Showing posts with label പ്രതിരോധനയം. Show all posts
Showing posts with label പ്രതിരോധനയം. Show all posts

Wednesday, October 28, 2020

ഇനി സാമന്തരാജ്യം ; ഇന്ത്യ യുഎസ്‌ പ്രതിരോധക്കരാർ ഒപ്പുവച്ചു

 ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ ഉൾപ്പെടെ പരസ്‌പരം കൈമാറുന്നതിനുള്ള കരാറിൽ  (ബെക്ക)ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങൾക്കുള്ള‌ സൗകര്യദാതാവാക്കി മാറ്റുന്ന നാല്‌ കരാറും ഇതോടെ നിലവിൽവന്നു. വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ എന്നിവർ അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക്‌ പോംപിയോ, പ്രതിരോധസെക്രട്ടറി മാർക്ക്‌ ടി എസ്‌പർ എന്നിവരുമായി നടത്തിയ ടു പ്ലസ്‌ ടു ചർച്ചയിലാണ്‌ ബെക്ക (അടിസ്ഥാന വിനിമയ സഹകരണ കരാർ) ഒപ്പിട്ടത്‌.

അമേരിക്കയുടെ ശിങ്കിടിയായി ഇന്ത്യയെ മാറ്റുന്ന കരാറുകളുടെ പൂർത്തീകരണമാണ്‌ ബെക്ക. മിസൈലുകൾ നിർദിഷ്ട ലക്ഷ്യത്തിൽ എത്തിക്കാൻ ഉതകുന്ന സാഹചര്യം ഒരുക്കാനാണ്‌ ‌ബെക്ക ഉപകരിക്കുകയെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. പ്രായോഗികമായി അമേരിക്കയ്‌ക്കാണ്‌ ഇതിന്റെ പ്രയോജനം. കരാറിന്റെ ഭാഗമായി, ഇന്ത്യയുടെ സമുദ്രയാന നിരീക്ഷണകേന്ദ്രത്തിൽ അമേരിക്കയ്‌ക്കും ബഹ്‌റൈനിലെ അമേരിക്കൻ നിരീക്ഷണകേന്ദ്രത്തിൽ ഇന്ത്യക്കും പ്രവേശിക്കാം.

അമേരിക്കയുടെ കേന്ദ്ര സൈനിക കമാൻഡുകൾക്ക്‌ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിയന്ത്രണം കൈവരും. അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങി മലബാർ നാവിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയെയും പങ്കാളിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ടു പ്ലസ്‌ ടു കൂടിക്കാഴ്‌ച സ്വാഗതം ചെയ്‌തു.

പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കാനും ഉഭയകക്ഷി തന്ത്രപ്രധാന  താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ്‌ കരാർ ഒപ്പിട്ടതെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരു സൈന്യവും തമ്മിലുള്ള സഹകരണം വളർന്നുവരികയാണ്‌. സൈനിക വൈദഗ്‌ധ്യം പരസ്‌പരം പ്രയോജനപ്പെടുത്തും– -രാജ്‌നാഥ്‌ പറഞ്ഞു

ഇരുരാജ്യവും തമ്മിൽ 2016ൽ ഒപ്പിട്ട ലമോവ കരാർ വഴി സൈനികത്താവളങ്ങൾ പരസ്‌പരം ഉപയോഗിക്കാനും സൈനികനീക്കങ്ങൾക്ക്‌ സഹായം നൽകാനും കഴിയും. പരസ്‌പരം വിവരവിനിമയം നടത്താൻ 2018ൽ കോംകാസ ഉടമ്പടി ഒപ്പുവച്ചു. വാജ്‌പേയി സർക്കാരിന്റെ കാലത്ത്‌ 2002ൽ സൈനിക സഹകരണത്തിനുള്ള പൊതുഉടമ്പടിയും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവൽ എന്നിവരുമായും  അമേരിക്കൻ സംഘം കൂടിക്കാഴ്‌ചനടത്തി.

Tuesday, September 29, 2020

പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങള്‍ നിലവാരം കുറഞ്ഞത്; ജീവന്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്; ഗുരുതര ആരോപണവുമായി സൈന്യം

 ന്യൂഡല്‍ഹി> പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധ നിര്‍മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. 2014-2020 വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപ വരുമെന്നും ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യത്തിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ ടുഡേ' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്‌; സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു

പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. 2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്

'ഒ.എഫ്.ബി ആയുധങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍' , എന്ന ഭാഗത്തില്‍ അപകടങ്ങളുടെ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം 2014 മുതല്‍ ഇതുവരെ 403 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 27 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 159 പേര്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി'.

സൈന്യം തന്നെ പ്രതിരോധം മന്ത്രാലയത്തിനെതിരെ  ആരോപണം ഉയര്‍ത്തിയതോടെ കേന്ദ്രം പ്രതിസന്ധിയിലായിരിക്കുകയാണ്‌

നീതി ലഭിക്കുമോ? മുൻ സൈനികന്റെ നിയമയുദ്ധത്തിന്‌ നാല്‌ പതിറ്റാണ്ട്‌

അകാരണമായി സൈന്യത്തിൽനിന്ന്‌ പിരിച്ചുവിട്ടതിനെതിരെ നാല്‌ പതിറ്റാണ്ടിലേറെയായി നിയമയുദ്ധത്തിന്റെ വഴിയിലാണ്‌ കാപ്പാട് മാതൃഭൂമി സ്റ്റോപ്പിലെ രമാ നിവാസിൽ പി പി കുമാരൻ. ദാരിദ്ര്യം പിടിമുറുക്കിയപ്പോഴാണ്‌ 1963ൽ തലശേരിയിൽ നടന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതും തുടർന്ന്‌ സൈന്യത്തിൽ ജോലി ലഭിക്കുന്നതും. ഇന്ത്യൻ കരസേനയിൽ ജബൽപൂരിലെ സിഗ്നൽ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം.

ഒമ്പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അന്ന്‌ കുമാരൻ.  എന്നാൽ പെട്ടെന്ന് ഒരു ദിവസമാണ് ആ അറിയിപ്പ് കുമാരന്‌ ലഭിക്കുന്നത്. ‘താങ്കളുടെ സേവനം ഇനി പട്ടാളത്തിന് ആവശ്യമില്ല'. കാരണം വ്യക്തമാക്കാതെയുള്ള പിരിച്ചുവിടൽ. സൈന്യത്തിൽ ഒരുവർഷം പോലും തികയും മുമ്പേയുള്ള പിരിച്ചുവിടൽ അന്ന്‌ ഇരുപത്തിരണ്ടുകാരനായ കുമാരനെ തളർത്തി.  ‘കമ്യൂണിസ്റ്റ് വെരിഫിക്കേഷൻ ' എന്ന നിഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. കുമാരൻ അന്ന്‌ കമ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകനായിരുന്നില്ല.  അനുഭാവി മാത്രമായിരുന്നു. അക്കാലത്ത്‌ ഇത്തരത്തിൽ ഉത്തര മലബാറിൽ  ആയിരത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. 

അന്യായമായ  പിരിച്ചുവിടലിനെതിരെ നിയമയുദ്ധത്തിന്റെ പാതയിലായി പിന്നീട് കുമാരൻ.  ജീവിതം കരുപ്പിടിപ്പിക്കാൻ  ബീഡിത്തൊഴിലാളിയായും നെയ്തുകാരനായും പത്ര വിതരണക്കാരനായും  വേഷമിട്ടു.  ഗുജറാത്ത് കേന്ദ്രമാക്കി ഇക്കാലത്ത്‌ തുണി വ്യവസായവും തുടങ്ങി. ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.  സൈനിക ഓഫീസിൽ കത്തിടപാട്‌ നടത്താനായി മാത്രം ഹിന്ദി വിശാരദ് പഠിച്ചു.

നീതിക്കായി പോരാടാൻ സംഘടനയും രൂപീകരിച്ചു. പ്രായാധിക്യം മാനിച്ച് എക്സ് സർവീസ്‌ മെൻ സ്റ്റാറ്റസ് അനുവദിക്കണമെന്ന് 2017ൽ ഹൈക്കോടതി  ഉത്തരവിട്ടു. എന്നാൽ, ആനുകൂല്യം ഒന്നും നൽകാൻ അധികൃതർ തയ്യാറായില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ  സൈനിക ക്ഷേമ ഓഫീസറോട് കലക്ടർ വിശദീകരണം തേടിയിട്ടുണ്ട്.  സഹകരണ സ്ഥാപനത്തിൽനിന്നും വിരമിച്ച രമയാണ് ഭാര്യ. 

ബി കെ ഉല്ലാസ് 

2290 കോടിയുടെ പ്രതിരോധ സംഭരണത്തിന്‌ അനുമതി

ഇന്ത്യ–- ചൈന അതിർത്തിസംഘർഷം തുടരവെ 2290 കോടി രൂപയുടെ ആയുധസംഭരണത്തിന്‌ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡിഎസി) അനുമതി നൽകി. അതിർത്തി സൈനികർക്കായി 780 കോടി രൂപ മുതൽമുടക്കി അമേരിക്കയിൽനിന്ന്‌ 72,000 സിഗ്‌ സോർ അസോൾട്ട്‌ റൈഫിളുകൾ  വാങ്ങും. തദ്ദേശീയമായ സംഭരണവിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റാറ്റിക്‌ ഹൈഫ്രീക്വൻസി ടാൻസ്‌ റിസീവർ സെറ്റുകളും സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും. നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കുമായി‌ 970 കോടി രൂപ മുതൽമുടക്കി സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും‌.  540 കോടി രൂപ മുതൽമുടക്കിൽ വാർത്താവിനിമയത്തിനായി റേഡിയോസെറ്റുകൾ വാങ്ങുന്നത്‌ കരസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിനായാണ്‌.

പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎസി യോഗത്തിൽ മൂന്ന്‌ സേനാമേധാവികളും ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. 2290 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നതിനു പുറമെ പുതിയ പ്രതിരോധ ഏറ്റെടുക്കൽ പ്രക്രിയക്കും (ഡിഎപി 2020) സമിതി അംഗീകാരം നൽകി.

വിവാദമായ റഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ‘ഓഫ്സെറ്റ്‌’ മാനദണ്ഡം പുതുക്കിയ സംഭരണപ്രക്രിയയിൽ ഒഴിവാക്കി. 300 കോടി രൂപയ്‌ക്കു മേലെയുള്ള പ്രതിരോധ സംഭരണമുണ്ടാകുമ്പോൾ പങ്കാളിയാകുന്ന വിദേശകമ്പനി ആകെ കരാർത്തുകയുടെ 30 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കണമെന്നതാണ്‌ ‘ഓഫ്‌സെറ്റ്‌’ നയം. പുതുക്കിയ ഏറ്റെടുക്കൽ പ്രക്രിയ പ്രകാരം സർക്കാരുകൾ തമ്മിലുള്ള പ്രതിരോധകരാറുകളിൽ ‘ഓഫ്‌സെറ്റ്‌’ വ്യവസ്ഥ വേണ്ടെന്ന നിലപാടാണെടുത്തിരിക്കുന്നത്‌.

Saturday, May 31, 2014

പ്രതിരോധമേഖലയില്‍ 100% വിദേശനിക്ഷേപം

പ്രതിരോധമേഖലയില്‍ നൂറുശതമാനവും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗിക നടപടി തുടങ്ങി. വാണിജ്യ-വ്യവസായമന്ത്രാലയം ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കി. അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചേക്കും. എല്ലാമേഖലകളിലും 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള നീക്കത്തിനു പിന്നാലെയാണ് പ്രതിരോധ രംഗത്തെ നൂറു ശതമാനം നിക്ഷേപ നീക്കം. ആര്‍എസ്എസ് പിന്തുണയോടെയാണ് മോഡി സര്‍ക്കാര്‍ നവസാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്.

"ഞങ്ങള്‍ സാമ്പത്തിക മൗലികവാദികളല്ല" എന്നാണ് എഫ്ഡിഐയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി അംഗം രാം മാധവിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികനയം രാജ്യത്തിന് ഗുണം ചെയ്യുമെന്നും രാം മാധവ് പറഞ്ഞു.

രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രതിരോധമേഖലയില്‍ എഫ്ഡിഐ അനുവദിച്ചിരുന്നില്ല. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഇത് 26 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതാണ് നൂറുശതമാനമാക്കുന്നത്. ഇക്കാര്യം അധികാരമേറ്റെടുത്തശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കിയിരുന്നു.

പ്രതിരോധമേഖലയുടെ മരവിപ്പ് മറികടക്കാന്‍ വിദേശനിക്ഷേപമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ബിജെപിയുടെ നിലപാട്. തീരുമാനം എത്രയുംവേഗം നടപ്പാക്കിയെടുക്കുക എന്ന തന്ത്രമാണ് ജെയ്്റ്റ്ലിക്ക് ധനമന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെ ചുമതലകൂടി നല്‍കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഇരുമന്ത്രാലയവും തന്റെ കീഴിലായതിനാല്‍ തടസ്സമില്ലാതെ ജെയ്റ്റ്ലിക്ക് മുന്നോട്ടുപോകാം. പ്രതിരോധമേഖലയില്‍ ഉടന്‍തന്നെ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തശേഷം അദ്ദേഹത്തെ മാറ്റാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആലോചിക്കുന്നത്.

എല്ലാ മേഖലയിലും 49 ശതമാനം എഫ്ഡിഐ അനുവദിക്കണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍,സബര്‍ബന്‍ ഇടനാഴി, അതിവേഗപാത, തുറമുഖം, ഖനം, കെട്ടിടനിര്‍മാണം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാകും ഇത്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനുള്ള നീക്കവുമുണ്ട്. റോഡ്, ഊര്‍ജം, തുറമുഖപദ്ധതികളില്‍ നികുതിരഹിത ബോണ്ടുകളും ഇറക്കാനും മോഡിസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം റിസര്‍വ് ബാങ്കിന് അയക്കുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം സംഘടിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നും ധനവകുപ്പ് ശുപാര്‍ശ ചെയ്യുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി പറഞ്ഞിരുന്നു.

deshabhimani

Monday, April 21, 2014

കരസേനാ മേധാവി നിയമനവും വിവാദത്തില്‍

ന്യൂഡല്‍ഹി: നാവികസേനാമേധാവി നിയമനത്തിനു പിന്നാലെ കരസേനാമേധാവി നിയമനീക്കവും വിവാദത്തിലേക്ക്. വഴിവിട്ട നിയമനടപടികളിലും വിവാദങ്ങളിലും സൈന്യത്തില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. സേനാമേധാവി നിയമനങ്ങളിലെങ്കിലും രാഷ്ട്രീയം കലര്‍ത്തരുതെന്ന അഭിപ്രായം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. എ കെ ആന്റണി പ്രതിരോധ മന്ത്രിയായതോടെയാണ് സേനാമേധാവി നിയമനം വിവാദങ്ങളില്‍ കുടുങ്ങിയത്. സര്‍ക്കാരിനും മന്ത്രിക്കും ഉറച്ചതീരുമാനമെടുക്കാന്‍ കഴിയാത്തതാണ് കാര്യങ്ങള്‍ വഷളാക്കിയത്. നാവികസേനാമേധാവി നിയമനമാണ് ആദ്യം വിവാദമായത്. മുങ്ങിക്കപ്പലുകളും കപ്പലുകളും തുടര്‍ച്ചയായി അപകടങ്ങളില്‍പ്പെടുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി പദവി രാജിവയ്ക്കുകയായിരുന്നു.

കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരുന്നതും പഴയ കപ്പലുകള്‍ മാറ്റുന്നതിലെ വീഴ്ചയുമാണ് തുടര്‍ച്ചയായ ദുരന്തങ്ങള്‍ക്ക് വഴിവച്ചത്. മതിയായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരാണ് അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍, ആന്റണി അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ ജോഷി സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുകയായിരുന്നു. ആന്റണിയാകട്ടെ മടിയില്ലാതെ രാജി സ്വീകരിച്ചു. ജോഷിയുടെ രാജിയോടെ അധികാരമാറ്റം വിവാദത്തിലായി. കീഴ്വഴക്കമനുസരിച്ച് ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് അടുത്ത മേധാവി. അഡ്മിറല്‍ റോബിന്‍ ധൊവാന് മേധാവിയുടെ താല്‍ക്കാലിക ചുമതല നല്‍കിയ സര്‍ക്കാര്‍ സ്ഥിരനിയമനം അനന്തമായി നീട്ടി. ഒടുവില്‍ ഏറ്റവും സീനിയറായ പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞ് അദ്ദേഹത്തേക്കാള്‍ ജൂനിയറായ റോബിന്‍ ധൊവാനെ പ്രതിഷ്ഠിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് സിന്‍ഹ സ്വയംവിരമിക്കലിന് അപേക്ഷിച്ചത്. കരസേനാമേധാവി ബിക്രംസിങ് ജൂലൈയില്‍ വിരമിക്കുകയാണ്. ഇപ്പോഴത്തെ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗിനെ പകരം നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതും വിവാദമുയര്‍ത്തുകയാണ്്. ബിജെപി ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷന് കത്തയച്ചു.

മുന്‍ കരസേനാമേധാവിയും ബിജെപി നേതാവുമായ ജനറല്‍ വി കെ സിങ്ങാണ് സുഹാഗിന്റെ വരവിനെ എതിര്‍ക്കുന്നത്. വി കെ സിങ് മേധാവിയായിരിക്കെ അച്ചടക്കമില്ലായ്മ ആരോപിച്ച് സുഹാഗിന്റെ സ്ഥാനക്കയറ്റത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വി കെ സിങ്ങിനു ശേഷം സ്ഥാനമേറ്റ ബിക്രംസിങ് വിലക്ക് പിന്‍വലിച്ച് അദ്ദേഹത്തെ ഉപമേധാവിയാക്കി. സുഹാഗിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ കുടുംബപരമായ താല്‍പ്പര്യങ്ങളുമുണ്ട്. സുഹാഗിന് അല്ലെങ്കില്‍ അടുത്ത അവസരം തെക്കന്‍ കരസേനാ കമാന്‍ഡ്് ലെഫ്. ജനറല്‍ അശോക് സിങ്ങിനാണ്. വി കെ സിങ്ങിന്റെ മകളെ വിവാഹം കഴിച്ചത് അശോക് സിങ്ങിന്റെ മകനാണ്. എന്നാല്‍, ബിജെപി പുറത്തുപറയുന്ന കാരണങ്ങള്‍ ഇതല്ല. നാവികസേനാമേധാവി നിയമനത്തില്‍ സീനിയോറിറ്റി മറികടന്ന സര്‍ക്കാര്‍ കരസേനയില്‍ എന്തുകൊണ്ട് സീനിയോറിറ്റി മുറുകെ പിടിക്കുന്നുവെന്നാണ്. ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ബിജെപി തിരിച്ചടിക്കുന്നതും ഇതേ കാര്യം തന്നെ.

deshabhimani

Tuesday, April 15, 2014

ഇന്ത്യ-പാക് സമാധാനകരാര്‍ അട്ടിമറിച്ചത് ആന്റണി: ബാരു

സിയാചിന്‍ മേഖല സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും സമാധാനകരാറില്‍ എത്തുന്നത് അട്ടിമറിച്ചത് എ കെ ആന്റണി ഉള്‍പ്പെടെയുള്ളവരാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമാധാനകരാര്‍ ഒപ്പിടാന്‍ ആഗ്രഹിച്ചിരുന്നു. 2005 ജൂണില്‍ അദ്ദേഹം സിയാചിന്‍ സന്ദര്‍ശിച്ചു. എന്നാല്‍, ചരിത്രപരമായ കരാര്‍ ഒപ്പിടുന്നതിന്റെ ഖ്യാതി മന്‍മോഹന്‍സിങ്ങിന് ലഭിക്കരുതെന്ന് നെഹ്റു-ഗാന്ധി കുടുംബത്തോടൊപ്പം എ കെ ആന്റണിയും പ്രണബ് മുഖര്‍ജിയും ചിന്തിച്ചു- "ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍" എന്ന പുസ്തകത്തില്‍ സഞ്ജയ ബാരു വെളിപ്പെടുത്തി.

സിയാചിനെ "സമാധാനത്തിന്റെ മല"യായി മാറ്റാന്‍ മന്‍മോഹന്‍സിങ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, രാജ്യത്തിനുള്ളില്‍ ഇതിന് പിന്തുണ ലഭിച്ചില്ല. സോണിയ ഗാന്ധി പുറമേയ്ക്ക് കരാറിനെ അനുകൂലിച്ചു. അതേസമയം, കശ്മീര്‍പ്രശ്നത്തിന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തോളം വേരുകള്‍ ഉള്ളതാണ്. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം സാധാരണനിലയില്‍ കൊണ്ടുവന്നുവെന്ന കീര്‍ത്തി മന്‍മോഹന്‍സിങ്ങിന് ലഭിക്കുന്നതിനോട് നെഹ്റു-ഗാന്ധി കുടുംബത്തിന് യോജിക്കാനാവുമായിരുന്നില്ല. രാഹുല്‍ഗാന്ധിയുടെ കാലംവരെ ഇതിനായി കാത്തിരിക്കണമെന്ന് സോണിയ ആഗ്രഹിച്ചു. ഇക്കാര്യത്തില്‍ എ കെ ആന്റണിയുടെ നിലപാട് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ മനോവികാരത്തിന് അനുസൃതമായിരുന്നെന്ന് കരുതണമെന്ന് പുസ്തകം പറയുന്നു.

2005ല്‍ പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും തുടര്‍ന്നുവന്ന ആന്റണിയും ഇതില്‍ ഉത്സാഹം കാട്ടിയില്ല. കരാര്‍ ഒപ്പിടണമെങ്കില്‍ പാകിസ്ഥാന്‍ ചില കടുത്ത വ്യവസ്ഥകള്‍ പാലിക്കണമെന്ന നിര്‍ദേശം ഇന്ത്യന്‍ ഭാഗത്തുനിന്നുണ്ടായി. ഇക്കാര്യത്തില്‍ അന്നത്തെ കരസേനാമേധാവി ജനറല്‍ ജെ ജെ സിങ്ങിനും പങ്കുണ്ട്. അടച്ച മുറികളില്‍ നടന്ന ചര്‍ച്ചകളില്‍ ജനറല്‍ ജെ ജെ സിങ് സമാധാനകരാറിനെ അനുകൂലിച്ചു. എന്നാല്‍, പ്രധാനമന്ത്രിയെ പിന്തുണയ്ക്കരുതെന്ന് അദ്ദേഹം ആന്റണിയോടും മറ്റും പറഞ്ഞു. ബാരുവിന്റെ വെളിപ്പെടുത്തല്‍ ജനറല്‍ സിങ് നിഷേധിച്ചു. പ്രതിരോധകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അറിവ് ബാരുവിനില്ലെന്ന് സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഫയലുകള്‍ സോണിയ ഗാന്ധി കണ്ടിരുന്നതായും ബാരുവിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പുസ്തകം തികച്ചും നിഷ്പക്ഷമായി എഴുതിയതാണെന്നും യുപിഎയ്ക്ക് എതിരായ കാര്യങ്ങളെ മാത്രമാണ് അവര്‍ വിമര്‍ശിക്കുന്നതെന്നും ബാരു പറയുന്നു.

deshabhimani

Tuesday, April 1, 2014

ഹെര്‍ക്കുലിസ് വിമാനങ്ങളില്‍ വ്യാജ ഉപകരണം

ന്യൂഡല്‍ഹി: ഇന്ത്യ ഈയിടെ അമേരിക്കയില്‍നിന്ന് വാങ്ങിയ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളിലെ ഡിസ്പ്ലേ സംവിധാനങ്ങളില്‍ കൃത്രിമ ഇലക്ട്രോണിക്സ് സാമഗ്രികള്‍. പറക്കലിനിടെ വിവരശേഖരം നഷ്ടപ്പെടുകയോ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്ന ഡിസ്പ്ലേ യൂണിറ്റുകളാണ് ഈ വിമാനങ്ങളിലുള്ളതെന്ന് അമേരിക്കയും കനഡയും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ വ്യോമസേന ഇക്കാര്യം 2012ല്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും വിവരം ഇന്ത്യയെ അറിയിച്ചിരുന്നോ എന്ന് വ്യക്തമല്ല.

ആറ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങള്‍ 6000 കോടി രൂപയ്ക്ക് വാങ്ങാന്‍ 2010ലാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഇതിലൊന്നാണ് കഴിഞ്ഞദിവസം ഗ്വാളിയറില്‍ തകര്‍ന്ന് അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയത്. ഇത്തരം ആറ് വിമാനംകൂടി വാങ്ങാന്‍ തിരക്കിട്ട് നീക്കം നടക്കുകയാണ്. എ കെ ആന്റണിയുടെ കാലത്തെ മറ്റൊരു പ്രതിരോധ ഇടപാടുകൂടി ഇതോടെ വിവാദത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയിലെ പ്രമുഖ സ്വകാര്യകമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളുടെ നിര്‍മാതാക്കള്‍. ഇവരുടെ സി-130 ജെ, സി-27 ജെ വിമാനങ്ങളില്‍ ചൈനയിലെ ഷെഹ്സെനില്‍ പ്രവര്‍ത്തിക്കുന്ന ഹോങ്ഡാര്‍ക്ക് ഇലക്ട്രോണിക് ട്രേഡ് കമ്പനിയില്‍ നിര്‍മിച്ച വ്യാജ ഇലക്ട്രോണിക് ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. ഹോംഡാര്‍ക്കില്‍നിന്ന് അമേരിക്കന്‍ വിപണനകമ്പനിയായ ഗ്ലോബല്‍ ഐസിവഴിയാണ് ലോക്ഹീഡ് ഇത്തരം കൃത്രിമ സാമഗ്രികള്‍ വാങ്ങുന്നത്. ആഭ്യന്തര പരിശോധനയ്ക്കിടെ സി-130 ജെ, സി-27 ജെ വിമാനങ്ങളിലെ ഡിസ്പ്ലേ സംവിധാനങ്ങളില്‍ ഗുരുതര പിഴവുകള്‍ കണ്ടതോടെയാണ് അമേരിക്കന്‍ വ്യോമസേന 2010ല്‍ അന്വേഷണം ആരംഭിച്ചത്. 27 ശതമാനംവരെ പിഴവാണ് പ്രകടമായത്. തുടര്‍ന്ന് ചിപ്പുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. തീരെ ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക് സാമഗ്രികളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ വ്യോമസേന ഹോംഡാര്‍ക്ക് കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി. അമേരിക്കന്‍ സെനറ്റിന്റെ പ്രതിരോധസമിതി നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ പ്രതിരോധ സംഭരണ നടപടികളില്‍ ഒട്ടേറെ അപാകതയും കണ്ടെത്തി. തുടര്‍ന്ന് അമേരിക്കന്‍ വ്യോമസേന ലോക്ഹീഡ് മാര്‍ട്ടിന് ശക്തമായ താക്കീത് നല്‍കുകയും വ്യാജ ഇലക്ട്രോണിക് സംവിധാനങ്ങള്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ലോക്ഹീഡ് ഉടന്‍തന്നെ ഇക്കാര്യം ചെയ്തുകൊടുക്കുകയുംചെയ്തു. എല്ലാ വിമാനങ്ങളിലും ഇത്തരം വ്യാജ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും കുഴപ്പം കണ്ടെത്തിയ സംവിധാനങ്ങളിലെ പിഴവുകള്‍ പരിഹരിച്ചെന്നുമാണ് ലോക്ഹീഡ് മാര്‍ട്ടിന്റെ നിലപാട്. എന്നാല്‍, 84,000 വ്യാജ ഇലക്ട്രോണിക് സാമഗ്രികള്‍ ഹോങ് ഡാര്‍ക്കില്‍നിന്ന് അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് സെനറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. മറ്റു രാജ്യങ്ങള്‍ക്ക് വിറ്റ വിമാനങ്ങളില്‍ ഇത്തരം വ്യാജ ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

15 രാജ്യങ്ങള്‍ക്കായി 250 സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങള്‍ ലോക്ഹീഡ് നല്‍കിയിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ചരക്ക്കടത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സജ്ജീകരിച്ച വിമാനമാണ് സൂപ്പര്‍ ഹെര്‍ക്കുലിസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പരിശീലനപറക്കലിനിടെയാണ് ഗ്വാളിയറില്‍ വിമാനം തകര്‍ന്നത്്. ഇപ്പോള്‍ ദുരന്തമുണ്ടായ സാഹചര്യത്തില്‍ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ കബളിപ്പിക്കപ്പെട്ടതാണോ,അതോ വിവരം ലഭിച്ചിട്ടും മറച്ചുപിടിച്ച് വിമാനങ്ങള്‍ വാങ്ങുകയാണോ എന്നത് പരിശോധിക്കേണ്ടിവരും. അമേരിക്കയിലെ ബോയിങ് കമ്പനി നിര്‍മിച്ച പി8എ- പൊസൈഡന്‍ വിമാനങ്ങളിലും ഹോങ്ഡാര്‍ക്ക് കമ്പനിയുടെ വ്യാജ ഇലക്ട്രോണിക് സാമഗ്രികള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സെനറ്റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാജന്‍ എവുജിന്‍

Sunday, March 30, 2014

പ്രതിരോധമില്ലാതെ ആന്റണി

കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചത്. ഇതില്‍ കൂടുതല്‍ സമയവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും വിവിധ സേനാവിഭാഗങ്ങളില്‍ നടക്കുന്ന അപകടങ്ങളെക്കുറിച്ചും പിടിപ്പുകേടിനെക്കുറിച്ചുമുള്ള വിമര്‍ശങ്ങളെ പ്രതിരോധിക്കാനാണ് അദ്ദേഹം ചെലവഴിച്ചത്. പക്ഷേ ഈ ശ്രമങ്ങളെല്ലാം വിഫലമായി.

ഇന്ത്യന്‍ പ്രതിരോധസംവിധാനം ഇതഃപര്യന്തമില്ലാത്ത തകര്‍ച്ചയിലാണ് പതിച്ചിരിക്കുന്നത്. വ്യോമസേനയുടെ വിമാനങ്ങള്‍ തകര്‍ന്ന് സൈനികര്‍ മരിക്കുന്നത് നിത്യസംഭവമായി. നാവികസേനയുടെ കപ്പലുകളിലും അന്തര്‍വാഹിനികളിലും അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാണ്. ഐഎന്‍എസ് സിന്ധുരത്നയിലെ അപകടത്തെ തുടര്‍ന്നാണ് നാവികസേനാമേധാവി രാജിവയ്ക്കേണ്ടിവന്നത്. സൈന്യത്തിലെ അസംതൃപ്തിയും മോശമായ അന്തരീക്ഷവും കാരണം ഒരു വര്‍ഷം നൂറ് സൈനികരെങ്കിലും ആത്മഹത്യ ചെയ്യുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷ പാര്‍ടികള്‍ നടത്തുന്ന വിമര്‍ശങ്ങളെ രാഷ്ട്രീയമെന്നുപറഞ്ഞ് തള്ളിക്കളയുന്ന ആന്റണി, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ ധനമന്ത്രി പി ചിദംബരത്തിന്റെ വിമര്‍ശത്തെ എന്തുപറഞ്ഞ് നേരിടും?

പ്രതിരോധമന്ത്രാലയത്തിന് അനുവദിക്കുന്ന ഫണ്ട് ബുദ്ധിപരമായും ഫലപ്രദമായും ചെലവഴിക്കുന്നില്ലെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശം. 18 നാവികര്‍ മരിച്ച ഐഎന്‍എസ് സിന്ധുരക്ഷക് അപകടം, രണ്ട് നാവികസേനാ ഓഫീസര്‍മാര്‍ മരിച്ച ഐഎന്‍എസ് സിന്ധുരത്ന അപകടം തുടങ്ങി നാവികസേനയുടെ കപ്പലുകളും അന്തര്‍വാഹിനികളും തുടരെത്തുടരെ അപകടത്തില്‍ പെടുന്നത് വളരെ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. ഐഎന്‍എസ് സിന്ധുരത്ന അപകടത്തെ തുടര്‍ന്ന് നാവിസേനാമേധാവി അഡ്മിറല്‍ ഡി കെ ജോഷി 2014 ഫെബ്രുവരി 26ന് രാജിവച്ച ഒഴിവില്‍ പകരം ആളെ നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നാവികസേന ഇത്തരമൊരു പ്രതിസന്ധി ഇതുവരെ നേരിട്ടിട്ടില്ല. ഒരു സൈനികവിഭാഗം തലവനില്ലാതെ പ്രവര്‍ത്തിക്കുകയാണ്. വ്യോമസേനകളുടെ വിമാനങ്ങള്‍ തുടരെത്തുടരെ അപകടത്തില്‍പെട്ട് വൈമാനികര്‍ മരിക്കുന്നു. മിഗ് 21 വിമാനങ്ങളില്‍ പകുതിയും അപകടത്തില്‍ ഇല്ലാതായി. എ കെ ആന്റണി അധികാരമേറ്റ 2006 മുതല്‍ ഇതുവരെ എണ്‍പതോളം സൈനിക വിമാനാപകടങ്ങളില്‍ നൂറിലധികംപേര്‍ മരിച്ചു.

ഏറ്റവുമൊടുവില്‍ ഗ്വാളിയറിനടുത്ത് തകര്‍ന്ന സൂപ്പര്‍ ഹെര്‍കുലിസ് എന്ന അത്യാധുനികവിമാനം അഞ്ച് പേരുടെ ജീവനാണ് കവര്‍ന്നത്. അമേരിക്കയില്‍നിന്ന് വാങ്ങിയ ഈ വിമാനത്തിന്റെ എഞ്ചിന്‍ റോള്‍സ് റോയ്സിന്റേതാണ്. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ഏറോനാട്ടിക്കല്‍സ് ലിമിറ്റഡില്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് എന്‍ജിന്‍ നല്‍കുന്നതിനുള്ള കരാറിനായി റോള്‍സ് റോയ്സ് വന്‍ കോഴ നല്‍കിയെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാനും പ്രതിരോധമന്ത്രി ഉത്തരവായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ച മന്ത്രിയെന്ന റെക്കോഡിനൊപ്പം മറ്റൊരു റെക്കോഡ് കൂടി എ കെ ആന്റണിക്ക് ചാര്‍ത്തിക്കൊടുക്കാം. പ്രതിരോധ മന്ത്രിയായിരിക്കെ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിയെന്ന റെക്കോഡ്. മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുന്നതാണ് തന്റെ രീതിയെന്നാണ് ആന്റണി പറയുന്നത്. പുറത്തുകൊണ്ടുവന്നില്ലെങ്കില്‍, മറ്റാരും അറിഞ്ഞില്ലെങ്കില്‍ അഴിമതി തുടരുമെന്നാണോ അര്‍ഥമാക്കുന്നത്?

വി ജയിന്‍

പൊതുമേഖല കാലഹരണപ്പെട്ട ആശയഗതിയെന്ന് ആന്റണി

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ യുദ്ധോപകരണങ്ങളുടെയും വാഹനങ്ങളുടെയും മറ്റും നിര്‍മാണം പൊതുമേഖലയിലാക്കുന്നതിനെ "കാലഹരണപ്പെട്ട ആശയഗതി" യെന്നാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി വിശേഷിപ്പിക്കുന്നത്. പ്രതിരോധ മന്ത്രി പദവിയിലിരുന്ന ഏഴ് വര്‍ഷക്കാലവും പ്രതിരോധ ഉല്‍പാദനം സ്വകാര്യമേഖലക്ക് കൈമാറുന്ന നയങ്ങളാണ് ആന്റണി നടപ്പാക്കിയത്. നവ ഉദാരവത്ക്കരണ നയത്തിനൊപ്പം സഞ്ചരിക്കുന്ന ആന്റണി ഈ നയത്തെ എതിര്‍ക്കുന്നവരെ കാലഹരണപ്പെട്ട ആശയഗതിക്കാരെന്ന് ആക്ഷേപിക്കുകയാണ്. ഇടതുപക്ഷത്തെയാണ് ഇതിലൂടെ ആന്റണി പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തതക്കായി പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന ആന്റണി ഇപ്പോഴും വിദേശ ഇറക്കുമതിയെ മാത്രമാണ് ആശ്രയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് പൊതുമേഖലയില്‍ വന്‍തോതില്‍ വ്യവസായങ്ങള്‍ ആരംഭിച്ചത്. എന്നിട്ടും ഇപ്പോഴും ട്രക്ക് മുതല്‍ ഏക എന്‍ജിന്‍ വിമാനങ്ങള്‍വരെ വിദേശത്തുനിന്ന് വാങ്ങുകയാണ്. അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് കൂടുതല്‍ ആയുധങ്ങളും വാങ്ങുന്നത്. ഈ ഇടപാടിലാകട്ടെ വന്‍ അഴിമതിയുമുണ്ട്. താന്‍ അഴിമതിക്കാരനല്ലെന്ന് പറഞ്ഞ് എല്ലാ അഴിമതിക്കാര്‍ക്കും കാവലാളാവുകയാണ് ആന്റണി. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പ്രതിരോധ സംഭരണ നയവും പ്രതിരോധ ഉല്‍പ്പന്ന നയവും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. നിശ്ചിത ശതമാനം തദ്ദേശീയ കമ്പനികളില്‍ നിന്ന് വാങ്ങുമെന്നാണ് ഈ നയം പറയുന്നത്. രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമെന്നര്‍ഥം. അതായത് പ്രതിരോധ മേഖലയുടെ സ്വയംപര്യാപ്തത പൊതുമേഖലയിലൂടെയല്ല മറിച്ച് സ്വകാര്യമേഖലയിലുടെയാണ്. രാജ്യത്ത് പ്രതിരോധ മേഖലയില്‍ വന്‍ കമ്പനികളൊന്നുമില്ല. പ്രത്യേകിച്ചും അത്യന്താധൂനിക സാങ്കേതികവിദ്യ ആവശ്യമുള്ള മേഖലയില്‍. ഉടന്‍ ലാഭം കിട്ടാന്‍ സാധ്യതയില്ലാത്തതിനാലാണിത്. അതുകൊണ്ട് നിശ്ചിത ശതമാനം തദ്ദേശീയ ഉല്‍പന്നങ്ങള്‍ ലഭിക്കില്ലെന്നുറപ്പാണ്. സ്വാഭാവികമായും പ്രസ്തുത സാധനങ്ങള്‍ക്കായി വീണ്ടും വിദേശകമ്പനികളെ സമീപിക്കാം.

ആന്റണിയുടെ തദ്ദേശീയവത്ക്കരണവും അന്തിമമായി വിദേശകമ്പനികളെ സഹായിക്കുന്നത് ഇങ്ങിനെയാണ്്. പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപമുണ്ടായിട്ടും വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ഒരു സംയുക്ത സംരഭത്തിനും തയ്യാറായിട്ടില്ല. 2000 മുതല്‍ 2010 വരെ പ്രതിരോധ മേഖലയിലുള്ള വിദേശ നിക്ഷേപം 40 ലക്ഷം ഡോളര്‍ മാത്രമാണ്. 75 ശതമാനം വിദേശനിക്ഷേപമെങ്കിലും അനുവദിക്കണമെന്നാണ് വിദേശ കമ്പനികളുടെ ആവശ്യം. മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ കമ്പനികളെപ്പോലെ വിദേശാധിപത്യം പൂര്‍ണമായും ഉണ്ടെങ്കില്‍ മാത്രമേ ഈ രംഗത്തേക്ക് കടന്നുവരൂ എന്നാണ് വിദേശകമ്പനികളുടെ വാദം. വിദേശ കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദത്തിന് യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്തിന് നിരവധി സൂചനകളുണ്ട്. ഉന്നത സാങ്കേതിക വിദ്യ ആവശ്യമാണെങ്കില്‍ 26 ശതമാനത്തില്‍ കൂടുതല്‍ വിദേശനിക്ഷേപം അനുവദിക്കാമെന്ന് ഇതിനകം പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബ്രഹ്മോസ് പദ്ധതിയില്‍ റഷ്യന്‍ പൊതുമേഖലാ കമ്പനിക്ക് 49.5 ശതമാനം ഓഹരിയാണ് നല്‍കിയത്. ഭാവിയില്‍ ലോക്ക് ഹീഡ് മാര്‍ടിനും ബോയിങ്ങിനും ഇതേ ആനുകൂല്യം നല്‍കാനാവും.

വി ബി പരമേശ്വരന്‍

അടിത്തറ ഇളകി രാജ്യരക്ഷ

ശക്തിദുര്‍ഗമായി നിലകൊണ്ട ഇന്ത്യയുടെ പ്രതിരോധമേഖല കുത്തഴിഞ്ഞിരിക്കുന്നു. കരുത്തുറ്റ ഈ മേഖല ഇത്രമേല്‍ പ്രതിസന്ധിയിലായതാകട്ടെ എ കെ ആന്റണിയുടെ ഭരണകാലത്തും. സൈനികരുടെ മരണം മണക്കുന്ന അഴിമതിയുടെ ഒട്ടേറെ കഥകള്‍ ഈ മേഖലയില്‍നിന്ന് ഉയര്‍ന്നു. പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധികളിലേക്ക് ആഴ്ന്നുകൊണ്ടിരുന്ന ഏഴരക്കൊല്ലമാണ് ആദര്‍ശധീര പ്രതിച്ഛായയുള്ള എ കെ ആന്റണിക്കുകീഴില്‍ ഇന്ത്യന്‍ പ്രതിരോധമേഖല അഭിമുഖീകരിക്കേണ്ടിവന്നത്. ആയുധം- യുദ്ധസാമഗ്രികള്‍ എന്നിവ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് പലരും പറയാതെ പറഞ്ഞു.

2012ല്‍ സര്‍ക്കാരിനെ കോടതി കയറ്റിയ ജനറല്‍ വി കെ സിങ്, കൈക്കൂലിക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയ എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി, യുദ്ധക്കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന് രാജിവച്ച നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി, ഒപ്പം ടട്ര ട്രക്കുകളും ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം.. ആന്റണിക്ക് ചാര്‍ത്തിക്കിട്ടിയ "പൊന്‍തൂവലു"കളുടെ നിര നീളുന്നു. മൂന്ന് സേനാവിഭാഗങ്ങളെയും അധഃപതനത്തിന്റെ പടുകുഴിയില്‍ എത്തിച്ചതായുള്ള വിമര്‍ശം ഉന്നയിച്ചത് പ്രതിപക്ഷമല്ല. പ്രതിരോധമന്ത്രാലയത്തിലെ മുന്‍ സൈനികോദ്യോഗസ്ഥരാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് ചെറുവിരലനക്കാത്ത മന്ത്രിയെന്ന ചീത്തപ്പേരും അവര്‍ ആന്റണിക്ക് സമ്മാനിച്ചു. യഥാസമയം തീരുമാനങ്ങളെടുക്കാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴുവര്‍ഷവും പ്രതിരോധമന്ത്രാലയത്തിലുണ്ടായത്്. ഈ മെല്ലെപ്പോക്ക് കൊണ്ടുചെന്നെത്തിച്ചതാകട്ടെ ഇന്ത്യയുടെ സൈനികസംവിധാനം തകര്‍ക്കുന്ന കാഴ്ചയിലേക്കും.

സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തനല്ലെന്നും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കുന്നുവെന്നതുമാണ് ആന്റണിക്കെതിരെ ഉയര്‍ന്നുകേട്ട മറ്റൊരു ആരോപണം. ആയുധം വാങ്ങുന്നതിലെ കാലതാമസം സായുധസേനയുടെ തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിവില്‍- സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുപോകാന്‍ 2011ല്‍ നരേഷ് ചന്ദ്ര കമ്മിറ്റി ആവിഷ്കരിച്ച പ്രതിരോധ പരിഷ്കാര നടപടികള്‍ ആന്റണി തന്ത്രപൂര്‍വം ഒതുക്കി. പല തീരുമാനങ്ങളും ചുവപ്പുനാടയില്‍ കുരുങ്ങി ശ്വാസംമുട്ടി. 1987 മുതല്‍ ഹോവിസ്റ്ററുകള്‍ വാങ്ങിയില്ല. ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം കെട്ടിക്കിടക്കുന്നു. 100 ശതകോടി ഡോളര്‍ ചെലവുവരുന്ന സൈനിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കാലങ്ങളെടുത്തേക്കാം. മുംബൈ തുറമുഖത്തിന്റെ ആഴംകൂട്ടുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നാലുവര്‍ഷം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഐഎന്‍എസ് സിന്ധുഘോഷ് എന്ന മുങ്ങിക്കപ്പല്‍ നിലത്തുറച്ചുപോകാനിടയാക്കിയത് ഈ ചുവപ്പുനാടയാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, റോള്‍സ് റോയ്സ് എന്‍ജിനുകള്‍ വാങ്ങിയതിലെ അഴിമതിക്കേസ് സിബിഐക്ക് വിടുന്നതായി പ്രതിരോധമന്ത്രാലയം പ്രഖ്യാപിച്ചത് എ കെ ആന്റണിക്കേറ്റ മറ്റൊരു പ്രഹരമായി.

നാവികസേനയുടെ ആയുധബലം ആശങ്കാജനകമായ നിലയിലാണെന്ന് 2008-09ലെയും 2010-11ലെയും സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതിന്റെയും കാലപ്പഴക്കം ഏവരെയും ഞെട്ടിച്ചു. 2006 ഒക്ടോബര്‍ മുതല്‍ പ്രതിരോധമന്ത്രിസ്ഥാനത്തുള്ള എ കെ ആന്റണി ഈ റിപ്പോര്‍ട്ടുകള്‍ പാടെ അവഗണിച്ചു. ഇറ്റലിയില്‍നിന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടിയുണ്ടായതും അത് കോഴക്കേസില്‍ കുടുങ്ങിയതും മറ്റൊരു നാണക്കേട് സമ്മാനിച്ചു. കരസേനയുടെയും വ്യോമസേനയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ആയുധങ്ങള്‍ക്ക് പഴക്കമേറുകയാണെന്ന് കാണിച്ചും ഇവ നവീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തില്‍ നിരാശ പ്രകടിപ്പിച്ചും മൂന്ന് സേനാമേധാവികളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടും അതിലൊന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇടപാടുകളില്‍ കമീഷന്‍ ഉറപ്പിക്കുന്നതിനപ്പുറം രാജ്യരക്ഷയില്‍ പ്രതിരോധമന്ത്രി ആന്റണിക്കുമില്ല തീരെ താല്‍പ്പര്യം.

അന്തര്‍വാഹിനി ഇടപാടില്‍ നഷ്ടം 2800 കോടി

ഫ്രഞ്ചുകമ്പനിയില്‍നിന്ന് സ്കോര്‍പിയോണ്‍ അന്തര്‍വാഹിനി വാങ്ങിയ 18,798 കോടി രൂപയുടെ ഇടപാടില്‍ ഖജനാവിന് നഷ്ടമായത് 2800 കോടി രൂപ. ഇടപാടില്‍ മനഃപൂര്‍വം കാലതാമസം വരുത്തിയാണ് ഖജനാവ് ചോര്‍ത്തിയത്. ഖജനാവിന് നഷ്ടമായ തുക അഴിമതിപ്പണമായി ജനപഥ് 10-ാം നമ്പറിലേക്കാണ് ഒഴുകിയത്. ഇന്ത്യ വാങ്ങിയ മുങ്ങിക്കപ്പലുകള്‍ പലതും മുങ്ങുന്നതല്ലാതെ പൊങ്ങുന്നില്ല. കോഴവാങ്ങി ഇന്ത്യന്‍ നാവികസേനാംഗങ്ങളെ കുരുതികൊടുക്കുകയാണ് ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിരോധവകുപ്പ്. ഈയടുത്ത് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി കപ്പല്‍ തകര്‍ന്ന് 18 ഉദ്യോഗസ്ഥര്‍ മരിക്കാനിടയായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാമേധാവി ഡി കെ ജോഷി തല്‍സ്ഥാനം രാജിവച്ചിരുന്നു. 2013 ജൂലൈയ്ക്കും 2014 ഫെബ്രുവരിക്കുമിടയില്‍ ഒമ്പത് ദുരന്തങ്ങള്‍ നടന്നു. വിദേശങ്ങളില്‍നിന്ന് കോഴ കൈപ്പറ്റി ഗുണനിലവാരമില്ലാത്ത മുങ്ങിക്കപ്പലുകള്‍ വാങ്ങിയതാണ് ഈ ദുരന്തങ്ങള്‍ക്ക് നിദാനം.

ടട്ര ട്രക്ക് കുംഭകോണം: നഷ്ടം 1000 കോടി

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബിഎംഎല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍നിന്ന് ടട്ര ട്രക്കുകളുടെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്തതില്‍ സര്‍ക്കാരിന് നഷ്ടം 1000 കോടി. ഇതില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നത് പ്രതിരോധമന്ത്രി എ കെ ആന്റണിയാണ്. ട്രക്കിന്റെ ഉല്‍പ്പാദകരില്‍നിന്ന് നേരിട്ടുവാങ്ങാതെ 600 ട്രക്കുകള്‍ ഏജന്റ് മുഖേനയാണ് പ്രതിരോധവകുപ്പ് വാങ്ങിയത്. ടട്ര ട്രക്കിന് സമാനമായ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള സ്ഥാപനമായ ബിഇഎംഎല്ലിനെ നോഡല്‍ ഏജന്‍സിയാക്കിയാണ് ട്രക്കുകള്‍ ഇറക്കുമതിചെയ്തത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് കരസേനാമേധാവി ജനറല്‍ വി കെ സിങ്ങിന്റെ വെളിപ്പെടുത്തലാണ് അഴിമതി പുറത്തുകൊണ്ടുവന്നത്.

ബരാക് മിസൈല്‍ കരാറില്‍ കോണ്‍ഗ്രസിന് കോഴ 750 കോടി

ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചതും വിജയകരമായി വിക്ഷേപിച്ചതുമായ മിസൈല്‍ സംവിധാനം "വാങ്ങാന്‍" 10,000 കോടി രൂപ. 12 എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങുന്നതിനായി ഇസ്രയേല്‍ ആയുധ നിര്‍മാണക്കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് (ഐഎഐ) ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. 10,000 കോടി രൂപയുടെ ബരാക് മിസൈല്‍ ഇടപാടില്‍ 900 കോടി രൂപ കോഴയായി നല്‍കി. ബിസിനസ് ചാര്‍ജ് എന്ന ഓമനപ്പേരില്‍ നല്‍കിയ കോഴയില്‍ 150 കോടി രൂപ ഇടനിലക്കാര്‍ക്കും 750 കോടി രൂപ കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കോഴപ്പണം കോണ്‍ഗ്രസ് കൈപ്പറ്റിയത്. ടെന്‍ഡര്‍ വിളിക്കാതെയും കരിമ്പട്ടികയില്‍പെടുത്തിയ കമ്പനികളുമായിട്ടുള്ള ഇടപാട് ഉറപ്പിച്ചും പ്രതിരോധമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പാടെ ലംഘിച്ചു. 2002ല്‍ എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രാലയം ഇതേ ഇസ്രയേല്‍ കമ്പനിയില്‍നിന്ന് ബരാക് മിസൈലുകള്‍ വാങ്ങിയപ്പോഴും ഇടനിലക്കാരും ഏജന്‍സി കമീഷനും ഉണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. ഇടപാടില്‍ കൈക്കൂലിയും അഴിമതിയും കണ്ടെത്തിയ സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച് കൂടുതല്‍ അന്വേഷണം നടത്തുമ്പോഴാണ് അതേ കമ്പനിയുമായി യുപിഎയുടെ കാലത്തും പ്രതിരോധമന്ത്രാലയം അഴിമതി ആവര്‍ത്തിച്ചത്.

ഇന്ത്യയുടെ കണ്ണീരില്‍ കെട്ടിപ്പൊക്കിയ ആദര്‍ശ്

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം യുദ്ധത്തില്‍ കൊല്ലപ്പെട്ട വീരജവാന്മാരുടെ വിധവകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വീടുണ്ടാക്കി നല്‍കുന്നതിനാണ് 1999ല്‍ ആദര്‍ശ് സൊസൈറ്റി രൂപീകരിച്ചത്. തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ കൊളാബയില്‍ 31 നിലയുള്ള ഫ്ളാറ്റ് നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷം സൊസൈറ്റി അംഗങ്ങള്‍ക്ക് വില്‍പന നടത്തിയ 103 ഫ്ളാറ്റുകളില്‍ ഒരെണ്ണംപോലും ധീരജവാന്മാര്‍ക്കോ അവരുടെ വിധവകള്‍ക്കോ നല്‍കിയില്ല. കോണ്‍ഗ്രസിലെ അഞ്ച് മുന്‍ മുഖ്യമന്ത്രിമാരാണ് ഫ്ളാറ്റ് കൈക്കലാക്കിയതിലെ പ്രമുഖര്‍. ആകെയുള്ള 103 ഫ്ളാറ്റുകളില്‍ 51 എണ്ണം അടിച്ചെടുത്ത വിരുതനുമുണ്ട് ഇക്കൂട്ടത്തില്‍.

വെടിക്കോപ്പ് നിര്‍മിച്ചതിലും കോടികളുടെ നഷ്ടം

ടാങ്കുകളില്‍ ഉപയോഗിക്കാനുള്ള വെടിക്കോപ്പ് നിര്‍മിച്ചതിലും വന്‍ ക്രമക്കേട്. തദ്ദേശീയമായി നിര്‍മിച്ച ഒരുലക്ഷത്തിലേറെ റൗണ്ട് വെടിക്കോപ്പുകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ഉപേക്ഷിച്ചതിലൂടെ 408.06 കോടി രൂപ നഷ്ടമായെന്നാണ് സിഎജി 2012 നവംബറില്‍ ചൂണ്ടിക്കാട്ടിയത്. സതേണ്‍ കമാന്‍ഡന്റിന്റെ ഓഡിറ്റര്‍മാര്‍ ഇക്കാര്യം 2010ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയിട്ടും എ കെ ആന്റണി നടപടിയെടുത്തില്ല. പീരങ്കി ഫാക്ടറി ബോര്‍ഡ് നിര്‍മിച്ച 350000 റൗണ്ട് വെടിക്കോപ്പുകളില്‍ 134608 റൗണ്ടും ഉപയോഗശൂന്യമായി. 1,400 കോടി രൂപയ്ക്ക് നിര്‍മിച്ച വെടിക്കോപ്പുകളില്‍ 102014 റൗണ്ടും പത്തുവര്‍ഷ കാലാവധിപോലും തികച്ചില്ല. തുടര്‍ന്ന് പ്രതിരോധവകുപ്പ് 278.88 കോടി രൂപയുടെ വെടിക്കോപ്പ് റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തു. വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ബങ്കറുകള്‍ നിര്‍മിച്ചതിലും സിഎജി ക്രമക്കേട് കണ്ടെത്തിയിരുന്നു. 7.61 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബങ്കറുകള്‍ മൂന്നുവര്‍ഷത്തിനകം ഉപയോഗിക്കാന്‍ കഴിയാത്തവിധത്തിലായി. യുദ്ധക്കപ്പലുകളില്‍ റഡാര്‍ സന്ദേശം പിടിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നതില്‍ വ്യോമസേന വീഴ്ചവരുത്തിയതിലും കോടികള്‍ പാഴായെന്ന് 2012ല്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

നാവികസേനയെ നാഥനില്ലാക്കളരിയാക്കിയെന്ന് മുന്‍ മേധാവികള്‍

നാവികസേനയെ എ കെ ആന്റണി നാഥനില്ലാക്കളരിയാക്കിയെന്ന് മുന്‍ നാവികസേനാമേധാവികള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. നാവികസേനാമേധാവി ഡി കെ ജോഷി രാജിവച്ച ഒഴിവില്‍ നിയമനം വൈകിയ സാഹചര്യത്തിലാണ് മുന്‍ സൈനികമേധാവികള്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. പ്രതിരോധമന്ത്രി എ കെ ആന്റണി സേനയെ നാഥനില്ലാക്കളരിയാക്കുകയാണെന്നാണ് നാവികസേനാ മുന്‍ മേധാവി ആര്‍ കെ തഹിലിയാനി പറഞ്ഞത്. ഐഎന്‍എസ് സിന്ധുരത്ന ഉള്‍പ്പെടെയുള്ള അപകടങ്ങളെത്തുടര്‍ന്നാണ് ജോഷി രാജിവച്ചത്. ഈ ഒഴിവില്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പകരം ചുമതല നല്‍കിയിട്ടുമില്ല. ആന്റണി സത്യസന്ധനാണെന്നാണ് പറയുന്നത്. എന്നാല്‍, ചുമതല നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിക്കണം.

പതിവില്ലാത്തവിധം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് സേനയ്ക്ക്. ഡി കെ ജോഷി രാജിവയ്ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആന്റണിയാണെന്നും തഹിലിയാനി കുറ്റപ്പെടുത്തി. ടാക്സി സര്‍വീസ് നടത്തുന്നത്ര ലാഘവത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നാവികസേനയെ നയിക്കുന്നതെന്നായിരുന്നു മുന്‍ നാവികസേനാ മേധാവി വിഷ്ണു ഭാഗവത് പറഞ്ഞത്. രണ്ട് സേനാംഗങ്ങളുടെ മരണത്തിന് വഴിവച്ച ഐഎന്‍എസ് സിന്ധുരത്ന അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജോഷി ഒഴിയേണ്ടിവന്ന സര്‍ക്കാര്‍ നിലപാട് ദയനീയമാണ്. തലവനില്ലാതെ ഒരു ദിവസംപോലും തുടരുന്നത് സേനയ്ക്ക് ഗുണമല്ലെന്നാണ് പേര് വെളിപ്പെടുത്താതെ മറ്റൊരു മുന്‍ നാവികസേനാമേധാവി പ്രതികരിച്ചത്. പ്രതിരോധമന്ത്രാലയത്തിനും മന്ത്രിക്കും എതിരെ മുന്‍ മേധാവിമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ആന്റണിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതികരിച്ചിട്ടില്ല.

deshabhimani

Sunday, March 23, 2014

നാവികസേനയെ ആന്റണി നാഥനില്ലാക്കളരിയാക്കി: മുന്‍ മേധാവികള്‍

പ്രതിരോധമന്ത്രി എ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി നാവികസേനാ മുന്‍ മേധാവികള്‍. ആന്റണി സേനയെ നാഥനില്ലാക്കളരിയാക്കുകയാണെന്ന് നാവികസേനാ മുന്‍ മേധാവി ആര്‍ കെ തഹിലിയാനി പറഞ്ഞു. നാവികസേനാ മേധാവി ഡി കെ ജോഷി രാജിവച്ച ഒഴിവില്‍ നിയമനം വൈകിയ സാഹചര്യത്തിലാണ് തഹിലിയാനിയുടെ വിമര്‍ശം. അദ്ദേഹത്തിന് പിന്തുണയുമായി മുന്‍ മേധാവി വിഷ്ണു ഭാഗവതും രംഗത്തെത്തി.

ഐഎന്‍എസ് സിന്ധുരത്ന ഉള്‍പ്പടെയുള്ള അപകടങ്ങളെത്തുടര്‍ന്നാണ് ജോഷി രാജിവച്ചത്. ഈ ഒഴിവില്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പകരം ചുമതല നല്‍കിയിട്ടുമില്ല. ആന്റണി സത്യസന്ധനാണെന്നാണ് പറയുന്നത്. എന്നാല്‍, ചുമതല നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിക്കണം. പതിവില്ലാത്തവിധം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് സേനയ്ക്ക്. ഡി കെ ജോഷി രാജിവയ്ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആന്റണിയാണ്- തഹിലിയാനി കുറ്റപ്പെടുത്തി.

രണ്ട് സേനാംഗങ്ങളുടെ മരണത്തിന് വഴിവച്ച ഐഎന്‍എസ് സിന്ധുരത്ന അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ജോഷി ഒഴിഞ്ഞത്. കഴിഞ്ഞ ആഗസ്തില്‍ മറ്റൊരു മുങ്ങിക്കപ്പല്‍ കാണാതായിരുന്നു. ഇതിനെതിരായാണ് മുന്‍ നാവിക സേനാ മേധാവി വിഷ്ണു ഭാഗവത് പ്രതികരിച്ചത്. ടാക്സി സര്‍വീസ് നടത്തുന്നത്ര ലാഘവത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നാവികസേനയെ നയിക്കുന്നതെന്നായിരുന്നു തുറന്നടിച്ചത്. ജോഷിയുടെ രാജിക്ക് കാരണമായ സര്‍ക്കാര്‍നിലപാട് ദയനീയമാണ്. പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ജോലിചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായതാണ് ജോഷിയെ പ്രകോപിപ്പിച്ചത്- അദ്ദേഹം പറഞ്ഞു. തലവനില്ലാതെ ഒരു ദിവസംപോലും തുടരുന്നത് സേനയ്ക്ക് ഗുണമല്ലെന്നാണ് പേര് വെളിപ്പെടുത്താതെ മറ്റൊരു മുന്‍ നാവികസേനാ മേധാവി പ്രതികരിച്ചത്. സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിനും മന്ത്രിക്കും എതിരെ ഇത്തരം ആരോപണം നാവികസേനയില്‍ പതിവില്ല. മുന്‍ മേധാവിമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ആന്റണിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതികരിച്ചിട്ടുമില്ല.

deshabhimani

Thursday, March 20, 2014

ഖജനാവിന് വന്‍ ബാധ്യത

എ കെ ആന്റണിയുടെ "പ്രതിച്ഛായ" സംരക്ഷിക്കാന്‍ രാജ്യം കനത്ത വില നല്‍കുന്നു. പ്രതിരോധ ഇടപാടുകളിലെ ക്രമക്കേടും കോഴയും തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയാണ് ആന്റണിയുടെ പ്രധാന ദൗര്‍ബല്യം. ആയുധവ്യാപാരത്തില്‍ ഇടപെടുന്ന ഇടനിലക്കാരെ അമര്‍ച്ചചെയ്യാന്‍ രാഷ്ട്രീയവും ഭരണപരവുമായ കരുത്തു വേണം. എ കെ ആന്റണി പ്രതിരോധ മന്ത്രിയായ എട്ടുകൊല്ലം പ്രകടമായത് ഈ കരുത്തില്ലായ്മ. പ്രതിരോധ സംഭരണ ചട്ടപ്രകാരം ഇടനിലക്കാരെയും ദല്ലാള്‍മാരെയും നിരോധിച്ചിട്ടുണ്ട്. കരാറിന് കോഴ നല്‍കിയതായി തെളിഞ്ഞാല്‍ ആയുധ ഇടപാട് ഏതു ഘട്ടത്തിലും റദ്ദാക്കാം. എന്നാല്‍,ആറുവര്‍ഷത്തിനിടെ പല പ്രധാന ഇടപാടുകളിലും അഴിമതി കണ്ടെത്തി. ഇതുതന്നെ കണ്ടെത്താന്‍ ഏറെ വൈകി. അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍, റോള്‍സ്റോയ്സ് യുദ്ധവിമാന എന്‍ജിന്‍ ഇടപാടുകളില്‍ വിദേശരാജ്യങ്ങളില്‍ നിയമനടപടി ആരംഭിച്ചശേഷമാണ് പ്രതിരോധമന്ത്രാലയം ഉണര്‍ന്നത്.

ഇതിന്റെ ദോഷം രണ്ടാണ്- ആയുധസംഭരണ പദ്ധതികള്‍ പൊളിഞ്ഞ് രാജ്യത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമായതാണ് ആദ്യത്തേത്. ഖജനാവിനുണ്ടാകുന്ന നഷ്ടം രണ്ടാമത്തെ പ്രശ്നം. ആയുധസംഭരണത്തിലെ കാലതാമസത്തിന്റെ കെടുതി രാജ്യം നേരിടുകയാണ്. നാവികസേന യാനങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരു വര്‍ഷത്തിനിടെ 20ല്‍പരം നാവികസേനാംഗങ്ങള്‍ അപകടങ്ങളില്‍ മരിച്ചു. വ്യോമ-കരസേനകളുടെ സ്ഥിതിയും പരിതാപകരമെന്ന് സേനാമേധാവികള്‍തന്നെ പരസ്യമായി പറയുന്നു. സംഭരണപദ്ധതി നീണ്ടുപോകുകയും റദ്ദാക്കുകയും ചെയ്യുമ്പോള്‍ ഖജനാവിനും ഭീമമായ ചോര്‍ച്ചയുണ്ടാവുന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടിന് തുടക്കമിട്ടത് 2007ലാണ്. ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്ന് 3726 കോടി രൂപയ്ക്ക് 12 കോപ്റ്റര്‍ വാങ്ങാനുള്ള ഇടപാടില്‍ 360 കോടി രൂപയാണ് കോഴ കൈമറിഞ്ഞത്. മൊത്തം കരാര്‍തുകയുടെ മൂന്നിലൊന്ന് നല്‍കിയശേഷമാണ് ഇടപാട് റദ്ദാക്കിയത്. ഈ പണം തിരികെ നല്‍കാനാവില്ലെന്നാണ് ഇറ്റലിയുടെ നിലപാട്. റോള്‍സ്റോയിസ് യുദ്ധവിമാന എന്‍ജിന്‍ ഇടപാടിലും സമാന പ്രശ്നങ്ങളാണ്. യുദ്ധവിമാനങ്ങള്‍ക്കായി ബ്രിട്ടീഷ്കമ്പനി റോള്‍സ്റോയിസില്‍നിന്ന് പതിനായിരം കോടി രൂപയ്ക്ക് എന്‍ജിനുകള്‍ വാങ്ങാന്‍ 2007ലാണ് തീരുമാനിച്ചത്. 2011നകം കരാര്‍ നടപ്പാക്കാനായിരുന്നു പദ്ധതി. നടപടികള്‍ നീണ്ടതോടെ യുദ്ധവിമാനങ്ങളുടെ സംഭരണത്തില്‍ കാലതാമസം നേരിട്ടു. ഒടുവില്‍ കോഴയ്ക്കെതിരെ ബ്രിട്ടനില്‍ നിയമനടപടി ആരംഭിച്ചതോടെ ഇടപാട് മരവിപ്പിച്ചു. ഇക്കാര്യങ്ങളില്‍ തനിക്കൊന്നും അറിയില്ലെന്നതാണ് ആന്റണിയുടെ വിശദീകരണം

deshabhimani

Saturday, March 1, 2014

ആന്റണിയുടെ പിടിപ്പുകേട് സേനയെ ദുരവസ്ഥയിലാക്കി

ഇന്ത്യന്‍ നാവികസേന നേരിടുന്ന ദുരവസ്ഥയ്ക്കു കാരണം പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പിടിപ്പുകേട്. ഏഴ് മാസത്തിനുള്ളില്‍ നാവികസേനയുടെ യാനങ്ങളില്‍ 10 അപകടങ്ങളാണ് സംഭവിച്ചത്. ഇരുപതില്‍പ്പരം സൈനികരുടെ ജീവന്‍ പൊലിഞ്ഞു. കഴിഞ്ഞദിവസം ഐഎന്‍എസ് സിന്ധുരത്നയില്‍ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേന തലവന്‍ അഡ്മിറല്‍ ഡി കെ ജോഷി രാജിവച്ചുവെങ്കിലും അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നത് പ്രതിരോധമന്ത്രിയെയാണ്.

നാവികസേനയുടെ ആയുധബലം ആശങ്കാജനകമായ നിലയിലാണെന്ന് 2008-09ലെയും 2010-11ലെയും സിഎജി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു; അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പല സംവിധാനങ്ങളും കാലപ്പഴക്കം വന്നവയാണ്. അറ്റകുറ്റപ്പണികളും സ്പെയര്‍പാര്‍ട്സുകളുടെ വാങ്ങലും വൈകുന്നു, വാങ്ങാന്‍ തീരുമാനിച്ചവ ആവശ്യത്തിന് ഉതകുന്നവയല്ല. എന്നാല്‍, 2006 ഒക്ടോബര്‍ മുതല്‍ പ്രതിരോധമന്ത്രിസ്ഥാനത്തുള്ള എ കെ ആന്റണി ഈ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു. പ്രതിരോധ ഇടപാടുകളില്‍ അഴിമതി വ്യാപകമാണെന്ന് പ്രഖ്യാപിച്ച ആന്റണി അഴിമതി തടയാനുളള ഉറച്ച നടപടിക്കു പകരം രാജ്യസുരക്ഷയെതന്നെ അപകടത്തിലാക്കു വിധം ആയുധസംഭരണം നിര്‍ത്തിവച്ചു. അതേസമയം, ഇറ്റലിയില്‍നിന്ന് അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടി കോഴക്കേസില്‍ കുടുങ്ങുകയുംചെയ്തു.

നവീകരണത്തിന്റെ കാര്യത്തില്‍ നാവികസേന ഏറെ പിന്നിലാണെന്നും സേനയുടെ ഗുണനിലവാരം താരതമ്യേന മോശമാണെന്നും സിഎജി ചൂണ്ടിക്കാണിച്ചിരുന്നു. 15 യുദ്ധക്കപ്പലുകളും 13 അന്തര്‍വാഹിനികളും ഉള്‍പ്പെടെ 120 യാനങ്ങളാണ് നാവികസേനയുടെ കൈമുതല്‍. ഇതില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമല്ല. നാവികസേനയുടെ വ്യോമയാനവിഭാഗത്തിലെ മൂന്നില്‍ രണ്ട് വിമാനങ്ങളും അറ്റകുറ്റപ്പണി ആവശ്യമുള്ളവയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാത്രമല്ല, ഇവ കൈകാര്യംചെയ്യാന്‍ ഫലപ്രദമായ സംവിധാനം വേണം. സാങ്കേതികവിദ്യയും കാലോചിതമായി പരിഷ്കരിക്കണം. വെല്ലുവിളികളെ നേരിടുന്നതില്‍ സേനയുടെ ദൗര്‍ബല്യം പ്രകടമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കരസേനയുടെയും വ്യോമസേനയുടെയും സ്ഥിതി വ്യത്യസ്തമല്ല. ആയുധങ്ങള്‍ക്ക് പഴക്കമേറുകയാണെന്ന് കാണിച്ചും ഇവ നവീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തില്‍ നിരാശ പ്രകടിപ്പിച്ചും മൂന്ന് സേനാമേധാവികളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ വിവരം ജോഷിയുടെ രാജിയോടെ പുറത്തായിട്ടുണ്ട്.

വ്യോമസേനയുടെ പ്രവര്‍ത്തനക്ഷമമായ പോര്‍വിമാനങ്ങളുടെ എണ്ണം ഉടന്‍തന്നെ അപകടകരമായ തോതില്‍ ചുരുങ്ങും. കരസേനയുടെ ആയുധശേഷി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് 2013 മാര്‍ച്ച് 12ന് അന്നത്തെ കരസേന മേധാവി വി കെ സിങ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. ആയുധബലം മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ഇങ്ങോട്ടുള്ള ആക്രമണം ഒഴിവാക്കാനുള്ള തന്ത്രം കൂടിയാണെന്നും പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിഒഴിവാക്കാനെന്ന പേരില്‍ ആയുധസംഭരണം മുടക്കുന്നത് കടുത്ത വീഴ്ചയാണ്. പ്രതിരോധമന്ത്രിയുടെ പരാജയമാണ് ഇതില്‍ വ്യക്തമാകുന്നത്. അഡ്മിറല്‍ ഡി കെ ജോഷിയുടെ രാജിയോടെ എ കെ ആന്റണി അധികാരത്തില്‍ തുടരുന്നതിന്റെ ധാര്‍മികതയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്.

സാജന്‍ എവുജിന്‍ deshabhimani

Thursday, February 27, 2014

വീണ്ടും മുങ്ങിക്കപ്പല്‍ തീപിടിത്തം നാവികസേനാ മേധാവി രാജിവച്ചു

മുംബൈ: പതിനെട്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തിന് ആറുമാസം പിന്നിടുമ്പോള്‍ നാവികസേനയുടെ മറ്റൊരു അന്തര്‍വാഹിനിയില്‍ തീപിടിത്തം. ബുധനാഴ്ച മുംബൈ തീരത്ത് ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ കാണാതായി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചു.

കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ നാവികസേന അന്വേഷണം തുടങ്ങി. നാവികസേനയുടെ തന്ത്രപ്രധാനകേന്ദ്രത്തില്‍ ദുരന്തം ആവര്‍ത്തിച്ചത് പ്രതിരോധസേനയിലാകെ ആശങ്ക പടര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ കൈമാറിയ റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനി സേനയുടെ ഭാഗമാക്കുന്നതിന് മുമ്പുള്ള പരീക്ഷണത്തിനിടെയാണ് തീപിടിത്തം. എഴുപതോളം ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ടായിരുന്നു. ആയുധങ്ങളോ വെടിക്കോപ്പുകളോ സൂക്ഷിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബാറ്ററി കംപാര്‍ട്ടുമെന്റില്‍ നിന്നുള്ള ചോര്‍ച്ചയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്തുമാസത്തിനിടെ ഏഴാം തവണയാണ് നാവികസേനയുടെ കപ്പല്‍ ദുരന്തം. കഴിഞ്ഞ ആഗസ്തിലാണ് മുംബൈ തീരത്തുതന്നെ ഐഎന്‍എസ് സിന്ധുരക്ഷക് തീപിടിച്ച് പൊട്ടിത്തെറിച്ച് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേധാവി രാജിവയ്ക്കുന്നത്. വൈസ് അഡ്മിറല്‍ റോബിന്‍ ദൊവാന് ചുമതല കൈമാറിയിട്ടുണ്ട്. സര്‍വീസില്‍ 15 മാസം ശേഷിക്കെയാണ് ജോഷി സ്ഥാനമൊഴിയുന്നത്. 1971ലെ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ ഇന്ത്യന്‍ യുദ്ധകപ്പല്‍ തകര്‍ത്ത ശേഷം നാവികസേന അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ആഗസ്തില്‍ സിന്ധുരക്ഷകിലേത്.

വെള്ളത്തിനടിയില്‍ ഏതോ വസ്തുവുമായി കൂട്ടിയിടിച്ച് ഐഎന്‍എസ് ബേത്വയ്ക്ക് പിന്നീട് കേടുപാടു സംഭവിച്ചു. വിമാനവാഹിനിയായ ഐഎന്‍എസ് വിരാടിനും തീപിടിച്ചു. ഐഎന്‍എസ് തല്‍വാറും ഒരു മല്‍സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു. പ്രൊപ്പലറിന് കേടു സംഭവിച്ചതിനെ തുടര്‍ന്ന് ഐഎന്‍എസ് ഐരാവതിന് അറ്റകുറ്റപ്പണി വേണ്ടിവന്നു.

ദുരന്തങ്ങളില്‍ മുങ്ങി നാവികസേന

ന്യൂഡല്‍ഹി: അപ്രതീക്ഷത ദുരന്തങ്ങളില്‍പ്പെട്ട് കിതയ്ക്കുകയാണ് ഇന്ത്യന്‍ നാവികസേന. ഏഴ് മാസത്തിനിടെ ഒമ്പത് അപകടങ്ങള്‍. ഇതില്‍ മൂന്നെണ്ണം മുങ്ങിക്കപ്പല്‍ ദുരന്തം. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നാവികസേനാ മേധാവി രാജിവച്ചെങ്കിലും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന നാവികസേനയുടെ അഭിമാനമാണ് ഇല്ലാതാകുന്നത്. ദുരന്തങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതികളെ നിയോഗിച്ചെങ്കിലും ഇവ നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ചയും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ലോകത്തെ ഏത് സൈന്യത്തോടും കിടപിടിക്കുന്നതെന്ന് അഭിമാനിച്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ കോഴ വ്യാപകമായതോടെയാണ് ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് മുങ്ങി 18 ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇതിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ, മുംബൈ തീരത്ത് വീണ്ടും ഐഎന്‍എസ് സിന്ധുരത്ന അപകടത്തില്‍പ്പെട്ടു. വിദേശത്തുനിന്ന് കൊണ്ടുവന്ന പടക്കപ്പലുകളായിരുന്നു ഇവ രണ്ടും. ഐഎന്‍എസ് സിന്ധുരക്ഷക് ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ഐഎന്‍എസ് ബേത്വ അപകടത്തില്‍പ്പെട്ടത്. സമുദ്രാടിത്തട്ടിലുള്ള എന്തോ വസ്തുവില്‍ തട്ടിയായിരുന്നു ഈ അപകടം. തുടര്‍ന്ന് ഐഎന്‍എസ് സിന്ധുഘോഷും അപകടത്തിനിരയായി. ഇന്ത്യയുടെ പ്രമുഖ മൈന്‍സ്വീപ്പറായ ഐഎന്‍എസ് കൊങ്കണും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിനിരയായി. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിത്തമുണ്ടായി.

deshabhimani

Friday, January 24, 2014

ടിക്കറ്റ് മെഷീന്‍ "ബ്രേക്ക് ഡൗണ്‍"

ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇടിഎം) കൂട്ടത്തോടെ ബ്രേക്ക് ഡൗണായതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ പഴയ ടിക്കറ്റ് റാക്ക് വീണ്ടും വ്യാപകമായി. ജിപിആര്‍എസ് സംവിധാനമുള്ള പുതിയ ടിക്കറ്റ് മെഷീന്‍ വാങ്ങിയെങ്കിലും സെര്‍വര്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗം ഡിപ്പോകളിലും നടപ്പാക്കാനായില്ല. കെഎസ്ആര്‍ടിസിയിലെ 70 ശതമാനത്തിലധികം ഇടിഎമ്മുകളും പ്രവര്‍ത്തനരഹിതമാണ്. കാലാവധി കഴിഞ്ഞിട്ടും പുതിയ യന്ത്രങ്ങള്‍ വാങ്ങാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 2009ല്‍ ഇടിഎം സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ വാങ്ങിയ ടിക്കറ്റ് യന്ത്രങ്ങളാണ് ഡിപ്പോകളില്‍ അവശേഷിക്കുന്നത്. ജോലിഭാരം കൂടിയതോടെ എതിര്‍പ്പുമായി കണ്ടക്ടര്‍മാര്‍ രംഗത്തെത്തി. സോഫ്റ്റ് ലാന്‍ഡ്, മൈക്രോ ഫെക്സ് കമ്പനികളില്‍നിന്ന് വാങ്ങിയ 6000ത്തോളം യന്ത്രങ്ങളാണ് ബസുകളില്‍ ഉപയോഗിച്ചിരുന്നത്. പഴയ ടിക്കറ്റ് റാക്കുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 2 വര്‍ഷത്തെ വാറന്റിയും ഒരുവര്‍ഷത്തെ മെയിന്റനന്‍സ് കരാറുമാണ് യന്ത്രങ്ങള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തത്. 2012 മാര്‍ച്ചില്‍ ഇതിന്റെ കാലാവധി പൂര്‍ത്തിയായിട്ടും അധികൃതര്‍ പുതിയവ വാങ്ങിയില്ല. ഇതിനിടെ മെയിന്റനന്‍സ് കരാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയെങ്കിലും ഭൂരിഭാഗവും കേടായി. 1300ഓളം യന്ത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായുള്ളത്. ഇതോടെ കണ്ടക്ടര്‍മാര്‍ പഴയ ടിക്കറ്റ് റാക്കുകള്‍ പൊടിതട്ടിയെടുത്തു.

ഫെയര്‍ സ്റ്റേജ് മാറിയതനുസരിച്ച് ടിക്കറ്റ് ഇല്ലാത്തതിനാല്‍ പല റൂട്ടിലും ഒന്നിലധികം ടിക്കറ്റ് നല്‍കണം. വേ ബില്ലും തയ്യാറാക്കണം. ജോലി ഇരട്ടിയായതിനാല്‍ അധിക ഡ്യൂട്ടിചെയ്യാന്‍ കണ്ടക്ടര്‍മാര്‍ മടിച്ചതോടെ നിരവധി സര്‍വീസുകള്‍ റദ്ദുചെയ്തു. ഇതുവഴി വന്‍ വരുമാന നഷ്ടവും സംഭവിച്ചു. ഇത് മറികടക്കാന്‍ ജിപിആര്‍എസ് സംവിധാനത്തോടുകൂടിയ 4,000 ടിക്കറ്റ് മെഷീന്‍ വാങ്ങിയെങ്കിലും 6,215 ബസുകളില്‍ 90 ശതമാനം എണ്ണത്തിലും ഇത് നടപ്പാക്കാനായില്ല. 28 ഡിപ്പോകളും 44 സബ് ഡിപ്പോകളും 18 ഓപ്പറേറ്റിങ് സെന്ററുകളുമുള്ളപ്പോള്‍ 4 ഡിപ്പോയില്‍ മാത്രമാണ് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലാണ് ആദ്യം നടപ്പാക്കിയത്. ശബരിമല സീസണില്‍കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം ഡിപ്പോകളിലും നടപ്പാക്കി. സെര്‍വര്‍ അടക്കമുള്ള സംവിധാനം ഒരുക്കാത്തതിനാല്‍ മറ്റ് ഡിപ്പോകളിലേക്ക് ഇത് വ്യാപിപ്പിക്കാനായിട്ടില്ല. ബസ് കടന്നുപോകുന്ന റൂട്ട്, യാത്രക്കാരുടെ എണ്ണം, പുറപ്പെട്ട സമയം, കളക്ഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇടിഎം ഉണ്ടെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ കൈമാറാനാകും. ടിക്കറ്റ് മെഷീനുകളെ ജിപിആര്‍എസ് മുഖേന ഹെഡ് ഓഫീസിലെ സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. 3.8 കോടി രൂപ ചെലവഴിച്ച് ബംഗളുരുവിലുള്ള ക്വാന്റം ഏയോണ്‍ കമ്പനിയില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങിയത്. 2 മാസത്തിനുള്ളില്‍ എല്ലാ ഡിപ്പോകളിലും ഇവ നല്‍കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടില്ല. ഹെഢാഫീസില്‍ ഇതുവരെ സെര്‍വര്‍ സ്ഥാപിച്ചിട്ടില്ല. യന്ത്രം നല്‍കിയ കമ്പനിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തനം. പുതിയ സെര്‍വര്‍ തയ്യാറാക്കാന്‍ ഐടി മിഷന്റെ സഹായം തേടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ജി അനില്‍കുമാര്‍ deshabhimani

Tuesday, December 3, 2013

ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ക്ക് സംയുക്ത മേധാവി

ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ക്ക് സംയുക്തമായി ഒരു തലവനെ നിയമിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ആദ്യ സംയുക്തസേനാ മേധാവിയായി നിലവിലെ കരസേനാ മേധാവി ജനറല്‍ ബിക്രംസിങിനെ അടുത്തമാസം നിയമിച്ചേക്കും. ഇപ്പോള്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (ഐ ഡി എഫ്) തലവനായ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ഛയിത് കരസേന മേധാവിയാകും.
കര, വ്യോമ, നാവിക സേനാ മേധാവികളുടെ നവംബര്‍ 22ന് ചേര്‍ന്ന സമ്മേളനം സംയുക്തസേനാമേധാവിയുടെ നിയമനകാര്യത്തില്‍ ധാരണയിലെത്തി. ഇക്കാര്യം വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍ എ കെ ബ്രൗനെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. ദേശീയ സുരക്ഷശക്തിപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയുക്തമായിരുന്ന നരേഷ് ചന്ദ്രടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ വര്‍ഷം ഇത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനുശേഷം ദേശീയസുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിയുക്തമായ കമ്മിറ്റി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) എന്ന തസ്തിക രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും 2001 ല്‍ രൂപീകരിച്ച മന്ത്രിതല സമിതി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി ഒ എസ് സി) എന്നൊരു സംവിധാനം നിലവിലുണ്ട്. കര, വ്യോമ, നാവിക സേനാ തലവന്മാരിലെ സീനിയര്‍ ആയ ആളായിരിക്കും ഇതിന്റെ എക്‌സ് - ഓഫീഷ്യൊ ചെയര്‍മാന്‍. എന്നാല്‍ ഈ പദവിക്ക് പ്രത്യേക അധികാരങ്ങള്‍ ഒന്നുമില്ല. ഓഫീസ് സംവിധാനമോ മതിയായ സ്റ്റാഫോ ഇല്ല. നാല് നക്ഷത്രങ്ങള്‍ മാത്രമാണ് പദവിചിഹ്നത്തിലുള്ളത്.
അഞ്ച് നക്ഷത്രങ്ങളുള്ള പദവിയായിരിക്കും സി ഡി എസ് മേധാവിയുടെത്. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരിക്കും സംയുക്ത സേനാമേധാവിക്കുണ്ടാവുക. ശക്തമായ ഒരു പദവിയായിരിക്കും ഇത്. നിലവിലെ സംവിധാനത്തില്‍ നാല് നക്ഷത്രങ്ങളുടെ പദവിയുള്ള കര, വ്യോമ, നാവിക സേനാ മേധാവിമാര്‍ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ സ്വയംഭരണാധികാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനത്തില്‍ മൂന്നുസേനാവിഭാഗങ്ങളുടെയും തലവന്മാരുടെ മുകളിലായിരിക്കും സംയുക്തസേനാമേധാവി.

1967 ലും 1986 ലും നടപ്പിലാക്കിയ ചില പരിഷ്‌ക്കാരങ്ങള്‍ വ്യോമസേനയില്‍ നിക്ഷിപ്തമായിരുന്ന ചില ചുമതലകള്‍ നാവികസേനയിലേക്കും കരസേനയിലേക്കും മാറ്റിയിരുന്നു. കടലിലെ വ്യോമനിരീക്ഷണവും അതിനാവശ്യമായ വിമാനങ്ങളും 1967 ല്‍ വ്യോമസേനയില്‍ നിന്നും നാവികസേനയിലേക്കും ചെറിയ ഇനം ഹെലികോപ്റ്ററുകളുടെ ഉപയോഗം 1986ല്‍ കരസേനയിലേക്കും മാറ്റിയിരുന്നു. ഒരു ഇടക്കാല സംവിധാനമെന്ന നിലയില്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (ഐ ഡി എസ്) എന്ന സംവിധാനത്തിന് രൂപം നല്‍കി. മൂന്ന് നക്ഷത്രങ്ങളുള്ള ഒരു സൈനിക ഓഫീസര്‍ക്കാണ് ഇതിന്റെ ചുമതല. 300 ല്‍ പ്പരം സൈനികരും ജീവനക്കാരായി നിയോഗിക്കപ്പെട്ടു. മൂന്നു സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്നതില്‍ ഈ സംവിധാനത്തിന് കാര്യമായ സംഭാവനകളൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

janayugom

Thursday, July 18, 2013

പ്രതിരോധ മേഖലയിലും 100 % വിദേശ നിക്ഷേപം

പ്രതിരോധ നിര്‍മാണ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടി. ഇതോടെ, പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായി വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും എതിരായി പ്രതിരോധമന്ത്രി ഏകെ ആന്റണിയും തമ്മില്‍ നടന്നുവന്ന വടംവലിയില്‍ ആനന്ദ്ശര്‍മ വിജയിച്ചു. 26 ശതമാനത്തിന് മുകളിലുള്ള വിദേശനിക്ഷേപത്തിന് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിയുടെ അംഗീകാരം വേണമെന്ന നിബന്ധനമാത്രമാണ് ഇനിയുള്ള കടമ്പ. അതുകൂടി കടന്നാല്‍ പ്രതിരോധമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപമാകാമെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ ബുധനാഴ്ച സ്ഥിരീകരിച്ചു.ആന്റണിയെ തൃപ്തിപ്പെടുത്താനാണ് സുരക്ഷാകാര്യങ്ങള്‍ക്കായുളള മന്ത്രിസഭാസമിതിയുടെ അനുവാദം വേണമെന്ന നിബന്ധന വെച്ചത്.

പ്രതിരോധമേഖലയിലും ടെലികോം മേഖലയിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കും. പ്രതിരോധസംഭരണനയം മൂലം വീര്‍പ്പുമുട്ടുന്ന ഫാക്ടറികളെ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലാക്കും. അമേരിക്കന്‍ ആയുധകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ത്യന്‍ കമ്പനികള്‍ ഇനി ബഹുരാഷ്ട്രകുത്തക കമ്പനികളുടെ ജൂനിയര്‍ പങ്കാളിമാത്രമായിരിക്കും. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയുടേതടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലും ടെലികോം മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുകയാണ്. നിലവിലെ സ്വകാര്യടെലികോം കമ്പനികളെ വൈകാതെ ബഹുരാഷ്ട്ര ഭീമന്മാര്‍ വിഴുങ്ങും. ഈ രംഗം പൂര്‍ണമായും വിദേശകമ്പനികളുടെ കൈവശമാകുന്നതും രാജ്യസുരക്ഷയെ ബാധിക്കും. ഗ്രാമീണമേഖലയില്‍ വന്‍ നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖലാ കമ്പനികള്‍ തകരും. പന്ത്രണ്ട് മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനം സാമ്പത്തികസുരക്ഷയെയും തകര്‍ക്കും.

സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് വിദേശനിക്ഷേപത്തെ നിയന്ത്രണങ്ങളൊന്നുമില്ലാതെ സ്വീകരിക്കുന്നതെന്നാണ് യുപിഎ സര്‍ക്കാരിന്റെ വിശദീകരണം. വിദേശനിക്ഷേപത്തിലൂടെ മാത്രമേ സാമ്പത്തികവളര്‍ച്ച നേടാനാകൂ എന്ന തെറ്റായ നയത്തിന്റെ ഭാഗമായാണിത്. വന്‍ ഇളവുകളോടെ ഇന്ത്യയിലെത്തുന്ന വിദേശകമ്പനികള്‍ ഇവിടത്തെ വിഭവങ്ങളും ലാഭവും പുറത്തേക്ക് ചോര്‍ത്തുന്നതിനാണ് അവസരമൊരുങ്ങുന്നത്. ധനമന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ തള്ളിയാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നത്. ആഭ്യന്തരസമ്പാദ്യം ചോര്‍ത്താന്‍ വിദേശകമ്പനികള്‍ക്ക് അവസരമാകും. രാജ്യത്തിന്റെ വികസനത്തെയും ബാധിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇന്‍ഷുറന്‍സ് സമ്പാദ്യം രാജ്യപുരോഗതിക്ക് ഉപയോഗിച്ചിരുന്നു. വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതോടെ ഇതും നാമമാത്രമാകും.
(വി ബി പരമേശ്വരന്‍)

സമ്പദ്ഘടന വിദേശ മൂലധനത്തിന് പണയപ്പെടുത്തുന്നു: പിബി

ന്യൂഡല്‍ഹി: പ്രതിരോധം, ടെലികോം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനത്തിന് പണയപ്പെടുത്തലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പിബി ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഭ്രാന്തമായി ഈ നീക്കം നടത്തിയിട്ടുള്ളത്. ടെലികോം അടിസ്ഥാന-സെല്ലുലാര്‍ മേഖലകളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. പ്രതിരോധ മേഖലയില്‍ 26 ശതമാനത്തിലധികം വിദേശനിക്ഷേപം അനുവദിക്കുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ വിദേശനിയന്ത്രണത്തിന് ഇത് വഴിവെക്കും. വിദേശനിക്ഷേപം ആകര്‍ഷിച്ച് കറന്റ് അക്കൗണ്ട് കമ്മി നികത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, വിഭവങ്ങളും ലാഭവും വന്‍തോതില്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാന്‍ ഇത് വഴിതുറക്കും.

വൊഡഫോണ്‍ കേസില്‍ത്തന്നെ മൂലധനആദായ നികുതി സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്. ബഹുബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ വിദേശനിക്ഷേപം നടത്തുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള തീരുമാനം ആഭ്യന്തര വ്യവസായങ്ങളെ ദോഷകരമായി ബാധിക്കും. നിയമനിര്‍മാണത്തിലൂടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ സിപിഐ എം പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും പിബി പറഞ്ഞു.

deshabhimani

Monday, April 22, 2013

പ്രതിരോധ ഇടപാടുകളില്‍ നയംമാറ്റം; പൊതുമേഖലയെ തകര്‍ക്കാന്‍ നീക്കം


പ്രതിരോധ ഇടപാടുകളില്‍ തുടര്‍ച്ചയായി അഴിമതി നടക്കുന്നത് തടയാനെന്നപേരില്‍ പ്രതിരോധ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനുള്ള നയംമാറ്റുന്നു. പൊതുമേഖലയ്ക്ക് എന്നപോലെ ഇന്ത്യന്‍ സ്വകാര്യമേഖലയ്ക്കും മുന്‍ഗണന നല്‍കുന്നതായിരിക്കും പുതിയ നയം. ഇതോടെ പൊതുമേഖലയ്ക്കുള്ള മേല്‍ക്കൈ നഷ്ടമാകും. വിദേശ കുത്തകകള്‍ക്ക് പ്രതിരോധമേഖലയില്‍ നേരിട്ട് നടത്താവുന്ന നിക്ഷേപത്തിന്റെ പരിധി 26 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിന് അനുസൃതമായാണ് പ്രതിരോധ ഉപകരണ സമാഹരണനയത്തിലും മാറ്റംവരുത്തുന്നത്.

ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി അവകാശപ്പെടുമ്പോള്‍ തന്നെ അതിന്റെ ഗുണം വിദേശകുത്തകകള്‍ക്ക് ഉറപ്പാക്കുന്നതിനാണ് ഇവിടെ അവരുടെ നിക്ഷേപപരിധി ഉയര്‍ത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകും. ആഭ്യന്തര സമാഹരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള മേല്‍ക്കൈയും കുത്തകയും ഇല്ലാതാക്കുകയെന്നത് നയംമാറ്റത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ ഫാക്ടറികള്‍ക്കും ബിഇഎംഎല്‍, ഭെല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ദോഷമായിരിക്കും പുതിയ നയം. പ്രതിരോധ ഉപകരണങ്ങള്‍, ആയുധങ്ങള്‍, പോര്‍വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവ ഇനിമുതല്‍ ഇന്ത്യയില്‍ നിന്നുതന്നെ ലഭിക്കാന്‍ ആദ്യം ശ്രമിക്കണം. ഇന്ത്യയില്‍ ലഭിക്കില്ലെങ്കില്‍ മാത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാം. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ കമ്പനികളുമായി യോജിച്ച് പ്രതിരോധ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഈ പഴുതിലൂടെ രാജ്യത്ത് എത്തുന്ന വന്‍ വിദേശനിക്ഷേപം ഇന്ത്യയിലെ പ്രതിരോധ ഉല്‍പ്പാദനമേഖലയെയാകെ കൈയടക്കും.

ഇന്ത്യയില്‍നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ്രതിരോധമന്ത്രാലയത്തെ ധരിപ്പിക്കണമെന്നും പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗം തീരുമാനിച്ചു. വിദേശത്തുനിന്ന് വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ മനസ്സിലാക്കി അത് രാജ്യത്തുതന്നെ നിര്‍മിക്കുക, വിദേശസഹായമില്ലാതെ രാജ്യത്തുതന്നെ നിര്‍മിക്കുക തുടങ്ങിയ മാര്‍ഗങ്ങളും സ്വീകരിക്കാം. 50 കോടി രൂപ മുതല്‍ 150 കോടി രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിവിധ സായുധസേനാ വിഭാഗങ്ങള്‍ക്ക് ഇനി പ്രതിരോധമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടേണ്ടിവരില്ല. നിലവില്‍ രാജ്യത്ത് പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ പരിമിതമാണ്. വിദേശ കമ്പനികളുമായുള്ള ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭങ്ങള്‍ ക്രമേണ ഈ രംഗത്തെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ച് വിദേശ കുത്തകകളെ ഏല്‍പ്പിക്കുന്നതിലാകും അവസാനിക്കുക. 2027ല്‍ അവസാനിക്കുന്ന വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും പ്രതിരോധമേഖല ആധുനികവല്‍ക്കരണത്തിന്റെയും മറവില്‍ ഈ രംഗം വിദേശ കുത്തകകള്‍ കൈയടക്കുന്നതിനായിരിക്കും ഇപ്പോഴുള്ള നയംമാറ്റം ഇടയാക്കുക.

deshabhimani 220413

Friday, April 19, 2013

പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ എഫ്ഡിഐ 74 ശതമാനമാക്കും


പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കി. ഈ തന്ത്രപ്രധാന മേഖലയിലെ വിദേശനിക്ഷേപ പരിധി 26ല്‍നിന്ന് 74 ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ് ശര്‍മ നേരത്തേ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇനി ഏതൊക്കെ മേഖലകളിലാണ് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ എഫ്ഡിഐ പരിധി ഇനിയും വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവിലുള്ള 26 ശതമാനം വിദേശനിക്ഷേപം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വിദേശരാജ്യങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതിന്റെ പേരില്‍ വന്‍അഴിമതിയും നടക്കുന്നു. നിലവിലുള്ള പരിധിയായ 26 ശതമാനം വിദേശ സംരംഭകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നാണ് വാണിജ്യമന്ത്രിയുടെ നിലപാട്. വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നതോടെ ആയുധനിര്‍മാണ-പ്രതിരോധ ഉപകരണനിര്‍മാണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. സ്വാഭാവികമായും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഈ കമ്പനികളുമായി പങ്കുവയ്ക്കേണ്ടിവരും. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ രാജ്യം സ്വയംപര്യാപ്തമായാല്‍ മാത്രമേ പ്രതിരോധരംഗത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുന്നത്.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. വിദേശനിക്ഷേപം വര്‍ധിക്കുന്നതോടെ ഈ രംഗത്ത് രാജ്യത്തിന്റെ നിയന്ത്രണം ക്രമേണ നഷ്ടപ്പെടും. 26 ശതമാനം വിദേശനിക്ഷേപം കൊണ്ട് പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ കാര്യമായ മാറ്റം വരുത്താനാകില്ലെന്നാണ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആനന്ദ് ശര്‍മ പറഞ്ഞത്. 26 ശതമാനം അനുവദിച്ചശേഷം രാജ്യത്തേക്ക് വന്ന വിദേശനിക്ഷേപം 41.2 ലക്ഷം ഡോളര്‍ മാത്രമാണ്. ആഭ്യന്തര കമ്പനികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് വളരെ കുറച്ച് ഓര്‍ഡറുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഓര്‍ഡറുകളുടെ സിംഹഭാഗവും രാജ്യത്തിനു പുറത്തേക്ക് പോകുന്നു. ഇന്ത്യക്ക് ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഉല്‍പ്പാദനത്തിനായി ഇന്ത്യയിലേക്കു തന്നെ ക്ഷണിക്കുന്നതാണ് നല്ലതെന്ന ചിന്തയിലാണ് കേന്ദ്രം. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പും ഇതോടെ അപകടത്തിലാകും.
(വി ജയിന്‍)

deshabhimani 190413

Monday, April 1, 2013

അധ്യാപകരും ജീവനക്കാരും ഇന്ന് കരിദിനം ആചരിക്കും


പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുന്ന തിങ്കളാഴ്ച സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കരിദിനം ആചരിക്കും. ബാഡ്ജ് ധരിച്ച് കരിങ്കൊടിയുമായി പ്രകടനം നടത്തും. പ്രതിഷേധയോഗങ്ങളും ചേരും. സംസ്ഥാന ചരിത്രത്തില്‍ ഈ ഏപ്രില്‍ ഒന്ന് കറുത്ത ദിനമായി രേഖപ്പെടുത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാറും അധ്യാപക- സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിക്കുകയാണ് സര്‍ക്കാര്‍. മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനും ജീവനക്കാരും അധ്യാപകരും അടയ്ക്കുന്ന തുക ട്രഷറിയില്‍ നിക്ഷേപിക്കാനും ആവശ്യമായ നിയമനിര്‍മാണം ഇനിയും ഉണ്ടായിട്ടില്ല. പണിമുടക്കിന്റെ പേരിലുള്ള സസ്പെന്‍ഷനുകളും കേസുകളും സ്ഥലംമാറ്റങ്ങളും ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിന്റെ വഞ്ചനാനയത്തിനെതിരായ തുടര്‍പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകാന്‍ ജീവനക്കാരോടും അധ്യാപകരോടും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

തപാല്‍ ജീവനക്കാരുടെ നിരാഹാര സമരം ഇന്നുമുതല്‍

കൊച്ചി: എന്‍എഫ്പിഇ-എഫ്എന്‍പിഒയുടെ ആഭിമുഖ്യത്തില്‍ തപാല്‍ ജീവനക്കാര്‍ പിഎംജി ഓഫീസിനു മുന്നില്‍ നടത്തുന്ന റിലേ നിരാഹാരം തിങ്കളാഴ്ച ആരംഭിക്കും. അഞ്ചുവരെ നീളും. പിഎംജിയുടെ നിയമവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കുക, തപാല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതില്‍നിന്ന് പിന്‍മാറുക, മെയില്‍ ഓവര്‍സിയര്‍ തസ്തിക നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാരം. തിങ്കളാഴ്ച സര്‍ക്കിള്‍ സെക്രട്ടറിമാര്‍ക്കൊപ്പം എറണാകുളം ഡിവിഷനും ആര്‍എംഎസും നിരാഹാരം അനുഷ്ഠിക്കും. രണ്ടിന് കോട്ടയം-ചങ്ങനാശേരി, മൂന്നിന് ആലപ്പുഴ-മാവേലിക്കര, നാലിന് ആലുവ-ഇടുക്കി, അഞ്ചിന് തൃശൂര്‍-ഇരിങ്ങാലക്കുട എന്നീ ഡിവിഷനുകള്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ യു കെ പുഷ്പന്‍, കണ്‍വീനര്‍ എം ബി വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 010413

Wednesday, February 20, 2013

അഴിമതി തടയാന്‍ എന്തു ചെയ്യണമെന്ന് അറിയില്ല: ആന്റണി


പ്രതിരോധമേഖലയിലെ അഴിമതി തടയാന്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മന്ത്രി എ കെ ആന്റണി. പല നടപടിയും സ്വീകരിച്ചിട്ടും പ്രതിരോധമേഖലയിലെ അഴിമതി തടയാന്‍ കഴിഞ്ഞില്ല. അഴിമതി തടയുന്നതിന് ഇറക്കുമതി കുറയ്ക്കുമെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും കരസേനാ സെമിനാറില്‍ ആന്റണി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടപാടുപോലുള്ള വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് പറ്റിയ മാര്‍ഗം പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ആയുധങ്ങളുടെയും സാമഗ്രികളുടെയും തദ്ദേശവല്‍ക്കരണമാണ്. ഇത് സാധ്യമാക്കാന്‍ സായുധസേനകളും സര്‍ക്കാരും ഡിആര്‍ഡിഒയും പൊതു-സ്വകാര്യ വ്യവസായങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണം. പ്രതിരോധ ഉല്‍പ്പാദനത്തിന്റെയും സംഭരണത്തിന്റെയും കാര്യത്തില്‍ സര്‍ക്കാരിനുള്ള നയങ്ങള്‍ പുനരവലോകനംചെയ്യും. വിവിധ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്ന മനോഭാവം സായുധസേനകള്‍ മാറ്റണം. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് കുംഭകോണം വന്നപ്പോള്‍ ആറു കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി. ഇടനിലക്കാരന്‍ ജയിലിലായി. ഇതൊക്കെയായിട്ടും പാഠം പഠിക്കാത്തവരുണ്ടെന്നും ആന്റണി പറഞ്ഞു.

deshabhimani

Wednesday, April 11, 2012

ബിഇഎംഎല്‍-ടട്ര സിപോക്സ് ഇടപാടുകള്‍ അന്വേഷിക്കും


സേനയുടെ പരിശീലന നീക്കത്തിന് മുന്‍കൂര്‍ അനുമതി വേണ്ട: പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: പരിശീലനത്തിന്റെ ഭാഗമായി സൈനിക യൂണിറ്റുകളുടെ നീക്കത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ അറിയിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് ജനുവരിയില്‍ രണ്ട് കരസേനാ യൂണിറ്റുകള്‍ ഡല്‍ഹി ദിശയിലേക്ക് നീങ്ങിയത്. ഇക്കാര്യത്തില്‍ നടപടിക്രമം ലംഘിച്ചിട്ടില്ല-ശര്‍മ പറഞ്ഞു. കരസേനാ മേധാവി വി കെ സിങ്ങും സമാന അഭിപ്രായംപ്രകടിപ്പിച്ചിരുന്നു. പ്രതിരോധമന്ത്രാലയവും കരസേനയും നിലപാട് വ്യക്തമാക്കിയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമില്ലെന്ന് യോഗത്തില്‍ ചില എംപിമാര്‍ നിലപാടെടുത്തു. കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ എസ് കെ സിങ്ങിനൊപ്പമാണ് ശര്‍മ പാര്‍ലമെന്ററി സമിതിക്കു മുന്നിലെത്തിയത്. കരസേനാ മേധാവി ജന. വി കെ സിങ്ങിനെയും പാര്‍ലമെന്ററി സമിതി വിളിപ്പിക്കുമെന്ന് സൂചനയുണ്ട്. സേനാ നീക്കത്തെക്കുറിച്ച് നിറംപിടിപ്പിച്ച വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് പാര്‍ലമെന്ററി സമിതി ശര്‍മയെ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കാനാണ് ശര്‍മ തിങ്കളാഴ്ച വീണ്ടും ഹാജരായത്.

ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും ഊതിപ്പെരുപ്പിച്ചതുമാണെന്ന് ശര്‍മ സമിതിയെ ധരിപ്പിച്ചു. പത്രവാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കി. എന്നാല്‍, സേനാനീക്കം സര്‍ക്കാര്‍ വൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചെന്ന് പ്രതിരോധ സഹമന്ത്രി പള്ളം രാജു തുറന്നുസമ്മതിച്ചു.സര്‍ക്കാരിനും സേനയ്ക്കുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആരോ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ആശങ്ക ഉയര്‍ന്നതെന്ന് ഒരു ദൃശ്യമാധ്യമത്തോട് പള്ളം രാജു പറഞ്ഞു. പത്രവാര്‍ത്തയില്‍ വന്നതുപോലെ സേനാനീക്കത്തോട് സംഭ്രമജനകമായ വിധമല്ല സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ സേനാനീക്കത്തെ കുറിച്ച് ആവശ്യമില്ലാത്ത വിധത്തില്‍ ചിന്തിച്ചു. അതിനപ്പുറമൊന്നുമില്ല- മന്ത്രി പറഞ്ഞു. എന്നാല്‍, സേനാ നീക്കത്തില്‍ ചട്ടലംഘനമായി എന്തെങ്കിലും നടന്നോയെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.

ബിഇഎംഎല്‍-ടട്ര സിപോക്സ് ഇടപാടുകള്‍ അന്വേഷിക്കും

വിവാദമായ ടട്ര ട്രക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ കമ്പനിയായ ബിഇഎംഎല്ലും ലണ്ടന്‍ കേന്ദ്രമായ ടട്ര സിപോക്സും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സിബിഐ അന്വേഷിക്കും. വിശദാംശങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായം അഭ്യര്‍ഥിക്കാനും ആലോചനയുണ്ട്. ടട്ര സിപോക്സിന്റെ ഉടമസ്ഥത സംബന്ധിച്ചും അന്വേഷിക്കും. നേരത്തെ സിബിഐ ചോദ്യംചെയ്ത രവി ഋഷി ചെയര്‍മാനായ കമ്പനിയാണ് ടട്ര സിപോക്സ്. ബിഇഎംഎല്‍ ടട്രയ്ക്ക് പണം നല്‍കിയത് അവിഹിതമാര്‍ഗത്തിലൂടെയാണെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. പ്രതിരോധമന്ത്രാലയത്തിലെയും സൈന്യത്തിലെയും ബിഇഎംഎല്ലിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്ന് സിബിഐ അധികൃതര്‍ അറിയിച്ചു. ടട്ര സിപോക്സും ചെക്ക് റിപ്പബ്ലിക്ക് കേന്ദ്രമായ ടട്ര എഎസും തമ്മിലുള്ള ബന്ധവും അന്വേഷിക്കും.

ടട്ര സിപോക്സില്‍നിന്ന് ട്രക്ക് വാങ്ങാന്‍ ബിഇഎംഎല്‍ കരാര്‍ ഒപ്പിട്ടത് 1997ലാണ്. ട്രക്ക് നിര്‍മാണ കമ്പനിയല്ലാത്ത ടട്ര സിപോക്സുമായി കരാര്‍ ഒപ്പിട്ടത് പ്രതിരോധനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിബിഐ വ്യക്തമാക്കി. അതിനിടെ ട്രക്ക് നിര്‍മാണത്തിന് ആവശ്യമായ 30 മുതല്‍ 35 ശതമാനംവരെ വാഹനഭഭാഗങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി വരുന്നതായി ചെക്ക് റിപ്പബ്ലിക്ക്കേന്ദ്രമായ ടട്ര എഎസ് പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് കമ്പനികളോ ബിഇഎംഎല്ലോ ആണ് വാഹനത്തിന്റെ ബാക്കിഭഭാഗങ്ങള്‍ നിര്‍മിക്കുന്നത്. തങ്ങളുമായുള്ള ലൈസന്‍സ് കരാര്‍ അനുസരിച്ച് ടട്ര എന്ന പേരില്‍ ബിഇഎംഎല്‍ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്. രവി ഋഷി ചെയര്‍മാനായ വെക്ട്രയ്ക്ക് തങ്ങള്‍ക്ക്മേല്‍ നിയന്ത്രണമില്ല. വെക്ട്രയ്ക്ക് ടട്രയില്‍ നാമമാത്ര ഓഹരിപങ്കാളിത്തമാണുള്ളത്. എന്നാല്‍, ടട്രയുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്തതിനെക്കുറിച്ച് രവി ഋഷിയില്‍നിന്നും വെക്ട്ര കമ്പനിയില്‍നിന്നും വിശദീകരണം ആവശ്യപ്പെടുമെന്ന് ചെക്ക് കമ്പനി അറിയിച്ചു.

ട്രക്ക് അഴിമതി: 3 ബിഇഎംഎല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു

ടട്ര ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിലെ (ഭരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) മൂന്ന് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തു. ധനവിഭാഗം തലവനെയും ധനകാര്യ, വിജിലന്‍സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെയുമാണ് ചോദ്യംചെയ്തത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. ചോദ്യംചെയ്യപ്പെട്ട മൂന്നു പേര്‍ക്കുമെതിരെ ഇതുവരെ ആരോപണം ഉയര്‍ന്നിട്ടില്ല.

ബ്രിട്ടന്‍ ആസ്ഥാനമായ ടട്ര സിപോക്സ് കമ്പനിയില്‍നിന്ന് ട്രക്കുകള്‍ വാങ്ങാന്‍ 1997ലാണ് ബിഇഎംഎല്‍ കരാര്‍ ഒപ്പിട്ടത്. 2003ല്‍ കരാര്‍ പുതുക്കി. യഥാര്‍ഥ ട്രക്ക് നിര്‍മാണ കമ്പനിയല്ലാത്ത ടട്ര സിപോക്സുമായി ഏര്‍പ്പെട്ട കരാറില്‍ പ്രതിരോധനിയമങ്ങള്‍ ലംഘിച്ചതിനെക്കുറിച്ചാണ് സിബിഐ പരിശോധിക്കുന്നത്. ബിഇഎംഎല്ലും ടട്ര സിപോക്സും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രീതിയും പണം പോയത് എങ്ങോട്ടാണെന്നും സിബിഐ ആരാഞ്ഞു. ഇടപാടിനായി ഡോളര്‍ യൂറോയിലേക്ക് മാറ്റിയതും അന്വേഷിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് വെക്ട്ര ചെയര്‍മാന്‍ രവി ഋഷിയെ കഴിഞ്ഞയാഴ്ച സിബിഐ ചോദ്യംചെയ്തിരുന്നു. രേഖകളും രവി ഋഷിയുടെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകളെ ക്കുറിച്ച് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞതായി സിബിഐ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ശനിയാഴ്ച പ്രതിരോധമന്ത്രാലയം സിബിഐക്ക് നല്‍കിയിരുന്നു. ടട്ര സിപോക്സും ചെക്ക് റിപ്പബ്ലിക് കേന്ദ്രമായ ടട്ര എ എസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടനോട് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് സിബിഐ.

ടട്ര ഇടപാട് അനാവശ്യമെന്ന് 2008ല്‍ ആന്റണിയെ അറിയിച്ചു: ബിജെപി

ടട്ര ട്രക്കുകളേക്കാള്‍ ചെലവുകുറഞ്ഞവ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാല്‍ ടട്ര ഇറക്കുമതി അനാവശ്യമാണെന്ന് 2008ല്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിരുന്നതായി ബിജെപി. എന്നാല്‍, തുടര്‍ന്നും കേന്ദ്രം ഇടപാടുമായി മുന്നോട്ടുപോകുകയായിരുന്നെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജബല്‍പുരിലെ ഫാക്ടറിയില്‍ ടട്രയുടെ പകുതി ചെലവില്‍ ട്രക്കുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് ഒന്നാം യുപിഎയുടെ കാലത്ത് ആന്റണിക്ക് കത്തുനല്‍കിയിരുന്നതായി ജബല്‍പുരില്‍നിന്നുള്ള ബിജെപി എംപി രാകേഷ്സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താമെന്ന് ആന്റണി ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഇടപാടിനു പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യമുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

deshabhimani news

Thursday, April 5, 2012

ആയുധസംഭരണത്തിന് ഇനി ദീര്‍ഘകാല പദ്ധതി


രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളുടെയും സംഭരണാവശ്യങ്ങള്‍ക്ക് 15 വര്‍ഷത്തെ ദീര്‍ഘകാല സംയോജിത പദ്ധതിക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കി. ഇതാദ്യമായാണ് 15 വര്‍ഷത്തേയ്ക്കുള്ള പദ്ധതി സേനയുടെ നവീകരണത്തിനായി സര്‍ക്കാര്‍ തയ്യാറാക്കുന്നത്. പരമാവധി അഞ്ചുവര്‍ഷംവരെയുള്ള പദ്ധതികളായിരുന്നു ഇതുവരെ തയ്യാറാക്കിയിരുന്നത്. സൈന്യത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടി കരസേനാ മേധാവി പ്രധാനമന്ത്രിക്കയച്ച കത്ത് ചോരുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് ദീര്‍ഘകാല പദ്ധതിക്ക് തിരക്കിട്ട് അംഗീകാരം നല്‍കിയത്. മൂന്ന് സേനാവിഭാഗങ്ങളുടെയും ആയുധ-ഉപകരണ ആവശ്യങ്ങള്‍ പരിശോധിച്ച് വിശദമായ പദ്ധതിയാകും തയ്യാറാക്കുക. പ്രതിരോധനിര്‍മാണ രംഗത്തുള്ള പൊതു-സ്വകാര്യകമ്പനികള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും പദ്ധതി കൈമാറും. 15 വര്‍ഷം മുന്നില്‍ കണ്ടുള്ള ഈ പദ്ധതിയുടെ അടിസ്ഥാനത്തിലാകും ഗവേഷണസ്ഥാപനങ്ങളും വ്യവസായങ്ങളും ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.

പ്രതിരോധരംഗത്തേക്ക് ഈയിടെ കടന്നുവന്ന ചില സ്വകാര്യകമ്പനികള്‍ക്ക് ആഹ്ലാദമേകുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. പ്രതിരോധമന്ത്രി എ കെ ആന്റണിയും മൂന്ന് സേനാതലവന്മാരും പങ്കെടുത്ത പ്രതിരോധ സംഭരണ സമിതിയാണ് (ഡിഎസി) ഈ നിര്‍ണായക തീരുമാനമെടുത്തത്. ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് പതിനഞ്ചോ അതിലധികമോ വര്‍ഷം നീളുന്ന പ്രതിരോധ സംഭരണ പദ്ധതിയുള്ളത്. ഫ്രാന്‍സ് 30 വര്‍ഷം നീളുന്ന പദ്ധതിയാണ് തയ്യാറാക്കാറുള്ളത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 15 വര്‍ഷത്തെ പദ്ധതിയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയ പശ്ചാത്തലത്തിലാണ് നിര്‍ണായകമായ നയംമാറ്റമെന്നത് ശ്രദ്ധേയമാണ്. ഫസസസസ പ്രതിരോധമന്ത്രാലയവും കരസേനാ മേധാവിയുമായുള്ള വിവാദമാണ് ഇപ്പോള്‍ പെട്ടെന്നുള്ള നയംമാറ്റത്തിന് വഴിയൊരുക്കിയത്.

deshabhimani 050412