Showing posts with label രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. Show all posts
Showing posts with label രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. Show all posts

Tuesday, October 8, 2013

സംസ്ഥാനങ്ങളുടെ അനുമതി തേടണം: സിപിഐ എം

സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതു സംബന്ധിച്ച് രഘുറാംരാജന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി തേടിയശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്രനികുതിയുടെയും മറ്റു വരുമാനങ്ങളുടെയും പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് സിപിഐ എം ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതെന്ന് പിബി യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

രഘുറാംരാജന്‍ കമ്മിറ്റി സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതിന് നിര്‍ദേശം നല്‍കാന്‍ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ധനകമീഷന്‍. സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വിഭവങ്ങള്‍ തുല്യമായി അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കാവൂ. റെയില്‍വേ യാത്രാനിരക്ക് രണ്ടു ശതമാനം വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. ഇന്ധനവില വര്‍ധനയ്ക്ക് ആനുപാതികമായി കാലാകാലങ്ങളില്‍ നിരക്കുവര്‍ധിപ്പിക്കുന്നതും ചരക്കുകൂലി വര്‍ധനയും പിന്‍വലിക്കണം. ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തെ പിബി അപലപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണ്. 12 വിമാനത്താവളംകൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം. പൊതുസ്വത്ത് ഇങ്ങനെ കൈമാറുന്നതിനു പുറമേ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യവല്‍ക്കരണപദ്ധതി ഉടന്‍ നിര്‍ത്തിവയ്ക്കണം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും സംയുക്തമായി പുറപ്പെടുവിച്ച പ്രഖ്യാപനപ്രകാരം പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുകയാണ്. കൂടുതല്‍ അമേരിക്കന്‍ ആയുധം വാങ്ങുകയും അമേരിക്കന്‍ ആയുധനിര്‍മാണ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സംയുക്തസംരംഭങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയുമാണ്. ഇന്ത്യയെ അമേരിക്കയുടെ സഖ്യകക്ഷിയാക്കുന്ന നീക്കമാണിത്.

പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ തുടരുന്ന ആക്രമണങ്ങളുടെ ഉത്തരവാദി സംസ്ഥാനസര്‍ക്കാരാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ആറ് സിപിഐ എം പ്രവര്‍ത്തകരെ കൊന്നു. ബര്‍ധമാനില്‍ സിപിഐ എം സോണല്‍ കമ്മിറ്റി അംഗത്തെയാണ് ഒടുവില്‍ കൊലപ്പെടുത്തിയത്. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. അക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ രാജ്യത്തെ ജനാധിപത്യശക്തികളോട് പിബി അഭ്യര്‍ഥിച്ചു. മുസാഫര്‍നഗര്‍ കലാപത്തില്‍ പിബി ആശങ്ക രേഖപ്പെടുത്തി. കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. വര്‍ഗീയകലാപം തടയല്‍ ബില്‍ എത്രയും പെട്ടെന്ന് പാസാക്കണം. വര്‍ഗീയത നേരിടാന്‍ ജനങ്ങളുടെ ഐക്യം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് 30നു ഡല്‍ഹിയില്‍ നടത്തുന്ന കണ്‍വന്‍ഷന് പിബി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

deshabhimani

Saturday, October 5, 2013

കേന്ദ്രസഹായം എട്ടിലൊന്ന് വരെ കുറയും

കേന്ദ്രസര്‍ക്കാര്‍ പടച്ചുണ്ടാക്കിയ രഘുറാം രാജന്‍ സമിതി റിപ്പോര്‍ട്ട് കേരളത്തിന് ഇരുട്ടടിയാകും. കഴിഞ്ഞ നാല് ധനകാര്യ കമീഷനുകളും പുരോഗതിയുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് രഘുറാം രാജന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ടിന്റെ വിഹിതം നിലവിലുള്ള 2.45 ശതമാനത്തില്‍നിന്നും 0.3 ശതമാനമായി കുറയും. നിലവിലുള്ള ധനസഹായത്തിന്റെ ആറിലൊന്ന് മുതല്‍ എട്ടിലൊന്ന് വരെ കുറയും. വിദ്യാഭ്യാസ-ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള സാമൂഹ്യപശ്ചാത്തല മേഖല ഇതോടെ തകരും.

കേരളം നേടിയ പുരോഗതിയെ പിന്നോട്ട് വലിക്കുന്ന റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധം പ്രധാനമന്ത്രിക്ക് കത്തയച്ച് അവസാനിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാകട്ടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കത്താണ് അയച്ചത്. ഈ റിപ്പോര്‍ട്ട് കീറിക്കളയണമെന്നും ജയലളിത പ്രതികരിച്ചു. ബിഹാറില്‍ നിതീഷ്കുമാറിനെ കൂടെനിര്‍ത്താനുള്ള പുതിയ രാഷ്ട്രീയനീക്കമാണ് റിപ്പോര്‍ട്ടിന് പിന്നില്‍. അതുകൊണ്ടുതന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ മാത്രമാണ് റിപ്പോര്‍ട്ടിനെ സ്വാഗതംചെയ്തത്. അതേസമയം, രഘുറാം രാജന്‍ പാനലില്‍ ബിഹാറില്‍ നിന്നുള്ള അംഗമായ പ്രൊഫ. സൈബല്‍ ഗുപ്ത റിപ്പോര്‍ട്ടിനെ തള്ളി 10 പേജ് വരുന്ന പ്രതിഷേധക്കുറിപ്പ് ഇറക്കുകയുംചെയ്തു.

ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന നിതീഷ്കുമാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നാല് മാസം മുമ്പ് ധനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജനെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പുനര്‍നിര്‍ണയിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിച്ചത്. ഫെഡറല്‍ സംവിധാനത്തില്‍ എറ്റവും പ്രധാന വിഷയമാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതവും മറ്റും നിശ്ചയിക്കല്‍. എന്നാല്‍, ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെയാണ് കേരളം ഉള്‍പ്പെടെ സാമാന്യവികസനം നേടിയ സംസ്ഥാനങ്ങളെ ശിക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ രഘുറാം രാജന്‍ നല്‍കിയത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക് പ്രതികരിച്ചു. കേരളത്തിന് മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും വിഹിതം കുറയുമെന്നും ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി കെ എം മാണി എന്തുകൊണ്ടാണ് ഇതേക്കുറിച്ച് മൗനം പാലിക്കുന്നതെന്നും ഐസക്ക് ചോദിച്ചു. രഘുറാം രാജന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഭരണഘടനാതത്വങ്ങളുടെ ലംഘനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു. നികുതി, നികുതിയേതര വരുമാനങ്ങള്‍ വീതംവെക്കാന്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് ധനകാര്യകമീഷന്‍. ഈ അധികാരപരിധി ലംഘിക്കുന്ന നിര്‍ദേശങ്ങളാണ് സമിതിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

വി ബി പരമേശ്വരന്‍ deshabhimani 051013

Saturday, September 28, 2013

സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം; പ്രവര്‍ത്തനനേട്ടവും മാനദണ്ഡം

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് പിന്നോക്കാവസ്ഥയ്ക്കൊപ്പം സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും മാനദണ്ഡമാക്കും. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാനായി നിയോഗിച്ച രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ഇതനുസരിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി ധനമന്ത്രി പി ചിദംബരം അറിയിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെയാണ് രഘുറാം രാജനെ സമിതി അധ്യക്ഷനായി നിയമിച്ചത്. സെപ്തംബര്‍ രണ്ടിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡോ. ഷൈബല്‍ ഗുപ്തയുടെ വിയോജനക്കുറിപ്പോടെ അംഗീകരിച്ചു. ഭരത് രാമസ്വാമി, നജീബ് ജംഗ്, നീരജ സി ജയാല്‍, തുഹിന്‍ പാണ്ഡെ എന്നിവരാണ് മറ്റംഗങ്ങള്‍. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ 8.4 ശതമാനം അടിസ്ഥാനസഹായമായി നല്‍കാനും ബാക്കിയുള്ള 91.6 ശതമാനം തുകയുടെ നാലില്‍ മൂന്നുഭാഗം സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ചും നാലിലൊരുഭാഗം സംസ്ഥാനങ്ങളുടെ പ്രകടനം കണക്കിലെടുത്തും നല്‍കണമെന്നുമാണ് സമിതിയുടെ നിര്‍ദേശം. ഏറ്റവും പിന്നണിയിലുള്ള പത്തു സംസ്ഥാനത്തിന് അധികസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

സംസ്ഥാനങ്ങളെ അവയുടെ പ്രവര്‍ത്തനത്തിന്റെയും പിന്നാക്കാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ഏറ്റവും പിന്നണിയിലുള്ളവ, കുറച്ച് വികസനമുള്ളവ, താരതമ്യേന വികസിതമായവ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ വിഭജിച്ചു. താരതമ്യേന വികസിതമായ സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനം ഗോവയ്ക്കും രണ്ടാംസ്ഥാനം കേരളത്തിനുമാണ്. ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനം ഒഡിഷയാണ്. തൊട്ടടുത്ത് ബിഹാര്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയും ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനങ്ങളാണ്. മണിപ്പുര്‍, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ആന്ധ്രപ്രദേശ്, ജമ്മു കശ്മീര്‍, മിസോറം, ഗുജറാത്ത്, ത്രിപുര, കര്‍ണാടകം, സിക്കിം, ഹിമാചല്‍പ്രദേശ് എന്നിവ കുറച്ച് വികസിതമായ സംസ്ഥാനങ്ങളാണ്. താരതമ്യേന വികസിത സംസ്ഥാനങ്ങളില്‍ ഹരിയാണ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് എന്നിവയുമുണ്ട്. പ്രതിശീര്‍ഷവരുമാനം, പ്രതിമാസ ഉപഭോഗ ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, വീടിനുള്ളിലെ സൗകര്യങ്ങള്‍, ദാരിദ്ര്യനിലവാരം, സ്ത്രീ സാക്ഷരത, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ, നഗരവല്‍ക്കരണം, ബാങ്കിങ് സൗകര്യം, കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവയാണ് മാനദണ്ഡങ്ങളായി കണക്കാക്കിയിരിക്കുന്നത്. ദാരിദ്ര്യം നിര്‍ണയിക്കാന്‍ ആസൂത്രണ കമീഷന്റെ മാനദണ്ഡവും കണക്കുകളുമാണ് അടിസ്ഥാനം. ശിശുമരണനിരക്കാണ് ആരോഗ്യത്തിലെ പ്രധാന ഘടകം. നിലവില്‍ ധനകമീഷന്‍ റിപ്പോര്‍ട്ട്, ആസൂത്രണ കമീഷന്‍ ശുപാര്‍ശ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസഹായം നല്‍കുന്നത്.
(വി ജയിന്‍)

deshabhimani

രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിന് തിരിച്ചടി

പ്രത്യേക സാമ്പത്തിക സഹായം ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കായി പിന്നോക്കാവസ്ഥ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ മുന്നോട്ട് വച്ച രഘുറാം രാജന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേരളത്തിന് കനത്ത തിരിച്ചടിയാകും.

പതിറ്റാണ്ടുകളായി ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വരുമാന വിതരണം നടത്തുന്നത്. ആദായനികുതി പോലെയുള്ള നികുതിവരുമാനത്തില്‍ നിന്ന് 29 ശതമാനം തുകയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും രൂപീകരിക്കപ്പെടുന്ന ധനകാര്യ കമ്മീഷനുകളാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടേണ്ട സാമ്പത്തിക വിഭവങ്ങളുടെ അളവ് നിര്‍ണയിക്കുന്നത്. ഈ അളവ് നിര്‍ണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട അളവുകോല്‍ ഗാഡ്ഗില്‍ ഫോര്‍മുലയാണ്. ഈ ഫോര്‍മുലയുടെ പ്രധാന അടിത്തറ പിന്നോക്കാവസ്ഥയാണ്. സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ആ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക വിഭവങ്ങളുടെ അളവ് തീരുമാനിക്കുക. അതായത് പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്നര്‍ത്ഥം.

എന്നാല്‍ ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സാമ്പത്തിക വിഭവ വിതരണത്തിനായി ഉപയോഗിക്കുന്ന ഗാഡ്ഗില്‍ ഫോര്‍മുല പിന്നോക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളത് കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര പോലെയുള്ള സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന വികസിത സംസ്ഥാനങ്ങളെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കയാണ് എന്ന വാദം ശക്തമാണ്. ധനകാര്യ കമ്മീഷനുകളില്‍ നിന്ന് ജനസംഖ്യാനുപാതികമായെങ്കിലും സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ അത് ന്യായമായ വിതരണം എന്ന് കണക്കാക്കാനാകൂ. ഉദാഹരണത്തിന് ഇന്ത്യയുടെ ജനസംഖ്യയില്‍ 4 ശതമാനമാണ് കേരളത്തിന്റെ ജനസംഖ്യ എന്നിരിക്കെ കേന്ദ്ര ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായങ്ങളുടെ 4 ശതമാനമെങ്കിലും ലഭിക്കാന്‍ കേരളത്തിന് അവകാശമുണ്ട്. 11ാം ധനകാര്യകമ്മീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം 4 ശതമാനമായിരുന്നപ്പോള്‍ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് ലഭിച്ചത് 2.8 ശതമാനം മാത്രമാണ്. 12,13 ധനകാര്യകമ്മീഷന്റെ കാലയളവില്‍ അത് 2.6 ശതമാനം, 2.4 ശശതമാനം എന്നിങ്ങനെയായി കുറഞ്ഞു.

അതേസമയം ഗാഡ്ഗില്‍ ഫോര്‍മുലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, വീട്ടുപകരണങ്ങള്‍, ദാരിദ്ര്യം, വനിതാ വിദ്യാഭ്യാസം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണം തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുമ്പോള്‍ വികസനം തീരെയെത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാകും എത്തുക.

വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗോവയും രണ്ടാം സ്ഥാനത്ത് കേരളവുമാണ്.  ഇതോടെ കേരളത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതം പോലും ലഭിക്കാതെയാകും. ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാകട്ടെ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാകും കേന്ദ്ര സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുക.
1996-2001 നായനാര്‍ ഭരണകാലത്ത് വികസ്വര വികസിത സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തുന്ന വരുമാന വിതരണം ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് ശരിയല്ലെന്നും, വികസിച്ചു വരുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ വരുമാന വിതരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും കാണിച്ച് പെര്‍ഫോമിംഗ് സ്‌റ്റേറ്റുകളായ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി 8 സംസ്ഥാനങ്ങള്‍ എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കുകയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കത്തിന് പ്രത്യേക ഫലം ഒന്നും ഉണ്ടായില്ല.

ധനുജ വെട്ടത്ത് janayugom 280913

Thursday, September 26, 2013

വികസനത്തില്‍ കേരളം രണ്ടാമത്, ഗുജറാത്ത് പന്ത്രണ്ടാമത്

വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ തരംതിരിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള പത്തംഗ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കേരളം രണ്ടാമത്. ഗോവയാണ് ഒന്നാംസ്ഥാനത്ത്. പട്ടികയില്‍ ഗുജറാത്ത് 12ാം സ്ഥാനത്താണ്.

ഗോവ മാത്രമാണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിനു മുന്നിലുള്ളത്. തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവയാണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയിലുള്‍പ്പെട്ടത്. ഗുജറാത്ത് വികസ്വര സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. ഒട്ടും വികസനമെത്താത്ത പത്ത് സംസ്ഥാനങ്ങളാണുള്ളതെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍. ഒഡീഷ, ബിഹാര്‍, മധ്യപ്രദേശ്, ചണ്ഡിഗഡ്, ജാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയാണവ.

ബിഹാര്‍ ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങള്‍ കൂടുതല്‍ കേന്ദ്ര സഹായത്തിനായി പിന്നോക്ക പദവി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ധനകാര്യ മന്ത്രാലത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കിയത്. ധനമന്ത്രി പി ചിദംബരമാണ് സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.

deshabhimani