Thursday, June 30, 2011

വിദ്യാര്‍ഥി യുവജനവേട്ടയ്ക്ക് വലിയ വില നല്‍കേണ്ടിവരും

വിദ്യാര്‍ഥികളുടെ ചോരയില്‍ ചവിട്ടിനിന്ന് ഇവിടെ ഭരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാഘവയ്യയുടെയും സര്‍ സിപി രാമസ്വാമി അയ്യരുടെയും മര്‍ദനകാര്യത്തില്‍ ഒട്ടും മോശമില്ലാത്ത പറവൂര്‍ ടി കെ നാരായണപിള്ളയുടെയും കെ കരുണാകരന്റെയും കഥ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കുയര്‍ന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നത് നന്നായിരിക്കും.

ഈ അതിക്രൂരമായ മര്‍ദനനയം കേരളത്തിലെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളാകെയും അനുവദിച്ചുകൊടുക്കുമെന്നാണ് കരുതുന്നതെങ്കില്‍ ഉടന്‍ തന്നെ ആ കണക്കുകൂട്ടിലുകള്‍ തെറ്റിപ്പോയെന്ന് മനസ്സിലാകും. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പ്രകോപനവുമില്ലാതെ പൊലീസ് സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തിന് പരിഹാരം കാണാന്‍വേണ്ടി സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയും അവരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്യുന്ന കാഴ്ച ടെലിവിഷന്‍ സ്‌ക്രീനിലൂടെ കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥി യുവജനസംഘടനകളോടുള്ള ഈ സമീപനം യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യ. അതിന് തെളിവാണ് ചൊവ്വാഴ്ച നിയമസഭയില്‍ ഈ പ്രശ്‌നം സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ അനുമതി നല്‍കാതിരിക്കാന്‍ നടത്തിയ വിശദീകരണം വ്യക്തമാക്കുന്നത്. 'പ്രതിഷേധത്തിന്റെ പേരില്‍ തെരുവുയുദ്ധം നടത്തിയാല്‍ പൊലീസിന് നോക്കിനില്‍ക്കാന്‍ കഴിയുമോ?' എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്'. തന്റെ കൂടെ നിയമസഭയിലിരിക്കുന്ന ഒരംഗത്തിനുപോലും തല്ല് കിട്ടിയ കാര്യം മുഖ്യമന്ത്രി നിഷേധിച്ചില്ല.

ഇപ്പോള്‍ സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന ഈ പ്രതിഷേധ സമരത്തിന്  നിദാനമായ വസ്തുത മാധ്യമങ്ങളിലൂടെ വിശേഷിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പ്രശ്‌നത്തിന്റെ കാഠിന്യം അന്വേഷിച്ച് ചെല്ലുമ്പോള്‍ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നിഷേധാത്മകവും ധിക്കാരപരവുമായ നിലപാടാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസ കച്ചവടം പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗമായി മുന്‍കൂട്ടി കണ്ട ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് യുഡിഎഫ് മന്ത്രിസഭ വന്നതോടെ ഇരട്ടക്കരള്‍ വച്ചതുപോലെയായിരിക്കുന്നു. ഇത് പ്രതീക്ഷിച്ചതുമാണ്. അതിനുവേണ്ടിയാണ് ഇതുപോലൊരു മന്ത്രിസഭയെ അധികാരത്തില്‍കൊണ്ടുവരാന്‍ അവര്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചത്. പക്ഷേ അവര്‍ മനസ്സിലാക്കാത്ത ഒന്നുണ്ട്. കേരളത്തിലാണ് അവരുടെ ഈ കോളജുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന കാര്യം. അങ്ങനെയാണെങ്കില്‍ ഈ നാടിന്റെ നിയമം അവര്‍ക്കും ബാധകമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമനിഷേധവും ധിക്കാരവുമാണ്.

ഈ നാട്ടിലെ ജനങ്ങളോ ഗവണ്‍മെന്റോ ആവശ്യപ്പെട്ടിട്ടല്ല സ്വകാര്യമേഖലയില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവന്നത്. അന്ന് എകെ ആന്റണിയുടെ മന്ത്രിസഭ ഇതിന് എന്‍ഒസി നല്‍കിയത് വ്യക്തമായ ഒരു വ്യവസ്ഥയോടുകൂടിയായിരുന്നു. രണ്ട് സ്വാശ്രയ കോളജുകള്‍ = ഒരു പൊതുമേഖലയിലുള്ള കോളജ് എന്നതായിരുന്നു ആ പ്രഖ്യാപനം. 50 സീറ്റ് മാനേജ്‌മെന്റ് കച്ചവടത്തിനുവേണ്ടിയും 50 സീറ്റ് ഗവണ്‍മെന്റിനും എന്നതായിരുന്നു വ്യവസ്ഥ. ഇതൊരു മഹാകാര്യമായി അന്നത്തെ ഭരണാധികാരികള്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി. 50 ശതമാനം സീറ്റിലെങ്കിലും സര്‍ക്കാര്‍ കൊടുക്കുന്ന ലിസ്റ്റില്‍ നിന്നും സാമൂഹ്യനീതിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയാല്‍ മിടുക്കന്‍മാരായ പാവപ്പെട്ട കുട്ടികള്‍ക്കും ഡോക്ടര്‍മാരാകാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഗവണ്‍മെന്റ് നടത്തുന്ന ഒരു പ്രവേശന പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നുവേണം എല്ലാ സീറ്റിലേക്കും വിദ്യാര്‍ഥികളെ നിയമിക്കേണ്ടത് എന്നും വ്യവസ്ഥയുണ്ടായിരുന്നു.

തുടക്കം മുതല്‍ ഇതെല്ലാം കാറ്റില്‍പറത്താനാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ വിശേഷിച്ചും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ എന്ന സംവിധാനത്തിന്റെ കീഴിലുള്ള കോളജുകള്‍ സ്വന്തമായി പരീക്ഷ നടത്താനും അവര്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ഗവണ്‍മെന്റിനെ വെല്ലുവിളിച്ചുകൊണ്ട് തീരുമാനമെടുത്തത്. മെഡിക്കല്‍ കൗണ്‍സിലിന്റെയോ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ പോലും കരുതിക്കൂട്ടി അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ്. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡവും ഫീസ് ഘടനയെ സംബന്ധിച്ച തീരുമാനവുമെടുക്കാന്‍ കേരള ഗവണ്‍മെന്റ് തീരുമാനിച്ച മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍പൊലും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ കൈക്കൊണ്ടത്. ഗവണ്‍മെന്റിന് ന്യായമായി ലഭിക്കേണ്ട 50 ശതമാനം സീറ്റ് നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. മുഹമ്മദ്കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരായി കോടതിയില്‍ പോയി വിധി സമ്പാദിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കോടതികള്‍ പലപ്പോഴും സാമൂഹ്യനീതിയുടെ പ്രശ്‌നം പരിഹരിക്കാതെ ഈ മാനേജ്‌മെന്റുകള്‍ക്ക് സഹായകരമായ നിലപാട് എടുക്കുന്നത് നിയമനിഷേധത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. നിലവിലുള്ള നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി കൊഴുത്ത കോഴ വാങ്ങി നിയമിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് വലുതെന്ന് ഞെളിഞ്ഞ് നിന്നവര്‍ പ്രസംഗിക്കുന്നു. യുഡിഎഫ് ഗവണ്‍മെന്റ് പുറത്ത് എന്ത് പറഞ്ഞാലും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ വഴിക്ക് വഴങ്ങുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഈ വര്‍ഷം പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ന്യായമായി കിട്ടേണ്ട 50 ശതമാനം സീറ്റ് നേടിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമൊന്നും ഇപ്പോഴത്തെ ഗവണ്‍മെന്റ് സ്വീകരിച്ചുകണ്ടില്ല. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ പരിധിയിലൊന്നും ഇപ്പോള്‍ ക്രിസ്ത്യന്‍ മാനേജമെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം പെടുന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയിട്ടുള്ളത്. കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ തീരുമാനിക്കുന്നതുപോലെയും വ്യാഖ്യാനിക്കുന്നതുപോലെയുമാണ് നിയമങ്ങള്‍ എന്നുവിചാരിച്ചാല്‍ അത് സമ്മതിച്ചുകൊടുക്കാനാവില്ല. വിദ്യാര്‍ഥിസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ കേരളജനത സഹിക്കുകയില്ല, പൊറുക്കുകയില്ല. യുവജനനേതാക്കന്‍മാരെയും വിദ്യാര്‍ത്ഥി നേതാക്കളെയും പ്രത്യേകം തടഞ്ഞുവച്ച് തലയ്ക്കടിച്ചും മര്‍മ്മസ്ഥാനങ്ങളില്‍ ലാത്തിപ്രയോഗിച്ചും മൃതപ്രായരാക്കുന്നത് ഏത് പൊലീസ് നിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ലാത്തിചാര്‍ജിനും കണ്ണീര്‍വാതക പ്രയോഗത്തിനും ഗ്രനേഡ് പ്രയോഗത്തിനും മുന്‍പ് സ്വീകരിക്കേണ്ട എന്തെങ്കിലും മുന്നറിയിപ്പുകള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ? ഇല്ലെന്നുള്ളതല്ലേ സത്യം. നിയമത്തിന് നിരക്കാത്ത മര്‍ദനമുറകളാണ് കഷ്ടിച്ച് മൂന്നുപേരുടെ പിന്തുണയുള്ള ദുര്‍ബലമായ ഒരു ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയവില കൊടുക്കേണ്ടിവരും. ഇടതുപക്ഷ യുവജനവിദ്യാര്‍ഥികള്‍ മാത്രമല്ല, കോണ്‍ഗ്രസിന്റേതെന്ന് പറയുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കും കയ്യും കെട്ടി നോക്കിനില്‍ക്കാനാകുമെന്ന് കരുതുന്നില്ല.

ഇനി ആ പഴയകഥകള്‍. 1921ല്‍ ഇന്നേക്ക് 90 വര്‍ഷം മുമ്പ് ഫീസ് വര്‍ധനവിനെതിരെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയപ്പോള്‍ അവരെ അതിക്രൂരമായി പൊലീസ് മര്‍ദ്ദിച്ചു. ഇതിനെതിരെ നാടാകെ തന്നെ പ്രതിഷേധമുയര്‍ന്നു. കടലിനും കായലിനുമിടയിലുള്ള ആലപ്പാട്ട് നിന്നും അക്കാലത്ത് പുറപ്പെട്ടിരുന്ന ഒരു ചെറിയ പത്രം അതിന്റെ മുഖപ്രസംഗത്തില്‍ എഴുതിയ ചില വരികള്‍ ഇങ്ങനെ: ''വിദ്യാര്‍ഥികളുടെ നേരെ വിശേഷിച്ചും സരസ്വതി ക്ഷേത്രങ്ങളായ സ്‌കൂളില്‍ വച്ച് ഇങ്ങനെയുള്ള മര്‍ദനമുറകള്‍ യാതൊരു പരിഷ്‌കൃത ഗവണ്‍മെന്റും ചെയ്തതായി ഞങ്ങള്‍ക്കറിയില്ല. വിദ്യാര്‍ഥികള്‍ കുറ്റക്കാരായാല്‍ പോലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ ബുദ്ധിക്കും മനസ്സിനും ശരിയായ പരിപാകം സിദ്ധിച്ചിട്ടില്ലാത്തവരാണെന്ന് മനസ്സിലാക്കി ക്ഷമിക്കുന്നതിനുപകരം ഭരണമേധാവികള്‍കൂടി അവര്‍ക്കുനേരെ പോര്‍വിളിച്ച് പൊലീസ് മര്‍ദനനയനാടകം അഭിനയിച്ചത് വളരെ സാഹസകരവും സങ്കടകരവുമാണെന്ന് തീര്‍ത്തും പറയാതെ വയ്യ.''

സ്വാതന്ത്ര്യസമരസേനാനിയും നവോത്ഥാനനായകരില്‍ ഒരാളുമായ വി വി വേലുക്കുട്ടി അരയന്‍ തന്റെ 'അരയന്‍' എന്ന മാസികയിലാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്. സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ എത്രയോ വിദ്യാര്‍ഥി സമരകഥകള്‍ ഇനിയും പറയാനുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കെ കരുണാകരന്‍ നടത്തിയ വിദ്യാര്‍ഥിവേട്ട മുഖ്യമന്ത്രി മറക്കാന്‍ സമയമായിട്ടില്ലല്ലോ. കോഴിക്കോട്ട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ രാജനെ അറസ്റ്റ് ചെയ്ത് മൃതശരീരം പോലും കാണാന്‍ കഴിയാത്തവിധം പൊലീസ് ചുട്ടുകരിച്ച സംഭവത്തിന് അന്ന് ശക്തനായിരുന്ന കെ കരുണാകരന്‍ നല്‍കേണ്ടിവന്ന വില മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു എന്ന വസ്തുത ഇപ്പോഴത്തെ മുഖ്യമന്ത്രി മറക്കരുത്. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളും സഖാക്കളും പൊലീസിന്റെ ക്രൂരമര്‍ദനമേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന രംഗം ഇനി സഹിക്കാന്‍ കേരളം തയ്യാറാകുകയില്ല.

മര്‍ദനമേറ്റ ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു. അതിക്രമം കാട്ടുന്ന പൊലീസുകാര്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ സുഖം അനുഭവിക്കുന്ന ലക്ഷ്മണയുടെ കഥയും മറക്കാതിരിക്കുക. ഈ അക്രമണം ഇവിടെവച്ച് നിര്‍ത്തുക.

ഇതിന് മുഖ്യമന്ത്രി വിദ്യാര്‍ഥികളോടും യുജനങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം.

തെങ്ങമം ബാലകൃഷ്ണന്‍ ജനയുഗം 300611

ഡീസല്‍ വില വര്‍ധന പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രണബ് മുഖര്‍ജി

വാഷിംഗ്ടണ്‍: 

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വര്‍ധിപ്പിച്ച വില കുറയ്ക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വര്‍ധിപ്പിച്ച ഇന്ധന വില കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിലകള്‍ കുറയ്ക്കുന്നത് പരിഗണിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ കുറച്ച നടപടി ധന കമ്മിയെ ബാധിക്കില്ലെന്നും 2011-12 വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 8.5 ശതമാനം വളര്‍ച്ച നേടുമെന്നും മുഖര്‍ജി വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ധനങ്ങളുടെ തീരുവകള്‍ കുറച്ചതിലൂടെ 49,000 കോടി രൂപയുടെ കുറവുണ്ടാകുമെങ്കിലും അത് ധന കമ്മിയെ ബാധിക്കില്ല. കഴിഞ്ഞ വര്‍ഷം 4.7 ശതമാനമായിരുന്ന ധന കമ്മി 2011-12ല്‍ ആഭ്യന്തര മൊത്തം ഉല്‍പ്പാദനത്തിന്റെ 4.6 ശതമാനമായി കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരന്റെ കണക്കുകൂട്ടല്‍.

പണപ്പെരുപ്പത്തിന്റെ തോത് നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികള്‍ മനപൂര്‍വം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖര്‍ജി പറഞ്ഞു. ഈ സാഹചര്യമുണ്ടെങ്കിലും സാമ്പത്തിക വളര്‍ച്ചാനിരക്ക് എട്ട് ശതമാനത്തിനു മുകളിലെത്തും. വളര്‍ച്ചയുടെയും പണപ്പെരുപ്പത്തിന്റെയും തോത് സന്തുലിതമാക്കുന്നതിന് സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടേതുപോലൊരു വികസ്വര സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പത്തെ ഒരു പ്രത്യേക പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. ഇതിന്റെ പരിണിതഫലങ്ങള്‍ക്ക് സാധാരണക്കാരാണ് വിധേയരാകേണ്ടതെന്നും അവരെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പണപ്പെരുപ്പനിരക്ക് രാജ്യത്തിന് താങ്ങാനാവില്ല. കാരണം അത് ഉല്‍പ്പാദനം തടയുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

janayugom 300611

മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവായി

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷം തന്നെ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവായി. ഇനി പത്താംക്ലാസ് വരെ മലയാളം ഒന്നാം ഭാഷയായിരിക്കും. കന്നട, തമിഴ് മാതൃഭാഷയായുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ ഒന്നാം ഭാഷയായി പഠിക്കാം. എന്നാല്‍ അവര്‍ രണ്ടാം ഭാഷയായി മലയാളം പഠിക്കണം. ഓറിയന്റല്‍ സ്കൂളുകളിലും ഈ സംവിധാനം തുടരും. രാവിലെ സ്കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചക്കുള്ള ഇടവേളസമയത്തോ സ്കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ ഐടിയുടെ സമയം കുറയ്ക്കാതെ തന്നെ മലയാളം രണ്ടാം പേപ്പറിന്റെ വര്‍ധിപ്പിക്കുന്ന പരീയഡ് ക്രമീകരിക്കും. മലയാളത്തിനായി കണ്ടെത്തുന്ന ഇത്തരം അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കോഴവിവാദം: സഭയില്‍ വിശദീകരണവുമായി മന്ത്രി

 നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വന്‍ കോഴ ആവശ്യപ്പെടുന്നുവെന്ന ആരോപണത്തില്‍ നിയമസഭയില്‍ മന്ത്രിയുടെ വിശദീകരണം. തൊഴില്‍മന്ത്രി ഷിബു ബേബിജോണിനെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. തമ്പാനൂര്‍ ബസ് ടെര്‍മിനലും ഫ്ളാറ്റുകളുമടക്കം സംസ്ഥാനത്തെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ തടയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിയെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ നോട്ടീസുപോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ പ്രശ്നത്തിന് മന്ത്രിമാര്‍ മറുപടി പറയുമ്പോഴാണ് ഷിബു ബേബിജോണ്‍ വിശദീകരണം നല്‍കിയത്.

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് നിര്‍മാണകേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റശേഷം അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കുശേഷമാണ് പ്രത്യേക യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ ലേബര്‍ കമീഷണറും മറ്റിടങ്ങളില്‍ ജോയിന്റ് ലേബര്‍ കമീഷണറും പരിശോധനാ സംഘത്തിന് നേതൃത്വം നല്‍കി. 36 ഇടത്ത് പരിശോധന നടത്തി. 12 ഇടത്ത് പണി നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. ഇതില്‍ നാലിടത്ത് പണി പുനരാരംഭിക്കാന്‍ അനുമതി നല്‍കി. പരിശോധനയില്‍ എന്തെങ്കിലും വീഴ്ചയോ ക്രമക്കേടോ നടന്നിട്ടുണ്ടെന്നു തെളിയിച്ചാല്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

deshabhimani 300611

സഭാനേതൃത്വം രാഷ്ട്രീയ ദല്ലാളന്മാര്‍ക്ക് വഴങ്ങരുത്: അല്‍മായ ഐക്യവേദി

ക്രിസ്ത്യന്‍സഭയുടെ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ചില സ്വാര്‍ഥതാല്‍പ്പര്യത്തിനും കാര്യസാധ്യതയ്ക്കുംവേണ്ടി രാഷ്ട്രീയദല്ലാളന്മാര്‍ക്കും മറ്റുമായി സീറ്റ് വീതംവച്ചുകൊടുക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ക്രിസ്ത്യന്‍ അല്‍മായ ഐക്യവേദി.

കേവലം പണപ്പിരിവിനും സഭാകൂട്ടായ്മയ്ക്ക് ആള്‍ബലം കാണിക്കാനുംമാത്രം ഇടവകജനങ്ങളെ കൂട്ടുകയും എന്നാല്‍ , സഭയുടെ പ്രവര്‍ത്തനശൈലിയില്‍ അല്‍മായരെ മാറ്റിനിര്‍ത്തി പേരിനും പ്രശസ്തിക്കുംവേണ്ടി സഭയില്‍ കൂടാത്തവരുടെ കാര്യങ്ങളില്‍ സഭാധികാരികള്‍ കൂടുതല്‍ താല്‍പ്പര്യമെടുത്ത് മുന്നോട്ടുപോകുന്ന പ്രവര്‍ത്തനം മേലധ്യക്ഷന്മാര്‍ ഉപേക്ഷിക്കണമെന്ന് ക്രിസ്ത്യന്‍ അല്‍മായ ഐക്യവേദി ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി. ഐക്യവേദി ഉപദേഷ്ടാവ് റവ. തോമസ് കൈതപ്പറമ്പില്‍ അധ്യക്ഷനായി.

deshabhimani 300611

മുന്‍ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം: വി എസ്

കേരളം അഭിമുഖീകരിക്കുന്ന ഒട്ടേറെ ജീവല്‍പ്രധാന പ്രശ്നങ്ങള്‍ മുന്‍ സര്‍ക്കാര്‍ കൈകാര്യംചെയ്തത് മോശമായി ചിത്രീകരിക്കാനാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നിനുശേഷം എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. കുറുക്കുവേല കാണിച്ച് അത്തരം തീരുമാനം എടുത്താല്‍ നോക്കിയിരിക്കില്ല. തെരുവുകളില്‍ രക്തപ്പുഴ ഒഴുക്കില്ലെന്നും വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചത്. എന്നാല്‍ , പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുനേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. എംഎല്‍എയെവരെ മര്‍ദിച്ച് ആശുപത്രിയിലാക്കി. പൊലീസ് നടപടിയിലുള്ള ശക്തമായ പ്രതിഷേധം രോഷത്തോടെ അറിയിക്കുകയാണ്.

കേരളം ഉണ്ടായ കാലം മുതല്‍ക്കുള്ള കടം മുഴുവന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് നയപ്രഖ്യാപനപ്രസംഗത്തില്‍ ചെയ്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2500 കോടി രൂപ അനുവദിക്കാന്‍ തയ്യാറായത് മുന്‍സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമാണ്. അതിനുശേഷം പുതിയ തുറമുഖമന്ത്രി അവിടെ ചെന്ന് എല്ലാം ശരിയാക്കിയെന്നാണ് പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാന്‍ അപാര തൊലിക്കട്ടി വേണം. മൂലമ്പിള്ളി പാക്കേജ് തയ്യാറാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് പൂര്‍ത്തിയാക്കുക മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് അതെല്ലാം തങ്ങളാണ് ചെയ്തതെന്ന് പ്രചരിപ്പിക്കുകയാണ്. നെല്ലിന്റെ സംഭരണവില അമ്പത് പൈസ കൂട്ടണമെന്ന് പണ്ട് താന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ കൃഷിമന്ത്രി പരിഹസിച്ചു. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴുരൂപയില്‍നിന്ന് പതിനാലുരൂപയാക്കി. പുതിയ സര്‍ക്കാര്‍ ഇതുവര്‍ധിപ്പിക്കാന്‍ തയ്യാറാകണം. ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞിട്ട് ഇതുവരെയും നടപടി എടുത്തില്ലെന്നും വി എസ് പറഞ്ഞു.

deshabhimani 300611

ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ ഗ്രീക്ക് പാര്‍ലമെന്റ് ബില്‍ പാസാക്കി

ആതന്‍സ്: ക്ഷേമപദ്ധതികളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ അലയടിക്കുന്ന പ്രതിഷേധം തെരുവുയുദ്ധമായി. തുടര്‍ച്ചയായി രണ്ടാം ദിവസവും തെരുവുകളില്‍ നടന്ന കലാപത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതിനിടെ "ചെലവുചുരുക്കല്‍" ബില്‍ ഗ്രീക്ക് പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കി. ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും(ഇയു) കര്‍ക്കശ നിബന്ധനയ്ക്ക് വഴങ്ങിയാണ് ഗ്രീക്ക് പാര്‍ലമെന്റ് ഇവയില്‍നിന്ന് അടുത്തഘട്ടം വായ്പകള്‍ ലഭിക്കാന്‍ ബില്‍ പാസാക്കിയത്.

കഴിഞ്ഞ വര്‍ഷം ഐഎംഎഫും ഇയുവും അടിച്ചേല്‍പ്പിച്ച നിബന്ധനകള്‍ നടപ്പാക്കിയതിന്റെ ഫലമായി ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കപ്പെട്ടവരും നിയമനിരോധനംമൂലം കടുത്ത തൊഴിലില്ലായ്മ നേരിടുന്ന യുവാക്കളാണ് വീണ്ടും അവകാശങ്ങള്‍ കവരുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍.

2800 കോടി യൂറോയുടെ(1.80ലക്ഷം കോടിയിലധികം രൂപ) സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കാനുള്ള ബില്‍ 138നെതിരെ 155 വോട്ടിനാണ് പാര്‍ലമെന്റ് പാസാക്കിയത്. അടുത്തമാസം കാലാവധിയെത്തുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഐഎംഎഫില്‍ നിന്നും ഇയുവില്‍ നിന്നും ലഭിക്കാനുള്ള വായ്പാ ഗഡുക്കള്‍ കിട്ടാനാണ് ബില്‍ പാസാക്കിയത്. ഗ്രീസ് കടങ്ങള്‍ തിരിച്ചടച്ചില്ലെങ്കില്‍ വ്യാപകമായി, വിശേഷിച്ച് യൂറോപ്പില്‍ , ബാങ്കിങ് തകര്‍ച്ചയ്ക്കും ആഗോളവിപണികളില്‍ കുഴപ്പത്തിനുമിടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. 1200 കോടി യൂറോയുടെ ഗഡു ലഭിക്കണമെങ്കില്‍ ബില്‍ പാസാക്കണമെന്ന് ഇയുവും ഐഎംഎഫും ആവശ്യപ്പെട്ടിരുന്നു. 11,000 കോടി യൂറോയുടെ കടം വീട്ടാന്‍ ഗ്രീസ് തങ്ങളുടെ 39 വിമാനത്താവളങ്ങളും 850 തുറമുഖങ്ങളും റെയില്‍വേകളും റോഡുകളും രണ്ട് ഊര്‍ജക്കമ്പനികളും ബാങ്കുകളും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലവും ദേശീയ ലോട്ടറിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇവയുടെ വില്‍പ്പനയിലൂടെ 5000 കോടി യൂറോ സമാഹരിക്കാമെന്നാണ് കണക്കുകൂട്ടലെന്ന് ഗ്രീക്ക് സ്വകാര്യവല്‍കരണ-പുനസംഘടനാ സ്പെഷ്യല്‍ സെക്രട്ടറി ജോര്‍ജ് ക്രിസ്തോദൂലാകിസ് പറഞ്ഞു. ഇവ വാങ്ങാന്‍ യൂറോപ്പില്‍ ആളില്ലാത്തതിനാല്‍ പ്രധാനമായും ചൈനയേയാണ് ഗ്രീസ് ഉറ്റുനോക്കുന്നത്. കഴിഞ്ഞവര്‍ഷം ചൈനയുടെ സര്‍ക്കാര്‍ ഉടമയിലുള്ള ഷിപ്പിങ് കമ്പനി കോസ്കോ ഗ്രീസിലെ ഏറ്റവും വലിയ കണ്ടെയിനര്‍ സംവിധാനമായ ആതന്‍സ് തുറമുഖത്തിന്റെ ഭൂരിപക്ഷം നിയന്ത്രണം കൈക്കലാക്കിയിരുന്നു.

deshabhimani 300611

ഇന്റര്‍ ചര്‍ച്ചിന്റെ ഹര്‍ജി തള്ളി; 50% പിജി സീറ്റ് സര്‍ക്കാരിന്

കൊച്ചി: സ്വാശ്രയ പിജി പ്രവേശനത്തില്‍ മുഴുവന്‍ സീറ്റിലും സ്വയം നിയമനം നടത്താനുള്ള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി ഹൈക്കോടതി തള്ളി. 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഉത്തരവിട്ടു. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്കെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ കോടതി സ്റ്റേ നല്‍കിയിരുന്നു. പിജി സീറ്റ് കേസ് വ്യാഴാഴ്ച സുപ്രിം കോടതിയും പരിഗണിച്ചിരുന്നു. 50 ശതമാനം സീറ്റ് സര്‍ക്കാരിനുള്ളതാണെന്നും അതില്‍ മാനേജ്മെന്റ് പ്രവേശനം നടത്തിയാല്‍ അംഗീകാരം റദ്ദാക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. കൗണ്‍സിലിന് അതനുസരിച്ച് നീങ്ങാമെന്ന് സുപ്രിം കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സര്‍ക്കാരിനെയും പൊതുസമൂഹത്തേയും വെല്ലുവിളിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ 100 ശതമാനം സീറ്റിലും പ്രവേശനം നടത്തിയിരുന്നു. പുതിയ ഉത്തരവോടെ 29 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാകും.

deshabhimani news

കണ്ണില്‍ ചോരയില്ലാത്ത കലിയിളക്കം



ദേശാഭിമാനി 300611

വയനാട്ടിലെ കോളറ മരണം എത്രയെന്ന് മന്ത്രിക്ക് അറിയില്ല

വയനാട്ടില്‍ ഒരു കോളറ മരണം കൂടി

വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കോളറ മരണം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പുല്‍പ്പള്ളി കരിമം കോളനിയിലെ വെള്ളന്‍(70)ആണ് മരിച്ചത്. ഇതേ കോളനിയിലെ കോമി ഗുരുതരാവസ്ഥയിലാണ്. എഴുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്്.

വയനാട്ടിലെ കോളറ മരണം എത്രയെന്ന് മന്ത്രിക്ക് അറിയില്ല

വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച കോളറ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോളറ ബാധിച്ച് വയനാട്ടില്‍ എത്രപേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കുപോലും പറയാനാകാതെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ ഉരുണ്ടുകളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട്ടിലെ യുഡിഎഫ് എംഎല്‍എമാരും മന്ത്രിയെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയത് സഭയില്‍ ബഹളത്തിനിടയാക്കി.

ആദിവാസികള്‍ക്കിടയില്‍ കോളറ പടര്‍ന്നുപിടിക്കുന്ന അതീവഗൗരവമായ സാഹചര്യം അവതരിപ്പിച്ച് എ പ്രദീപ്കുമാറാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കോളറ ബാധിച്ച് അഞ്ച് ആദിവാസികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിക്കുകയും 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ സംവിധാനം അനങ്ങിയിട്ടില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി പി കെ ശ്രീമതി ജില്ലതോറും സന്ദര്‍ശിച്ച് ഓരോ വര്‍ഷവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വാര്‍ഡുകള്‍ തോറും 10,000 രൂപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം അത് നല്‍കിയില്ല. ആശുപത്രികള്‍ക്ക് അനുവദിച്ച തുകയും ഇല്ലാതാക്കി. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അഭാവം വയനാട്ടില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.

എന്നാല്‍ , വയനാട്ടിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അവകാശപ്പെട്ടു. നാലുപേര്‍ മരിച്ചു. അവരുടെ കുടുംബങ്ങള്‍ക്ക് 30,000 രൂപ നല്‍കിയിട്ടുണ്ട്. നാലല്ല അഞ്ചുപേര്‍ മരിച്ചല്ലോ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അതെ. അഞ്ചുപേര്‍ എന്നായി മന്ത്രി. അതല്ല, ആറു പേര്‍ മരിച്ചുവെന്ന് പ്രതിപക്ഷം വീണ്ടും തിരുത്തിയപ്പോള്‍ അങ്ങനെയെങ്കില്‍ ആറെന്ന് മന്ത്രിയും. മന്ത്രിയുടെ മറുപടി കഴിഞ്ഞ ഉടനെ വയനാട്ടുകാരായ രണ്ട് എംഎല്‍എമാര്‍ക്കും സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയത് സഭയില്‍ ഒച്ചപ്പാടിനിടയാക്കി. മന്ത്രിയുടെ മറുപടിയില്‍ അവരും തൃപ്തരായിരുന്നില്ല. എങ്കിലും മന്ത്രിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പിന്നീട് മുഖ്യമന്ത്രിതന്നെ നേരിട്ട് മറുപടിയുമായി രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ആ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

വയനാട്ടിലെ പ്രശ്നത്തെ സര്‍ക്കാര്‍ വളരെ ലാഘവബുദ്ധിയോടെ കാണുന്നുവെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രി ഇതുവരെ സ്ഥലം സന്ദര്‍ശിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വയനാട്ടുകാരിയായ മന്ത്രി അവിടെ യോഗം വിളിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പങ്കെടുത്തില്ല. മരിച്ചവരുടെ കുടുംബങ്ങളെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടു. പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങള്‍കൂടി ഉള്‍ക്കൊണ്ട് നടപടി എടുത്തു. എന്നാല്‍ , ഈ സര്‍ക്കാര്‍ തികച്ചും നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇറങ്ങിപ്പോകുന്നതിനു മുമ്പ് വി എസ് പറഞ്ഞു.

കോളറ: സര്‍ക്കാര്‍സംവിധാനം പാളി

കല്‍പ്പറ്റ: നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയ കോളറയെന്ന വിപത്ത് വയനാട്ടില്‍ വീണ്ടും എത്തിയപ്പോള്‍ സര്‍ക്കാറിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ . ദുരിതം വിളയുന്ന കോളനികളില്‍ ശുചീകരണപ്രവര്‍ത്തനം ഇല്ലാതായതും ശുദ്ധജലം ലഭിക്കാതിരുന്നതും ദുരന്തത്തിന്റെ ആഴം കൂട്ടി. എല്ലാം നിയന്ത്രണാധീനം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും കോളനികളില്‍ ദയനീയ സാഹചര്യം തുടരുകയാണ്. മൂന്ന് കോളനിയിലാണ് കോളറ പടരുന്നതെങ്കിലും ഇതര കോളനികളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. അഞ്ചുപേരാണ് ഒരാഴ്ചയ്ക്കകം വയനാട്ടില്‍ മരിച്ചത്. 56 പേര്‍ ആശുപത്രിയിലാണ്. കര്‍ണാടകയില്‍ ഇഞ്ചിപ്പണിക്കുപോയി തിരിച്ചെത്തിയവരാണ് രോഗം വയനാട്ടിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കോളനികളിലെ ശുചിത്വമില്ലായ്മയും കുടിവെള്ളപ്രശ്നവും രോഗം പടരാന്‍ ഇടയാക്കി. മഴക്കാല പൂര്‍വ ശുചീകരണത്തില്‍ പഞ്ചായത്തുകള്‍ കാട്ടിയ അലംഭാവവും കാരണമായി. ജില്ലാപഞ്ചായത്തും ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല.

459 വാര്‍ഡുകളുള്ള വയനാട് ജില്ലയില്‍ ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിക്കള്‍ക്കായി 24.03 കോടി രുപയാണ് ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍ ചെലവഴിച്ചത്. എന്നിട്ടും പകര്‍ച്ചവ്യാധി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ നാല് ആശുപത്രകിളില്‍ സ്പെഷ്യാലിറ്റി അഡ്മിനിസ്ട്രേഷന്‍ കേഡര്‍ സംവിധാനം നടപ്പാക്കിയിരുന്നുവെങ്കിലും അതും ഇപ്പോള്‍ അവതാളത്തിലാണ്. നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് മുപ്പത്തഞ്ചോളം ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ഉപരിപഠനമെന്ന പേരില്‍ അവര്‍ സ്ഥലംവിട്ടു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് എല്ലാ കോളനികളിലും നടപ്പാക്കുന്ന ഉറവിട നശീകരണ പദ്ധതികളും പാളി. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 31 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ തസ്തികയില്‍ ജൂണ്‍ അഞ്ചിനുശേഷം ആളില്ല.

പുല്‍പ്പള്ളി കരുമം പണിയ കോളനി ടൗണിലെ മാലിന്യം അടിഞ്ഞുകൂടുന്ന ഇടമാണ്. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിനു പിറകിലെ ഈ പണിയകോളനിയിലാണ് മഴക്കാലത്ത് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. കോളനിയുടെ തൊട്ടടുത്ത് കബനി കുടിവെള്ള പദ്ധതിയുടെ ടാപ്പ് ഉണ്ടെങ്കിലും കോളനിക്കാര്‍ക്ക് വെള്ളം ലഭിക്കുന്നില്ല. മാലിന്യം വന്നടിയുന്ന കിണറ്റിലെ വെള്ളമാണ് ഏക ആശ്രയം. പഞ്ചായത്ത്, ട്രൈബല്‍ , ആരോഗ്യവകുപ്പ് അധികൃതര്‍ ഈ മഴക്കാലത്ത് ഇവിടുത്തെ സൗകര്യങ്ങള്‍ നോക്കാന്‍ എത്തിയില്ല എന്നാണ് ആക്ഷേപം. വൃത്തിഹീനമായ കോളനികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടാതെ കോളറ നിയന്ത്രണാധീനമാകില്ല എന്നാണ്് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബുധനാഴ്ച ജില്ലയിലെത്തിയ മെഡിക്കല്‍ സംഘവും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. മന്ത്രി പി കെ ജയലക്ഷ്മി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കലക്ടര്‍ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ കലക്ടര്‍ വി രതീശന്‍ 13 മുതല്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. അവധിയപേക്ഷ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. 23 മുതലാണ് അദ്ദേഹം അവധിയെടുത്തത്.
(ഒ വി സുരേഷ്)

deshabhimani 300611

അഴിമതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടിലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലും സംഭവിച്ചതുപോലുള്ള അഴിമതികള്‍ രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കുറ്റസമ്മതം. അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കും. സര്‍ക്കാരിന്റെ സ്ഥിരതയുടെ കാര്യത്തില്‍ പ്രശ്നം നേരിടുന്നുണ്ട്, പക്ഷേ, ഇപ്പോള്‍ ഒരു പാര്‍ടിയും തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല-അഞ്ച് പത്രാധിപന്മാരുമായി തന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ വിരോധമില്ല. പക്ഷേ, മന്ത്രിസഭാംഗങ്ങളുടെ അഭിപ്രായം മറിച്ചാണ്. ലോക്പാല്‍ ബില്‍ അത്യാവശ്യമാണ്. എന്നാല്‍ ഇത് ഒറ്റമൂലിയല്ല. രാഹുല്‍ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ വേണ്ടി സന്തോഷത്തോടെ ഒഴിയാന്‍ തയ്യാറാണെന്നും മന്‍മോഹന്‍ പറഞ്ഞു. ഹസാരെയുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് താനാണ്. രാംദേവിനെതിരായ പൊലീസ് നടപടി മറ്റൊരു മാര്‍ഗവും കാണാത്തതിനാലായിരുന്നു. അന്ന് നീക്കിയില്ലെങ്കില്‍ പിറ്റേന്ന് അതിലേറെ ജനം കൂടുമായിരുന്നു. തങ്ങള്‍ പറയുന്നതാണ് അവസാനവാക്ക് എന്ന് ഒരു സമൂഹവും കരുതരുത്. ലോക്പാല്‍ബില്ലില്‍ എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും ഉപദേശം സ്വീകരിക്കാനാണ് ആഗ്രഹം.

ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കോണ്‍ഗ്രസ് പറഞ്ഞതുപ്രകാരമാണ് സ്ഥാനം ഏറ്റെടുത്തതെന്നും പാര്‍ടിയില്‍നിന്ന് ഇങ്ങനെ ഒരഭിപ്രായമില്ലെന്നുമായിരുന്നു പ്രതികരണം. ഇത്തരം പ്രചാരണം പ്രതിപക്ഷ ഗൂഢാലോചനയാണ്. പ്രവര്‍ത്തിക്കാനാകാത്ത വിധം സര്‍ക്കാര്‍ മറ്റുശക്തികളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്നൊരു മുന്‍വിധി മാധ്യമങ്ങള്‍ക്കുണ്ട്. മാധ്യമങ്ങള്‍ കുറ്റവാളിയെ കണ്ടെത്തുന്നു, അവര്‍ തന്നെ വിചാരണചെയ്യുന്നു, വിധിയും കല്‍പ്പിക്കുന്നു. ഇങ്ങനെ ഒരു ജനാധിപത്യ സംവിധാനത്തിന് പോകാന്‍ കഴിയില്ല. സോണിയാഗാന്ധി ഏതെങ്കിലും തരത്തില്‍ തടസ്സമായി തോന്നിയിട്ടില്ല. അവരുടെ ഉപദേശം സ്വീകരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയെ എന്നുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ഡിഎംകെയും മറ്റും ഇടഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് "പ്രശ്നങ്ങളുണ്ട് എന്നത് ശരിയാണ്, പക്ഷേ, ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല" എന്ന് പ്രതികരിച്ചത്. കള്ളപ്പണം, നികുതിവെട്ടിപ്പ്, അഴിമതി എന്നിവ കര്‍ശനമായി നേരിടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഇതിന് ഒറ്റമൂലിയില്ല- പ്രധാനമന്ത്രി പറഞ്ഞു.

നിഷ്ക്രിയത്വം ഏറ്റുപറഞ്ഞു

ന്യൂഡല്‍ഹി: ഏറെക്കാലത്തെ മൗനത്തിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ വാര്‍ത്താസമ്മേളനം രണ്ടാം യുപിഎ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി. രാജ്യം നേരിടുന്ന ഒരു പ്രശ്നത്തിലും സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യാനുദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുന്നതായി വാര്‍ത്താസമ്മേളനം. അഴിമതിയാരോപണങ്ങളും വിലക്കയറ്റവും ലോക്പാല്‍ ബില്ലിന്മേല്‍ രാജ്യവ്യാപകമായി നടക്കുന്ന ചര്‍ച്ചയും സര്‍ക്കാരിന്റെ മുഖച്ഛായ വികൃതമാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത അഞ്ച് പത്രാധിപന്മാരെ പ്രധാനമന്ത്രി കണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി ഇടയ്ക്കിടെ മാധ്യമപ്രവര്‍ത്തകരെ കാണണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഴിമതി വലിയ പ്രശ്നം തന്നെയെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇതൊന്നും എളുപ്പം തടയാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. "കാലം തന്റെ സംഭാവനയെ വിലയിരുത്തും" എന്ന മറുപടിയില്‍ ഒതുക്കി. എല്ലാം ഏറ്റുപറയുക എന്നതൊഴിച്ചാല്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് വ്യക്തമാക്കാനും കഴിഞ്ഞില്ല. പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയെന്ന വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിനു ശേഷം ഉയര്‍ന്നത്. സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് അടിയന്തര പ്രശ്നമായ വിലക്കയറ്റം തടയാനാവാത്തത് എന്ന് ബിജെപി പ്രസിഡന്റ് നിധിന്‍ ഗഡ്കരി ചോദിച്ചു. ലോക്പാല്‍ബില്ലിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ആത്മാര്‍ഥതയില്ലെന്ന് വാര്‍ത്താസമ്മേളനം തെളിയിക്കുന്നുവെന്ന് അണ്ണാഹസാരെ സംഘാംഗങ്ങള്‍ പറഞ്ഞു. ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രി തന്റെ പ്രതിബദ്ധത തെളിയിക്കണമെന്ന് കിരണ്‍ബേദി പറഞ്ഞു.

deshabhimani 300611

മെഡിക്കല്‍ പിജി: 50 ശതമാനത്തിലേറിയാല്‍ അയോഗ്യതയെന്ന് എംസിഐ

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി കോഴ്സുകളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മാനേജ്മെന്‍റ് പ്രവേശനം നടത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കുമെന്നും സ്ഥാപനത്തിന്‍റ അംഗീകാരം റദ്ദാക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. അമ്പത് ശതമാനത്തില്‍ കൂടുതല്‍ പ്രവേശനം നടത്തുന്നതു ചട്ട വിരുദ്ധമാണെന്നും എംസിഐ പറഞ്ഞു. എംസിഐയ്ക്ക് നിയമപ്രകാരം നീങ്ങാവുന്നതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പിജി സീറ്റുകളുടെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിനുള്ള സമയപരിധി ജൂലൈ ഒന്നുവരെ സുപ്രീം കോടതി നീട്ടി. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഹൈക്കോടതിയിലുള്ള കേസിെന്‍റ തീര്‍പ്പനുസരിച്ചാവും തുടര്‍നടപടികളെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം എംബിബിഎസ് പ്രവേശനത്തിന് സ്വന്തമായി പരീക്ഷ നടത്താന്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലില്‍ ഉള്‍പ്പെടാത്ത 11 കോളേജുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കുന്നതിനാല്‍ ഈ കോളേജുകള്‍ക്ക് സ്വന്തമായി പരീക്ഷ നടത്താന്‍ അനുമതി നല്‍കുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. ജൂലൈ 15നുള്ളില്‍ പരീക്ഷയും 20നുള്ളില്‍ ഫലവും പ്രഖ്യാപിക്കണം.

deshabhimani 300611

ചോരയില്‍ മുക്കി

വിദ്യാര്‍ഥിവേട്ടയില്‍ പ്രതിഷേധിക്കുക: സിപിഐ എം

വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. മെറിറ്റിലും സാമൂഹ്യനീതിയിലും ഊന്നിനില്‍ക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കച്ചവടശക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള യുഡിഎഫിന്റെ നയം വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ മെറിറ്റ് സീറ്റുള്‍പ്പെടെ മാനേജ്മെന്റുകളുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് അടിയറ വെക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയസമീപനവും ശക്തമായി നടപ്പാക്കുകയാണ്. ഇതിനെതിരെ കേളത്തിന്റെ പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍ , ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന തരത്തിലാണ് പൊലീസ് പെരുമാറുന്നത്.

പ്രകോപനമില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കടന്നാക്രമിച്ചത്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് നടപടി വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ തല്ലിച്ചതച്ചുവെന്ന് മാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിനകത്ത് കയറി വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിക്കുന്ന നടപടിയും പൊലീസ് സ്വീകരിച്ചു. സെക്രട്ടറിയറ്റുമതല്‍ യൂണിവേഴ്സിറ്റി കോളേജുവരെയുള്ള ഭാഗത്ത് യുദ്ധസമാനമായ അന്തരീക്ഷമാണ് പൊലീസ് സൃഷ്ടിച്ചത്. നിരവധി ഗ്രനേഡും ടിയര്‍ഗ്യാസ് ഷെല്ലും യൂണിവേഴ്സിറ്റി കോളേജിനകത്ത് കയറി പൊലീസ് പ്രയോഗിച്ചു. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപോലും തടസ്സംനില്‍ക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടതുകൊണ്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും സാധിച്ചത്.

എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് സുമേഷ്, വൈസ്പ്രസിഡന്റ് റഹിം, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ബാലമുരളി, എസ്എഫ്ഐ നേതാവും മാവേലിക്കര എംഎല്‍എയുമായ രാജേഷ്, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ലെനിന്‍ എന്നിവരെ ഉള്‍പ്പെടെ പൊലീസ് ഭീകരമായി മര്‍ദിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ അതിക്രമത്തില്‍ പരിക്കേറ്റിരിക്കുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. നിയമസഭാമാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചിരിക്കുകയാണ്. കണ്ണൂരിലും എറണാകുളത്തും ആലപ്പുഴയിലും തൃശൂരിലുമെല്ലാം പൊലീസ് അഴിഞ്ഞാടുന്ന നില ഉണ്ടായിട്ടുണ്ട്. കേരളീയ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ക്കെതിരായി ജനകീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി നടത്തുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍മുക്കി കൊല്ലാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യാമോഹിക്കരുത്. അത്തരം നടപടികള്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. കേരളത്തിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഈ സമരത്തെ എല്ലാ ജനാധിപത്യവിശ്വാസികളും പിന്തുണയ്ക്കണമെന്നും പൊലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ചോരയില്‍ മുക്കി

പൊലീസ് ഭീകരതയില്‍ തലസ്ഥാനനഗരം വീണ്ടും വിറങ്ങലിച്ചു. ലാത്തിച്ചാര്‍ജ് ചെയ്തും ഗ്രനേഡെറിഞ്ഞും പൊലീസ് പരിക്കേല്‍പ്പിച്ച നൂറോളംപേര്‍ ആശുപത്രിയില്‍ . ഹോസ്റ്റലിലേക്ക് പോകവെ തലയ്ക്കടിച്ചുവീഴ്ത്തിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി ശരണ്യ ഗുരുതരാവസ്ഥയില്‍ . വിദ്യാഭ്യാസ കൊള്ളക്കെതിരായ പ്രക്ഷോഭത്തെയാണ് പൊലീസ് ബുധനാഴ്ചയും ചോരയില്‍ മുക്കിയത്. കോഴിക്കോട്ടും കോട്ടയത്തും പ്രതിഷേധപ്രകടനങ്ങള്‍ക്കുനേരെയും ലാത്തിച്ചാര്‍ജ് നടന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുമ്പില്‍ എസ്എഫ്ഐ മാര്‍ച്ചിനെയും നിയമസഭയ്ക്കുമുന്നില്‍ എഐവൈഎഫ് മാര്‍ച്ചിനെയുമാണ് പൊലീസ് ആസൂത്രിതമായി കടന്നാക്രമിച്ചത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ സായുധ പൊലീസ് സംഘം വിദ്യാര്‍ഥികള്‍ക്കുനേരെ 22 ഗ്രനേഡ് പൊട്ടിച്ചു. ഒറ്റപ്പെട്ടു പോയ വിദ്യാര്‍ഥികളെ പൊലീസുകാര്‍ കൂട്ടത്തോടെ വളഞ്ഞിട്ടു തല്ലി. പലരെയും തലയ്ക്കടിച്ചുവീഴ്ത്തി. ചോരയില്‍ കുളിച്ച് വീണുകിടന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുപോലും പൊലീസ് തടഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം നേരിട്ട് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ രാജേഷ് എംഎല്‍എയെയും പൊലീസ് മര്‍ദിച്ചു. തലസ്ഥാനത്ത് ശത്രുസൈന്യത്തെയെന്ന പോലെയാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലീസ് നേരിട്ടത്. നേരിയ പ്രകോപനം പോലുമില്ലാതിരുന്ന പ്രകടനത്തിനുനേരെ പൊലീസ് പൊടുന്നനെ ആക്രമണം തുടങ്ങുകയായിരുന്നു. കാല്‍നടയാത്രക്കാരെയും തല്ലി. ജലപീരങ്കി പ്രയോഗിച്ചും വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും പിറകെ ഓടി അടിച്ചും ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് നഗരം യുദ്ധക്കളമാക്കി.

യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നിലെത്തിയപ്പോഴേക്കും പൊലീസ് അടിതുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതരുതെന്നും പൊലീസിന്റെ വിദ്യാര്‍ഥിവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ സെക്രട്ടറിയറ്റ് മാര്‍ച്ച്. സ്വാശ്രയക്കൊള്ളയ്ക്കെതിരെയായിരുന്നു എഐവൈഎഫ്-എഐഎസ്എഫ് നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസ് ലാത്തിവീശി ഓടിച്ചപ്പോള്‍ വീണുപോയ ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ എസ് സന്തോഷിനെ സായുധ പൊലീസ് വളഞ്ഞിട്ടുതല്ലി. ബുക്സ്റ്റാളില്‍ നിന്നിരുന്ന വിദ്യാര്‍ഥികളെയും പ്രാണരക്ഷാര്‍ഥം കടകളിലേക്ക് ഓടിക്കയറിയവരെയും അതതിടത്തിട്ടുതല്ലി. മിക്കവാറും പേര്‍ക്ക് തലയ്ക്കാണ് അടിയേറ്റത്. നിയമസഭക്കുമുന്നിലും സെക്രട്ടറിയറ്റിനുമുന്നിലും മണിക്കൂറുകളോളം പൊലീസ് താണ്ഡവമായിരുന്നു. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ആര്‍ രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് എ എ റഹീം, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ലെനിന്‍ , ജില്ലാ പ്രസിഡന്റ് ബാലമുരളി തുടങ്ങി നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ആക്രമണത്തിലും തലയ്ക്കും കാലിനുമാണ് പലര്‍ക്കും പരിക്കേറ്റത്.

സെക്രട്ടറിയറ്റിനുമുന്നില്‍ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിന്റെയും ഡിസിപി ജോളി ചെറിയാന്റെയും നേതൃത്വത്തില്‍ അക്രമാസക്തരായ പൊലീസുകാര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുമ്പോള്‍ മറ്റൊരു സായുധ പൊലീസ് സംഘം യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥിനികളെയടക്കം ഓടിച്ചിട്ടുതല്ലി. ക്ലാസ് റൂമുകളിലേക്കടക്കം ഇരുപത്തിരണ്ടോളം ഗ്രനേഡുകള്‍ എറിഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസുകളില്‍നിന്നിറങ്ങിയോടി. പ്രസ്ക്ലബ് പരിസരത്തുനിന്നാരംഭിച്ച എഐവൈഎഫ്-എഐഎസ്എഫ് നിയമസഭാ മാര്‍ച്ച് യുദ്ധസ്മാരകത്തിനടുത്തുവച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍നിര ബാരിക്കേഡിനടുത്ത് എത്തിയ ഉടന്‍ പൊലീസ് ജലപീരങ്കിപ്രയോഗവും ലാത്തിച്ചാര്‍ജും ആരംഭിച്ചു. പിരിഞ്ഞുപോയ പ്രവര്‍ത്തകരെയും നേതാക്കളെയും വളഞ്ഞിട്ട് തല്ലി. വനിതാപ്രവര്‍ത്തകരെയും തല്ലിവീഴ്ത്തി.

പൊലീസ് ഭീകരതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡുകളും ഷെല്ലുകളും എറിഞ്ഞു. ഓടിയവരെ പിന്തുടര്‍ന്നുതല്ലി. വന്‍സ്ഫോടനത്തോടെ ചിന്നിച്ചിതറിയ ഗ്രനേഡുകളേറ്റ് പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി ക്യഷ്ണപ്രസാദ്, എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ് പ്രദീപ്കുമാര്‍ , എ സാജന്‍ , ഉദയകുമാര്‍ , രമ്യ, ലേഖ എന്നിവരുള്‍പ്പെടെ നാല്‍പ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിപിമാരായ രാജ്പാല്‍ മീണ, അസി. കമീഷണര്‍ കൃഷ്ണന്‍നായര്‍ എന്നിവരും നരനായാട്ടിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ , വൈക്കം വിശ്വന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, സി പി നാരായണന്‍ , കടകംപള്ളി സുരേന്ദ്രന്‍ , വി ശിവന്‍കുട്ടി എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍ , കെ പി രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. ഡിവൈഎഫ്ഐ കോഴിക്കോട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിനുനേരെ നടന്ന ലാത്തിച്ചാര്‍ജില്‍ ജില്ലാപ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസടക്കം നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.

കലിയിളകി കാക്കിപ്പട ജനമൈത്രിയില്‍നിന്ന് മൃഗീയതയിലേക്ക്

നിയമപാലകര്‍ ബുധനാഴ്ച തലസ്ഥാനത്ത് ഗുണ്ടകളായി മാറി. പൊലീസുകാരെ നിയന്ത്രിക്കേണ്ട സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം ഉള്‍പ്പെടെ ഗുണ്ടാനേതാവിനെപ്പോലെ കുട്ടികള്‍ക്കുനേരെ ചീറിയടുത്തു. സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കടന്നാക്രമിച്ചെന്ന് സമരത്തെ എതിര്‍ത്തുപോരുന്ന പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ക്ക് പോലും തുറന്നുപറയേണ്ടിവന്നു. തെരുവുകളിലും ക്യാമ്പസുകളിലും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചോര ചിതറിത്തെറിക്കുന്നു. ഗ്രനേഡുകളും ജലപീരങ്കിയും കണ്ണീര്‍വാതകഷെല്ലുകളുമായി ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കുട്ടികളെ വേട്ടയാടുന്നു. കേരളത്തെ ഞെട്ടിച്ചുകൊണ്ട് സായുധ പൊലീസ്വ്യൂഹം മനുഷ്യത്വമില്ലാതെ കുട്ടികളെ വളഞ്ഞിട്ടു തല്ലി. കുട്ടികളുടെ തല അടിച്ചുതകര്‍ത്തും പല്ല് തല്ലിക്കൊഴിച്ചും കൈകള്‍ അടിച്ചൊടിച്ചും അഴിഞ്ഞാടുന്നു. തലയ്ക്കടിച്ചുവീഴ്ത്തിയശേഷം "എടുത്തുകൊണ്ടുപോടാ"യെന്ന ആക്രോശം കേട്ട് നടുങ്ങുകയാണ് കേരളം.

ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിക്കൊണ്ടിരിക്കെയാണ് നിയമസഭയ്ക്കും സെക്രട്ടറിയറ്റിനും മുമ്പില്‍ നൂറുകണക്കിന് പൊലീസുകാര്‍ക്ക് ഭ്രാന്തിളകിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 22 ഗ്രനേഡ് പ്രയോഗിച്ചു. പെണ്‍കുട്ടികളെ തലയ്ക്കടിച്ചുവീഴ്ത്തി. ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് കോളേജിലെ ശരണ്യയുടെ തല അടിച്ചുപൊട്ടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യക്ക് ഇനിയും ബോധം വീണിട്ടില്ല. അഞ്ചുവര്‍ഷം ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന പൊലീസാണ് ഇങ്ങനെ രൂപംമാറിയത്.

യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് നരവേട്ടയില്‍ കുപ്രസിദ്ധരായ പൊലീസുകാരെയാണ് സമരമുഖങ്ങളില്‍ നിയോഗിക്കുന്നത്. അമ്പതെണ്ണത്തിനെയെങ്കിലും തല്ലി ചതയ്ക്കണമെന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിയോഗിക്കുന്നതിനുമുമ്പ് പൊലീസുകാര്‍ക്ക് ഡിസിപി നിര്‍ദേശം നല്‍കി.

കേരളത്തിന്റെ തെരുവുകളില്‍ അഞ്ചുവര്‍ഷം മുമ്പും ഇതേ കാഴ്ചയായിരുന്നു. കോടികളുടെ കൊള്ള നടത്തുന്ന സ്വാശ്രയമാനേജ്മെന്റുകളുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഭരണസംവിധാനം പഴയപോലെ സര്‍വശക്തിയും പ്രയോഗിച്ച് വിദ്യാര്‍ഥിപ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദവും അടിച്ചമര്‍ത്താന്‍ കാക്കിപ്പടയെ കയറൂരിവിട്ടിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനമേറ്റു. നൂറോളം വിദ്യാര്‍ഥികളെ വിവിധ കേസുകളില്‍ പെടുത്തി ജയിലിലടച്ചു. രണ്ടാഴ്ചയായി തുടരുന്ന നിഷ്ഠുരമായ ആക്രമണങ്ങള്‍ സഹിച്ച് വിദ്യാര്‍ഥികള്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് കീഴടക്കാനാകുന്നതല്ല യുവജന-വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ സമരപാരമ്പര്യം. തലസ്ഥാനത്തെ വേട്ടയ്ക്കെതിരെ മണിക്കൂറുകള്‍ക്കകം ആര്‍ത്തിരമ്പിയ ജനരോഷം അതിന്റെ തെളിവാണ്. പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിന് കളമൊരുങ്ങും. സമരത്തിനാധാരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
(കെ എം മോഹന്‍ദാസ്)

തലയ്ക്കടിയേറ്റ ശരണ്യയുടെ നില ഗുരുതരം
സെക്രട്ടറിയറ്റ് മുതല്‍ നിയമസഭ വരെ ഗ്രനേഡും ലാത്തികളുമായി അഴിഞ്ഞാടിയ പൊലീസ് വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും വെറുതെവിട്ടില്ല. കോളേജ് വളപ്പിലേക്ക് പൊലീസ് ഗ്രനേഡ് വലിച്ചെറിയുന്നതു കണ്ട് ഭയന്ന്, ഹോസ്റ്റലിലേക്കു മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി ജ്യോഗ്രഫി വിദ്യാര്‍ഥിനി യു ശരണ്യയെ പൊലീസ് തലക്കടിച്ചു വീഴ്ത്തി. ഗ്രനേഡ് ഏറിനെ തുടര്‍ന്ന് ചിതറിയോടിയ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് പൊലീസ് തലങ്ങുംവിലങ്ങും ലാത്തി വീശിയോടിക്കുമ്പോള്‍ കോളജിനു സമീപം വെയിറ്റിംഗ് ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്നു ശരണ്യ. കലി പൂണ്ട പൊലീസുകാര്‍ ശരണ്യയെയും തലയ്ക്കടിച്ച് വീഴ്ത്തി. അടിയേറ്റ് നിലത്തുവീണ കുട്ടിയെ കൂടി നിന്നവര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂക്കില്‍നിന്ന് ചോരവാര്‍ന്ന് ബോധരഹിതയായ ശരണ്യയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവശയായ ശരണ്യക്കു മണിക്കൂറുകളോളം സംസാരിക്കാനായില്ല. വിവരമറിഞ്ഞ് കൊല്ലത്തു നിന്ന് ശരണ്യയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. സിടി സ്കാനിങ്ങിനു വിധേയയാക്കിയ ശരണ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. കൊല്ലം കുണ്ടറ പേരയം ശശാങ്കന്റെയും ഉഷാകുമാരിയുടെയും മകളാണ്.

50 കുട്ടികളെയെങ്കിലും തല്ലിച്ചതയ്ക്കാന്‍ ഡിസിപിയുടെ നിര്‍ദേശം

ബുധനാഴ്ച വിദ്യാര്‍ഥിസമരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്കുമുമ്പ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജോളി ചെറിയാന്‍ അക്രമം അഴിച്ചുവിടാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചുരുങ്ങിയത് 50 വിദ്യാര്‍ഥികളെയെങ്കിലും തല്ലിച്ചതച്ച് ആശുപത്രിയിലാക്കണമെന്നാണ് കമീഷണര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് സിഐമാരും എസ്ഐമാരും പറ്റിയ പൊലീസുകാരെ തെരഞ്ഞുപിടിച്ച് ഒരുക്കി നിര്‍ത്തി. വിദ്യാര്‍ഥി മാര്‍ച്ച് സെക്രട്ടറിയറ്റ് പരിസരത്ത് എത്തിയ ഉടനെ പ്രകോപനമൊന്നുമില്ലാതെയാണ് അടി തുടങ്ങിയത്. വഴിയാത്രക്കാരെയും സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥിനികളെയും ഉള്‍പ്പെടെ തല്ലിച്ചതച്ച് കമീഷണറുടെ കണക്ക് തികച്ചു.

24ന് വിദ്യാര്‍ഥികള്‍ നടത്തിയ നിയമസഭാമാര്‍ച്ചിനിടെ ഈ എസിപി കൃഷ്ണന്‍ നായര്‍ക്ക് പരിക്കേറ്റിരുന്നു. അതിന്റെ പക തീര്‍ക്കാനാണ് ബുധനാഴ്ച അക്രമം അഴിച്ചുവിട്ടത്. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമും ഭരണാധികാരികളുടെ പ്രീതി പിടിച്ചുപറ്റാന്‍ വിദ്യാര്‍ഥിവേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചു. മര്‍ദകവീരനായി അറിയപ്പെടുന്ന മനോജ് എബ്രഹാം എല്ലാ സമരമുഖങ്ങളിലും അനാവശ്യമായി പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. ബുധനാഴ്ച നേരിട്ട് വിദ്യാര്‍ഥിനേതാക്കളെ മര്‍ദിക്കുന്നതിനും മനോജ് എബ്രഹാം ധൈര്യം കാട്ടി. വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീമും ജില്ലാ പ്രസിഡന്റ് ബാലമുരളിയും ചര്‍ച്ച നടത്തുന്നതിനിടയില്‍ മനോജ് എബ്രഹാം ബാലമുരളിയെ കുത്തിപ്പിടിച്ച് മര്‍ദിച്ചു.

deshabhimani 300611

അധികാരത്തിന്റെ ധിക്കാരം

സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ബലികഴിച്ച് സ്വകാര്യമാനേജ്മെന്റുകള്‍ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് വിദ്യാര്‍ഥികള്‍ക്കുനേര്‍ക്ക് നിരന്തരം നടക്കുന്ന ലാത്തിച്ചാര്‍ജുകള്‍ . സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റുകൂടി മാനേജ്മെന്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസരംഗത്തെ ഏറ്റവുമൊടുവില്‍ കലുഷമാക്കിയത്. സര്‍ക്കാരിന് അവകാശപ്പെട്ട സീറ്റുകള്‍കൂടി ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ യുഡിഎഫ് ഭരണം കാട്ടിയ അലംഭാവംതന്നെ ഇത് തെളിയിക്കുന്നുണ്ട്. പ്രവേശന കാലാവധി മെയ് 31നു കഴിയുമെന്നറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങാതെയിരുന്നു. മാനേജ്മെന്റുകള്‍ ഏകപക്ഷീയ പ്രവേശനവുമായി മുമ്പോട്ടുപോയി.

സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യം ജൂണ്‍ ഏഴുമുതല്‍ കേരളത്തിലാകെ ശക്തമായി. എന്നിട്ടും ആ വഴിക്ക് നീങ്ങാന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം താല്‍പ്പര്യം കാട്ടിയില്ല. ഏറ്റവുമൊടുവില്‍ പുതുക്കിയ പ്രവേശനകാലാവധി കഴിയാന്‍ ഒരുദിവസംമാത്രം ബാക്കിനില്‍ക്കുമ്പോഴാണ് നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറായത്. എത്രയേറെ ആത്മാര്‍ഥതയില്ലാത്തതും മാനേജ്മെന്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുമാണ് ഈ നിലപാട് എന്നത് പകല്‍പോലെ വ്യക്തമാണ്. ദീര്‍ഘകാലത്തെ പോരാട്ടത്തിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നിലപാടുകളുടെയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുത്ത വിദ്യാര്‍ഥികളുടെ അവകാശങ്ങളാകെ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കുമുമ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയറവയ്ക്കുന്നതിനെതിരെ സ്വാഭാവികമായും വിദ്യാര്‍ഥിസമൂഹം പ്രക്ഷുബ്ധമാകും. ആ നിലയ്ക്കുണ്ടാകുന്ന സമരങ്ങളെ ജനാധിപത്യപരമായ രീതിയില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് പരിഷ്കൃതസമൂഹത്തില്‍ ഏത് സര്‍ക്കാരും ശ്രമിക്കുക. എന്നാല്‍ , ഇവിടെ വിദ്യാര്‍ഥികളുമായി ചര്‍ച്ചയില്ലെന്ന നിലപാടാണ് തുടക്കംതൊട്ടേ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കൈക്കൊണ്ടത്. അതേസമയം, ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച നടത്തി രഹസ്യധാരണയിലെത്തുകയും ചെയ്തു. ആ വിദ്യാഭ്യാസവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ധാരണയ്ക്കെതിരായ വിദ്യാര്‍ഥിസമരത്തെ നിഷ്ഠുരമായ ബലപ്രയോഗങ്ങളിലൂടെ ചോരയില്‍ മുക്കിക്കൊല്ലുക എന്ന ദൗത്യമാണ് ഇപ്പോള്‍ യുഡിഎഫ് ഭരണം ഏറ്റെടുത്തു നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്വാശ്രയ സ്വകാര്യമാനേജ്മെന്റുകള്‍ക്കുവേണ്ടിയുള്ള ഏജന്‍സിപ്പണിയാണ്; ജനാധിപത്യഭരണമല്ല. ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയേ പ്രതിഷേധം അനുവദിക്കൂ എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് ജനാധിപത്യമാര്‍ഗത്തിലൂടെതന്നെയാണ്. അതിനെ കായികമായി വേട്ടയാടുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലപാടുകളാണ് ജനാധിപത്യവിരുദ്ധം. ജനാധിപത്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി, വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ പ്രശ്നപരിഹാരശ്രമം മുന്‍നിര്‍ത്തി ജനാധിപത്യപരമായ നീക്കത്തിന്റെ ഏതെങ്കിലും ഒരു വാതില്‍ തുറന്നിട്ടോ എന്നുകൂടി പറയണം.

ചര്‍ച്ചയ്ക്കുള്ള വാതില്‍പോലും കൊട്ടിയടച്ച് വിദ്യാര്‍ഥികളെ സമരമാര്‍ഗത്തിലേക്ക് തള്ളിവിട്ടത് ഈ സര്‍ക്കാര്‍ തന്നെയാണ്. അങ്ങനെ സമരംചെയ്യുന്ന വിദ്യാര്‍ഥികളെ ഭീകരമാംവിധം ലാത്തിച്ചാര്‍ജ് ചെയ്ത് ജനാധിപത്യപരമായ പ്രതിഷേധത്തെ അമര്‍ച്ചചെയ്യുമെന്നാണ് ഇവര്‍ കരുതുന്നത്. അത് നടക്കാന്‍പോകുന്ന കാര്യമല്ല എന്നതിന് കേരളചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ നൂറുശതമാനം സീറ്റിന്റെയും പരമാധികാരിയായി മാനേജ്മെന്റിനെ വാഴിക്കാന്‍ ഒരു ഗൂഢാലോചന. ആ ഗൂഢാലോചന പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നതിന് സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ മറ്റൊരു ഗൂഢാലോചന. ഇത്തരം ഗൂഢാലോചനകളുടെ പരമ്പരയാണ് ഇന്ന് ഭരണത്തിന്റെ അണിയറയിലും തെരുവുകളിലും അരങ്ങേറുന്നത്. ഏതുവിധേനയും സമരത്തെ അമര്‍ച്ചചെയ്യുക എന്ന ദൗത്യമാണ് മുഖ്യമന്ത്രിയും കൂട്ടരും പൊലീസിനെ ഏല്‍പ്പിച്ചത്. സമരമുഖത്തെ സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള സാന്നിധ്യവും അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന വിദ്യാര്‍ഥിവേട്ടയും ഇക്കാര്യം തെളിയിക്കുന്നു. സെക്രട്ടറിയറ്റിനുമുമ്പിലും നിയമസഭാമന്ദിരത്തിനുമുമ്പിലും ഒരു പ്രകോപനവും കൂടാതെയാണ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തിയത്. ശത്രുസൈന്യത്തെയെന്നപോലെയാണ് വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസ് ശാന്തമായി നടന്നുകൊണ്ടിരിക്കെയാണ് അവിടേക്ക് ആരുടെയും അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ പൊലീസ് സേന പാഞ്ഞുകയറിയത്. പെണ്‍കുട്ടികള്‍ക്കടക്കം ലാത്തിയടിയേറ്റു.

22 തവണയാണ് യൂണിവേഴ്സിറ്റി കോളേജിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. കടത്തിണ്ണകളില്‍നിന്ന കുട്ടികള്‍ക്കുവരെ ഭീകരമാംവിധം മര്‍ദനമേറ്റു. ഊടുവഴികളില്‍വരെ കയറി വിദ്യാര്‍ഥികളെന്നു തോന്നിയവരെയാകെ തല്ലിച്ചതച്ചു. വിദ്യാര്‍ഥികളുടെ തലയ്ക്കാണ് അടിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലേക്കുപോകുന്നതിനിടെ പൊലീസ് തലയ്ക്കടിച്ചുവീഴ്ത്തി. ആ കുട്ടി അബോധാവസ്ഥയില്‍ , ഗുരുതരനിലയില്‍ ആശുപത്രിയിലായി. അഞ്ചും പത്തും പൊലീസുകാര്‍ വിദ്യാര്‍ഥിയെ വളഞ്ഞുവച്ചുതല്ലുന്ന സംഭവങ്ങളും പരക്കെയുണ്ടായി. സെക്രട്ടറിയറ്റിനുമുമ്പിലെ ലാത്തിച്ചാര്‍ജ് ഒരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി കോളേജിലേക്ക് പടര്‍ത്തി. ഈ മര്‍ദനപരമ്പര, കുട്ടികളെ പിരിച്ചുവിടുന്നതിനല്ല, തല്ലി ആശുപത്രിയിലാക്കുന്നതിനുതന്നെ ഉദ്ദേശിച്ചുള്ളതായിരുന്നു. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പ്രത്യേക നിര്‍ദേശം ലഭിച്ച മട്ടിലായിരുന്നു തുടക്കംമുതല്‍ക്കേ പൊലീസിന്റെ പെരുമാറ്റം. സംസ്ഥാനസര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍നിന്നേ പ്രവേശനം നടത്താവൂ എന്ന മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ ലംഘിച്ച മാനേജ്മെന്റുകളോട് സര്‍ക്കാരിന് ഒന്നും ചോദിക്കാനില്ല. വിദ്യാര്‍ഥികള്‍ അടയ്ക്കേണ്ട ഫീസ് എത്രയെന്ന് നിശ്ചയിച്ചിട്ടില്ല.

സര്‍ക്കാര്‍ ഫീസായാലും മാനേജ്മെന്റുകള്‍ പ്രവേശനം നല്‍കുമെന്നുറപ്പില്ല. പിടിപ്പുകേടിലൂടെ ഈ സര്‍ക്കാര്‍ കലുഷമാക്കുകയാണ് വിദ്യാഭ്യാസരംഗം. അതിനൊപ്പം, സ്വകാര്യമാനേജ്മെന്റുകളുമായി ഒത്തുകളിച്ച് കോടതിയെവരെ കബളിപ്പിക്കുകയുമാണ്. കേസ് പരിശോധിക്കാന്‍ വേണ്ട സാവകാശംപോലും കോടതിക്ക് ലഭിക്കാത്ത നിലയില്‍ ഏറെ വൈകി കോടതിയെ സമീപിച്ചതിനെക്കുറിച്ച് മറ്റെന്ത് ആര്‍ക്കുപറയാന്‍ സാധിക്കും? തിങ്കളാഴ്ച കോടതി കേസെടുത്തപ്പോള്‍ , എന്ത് നിലപാടെടുക്കണമെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കുകപോലും ചെയ്തിരുന്നില്ല ഈ സര്‍ക്കാര്‍ . ഇതെല്ലാം വിദ്യാര്‍ഥികള്‍ തുറന്നുകാട്ടുമ്പോള്‍ ആ വിദ്യാര്‍ഥികള്‍ക്കെതിരെയാകുന്നു സര്‍ക്കാരിന്റെ രോഷം. അപായകരമായ ഈ വഴി സര്‍ക്കാര്‍ എത്രവേഗം ഉപേക്ഷിക്കുന്നുവോ, അത്ര നന്ന്.

deshabhimani editorial 300611

എം ബി ബി എസ് പ്രവേശനത്തിന് എം ഇ എസിന്റെ ഫോര്‍മുല

കോഴിക്കോട്: സ്വാശ്രയ എം ബി ബി എസ് പ്രവേശനത്തിന് എം ഇ എസിന്റെ പുതിയ ഫോര്‍മുല. സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന 50 ശതമാനം സീറ്റ് മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് ചെയര്‍മാന്‍ ഡോ. പി എ ഫസല്‍ ഗഫൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സീറ്റുകളില്‍ ബി പി എല്‍ വരുമാനക്കാരും ക്രീമിലെയറിന് താഴെവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാം.

സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം സീറ്റില്‍ 30 ശതമാനം സീറ്റ് ജനറല്‍ മെറിറ്റിലും 10 ശതമാനം സീറ്റ് എസ് സി-എസ് ടി വിഭാഗത്തിനും 20 ശതമാനം സീറ്റ് ഒ ബി സി വിഭാഗങ്ങള്‍ക്കും 40 ശതമാനം സീറ്റ് കോളജ് നടത്തുന്ന സമുദായത്തിനും നീക്കിവയ്ക്കണം.

സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം സീറ്റില്‍ കമ്യൂണിറ്റി ക്വാട്ട കഴിച്ച് ബാക്കിയുള്ള സീറ്റുകള്‍ 50:50 അടിസ്ഥാനത്തില്‍ ജനറല്‍ മെറിറ്റായും സംവരണ സീറ്റായും മാറ്റണം. വലിയ വരുമാനക്കാരെ കണ്ടെത്താന്‍ ഇന്നു സര്‍ക്കാര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റുകള്‍ അപരാപ്ത്യമായതിനാല്‍ ഇന്‍കംടാക്‌സ്-ഗള്‍ഫ് വരുമാനക്കാരുടെ സ്രോതസ് എന്നിവ വ്യക്തമാക്കാനുള്ള നടപടിയും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനേജ്‌മെന്റിനു നല്‍കുന്ന 50 ശതമാനം സീറ്റില്‍ 15 ശതമാനം സീറ്റ് എന്‍ ആര്‍ ഐ ആയും 35ശതമാനം മാനേജ്‌മെന്റ് ക്വാട്ടയായും പരിഗണിക്കണം. എന്‍ ആര്‍ ഐയില്‍ ഒമ്പത് ലക്ഷംരൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ 5.5 ലക്ഷം രൂപയും ഫീസ് നല്‍കണം. കൂടാതെ അഞ്ചുലക്ഷം രൂപ ഡെപ്പോസിറ്റായും നല്‍കണം.
ഈ ഫോര്‍മുലയ്ക്ക് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മറുപടി വേണം. ഇതില്‍ വല്ലമാറ്റവും വേണമെങ്കില്‍ സര്‍ക്കാരുമായി ചര്‍ച്ചനടത്തി ഇന്റചര്‍ച്ച് കൗണ്‍സിലിന് മാറ്റം വരുത്താം. മുഖ്യമന്ത്രി, മന്ത്രിസഭാ ഉപസമിതി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, എ കെ ആന്റണി, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ക്ക് ഈ ഫോര്‍മുല സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍ ഹുസൈനും പങ്കെടുത്തു.

janayugom 300611

സര്‍ക്കാരിന്റെ മുഖമുദ്ര നയമില്ലായ്മ

നയമില്ലായ്മയാണ് യു ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയത് ഗവര്‍ണറുടെ നയപ്രഖ്യാപനം കേട്ടിട്ടാണ്. അതിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതിപക്ഷവിമര്‍ശനത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.

നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്‍മേലുള്ള അവസാനദിവസത്തെ ചര്‍ച്ച തുടങ്ങിവച്ചതു പ്രതിപക്ഷത്തു നിന്ന് എ കെ ബാലനാണ്. യു ഡി എഫ് പ്രകടനപത്രികയുടെ പുതിയ പതിപ്പാണ് നയപ്രഖ്യാപനമെന്നാണ് എ കെ ബാലന്റെ നിരീക്ഷണം. സര്‍ക്കാരിനെക്കുറിച്ച് തനിക്കുള്ള വലിയ പ്രതീക്ഷയാണ് ജോസഫ് വാഴയ്ക്കന്‍ പങ്കുവച്ചത്.

ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നതുവരെ മന്ത്രിസ്ഥാനത്തു തുടരുമെന്ന സമീപനം ഭരണപക്ഷം സ്വീകരിക്കുന്നതു ശരിയല്ലെന്നാണ് സി ദിവാകരന്റെ അഭിപ്രായം. കമ്മ്യൂണിസ്റ്റുകളുടെ തകര്‍ച്ചയില്‍ ആഹ്ലാദിക്കുന്നതു നാശത്തിലേക്കുള്ള പോക്കാണെന്ന് സി ദിവാകരന്‍ ഭരണപക്ഷത്തെ ഓര്‍മിപ്പിച്ചു. നയമില്ലായ്മ മുഖമുദ്രയാക്കിയ ഭരണമെന്നാണ് മാത്യു ടി തോമസിന്റെ അഭിപ്രായം. അതിവേഗം താഴെ വീഴുന്നതിനു മുമ്പ് ബഹുദൂരം വെട്ടിപ്പിടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മാത്യു ടി തോമസ് പരിഹസിച്ചു. ഗവര്‍ണറുടെ 'യുദ്ധ'പ്രഖ്യാപനത്തിന് നന്ദിപറയാന്‍ കെ പി സി സി പ്രസിഡന്റിനെ നിയോഗിച്ചതിലാണ് എ കെ ശശീന്ദ്രന്റെ രോഷം.

ഭരണപക്ഷത്തിന്റെ  അപാരമായ തൊലിക്കട്ടിയെക്കുറിച്ചാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറയാനുണ്ടായിരുന്നത്. നടന്നുപോകുന്നവന്റെ തോളില്‍ കയറിയിരുന്ന് സ്വന്തം ഉയരത്തെക്കുറിച്ചു അഭിമാനിക്കുന്നവരെപ്പോലെയാണ് ഭരണപക്ഷമെന്ന് പരിഹസിച്ച പ്രതിപക്ഷനേതാവ് വര്‍ഷത്തിലൊരിക്കലേ ഓണം വരൂ എന്നു മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഓണത്തിന് ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്ന പരിഹാസവും നടത്തി.

മൂന്നുദിവസമായി നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രത്യേകിച്ചൊരു നയവും പറയാനുണ്ടായിരുന്നില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ദൗത്യമാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമായി നിര്‍വഹിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനം ഇന്ത്യയുടെ ജനങ്ങളുടെ ഹൃദയത്തിലാണെന്ന 'വലിയ ഫലിത'വും ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. നന്ദിപ്രമേയം സഭ വോട്ടിനിട്ട് പാസാക്കി.

വയനാട്ടിലെ ആദിവാസി കോളനികളില്‍ പടര്‍ന്നുപിടിക്കുന്ന കോളറ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി എ പ്രദീപ്കുമാര്‍ ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി. സര്‍ക്കാരിന്റെ പിടിപ്പുകേട് വെളിവാക്കുന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കെ എസ് അരുണ്‍ janayugom 300611

കോളറ പടരുന്നു: തടയാനാകാതെ ആരോഗ്യവകുപ്പ്

വയനാട്ടിലെ ആദിവാസികോളനികളില്‍ കോളറ പടര്‍ന്നുപിടിക്കുന്നത് തടയാനാകാത്ത ആരോഗ്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ശൂന്യവേളയില്‍ എ പ്രദീപ്കുമാറാണ് ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വയനാട്ടിലെ ആദിവാസി കോളനികളില്‍ കോളറ ബാധിച്ച് ആറു പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയമായിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ ആരോപിച്ചു.

കോളറയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവാണ് കോളറ പടരാന്‍ കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിവാസികോളനികളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിദഗ്ധ മെഡിക്കല്‍ സംഘം കോളനികളില്‍ സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി ഊരുകളില്‍ രോഗാവസ്ഥ ഇത്രയും രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമായില്ലെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ആദിവാസികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സി പി ഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരന്‍ പറഞ്ഞു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും ജില്ലാഭരണകൂടം നിദ്രയിലായിരുന്നുവെന്നും സി ദിവാകരന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

കോളറ തടയാന്‍ അധികൃതരുടെ പക്കലുള്ളത് ബോധവല്‍ക്കരണം മാത്രം

കല്‍പറ്റ: കോളറ ബാധിച്ച് നാല് പേര്‍ മരിച്ച വയനാട്ടില്‍ രോഗ വ്യാപനം തടയാന്‍ ബോധവല്‍ക്കരണം മാത്രമെന്ന് പരാതി. ഇന്നലെയും പുതുതായി 12 പേര്‍ ചികില്‍സ തേടി ആശുപത്രിയിലെത്തി. പുല്‍പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മാത്രം നാല്‍പതോളം പേരാണിപ്പോള്‍ ചികില്‍സയിലുള്ളത്. ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും കോളറ രോഗികള്‍ ചികില്‍സയിലുണ്ട്. കോളറ രോഗ സ്ഥിരീകരണത്തിനുള്ള പരിശോധനാ സംവിധാനം ജില്ലയിലില്ല. പുല്‍പള്ളി മേഖലയിലിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. പുല്‍പള്ളി അങ്ങാടിയോട് ചേര്‍ന്നതും മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ പോലും അടിഞ്ഞുകൂടുന്നതുമായ കരിമം കോളനിയിലാണ് ആദ്യം കോളറ വ്യാപിച്ചത്. ഇന്നലെ പുല്‍പള്ളി താഴെഅങ്ങാടി, പാളക്കൊല്ലി കോളനികളില്‍ നിന്നും രോഗബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ ദ്രുതകര്‍മ സേന തലവന്‍ ഡോ. സുകുമാരന്‍, ശിശുരോഗ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍ കെ രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ മെഡിക്കല്‍ സംഘം കരിമം കോളനി, പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രം, ബത്തേരിയിലെ മാനിക്കുനി കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം കോളറ രോഗം വ്യാപിച്ച കര്‍ണാടകയുടെ തെക്കന്‍ ജില്ലകളില്‍ ജോലിക്ക് പോവുന്നവരിലൂടെയാണ് വയനാട്ടില്‍ ഈ രോഗം എത്തിയതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

അതിനാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും കബനിപുഴയിലെ കടവുകളിലും കര്‍ണാടകയില്‍ നിന്നെത്തുന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കോളറ രോഗ ചികില്‍സ കുറ്റമറ്റതാക്കാന്‍ പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സും മൂന്ന് നഴ്‌സുമാരുടെ സേവനവും പുതുതായി ഏര്‍പ്പെടുത്തും. 

അടിയന്തിരാവശ്യങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ പുല്‍പള്ളി സി എച്ച് സിക്ക് അനുവദിക്കും. ഏഴ് ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം കോളറ മൂലം നാല് വയസുകാരന്‍ മരിച്ചത് ഡോക്ടര്‍മാരുടെ നേരിട്ടുള്ള പരിചരണം കിട്ടാതെയാണ്. ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.

പുല്‍പള്ളി ടൗണിലെ മാലിന്യങ്ങള്‍ കലരുന്ന കരിമം കോളനിയിലെ കുടിവെള്ളസ്രോതസില്‍ നിന്ന് വെള്ളം എടുക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു.

പകരം ഇവിടെ നാലായിരം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് പുറമെ നിന്ന് ജലം എത്തിക്കുകയാണ്. ആദിവാസി കോളനികളുടെ ശോച്യാവസ്ഥയും രോഗ വ്യാപനത്തിന് കാരണമാണെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി. കോളറ രോഗത്തിനെതിരെ ജനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടിള്‍ അറിയിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും മറ്റ് ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

janayugom 300611

തല്ലിയാല്‍ ഒതുങ്ങില്ല, ഈ സമരം

ജനവിരുദ്ധ വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ നടന്ന നിഷ്ഠൂരമര്‍ദനം. സമരം ചെയ്യുന്നവര്‍ പൊലീസിനുനേരെ അക്രമം കാണിച്ചാല്‍ പൊലീസ് ലാത്തിച്ചാര്‍ജു നടത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് സംഘട്ടനം ആയിരുന്നില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയമസഭ മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരുന്നു. എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും സംസ്ഥാന പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നയിച്ച മാര്‍ച്ച് നിയമസഭാ കോംപ്ലക്‌സിനും അകലെവച്ചു തടഞ്ഞ പൊലീസ് ഒരു പ്രകോപനവുമില്ലാതെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. കേരളത്തിലെ മിക്ക ടി വി ചാനലുകളും ആ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കല്ലെറിയുകയോ പൊലീസിനു നേരെ അക്രമം നടത്തുകയോ ചെയ്തില്ല. പൊലീസ് മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം ലാത്തിചാര്‍ജ് തുടങ്ങുകയായിരുന്നു. ഒപ്പം ജലപീരങ്കി പ്രയോഗവും ഗ്രനേഡ് ഏറും. പൊലീസുകാര്‍ കൂട്ടംകൂടി നിന്ന് പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. പതിവ് ലാത്തികള്‍ക്കു പുറമെ ഇലക്ട്രിക് ലാത്തിയും യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് നിര്‍ബാധം ഉപയോഗിച്ചു. 2001-2006  ലെ യു ഡി എഫ് ഭരണകാലത്ത് സമരം ചെയ്യുന്നവര്‍ക്ക് എതിരെ ഇലക്ട്രിക് ലാത്തി വ്യാപകമായി ഉപയോഗിച്ചിരുന്നു. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇലക്ട്രിക് ലാത്തി പ്രയോഗം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിരോധിച്ചതാണ്. യു ഡി എഫ് ഭരണം തിരിച്ചുവന്നതോടെ ഇലക്ട്രിക് ലാത്തി പ്രയോഗവും തിരിച്ചെത്തി.

മാരകമായി മുറിവേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസിന്റെ മര്‍ദനമെന്നതിന്റെ തെളിവാണ് മിക്കവര്‍ക്കും തലയ്ക്ക് അടിയേറ്റത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവരുടെ തലതല്ലി പൊട്ടിച്ച്, നിത്യരോഗികളാക്കി മാറ്റുക എന്ന അങ്ങേ അറ്റം നികൃഷ്ടമായ ലാക്കോടുകൂടിയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ചു അക്രമിക്കാന്‍ പൊലീസ് പ്രത്യേകം കണ്ണുവച്ചു.

എ ഐ വൈ എഫും എ ഐ എസ് എഫും നടത്തിയ നിയമസഭ മാര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തിന്റെ ആവര്‍ത്തനമായിരുന്നു എസ് എഫ് ഐ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയും പൊലീസ് അവലംബിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു.

തലസ്ഥാന നഗരിയില്‍ ഇന്നലെ വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മുപ്പതില്‍പ്പരം പേര്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പലരുടെയും നില ഗുരുതരമാണ്.

സര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രക്ഷോഭ രംഗത്താണ്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു പ്രക്ഷോഭം നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫ് പോലും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എതിരെ സമരം സംഘടിപ്പിച്ചു. സ്വാശ്രയകോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച തീയതിക്കകം സര്‍ക്കാര്‍ ലിസ്റ്റു നല്‍കാതെ മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെടുത്തി. മുഴുവന്‍ സീറ്റുകളും മാനേജ്‌മെന്റിനു നല്‍കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. സര്‍ക്കാരിന്റെ സമീപനത്തെ കോടതിയും വിമര്‍ശിച്ചു. അഞ്ഞൂറിലധികം സി ബി എസ് സി വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം തകര്‍ക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് അനാവരണം ചെയ്യപ്പെട്ടത്. പൊതുവിദ്യാഭ്യാസ മേഖല തകര്‍ത്ത് വിദ്യാഭ്യാസ രംഗം വാണിജ്യവല്‍ക്കരിക്കുന്നതിന്നെതിരെ വ്യാപകമായ പ്രതിഷേധം വളര്‍ന്നുവന്നിട്ടുണ്ട്. കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി, ജനങ്ങളില്‍ ഉല്‍കണ്ഠ വളര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ഇതിന്നെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം പൊലീസിനെ കയറൂരിവിട്ട് തല്ലിയൊതുക്കാനാണ് യു ഡി എഫ് നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു ഡി എഫ് നേതൃത്വവും കേരളത്തിന്റെ ചരിത്രം വിസ്മരിക്കരുത്. ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനായി വിദ്യാര്‍ഥികളെ തല്ലിച്ചതക്കാന്‍ ശ്രമിച്ച ഭരണാധികാരികളുടെ ഗതി യു ഡി എഫ് നേതാക്കന്മാര്‍ ഓര്‍ക്കണം. വിദ്യാഭ്യാസ വാണിഭക്കാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഭീകരവാഴ്ച അഴിച്ചുവിടുന്നതിനെ ജനാധിപത്യ കേരളം എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കും.

janayugom editorial 300611

Wednesday, June 29, 2011

മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകം: കാനം രാജേന്ദ്രന്‍

പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നയം പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ആശങ്ക ഉളവാക്കുന്നതാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി ലഭ്യത കുറവും കൂടിയ ജനസാന്ദ്രതയും  കാരണം വന്‍തോതില്‍ ഭൂമി ആവശ്യമുള്ള വന്‍കിട സെസുകള്‍ കേരളത്തില്‍ സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള സെസ് നയത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപം കൊടുത്തത്. സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 50 ശതമാനം വ്യവസായത്തിനും ബാക്കിയുള്ള 50 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കണമെന്നാണ് കേന്ദ്ര നയം. ഇത് കേരളം പോലുള്ള സംസ്ഥാനത്ത് സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് 70-30 അനുപാതത്തില്‍ സെസ് അനുവദിക്കാന്‍  എല്‍ ഡി എഫ് സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചത്. ഈ നയത്തിലെ വ്യവസ്ഥകള്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്തതും ഭാവിയില്‍ അംഗീകാരം ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും ബാധകമാണെന്നും  സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉത്തരവില്‍ തൊഴില്‍ നടപ്പാക്കുന്നത് സബന്ധിച്ചും വ്യക്തമായ വ്യവസ്ഥകളുണ്ട്. സംസ്ഥാനത്തെ സെസുകളിലെ തൊഴില്‍ നിയമങ്ങള്‍, ട്രേഡ് യൂണിയന്‍ നിയമം, ക്ഷേമനിധി നിയമം, പ്രോവിഡന്റ് ഫണ്ട് നിയമം, ഗ്രാറ്റുവിറ്റി നിയമം, ഫാക്ടറീസ് ആക്ട്, തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ സെസുകളില്‍ കോണ്‍ട്രാക്ട് ലേബര്‍ റെഗുലേഷന്‍  ആന്‍ഡ് അബോളിഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ 12 നിബന്ധനകളാണ് സെസ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതി നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പായി ഈ വ്യവസ്ഥകള്‍ അഗീകരിച്ചുകൊണ്ടുള്ള കരാര്‍ സംരംഭകരുമായി ഒപ്പുവയ്‌ക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സെസുകള്‍ക്ക് അംഗീകാരം നല്‍കിയത്. 1000 ഹെക്ടര്‍ സ്ഥലം ആവശ്യമുള്ള മള്‍ട്ടി പ്രോഡക്ട് സെസുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിക്കാരുടെ സമരം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സെസ് നിയമങ്ങള്‍ പുനപ്പരിശോധിക്കാനുള്ള യു ഡി എഫ് തീരുമാനം ജനദ്രോഹപരമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ സെസ് നയം നടപ്പാക്കിയാല്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

janayugom

പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ലണ്ടന്‍: ലോകത്തെമ്പാടുമുളള പ്രമേഹരോഗികളുടെ എണ്ണം ഭീതിജനകമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണ നീരീക്ഷണങ്ങളില്‍ മുതിര്‍ന്നവരില്‍  1980 നെ അപേക്ഷിച്ച്  പ്രമേഹരോഗികള്‍  ഇരട്ടിയിലേറെ വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുളളത്. ലോകത്താകമാനം  27 ലക്ഷം പേരിലാണ് സംഘം പഠനം നടത്തിയത്.

പ്രമേഹരോഗത്തിന് അടിപ്പെട്ടവരുടെ എണ്ണം 1980 നെ അപേക്ഷിച്ച് 153 ദശലക്ഷം പേരില്‍ നിന്നും 347 ദശലക്ഷമായി വര്‍ധിച്ചു. ശരിയായ പരിശോധനാ രീതികളിലൂടെ ഇത് കണ്ടെത്തുകയും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രമേഹം ബാധിച്ചവരില്‍ 70 ശതമാനത്തോളം പേരുടെയും ജീവിതകാലം ചുരുങ്ങുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പസഫിക് ദ്വീപസമൂഹ പ്രദേശത്താണ്  പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്. മാര്‍ഷല്‍ ദ്വീപസമൂഹത്തില്‍ മൂന്നിലൊന്ന് സ്ത്രീകളിലും പ്രമേഹരോഗം കണ്ടെത്തി. ലോകത്തെങ്ങും സര്‍വസാധാരണമായ അസുഖമായി പ്രമേഹം മാറിയതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ ആഹാര നിയന്ത്രണം ഉള്‍പ്പെടെയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഗവേഷണസംഘത്തിന്റെ തലവന്‍ ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനിലെ  മജീദ് എസ്സാറ്റി അഭിപ്രായപ്പെട്ടു.

കടുത്ത പ്രമേഹം വൃക്കകള്‍ക്ക് തകരാര്‍, അന്ധത എന്നിവയ്ക്ക് കാരണമാകും. ടെപ്പ് 2 പ്രമേഹം അമിതവണ്ണത്തിനും. അമേരിക്കയിലാണ് പ്രമേഹരോഗികളുടെ എണ്ണത്തില്‍ മുന്നില്‍. പടിഞ്ഞാറന്‍ യൂറോപ്പില്‍ കുറവും.  ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് നടത്തിയ പഠനങ്ങളില്‍ വെളിപ്പെട്ടത് മിക്ക രാജ്യങ്ങളിലും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ തോതിലുളള വര്‍ധനവോ സ്ഥിരമായ രീതിയിലുളള നിലനില്‍ക്കലോ തുടരുന്നുവെന്നാണ്. എന്നാല്‍ ഏറ്റവും ആശങ്കാജനകമായ പ്രവണത പ്രമേഹരോഗത്തിന് അടിപ്പെട്ടവരില്‍ നല്ലൊരു പങ്കും കാര്യമായ ഭക്ഷണ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്നതാണ്.

janayugom 270611

സ്വവര്‍ഗവിവാഹത്തിന്‌ ന്യൂയോര്‍ക്കില്‍ നിയമാനുമതി

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ സ്വവര്‍ഗവിവാഹത്തിന്‌ നിയമാനുമതി. ഇതോടെ ഇത്തരത്തില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന്‌ അനുമതി നല്‍കുന്ന ആറാമത്തെ അേമരിക്കന്‍ സംസ്ഥാനമായി ന്യൂയോര്‍ക്ക്‌. റിപ്പബ്‌ളിക്കന്‍ ഭൂരിപക്ഷമുളള സെനറ്റ്‌ 29 നെതിരെ 33 വോട്ടിനാണ്‌ ബില്‍ പാസ്സാക്കിയത്‌. ഡെമോക്രാറ്റുകള്‍ക്ക്‌ ഭൂരിപക്ഷമുളള ഉപരിസഭ നേരത്തേ തന്നെ ഈ ബില്ലിന്‌ അനുമതി നല്‍കിയിരുന്നു.

ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ഒപ്പുയ്‌ക്കുന്ന ബില്‍ അടുത്ത 30 ദിവസത്തിനകം രാജ്യത്ത്‌ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതാണ്‌. അടുത്ത വര്‍ഷം അമേരിക്കന്‍ കോണ്‍ഗ്രസിലേക്കും പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായിരിക്കും സ്വവര്‍ഗ വിവാഹത്തിനുളള അനുമതിയെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക്‌ വിവാഹിതരാകാനും സ്വതന്ത്രമായി ജീവിക്കാനും അനുവാദം നല്‍കുന്ന തരത്തിലുളള ബില്‍ മനുഷ്യാവകാശങ്ങളെ അങ്ങേയറ്റം മാനിക്കുന്ന ഒന്നാണെന്ന്‌ ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ നിയമാനുസൃതമല്ലാത്ത രീതിയില്‍ നിരവധിപേര്‍ ഇത്തരത്തില്‍ ഒരുമിച്ച്‌ ജീവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ചരിത്രപരമായ പോരാട്ടത്തിന്റെ വിജയമാണ്‌ ബില്ലെന്ന്‌ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുളള മനുഷ്യാവകാശസംഘടന അഭിപ്രായപ്പെട്ടു.

എന്നാല്‍ ന്യൂയോര്‍ക്കിലെ കത്തോലിക്കാ ബിഷപ്പുമാര്‍ അത്യധികം പ്രതിഷേധത്തോടെയും ആശങ്കയോടെയുമാണ്‌ ബില്ലിനെ വിലയിരുത്തിയത്‌. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ബില്‍ ദുരനുഭവമാകും പ്രദാനം ചെയ്യുകയെന്ന്‌ കത്തോലിക്കാസഭ അഭിപ്രായപ്പെട്ടു.

janayugom 260611

നരനായാട്ട്

കൊച്ചി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ നഗരം സ്തംഭിച്ചു. ഭീകരവാദികളെ നേരിടാനുള്ള കവച് വാഹനം ഉപയോഗിച്ചാണ് നിരായുധരായ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. കണയന്നൂര്‍ താലൂക്ക് ഓഫീസ്മുതല്‍ മഹാരാജാസ് കോളേജ്വരെയുള്ള റോഡില്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും പൊതിച്ചോറുകളും ചിതറി. ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും പുറമെ റബര്‍ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. ലാത്തിയും ബൂട്ടും ഉപയോഗിച്ച് രാജ്യശത്രുവിനോടെന്നപോലെയാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. ലാത്തിയടിയില്‍ മുറിവേറ്റ വിദ്യാര്‍ഥികളുടെ രക്തം ജലപീരങ്കിയില്‍നിന്നുളള വെള്ളത്തില്‍ റോഡില്‍ പരന്നൊഴുകി. പൊതുസ്ഥാപനങ്ങള്‍ക്കുനേരെ കല്ലേറോ, വാഹനങ്ങള്‍ക്ക് കേടുപാടോ ഉണ്ടായിട്ടില്ല. ക്രൂരമായി മര്‍ദനമേറ്റിട്ടും പൊലീസിനേക്കാള്‍ തികഞ്ഞ സംയമനമാണ് വിദ്യാര്‍ഥികള്‍ കാട്ടിയത്. എന്നിട്ടും കലി തീരാതിരുന്ന പൊലീസ് 10 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ചാണ് പൊലീസ് വാനില്‍ കയറ്റിയത്. സംഘടിതമായി എസ്എഫ്ഐ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തണമെന്ന പദ്ധതിയുമായി എത്തിയ പൊലീസുകാര്‍ അതു നടപ്പാക്കുകയായിരുന്നു.

അറസ്റ്റിലായ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആന്റണി ജോണ്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി പി ടി മനോജ്, ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് സുബിന്‍ , പള്ളുരുത്തി ഏരിയാ സെക്രട്ടറി കെ സി അരുണ്‍കുമാര്‍ , കെ എസ് ധനീഷ്കുമാര്‍ , അഭിലാഷ് ജോസ്, ഒ വി സുബിന്‍ , ടി എം മനീഷ്, രാഹുല്‍കുമാരന്‍ , അമര്‍ജിത്ത് സാബു എന്നിവരെ റിമാന്‍ഡ്ചെയ്തു. പൊതുയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു, പൊലീസുകാരുടെ ജോലിയ്ക്ക് തടസ്സമുണ്ടാക്കി തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് എസ്എഫ്ഐ നേതാക്കളെ ജയിലിലടച്ചത്. വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ നരനായാട്ടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയില്‍ പഠിപ്പുമുടക്കാന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനവും നടത്തും.

പെണ്‍കുട്ടികളെ തള്ളിയിട്ടടിച്ചു റാങ്ക് ജേതാവിനെയും പൊലീസ് തല്ലിച്ചതച്ചു

കൊച്ചി: എറണാകുളത്ത് എസ്എഫ്ഐ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ റാങ്ക് ജേതാവിനെയും തല്ലിച്ചതച്ചു. മാര്‍ച്ചില്‍ പങ്കെുത്ത മറ്റു പെണ്‍കുട്ടികളെയും പൊലീസ് വെറുതെവിട്ടില്ല. എംജി സര്‍വകലാശാല ബിഎ ഇക്കണോമിക്സിന് അഞ്ചാംറാങ്ക് നേടിയ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അശ്വതി റബേക്കയ്ക്കാണ് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാര്‍ഥിനിയായിരുന്ന അശ്വതിയുടെ നെഞ്ചില്‍ ഷീല്‍ഡ്കൊണ്ട് ആഞ്ഞിടിച്ച പൊലീസുകാര്‍ കാല്‍പ്പാദങ്ങളില്‍ ലാത്തികൊണ്ടടിച്ചു. പാദങ്ങള്‍ പൊട്ടി പരിക്കേറ്റ അശ്വതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രിന്‍സി കുര്യാക്കോസ്, ജില്ലാകമ്മിറ്റി അംഗം സൗമ്യ എന്നിവര്‍ക്കും മര്‍ദനമേറ്റു.. സൗമ്യയുടെ വയറ്റില്‍ ലാത്തികൊണ്ടു കുത്തിയ പൊലീസുകാര്‍ പ്രിന്‍സിയെ നിലത്തേക്കു തള്ളിയിട്ടു. മുഖമടിച്ചുവീണ പ്രിന്‍സിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

അടിച്ചൊതുക്കുന്നത് വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടി: ഗോപി കോട്ടമുറിക്കല്‍

കൊച്ചി: സമാധാനപരമായി സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് കൈകാര്യംചെയ്ത രീതി, കേരളസമൂഹം ഇതിനകം ഏറ്റെടുത്തുകഴിഞ്ഞ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിന്റെ ശക്തിയും പെരുക്കവും വര്‍ധിപ്പിക്കാന്‍മാത്രമേ ഇടയാക്കൂവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. എസ്എഫ്ഐയുടെ ഒരു മാര്‍ച്ച് വരാന്‍ കാത്തുനിന്നപോലെയാണ് കൊച്ചി സിറ്റിയിലെ പൊലീസ് വിദ്യാര്‍ഥികളെ കൈകാര്യം ചെയ്തത്. ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഒന്നാണ് നഗരത്തില്‍ സംഭവിച്ചത്.

സാധാരണ വിദ്യാര്‍ഥിസമരങ്ങളില്‍ ഒറ്റതിരഞ്ഞ ഉന്തും തള്ളും സാധാരണമാണ്. സംയമനത്തോടെയും തന്മയത്വത്തോടെയും കൈകാര്യംചെയ്ത് സംഘര്‍ഷം ഒഴിവാക്കുകയാണ് പൊലീസ്നേതൃത്വം ചെയ്യേണ്ടിയിരുന്നത്. പക്ഷെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടി വിദ്യാര്‍ഥിസമരത്തെ തല്ലിയൊതുക്കുക എന്ന പൊതുനയമാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാര്‍ഥിപ്രക്ഷോഭത്തെ പൊലീസ് നേരിടുന്നത് ഒരേ രീതിയിലാണ്. എറണാകുളത്താകട്ടെ ലാത്തിവീശുന്നതിനു പകരം വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് ഒറ്റതിരിച്ചുകൊണ്ടുപോയി ചവിട്ടിക്കൂട്ടുകയായിരുന്നു. മതിലിനോടു ചേര്‍ത്തുവച്ച് ഒരു വിദ്യാര്‍ഥിയെ പൊലീസ് തല്ലിച്ചതയ്ക്കുന്ന കാഴ്ച കേരളത്തിലാദ്യമാണ്. സമരമുഖത്തെ പെണ്‍കുട്ടികളെ ആക്രമിക്കാതിരിക്കുകയെന്ന സാമാന്യമര്യാദപോലും പൊലീസ് കാട്ടിയില്ല. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ പൊലീസുകാരെ അവിടെ വിന്യസിച്ചിരുന്നു. വിഭ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടി യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ഈ ആക്രമണമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

സര്‍ സിപിയെപ്പോലുള്ള മര്‍ദകവീരന്മാരെ കെട്ടുകെട്ടിച്ച സമരകേരളത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഹുങ്ക് ഒരു വിഷയമല്ലെന്ന് ഭരണനേതൃത്വം മനസ്സിലാക്കണം. സമരംചെയ്യുന്നവരെ മര്‍ദിച്ചൊതുക്കുക എന്ന നയം വിട്ട് അനുദിനം ജനപിന്തുണ വര്‍ധിക്കുന്ന സമരത്തിന് ആധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. മനുഷ്യത്വരഹിത മര്‍ദനത്തിന് നേതൃത്വംനല്‍കിയ പൊലീസ് ഓഫീസര്‍മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഗോപി കോട്ടമുറിക്കല്‍ ആവശ്യപ്പെട്ടു.

എംഎസ്എം കോളേജിലും പൊലീസ് നരനായാട്ട്

ആലപ്പുഴ: പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്കില്‍ ജില്ലയിലെ വിദ്യാര്‍ഥിസമൂഹം ഒന്നാകെ. കായംകുളം എംഎസ്എം കോളേജ് ക്യാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ഭീകരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പഠിപ്പുമുടക്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ജില്ലയിലെ ഒരു വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ പ്രകടനം നടത്തി.

എംഎസ്എം കോളേജില്‍ നടന്ന പ്രകടനത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് കായംകുളം എസ്ഐ നസീമിന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ കടന്ന് ആക്രമിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായി നീങ്ങിയപ്പോള്‍ ഒരുസംഘം കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതറിഞ്ഞ് കോളേജ് കവാടത്തില്‍ തമ്പടിച്ചിരുന്ന പൊലീസ് സംഘം ക്യാമ്പസില്‍ അതിക്രമിച്ച് കടന്നാണ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. പൊലീസിനൊപ്പം എത്തിയ ഹോംഗാര്‍ഡുകളും വിദ്യാര്‍ഥികളെ മര്‍ദിച്ചു. അരമണിക്കൂറോളം ക്യാമ്പസില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ലാത്തിച്ചാര്‍ജില്‍ പെണ്‍കുട്ടികളടക്കം നാലുഭാഗത്തേക്കും ചിതറിയോടി. ഇതിനിടയില്‍ പുറത്തേക്ക് ഓടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അടിച്ചു. സംഭവമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയും ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.

പൊലീസ് മര്‍ദനമേറ്റ എസ്എഫ്ഐ എംഎസ്എം കോളേജ് യൂണിറ്റ് സെക്രട്ടറി സുജിത്ത്, ഏരിയ കമ്മിറ്റിയംഗം സജിത്ത്, സാജിത്, അന്‍ഷാദ്, ഫൈസല്‍ , ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയംഗങ്ങളായ അനിഗര്‍ , അജയകുമാര്‍ , സെമീര്‍ , ബിനു, മനോജ് എന്നിവരെ കായംകുളം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിയടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൈയ്ക്ക് പൊട്ടലുണ്ട്. ആലപ്പുഴയിലും കായംകുളത്തും നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എംഎസ്എം കോളേജ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ജങ്ഷനില്‍ നടന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി എം എ അലിയാര്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ നേതാക്കളായ ബി അബിന്‍ഷാ, ബി ജയചന്ദ്രന്‍ , എസ് കേശുനാഥ് എന്നിവര്‍ സംസാരിച്ചു.

എസ്എഫ്ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കച്ചേരിമുക്കില്‍ നടന്ന സമ്മേളനം ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് പി അരുണ്‍കുമാര്‍ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് പാര്‍വതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം രഞ്ജിത്, ലിജോ, മാതു, പ്രസീത എന്നിവര്‍ സംസാരിച്ചു. പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജ് പരിസരത്ത് നടന്ന പ്രകടനം എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖില്‍രാജ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളര്‍കോടു മുതല്‍ പറവൂര്‍ ജങ്ഷന്‍വരെ പ്രതിഷേധപ്രകടനം നടത്തി. സെക്രട്ടറി സ്വരരാജ്, കെ യു മധു എന്നിവര്‍ സംസാരിച്ചു. കളവങ്കോടം ഐടിഐയില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി. നിധീഷ്, അര്‍ജുന്‍രാജ്, ശ്രീജിത്ത്, അരുണ്‍ദാസ് എന്നിവര്‍ സംസാരിച്ചു. തുറവൂര്‍ സംസ്കൃത കോളേജില്‍ പ്രതിഷേധപ്രകടനം നടന്നു. അജിത്, ശരത്, ബെയ്സില്‍ എന്നിവര്‍ സംസാരിച്ചു. ചാരുംമൂട് ഏരിയയിലെ മുഴുവന്‍ സ്കൂളുകളിലും പഠിപ്പുമുടക്കി. ചെങ്ങന്നൂരില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. ജെ അജയന്‍ ഉദ്ഘാടനംചെയ്തു. റസല്‍ യൂസഫ്, രജീഷ് ആര്‍ പിള്ള, ഷിനോ പി ജോണ്‍ , ശരത് എന്നിവര്‍ സംസാരിച്ചു.

deshabhimani 290611

അഴിമതിക്കാരെ കൂടെയിരുത്തി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം

അഴിമതിക്കെതിരെ സംസാരിക്കാനുള്ള ധാര്‍മിക അവകാശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ലെന്ന് എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. അഴിമതിക്കേസില്‍പ്പെട്ട മന്ത്രിമാരെ ചുറ്റുമിരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും നന്ദിപ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ പ്രുമുഖ നേതാവായ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായ പലരും ഇപ്പോള്‍ ജയിലില്‍ കഴിയുന്നു. ഇത്തരം പാരമ്പര്യമുള്ളവരുടെ കൂടാരമാണ് യുഡിഎഫ്.

വിലക്കയറ്റം രൂക്ഷമാണെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയം തെറ്റാണെന്നു പറയാന്‍ തയ്യാറല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയെ ന്യായീകരിക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

മൂലംപള്ളിയില്‍ കുടിയൊഴിപ്പിച്ച 326 പേരില്‍ 307 പേര്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. ബാക്കിയുള്ള 19 പേരില്‍ 17 പേരുടെ വിഷയം കോടതിയിലായിരുന്നു. രണ്ടു പേര്‍ക്കുള്ള പട്ടയം വിതരണനടപടികള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് തടസ്സപ്പെട്ടത്. ഐടി സെസ് മള്‍ട്ടി സര്‍വീസസ് സെസ് ആക്കുന്നതിന് ടീകോമിന് അനുമതി നല്‍കിയോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് എസ് ശര്‍മ ആവശ്യപ്പെട്ടു.

യുഡിഎഫ് നയപ്രഖ്യാപനം മാക്ബത്തിലെ പിശാചിനെപ്പോലെ: ജി സുധാകരന്‍

നല്ലതിനെ ചീത്തയെന്നും ചീത്തയെ നല്ലതെന്നും വിളിക്കുന്ന മാക്ബത്ത് നാടകത്തിലെ പിശാചിനെയാണ് യുഡിഎഫ് നയപ്രഖ്യാപനം അനുസ്മരിപ്പിക്കുന്നതെന്ന് ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ ക്ഷേമ, വികസന പദ്ധതികളെയും തള്ളിപ്പറയുകയും ആക്ഷേപം ഉന്നയിക്കുകയും മാത്രമാണ് നയപ്രഖ്യാപനത്തിലുടനീളം. യുഡിഎഫ് സര്‍ക്കാരിന് വ്യക്തമായ നയമോ ലക്ഷ്യമോ ഇല്ലെന്ന് നയപ്രഖ്യാപനപ്രസംഗം വ്യക്തമാക്കുന്നതായും നന്ദിപ്രമേയത്തെ എതിര്‍ത്തുകൊണ്ട് സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗം ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കുന്നതല്ല. നാലുമാസംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ സുവര്‍ണകാലമെന്നാണ് ഭരണത്തെ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ , അതേ ഗവര്‍ണര്‍ കേരളത്തില്‍ ക്രമസമാധാനനില അക്കാലത്ത് തകര്‍ന്നെന്ന് ഇപ്പോള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യത്തിന്റെ ലക്ഷ്യം അവ്യക്തമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണിത്. സര്‍ക്കാരിന്റെ സ്വാശ്രയനയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ഉമ്മന്‍ചാണ്ടി ധരിക്കരുതെന്ന് ജി സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിസ്സഹായാവസ്ഥ: എം എ ബേബി

സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അതിന്റെ നിസ്സഹായാവസ്ഥയാണ് പ്രകടമാവുന്നതെന്ന് എം എ ബേബി. ഈ കൊള്ളയ്ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പൊലീസ് നിഷ്ഠുരമായി കടന്നാക്രമിക്കുകയാണെന്നും നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ബേബി പറഞ്ഞു. സ്വാശ്രയപ്രശ്നം പരിഹരിക്കാന്‍ അലാവുദീന്റെ അത്ഭുതവിളക്കില്ലെന്നാണ് മന്ത്രി മാണി പറഞ്ഞത്. എന്നാല്‍ , കുട്ടികളുടെ തല അടിച്ചുതകര്‍ക്കുന്ന മാന്ത്രികവടി സര്‍ക്കാരിന്റെ കൈയിലുണ്ടെന്ന് വ്യക്തമായി. തിരുവനന്തപുരത്തും കോട്ടയത്തും കൊടുങ്ങല്ലൂരിലും ആലപ്പുഴയിലും വിദ്യാര്‍ഥികളെ പൊലീസ് വേട്ടയാടി. ആലപ്പുഴയില്‍ ലോക്കപ്പില്‍ പൊലീസിന്റെ ഭീകര മര്‍ദനത്തിനിരയായ മൂന്ന് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയിലാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്നം സമൂഹത്തിന്റെ പ്രശ്നമായി കാണണം. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കിയുള്ള പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ സന്നദ്ധമായാല്‍ പൂര്‍ണ പിന്തുണ നല്‍കും. ഇപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചതെന്ന് മറക്കരുത്.

2006ല്‍ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ (12,500 രൂപ) പ്രവേശനം നല്‍കി. എന്നാല്‍ , 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ കോളേജ് തുടങ്ങിയ കാലംതൊട്ട് അവരുടെ ഭരണം അവസാനിക്കുന്നതുവരെ ഇതു നടപ്പാക്കാനായോ. മാനേജ്മെന്റ് ഫീസിലാണ് ഈ കുട്ടികള്‍ പഠിച്ചത്. 50 ശതമാനം സീറ്റ് സര്‍ക്കാരിന് കിട്ടിയിരുന്നുവെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി ഫീസിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. 2007 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഒഴിച്ചുള്ള കോളേജുകള്‍ മെറിറ്റും സാമൂഹ്യനീതിയും കുറഞ്ഞ ഫീസും ഉറപ്പുവരുത്തിക്കൊണ്ട് 50 ശതമാനം സീറ്റില്‍ പ്രവേശനം നല്‍കി. ഈ സര്‍ക്കാര്‍ വന്ന ഉടന്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് പിന്തുണ നല്‍കിയതോടെ മറ്റ് മാനേജ്മെന്റുകളും അതേ പാത പിന്തുടര്‍ന്നു. അമ്പത് ശതമാനം പി ജി സീറ്റില്‍ പ്രവേശനം നടത്തുന്നതിലും സര്‍ക്കാര്‍ കടുത്ത വീഴ്ച വരുത്തി. മെയ് 31ന് തീയതി കഴിയുന്നതിന് മുമ്പ് പ്രവേശനം നടത്താതിരുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം ബോധ്യപ്പെടുന്നതല്ല- ബേബി പറഞ്ഞു.

ചര്‍ച്ച ഒഴിവാക്കാന്‍ ചോദ്യം മാറ്റിമറിച്ചു: സഭ പ്രതിഷേധത്തില്‍ മുങ്ങി

അഴിമതിക്കേസുകള്‍ ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാന്‍ ചോദ്യങ്ങള്‍ മാറ്റിമറിച്ച സംഭവത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തരവേള പൂര്‍ണമായും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. പാമൊലിന്‍ കേസും വിവിധ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളും ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാനാണ് നറുക്കെടുപ്പില്‍ ആദ്യസ്ഥാനത്തെത്തിയ അംഗങ്ങളുടെ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തവയുടെ പട്ടികയിലേക്ക് മാറ്റിയത്. പാമൊലിന്‍ അഴിമതിക്കേസ്, മന്ത്രിമാര്‍ക്കെതിരായ അന്വേഷണം, അഡ്വക്കറ്റ് ജനറല്‍ -അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നിയമനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തവയുടെ പട്ടികയില്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ക്രമപ്രശ്നം ഉന്നയിച്ചത്. അംഗങ്ങളുടെ അവകാശം നിഷേധിക്കുന്ന നടപടി ചട്ടം 303 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടനെ കോടിയേരി ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നും ചോദ്യോത്തരവേളയായതിനാല്‍ റൂളിങ് നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ പ്രതിഷേധവുമായി ഇരിപ്പിടം വിട്ടിറങ്ങി.

മുഖ്യമന്ത്രിയും സര്‍ക്കാരും ചോദ്യം ഭയപ്പെടുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്കുള്ള അവസരം നിശ്ചയിക്കുന്നതിനുള്ള അധികാരം സ്പീക്കറില്‍നിന്ന് മുഖ്യമന്ത്രി കവര്‍ന്നെടുക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. ചോദ്യകര്‍ത്താക്കളെ നിശ്ചയിക്കുന്ന ചുമതല കൃത്യതയോടെ നിര്‍വഹിക്കുന്നെന്ന് സ്പീക്കര്‍ ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്പീക്കറുടെ ഓഫീസിലാണ് കുഴപ്പമുണ്ടായത്. അംഗങ്ങള്‍ക്ക് ചോദ്യം ഉന്നയിക്കാനുള്ള ന്യായമായ അവസരം എങ്ങനെ നഷ്ടപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്പീക്കര്‍ നിലപാട് മാറ്റാന്‍ തയ്യാറാകാത്തതിനാല്‍ ചോദ്യോത്തര വേള തീരുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളായതിനാലാണ് ചോദ്യങ്ങള്‍ സഭാതലത്തില്‍നിന്ന് ഒഴിവാക്കിയതെന്നായിരുന്നു പിന്നീട് സ്പീക്കറുടെ മറുപടി. മുഖ്യമന്ത്രി ഉത്തരം പറയാനായി, എം എ ബേബിയും എം ഹംസയും നല്‍കിയ ചോദ്യങ്ങളാണ് നറുക്കെടുപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയിട്ടും നക്ഷത്രചിഹ്നമില്ലാത്തവയുടെ പട്ടികയില്‍പ്പെടുത്തിയത്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കു മാത്രമേ സഭയില്‍ നേരിട്ട് മറുപടി പറയേണ്ടതുള്ളൂ. അല്ലാത്തവയുടെ മറുപടി രേഖാമൂലം നല്‍കുകയേയുള്ളൂ. ഈ മറുപടി നല്‍കുന്നത് പലപ്പോഴും സഭ തീര്‍ന്നശേഷവുമായിരിക്കും.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് തെളിവില്ലാത്തതിനാലെന്ന്

തെളിവില്ലാത്തതിനാലാണ് മുമ്പ് ധനമന്ത്രിയായിരുന്ന തന്നെ പാമൊലിന്‍കേസില്‍നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രതികളായ ടി എച്ച് മുസ്തഫ, സക്കറിയ മാത്യു, ജിജി തോംസണ്‍ എന്നിവര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഡിസ്ചാര്‍ജ് പെറ്റീഷനിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. മുന്നുമാസ സമയപരിധി കോടതി നിശ്ചയിച്ചു. ഇതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്. സി കെ സദാശിവന്‍ , പ്രൊഫ. സി രവീന്ദ്രനാഥ്, ടി വി രാജേഷ്, എം ഹംസ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പ്രതികളായ കേസുകളുടെ വിവരങ്ങള്‍ ആരാഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന ചോദ്യത്തിന് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കാന്‍ നക്ഷത്ര ചിഹ്നമിടാത്തവയുടെ പട്ടികയില്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

deshabhimani 290611

സ്വാശ്രയക്കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട്

സഭയില്‍ പ്രതിഷേധമിരമ്പി

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിഷേധമിരമ്പി. എംബിബിഎസ്, പിജി പ്രവേശനത്തില്‍ 50 ശതമാനം മെറിറ്റ് ക്വോട്ട അട്ടിമറിക്കുകയും ഇതിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയുംചെയ്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എം എ ബേബിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കപ്പെട്ടതായി എം എ ബേബി ചൂണ്ടിക്കാട്ടി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് കോളേജുകള്‍ ഒഴിച്ച് മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും 60 എന്‍ജിനിയറിങ് കോളേജുകളിലും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്താന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചു. ഈ സര്‍ക്കാര്‍ വന്ന ഉടനെ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് പിന്തുണ പ്രഖ്യാപിച്ചതോടെ മറ്റു മാനേജ്മെന്റുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചു. മെഡിക്കല്‍ പിജി പ്രവേശനത്തിലും സര്‍ക്കാര്‍ കള്ളക്കളി നടത്തി മാനേജ്മെന്റുകള്‍ക്ക് അനുകൂലനിലപാട് എടുത്തു. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി നേടിയെടുത്തിട്ടും കേരളം അനങ്ങിയില്ല. ഈ കേസില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലേ എന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നത് സര്‍ക്കാരിന്റെ കള്ളക്കളി വ്യക്തമാക്കുന്നതാണെന്നും ബേബി പറഞ്ഞു.

സര്‍ക്കാരിന് സമയം കിട്ടാത്തതുക്കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നും അടുത്തവര്‍ഷംമുതല്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തെയും ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. ഈ സര്‍ക്കാരിന്റെ സമീപനമാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംവരണം പോലും അട്ടിമറിച്ച് മാനേജ്മെന്റുകള്‍ അനര്‍ഹമായ നിലയില്‍ വിദ്യാര്‍ഥികളില്‍നിന്ന് കാശ് കൊള്ളയടിച്ചു. ഈ മാനേജ്മെന്റുകളെ നിലയ്ക്ക് നിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കോടതിയാണ് തകര്‍ത്തത്. എന്നിട്ടും സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ നാല് കോളേജുകള്‍ ഒഴിച്ചുള്ളവ സര്‍ക്കാരുമായി ധാരണയിലെത്തി. മാനേജ്മെന്റുകളെ നിയന്ത്രിക്കാനും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്താനും ആത്മാര്‍ഥമായ ശ്രമം നടത്തിയാല്‍ പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്നും വി എസ് പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ധീരമായി സമരംചെയ്യുന്ന കുട്ടികളെ തല്ലിച്ചതക്കുന്നതിന് പൊലീസിനെ കയറൂരി വിട്ടാല്‍ നോക്കി നില്‍ക്കാനാകില്ലെന്നും വി എസ് മുന്നറിയിപ്പ് നല്‍കി. മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് സി ദിവാകരന്‍ പറഞ്ഞു. ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം യുഡിഎഫ് നയമാണെന്ന് മാത്യു ടി തോമസ് പറഞ്ഞു.

ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

പകുതി ശതമാനം സീറ്റില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്താതിരിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 50 ശതമാനം മെറിറ്റ് സീറ്റും ന്യായമായ ഫീസും എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഈ വര്‍ഷം സമയം കിട്ടാത്തതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ കഴിയാത്തത്. അടുത്ത വര്‍ഷംമുതല്‍ 50:50 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കേന്ദ്രനിയമമോ സംസ്ഥാനനിയമമോ ഇല്ലാതെതന്നെ സര്‍ക്കാരിന് ഇതിനു കഴിയും. എ കെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനു പകരം എല്‍ഡിഎഫ് പുതിയ നിയമം കൊണ്ടുവന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്നു പ്രവേശനം നടത്തിയത് പുതിയ നിയമത്തോടെയാണ് ഇല്ലാതായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ , ഈ 50 ശതമാനം സീറ്റില്‍ മാനേജ്മെന്റ് ക്വോട്ടയിലെ ഫീസ് അല്ലേ ഈടാക്കിയതെന്ന എം എ ബേബിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

പരിയാരത്തിന്റെ പേര് പറഞ്ഞ് കൊള്ളയെ ന്യായീകരിക്കേണ്ട: കോടിയേരി

പരിയാരം മെഡിക്കല്‍ കോളേജിന്റെ പേരു പറഞ്ഞ് സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ നടത്തുന്ന കൊള്ളയെ യുഡിഎഫ് സര്‍ക്കാര്‍ ന്യായീകരിക്കേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരത്ത് എംബിബിഎസ് കോഴ്സിന് 85 ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. പിജി സീറ്റിന്റെ കാര്യത്തില്‍ വരുത്തിയ തെറ്റ് തിരുത്തും. സ്വാശ്രയമേഖലയിലെ ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം ക്രിസ്ത്യന്‍ മാനേജ്മെന്റ് നിലപാടിനെ മന്ത്രി കെ എം മാണി ന്യായീകരിച്ചതാണ്. ഇതോടെ മറ്റ് കോളേജ് മാനേജ്മെന്റുകളും ആ വഴിക്ക് നീങ്ങിയെന്നും കോടിയേരി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ആരെങ്കിലും ഫീസിനു പുറമെ തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ടിയില്‍ കാണില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വ്യക്തമാക്കി. താന്‍ മന്ത്രിയാകുന്നതിന് മുമ്പാണ് മെഡിക്കല്‍ പിജി പ്രവേശനത്തിന് മകന്‍ അപേക്ഷിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍ , പ്രവേശനം കിട്ടിയത് മന്ത്രിയായ ശേഷമാണ്. മാനേജ്മെന്റ് സീറ്റിലാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സീറ്റില്‍ മാനേജ്മെന്റ് പ്രവേശനം നല്‍കിയ സാഹചര്യത്തിലാണ് മകന്റെ സീറ്റ് ഉപേക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു. തന്റെ മകള്‍ക്കു വേണ്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ മാനേജ്മെന്റ് സീറ്റാണ് ആവശ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഈ സീറ്റിന് 28 ലക്ഷം രൂപ ഫീസും 1,45,000 രൂപ ഹോസ്റ്റല്‍ഫീസും നല്‍കി. മന്ത്രിയാകുന്നതിന് മുമ്പാണ് ഇതെല്ലാം നടന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ദേശാഭിമാനി 290611

ഉല്‍പ്പാദകര്‍തന്നെ ഇ-മാലിന്യം സംസ്കരിക്കണം

കൊച്ചി: ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍തന്നെ ഇ- മാലിന്യവും ശേഖരിച്ച് സംസ്കരിക്കണമെന്ന് നിയമം വരുന്നു. ഉപയോഗശൂന്യമായ കംപ്യൂട്ടര്‍ , ടെലിവിഷന്‍ , ടെലിഫോണ്‍ , സെല്‍ഫോണ്‍ , എയര്‍കണ്ടീഷണര്‍ തുടങ്ങി ബള്‍ബും സ്വിച്ച്ബോര്‍ഡുകള്‍വരെയുള്ളവയുടെ ഇ-മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും കര്‍ശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര ഇ-മാലിന്യ മാനേജ്മെന്റ് നിയമം 2012 മേയില്‍ പ്രാബല്യത്തില്‍വരും. ഈ മാസം ആദ്യം രൂപപ്പെടുത്തിയ ചട്ടങ്ങളിലാണ് സുപ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.

രാജ്യത്ത് 2012ഓടെ എട്ടുലക്ഷം ടണ്‍ ഇ-മാലിന്യം ഉണ്ടാകുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കണക്കാക്കുന്നു.അലക്ഷ്യമായാണ് ഇ-മാലിന്യം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് നിയമം നടപ്പാക്കുന്നത് മെയ്വരെ നീട്ടിയത്. ഇ-മാലിന്യ ശേഖരണ-സംസ്കരണം വഴി ഒരുലക്ഷത്തോളം പുതിയ തൊഴിലവസരമുണ്ടാകുമെന്നും കണക്കാക്കുന്നു. ഇ-മാലിന്യത്തില്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചു. ഇവയില്‍ നിയമാനുസൃതം അനുവദനീയമായ ലെഡ്, ക്രോമിയം, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ വിഷകരമായ മൂലകങ്ങളുടെ അനുവദനീയമായ അളവും നിജപ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പാദകര്‍ കൂട്ടമായോ ഒറ്റയ്ക്കോ ഇ-മാലിന്യ ശേഖരണകേന്ദ്രങ്ങള്‍ തുടങ്ങി ശാസ്ത്രീയമായി സംസ്കരിക്കുകയോ പുനരുപയോഗത്തിന് തയ്യാറാക്കുകയോ വേണം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അംഗീകാരത്തോടെ വേണം സംവിധാനം ഒരുക്കേണ്ടത്. ശേഖരണസ്ഥലത്തുനിന്ന് മാലിന്യം വാഹനങ്ങളില്‍ കടത്തുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ മുന്‍കൂര്‍ അനുമതി തേടണം. തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന മാലിന്യത്തില്‍ അടങ്ങിയ ഇ-മാലിന്യം വേര്‍തിരിച്ച് ബന്ധപ്പെട്ട ശേഖരണ കേന്ദ്രത്തില്‍ എത്തിക്കണമെന്നും വ്യവസ്ഥയുണ്ട്.
ശേഖരണകേന്ദ്രത്തില്‍ ഇ-മാലിന്യം ആറു മാസത്തിലധികം സൂക്ഷിക്കാന്‍പാടില്ല. ശേഖരണകേന്ദ്രത്തിനും സംസ്കരണസംവിധാനത്തിനും രജിസ്ട്രേഷനും അനുമതിയും നല്‍കേണ്ടതും പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതും സംസ്ഥാന ബോര്‍ഡുകളാണ്. വിശദവിവരങ്ങള്‍ എല്ലാ വര്‍ഷവും ജൂണില്‍ സംസ്ഥാന ബോര്‍ഡിന് സമര്‍പ്പിക്കണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ അനുമതി റദ്ദാക്കി പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ശിക്ഷാനടപടിക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെടാം. ബോര്‍ഡ് അവലോകന റിപ്പോര്‍ട്ട് കൂടി ചേര്‍ത്ത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട്ചെയ്യണം.
(എം എസ് അശോകന്‍)

ദേശാഭിമാനി 290611

യു ഡി എഫിന്റെ അവകാശ വാദങ്ങളുടെ മുനയൊടിഞ്ഞു

തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് അധികാരത്തില്‍ വന്നതെങ്കിലും സഭ മുഴുവന്‍ തങ്ങളാണെന്ന ഭാവത്തിലാണ് ഭരണപക്ഷം. നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭരണകക്ഷി അംഗങ്ങളുടെ ശ്രമം തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കാനായിരുന്നു. എന്നാല്‍ നിയമസഭയാ തിരഞ്ഞെടുപ്പില്‍ ജില്ലകള്‍ തിരിച്ചുള്ള കണക്കും വോട്ടിന്റെ നിലവാരവും കൃത്യമായി അവതരിപ്പിച്ച് പ്രതിപക്ഷം ഭരണപക്ഷത്തിന്റെ വാദമുഖങ്ങളുടെ മുനയൊടിച്ചു. ജനവിധിയില്‍ അഹങ്കരിക്കാന്‍ യു ഡി എഫിനൊന്നുമില്ലെന്ന ഓര്‍മപ്പെടുത്തലാണ് നന്ദി പ്രമേയ ചര്‍ച്ചയില്‍ കേട്ടത്.

ചര്‍ച്ചയുടെ രണ്ടാം ദിനവും രാഷ്ട്രീയ സംവാദത്തിന്റെ വേദിയായിരുന്നു സഭ. ദേശീയ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍വരെ സൂക്ഷ്മ വിശകലനത്തിന് വിധേയമായി. ചര്‍ച്ച തുടങ്ങിവച്ച കോണ്‍ഗ്രസിലെ സണ്ണി ജോസഫ് യു ഡി എഫിന് ലഭിച്ചത് മികച്ച വിജയമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.

ഈ വര്‍ഷത്തെ കറുത്ത പ്രസംഗം എന്നാണ് നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ചുള്ള ജി സുധാകരന്റെ അഭിപ്രായം. ചരമ ശുശ്രൂഷ നടത്തുന്ന വൈദികന്റെ രൂപമാണ് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണറില്‍ സുധാകരന് കാണാനായത്. മാറ്റത്തിനുള്ള ആഹ്വാനത്തിനൊപ്പം ജനങ്ങള്‍ യു ഡി എഫിന് താക്കീതും നല്‍കിയതാണ് സീറ്റ് കുറയാനിടയാക്കിയതെന്നാണ് മുസ്‌ലീം ലീഗിലെ ടി എ അഹമ്മദ് കബീറിന്റെ നിരീക്ഷണം.

ഡപ്യൂട്ടി സ്പീക്കര്‍ പദവിയെ അപമാനിച്ചയാളെ ചീഫ് വിപ്പാക്കിയതിലുള്ള രോഷമാണ് കെ രാജു പ്രകടിപ്പിച്ചത്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയെക്കുറിച്ച് പറഞ്ഞ രമേശ് ചെന്നിത്തല ബംഗാളിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയെക്കുറിച്ച് കൂടി പറയണമെന്നാണ് ജമീല പ്രകാശത്തിന്റെ അഭിപ്രായം.#ായു ഡി എഫ് പ്രാദേശിക നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗമാണ് ഗവര്‍ണറിലൂടെ കേട്ടതെന്നാണ് എസ് ശര്‍മ്മയുടെ വാദം. സഭയുടെ ചരിത്രത്തിലെ അപമാനകരമായ വിലകുറഞ്ഞ പ്രസംഗമാണ് ഗവര്‍ണറുടേതെന്ന വിലയിരുത്തലും ശര്‍മ്മ നടത്തി. കേരളത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ കോണ്‍ഗ്രസുകാര്‍ തന്നെ അട്ടിമറിച്ച ചരിത്രം അക്കമിട്ട് നിരത്തിയ സുരേഷ്‌കുറുപ്പ്, ഉമ്മന്‍ചാണ്ടിയെ കാലാവധി പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാത്ത അന്തകവിത്തുകള്‍ സഭയ്ക്ക് അകത്തും പുറത്തുമുണ്ടെന്ന പ്രവചനവും നടത്തി. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തിയാണ് എ എ അസീസ് പ്രസംഗം തുടങ്ങിയത്.

വികസന പദ്ധതികളെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫ്രീസറില്‍ വച്ചുവെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വാദം. ആവേശംമൂത്ത് പ്രസംഗത്തിനൊടുവില്‍ നയപ്രഖ്യാപനത്തെ എതിര്‍ത്ത് രണ്ടത്താണി വെട്ടിലുമായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നത് മറച്ചുവച്ചാണ് യു ഡി എഫ് ഗവര്‍ണറെകൊണ്ട് പ്രസംഗിപ്പിച്ചതെന്ന് ഇ ചന്ദ്രശഖരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിവിധ മത സംഘടനകളില്‍ ലയിക്കുകയാണെന്നാണ് എം എ ബേബിയുടെ നിരീക്ഷണം. നന്ദിപ്രമേയ ചര്‍ച്ച ഇന്ന് സമാപിക്കും.ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പായിരുന്നു സഭയുടെ മറ്റൊരു പ്രധാന അജണ്ട. സി പി ഐലെ ബി എസ് ബിജിമോളും കോണ്‍ഗ്രസിലെ എന്‍ ശക്തനും തമ്മിലായിരുന്നു മത്സരം. എന്‍ ശക്തന്‍ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്നാരോപിച്ചുകൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  രാവിലെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
(കെ എസ് അരുണ്‍)

janayugom 290611

പി എ സി റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തടഞ്ഞു

2ജി സ്‌പെക്ട്രം അഴിമതിയില്‍ താന്‍ ചെയര്‍മാനായിരുന്ന കഴിഞ്ഞ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) ചെയര്‍മാന്‍ മുരളീ മനോഹര്‍ജോഷിയുടെ നീക്കത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിനുശേഷം പി എ സിയില്‍ ഉണ്ടായ അഭിപ്രായഭിന്നതയുടെ അടിസ്ഥാനത്തില്‍, സ്പീക്കര്‍ മീരാ കുമാര്‍ തിരിച്ചയച്ച റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ഭരണഘടനാ വിദഗ്ധരെ സമീപിക്കാന്‍ ജോഷി തീരുമാനിച്ചിട്ടുണ്ട്.
ഇന്നലത്തെ യോഗത്തില്‍ എന്‍ ഡി എയ്ക്ക് പുറമെ ഡി എം കെ, ബി എസ് പി എന്നീ പാര്‍ട്ടികളുടെയും പിന്‍തുണ ജോഷിക്ക് ലഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയിത്തതും ആണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏപ്രില്‍ 30ന് കാലാവധി അവസാനിച്ച സമിതിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ തള്ളിയത്. അന്ന് പി എ സിയുടെ യോഗത്തില്‍വച്ച റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസിനൊപ്പം ഡി എം കെ, ബി എസ് പി, എസ് പി എന്നീ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. അന്നു പി എ സിയില്‍ കോണ്‍ഗ്രസിന്റെ ഏഴും ബി ജെ പിയുടെ നാലും എ ഐ എ ഡി എം കെ, ഡി എം കെ എന്നിവയില്‍നിന്നും രണ്ടുവീതവും ശിവസേന, ബി ജെ ഡി, ജെ ഡി യു, എസ് പി, ബി എസ് പി, സി പി എം എന്നീ പാര്‍ട്ടികളില്‍നിന്നും ഓരോ അംഗങ്ങള്‍ വീതവുമാണ് ഉണ്ടായിരുന്നത്.

ഇപ്പോഴത്തെ കമ്മിറ്റിയില്‍ കോണ്‍ഗ്രസിന് എട്ടും എന്‍ സി പി, ഡി എം കെ എന്നിവയ്ക്ക് ഒന്നുവീതവും ബി ജെ പിക്ക് നാല്, ബി എസ് പിക്ക് രണ്ട്, ശിവസേന, ബി ജെ ഡി, എ ഐ എ ഡി എം കെ, സി പി എം, എസ് പി, അകാലിദള്‍ എന്നീ കക്ഷികള്‍ക്ക് ഓരോ അംഗങ്ങള്‍വീതവുമാണ് ഉള്ളത്.

ഇന്നലത്തെ പി എ സി യോഗത്തില്‍ ജയന്തി നടരാജന്‍, കെ സുധാകരന്‍, സഞ്ജയ് നിരുപം, ഗിരിജാ വ്യാസ്, കെ എസ് റാവു എന്നിവര്‍ വാദങ്ങള്‍ അവതരിപ്പിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ 2ജി സ്‌പെക്ട്രം അഴിമതി പരിഗണനയ്‌ക്കെടുക്കാന്‍ ഇപ്പോഴത്തെ പി എ സിക്ക് കഴിയില്ലെന്ന അഭിപ്രായമാണ് ഇവരെല്ലാം ഉന്നയിച്ചത്. എന്നാല്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി റിപ്പോര്‍ട്ട് വിതരണം ചെയ്യണമെന്ന അഭിപ്രായമായിരുന്നു എന്‍ ഡി എ അംഗങ്ങളുടേത്. ഇതേ അഭിപ്രായത്തോട് ഡി എം കെ, ബി എസ് പി അംഗങ്ങളും യോജിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് കാണേണ്ടതുണ്ടെന്ന് ബി എസ് പി അംഗമായ സതീഷ്ചന്ദ്ര മിശ്ര പറഞ്ഞു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന് ഡി എം കെ അംഗം ആദിശേഖര്‍ പറഞ്ഞു.

ചട്ടങ്ങളും മറ്റും ചൂണ്ടിക്കാട്ടി അംഗങ്ങള്‍ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് വീണ്ടും പരിഗണനയ്‌ക്കെടുക്കുന്നതിന് മുന്‍പ് ഭരണഘടനാ വിദഗ്ധന്റെ അഭിപ്രായമാരായുമെന്ന് ജോഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്‌പെക്ട്രം അഴിമതി റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള ജോഷിയുടെ ശ്രമത്തിനെതിരെ ശക്തമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിന്റെ ഉത്തരവാദിത്തങ്ങള്‍മറക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.


janayugom 290611

വംശനാശം വന്നുവെന്ന് കരുതിയ കണ്ടല്‍ കണ്ടെത്തി

കൊല്ലം: അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന അപൂര്‍വയിനം കണ്ടല്‍ നീണ്ടകരയ്ക്ക് സമീപം പുത്തന്‍തുരുത്തില്‍ അഷ്ടമുടിക്കായലോരത്ത് കണ്ടെത്തി. 'ചെറുകണ്ടല്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈയിനം കണ്ടല്‍ച്ചെടികള്‍ക്ക് മത്സ്യങ്ങള്‍ക്ക്  ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ വലിയ പങ്കാണുള്ളത്.
'യെല്ലോ മാന്‍ഗ്രോവ്' എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ കണ്ടല്‍ ഇനത്തിന്റെ ശാസ്ത്രീയനാമം 'സെറിയോപ്‌സ് ടഗല്‍' എന്നാണ്. പരിഷത്ത് പ്രവര്‍ത്തകനും പരിസ്ഥിതി സ്‌നേഹിയുമായ വി കെ മധുസൂദനനാണ് ഇത് കണ്ടെത്തിയത്. സസ്യശാസ്ത്രജ്ഞനായ ഡോ. എന്‍ രവിയും വനംവകുപ്പ് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് സണ്ണും ഇവിടെയെത്തി അപൂര്‍വയിനമാണെന്നകാര്യം സ്ഥിരീകരിച്ചിരുന്നു.

ഇലകള്‍ക്ക് മഞ്ഞ കലര്‍ന്ന നിറമാണ് ഈയിനം കണ്ടല്‍ ചെടികള്‍ക്കുള്ളത്. പസഫിക് തീരങ്ങളിലും വടക്കന്‍ ഓസ്‌ട്രേലിയയിലുമാണ് ഇവ വ്യാപകമായുള്ളത്. ഏഴ് സെന്റീമീറ്റര്‍ നീളവും നാല് സെന്റീമീറ്റര്‍ വീതിയുമുള്ള ഇവയുടെ ഇലകള്‍ക്ക് ഓവല്‍ ആകൃതിയാണുള്ളത്. വെള്ള നിറത്തിലുള്ള ഇവയുടെ പൂവുകള്‍ ജോഡികളായാണ് കാണപ്പെടുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പൂവിടുന്നകാലം. ഉപ്പുവെള്ളത്തില്‍ നിന്ന് ഉപ്പിനെ പുറംതള്ളി വെള്ളം വലിച്ചെടുക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഈയിനം കണ്ടലിനുണ്ട്. നിറയെ ഇലകളും ഇടതൂര്‍ന്ന വേരുകളും ചെറുകണ്ടലിന്റെ പ്രത്യേകതകളാണ്. ഇതുമൂലം  ഇവ വളര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങള്‍ ആവാസത്തിനും പ്രജനനത്തിനുമായി മത്സ്യങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ട്.
ഏതാണ്ട് ഒന്നരനൂറ്റാണ്ടിനുശേഷമാണ് ചെറുകണ്ടല്‍ കേരളത്തില്‍ കണ്ടെത്തുന്നത്. 1850ല്‍ ആര്‍ വൈറ്റ് എന്ന ബ്രിട്ടീഷ് സസ്യഗവേഷകന്‍ കൊല്ലം തീരത്ത് ചെറുകണ്ടല്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിയിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ജെ എസ് ഗാംബ്‌ളേ 'ഫ്‌ളോറ ഓഫ് ദി പ്രസിഡന്‍സി ഓഫ് മദ്രാസ്'  എന്ന തന്റെ ഗ്രന്ഥത്തില്‍ ചെറുകണ്ടല്‍ കൊല്ലം തീരത്ത് ധാരാളമായി കണ്ടതായി വൈറ്റിനെ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ മറ്റെങ്ങും ഇത്തരം  കണ്ടല്‍ ഉള്ളതായി പരാമര്‍ശമില്ല.

പുത്തന്‍തുരുത്തില്‍ വന്‍തോതില്‍ കണ്ടല്‍ നശീകരണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടറിയാനായി എത്തിയപ്പോള്‍ യാദൃച്ഛികമായാണ് 'ചെറുകണ്ടല്‍' മധുസൂദനന്റെ ശ്രദ്ധയില്‍പ്പെട്ടത്. പുത്തന്‍തുരുത്തില്‍ 40 ഏക്കറോളം വിസ്തൃതിയില്‍ കണ്ടല്‍ശേഖരമുണ്ട്.

കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ ഇനങ്ങളുടെ പട്ടികയിലാണ് മഞ്ഞകണ്ടലിനെ വനംവകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ പുത്തന്‍തുരുത്തിലെ കണ്ടല്‍ ശേഖരം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് വനംവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
(പ്രദീപ് ചന്ദ്രന്‍)

janayugom 290611

മെത്രാന്മാരുടെ നിലപാട് സാമൂഹ്യനീതി തകര്‍ക്കും: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 100 ശതമാനം സീറ്റുകളിലേക്കുമുള്ള പ്രവേശനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും പകുതി സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായുണ്ടാക്കിയ അലിഖിത ധാരണ പാലിക്കാനാകില്ലെന്നുമുള്ള കത്തോലിക്കാ മെത്രാന്മാരുടെ നിലപാട് മാനവികതയ്ക്കും സാമൂഹ്യനീതിക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മെത്രാന്മാരുടെ ഈ നടപടി മുഴുവന്‍ ക്രൈസ്തവരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമ്പത്തിക താല്‍പ്പര്യങ്ങളില്‍നിന്നും ധനാര്‍ത്തിയില്‍നിന്നുമുള്ള ഈ പിടിവാശി വിവിധ സമുദായങ്ങളുടെ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും വഴിവയ്ക്കും. സര്‍ക്കാരുമായി ചര്‍ച്ചയിലൂടെ സമവായം കണ്ടെത്തി പ്രശ്നപരിഹാരം തേടാന്‍ കത്തോലിക്കാസഭ തയ്യാറാകണം.

യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശേരി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍ , ട്രഷറര്‍ ജോര്‍ജ് മൂലേച്ചാലില്‍ , ടി ഒ ജോസഫ്, കെ ജോര്‍ജ് ജോസഫ്, വി കെ ജോയ്, പ്രൊഫ. ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

deshabhimani 290611