Showing posts with label പത്മനാഭസ്വാമി ക്ഷേത്രം. Show all posts
Showing posts with label പത്മനാഭസ്വാമി ക്ഷേത്രം. Show all posts

Monday, May 12, 2014

കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരും: വി എസ്

കൊല്ലം: പത്മനാഭക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സുപ്രീംകോടതി മുമ്പാകെ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചരിത്രപണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. എം എസ് ജയപ്രകാശിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

പത്മനാഭക്ഷേത്രത്തില്‍നിന്ന് പായസംകൊണ്ടുപോകുന്ന പാത്രങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തിലെ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഇക്കാര്യം അവിടുത്തെ ജീവനക്കാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെയാണ് തനിക്ക് ഈ വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച കേസ് കൈകാര്യം ചെയ്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോടതി നിയോഗിച്ച അമിക്കസ്ക്യുറിയുടെ അന്വേഷണത്തില്‍ ഇത് കണ്ടെത്തി. രാജാധിപത്യത്തിന്റെ കുടിലതകളെയും രാജാധിപത്യം മണ്‍മറഞ്ഞിട്ടും അതിന്റെ സ്വധീനം ഹൃദയത്തില്‍ പേറുന്നവരുടെ അസംബന്ധങ്ങളെയും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഡോ. ജയപ്രകാശ് ചോദ്യംചെയ്തു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ചിത്തിരതിരുനാളിന്റെ ക്രൂരതകള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. പരന്ന വായനയിലൂടെ ആര്‍ജിച്ച വിജ്ഞാനത്തിന്റെ പുതുവെളിച്ചം സമൂഹത്തിനുകൂടി അദ്ദേഹം നല്‍കി. ഡോ. ജയപ്രകാശിന്റെ സംഭാവനകള്‍ക്ക് ജൈവസ്വഭാവം കൈവരുന്നത് ഇക്കാരണത്താലാണ്. കേരളത്തിന്റെ ചരിത്രമുന്നേറ്റങ്ങളെയും അതിലെ ഉയര്‍ച്ച താഴ്ചകളെയും കീഴാള പക്ഷത്തുനിന്ന് പഠിക്കുകയും വിശകലനം നടത്തുകയും ചെയ്തുവെന്നും വി എസ് പറഞ്ഞു.

ഡോ. എം എസ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ കേണല്‍ പി വിശ്വനാഥന്‍ പ്രബന്ധം അവതരിപ്പിച്ചു. എസ് സുവര്‍ണകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ബി എ രാജാകൃഷ്ണന്‍, കെ കരുണാകരന്‍, പി രാമഭദ്രന്‍, എം എസ് ജയരാജ് എന്നിവര്‍ സംസാരിച്ചു. ശാസ്താംകോട്ട ഡിബി കോളേജില്‍നിന്ന് ചരിത്രവിഭാഗം ഡിഗ്രിക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച എം അഞ്ജനയ്ക്ക് പ്രഥമ ഡോ. എം എസ് ജയപ്രകാശ് സ്മാരക പുരസ്കാരവും വി എസ് സമ്മാനിച്ചു.

deshabhimani

Monday, May 5, 2014

ശ്രീപത്മനാഭസ്വാമിക്ഷേത്രം വയല്‍ നികത്തി നിര്‍മിച്ചതെന്ന് കണ്ടെത്തല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രം വയല്‍ നികത്തി നിര്‍മിച്ചതാണെന്ന് പുരാവസ്തുവകുപ്പ് കണ്ടെത്തല്‍. ക്ഷേത്രത്തിന്റെ വടക്കേനട കുഴിച്ചപ്പോള്‍ കണ്ട കല്‍പ്പടവുകളെക്കുറിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഈ നിഗമനം. കല്‍പ്പടവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധസമിതി രൂപീകരിച്ച് തുടര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ക്ഷേത്രസുരക്ഷയ്ക്ക് ബൊള്ളാര്‍ഡ് സ്ഥാപിക്കാന്‍ അഞ്ചടി കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍, കരിങ്കല്‍ക്കെട്ട്, അഴുക്കുചാല്‍, ഇരുമ്പ് പൈപ്പുകള്‍ എന്നിവ കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള കല്‍പ്പടുകളാണിതെന്ന് അറിവായിട്ടുണ്ട്. കിഴക്കേനടയും വടക്കേനടയും താഴ്ന്ന പ്രദേശമായതിനാല്‍ ഈ കല്‍പ്പടവുകള്‍ മണ്ണിട്ട് മൂടി റോഡ് ഉയര്‍ത്തുകയായിരുന്നു. ക്ഷേത്രസുരക്ഷയ്ക്ക് നിര്‍മാണം ബലപ്പെടുത്തുകയാണ് ചെയ്തത്. കരിങ്കല്‍ക്കെട്ടായതിനാല്‍ കാലപ്പഴക്കം കണ്ടെത്താനായിട്ടില്ല.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് നഗരത്തില്‍ തിരുമലയിലുള്ള മല ഇടിച്ചുകൊണ്ടുവന്ന കല്ലുകളാണിതെന്ന് കരുതുന്നു. ഇവിടെനിന്ന് കിട്ടിയ ചെങ്കല്ലുകള്‍ പഴക്കമുള്ളതല്ല. ഇതിന്റെ പഴക്കം കണ്ടെത്താന്‍ ശ്രമം നടക്കുന്നു. കുഴിയില്‍ നടത്തിയ ഖനത്തില്‍ ക്ഷേത്രപ്രദേശമാകെ വയല്‍ ആയിരുന്നുവെന്ന് കാണിക്കുന്ന തെളിവുകള്‍ ലഭിച്ചു. പുത്തരിക്കണ്ടം പഴയകാലത്ത് ക്ഷേത്രപരിസരം വരെയുണ്ടായിരുന്നുവെന്നാണ്് പുരാവസ്തു അധികൃതരുടെ കണ്ടെത്തല്‍. പല കാലങ്ങളിലായി അമ്പലം സംരക്ഷിക്കുന്നതിന് മണ്ണിടിച്ച് നികത്തിയതാണ്. മണല്‍ക്കുടങ്ങള്‍, ഓടകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇത് പന്ത്രണ്ടും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതാണെന്നാണ് നിഗമനം. മണ്ണടിച്ചപ്പോള്‍ അതിനൊപ്പം ഇത് ഇട്ടതാണെന്ന് കരുതുന്നു. ഖനം നടത്തിയ ഭാഗങ്ങളില്‍ തുരങ്കങ്ങള്‍ ഉള്ളതായിട്ട് കരുതുന്നില്ലെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജി പ്രേംകുമാര്‍ പറഞ്ഞു. തുരങ്കങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിലേക്ക് പോകേണ്ട കുഴികള്‍ കാണുമായിരുന്നു. കുഴികള്‍ കണ്ടെത്തിയിട്ടില്ല. ഇതിനാല്‍ തുരങ്കസാധ്യതയില്ല. ക്ഷേത്രനിര്‍മാണ സമയത്ത് മണ്ണടിച്ച് നികത്തിയിരുന്നു. തുടര്‍ന്നുണ്ടാക്കിയ കല്‍പ്പടവുകളും മണ്ണടിച്ച് നികത്തി. ഇതല്ലാതെ ചരിത്രപ്രാധാന്യമുള്ള മറ്റ് അവശിഷ്ടങ്ങളോ ഇവിടെയില്ലെന്ന് പുരാവസ്തു നിഗമനം. ഇതുസംബന്ധിച്ച് ചരിത്രകാരന്മാരുള്‍പ്പെടെയുള്ളവരോട് അഭിപ്രായം ആരാഞ്ഞു. ജിയോളജി വകുപ്പിനോടും മണ്ണിനെ സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

Sunday, May 4, 2014

ആനന്ദബോസിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം: വി എസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് സി വി ആനന്ദബോസ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഉന്നത ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. "ജനാധിപത്യത്തിന് വഴിമാറാത്ത രാജഭക്തി?" എന്ന വിഷയത്തില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ജനകീയസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ആകെ പൈതൃകമായ ക്ഷേത്രസ്വത്ത് വിദേശത്തേക്ക് കടത്തിയെന്നാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ആനന്ദബോസ് വെളിപ്പെടുത്തിയത്. ക്ഷേത്ര നിലവറയുടെയും സ്വര്‍ണാഭരണങ്ങളുടെയും ഫോട്ടോ വിദേശങ്ങളിലേക്കുപോലും അയച്ചതായി അമിക്കസ് ക്യൂറിയും കണ്ടെത്തി. ഇതിനര്‍ഥം രാജ്യാന്തരബന്ധമുള്ള സംഘം ക്ഷേത്രത്തിന്റെ പൈതൃകസ്വത്ത് കൊള്ളചെയ്തു എന്നാണ്. റിപ്പോര്‍ട്ടുകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ഉന്നത ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണ്. കോടികള്‍ വിലമതിക്കുന്ന ക്ഷേത്രസ്വത്ത് കടലാസ് സംഘടനയ്ക്ക് കൈമാറാനുള്ള നീക്കം സുപ്രീംകോടതിയെ അവഹേളിക്കലാണ്. ക്ഷേത്രംവകയായ ഭൂമിയും കെട്ടിടങ്ങളും പലര്‍ക്കും തീറെഴുതി നല്‍കിയിട്ടുണ്ടെന്നും ഇതിന് ഭരണസമിതിക്കോ സര്‍ക്കാരിനോ അധികാരമില്ലെന്നും അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ തീരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. എ എ റഹീം അധ്യക്ഷനായി. സിപിഐ എം സംസ്ഥന കമ്മിറ്റി അംഗം എം വിജയകുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, വി ശിവന്‍കുട്ടി എംഎല്‍എ, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐ സാജു സ്വാഗതം പറഞ്ഞു.

deshabhimani

Sunday, April 27, 2014

പാത്രക്കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കരുത്: വി എസ്

പാത്രക്കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കരുത്: വി എസ്പത്മനാഭസ്വാമിക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത്രക്കുളം അന്യായമായി നികത്തി കൈവശംവച്ചിരിക്കുന്ന സ്വകാര്യസംഘടനയ്ക്ക് പതിച്ചുകൊടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുളങ്ങളും ജലസംഭരണികളും നികത്താന്‍ പാടില്ലെന്നും നികത്തിയ കുളങ്ങളും ജലസംഭരണികളും പൂര്‍വസ്ഥിതിയിലാക്കി, കുളങ്ങളും ജലസംഭരണികളുമായിത്തന്നെ നിലനിര്‍ത്തണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പാത്രക്കുളം സ്ഥിതിചെയ്തിരുന്ന 150 കോടിയോളം രൂപ വിപണി വിലമതിക്കുന്ന മുക്കാലേക്കറോളം സ്ഥലം ഒരു സ്വകാര്യ സംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമിക്കുന്നത്.

ക്ഷേത്രത്തിന്റെയോ നഗരസഭയുടെയോ സര്‍ക്കാരിന്റെയോ അനുമതില്ലാതെയാണ് പാത്രക്കുളം നികത്തിയത്. മുന്‍ ചീഫ്സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിലുള്ള കടലാസ് സംഘടനയുടെ പേരിലാണ് ഈ കുളം നികത്തി കൈവശംവച്ച് അനധികൃതമായി വാടകയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുന്നത്. 1965ല്‍ മേല്‍പ്പടി പാത്രക്കുളം സ്ഥിതിചെയ്തിരുന്ന സ്ഥലം കുളമാണെന്ന കാര്യം മറച്ചുവച്ച് പതിച്ചുവാങ്ങാനുള്ള ഉത്തരവ് സമ്പാദിക്കുകയും തുടര്‍ന്ന് അനധികൃതമായി കുളം നികത്തി ആര്‍ രാമചന്ദ്രന്‍നായരും കുടുംബവും ചേര്‍ന്ന് അന്യായമായി ഒരു ഷെഡ് പണിചെയ്ത് വാടകയ്ക്ക് കൊടുത്തുവരികയായിരുന്നു.

സ്ഥലം കുളമാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് രാമചന്ദ്രന്‍നായര്‍ ഉള്‍പ്പെടുന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുളം സ്ഥിതിചെയ്തിരുന്ന സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ആനന്ദ ബോസ്

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദഗ്ധ സമിതി മുന്‍ അധ്യക്ഷന്‍ സി വി ആനന്ദ് ബോസ് രംഗത്ത്. സ്വകാര്യ ന്യൂസ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ ബോസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തിന്റെ കാര്യത്തില്‍ കൊട്ടാരം ഒത്തു കളിച്ചതിന് നിരവധി തെളിവുകളുണ്ട്. നൂറ് വര്‍ഷം മുന്‍പത്തെ കണക്കെടുപ്പുകള്‍ കൊട്ടാരം പൂഴ്ത്തി. നിധി ശേഖരത്തില്‍ കൃത്രിമം കാണിച്ചു. അമൂല്യ വസ്തുക്കളുടെ മാതൃകകള്‍ പകരം വെച്ചു. ശരിയായവ വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നുവെന്നും ഇതിന് മാര്‍ത്താണ്ഡവര്‍മ കൂട്ടു നിന്നെന്നും ആനന്ദബോസ് ആരോപിച്ചു. ഉത്രാടം തിരുനാളിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രനിധി കടത്തിയിട്ടുണ്ടെന്ന് സി വി ആനന്ദബോസ്

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിശേഖരത്തില്‍നിന്ന് പല അമൂല്യവസ്തുക്കളും മാറ്റി പകരം സമാനമാതൃകകള്‍ വച്ചിട്ടുണ്ടെന്ന് നിധിശേഖരത്തിന്റെ മൂല്യനിര്‍ണയത്തിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ മുന്‍അധ്യക്ഷന്‍ സി വി ആനന്ദബോസ് പറഞ്ഞു. അമൂല്യവസ്തുക്കളില്‍ പലതും രാജ്യത്തിന് പുറത്തേക്ക് കടത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ എല്ലാ നിലവറയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുറന്നിട്ടുണ്ട്. നിലവറകളുടെ മൂന്നുതാക്കോലും അദ്ദേഹത്തിന്റെ പക്കലായിരുന്നു. ഇതുവരെ തുറന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന നിലവറകളടക്കം രാജകുടുംബാംഗങ്ങള്‍ തുറന്നിട്ടുണ്ട്. മലിനമായി കിടക്കുന്ന പത്മതീര്‍ഥക്കുളത്തില്‍ വന്‍ നിധിശേഖരമുണ്ട്. എന്നാല്‍, ഇതു പരിശോധിക്കാന്‍ വിഗദ്ധസമിതിക്ക് കഴിഞ്ഞിട്ടില്ല. പല കാര്യത്തിലും സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളി നടക്കുന്നുണ്ട്. തന്നെ നീക്കിയതടക്കം ഇതിന് ഉദാഹരണമാണ്.

തന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ്ക്യൂറിയുടേത്. നിധിശേഖരം രാജകുടുംബം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തി. നിധിശേഖരത്തിന്റെ കണക്ക് തയ്യാറാക്കിയവരെ അഭിനന്ദിച്ച് അന്നത്തെ രാജാവ് കത്തയച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ലഭിച്ചതുമാണ്. കണക്കെടുപ്പ് നടത്തിയതിന്റെ രേഖകള്‍ വേണമെന്ന് ഉത്രാടം തിരുനാളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ അജ്ഞത അഭിനയിക്കുകയാണ് അദ്ദേഹം ചെയ്തത്. അടുത്ത ദിവസംതന്നെ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു- ആനന്ദബോസ് പറഞ്ഞു.

deshabhimani

Saturday, April 26, 2014

ആരോപണങ്ങൾ ശരിയെന്ന്‌ തെളിഞ്ഞു: അനന്തപത്മനാഭൻ

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിൽ നടന്ന ഗുരുതര ക്രമക്കേടുകളുമായി ബന്ധപ്പെട്ട്‌ രാജകുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണ്‌ കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവെന്ന്‌ പരാതിക്കാരൻ അഡ്വ. ടി കെ അനന്തപത്മനാഭൻകഴിഞ്ഞ 25 വർഷത്തെ ക്ഷേത്ര കണക്കെടുപ്പ്‌ പൂർത്തിയാക്കാൻ സുപ്രിംകോടതി ചുമതലപ്പെടുത്തിയ വിനോദ്‌ റായിയുടെ അന്വേഷണത്തിന്‌ ശേഷം വീണ്ടും കോടതിയെ സമീപിക്കും. കണക്കെടുപ്പിന്‌ ശേഷം കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കേസ്‌ ഫയൽചെയ്യുമെന്നും അനന്തപത്മനാഭൻ പറഞ്ഞു.

ആദ്യമായി പരാതിയുമായി രംഗത്തെത്തിയ അന്തരിച്ച സുന്ദരരാജന്റെ അനന്തിരവൻ കൂടിയായ അനന്തപത്മനാഭൻ രാജകുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. ഉമ്മൻചാണ്ടി സർക്കാർ രാജകുടുംബം നടത്തുന്ന ക്രമക്കേടുകൾക്ക്‌ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിട്ടയേർഡ്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനുമായിരുന്ന സുന്ദർരാജ്‌ അയ്യങ്കാറും ഹൈക്കോടതി അഭിഭാഷകനുമായ ടി കെ അനന്തപത്മനാഭനും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ്‌ ക്ഷേത്രഭരണം ജില്ലാ ജഡ്‌ജിയുടെ മേൽനോട്ടത്തിൽ കൊണ്ടുവരാൻ ഇടയായത്‌.

ക്ഷേത്രത്തിലെ കോടികൾ വിലമതിക്കുന്ന അമൂല്യ നിധിശേഖരങ്ങൾ നഷ്‌ടപ്പെടുന്നതായി സൂചനലഭിച്ചതിനെ തുടർന്നാണ്‌ സുന്ദരാജൻ ഇത്‌ സംരക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്‌.

സുന്ദരരാജന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ട്‌ 2007 ഡിസംബറിൽ രാജകുടുംബത്തിന്‌ ക്ഷേത്ര ഭരണത്തിൽ യാതൊരു അധികാരവുമില്ലെന്ന്‌ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്‌ ജഡ്‌ജി എസ്‌എസ്‌ വാസൻ വിധി പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും പ്രിൻസിപ്പൽ കോടതിയുടെ വിധി അംഗീകരിക്കുകയായിരുന്നു.

ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും ഗുരുവായൂർ ഭരണസമിതി മാതൃകയിൽ പുതിയ ഭരണ സമിതിയെ നിയോഗിക്കാനുമായിരുന്നു ഹൈക്കോടതി അന്ന്‌ വിധിച്ചത്‌. ഈ വിധിക്കെതിരെ മാർത്താണ്ഡ വർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന വിധി മാത്രം സ്റ്റേ ചെയ്‌ത സുപ്രിംകോടതി 2011 ജൂലായിൽ കല്ലറകൾ തുറന്ന്‌ അമൂല്യ വസ്‌തുക്കളുടെ മൂല്യനിർണയം നടത്താൻ ഉത്തരവിട്ടു. സുന്ദർരാജിന്റെ മരണത്തിന്‌ ശേഷവും അനന്തപത്മനാഭൻ നിയമപോരാട്ടം തുടരുകയാണുണ്ടായത്‌.

janayugom

Friday, April 25, 2014

അഡീഷണല്‍ ജില്ലാ ജഡ്ജി കെ പി ഇന്ദിര ക്ഷേത്രം ഭരണസമിതി അധ്യക്ഷ

തിരു: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയുടെ അധ്യക്ഷയായി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ ഉത്തരവ് ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് കൈപ്പറ്റി. തുടര്‍ന്ന് ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ജില്ലാ ജഡ്ജിയാകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി ഹിന്ദു അല്ലാത്തതിനാലാണ് തൊട്ടുതാഴെയുള്ള സീനിയര്‍ ജഡ്ജിയായ കെ പി ഇന്ദിരയ്ക്ക് ചുമതല നല്‍കി ജില്ലാ ജഡ്ജി സുനില്‍ തോമസ് സുപ്രീംകോടതി ഉത്തരവ് കൈമാറിയത്.

ക്ഷേത്രനിലവറകളുടെയും മറ്റും താക്കോല്‍ രാജകുടുംബം ഭരണസമിതി അധ്യക്ഷയെ ഏല്‍പ്പിക്കണം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി സുപ്രീംകോടതി നിയമിച്ച കെ എന്‍ സതീഷ് ലോക്്സഭാ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ആന്ധ്രയിലെ ഗുണ്ടൂരിലായതിനാല്‍ മെയ് ഒമ്പതിനേ തലസ്ഥാനത്തെത്തൂ. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെടുകയും കമീഷന്‍ ആവശ്യം അംഗീകരിക്കുകയും ചെയ്താല്‍മാത്രമേ ഇദ്ദേഹത്തിന് നേരത്തെ എത്താന്‍ സാധിക്കൂ. ഭരണസമിതിയിലെ മറ്റൊരംഗമായ ക്ഷേത്രത്തിലെ തന്ത്രിആരാണെന്നതിനെ സംബന്ധിച്ച് തന്ത്രിമാര്‍ കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും. തരണനല്ലൂര്‍ കുടുംബത്തിലെ നാലു തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. നമ്പിമാരെ പ്രതിനിധാനംചെയ്ത് ക്ഷേത്രത്തിലെ പെരിയ നമ്പി മധുരംപാടി നാരായണന്‍ പത്മനാഭനാണ് ഭരണസമിതി അംഗമാകാന്‍ സാധ്യത.

ക്ഷേത്ര സ്വത്തുപരിശോധന സിഎജിയെ ഏല്‍പ്പിക്കണം

കൊച്ചി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ വരവുചെലവ് കണക്കുകളുടെ പരിശോധന നിലവിലുള്ള സിഎജിയെ ഏല്‍പ്പിക്കണമെന്ന് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്തിന്റെ പരിശോധനച്ചുമതല വിരമിച്ച സിഎജി എ ജി വിനോദ്റായിയെ ആണ് ഏല്‍പ്പിച്ചത്. അദ്ദേഹം സര്‍വീസില്‍നിന്ന് പിരിഞ്ഞതോടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അവകാശങ്ങളും ഇല്ലാതായി. വിരമിച്ച സിഎജി ഇപ്പോള്‍ സാധാരണ പൗരനാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള നിലവിലെ സിഎജിയെ പരിശോധനയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani

ക്ഷേത്രഭരണം പൂര്‍ണ പരാജയമായിരുന്നെന്ന് കോടതിയും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവിലുള്ള ഭരണസമിതിയും എക്സിക്യൂട്ടീവ് ഓഫീസറും പൂര്‍ണ പരാജയമായിരുന്നെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസറെ നിലനിര്‍ത്തണമെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ വാദിച്ചപ്പോഴാണ് അവര്‍ പരാജയമായിരുന്നെന്ന് കോടതി തുറന്നടിച്ചത്. എക്സിക്യൂട്ടീവ് ഓഫീസറെ ഏതുവിധേനയും നിലനിര്‍ത്താനായിരുന്നു വേണുഗോപാലിന്റെ ശ്രമം. റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ലെന്ന് വേണുഗോപാല്‍ സമര്‍ഥിച്ചു. താന്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകുളടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുകൂടി ഉള്ളതാണെന്ന് വ്യക്തമാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. സച്ചിദാനന്ദനെ എക്സിക്യൂട്ടീവ് ഓഫീസറായും ഗൗതം പത്മനാഭനെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറായും ചുമതലപ്പെടുത്തണമെന്നായിരുന്നു അമിക്കസ്ക്യൂറിയുടെ ശുപാര്‍ശ. അതേപോലെ രംഗാചാരി അധ്യക്ഷനായും സച്ചിദാനന്ദന്‍ അംഗമായും പുതിയ ഭരണസമിതിയെയും ഗോപാല്‍സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു രാജകുടുംബത്തിന്റെ ലക്ഷ്യം. സച്ചിദാനന്ദനെതിരെ വിജിലന്‍സ് കേസുണ്ടെന്ന ആരോപണവും കഴിഞ്ഞദിവസം വേണുഗോപാല്‍ ഉന്നയിച്ചു. വ്യാഴാഴ്ച ഈ ആരോപണത്തിന് അമിക്കസ്ക്യൂറി മറുപടി നല്‍കി. സച്ചിദാനന്ദനെതിരായ ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിച്ച് കഴമ്പില്ലെന്നുകണ്ട് നടപടികള്‍ അവസാനിപ്പിച്ചതാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചു. താന്‍ ഇനിയും ക്ഷേത്രഭരണസമിതിയിലെ ഒരു സ്ഥാനത്തേക്കും ഇല്ലെന്ന് അദ്ദേഹം കൈകൂപ്പി അപേക്ഷിച്ചതായും അമിക്കസ്ക്യൂറി പറഞ്ഞു.

ജസ്റ്റിസ് പരിപൂര്‍ണന്റെ നേതൃത്വത്തില്‍ ഒരു ഭരണസമിതിയെ കൊണ്ടുവരിക, ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഭുവനേന്ദ്രന്‍നായരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന്‍ നായരെയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു രാജകുടുംബത്തിന്. ഒരു മുന്‍ഹൈക്കോടതി ജഡ്ജി അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെയെന്ന നിര്‍ദേശത്തോടെ തുടങ്ങിയ വേണുഗോപാല്‍ തുടര്‍ന്ന് ജസ്റ്റിസ് പരിപൂര്‍ണന്‍ ആ സ്ഥാനത്തിന് തികച്ചും യോഗ്യനായിരിക്കുമെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഗോപാല്‍ സുബ്രഹ്മണ്യം എതിര്‍ത്തു. പകരം കോടതിക്ക് ആരെ വേണമെങ്കിലും നിര്‍ദേശിക്കാമെന്ന് അറിയിച്ചു. മുന്‍ഹൈക്കോടതി ജഡ്ജിയെന്ന ആശയത്തോട് കോടതിക്കും താല്‍പ്പര്യമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിയന്ത്രണം ഉറപ്പാക്കുംവിധം ജില്ലാ ജഡ്ജിയെന്ന ആശയത്തിലേക്ക് കോടതി എത്തിയത്. അമിക്കസ്ക്യൂറിയും യോജിച്ചതോടെ സര്‍ക്കാരിനും രാജകുടുംബത്തിനും മറ്റ് മാര്‍ഗമില്ലാതായി.

ഇതിനിടെ ഭരണസമിതിയിലേക്ക് രണ്ട് ഐഎഎസുകാരുടെയും ഒരു ഐപിഎസുകാരന്റെയും പേര് ഉള്‍പ്പെടുന്ന കടലാസ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ വി വിശ്വനാഥന്‍ വേണുഗോപാലിന് രഹസ്യനിര്‍ദേശമാണെന്ന ശുപാര്‍ശയോടെ കൈമാറി. നിവേദിത പി ഹരന്‍, എ ഹേമചന്ദ്രന്‍, കെ ആര്‍ ജ്യോതിലാല്‍ എന്നീ പേരുകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിയില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായി വരുന്നത് അനൗചിത്യമാകുമെന്നതിനാല്‍ ശുപാര്‍ശ പാളി. ഒടുവില്‍ സമിതിയില്‍ തങ്ങളുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കോടതി സ്വീകരിച്ചു.

ഇതിനിടെയാണ് എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റരുതെന്ന കടുംപിടുത്തവുമായി വേണുഗോപാല്‍ രംഗത്തുവന്നത്. എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് ഓഫീസര്‍ തുടര്‍ന്നാല്‍ രണ്ട് അധികാരകേന്ദ്രളാകുമെന്നും അതിനോട് യോജിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നും വേണുഗോപാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി നിലകൊണ്ടതോടെ ജസ്റ്റിസ് എ കെ പട്നായിക് ഇടപെട്ടു. ഇപ്പോള്‍ അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്ന തോന്നലുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. ഇല്ലെന്ന് വേണുഗോപാല്‍ മറുപടി പറഞ്ഞതോടെ ഇപ്പോഴത്തെ ഭരണസംവിധാനം പൂര്‍ണ പരാജയമാണെന്ന് ജസ്റ്റിസ് പട്നായിക് തുറന്നടിച്ചു. പരാജിതര്‍ മാറിനില്‍ക്കുക തന്നെ വേണമെന്നും പട്നായിക് വ്യക്തമാക്കിയതോടെ വേണുഗോപാലിന് മറുപടി ഇല്ലാതായി. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും അമിക്കസ്ക്യൂറി അംഗീകരിക്കുകയും ചെയ്ത കെ എന്‍ സതീശിനെ കോടതി എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തി.

വിലയിടാനാകാത്ത നിധിശേഖരം

""ശ്രീപത്മനാഭന് ദാനം ചെയ്തത് തിരിച്ചെടുക്കരുത്"" തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രോഗബാധിതനായി കിടക്കുമ്പോള്‍ അനന്തരവനായ ധര്‍മരാജാവിനോട് പറഞ്ഞതാണ് ഇങ്ങനെ. പി ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര്‍ ചരിത്രം എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യമുള്ളത്. രാജകുടുംബത്തിന്റെ പിന്മുറക്കാര്‍ ഇതില്‍നിന്ന് വ്യതിചലിച്ചപ്പോഴാണ് ഇപ്പോള്‍ കോടതി ഇടപെടലില്‍വരെ കാര്യങ്ങളെത്തിച്ചേര്‍ന്നത്. ഒരുലക്ഷം കോടിയോളം രൂപയുടെ അമൂല്യശേഖരങ്ങളാണ് നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ നിലവറകളില്‍ എത്തിയത്.

18-ാം നൂറ്റാണ്ടില്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് പഴയ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത് ഇപ്പോഴത്തെ നിലയിലാക്കിയത്. ഈ സമയത്താണ് വിഗ്രഹത്തിന്റെ ചുറ്റുമായി നിലവറകളും നിര്‍മിച്ചത്. നിലവിലുള്ള അനന്തശയനവിഗ്രഹം നിര്‍മിച്ചതും ക്ഷേത്രത്തിലെ ശീവേലിപ്പുര കെട്ടുകയും ചെയ്തതും ഇക്കാലത്താണെന്ന് കരുതുന്നു. ശിരസ്സിനു സമീപത്തായി എ നിലവറയായ ശ്രീപണ്ടാരവകയും ബി നിലവറയായ ഭരതക്കോണും ഉടല്‍ ഭാഗത്തായി സി നിലവറയായ വ്യാസക്കോണും ഡി നിലവറയായ സരസ്വതിക്കോണും കാലിന്റെ ഭാഗത്തായി മറ്റൊരു നിലവറയും നിലവിലുണ്ട്. ഇവയ്ക്കുപുറമെ രണ്ടു നിലവറകൂടിയുണ്ട്. വിഗ്രഹത്തെയും നിലവറകളെയും സംരക്ഷിക്കുന്നതിനായാണ് നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠ ഇതിനടുത്തുവച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം. 13-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം ആദ്യമായി നിര്‍മിച്ചതെന്നും വാദമുണ്ട്. അതേസമയം, നമ്മാള്‍വാര്‍ ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും പത്മനാഭനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഉണ്ട്. പുതുക്കിപ്പണിയുന്നതിനുമുമ്പ് ചെറിയ നിലവറകള്‍ ഉണ്ടായിരുന്നു എന്നാണ് ചില രേഖകളില്‍ പറയുന്നത്. മധുര രാജാവായ പരാതക പാണ്ഡ്യന്‍ വിഴിഞ്ഞം ആക്രമിച്ചെന്നും തുടര്‍ന്ന് പശ്ചാത്താപമായി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി 10 പൊന്‍വിളക്കുകള്‍ സമ്മാനിച്ചെന്നും പുരാണമുണ്ട്. ഇവ ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ഇതുകൂടാതെ 13-ാം നൂറ്റാണ്ടിലേതടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഉള്ളത് ക്ഷേത്രവും നിലവറകളും അന്നുമുതലേ ഉണ്ടായിരുന്നു എന്നതിന് തെളിവായി കരുതുന്നു.

17-ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ പൂജകളും മറ്റും മുടങ്ങി. തുടര്‍ന്ന് ആറു പതിറ്റാണ്ടോളം ക്ഷേത്രത്തില്‍ പൂജ നടന്നിട്ടില്ലെന്നാണ് കരുതുന്നത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെത്തിയപ്പോഴാണ് 18-ാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കിപ്പണിത് പൂജകള്‍ ആരംഭിച്ചത്. സ്വാതിതിരുനാള്‍ ജനിച്ചപ്പോള്‍ മണ്‍റോ സായ്പ് സംഭാവന നല്‍കിയ സ്വര്‍ണക്കുടം മുതല്‍ ഹിരണ്യഗര്‍ഭം കഴിഞ്ഞ് (സ്വര്‍ണപാത്രത്തില്‍ മുങ്ങുന്ന ചടങ്ങ്) പുറത്തിറങ്ങുമ്പോള്‍ രാജാവിന്റെ തലയില്‍ വയ്ക്കുന്ന നവരത്നകിരീടംവരെ നൂറ്റാണ്ടുകളായി ഈ നിലവറകളില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രാചീന തിരുവിതാംകൂറിന്റെ കരകൗശലവിരുതറിയിക്കുന്ന ശരപ്പൊളി മാലകളാണ് നിധിശേഖരത്തില്‍ ഏറ്റവും കൂടുതല്‍. അമൂല്യമായ രത്നങ്ങളും മുത്തുകളും മാലയില്‍ പതിച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങള്‍ നൂറ്റാണ്ടുകളായി ഉത്സവത്തിനും ജന്മദിനങ്ങള്‍ക്കും സ്വര്‍ണക്കുടങ്ങളും സ്വര്‍ണനാണയങ്ങളും ക്ഷേത്രനടയില്‍ കാണിക്കവയ്ക്കാറുണ്ട്. ഇത് കൂടാതെ കലശപൂജയ്ക്കായി എല്ലാ വര്‍ഷവും സ്വര്‍ണക്കുടങ്ങള്‍ നിര്‍മിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പുവരെ ഈ ചടങ്ങ് തുടര്‍ന്നിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവക്ഷേത്രമായതിനാല്‍ ഭക്തജനങ്ങളും നാട്ടുരാജാക്കന്മാരും സ്വര്‍ണക്കുടങ്ങളും നാണയങ്ങളും കാണിക്കയായി അര്‍പ്പിച്ചിരുന്നതായും രേഖകളുണ്ട്. വ്യാപാരാവശ്യത്തിനായി തിരുവിതാംകൂറിലെത്തിയ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും കാഴ്ചവച്ച അമൂല്യമായ വജ്രങ്ങള്‍, രത്നങ്ങള്‍, മരതകം തുടങ്ങിയവയും ശേഖരത്തിലുണ്ട്. ഓരോ രാജാക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കുടംകണക്കിന് സ്വര്‍ണ നാണയങ്ങള്‍ ശ്രീപത്മനാഭന് കാണിക്കവച്ചതായും രേഖകള്‍ ഉണ്ട്. പാണ്ഡ്യരാജാവ് സ്വര്‍ണവിളക്കുകളും മൈസൂര്‍, കാശ്മീര്‍ രാജാക്കന്മാര്‍ സ്വര്‍ണമാലകളും സംഭാവന ചെയ്തതായും രേഖയുണ്ട്. മഹാരാജാവ് ബഹുമതിപ്പട്ടം നല്‍കാനായി നിര്‍മിച്ച വീരശൃംഖലകളുടെ വന്‍ശേഖരവും നിധിയിലുണ്ട്. ആലംകോട്, പരവൂര്‍, കൊല്ലം, കായംകുളം എന്നീ നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ ശ്രീപത്മനാഭന് നിധിശേഖരം സംഭാവനചെയ്തതായി മതിലകംരേഖകളില്‍ പറയുന്നു.

വിജയ്

വടക്കേനടയില്‍ കുഴിയെടുത്തപ്പോള്‍ കല്‍പ്പടവുകള്‍ കണ്ടെത്തി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ സുരക്ഷാസംവിധാനത്തിനായി റോഡ് കുഴിച്ചപ്പോള്‍ പഴയ കല്‍പ്പടവുകള്‍ കണ്ടെത്തി. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ബൊള്ളാര്‍ഡ് സ്ഥാപിക്കാന്‍ അഞ്ച് അടിയോളം കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍ കണ്ടത്. പുരാവസ്തുവകുപ്പിന്റെ ഓഫീസായ ശ്രീപാദം കൊട്ടാരത്തിന്റെയും ശംഖുചക്രമണ്ഡപത്തിന്റെയും മധ്യഭാഗത്തായാണ് റോഡ് കുഴിച്ചത്. കൊട്ടാരത്തിന്റെ ഭാഗത്ത് ചുടുകല്ലുകൊണ്ട് കെട്ടിയിട്ടുണ്ട്. മറുഭാഗത്ത് ശംഖുചക്രമണ്ഡപത്തിന്റെ ഭാഗത്ത് മൂന്ന് കരിങ്കല്‍പ്പടവുകളും കണ്ടെത്തി. താഴെ കരിമണ്ണാണ്. ചുടുകല്ലില്‍ പിഎംസി എന്നെഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണടിച്ച് റോഡ് ഉയര്‍ത്തിയതാണെന്ന് കരുതുന്നു. ഇതു രഹസ്യവഴികളാണെന്നും കരുതുന്നുണ്ട്. പണി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ പുരാവസ്തുവകുപ്പ് നിര്‍ദേശിച്ചു. പഠനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരമറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇതിനെക്കുറിച്ച് പുരാവസ്തുവകുപ്പ് പഠനം തുടങ്ങും. രഹസ്യ അറ കണ്ടെത്തിയെന്ന അഭ്യൂഹം പരന്നതോടെ കുഴി കാണാന്‍ വന്‍തിരക്കുണ്ടായി. കുഴിയുടെ രണ്ടു വശത്തെ കല്ലുകള്‍ മാറ്റിയാല്‍ വേറെ വഴിയുണ്ടോയെന്നും സംശയിക്കുന്നുണ്ട്

deshabhimani

പ്രഹരമേറ്റത് സര്‍ക്കാരിന്റെ രാജഭക്തിക്ക്

രാജകുടുംബം പുറത്ത്, ഭരണത്തിന് പ്രത്യേക സമിതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് നഷ്ടമായി. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ താല്‍ക്കാലിക ഭരണസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ക്ഷേത്രനടത്തിപ്പിലെ വീഴ്ചകള്‍ കണക്കിലെടുത്ത് എക്സിക്യൂട്ടീവ് ഓഫീസറോടും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും നാലുമാസത്തേക്ക് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷിനെ ചുമതലപ്പെടുത്തി. രാജകുടുംബത്തിന്റെ പ്രതിനിധിക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാമെങ്കിലും ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ല. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും പരിശോധിച്ചു തിട്ടപ്പെടുത്താന്‍ മുന്‍ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.

ക്ഷേത്രസ്വത്ത് വ്യാപകമായി കവരുന്നതടക്കം ഭരണനടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച സമഗ്രറിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെടുന്ന ബെഞ്ച് താല്‍ക്കാലിക ഭരണസംവിധാനത്തിന് രൂപം നല്‍കിയത്. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത സീനിയര്‍ ജഡ്ജിയാകും അധ്യക്ഷന്‍. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരില്‍ ഒരാള്‍, മുഖ്യനമ്പി എന്നിവര്‍ അംഗങ്ങളായിരിക്കും. മറ്റ് രണ്ടംഗങ്ങളെ അധ്യക്ഷന് തീരുമാനിക്കാം. ഇതില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുവേണം തീരുമാനിക്കാന്‍ . ആറ് നിലവറകളുടെയും രണ്ട് മുതല്‍പ്പടി മുറികളുടെയും താക്കോലുകള്‍ അടിയന്തരമായി പുതിയ ഭരണസമിതി അധ്യക്ഷന് കൈമാറണം.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടിയെടുക്കാന്‍ പുതിയ ഭരണസമിതിയോട് കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദേശങ്ങള്‍:
(1) സിസിടിവികളും മറ്റും സ്ഥാപിച്ചും നിലവറകള്‍ ആവശ്യമായ വിധം ശക്തിപ്പെടുത്തിയും നിധിയുടെ സംരക്ഷണം ഉറപ്പാക്കുക.
(2) കാണിക്കയായി ലഭിക്കുന്ന പണം ആഴ്ചയിലൊരിക്കല്‍ (കഴിയുമെങ്കില്‍ ശനിയാഴ്ച) ഭരണസമിതി അധ്യക്ഷന്റെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ മേല്‍നോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്തുക. ബാങ്ക് പ്രതിനിധികളും ഈ ഘട്ടത്തില്‍ സന്നിഹിതരായിരിക്കണം.
(3) നിലവറകള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന ഇടനാഴി ശുചീകരിക്കണം.
(4) ക്ഷേത്ര സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം.
(5) പത്മതീര്‍ഥക്കുളവും മിത്രാനന്ദകുളവും സമയബന്ധിതമായി ഒരു അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തി വൃത്തിയാക്കണം.
(6) ക്ഷേത്രസ്വത്തുക്കളൊന്നും അന്യാധീനപ്പെടില്ലെന്ന് ഉറപ്പാക്കണം.

പുതിയ ഭരണസമിതി സ്വീകരിക്കുന്ന നടപടികള്‍ക്കും തീരുമാനങ്ങള്‍ക്കും ട്രസ്റ്റി ഉത്തരവാദിയായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ട്രസ്റ്റിയുമായി ആലോചിച്ച് എടുക്കുന്ന നടപടികളുടെ ഉത്തരവാദിത്തമുണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ട്രസ്റ്റിയുടെ അഭിപ്രായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണസമിതിയായിരിക്കും. വേനലവധിക്കുശേഷം ആഗസ്ത് ആദ്യവാരം കോടതി കേസ് വീണ്ടും പരിഗണിക്കും.

വ്യാഴാഴ്ച ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കോടതി കടന്നത്. ക്ഷേത്രഭരണം സര്‍ക്കാരിന് കൈമാറിയ ഹൈക്കോടതി ഉത്തരവിനെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ പുതിയ ഭരണസമിതിക്കായിരിക്കും അധികാരം. ചുമതല ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്നെ ഏല്പിച്ച ഉത്തരവാദിത്വം ആത്മാര്‍ഥതയോടെ നിര്‍വഹിക്കുമെന്നും മുന്‍ സിഎജി വിനോദ് റായ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എം പ്രശാന്ത്

പ്രഹരമേറ്റത് സര്‍ക്കാരിന്റെ രാജഭക്തിക്ക്

ശ്രീപത്മനാഭസ്വാമിക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് പൂര്‍ണമായി മാറ്റിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് കേരളത്തിന്റെ നവോത്ഥാനപ്രയാണത്തെ ശക്തിപ്പെടുത്തും. ഇത് രാജഭക്തിയില്‍ സര്‍വതും മറക്കുന്ന യുഡിഎഫ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരം കൂടിയാണ്. സുപ്രീംകോടതിയുടെ അടികിട്ടിയിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്യൂഡല്‍ പ്രണയത്തില്‍നിന്ന് പിന്മാറുന്നില്ല. അതുകൊണ്ടാണ് രാജകുടുംബത്തെ ക്ഷേത്രഭരണത്തില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.

ക്ഷേത്രാചാരത്തെയും ക്ഷേത്രത്തിലെ അമൂല്യസ്വത്തുവകകളുടെ സംരക്ഷണത്തെയും രണ്ടായി കണ്ട യുക്തിപൂര്‍വമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ക്ഷേത്രാചാരങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്കുള്ള പങ്ക് കോടതി ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ, സ്വത്തുവകകളിലും ഭക്തര്‍ നല്‍കുന്ന കാണിക്കയിലും തൊട്ടുകളിക്കാന്‍ രാജകുടുംബത്തെ അനുവദിക്കുന്നില്ല. ഇതുവരെ നടന്ന കള്ളത്തരങ്ങളെപ്പറ്റി അമിക്കസ്ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ക്ഷേത്രസമ്പത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാജഡ്ജി സൂക്ഷിക്കാന്‍ കോടതി കല്‍പ്പിച്ചിരിക്കുന്നത്. രാജകുടുംബം ഇനി ക്ഷേത്രം ഭരിക്കേണ്ടെന്ന് സാരം. ഈ ഉത്തരവിനെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് കോടതിവിധിയോട് വല്ലാത്ത നീരസം. രാജകുടുംബത്തിന്റെ വിശ്വാസ്യതയെപ്പറ്റി വാതോരാതെ സംസാരം.

ക്ഷേത്രക്രമക്കേടുകളെപ്പറ്റിയുള്ള അമിക്കസ്ക്യൂറിയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്ന സുപ്രിംകോടതിയുടെ വിലയിരുത്തലിനെ കോടതിക്കുപുറത്ത് വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യം കാട്ടുകയാണ്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സിഎജി വിനോദ്റോയിയെ കോടതി ചുമതലപ്പെടുത്തിയത് രാജകുടുംബത്തോടുള്ള കോടതിയുടെ അവിശ്വാസമാണ്. അതു മനസ്സിലാക്കാനുള്ള സാമാന്യയുക്തിപോലുമില്ലാതെയാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രതികരണം നടത്തിയിരിക്കുന്നത്. രാജകുടുംബാംഗങ്ങളില്‍ ചിലരുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രത്തില്‍ നടത്തിയ സ്വര്‍ണക്കവര്‍ച്ചയെപ്പറ്റി അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാനും കവര്‍ച്ചമുതല്‍ കണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള നിയമപരമായ ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ട്. അതുചെയ്യാതെ, കവര്‍ച്ചക്കാരെ രക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്.

രാജഭരണം അവസാനിച്ചിട്ട് 66 വര്‍ഷം കഴിഞ്ഞു. എന്നിട്ടും, ഒരിക്കല്‍പ്പോലും രാജാവായിട്ടില്ലാത്ത ഉത്രാടംതിരുനാളിന് "മഹാരാജാവ്" എന്ന ഉടയാട ചാര്‍ത്തുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ ഹൈക്കോടതി വിധിച്ചിട്ടും അതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ രാജകുടുംബത്തിനൊപ്പം നിലകൊണ്ട യുഡിഎഫ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വീണ്ടുവിചാരത്തിന് അവസരം നല്‍കിയതാണ്. പക്ഷേ, രാജഭക്തിയുപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറല്ല എന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മുന്‍ രാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പ്രിവിപേഴ്സ് നിര്‍ത്തലാക്കിയ ഇന്ദിര ഗാന്ധിയുടെ അനുയായികളെന്ന് അഭിമാനിക്കുന്നവരാണ് രാജഭക്തി തുടരുന്നത്. ഇത് സുപ്രീംകോടതി മനസ്സിലാക്കിയതുകൊണ്ടാണ് ഭരണസമിതിയില്‍ സര്‍ക്കാരിന് പങ്കാളിത്തം നല്‍കാതിരുന്നത്. എങ്കിലും അഞ്ചംഗസമിതിയിലേക്ക് സര്‍ക്കാരിന് ഒരു പ്രതിനിധിയെ നിര്‍ദേശിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. നിര്‍ദേശിക്കുന്ന പ്രതിനിധി അനുയോജ്യനാണെന്ന് ജില്ലാജഡ്ജിക്കു ബോധ്യമുണ്ടെങ്കില്‍മാത്രം നിയമിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളത് സര്‍ക്കാരിന്റെ സ്വഭാവവിശേഷത്തിനുള്ള സര്‍ട്ടിഫിക്കറ്റാണ്.

ആര്‍ എസ് ബാബു

സര്‍ക്കാര്‍ നീക്കം വിജയിച്ചില്ല

ന്യൂഡല്‍ഹി: ഭരണസമിതിയുടെ കാര്യത്തില്‍ അമിക്കസ്ക്യൂറിയും രാജകുടുംബവും കോടതിയില്‍ തര്‍ക്കിച്ചപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി. ഭരണസമിതിയിലേക്ക് നിവേദിത പി ഹരന്‍, എഡിജിപി ഹേമചന്ദ്രന്‍, കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് എന്നിവരുടെ പേരുകള്‍ സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നെങ്കിലും സമര്‍പ്പിച്ചില്ല. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണസമിതിയെന്ന നിര്‍ദേശം കോടതി തന്നെ മുന്നോട്ടുവച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം പാളിയത്. ഒടുവില്‍ സമിതിയില്‍ തങ്ങളുടെ ഒരംഗം വേണമെന്നത് മാത്രം കോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍ക്കായി രാജകുടുംബം ശക്തമായി വാദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി.

അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ഉറച്ച നിലപാടു മൂലമാണ് എക്സിക്യൂട്ടീവ് ഓഫീസറിലൂടെ ഭരണനിയന്ത്രണം തുടര്‍ന്നും കൈയാളാനുള്ള കൊട്ടാരത്തിന്റെ നീക്കം പാളിയത്. പുതിയ എക്സിക്യൂട്ടീവ് ഓഫീസര്‍ വരുമെന്നു കണ്ടപ്പോള്‍ മാത്രമാണ് കെ എന്‍ സതീഷിന്റെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അമിക്കസ്ക്യൂറിയും ഇതിനോട് യോജിക്കുകയായിരുന്നു. ഭരണസമിതിയില്‍ രാജകുടുംബത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താനും നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസറെ നിലനിര്‍ത്താനും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകള്‍ ഒഴിവാക്കുന്നതില്‍ രാജകുടുംബം വിജയിച്ചു.

deshabhimani

മുഴങ്ങുന്നത് സുന്ദര്‍രാജന്റെ വാക്കുകള്‍

സുന്ദര്‍രാജന്‍ ജീവിച്ചിരിപ്പില്ല. പക്ഷേ, സുന്ദര്‍രാജന്റെ വാക്കുകള്‍ ഇപ്പോള്‍ വിശ്വാസികളുടെ കാതില്‍മുഴങ്ങുന്നു. അതിങ്ങനെ- "ശ്രീപത്മനാഭന്റെ നിധി ഭഗവാനിലേക്കുതന്നെ ചേരണം. എല്ലാം അളന്ന് തിട്ടപ്പെടുത്തണം. ഒന്നും അന്യാധീനപ്പെടരുത്. അതിനാണ് കേസ് നല്‍കിയത്".

ക്ഷേത്രത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ അമൂല്യശേഖരമുണ്ടെന്നു കണ്ടെത്താനായതിന്റെയും ക്ഷേത്രഭരണം പുതിയ കൈകളിലെത്തുന്നതിന്റെയും പിന്നിലെ യഥാര്‍ഥ വ്യവഹാരം തുടങ്ങുന്നത് സുന്ദര്‍രാജനിലൂടെ. ക്ഷേത്രത്തെയും വിശ്വാസത്തെയും വ്യവഹാരത്തില്‍ കുടുക്കുന്നുവെന്നു കുറ്റപ്പെടുത്തി ഒരുകൂട്ടമാളുകള്‍ ഒരിക്കല്‍ പടിഞ്ഞാറേ നടയിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബഹളംവയ്ക്കുകയുംചെയ്തു. അപ്പോഴും സമചിത്തതയോടെ തന്റെ ഉദ്ദേശ്യശുദ്ധി സുന്ദര്‍രാജന്‍ വിശദീകരിച്ചു.

ഐപിഎസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച സുന്ദര്‍രാജന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഓര്‍മവച്ച കാലംമുതല്‍ ശ്രീപത്മനാഭന്റെ ഭക്തനും. ഇന്ദിര ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട അച്ഛന്‍ ടി കെ പത്മനാഭ അയ്യരെ പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിന് കൊണ്ടുപോകാന്‍ ആരുമില്ലാത്തതിനാല്‍ ജോലി രാജിവച്ചു. തുടര്‍ന്നാണ് നിയമബിരുദം നേടി സുപ്രീംകോടതി അഭിഭാഷകന്‍വരെയായത്. സുന്ദര്‍രാജന്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠം ക്ഷേത്രത്തിന്റെ കണക്കെടുപ്പിന് ഉത്തരവ് വന്നു. ഇതനുസരിച്ച് നിധിശേഖരത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതിനിടെയാണ് സുന്ദര്‍രാജന്‍ മരിച്ചത്.

സുന്ദര്‍രാജന് മുമ്പും വ്യവഹാരങ്ങള്‍ തുടങ്ങിയിരുന്നു. അമൂല്യ നിധിശേഖരം ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയമയുദ്ധം ആരംഭിച്ചത്. ഭക്തനായ പത്മനാഭന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ആദ്യ കേസ് നല്‍കി. നിലവറ തുറക്കരുതെന്ന് താല്‍ക്കാലിക ഉത്തരവും സമ്പാദിച്ചു. ബി ആര്‍ ശ്യാം, സുരേഷ് എന്നിവരെ അഭിഭാഷക കമീഷണര്‍മാരായി കോടതി നിശ്ചയിച്ചു. ഇവര്‍ ആറ് നിലവറ സീല്‍ചെയ്തു. തുടര്‍ന്ന് അഭിഭാഷക കമീഷണര്‍മാരുടെ സാന്നിധ്യത്തില്‍ ഉത്സവസമയത്ത് നിലവറകള്‍ തുറന്ന് പൂജാസാമഗ്രികള്‍ എടുക്കുകയും തിരികെവച്ച് സീല്‍ചെയ്യുകയുമായിരുന്നു. താല്‍ക്കാലിക ഉത്തരവ് നിലനില്‍ക്കെ രാജകുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ സമയത്ത് സുന്ദര്‍രാജന്‍ ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് തുടങ്ങിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്.

deshabhimani

Thursday, April 24, 2014

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ക്ഷേത്രം തന്ത്രിയും നമ്പിയും സമിതി അംഗങ്ങളാണ്. മറ്റ് രണ്ട് പേരെ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും നിര്‍ദ്ദേശിയ്ക്കാം. ഇവരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ജില്ലാ ജഡ്ജിയായിരിക്കും.

ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ജില്ലയിലെ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജിയ്ക്ക് ചുമതല നല്‍കാം. ക്ഷേത്രത്തിലെ വരവ് ചെലവ് കണക്കുകള്‍ മുന്‍ സിഎജി വിനോദ് റോയി പരിശോധിക്കണമെന്ന അമിക്കസ് ക്യൂറി നിര്‍ദ്ദേശവും കോടതി അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി സതീഷ് കുമാര്‍ ഐഎഎസിനെ നിയമിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജില്ലാ ജഡ്ജിയുടെ സാനിധ്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കാണിക്കയുടെ കണക്കെടുക്കണം. ക്ഷേത്രകുളം അടിയന്തരമായി ശുചീകരിക്കണം. ഇതിനായി പുതിയ ഭരണസമിതി നടപടിയെടുക്കണം. ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അടിയന്തരമായി ഓഡിറ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്യാധീനമായ പണ്ടാരവക (ക്ഷേത്രം വക) ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പുതിയ ഭരണസമിതിയ ഭരണനടത്തിപ്പിലെ വീഴ്ചയും സാമ്പത്തിക അരാജകത്വവും ശുചിത്വമില്ലായ്മയും വ്യക്തമാക്കുന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭരണം താല്‍ക്കാലിക സമിതിയെ ഏല്‍പ്പിക്കണമെന്ന അമിക്കസ്ക്യൂറി നിര്‍ദേശത്തെ രാജകുടുംബം കോടതിയില്‍ എതിര്‍ത്തിരുന്നു. അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകളോട് രാജകുടുംബം വിയോജിച്ചു. ഭരണത്തിന് കഴിവും യോഗ്യതയും രാജകുടുംബാംഗങ്ങള്‍ക്കുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസംമാത്രമാണെന്ന് വേണുഗോപാല്‍ പരിഹസിച്ചു. സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളിയുണ്ടെന്ന റിപ്പോര്‍ട്ടിലെ ആക്ഷേപം ശരിയല്ലെന്ന് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ എ വി വിശ്വനാഥന്‍ പറഞ്ഞു.

കോടതിവിധി രാജകുടുംബത്തിനും സര്‍ക്കാരിനുമേറ്റ കനത്ത പ്രഹരം: വിഎസ്

തിരു: പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ അഞ്ചംഗ ഭരണസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധി ഞാന്‍ സ്വാഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ക്ഷേത്രസ്വത്ത് കൊള്ളയടിച്ച തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനും, അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത സംസ്ഥാന സര്‍ക്കാരിനും ഏറ്റ കനത്ത പ്രഹരമാണ് ഈ വിധി.

ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതി രൂപീകരിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭരണസമിതി എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ സതീഷ്കുമാറിനെയും ചുമതലപ്പെടുത്തി യിരിക്കുകയാണ്. ഇതിനൊപ്പം ക്ഷേത്രത്തിന്റെ 25 വര്‍ഷത്തെ കണക്കുകള്‍ മുന്‍ സിഎജി വിനോദ് റോയിയെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്.

അമികസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ശരിവെച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അമിക്കസ്ക്യൂറിയ്ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച സര്‍ക്കാരും മുന്‍ രാജകുടുംബവും ജനങ്ങളോട് മാപ്പ് പറയണം.

ഈ വിധി "കോര്‍ട്ട്മെയ്ഡ് ലോ" ആണ്. സര്‍ക്കാര്‍ പരാജയപ്പെടതുകൊണ്ടാണ് കോടതി ഇപ്രകാരം ഒരു നിയമം ഉണ്ടാക്കിത്. ജനാധിപത്യത്തിലെ ഏറ്റവും ലജ്ജാകരമായ സ്ഥിതിയാണിത്. ഇതുണ്ടാക്കിയതും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കള്ളക്കളികളുമാണ്.

deshabhimani

കോടതിയില്‍ സര്‍ക്കാരും രാജകുടുംബവും കൈകോര്‍ത്തു

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ വീണ്ടും വ്യക്തമായത് സംസ്ഥാന സര്‍ക്കാരും രാജകുടുംബവുമായുള്ള ഒത്തുകളി. കേസ് ബുധനാഴ്ച പരിഗണിക്കവെ ക്ഷേത്രനടത്തിപ്പിനെ നിശിതമായി വിമര്‍ശിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ ആക്രമിക്കാന്‍ സര്‍ക്കാരും രാജകുടുംബവും കൈകോര്‍ത്തു. അമിക്കസ്ക്യൂറിക്ക് വ്യക്തിപരമായ താല്‍പ്പര്യങ്ങളുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍, ഇത് കോടതി വിമര്‍ശിച്ചു. കോടതിയുടെ പ്രതിനിധിയാണ് അമിക്കസ്ക്യൂറിയെന്നും ഈ ഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാന്‍ അനുവദിക്കില്ലെന്നും രാജകുടുംബത്തിനും സര്‍ക്കാരിനും താക്കീതായി കോടതി പറഞ്ഞു.

അമിക്കസ്ക്യൂറിയുടെ കണ്ടെത്തലുകളില്‍ പലതും ഗൗരവമുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി പറഞ്ഞു. നിലപാടുകളില്‍ ഉറച്ചുനിന്ന് ശക്തമായാണ് ഗോപാല്‍ സുബ്രഹ്മണ്യം വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. രാജകുടുംബത്തിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാലും സര്‍ക്കാര്‍ അഭിഭാഷകന്‍ എ വി വിശ്വനാഥനും പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വന്‍ നിധിശേഖരമുള്ളതും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതുമായ കല്ലറകള്‍ ഭദ്രമായി മുദ്രവച്ച് പൂട്ടി താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. താക്കോലുകള്‍ ഭദ്രമായ കരങ്ങളില്‍ ആണോയെന്നത് സംശയകരമാണ്. കല്ലറകളിലെ പല പെട്ടികളും തുറന്ന നിലയിലാണ്. വഴിപാട് സ്വര്‍ണവും വെള്ളിയും സംബന്ധിച്ച് കഴിഞ്ഞ മുപ്പതുവര്‍ഷമായി ഒരു കണക്കുമില്ല. കാണിക്ക കൃത്യമായ ഇടവേളകളില്‍ തുറന്ന് എണ്ണിതിട്ടപ്പെടുത്തുന്ന പതിവില്ല. കാണിക്കവഞ്ചിക്ക് കനംവയ്ക്കുമ്പോള്‍ തുറക്കുക എന്നതാണ് പതിവെന്ന് ഭാരവാഹികള്‍ പറയുന്നു. 45 ദിവസത്തില്‍ ഒരിക്കല്‍ തുറക്കുമെന്ന് പറയുമെങ്കിലും ഇതും പാലിക്കാറില്ല. എണ്ണിതിട്ടപ്പെടുത്തല്‍ സുതാര്യമല്ല. ക്ഷേത്രത്തിന് വരുമാനമില്ലെന്നാണ് ഭാരവാഹികളുടെ ആവലാതി. അതുകൊണ്ട് പുനരുദ്ധാരണം നടത്താനാകുന്നില്ലെന്നാണ് വാദം. എന്നാല്‍, ഫെബ്രുവരി- മാര്‍ച്ച് കാലയളവില്‍ മാത്രം 1.29 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന യന്ത്രം മഞ്ഞത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ മൂലവിഗ്രഹംപോലും കേടുവന്ന നിലയിലാണ്. ഈ നിലയില്‍ പോയാല്‍ ആറുവര്‍ഷത്തിന് അപ്പുറം വിഗ്രഹം നില്‍ക്കില്ല. തന്ത്രിമാര്‍ ഭരണസമിതിയെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രധാനവിഗ്രഹത്തിന്റെ രണ്ടുകിലോയോളം വരുന്ന ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ് കണ്ടെത്തി. 14 ബാങ്കിലായി 34 അക്കൗണ്ടാണ് ക്ഷേത്രത്തിനുള്ളത്. എന്തുകൊണ്ട് ഇത്രയധികം അക്കൗണ്ടുകള്‍ എന്നതിന് വിശദീകരണമില്ല. തീര്‍ഥക്കുളങ്ങള്‍ ശുചീകരിക്കണമെന്നത് പാലിച്ചില്ല. ആദ്യം 65 ലക്ഷത്തിന് കൊടുത്ത കരാര്‍ സര്‍ക്കാര്‍ പിന്നീട് 90 ലക്ഷത്തിനാക്കി.

ആത്മാര്‍ഥതമില്ലായ്മ ബോധ്യപ്പെട്ടതിനാല്‍ തിരുപ്പതിയിലെ ക്ഷേത്രക്കുളം ശുചീകരിച്ച പ്രസാദിനെ സ്വന്തം ചെലവില്‍ താന്‍ കൊണ്ടുവന്നു. അദ്ദേഹം ശുചീകരണം ഏറ്റെടുത്തിട്ടുണ്ട്- ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍, ശുചീകരണത്തിന് നടപടി സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. കുളം വൃത്തിയാക്കല്‍ വിഷയം ഉയര്‍ത്തി സര്‍ക്കാരും ഭരണസമിതിയും ഒത്തുകളിക്കുകയാണെന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യത്തില്‍ നിയമാനുസൃതമായ ടെന്‍ഡര്‍ നടപടികളിലൂടെയേ സര്‍ക്കാരിന് പോകാനാകൂ- സര്‍ക്കാര്‍ പറഞ്ഞു. താല്‍ക്കാലിക ഭരണസമിതിയിലേക്ക് അമിക്കസ്ക്യൂറി നിര്‍ദേശിച്ച സച്ചിദാനന്ദന്‍ കൊച്ചി ദേവസ്വം കമീഷണറായിരിക്കെ വിജിലന്‍സ് അന്വേഷണം നേരിട്ട വ്യക്തിയാണെന്ന് കെ കെ വേണുഗോപാല്‍ വാദിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറായി നിര്‍ദേശിച്ച ഗൗതം പത്മനാഭന്‍ കഴിഞ്ഞ ഒമ്പതുമാസമായി ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. താല്‍ക്കാലിക ഭരണസമിതിയെന്ന നിര്‍ദേശത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാനും രാജകുടുംബം ആലോചിക്കുന്നുണ്ട്.

deshabhimani

മൂലവിഗ്രഹത്തിന്റെ ഭാഗങ്ങളും പുറത്തേക്ക് കടത്തി

ശ്രീപത്മനാഭസ്വാമിയുടെ മൂലവിഗ്രഹത്തിലെ കടുശര്‍ക്കരയോഗക്കൂട്ടിന്റെ ചിലഭാഗങ്ങള്‍ ക്ഷേത്രത്തിനു പുറത്തേക്ക് കടത്തി. പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നു സ്വര്‍ണം കടത്തിയെന്ന കണ്ടെത്തല്‍ നിലനില്‍ക്കെയാണ് മൂലവിഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ പുറത്തേക്ക് കടത്തിയെന്ന വിവരവും പുറത്തായത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കകത്തും രസീത് കുറ്റികള്‍ക്കകത്തും നേര്‍ത്ത സ്വര്‍ണഷീറ്റുകള്‍ വച്ചുകടത്താനുള്ള ശ്രമവും അമിക്കസ്ക്യൂറി തടഞ്ഞു. 20 കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണം മൂല്യനിര്‍ണയത്തിന് നല്‍കിയില്ലെന്നും കണ്ടെത്തി. മൂലവിഗ്രഹത്തിലെ ചെവിയുടെ ഒരുഭാഗമാണ് പട്ടിനകത്ത് പൊതിഞ്ഞനിലയില്‍ ക്ഷേത്രത്തിനുള്ളില്‍നിന്ന് അമിക്കസ്ക്യൂറി കണ്ടെത്തിയത്. കടുശര്‍ക്കരയില്‍ നിര്‍മിച്ച കുണ്ഡലത്തിന്റെ ഒരു ഭാഗവും ഇതിലുണ്ടായിരുന്നു. ചെവിയുടെ അടര്‍ന്നുവീണ ഭാഗമാണ് ഇതെന്ന് കരുതുന്നു. ഇതില്‍ കര്‍പ്പൂരത്തിന്റെയും നെയ്യുടെയും പുകകൊണ്ട് കരിപിടിച്ചിരുന്നു. അതിനാല്‍ ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള കടുശര്‍ക്കരക്കൂട്ടാണെന്നാണ് നിഗമനം.

വിഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ വ്യാപാരികള്‍ക്കും ലഭിച്ചതായും വിവരമുണ്ട്. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ കിട്ടിയാല്‍ അത് ഭാഗ്യമാണെന്നു പറഞ്ഞ് വില്‍പ്പനടത്തിയതായും അമിക്കസ്ക്യൂറിക്ക് വിവരം ലഭിച്ചു. വിഗ്രഹത്തിന്റെ ഭാഗങ്ങള്‍ പുറത്തുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ഇതുസംബന്ധിച്ച് അമിക്കസ്ക്യൂറി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹത്തില്‍ വിള്ളല്‍ വന്നതിനാല്‍ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനിടയിലാകാം കടുശര്‍ക്കരക്കൂട്ട് പുറത്തുപോയതെന്ന് സംശയിക്കുന്നു. എന്നാല്‍, പണി തുടങ്ങുന്നതിനുമുമ്പ് വ്യാപാരികള്‍ക്കും ഇതിന്റെ ഭാഗങ്ങള്‍ ലഭിച്ചെന്നും പറയുന്നു.

ക്ഷേത്രത്തില്‍നിന്നു ലഭിച്ച വിഗ്രഹത്തിന്റെ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ അറയില്‍നിന്ന് ക്ഷേത്രത്തിന്റെ അനുഷ്ഠാനങ്ങളും കര്‍മങ്ങളും എന്ന പേരിലെ പുസ്തകത്തിന്റെ ഉള്ളില്‍നിന്ന് നേരിയ സ്വര്‍ണ ഷീറ്റുകളും കണ്ടെത്തി. വടക്കേനടയില്‍നിന്നുള്ള സ്വര്‍ണപ്പണിക്കാരന്റെ പണിപ്പുരയില്‍നിന്നാണ് ഈ പുസ്തകങ്ങള്‍ ലഭിച്ചത്. ഓരോ പുസ്തകത്തിന്റെയും പേപ്പറുകള്‍ക്കിടയില്‍ പത്തിലേറെ ഷീറ്റ് ഒളിപ്പിച്ചിരുന്നു. എ നിലവറയ്ക്ക് സമീപത്തുള്ള മറ്റൊരു അറയില്‍നിന്ന് സ്വര്‍ണ ഷീറ്റുകള്‍ നിറച്ച പുസ്തകങ്ങള്‍ ലഭിച്ചു. ഇതേ മുറിയില്‍നിന്ന് ക്ഷേത്രത്തിന്റെ രസീത് കുറ്റികള്‍ക്കിടയില്‍നിന്ന് സ്വര്‍ണഷീറ്റുകള്‍ ലഭിച്ചു. ഈ മുറിയില്‍നിന്ന് സ്വര്‍ണക്കട്ടികള്‍, സംഭാവന ലഭിച്ച സ്വര്‍ണ ചെയിന്‍, ലോക്കറ്റുകള്‍, ആള്‍രൂപങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. കിട്ടിയ സ്വര്‍ണം അമിക്കസ്ക്യൂറി സീല്‍ ചെയ്തു. രണ്ട് അറയില്‍നിന്നായി 20 കോടിയിലേറെ രൂപയുടെ സ്വര്‍ണാഭാരണം മൂല്യനിര്‍ണയസമയത്ത് നല്‍കാത്തതും ദുരൂഹമാണ്. അഞ്ഞൂറിലേറെയുള്ള സ്വര്‍ണക്കലശങ്ങളില്‍ ഭൂരിഭാഗവും പഴകിദ്രവിച്ചു. ക്ഷേത്രത്തിനകത്ത്നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ത്താണ്ഡമഠം കൊട്ടാരവും തകര്‍ച്ചയുടെ വക്കിലാണ്.

വിജയ് deshabhimani

Wednesday, April 23, 2014

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരം: സുപ്രീം കോടതി

പത്മനാഭസ്വാമി ക്ഷേത്രം ഭരണനടത്തിപ്പിലെ വീഴ്ചയും സാമ്പത്തിക അരാജകത്വവും ശുചിത്വമില്ലായ്മയും വ്യക്തമാക്കുന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് പരിഗണിച്ച് സുപ്രീംകോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. കോടതി അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങള്‍ വ്യക്തമാക്കാന്‍ അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തോട് ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ഭരണം താല്‍ക്കാലിക സമിതിയെ ഏല്‍പ്പിക്കണമെന്ന അമിക്കസ്ക്യൂറി നിര്‍ദേശത്തെ രാജകുടുംബം കോടതിയില്‍ എതിര്‍ത്തു. അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകളോട് രാജകുടുംബം വിയോജിച്ചു. ഭരണത്തിന് കഴിവും യോഗ്യതയും രാജകുടുംബാംഗങ്ങള്‍ക്കുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസംമാത്രമാണെന്ന് വേണുഗോപാല്‍ പരിഹസിച്ചു. സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളിയുണ്ടെന്ന റിപ്പോര്‍ട്ടിലെ ആക്ഷേപം ശരിയല്ലെന്ന് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ എ വി വിശ്വനാഥന്‍ പറഞ്ഞു. ഭരണസമിതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ അമിക്കസ്ക്യൂറിയെ വ്യക്തിപരമായി ഇകഴ്ത്താനുള്ള കെ കെ വേണുഗോപാലിന്റെ ശ്രമം കോടതി വിലക്കി. അമിക്കസ്ക്യൂറി കോടതിയുടെ പ്രതിനിധിയാണെന്നും അദ്ദേഹത്തിനെതിരെ വിരലുയര്‍ത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് കോടതിമുമ്പാകെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും ലോധ പറഞ്ഞു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ അടുത്ത ദിവസം അരമണിക്കൂര്‍ അനുവദിക്കാമെന്നും ലോധ അറിയിച്ചു. ബുധനാഴ്ച കേസ് പരിഗണിക്കവെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്ഷേത്രനടത്തിപ്പ് പരിതാപകരമാണെന്നും സാമ്പത്തികകാര്യങ്ങളില്‍ സുതാര്യതയില്ലെന്നും അദ്ദേഹം ഉദാഹരണസഹിതം സമര്‍ഥിച്ചു.

കോടതി അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളും അമിക്കസ്ക്യൂറി അറിയിച്ചു.

1- എ മുതല്‍ എച്ച് വരെയുള്ള നിലവറകള്‍, മുതല്‍പ്പടി മുറികള്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ മുദ്രവച്ച് താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കുക.
2- ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അടിയന്തരമായി ഓഡിറ്റ് ചെയ്യുക. മുന്‍ സിഎജി വിനോദ്റായിയെപ്പോലുള്ള വിശ്വസനീയ വ്യക്തിയെ ഈ ഉത്തരവാദിത്തം ഏല്‍പ്പിക്കുക.
3- കാണിക്ക മൂന്നുദിവസം കൂടുമ്പോഴെങ്കിലും ജുഡീഷ്യല്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തുക.
4- പൂജകള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റുമുള്ള ഉപയോഗത്തിനായി എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും മറ്റ് വസ്തുവകകളും കൃത്യമായി എണ്ണി തിട്ടപ്പെടുത്തുകയും അക്കമിട്ട് സൂക്ഷിക്കുകയും ചെയ്യുക.
5- അന്യാധീനമായ പണ്ടാരവക (ക്ഷേത്രം വക) ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുക.
6- മലിനമായ മിത്രാനന്ദ കുളവും പത്മതീര്‍ത്ഥ കുളവും ശുചിയാക്കുക.
7- ക്ഷേത്രം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുക.
8- പുറംപണി കരാറില്‍ വിട്ടുകൊടുത്തിരിക്കുന്ന പായസം, അപ്പം എന്നിവ ക്ഷേത്രത്തിലെ വഴിപാടുവസ്തുക്കളെന്ന പേരില്‍ വില്‍ക്കുന്നത് വിലക്കുക.
9- പ്രധാന വിഗ്രഹത്തിന് ഉള്‍പ്പെടെ കേടുപാടുകള്‍ പരിഹരിച്ച് ശക്തിപ്പെടുത്തുക.
10- നൈവേദ്യവും മറ്റും ശുചിയായി തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കുക. 11- ക്ഷേത്രം പൂര്‍ണമായും ശുചിയാക്കുക.
12- ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുക.

എം പ്രശാന്ത് ദേശാഭിമാനി

പത്മനാഭസ്വാമി ക്ഷേത്രം: പുതിയ കമ്മറ്റിയ്ക്ക് സര്‍ക്കാര്‍ ശുപാര്‍ശ

തിരു: പത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പിനായി മൂന്നംഗ കമ്മറ്റിയെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രീം കോടതിയെ അറിയിയ്ക്കും. ടികെഎ നായരാണ് നിര്‍ദ്ദിഷ്ട കമ്മറ്റി ചെയര്‍മാന്‍. ടി പി ശ്രീനിവാസന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. ജ്യോതിലാലിനെ മെമ്പര്‍ സെക്രട്ടറിയായും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കമ്മറ്റിയെ ക്ഷേത്രം ഭരണം ഏല്‍പ്പിക്കണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കും. സുപ്രീം കോടതി നിയമിക്കുന്ന കമ്മറ്റി ക്ഷേത്ര ഭരണം ഏറ്റെടുക്കണമെന്നാണ് അമിക്കസ് ക്യൂരി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

deshabhimani

പണിപ്പുരയില്‍നിന്ന് പിടിച്ചത് 86 കിലോ സ്വര്‍ണക്കട്ടി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരന്റെ പണിപ്പുരയില്‍നിന്ന് അമിക്കസ്ക്യൂറി പിടിച്ചെടുത്തത് 86 കിലോയിലധികം വരുന്ന സ്വര്‍ണക്കട്ടികള്‍. ഇത്രയും സ്വര്‍ണം പണിപ്പുരയില്‍ സൂക്ഷിച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ക്ഷേത്രം അധികൃതര്‍ക്ക് കഴിഞ്ഞില്ല. 1610ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന കോടികള്‍ വിലമതിക്കുന്ന ഇരവികുലശേഖരന്റെ തങ്കപ്രതിമ മുറിച്ചുമാറ്റിയതായും കണ്ടെത്തി. പ്രതിമയിരുന്ന അറയിലെ കോടികള്‍ വിലമതിക്കുന്ന മറ്റ് സ്വര്‍ണാഭരണങ്ങളും കാണാതായി.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പണിപ്പുരയില്‍നിന്നാണ് അഞ്ചടി നീളവും മൂന്നടി വീതിയും വരുന്ന ഷീറ്റുരൂപത്തിലുള്ള സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തത്. സ്വര്‍ണപ്പണിക്ക് ആവശ്യമായ 25 ലക്ഷം രൂപ വിലമതിക്കുന്ന ജര്‍മന്‍ നിര്‍മിത യന്ത്രവും മുറിയിലുണ്ടായിരുന്നു. അമിക്കസ്ക്യൂറി പണിപ്പുര തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുറക്കാന്‍ താക്കോലില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിളിച്ച് മുറി പൊളിച്ച് കയറിയപ്പോഴാണ് സ്വര്‍ണക്കട്ടികള്‍ കണ്ടത്. ഈ മുറി വര്‍ഷങ്ങളായി തുറക്കാറില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ അമിക്കസ്ക്യൂറിയോട് പറഞ്ഞത്. എന്നാല്‍, രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ രണ്ടുദിവസംമുമ്പ് സ്വര്‍ണപ്പണിക്കാരന്‍ മുറിയില്‍ കയറി പണി നടത്തിയതായി അറിഞ്ഞു. സ്വര്‍ണക്കട്ടികള്‍ അമിക്കസ്ക്യൂറി പിടിച്ചെടുത്ത് സീല്‍ ചെയ്തിട്ടുണ്ട്.

ഇരവികുലശേഖരന്റെ ഒരടിനീളമുള്ള തങ്കപ്രതിമയുടെ പീഠഭാഗമാണ് മുറിച്ചുമാറ്റിയത്. ക്ഷേത്രത്തിലെ നിത്യോപയോഗത്തിനുള്ള സാധനങ്ങളും ഭക്തര്‍ നല്‍കുന്ന സ്വര്‍ണമടക്കമുള്ള സംഭാവനകളുംസൂക്ഷിക്കുന്ന അറയിലാണ് തങ്കപ്രതിമ ഉണ്ടായിരുന്നത്. സ്വര്‍ണപ്പണിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് മുറിച്ചുമാറ്റാനാകില്ല. മുപ്പതുകൊല്ലത്തിനുള്ളില്‍ 500 കിലോയിലേറെ സ്വര്‍ണം ഈ അറയില്‍ കൊണ്ടുവന്നതായാണ് രജിസ്റ്ററിലുള്ളത്. എന്നാല്‍, രജിസ്റ്റര്‍ പ്രകാരമുള്ള സ്വര്‍ണാഭരണങ്ങള്‍ പലതും മുറിയില്‍ കണ്ടില്ല. ഇത് എന്തുചെയ്തു എന്ന ചോദ്യത്തിന് ക്ഷേത്രം അധികൃതര്‍ മറുപടിയും നല്‍കിയില്ല. പണിപ്പുരയിലും അറയിലുമുണ്ടായിരുന്ന സ്വര്‍ണശേഖരത്തിന്റെ വിവരം മൂല്യനിര്‍ണയസമയത്ത് മറച്ചുവച്ചതിനെ അമിക്കസ്ക്യൂറി വിമര്‍ശിച്ചിട്ടുണ്ട്.

deshabhimani

Tuesday, April 22, 2014

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിക്കില്ല: രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നുവെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം മുന്നോട്ട് വച്ച ശുപാര്‍ശകള്‍ അംഗീകരിക്കില്ലെന്നും രാജകുടുംബം വ്യക്തമാക്കി.

ഏകപക്ഷീയമായും പലരേയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും രാജകുടുംബം ആരോപിക്കുന്നു. റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം പുതിയ സത്യവാങ്മൂലം ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു രാജകുടുംബത്തിന്റെ മുന്‍ നിലപാട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതില്‍ രാജകുടുംബത്തിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഴ്ചകള്‍ നടന്നിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തള്ളണമെന്ന നിലപാട് രാജകുടുംബം സ്വീകരിച്ചിരിക്കുന്നത്.

deshabhimani

Monday, April 21, 2014

സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് സുപ്രീംകോടതിയെ വഞ്ചിച്ചു: അമിക്കസ്ക്യൂറി

സംസ്ഥാന സര്‍ക്കാരും രാജകുടുംബവും സുപ്രീംകോടതിയെ വഞ്ചിക്കുന്നതിന് ആസൂത്രിതശ്രമമെന്ന് അമിക്കസ്ക്യൂറിഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്. പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കവെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാരും രാജകുടുംബവും ഏറെ പണിപ്പെടേണ്ടിവരും. ഭരണവും രാജകുടുംബവും തമ്മില്‍ ഏറെ സൗഹൃദമുണ്ട്്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ ഇതിന്റെ ഭാഗമായാണ്.

സുപ്രീംകോടതി ഉത്തരവുകള്‍ പാലിക്കാതെ സര്‍ക്കാര്‍ രാജകുടുംബവുമായി ചേര്‍ന്ന് കോടതിയലക്ഷ്യം നടത്തുകയായിരുന്നു. കോടതി ഉത്തരവുകളെ നിസ്സാരമായാണ് സംസ്ഥാന സര്‍ക്കാരും രാജകുടുംബവും പരിഗണിക്കുന്നത്. തീര്‍ഥക്കുളങ്ങള്‍ ശുദ്ധീകരിക്കേണ്ടത് കടമയായിരുന്നു. അതുണ്ടായില്ല. കണക്കുകള്‍ ശരിയായി സൂക്ഷിച്ചില്ല. അക്കൗണ്ടില്‍ പണമുണ്ടായിട്ടും ഇല്ലെന്ന നിലപാട് സ്വീകരിച്ചു. ഇതു പരിഗണിച്ച്മുന്‍ സിഎജി വിനോദ്റായിയുടെ മേല്‍നോട്ടത്തില്‍ അടിയന്തര ഓഡിറ്റിങ്ങിന് ഉത്തരവിടണം. രാജകുടുംബത്തിലെ പല മുന്‍ഗാമികളും പൊതുസമൂഹത്തിന്റെ ബഹുമാനം ആര്‍ജിച്ചവരാണ്.

എന്നാല്‍, ഇപ്പോഴത്തെ ട്രസ്റ്റി സാമ്പത്തികവിശ്വാസ്യത നിലനിര്‍ത്തിയില്ല. സ്വര്‍ണവും പണവും സംബന്ധിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കുന്നത് പ്രാഥമിക ഉത്തരവാദിത്തമാണ്. അതിനാല്‍ ട്രസ്റ്റിക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്മനാഭദാസനെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തിക്ക്് ഉന്നതമായ നിലവാരം വേണം. സംഭാവനയും കാണിക്കയും ദിവസേന കൃത്യമായി എണ്ണിസൂക്ഷിച്ചില്ല. കാണിക്കപ്പെട്ടി നിറഞ്ഞശേഷംമാത്രം തുറക്കുകയെന്നത് അംഗീകരിക്കാനാകില്ല. കാണിക്കപ്പെട്ടി തുറക്കുന്നതില്‍ കൃത്യമായ സമയക്രമവുമുണ്ടായില്ല. കാണിക്ക എണ്ണിയശേഷം മാനേജര്‍ പറയുന്ന ഒരു തുകയില്‍ ഹെഡ് അക്കൗണ്ടന്റ് ഒപ്പിടുകയാണ് ചെയ്യുന്നത്. ഈ തുകയാണ് ബാങ്കിലേക്ക് കൊണ്ടുപോകുക.

ബാങ്ക് ജീവനക്കാരുടെ പോലും സാന്നിധ്യത്തിലല്ല കാണിക്ക എണ്ണുന്നത്. മുപ്പതു വര്‍ഷമായി വഴിപാടു സ്വര്‍ണവും വെള്ളിയും എത്രയെന്നതിന് കണക്കില്ല. ക്ഷേത്രത്തില്‍ വന്‍സാമ്പത്തികക്രമക്കേട് നടന്നിരുന്നതായി അനുമാനിക്കണം. കാണിക്കയുടെ നടപടിക്രമങ്ങള്‍ രാജകുടുംബാംഗങ്ങളോ പത്മനാഭദാസന്‍ ആദിത്യവര്‍മയോ അറിയില്ല എന്നത് വിശ്വസനീയമല്ല. അഡ്വക്കറ്റ് കമീഷണര്‍മാര്‍ക്ക് ഓരോ സന്ദര്‍ശനത്തിലും 10,000 രൂപവീതം നല്‍കിയതിന് വൗച്ചറുകളുണ്ട്. എന്നാല്‍, 2010നു ശേഷം ഒരിക്കല്‍പ്പോലും തങ്ങള്‍ പണം സ്വീകരിച്ചിട്ടില്ലെന്ന് അഡ്വക്കറ്റ് കമീഷണര്‍മാര്‍ ജസ്റ്റിസ് കൃഷ്ണനോടും മുന്‍ ചീഫ്സെക്രട്ടറി ജയകുമാറിനോടും പറഞ്ഞിട്ടുണ്ട്.

എന്നാല്‍, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ ഈ തുകയുടെ വൗച്ചറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അന്നുതന്നെ ഈ തട്ടിപ്പ് തെളിഞ്ഞെങ്കിലും ഹരികുമാറിനെ മാറ്റാന്‍ ആദിത്യവര്‍മയോ സംസ്ഥാന സര്‍ക്കാരോ താല്‍പ്പര്യപ്പെട്ടില്ല. ക്ഷേത്രചൈതന്യത്തിനൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ് സാമ്പത്തികഭരണവും. ആചാരങ്ങള്‍ ഭക്തരെ തൃപ്തിപ്പെടുത്തുന്നതിനാണ്. പൊതുക്ഷേത്രത്തിന്റെ കാര്യത്തില്‍ പുലര്‍ത്തേണ്ട സുതാര്യതയും സത്യസന്ധതയും ഉണ്ടായിട്ടില്ല. ഈ അന്തരീക്ഷത്തില്‍ നിന്ന് ഭക്തരെ മോചിപ്പിക്കേണ്ടതുണ്ട്- അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

എം പ്രശാന്ത്

തങ്കം അടിച്ചുമാറ്റി; താഴികക്കുടങ്ങള്‍ തുരുമ്പെടുത്തു

തിരു: പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന വിവാദം കത്തിനില്‍ക്കെ ക്ഷേത്രഗോപുരത്തിലെ തങ്കത്തില്‍ തീര്‍ത്ത താഴികക്കുടങ്ങള്‍ തുരുമ്പെടുത്തതായി കണ്ടെത്തി. ഇതോടെ താഴികക്കുടത്തിന്റെ അറ്റകുറ്റപ്പണിയിലും തങ്കത്തിനു പകരം കൃത്രിമലോഹങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി സംശയം ബലപ്പെട്ടു. ക്ഷേത്രത്തിന്റെ ഏഴു ഗോപുരങ്ങള്‍ക്കു മുകളിലായി സ്ഥാപിച്ച ഏഴു താഴികക്കുടങ്ങളും പരിശോധനയില്‍ തുരുമ്പെടുത്തതായി കണ്ടെത്തി.

അമിക്കസ് ക്യൂറി ഗോപുരങ്ങള്‍ക്കുമുകളില്‍ കയറി പരിശോധിക്കവെയാണ് ഇത് കണ്ടെത്തിയത്. തുരുമ്പു മറയ്ക്കുന്നതിനായി രാസവസ്തുക്കള്‍ ഉപയോഗിച്ചതായും കണ്ടു. സംശയംതോന്നിയ അമിക്കസ് ക്യൂറി ഉടന്‍തന്നെ തങ്കത്തിന്റെ ശുദ്ധത നോക്കുന്ന വിദഗ്ധസംഘത്തെ പരിശോധിക്കാനായി വിളിച്ചു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചില താഴികക്കുടങ്ങളില്‍ തങ്കത്തിന്റെ അംശം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമായത്. നാലു താഴികക്കുടങ്ങളില്‍ തങ്കത്തിന്റെ അംശം 50 ശതമാനത്തിലും താഴെയായിരുന്നു. ഈ വിവരം കാണിച്ച് അമിക്കസ് ക്യൂറിക്ക് വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ചും പരാമര്‍ശമുണ്ട്. താഴികക്കുടങ്ങളില്‍ തങ്കത്തിന്റെ അംശം കുറയുന്നതായി മുമ്പ് പലതവണ പരാതി ഉയര്‍ന്നിട്ടുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാനം കാര്‍ത്തികതിരുനാള്‍ രാമവര്‍മയുടെ കാലത്ത് ദിവാനായിരുന്ന രാജാ കേശവദാസിന്റെ മേല്‍നോട്ടത്തിലാണ് താഴികക്കുടങ്ങള്‍ പണിതത്.

വിജയ് ദേശാഭിമാനി

സ്വര്‍ണ ഉരുപ്പടികള്‍ കൊട്ടാരത്തില്‍ എത്തിക്കണമെന്ന ഉത്തരവും വിവാദമാകുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണപ്പണികള്‍ ചെയ്തശേഷമുള്ള ഉരുപ്പടികള്‍ പട്ടം കൊട്ടാരത്തില്‍ എത്തിക്കണമെന്ന കൊട്ടാര അധികൃതരുടെ ഉത്തരവ് വിവാദമാകുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് ഈ ഉത്തരവ് പുറത്തുവരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണികള്‍ നടത്തിയശേഷമുള്ള ബാക്കി ഉരുപ്പടികള്‍ പട്ടം കൊട്ടാരത്തില്‍ എത്തിക്കണമെന്ന് കാട്ടി പണിക്കാരന് കൊട്ടാര അധികൃതര്‍ ഉത്തരവ് നല്‍കിയിരുന്നു. 2008 ജനുവരി രണ്ടിനാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ കൊട്ടാരത്തിലെത്തിച്ചതായി ഭക്തജനങ്ങള്‍ പരാതിപ്പെടുന്നു. ഉരുപ്പടി കൊട്ടാരത്തില്‍ എത്തിക്കുന്നത് അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാണെന്നാണ് പണിക്കാരന് നല്‍കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉരുപ്പടികള്‍ പുറത്ത് കൊണ്ടുപോകുന്നതിനെ ജീവനക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിതമായത്. ഈ ഉത്തരവ് വാദിഭാഗം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അമികസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ സ്വര്‍ണപ്പണിക്കാരനില്‍നിന്ന് അമിക്കസ്ക്യൂറി നേരിട്ട് മൊഴി എടുത്തിരുന്നു. കിഴക്കേകോട്ടയ്ക്ക് സമീപം ജ്വല്ലറി നടത്തുന്ന ഇയാളുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൊട്ടാരവുമായി അടുപ്പമുള്ള ചിലര്‍ പെട്ടെന്ന് ജ്വല്ലറികള്‍ ആരംഭിച്ചതിനെക്കുറിച്ച് രഹസ്യാന്വേഷണം നടക്കുന്നതായും അറിയുന്നു.

ഇതിനിടെ ക്ഷേത്രത്തിലെ വെള്ളിക്കിണ്ണം കാണാതായതും വിവാദമാകുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ശ്രീകോവിലില്‍നിന്ന് വെള്ളിക്കിണ്ണം കാണാതായിരുന്നെന്നും വിവരം പുറത്തുവിടാതെ ചുമതലക്കാരനായ ശാന്തിക്കാരന്‍ പകരം കിണ്ണം ധനാഢ്യനായ ഭക്തനെകൊണ്ട് വാങ്ങിച്ച് വയ്ക്കുകയായിരുന്നു എന്നുമുള്ള വിവരമാണ് പുറത്തുവന്നത്. അന്ന് വെള്ളിക്കിണ്ണം ക്ഷേത്രത്തിന് നല്‍കിയ ആള്‍തന്നെയാണ് സംഭവം ഇപ്പോള്‍ പുറത്തറിയിച്ചത്. ഭക്തര്‍ക്ക് നിവേദ്യം നല്‍കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളിക്കിണ്ണമാണ് മൂന്ന് വര്‍ഷം മുമ്പ് കാണാതായത്. മൂലവിഗ്രഹത്തിലെ വിലമതിക്കാനാകാത്ത വെള്ളിക്കിണ്ണം കാണാതായിട്ടും വിവരം അധികാരികളെ ധരിപ്പിക്കാതെ മറ്റൊരു കിണ്ണം വാങ്ങിവച്ചതിലാണ് ദുരൂഹത. സംഭവം നടന്ന് മൂന്ന് വര്‍ഷമാകുമ്പോഴാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് വന്നസമയം വെള്ളിക്കിണ്ണവിവാദവും ഉയര്‍ന്നിട്ടുള്ളത്്. നഗരത്തിലെ ഒരു ജ്വല്ലറിയില്‍നിന്നാണ് ഈ കിണ്ണം നിര്‍മിച്ചത്. നിര്‍മിച്ച് നല്‍കിയ ആള്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. അന്ന് കിണ്ണം സൂക്ഷിപ്പിന്റെ ചുമതല വഹിച്ചിരുന്ന ശാന്തിക്കാരന്‍ ക്ഷേത്രത്തിലെ സ്ഥിരസന്ദര്‍ശകനായ ഭക്തനെക്കൊണ്ട് വെള്ളിക്കിണ്ണം നടയ്ക്കുവയ്പിക്കുകയായിരുന്നു. പഴയ കിണ്ണം കാണാതായപ്പോള്‍ ബന്ധപ്പെട്ടവര്‍ ഇരുചെവിയറിയാതെ പകരം കിണ്ണം വാങ്ങിപ്പിച്ച് വയ്ക്കുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. കാണാതായ കിണ്ണത്തിന് പകരംവയ്ക്കാനായിരുന്നു തന്നെക്കൊണ്ട് പുതിയ കിണ്ണം നടയ്ക്ക് വയ്പിച്ചതെന്ന് അറിയില്ലായിരുന്നെന്ന് കിണ്ണം നല്‍കിയ ഭക്തനും വെളിപ്പെടുത്തിയിട്ടുണ്ട്.

deshabhimani

Sunday, April 20, 2014

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണാപഹരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം ലോറികളില്‍ പുറത്തേയ്ക്ക് കടത്തിയെന്നും ഇതെല്ലാം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ ദീര്‍ഘമായ പട്ടികയും നിരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്ര ഭരണത്തിന് സംവിധാനം ഉണ്ടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ.

മുന്‍സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നീതിന്യായരംഗത്തെ ബഹുമാന്യതയുള്ള വ്യക്തിത്വമാണ്. കോടതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച ഈ ഉന്നത അഭിഭാഷകന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം കാലവിളംബം ഇനിയും വരുത്താതെ രൂപീകരിക്കണം. ഇതിനായി സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നതിന് അനുഗുണമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.

ഇത്രയും കാലം ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. ഇതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ഇനിയും കാലതാമസം വരുത്തരുത്.

"ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നം വന്നപ്പോള്‍ അന്ധവിശ്വാസവും ക്ഷേത്രസുരക്ഷയും ഒത്തുപോവില്ല എന്ന ധീരമായ നിലപാട് സുപ്രീംകോടതി പ്രകടപ്പിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

deshabhimani

ഉത്തരവാദിത്തം സര്‍ക്കാരിനും രാജകുടുംബത്തിനും: വി എസ്

പത്മനാഭസ്വാമിക്ഷേത്രം വക സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും മറുപടി പറയണം. വിശ്വാസികളെ കബളിപ്പിച്ചതിന് മാപ്പുപറയാനും സര്‍ക്കാര്‍ തയ്യാറാകണം. രാജകുടുംബത്തില്‍പെട്ടവര്‍ ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷംമുമ്പ് ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, അന്നത് പലരും കാര്യമാക്കിയില്ല. മാത്രമല്ല, രാജകുടുംബത്തെ ആക്ഷേപിക്കാന്‍വേണ്ടി വ്യാജ ആരോപണം ഉന്നയിക്കുന്നെന്നുപറഞ്ഞ് പരിഹസിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അമിക്കസ്ക്യൂറി ഇക്കാര്യങ്ങള്‍ ശരിവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരുമാസത്തിലേറെ നീണ്ട വിശദമായ പരിശോധനയും അന്വേഷണവും തെളിവെടുപ്പും നടത്തിയതിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുപോകുന്നതു സംബന്ധിച്ചും ഇതില്‍ രാജകുടുംബവും സര്‍ക്കാരുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ചും പറഞ്ഞിട്ടുള്ളത്. പത്മതീര്‍ഥക്കുളത്തില്‍ ഓട്ടോഡ്രൈവര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവം, സ്വര്‍ണം കടത്തിക്കൊണ്ടുപോകുന്നത് കാണാനിടയായ ഒരാളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം, ക്ഷേത്രജീവനക്കാരില്‍ ചിലര്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചും അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മൂന്ന് സംഭവങ്ങള്‍ സംബന്ധിച്ചും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിരുന്നതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

2011 ജനുവരി 29ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത് ഗുരുവായൂര്‍ മോഡല്‍ സമിതിയെ ഏല്‍പ്പിക്കണമെന്ന് വിധിച്ചു. ആ വിധിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്നും തീരുമാനിച്ചു. എന്നാല്‍, 2011 മെയ് രണ്ടിന് മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോഴത്തെ ഭരണസമിതിയും രാജകുടുംബവുമായി ഒത്തുകളിച്ച് സുപ്രീംകോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. പത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ ദേവസ്വം മോഡല്‍ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയേറുകയാണ്. ക്ഷേത്രം ജീവനക്കാര്‍ നേരിട്ടുവന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ രണ്ടരവര്‍ഷംമുമ്പ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് വി എസ് മറുപടി നല്‍കി. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍നിന്ന് നല്ല വിധി വരുമെന്നാണ് കരുതുന്നതെന്നും വി എസ് പറഞ്ഞു.

deshabhimani