേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ശ്രമിച്ചതാണ് ഇപ്പോള്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കയാണ്. നിയമനിര്‍മാണം കൂടാതെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

എല്‍പിജി സബ്സിഡിയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. പെട്രോളിയംമന്ത്രാലയം നടപടികളുമായി മുന്നോട്ടുപോയതോടെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തുകയായിരുന്നു. കേരളത്തിലെ രണ്ടു ജില്ലകളുള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളില്‍ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പായിട്ടുണ്ട്.

deshabhimani

Monday, November 18, 2013

ആധാറില്ലാത്തവര്‍ക്ക് ഡിസം. ഒന്ന് മുതല്‍ പാചകവാതക സബ്സിഡിയില്ല

മലപ്പുറം: പാചകവാതക സബ്സിഡി ഡിസംബര്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം. ഇതുസംബന്ധിച്ച നിര്‍ദേശം എണ്ണക്കമ്പനികള്‍ പാചകവിതരണ ഏജന്‍സികള്‍ക്ക് നല്‍കി. ഉപഭോക്താക്കളില്‍നിന്ന് മാര്‍ക്കറ്റ് വിലയായ 1000-ലധികം രൂപ വാങ്ങിയശേഷം സിലിണ്ടറുകള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. സബ്സിഡിയുള്‍പ്പെടെയുള്ള ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല.

പകരം ആധാര്‍ നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണെന്ന സത്യവാങ്മൂലം നല്‍കിയശേഷം കോടതിവിധി സ്വയം മരവിപ്പിക്കുകയായിരുന്നു. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിവിധിയില്‍ ഇതുവരെ കോടതി ഇളവു നല്‍കാത്ത സാഹചര്യത്തില്‍ ആധാര്‍ വീണ്ടും നിര്‍ബന്ധമാക്കതിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ് ഇതുസംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ എസ് പുട്ടസ്വാമി. നിയമപോരാട്ടത്തിന് എല്ലാ സഹായവുംനല്‍കുമെന്ന് പാര്‍ലമെന്റില്‍ പാചകവാതക-ആധാര്‍ പ്രശ്നമുന്നയിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുനേടിയ എ അച്യുതന്‍ എംപി "ദേശാഭിമാനി"യോട് പറഞ്ഞു.

കേരളത്തില്‍ സബ്സിഡിയുള്ള സിലിണ്ടറിന് 442.50 മുതല്‍ 465 രൂപ വരെയാണ് വില. ആധാറുള്ളവര്‍ക്ക് സബ്സിഡി തുകയായ 535.65 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ വാറ്റ് നികുതിയായി 30 രൂപ പിടിച്ചശേഷമുള്ള തുക മാത്രമാണ് ഇപ്പോള്‍ അക്കൗണ്ടിലെത്തുന്നത്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് നിലവില്‍ 430 രൂപക്ക് സിലിണ്ടര്‍ ലഭിക്കുമ്പോള്‍ ആധാര്‍ കാര്‍ഡുള്ളവര്‍ സബ്സിഡിയൊഴികെ 454.35 രൂപ നല്‍കേണ്ടിവരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ആധാര്‍ ഇല്ലാത്തവര്‍ 1000 രൂപയിലധികം നല്‍കണം.

1003.50 രൂപ മുതല്‍ 1060 രൂപ വരെയാണ് വിവിധ ജില്ലകളില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന് നവംബറില്‍ ഈടാക്കിയത്. ഡിസംബറില്‍ നിരക്ക് പുതുക്കാനും സാധ്യതയുണ്ട്. സിലിണ്ടറിന്റെ പൂര്‍ണമായ മാര്‍ക്കറ്റ് വില ഈടാക്കണമെന്ന നിര്‍ദേശം ചേളാരിയിലെ ഐഒസി ഓഫീസില്‍നിന്ന് പാചകവാതക വിതരണ ഏജന്‍സികള്‍ക്ക് അയച്ചുകഴിഞ്ഞു. കേരളത്തില്‍ 20 ശതമാനം പാചകവാതക ഉപഭോക്താക്കള്‍ മാത്രമേ ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ളൂ. ഡിസംബര്‍ ഒന്ന് മുതല്‍ 80 ശതമാനം ഉപഭോക്താക്കള്‍ക്കും ആയിരത്തിലധികം രൂപ കൊടുത്ത് സിലിണ്ടര്‍ വാങ്ങേണ്ടിവരും.

ആധാര്‍ കാര്‍ഡ് ലഭിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി വിതരണ ഏജന്‍സികളെ അറിയിക്കുന്ന അത്രയും കാലത്തെ സബ്സിഡി തുക ഉപഭോക്താക്കള്‍ക്ക് നഷ്ടമാവും. പാചകവാതക സിലിണ്ടറിനുള്ള സബ്സിഡി തുകയും രണ്ട് വര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇത് നടപ്പാക്കാനാണ് ആലോചന.
(വി ജയിന്‍)

പാചകവാതകത്തിന് ആധാര്‍: വിവരങ്ങള്‍ നല്‍കിയവര്‍ 20 ശതമാനം മാത്രം

കൊച്ചി: പാചകവാതക സബ്സിഡി ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി 30ന് അവസാനിക്കാനിരിക്കെ ആധാര്‍വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിക്കു നല്‍കിയവര്‍ 20 ശതമാനം മാത്രം. 30നകം ആധാര്‍വിവരം നല്‍കിയവര്‍ക്കുമാത്രം സബ്സിഡി നല്‍കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. ഇത് നടപ്പാവുന്നതോടെ പാചകവാതകം സബ്സിഡിയോടെ ലഭിച്ചവരില്‍ മുക്കാല്‍ പങ്കും ഭാവിയില്‍ ഇരട്ടിതുക നല്‍കേണ്ടിവരും. ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് പാചകവാതകം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും വ്യാപക പരാതി ഉയര്‍ന്നുകഴിഞ്ഞു. ഗുണഭോക്താക്കളുടെ ആധാര്‍വിവരങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് വേഗത്തില്‍ നല്‍കാന്‍ പഞ്ചായത്തുതലത്തില്‍ ക്യാമ്പ് നടത്താനൊരുങ്ങുകയാണ് അധികൃതര്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശാഠ്യം.

നവംബര്‍ 30നകം ആധാര്‍ വിവരം നല്‍കാത്ത ഗുണഭോക്താക്കളെ സബ്സിഡി ആവശ്യമില്ലാത്തവരായി കണക്കാക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പ്്. ആധാര്‍വിവരം നല്‍കിയത് 20 ശതമാനം ഗുണഭോക്താക്കളാണെങ്കില്‍ എന്‍റോള്‍ ചെയ്തവരും കാര്‍ഡ് കിട്ടാനുള്ള നടപടിക്രമത്തിലുള്ളവരും ലക്ഷങ്ങളാണ്. ഇവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ സമ്മര്‍ദം ഏറിയതോടെ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെയും ഗ്യാസ് ഏജന്‍സികളുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജില്ലാതല യോഗം വിളിച്ചുചേര്‍ക്കാന്‍ കലക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ആകെ കുടുംബങ്ങളുടെ എണ്ണത്തെക്കാള്‍ അധികം പേര്‍ ആധാറിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് ജോലി തേടി എത്തിയവര്‍ ഉള്‍പ്പടെയാണിത്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിക്കു നല്‍കിയത് 54 ശതമാനം മാത്രമാണ്. ആധാര്‍വിവരം ഏജന്‍സികള്‍ക്കു നല്‍കിയവര്‍ക്ക് പാചകവാതകം കിട്ടാന്‍ വൈകുന്നതായി ഒട്ടേറെ പരാതികളുണ്ട്്. അക്കൗണ്ടില്‍ എത്തുന്ന സബ്സിഡി തുകയില്‍ 150 മുതല്‍ 180 രൂപയുടെവരെ കുറവ് ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. ബുക്കുചെയ്ത് 45 ദിവസം കഴിഞ്ഞിട്ടും സിലിന്‍ഡര്‍ ലഭിച്ചില്ലെന്ന പരാതിയുമായി നിരവധി പേരാണ് ഏജന്‍സികളിലെത്തുന്നത്. എണ്ണക്കമ്പനികള്‍ സബ്സിഡി സിലിന്‍ഡറുകള്‍ കൃത്യമായി എത്തിക്കുന്നില്ലെന്നാണ് ഏജന്‍സികളുടെ വാദം. അതേസമയം, ഏജന്‍സികള്‍ തരുന്ന എണ്ണം അനുസരിച്ചാണ് സിലിന്‍ഡറുകള്‍ നല്‍കുന്നതെന്ന് എണ്ണക്കമ്പനികളും പറയുന്നു. പത്തനംതിട്ട ജില്ലയിലാണ് ആധാര്‍ എന്‍റോള്‍മെന്റ് ആദ്യം ആരംഭിച്ചത്. ഇവിടെപ്പോലും ഒരുലക്ഷത്തോളം പേര്‍ മാത്രമാണ് ആധാര്‍ വിവരങ്ങള്‍ നല്‍കിയത്.
(മഞ്ജു കുട്ടിക്കൃഷ്ണന്‍)

deshabhimani

Sunday, October 27, 2013

ആധാര്‍: തൊഴില്‍വകുപ്പ് കവരുന്നത് 28 കോടി

ആധാറിന്റെപേരില്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ നിന്ന് തൊഴില്‍വകുപ്പ് കൊള്ളയടിക്കുന്നത് 28 കോടി. ക്ഷേമനിധി അംഗങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ മറവിലാണിത്. ക്ഷേമനിധി അംഗങ്ങളായ 70 ലക്ഷം തൊഴിലാളികളില്‍ നിന്നുമാണ് അനധികൃതമായി 40 രൂപ വീതം ഈടാക്കുന്നത്. ആധാര്‍ നടപടിക്രമങ്ങള്‍ക്ക് അക്ഷയകേന്ദ്രം നടത്തിപ്പുകാര്‍ക്ക് 15 രൂപ, ഭരണപരമായ ചെലവുകള്‍ക്ക് 5 രൂപ, തിരിച്ചറിയല്‍ കാര്‍ഡിന് 20 രൂപ എന്ന തോതില്‍ കണക്കാക്കിയാണ് ഈ തുക വാങ്ങുന്നതെന്നാണ് തൊഴില്‍വകുപ്പ് വിശദീകരണം.

ബാങ്കുകളും ഗ്യാസ് ഏജന്‍സികളും ഉള്‍പ്പെടെ സൗജന്യമായി ചെയ്യുന്ന സേവനങ്ങള്‍ക്കാണ് തൊഴില്‍വകുപ്പ് തൊഴിലാളികളെ പിഴിയുന്നത്. തൊഴില്‍വകുപ്പിന് കീഴിലെ 16 ക്ഷേമനിധികളിലായി 70 ലക്ഷം പേരാണ് അംഗങ്ങള്‍. ഇവരെല്ലാം 40 രൂപ നല്‍കി ഫോട്ടോയും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് നമ്പരുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ്് തൊഴില്‍വകുപ്പ് ഉത്തരവ്്. ആധാര്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സാധാരണ നിലയില്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് ഫോട്ടോ എടുക്കുകയാണ് പതിവ്. എന്നാല്‍, തൊഴില്‍ വകുപ്പ് സ്വന്തം ചെലവില്‍ ഫോട്ടോ എടുക്കാനും നിര്‍ബന്ധിക്കുന്നു. അംഗങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് പരമാവധി ചെലവ് 3.50 രൂപയാണ്. അംഗങ്ങള്‍ക്കെല്ലാം ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ കാര്‍ഡിന് 20 രൂപ ഈടാക്കുന്നത്. ഒരു കാര്‍ഡ് അച്ചടിക്കുന്നതിന് 80 പൈസയാണ് ചെലവ്.

കാര്‍ഡ് അച്ചടിക്കുന്നതിന് ഒരു കമ്പനിയുമായും ഇതുവരെ കരാര്‍ ഉണ്ടാക്കിയിട്ടില്ല. ചെലവും നിശ്ചയിച്ചിട്ടില്ല. എന്നിട്ടും അസംഘടിതമേഖലയിലെയടക്കം ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ പോക്കറ്റില്‍ കൈയിടുകയാണ് തൊഴില്‍വകുപ്പ്. പ്രോവിഡന്റ് ഫണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോഴാണ് കേരളത്തില്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത്്. ഇതേക്കുറിച്ച് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനം എന്ന നിലയിലാണ് പരിപാടി നടപ്പാക്കുന്നതെന്നാണ് തൊഴില്‍വകുപ്പ് നിലപാട്.

തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ പദ്ധതി നടപ്പാക്കുന്നതിന് പണം ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതി തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിട്ടു. എന്നാല്‍, ഈ ക്ഷേമനിധിക്ക് മാത്രമാണ് കോടതി ഉത്തരവ് ബാധകമെന്ന നിലപാടാണ് തൊഴില്‍വകുപ്പിന്. മറ്റ് ക്ഷേമനിധികളിലെല്ലാം പണം നല്‍കി ആധാര്‍ ബന്ധിപ്പിക്കലിന് തൊഴിലാളികളെ നിര്‍ബന്ധിക്കുകയാണ്.
(ജി രാജേഷ്കുമാര്‍)

deshabhimani

Tuesday, October 8, 2013

ആധാര്‍ : സര്‍ക്കാരിന് കടുംപിടിത്തം

പൊതുജനങ്ങള്‍ക്ക് അവശ്യസേവനം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഹര്‍ജിക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ വിഷയം തീര്‍പ്പാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍, ആധാറിനെതിരായ ഹര്‍ജികളില്‍ എത്രയുംവേഗം തീര്‍പ്പുകല്‍പ്പിക്കാമെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാനും എസ് എ ബോബ്ഡെയും ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. കേസ് ദസറ അവധിക്കുശേഷം 21ന് വീണ്ടും പരിഗണിക്കും.

ആധാര്‍ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കെ ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) ബില്ലിന് അംഗീകാരം നല്‍കി. ആധാര്‍ കാര്‍ഡിന് നിയമപിന്തുണ ഉറപ്പാക്കുന്നതാണ് ബില്‍. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും. ആധാര്‍ കാര്‍ഡ് പദ്ധതിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് ബില്ലുമായി വന്നത്. ഇതുവരെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ പിന്‍ബലത്തിലായിരുന്നു അതോറിറ്റിയുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍സേവനം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് തിരുത്തിക്കാന്‍ കേന്ദ്ര അഭിഭാഷകര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ കിണഞ്ഞുശ്രമിച്ചു. ആധാറിനുവേണ്ടി, പെട്രോളിയം മന്ത്രാലയത്തിനും എണ്ണക്കമ്പനികള്‍ക്കുമൊക്കെയായി മുതിര്‍ന്ന അഭിഭാഷകരുടെ വന്‍നിരതന്നെ വാദിക്കാനെത്തി. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി, സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ തുടങ്ങിയവര്‍ ആധാറിനുവേണ്ടി വിശദമായി വാദിച്ചെങ്കിലും സുപ്രീംകോടതി നിലപാട് തിരുത്തിയില്ല.

ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് പെട്രോളിയം മന്ത്രാലയത്തിനുവേണ്ടി ഹാജരായ എജി ജി ഇ വഹന്‍വതി പറഞ്ഞു. ആധാര്‍ കാര്‍ഡ് കൂടാതെ സബ്സിഡി നിരക്കില്‍ പാചകവാതകസിലിണ്ടറുകള്‍ വിതരണംചെയ്യുന്നത് നിര്‍ത്തണമെന്ന് വഹന്‍വതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളുമെല്ലാം എളുപ്പത്തില്‍ വ്യാജമായി സൃഷ്ടിക്കാം. എന്നാല്‍, ആധാറില്‍ തട്ടിപ്പ് എളുപ്പമല്ല. ആധാര്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. സബ്സിഡി ആനുകൂല്യങ്ങള്‍ കിട്ടുന്നതിനുള്ള ഉപാധിമാത്രമാണിത്. ആധാര്‍ കാര്‍ഡുടമകള്‍ക്ക് വര്‍ഷത്തില്‍ നല്‍കുന്ന ഒമ്പത് സബ്സിഡി സിലിണ്ടറുകള്‍ കൂടാതെ ആര്‍ക്ക് വേണമെങ്കിലും വിപണിവിലയ്ക്ക് സിലിണ്ടര്‍ സ്വന്തമാക്കാം.

എക്സിക്യൂട്ടീവ് അധികാരമുപയോഗിച്ച് ആധാര്‍പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. രണ്ടുവര്‍ഷംമുമ്പ് ഈ വിഷയം കോടതി തീര്‍പ്പാക്കിയതാണ്- വഹന്‍വതി പറഞ്ഞു. ഇടക്കാല ഉത്തരവ് തിരുത്തിയില്ലെങ്കില്‍ പാചകവാതകവിതരണത്തെ ബാധിക്കുമെന്ന് എണ്ണക്കമ്പനികള്‍ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നാഗേശ്വര്‍റാവു പറഞ്ഞു. പാചകവാതക സബ്സിഡി ആധാര്‍ നമ്പരുമായി കൂട്ടിയിണക്കിയ 97 ജില്ലകളില്‍ വിതരണം പ്രതിസന്ധിയിലാകും-റാവു പറഞ്ഞു. സര്‍ക്കാരിന് നിയമത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതേയുള്ളൂവെന്ന് കോടതി പ്രതികരിച്ചു. ബില്‍ മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് വഹന്‍വതി പ്രതികരിച്ചപ്പോള്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഓര്‍ഡിനന്‍സ് മാര്‍ഗവും ആരായാമെന്ന് ജനപ്രതിനിധികളുടെ അയോഗ്യതാ ഓര്‍ഡിനന്‍സ് പരാമര്‍ശിച്ച് കോടതി പരിഹസിച്ചു.

deshabhimani 091013

ആധാര്‍ കാര്‍ഡിന് സാധുത നല്‍കാന്‍ ബില്‍ തയ്യാറായി

ആധാര്‍ കാര്‍ഡിന് നിയമസാധുത നല്‍കുന്ന നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി.ബില്‍ തണുപ്പ് കാല സമ്മേളനത്തിൽ പാര്‍ലമെണ്ടില്‍ കൊണ്ടുവന്ന് പാസാക്കും. ഇതോടെ ആനുകൂല്യങ്ങൾ കിട്ടാൻ ആധാർ നിർബന്ധിതമാകും. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കരുതെന്ന വിധി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം.. ബില്‍ തയ്യാറായ കാര്യം ഇന്നുതന്നെ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കഴിഞ്ഞ 23 നാണ് പാചക വാതകത്തിനടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി വിധിച്ചത്. ആധാറിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍സര്‍ക്കാരിന്റേത്നയപരമായ തീരുമാനമാണെന്നും സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ സാരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ പുനഃ പരിശോധനാ ഹര്‍ജിയില്‍ പറയുന്നു.

deshabhimani

Thursday, September 26, 2013

ഓര്‍ഡിനന്‍സ് പ്രതിഷേധാര്‍ഹം: സിപിഐ എം

എംപിമാരെയും എംഎല്‍എമാരെയും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിച്ചാല്‍ അപ്പീലിന് അവസരം നല്‍കാതെ അയോഗ്യത കല്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകളിലൂടെ കാര്യങ്ങള്‍ നടത്തുന്ന രീതിയാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇത് ജനാധിപത്യവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന വിധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത് ഉചിത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റും അപലപിച്ചു. ഇതുസംബന്ധിച്ച് ബില്‍ പാര്‍ലമെന്റ് പരിഗണിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതാണ്. കമ്മിറ്റി പരിശോധിച്ചശേഷം വീണ്ടും പാര്‍ലമെന്റ് ഇത് ചര്‍ച്ചചെയ്ത് ആവശ്യമായ നടപടിയെടുത്താല്‍ മതി. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഉചിതമായില്ലെന്ന് സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

ആധാര്‍: കോടതിവിധി സ്വാഗതാര്‍ഹം

ന്യൂഡല്‍ഹി: സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും സേവനങ്ങളും നേടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി നേരിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതി ആവിഷ്കരിക്കുകയും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുകയുമാണെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ചില മന്ത്രിമാര്‍ക്ക് മിലിട്ടറി ഇന്റലിജന്റ്സ് വിഭാഗം സാമ്പത്തികസഹായം നല്‍കിയെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ നിയോഗിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. ആരോപണം ഗുരുതരവും ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 260913

ആധാറുമായി എണ്ണക്കമ്പനികള്‍ മുന്നോട്ട്

ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും പാചകവാതക സബ്സിഡി ബാങ്കുകള്‍ വഴിയാക്കുന്ന നടപടികളുമായി എണ്ണക്കമ്പനികള്‍ മുന്നോട്ട്. ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ചെയ്യുന്ന നടപടി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ അറിയിച്ചു. ആധാര്‍കാര്‍ഡ് മുഴുവന്‍പേര്‍ക്കും കിട്ടാത്തതിനാല്‍ ഈ നടപടിമൂലം ആയിരങ്ങള്‍ സബ്സിഡി പട്ടികയില്‍നിന്ന് പുറത്താകും. ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും എണ്ണക്കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് തിങ്കളാഴ്ചയാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതേക്കുറിച്ച് മാധ്യമങ്ങളിലൂടെയല്ലാതെയുള്ള അറിവില്ലെന്നാണ് എണ്ണക്കമ്പനി അധികൃതരും ഗ്യാസ് ഏജന്‍സി ഉടമകളും വിശദീകരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്ത രേഖകള്‍ ഹാജരാക്കത്തവര്‍ക്ക് പാചകവാതക സബ്സിഡി ലഭിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയും ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ബാങ്കുവഴി ലിങ്ക് ചെയ്തവര്‍ 982 രൂപയാണ് ഗ്യാസിന്് നല്‍കുന്നത്. സബ്സിഡി 500 രൂപയോളം പിന്നീട് അക്കൗണ്ടിലെത്തും. ഇതില്‍ 100 രൂപ നികുതി ഈടാക്കുന്നതായും പരാതിയുണ്ട്. സബ്സിഡി തുക സ്ഥിരമായി അക്കൗണ്ടില്‍ ലഭിക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല. സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും എണ്ണക്കമ്പനികളും ഗ്യാസ് ഏജന്‍സികളും അതവഗണിക്കുന്നത് പാചകവാതകസബ്സിഡിതന്നെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ടി വി വിനോദ്)

deshabhimani

Monday, September 23, 2013

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുത്: സുപ്രീം കോടതി

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. ആധാര്‍കാര്‍ഡ് എടുക്കണമെന്ന് ജനങ്ങളെ നിര്‍ബന്ധിക്കരുത്. പാചകവാതക കണക്ഷനെടുക്കുമ്പോഴും ആധാര്‍ വേണ്ട. ആധാര്‍ കാര്‍ഡിന്റെ പേരില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്ന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഉത്തരവ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്ന് കോടതി വ്യക്തമാക്കി. മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളില്ലാത്ത സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കായാണ് ആധാര്‍ കാര്‍ഡ് നടപ്പാക്കേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

deshabhimani

Wednesday, November 21, 2012

വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധം: സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദമാകുന്നു

തിരു: മാര്‍ച്ച് 31നകം ആധാര്‍ രജിസ്ട്രേഷന്‍ നടത്താത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കില്ലെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദത്തില്‍. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ യുഐഡി രജിസ്ട്രേഷനുള്ള നടപടി വിദ്യാഭ്യാസവകുപ്പിന്റെ അന്തിമഘട്ടത്തിലെത്തിനില്‍ക്കേ സ്വകാര്യ ഏജന്‍സികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് സര്‍ക്കുലറിനു പിന്നിലുള്ളത്. നാല്‍പ്പതു ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ ആധാര്‍ സെന്ററുകളില്‍ പോയി രജിസ്ട്രേഷന്‍ നടത്തണമെന്നു പറയുന്നത് പ്രായോഗികവുമല്ല.

ആധാറുമായി (യുഐഡി) ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും "സമ്പൂര്‍ണ പദ്ധതി"യില്‍ എല്ലാ സ്കൂളുകളിലും പൂര്‍ത്തിയായിരുന്നതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐടി @ സ്കൂളിനെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിനായി ഒരുകുട്ടിക്ക് 50 രൂപവീതം തുക അനുവദിക്കുകയുംചെയ്തു. ബയോമെട്രിക്സ് അതതു സ്കൂളിലെത്തി എടുക്കുന്നതിനായി കെല്‍ട്രോണിനെയും അക്ഷയെയും ചുമതലപ്പെടുത്തി കഴിഞ്ഞ ജൂലൈ 31നകം പൂര്‍ത്തീകരിക്കാന്‍ കരാറുമുണ്ടാക്കി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കെല്‍ട്രോണിനെയും അക്ഷയെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കി. ഐടി @ സ്കൂളിന്റെ നിലവിലുള്ള എക്സിക്യൂട്ടീവ് ഡയറക്ടറെ നീക്കി തങ്ങളുടെ ഇഷ്ടക്കാരനെ നിയോഗിച്ചശേഷമായിരുന്നു ഇത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട നാലു കമ്പനികളെ രജിസ്ട്രേഷന്‍ നടപടിക്കായി ചുമതലപ്പെടുത്തി. എന്നാല്‍, ഇത് വിവാദമായപ്പോള്‍ പദ്ധതി ഉപേക്ഷിച്ചു.

യുഐഡി പൂര്‍ത്തിയാകാത്തത് തസ്തികനിര്‍ണയമടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ ദുരൂഹതയേറുകയാണ്. രജിസ്ട്രേഷന്‍ എങ്ങനെ ആര് നടത്തുമെന്നൊന്നും ഒരു വ്യക്തതയുമില്ല. ആധാര്‍ രജിസ്ട്രേഷന്‍ നടത്താത്ത വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റൈപെന്‍ഡ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു. കലാകായിക മത്സരങ്ങളിലടക്കം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. പൊതു വിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികളെ ശിക്ഷിക്കുന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tuesday, November 13, 2012

ആധാര്‍ ഇല്ലാത്തവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല

ക്ഷേമപെന്‍ഷനുകളും മറ്റ് സര്‍ക്കാര്‍ ധനസഹായങ്ങളും ഏപ്രില്‍ ഒന്നുമുതല്‍ ആധാര്‍ ഉള്ളവര്‍ക്കു മാത്രം. ഡിസംബര്‍ 31നകം എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും മറ്റ് ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളും ബന്ധപ്പെട്ട അക്ഷയ, കെല്‍ട്രോണ്‍ എന്നിവ വഴി ആധാര്‍ (യുഐഡി) പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്യണം. 2013 ഏപ്രില്‍ മുതല്‍ യുഐഡി നമ്പര്‍ (ആധാര്‍) ഉപയോഗപ്പെടുത്തി ഇ-പേമെന്റ് അടിസ്ഥാനത്തില്‍മാത്രമേ ധനസഹായം വിതരണംചെയ്യുകയുള്ളൂ. ആധാര്‍ നമ്പര്‍ എടുക്കുന്നതിന്, പെന്‍ഷന്‍ നമ്പര്‍ അറിയിക്കുന്നതിനായി ഏറ്റവും ഒടുവില്‍ തങ്ങള്‍ക്ക് ലഭിച്ച മണിഓര്‍ഡര്‍ കൂപ്പണ്‍കൂടി ഹാജരാക്കണമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.