Showing posts with label കല. Show all posts
Showing posts with label കല. Show all posts

Wednesday, January 27, 2021

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കലാ പ്രതിഷ്ഠാപനം

പുഴയ്ക്കല്‍> ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അടാട്ടെ കോള്‍ കര്‍ഷകരുടെ പിന്തുണയോടെ തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോള്‍ പാടത്തിന്റെ നടുവില്‍ കലാ പ്രതിഷ്ഠാപനം നടത്തി. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍, അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്  തികച്ചും വ്യത്യസ്തവും മൗലികവുമായ ഈ പ്രവര്‍ത്തനത്തിന് പുറകില്‍.

(ചിത്രം :കര്‍ഷക സമരത്തിന് പിന്തുണയുമായി അടാട്ട് കോള്‍ വരമ്പത്ത് കലാകാരന്മാര്‍ ഒരുക്കിയ പ്രതിഷ്ഠാപനങ്ങളില്‍ ഒന്ന് )

കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കോള്‍ പാടം തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭ്യമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ നിലനിര്‍ത്തുന്നതായ  കലാസൃഷ്ടികളാണ് ഇതിന്റെ ഭാഗമായി  ഒരുക്കിയത്. 

റിപ്പബ്ലിക് ദിനത്തില്‍ കാലത്ത് 9 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകീട്ട് ആറു മണിയോടെ പൂര്‍ണമാക്കുകയും തുടര്‍ന്ന് വ്യത്യസ്തമായ  കലാവതരണങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായി.

 നാടകം , നാടന്‍പാട്ടുകള്‍, കുമ്മാട്ടി, പോസ്റ്ററുകള്‍, ചിത്രങ്ങള്‍, പ്രതിഷേധ ജാഥകള്‍,പഴയ കാലത്തെ ജലസേചനരീതിയായിരുന്ന ചക്രം ചവിട്ടല്‍   എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. കലാകാരന്മാരുടെ പിന്തുണ സമരം ചെയ്യുന്ന കര്‍ഷകരെ   അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. 

അന്‍വര്‍ അലി , പി പി രാമചന്ദ്രന്‍ , കവിത ബാലകൃഷ്ണന്‍ , ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് , പ്രൊഫ.എം വി നാരായണന്‍, മുസ്തഫ ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.


Wednesday, January 29, 2014

അമേരിക്കന്‍ നാടോടിപ്പാട്ടുകാരന്‍ പീറ്റ് സീഗര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയ്ക്ക് നാടന്‍പാട്ടുകളുടെ ശീലുകള്‍ പകര്‍ന്ന വിഖ്യാത ഗായകനും ഗാനരചയിതാവും സാമൂഹ്യപ്രവര്‍ത്തകനുമായ പീറ്റ് സീഗര്‍ (94) അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. ആറുദിവസംമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറുപതിറ്റാണ്ടോളം അമേരിക്കന്‍ നാടോടിഗാനശാഖയുടെ തലതൊട്ടപ്പനായി വാഴുമ്പോഴും സാധാരണക്കാരനായി അറിയപ്പെടാന്‍ ആഗ്രഹിച്ച ലളിതവ്യക്തിത്വമായിരുന്നു പീറ്റ് സീഗറിന്റേത്. കമ്യൂണിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പത്. അടുത്തകാലംവരെ പൊതുരംഗത്ത് സജീവമായിരുന്നു. 2011 ഒക്ടോബറില്‍ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തിലൂടെ അദ്ദേഹം മാര്‍ച്ച് ചെയ്തു.

1919 മെയ് മൂന്നിനാണ് ജനം. കുടിയേറ്റതൊഴിലാളികള്‍ക്കുവേണ്ടിയാണ് അദ്ദേഹം പാടിത്തുടങ്ങിയത്. "40കളിലും "50കളിലും തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ച് പാടി. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ സീഗറിനെ ഭരണകൂടം വേട്ടയാടി. കരിമ്പട്ടികയില്‍പ്പെടുത്തി അദ്ദേഹത്തിന്റെ പാട്ടുകള്‍ വിലക്കി. "61ല്‍ യുഎസ് കോടതി ശിക്ഷിച്ച് തടവറയിലാക്കി. ഒരുവര്‍ഷം ജയിലില്‍ കിടന്ന അദ്ദേഹത്തെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. ഈ സംഭവത്തിനുശേഷമാണ് ഗായകന്‍ എന്നനിലയില്‍ സീഗര്‍ കത്തിക്കയറിയത്. "60കളില്‍ പൗരാവകാശപ്രക്ഷോഭങ്ങളിലും വിയത്നാം യുദ്ധവിരുദ്ധറാലികളിലും സീഗറിന്റെ പാട്ട് ഉയര്‍ന്നുകേട്ടു.

സീഗറിന്റെ വേര്‍പാടില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അനുശോചിച്ചു. കല- സാംസ്കാരിക രംഗത്തിനുമാത്രമല്ല, തൊഴിലാളിവര്‍ഗത്തിനാകെ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് സിസി പ്രസ്താവനയില്‍ പറഞ്ഞു.


Wednesday, January 22, 2014

പൂച്ചയ്ക്കാര് മണികെട്ടും?

പാലക്കാട്: പരിഷ്കരണം, നടത്തിപ്പിലെ സുതാര്യത...എല്ലാ കലോത്സവകാലത്തും ഉയര്‍ന്നുകേള്‍ക്കാറുള്ള ചര്‍ച്ച. ചര്‍ച്ചകളും സംവാദങ്ങളും മുറയ്ക്കുനടക്കും, ഒരുവ്യക്തതയുമില്ലാതെ ഓരോ കലോത്സവങ്ങളും കൊടിയിറങ്ങും. മത്സരങ്ങളുടെയും നടത്തിപ്പിന്റെയും അലകും പിടിയും മാറ്റാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമായി പത്തംഗ പരിഷ്കരണ കമ്മിറ്റി ബുധനാഴ്ച ചേരാനിരിക്കെ ഈ വിഷയം വീണ്ടും പ്രസക്തമാകുന്നു.

ഒരുകാലത്ത് കലോത്സവവേദികള്‍ രക്ഷിതാക്കളുടെ യുദ്ധഭൂമിയായിരുന്നു. പ്രതിഭ-തിലക പട്ടത്തിനായി അണിയറയിലരങ്ങേറിയ മത്സരങ്ങളുടെ കഥകള്‍ക്ക് കൈയും കണക്കുമില്ല. ഓരോ കലോത്സവത്തിന്റെയും ചിന്തയും ആരുടെ പേരിനൊപ്പം പ്രതിഭ- തിലക പട്ടം ചേര്‍ക്കും എന്നതിലേക്കൊതുങ്ങി. പിന്നീട് മാന്വല്‍ പരിഷ്കരണങ്ങളുടെ ഭാഗമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ എടുത്തുകളയുകയും പട്ടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തുവെങ്കിലും "മത്സര"ത്തിന് ഒരു കുറവുമില്ല. എഗ്രേഡില്‍ കുറഞ്ഞതൊന്നും ആവശ്യമില്ല.

കലോത്സവവേദികളില്‍ വിവാദങ്ങള്‍ക്ക് മുഖ്യകാരണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിലെ അപാകമാണ്. വിധിനിര്‍ണയത്തിലെ പാളിച്ചകള്‍ പലപ്പോഴും അപ്പീലുകളുടെ പ്രളയത്തിലേക്ക് ചെന്നെത്തുന്നു. ഇത് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിചമുട്ടുകളിയില്‍ വിധികര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണം. ഹൈസ്കൂള്‍ വിഭാഗം ചാക്യാര്‍കൂത്തിന്റെ വിധിയിലും ആരോപണമുയര്‍ന്നു. വിധികര്‍ത്താക്കളെ രഹസ്യമായി തെരഞ്ഞെടുക്കുന്നുവെന്നാണ് വെപ്പെങ്കിലും എല്ലാം "സുതാര്യ"മാണ്. ഇത് വിവാദങ്ങളിലേക്ക് വഴിവയ്ക്കുന്നു. വിധികര്‍ത്താക്കളാക്കാവുന്നവരുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചാല്‍ ഒരുപരിധി വരെ വിവാദങ്ങളില്‍നിന്ന് രക്ഷനേടാം.പട്ടികയില്‍ ആക്ഷേപവും പരാതികളും ഉള്ളവര്‍ക്ക് അത് നല്‍കാന്‍ അവസരം നല്‍കണം. ഈ പട്ടികയില്‍ നിന്നാകണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടത്.

കലോത്സവത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശം അത്യാവശ്യമാണ്. സിബിഎസ്സി വിദ്യാര്‍ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയും ഇടക്കാലത്ത് ചര്‍ച്ചയായി. കലോത്സവം അവധിക്കാലത്ത് നടത്തണമെന്ന കാര്യവും വന്‍ചര്‍ച്ചയ്ക്ക് വഴിവച്ചു. കുട്ടികളുടെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തിയുളള കലോത്സവത്തോട് പലര്‍ക്കും യോജിപ്പില്ല. പ്രത്യേകിച്ച് പരീക്ഷാച്ചൂടേറിയ ജനുവരി മാസത്തില്‍ കലോത്സവം നടത്തുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. എങ്കിലും പ്രതിഭാ- തിലക പട്ടം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടെന്നാണ് അവരുടെ വാദം. അപ്പീലുകള്‍ക്ക് പിറകെ പോകാതെ, ഗ്രേഡിന് പിറകെ പോകാതെ കലയെ സ്നേഹിക്കുന്നവരുടെ ഉത്സവമായി കലോത്സവങ്ങള്‍ മാറണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.

deshabhimani

Saturday, January 11, 2014

ആണ്ടി പെരുമലയന്റെ കലാജീവിതത്തിന് ആദരം

എണ്‍പത്തിനാലാം വയസില്‍ ആണ്ടി പെരുമലയന്റെ കലാജീവിതത്തിന് പെരുമചാര്‍ത്തി കാളന്‍ പുരസ്കാര ബഹുമതി. പേരാമ്പ്ര കുട്ടോത്ത് സ്വദേശിയായ വിഖ്യാത തെയ്യം കലാകാരനാണ് ഗദ്ദികക്കാരന്റെ പേരിലുള്ള വിശിഷ്ടമായ ഈ ആദരം. കേരളത്തിനകത്തും വിദേശത്തുമായി നിരവധി വേദികളില്‍ തെയ്യംകെട്ടിയാടിയ ആണ്ടി പെരുമലയന്‍ കലയ്ക്ക് വേണ്ടി സമര്‍പ്പിതമായ ജീവിതമാണ്. കഴിഞ്ഞ ദിവസമാണ് ഗദ്ദികയിലൂടെ കലാലോകത്ത് പേരുകേട്ട പി കെ കാളന്റെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനായത്.

സ്വാതന്ത്ര്യസമരത്തിന്റെ ആവേശമേറ്റുവാങ്ങിയ പെരുമലയന്‍ വടകരയില്‍ ഗാന്ധിജി എത്തിയപ്പോള്‍ തെയ്യംകെട്ടി ചെണ്ടകൊട്ടി പാട്ടുപാടിയാണ് കാണാന്‍ പോയത്. മലബാറിലെ മുപ്പതോളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്. തെയ്യംകോപ്പ് നിര്‍മാണം, കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങള്‍, ചെണ്ട, അരിപ്പറ, കുറും കുഴല്‍, തോറ്റം, എണ്ണമന്ത്രം, ബലിക്കള, മലയന്‍കെട്ട്, തിയ്യാട്ട് എന്നിവ ചെയ്യുന്നതിലും പ്രഗത്ഭനാണ്. മലബാര്‍ മഹോത്സവം, റിപ്പബ്ലിക്ദിന പരേഡ് പരിപാടികളില്‍ തെയ്യം കെട്ടിയിട്ടുണ്ട്. ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍, ദൂരദര്‍ശന്‍, കൈരളി ടിവി, ഏഷ്യാനെറ്റ് ചാനലുകളില്‍ നിരവധി പരിപാടി അവതരിപ്പിച്ചു. തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ തെയ്യം അധ്യാപകനുമാണ്. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് 2003-ല്‍, 2010-ല്‍ ഫോക്ലോര്‍ അക്കാദമി ഫെലോഷിപ്പ്, പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക താളം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, ലളിത കലാഅക്കാദമി ബഹുമതികള്‍ ആണ്ടി പെരുമലയന്റെ കലാജീവീതത്തിന് ലഭിച്ച അംഗീകാരങ്ങളാണ്.

deshabhimani

Saturday, December 14, 2013

സി എന്‍ കരുണാകരന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പകല്‍ മൂന്നോടെയായിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം അദ്ദേഹമാണ് ആരംഭിച്ചത്.

1940ല്‍ ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്തായിരുന്നു ജനനം.മദ്രാസിലെ ഗവണ്‍മെന്റ് സ്കൂള്‍ ആന്‍ഡ് ക്രാഫ്റ്റ്സ്, ഗവണ്‍മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് മദ്രാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. രാജാരവി വര്‍മ്മ പുരസ്കാരം, കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് , മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്കാരം, പി ടി ഭാസ്കര പണിക്കര്‍ പുരസ്കാരം, കേരള ലളിതകലാ അക്കാദമി പുരസ്കാരം, മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം , കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

deshabhimani

Friday, November 1, 2013

സര്‍ക്കാര്‍ അവഹേളിച്ച സരോദ്വാദകന്‍ പാര്‍ത്ഥോയ്ക്ക് "ബീം"വേദിയൊരുക്കും

കൊച്ചി: രാജ്യത്തെ ശ്രദ്ധേയനായ യുവ സരോദ്വാദകന്‍ പാര്‍ത്ഥോ സരോഡിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവഹേളനം. സര്‍ക്കാര്‍തന്നെ ക്ഷണിച്ചുവരുത്തിയ അദ്ദേഹത്തിന് ഒടുവില്‍ വേദി നിഷേധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വേദിയൊരുക്കാന്‍ ബാങ്ക് ജീവനക്കാരുടെ കലാസംഘടനയായ ബീം തയ്യാറായതോടെ കേരളത്തിന്റെ മണ്ണില്‍ പാര്‍ത്ഥോ സരോഡിക്ക് അപമാനം ഒഴിവായി.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം "കേരള ഖരാന" എന്ന സംഘടനയാണ് പാര്‍ത്ഥോയെ കേരളത്തില്‍ കൊണ്ടുവരുന്നത്. കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നുമുതല്‍ 13 വരെയാണ് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. മൂന്നിന് എറണാകുളത്ത് ആദ്യ പരിപാടി തീരുമാനിച്ചു. സര്‍ക്കാരിന്റെ പ്രതിനിധികളായ കലക്ടറോടും ജില്ലാ ടൂറിസം വികസന സമിതി ഭാരവാഹികളോടും ആലോചിച്ചാണ് മുഴുവന്‍ പരിപാടിയുടെയും തീയതി നിശ്ചയിച്ചത്. എന്നാല്‍ അന്തിമനിമിഷം സര്‍ക്കാര്‍ പരിപാടിയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്ന് "കേരള ഖരാന"യുടെ ഭാരവാഹി അനില്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് നേരിടേണ്ടിവരുന്ന അപമാനം ഒഴിവാക്കാന്‍ "ബീം" എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ പരിപാടി ഏറ്റെടുക്കുകയായിരുന്നു. അന്ന് പകല്‍ 3.30ന് ടിഡിഎം ഹാളിലെ കാവേരിയില്‍ പരിപാടി നടത്തുമെന്ന് ബീമിന്റെ ഭാരവാഹികള്‍ വ്യക്തമാക്കി. പ്രവേശം സൗജന്യമാണ്. കേരളത്തിലെ മറ്റൊരു പ്രശസ്ത സംഘടനയുടെ ആഭിമുഖ്യത്തില്‍ എട്ടിന് എറണാകുളത്ത് സരോദ്വാദകന്‍ അംജത് അലിഖാനും കുടുംബവും സരോദ് സംഗീതം അവതരിപ്പിക്കുന്നുണ്ട്. ഈ സംഘടനക്കായാണ് സര്‍ക്കാര്‍ പരിപാടി വേണ്ടെന്നുവച്ചതെന്നാണ് അറിയുന്നത്. തങ്ങളുടെ പരിപാടിക്ക് മുമ്പ് പാര്‍ത്ഥോയുടെ കച്ചേരി അരങ്ങേറിയാല്‍ സംഘടന സംഘടിപ്പിക്കുന്ന പരിപാടിയുടെ പൊലിമ കുറയുമെന്ന ആശങ്കയാണ്് ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന. പരിപാടി മാറ്റിവയ്ക്കാന്‍ മുകളില്‍നിന്ന് സമ്മര്‍ദമുണ്ടായതായും പറയുന്നു.

അതേസമയം പാര്‍ത്ഥോയുടെയും സംഘത്തിന്റെയും ഇരുവശത്തേക്കുമുള്ള വിമാനടിക്കറ്റ്, താമസസൗകര്യം എന്നിവയെല്ലാം ഒരുക്കി സംസ്ഥാനത്തെ മുഴുവന്‍ പരിപാടിയും പ്രഖ്യാപിച്ചശേഷമുള്ള സര്‍ക്കാര്‍ പിന്മാറ്റം "കേരള ഖരാന"യെ പ്രതിസന്ധിയിലാക്കി. ചെലവായ പണം പോയാലും ഈ കലാകാരനോട് എന്ത് വിശദീകരണം പറയുമെന്നതായിരുന്നു ഇവരുടെ പ്രധാന പ്രശ്നം. ഈ ഘട്ടത്തിലാണ് കൈതാങ്ങായി ബീം എത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ പാര്‍ത്ഥോ വിഖ്യാത സരോദ് സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറിനൊപ്പം നിരവധി വേദികളില്‍ ജുഗല്‍ബന്ദി അവതരിപ്പിച്ചിട്ടുണ്ട്. ഉസ്താദ് അഷിസ്പോള്‍ തബലയില്‍ പാര്‍ത്ഥോയ്ക്ക് അകമ്പടിയേകും.

deshabhimani

Tuesday, June 4, 2013

ബിനാലെ: 12.58 കോടി ചെലവായതായി സര്‍ക്കാര്‍

കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനായി ഇതുവരെ 12.58 കോടി രൂപ ചെലവായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ബിനാലെ ഫൗണ്ടേഷന് വരുമാനമായി ലഭിച്ചത് 8.19 കോടി രൂപ മാത്രമാണെന്നും അടിയന്തര ആവശ്യങ്ങള്‍ക്കായി 2.30 കോടി രൂപ കൂടി അനുവദിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിനാലെയിലൂടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖല ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും ഇത് കണക്കിലെടുത്താണ് ബിനാലെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സാംസ്കാരിവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ജി ഉണ്ണികൃഷ്ണന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബിനാലെ കേരളത്തിന്റെ ടൂറിസംമേഖലയ്ക്ക് നല്‍കിയ ഉണര്‍വ് പരിഗണിച്ചാണ് നാലുകോടി രൂപയുടെ അധിക സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ലാന്റെന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

ബിനാലെയിലെ കെട്ടുവള്ളത്തിന് ലണ്ടനില്‍ നാലരക്കോടി

കൊച്ചി: മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ കലാകാരന്‍ സുബോധ് ഗുപ്തയുടെ കെട്ടുവള്ളംകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ ലണ്ടനിലെ പ്രദര്‍ശനത്തില്‍ എട്ടുലക്ഷം ഡോളര്‍ (ഏകദേശം നാലുകോടി 40 ലക്ഷം രൂപ) വിലയ്ക്ക് വിറ്റഴിഞ്ഞു. ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

 അബുദാബി ഗുഗന്‍ഹെയിം മ്യൂസിയമാണ് കലാസൃഷ്ടി വാങ്ങിയത്. കൊച്ചി ബിനാലെയില്‍ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ കെട്ടിടത്തിലെ പ്രദര്‍ശനത്തിനുശേഷമാണ് കലാസൃഷ്ടി ലണ്ടനിലേക്ക് കയറ്റി അയച്ചത്. "വാട്ട് ഡസ് ദി വെസ്സല്‍ കണ്ടെയിന്‍, ദാറ്റ് ദി റിവര്‍ ഡസ് നോട്ട്" എന്ന് പേരിട്ട കലാസൃഷ്ടി സൂഫിസത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നതാണ്. ബിനാലെയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ സുബോധ് ഗുപ്ത കോട്ടപ്പുറംവരെയുള്ള കായല്‍യാത്രയിലാണ് കെട്ടുവള്ളംകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ എന്ന ആശയം ഉള്‍ക്കൊണ്ടത്. കൊച്ചിക്കായലിലെ പോഞ്ഞിക്കര ദ്വീപിലെ പരമ്പരാഗത ബോട്ട്-വഞ്ചി നിര്‍മാതാക്കളുടെ സഹായത്തോടെയാണ് സുബോധ് ഗുപ്ത കലാശില്‍പ്പം രൂപപ്പെടുത്തിയത്. 21.35 മീറ്റര്‍ നീളവും 3.15 മീറ്റര്‍ വീതിയും 1.1 മീറ്റര്‍ ആഴവുമുള്ള കെട്ടുവള്ളം നിര്‍മിച്ച് അതില്‍ കലാശില്‍പ്പരചന നടത്തുകയായിരുന്നു. പോഞ്ഞിക്കരയിലെ പൊന്നാരിമംഗലത്തെ ജോണ്‍സന്റെ യാര്‍ഡില്‍ നിര്‍മിച്ച കെട്ടുവള്ളം പിന്നീട് ബോട്ട്നിര്‍മാണ പണിക്കാരായ സൈമണ്‍ ഡിസില്‍വയും കൂട്ടരും ചേര്‍ന്ന് ബിനാലെ വേദിയായ ആസ്പിന്‍വാളിലെത്തിച്ചു. പരമ്പരാഗതരീതിയില്‍ കയറുകൊണ്ട് പലകകള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കുന്ന കെട്ടുവള്ളം നിര്‍മാണരീതിയാണ് കലാശില്‍പ്പത്തിന്റെ നിര്‍മാണത്തിലും സ്വീകരിച്ചത്.

deshabhimani

Sunday, May 5, 2013

ഈ ചിത്രങ്ങള്‍ പറയുന്നു - അരുത് കൊല്ലരുത്...

കോഴിക്കോട്: ബന്ധനങ്ങളിലകപ്പെട്ട പെണ്‍ജീവിതങ്ങളുടെയും നഗരവത്കരണത്തില്‍ ചിതറിപ്പോയ ബന്ധങ്ങളുടെയും നേര്‍ക്കാഴ്ചയായി പി വി ബിന്ദുവിന്റെ ചിത്രപ്രദര്‍ശനം. ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച "ഇന്‍സൈറ്റ്സ്" പ്രദര്‍ശനം വിഷയ വൈവിധ്യംകൊണ്ട് വേറിട്ടതായി.

സമകാലിക സമൂഹത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണ് 18 പെയിന്റിങ്ങുകളുടെയും പ്രമേയം. വ്യാപകമാകുന്ന പെണ്‍ഭ്രൂണഹത്യയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളും ഉള്‍പ്പെടുത്തിയുള്ള എണ്ണച്ഛായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇതോടൊപ്പം നഗരവത്കരണത്തിലൂടെ നഷ്ടമാകുന്ന പ്രകൃതിയും ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയും കാണാം. പ്രതിരോധത്തിന്റെ സ്വര്‍ണപ്പക്ഷി, മകള്‍, ഹിരണ്യഗര്‍ഭ തുടങ്ങിയ പേരുകളിലാണ് പെയിന്റിങ്ങുകള്‍. സ്വര്‍ണം ഉപയോഗിച്ച് എണ്ണച്ഛായത്തില്‍ തീര്‍ത്ത പ്രതിരോധത്തിന്റെ സ്വര്‍ണപ്പക്ഷി ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ നേര്‍ചിത്രമാണ്. സ്വര്‍ണം പൊടിച്ച് എണ്ണച്ഛായത്തില്‍ ചാലിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നതെന്ന് ചിത്രകാരി പറഞ്ഞു. പെണ്‍ഭ്രൂണഹത്യയെ പുരാണവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചതാണ് ഹിരണ്യ ഗര്‍ഭ. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയോടുള്ള പ്രതിഷേധമാണ് പെയിന്റിങ്ങുകളെന്ന് പി വി ബിന്ദു പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ ഇവരുടെ രണ്ടാമത്തെ പ്രദര്‍ശനമാണിത്. ശനിയാഴ്ച രാവിലെ മേയര്‍ എ കെ പ്രേമജം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പത്തിന് സമാപിക്കും.

കേരളവും പെണ്‍ഭ്രൂണഹത്യയുടെ നാടായി: ജോസഫൈന്‍

പരവൂര്‍: പെണ്‍കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നെന്ന സെന്‍സസ് റിപ്പോര്‍ട്ട് കേരളത്തിലും പെണ്‍ഭ്രൂണഹത്യ അപകടകരമായ വിധം വര്‍ധിക്കുന്നതിന്റെ സൂചനയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളന പ്രതിനിധി സമ്മേളനം വി കെ ആനന്ദം നഗറില്‍ (പരവൂര്‍ എസ്എന്‍വി ആര്‍സി ബാങ്ക് ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ആറുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ആണ്‍കുട്ടികളേക്കാള്‍ 63533 പെണ്‍കുട്ടികള്‍ കുറവാണെന്ന് 2011ലെ പുതുക്കിയ സെന്‍സസ് കണക്ക് വ്യക്തമാക്കുന്നു. കേരള വികസന സൂചിക പരാമര്‍ശിക്കുമ്പോള്‍ സ്ത്രീപുരുഷ അനുപാതത്തിലെ സ്ത്രീ മുന്നേറ്റം ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. വികസിത രാജ്യങ്ങളുടെ നിലവാരമാണ് കേരളം നിലനിര്‍ത്തിവന്നത്. സ്വകാര്യ ക്ലിനിക്കുകളില്‍ രഹസ്യമായി ഭ്രൂണഹത്യ നടക്കുന്നെന്ന സംശയങ്ങള്‍ ഇതോടെ ബലപ്പെടുകയാണ്. പെണ്‍ഭ്രൂണഹത്യക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചു.

ലോക മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സ്ത്രീകളുടെ മേല്‍ വലിയ ഭാരമാണ് ചുമത്തുന്നത്. ആഗോളതലത്തില്‍ തൊഴിലില്ലാത്ത 24.4 ശതമാനം യുവജനം തൊഴില്‍രഹിതരാണ്. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ ലോകത്താകെ ശക്തിപ്രാപിക്കുന്നു. ലൈംഗികതയെ വില്‍പ്പനച്ചരക്കാക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കേണ്ടിവരുന്നത് കേരളത്തിലെ സ്ത്രീസമൂഹമാണ്. സ്ത്രീവിരുദ്ധ യാഥാസ്ഥിതിക ചിന്തകളെ മതങ്ങളും സാമുദായിക സംഘടനകളും പ്രോത്സാഹിപ്പിക്കുന്നു. ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്ത് ഇറങ്ങണം- എം സി ജോസഫൈന്‍ പറഞ്ഞു.

deshabhimani 050513

Monday, April 29, 2013

വരയുടെ വഴികള്‍ വെളിപ്പെടുത്തി "കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ്"


ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ ചിത്രങ്ങളെയും സുഹൃദ്സംഘത്തെയും പരിചയപ്പെടുത്തി ടി വി ചന്ദ്രന്റെ ഹ്രസ്വചിത്രം "കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ്". കേരളത്തിന്റെ സംസ്കാരത്തെ കൈവിടാതെ തന്റേതായ ശൈലിയിലുള്ള സി എന്റെ വരകളെ രൂപപ്പെടുത്തിയ കാലഘട്ടവും സൗഹൃദക്കൂട്ടായ്മയുമാണ് മുക്കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. പതിനൊന്നാംവയസ്സില്‍ ടൈഫോയ്ഡ് ബാധിച്ച് ഇടതുകാലിന് സ്വാധീനം കുറഞ്ഞ സി എന്നിന്റെ കുട്ടിക്കാലത്തുനിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിക്കാന്‍ പോകുന്നതും തുടര്‍ന്ന് അരവിന്ദന്‍, ജോണ്‍ എബ്രഹാം, ചിന്ത രവി, പവിത്രന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം, അശ്വത്ഥാമാവ് സിനിമയിലെ സി എന്നിന്റെ അഭിനയം, കുടുംബം എന്നിവ ഡോക്യുമെന്ററിയിലുണ്ട്. സി എന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ വരച്ച ചുവര്‍ചിത്രങ്ങളും സിമെന്റ്- മെറ്റല്‍ റിലീഫ് വര്‍ക്കുകളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം എ ബേബി, കെ എം വാസുദേവന്‍നമ്പൂതിരി, മാടമ്പ് കുഞ്ഞുകുട്ടന്‍, കലാധരന്‍, കെ ആര്‍ മോഹനന്‍, രാജന്‍ എം കൃഷ്ണന്‍ തുടങ്ങിയവര്‍ സി എന്നിന്റെ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തോടുള്ള വ്യക്തിബന്ധങ്ങളെക്കുറിച്ചും വാചാലരാകുന്നു. ദേശാഭിമാനിയോടും എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുള്‍റഹ്മാനുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുമുണ്ട്. സ്ത്രീകളെ കൂടുതലായും ചിത്രീകരിക്കുന്നത് ഭാരതീയസംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായ പ്രതിഫലനം മാത്രമാണെന്ന് വിമര്‍ശകര്‍ക്ക് മറുപടിയായി പറയുന്നു. ""വരച്ചുവരച്ച് എനിക്ക് 72 വയസ്സായി"" എന്നു പറയുന്നിടത്താണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ലളിതമായ ആഖ്യാനശൈലിയില്‍ സി എന്നിന്റെ ജീവിതവും വ്യക്തിയെയും ചിത്രരചനയെയും സഹൃദയരിലേക്ക് പകരുന്നതാണ് ഡോക്യുമെന്ററി. സി എന്നിന്റെ ചിത്രരചന പ്രത്യേക കാലഘട്ടത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. അവ ദൃശ്യവല്‍ക്കരിക്കാന്‍മാത്രമാണ് ശ്രമിച്ചതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ പറഞ്ഞു. ഡോക്യുമെന്ററി മനോഹരമായി ചിത്രീകരിച്ചുവെന്ന് സി എന്‍ കരുണാകരന്‍ പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം നിള തിയറ്ററില്‍ കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ് പ്രദര്‍ശിപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ടി വി ചന്ദ്രന്‍, ബീനാപോള്‍, കെ ആര്‍ മോഹനന്‍, സി എന്‍ കരുണാകരന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഡോക്യുമെന്ററി കാണാനെത്തി.

deshabhimani 290413

Saturday, April 27, 2013

വര്‍ണനൂലിലെ ചിത്രകവിതകള്‍


കലയ്ക്കുവേണ്ടിയുള്ള ആത്മാര്‍പ്പണത്തെ ഹൃദയംതൊട്ട് അറിയുക ഈ ചിത്രങ്ങള്‍ കാണുമ്പോഴാണ്. നിറങ്ങള്‍ നൃത്തമാടുന്ന നൂലിഴകളില്‍ പിറന്നുവീണ അനേകം ചിത്രങ്ങള്‍ ചിത്രകലയിലെ പുതിയൊരു സംസ്കാരത്തിന്റെ പിറവി കുറിക്കുകയാണ്. ഈ ചിത്രങ്ങള്‍ കണ്ടിറങ്ങുന്ന ആര്‍ക്കും കലാകാരന്റെ ക്ഷമയെയും വര്‍ണബോധത്തെയും സമര്‍പ്പണത്തെയും വാഴ്ത്താതിരിക്കാനാവില്ലെന്നുറപ്പ്. കണ്ടുപരിചയിച്ച ചിത്രങ്ങളില്‍നിന്നും ചിത്രമെഴുത്ത് രീതികളില്‍നിന്നും മാറി നടക്കുന്നുണ്ട് പുതുക്കുടി രാജീവ് നാരായണന്റെ ചിത്രങ്ങള്‍. ബ്രഷും നിറങ്ങളും പാലറ്റുമില്ലാതെ പിറവികൊള്ളുന്നവയാണ് ഈ ചിത്രങ്ങള്‍. കണ്ണൂര്‍ ചേമ്പര്‍ ഹാളിലെ "ത്രെഡ് ആര്‍ട്ട്" ചിത്രപ്രദര്‍ശനം ചിത്രരചനയിലെ പുതുസങ്കേതമാണ് പരിചയപ്പെടുത്തുന്നത്. രാജീവ് സ്വന്തമായി രൂപപ്പെടുത്തിയ രചനാരീതിയാണിത്. പശതേച്ച വിവിധ നിറങ്ങളിലുള്ള നൂലിഴകള്‍ മുറിച്ചും നുറുക്കിയും പകുത്തും ഒട്ടിച്ചുചേര്‍ത്തുമാണ് ചിത്രരചന. ദിവസങ്ങളും മാസങ്ങളും നീളും ഒരു ചിത്രത്തിന്റെ രചന പൂര്‍ത്തിയാവാന്‍. പിഴവുകള്‍ തിരുത്താന്‍ അവസരമില്ലെന്നതിനാല്‍ സൂക്ഷ്മതയുടെ പരിപൂര്‍ണതയിലാവണം രചനയുടെ തുടക്കംമുതല്‍ ഒടുക്കംവരെ.

അര മണിക്കൂര്‍ തൊട്ട് 215 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ വരെയുണ്ട് രാജീവിന്റെ ശേഖരത്തില്‍. ഡാവിഞ്ചിയുടെ "അവസാനത്തെ അത്താഴ"മാണ് കൂട്ടത്തില്‍ ഏറ്റവും വലുത്. വേട്ടയാടിപ്പിടിച്ച മൃഗത്തെ കൊന്നുതിന്നശേഷം നാക്കുകൊണ്ട് നക്കി വെടിപ്പാക്കുന്ന സിംഹമുണ്ട് ചിത്രങ്ങളുടെ കൂട്ടത്തില്‍. വേട്ടയാടലിന്റെ ക്രൗര്യവും വയര്‍ നിറഞ്ഞതിന്റെ ആലസ്യവും നിഴലിക്കുന്നുണ്ട് ഈ ചിത്രത്തില്‍. രവിവര്‍മ്മയുടെ വിഖ്യാതചിത്രം ഹംസവും ദമയന്തിക്കും നൂലില്‍ ചിത്രഭാഷ്യമൊരുക്കിയിരിക്കുന്നു. പ്രകൃതിയും പൂക്കളും മൃഗങ്ങളും പുരാണങ്ങളും മതവും എല്ലാം രാജീവിന്റെ രചനക്ക് വിഷയമാകുന്നു. അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കണ്ണൂര്‍ കാനത്തൂര്‍ സ്വദേശിയായ രാജീവ് കണ്ണൂരിലെ സ്റ്റുഡിയോ ജീവനക്കാരനാണ്. 19 വര്‍ഷം മുമ്പ് ഹോബിയെന്ന നിലയില്‍ തുടങ്ങിയ രചന പിന്നീട് തപസ്യയായി ജീവിതത്തിനൊപ്പം ചേര്‍ക്കുകയായിരുന്നു. പ്ലാറ്റ് ഫോം കണ്ണൂര്‍ എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍. വാണിദാസ് എളയാവൂരും രാജീവിന്റെ അമ്മ രജനിയും ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കേണല്‍ വി പി സുരേശന്‍, പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം ശനിയാഴ്ചയും തുടരും.

deshabhimani 270413

ചുവര്‍ചിത്ര നഗര പദ്ധതി മതപ്രീണനത്തിനെന്ന്


ലളിതകലാ അക്കാദമി കോട്ടയത്ത് നടത്താന്‍ പോകുന്ന ചുവര്‍ചിത്ര രചന മത പ്രീണനത്തിനും അഴിമതിക്കും വേദിയാക്കുന്നതായി ആക്ഷേപം. രണ്ട് കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രചുവരില്‍ പുരാണകഥകളെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങള്‍ ഒരു വിഭാഗത്തിനേ കാണാന്‍ കഴിയൂ. കോട്ടയത്തെ ഒരു പത്രസ്ഥാപനത്തിലും ചിത്രം വരയ്ക്കുന്നുണ്ട്. അവിടെയും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അക്കാദമി കണ്ടെത്തിയ ചില പള്ളികള്‍ പിന്മാറുകയും ചെയ്തു. സ്വാഭാവികമായും ചില സ്വകാര്യവ്യക്തികളുടെ ആസ്ഥാനങ്ങളിലേക്ക് ഇതുമാറും എന്നാണ് ആക്ഷേപം ഉയരുന്നത്.

ചുവര്‍ചിത്രത്തിന് പ്രകൃതി വര്‍ണങ്ങള്‍ ഉണ്ടാക്കുന്ന പ്രാഥമിക നടപടിതന്നെ വരേണ്യവല്‍ക്കരിച്ചുവെന്നാണ് മറ്റൊരു ആക്ഷേപം. ഇതിന് പിന്നില്‍ ആര്‍എസ്എസ് ആണ്. വര്‍ഷങ്ങളായി ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി ചിത്രകലയുമായി ഒരുബന്ധവുമില്ലാത്തവരുടെ താല്‍പര്യമാണ് നടപ്പായത്. ഇത് അക്കാദമിയുടെ ഫണ്ട് ചിലരുടെ കൈയിലെത്തിക്കാനുള്ള നീക്കമാണെന്ന് റവലൂഷണറി കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ ശശിക്കുട്ടന്‍ വാകത്താനം ആരോപിച്ചു. യഥാര്‍ഥത്തില്‍ അക്കാദമി നടത്താന്‍ പോകുന്നത് മത പ്രീണനമാണ്. അതിനെതിരെ ചിത്രകാരന്മാരെ അണിനിരത്തി സമാന്തര ചിത്രരചന സംഘടിപ്പിക്കുമെന്നും ശശിക്കുട്ടന്‍ അറിയിച്ചു.

deshabhimani 270413

Tuesday, March 19, 2013

ഇന്‍സ്റ്റലേഷനുകള്‍ കടല്‍ കടക്കുന്നു; ബിനാലെയുടെ ഖ്യാതിയും


കൊച്ചി-മുസിരിസ് ബിനാലേക്കുവേണ്ടി ഒരുക്കിയ ഇന്‍സ്റ്റലേഷനുകള്‍ പലതും ലോകത്തെ വിസ്മയിപ്പിക്കാന്‍ വിവിധ പ്രദര്‍ശന വേദികളിലേക്ക് യാത്രതുടങ്ങി. ഇവയെല്ലാം കൊച്ചി ബിനാലേക്കുവേണ്ടി സൃഷ്ടിച്ച രചനകളായതിനാല്‍ ഇവ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ലോകോത്തര വേദികളിലെല്ലാം കൊച്ചിയുടെ ഖ്യാതി നിറയും.

ഒറീസയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അടിസ്ഥാനമാക്കി ഇന്ത്യന്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ അമര്‍ കന്‍വര്‍ തയ്യാറാക്കിയ "സോവറിന്‍ ഫോറസ്റ്റ്", സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് ഏണസ്റ്റോ നെറ്റോ തയ്യാറാക്കിയ "ലൈഫ് ഈസ് എ റിവര്‍", ആന്‍ജലിക്ക മെസിറ്റിയുടെ ഏറെ ശ്രദ്ധനേടിയ വീഡിയോ ഇന്‍സ്റ്റലേഷന്‍  "സിറ്റിസണ്‍ ബാന്‍ഡ്", അഹമ്മദ് മാത്തര്‍ പ്രദര്‍ശിപ്പിച്ച ഹജ്ജ്കര്‍മത്തെ അടിസ്ഥാനമാക്കിയുള്ള  "ഡെസേര്‍ട്ട് ഓഫ് ഫെറാന്‍/ആദം" എന്നിവ ഇനി 11-ാമത് ഷാര്‍ജ ബിനാലെയിലെ കാഴ്ചകളാകും. സുബോധ് ഗുപ്തയുടെ പേരിടാത്ത ഇന്‍സ്റ്റലേഷന്‍ പൂര്‍ണമായും അഴിച്ചുമാറ്റി ലണ്ടനിലെ പ്രദര്‍ശനത്തിനായി കഴിഞ്ഞദിവസം കപ്പലില്‍ യാത്രയായി. വലിയ കെട്ടുവള്ളത്തില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ലണ്ടനില്‍ തയ്യാറാക്കാന്‍ കൊച്ചിയില്‍നിന്നുള്ള വള്ളം പണിക്കാരെയും കൊണ്ടുപോകുന്നുണ്ട്.

വിവാന്‍ സുന്ദരം മുസിരിസ് പൈതൃകപദ്ധതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ബ്ലാക്ക് ഗോള്‍ഡ്  ന്യൂഡല്‍ഹിയിലെ ഒരു ഗ്യാലറിയില്‍ പ്രദര്‍ശനത്തിനായി കൊണ്ടുപോകും. പട്ടണം ഉല്‍ഖനനത്തിലെ കളിമണ്‍ ശേഷിപ്പുകള്‍ ഉപയോഗിച്ചാണ് വിവാന്‍ സുന്ദരം ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ടി വെങ്കണ്ണയുടെ "പഞ്ചമഹാഭൂത"മുംബൈയിലെ ഗ്യാലറി മസ്കാരയിലാണ് ഇനി കാണാനാകുക. ഇബ്രാഹിം ഖുറേഷിയുടെ ഇസ്ലാമിക് വയലിന്‍സ് ദുബായിലെ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

ലോകത്തെ പല ഭാഗത്തുമുള്ള ഗ്യാലറികളുടെയും ബിനാലെകളുടെയും മറ്റ് കലാപ്രദര്‍ശനങ്ങളുടെയും ക്യൂറേറ്റര്‍മാരും മറ്റും കൊച്ചി ബിനാലെയിലെത്തി പുതിയ കലാകാരന്മാരെയും പുതിയ കലാസൃഷ്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും അവ പലതും സമീപനാളുകളില്‍ മറ്റ് ബിനാലെകളിലേക്കും പ്രദര്‍ശനങ്ങളിലേക്കും ക്ഷണിക്കപ്പെടുമെന്നും ബിനാലെ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു. മലയാളി കലാകാരന്മാരായ വല്‍സന്‍ കൂര്‍മ കൊല്ലേരി, ജ്യോതിബസു, കെ പ്രഭാകരന്‍, പി എസ് ജലജ, ഉപേന്ദ്രനാഥ്, വിവേക് വിലാസിനി തുടങ്ങിയവര്‍ അവരുടെ ഓരോ സൃഷ്ടികള്‍ ബിനാലെ ഫൗണ്ടേഷന് സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്ന് കോ-ക്യൂറേറ്റര്‍ റിയാസ് കോമു പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന കലാസൃഷ്ടികളുടെ ശേഖരം ഭാവിയില്‍ മ്യൂസിയമാക്കി മാറ്റാനാണ് പദ്ധതി.

deshabhimani 190313

Monday, March 18, 2013

പാരമ്പര്യത്തെ അനുസ്മരിച്ച് ബിനാലെയ്ക്ക് കൊടിയിറങ്ങി


കലയുടെ വിസ്മയകാഴ്ചകളൊരുക്കിയ ആദ്യ ഇന്ത്യന്‍ ബിനാലെയ്ക്ക് കൊടിയിറങ്ങി. കഴിഞ്ഞകാലത്തിന്റെ അനാവശ്യഓര്‍മകളെയും ചിന്തകളെയും കുമ്പസാരങ്ങളെയും അഗ്നിക്കിരയാക്കി നല്ലൊരു ഭാവിയിലേക്ക് ആഹ്വാനംചെയ്തുകൊണ്ടാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ഒന്നാം പതിപ്പ് അവസാനിച്ചത്. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ഹൗസില്‍ ശ്രീനിവാസ പ്രസാദ് തയ്യാറാക്കി പ്രദര്‍ശിപ്പിച്ച "ഇറേസ്" എന്ന ഇന്‍സ്റ്റലേഷന്‍ അഗ്നിക്കിരയാക്കിയപ്പോള്‍ അത് ഫോര്‍ട്ട്കൊച്ചിയുടെ വലിയൊരു പാരമ്പര്യത്തിന്റെ അനുസ്മരണംകൂടിയായി.

ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ഹൗസില്‍ 96 ദിവസമായി ലോക കലയുടെ ആകാശനീലിമയിലേക്ക് ഉയര്‍ന്നുപാറിയ ബിനാലെയുടെ കൊടി ഞായറാഴ്ച വൈകിട്ട് ആറിനാണ് കേന്ദ്ര സഹമന്ത്രി കെ വി തോമസ് താഴ്ത്തിയത്. ഇനി 2014 ഡിസംബറില്‍ ഈ കൊടി ഉയരുംവരെ കലയുടെ രണ്ടാമത്തെ സമകാലികോല്‍സവത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ വ്യാപൃതരാകുകയാണ്. ഫോര്‍ട്ട്കൊച്ചി ഓരോ പുതുവല്‍സരത്തേയും വരവേല്‍ക്കുന്നത് ഇത്തരമൊരു അഗ്നിശുദ്ധിയിലൂടെയാണ്. പാപ്പാഞ്ഞി എന്ന വലിയ രൂപത്തെ ഓരോ പുതുവര്‍ഷരാത്രിയും പതിനായിരക്കണക്കിനാളുകളെ സാക്ഷിയാക്കി അഗ്നിക്കിരയാക്കും. കടന്നുപോകുന്ന വര്‍ഷത്തിന്റെ മോശം കാര്യങ്ങളെയാണ് അഗ്നിക്കിരയാക്കുന്നതെന്നാണ് സങ്കല്‍പ്പം. ബിനാലെയിലും തികച്ചും യാദൃശ്ചികമായി അത് ആവര്‍ത്തിക്കുകയായിരുന്നു

ഞായറാഴ്ച. എംഎല്‍എമാരായ എം എ ബേബി, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കൊച്ചി മേയര്‍ ടോണി ചമ്മണി, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍, ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ബോണി തോമസ്, ഹോര്‍മിസ് തരകന്‍, ജോസ് ഡൊമിനിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിനാലെയുടെ കൊടിയിറക്കം. തുടര്‍ന്ന് ആസ്പിന്‍വാള്‍ഹൗസില്‍നിന്ന് കാല്‍നടയായി പുറത്തിറങ്ങിയ സംഘാടകരും വിശിഷ്ടാതിഥികളും വളന്റിയര്‍മാരുമെല്ലാം അടങ്ങുന്ന പരേഡ്ഗ്രൗണ്ടിലെത്തി ഇറേസ്  അഗ്നിക്കിരയാക്കി. അവിടെനിന്ന് വാസ്കോ ഡ ഗാമ സ്ക്വയറിലേക്കാണ് പിന്നീട് കാല്‍നടയാത്ര നീങ്ങിയത്. ബിനാലെ വിജയമാക്കാന്‍ സഹായിച്ചവര്‍ക്കെല്ലാം നന്ദിപറഞ്ഞും വരും ബിനാലെയുടെ സന്ദേശമറിയിച്ചുമായിരുന്നു ഈ യാത്ര. തുടര്‍ന്ന് കൊച്ചിയിലെ നാല് ബാന്‍ഡുകളിലെ ഗായകര്‍ അവതരിപ്പിച്ച സംഗീതപരിപാടിയും വാസ്കോ ഡ ഗാമ സ്ക്വയറില്‍ അരങ്ങേറി. ബിനാലെയുടെ സമാപനദിവസമായ ഞായറാഴ്ച മന്ത്രി കെ പി മോഹനന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍, ഹൈക്കോടതി ജഡ്ജ് വി കെ മോഹനന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ബിനാലെ കാണാനെത്തി.

deshabhimani 180313

Sunday, March 17, 2013

കൊച്ചി ബിനാലെ ഒന്നാംപതിപ്പിന് ഇന്ന് കൊടി താഴും


സമകാല കലയുടെ പുതിയ ചിന്തകളും വര്‍ണങ്ങളും ലോകത്തിനുമുന്നില്‍ അവശേഷിപ്പിച്ച് കൊച്ചി മുസിരിസ് ബിനാലെയുടെ ഒന്നാംപതിപ്പിന് ഇന്ന് കൊടി താഴും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ബിനാലെയുടെ രണ്ടാം പതിപ്പിന് 2014 ഡിസംബറില്‍ കൊച്ചിയില്‍ വീണ്ടും കൊടിയുയരും. ഞായറാഴ്ച വൈകിട്ട് ആറിന് കേന്ദ്രമന്ത്രി കെ വി തോമസ് ആസ്പിന്‍വാള്‍ ഹൗസില്‍ കൊടിയിറക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാകാരന്മാര്‍ വാസ്കോഡഗാമ സ്ക്വയറില്‍ എത്തി നന്ദി പറയും.

കുറഞ്ഞ ചെലവില്‍ കൊച്ചിയുടെ സാംസ്കാരിക ബഹുസ്വരതയെയും തനിമയെയും ബിനാലെകളുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താനായതാണ് പ്രധാന നേട്ടമെന്ന് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറുദിവസത്തെ ബിനാലെയുടെ ആരംഭത്തിലുണ്ടായ വിവാദങ്ങള്‍ നടത്തിപ്പില്‍ വളരെയേറെ പ്രയാസങ്ങളുണ്ടാക്കിയെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. പിന്തുണ വാഗ്ദാനംചെയ്ത സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെ പിന്മാറി. അതിന്റെ ഭാഗമായി ബിനാലെക്ക് അനുബന്ധമായി സംഘടിപ്പിക്കാനിരുന്ന പരിപാടികള്‍ പലതും ഒഴിവാക്കി. സര്‍ക്കാരില്‍നിന്ന് അഞ്ചുകോടി രൂപയുടെ സഹായം മാത്രമാണ് കിട്ടിയത്. മൂന്നുമാസത്തെ പ്രദര്‍ശനം അവസാനിപ്പിച്ച് പിരിയുമ്പോള്‍ ബിനാലെയുടെ മൊത്തം ചെലവ് 15 കോടിയാണ്. ഇതില്‍ ഏഴുകോടി രൂപ പലര്‍ക്കായി മടക്കിക്കൊടുക്കാനുള്ളതാണ്. ഇതിനെയെല്ലാം നേരിട്ട് രാജ്യത്തെ ആദ്യ ബിനാലെ വന്‍ വിജയമായി. ചുമട്ടുതൊഴിലാളികള്‍മുതല്‍ ഓട്ടോഡ്രൈവര്‍മാരും ഹോംസ്റ്റേകളുടെ നടത്തിപ്പുകാരുംവരെയുള്ളവര്‍ നല്‍കിയ പിന്തുണയാണ് അതിനുപിന്നില്‍. ഇവിടുത്തെ വലിയ കലാകാരന്മാര്‍ക്കുള്ള ദക്ഷിണയായി ബിനാലെയെ സമര്‍പ്പിക്കുകയാണെന്നും റിയാസ് കോമു പറഞ്ഞു.

കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച നാല് ഇന്‍സ്റ്റലേഷനുകള്‍ ഷാര്‍ജ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുപോകുന്നുണ്ട്. സുബോധ് ഗുപ്തയുടെ ഇന്‍സ്റ്റലേഷന്‍ ലണ്ടനിലേക്ക് കൊണ്ടുപോയി. പട്ടണം ഉല്‍ഖനനത്തിലെ ശേഷിപ്പുകള്‍ ഉപയോഗിച്ച് വിവാന്‍ സുന്ദരം തീര്‍ത്ത ഇന്‍സ്റ്റലേഷന്‍ ഡല്‍ഹിയിലേക്കും ടി വെങ്കണ്ണയുടെയും സുദര്‍ശന്‍ ഷെട്ടിയുടെയും സൃഷ്ടികള്‍ മുംബൈലേക്കും കൊണ്ടുപോകും. പ്രദര്‍ശനവേദിയായിരുന്ന പെപ്പര്‍ഹൗസ് അടുത്ത ബിനാലെവരെ ഉപയോഗിക്കാന്‍ അതിന്റെ ഉടമ വിട്ടുതന്നതായും റിയാസ് കോമു പറഞ്ഞു. ബിനാലെ രണ്ടാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. അതിന്റെ ക്യുറേറ്ററെ തീരുമാനിച്ചിട്ടില്ലെന്നും ഫൗണ്ടേഷന്‍ പ്രസിഡന്റും ഒന്നാംപതിപ്പിന്റെ ക്യുറേറ്ററുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 170313

Saturday, March 16, 2013

നാളെ കൊടിയിറക്കം; ബിനാലെ ആസ്വദിച്ചത് 4 ലക്ഷം പേര്‍


ബിനാലെ എന്ന പദത്തെ ജനകീയമാക്കി, ചിത്ര-ശില്‍പ്പ കലാസ്വാദനത്തെ സാധാരണക്കാരിലേക്കെത്തിച്ച കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഞായറാഴ്ച കൊടിയിറങ്ങും. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ തൊണ്ണൂറോളം കലാകാരന്മാര്‍ പങ്കെടുത്ത മൂന്നു മാസത്തെ പ്രദര്‍ശനം കാണാന്‍ നാലുലക്ഷത്തിലേറെ സന്ദര്‍ശകരാണ് ബിനാലെവേദികളിലെത്തിയത്. രാജ്യത്തെ ആദ്യ ബിനാലെയ്ക്ക് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലോകോത്തര കലാസൃഷ്ടികള്‍ കാണാനുള്ള അവസാന അവസരത്തിനായി വേദികളില്‍ സന്ദര്‍ശകത്തിരക്ക് ഏറി.

കഴിഞ്ഞ ഡിസംബര്‍ 12നാണ് ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ പ്രധാന കേന്ദ്രമായി പത്തോളം വേദികളില്‍ ബിനാലെയ്ക്ക് തുടക്കമായത്. പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി ക്യുറേറ്ററും റിയാസ് കോമു ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബിനാലെയുടെ തുടക്കം എതിര്‍പ്പുകളുടെയും പ്രതിഷേധത്തിന്റെയും നടുവിലായിരുന്നു. കലാകാരന്മാരില്‍ ഒരുവിഭാഗവും അക്കാദമികളും എതിര്‍പ്പുമായി രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാരില്‍നിന്ന് പരസ്യമായ എതിര്‍പ്പ് നേരിട്ട ബിനാലെ ഫൗണ്ടേഷനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെല്ലാം ഇടയില്‍ ബിനാലെയുടെ ഉള്ളടക്കത്തിന്റെ നിലവാരം ചോരാതെ മികച്ച കലാകാരന്മാരെ പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ സംഘാടകര്‍ക്കു കഴിഞ്ഞു.

ആദ്യ ആഴ്ചയില്‍തന്നെ പതിനായിരത്തോളം പേര്‍ ബിനാലെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഓരോ ദിവസവും സന്ദര്‍ശകരുടെ എണ്ണം പതിന്മടങ്ങായി. ചവിട്ടുനാടകോത്സവം, ചലച്ചിത്രമേള, ചിത്രരചനാ മത്സരം, റഫി നൈറ്റ്, സിമ്പോസിയങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. സര്‍ക്കാര്‍ സഹായം നിലച്ചതോടെ സംഘാടകര്‍ സാമ്പത്തിക പ്രയാസത്തിലായെങ്കിലും സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയും പ്രവേശന ടിക്കറ്റും ഏര്‍പ്പെടുത്തിയത് അല്‍പ്പം ആശ്വാസമായി. 13ന് സമാപിക്കേണ്ടിയിരുന്ന പ്രദര്‍ശനം ആസ്വാദകരുടെ ആവശ്യപ്രകാരമാണ് ഞായറാഴ്ചവരെ നീട്ടിയത്. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖരുള്‍പ്പെടെ പലപ്പോഴായി ബിനാലെ സന്ദര്‍ശിച്ചു.

deshabhimani 160313

Tuesday, March 12, 2013

കളിയരങ്ങിലെ ധീരപൗരുഷം

കളിയരങ്ങിലെ ധീരപൗരുഷമായിരുന്നു രാമന്‍കുട്ടിനായര്‍. ആ കണ്ണുകളിലും കവിളിലും തുളുമ്പുന്ന ഭാവപ്രപഞ്ചം എക്കാലത്തേയും അവിസ്മരണീയ അനുഭവമാണ്. ജീവിതത്തിലും അരങ്ങിലും അല്‍പ്പം പരുക്കനെന്നു തോന്നിക്കുന്ന രാമന്‍കുട്ടി നായരുടെ അഭിനയ സാമ്രാജ്യത്തില്‍ അനുവാചകരെ കരയിക്കുന്ന ഒരു ഹനുമാനുണ്ട്. ഏറെക്കാലത്തിനുശേഷം സീതാദേവിയെ കണ്ടുമുട്ടുമ്പോള്‍ "സുഖമോ ദേവീ" എന്നു ചോദിക്കുന്ന ആ ശ്രീരാമഭക്തനെ കഥകളിപ്രേമികള്‍ ഈറന്‍മിഴികളോടെയാണ് എന്നും കണ്ടിരുന്നത്. കറതീര്‍ന്ന ചിട്ട, ഔചിത്യം, താളനിഷ്ഠ, കുലീനമായ മനോധര്‍മപ്രകടനം, പുരാണപരിചയം, കലാനുസൃതമായ ദര്‍ശനം എന്നീ സവിശേഷതകളാല്‍ രാമന്‍കുട്ടിനായരുടെ ഓരോ വേഷവും മികച്ചു നില്‍ക്കുന്നു. ഉത്ഭവത്തിലേയും വിജയത്തിലേയും രാവണന്‍, കീചകന്‍, നരകാസുരന്‍, നളചരിതത്തിലെ കാട്ടാളന്‍, ഹനുമാന്‍, പരശുരാമന്‍- ഈ വേഷങ്ങളെല്ലാം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. വിശേഷിച്ചും കത്തിവേഷത്തിന്റെ തിരനോട്ടം. ഭാവഗാംഭീര്യമെന്നതുപോലെ കഥകളി എന്ന രംഗകലയുടെ എല്ലാ പൗഷ്കല്യങ്ങളുടെയും പ്രകടനംകൂടിയാണ്.

മൂന്നു കുട്ടികളുടെ കൂട്ടായ്മ കഴിഞ്ഞ ശതകത്തിലെ കളിയരങ്ങിലെ അത്ഭുതദര്‍ശന സൗഭാഗ്യമായിരുന്നു. അപ്പുക്കുട്ടിപ്പൊതുവാള്‍, കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, രാമന്‍കുട്ടിനായര്‍ എന്നിവരാണ് ഈ മൂന്നുകുട്ടികള്‍. അതില്‍ ചെണ്ടമാന്ത്രികനായ കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ നേരത്തേ കാലയവനികയിലേക്കു മറഞ്ഞു.

പാലക്കാട് വെള്ളിനേഴി എന്നും കഥകളിയുടെ ഗര്‍ഭഗൃഹമാണ്. സ്വച്ഛസുന്ദരമായ ആ നാട്ടിന്‍പുറത്തെ കൊച്ചുകുട്ടികളുടെ അക്കാലത്തെ പതിവ്, കഥകളിക്ക് കച്ചകെട്ടലാണ്. പയ്യനായ രാമന്‍കുട്ടിയും പന്ത്രണ്ടാമത്തെ വയസ്സില്‍ ചൊല്ലിയാട്ടം തുടങ്ങി. ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് എന്ന് കഥകളിരംഗത്ത് വിശേഷിപ്പിക്കാറുള്ള പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു ഗുരുനാഥന്‍. ഒളപ്പമണ്ണമന വകയായിരുന്നു കളരി. അരങ്ങേറ്റം സ്വന്തം തട്ടകത്തിലെ ക്ഷേത്രമായ കാന്തളൂരില്‍ സുഭദ്രാഹരണത്തിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. ജന്മവാസനയും നിഷ്കൃഷ്ടമായ ചൊല്ലിയാട്ടവും ചേര്‍ന്നപ്പോള്‍ മധ്യകേരളത്തില്‍ അരങ്ങേറിയ അന്നത്തെ കഥകളിയരങ്ങുകളില്‍ കുട്ടിത്തരം വേഷങ്ങള്‍ക്ക് രാമന്‍കുട്ടിയെ കവച്ചുവയ്ക്കാന്‍ പകരക്കാരില്ലാതായി. ചിട്ടയില്‍ തെല്ലും വിട്ടുവീഴ്ചയില്ലാത്ത പട്ടിക്കാംതൊടി ആശാന്‍ "കല്ലുവഴിച്ചിട്ട" കറതീര്‍ത്തെടുത്ത് തന്റെ ശിഷ്യന്മാരില്‍ സന്നിവേശിപ്പിച്ചു. ദേശീയ നവോത്ഥാനത്തിന്റെ കിരണങ്ങള്‍ കേരളത്തിലെ ഉള്‍നാടുകളെ ഉണര്‍ത്താന്‍ തുടങ്ങിയ കാലത്താണ് മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ കഥകളിയുടെ സമുദ്ധാരണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ അമ്പലപുരത്ത് കക്കാട്ടു കാരണവപ്പാടിന്റെ പിന്തുണയോടെ ആരംഭിച്ച കലാമണ്ഡലം കൊച്ചിമഹാരാജാവിന്റെ സഹായത്തോടെ ചെറുതുരുത്തിയിലേക്ക് മാറ്റിസ്ഥാപിച്ചു. കലാമണ്ഡലത്തിലെ ശിഷ്യപരമ്പരയിലെ രണ്ടാം തലമുറയിലെ വിദ്യാര്‍ഥിയായിരുന്നു രാമന്‍കുട്ടിനായര്‍. വള്ളത്തോളിന് പ്രിയപ്പെട്ട രണ്ട് നടന്മാരില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒന്നാമത്തെയാള്‍ കലാമണ്ഡലം കൃഷ്ണന്‍നായരായിരുന്നു. പട്ടിക്കാംതൊടിയുടെ ചൊല്ലിയാട്ടവും മാണിമാധവച്ചാക്യാരുടെ കണ്ണുസാധകവും കുട്ടികൃഷ്ണമാരാരുടെ സാഹിത്യപരിശീലനവും ജന്മവാസനയും ചേര്‍ന്നപ്പോള്‍ കാലാന്തരത്തില്‍ കേരളത്തിലെ മഹാനായ അഭിനയപ്രതിഭയായി രാമന്‍കുട്ടിനായര്‍.
(ഇയ്യങ്കോട് ശ്രീധരന്‍)

അടിയുറച്ച കമ്യൂണിസ്റ്റ്

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സന്തത സഹചാരിയായിരുന്നു അരങ്ങൊഴിഞ്ഞ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ എന്ന കഥകളിയാചാര്യന്‍. കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലംമുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയ അദ്ദേഹം അവസാന ശ്വാസംവരെയും പുരോഗമന പ്രസ്ഥാനങ്ങളോടുള്ള അചഞ്ചലമായ കൂറ് കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയോട് കുട്ടിക്കാലം മുതലേ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും വള്ളത്തോളിന്റെ മക്കളുമായുള്ള ബന്ധമാണ് ഇത് ദൃഢമാക്കിയത്. മഹാകവിക്കും പുരോഗമന പ്രസ്ഥാനങ്ങളോട് മാനസികമായി അടുപ്പമുണ്ടായിരുന്നു. എങ്കിലും അത് കലാമണ്ഡലത്തിന്റെ ഉയര്‍ച്ചക്ക് തടസ്സമാവരുതെന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ മക്കളായ അച്യുതക്കുറുപ്പും ബാലകൃഷ്ണക്കുറുപ്പും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരായിരുന്നു. അവിഭക്തപാര്‍ടിയുടെയും പിന്നീട് സിപിഐയുടെയും നേതാവായിരുന്ന കല്ലാട്ട് കൃഷ്ണനുമായുള്ള സൗഹൃദം രാമന്‍കുട്ടിനായരെ പാര്‍ടി രഹസ്യരേഖകള്‍ കൈമാറുന്നതിനുള്ള വിശ്വസ്തനാക്കി. പലപ്പോഴും ചെറുതുരുത്തിയില്‍ വന്ന് തങ്ങുമായിരുന്ന കല്ലാട്ട്, ഷൊര്‍ണൂര്‍ മേഖലയിലേക്കുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ പലപ്പോഴും രാമന്‍കുട്ടിനായരെയാണ് ഉപയോഗിച്ചത്. കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്ന കാലത്ത് ഒരിക്കല്‍ കരുതല്‍ തടങ്കലിനെതിരെ ദേശാഭിമാനിയില്‍ കത്തെഴുതി. അന്ന് വള്ളത്തോള്‍ വിളിച്ചുവരുത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാമണ്ഡലത്തിന്റെ വളര്‍ച്ചക്ക് തടസ്സമാവരുതെന്നും ഉടന്‍ ഒരു മറുകുറിപ്പെഴുതണമെന്നും ആവശ്യപ്പെട്ടു. അന്നത് സമ്മതിച്ച് മടങ്ങിയെങ്കിലും മറുകുറിപ്പെഴുതാന്‍ അദ്ദേഹം സന്നദ്ധനായില്ല.

കര്‍ക്കശക്കാരനായ അധ്യാപകന്‍

കലാമണ്ഡലം ഗോപി

രാമന്‍കുട്ടിനായരാശാന്റെ മട്ടൊന്ന് വേറെയാണ്. ശിക്ഷിച്ചാല്‍ ശിക്ഷിച്ചതുതന്നെ. രണ്ടാമതൊരു ചിന്തയൊന്നും അവിടെയില്ല. ചിരിച്ച മുഖവും കാണില്ല. വിദ്യാര്‍ഥികളോടല്ല സ്വന്തം മക്കളോടും അങ്ങനെതന്നെയാണ് അന്നൊക്കെ. (ഇപ്പോള്‍ ഗൗരവത്തിന് കുറവില്ലെങ്കിലും സ്വഭാവവും പെരുമാറ്റവും ആകെ മാറിപ്പോയി). ഞാന്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന സമയത്ത് രാമന്‍കുട്ടിനായരാശാന്‍ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനും ഇപ്പോര്‍ യശഃശരീരനുമായ വൈക്കം കരുണാകരനെ ഉത്ഭവം ചൊല്ലിയാടിക്കുന്നത് കണ്ടിട്ടുണ്ട്. വൈക്കത്തിന് കിട്ടുന്ന തല്ലുകണ്ടപ്പോള്‍ അപ്പോള്‍ത്തന്നെ കലാമണ്ഡലത്തില്‍നിന്ന് ചാടിപ്പോരണമെന്നാണ് തോന്നിയത്. കളരിയിലും മെസിലും അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്ക്ക് വന്നുനോക്കും. കൃത്യസമയത്ത് എല്ലാവരും ഉറങ്ങാന്‍ കിടന്നില്ലേയെന്നും പരിശോധിക്കും. ആശാന്മാര്‍ക്കും മെസില്‍നിന്നുതന്നെയായിരുന്നു ഭക്ഷണം. വിദ്യാര്‍ഥികളുടെയെല്ലാം ഭക്ഷണം കഴിഞ്ഞേ അവര്‍ വരൂ. ഞാത്തിയിടുന്ന മുണ്ടിന്റെ കോന്തല ഇടത്തേ കക്ഷത്തിറുക്കി ആ കൈയില്‍ ചെറിയൊരു പാത്രത്തില്‍ നെയ്യുമെടുത്ത് മറ്റേക്കൈയിലെ ചൂണ്ടാണിവിരലില്‍ താക്കോല്‍ക്കൂട്ടം വട്ടം കറക്കിക്കൊണ്ട് കഴുത്തുതിരിക്കാതെ, മുഖം താഴ്ത്താതെ (അപ്പോഴും തലയില്‍ കിരീടമുണ്ടെന്നു തോന്നും) ചുറ്റുപാടും ഒരു സിംഹാവലോകനം നടത്തി അടിയളന്നുവച്ചുകൊണ്ട് മെസിലേക്ക് രാമന്‍കുട്ടിനായരാശാന്റെ ഒരു വരവുണ്ട്, രാവിലത്തെ കഞ്ഞിക്ക്. പിന്നെ അവിടെ ഈച്ചയിളകില്ല. പട്ടിക്കാംതൊടിയാശാനുശേഷം അച്ചടക്കത്തില്‍ ഇത്ര നിഷ്ഠയുള്ള ഒരു കഥകളി ആചാര്യനെപ്പറ്റി കേട്ടിട്ടില്ല.

പില്‍ക്കാലത്ത് ഈ ആശാന്മാരുടെ കൂടെ കൂട്ടുവേഷം വേണ്ടിവരുമ്പോഴും ഉള്ളില്‍ ഭയമായിരുന്നു. എന്തെങ്കിലും പിഴവോ ഭംഗികേടോ കണ്ടാല്‍ രാമന്‍കുട്ടിനായരാശാന്‍ അരങ്ങത്തുവച്ചുതന്നെ ശിക്ഷിക്കാന്‍ പഴുതുണ്ടാക്കും. ഏതായാലും ഈ ഭയഭക്തി ബഹുമാനങ്ങള്‍ നിമിത്തം രാമന്‍കുട്ടിനായരാശാന്റെ "കല്യാണസൗഗന്ധിക"ത്തിലെ ഹനുമാനോടൊപ്പം എന്റെ ഭീമന് ക്രമത്തില്‍ പുതിയൊരു ലാവണ്യവിതാനം കൈവരുന്നതായാണ് അനുഭവം. പിന്‍മടക്കമില്ലാത്ത വീറും വാശിയും അധ്വാനവുംകൊണ്ട് തന്നേക്കാള്‍ പത്തുപതിനഞ്ച് വയസ്സിന് മുന്നില്‍ നില്‍ക്കുന്ന കഥകളി നടന്മാരുടെ ഇടയില്‍ സ്ഥാനം പിടിച്ചുപറ്റിയ രാമന്‍കുട്ടിനായരാശാനാണ് സൗഗന്ധികത്തിലേയും തോരണയുദ്ധത്തിലേയും ഹനുമാന്മാര്‍ക്ക് ഇന്നത്തെ നിലയും വിസ്താരവും രംഗപ്പൊലിമയുമുണ്ടാക്കിയത്. ഞങ്ങളുടെ അരങ്ങിണക്കംകൊണ്ട് പല മനോധര്‍മങ്ങളും കാണികള്‍ക്ക് ആവേശമായി തോന്നിയിട്ടുണ്ട്. "മമനാമം കേള്‍ ഹനുമാന്‍", ഭീതിയുള്ളിലരുതൊട്ടും", "തവപ്രാണവല്ലഭേടേ" എന്നീ ഭാഗങ്ങളുടെ ആട്ടം അതിനുദാഹരണമാണ്. കൂട്ടത്തില്‍ അദ്ദേഹം എന്നെ നന്നായി കളിയാക്കുകയും ചെയ്യും. "ശ്ശി വലിപ്പം ഉണ്ട് എന്നേള്ളൂ, ഉള്ള് പൊള്ളയാണ്", "ഒരു കൊതുവാണെന്നേ തോന്നൂ" എന്നൊക്കെയും കാണിക്കുമ്പോള്‍ കാണികള്‍ക്ക് രസമാവും. ഇയ്യിടെയായി എനിക്കുവയ്യ, വയസ്സായില്ല്യേ" എന്നൊക്കെയും കാണിക്കും. ഏതായാലും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഇത്രയും പൊരുത്തവും ജനസമ്മതിയുമുള്ള കല്യാണസൗഗന്ധികം എന്റെ അനുഭവത്തിലില്ല. (കലാമണ്ഡലം ഗോപിയുടെ ഓര്‍മയിലെ പച്ചകള്‍ എന്നഅനുഭവക്കുറിപ്പിലെ "വന്ദേഗുരുപരമ്പരാം" എന്ന അധ്യായത്തില്‍നിന്ന്)

സാംസ്കാരികരംഗത്ത് കനത്ത നഷ്ടം: പിണറായി

തിരു: കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നിര്യാണം കേരളീയ സാംസ്കാരികരംഗത്തിന് കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷവുമായി എന്നും സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ സാംസ്കാരികവേദികളിലേക്ക് വിശാലമായ മനസ്സോടെ എന്നും കടന്നുവന്നു. കലയെയും സാമൂഹിക കാര്യങ്ങളെയും സമന്വയിപ്പിക്കണമെന്ന ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കല ജീവിതത്തിനുതകുന്നതാകണമെന്ന് വിശ്വസിച്ചുപോന്നു. കത്തി- വെള്ളത്താടി വേഷങ്ങളില്‍ പല പതിറ്റാണ്ടുകള്‍ അധിപസ്ഥാനത്തുനിന്ന കലാമണ്ഡലം രാമന്‍കുട്ടിനായര്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ നടത്തിയ സേവനങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതുണ്ടെന്നും പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അതുല്യപ്രതിഭ: എം എ ബേബി

തിരു: അഭിനയമികവിന്റെ അസാധാരണ പ്രതിഭയായിരുന്നു കലാമണ്ഡലം രാമന്‍കുട്ടിനായരെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്രതിനായകവേഷങ്ങളെ പ്രൗഢഗംഭീരമായി അരങ്ങില്‍ ആവിഷ്കരിച്ച് അവിസ്മരണീയമാക്കി. കലാമണ്ഡലം ഗോപിയടക്കമുള്ള പ്രഗത്ഭര്‍ക്ക് ഗുരുവായ അദ്ദേഹം മികച്ച അധ്യാപകന്‍കൂടിയായിരുന്നു. ചിത്ര- ശില്‍പ്പകലകള്‍ക്കൊപ്പം കേരളത്തിന്റെ ക്ലാസിക് കലയായ കഥകളിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി അര്‍ഹനായത് രാമന്‍കുട്ടിയാശാനാണ്. അദ്ദേഹം പുരോഗമന പ്രസ്ഥാനങ്ങളുമായി ഗ്രാഢബന്ധം പുലര്‍ത്തിയിരുന്നതായും ബേബി പറഞ്ഞു.

deshabhimani 120313

Monday, March 11, 2013

കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു


കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍(88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പാലക്കാട് വെള്ളിനേഴി ഞാളാകുറിശിയിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ട് മാസത്തോളമായി കിടപ്പിലായിരുന്നു.

1925ല്‍ ചെര്‍പ്പുളശേരി വെള്ളിനേഴിയിലാണ് ജനനം. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിഷ്യനാണ്. മൂന്നു തവണ വീരശൃംഖല ലഭിച്ചു. കാളിദാസ പുരസ്കാരവും സംസ്ഥാനത്തിന്റെ കഥകളീ പുരസ്കാരവും ലഭിച്ചു. കേരള, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡുകളും ഫെലോഷിപ്പുകളും ലഭിച്ചു.

കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ കരുതപ്പെടുന്നു. രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്‍, തോരണയുദ്ധത്തിലെ ഹനുമാന്‍, നരകാസുരന്‍, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്‍ജുനനന്‍ തുടങ്ങിയവയാണ് രാമന്‍കുട്ടിനായരുടെ പ്രധാന വേഷങ്ങള്‍.

തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും നാരായണന്‍ നായരുടെയും മകനാണ് രാമന്‍ കുട്ടി നായര്‍. സരസ്വതിയമ്മയാണ് ഭഭാര്യ. നാരായണന്‍കുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടന്‍ എന്നിവര്‍ മക്കള്‍.

deshabhimani 120313

ഇതാ, നിറംപിടിപ്പിക്കാത്ത ചരിത്രസ്മരണകള്‍


കണ്ണൂര്‍: കേരളത്തിന്റെ ചോരയിരമ്പുന്ന പോരാട്ടങ്ങള്‍ക്ക് സമര്‍പ്പിതമാണ് ഈ നിറങ്ങള്‍. നാടിന്റെ ചരിത്രം തിരുത്തിയെഴുതിയ മുന്നേറ്റങ്ങള്‍ ഖനീഭവിച്ചുകിടക്കുന്നുണ്ട് ഇതില്‍. മുതലാളിത്തത്തിന്റെ തുടലുകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പല്‍കൊണ്ട കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചെടുക്കാം ഈ വരകളില്‍. ആധുനിക കേരളത്തിന്റെ പിറവി കുറിക്കുന്ന നവോത്ഥാനത്തിന്റെ നാള്‍വഴികളിലൂടെയാണ് ഈ നിറങ്ങളുടെ സഞ്ചാരം. സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന ചിത്രകലാക്യാമ്പിലാണ് അമരസ്മരണകള്‍ക്ക് ചിത്രഭാഷ്യം ഒരുങ്ങിയത്.

കൂറ്റന്‍ ക്യാന്‍വാസുകളിലൊന്ന് നാല്‍പതുകളിലെ സാമൂഹ്യജീവിതം ഓര്‍മിപ്പിക്കുന്നുണ്ട്. മാറുമറയ്ക്കാത്ത സ്ത്രീയും മുട്ടറ്റം മറയാത്ത മുണ്ടുടുത്ത കര്‍ഷക തൊഴിലാളിയും മനുഷ്യന്‍ പുഴുക്കളെപ്പോലെ കഴിഞ്ഞിരുന്ന കാലത്തെ അടയാളപ്പെടുത്തുന്നു. അന്നത്തെ തൊഴിലിടങ്ങള്‍ ചിത്രീകരിക്കുന്ന ഈ വരകള്‍ക്കിടയില്‍ പ്രത്യാശാഭരിതമായ ഭാവിയിലേക്ക് ഉദിച്ചുയരുന്ന ചെങ്കൊടിയുണ്ട്. രാജേന്ദ്രന്‍ പുല്ലൂരിന്റേതാണ് ഈ ചിത്രം. "ജവഹര്‍ഘട്ടെ"ന്ന ചിത്രം കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ജീവത്യാഗത്തിന്റെ വൈകാരികത ഏറ്റുവാങ്ങുന്നു. അബുവിനെയും ചാത്തുക്കുട്ടിയെയും ഒന്നിപ്പിക്കുന്ന രക്തസാക്ഷിത്വത്തിന്റെ മഹാസന്ദേശമാണ് പൊന്ന്യം ചന്ദ്രന്റെ ചിത്രം. തില്ലങ്കേരിയുടെ രക്തസാക്ഷിത്വമാണ് എ സത്യനാഥിന്റെ ചിത്രത്തില്‍. ഒഞ്ചിയത്തിന്റെ തീക്ഷ്ണമായ രാഷ്ട്രീയജീവിതവും മോറാഴ സംഭവവും സെല്‍വരാജ് കോഴിക്കോടിന്റെ രണ്ടു ചിത്രങ്ങളില്‍ നിറയുന്നു. ഓര്‍മകളിലെ വളപട്ടണമാണ് ടി ടി ഉണ്ണികൃഷ്ണന്റെ ക്യാന്‍വാസില്‍. വാണിജ്യനഗരത്തിലേക്കുള്ള വളപട്ടണത്തിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം. തടി വ്യവസായവും ഓട്ടുകമ്പനികളും കണ്ടലും തീവണ്ടിയും ജീവസ്സുറ്റ അന്തരീക്ഷം നിറക്കുന്നുണ്ട് ചിത്രത്തില്‍.

മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലത്തിനാണ് ജഗേഷ് എടക്കാട് നിറം നല്‍കിയത്. നായനാരും ചടയനും അഴിക്കോടും സ്വദേശാഭിമാനിയും പയ്യാമ്പലത്തിലെ അസ്തമയ ചോപ്പില്‍ മരണമില്ലാത്ത വിപ്ലവകാരികളായി ഉണര്‍ന്നിരിക്കുന്നുണ്ടിതില്‍. പാറപ്രത്തെ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണ സമ്മേളനവും സാമൂഹ്യപശ്ചാത്തലവുമാണ് സെല്‍വന്‍ മേലൂരിന്റെ ചിത്രം. കെ കെ ആര്‍ വെങ്ങരയുടെ ചിത്രം കോറോം സമരത്തിലെ രക്തസാക്ഷിത്വത്തിന്റെ മുഹൂര്‍ത്തമാണ്. സാമാജ്ര്യത്വവിരുദ്ധ പോരാട്ടത്തിലെ സവിശേഷമായ സമരമുറയാണ് ഷമില്‍കുമാറിന്റെ ചിത്രം. വിദേശവസ്ത്രങ്ങള്‍ തീയിലിട്ടെരിക്കുന്ന ദൃശ്യം ഇന്ത്യയാകെ കത്തിപ്പടര്‍ന്ന സമരമുറയെ വീണ്ടും ഓര്‍മപ്പെടുത്തുന്നു. അമരാവതിയിലെ എ കെ ജിയാണ് ഗോവിന്ദന്‍ കണ്ണപുരത്തിന്റെ രചന. കീഴ്ജാതിക്കാര്‍ക്ക് പ്രവേശനം വിളംബരം ചെയ്ത് കൃഷ്ണപിള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിമുഴക്കുന്നതാണ് വാസവന്‍ പയ്യട്ടം ചിത്രീകരിച്ചത്. ഹരീന്ദ്രന്‍ ചാലാടിന്റെ ചിത്രത്തില്‍ചോരപടര്‍ത്തിയ ചരിത്രമുണ്ട്. വാഗണ്‍ ട്രാജഡിയാണ് ഈ ചിത്രത്തിന്റെ പ്രമേയം. പൊന്ന്യം പ്രേമന്റെ ചിത്രം കൊല്ലന്റെ ആലയുടെ ദൃശ്യമാണ്. ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച തൊഴിലാളിയെ ഈ ചിത്രം പ്രതീകവല്‍ക്കരിക്കുന്നു.പുന്നപ്ര വയലാറിന്റെ സ്മരണകളുടെ ഊര്‍ജമാണ് വര്‍ഗീസ് കളത്തിലിന്റെ ചിത്രം. പാലിയം സമരത്തിന്റെ സംഘര്‍ഷനിര്‍ഭരമായ ഓര്‍മകളുണ്ട് വിനോദ് പയ്യന്നൂരിന്റെ ചിത്രത്തില്‍.

പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ രണ്ടുദിവസത്തെ ക്യാമ്പില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ എട്ടു വരെ പൊലീസ് മൈതാനിയില്‍ നടക്കുന്ന എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.

deshabhimani 110313

Tuesday, February 19, 2013

ഇത് പെണ്‍ കാഴ്ചയുടെ വര്‍ണ പ്രപഞ്ചം


കൊല്ലം: ചിത്രമെഴുത്ത് പുരുഷന്മാരുടെ മാത്രമല്ല, തങ്ങളുടെതുമാണെന്ന സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയാവുകയാണ് പബ്ലിക് ലൈബ്രറിയിലെ സോപാനം മംഗളം ഹാളില്‍ ആരംഭിച്ച 12 സ്ത്രീകളുടെ ചിത്രപ്രദര്‍ശനം. ചിത്രകല അഭ്യസിച്ചവരും അല്ലാത്തവരുമായവര്‍ ഇക്കൂട്ടത്തിലുണ്ട്. അവരില്‍ വീട്ടമ്മമാരും അധ്യാപകരും ഡോക്ടറും ഉദ്യോഗസ്ഥകളും വിദ്യാര്‍ഥിനികളുമുണ്ട്. അസോസിയേഷന്‍ ഓഫ് ലേഡി ആര്‍ടിസ്റ്റിന്റെ (അല) നേതൃത്വത്തില്‍ ആരംഭിച്ച പ്രദര്‍ശനം ഞായറാഴ്ച സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനംചെയ്തു.

സ്ത്രീ സമൂഹത്തോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കൂട്ടായ ചിത്രപ്രദര്‍ശനത്തിലൂടെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളും ആനുകാലിക സംഭവങ്ങളോടുള്ള നിലപാടുകളും നിറങ്ങളിലൂടെ നിശബ്ദം പ്രഖ്യാപിക്കുകയാണിവര്‍. എണ്ണഛായവും അക്രിലിക്കും ജലഛായവും പെന്‍സിലുമൊക്കെ മാധ്യമമായി ഉപയോഗിച്ചിട്ടുണ്ട്. ക്യാരറ്റിന്റെ ചാറില്‍ കോറിയിട്ട പരീക്ഷണ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ചിത്രകലയില്‍ തന്റേതായ ഇരിപ്പിടം നേടിയവര്‍ക്കൊപ്പം നവാഗതരായ ജൂഡിത്ത് വര്‍ഗീസ്, കെ എസ് രജനി തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇവരെ കൂടാതെ അലയുടെ പ്രസിഡന്റ് കൂടിയായ നീണ്ടകര ഗവണ്‍മെന്റ് ആശുപത്രിയിലെ ദന്തല്‍ സര്‍ജന്‍ ഡോ. കെ വി ശ്രീകല, സെക്രട്ടറി വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച രമണിക്കുട്ടി (അമ്മാമ്മ), വീട്ടമ്മയായ അനിത രാജന്‍, വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപിക സാവിത്രി സുധാകരന്‍, തഴുത്തല ഇന്ത്യന്‍ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപിക അനിത, ചാത്തന്നൂര്‍ ശ്രീനികേതന്‍ സെന്‍ട്രല്‍ സ്കൂളിലെ ചിത്രകലാ അധ്യാപിക ബിന്ദു റിഷി, അമൃത ആയുര്‍വേദ സ്കൂളിലെ ലൈബ്രേറിയന്‍ രാഖി ജയദേവ്, ബികോം വിദ്യാര്‍ഥിനി ഇള എസ് രതീഷ്, ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് പെയിന്റിങ്ങ് ബിരുദം നേടിയ രശ്മി ശിവ, മാര്‍ത്താണ്ഡം സിഗ്മ കോളേജ് ഓഫ് ആര്‍ക്കിടെക്ടിലെ അധ്യാപിക ആര്‍ രേവതിരാജ് എന്നിവരുടെയും പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും.

deshabhimani 190213

Saturday, February 16, 2013

നെടുവീര്‍പ്പുകളില്‍ പിടയുന്ന "ട്രിനാലെ" കാഴ്ചകള്‍


കോഴിക്കോട്: വര്‍ത്തമാന ആര്‍ദ്രതകള്‍ക്കപ്പുറം എരിഞ്ഞടങ്ങാത്ത കനല്‍ ക്യാന്‍വാസില്‍ ബാക്കിവച്ച് "ട്രിനാലെ". ഏകാന്തതയുടെ അടരുകളില്‍ സ്വയമലിഞ്ഞുചേര്‍ന്ന് വേവുന്ന മനസ്സുകള്‍... എത്ര വര്‍ണം വിതറിയാലും കറുപ്പായി മാത്രം പരിണമിക്കുന്ന ഭൂപടക്കാഴ്ചകളിലേക്കാണ് പ്രദര്‍ശനം കൂട്ടിക്കൊണ്ടുപോകുന്നത്. ആഗോള മൂലധന താല്‍പര്യങ്ങള്‍ക്കായി ബലികഴിക്കപ്പെടുന്ന മണ്ണും ജലവും വായുവും നേരിടുന്ന പ്രത്യാഘാതങ്ങള്‍ വരഞ്ഞിട്ട ക്യാന്‍വാസുകളാണ് ട്രിനാലെയിലുള്ളത്. സമകാലീന ലോകത്തിന്റെ കൊള്ളരുതായ്മകളുടെ നേര്‍ചിത്രങ്ങള്‍.

കുടിവെള്ള ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പുകളും കാഴ്ചക്കാരനോട് സംവദിക്കുന്നു. ഇരയുടെ അരിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളിയെപോലും ക്ലോസപ്പ്ഷോട്ടിലൂടെ കാണിക്കുന്ന വാര്‍ത്താ കണ്ണുകളുടെ കഴുകന്‍ ആര്‍ത്തിയെ അവതരിപ്പിക്കുന്ന "ഈവിള്‍സ് അഡ്വക്കറ്റ്" എന്ന ചിത്രം ഇരകളാക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ പരിഛേദമാണ്. ജീവിതം തോക്കിന്‍ മുനയിലാകുമ്പോഴും സ്നേഹാതുരമായി കുഞ്ഞിനെ മാറോടണയ്ക്കുന്ന ഗാസയിലെ അമ്മയുടെ ചിത്രം വേറിട്ടുനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ "വെളിപാടുകളി"ലെ ഭയചകിതമായ നിശബ്ദത വ്യക്തമാക്കുന്ന ചിത്രമാണിത്. കുടിയൊഴിക്കപ്പെടുന്ന ജനതയുടെ നിസ്സഹായത, പരസ്യങ്ങളിലൂടെ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്ന നവജീവിതങ്ങള്‍, ചോരവാര്‍ന്നുപോയ നാട്ടുമാവിന്റെയും പ്ലാവിന്റെയും ഓര്‍മകള്‍... അങ്ങനെ നേര്‍ക്കാഴ്ചയുടെ അതിരുകള്‍ക്കപ്പുറം മുഴങ്ങിക്കേള്‍ക്കുന്ന നിലവിളിയൊച്ചകളും നെഞ്ചുപിടയുന്ന നെടുവീര്‍പ്പുകളും സമ്മേളിക്കുന്ന ചിത്രങ്ങളാണ് അഭിലാഷ് ഒരുക്കിയിരിക്കുന്നത്. അത്തോളി വിഎച്ച്എസ്എസില്‍ രസതന്ത്ര വിഭാഗം അധ്യാപകനായ അഭിലാഷ് പേരാമ്പ്ര സ്വദേശിയാണ്. ടൗണ്‍ ഹാളില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം തിങ്കളാഴ്ചവരെയുണ്ട്.

deshabhimani 160213